18 June 2009

സലഫികളുടെ തൌഹീദും രാഷ്‌ട്രീയ ശിര്‍ക്കും

സലഫികളുടെ തൌഹീദും രാഷ്‌ട്രീയ ശിര്‍ക്കും
എ.എച്ച്‌.
ശബാബ്‌ വാരിക 1996 ജൂണ്‍ 28


'തൗഹീദ്‌ കാമ്പയിന്‍ കളരിക്ക്‌ പുറത്തോ!'എന്ന ശീര്‍ഷകത്തില്‍ 15.6.96 ലെ 'പ്രബോധനം' വാരികയില്‍ 'വി.കെ' എഴുതിയ വിമര്‍ശലേഖനം സലഫികളെ സംബന്ധിച്ചിടത്തോളം കടുത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതായതിനാല്‍ ഇസ്ലാമിലെ ഏകദൈവവിശ്വാസം യഥാര്‍ത്ഥത്തില്‍ എന്താണെന്നും,തൗഹീദുമായി ബന്ധപ്പെട്ട ഒരോ വിഷയത്തിലും സലഫികളുടെ നിലപാടെന്താണെന്നും വിശദമാക്കേണ്ടത്‌ ആവശ്യമായിത്തീര്‍ന്നിരിക്കുന്നു.ഏകദൈവവിശ്വാസത്തിെ‍ന്‍റ സുപ്രധാന വശങ്ങളൊക്കെ അവഗണിച്ചവരും,രാഷ്ട്രീയമേഖലയില്‍ 'ബഹുദൈവവിശ്വാസം' അംഗീകരിച്ചവരുമാണ്‌ സലഫികളെന്ന്‌ ആസൂത്രിതമായി സമര്‍ത്ഥിക്കുവാന്‍ വേണ്ടി ലേഖകന്‍ ശിര്‍ക്ക്‌ എന്തെന്ന്‌ വിശദീകരിക്കുന്നത്‌ കാണുക.
"സ്രഷ്ടാവ്‌,സംരക്ഷകന്‍,ഉടമസ്ഥന്‍,വിധികര്‍ത്താവ്‌,ഭരണാധികാരി,പരിപാലകന്‍,ആഹാരം നല്‍കുന്നവന്‍,പ്രാര്‍ത്ഥന സ്വീകരിക്കുന്നവന്‍,ആരാധനക്കര്‍ഹന്‍,സുഖവും ദുഃഖവും പ്രദാനം ചെയ്യുന്നവന്‍... തുടങ്ങിയ കാര്യങ്ങളെല്ലാം അല്ലാഹുവിനു മാത്രം അര്‍ഹതപ്പെട്ടതും മറ്റാര്‍ക്കും പങ്കാളിത്തമില്ലാത്തതുമാണ്‌.അവെ‍ന്‍റ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നത്‌ ഒരിക്കലും പൊറുക്കപ്പെടാത്ത പാപമാണ്‌.ഏറ്റവും ഗൗരവമുള്ള വന്‍ദോഷവും."
'അല്ലാഹുവല്ലാതെ യാതൊരു ഇലാഹുമില്ല' എന്നതാണല്ലോ തൗഹീദിെ‍ന്‍റ തത്വം.(കലിമതുത്തൗഹീദ്‌).ഈ കാര്യം വ്യക്തമാക്കുന്ന ഒരു ഖുര്‍ആന്‍ വാക്യം ലേഖനത്തിെ‍ന്‍റ ആദ്യഭാഗത്തുതന്നെ ലേഖകന്‍ ഉദ്ധരിച്ചു ചേര്‍ത്ത സ്ഥിതിക്ക്‌ അദ്ദേഹത്തിനു ആ കാര്യത്തില്‍ തര്‍ക്കമില്ലെന്ന്‌ കരുതാം.തുടര്‍ന്ന്‌ അദ്ദേഹം തൗഹീദിന്‌ നല്‍കിയ വിശദീകരണമാണ്‌ ഇവിടെ ഉദ്ധരിച്ചുചേര്‍ത്തത്‌.ഈ വിശദീകരണപ്രകാരം തൗഹീദിന്‌ പരിധിതന്നെയില്ല എന്നതാണ്‌ ഏറ്റവും വിചിത്രമായി തോന്നുന്നത്‌.'തുടങ്ങിയ കാര്യങ്ങളെല്ലാം അല്ലാഹുവിന്‌ മാത്രം അര്‍ഹതപ്പെട്ടതും' എന്ന വാക്യത്തില്‍ നിന്ന്‌ വായനക്കാരന്‌ തൗഹീദ്‌ മനസ്സിലാക്കാന്‍ ഒരു നിവൃത്തിയുമില്ല.കാരണം,അല്ലാഹുവിനു മാത്രം അര്‍ഹതപ്പെട്ട കാര്യങ്ങള്‍ ലേഖകന്‍ എണ്ണിതുടങ്ങിയിട്ടേയുള്ളൂ,അത്‌ എവിടെവെച്ച്‌ അവസാനിക്കുമെന്ന്‌ മറ്റാര്‍ക്കും ഊഹിക്കാന്‍ കഴിയില്ലല്ലോ.


സ്രഷ്ടാവും ഇലാഹും
സ്രഷ്ടാവ്‌ (ഖാലിഖ്‌)എന്ന്‌ അല്ലാഹുവെപറ്റി ഏതര്‍ത്ഥത്തിലാണോ പറയുന്നത്‌ ആ അര്‍ത്ഥത്തില്‍ മറ്റൊരു സ്രഷ്ടാവുമില്ല എന്ന കാര്യത്തില്‍ മുസ്ലിങ്ങളില്‍ ആര്‍ക്കും യാതൊരു തര്‍ക്കവുമില്ല.മക്കയിലെ ബഹുദൈവാരാധകര്‍ക്കും ഈ കാര്യത്തില്‍ തര്‍ക്കമുണ്ടായിരുന്നില്ല.

"ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതാരെന്ന്‌ നീ അവരോട്‌ ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും അല്ലാഹു എന്ന്‌"(വി.ഖു.31:25)
"ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും,സൂര്യനെയും ചന്ദ്രനെയും കീഴ്പ്പെടുത്തുകയും ചെയ്തത്‌ ആരെന്ന്‌ നീ അവരോട്‌ ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും അല്ലാഹുവാണെന്ന്‌"(വി.ഖു 29:61)
സ്രഷ്ടാവ്‌ എന്ന വിശേഷണം യഥാര്‍ഥത്തില്‍ അല്ലാഹുവിന്‌ മാത്രം അര്‍ഹതപ്പെട്ടതാണെന്ന്‌ അംഗീകരിച്ചിരുന്ന അറേബ്യന്‍ ബഹുദൈവാരാധകര്‍ 'ലാഇലാഹ ഇല്ലല്ലാഹു' എന്ന തൗഹീദിെ‍ന്‍റ വാക്യം അംഗീകരിച്ചിരുന്നില്ല എന്ന കാര്യം അനേകം ഖുര്‍ആന്‍ വാക്യങ്ങളില്‍ വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്‌. ആ കാര്യത്തില്‍ ലേഖകന്‌ തര്‍ക്കമുണ്ടാവില്ലെന്ന്‌ കരുതുന്നു.അപ്പോള്‍ സ്രഷ്ടാവ്‌ അല്ലാഹുമാത്രമാകുന്നു എന്നതല്ല 'ലാഇലാഹ ഇല്ലല്ലാഹു' എന്ന തൗഹീദ്‌ തത്ത്വത്തിെ‍ന്‍റ താല്‍പര്യമെന്ന്‌ വ്യക്തം.ഇലാഹ്‌(ആരാധ്യന്‍) എന്ന പദവി സ്രഷ്ടാവല്ലാത്തവര്‍ക്കും ആകാം എന്ന്‌ ധരിച്ചിരുന്ന അറബികളെ അല്ലാഹു മാത്രമാണ്‌ ആരാധ്യന്‍ എന്ന്‌ തെര്യപ്പെടുത്താനാണ്‌ നബി(സ) തൗഹീദ്‌ പ്രബോധനം ചെയ്തതെന്നാണ്‌ ഇതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌.
സംരക്ഷകന്‍,പരമാധികാരി എന്നീ വിശേഷണങ്ങളും പരമമായ അര്‍ത്ഥത്തില്‍ അല്ലാഹുവിന്‌ മാത്രം അവകാശപ്പെട്ടതാണെന്ന കാര്യത്തില്‍ എല്ലാ വിഭാഗം മുസ്ലിങ്ങളും യോജിക്കുന്നു.അറേബ്യയിലെ ബഹുദൈവാരാധകര്‍ക്കും ഈ കാര്യത്തില്‍ തര്‍ക്കമുണ്ടായിരുന്നില്ല.വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്‌ നോക്കുക:
"നീ ചോദിക്കുക:എല്ലാ വസ്തുക്കളുടേയും ആധിപത്യം ഒരുവെ‍ന്‍റ കൈവശത്തിലാണ്‌.അവന്‍ സംരക്ഷണം നല്‍കുന്നു.അവന്നെതിരായി (എവിടെ നിന്നും)സംരക്ഷണം ലഭിക്കുകയില്ല.അങ്ങനെയുള്ളവന്‍ ആരാണ്‌? നിങ്ങള്‍ക്ക്‌ അറിയാമെങ്കില്‍ (പറയൂ) അവര്‍ പറയും:(അതെല്ലാം) അല്ലാഹുവിനുള്ളതാണ്‌.നീ ചോദിക്കുക:പിന്നെ എങ്ങനെയാണ്‌ നിങ്ങള്‍ മായാവലയത്തില്‍ പെട്ടുപോകുന്നത്‌?"(വി.ഖു 23:88,89)
ആത്യന്തികമായി സംരക്ഷണം നല്‍കുന്നവനും പരമമായ ആധിപത്യമുള്ളവനും അല്ലാഹു മാത്രമാണെന്ന്‌ അംഗീകരിച്ചിട്ടും അവര്‍ 'ലാഇലാഹ ഇല്ലല്ലാഹു' എന്ന്‌ തൗഹീദ്‌ വാക്യം അംഗീകരിച്ചില്ല എന്ന്‌ വ്യക്തം.അപ്പോള്‍ 'ലാഇലാഹ ഇല്ലല്ലാഹു' എന്ന വചനത്തിെ‍ന്‍റ അര്‍ത്ഥം സംരക്ഷകനും പരമാധികാരിയും അല്ലാഹു മാത്രമാണ്‌ എന്നല്ല എന്ന്‌ ഇതില്‍ നിന്ന്‌ തെളിയുന്നു.
ഉടമസ്ഥന്‍,പരിപാലകന്‍,ആഹാരം നല്‍കുന്നവന്‍ എന്നീ വിശേഷണങ്ങളും പരമമായ അര്‍ത്ഥത്തില്‍ അല്ലാഹുവിനു മാത്രം അര്‍ഹതപ്പെട്ടതാണെന്ന കാര്യത്തില്‍ എല്ലാ വിഭാഗം മുസ്ലിങ്ങളും യോജിക്കുന്നു.അറേബ്യയിലെ ബഹുദൈവാരാധകര്‍ക്കും ഈ കാര്യത്തില്‍ വിയോജിപ്പുണ്ടായിരുന്നില്ല.വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്‌ നോക്കുക:
"പറയുക:ആകാശത്ത്‌ നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക്‌ ആഹാരം നല്‍കുന്നതാരാണ്‌? അതല്ലെങ്കില്‍ കേള്‍വിയുടേയും കാഴ്ചയുടേയും ഉടമസ്ഥത വഹിക്കുന്നതാരാണ്‌? ജീവനില്ലാത്തതില്‍ നിന്ന്‌ ജീവനുള്ളതും ജീവനുള്ളതില്‍ നിന്ന്‌ ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതാരാണ്‌? അവര്‍ പറയും:അല്ലാഹു എന്ന്‌ അപ്പോള്‍ നീ പറയുക:എന്നിട്ടും നിങ്ങള്‍ സൂക്ഷമത പാലിക്കുന്നില്ലേ?"(വി.ഖു 10:31)
ഉടമസ്ഥനും പരിപാലകനും അന്നദാതാവും അല്ലാഹുവാണെന്ന്‌ ഉറച്ചുവിശ്വസിക്കുന്നവരായിരുന്നു അറേബ്യന്‍ മുശ്‌രിക്കുകള്‍ എന്നും,എന്നിട്ടും അവര്‍ തൗഹീദ്‌ തത്ത്വം അംഗീകരിച്ചിരുന്നില്ലെന്നുമല്ലേ ഈ വചനത്തില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌? 'ലാഇലാഹ ഇല്ലല്ലാഹു' എന്ന തൗഹീദ്‌ വചനത്തിെ‍ന്‍റ താല്‍പര്യം ഉടമസ്ഥതയുടേയും പരിപാലനത്തിേ‍ന്‍റയും അന്നദാനത്തിേ‍ന്‍റയും പ്രശ്നങ്ങള്‍ക്കപ്പുറമാണെന്ന്‌ ഇതില്‍ നിന്ന്‌ വ്യക്തമാകുന്നു.


ഭരണാധികാരിയും രാജാധിരാജനും
പരമമായ അര്‍ത്ഥത്തില്‍ ഭരണാധികാരിയും വിധികര്‍ത്താവും അല്ലാഹു മാത്രമാണെന്ന കാര്യം ഈമാനുള്ള എല്ലാ മുസ്ലിങ്ങളും അംഗീകരിക്കുന്നുണ്ട്‌.ഇസ്ലാമില്‍ നിന്ന്‌ വിട്ടവരും എന്നാല്‍ മുസ്ലിം പേര്‌ വിടാത്തവരുമായ ചില അള്‍ട്രാമോഡേണിസ്റ്റുകളും സെക്യൂലരിസ്റ്റുകളും മാത്രമാണ്‌ ഇതിന്‌ അപവാദമായിട്ടുള്ളത്‌.ഈ വിഭാഗത്തിനാകട്ടെ അല്ലാഹുവിെ‍ന്‍റ ഈ രണ്ടു വിശേഷണങ്ങളില്‍ മാത്രമല്ല വിശ്വാസമില്ലാത്തത്‌.ദിവ്യ സന്ദേശം,പ്രവാചകത്വം,പരലോകം തുടങ്ങിയ കാര്യങ്ങളിലും വിശ്വാസമില്ലാത്ത ഈ വിഭാഗത്തെ രാഷ്ട്രീയ തൗഹീദിലേക്ക്‌ മാത്രം വിളിച്ചതുകൊണ്ട്‌ വിശേഷിച്ച്‌ പ്രയോജനമില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാകുന്നു.
രാഷ്ട്രീയ രംഗമുള്‍പ്പടെ ജീവിതത്തിെ‍ന്‍റ മുഴുവന്‍ മേഖലകളിലും അല്ലാഹുവും റസൂലും(സ)വിധിച്ചതെന്തോ അത്‌ പൂര്‍ണ്ണസമ്മതത്തോടെ അംഗീകരിക്കാന്‍ ഓരോ മുസ്ലിമും ബാധ്യസ്ഥനാണ്‌ എന്ന തത്വത്തോട്‌ മുസ്ലിം സംഘടനകളൊന്നും ഒരിക്കലും വിയോജിപ്പ്‌ പ്രകടിപ്പിച്ചിട്ടില്ലെന്നാണ്‌ ഈ ലേഖകെ‍ന്‍റ ധാരണ.അല്ലാഹുവിെ‍ന്‍റ വിധിയേക്കാള്‍ മറ്റാരുടെ വിധിക്കും ഈ സംഘടനകള്‍ മുന്‍ഗണന നല്‍കുന്നില്ല.അല്ലാഹുവിെ‍ന്‍റ ആധിപത്യത്തിനുപരിയായോ തുല്യമായോ ആരുടെ ആധിപത്യവും അവര്‍ അംഗീകരിക്കുന്നുമില്ല.


