24 May 2009

സങ്കുചിതചിന്തകളില്‍ അകപ്പെട്ടത്‌ ബഷീറോ എം ജി എസ്സോ?

സങ്കുചിതചിന്തകളില്‍ അകപ്പെട്ടത്‌ ബഷീറോ എം ജി എസ്സോ?
SHABAB Weekly
Friday, 22 May 2009

ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌

വാര്‍ധക്യകാലത്ത്‌ ബഷീര്‍ മതത്തിന്റെ സങ്കുചിത ചിന്തകളില്‍ പെട്ടുപോയിരുന്നെന്ന്‌ ചരിത്രകാരന്‍ എം ജി എസ്‌ നാരായണന്‍. സൃഷ്ടിപരമായ കഴിവ്‌ നശിച്ചപ്പോഴാണ്‌ അദ്ദേഹം മതത്തിന്റെ ചട്ടക്കൂടില്‍ ഒതുങ്ങിനിന്നത്‌. ബാല്യകാലസഖിയും മതിലുകളുമെല്ലാം എഴുതിയ ബഷീര്‍ അവസാനകാലത്ത്‌ തന്റെ അനുഭവങ്ങള്‍ മാത്രമാണ്‌ എഴുതിയത്‌. ഈ കാലത്താണ്‌ അദ്ദേഹം മതത്തി ന്റെ ചട്ടക്കൂടില്‍ ഒതുങ്ങി നിന്നതെ ന്നും എം ജി എസ്‌ പറഞ്ഞു. ബുക്ക്‌ മാന്‍ പ്രസിദ്ധീകരിക്കുന്ന ഇബ്‌റാ ഹിം ബേവിഞ്ചയുടെ ബഷീര്‍ ദ മുസ്ലിം എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

സൂഫികളുടെയും ഹിന്ദു സന്യാസിമാരുടെയും കൂടെ ജീവിച്ച ബഷീര്‍ അവസാനകാലത്ത്‌ സങ്കുചിതചിന്താഗതിയിലേക്കാണ്‌ തിരിഞ്ഞത്‌. ഇത്‌ ബഷീറിന്റെ കഴിവില്‍ ഉണ്ടായ അപചയമാണ്‌... ലോകത്തെ മഹത്തായ ഗ്രന്ഥമാണ്‌ ഖുര്‍ആനെങ്കിലും അതില്‍ പറയുന്ന കാര്യങ്ങള്‍ വള്ളിപുള്ളി വിടാതെ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അത്‌ പ്രശ്നങ്ങള്‍ ഉണ്ടാക്കും. എന്റെ വിശ്വാസം മാത്രമാണ്‌ ശരിയെന്ന്‌ വിചാരിക്കുന്നത്‌ വര്‍ഗീയതയാണ്‌ വളര്‍ത്തുക.

....ഖുര്‍ആന്‍ അവസാനത്തെ ഗ്രന്ഥമാണെന്ന്‌ പറയുന്നത്‌ അപകടകരമാണ്‌. ഖുര്‍ആനിനു ശേഷം മറ്റൊരു ഗ്രന്ഥമുണ്ടെന്ന്‌ പറയുന്ന പാക്കിസ്താനിലെ അഹ്മദിയ്യ ഖിലാഫത്തുകാരെ ചുട്ടുകൊല്ലുകയാണ്‌. ഇത്തരം കാര്യങ്ങള്‍ ജനാധിപത്യത്തില്‍ ശരിയല്ല.

എല്ലാ വിശ്വാസങ്ങളിലും സമുദായങ്ങളിലും കാലോചിതമായ മാറ്റങ്ങള്‍ വരണം. വള്ളത്തോള്‍ ഹിന്ദു, ആശാന്‍ ഹിന്ദു എന്നൊക്കെ പറയുന്നത്‌ അവരെ അപമാനിക്കുന്നതിന്‌ തുല്യമാണ്‌. പുസ്തകത്തിന്റെ പേര്‌ ബഷീര്‍ ദ മുസ്ലിം എന്ന്‌ എടുത്തു പറയേണ്ടതില്ലായിരുന്നു. ഇങ്ങനെ പറയുന്നത്‌ സാമുദായിക പ്രശ്നങ്ങളുണ്ടാക്കുമെന്നും എം ജി എസ്‌ പറഞ്ഞു." (വര്‍ത്തമാനം -2009 മെയ്‌ 4)ചരിത്രത്തില്‍ അഗാധപരിജ്ഞാനമുള്ള മതങ്ങളെയും ദര്‍ശനങ്ങളെയും സംബന്ധിച്ച്‌ സമഗ്രമായ അവബോധമുള്ള, അദദ്വ‍ൈതത്തോടും സൂഫിസത്തോടും ഒരുപോലെ മതിപ്പ്‌ പുലര്‍ത്തുന്ന, പ്രഗത്ഭ എഴുത്തുകാരനും വാഗ്മിയുമായ എം ജി എസ്സിനോട്‌ ഗുണകാംക്ഷ പുലര്‍ത്തുന്ന ഒരാളാണ്‌ ഈ ലേഖകന്‍. അതിനാല്‍ അദ്ദേഹത്തെ വ്യക്തിപരമായി വിമര്‍ശിക്കാനോ അദ്ദേഹത്തിന്‌ മനപ്രയാസമുണ്ടാക്കുന്ന എന്തെങ്കിലും എഴുതാനോ ഈ ലേഖകന്‍ ഉദ്ദേശിക്കുന്നില്ല. എന്നാലും അദ്ദേഹത്തിന്റെ സ്വതന്ത്രവും നിഷ്പക്ഷവുമായ ചിന്തയ്ക്ക്‌ വിഷയീഭവിക്കേണ്ടതിന്‌ ചില കാര്യങ്ങള്‍ കുറിക്കട്ടെ. അതൊക്കെ മിഥ്യയും മൗഢ്യവുമാണെന്ന്‌ തോന്നുന്ന പക്ഷം നിഷ്കരുണം തള്ളിക്കളയാന്‍ അദ്ദേഹത്തിന്‌ സ്വാതന്ത്ര്യമുണ്ട്‌.

വൈക്കം മുഹമ്മദ്‌ ബഷീര്‍ മാത്രമല്ല, ശ്രീ എം ജി എസ്‌ നാരായണനും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെയും അസ്തിത്വത്തിന്റെയും സിംഹഭാഗത്തിലും 'മുസ്ലി'മാണ്‌ അഥവാ പ്രപഞ്ചനാഥനോട്‌ വിധേയപ്പെട്ടിരിക്കുകയാണ്‌ എന്ന യാഥാര്‍ഥ്യം ഇവിടെ കുറിക്കുമ്പോള്‍ അദ്ദേഹത്തിന്‌ അനിഷ്ടം തോന്നുകയില്ലെന്ന്‌ പ്രത്യാശിക്കുന്നു. ജഗന്നിയന്താവ്‌ പതിനാലു നൂറ്റാണ്ടുമുമ്പ്‌ അന്തിമ ദൂതനും പ്രവാചകനുമായ മുഹമ്മദിന്‌(സ) അവതരിപ്പിച്ചു കൊടുത്ത അന്തിമ വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനില്‍ ഈ യാഥാര്‍ഥ്യം സംശയത്തിന്‌ ഇടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്‌. അത്‌ കാലത്തിനും ലോകത്തിനും മനുഷ്യരുടെ കോലത്തിനുമനുസരിച്ച്‌ മാറുന്ന ആപേക്ഷിക സത്യമല്ല. ആത്യന്തികമായ പ്രാപഞ്ചിക സത്യമാണ്‌. (Absolute Universaal Truth)

ആ സത്യം ആപേക്ഷികമല്ലെന്ന്‌ പറയുമ്പോള്‍ ഉദ്ദേശിക്കുന്നത്‌ അത്‌ ഒരാളുടെ ആയുഷ്കാലത്തേക്ക്‌ മാത്രമോ ഏതാനും തലമുറകളിലേക്ക്‌ മാത്രമോ ഏതാനും ജനപദങ്ങളിലേക്കും ഭൂപ്രദേശങ്ങളിലേക്കും മാത്രമോ ഭൂഗോളത്തിലേക്ക്‌ മാത്രമോ ഭൗതികവാനങ്ങളുടെ സീമകളിലേക്ക്‌ മാത്രമോ ഉള്ള സത്യമല്ല എന്നാണ്‌. അത്‌ മുഴുവന്‍ മനുഷ്യരുടെയും ജീവിതത്തിന്റെ സര്‍വതലങ്ങളെയും സ്പര്‍ശിക്കുന്ന സത്യമാണ്‌. അത്‌ അവരുടെയെല്ലാം സ്വപ്നത്തെയും മരണത്തെയും നിര്‍വചിക്കുന്ന സത്യമാണ്‌. മരണത്തിനും ഉയിര്‍ത്തെഴുന്നേല്‍പിനുമിടയിലുള്ള സൃഷ്ടികളുടെയൊന്നും അധീനതയിലല്ലാത്ത കാലമാത്രയിലേക്ക്‌ ദീപ്തി ചൊരിയുന്ന സത്യമാണ്‌. ഉയിര്‍ത്തെഴുന്നേല്‍പ്‌ മുതല്‍ തുടങ്ങുന്ന, വിശുദ്ധ ഖുര്‍ആനില്‍ (50:34) ശാശ്വതവാസത്തിനുള്ള ദിവസം (The day of eternal life) എന്ന്‌ വിശേഷിപ്പിച്ച അനന്തമജ്ഞാതവര്‍ണനീയമായ മഹാകാല പ്രവാഹത്തിലേക്ക്‌ പടര്‍ന്ന്‌ പന്തലിക്കുന്ന സത്യമാണ്‌.

വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം കാണാം: "അപ്പോള്‍ അല്ലാഹുവിന്റെ മതമല്ലാത്ത മറ്റുവല്ല മതവുമാണോ അവര്‍ ആഗ്രഹിക്കുന്നത്‌? (വാസ്തവത്തില്‍) ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അനുസരണയോടെയോ നിര്‍ബന്ധിതമായോ അവന്‌ കീഴ്പ്പെട്ടിരിക്കുകയാണ്‌. അവനിലേക്ക്‌ തന്നെയാണ്‌ അവര്‍ മടക്കപ്പെടുന്നതും"(3:83) അല്ലാഹു എന്ന പദം ഒരു സാമുദായിക വര്‍ഗീയ ദൈവത്തിന്റെ പേരാണെന്ന്‌ ധരിച്ചവരുണ്ടാകാം. പക്ഷെ, എം ജി എസ്‌ അങ്ങനെയാവില്ലെന്നാണ്‌ ഈ ലേഖകന്‍ കരുതുന്നത്‌. അറബ്‌ നാടുകളിലെ എല്ലാ മതക്കാരും പ്രപഞ്ചനാഥനെ കുറിക്കാന്‍ അല്ലാഹു എന്ന പദമാണ്‌ പ്രയോഗിക്കുന്നത്‌. ഒരളവോളം, ദൈവം, ഗോഡ്‌, ഖുദാ എന്നീ പദങ്ങള്‍ പോലെ തന്നെ. അല്ലാഹുവേ, എന്ന്‌ മാത്രമേ വിളിക്കാവൂ എന്ന നിഷ്കര്‍ഷയില്ലെന്ന്‌ സൂചിപ്പിക്കാനായിരിക്കാം ബഷീര്‍ 'യാ ഇലാഹീ' എന്ന, സാമുദായിക സൂചനക്ക്‌ സാധ്യതയില്ലാത്ത വാക്ക്‌ പ്രയോഗിച്ചത്‌. എന്റെ ദൈവമേ എന്നോ ഓ മൈ ഗോഡ്‌ എന്നോ പറയുമ്പോലെ സാമുദായികതയ്ക്കും വര്‍ഗീയതക്കും അതീതമായ പൊതുപദമാണ്‌ 'യാ ഇലാഹീ' എന്നത്‌. ദൈവങ്ങള്‍ എന്ന ബഹുസ്വരം ഒഴിവാക്കി 'എന്റെ ദൈവമേ' എന്ന്‌ ലോകത്തിന്റെ ഏത്‌ കോണില്‍ നിന്ന്‌ ഏത്‌ സമുദായക്കാരന്‍ പ്രാര്‍ഥിച്ചാലും പ്രപഞ്ചനാഥന്‌ അത്‌ സ്വീകാര്യമായിരിക്കും.

