19 March 2013

പിളര്‍ന്നുതീരുന്ന മുജാഹിദ്‌ പ്രസ്ഥാനം - സമകാലികം - മലയാളം വാരിക - 22 മാര്‍ച്ച്‌ 2013


http://malayalamvaarika.com/inside.asp
പെരുകിവരുന്ന അഭിപ്രായവ്യത്യാസങ്ങളും പക്വതയില്ലാത്ത നേതൃത്വവും നിമിത്തം കേരളീയ മുസ്‌ളിംകള്‍ക്കിടയില്‍ നവോത്ഥാന ചിന്തയുമായി കടന്നുവന്ന പ്രസ്ഥാനം തകര്‍ച്ചയെ നേരിടുകയാണ്‌
പിളര്‍ന്നുതീരുന്ന മുജാഹിദ്‌ പ്രസ്ഥാനം
എ.വി. ഫിര്‍ദൌസ്‌
സമകാലികം  - മലയാളം വാരിക
22 മാര്‍ച്ച്‌ 2013
-------------------------------------------


---------------------------------------------

1921–ലെ മലബാര്‍ ലഹള കേരളീയ മുസ്‌ളിം സമൂഹത്തില്‍ അടിസ്ഥാനപരമായ പല മാറ്റങ്ങളുടെയും പശ്ചാത്തലമൊരുക്കുന്നതില്‍ ചരിത്രപരമായ വലിയ പങ്കുവഹിച്ചിട്ടുണ്ട്‌. ബ്രിട്ടീഷ്‌ അനുകൂലികളായ ജന്മിമാര്‍ക്കും നാട്ടുപ്രമാണിമാര്‍ക്കും കര്‍ഷക കുബേരന്മാര്‍ക്കും അതുവഴി ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനുമെതിരായിട്ടാണ്‌ മലബാര്‍ ലഹളയുടെ സംഘര്‍ഷങ്ങള്‍ നീങ്ങിയത്‌. മുസ്‌ളിം മതനേതാക്കന്മാരുടെയും വാരിയന്‍കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി, തിരൂരങ്ങാടി ആലിമുസ്‌ള്യാര്‍ തുടങ്ങിയവരുടെയും പ്രേരണയാല്‍ പോരാട്ടരംഗത്തിറങ്ങിയ മലബാറിലെ, വിശേഷിച്ച്‌ തിരൂരങ്ങാടി, മലപ്പുറം മേഖലകളിലെ മുസ്‌ളിം പോരാളികള്‍ വ്യക്തവും ബുദ്ധിപരവുമായ ആസൂത്രണത്തോടെ സമരരംഗത്തിറങ്ങിയവരായിരുന്നില്ല. ലഹള അടിച്ചമര്‍ത്തപ്പെടുകയും മലബാറിലെ മുസ്‌ളിം സമൂഹം അതിന്‌ വലിയ വില നല്‍കേണ്ടിവരികയും ചെയ്‌തു. നിരവധി കുടുംബങ്ങള്‍ അനാഥമാകുകയും സ്ര്‌തീകളും കുട്ടികളും തെരുവാധാരമായിത്തീരുകയും ചെയ്‌തു.

പൊതുവില്‍ വിദ്യാഭ്യാസം കുറഞ്ഞവരും നിരക്ഷരരും അതോടൊപ്പം ദരിദ്രരുമായിരുന്ന വലിയൊരു വിഭാഗം മലബാര്‍ മുസ്‌ളിംകളുടെ സ്ഥിതിഗതികള്‍ ദയനീയതയില്‍നിന്ന്‌ ദയനീയതയിലേയ്ക്ക്‌ കൂപ്പുകുത്തുന്ന കാഴ്‌ചയാണ്‌ മലബാര്‍ ലഹളക്കുശേഷം കണ്ടത്‌. ഈ ദാരുണമായ കാഴ്‌ചകള്‍ മുസ്‌ളിം സമുദായത്തിലെ ഒട്ടനവധി പേരെ ചിന്താകുലരാക്കുകയും സമുദായത്തിനു പുരോഗതിയും വികാസവും ലഭ്യമാക്കുവാന്‍ എന്താണു വഴിയെന്ന്‌ അവര്‍ ആലോചിച്ചുതുടങ്ങുകയും ചെയ്‌തു. മുസ്‌ളിംകള്‍ക്കിടയില്‍ സമൂലവും അടിസ്ഥാനപരവുമായ മാറ്റങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്നും വിദ്യാഭ്യാസവും പുരോഗമന ജീവിത വീക്ഷണങ്ങളും നേടി മുസ്‌ളിംകള്‍ മുന്നോട്ടുവരേണ്ടതുണ്ട്‌ എന്നും മലബാര്‍ മുസ്‌ളിംകള്‍ക്കിടയില്‍ നിന്നുതന്നെയും ശക്തമായ ചില ചിന്തകള്‍ ഉയര്‍ന്നുവന്നു. നൂറ്റാണ്ടുകളായി മുസ്‌ളിം ജീവിതത്തില്‍ ആധിപത്യമുറപ്പിച്ചു വന്നിരുന്ന സങ്കുചിതവും പരിമിതവുമായ മതബോധവും. ജീവിതത്തില്‍ ഭൌതിക പുരോഗതി പ്രാപിക്കുന്നതിനെതിരായ കുടുസ്‌സു ചിന്ത-ളും പരിണമിക്കേണ്ടതുണ്ടെന്നും. മുസ്‌ളിം സമൂഹത്തെ ഇത്തരം പരിതാപകരമായ സാഹചര്യങ്ങളില്‍ തളച്ചിടുന്ന പൌരോഹിത്യ–മുല്ലായിസ സമ്പ്രദായങ്ങള്‍ മാറേണ്ടതുണ്ട്‌ എന്നും. മതപണ്ഡിതന്മാരാല്‍ ഒരു പരിധിവരെ മുസ്‌ളിം സമുദായം തെറ്റായ ദിശയില്‍ നയിക്കപ്പെടുന്നുണ്ടെന്നും ചിന്തിക്കുന്നവരുടെ എണ്‌ണം മലബാറില്‍ വര്‍ധിച്ചു.