അല്ലാഹുവിെ‍ന്‍റ വിധിയേക്കാള്‍ മറ്റാരുടെ വിധിക്കും ഈ സംഘടനകള്‍ മുന്‍ഗണന നല്‍കുന്നില്ല.അല്ലാഹുവിെ‍ന്‍റ ആധിപത്യത്തിനുപരിയായോ തുല്യമായോ ആരുടെ ആധിപത്യവും അവര്‍ അംഗീകരിക്കുന്നുമില്ല.എന്നാല്‍ മുസ്ലിം സമുദായത്തില്‍ അംഗങ്ങളായിട്ടുള്ള ചിലര്‍ മതവിരുദ്ധമായ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ സര്‍വാത്മനാ സ്വീകരിക്കുന്നുണ്ടാകാം.പക്ഷെ,അതിനു കാരണം പരമാധികാരത്തില്‍ അല്ലാഹുവിെ‍ന്‍റ ഏകത്വം എന്ന ആശയത്തോട്‌ മാത്രമുള്ള വിയോജിപ്പല്ല.അല്ലാഹുവിലുള്ള അവരുടെ വിശ്വാസമാകെത്തന്നെ ദുര്‍ബലമാകുകയോ നഷ്ടപ്പെടുകയോ ചെയ്തതുകൊണ്ടാണ്‌ അല്ലാഹുവിെ‍ന്‍റ മാര്‍ഗദര്‍ശനത്തെ അവഗണിക്കാന്‍ അവര്‍ ധൃഷ്ടരാകുന്നത്‌.ഈ പ്രവണത രാഷ്ട്രീയ രംഗത്ത്‌ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല.വ്യാപാര രംഗത്തെ ഇസ്ലാമിെ‍ന്‍റ വിധിവിലക്കുകള്‍ സര്‍വാത്മനാ സ്വീകരിക്കാത്ത ഒട്ടേറെ മുസ്ലിം വ്യാപാരികളുണ്ട്‌.കുടുംബജീവിതത്തില്‍ അല്ലാഹുവിെ‍ന്‍റ വിധിവിലക്കുകളെ ബോധപൂര്‍വ്വം അവഗണിച്ച്‌ ജീവിക്കുന്ന ഒട്ടേറെ മുസ്ലിങ്ങളുണ്ട്‌.അല്ലാഹുവില്‍ പൂര്‍ണമായി വിശ്വസിക്കുകയും അവന്ന്‌ ജീവിതത്തെ പൂര്‍ണ്ണമായി സമര്‍പ്പിക്കുകയും ചെയ്യാന്‍ ആളുകളെ ഉദ്ബോധിപ്പിക്കുകയല്ലാതെ മറ്റൊരു പരിഹാരവും ഇതിനില്ല.ഈ രംഗത്താകട്ടെ സലഫി പ്രബോധകര്‍ കഴിവിെ‍ന്‍റ പരമാവധി ശ്രദ്ധ കേന്ദ്രികരിക്കുന്നുണ്ട്‌.ജീവിതത്തിെ‍ന്‍റ ഏതെങ്കിലും മേഖലയെ അല്ലാഹുവിെ‍ന്‍റ വിധിവിലക്കുകള്‍ക്ക്‌ അതീതമായി ഗണിക്കുന്ന സമീപനം പ്രത്യക്ഷമായോ പരോക്ഷമായോ സലഫികള്‍ ഒരിക്കലും സ്വീകരിച്ചിട്ടില്ല.
ഇസ്ലാമികേതര ഭരണകൂടത്തിെ‍ന്‍റ നിയമങ്ങളുടെ കാര്യത്തിലും അല്ലാഹുവിലും റസൂലിലും(സ)വിശ്വസിക്കുന്ന മുസ്ലിങ്ങള്‍ക്ക്‌ വ്യക്തമായ സമീപനമുണ്ട്‌.ഇസ്ലാമിക നിയമങ്ങള്‍ക്ക്‌ വിരുദ്ധമായ നിയമങ്ങള്‍ നിര്‍മിക്കാന്‍ ഏതെങ്കിലും ഭരണകൂടത്തിന്‌ അധികാരമുണ്ടെന്ന്‌ യഥാര്‍ഥ മുസ്ലിംകളാരും കരുതുന്നില്ല.അതുകൊണ്ടാണ്‌ ബ്രിട്ടീഷ്‌ ഇന്ത്യയുടേയും സ്വതന്ത്ര ഇന്ത്യയുടേയും ചരിത്രത്തില്‍ മതത്തിനും ധര്‍മ്മത്തിനും വിരുദ്ധമായ നിയമനിര്‍മ്മാണത്തിന്‌ ശ്രമം നടന്നപ്പോഴൊക്കെ മുസ്ലിങ്ങള്‍ കക്ഷിഭേദമന്യേ എതിര്‍പ്പുപ്രകടിപ്പിച്ചത്‌.അല്ലാഹുവിെ‍ന്‍റ നിയമത്തിനെതിരിലും സര്‍ക്കാറിന്‌ നിയമം നിര്‍മ്മിക്കാന്‍ അര്‍ഹതയുണ്ടെന്ന്‌ യാതൊരു മുസ്ലിം സംഘടനയും വാദിച്ചിട്ടില്ല;മതത്തിെ‍ന്‍റ പൊയ്മുഖമണിഞ്ഞ ഭൗതികവാദികളല്ലാതെ.
നിര്‍ബന്ധിതാവസ്ഥയിലല്ലാതെ യഥാര്‍ത്ഥ മുസ്ലിങ്ങളാരും ഇസ്ലാമിന്‌ വിരുദ്ധമായ യാതൊരു നിയമവും അംഗീകരിക്കുകയോ അനുസരിക്കുകയോ ചെയ്യുന്നില്ല.ഇസ്ലാമിന്‌ വിരുദ്ധമല്ലാത്ത ഭരണനിയമങ്ങള്‍ അനുസരിക്കുമ്പോള്‍ പോലും ആ നിയമങ്ങള്‍ക്ക്‌ യഥാര്‍ത്ഥ മുസ്ലിങ്ങളാരും ദൈവിക നിയമങ്ങള്‍ക്കുള്ളതുപോലെ പവിത്രതയോ അലംഘ്യതയോ കല്‍പ്പിക്കുന്നുമില്ല.സച്ചരിതരായ നാലു ഖലീഫമാരുടെ കാലശേഷം പലപ്പോഴും ഇസ്ലാമികമല്ലാത്ത ഭരണകൂടങ്ങള്‍ക്ക്‌ കീഴില്‍ ജീവിക്കേണ്ടി വന്ന മുസ്ലിങ്ങളില്‍ ഈമാനും ഇഖ്ലാസും ഉള്ള ഏവരുടേയും നിലപാട്‌ ഇതായിരുന്നു.ഇന്ത്യയിലും പുറത്തുമുള്ള സലഫികളും വിവിധ മധബുകാരായ മുസ്ലിങ്ങളും ഇതേ നിലപാടുകാര്‍ തന്നെ.
അല്ലാഹുവേക്കാള്‍ മറ്റാര്‍ക്കും മുന്‍ഗണന നല്‍കാത്ത,ദൈവിക നിയമങ്ങള്‍ക്ക്‌ തുല്യമായി മനുഷ്യനിര്‍മിത നിയമങ്ങളെ ഗണിക്കാത്ത,ഇസ്ലാമിന്‌ വിരുദ്ധമാകാതിരിക്കുക എന്ന ഉപാധിയോടെ മാത്രം സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിക്കുന്ന മുസ്ലിങ്ങളുടെ മേല്‍ ശിര്‍ക്ക്‌ (ബഹുദൈവവിശ്വാസം) ആരോപിക്കുകയാണ്‌ ജമാഅത്തെ ഇസ്ലാമി ചെയ്യുന്നത്‌.അല്ലാഹുവിെ‍ന്‍റ നിയമങ്ങള്‍ക്ക്‌ വിരുദ്ധമല്ലാത്ത കാര്യങ്ങളില്‍ ഭരണാധികളെ അനുസരിച്ചതിെ‍ന്‍റ പേരില്‍ യാതൊരു വിഭാഗത്തേയും അല്ലാഹുവിെ‍ന്‍റ കിതാബിലോ റസൂലി(സ)െ‍ന്‍റ വചനങ്ങളിലോ മുശ്‌രിക്കുകളായി ചിത്രീകരിച്ചിട്ടില്ലാതിരിക്കെ,നിരപരാധികളായ മുസ്ലിങ്ങളെ 'രാഷ്ട്രീയ മുശ്‌രിക്കു'കളാക്കുന്ന ജമാഅത്ത്‌ നിലപാടിനോട്‌ സലഫികള്‍ക്ക്‌ യോജിക്കാനാവില്ല.ഇതിെ‍ന്‍റ പേരിലാണ്‌ 'പ്രബോധനം' ലേഖകന്‍ സലഫികളുടെ തൗഹീദിനെ 'കളരിക്ക്‌ പുറത്താക്കു'ന്നത ്‌!
പരമമായ അര്‍ത്ഥത്തിലല്ലെങ്കില്‍ ഭരണാധികാരി,വിധികര്‍ത്താവ്‌ എന്നീ വിശേഷണങ്ങള്‍ അല്ലാഹുവല്ലാത്തവര്‍ക്ക്‌ നല്‍കുന്നത്‌ തൗഹീദിന്‌ വിരുദ്ധമല്ലെന്ന കാര്യമാകട്ടെ അനേകം ഖുര്‍ആന്‍ വാക്യങ്ങള്‍ കൊണ്ട്‌ സ്ഥിരപ്പെട്ടിട്ടുള്ളതാകുന്നു.അല്ലാഹുവെ 'മലിക്‌' (രാജാവ്‌ അഥവാ ഭരണാധികാരി) എന്ന്‌ വിശേഷിപ്പിച്ച വിശുദ്ധ ഖുര്‍ആന്‍ തന്നെ ഇസ്രയേല്യര്‍ക്ക്‌ അല്ലാഹു ത്വാലൂത്തിനെ 'മലിക്‌' ആയി നിശ്ചയിച്ച കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്‌ (2:247).സുലൈമാന്‍ നബി(അ)യുടെ മുല്‍ക്‌ (രാജപദവി-ഭരണാധികാരം)സംബന്ധിച്ച്‌ 2:102,38:35 എന്നീ ഖുര്‍ആന്‍ വചനങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌.ദാവൂദ്‌ നബി(അ)യുടെ രാജപദവിയെ പറ്റി 38:20 ല്‍ പറഞ്ഞിട്ടുണ്ട്‌."എനിക്ക്‌ ശേഷം യാതൊരാള്‍ക്കും തരപ്പെടാത്ത വിധത്തിലുള്ള രാജപദവി എനിക്ക്‌ പ്രദാനം ചെയ്യേണമേ"എന്ന്‌ സുലൈമാന്‍ നബി(അ) പ്രാര്‍ഥിച്ചതായി 38:35 ല്‍ ഉദ്ധരിച്ചിരിക്കുന്നു.അല്ലാഹു തെ‍ന്‍റ രാജാധികാരം താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നല്‍കുമെന്ന്‌ 2:247 ല്‍ വ്യക്തമാക്കിയിരിക്കുന്നു.നംറൂദിന്‌ അല്ലാഹു ഭരണാധികാരം നല്‍കിയെന്ന്‌ 2:258 ല്‍ പ്രസ്താവിച്ചിരിക്കുന്നു.ഇതൊക്കെ കണക്കിലെടുത്താണ്‌ എല്ലാ വിഭാഗം മുസ്ലിങ്ങളും അല്ലാഹുവെ മാത്രം രാജാധിരാജന്‍ (മാലികുല്‍ മുല്‍ക്‌ വി.ഖു 3:26) ആയി ഗണിക്കുകയും മനുഷ്യരില്‍ ചിലരെ പരിമിതമായ അര്‍ത്ഥത്തില്‍ രാജാക്കന്മാരോ,ഭരണാധികാരികളോ ആയി കണക്കാക്കുകയും ചെയ്യുന്നത്‌.ഈമാനും ഇഖ്ലാസുമുള്ള മുസ്ലിങ്ങളുടെ ഭാഗത്തുനിന്ന്‌ ഈ അര്‍ത്ഥകല്‍പനകളുടെ കാര്യത്തില്‍ ഗുരുതരമായ വ്യതിയാനങ്ങളൊന്നും സംഭവിച്ചിട്ടില്ല.വസ്തുതകള്‍ ഇങ്ങനെയായിരിക്കെ 'ലാഇലാഹ ഇല്ലല്ലാഹു'എന്നതിന്‌ അല്ലാഹുവല്ലാതെ യാതൊരു ഭരണാധികാരിയും ഇല്ല എന്ന്‌ അര്‍ത്ഥം പറയാത്തവരെ 'കളരിക്ക്‌ പുറത്താക്കു'ന്നത്‌ അല്‍പം കടന്ന കയ്യാണെന്ന്‌ പറയാതെ വയ്യ.


