03 August 2009

രണ്ട് പതിറ്റാണ്ട് പിന്നിട്ട മുബാഹല

രണ്ട് പതിറ്റാണ്ട് പിന്നിട്ട മുബാഹല
SHABAB Weekly Friday, 31 July 2009




ഖാദിയാനികളും മുസ്ളിംകളും തമ്മില്‍ കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ നടന്ന ചരിത്രപ്രസിദ്ധമായ 'മുബാഹല' രണ്ടു പതിറ്റാണ്ട് പിന്നിട്ടു. ആ മുബാഹലയ്ക്കു ശേഷം എന്തു സംഭവിച്ചു? 'മുബാഹല'യുടെ സംഘാടകര്‍ എന്തുപറയുന്നു?


എ ആര്‍ കൊടിയത്തൂര്‍

1989 മെയ് 28 ഞായറാഴ്ച കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ ഒരു ചരിത്രസംഭവം നടന്നു. മുസ്ളിംകളും ഖാദിയാനികളും തമ്മിലുള്ള മുബാഹല. പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി നടന്ന ആ മുബാഹല ഇരുപത് വര്‍ഷം പിന്നിട്ടു.

മുബാഹല

മുബാഹലയെ പറ്റി വിശുദ്ധ ഖുര്‍ആനില്‍ പ്രതിപാദ്യമുണ്ട്. അതിന്റെ പശ്ചാത്തലം ഇപ്രകാരമാണ്: ഒരിക്കല്‍ നജ്റാനില്‍ നിന്നുള്ള ക്രൈസ്തവ സംഘം പ്രവാചകനെ(സ) സന്ദര്‍ശിച്ചു. ക്രൈസ്തവ പുരോഹിത സംഘവുമായി നബി(സ) ഏറെ നേരം സംസാരിക്കുകയും അല്ലാഹുവിന്റെ ഏകത്വത്തിനും പ്രവാചകത്വത്തിനുമുള്ള തെളിവുകള്‍ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ അത് സ്വീകരിക്കാന്‍ തയ്യാറായില്ല. ഈ സന്ദര്‍ഭത്തില്‍ വിശുദ്ധ വചനം അവതീര്‍ണമായി: "ഇനി നിനക്ക് അറിവ് വന്നുകിട്ടിയതിനു ശേഷം അദ്ദേഹത്തിന്റെ (ഈസായുടെ) കാര്യത്തില്‍ നിന്നോട് ആരെങ്കിലും തര്‍ക്കിക്കുകയാണെങ്കില്‍ നീ പറയുക: നിങ്ങള്‍ വരൂ, ഞങ്ങളുടെ മക്കളെയും നിങ്ങളുടെ മക്കളെയും ഞങ്ങളുടെ സ്ത്രീകളെയും നിങ്ങളുടെ സ്ത്രീകളെയും നമുക്ക് വിളിച്ചുകൂട്ടാം. ഞങ്ങളും നിങ്ങളും (കൂടുകയും ചെയ്യാം). എന്നിട്ട് കള്ളം പറയുന്ന കക്ഷിയുടെ മേല്‍ അല്ലാഹുവിന്റെ ശാപമുണ്ടായിരിക്കാന്‍ നമുക്ക് ഉള്ളഴിഞ്ഞ് പ്രാര്‍ഥിക്കാം'' (ആലുഇംറാന്‍ 61). ക്രിസ്ത്യന്‍ സംഘം മുബാഹലക്ക് തയ്യാറാവാതെ സ്ഥലം വിടുകയാണുണ്ടായത്. പിന്നീട് ഇസ്ളാമിക ചരിത്രത്തില്‍ മുബാഹല നടന്നതായി അറിവില്ല.