മുസ്‌ളിം ഐക്യസംഘത്തിന്റെ പിറവി
മലബാര്‍ ലഹള പൊട്ടിപ്പുറപ്പെടുന്നതിനും മുന്‍പുതന്നെ മുസ്‌ളിംകള്‍ക്കിടയിലെ ശോചനീയാവസ്ഥകളെയും അത്തരം ശോചനീയാവസ്ഥകളില്‍ മതപൌരോഹിത്യത്തിന്റെ തെറ്റായ മാര്‍ഗദര്‍ശനങ്ങള്‍ക്കുള്ള പങ്കാളിത്തത്തെയും കുറിച്ച്‌ കാര്യഗൌരവത്തോടെ ചിന്തിച്ചിരുന്ന കെ.എം. മൌലവിയെപ്പോലെ ചിലരുണ്ടായിരുന്നു. വിരലിലെണ്‌ണാവുന്ന ഇത്തരം ഭിന്ന ചിന്താഗതിക്കാരായ മതപണ്ഡിതന്മാര്‍ മലബാര്‍ ലഹളയില്‍നിന്ന്‌ വിട്ടുനില്‍ക്കുകയും ലഹള പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മലബാര്‍ വിട്ടുപോകുകയും ചെയ്‌തു. ഇവരില്‍ ചിലര്‍ കേരളത്തിന്‌ വെളിയില്‍ തമിഴ്‌നാട്‌, ആന്‌ധ്ര സംസ്ഥാനങ്ങളിലേയ്ക്ക്‌ പോയപ്പോള്‍ കെ.എം. മൌലവി മലബാറില്‍ നിന്ന്‌ അന്നത്തെ തിരുക്കൊച്ചി സംസ്ഥാന ഭാഗങ്ങളിലേക്കാണ്‌ യാത്രചെയ്‌തത്‌.
കൊച്ചിയുടെ ഭാഗമായിരുന്ന കൊടുങ്ങല്ലൂരില്‍ കെ.എം. മൌലവിക്ക്‌ ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. പുരോഗമനവാദികളും ഉല്‌പതിഷ്‌ണുക്കളും ആധുനിക വിദ്യാഭ്യാസത്തില്‍ തല്‌പരരുമായിരുന്നു കെ.എം. മൌലവിയുടെ അത്തരം സുഹൃത്തുക്കള്‍. മൌലവി അവരുമായി കൂടിയാലോചിക്കുകയും മുസ്‌ളിംകളില്‍ മാറ്റത്തിനുള്ള മാര്‍ഗങ്ങളെന്തെല്ലാമെന്ന്‌ ചര്‍ച്ച ചെയ്യുകയുമുണ്ടായി. തിരുവിതാംകൂറില്‍ വക്കം മൌലവിയെപ്പോലെ പലരും ഇത്തരം ചിന്തകളില്‍ കെ.എം. മൌലവിയുമായി സഹകരിക്കുകയും ചെയ്‌തു. ഇത്തരം ആലോചനകളില്‍നിന്നാണ്‌ കേരള മുസ്‌ളിം ഐക്യസംഘം എന്ന കേരളത്തിലെ ആദ്യത്തെ മുസ്‌ളിം പുരോഗമന കൂട്ടായ്‌മ ഉരുത്തിരിഞ്ഞുവന്നത്‌. മലബാറിലെ മുസ്‌ളിം പൌരോഹിത്യം സമുദായത്തില്‍ സൃഷ്‌ടിച്ചുവെച്ചിട്ടുള്ള അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കി മുസ്‌ളിംകളെ പ്രബുദ്ധതയിലേയ്ക്കും നവോത്ഥാനത്തിലേക്കും നയിക്കുക എന്നത്‌ തുടക്കത്തില്‍ മുസ്‌ളിം ഐക്യസംഘത്തിന്റെ ലക്ഷ്യമായിരുന്നില്ല. കൊടുങ്ങല്ലൂര്‍ പ്രദേശത്തെ മുസ്‌ളിം പ്രമാണിമാര്‍ക്കും സമ്പന്നര്‍ക്കുമിടയിലെ പാരമ്പര്യ വഴക്കുകള്‍ പറഞ്ഞുതീര്‍ക്കുന്നതിലാണ്‌ ഐക്യസംഘം അതിന്റെ തുടക്കത്തില്‍ സമയം കൂടുതല്‍ ചെലവഴിച്ചത്‌. എന്നാല്‍, മലബാറിലെയും തിരുവിതാംകൂറിലെയും കൊച്ചിയിലെയും മുസ്‌ളിംകള്‍ക്കിടയില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്കുവേണ്ടി ശ്രമിക്കണമെന്ന ചിന്ത ഐക്യസംഘത്തിന്‌ അതിന്റെ തുടക്കം മുതല്‍ക്കുതന്നെയും ഉണ്ടായിരുന്നു. അതുകൊണ്ടാണ്‌ ഐക്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ ഐക്യസംഘത്തിലുണ്ടായിരുന്ന പണ്ഡിതത്താരും പൌരപ്രമാണിമാരും സഹകരിച്ചുകൊണ്ട്‌ കേരളം ജംഇയ്യത്തുല്‍ ഉലമ രൂപീകൃതമായത്‌. പുരോഗമനേച്ഛുക്കളായ ധാരാളം പണ്ഡിതന്മാര്‍ കേരള ജംഇയ്യത്തുല്‍ ഉലമായില്‍ അണിനിരക്കുകയുണ്ടായി.

ഇന്ത്യക്കു വെളിയില്‍ സൌദി അറേബ്യ, ഈജിപ്‌ത്‌ തുടങ്ങിയ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചു വികസിച്ചു വന്നിരുന്ന മുസ്‌ളിം നവോത്ഥാന ചിന്താധാരകളുടെ സ്വാധീനത്തിന്‌ വിധേയപ്പെട്ടവരും അതല്ലാത്ത രീതിയില്‍ സ്വയം പഠിച്ചും ചിന്തിച്ചും പ്രബുദ്ധതയില്‍ എത്തിയവരുമായിരുന്നു കേരള ജംഇയ്യത്തുല്‍ ഉലമായില്‍ അണിനിരന്ന പണ്ഡിതന്മാര്‍ . അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും പാരമ്പര്യത്തിന്റെ പേരില്‍ കെട്ടി എഴുന്നള്ളിച്ചുവരുന്ന അനാവശ്യമായ മതബാധ്യതകളില്‍നിന്നും മുസ്‌ളിം സമുദായം പുറത്തുവരാതെ അവര്‍ക്ക്‌ പുരോഗതിയും വികാസവും ഭാവി സുരക്ഷയും സാധ്യമല്ലെന്ന ചിന്തയാണ്‌ പുതിയ ചിന്താപദ്ധതിയും നവീകരണാഭിലാഷങ്ങളുമായി രംഗത്തിറങ്ങുവാന്‍ ഒരു വിഭാഗം മതപണ്ഡിതരെ പ്രേരിപ്പിച്ചത്‌. അവരുടെ ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ആവേശവും പ്രചോദനവും പകര്‍ന്നത്‌ മുഹമ്മദുബ്‌നു അബ്‌ദുല്‍ വഹാബ്‌, ജമാലുദീന്‍ അഫ്‌ഖാനി, റശീദ്‌ രിദാ, മുഹമ്മദ്‌ അബ്‌ദ തുടങ്ങിയ മുസ്‌ളിം ആഗോള നവോത്ഥാന ചിന്തകരായിരുന്നു. സൌദി അറേബ്യയില്‍ മുഹമ്മദുബ്‌നു അബ്‌ദുല്‍ വഹാബിന്റെ നേതൃത്വത്തില്‍ നടന്ന ഇസ്‌ളാമിക–സാംസ്‌കാരിക വിപ്‌ളവം ആ പ്രദേശത്തെ മുസ്‌ളിംകളില്‍ വലിയ സ്വാധീനം ചെലുത്തുകയും ശ്രദ്ധേയമാറ്റങ്ങള്‍ക്ക്‌ പശ്ചാത്തലം സജ്ജമാക്കുകയും ചെയ്‌തിരുന്നത്‌ കേരളത്തിലെ പുരോഗമന ചിന്താഗതിക്കാരായ മുസ്‌ളിം പണ്ഡിതന്മാര്‍ മനസ്‌സിലാക്കിയിരുന്നു. കേരള മുസ്‌ളിം ഐക്യസംഘത്തിന്റെ തുടര്‍ച്ചയായി സ്ഥാപിതമായ കേരള ഇയ്യത്തുല്‍ ഉലമായാണ്‌ മുസ്‌ളിംകള്‍ക്കിടയില്‍ നവോത്ഥാനത്തിന്റെയും പുരോഗമനവാദത്തിന്റെയും പ്രേരണകള്‍ ചെലുത്തിയത്‌. ജംഇയ്യത്തുല്‍ ഉലമായിലെ പണ്ഡിതര്‍ക്ക്‌ പ്രചോദനം നല്‍കിയത്‌ ആഗോള–സലഫി–വഹാബി ചിന്തകളായിരുന്നതിനാല്‍ കേരളത്തിലെ മുസ്‌ളിം നവജാഗരണവും വഹാബി–സലഫി ചിന്താധാരയുടെ ഉപോല്‌പന്നം മാത്രമാണെന്നുള്ളതാണ്‌ ചരിത്രവസ്‌തുത. കേരളത്തിലെ മുസ്‌ളിം മതപണ്ഡിതരോ ഉല്‌പതിഷ്‌ണു ചിന്താഗതിക്കാരോ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഒരാശയധാരയുടെ അടിസ്ഥാനത്തില്‍ സംഭവിച്ചതല്ല കേരളീയ മുസ്‌ളിം നവോത്ഥാനം.
എന്നാല്‍ , കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആവിര്‍ഭാവത്തെ തുടര്‍ന്നാണ്‌ കേരളത്തില്‍ മുസ്‌ളിം സംഘടനാ രൂപീകരണത്തിന്റെ ഒരു പരമ്പരതന്നെ ആരംഭിച്ചത്‌. പുരോഗമന ചിന്താഗതിക്കാരായ പണ്ഡിതര്‍ സമുദായത്തില്‍നിന്ന്‌ വിദൂരീകരിക്കുവാന്‍ യത്‌നിച്ച അനാചാര അന്ധവിശ്വാസങ്ങളുടെ തലങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി പാരമ്പര്യവാദികള്‍ രൂപീകരിച്ച സമസ ്‌തകേരള ജംഇയ്യത്തുല്‍ ഉലമ, കേരള ജംഇയ്യത്തുല്‍ ഉലമാക്കുള്ള ബദലായിട്ടാണ്‌ രൂപീകരിക്കപ്പെട്ടത്‌.