അല്ലാഹു എന്ന പദത്തിന്‌ മൗലികമായ ഒരു സവിശേഷതയുണ്ട്‌. ഒരു സാമുദായിക ദൈവത്തെ കുറിക്കുന്നു എന്നതോ മുസ്ലിംകള്‍ അത്യധികം സ്നേഹിക്കുന്ന അറബി ഭാഷാ എന്ന പദം എന്നതോ അല്ല ആ സവിശേഷത. ഗോഡ്സ്‌ എന്നോ ദൈവങ്ങള്‍ എന്നോ ഈശ്വരന്മാര്‍ എന്നോ പറയുന്നതുപോലെ അല്ലാഹു എന്ന പദത്തിന്‌ ബഹുവചനമില്ല എന്നതാണത്‌. എന്നാല്‍ മാനവരാശി മുഴുവന്‍ ആ പേരുതന്നെ വിളിച്ചു പ്രാര്‍ഥിക്കണമെന്ന്‌ പ്രപഞ്ചനാഥന്‌ നിര്‍ബന്ധമില്ല. വിശുദ്ധ ഖുര്‍ആനില്‍ ആ കാര്യവും പറഞ്ഞിട്ടുണ്ട്‌. "പറയുക: നിങ്ങള്‍ അല്ലാഹു എന്ന്‌ വിളിച്ചുകൊള്ളുക അല്ലെങ്കില്‍ റഹ്മാന്‍ (പരമകാരുണികന്‍) എന്ന്‌ വിളിച്ചുകൊള്ളുക. ഏത്‌ തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍" (17:110). ശ്രീ. എം ജി എസ്സിന്‌ മനപ്രയാസം തോന്നുകയില്ലെങ്കില്‍, വിവിധ മതക്കാരായ വിദ്യാര്‍ഥികള്‍ വിഭാഗീയതക്ക്‌ അതീതമായി ഉരുവിടാറുള്ള, 'പരമാണു പൊരുളിലും സ്ഫുരണമായ്‌ മിന്നും പരമപ്രകാശമേ ശരണം നീയെന്നും' എന്ന പ്രാര്‍ഥനശകലം ചൊല്ലാം. പക്ഷെ, ഒരു കാര്യം; ആ പരമപ്രകാശം ഏകമാണ്‌, അവിഭാജ്യമാണ്‌, അവിച്ഛിന്നമാണ്‌, അനിതരമാണ്‌ എന്ന അനിഷേധ്യ യാഥാര്‍ഥ്യം വിസ്മരിക്കരുത്‌. ആ പരമപ്രകാശത്തെ സംബന്ധിച്ച്‌ വിശുദ്ധ ഖുര്‍ആനിലെ പ്രകാശം എന്ന അധ്യായത്തിലെ 35 മുതല്‍ 40 കൂടിയുള്ള സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്‌. അല്‍പം ദീര്‍ഘമായതുകൊണ്ട്‌ ഇവിടെ ഉദ്ധരിക്കുന്നില്ല.

നമ്മുടെയെല്ലാം അസ്തിത്വത്തിന്റെയും വ്യക്തിത്വത്തിന്റെയും സകല സൂക്ഷ്മാംശങ്ങളും ഉരുവം കൊണ്ടത്‌ പിതാവിന്റെ ബീജത്തിന്റെയും മാതാവിന്റെ അണ്ഡത്തിന്റെയും ഡി എന്‍ എ തന്മാത്രകളില്‍ ജഗന്നിയന്താവ്‌ രാസാക്ഷരങ്ങളാല്‍ രേഖപ്പെടുത്തിവെച്ച അഭൂതപൂര്‍വമായ ജനിതക വിവരശേഖരത്തില്‍ നിന്നാണ്‌. ആ വിവരശേഖരം പൂര്‍ണമായി സമാഹരിക്കാന്‍ ചിലപ്പോള്‍ കമ്പ്യൂട്ടറുകള്‍ പോലും അപര്യാപ്തമായിരിക്കും. ബീജവും അണ്ഡവും സംയോജിച്ചുണ്ടായ സിക്താണ്ഡത്തില്‍ നിന്ന്‌ അത്യന്തം സൂക്ഷ്മവും വ്യതിരിക്തവുമായ കോശവിഭജന പ്രക്രിയയിലൂടെ ഏതാനും മാസങ്ങള്‍കൊണ്ട്‌ ലക്ഷണമൊത്ത ശിശു രൂപം കൊള്ളുന്നത്‌ അത്ഭുതങ്ങളില്‍ അത്ഭുതമാണ്‌. ആ അത്ഭുതത്തിന്‌ മകുടം ചാര്‍ത്തുന്നതാണ്‌ നമ്മുടെ മുഴുവന്‍ അറിവുകളുടെ സ്രോതസ്സുകളും മുഴുവന്‍ ചലനങ്ങളുടെ നിയന്ത്രണ കേന്ദ്രങ്ങളും അടങ്ങുന്ന മസ്തിഷ്കമെന്ന മഹാവിസ്മയം. മസ്തിഷ്കം മാത്രമല്ല, ആന്തരാവയവങ്ങള്‍ ഓരോന്നും വിസ്മയമാണ്‌. എന്തിനേറെ, ശരീരകോശങ്ങളോരോന്നും വിസ്മയമാണ്‌. ഇനി ചിന്തിച്ചു നോക്കൂ; ഇവയെല്ലാം പ്രപഞ്ചനാഥന്റെ നിയമവ്യവസ്ഥക്ക്‌ സ്വമേധയാ വിധേയമായിരിക്കുന്നു അഥവാ മുസ്ലിമായിരിക്കുന്നു എന്ന്‌ വിശുദ്ധഖുര്‍ആനില്‍ പറഞ്ഞത്‌ അവാസ്തവമാണെന്നോ അശാസ്ത്രീയമാണെന്നോ പറയാന്‍ വിനയവും സത്യസന്ധതയും നിഷ്പക്ഷതയുമുള്ള ഏത്‌ നിരീക്ഷകര്‍ക്ക്‌ എങ്ങനെയാണ്‌ സാധിക്കുക? അന്ധവും ബധിരവും നിസ്സഹായവുമായ പ്രകൃതിക്കോ പരിണാമം എന്ന പ്രക്രിയക്കോ ഉപര്യുക്ത വിസ്മയങ്ങളൊക്കെ ഡിസൈന്‍ ചെയ്ത്‌ ആവിഷ്കരിക്കാന്‍ എങ്ങനെയാണ്‌ സാധിക്കുക? ആള്‍ദൈവങ്ങളുടെയും ശിലാദൈവങ്ങളുടെയും ഒരു കോണ്‍ഫെഡറേഷനാണ്‌ ഈ മഹാവിസ്മയങ്ങളൊരുക്കിയിരിക്കുന്നതെന്ന്‌ ചിന്താശീലമുള്ള മനുഷ്യര്‍ക്ക്‌ എങ്ങനെയാണ്‌ ബോധ്യപ്പെടുക?

ഇനി ഏകദൈവത്വത്തിന്റെ ബാനറില്‍ ബഹുദൈവത്വത്തിന്റെ വലിയ വല വീശുന്ന അദദ്വ‍ൈതത്തെ /സൂഫിസത്തെ സംബന്ധിച്ച്‌ ചില കാര്യങ്ങള്‍ പറയട്ടെ. പരമസത്യത്തിന്റെ കൊടുമുടി കീഴടക്കാന്‍ വേണ്ടി പര്‍വതാരോഹണം തുടങ്ങിയ പല ബുദ്ധിരാക്ഷസന്മാരും കാലിടറി വീണു നശിച്ച പോയന്റാണ്‌ അദദ്വ‍ൈതം അഥവാ സൂഫിസം. പരമസത്യത്തിന്റെ പരമോന്നത ശിഖരം സര്‍വജ്ഞനായ പ്രപഞ്ചനാഥന്റെ മാത്രം അധീനത്തിലുള്ള സ്ഥാനമാണ്‌. അവിടെ കയറി തന്റെ കൊടി നാട്ടിയേ തീരൂ എന്ന്‌ ഏത്‌ ബുദ്ധിരാക്ഷസന്‍ ശഠിച്ചാലും അത്‌ ധിക്കാരമാണ്‌, അഹങ്കാരമാണ്‌. അഹം ബ്രഹ്മാസ്മി എന്ന്‌ പറയുന്ന അദദ്വ‍ൈത വാദിയും അനല്‍ഹഖ്‌ എന്ന്‌ പറയുന്ന സൂഫിയും 'ഞാന്‍ തന്നെയാണ്‌ പരമസത്യം' എന്ന അഹങ്കാരത്തിന്റെ കൊടി നാട്ടാന്‍ ശ്രമിക്കുകയാണ്‌. പ്രപഞ്ചനാഥന്‍ പരമകാരുണികനാണെങ്കിലും ആ അഹങ്കാരം പൊറുക്കുകയില്ല. അതിനവന്‍ നല്‍കുന്ന ശിക്ഷ ശാശ്വതമായ നരകവാസമായിരിക്കുമെന്ന്‌ വിശുദ്ധ ഖുര്‍ആനിലെ അനേകം സൂക്തങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അപരിഹാര്യമായ ആ ദുരന്തം ഒഴിവാക്കാന്‍ വളരെ എളുപ്പമാണ്‌. സത്യാന്വേഷണത്തിന്റെ സോപാനങ്ങളിലൂടെ കയറിക്കയറി പരമോന്നത ശിഖരത്തിന്റെ തൊട്ടുതാഴെയെത്തിയാല്‍ അവിടെ നിന്ന്‌ മുകളിലേക്ക്‌ നീങ്ങാന്‍ ശ്രമിക്കാതെ, വിനയത്തോടെ ഇങ്ങനെ പറയണം: "അത്യുന്നതനായ ജഗന്നിയന്താവേ, നിന്റെ അപാരമായ അനുഗ്രഹം കൊണ്ട്‌ മാത്രമാണ്‌ ഞാന്‍ ഇത്രത്തോളം എത്തിയത്‌. ഇതില്‍ ഞാന്‍ പൂര്‍ണ സംതൃപ്തനാണ്‌. നിന്റെ വിനീത ദാസനായ ഈ എളിയവന്‍ നിന്നോടൊപ്പം കയറിനില്‍ക്കാന്‍ ഒരിക്കലും ആഗ്രഹിക്കുകയോ ശ്രമിക്കുകയോ ചെയ്യില്ല. അതെനിക്ക്‌ ഭൂഷണമല്ല." താഴ്മയോടെയുള്ള ഈ തുറന്നുപറയലിന്റെ ഫലം നിസ്സീമമായിരിക്കും. ഇഹലോകത്തും തുടര്‍ന്ന്‌ മരണം മുതല്‍ ഉയിര്‍ത്തെഴുന്നേല്‍പുവരെയും അനന്തരം അവസാനമില്ലാത്ത കാലത്തും പ്രപഞ്ചനാഥന്റെ അളവറ്റ അനുഗ്രഹങ്ങള്‍. വിനീതനായ ഉത്തമദാസന്‌ അനന്തമായി അനുഗ്രഹങ്ങള്‍ വാരിക്കോരി നല്‍കുന്ന കാര്യത്തില്‍ ജഗന്നിയന്താവിന്‌ യാതൊരു പിശുക്കുമുണ്ടാവില്ല. അവന്‌ മാത്രമേ അങ്ങനെ നല്‍കാന്‍ കഴിയൂ.

പ്രകടമായ മതാനുഷ്ഠാനങ്ങള്‍ ബഷീര്‍ നിര്‍വഹിക്കാറില്ലായിരുന്നുവെന്നാണ്‌ പറയപ്പെടുന്നത്‌. എന്നാല്‍ 'അണ്ഡകടാഹ'ങ്ങള്‍ സൃഷ്ടിച്ചു സംവിധാനിച്ച കാലത്തിന്റെയും ലോകത്തിന്റെയും അധിപന്‍ അത്യുന്നതനാണെന്നും അവന്റെ മുമ്പില്‍ താന്‍ നിസ്സാരനാണെന്നും തുറന്നുപറയാന്‍ പ്രേരിപ്പിക്കുന്ന വിനയമെന്ന വിശിഷ്ട വികാരം അദ്ദേഹത്തിന്റെ ജീവിതത്തെ ധന്യമാക്കിയിരുന്നുവെന്നാണ്‌ 'യാ ഇലാഹീ' പോലുള്ള അദ്ദേഹത്തിന്റെ ചില കൃതികളിലെ കൊച്ചുകൊച്ചു വാക്യങ്ങള്‍ സൂചിപ്പിക്കുന്നത്‌. ജഗന്നിയന്താവിന്റെ ഔന്നത്യവും തന്റെ നിസ്സാരതയും ഒരാള്‍ അംഗീകരിക്കുക എന്നത്‌ നിസ്സാരകാര്യമല്ല. അല്ലാഹുവിങ്കല്‍ അതിന്‌ വലിയ മൂല്യമുണ്ടാകാം. ഒരു വേള, അനന്തതയിലേക്ക്‌ നീളുന്ന ശാശ്വത ഭാഗ്യങ്ങളുടെ 'വില' യാകാന്‍ മാത്രമുള്ള മൂല്യം.