വിധികര്‍ത്തൃത്വം രണ്ടു തരം
വിധികര്‍ത്താവ്‌ എന്ന വിശേഷണം പരമമായ അര്‍ത്ഥത്തില്‍ അല്ലാഹുവിനു മാത്രം അര്‍ഹതപ്പെട്ടതാണെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല."അല്ലാഹു തെ‍ന്‍റ വിധികര്‍ത്തൃത്വത്തില്‍ ആരേയും പങ്കുചേര്‍ക്കുകയില്ല."(വി.ഖു 18:26).എന്നാല്‍ മനുഷ്യര്‍ക്ക്‌ അല്ലാഹു വിധികര്‍ത്തൃത്വം നല്‍കുമെന്ന്‌ ഒട്ടേറെ ഖുര്‍ആന്‍ വാക്യങ്ങള്‍ തെളിയിക്കുന്നുണ്ട്‌.3:79,19:12,45:16,12:22,21:79 എന്നീ വചനങ്ങള്‍ നോക്കുക.മുഹമ്മദ്‌ നബി(സ)യെ വിധികര്‍ത്താവായി അംഗീകരിക്കാത്തവരാരും വിശ്വാസികളാവുകയില്ലെന്ന്‌ വി.ഖു 4:65 ല്‍ വ്യക്തമാക്കിയിരിക്കുന്നു.അപ്പോള്‍ എന്തു മനസ്സിലാക്കണം?പരമമായ വിധികര്‍ത്തൃത്വമുള്ളവന്‍ (അഹ്കമുല്‍ ഹാകിമീന്‍-വി.ഖു 95:8)അല്ലാഹു മാത്രം.പരിമിതവും സോപാധികവുമായ വിധികര്‍ത്തൃത്വമാകട്ടെ അല്ലാഹു മനുഷ്യരില്‍ പലര്‍ക്കും നല്‍കിയിരിക്കുന്നു.രണ്ടു തരത്തിലുള്ള വിധികര്‍ത്തൃത്വം വ്യവഛേദിച്ചു മനസ്സിലാക്കുന്ന കാര്യത്തില്‍ മുസ്ലിം സംഘടനകള്‍ക്കോ,മതനിഷുയുള്ള പണ്ഡിതന്മാര്‍ക്കോ ഗുരുതരമായ തെറ്റൊന്നും സംഭവിച്ചിട്ടില്ല.അതിനാല്‍ 'ലാഇലാഹ ഇല്ലല്ലാഹു'എന്നതിന്‌ അല്ലാഹുവല്ലാതെ യാതൊരു വിധികര്‍ത്താവുമില്ല എന്ന്‌ അര്‍ത്ഥം പറയാത്തവരെയൊക്കെ 'രാഷ്ട്രീയ ബഹുദൈവവിശ്വാസി'കളായി ചിത്രീകരിക്കുന്നതിനെ വകതിരിവില്ലായ്മയോ,അതിക്രമമോ ആയി മാത്രമേ കണക്കാക്കാനൊക്കൂ.ദൈവവിശ്വാസത്തില്‍ നിന്ന്‌ തന്നെ തെറ്റിപ്പോയ മുസ്ലിം നാമധാരികളായ ഏതാനും രാഷ്ട്രീയക്കാരുടെ ചെലവില്‍ യഥാര്‍ത്ഥ മുസ്ലിങ്ങളില്‍ മഹാഭൂരിപക്ഷത്തെ 'രാഷ്ട്രീയ മുശ്‌രിക്കു'കളുടെ പട്ടികയില്‍ പെടുത്തുന്നവര്‍ യാതൊരു ന്യായവുമില്ലാതെ ഗുരുതരമായ ദുരാരോപണം ഉന്നയിക്കുകയാണ്‌ ചെയ്യുന്നത്‌.
പ്രാര്‍ത്ഥന സ്വീകരിക്കുന്നവന്‍,ആരാധനക്ക്‌ അര്‍ഹന്‍ എന്നീ വിശേഷണങ്ങളുടെ കാര്യം ഇതിനു മുമ്പ്‌ പറഞ്ഞ കാര്യങ്ങളില്‍ നിന്ന്‌ പലനിലയിലും വ്യത്യസ്തമാണ്‌.
ഒന്ന്‌,സൃഷ്ടികര്‍ത്തൃത്വവും ഉടമസ്ഥതയും പരമാധികാരവും അല്ലാഹുവിന്‌ മാത്രമാണെന്ന്‌ അംഗീകരിക്കുന്നവരായിരുന്നു മുഹമ്മദ്‌ നബി(സ)യുടെ ആദ്യ അഭിസംബോധിതരെങ്കിലും അവര്‍ അല്ലാഹുവല്ലാത്ത പലരേയും ആരാധിക്കുന്നവരും പ്രാര്‍ത്ഥിക്കുന്നവരുമായിരുന്നു.'ലാഇലാഹ'(യാതൊരു ഇലാഹുമില്ല) എന്ന നിഷേധവാക്യാംശത്തിെ‍ന്‍റ താല്‍പര്യം ഈ പ്രവണതയുടെ നിരാകരണമായിരുന്നു എന്ന കാര്യത്തില്‍ നബി(സ)ക്കോ,പ്രബോധിതര്‍ക്കോ യാതൊരു സംശയവും ഉണ്ടായിരുന്നില്ല.'അറബികളേ,നിങ്ങള്‍ രാജാക്കന്മാരുടെ ഭരണനിയമങ്ങള്‍ അനുസരിക്കുകയോ നികുതി കൊടുക്കുകയോ ചെയ്യരുത്‌' എന്നതാണ്‌ 'ലാഇലാഹ ഇല്ലല്ലാഹു' എന്ന തൗഹീദ്‌ തത്വത്തിെ‍ന്‍റ താല്‍പര്യമെന്ന്‌ നബി(സ)യോ,അനുചരന്മാരോ,എതിരാളികളോ ധരിച്ചിരുന്നുവെന്ന്‌ മനസ്സിലാക്കാന്‍ ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ ഒരു സൂചന പോലുമില്ല.എന്നാല്‍ പ്രപഞ്ചനാഥന്‍ ഒഴികെയുള്ള സകല ആരാധ്യരേയും വെടിയണം എന്നതാണ്‌ 'ലാഇലാഹ ഇല്ലല്ലാഹു' എന്ന വചനത്തിെ‍ന്‍റ താല്‍പര്യം എന്ന കാര്യം നബി(സ)യോട്‌ യോജിച്ചവരും വിയോജിച്ചവരുമായ മുഴുവന്‍ അറബികള്‍ക്കും ബോധ്യമായിരുന്നു.ഖുര്‍ആനിലും സുന്നത്തിലും ഇതിന്‌ ധാരാളം തെളിവുകളുണ്ട്‌.