മുജാഹിദ്‌ പ്രസ്ഥാനംഎന്ന തുടര്‍ച്ച

കേരള ജംഇയ്യത്തുല്‍ ഉലമായില്‍ നിന്നാണ്‌ പിന്നീട്‌ മുജാഹിദ്‌ പ്രസ്ഥാനം എന്നറിയപ്പെട്ട കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ പിറവി. ജംഇയ്യത്തുല്‍ ഉലമായെ പണ്ഡിതസഭയായി നിലനിര്‍ത്തിക്കൊണ്ട്‌ സാധാരണക്കാരായ മതവിശ്വാസികള്‍ക്കായി രൂപീകരിക്കപ്പെട്ട സംഘടനയാണ്‌ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍. കേരളീയ മുസ്‌ളിം സമുദായത്തില്‍ നവോത്ഥാനത്തിന്റെ ചരിത്രപരമായ തുടര്‍ച്ച അവകാശപ്പെടാവുന്ന പ്രസ്ഥാനമായിരുന്നു കേരള നദ്‌വത്തുല്‍ മുജാഹിദീന്‍.
അനിസ്‌ളാമികതയോളം ചെന്നെത്തുന്ന പാരമ്പര്യ–വിശ്വാസാചാരങ്ങളെയും മാമൂലനുഷ്‌ഠാനങ്ങളെയും പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പുനഃപരിശോധിക്കുകയും തിരുത്തുകയും ചെയ്‌തുകൊണ്ട്‌ മുസ്‌ളിം മതകീയതയെ മാറ്റിപ്പണിയുകയുമാണ്‌ മുജാഹിദ്‌ പ്രസ്ഥാനം മൊത്തത്തില്‍ ചെയ്‌തത്‌. കര്‍മശാസ്ര്‌ത–വിശ്വാസമേഖലകളിലെ നൂലാമാലകളില്‍നിന്നും സങ്കീര്‍ണതകളില്‍നിന്നും മുസ്‌ളിം സമുദായത്തെ പുറത്തുകൊണ്ടുവരികയും അവരുടെ സമ്പത്തും സമയവും അധ്വാനവും മതത്തിന്റെ പേരില്‍ തെറ്റായി വിനിയോഗിക്കപ്പെടുന്നതിനെ പ്രതിരോധിക്കുകയും ചെയ്‌തുകൊണ്ട്‌ സമുദായത്തെ പുതിയ ദിശയിലേക്ക്‌ നയിക്കാനുള്ള വൈജ്ഞാനിക പ്രബോധന പരിഷ്‌ക്കരണ യത്‌നങ്ങള്‍ മുജാഹിദ്‌ പ്രസ്ഥാനം തുടര്‍ന്നുകൊണ്ടിരുന്നു.
കര്‍മശാസ്ര്‌തപരവും അനുഷ്‌ഠാനപരവുമായ മേഖലകളില്‍ പുരോഹിതന്മാരും പാരമ്പര്യവാദികളും സൃഷ്‌ടിച്ചുവെച്ച പ്രശ്‌നങ്ങളെ വേദത്തിന്റെയും പ്രവാചകാധ്യാപനങ്ങളുടെയും അടിസ്ഥാനത്തില്‍ കുരുക്കഴിച്ച മുജാഹിദ്‌ പ്രസ്ഥാനം കേരളീയ മുസ്‌ളിം സമൂഹത്തെ ആധുനികതയിലേക്ക്‌ പരിവര്‍ത്തിപ്പിച്ചു.
വിദ്യാഭ്യാസ രംഗത്തും സാമ്പത്തിക–സാമൂഹിക മേഖലകളിലും മുന്നേറുവാനുള്ള പശ്ചാത്തലമൊരുക്കുന്നതില്‍ പ്രസ്ഥാനത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വലിയ പങ്കുവഹിച്ചു. കേരള മുസ്‌ളിം ഐക്യസംഘത്തില്‍ ആരംഭിച്ച കേരളീയ മുസ്‌ളിംകള്‍ക്കിടയിലെ സംഘടനാരൂപീകരണ ശ്രമങ്ങള്‍ ഇന്ന്‌ പല വിദ്യാഭ്യാസ–സാമൂഹിക–മത സംഘടനകളായി വിപുലീകരിക്കപ്പെട്ടിരിക്കുന്നു.
ഏറ്റവും കൂടുതല്‍ മത–സാമുദായിക സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്‌ കേരളത്തില്‍ മുസ്‌ളിംകള്‍ക്കിടയിലാണ്‌ എന്ന സ്ഥിതിവരെ ആ വിപുലീകരണം ചെന്നെത്തിയിട്ടുമുണ്ട്‌ വര്‍ത്തമാന കാലഘത്ത്‌.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മതബാഹ്യമായ പ്രവണതകളും മുസ്‌ളിം മത–സാമുദായികതയെ സാംസ്‌കാരികവും ബൌദ്ധികവും സാമ്പത്തികവുമായ രംഗങ്ങളില്‍ അനേക നൂറ്റാണ്ടുകള്‍ പിറകില്‍ നിര്‍ത്തുന്നുവെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ്‌ കേരള ജംഇയ്യത്തുല്‍ ഉലമ നവോത്ഥാന സ്വഭാവമുള്ള സാമുദായിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്‌. പൌരോഹിത്യത്തിന്റെയും ദുരാചാരങ്ങളുടെയും വക്താക്കള്‍ക്ക്‌ കേരള ജംഇയ്യത്തുല്‍ ഉലമയുടെ പുരോഗമന–നവീകരണ നിലപാടുകള്‍ അസഹനീയങ്ങളായി അനുഭവപ്പെട്ടു.
പാരമ്പര്യ ജീര്‍ണതകളുടെ തകര്‍ച്ച മതത്തിന്റെതന്നെ തകര്‍ച്ചയാണെന്ന ഭാവേന പാരമ്പര്യത്തിന്റെ വക്താക്കള്‍ രംഗത്തെത്തുകയും കേരള ജംഇയ്യത്തുല്‍ ഉലമായെ പ്രതിരോധിക്കാനായി അവര്‍ വരയ്ക്കല്‍ മുല്ലക്കോയ തങ്ങള്‍ എന്ന മലബാറിലെ ഒരു പ്രമുഖ മുസ്‌ളിം വ്യക്തിത്വത്തെ നേതൃത്വത്തിലിരുത്തി സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ എന്ന സംഘടന രൂപീകരിക്കുകയും ചെയ്‌തു. ഈ സമസ്‌തയില്‍നിന്ന്‌ പില്‍ക്കാലങ്ങളില്‍ പിളര്‍ന്നുണ്ടായ സംഘടനകളാണ്‌ അഖിലകേരള ജംഇയ്യത്തുല്‍ ഉലമാ, സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, അഖിലേന്ത്യാ സുന്നി ഇയ്യത്തുല്‍ ഉലമാ എന്നിവയെല്ലാം. ഇവയില്‍ അഖിലകേരള ജംഇയ്യത്തുല്‍ ഉലമാ ഇന്ന്‌ നിലവിലില്ല. ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമായാവട്ടെ സമസ്‌ത കേരളയുമായുള്ള പൂര്‍വബന്ധം സമ്മതിച്ചുതരാത്ത സംഘടനയാണ്‌.
തെക്കന്‍ കേരളത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ദക്ഷിണ സമസ്‌തയ്ക്ക്‌ ബദലായി ആരംഭിച്ച മതസംഘടനയാണെന്നാണ്‌ അവകാശപ്പെടുന്നത്‌. സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ മലബാറില്‍ വേരോട്ടമുള്ള സംഘടനയാണ്‌. എണ്‍പതുകളില്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ള്യാരുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം സമസ്‌തയില്‍നിന്ന്‌ വേര്‍പെട്ട്‌ രൂപം കൊടുത്ത അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയാണ്‌ കേരള മുസ്‌ളിംകള്‍ക്കിടയില്‍ നവോത്ഥാന പരിശ്രമങ്ങള്‍ നടത്തിയ ആദ്യകാല മുസ്‌ളിം പരിഷ്‌ക്കരണ പ്രസ്ഥാനത്തിന്‌ ബദലായി രംഗത്തുവന്ന സമസ്‌തയുടെ ഏറ്റവും ഒടുവിലത്തെ പിളര്‍പ്പിന്റെ ഉല്‌പന്നമായ യാഥാസ്ഥിതിക–പാരമ്പര്യ സംഘടന. കേരളത്തിലെ മുസ്‌ളിം സമൂഹം അന്‍പതുകള്‍ക്കുശേഷം സുന്നികള്‍ എന്നും മുജാഹിദുകളെന്നും പൊതുവില്‍ രണ്ടു വിഭാഗമായി അറിയപ്പെടാന്‍ തുടങ്ങിയത്‌ ജംഇയ്യത്തുല്‍ ഉലമ കേരളയുടെ ബഹുജന സംഘടനാരൂപമായി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെയാണ്‌. മുജാഹിദ്‌ പ്രസ്ഥാന ചിന്താഗതിക്കാരില്‍നിന്ന്‌ ചിലര്‍ പിന്നീട്‌ ജമാഅത്തെ ഇസ്‌ളാമിക്കാരായി പരിണമിക്കുകയുമുണ്ടായി.