ദീര്‍ഘ ദീര്‍ഘമായ പഠനമനനങ്ങളുടെ ഫലമായി വാര്‍ധക്യകാലത്ത്‌ തെളിഞ്ഞുകിട്ടുന്ന മൗലിക സത്യങ്ങളെപ്പോലും പിച്ചും പേയും എന്ന വകുപ്പില്‍ പെടുത്താന്‍ വെമ്പുന്ന യൗവനത്തിന്റെ അപക്വ ധാരണ എം ജി എസ്‌ ഇപ്പോഴും ഒഴിവാക്കാതിരിക്കുന്നത്‌ നല്ല ലക്ഷണമല്ലെന്ന്‌ വിനയപുരസ്സരം ചൂണ്ടിക്കാണിക്കട്ടെ. സൃഷ്ടിപരമായ കഴിവ്‌ എന്ന്‌ പറയുമ്പോള്‍ അദ്ദേഹം ഉദ്ദേശിക്കുന്നത്‌ കാല്‍പനിക സാഹിത്യരചനക്കുള്ള കഴിവ്‌ മാത്രമാണെങ്കില്‍ അദ്ദേഹത്തിന്റെ ചരിത്രഗവേഷണ കൃതികള്‍ക്ക്‌ പോലും സൃഷ്ടിപരമായ മൂല്യമില്ലെന്നല്ലേ വരിക? ഒരു സാമുദായിക മതത്തിന്റെ ചട്ടക്കൂടിനുള്ളിലേക്ക്‌ ഒതുങ്ങിക്കൂടിക്കൊണ്ട്‌ ബഷീര്‍ എന്തെങ്കിലും എഴുതിയതായി അറിയില്ല. അണ്ഡകടാഹ വ്യവസ്ഥയെയും ദൈവത്തിന്റെ ഖജനാവില്‍ മാത്രമുള്ള കാലത്തെയും മറ്റും സംബന്ധിച്ച്‌ ബഷീര്‍ എഴുതിയതില്‍ സങ്കുചിത ചിന്തകളുടെ നിഴലുകള്‍ ദര്‍ശിക്കുന്നതിന്റെ ന്യായം പിടികിട്ടുന്നില്ല.

പ്രശ്നങ്ങളുണ്ടാക്കുന്ന എന്തൊക്കെ കാര്യങ്ങളാണ്‌ ഖുര്‍ആനിലുള്ളതെന്ന്‌ എം ജി എസ്‌ വിശദീകരിച്ചതായി പത്രറിപ്പോര്‍ട്ടില്‍ കാണുന്നില്ല. എന്നാല്‍ ഈ ലേഖകന്റെ നിരീക്ഷണ പ്രകാരം എക്കാലത്തെയും എല്ലാ മനുഷ്യര്‍ക്കും അടിസ്ഥാനജീവിതപ്രശ്നങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ ഉചിതമായ മാര്‍ഗദര്‍ശനം നല്‍കുന്നുണ്ട്‌. ഗര്‍ഭസ്ഥ ശിശുവിന്റെ മാനസികവും ശാരീരികവുമായ ക്ഷേമം ഉറപ്പ്‌ വരുത്താനുള്ള ഒരു മാര്‍ഗ നിര്‍ദേശം വിശുദ്ധ ഖുര്‍ആനിലുണ്ട്‌. ദാമ്പത്യം തകര്‍ന്നാല്‍ പോലും മുലകുടിപ്രായത്തിലുള്ള ശിശുവിന്‌ അനിതര പോഷകപാനീയമായ മുലപ്പാല്‍ രണ്ടു വയസ്സുവരെ ലഭ്യമായിക്കൊണ്ടിരിക്കുന്നു എന്ന്‌ ഉറപ്പ്‌ വരുത്താനുള്ള മാര്‍ഗനിര്‍ദേശവുമുണ്ട്‌. ദാമ്പത്യത്തെ ശൈഥില്യത്തിന്റെ നിമിത്തങ്ങളില്‍ നിന്നെല്ലാം മുക്തമാക്കി ഇഴുക്കവും ഇണക്കവും നിലനിര്‍ത്തുന്നതിന്‌ ഉപയുക്തമായ ബൃഹത്തായ മാര്‍ഗദര്‍ശനം തന്നെ ദൈവിക ഗ്രന്ഥത്തിലുണ്ട്‌. ജീവിതത്തിന്റെ സായം സന്ധ്യയിലെത്തിയ മാതാപിതാക്കള്‍ക്ക്‌ അവശതകളിലും വിവശതകളിലും വ്യഥകളിലും താങ്ങാകണമെന്ന്‌ സന്തതിയോട്‌ കര്‍ശനമായി അനുശാസിക്കുന്ന സൂക്തവുമുണ്ട്‌.

ഒരു വ്യാജപ്രവാചകന്റെ അനുയായികളായ അഹ്മദികള്‍ അഥവാ ഖാദിയാനികള്‍ പോലും വിശുദ്ധ ഖുര്‍ആന്‍ അന്തിമ വേദഗ്രന്ഥമല്ലെന്ന്‌ വാദിക്കാന്‍ ഇതുവരെ മുതിര്‍ന്നിട്ടില്ല. എം ജി എസിന്‌ എവിടെ നിന്നോ തെറ്റായ വിവരം ലഭിച്ചതായിരിക്കും. സ്വന്തമായി ഒരു വേദഗ്രന്ഥമോ വ്യതിരിക്തമായ ഒരു മതധര്‍മസംഹിതയോ നല്‍കപ്പെട്ടിട്ടില്ലാത്ത ഒരു നിഴല്‍ പ്രവാചകനാണ്‌ മീര്‍സാഗുലാം അഹ്മദ്‌ എന്നാണ്‌ ഖാദിയാനികള്‍ വാദിക്കുന്നത്‌. പ്രവാചകത്വത്തിന്റെ ഒരു നിഴല്‍പാവക്കൂത്ത്‌ എന്ന്‌ വിശേഷിപ്പിക്കാമെന്ന്‌ തോന്നുന്നു. എന്തായിരുന്നാലും, വ്യാജപ്രവാചകന്റെ അനുയായികളെ ചുട്ടുകൊല്ലണമെന്ന്‌ അല്ലാഹുവോ മുഹമ്മദ്‌ നബിയോ വിധിച്ചിട്ടില്ല എന്ന കാര്യം പ്രസ്താവ്യമാകുന്നു.

കാലോചിതമായ മാറ്റങ്ങള്‍ എന്ന വിഷയത്തെക്കുറിച്ചും ചിലത്‌ പറയേണ്ടതുണ്ട്‌. ഈ കാലത്ത്‌ സ്വവര്‍ഗരതിക്ക്‌ വേണ്ടി വാദിക്കുന്ന ദശലക്ഷക്കണക്കിലാളുകള്‍ പാശ്ചാത്യനാടുകളിലുണ്ട്‌. ചില രാഷ്ട്രങ്ങളില്‍ സ്വവര്‍ഗവിവാഹത്തിന്‌ നിയമസാധുത നല്‍കിയിട്ടുമുണ്ട്‌. അതിനാല്‍, സ്വവര്‍ഗരതി മ്ലേച്ഛമാണെന്ന്‌ വിധിക്കുന്ന ഖുര്‍ആനിക നിയമം കാലികമായി ഭേദഗതി ചെയ്യണമെന്ന്‌ ശ്രീ. എം ജി എസ്‌ വാദിക്കുമോ എന്നറിഞ്ഞുകൂടാ. സ്ത്രീയുടെയും പുരുഷന്റെയും മനസ്സിന്റെ പാരസ്പര്യം, ശാരീരികപ്പൊരുത്തം, ജനനേന്ദ്രിയങ്ങളുടെ സംയോജകത എന്നീ കാര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന വിവേകമതികള്‍ക്ക്‌ സ്വവര്‍ഗരതി മനുഷ്യപ്രകൃതിക്ക്‌ വിരുദ്ധമാണെന്ന യാഥാര്‍ഥ്യം അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. യുഗപ്പകര്‍ച്ചകള്‍ക്ക്‌ മാറ്റാനാകാത്ത കാലാതീത സത്യമാണ്‌ അതെന്ന്‌ ഈ ലേഖകന്‍ വിശ്വസിക്കുന്നു.

വിവാഹം പഴഞ്ചനും പിന്തിരിപ്പനും ചൂഷണാധിഷ്ഠിതവുമാണെന്നും സ്ത്രീകളുടെയും പുരുഷന്മാരുടെയും പൂര്‍ണമായ ലൈംഗിക സാഫല്യത്തിന്‌ തടസ്സമാണെന്നും വാദിക്കുന്ന കുറെ ബുദ്ധിജീവികളും സാഹിത്യകാരന്മാരും സാമൂഹ്യശാസ്ത്രജ്ഞരും മറ്റും ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്‌. ഇവരുടെ സംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്‌. കേരളത്തിലുമുണ്ട്‌ ഇത്തരം കുറച്ചു പേര്‍. ഇതൊരു കാലിക പ്രവണതയാണെന്ന്‌ പറയപ്പെടുന്നു.

ലൈംഗിക സാക്ഷാത്കാരത്തിന്റെ നൂതന ചക്രവാളങ്ങള്‍ കണ്ടെത്താന്‍ ഇവരില്‍ ചിലര്‍ ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്നു. ഇവരുടെ നിലപാടുകളെ കാലോചിതമെന്ന്‌ വിശേഷിപ്പിച്ച്‌ ശ്രീ. എം ജി എസ്‌ ശ്ലാഘിക്കുമോ എന്നറിഞ്ഞുകൂടാ. പാശ്ചാത്യ രാജ്യങ്ങളില്‍ യുവതീയുവാക്കള്‍ ഫ്രീ സെക്സ്‌ ഒരു പുതിയ സംസ്കാരമായി, ഒരു പുതിയ മതമായി വാരിപ്പുണര്‍ന്നപ്പോള്‍ പുതിയ തലമുറയുടെ ഗണ്യമായ ഭാഗം 'ഫാദര്‍ലെസ്‌' ആയിമാറി എന്നതാണ്‌ അനുഭവം. ശൈശവത്തിനും വാര്‍ധക്യത്തിനും കാരുണ്യത്തിന്റെ കൈത്താങ്ങ്‌ നഷ്ടപ്പെടുക എന്നതായിരുന്നു അതിന്റെ ഒരു പാര്‍ശ്വഫലം.

വള്ളത്തോളും ആശാനും ഉള്‍പ്പെടെ സകല സാഹിത്യകാരന്മാരും ബുദ്ധിജീവികളും ഒരര്‍ഥത്തില്‍ തൊണ്ണൂറ്റൊമ്പത്‌ ശതമാനത്തോളം മുസ്ലിമാണെന്നാണ്‌ ഈ ലേഖകന്‍ വിശ്വസിക്കുന്നത്‌. ഒരു മതസമുദായത്തിലെ മെമ്പര്‍ എന്ന അര്‍ഥത്തിലല്ല ഇവിടെ മുസ്ലിം എന്ന പദം പ്രയോഗിച്ചത്‌. പ്രപഞ്ച നാഥന്റെ സൃഷ്ടിവ്യവസ്ഥക്ക്‌ അനിവാര്യമായി വിധേയപ്പെട്ടത്‌ എന്ന അര്‍ഥമാണ്‌ ഇവിടെ ഉദ്ദേശിച്ചത്‌. അവരുടെ ബാഹ്യവും ആന്തരികവുമായ അവയവങ്ങളെല്ലാം പ്രപഞ്ചനാഥന്റെ അനിതരമായ ഡിസൈനിംഗിന്‌ വിധേയമായിടുള്ളവയാണ്‌. അവയെല്ലാം സവിശേഷവും സങ്കീര്‍ണവുമായ ജൈവധര്‍മങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്‌ പ്രപഞ്ചനാഥന്‍ അതിവിദഗ്ധമായി പ്രോഗ്രാം ചെയ്തപ്രകാരം മാത്രമാണ്‌. യാതൊരു പ്രതിഭാശാലിക്കും ഈ വിഷയത്തിലൊന്നും യാതൊരു പങ്കുമില്ല.