ഇലാഹും അറബികളും
അല്ലാഹുവല്ലാതെ യാതൊരു ഇലാഹുമില്ല എന്ന്‌ നബി(സ)പ്രഖ്യാപിച്ചപ്പോള്‍ അറബികള്‍ പ്രതികരിച്ചതെങ്ങനെയെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
"ഇവന്‍ (മുഹമ്മദ്‌) പല ഇലാഹുകളെ ഒരൊറ്റ ഇലാഹാക്കിയിരിക്കയാണോ?.തീര്‍ച്ചയായും ഇത്‌ അല്‍ഭുതകരമായ ഒരു കാര്യം തന്നെ.അവരിലെ പ്രധാനികള്‍ (ഇപ്രകാരം പറഞ്ഞുകൊണ്ട്‌)പോയി.നിങ്ങള്‍ മുന്നോട്ട്‌ പോയിക്കൊള്ളുക.നിങ്ങളുടെ ഇലാഹുകളുടെ കാര്യത്തില്‍ നിങ്ങള്‍ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക.തീര്‍ച്ചയായും ഇത്‌ ഉദ്ദേശ്യപൂര്‍വ്വം ചെയ്യപ്പെടുന്ന ഒരു കാര്യം തന്നെയാകുന്നു".(38:5,6)
മുഹമ്മദ്‌ നബി(സ) പല ഇലാഹുകളെ ഒരൊറ്റ ഇലാഹാക്കി എന്ന്‌ ആക്ഷേപിച്ച എതിരാളികള്‍ എന്താണ്‌ ഉദ്ദേശിച്ചത്‌?കിസ്‌റാ,ഖൈസര്‍ എന്നീ ചക്രവര്‍ത്തികളേയും അറേബ്യന്‍ നാടുവാഴികളേയും നിഷ്കാസനം ചെയ്തുകൊണ്ട്‌ അല്ലാഹുവെ മാത്രം ഭരണാധികാരിയായി അദ്ദേഹം വാഴിച്ചു എന്നാണോ?അതല്ല,ലാത്ത,ഉസ്സ,മനാത്ത തുടങ്ങിയ ആരാധ്യരെ തള്ളിപ്പറയുകയും അല്ലാഹുവെ മാത്രം ആരാധ്യനായി പ്രഖ്യാപിക്കുകയും ചെയ്തുവെന്നാണോ?സയ്യിദ്‌ മൗദൂദിയും അനുചരന്മാരും തൗഹീദിനെ രാഷ്ട്രീയമായി വ്യാഖ്യാനിക്കുന്നതിനു മുന്‍പ്‌ ഈ വിഷയത്തില്‍ ആര്‍ക്കും ആശയക്കുഴപ്പമുണ്ടായിരുന്നില്ല.അല്ലാഹുവും റസൂലും(സ)തള്ളിപ്പറഞ്ഞ ഇലാഹുകള്‍ ആരായിരുന്നുവെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌.


"ലാത്തയേയും,ഉസ്സയേയും പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ?വേറെ മൂന്നാമതായുള്ള മനാത്തയെപറ്റിയും(സന്താനമായി )നിങ്ങള്‍ക്കു ആണും അല്ലാഹുവിന്‌ പെണ്ണുമാണെന്നോ?എങ്കില്‍ അത്‌ നീതിയില്ലാത്ത ഒരു ഓഹരിവക്കല്‍ തന്നെ.നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ(ആ ദേവതകള്‍).അവയെപറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കിതന്നിട്ടില്ല.ഊഹത്തേയും മനസ്സുകള്‍ ഇച്ഛിക്കുന്നതിനേയും മാത്രമാണ്‌ അവര്‍ പിന്തുടരുന്നത്‌.അവര്‍ക്ക്‌ തങ്ങളുടെ രക്ഷിതാവിങ്കില്‍ നിന്ന്‌ സന്‍മാര്‍ഗം വന്നിട്ടുണ്ട്‌ താനും."(വി.ഖു 53:19-23)
ബ്രിട്ടീഷ്‌ ഗവണ്‍മെന്‍റിനെ ലാത്തയായും ഇന്ത്യാ ഗവണ്‍മെന്‍റിെ‍ന്‍റ മനാത്തയായും ചിത്രീകരിച്ചുകൊണ്ട്‌ സമീപകാലത്ത്‌ ചിലര്‍ പുസ്തകമെഴുതിയിട്ടുണ്ടെങ്കിലും ലാത്ത,ഉസ്സ,മനാത്ത എന്നിവ അറേബ്യ ഭരിച്ചിരുന്ന രാജാക്കന്മാരുടെ പേരുകളല്ലെന്നും അല്ലാഹുവിെ‍ന്‍റ പെണ്‍മക്കള്‍ എന്ന്‌ വാദിച്ചുകൊണ്ട്‌ അറബികള്‍ പ്രതിഷ്ഠിച്ചിരുന്ന ദേവതാവിഗ്രഹങ്ങളായിരുന്നു അവയെന്നും ഇസ്ലാമിെ‍ന്‍റ ബാലപാഠങ്ങള്‍ പഠിച്ചവര്‍ക്കെല്ലാം അറിയാം.ഉപര്യുക്ത ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും ആ കാര്യം സംശയാതീതമായി തെളിയുകയും ചെയ്യുന്നു.
നൂഹ്‌ നബി(അ)യുടെ ജനതയുടെ ഇലാഹുകള്‍ ആരായിരുന്നുവെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നത്‌ നോക്കുക:"അവര്‍ (പരസ്പരം)പറഞ്ഞു:നിങ്ങള്‍ നിങ്ങളുടെ ഇലാഹുകളെ ഉപേക്ഷിക്കരുത്‌.വദ്ദ്‌,സുവാഅ്‌,യഗൂഥ്‌,യഊഖ്‌,നസ്ര് എന്നിവരെ നിങ്ങള്‍ ഉപേക്ഷിക്കരുത്‌"(വി.ഖു 71:23).ആരാണ്‌ ഈ അഞ്ചു പേര്‍?മരിച്ചുപോയ മഹാന്മാരുടെ പേരില്‍ പ്രതിഷുി‍ക്കപ്പെട്ട ദേവപ്രതിമകളായിരുന്നു ഈ ഇലാഹുകള്‍ എന്നാണ്‌ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ വിശദമാക്കിയിട്ടുള്ളത്‌.നൂഹ്‌ നബി(അ)യുടെ കാലത്ത്‌ നാട്‌ ഭരിച്ചിരുന്ന രാജാക്കന്മാരായിരുന്നു ഈ അഞ്ചുപേരെന്ന്‌ പ്രാമാണികപ പണ്ഡിതരാരും പറഞ്ഞിട്ടില്ല.'ലാഇലാഹ ഇല്ലല്ലാഹു' എന്ന വചനത്തില്‍ നിന്ന്‌ പ്രവാചകന്മാരും പ്രബോധിതരും ഒരുപോലെ മനസിലാക്കിയത്‌ 'അല്ലാഹു ഒഴികെ യാതൊരു ആരാധ്യനും ഇല്ല'എന്നാണെന്നും ഇതില്‍ നിന്നൊക്കെ വ്യക്തമാകുന്നു.


