21 July 2011

ഇസ്‌ലാഹി പ്രസ്ഥാനവും രാഷ്ട്രീയ പ്രശ്‌നങ്ങളും




ശബാബ് വാരിക 28 ജൂലായ് 2000, എഡിറ്റോറിയല്‍

ഇസ്‌ലാഹി പ്രസ്ഥാനവും രാഷ്ട്രീയ പ്രശ്‌നങ്ങളും

ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നിലപാടെന്താണ്‌? ഇസ്‌ലാമില്‍ രാഷ്ട്രീയ നിയമങ്ങളില്ലെന്നാണോ? ശരീഅത്ത്‌ നടപ്പാക്കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരല്ലെന്നാണോ? മുസ്‌ലിം രാഷ്ട്രങ്ങളില്‍ പാശ്ചാത്യ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ തെറ്റില്ലെന്നാണോ? അനിസ്‌ലാമിക രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ ലയിച്ചു ചേരണമെന്നാണോ? ആധുനിക ഇസ്‌ലാമിക പ്രസ്ഥാനമെന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന വിഭാഗത്തോട്‌ ഇസ്‌ലാഹി പ്രസ്ഥാനം വിയോജിക്കുന്നത്‌ എന്തുകൊണ്ടാണ്‌?


ഇത്തരം ഒട്ടേറെ ചോദ്യങ്ങള്‍ ഇസ്‌ലാഹി പ്രവര്‍ത്തകരുടെ നേരെ പലപ്പോഴും ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നിരന്തരമായ തെറ്റിദ്ധരിപ്പിക്കല്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ എത്രമാത്രം വിശദീകരിച്ചാലും ആശയക്കുഴപ്പങ്ങള്‍ അവശേഷിക്കുന്നു. ആയതിനാല്‍ ഇസ്‌ലാഹി പ്രവര്‍ത്തകര്‍ക്ക്‌ ഈ വിഷയകമായി ഭാരിച്ച ഉത്തരവാദിത്തമുണ്ട്‌. നിരന്തരമായ ആശയവിശദീകരണവും തെറ്റിദ്ധാരണ നീക്കലും അനുപേക്ഷ്യമാകുന്നു. ആദ്യം ഇസ്‌ലാഹി ആദര്‍ശത്തിന്റെ മൌലികതയും വ്യതിരിക്തതയും പ്രവര്‍ത്തകര്‍ സൂക്ഷമായി ഗ്രഹിക്കണം. തുടര്‍ന്ന്‌ ജിജ്ഞാസുക്കള്‍ക്കും സംശയാലുക്കള്‍ക്കും അത്‌ ഫലപ്രദമായി വിശദീകരിച്ചു കൊടുക്കണം.

ഏത്‌ വിഷയത്തിലാണെങ്കിലും ഏതെങ്കിലുമൊരു പണ്ഡിതന്റെയോ നേതൃസഭയുടേയോ വീക്ഷണങ്ങളിലേക്ക്‌ ജനങ്ങളെ ക്ഷണിക്കുകയല്ല ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നിലപാട്‌. ``അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീര്‍പ്പ്‌ കല്‌പിച്ചു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ , സ്‌ത്രീക്കാകട്ടെ, തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലഹുവെയും അവന്റെ ദൂതനേയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.(33:36) എന്ന ഖുര്‍ആന്‍ വാക്യത്തില്‍ വ്യക്തമാക്കിയിട്ടുള്ളതുപോലെ ഏതു കാര്യത്തിലും അല്ലാഹുവിന്റേയും റസൂലി(സ) ന്റേയും തീര്‍പ്പ്‌ യാതൊരു ഭേദഗതിയും കൂടാതെ അംഗീകരിക്കുക എന്നതാണ്‌ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നിലപാട്‌. ഇത്‌ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ എല്ലാ കാര്യങ്ങള്‍ക്കും ബാധകമാവുന്നു. ഭരണാധികാരികളുടേയും ഭരണീയരുടേയും ബാധ്യതകള്‍ സംബന്ധിച്ച്‌ അല്ലാഹുവും റസൂലും(സ) പഠിപ്പിച്ച മുഴുവന്‍ കാര്യങ്ങളും കലവറയില്ലാതെ അംഗീകരിക്കണം. `അല്ലാഹുവോ റസൂലോ വിധിച്ചതെന്തായാലും എന്റെ നേതാവോ കക്ഷിയോ തീരുമാനിക്കുന്നതാണ്‌ എനിക്ക്‌ നിര്‍ണായകം എന്നാണ്‌ ഒരാളുടെ നിലപാടെങ്കില്‍ അയാള്‍ക്ക്‌ ഇസ്‌ലാമില്‍ സ്ഥാനമില്ല. അത്തരക്കാരെ എതിര്‍ക്കാന്‍ ഇസ്‌ലാഹി പ്രവര്‍ത്തകര്‍ ബാധ്യസ്ഥരാകുന്നു.