സകല പ്രതിഭാശാലികളുടെയും കോടാനുകോടി സാധാരണ കോശങ്ങളും പ്രജനനത്തിനായുള്ള അര്‍ധകോശങ്ങളും പ്രതിഭയുടെ ദീപ്തി പ്രസരിപ്പിക്കുന്ന മസ്തിഷ്ക കോശങ്ങളും അവയുടെ ജൈവധര്‍മം നിറവേറ്റുന്നത്‌ അവരുടെ ആദി ബീജത്തിലെ ഡി എന്‍ എ തന്മാത്രകളില്‍ ജഗന്നിയന്താവ്‌ രാസാക്ഷരങ്ങളില്‍ കുറിച്ചുവെച്ചിട്ടുള്ള അതിഭീമമായ വിവരശേഖരത്തില്‍ നിര്‍വചിക്കപ്പെട്ട പ്രകാരം മാത്രമാണ്‌. ചുരുക്കത്തില്‍ പ്രതിഭാശാലികളുടെയെല്ലാം അസ്തിത്വത്തിന്റെ ഏറെക്കുറെ സൂക്ഷ്മ തലങ്ങളിലൊക്കെയും പ്രപഞ്ചനാഥന്റെ ഹിതം മാത്രമാണ്‌ നടപ്പാകുന്നത്‌. പിന്നെ അവശേഷിക്കുന്നത്‌ അവരുടെ വ്യക്തിത്വത്തിന്റെ സ്വതന്ത്ര തലങ്ങളാണ്‌. അവിടേക്കുമുണ്ട്‌ പ്രപഞ്ചനാഥന്റെ വിശിഷ്ട മാര്‍ഗദര്‍ശനം. നന്മകളാല്‍ ധന്യമായ വാഗ്‌ വിചാര കര്‍മങ്ങളെല്ലാം അവന്‍ മനുഷ്യര്‍ക്ക്‌ അനുവദിച്ചിട്ടുണ്ട്‌. ജീവിതത്തിന്റെ ഏതെങ്കിലും മേഖലയില്‍ ദോഷം വരുത്തുന്ന കാര്യങ്ങള്‍ മാത്രമാണ്‌ അവന്‍ നിരോധിച്ചിട്ടുള്ളത്‌. പരമകാരുണികനും സര്‍വജ്ഞനും സ്നേഹസമ്പന്നനുമായ പ്രപഞ്ചനാഥനെ മാര്‍ഗദര്‍ശിയായി സ്വീകരിക്കാനും അവനെ മാത്രം ആരാധിക്കാനും പ്രാര്‍ഥിക്കാനും സ്വന്തം ഈഗോ തടസ്സമാകാത്തവര്‍ക്ക്‌ സ്വതന്ത്രമായ വര്‍ത്തനങ്ങളുടെ തലത്തിലും മുസ്ലിമാകാം. അഥവാ പ്രപഞ്ചനാഥന്റെ ഹിതത്തിന്‌ സ്വമേധയാ വിധേയപ്പെടാം. അതിന്റെ നേട്ടം അറ്റമില്ലാത്ത കാലത്തേക്ക്‌ നീണ്ടുനില്‍ക്കുന്ന സൗഭാഗ്യങ്ങളായിരിക്കും. ലോകരക്ഷിതാവിന്റെ ഹിതത്തിന്‌ സ്വന്തം ഈഗോയെ കീഴ്പ്പെടുത്താന്‍ തയ്യാറില്ലാത്തവര്‍ ശാശ്വതമായ നരകശിക്ഷ അനുഭവിക്കേണ്ടിവരും. രാജാധിരാജന്റെ കാരുണ്യത്തിനും ഗുണകാംക്ഷക്കും വില കല്‍പിക്കാത്തതിനുള്ള ശിക്ഷയാണത്‌.

"ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പര്‍വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും മനുഷ്യരില്‍ കുറെ പേരും അല്ലാഹുവെ പ്രണമിക്കുന്നു എന്ന്‌ നീ കണ്ടില്ലേ? (വേറെ) കുറെ പേരുടെ കാര്യത്തില്‍ ശിക്ഷ സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും അപമാനിതനാക്കുന്ന പക്ഷം അവനെ ബഹുമാനിക്കാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിച്ചത്‌ ചെയ്യുന്നു."(വി.ഖു. 22:18)

"ആകയാല്‍, ആകാശങ്ങളുടെ രക്ഷിതാവും ഭൂമിയുടെ രക്ഷിതാവും ലോകരുടെ രക്ഷിതാവുമായ അല്ലാഹുവിനാണ്‌ സ്തുതി. ആകാശങ്ങളിലും ഭൂമിയിലും അവന്‌ തന്നെയാകുന്നു മഹത്വം. അവന്‍ തന്നെയാകുന്നു പ്രതാപിയും യുക്തിമാനും."(വി.ഖു. 45:36,37)

09 May 2009

പന്നിപ്പനി: വഴിതെറ്റിയ വൈദ്യശാസ്ത്രം വരുത്തിവെച്ച വിന

പന്നിപ്പനി: വഴിതെറ്റിയ വൈദ്യശാസ്ത്രം വരുത്തിവെച്ച വിന
SHABAB Friday, 08 May 2009
ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌

പനിയുടെ ലോകത്ത്‌ പേരുകള്‍ക്ക്‌ ഒരു പഞ്ഞവുമില്ല. എലിപ്പനിക്കും ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയയ്ക്കും പക്ഷിപ്പനിക്കും ശേഷം ഇപ്പോള്‍ പന്നിപ്പനിയുടെ ഊഴമാണ്‌. ലോക ആരോഗ്യസംഘടന ഇപ്പോള്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌ ലോകജനതയുടെ മനസ്സില്‍ പന്നിപ്പനിയെ സംബന്ധിച്ച ഭയം ഒരു ഒഴിയാബാധയെന്നോണം നിലനിര്‍ത്താനാണ്‌. നിലവിലുള്ള ഏതെങ്കിലും മരുന്നു മുഖേന ഈ വൈറല്‍പനിയുടെ വ്യാപനം തടയുക പ്രയാസമായിരിക്കുമെന്നാണ്‌ ലോകജനതയുടെ ആരോഗ്യം അപകടത്തിലാകാതിരിക്കാന്‍ വേണ്ടതൊക്കെ ചെയ്യുന്നുവെന്ന്‌ ഭാവിക്കുന്ന ലോകസംഘടനയുടെ പേരില്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട്‌. പന്നിപ്പനിക്ക്‌ ഫലപ്രദമായ മരുന്നൊന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ലെന്നര്‍ഥം. ചിക്കുന്‍ഗുനിയയും പക്ഷിപ്പനിയും എങ്ങനെയൊക്കെയോ നിയന്ത്രണ വിധേയമായെങ്കിലും അവയ്ക്കും പ്രത്യേക മരുന്നുകള്‍ നിലവിലില്ല എന്നതുതന്നെയാണ്‌ സത്യം. എന്നാലും ബില്യന്‍ കണക്കില്‍ രൂപയുടെ മരുന്നുകച്ചവടം തിരുതകൃതിയായി നടക്കുന്നുണ്ട്‌. ദല്‍ഹിയില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്‌, ഒരു ദശലക്ഷം ഡോസ്‌ മരുന്ന്‌ ഇപ്പോള്‍ സ്റ്റോക്കുണ്ടെന്നും ഇനിയും ഒരു ദശലക്ഷം വൈകാതെ ലഭ്യമാക്കുമെന്നുമാണ്‌.

പന്നിപ്പനിയെ കീഴടക്കാന്‍ കഴിവുള്ള യാതൊരു മരുന്നും ഗവേഷകര്‍ ഇനിയും കണ്ടെത്തിയിട്ടില്ല എന്നതാണ്‌ ലോകാരോഗ്യ സംഘടനയ്ക്ക്‌ അറിയാവുന്ന യാഥാര്‍ഥ്യമെങ്കില്‍ ദല്‍ഹിയില്‍ ഒരുക്കിവെക്കുന്ന ഇരുപത്‌ ലക്ഷം ഡോസ്‌ മരുന്ന്‌ ഏതാണ്‌? നിലവിലുള്ള ആന്റിബയോട്ടിക്കുകളില്‍ വീര്യംകൂടിയ ഏതെങ്കിലും ഒരിനമാകാനേ സാധ്യതയുള്ളൂ. ഇതുപോലുള്ള ചില മരുന്നുകള്‍ തന്നെയാണ്‌ ചിക്കുന്‍ഗുനിയക്കെതിരിലും വ്യാപകമായി പ്രയോഗിക്കപ്പെട്ടത്‌. യഥാര്‍ഥത്തില്‍ ഇത്‌ ഇരുട്ടില്‍ തപ്പുന്ന ഏര്‍പ്പാട്‌ മാത്രമാണ്‌. ഒരു പ്രത്യേക വൈറസിന്റെ വ്യാപനം തടയാന്‍ അതിന്നെതിരില്‍ പരീക്ഷിച്ച്‌ തെളിയിക്കപ്പെട്ട മരുന്ന്‌ പ്രയോഗിക്കുന്നത്‌ മാത്രമേ ശാസ്ത്രീയമാവുകയുള്ളൂവെങ്കില്‍ പല പനികള്‍ക്കും ഇപ്പോള്‍ മുഖ്യധാരാ ചികിത്സകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌ തികച്ചും അശാസ്ത്രീയമായ ചികിത്സയാണെന്ന്‌ പറയാതെ വയ്യ. ഈ അശാസ്ത്രീയ ചികിത്സയ്ക്കാണ്‌ കോടിക്കണക്കില്‍ രൂപ പൊതുഖജനാവില്‍ നിന്ന്‌ ചെലവഴിക്കുന്നത്‌.

എന്തൊക്കെയായാലും ഇത്തരം ആന്റിബയോട്ടിക്ക്‌ മരുന്നുകള്‍ തന്നെയല്ലേ മിക്ക പകര്‍ച്ചപ്പനികളും നിയന്ത്രണവിധേയമാക്കാന്‍ സഹായകമായത്‌ എന്നാണ്‌ അധികമാളുകളും ചിന്തിക്കുന്നത്‌. അവഗണിച്ചുതള്ളാന്‍ പറ്റാത്ത ഒരു കാഴ്ചപ്പാടാണിതെങ്കിലും അതിനപ്പുറം മൗലികമായ പല സത്യങ്ങളുണ്ട്‌. ബഹുജനങ്ങളും ആരോഗ്യശാസ്ത്ര വിദഗ്ധരും അവയൊക്കെ വിസ്മരിക്കുകയോ അവഗണിക്കുകയോ ആണ്‌ പതിവ്‌. ഒന്ന്‌, വൈറസുകള്‍ ശരീരത്തില്‍ കടന്നുകൂടുന്നതുകൊണ്ട്‌ മാത്രമല്ല രോഗബാധയുണ്ടാകുന്നത്‌. വൈറസിന്‌ കീഴടങ്ങാന്‍ പാകത്തില്‍ ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ ദുര്‍ബലമാകുമ്പോള്‍ മാത്രമാണ്‌ പനിയും മറ്റു രോഗലക്ഷണങ്ങളും പ്രകടമാകുന്നത്‌.

രണ്ട്‌, പ്രതിരോധ വ്യവസ്ഥ ബലഹീനമാകുന്നതിന്‌ പല കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടാറുണ്ടെങ്കിലും അന്തിമ വിശകലനത്തില്‍ ഒരു കാരണമേ ഉള്ളൂ. ശരീരകോശങ്ങളുടെ അപചയം (degeneration of body cells)ആണത്‌. രോഗശമനത്തിന്‌ പല കാരണങ്ങള്‍ വിലയിരുത്തപ്പെടാറുണ്ട്‌. എന്നാല്‍ സുഖപ്രാപ്തിയിലേക്ക്‌ നയിക്കുന്ന മൗലികമായ ഘടകം ഒന്നേയുള്ളൂ. ശരീരകോശങ്ങളുടെ പുനരുജ്ജീവനം (Regeneration of body cells) ആണത്‌. ആന്റിബയോട്ടിക്ക്‌ ഔഷധങ്ങളില്‍ ഒന്നുപോലും കോശങ്ങളുടെ പുനരുജ്ജീവനത്തിന്‌ സഹായകമാകുന്നില്ല എന്ന്‌ മാത്രമല്ല, അവയില്‍ പലതും കോശങ്ങളുടെ അപചയത്തിന്‌ നിമിത്തമാകുന്നുമുണ്ട്‌.