ഖാദിയാനികളും മുബാഹലയും

എന്നാല്‍ ഖാദിയാനീ പ്രവാചകന്‍ മീര്‍സാ സാഹിബ് മുബാഹലക്ക് വെല്ലുവിളിക്കുക പതിവാക്കിയിരുന്നു. അങ്ങനെയാണ് അബ്ദുല്‍ഹഖ് ഗസ്നവിയെ മീര്‍സാ സാഹിബ് മുബാഹലക്ക് വെല്ലുവിളിച്ചത്. 1893 മെയ് 27ന് മുബാഹല നടന്നു. ഗസ്നവിക്കു ഒന്നും സംഭവിച്ചില്ല. ഗസ്നവിക്കു മുമ്പു തന്നെ മീര്‍സാ സാഹിബ് മരിച്ചു (1908 മെയ് 26ന്). ഗസ്നവി 1917 മെയ് 16 വരെ ജീവിച്ചിരുന്നു.

കൊടിയത്തൂര്‍ മുബാഹലക്കുള്ള സാഹചര്യം ഇപ്രകാരമായിരുന്നു: 1988 ജൂണ്‍ 10ന് ലണ്ടനിലെ ഖാദിയാനി പള്ളിയില്‍ ജുമുഅ പ്രഭാഷണം നടത്തിക്കൊണ്ട് ഖാദിയാനി ഖലീഫ മീര്‍സാ താഹിര്‍ അഹ്മദ് ലോക മുസ്ളിംകളെ മുബാഹലക്കു വെല്ലുവിളിച്ചു. മുസ്ളിം ലോകത്തിനെതിരെ നടത്തിയ വെല്ലുവിളിക്ക് വന്‍ പ്രചാരണം നല്കുന്നതിന്റെ ഭാഗമായി ലോകത്തുടനീളം ലഘുലേഖകള്‍ വിതരണം ചെയ്തു. കേരളത്തില്‍ ഇതു സംബന്ധിച്ച ലഘുലേഖയുടെ രണ്ടു ലക്ഷത്തിലേറെ കോപ്പികള്‍ വിതരണം ചെയ്യപ്പെട്ട ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ അന്‍ജുമന്‍ ഇശാഅത്തെ ഇസ്ലാം മുബാഹലാ വെല്ലുവിളി സ്വീകരിച്ചു. മുബാഹല നടത്താന്‍ കേരളത്തിലെ അഹ്മദികള്‍ക്ക് അവരുടെ ഖലീഫ അനുവാദം നല്കി. ഓരോ വിഭാഗത്തിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 40 പേര്‍ വീതം പങ്കെടുത്തു.

മീര്‍സാ ഗുലാം അഹ്മദ് ഖാദിയാനി നബിയോ റസൂലോ അല്ലെന്നും മുഹമ്മദ് നബി(സ)ക്ക് ശേഷം യാതൊരു പ്രവാചകത്വവുമില്ലെന്നും ഖാദിയാനിയുടെ വഹ്യ് വാദം കള്ളമാണെന്നും അദ്ദേഹത്തെ നിഷേധിച്ചവര്‍ കാഫിറുകളല്ലെന്നുമുള്ള വിശ്വാസം പ്രഖ്യാപിച്ചുകൊണ്ട് 'ഇത് കളവാണെങ്കില്‍ നിന്റെ ശാപം ഞങ്ങളില്‍ വര്‍ഷിക്കുമാറാകട്ടെ -മറിച്ച് സത്യമാണെങ്കില്‍ അനുഗ്രഹങ്ങള്‍ ചൊരിയുകയും ദൃഷ്ടാന്തങ്ങള്‍ ഇറക്കുകയും ചെയ്യേണമേ' എന്ന് മുസ്ളിം വിഭാഗം പ്രാര്‍ഥിച്ചു.

മീര്‍സാ ഗുലാം അഹ്മദ് ഖാദിയാനി മഹ്ദിയും മസീഹും ശരീഅത്തില്ലാത്ത ഉമ്മത്തീ നബിയും റസൂലുമാണെന്നും അദ്ദേഹം സമര്‍പ്പിച്ച ഇല്‍ഹാമുകളും വഹ്യുകളും അല്ലാഹുവില്‍ നിന്നാണെന്നും അദ്ദേഹത്തെ നിഷേധിച്ചവര്‍ക്ക് ശിക്ഷയുണ്ടാവുന്നതാണെന്നുമുള്ള വിശ്വാസം പ്രഖ്യാപിച്ചുകൊണ്ട് ഇത് കളവാണെങ്കില്‍ കഠോര ശിക്ഷ ഇറങ്ങണമേയെന്നും സത്യമാണെങ്കില്‍ അനുഗ്രഹം ചൊരിയുകയും ദൃഷ്ടാന്തങ്ങള്‍ ഇറക്കുകയും ചെയ്യേണമേ എന്നും ഖാദിയാനി വിഭാഗവും പ്രാര്‍ഥിച്ചു.