സമൂഹങ്ങള്‍ പല പ്രവണതകളുടെയും പിടിയില്‍ അകപ്പെട്ടെന്നുവരും. അങ്ങനെ സംഭവിക്കുന്നത്‌ കാലപ്പഴക്കം കൊണ്ട്‌ വന്നുപെടുന്ന ജീര്‍ണതകള്‍ കൊണ്ടാകാം. അനിസ്‌ലാമിക സംസ്‌കാരങ്ങളൂടെയും പ്രത്യയശാസ്‌ത്രങ്ങളുടെയും സിദ്ധാന്തങ്ങളുടെയും സ്വാധീനം കൊണ്ടാകാം. എന്തായാലും ഒരു സാമൂഹിക പ്രവണത ഇസ്‌ലാമിക വിധിക്ക്‌ വിരുദ്ധമാണെന്ന്‌ ബോധ്യപ്പെട്ടാല്‍ ഉടനെ വര്‍ജിക്കാന്‍ ഇസ്‌ലാഹി പ്രവര്‍ത്തകര്‍ സന്നദ്ധരാകണം. `അല്ലാഹുവോ റസൂലോ പറഞ്ഞതെന്തായാലും സാമൂഹിക സമ്പ്രദായങ്ങലെ കൈവിടാന്‍ എനിക്ക്‌ പറ്റില്ല എന്നാണ്‌ ഒരാളുടെ നിലപാടെങ്കില്‍ അത്‌ തികച്ചും അനിസ്‌ലാമികമാകുന്നു. അല്ലാഹുവും റസൂലും(സ) പഠിപ്പിച്ചതിനും വിരുദ്ധമായ സാമ്പത്തിക സമീപനങ്ങളും ധനസമ്പാദന മാര്‍ഗ്ഗങ്ങളും സമൂഹത്തില്‍ വ്യാപകമായാലും അതില്‍ പങ്കുചേരുകയോ അതിനെ ന്യായീകരിക്കുകയോ ചെയ്യുന്ന നിലപാട്‌ ഒരു ഇസ്‌ലാഹി പ്രവര്‍ത്തകന്‍ ഒരിക്കലും സ്വീകരിക്കാന്‍ പാടില്ല.