മൂന്ന്‌, എല്ലാ ജീവിവര്‍ഗങ്ങളുടെയും പൊതുസ്വഭാവമാണ്‌ പ്രതികൂല സാഹചര്യങ്ങളെ തരണംചെയ്ത്‌ അതിജീവിക്കാനുള്ള കഴിവ്‌. കീടനാശിനികളുടെ വ്യാപകവും നിരന്തരവുമായ പ്രയോഗം നിമിത്തം വിഷങ്ങള്‍ക്കൊന്നും വഴങ്ങാത്ത കീടങ്ങള്‍ രംഗത്തുവന്നതുപോലെയാണ്‌ ആന്റിബയോട്ടിക്‌ മരുന്നുകളുടെ ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള പ്രയോഗം നിമിത്തം പഴയ മരുന്നുകള്‍ക്കൊന്നും വഴങ്ങാത്ത ബാക്ടീരിയകളും വൈറസുകളും വളര്‍ന്നുവരുന്നത്‌. പുതിയ വീര്യംകൂടിയ മരുന്നുകള്‍ കണ്ടുപിടിച്ച്‌ പ്രയോഗിച്ചാലും മ്യൂട്ടേഷന്‍ എന്ന പ്രക്രിയയിലൂടെ കൂടുതല്‍ അതിജീവനശേഷിയുള്ള രോഗാണുക്കള്‍ വളര്‍ന്നുവരും. ഇത്‌ ആരോഗ്യസേവനരംഗത്ത്‌ നിരന്തരം വെല്ലുവിളികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കും.

നാല്‌, എല്ലാ ആന്റിബയോട്ടിക്‌ മരുന്നുകളും രോഗാണുക്കളെ നശിപ്പിക്കുന്നതോടൊപ്പം ശരീരകോശങ്ങള്‍ക്ക്‌ അപചയവും നാശവും വരുത്തിവെക്കുന്നുമുണ്ട്‌. വീണ്ടും വീണ്ടും ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്ന ചിലരുടെ ആരോഗ്യസ്ഥിതി അപരിഹാര്യമാംവിധം മോശമാകുന്നതിന്റെ കാരണം ഇതാണ്‌. ശരീരകോശങ്ങളുടെ പുനരുജ്ജീവനം ഇവരുടെ കാര്യത്തില്‍ മിക്കവാറും അസാധ്യമാകും.

അഞ്ച്‌, ആന്റിബയോട്ടിക്കുകള്‍ കഴിച്ചാലും ഇല്ലെങ്കിലും മൂന്നോ നാലോ ദിവസംകൊണ്ട്‌ സുഖപ്പെടുന്നതാണ്‌ മിക്ക പനികളും. ഇത്തരം മരുന്നുകള്‍ ഒട്ടും കഴിക്കാത്ത പലര്‍ക്കും പനികള്‍ വളരെ വേഗം സുഖപ്പെടുന്നതായി അനുഭവമുണ്ട്‌. അല്‍പം ക്ഷമിച്ചാല്‍ ഔഷധസേവ കൂടാതെ തന്നെ രോഗം സുഖമാകുമെന്നുണ്ടെങ്കില്‍ പലവകയില്‍ ലാഭമാണ്‌. ഡോക്ടര്‍ക്കും മരുന്നിനുമുള്ള ചെലവ്‌ ഒഴിവാക്കാം. ശരീരകോശങ്ങള്‍ക്ക്‌ അപചയം സംഭവിക്കാതെ സൂക്ഷിക്കാം. പനി നിത്യസന്ദര്‍ശകനാകുന്ന അവസ്ഥയ്ക്ക്‌ മാറ്റം വരും. പക്ഷെ, അല്‍പം ക്ഷമ വേണം. അടിസ്ഥാനമില്ലാത്ത ഭയങ്ങളോട്‌ വിടപറയാന്‍ കഴിയണം.

ആറ്‌, ലോകാരോഗ്യസംഘടനയും ഭരണകൂടങ്ങളും ഒരു പനിയെ ഹിറ്റ്ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതോടെ സാമാന്യജനങ്ങള്‍ ഭയത്തിന്റെ പിടിയിലമരുകയാണ്‌. അതോടെ അവരുടെ പ്രതിരോധവ്യവസ്ഥ ദുര്‍ബലമാവുകയും വൈറസുകള്‍ക്ക്‌ അവരെ കീഴടക്കുക എളുപ്പമാവുകയും ചെയ്യുന്നു. ലോകമാകെ പന്നിപ്പനിയെ സംബന്ധിച്ച ഭയം പരന്നാല്‍ ആഗോള ഔഷധക്കുത്തകകള്‍ക്ക്‌ സഹസ്രകോടികള്‍ വാരിക്കൂട്ടാം എന്നതൊഴിച്ചാല്‍ മാനവരാശിക്ക്‌ വേറെ മൗലിക നേട്ടമൊന്നും ഉണ്ടാവില്ല.

പനിയുടെ ഭീകരപ്പതിപ്പുകളെയൊന്നും പേടിക്കാതെ ജീവിക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഒന്ന്‌, ജങ്ക്‌ ഫുഡ്‌ എന്ന്‌ വിളിക്കപ്പെടുന്ന എല്ലാ ചവറ്‌ ഭക്ഷണങ്ങളും ഒഴിവാക്കി പടച്ചവന്‍ പടച്ച മൗലികത്വമുള്ള ഭക്ഷ്യവസ്തുക്കള്‍ കൊണ്ട്‌ മതിയാക്കുക. സാക്ഷാല്‍ ശുദ്ധജലവും കളങ്കിതമാകാത്ത പഴങ്ങളുടെ സത്തും ഒഴികെയുള്ള സകല പാനീയങ്ങളും ഒഴിവാക്കുക. രണ്ട്‌, ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ചാലനാത്മകമാകാന്‍ ഉപകരിക്കുന്ന ജോലികളിലോ വ്യായാമങ്ങളിലോ ഏര്‍പ്പെടുക. മൂന്ന്‌, മരുന്നുകളെ ആശ്രയിക്കേണ്ടിവരുകയാണെങ്കില്‍ കോശങ്ങളുടെ പുനരുജ്ജീവനത്തിന്‌ സഹായകമാകുന്ന മരുന്നാണെന്ന്‌ ഉറപ്പ്‌ വരുത്തുക.

നാല്‌, ശരീരത്തില്‍ നിന്നുള്ള മാലിന്യ-വിഷ വിസര്‍ജനം ഉചിതമായ അളവില്‍ നടക്കാത്തതാണ്‌ കോശങ്ങളുടെ അപചയത്തിന്‌ മുഖ്യകാരണമെന്ന്‌ മനസ്സിലാക്കി ശരീരത്തിന്റെ ഉള്ള്‌ ശുദ്ധീകരിക്കാന്‍ ഉപയുക്തമാകുന്ന ആഹാരപാനീയങ്ങള്‍ക്ക്‌ (detoxicating regimen) മുന്‍ഗണന നല്‍കുക. പഴങ്ങളും പച്ചക്കറികളും അവയുടെ ജ്യോൂസുകളുമാണ്‌ ഈ ഇനത്തില്‍ പ്രധാനം. വിശുദ്ധ ഖുര്‍ആനില്‍ പേരുപറഞ്ഞ ഏക ഔഷധമായ തേന്‍ ചേര്‍ത്ത വെള്ളമാണ്‌ കോശങ്ങളുടെ പുനരുജ്ജീവനത്തിനും മാലിന്യ-വിഷ വിസര്‍ജനത്തിനും ഒരുപോലെ സഹായകമാകുന്നതും ഭൂമിയിലെങ്ങും എക്കാലത്തും ലഭ്യമാകുന്നതുമായ അമൂല്യമായ ഔഷധച്ചേരുവ.Related posts
പനി: ആരോഗ്യശാസ്‌ത്രത്തിലും നബിചര്യയിലും 


പന്നിപ്പനി: വഴിതെറ്റിയ വൈദ്യശാസ്ത്രം വരുത്തിവെച്ച വിന 


എന്താണ്‌ രോഗം, എന്താണ്‌ ആരോഗ്യം? ചികിത്സാശാസ്ത്രം വിസ്മരിക്കുന്ന മൗലികതത്വങ്ങള്‍ 


ഭേദമാക്കുകയല്ല; രോഗം `മാറ്റുക'യാണ്‌ ആധുനിക വൈദ്യം - shabab weekly 02 March 2012.- ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്‌ 

07 May 2009

നമ്മുടെ പ്രശ്നം മറ്റുള്ളവരോ? --ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌നമ്മുടെ പ്രശ്നം മറ്റുള്ളവരോ?
SHABAB Weekly Friday, 01 May 2009

ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌

മനുഷ്യരില്‍ അധികപേരും എന്തിനെയെങ്കിലും, ആരെയെങ്കിലും പഴിച്ചുകൊണ്ടിരിക്കുന്നവരാണ്‌. അല്ലാഹു തങ്ങളെ കൈവെടിയുകയും കഷ്ടത്തിലാക്കുകയും ചെയ്തതിന്റെ പേരില്‍ സങ്കടം പറഞ്ഞുനടക്കുന്നവരായിരിക്കും വേറെ ചിലര്‍. കുഴപ്പം സ്വന്തം കാഴ്ചപ്പാടിലും സമീപനങ്ങളിലും തന്നെയാണ്‌ എന്ന യാഥാര്‍ഥ്യം പ്രമാണമാക്കി ജീവിക്കാന്‍ തീരുമാനിച്ചവര്‍ പോലും ഇതരരുടെ പോരായ്മകളിലാണ്‌ മിക്കപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. മിക്ക മുസ്ലിംകളോടും കുശലാന്വേഷണം നടത്തിയാല്‍ ആദ്യം ലഭിക്കുന്ന മറുപടി അല്‍ഹംദുലില്ലാഹ്‌ എന്നോ സുഖമാണ്‌ എന്നോ ആയിരിക്കും. സംസാരം വിശദാംശങ്ങളിലേക്ക്‌ നീങ്ങിയാല്‍ അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളിലുള്ള സംതൃപ്തിയേക്കാള്‍ പ്രകടമാകുന്നത്‌ പലതരം പരാതികളും പരിഭവങ്ങളുമായിരിക്കും.

തങ്ങളുടെ കഷ്ടനഷ്ടങ്ങള്‍ക്കും പരാജയങ്ങള്‍ക്കും ഉത്തരവാദികള്‍ മാതാപിതാക്കളാണെന്ന്‌ സമര്‍ഥിച്ച്‌ സ്വയം ന്യായീകരിക്കാന്‍ ശ്രമിക്കുന്ന ചില ചെറുപ്പക്കാരെ കാണാം. ചിലര്‍ കുറ്റമാരോപിക്കുന്നത്‌ മാതാവിന്റെയോ സഹോദരന്മാരുടെയോ പേരിലായിരിക്കും. കുടുംബത്തിലെ പ്രശ്നങ്ങള്‍ക്കൊക്കെ കാരണം ഭാര്യയാണെന്ന്‌ ആരോപിക്കുന്ന ഭര്‍ത്താക്കന്മാരെയും ഭര്‍ത്താവാണെന്ന്‌ ആരോപിക്കുന്ന ഭാര്യമാരെയും ധാരാളമായി കാണാം. പ്രായമായ മാതാപിതാക്കളും ചെറുപ്പക്കാരായ മക്കളും പരസ്പരം കുറ്റപ്പെടുത്തുന്ന സംഭവങ്ങളും സര്‍വ സാധാരണമാകുന്നു. ചിലര്‍ എല്ലാ കുഴപ്പങ്ങള്‍ക്കും അയല്‍ക്കാരെയോ ബന്ധുക്കളെയോ പഴിചാരുന്നു. ചില സ്ത്രീകള്‍ കരുതുന്നത്‌ തങ്ങള്‍ അനുഭവിക്കുന്ന രോഗങ്ങളും ദുരിതങ്ങളുമെല്ലാം ആരോ കൂടോത്രം ചെയ്തതിന്റെ ഫലമാണെന്നത്രെ. നഷ്ടം നേരിടുന്ന ചില കച്ചവടക്കാരും ദുര്‍മന്ത്രവാദത്തെയാണ്‌ അതിന്റെ കാരണമായി ഗണിക്കുന്നത്‌. ആ സാറിന്റെ ക്ലാസ്‌ മോശമായതുകൊണ്ടാണ്‌ എനിക്ക്‌ മാര്‍ക്ക്‌ തീരെ കുറഞ്ഞത്‌ എന്നായിരിക്കും ചില വിദ്യാര്‍ഥികള്‍ക്ക്‌ പറയാനുള്ളത്‌. മാനേജര്‍, മേലുദ്യോഗസ്ഥന്‍, പ്രധാനാധ്യാപകന്‍ തുടങ്ങി പലരും ഇങ്ങനെ കുറ്റം ചുമത്തപ്പെടാറുണ്ട്‌.