പ്രാര്‍ഥനാവാക്യം ചൊല്ലിക്കൊടുക്കുമ്പോള്‍ തന്നെ ഖാദിയാനികളുടെ നേതാവിന് സ്വന്തം വിശ്വാസത്തിനെതിരായി സത്യം പറയാന്‍ അല്ലാഹു അവസരമൊരുക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞതിപ്രകാരമായിരുന്നു: "അദ്ദേഹം സമര്‍പ്പിച്ച വഹ്യുകളും ഇല്‍ഹാമുകളും അദ്ദേഹത്തില്‍ നിന്നുള്ളതാണെന്നും (വിശ്വസിക്കുന്നു).''

മുബാഹലക്കു ശേഷം

മുബാഹലയുടെ ഫലം മുസ്ളിംകള്‍ക്കെതിരായിരിക്കുമെന്നായിരുന്നു ഖാദിയാനികളുടെ പ്രചാരണം. എന്നാല്‍ യാതൊന്നും സംഭവിച്ചില്ല. സംഭവിച്ചത് മറിച്ചായിരുന്നു. പലരും ഖാദിയാനിസം ഉപേക്ഷിച്ചു. കൊടിയത്തൂരിലും ചിലര്‍ ഖാദിയാനിസം വിട്ടു. മുബാഹലയുടെ ഫലം കാത്ത് നിരാശനായി ഖാദിയാനിസം ഉപേക്ഷിച്ച പ്രമുഖ വ്യക്തിയാണ് ഹസന്‍ മഹ്മൂദ് ഔദ. ലണ്ടനിലെ അഹ്മദിയ്യാ മുസ്ലിം ഫോറിന്‍ മിഷ്യന്റെ അറബിക് വിഭാഗം തലവനും അത്തഖ്വാ അറബി പത്രത്തിന്റെ എഡിറ്ററുമായിരുന്നു ഹസന്‍ മഹ്മൂദ് ഔദ. അദ്ദേഹത്തോടൊപ്പം ഇരുപത് പേരും ഖാദിയാനിസത്തോട് സലാം ചൊല്ലി ഇസ്ളാമിന്റെ പാത പിന്തുടര്‍ന്നു. മുബാഹലയില്‍ പ്രാര്‍ഥന നടത്തിയ മുസ്ളിം വിഭാഗത്തിലെ മുഴുവന്‍ പേരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നത് എടുത്തുപറയേണ്ടതാണ്.

ഖലീഫയെ പ്രതിനിധീകരിച്ച് വെല്ലുവിളി നടത്തിയ സംസ്ഥാന അമീര്‍ സിദ്ദീഖ് അമീറലി ഒരു മാസത്തിനകം പരലോകം പൂകിയതിനാല്‍ ആക്ടിംഗ് അമീറായി മുബാഹലക്ക് നേതൃത്വം നല്കിയത് ഡോ. മന്‍സൂര്‍ അഹ്മദായിരുന്നു. അദ്ദേഹവും പ്രാര്‍ഥന ചൊല്ലിക്കൊടുത്ത ചീഫ് മിഷ്യനറി മൌലവി അബുല്‍വഫയും മുബാഹല ചര്‍ച്ചയുടെ സാരഥിയും സത്യദൂതന്‍ മാസികയുടെ ചീഫ് എഡിറ്ററുമായ എന്‍ അബ്ദുര്‍റഹീമും അല്ലാഹുവിന്റെ വിധി എറ്റുവാങ്ങി. പലരും പ്രവര്‍ത്തനശേഷി നഷ്ടപ്പെട്ട് ശയ്യാവലംബികളാണിന്ന്.