ഇംഗ്‌ളീഷ്‌ ഭാഷ പഠിക്കല്‍ ഹറാം (മതവിരുദ്ധം) ആണെന്നും സ്‌ത്രീകള്‍ക്ക്‌ വിദ്യാഭ്യാസ–ആരാധനാരംഗങ്ങളില്‍ പ്രവേശനമില്ലെന്നും മാതൃഭാഷയായ മലയാളം പഠിക്കുകയും മലയാളഭാഷയിലുള്ള കൃതികള്‍ വായിക്കുകയും ചെയ്യുന്നത്‌ തെറ്റാണെന്നും ഖുര്‍ആന്‍ അര്‍ത്ഥമറിയാതെ വായിച്ചാല്‍ മതി ആശയം ഗ്രഹിക്കേണ്ടതില്ലെന്നും ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നതിനേക്കാള്‍ ഫലപ്രദം പുണ്യാത്‌മാക്കളുടെയും ദിവ്യന്മാരുടെയും ഖബറുകള്‍ക്കരികില്‍നിന്ന്‌ പ്രാര്‍ത്ഥിക്കലാണെന്നും ഭൌതിക വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ലെന്നും മതമെന്നത്‌ പുരോഹിതന്മാര്‍ തീരുമാനിക്കുന്നതിനപ്പുറം ഒന്നുമല്ലെന്നും വിശ്വസിച്ചിരുന്ന ഒരു സമുദായത്തെ സ്വന്തം മൂഢത്വങ്ങളുടെ നിരര്‍ത്ഥകത ബോധ്യപ്പെടുത്തിയ ഏക മുസ്‌ളിം ചിന്താധാരയാണ്‌ മുജാഹിദ്‌ പ്രസ്ഥാനമെന്ന യാഥാര്‍ത്ഥ്യം ആര്‍ക്കും നിഷേധിക്കാനാവില്ല. ഖിലാഫത്തു ലഹളയുടെ കാലഘട്ടത്തിലെ ദരിദ്രവും അപരിഷ്‌കൃതവുമായ സാമൂഹിക–സാമുദായിക സാഹചര്യങ്ങളില്‍നിന്ന്‌ മുസ്‌ളിം സമുദായം വെളിച്ചത്തിലേക്കു പതുക്കെപ്പതുക്കെ നടന്നുനീങ്ങിയതും മുസ്‌ളിം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നതും ഉന്നതവിദ്യാഭ്യാസം നേടിയ മുസ്‌ളിംകള്‍ അധ്യാപകരും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ദീര്‍ഘദൃഷ്‌ടിയുള്ള വ്യവസായി–വ്യാപാരികളും മറ്റുമായി വളര്‍ന്നതും മുജാഹിദ്‌ പ്രസ്ഥാനം രൂപപ്പെടുത്തിയെടുത്ത തെളിമയുള്ള സാമുദായികാന്തരീക്ഷത്തെ ഉപാശ്രയിച്ചായിരുന്നു. രോഗം വന്നാല്‍ മുല്ലമാര്‍ മന്ത്രിച്ചൂതിയ വെള്ളമോ, അരിപ്പൊടി കലര്‍ത്തിയ മഷികൊണ്ടുള്ള പിഞ്ഞാണെഴുത്തു വെള്ളമോ, ചരടും ഉറുക്കും ജപിച്ചെടുത്തതോ മതിയാകുമെന്ന്‌ വിശ്വസിച്ചിരുന്ന ഒരു സമുദായം മെഡിക്കല്‍ വിദ്യാഭ്യാസം നേടിയ യുവാക്കളാല്‍ നയിക്കപ്പെടുന്ന ആതുര ശുശ്രൂഷാ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും പുരാതന കാലത്തിന്റെ ആരോഗ്യാന്ധതകളില്‍നിന്നും മുക്തി നേടിത്തുടങ്ങുകയും ചെയ്‌തു. മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ വളര്‍ന്നുപൊന്തിയ വിദ്യാലയങ്ങളുടെയും മതപഠന പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയുമെല്ലാം അടിത്തറകള്‍ നിലകൊള്ളുന്നത്‌ മുജാഹിദു പ്രസ്ഥാനം മുസ്‌ളിംകള്‍ക്കു പകര്‍ന്നു നല്‍കിയ പുതിയ ജീവിതാവബോധങ്ങളുടെയും വെളിച്ചങ്ങളുടെയും മണ്‌ണിലാണ്‌. ഇസ്‌ളാമിന്‌ ഒരന്തസ്‌സും മുസ്‌ളിം ജീവിതത്തിന്‌ ഒരു തെളിമയുണ്ട്‌ എന്ന്‌ മുസ്‌ളിംകള്‍ക്കുതന്നെ ബോധ്യപ്പെടുത്തുന്ന കാര്യത്തില്‍ മുജാഹിദ്‌ പ്രസ്ഥാനം വഹിച്ച പങ്ക്‌ തീരെ ചെറുതായിരുന്നില്ല. മാറിയ മുസ്‌ളിം സാമൂഹികാന്തരീക്ഷത്തില്‍ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ സംഭാവനകളെ തിരസ്‌കരിക്കാന്‍ ഇതര സംഘടനകളും പ്രസ്ഥാനങ്ങളും ഉദ്യുക്തരായേക്കാമെങ്കിലും കേരളീയ മുസ്‌ളിം സാമൂഹികതയെ സംബന്ധിച്ചുള്ള ചരിത്ര യാഥാര്‍ത്ഥ്യം മേല്‌പറഞ്ഞതു തന്നെയാണ്‌.