രാഷ്ട്രീയ സ്വയം നിര്‍ണയാവകാശമൂള്ള ഏതൊരു മുസ്‌ലിം സമൂഹവും ഭരണരംഗത്ത്‌ ഇസ്‌ലാമിന്റെ സിവില്‍ , ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കാന്‍ ബാധ്യസ്ഥമാണ്‌. ഇസ്‌ലാമിക നിയമം നടപ്പാക്കാന്‍ അധികാരം ലഭിച്ചിട്ടും ഒരു മുസ്‌ലിം ഭരണാധികാരി അതില്‍ നിന്നും വ്യത്യസ്‌തമായ ഭരണമാണ്‌ നടപ്പാക്കുന്നതെങ്കില്‍ അയാള്‍ കുറ്റക്കാരനാണ്‌. അയാളൂടെ മനോഭാവമനുസരിച്ച്‌ ആ കുറ്റം പാപത്തിന്റേയോ മതനിഷേധത്തിന്റേയോ പരിധിയില്‍ വരും. ഭരണരംഗത്ത്‌ ഏത്‌ നിയമം നടപ്പാക്കിയാലും കുഴപ്പമില്ല എന്ന നിലപാട്‌ യാതൊരു മുസ്‌ലിമിനും സ്വീകരിക്കാന്‍ പാടില്ല. ഇസ്‌ലാമിനെയോ മുസ്‌ലിംകളെയോ എതിര്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതും ഒരു മുസ്‌ലിമിന്‌ അനുവദനീയമല്ല. ബന്ധങ്ങളുടേയും ബന്ധവിച്ഛേദത്തിന്റേയും കാര്യത്തില്‍ ഖുര്‍ആനിന്റേയും സുന്നത്തിന്റേയും അദ്ധ്യാപനങ്ങള്‍ മുറുകെ പിടിക്കാന്‍ മുസ്‌ലിംകളെല്ലാം ഒരുപോലെ ബാധ്യസ്ഥരാകുന്നു.

ഇങ്ങനെയൊക്കെയാണ്‌ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നിലപാടെങ്കില്‍ പിന്നെ ഏത്‌ വിഷയത്തിലാണ്‌ സയ്യിദ്‌ മൌദൂദിയുടേയും സയ്യിദ്‌ ഖുതുബിന്റേയും ചിന്തകളെ പിന്തുടരുന്ന പ്രസ്ഥാനങ്ങളോട്‌ വിയോജിപ്പുള്ളത്‌? പലര്‍ക്കും ആശയക്കുഴപ്പമുള്ള വിഷയമാണിത്‌. ഇസ്‌ലാമികേതര ഭരണകൂടങ്ങളുടെ നിയമങ്ങള്‍ അനുസരിക്കുന്നത്‌ ആ ഭരണകൂടങ്ങള്‍ക്കുള്ള ഇബാദത്താണ്‌ അഥവാ ഏകദൈവവിശ്വാസത്തിന്‌ നേര്‍വിപരീതമാണ്‌ എന്ന മൌദൂദിയന്‍ –ഖുത്‌ബിയന്‍ വീക്ഷണത്തോടാണ്‌ ഇസ്‌ലാഹി പ്രസ്ഥാനത്തിന്‌ വിയോജിപ്പുള്ളത്‌. `ലാ ഇലാഹ ഇല്ലല്ലാഹു എന്ന സത്യസാക്ഷ്യത്തിന്റെ താല്‌പര്യം അല്ലാഹുവല്ലാതെ യാതൊരു ഭരണാധികാരിയും ഇല്ല എന്നാണെന്ന മൌദൂദിയന്‍ വീക്ഷണത്തോടും ഇസ്‌ലാഹി പ്രസ്ഥാനത്തിന്‌ വിയോജിപ്പുണ്ട്‌. പ്രവാചകന്മാരെയൊക്കെ അല്ലാഹു നിയോഗിച്ചതിന്റെ ലക്ഷ്യം ഇസ്‌ലാമികേതര ഭരണകൂടങ്ങളെ നിഷ്‌കാസനം ചെയ്‌ത്‌ ദൈവിക ഭരണം സ്ഥാപിക്കുകയായിരുന്നുവെന്ന വീക്ഷണത്തോടും വിയോജിപ്പുണ്ട്‌. രാജവാഴ്‌ച ഏകദൈവത്വത്തിന്‌ വിപരീതമാണെന്ന വീക്ഷണത്തോടും വിയോജിപ്പുണ്ട്‌.