രാഷ്ട്രീയക്കാര്‍ പൊതുവെ ഇതരരുടെ കുറ്റങ്ങള്‍ ചികഞ്ഞുനോക്കി ഉഗ്രന്‍ പരദൂഷണങ്ങള്‍ ചമയ്ക്കുന്നവരാണ്‌. സ്വന്തം ന്യൂനതകള്‍ വിലയിരുത്താന്‍ ശ്രമിക്കുന്നവര്‍ അവരുടെ കൂട്ടത്തില്‍ വളരെ കുറവായിരിക്കും. മതസംഘടനാസാരഥികളിലേക്കും ഈ ദോഷമാത്രക്കാഴ്ച ഒരു രോഗമായി പകര്‍ന്നുകൊണ്ടിരിക്കുകയാണ്‌. ഇസ്ലാമിനും മുസ്ലിംകള്‍ക്കും കുഴപ്പം വരുത്തിവെച്ചത്‌ മറ്റവരാണെന്ന്‌ സമര്‍ഥിക്കാനുള്ള തത്രപ്പാടിലാണ്‌ പലരും. താന്താങ്ങളുടെ നിലപാടില്‍ വല്ല അപാകതയും സംഭവിച്ചിട്ടുണ്ടോ എന്ന്‌ ആത്മപരിശോധന നടത്താനുള്ള സന്നദ്ധത വളരെ വിരളമായേ അവര്‍ കാണിക്കാറുള്ളൂ. മുസ്ലിംസമൂഹങ്ങളും രാഷ്ട്രങ്ങളും നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ക്കൊക്കെ കാരണം ഇതര സമൂഹങ്ങളോ രാഷ്ട്രങ്ങളോ ആണെന്ന വീക്ഷണവും അതുപോലെ തന്നെ. ഇത്രത്തോളം എഴുതിയത്‌ ഇതരരുടെ എതിര്‍പ്പും ഇടങ്കോലിടലും ആര്‍ക്കും ദോഷം വരുത്തുന്നില്ലെന്ന്‌ സൂചിപ്പിക്കാനല്ല.

ദ്രോഹബുദ്ധിയും നിഷേധാത്മക ചിന്തയും ആര്‍ക്കുമുണ്ടാകാം. "നിങ്ങളുടെ ഇണകളിലും മക്കളിലും തന്നെ നിങ്ങള്‍ക്ക്‌ ശത്രുക്കളുണ്ടാകുമെന്നും അതിനാല്‍ അവരെ സംബന്ധിച്ച്‌ ജാഗ്രത പുലര്‍ത്തണമെന്നും" വിശുദ്ധ ഖുര്‍ആനില്‍ (64:14) ഓര്‍മിപ്പിച്ചിട്ടുണ്ട്‌. പൊതുശത്രുക്കള്‍ക്കെതിരില്‍ ജാഗ്രത പുലര്‍ത്താനുള്ള ആഹ്വാനവുമുണ്ട്‌ ചില ഖുര്‍ആന്‍ സൂക്തങ്ങളില്‍. ശത്രുക്കളുടെ കുതന്ത്രങ്ങള്‍ക്കെതിരില്‍ ജാഗ്രത പുലര്‍ത്തണമെന്നതിന്‌ നമ്മുടെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം അവരാണെന്ന്‌ അര്‍ഥമില്ല. നാം അല്ലാഹുവിന്റെ ആജ്ഞകള്‍ പാലിച്ചു ജീവിച്ചാല്‍ എല്ലാ ശത്രുക്കള്‍ക്കെതിരിലും അവന്‍ നമ്മെ സഹായിക്കും. എന്നാല്‍ ഇഹലോകത്തും പരലോകത്തും നമ്മെ ദോഷകരമായി ബാധിക്കുന്നത്‌ നമ്മുടെ സ്വന്തം കര്‍മഫലങ്ങളായിരിക്കും. "നന്മയായിട്ട്‌ നിനക്ക്‌ എന്തൊന്ന്‌ വന്നുകിട്ടിയാലും അത്‌ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്‌. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്റെ പക്കല്‍ നിന്ന്‌ തന്നെ ഉണ്ടാകുന്നതാണ്‌"(വി. ഖു 4:79). "സത്യവിശ്വാസികളേ, നിങ്ങള്‍ നിങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊള്ളുക. നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചിട്ടുണ്ടെങ്കില്‍ ദുര്‍മാര്‍ഗികള്‍ നിങ്ങള്‍ക്ക്‌ ഒരു ദ്രോഹവും വരുത്തുകയില്ല. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌."(5:105)

ഓരോരുത്തരും സ്വന്തം ജീവിതം നന്മകളാല്‍ സമ്പുഷ്ടവും തിന്മകളില്‍ നിന്ന്‌ മുക്തവുമാക്കുക എന്നതാണ്‌ നിര്‍ണായകമെന്നും, ഇതരരെ ഉപദേശിക്കാനല്ലാതെ നമുക്ക്‌ സംഭവിക്കുന്ന കുഴപ്പങ്ങള്‍ക്ക്‌ അവരെ പഴിചാരാന്‍ വകുപ്പില്ലെന്നുമാണ്‌ ഈ സൂക്തങ്ങളില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. നാം നിരപരാധികളായിരിക്കെ ഇതരര്‍ കരുതിക്കൂട്ടി നമ്മെ ആക്രമിച്ചാല്‍ അല്ലാഹുവിന്റെ സഹായം നമുക്ക്‌ പ്രതീക്ഷിക്കാം. എന്നാല്‍ നമ്മുടെ ഭാഗത്തുനിന്നുള്ള ദുഷ്പ്രവര്‍ത്തനങ്ങളാണ്‌ ശത്രുക്കള്‍ നമ്മെ ആക്രമിക്കാന്‍ കാരണമെങ്കില്‍ അല്ലാഹുവിന്റെ സഹായം നമുക്ക്‌ പ്രതീക്ഷിക്കാവുന്നതല്ല. അവര്‍ മുഖേന നമുക്ക്‌ നേരിടുന്ന കഷ്ടനഷ്ടങ്ങള്‍ നാം തന്നെ വരുത്തിവെച്ച ദുരന്തങ്ങളായിരിക്കും.

അതിനാല്‍ ഇതരരുമായുള്ള ഇടപാടുകളും ഇടെപടലുകളും ഇഹത്തിലും പരത്തിലും നമുക്ക്‌ ദോഷകരമായി പരിണമിക്കാതിരിക്കാന്‍ നാം ചെയ്യേണ്ടത്‌ സ്വന്തം നയനിലപാടുകളെ തികച്ചും കുറ്റമറ്റതാക്കുകയാണ്‌. സ്വന്തം മക്കളോടുള്ള ബാധ്യതകള്‍ മാതാപിതാക്കള്‍ യഥോചിതം നിറവേറ്റിയാല്‍ അല്ലാഹുവിന്റെ അനുഗ്രഹവും സഹായവും അവര്‍ക്ക്‌ പ്രതീക്ഷിക്കാം. മക്കള്‍ ദുര്‍മാര്‍ഗം തെരഞ്ഞെടുക്കുകയും തങ്ങള്‍ക്കെതിരായി തിരിയുകയും ചെയ്താലും നല്ലവരായ മാതാപിതാക്കളെ അത്‌ ദോഷകരമായി ബാധിക്കുകയില്ല. ഇതുതന്നെയാണ്‌ ഇതരരോടുള്ള ബന്ധത്തില്‍ സ്വന്തം സമീപനം പരമാവധി ശരിപ്പെടുത്തുന്ന ആരുടെയും അവസ്ഥ. അതിനാല്‍ ഇതരരാണ്‌ നമ്മുടെ പ്രശ്നം എന്ന ചിന്ത സത്യവിശ്വാസികള്‍ -വ്യക്തികളായാലും സമൂഹങ്ങളായാലും- വെടിയുക തന്നെ വേണം. ഇസ്ലാമിക ദൃഷ്ട്യാ നമ്മുടെ പ്രശ്നം നമ്മുടെ സ്വന്തം തിന്മയാണ്‌. ഇതരരുടെ പ്രശ്നം അവരുടെ തിന്മയും.

ഓരോരുത്തരും ജീവിക്കുന്നത്‌ സ്വന്തമായ ഒരു മനോഘടനയോടു കൂടിയാണ്‌. ചെറുപ്പം മുതല്‍ അനുഭവിച്ചതും പഠിച്ചറിഞ്ഞതുമായ കാര്യങ്ങളാണ്‌ മനോഘടനയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്ന ഒരു ഘടകം. മാതാപിതാക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഗുരുജനങ്ങളില്‍ നിന്നും മറ്റും പകര്‍ന്നുകിട്ടുന്ന ധാരണകളാണ്‌ മറ്റൊരു പ്രധാന ഘടകം. ജനിതക സവിശേഷതകള്‍ക്കും മനോഘടനയെ രൂപപ്പെടുത്തുന്നതില്‍ ഒരു പങ്കുണ്ടാകും. അതിനാല്‍ നാം ചിന്തിക്കുന്നതുപോലെ തന്നെ ഇതരരും ചിന്തിക്കണമെന്ന്‌ ശഠിക്കുന്നത്‌ മനുഷ്യപ്രകൃതിക്ക്‌ തന്നെ വിരുദ്ധമാണ്‌. നാം ഒരു ആശയം മറ്റു കുറച്ചുപേര്‍ക്ക്‌ തികച്ചും സ്പഷ്ടമായി വിശദീകരിച്ചു കൊടുത്താലും അവരെല്ലാം അത്‌ ഉള്‍ക്കൊള്ളുന്നത്‌ ഒരേ രീതിയിലായിരിക്കുകയില്ല. അവരില്‍ തീരെ താല്‍പര്യം കാണിക്കാത്തവരും ഏറെ താല്‍പര്യം കാണിക്കുന്നവരുമുണ്ടാകും. അവരുടെ പ്രതികരണങ്ങളും അതിനനുസരിച്ച്‌ വ്യത്യസ്തമായിരിക്കും. മതവും സംസ്കാരവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്‌ വിശദീകരിക്കുന്നതെങ്കില്‍ ശ്രോതാക്കളുടെ പലതരം മുന്‍വിധികള്‍ അവരുടെ നിലപാടികളെയും പ്രതികരണങ്ങളെയും സ്വാധീനിക്കുമെന്നുറപ്പാണ്‌. ഇതരരുടെ പ്രതികരണങ്ങളെന്തായാലും ആശയ വിശദീകരണം നടത്തിയ വ്യക്തിക്ക്‌ അവരുമായി തര്‍ക്കത്തിലോ വഴക്കിലോ ഏര്‍പ്പെടേണ്ട ആവശ്യമില്ല. അവരെ ശത്രുതയോടെ വീക്ഷിക്കേണ്ട കാര്യവുമില്ല. അയാള്‍ തന്റെ ദൗത്യം നിര്‍വഹിച്ചുകഴിഞ്ഞു.

ഇതരരുടെ അന്യായമായ എതിര്‍പ്പിനെ സംബന്ധിച്ച്‌ വ്യാകുലപ്പെടുന്നവരും പരാതിപ്പെടുന്നവരും ഏറ്റവും ആദ്യമായി വിലയിരുത്തേണ്ട കാര്യം അവരുമായുള്ള ഇടപെടലില്‍ തങ്ങളുടെ ഭാഗത്ത്‌ എന്തെങ്കിലും വീഴ്ചകളുണ്ടായിട്ടുണ്ടോ എന്നാണ്‌. നാം പൂര്‍ണമായും ശരി ഇതരര്‍ പൂര്‍ണമായും തെറ്റ്‌ എന്ന ധാരണയോടെ സംവദിച്ചാല്‍ ശ്രോതാക്കള്‍ അതിനെ അവഗണിക്കുകയോ അവമതിക്കുകയോ ചെയ്യുക സ്വാഭാവികമാണ്‌. വിശുദ്ധ ഖുര്‍ആനില്‍ യഹൂദരുടെയും ക്രൈസ്തവരുടെയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക മാത്രമല്ല, അവര്‍ക്ക്‌ മൊത്തമായോ അവരില്‍ ചിലര്‍ക്ക്‌ മാത്രമായോ ഉള്ള നന്മകള്‍ എടുത്തുപറഞ്ഞിട്ടുമുണ്ട്‌.