മുബാഹലയില്‍ മുസ്ലിംവിഭാഗത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തവരില്‍ ഉള്‍പ്പെട്ട കാക്കിരി അബ്ദുല്ല സാഹിബ് പറയുന്നു: "മുസ്ളിംകളുടെ ഭാഗത്തുനിന്നും മുബാഹലയില്‍ പങ്കെടുത്ത 40 ആളുകളും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നതാണ് ഏറ്റവും വലിയ ദൃഷ്ടാന്തം. മറുഭാഗത്തു നിന്നും മുബാഹലക്കു നേതൃത്വംനല്കിയ ആള്‍ വരെ മരിച്ചു. മുബാഹലക്ക് വെല്ലുവിളിച്ചപ്പോള്‍ ഖാദിയാനികള്‍ പ്രഖ്യാപിച്ചത് അസത്യ വാദികള്‍ തീര്‍ത്തും നശിക്കുമെന്നാണ്. മറ്റൊരു പ്രധാന കാര്യം ഖാദിയാനീ ഖലീഫ വഹ്യ് ലഭിച്ചതു മൂലമാണ് വെല്ലുവിളിച്ചത് എന്നാണ് പറയുന്നത്. അങ്ങനെയാണെങ്കില്‍ പറഞ്ഞതുപോലെ നടക്കണം. അത് നടന്നില്ലല്ലോ!''

അഞ്ജുമന്‍ ഇശാഅത്തെ ഇസ്ലാം ജന. സെക്രട്ടറി പി പി അബ്ദുര്റഹ്മാന്‍ മാസ്ററുടെ പ്രതികരണം ഇപ്രകാരമാണ്: "കൊടിയത്തൂരിലും പരിസര പ്രദേശങ്ങളിലും മുമ്പ് കുറേ പേര്‍ ഖാദിയാനിസം സ്വീകരിച്ചിരുന്നു. എന്നാല്‍ അഞ്ജുമാന്‍ ഇശാഅത്തെ ഇസ്ളാമിയുടെ രംഗപ്രവേശത്തോടെ ഖാദിയാനിസം സ്വീകരിക്കാന്‍ പലര്‍ക്കും ജാള്യതയുണ്ടായി. മുബാഹലക്കു ശേഷം ഖാദിയാനിസത്തിലേക്ക് ഒരൊറ്റ കുട്ടിയും ചേക്കാറാത്ത അവസ്ഥയുമുണ്ടായി. രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം തിരിഞ്ഞുനോക്കുമ്പോള്‍, ആശയതലത്തിലും അംഗബലത്തിലും അധോഗതിയുടെയും പൂര്‍ണ പരാജയത്തിന്റെയും കാലങ്ങളാണ് ഖാദിയാനികള്‍ക്ക് കഴിഞ്ഞുപോയതെന്ന് കാണാന്‍ കഴിയും.''

ചുരുക്കത്തില്‍ ഖാദിയാനികളുടെ തളര്‍ച്ചക്കാണ് മുബാഹല വഴിതെളിച്ചതെന്ന് കാലം തെളിയിച്ചിരിക്കുന്നു.

3 comments:

  1. കള്ളം പറയുന്നവരുടെ മേൽ ശാപമുണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ച അഞ്ചുമൻ ഇഷാഅത്ത് ഇസ്ലാം എന്ന സംഘടനയുടെ പ്രസിഡന്റായ കാക്കിരി അബ്ദുള്ള സാഹിബ്‌ തന്നെയല്ലേ, തന്റെ സംഘടനയെ പറ്റി കൊല്ലാൻ കൽപ്പിക്കപ്പെട്ടവർ, ഇസ്ലാമിന്റെ താല്പര്യത്തിന് വിരുദ്ധമായുള്ളവർ, അനിസ്ലാമികമായ ഹറാമി സംഘടന എന്നെല്ലാം വിശേഷിപ്പിച്ചത്?

    ReplyDelete

"Comment moderation" is off in this blog.If it is not displayed, could have gone to spam.