നംറൂദിന്റെയോ ഫിര്‍ഒൂന്റേയോ ഭരണപരമായ കല്‌പനകള്‍ അനുസരിച്ച പൌരന്മാര്‍ ആ അനുസരണം നിമിത്തം ഏകദൈവവിശ്വാസത്തില്‍ നിന്ന്‌ പുറത്തുപോയവരായി എന്ന്‌ അല്ലാഹുവോ റസൂലോ(സ) പറഞ്ഞിട്ടില്ല എന്നതുകൊണ്ടാണ്‌ രാഷ്ട്രീയ ശിര്‍ക്കിനെ സംബന്ധിച്ച മൌദൂദിയന്‍ വീക്ഷണത്തോട്‌ ഇസ്‌ലാഹി പ്രസ്ഥാനം വിയോജിക്കുന്നത്‌. യൂസുഫ്‌ നബി(അ) ഒരു അമുസ്‌ലിം രാജാവിന്റെ ആധിപത്യം അംഗീകരിക്കുകയും അയാളൂടെ കീഴില്‍ ധനകാര്യവകുപ്പ്‌ കയ്യാളുകയും ചെയ്‌ത സംഭവം നമുക്ക്‌ മനസിലാക്കി തരുന്നത്‌ , `അല്ലാഹുവല്ലാതെ യാതൊരു ഭരണാധികാരിയും ഇല്ല എന്ന്‌ `ലാ ഇലാഹ ഇല്ലല്ലാഹു എന്ന ഏകദൈവത്വ സാക്ഷ്യവചനത്തിന്‌ അര്‍ഥമില്ലെന്നാണ്‌. ഏതെങ്കിലുമൊരു പ്രവാചകന്‍ തന്റെ നാട്ടിലെ ഭരണാധികാരിയോട്‌ അധികാരത്തില്‍ നിന്ന്‌ താഴെയിറങ്ങണമെന്ന്‌ ആവശ്യപ്പെടുകയോ അയാളെ ഭരണത്തില്‍ നിന്ന്‌ പുറത്താക്കണമെന്ന്‌ ജനങ്ങളോട്‌ കല്‌പ്പിക്കുകയോ ചെയ്‌തതായി വിശുദ്ധഖുര്‍ആനില്‍ പ്രസ്‌താവിച്ചിട്ടില്ല. അതിനാല്‍ ഭരണവ്യവസ്ഥകള്‍ മാറ്റുകയായിരുന്നു പ്രവാചകന്മാരുടെ നിയോഗമെന്ന്‌ വീക്ഷണം അംഗീകരിക്കാനാവില്ല. ``എനിക്കു ശേഷം ഒരാള്‍ക്കും തരപ്പെടാത്ത ഒരു രാജവാഴ്‌ച എനിക്കു നീ പ്രദാനം ചെയ്യേണമേ(വി.ഖു 38:35) എന്ന്‌ സുലൈമാന്‍ നബി(അ) പ്രാര്‍ത്ഥിക്കുകയും അല്ലാഹു അത്‌ സ്വീകരിക്കുകയും ചെയ്‌തു. ``അവരോട്‌ അവരുടെ പ്രവാചകന്‍ പറഞ്ഞു:അല്ലാഹു നിങ്ങള്‍ക്ക്‌ ത്വാലൂത്തിനെ രാജാവായി നിയോഗിച്ചുതന്നിരിക്കുന്നു. (വി.ഖു 2:247). ഇതില്‍ നിന്നെല്ലാം വ്യക്തമായി ഗ്രഹിക്കാവുന്നത്‌ രാജവാഴ്‌ച ഏകദൈവവിശ്വാസത്തിന്‌ വിരുദ്ധമല്ലെന്നാണ്‌. മൌലികമായ ഈ വിഷയങ്ങളിലെ വിയോജിപ്പ്‌ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണ്‌. ഇസ്‌ലാഹി പ്രവര്‍ത്തകര്‍ ഈ വിഷയം ശരിയായി ഗ്രഹിക്കുകയും സംശയാലുക്കള്‍ക്ക്‌ ബോധ്യപ്പെടുത്തിക്കൊടുക്കയും ചെയ്യേണ്ടതുണ്ട്‌.