നംറൂദും ഫിര്‍ഔനും
ഇതൊക്കെ പറയുമ്പോള്‍ രാഷ്ട്രീയ തൗഹീദുകാര്‍ ഉന്നയിക്കാറുള്ളത്‌ നംറൂദിനേയും ഫിര്‍ഔനേയും പ്രവാചകന്മാര്‍ എതിര്‍ത്ത കാര്യമാണ്‌.എന്തായിരുന്നു നംറൂദിേ‍ന്‍റയും ഫിര്‍ഔനിേ‍ന്‍റയും അവസ്ഥ?ഏതെങ്കിലും ഒരു ഭൂപ്രദേശത്ത്‌ രാഷ്ട്രീയാധികാരം കയ്യാളുന്നവര്‍ എന്ന നിലപാടില്‍ ഒതുങ്ങി നില്‍ക്കുന്നവരായിരുന്നില്ല അവര്‍.അല്ലാഹുവിന്‌ മാത്രം അവകാശപ്പെട്ട രാജാധിരാജന്‍ എന്ന പദവിയാണ്‌ അവര്‍ സ്വയം അവകാശപ്പെട്ടിരുന്നത്‌.2:258,79:24 എന്നീ വചനങ്ങള്‍ നോക്കുക.ഇബ്രാഹീം നബി(അ)യും മൂസാ നബി(അ)യും ചെയ്തത്‌ ഇവരുടെ രാഷ്ട്രീയാധികാരത്തെ ചോദ്യം ചെയ്യുകയോ അട്ടിമറിക്കാന്‍ ശ്രമിക്കുകയോ അല്ല.സാക്ഷാല്‍ രാജാധിരാജനായ അല്ലാഹുവില്‍ വിശ്വസിക്കാനും അവെ‍ന്‍റ മാര്‍ഗ്ഗദര്‍ശനം സ്വീകരിക്കാനും,ഇവരെ ഉദ്ബോധിപ്പിക്കുക മാത്രമാണ്‌ ആ പ്രവാചകന്മാര്‍ ചെയ്തത്‌.
ഇതോടൊപ്പം മനസ്സിലാക്കേണ്ട മറ്റൊരു സുപ്രധാന കാര്യമുണ്ട്‌.നംറൂദിെ‍ന്‍റ ഭരണനിയമങ്ങള്‍ ഒട്ടൊക്കെ അനുസരിക്കുകയും അയാള്‍ക്ക്‌ നികുതി നല്‍കുകയും ചെയ്തിരുന്ന ഇറാഖുകാരോട്‌ 'നിങ്ങള്‍ ഈ ചെയ്യുന്നത്‌ രാഷ്ട്രീയമായ ശിര്‍ക്കാകുന്നു.നിങ്ങള്‍ ഏകദൈവവിശ്വാസികളാണെങ്കില്‍ ഈ അനുസരണവും നികുതി ദാനവും അവസാനിപ്പിക്കണം' എന്ന്‌ ഇബ്രാഹീം നബി(അ)ആഹ്വാനം ചെയ്തതായി ഖുര്‍ആനിലോ ഹദീസിലോ പറഞ്ഞിട്ടില്ല.ഫിര്‍ഔെ‍ന്‍റ പ്രജകളായ ഈജിപ്തുകാരോട്‌ മൂസാ നബി(അ)യും ഈ രീതിയില്‍ സംസാരിച്ചതായി തെളിഞ്ഞിട്ടില്ല.ഇസ്രയേല്യര്‍ തെ‍ന്‍റ ആരാധകരാകുന്നു എന്ന്‌ ഫിര്‍ഔന്‍ അവകാശവാദമുന്നയിച്ചത്‌ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ സയ്യിദ്‌ മൗദൂദി രാഷ്ട്രീയശിര്‍ക്കിന്‌ തെളിവുണ്ടാക്കിയ കാര്യം ഇവിടെ വിസ്മരിക്കുന്നില്ല.അത്യുന്നതനായ റബ്ബാണ്‌ താനെന്ന്‌ അവകാശപ്പെട്ട ഫിര്‍ഔന്‍ ഇസ്രായേല്യരെ തെ‍ന്‍റ ആരാധകരായി ചിത്രീകരിക്കുക സ്വാഭാവികമാണ്‌.എന്നാല്‍ ഫിര്‍ഔെ‍ന്‍റ ഭരണനിയമങ്ങളെ നിര്‍ബന്ധമായോ,അല്ലാതെയോ അനുസരിച്ചതിെ‍ന്‍റ പേരില്‍ ഇസ്രായേല്യരെ അല്ലാഹു ആക്ഷേപിച്ചിട്ടില്ല.ആ അനുസരണത്തെ ശിര്‍ക്ക്‌ എന്ന്‌ വിശേഷിപ്പിച്ചിട്ടുമില്ല.നബി(സ)യുടെ കാലത്ത്‌ അറേബ്യയിലും അയല്‍പ്രദേശങ്ങളിലും ഒട്ടേറെ ഭരണാധികാരികളുണ്ടായിരുന്നു.അവരെ ഭരണ കാര്യങ്ങളില്‍ അനുസരിച്ച്‌ ജീവിച്ച പ്രജകളുടെ മേല്‍ അല്ലാഹുവോ റസൂലോ രാഷ്ട്രീയ ശിര്‍ക്ക്‌ ആരോപിച്ചിട്ടില്ല.മതപരമായ നിയമനിര്‍മ്മാണത്തിന്‌ ദൈവികമായ അധികാരം അവകാശപ്പെടുന്ന പുരോഹിതന്മാരെ വിശ്വാസപൂര്‍വ്വം അനുസരിക്കുന്നതിനെ ശിര്‍ക്കിെ‍ന്‍റ ഗണത്തില്‍ വിശുദ്ധ ഖുര്‍ആന്‍ (9:31,6:121)ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.ഈ വിഷയത്തില്‍ യഥാര്‍ത്ഥ മുസ്ലിങ്ങള്‍ക്കാര്‍ക്കും തര്‍ക്കമില്ല.ദൈവികമായ ആധികാരികത സ്വയം അവകാശപ്പെടുന്ന പുരോഹിതന്‍ (അയാള്‍ ഏത്‌ മതത്തിെ‍ന്‍റ പേരില്‍ നിലകൊള്ളുന്നവനായാലും) അല്ലാഹു നിഷിദ്ധമാക്കിയത്‌ അനുവദനീയമാക്കുകയോ അല്ലാഹു അനുവദനീയമാക്കിയത്‌ നിഷിദ്ധമാക്കുകയോ ചെയ്തുകൊണ്ട്‌ വിധി പുറപ്പെടുവിച്ചാല്‍ അത്‌ വിശ്വാസപൂര്‍വം അംഗീകരിക്കുന്നത്‌ ശിര്‍ക്കാണെന്ന കാര്യം അനിഷേധ്യമാകുന്നു.എന്നാല്‍ തീവണ്ടിയില്‍ കയറാന്‍ ടിക്കെറ്റെടുക്കണം.കത്തിന്മേല്‍ നിശ്ചിത തുകയുടെ സ്റ്റാമ്പൊട്ടിക്കണം,സ്വത്തുക്കള്‍ക്ക്‌ നിശ്ചിത നികുതി അടക്കണം എന്നീ നിയമങ്ങളില്‍ ഇസ്ലാമികേതര ഭരണകൂടത്തെ അനുസരിക്കുന്നത്‌ ശിര്‍ക്കാണെന്ന തീവ്രവാദത്തോട്‌ സലഫികള്‍ക്ക്‌ യോജിക്കാവുന്നതല്ല.ഈ വിധത്തിലുള്ള അനുസരണത്തെ അല്ലാഹുവോ റസൂലോ(സ) ശിര്‍ക്ക്‌ എന്ന്‌ വിശേഷിപ്പിച്ചിട്ടില്ല എന്നതു തന്നെ കാരണം.'ശബാബ്‌ ' പലതവണ ഈ വിഷയം യാതൊരു സംശയവും അവശേഷിക്കാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്‌.ഒരു ന്യായവും കൂടാതെ സലഫികളുടെ നിലപാടിനെ എതിര്‍ത്തുപോന്ന ജമാഅത്തുകാര്‍ തന്നെ ഒരിക്കല്‍ സമ്മതിച്ചിട്ടുണ്ട്‌;'ഇന്ദിരാഗാന്ധിയുടെ ആരാധകര്‍ പോലും ശിര്‍ക്ക്‌' ചെയ്യുന്നില്ലെന്ന്‌.
"ഇതേപോലെ ഇന്ത്യയിലുള്ള മുസ്ലിങ്ങളാരും ഇന്ദിരാഗാന്ധി അനുവദിക്കുന്നതെന്തും ഹലാലും നിരോധിക്കുന്നതെന്തും ഹറാമുമാണെന്ന്‌ വിശ്വസിക്കുകയോ നിരുപാധികമായ നിയമനിര്‍മ്മാണത്തിനുള്ള അധികാരം അവര്‍ക്ക്‌ വകവെച്ച്‌ കൊടുക്കുകയോ ചെയ്യുന്നില്ല.അവര്‍ നിര്‍മ്മിക്കുന്ന ഏത്‌ നിയമവും ദൈവിക നിയമങ്ങള്‍ പോലെ ശ്വാശ്വതവും അലംഘനീയവുമാണെന്നും കൂറോടും ഭക്തിയോടും കൂടി എക്കാലത്തും മാറ്റമില്ലാതെ അനുസരിക്കെപ്പെടേണ്ടതാണെന്നും ഒരിക്കലും അതില്‍ ഭേദഗതി പാടില്ലെന്നും ഇവിടെയുള്ള അമുസ്ലിങ്ങളെന്നല്ല ഇന്ദിരാഗാന്ധിയുടെ ആരാധകര്‍ പോലും വിശ്വസിക്കുന്നില്ല.അതിനാല്‍ അവരൊന്നും തന്നെ പ്രധാനമന്ത്രിയുടെ നിയമങ്ങള്‍ പാലിക്കുക വഴി അവര്‍ക്ക്‌ ഇബാദത്ത്‌ ചെയ്യുന്നില്ല."(പ്രബോധനം പുസ്തകം 32 ലക്കം 3)