കടന്നുപോയ നൂറ്റാണ്ടുകളില്‍ ഇസ്‌ളാമിക ചരിത്രത്തിലും മുസ്‌ളിം സാമൂഹികതയിലും വേരോട്ടം നടത്തിയ പ്രമാണ ബാഹ്യമായ മതനിലപാടുകളെയും വിശ്വാസാചാരങ്ങളെയും വേദത്തിന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തില്‍ തിരുത്തുന്ന സാംസ്‌കാരിക നവീകരണമാണ്‌ ആഗോളതലത്തില്‍ സലഫിസമെന്നും വഹാബി മൂവ്‌മെന്റ്‌ എന്നും അറിയപ്പെട്ട ചിന്താധാര നിര്‍വഹിച്ച പ്രധാനദൌത്യം. കര്‍മശാസ്ര്‌തരംഗത്തുമുള്ള മധ്യകാല മാര്‍ഗങ്ങളായ മദ്‌ഹബുകളെ (കര്‍മശാസ്ര്‌തപരമായി ഓരോ പ്രമുഖ പണ്ഡിതന്മാരുടെയും പേരിലറിയപ്പെട്ട സരണികള്‍) നിഷേധിക്കുകയും ഇസ്‌ളാമിക കര്‍മശാസ്ര്‌തത്തെ വേദത്തിന്റെയും പ്രവാചക ചര്യയുടെയും വെളിച്ചത്തില്‍ പുനഃക്രമീകരിക്കുകയും ചെയ്‌തു സലഫിസം.
കേരളത്തില്‍ മുസ്‌ളിം നവോത്ഥാനത്തിന്‌ തുടക്കം കുറിച്ച മുജാഹിദ്‌ പ്രസ്ഥാനവും ഈ പാതയിലൂടെയാണ്‌ മുന്നോട്ടുപോയത്‌. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കും ഇവിടുത്തെ മുസ്‌ളിംകളില്‍ , പ്രത്യേകിച്ച്‌ കേരളീയ മുസ്‌ളിംകളില്‍ നിലനിന്ന പ്രമാണബാഹ്യങ്ങളായ മതരീതികള്‍ക്കും അനുസൃതമായി ആഗോള സലഫീധാരയില്‍ നിന്നുള്ള പ്രായോഗികങ്ങളായ ചില വ്യത്യാസങ്ങള്‍ കേരളത്തിലെ മുജാഹിദ്‌  പ്രസ്ഥാനത്തിനുണ്ടായിരുന്നു.  അതുകൊണ്ടുതന്നെ താത്വികമായി ആഗോള മതനവീകരണ ധാരയോട്‌ ചേര്‍ന്നുനില്‍ക്കുമ്പോള്‍തന്നെ കേരളത്തിലെ മുജാഹിദ്‌ പ്രസ്ഥാനം കേരളീയമായ മുസ്‌ളിം നവോത്ഥാനത്തിന്റെ ധാരയായാണ്‌ അനുഭവപ്പെട്ടുവന്നത്‌. ഏകദൈവാദര്‍ശം, പുണ്യാത്‌മാക്കളെ ആരാധിക്കുന്ന പ്രവണതകള്‍, മതപരമായ വ്യക്തിജീവിതത്തെ സങ്കീര്‍ണമാക്കുന്ന മധ്യകാല പ്രവണതകള്‍ എന്നിവയെ സംവാദ വിഷയങ്ങളാക്കിക്കൊണ്ട്‌ പാരമ്പര്യവാദികളായ മുസ്‌ളിം പണ്ഡിതരുമായി കേരളത്തിലെ മുജാഹിദ്‌ പണ്ഡിതന്മാര്‍ കഴിഞ്ഞ പതിറ്റാണ്ടുകളിലെല്ലാം ശക്തമായ ആശയസമരങ്ങളിലും സംവാദങ്ങളിലും ഏര്‍പ്പെട്ടിരുന്നു. ഈ സംവാദങ്ങളിലൂടെയാണ്‌ യഥാര്‍ത്ഥത്തില്‍  കേരളത്തിലെ പാരമ്പര്യ മുസ്‌ളിം സമൂഹത്തിലുണ്ടായ മന്ദഗതിയിലെങ്കിലുമുള്ള ചില മാറ്റങ്ങള്‍ കടന്നുവരാനിടയായത്‌. മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം കേരളത്തില്‍ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ കേരളത്തിലെ പാരമ്പര്യ–യാഥാസ്ഥിതിക ഇസ്‌ളാമിന്റെ അവസ്ഥ എന്താകുമായിരുന്നുവെന്ന്‌ ഇന്ന്‌ പറയാനാവില്ല.
സുന്നിവിഭാഗത്തിന്‌ ഇന്ന്‌ കാണുന്ന പുരോഗതിയുടെയും മാറ്റങ്ങളുടെയും യഥാര്‍ത്ഥ കാരണക്കാര്‍ മുജാഹിദുകള്‍ തന്നെയാണ്‌. ഖുര്‍ആനിന്റെ വ്യാഖ്യാനം, ഹദീസുകളുടെ സ്വീകാര്യത നിര്‍ണയം, ചില പാരമ്പര്യാചാരങ്ങളുടെ മതപരമായ വിശ്വാസ്യതാ നിര്‍ണയം തുടങ്ങിയ കാര്യങ്ങളിലെല്ലാം മുജാഹിദ്‌ പ്രസ്ഥാനത്തിലെ ആദ്യകാല പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. എന്നാല്‍, അക്കാലത്തെ ഭിന്നതകളെ അറിവിന്റെയും പ്രമാണങ്ങളുടെയും കണ്ടെത്തലുകളുടെയും കാര്യത്തിലുള്ള ഏറ്റവ്യത്യാസങ്ങളെന്ന നിലയില്‍ കാണുവാനും ആ ഭിന്നതകളെ മതപരമായ രീതികളില്‍ രമ്യപ്പെടുത്തിക്കൊണ്ടുപോകാനും ആ കാലത്തെ പണ്ഡിതന്മാര്‍ക്ക്‌ സാധിച്ചിരുന്നു.
എണ്‍പതുകളുടെ അവസാനത്തിലും തൊണ്‌ണൂറുകളിലുമായി ഇത്തരം ഭിന്നതകളില്‍ ചിലത്‌ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളായി പൊട്ടിത്തെറിക്കുകയും ചില പണ്ഡിതര്‍ മുജാഹിദ്‌ പ്രസ്ഥാനം വിട്ടുപോകുകയും ചെയ്‌തു.
എന്നാല്‍, തൊണ്‌ണൂറുകളിലും അതിനുശേഷമുള്ള ഘട്ടത്തിലും മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചില ആത്‌മപരിശോധനകള്‍ സംഘടനക്കകത്തെ യുവപണ്ഡിതന്മാരുടെയും പുതുതലമുറ പ്രബോധകരുടെയും ഭാഗത്തുനിന്ന്‌ ഉണ്ടായി. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ചെയ്‌തതുപോലെ ഏകദൈവാദര്‍ശം പ്രസംഗിക്കുകയും ആചാരങ്ങള്‍ പരിഷ്‌കരിക്കുകയും മതപരമായ ആന്തരികഘടകങ്ങളെ ശുദ്ധീകരിക്കുകയും ചെയ്‌തു മുന്നോട്ടുപോയാല്‍ മാത്രം മതിയാകില്ലെന്നും പാരിസ്ഥിതിക വിഷയങ്ങളിലും പൊതുവിഷയങ്ങളിലും ഇടപെടുകയും പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ ബഹുസ്വര പൊതുസമൂഹവുമായി കൂട്ടിയിണക്കുന്ന പുതിയ ശൈലി അവലംബിക്കുകയും പ്രബോധനപ്രചാരണ പ്രവര്‍ത്തനങ്ങള്‍ കാലികമായി മാറ്റം വരുത്തണമെന്നുമാണ്‌ യുവമുജാഹിദുകള്‍ പ്രധാനമായും ആവശ്യപ്പെട്ടത്‌. എന്നാല്‍, മുജാഹിദു പ്രസ്ഥാനം ഇതുവരെ പിന്തുടര്‍ന്നുവന്ന പ്രവര്‍ത്തനരീതികള്‍ തന്നെ മതിയെന്നും പരിസ്ഥിതി–പൊതു പ്രവര്‍ത്തനങ്ങളുടേതായ സാമൂഹ്യ ഇടപെടലുകളും രീതികളും ആവശ്യമില്ലെന്നും പ്രബോധനരംഗത്ത്‌ കാലികമായ രീതിയല്ല പൂര്‍വിക രീതി തന്നെയാണാവശ്യം എന്നും യുവമുജാഹിദുകളെ തിരുത്തുവാനാണ്‌ സംഘടനയിലെ മുതിര്‍ന്നവര്‍ തീരുമാനിച്ചത്‌.