"ഒരു സ്വര്‍ണക്കൂമ്പാരം തന്നെ വിശ്വസിച്ചേല്‍പിച്ചാലും അത്‌ നിനക്ക്‌ തിരിച്ചുനല്‍കുന്ന ചിലര്‍ വേദക്കാരിലുണ്ട്‌. അവരില്‍ തന്നെ മറ്റൊരു തരക്കാരുണ്ട്‌. അവരെ നീ ഒരു ദീനാര്‍ വിശ്വസിച്ചേല്‍പിച്ചാല്‍ പോലും നിരന്തരം (ചോദിച്ചുകൊണ്ട്‌) നിന്നെങ്കിലല്ലാതെ അവരത്‌ നിനക്ക്‌ തിരിച്ചുതരികയില്ല."(വി.ഖു 3:75)

"ജനങ്ങളില്‍ സത്യവിശ്വാസികളോട്‌ ഏറ്റവും കടുത്ത ശത്രുത പുലര്‍ത്തുന്നവര്‍ യഹൂദരും ബഹുദൈവാരാധകരുമാണ്‌ എന്ന്‌ തീര്‍ച്ചയായും നിനക്ക്‌ കാണാം. 'ഞങ്ങള്‍ ക്രിസ്ത്യാനികളാകുന്നു' എന്ന്‌ പറഞ്ഞവരാണ്‌ ജനങ്ങളില്‍ വെച്ച്‌ സത്യവിശ്വാസികളോട്‌ ഏറ്റവും അടുത്ത സൗഹൃദമുള്ളവര്‍ എന്നും നിനക്കു കാണാം. അവരില്‍ മതപണ്ഡിതരും സന്യാസികളും ഉണ്ടെന്നതും അവര്‍ അഹംഭാവം നടിക്കുന്നില്ല എന്നതുമാണ്‌ അതിന്‌ കാരണം." (വി.ഖു 5:83)

ക്രൈസ്തവരുടെ ത്രിയേകത്വവാദം തെറ്റാണെന്നും സന്യാസം അല്ലാഹു പഠിപ്പിച്ചതല്ല എന്നും വ്യക്തമാക്കിയ വിശുദ്ധ ഖുര്‍ആനില്‍ തന്നെയാണ്‌ അവരുടെ നന്മകളും എടുത്തുപറഞ്ഞിട്ടുള്ളത്‌. പക്ഷെ, ഇന്ന്‌ മുസ്ലിം സമൂഹങ്ങളും സംഘടനകളും ഇതരരുടെ നന്മകളൊന്നും അംഗീകരിക്കാന്‍ കൂട്ടാക്കാത്ത നിലപാടിലാണ്‌. ഇതരര്‍ നമ്മോട്‌ എതിര്‍പ്പ്‌ തുടരുന്നതിന്‌ നമ്മുടെ ഈ നിലപാട്‌ തന്നെയാണ്‌ കാരണമെങ്കില്‍ നാം അത്‌ തിരുത്തേണ്ടതില്ലേ?

എന്താണ്‌ രോഗം, എന്താണ്‌ ആരോഗ്യം? ചികിത്സാശാസ്ത്രം വിസ്മരിക്കുന്ന മൗലികതത്വങ്ങള്‍

എന്താണ്‌ രോഗം, എന്താണ്‌ ആരോഗ്യം? ചികിത്സാശാസ്ത്രം വിസ്മരിക്കുന്ന മൗലികതത്വങ്ങള്‍

SHABAB WEEKLY Friday, 24 April 2009
ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌
ദൈവികഗ്രന്ഥം ശിഫാ (ശമനം/ശമനൗഷധം) ആണെന്ന്‌ വിശുദ്ധ ഖുര്‍ആനിലെ മൂന്ന്‌ സൂക്തങ്ങളില്‍ (10:57, 17:82, 41:44) വ്യക്തമാക്കിയിട്ടുണ്ട്‌. നെഞ്ചുകളിലുള്ള രോഗത്തിന്‌ ശമനം എന്നുകൂടി വിശദമാക്കിയിട്ടുണ്ട്‌ 10:57 സൂക്തത്തില്‍. നെഞ്ചുകള്‍ എന്നര്‍ഥമുള്ള സ്വുദൂര്‍ എന്ന പദം ഹൃദയങ്ങളുടെ സ്ഥാനം എന്ന നിലയിലാണ്‌ വിശുദ്ധ ഖുര്‍ആനില്‍ (22:46 നോക്കുക) പ്രയോഗിച്ചിട്ടുള്ളത്‌. ഹൃദയങ്ങളിലുള്ള രോഗത്തിന്‌ പല വ്യാഖ്യാതാക്കളും വിശദീകരണം നല്‍കിയത്‌ സത്യനിഷേധം, കാപട്യം, പ്രകടനപരത, അസൂയ, വൈരാഗ്യം, ഭോഗാസക്തി തുടങ്ങിയ ദുര്‍ഗുണങ്ങളും ദുര്‍വികാരങ്ങളുമെന്നാണ്‌. ഹൃദയസ്തംഭനത്തെയും ഹൃദയവാല്‍വുകളുടെ തകരാറിനെയും മറ്റും ഈ വകുപ്പില്‍ വ്യാഖ്യാതാക്കളാരും ഉള്‍പ്പെടുത്തിയതായി കണ്ടിട്ടില്ല.
അപ്പോള്‍ ഖുര്‍ആന്‍ ശിഫാ അഥവാ ശമനമാകുന്നു എന്ന ദൈവിക വചനത്തിന്റെ സാക്ഷാല്‍ വിവക്ഷ എന്താണ്‌? അഥവാ അതിന്റെ അര്‍ഥവൈപുല്യം എത്രത്തോളമുണ്ട്‌ എന്നത്‌ സൂക്ഷ്മ പഠനം അര്‍ഹിക്കുന്ന ഒരു വിഷയമാണ്‌. ഖുര്‍ആന്‍ സൂക്തങ്ങള്‍ ഓതി ശരീരത്തില്‍ ഊതുകയോ വെള്ളത്തില്‍ ഊതിയിട്ട്‌ അത്‌ കുടിക്കുകയോ നൂലില്‍ ഊതി അത്‌ ശരീരത്തില്‍ കെട്ടുകയോ ചെയ്താല്‍ ശാരീരികവും മാനസികവുമായ എല്ലാ രോഗങ്ങളും സുഖപ്പെടുമെന്നാണ്‌ ചിലര്‍ കരുതുന്നത്‌. എന്നാല്‍ നബി(സ) ഖുര്‍ആന്‍ ഓതി വെള്ളത്തിലോ നൂലിലോ ഊതിയിട്ട്‌ അത്‌ ശമനോപാധിയാക്കിയതായി പ്രാമാണികമായ ഹദീസുകളിലൊന്നും കാണുന്നില്ല. ഒരു സ്വഹാബി ഫാതിഹ ഓതി ഒരു രോഗിയുടെ ശരീരത്തില്‍ ഊതിയ നടപടി നബി(സ) അംഗീകരിച്ചതായി പ്രാമാണികമായ ഹദീസിലുണ്ട്‌. എന്നാല്‍ രോഗങ്ങള്‍ക്ക്‌ പൊതുവായോ ചില രോഗങ്ങള്‍ക്ക്‌ പ്രത്യേകമായോ ഖുര്‍ആന്‍ ഓതി മന്ത്രിക്കല്‍ എന്ന ചികിത്സ നബി(സ) നിര്‍ദേശിച്ചതായി പ്രബലമായ ഹദീസുകളിലൊന്നും കാണുന്നില്ല. അദ്ദേഹവും അനുചരന്മാരും വിവിധ രോഗങ്ങള്‍ക്ക്‌ അക്കാലത്ത്‌ ലഭ്യമായിരുന്ന മരുന്നുകളും 'കൊമ്പ്വെക്കല്‍' പോലുള്ള ചികിത്സാരീതികളും സ്വീകരിക്കുകയാണ്‌ ചെയ്തത്‌. സകല രോഗത്തിനും മന്ത്രിക്കാനുള്ളത്‌ എന്നാണ്‌ വിശുദ്ധ ഖുര്‍ആനിലെ ശിഫാ എന്ന പദത്തിന്റെ സാക്ഷാല്‍ വിവക്ഷയെങ്കില്‍ നബി(സ)യും സ്വഹാബികളും അതൊരു സാര്‍വത്രിക ചികിത്സാരീതിയായി സ്വീകരിക്കേണ്ടതായിരുന്നു.
എന്നാല്‍ പരമകാരുണികനായ അല്ലാഹു അവന്റെ അന്തിമവേദഗ്രന്ഥത്തെ ശിഫാ അഥവാ ശമനം എന്ന്‌ വിശേഷിപ്പിച്ചത്‌ നിരര്‍ഥകമാണെന്നോ വളരെ പരിമിതമായ അര്‍ഥത്തിലാണെന്നോ കരുതാന്‍ യാതൊരു ന്യായവുമില്ല. 17:82 സൂക്തം ഈ വിഷയകമായി പ്രത്യേകം ശ്രദ്ധേയമാകുന്നു: "സത്യവിശ്വാസികള്‍ക്ക്‌ ശമനവും കാരുണ്യവുമായിട്ടുള്ളത്‌ ഖുര്‍ആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്രമികള്‍ക്ക്‌ അത്‌ നഷ്ടമല്ലാതെ (മറ്റൊന്നും) വര്‍ധിപ്പിക്കുന്നില്ല." 'സത്യവിശ്വാസികള്‍ക്ക്‌ ശമനം' എന്നാണ്‌ ഈ സൂക്തത്തില്‍ വിശുദ്ധ ഖുര്‍ആനിനെ ഒന്നാമതായി വിശേഷിപ്പിച്ചിട്ടുള്ളത്‌. ശമനം എന്നത്‌ ഖുര്‍ആന്‍കൊണ്ട്‌ ഉദ്ദേശിക്കപ്പെട്ട അതിപ്രധാന വിഷയമാണെന്നത്രെ ഇതില്‍നിന്ന്‌ മനസ്സിലാക്കാവുന്നത്‌. ഈ ശമനം വിശ്വാസികള്‍ക്ക്‌ മാത്രമുള്ളതാണെന്ന്‌ പറഞ്ഞതിന്റെ സൂചന, ഖുര്‍ആനിന്റെ ഉള്ളടക്കത്തില്‍ ദൃഢവിശ്വാസമുണ്ടാവുകയും ഖുര്‍ആനിക അധ്യാപനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്നതിലൂടെയാണ്‌ ശമനം കൈവരുന്നത്‌ എന്നത്രെ. അക്രമികള്‍ക്ക്‌ ശമനത്തിനുപകരം നഷ്ടം വര്‍ധിക്കുമെന്ന്‌ പറഞ്ഞതില്‍നിന്ന്‌ മനസ്സിലാക്കാവുന്നത്‌ അത്‌ മന്ത്രംകൊണ്ട്‌ കൈവരുന്ന ശമനമല്ലെന്നാകുന്നു. കാരണം ഖുര്‍ആന്‍ ഓതിക്കൊണ്ടുള്ള മന്ത്രംകൊണ്ട്‌ ഒരു അവിശ്വാസിയുടെ രോഗം ശമിച്ചില്ലെങ്കിലും അയാള്‍ക്ക്‌ വേറെ വര്‍ധിത നഷ്ടമുണ്ടാകാന്‍ സാധ്യതയില്ലല്ലോ. മഹത്തായ ദൈവിക അധ്യാപനങ്ങളുടെ നിരാസത്തിലൂടെയാണ്‌ അയാള്‍ക്ക്‌ നഷ്ടം വര്‍ധിക്കുന്നത്‌.