മാറിമറിയുന്ന ശിര്‍ക്ക്‌
ഒന്നുകില്‍ കളരിക്ക്‌ പുറത്ത്‌ അല്ലെങ്കില്‍ കുരിക്കളുടെ നെഞ്ചത്ത്‌ എന്നതാണ്‌ ജമാഅത്തുകാരുടെ അവസ്ഥ.ഒന്നുകില്‍ അവര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആരാധകരെപോലും ശിര്‍ക്കില്‍ നിന്ന്‌ വിമുകതരാക്കും.അല്ലെങ്കില്‍ സര്‍ക്കാറിെ‍ന്‍റ ഏത്‌ നിയമം അനുസരിക്കുന്നതും അല്ലാഹുവിെ‍ന്‍റ അധികാരത്തില്‍ പങ്കുചേര്‍ക്കലാണെന്ന്‌ വാദിച്ചുകളയും.സലഫികളുടെ വീക്ഷണത്തില്‍ ഏത്‌ ഭരണാധികാരിയെ ആരാധിക്കുന്നതും ശിര്‍ക്കാകുന്നു.അല്ലാഹുവിെ‍ന്‍റ വിധിക്കെതിരില്‍ ഏത്‌ ഭരണാധികാരിയെ അനുസരിക്കുന്നതും നിഷിദ്ധാമാകുന്നു.നിര്‍ബന്ധിതാവസ്ഥയിലൊഴികെ.ഈ നിലപാട്‌ മാറുകയോ മറിയുകയോ ചെയ്യില്ല.

രണ്ട്‌,അല്ലാഹുവല്ലാത്ത ആരെയും ആരാധിക്കുകയോ പ്രാര്‍ത്ഥിക്കുകയോ ചെയ്യാന്‍ പാടില്ല എന്ന കാര്യം അനേകം ഖുര്‍ആന്‍ വാക്യങ്ങളില്‍ ഖണ്ഡിതമായി പ്രഖ്യാപിച്ചുട്ടുള്ളതാണ്‌.എന്നാല്‍ അല്ലാഹു അല്ലാത്ത ആരേയും അനുസരിക്കാനേ പാടില്ല എന്നോ അല്ലാഹു അല്ലാത്ത ഒരു ഭരണാധികാരിയേയും ഒരു കാര്യത്തിലും അനുസരിക്കാന്‍ പാടില്ലെന്നോ ഖുര്‍ആനില്‍ അനുശാസിച്ചിട്ടില്ല.വിവിധ ദേശങ്ങളില്‍ നിന്ന്‌ നബി(സ)യുടെ അടുത്ത്‌ വന്ന്‌ ഇസ്ലാം ആശ്ലേഷിച്ചവര്‍ക്ക്‌ ഇസ്ലാമിെ‍ന്‍റ അടിസ്ഥാന അധ്യാപനങ്ങള്‍ അവിടുന്ന്‌ വിവരിച്ച്‌ കൊടുത്ത കൂട്ടത്തില്‍ രാജാക്കന്മാരെ അനുസരിച്ചു പോകരുത്‌ എന്നൊരു നിര്‍ദ്ദേശം കാണുന്നില്ല.അതിനാല്‍ അല്ലാഹുവും റസൂലും(സ)ഖണ്ഡിതമായി പറയാത്തതും ചില ആളുകള്‍ വ്യാഖ്യാനിച്ചുണ്ടാക്കിയതുമാണ്‌ അല്ലാഹുവല്ലാത്ത ഏത്‌ അധികാരിയെ ഏത്‌ കാര്യത്തില്‍ അനുസരിക്കുന്നതും ശിര്‍ക്കാണെന്ന വാദം.എത്ര വലിയവര്‍ പറഞ്ഞതായാലും ഖണ്ഡിതമായ തെളിവിെ‍ന്‍റ അഭാവത്തില്‍ സലഫികള്‍ക്ക്‌ അത്‌ അംഗീകരിക്കാനാവില്ല.
മൂന്ന്‌,സയ്യിദ്‌ മൗദൂദി അദ്ദേഹത്തിെ‍ന്‍റ 'ഖുര്‍ആന്‍ കാ ചാര്‍ ബുന്‍യാദീ ഇസ്തിലാഹേന്‍' എന്ന ഗ്രന്ഥത്തില്‍ അല്ലാഹുവിന്‌ മാത്രം അര്‍ഹതപ്പെട്ട ഇബാദത്തിന്‌ വിശദീകരണം നല്‍കുമ്പോള്‍ ആദ്യമായി പറഞ്ഞത്‌ ആരാധനയും പ്രാര്‍ത്ഥനയും അല്ലാഹുവിനു മാത്രം എന്ന കാര്യമാണ്‌.പിന്നീടാണ്‌ ഭരണാധികാരിയെ അനുസരിക്കുന്നത്‌ സംബന്ധിച്ച അദ്ദേഹത്തിെ‍ന്‍റ സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ചത്‌.എന്നാല്‍ 'വി.കെ' ചെയ്തിരിക്കുന്നത്‌ ഈ മുന്‍ഗണന പോലും മാറ്റിക്കൊണ്ട്‌ തൗഹീദില്‍ ഏറ്റവും പ്രധാനമായ ആരാധനയേയും പ്രാര്‍ത്ഥനയേയും പിന്നാക്കം തള്ളുകയാണ്‌.സലഫികള്‍ ഊന്നിപ്പറയുന്ന തൗഹീദ്‌ തത്ത്വത്തെ കളരിക്ക്‌ പുറത്താക്കാനുള്ള തത്രപ്പാടില്‍ സ്വന്തം ആചാര്യന്‍ അംഗീകരിച്ച മുന്‍ഗണനാക്രമത്തെപ്പോലും അദ്ദേഹം അവഗണിച്ചിരിക്കുന്നു.