പിളര്‍പ്പും കോടതികയറലും
ഈ അഭിപ്രായഭിന്നതകളെത്തുടര്‍ന്നാണ്‌ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ എന്ന സംഘടന രണ്ടായി പിളര്‍ന്നത്‌. ഒരു വിഭാഗം ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തിലും മറുവിഭാഗം എ.പി. അബ്‌ദുല്‍ഖാദര്‍ മൌലവിയുടെ നേതൃത്വത്തിലും നിലകൊണ്ടു. ഇവര്‍ പരസ്‌പരം മടവൂരികള്‍ എന്നും നവയാഥാസ്ഥിതികരെന്നും അധിക്ഷേപസ്വരത്തില്‍ വിശേഷിപ്പിച്ചുകൊണ്ടിരുന്നു. മുജാഹിദ്‌ പ്രസ്ഥാനത്തിലെ ഈ പിളര്‍പ്പ്‌ സ്ഥാപനങ്ങളിലേക്കും പള്ളികളിലേക്കും വ്യാപിക്കുകയും വിവിധ സ്ഥലങ്ങളില്‍ മുജാഹിദുകള്‍ തമ്മിലടിക്കുകയും തര്‍ക്കങ്ങള്‍ കോടതി കയറുകയും ചെയ്‌തു. പ്രസ്ഥാനം പിളര്‍ന്നതിനുശേഷം പിളര്‍പ്പിന്റെ കാര്യകാരണങ്ങള്‍ വ്യക്തമാക്കുന്നവയും സ്വന്തം നിലപാടുകള്‍ ന്യായീകരിക്കുന്നവയുമായ സാഹിത്യങ്ങള്‍ ഇരുവിഭാഗവും പുറത്തിറക്കുകയുണ്ടായി. കേരളത്തിലെ മുജാഹിദുകള്‍ ഗള്‍ഫ്‌ സലഫികളുടെ പാതയാണ്‌ പിന്തുടരേണ്ടത്‌ എന്ന്‌ ഒരു വിഭാഗം വാദിച്ചപ്പോള്‍ നാളിതുവരെ കേരള മുജാഹിദുകള്‍ സ്വീകരിച്ചത്‌ ഗള്‍ഫ്‌ മുജാഹിദുകളുടെ പാതയായിരുന്നില്ലെന്നും കേരളീയ സലഫിസമായിരുന്നുവെന്നും മറുഭാഗം വാദിച്ചു. ഹുസൈന്‍ മടവൂര്‍ വിഭാഗം ഗള്‍ഫ്‌ സലഫിസത്തില്‍നിന്ന്‌ മുന്നോട്ടുപോയി ഈജിപ്‌തിലെയും മറ്റും നവോത്ഥാന ചിന്താഗതിക്കാരായ പണ്ഡിതന്മാരുടെയും സൌദി അറേബ്യക്കു പുറത്തുള്ള മുസ്‌ളിം സമൂഹങ്ങളിലെ ചില പ്രസ്ഥാനങ്ങളുടെ സ്ഥാപകരുടെയും നിലപാടുകളോട്‌ ആഭിമുഖ്യവും ആശയപ്പൊരുത്തവും പ്രകടിപ്പിച്ചതുകൊണ്ട്‌ മടവൂര്‍ വിഭാഗത്തിന്‌ ഈജിപ്‌തിലെ ഇഖ്‌വാനുല്‍ മുസ്‌ളിമിന്റെ (മുസ്‌ളിം ബ്രദര്‍ഹുഡ്‌ പ്രസ്ഥാനം) വക്താക്കളെന്ന അര്‍ത്ഥത്തില്‍ `ഇഖ്‌വാനികള്‍’ എന്നാണ്‌ മറുവിഭാഗം ഇരട്ടപ്പേരിട്ടത്‌. കുറച്ചുകൂടി സമകാലികമായ വീക്ഷണങ്ങള്‍ അവലംബിക്കുകയും പാരിസ്ഥിതിക സാമൂഹ്യ നിലപാടുകള്‍ അവലംബിക്കുകയും ചെയ്‌ത മടവൂര്‍ വിഭാഗം മുജാഹിദുകള്‍ തനതായ പ്രവര്‍ത്തന പദ്ധതികളുമായി മുന്നോട്ടുപോയി.
എന്നാല്‍, പള്ളി പ്രസംഗങ്ങളിലും തെരുവുയോഗങ്ങളിലും സമ്മേളനങ്ങളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരണങ്ങളിലുമായി പരസ്‌പരം ചെളിവാരിയെറിയുകയും നിഷേധിക്കുകയും ദുരാരോപണങ്ങളുന്നയിക്കുകയും ചെയ്യുന്ന പതിവില്‍ നിന്ന്‌ ഇരുവിഭാഗവും പിറകോട്ടു പോകുകയുണ്ടായില്ല.