-------------------------------
Related posts







6 comments:

  1. ലേഖനം വായിച്ചു. ഒരു മുജാഹിദുകാരന് ഇത്രയും കാര്യം മതിയാവും അവരുടെ കൂട്ടത്തിലെ സംശയാലുക്കളെ ബോധ്യപ്പെടുത്താന്‍ . എന്നാല്‍ ഇതിനോടനുബന്ധിച്ച് ഉയര്‍ത്തപ്പെടുന്ന ന്യായമായ ചില ചോദ്യങ്ങള്‍ക്ക് കൂടി മുജാഹിദുകള്‍ ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്.

    ReplyDelete
  2. സയ്യിദ് മൌദൂദിയുടെയും ശഹീദ് സയ്യിദ് ഖുതുബിന്റെയും (നിര്‍ഭാഗ്യവശാല്‍ സയ്യിദ് മൌദൂദിക്ക് ശഹീദാകാന്‍ ഭാഗ്യം ഉണ്ടായില്ല പക്ഷെ വധിക്കാന്‍ തീരുമാനിച്ചിരുന്നു. ലോകമുസ്ലിം സമൂഹത്തിന്റെ ശക്തമായ പിന്തുണ മൌദൂദിക്കുള്ളതിനാല്‍ മുസ്ലിം ഭരണകൂടത്തിന് അദ്ദേഹത്തെ വധിക്കാന്‍ കഴിയാതെ പോയി. സയ്യിദ് ഖുതുബിനെ തൂക്കിക്കൊന്നും മുസ്ലിം ഭരണാധികാരികള്‍ .) വാദമായി ഇവിടെ അവതരിപ്പിച്ചത് സൂക്ഷമല്ല. ധാരാളം അബദ്ധങ്ങള്‍ നിറഞ്ഞതാണ്. തര്‍കിക്കാനും വിയോജിക്കാനുമുള്ള സൌകര്യത്തിന് ചില ലളിതവല്‍ക്കരണവും മാറ്റത്തിരുത്തലും നടത്തിയിരിക്കുന്നു.

    ReplyDelete
  3. 2011 ഡിസംബർ 27 ചൊവ്വാഴ്ച മുക്കം സ്റ്റാർ ഓഡിറ്റോറിയത്തിൽ വെച്ച്, കേരള നദ്‌വത്തുൽ മുജാഹിദീൻ കക്കാട് ശാഖയും ജമാ‌അ‌ത്തെ ഇസ്‌ലാമി ഹൽഖയും തമ്മിൽ നടന്ന വൈജ്ഞാനിക ചർച്ച.

    ഈ വൈജ്ഞാനിക ചര്‍ച്ചയില്‍ ജമാഅത്ത് ഭാഗത്ത് നിന്ന് സംസാരിച്ച പണ്ഡിതന്‍ ഇപ്രകാരം പറയുന്നത് കാണാം;
    "ഞാന്‍ അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ പറയുന്നു; ലോകത്ത് എവിടെയായാലും ആരു തന്നെ ഇസ്ലാമികേതരമായ ഒരു ഗവണ്‍മെന്‍റിന്‌ 'ത്വാഅത്ത്' അര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അത് കൊടിയ ശിര്‍ക്കാണെന്നുള്ളതില്‍ ഒരു സംശയവുമില്ല, അതില്‍ സംശയം വേണ്ട. ഖുര്‍ആന്‍ ആണയിട്ട് പറഞ്ഞ സംഗതിയാണ്‌. അത് ശിര്‍ക്കാണ്‌" File 02 of 04 at 48th Minute

    Watch video

    ReplyDelete
  4. >>ഇസ്‌ലാമികേതര ഭരണകൂടങ്ങളുടെ നിയമങ്ങള്‍ അനുസരിക്കുന്നത്‌ ആ ഭരണകൂടങ്ങള്‍ക്കുള്ള ഇബാദത്താണ്‌ അഥവാ ഏകദൈവവിശ്വാസത്തിന്‌ നേര്‍വിപരീതമാണ്‌ എന്ന മൌദൂദിയന്‍ –ഖുത്‌ബിയന്‍ വീക്ഷണത്തോടാണ്‌ ഇസ്‌ലാഹി പ്രസ്ഥാനത്തിന്‌ വിയോജിപ്പുള്ളത്‌. <<<

    ReplyDelete
  5. എന്റെ പ്രതികരണം ഇവിടെ അവസാനിക്കുന്നു. സത്യത്തില്‍ ജമാഅത്ത് കാര്‍ക്ക് വളരെ ലളിതമായ ചില ചോദ്യങ്ങളാണ് ഉള്ളത്.