ഏതോ ഈജിപ്തുകാരന്‍
അത്തം ആത്മീയ മേഖലയിലേക്ക്‌ മാത്രമുള്ളതാണെന്നും സാമ്പത്തിക,രാഷ്ട്രീയ,സാമൂഹിക രംഗങ്ങളിലെ ഇസ്ലാമിക നിയമങ്ങള്‍ പരിഗണിക്കേണ്ടതില്ലെന്നും വാദിക്കുന്ന മുസ്ലിം സംഘടനകളൊന്നും ഇന്ത്യയില്‍ ഇല്ലെന്നാണ്‌ ഈ ലേഖകെ‍ന്‍റ അറിവ്‌.
ഇനി ഏതെങ്കിലും നിഷേധി പ്രസ്ഥാനങ്ങളുണ്ടെങ്കില്‍ അവര്‍ക്ക്‌ പ്രചാരമുണ്ടാക്കിക്കൊടുക്കേണ്ട ആവശ്യമില്ല.ഈജിപ്തില്‍ അത്തരം ഏതെങ്കിലും സംഘടന ഒരു പക്ഷേ ഉണ്ടായിരിക്കും.അതിന്‌ കേരളത്തില്‍ സലഫികള്‍ എന്തു പിഴച്ചു?സലഫികളെ തേജോവധം ചെയ്യാന്‍ ജമാഅത്തുകാര്‍ എഴുതുന്ന പല കുറിപ്പുകളിലും ഈജിപ്തിലെ ഏതോ ഒരു അലി അബ്ദുറാസിഖ്‌ എന്ന മനുഷ്യനെ വലിച്ചിഴച്ചുകൊണ്ടു വരാറുണ്ട്‌.ഇയാളുടെ ലേഖനങ്ങള്‍ സലഫികള്‍ പ്രസംഗങ്ങളിലോ ക്ലാസുകളിലോ ലേഖനങ്ങളിലോ ഉദ്ധരിക്കുകയോ പഠിപ്പിക്കുകയോ ചെയ്യാറില്ല.ഇങ്ങനെയൊരു വിദ്വാെ‍ന്‍റ പേരുപോലും കേരളത്തിലെ സലഫികളില്‍ മഹാഭൂരിപക്ഷത്തിനും അറിയില്ല.എന്നിട്ടും അയാളുടെ അനുയായികളാണ്‌ കേരളത്തിലെ സലഫികള്‍ എന്ന്‌ വരുത്തിത്തീര്‍ക്കാനുള്ള 'പ്രബോധനം' ലേഖകെ‍ന്‍റ ശ്രമത്തെ തനി നീചത്വം എന്ന്‌ വിശേഷിപ്പിക്കാതിരിക്കാന്‍ പറ്റില്ല.
"രാഷ്ട്രീയ മേഖലയും സാമ്പത്തിക മേഖലയും ദൈവിക നിയമങ്ങള്‍ക്ക്‌ പ്രവേശനമില്ലാത്ത ദുന്‍യാ കാര്യങ്ങളായി.ദൗര്‍ഭാഗ്യവശാല്‍ കേരളത്തിലെ സലഫി വൃത്തങ്ങളിലും വികലമായ ഈ വീക്ഷണത്തിനാണ്‌ സ്വാധീനം ലഭിച്ചിട്ടുള്ളത്‌"എന്ന ലേഖകെ‍ന്‍റ കണ്ടുപിടുത്തവും അന്ധമായ സലഫീ വിരോധത്തിെ‍ന്‍റ ഉപോല്‍പന്നം മാത്രമാണ്‌.അല്ലാഹുവിെ‍ന്‍റ വിധിവിലക്കുകള്‍ ഏത്‌ വിഷയകമാണെങ്കിലും കലവറയില്ലാതെ അനുസരിച്ചേതീരൂ എന്ന്‌ പ്രബോധനം ചെയ്യുന്ന സലഫികള്‍ രാഷ്ട്രീയവും സാമ്പത്തികവും ഉള്‍പ്പടെ യാതൊരു മേഖലയും ഒരിക്കലും ദൈവിക നിയമങ്ങള്‍ക്കതീതമായി ഗണിച്ചിട്ടില്ല.നമസ്കാരം അല്ലാഹുവും റസൂലും(സ) നിര്‍ദേശിച്ച രൂപത്തില്‍ തന്നെ നിര്‍വഹിക്കണം.എന്നാല്‍ കച്ചവടം അല്ലാഹുവും റസൂലും നിരോധിച്ചതല്ലാത്ത ഏത്‌ രീതിയിലും നടത്താം.ഒരു മതാനുഷുാ‍നവും ഒരു ദുന്‍യാ കാര്യവും തമ്മില്‍ ഈ വ്യത്യാസം മാത്രമേ സലഫികള്‍ കാണുന്നുള്ളൂ.ജമാഅത്തുകാര്‍ മുമ്പ്‌ പോളിസി പ്രോഗ്രാമിെ‍ന്‍റ പേരില്‍ ഫാസിസ്റ്റുകളെ മാലയിട്ടു സ്വീകരിച്ചതു പോലെയോ ഇപ്പോള്‍ കമ്മ്യൂണിസത്തിെ‍ന്‍റ തിന്മയെ ലഘൂകരിച്ചു കാണിക്കുന്നതുപോലെയോ ഉള്ള രാഷ്ട്രീയ ആശ്ലേഷങ്ങള്‍ക്കു പോലും ഒരിക്കലും മുതിര്‍ന്നിട്ടില്ലാത്ത സലഫികളെ ദൈവികവിധികളുടെ കാര്യത്തില്‍ സൂക്ഷ്മത പുലര്‍ത്തേണ്ടത്‌ എങ്ങനെയെന്ന്‌ 'വി.കെ' പഠിപ്പിക്കേണ്ടതില്ല.


സലഫി ഉദ്ധരണികള്‍
കേരളത്തിലെ സലഫികള്‍ ഇബ്നുഅബ്ദില്‍ വഹാബ്‌ മുതല്‍ അഹ്മദ്ബ്നുഹജര്‍ വരെയുള്ള സലഫി പണ്ഡിതന്മാരുടെയൊക്കെ നിലപാടിന്‌ വിപരീതമായി നിലകൊള്ളുന്നവരാണെന്ന്‌ സമര്‍ഥിക്കാന്‍ വേണ്ടി ലേഖകന്‍ ചില ഉദ്ധരണികള്‍ നല്‍കിയിട്ടുണ്ട്‌.'മജ്മൂഅത്തുത്തൗഹീദില്‍'പറഞ്ഞതു പോലെ അല്ലാഹു അനുവദിച്ചത്‌ നിഷിദ്ധമാക്കുകയോ അല്ലാഹു നിഷിദ്ധമാക്കിയത്‌ അനുവദനീയമാക്കുകയോ ചെയ്ത ആരുടെ നടപടിയും സലഫികള്‍ ഒരിക്കലും അംഗീകരിക്കുകയോ അനുസരിക്കുകയോ ചെയ്തിട്ടില്ല.പിന്നെ എന്തിനാണ്‌ ഇബ്നുഅബ്ദില്‍ വഹാബിെ‍ന്‍റ ആ വാക്കുകള്‍ ഉദ്ധരിച്ചത്‌? അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച്‌ ഭരിക്കേണ്ടതില്ലെന്നും ഇഷ്ടം പോലെ ഭരിക്കുന്നതില്‍ തെറ്റില്ലെന്നും കരുതുന്ന ഭരണാധികാരിയുടെ നിലപാട്‌ കുഫ്ര്(മതനിഷേധം) ആണെന്ന കാര്യത്തില്‍ സലഫികള്‍ക്കാര്‍ക്കും സംശയമില്ല.ശരീഅത്ത്‌ വിധികള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തവരെ സംബന്ധിച്ച്‌ ശൈഖ്‌ അഹ്മദുബ്നു ഹജര്‍ പറഞ്ഞതുമായി കേരളത്തിലെ സലഫികള്‍ക്ക്‌ ഒട്ടും വിയോജിപ്പില്ല.സ്വയം നിര്‍ണയാവകാശമുള്ള ഒരു മുസ്ലിം സമൂഹത്തിന്‌ ഇസ്ലാമിക ഭരണക്രമവും മുസ്ലിം ഭരണാധികാരിയും ഉണ്ടായിരിക്കേണ്ടത്‌ നിര്‍ബന്ധമാണെന്ന കാര്യത്തിലും കേരളത്തിലെ സലഫികള്‍ ഒരിക്കലും എതിരഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല.എന്നാല്‍ ഒരു ഇസ്ലാമികേതര ഭരണകൂടത്തിനു കീഴില്‍ കഴിവിെ‍ന്‍റ പരമാവധി ഇസ്ലാമിക വിശ്വാസവും വിധിവിലക്കുകളും പാലിച്ചുകൊണ്ട്‌ ജീവിക്കുന്ന യഥാര്‍ത്ഥ മുസ്ലിങ്ങള്‍ രാഷ്ട്രീയ ശിര്‍ക്കില്‍ അകപ്പെട്ടിരിക്കുന്നുവെന്നോ അവരെ യഥാര്‍ത്ഥ ദൈവവിശ്വാസികളായി ഗണിക്കാവതല്ലെന്നോ ഒരു സലഫി പണ്ഡിതനും പറഞ്ഞിട്ടില്ല.യഥര്‍ത്ഥ മുസ്ലിങ്ങളെ അടിസ്ഥാനരഹിതമായി രാഷ്ട്രീയ മുശ്‌രിക്കുകളായി ചിത്രീകരിക്കുന്ന നിലപാട്‌ ജമാഅത്തുകാരും സമാന മനസ്കരും മാത്രമാണ്‌ സ്വീകരിച്ചിട്ടുള്ളത്‌.അല്ലാഹുവോടും നിര്‍പരാധരായ സത്യവിശ്വാസികളോടും ആത്മാര്‍ഥത പുലര്‍ത്തേണ്ടത്‌ അനിവാര്യമായതിനാല്‍ സലഫികള്‍ക്ക്‌ ആ നിലപാട്‌ ഒരിക്കലും സ്വീകരിക്കാനാവില്ല.സലഫികളെ കളരിക്ക്‌ പുറത്താക്കാന്‍ ആരൊക്കെ ഒരുമ്പെട്ട്‌ ഇറങ്ങിയാലും ശരി.
click here to download pdf version.
സലഫികളുടെ തൌഹീദും രാഷ്‌ട്രീയ ശിര്‍ക്കും.-------------------------------
Related posts


No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.