മടവൂര്‍ –ഔദ്യാഗിക വിഭാഗങ്ങളെന്ന പേരില്‍ മുജാഹിദ്‌ പ്രസ്ഥാനം പിളര്‍ന്നതിനുശേഷം അടുത്തകാലത്തായി മറ്റൊരു പിളര്‍പ്പുകൂടി പ്രസ്ഥാനത്തില്‍ സംഭവിക്കുകയുണ്ടായി. ഈ പിളര്‍പ്പിന്റെ കാര്യകാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ മാത്രമാണ്‌ മുജാഹിദ്‌ പ്രസ്ഥാനം നാളിതുവരെ പ്രതിനിധാനം ചെയ്‌തുവന്ന നവോത്ഥാന–പുരോഗമന നിലപാടുകളെ ഉള്‍ക്കൊള്ളാന്‍ മാനസികമായി പ്രാപ്‌തി നേടിയിട്ടില്ലാത്ത ധാരാളം പേര്‍ ആ പ്രസ്ഥാനത്തിനകത്ത്‌ നവോത്ഥാന വാദികളും പുരോഗമന വേഷക്കാരുമായി കഴിഞ്ഞ പതിറ്റാണ്ടുകളിലെല്ലാം ഉണ്ടായിരുന്നുവെന്ന യാഥാര്‍ത്ഥ്യം പൊതുസമൂഹത്തിനു മുന്നില്‍ അനാവൃതമായിത്തീരുന്നത്‌. 

സമീപകാലത്തായി സംഭവിച്ച പിളര്‍പ്പിന്റെ കാരണമായി പറയപ്പെടുന്നത്‌ ഒരു വിഭാഗം വെച്ചുപുലര്‍ത്തുകയും കണിശമായിത്തന്നെ വാദിച്ചുറപ്പിക്കുകയും ചെയ്യുന്ന ജിന്നു–പിശാച്‌–ഭൂതഗണങ്ങള്‍ക്ക്‌ അലൌകികവും അസാധാരണവുമായ ശേഷികളുണ്ട്‌ എന്ന വിശ്വാസമാണ്‌. സൌദി അറേബ്യയിലെയും മറ്റും സലഫികള്‍ എന്നറിയപ്പെടുന്ന പണ്ഡിതന്മാരിലും സാധാരണക്കാരിലും ഒരു വിഭാഗം ഖുര്‍ആനിലും പ്രവാചക വാക്യങ്ങളിലും പരിചയപ്പെടുത്തിയിട്ടുള്ള ജിന്നുകള്‍ എന്ന അമാനുഷ വര്‍ഗം സൃഷ്‌ടികളെക്കുറിച്ച്‌ മിഥ്യയും കാല്‌പനികവുമായ പല വിശ്വാസ–ധാരണകളും പുലര്‍ത്തുന്നവരാണ്‌. അറബികളുടെ ഈ വിശ്വാസം മതപരമായി ശരിയാണെന്നും ജിന്നുകള്‍ക്ക്‌ അസാധാരണവും അമാനുഷികവും അലൌകികവുമായ ശക്തികളും കഴിവുകളും ഉണ്ടെന്നും, ജിന്നുകള്‍ക്ക്‌ മനുഷ്യരെ സഹായിക്കുവാനും ഉപദ്രവിക്കാനും കഴിയുമെങ്കില്‍ അവരോട്‌ മനുഷ്യര്‍ക്ക്‌ സഹായഭ്യര്‍ത്ഥന നടത്താവുന്നതാണെന്നും ആ തരത്തിലുള്ള സഹായഭ്യര്‍ത്ഥനകള്‍ ഏകദൈവാദര്‍ശത്തിന്‌ വിരുദ്ധമല്ലെന്നും വാദിക്കുന്ന ഒരു വിഭാഗത്തെ മുജാഹിദുകളില്‍നിന്ന്‌ സംഘടനാപരമായി പുറത്താക്കിയതാണ്‌ സമീപകാലത്തെ മുജാഹിദ്‌ പിളര്‍പ്പിന്റെ പശ്ചാത്തലം. നാളിതുവരെയും ഔദ്യോഗിക വിഭാഗം മുജാഹിദുകളുടെ സംഘടനാ ഘടനക്കകത്തും പ്രാസ്ഥാനിക ക്രമത്തിലും പങ്കാളികളായിരുന്നവര്‍ തന്നെയാണ്‌ ഇങ്ങനെ ജിന്നു വിവാദത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ടിരിക്കുന്നത്‌ എന്നത്‌ ശ്രദ്ധേയമാണ്‌.
ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തിലുള്ള യുവജന മുജാഹിദ്‌ വിഭാഗത്തെ പുറത്താക്കുന്ന കാര്യത്തില്‍ വലിയ പങ്കുവഹിച്ചവരെയാണ്‌ കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ മാതൃസംഘടന ഇപ്പോള്‍ പുറംതള്ളിയിരിക്കുന്നത്‌. കേരളീയ മുസ്‌ളിംകളില്‍ പണ്ടു നിലനിന്നിരുന്നതും ഏകദൈവാദര്‍ശത്തിന്‌ വിരുദ്ധവുമായ ജിന്ന്‌–പ്രേത–പിശാച്‌ വിശ്വാസങ്ങളും ആഭിചാര–കൂടോത്ര വിശ്വാസങ്ങളും തള്ളിപ്പറഞ്ഞുകൊണ്ടാണ്‌ മുജാഹിദ്‌ പ്രസ്ഥാനം നവോത്ഥാനത്തിന്റെയും പുരോഗമന വാദത്തിന്റെയും മേല്‍വിലാസം പിടിച്ചുപറ്റിയത്‌. ഒരു നൂറ്റാണ്ട്‌ മുന്‍പുതന്നെ മുജാഹിദ്‌–പുരോഗമനവാദ ചിന്താഗതിക്കാരായ മുസ്‌ളിംകള്‍ തള്ളിക്കളഞ്ഞ അന്ധവിശ്വാസങ്ങളെ അംഗീകരിക്കുന്നവര്‍ മുജാഹിദുകളില്‍ ഉരുത്തിരിഞ്ഞുവന്നു എന്നതും അത്തരക്കാരെ അവരുടെ വിശ്വാസ–നിലപാടുകളുടെ പേരില്‍ സംഘടനയില്‍നിന്ന്‌ പുറത്താക്കേണ്ടിവന്നുവെന്നതും മുജാഹിദുകളുടെ മതനവോത്ഥാനം പാരമ്പര്യവാദ ജീര്‍ണതകളിലേക്ക്‌ തിരിഞ്ഞുനടക്കുന്നതിന്റെ ലക്ഷണമായിട്ടാണ്‌ വിലയിരുത്തപ്പെടുന്നത്‌. പാരമ്പര്യ മുസ്‌ളിംകളെ അധിക്ഷേപിക്കുകയും മതപരമായി ചോദ്യം ചെയ്‌തുകൊണ്ടിരിക്കുകയും ചെയ്‌തിരുന്ന വിഷയങ്ങളില്‍ ചിലതിനെ മുജാഹിദ്‌ വിശ്വാസങ്ങളുടെ ഭാഗമാക്കുകയാണ്‌ ജിന്ന്‌ വാദികള്‍ ചെയ്യുന്നത്‌ എന്നതു കൊണ്ടാണ്‌ അവരെ സംഘടനയില്‍നിന്ന്‌ പുറത്താക്കേണ്ടിവന്നത്‌. ഒരര്‍ത്ഥത്തില്‍ ഇത്‌ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ഇന്നലെകളെ നിഷേധിക്കുകയും ആ ചിന്താധാരയുടെ നവോത്ഥാന വാദഗതികളെ പുനഃപരിശോധിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു വലിയ ദുരനുഭവമാണ്‌.