    1. ഇസ്ലാഹി പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നിലപാട് എന്താണ് ?

    2. ഇപ്പോള്‍ കാണപ്പെടുന്നത്, രാഷ്ട്രീയം ഭൌതികമായ കാര്യമാണ് അത് കൃഷിയെപ്പോലെയും കച്ചവടത്തെപ്പോലെയും ആളുകള്‍ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാവുന്നതാണ് എന്ന് പറയുന്ന നേതാക്കളെയും അണികളെയും, അങ്ങനെ അവരവര്‍ക്ക് തോന്നിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതുമാണ്. അണികളുടെ ഈ രാഷ്ട്രീയ പങ്കാളിത്തം ഇസ്ലാഹി പ്രസ്ഥാനം തീരുമാനിച്ചുറപ്പിച്ച രാഷ്ട്രീയ നിലപാടാണോ ?

    3. എങ്കില്‍ ഇതുതന്നെയാണോ ഇസ്ലാമിക രാഷ്ട്രീയം ?. അതല്ല മുസ്ലിംകള്‍ക്ക് സ്വയനിര്‍ണയാവകാശമുള്ള ഒരു മുസ്ലിം സമൂഹം നിലവില്‍ വരുന്നത് വരെ ഇസ്ലാമില്‍ മുസ്ലിംകള്‍ക്ക് ഒരു രാഷ്ട്രീയ അധ്യാപനവും ഇല്ലേ ?.

    4. എന്തുകൊണ്ടാണ് മുജാഹിദുകള്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയത്തെ വിമര്‍ശിക്കുമ്പോള്‍ അവര്‍ക്കില്ലാത്ത ആരോപണം ആദ്യം അവരുടെ തലയില്‍ കെട്ടിവെക്കുന്നത് ? ജമാഅത്ത് പറയുന്നത് പോലെ മനസ്സിലാക്കി അതിനെ വസ്തുനിഷ്ഠമായി വിമര്‍ശിച്ചുകൂടെ ?

    5. ഇസ്ലാഹി പ്രസ്ഥാനം അതിന്റെ അണികള്‍ക്ക് രാഷ്ട്രീയമായ വല്ല മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കാറുണ്ടോ? അത് അണികള്‍ പാലിച്ചുവരുന്നുവെന്ന് പറയാന്‍ കഴിയുമോ ?

    6. ഭൂരിപക്ഷെ ഇസ്ലാമിക സമൂഹം നിലവില്‍ വരുന്നേടത്ത് ഇസ്ലാമിക രാഷ്ട്രീയത്തിന് വേണ്ടി ഒരു പാര്‍ട്ടി രൂപീകരിക്കുമോ ? എന്തുകൊണ്ടാണ് സലഫികളുടേതായി അത്തരം സ്ഥലങ്ങളില്‍ പലപ്പോഴും അവര്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാവാത്തത്.

    7. ഏത് പാർട്ടിയുടെ ടിക്കറ്റില്‍ മത്സരിച്ച് അധികാരത്തിലേറിയാലും അവിടെ വെച്ച് അത് രാജിവെച്ച് ഒരു ഇസ്ലാമിക രാഷ്ട്രീയ പാര്‍ട്ടിക്ക് അധികാരം കൈമാറുമോ?

    ബുദ്ധിമുട്ടില്ലെങ്കില്‍ ഈ ചോദ്യങ്ങള്‍ക്കാണ് മുജാഹിദുകള്‍ മറുപടി പറയേണ്ടത്.

    ReplyDelete

"Comment moderation" is off in this blog.If it is not displayed, could have gone to spam.