അഭിപ്രായവൈജാത്യങ്ങളുടെ പെരുക്കം
വേദത്തിന്റെയോ പ്രവാചകാധ്യാപനങ്ങളുടെയോ നവീനവും വിഭിന്നവുമായ ഏതെങ്കിലും വ്യാഖ്യാനങ്ങള്‍ അവതരിപ്പിച്ചുകൊണ്ടുള്ള ഒരാശയ സമരത്തിന്റെ ഭാഗമായിട്ടാണ്‌ മുജാഹിദ്‌ പ്രസ്ഥാനം പിളരുന്നതെങ്കില്‍ അതിലൊരു ഔചിത്യവും അര്‍ത്ഥവും ഉണ്ടാകുമായിരുന്നു. എന്നാല്‍, നൂറ്റാണ്ടുകള്‍ പിറകില്‍ നില്‍ക്കുന്ന മൂഢവിശ്വാസങ്ങളുടെ പേരില്‍ ഒരു നവോത്ഥാന പ്രസ്ഥാനത്തിന്‌ ചില അംഗങ്ങളെ പുറത്താക്കേണ്ടിവന്നത്‌ ചിന്തനീയമായ അനുഭവമാണ്‌. ഇസ്‌ളാമിലെ ഗ്രൂപ്പുകളും സംഘടനകളും ഒരേ സ്വരത്തില്‍ അവകാശപ്പെടുന്ന ഒരു കാര്യമാണ്‌ മതം പൂര്‍ണതയില്‍ എത്തുകയും ലോകാവസാനം വരെയുള്ള എല്ലാവര്‍ക്കും സംശയരഹിതമായി സ്വീകരിക്കാന്‍ സാധിക്കുമാറ്‌ മതത്തിന്റെ ആശയനിലപാടുകള്‍ സ്‌പഷ്‌ടമായി ഉരുത്തിരിയുകയും ചെയ്‌തിരിക്കുന്നുവെന്നത്‌. എന്നാല്‍, ഈ അവകാശവാദം പൊതുവില്‍ ഉന്നയിക്കുമ്പോള്‍തന്നെയും അടിസ്ഥാനപരവും ശാഖാപരവുമായ കാര്യങ്ങളുടെ പേരില്‍ പരസ്‌പരം പോരാടിക്കൊണ്ടിരിക്കുകയും സംഘടനകള്‍ പുതിയ പിളര്‍പ്പുകളിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുകയുമാണ്‌.
നവോത്ഥാനത്തിന്റെയും മതനവീകരണത്തിന്റെയും അവകാശവാദങ്ങളുന്നയിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനങ്ങള്‍ യഥാര്‍ത്ഥത്തില്‍ മതത്തിന്റെ ആത്യന്തിക നിലപാടുകള്‍ ഇതുവരെയും കണ്ടെത്തുകയും പ്രാപിക്കുകയും ചെയ്‌തിട്ടില്ലെന്ന വലിയ പ്രതിസന്ധിയിലേക്കാണ്‌ ഈയവസ്ഥ കേരളത്തിലെ മുസ്‌ളിം മതപ്രസ്ഥാനങ്ങളെ നയിച്ചുകൊണ്ടിരിക്കുന്നത്‌.
മുജാഹിദ്‌ പ്രസ്ഥാനം ഇനിയും പിളരുമെന്നാണ്‌ പൊതുവില്‍ വിലയിരുത്തപ്പെടുന്നത്‌. കാരണം, ഇപ്പോള്‍ പുറത്തുവന്നതിനു സമാനമായ നിരവധി അഭിപ്രായഭിന്നതകളും വിശ്വാസ–ആദര്‍ശ വൈരുദ്ധ്യങ്ങളും സംഘടനക്കകത്ത്‌ ഇനിയും ബാക്കിയുണ്ട്‌.
പല പണ്ഡിതന്മാരും മതത്തിന്റെ കാര്യത്തില്‍ സ്വന്തം നിലപാടുകളെ മാത്രം ശരിവെക്കുന്ന രീതിയില്‍ മുന്നോട്ടുപോവുകയാണ്‌. എഴുപതു–എണ്‍പതുകള്‍ വരെ കേരളത്തിലെ മുജാഹിദ്‌ പ്രസ്ഥാനത്തിനകത്ത്‌ ഉണ്ടായിരുന്ന, വീക്ഷണ വൈജാത്യങ്ങളെ സഹിഷ്‌ണുതയോടെ കേള്‍ക്കാനും അവയെ ഭിന്നിപ്പിനു കാരണമാകാതെ കൈകാര്യം ചെയ്യാനുമുള്ള പക്വതയും വിവേകവും നേതൃത്വശേഷിയും പ്രകടിപ്പിച്ചിരുന്ന പണ്ഡിത വ്യക്തിത്വങ്ങള്‍ ഇന്നില്ല എന്നതും ഇനിയും പിളര്‍പ്പുകള്‍ക്ക്‌ സാധ്യതയൊരുക്കുന്നു.   ?

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.