രോഗം ഖുര്‍ആനിക ദൃഷ്ട്യാ
രോഗത്തെ സംബന്ധിച്ച വിശുദ്ധ ഖുര്‍ആനിലെ പരാമര്‍ശങ്ങള്‍ ഈ വിഷയകമായി നമുക്ക്‌ കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുന്നതത്രെ. രോഗം എന്നര്‍ഥമുള്ള മറദ്വുന്‍ എന്ന പദം പന്ത്രണ്ട്‌ ഖുര്‍ആന്‍ സൂക്തങ്ങളില്‍ പ്രയോഗിച്ചിട്ടുണ്ട്‌. പതിനൊന്ന്‌ സൂക്തങ്ങളില്‍ ഇതോടൊപ്പം ഫീ ഖുലൂബിഹിം (അവരുടെ ഹൃദയങ്ങളില്‍) എന്നുകൂടി പറഞ്ഞിട്ടുണ്ട്‌. ഒന്നില്‍ ഫീ ഖല്‍ബിഹി (അവന്റെ ഹൃദയത്തില്‍) എന്നും. ഈ വാക്യങ്ങള്‍ക്ക്‌ അവരുടെ / അവന്റെ ഹൃദയത്തില്‍ രോഗമുണ്ട്‌ എന്നോ ഹൃദയത്തിലാണ്‌ രോഗമുള്ളത്‌ എന്നോ അര്‍ഥമാകാം. നേരത്തെ സൂചിപ്പിച്ചതുപോലെ ഹൃദയം എന്ന അവയവത്തിന്‌ സംഭവിച്ച ഭൗതികമായ കേടുപാടുകളെ സംബന്ധിച്ചല്ല ഈ ഖുര്‍ആന്‍ സൂക്തങ്ങളില്‍ പരാമര്‍ശിച്ചത്‌. സാധാരണ ഗതിയില്‍ മനോരോഗങ്ങളെന്ന്‌ വിളിക്കപ്പെടുന്നവയെ സംബന്ധിച്ചുമല്ല. മനുഷ്യരെ തെറ്റായ വാക്കുകളിലേക്കും പ്രവൃത്തികളിലേക്കും നയിക്കുന്ന ദുര്‍വികാരങ്ങളെയും ദുര്‍ഗുണങ്ങളെയും കുറിക്കാനാണ്‌ ഉപര്യുക്ത സൂക്തങ്ങളില്‍ മറദ്വുന്‍ എന്ന പദം പ്രയോഗിച്ചിട്ടുള്ളത്‌. 2:10 സൂക്തത്തില്‍ "അവരുടെ ഹൃദയങ്ങളില്‍ രോഗമുണ്ട്‌" എന്ന്‌ വ്യക്തമാക്കിയതിനുശേഷം "അതിനാല്‍ അല്ലാഹു അവര്‍ക്ക്‌ രോഗം വര്‍ധിപ്പിച്ചു" എന്നുകൂടി പറഞ്ഞിട്ടുണ്ട്‌.
വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട കാലത്ത്‌ മറ്റ്‌ ഏത്‌ കാലഘട്ടങ്ങളിലെയും പോലെ മനുഷ്യര്‍ക്ക്‌ ശാരീരികവും മാനസികവുമായ അനേകം രോഗങ്ങളുണ്ടായിരുന്നു. രോഗങ്ങള്‍ നിമിത്തം ഏറെ വിഷമിക്കുന്നവരും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. എന്നിട്ടും അല്ലാഹുതന്നെ ശിഫാ എന്ന്‌ വിശേഷിപ്പിച്ച വിശുദ്ധ ഖുര്‍ആനില്‍ അത്തരം രോഗങ്ങള്‍ക്കുള്ള ചികിത്സയെയോ മരുന്നുകളെയോ സംബന്ധിച്ച്‌ പ്രത്യേകമായ യാതൊരു പരാമര്‍ശവുമില്ല എന്നത്‌ വിസ്മയകരമാകുന്നു. ഹൃദയത്തിലെ രോഗങ്ങളെ സുദൃഢമായ വിശ്വാസവും ഉത്തമ ജീവിതക്രമവുംകൊണ്ട്‌ ചികിത്സിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കു പുറമെ ഈ വിഷയകമായി വിശുദ്ധ ഖുര്‍ആനിലുള്ളത്‌ തേനില്‍ മനുഷ്യര്‍ക്ക്‌ രോഗശമനമുണ്ട്‌ എന്ന പരാമര്‍ശമാണ്‌. അവിടെ രോഗങ്ങളെ അപഗ്രഥന വിധേയമാക്കിയിട്ടില്ല.

ശിഫാ പൂര്‍ണ അര്‍ഥത്തില്‍
അല്ലാഹുതന്നെ വിശുദ്ധ ഖുര്‍ആനിനെ ശിഫാ എന്ന്‌ വിശേഷിപ്പിച്ചത്‌ ഭാഗികമോ അപൂര്‍ണമോ ആയ അര്‍ഥത്തിലാണെന്ന്‌ കരുതുന്നത്‌ അന്തിമ വേദഗ്രന്ഥത്തോട്‌ നീതി പുലര്‍ത്തലാവില്ല. വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണ അര്‍ഥത്തില്‍ തന്നെ ശിഫാ ആണ്‌ എന്ന ധാരണയാണ്‌ ന്യായമായിട്ടുള്ളത്‌. മാനവരാശിക്കാകെ മാര്‍ഗദര്‍ശകമായിട്ടുള്ള സത്യവേദ ഗ്രന്ഥം സമ്പൂര്‍ണ ശമനൗഷധമാകുന്നത്‌ എങ്ങനെയെന്ന്‌ വിവിധ സൂക്തങ്ങളുടെയും അവയുടെ വിശദീകരണമായിട്ടുള്ള നബിവചനങ്ങളുടെയും ലൗകിക വിജ്ഞാനീയങ്ങളുടെയും വെളിച്ചത്തില്‍ വിലയിരുത്തേണ്ടതുണ്ട്‌. രോഗത്തിന്റെ ഉറവിടം ഹൃദയമാണെന്നും അവിടെ രോഗം നിലനില്‍ക്കുന്നതുകൊണ്ടാണ്‌ മനുഷ്യന്റെ രോഗാതുരത വര്‍ധിക്കുന്നതെന്നുമുള്ള ഖുര്‍ആനിക ദര്‍ശനം പൂര്‍ണ സത്യമാണെന്ന്‌ ബോധ്യമാകണമെങ്കില്‍ ഒട്ടേറെ വസ്തുതകള്‍ പരിശോധനാ വിധേയമാക്കേണ്ടി വരും.
രോഗങ്ങള്‍ എന്തുകൊണ്ടുണ്ടാകുന്നു, എങ്ങനെ സുഖപ്പെടുന്നു എന്നതിനെ സംബന്ധിച്ച്‌ ലോകത്തിന്റെ പല ഭാഗങ്ങളില്‍ കാലാകാലങ്ങളില്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ നിലനിന്നിട്ടുണ്ട്‌. വര്‍ത്തമാനകാലത്ത്‌ നൂറുകണക്കില്‍ ചികിത്സാ പദ്ധതികള്‍ നിലവിലുണ്ട്‌. അലോപ്പതി മുതല്‍ ഉലുവാപ്പതിവരെയും ചിരിചികിത്സ മുതല്‍ മൂത്ര ചികിത്സ വരെയുമുള്ള ഒട്ടേറെ മാര്‍ഗങ്ങളിലൂടെ രോഗശമനമുണ്ടാകുന്നതായി ചികിത്സകരും അനുഭവസ്ഥരും അവകാശപ്പെടുന്നു. ബാക്ടീരിയയും വൈറസും പോലുള്ള സൂക്ഷ്മാണുക്കളുടെ ആക്രമണം മൂലമാണ്‌ മിക്ക രോഗങ്ങളും ഉണ്ടാകുന്നതെന്നും കൊതുക്‌, ഈച്ച പോലുള്ള പ്രാണികള്‍ മുഖേനയാണ്‌ രോഗാണുക്കള്‍ പരക്കുന്നതെന്നും അലോപ്പതി സിദ്ധാന്തിക്കുന്നു. എന്നാല്‍ ആയുര്‍വേദത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളിലൊന്നും രോഗാണുക്കള്‍ മൂലമുള്ള രോഗസംക്രമണത്തെ സംബന്ധിച്ച്‌ പരാമര്‍ശിച്ചിട്ടില്ല. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ അസന്തുലിതത്വമോ ക്രമഭംഗമോ ആണ്‌ ആയുര്‍വേദ സിദ്ധാന്തപ്രകാരം രോഗഹേതു. രക്തം ദുഷിക്കുന്നതാണ്‌ എല്ലാ രോഗങ്ങള്‍ക്കും കാരണമെന്നാണ്‌ ചില പ്രാചീന ചികിത്സകര്‍ വിശ്വസിച്ചിരുന്നത്‌. കൊമ്പ്‌ വെച്ചോ അട്ടയെ കടിപ്പിച്ചോ ദുഷിച്ച രക്തം പുറത്തു കളഞ്ഞാണ്‌ ഇത്തരം ചികിത്സകരില്‍ ചിലര്‍ രോഗനിവാരണത്തിന്‌ ശ്രമിച്ചിരുന്നത്‌. രക്തം ദുഷിക്കാതിരിക്കാനും ദുഷിച്ച രക്തം ശുദ്ധീകരിക്കപ്പെടാനും മരുന്ന്‌ നല്‍കിയാണ്‌ മറ്റു ചിലര്‍ ചികിത്സിച്ചിരുന്നത്‌. ഇങ്ങനെ വൈവിധ്യമാര്‍ന്ന ചികിത്സാപദ്ധതികള്‍ കൊണ്ട്‌ രോഗങ്ങള്‍ ഭേദപ്പെട്ടുവെന്ന്‌ കരുതുന്ന അനുഭവസ്ഥര്‍ അസംഖ്യമുണ്ട്‌. ഇവയ്ക്കു പുറമെ മന്ത്രവാദം, ചാത്തന്‍ സേവ പോലെയുള്ള നിഗൂഢ മാര്‍ഗങ്ങളിലൂടെ രോഗശമനം ലഭിച്ചുവെന്ന്‌ വിശ്വസിക്കുന്ന അനുഭവസ്ഥര്‍ വേറെയുമുണ്ട്‌!

ശമനത്തിന്റെ മനോ-ശാരീരിക മാനങ്ങള്‍
ഇങ്ങനെ പരസ്പര ഭിന്നമായ മാര്‍ഗങ്ങളിലൂടെ രോഗശമനം ഉണ്ടാകുന്നതായി അനുഭവപ്പെടുന്നതില്‍ ശാസ്ത്രീയതയില്ലെന്ന്‌ കരുതുന്ന പലരും അഭിപ്രായപ്പെടുന്നത്‌ ചികിത്സകനെയും മരുന്നിനെയും പ്രതിവിധിയെയും സംബന്ധിച്ച്‌ രോഗിക്കുണ്ടാകുന്ന ദൃഢബോധ്യമാണ്‌ ശമനത്തിലേക്ക്‌ നയിക്കുന്ന പ്രധാന ഘടകമെന്നത്രെ. ചില ആധുനിക ചികിത്സകര്‍ തന്നെ ഔഷധാംശം ഒട്ടുമില്ലാത്ത സ്റ്റാര്‍ച്ച്‌-ഗ്ലൂക്കോസ്‌ ഗുളികകള്‍ അത്യാധുനികവും ഏറ്റവും ഫലപ്രദവുമായ മരുന്ന്‌ എന്ന നിലയില്‍ രോഗികളെ വിശ്വസിപ്പിച്ച്‌ നല്‍കി ശമനത്തിലേക്ക്‌ നയിക്കുന്നത്‌ ഈ അഭിപ്രായത്തിന്‌ ഉപോല്‍ബലകമാകുന്നു. ഇങ്ങനെയുണ്ടാകുന്ന രോഗശമനം 'പ്ലാസിബോ ഇഫക്ട്‌' എന്ന പേരില്‍ അറിയപ്പെടുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ തന്റെ രോഗത്തിന്‌ ഏറ്റവും മികച്ച മരുന്ന്‌ അഥവാ പ്രതിവിധി ലഭിച്ചു എന്ന്‌ രോഗിക്ക്‌ ദൃഢബോധ്യമുണ്ടായാല്‍ ശമനത്തിന്‌ സാധ്യതയേറും. മനോശാരീരിക (സൈക്കോസൊമാറ്റിക്‌) രോഗങ്ങളെ സംബന്ധിച്ച ആധുനിക വൈദ്യശാസ്ത്ര സിദ്ധാന്തങ്ങളും രോഗിയുടെ മനോഭാവത്തിന്‌ ശാരീരിക സൗഖ്യവുമായുള്ള ബന്ധത്തിലേക്ക്‌ വെളിച്ചം വീശുന്നു. കടുത്ത മാനസിക സംഘര്‍ഷം തലവേദനയ്ക്കും വയറുവേദനക്കും അള്‍സറിനും മറ്റും കാരണമാകുന്നതായി ആധുനിക പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. ഇതിനു നേര്‍ വിപരീതമായി ശുഭചിന്തയും സംതൃപ്തിയും ആഹ്ലാദവും ശാരീരിക സൗഖ്യത്തിന്‌ വഴിയൊരുക്കുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്‌. അവരുടെ ഖല്‍ബുകളിലാണ്‌ രോഗമുള്ളത്‌ എന്ന ഖുര്‍ആനിക ആശയത്തിന്റെ അര്‍ഥവ്യാപ്തിയത്രെ ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്‌.
മനുഷ്യരെ രോഗാതുരരാക്കിത്തീര്‍ക്കുന്ന ഘടകങ്ങളില്‍ ഏറ്റവും ഗൗരവമുള്ളത്‌ അകാരണവും അനാവശ്യവുമായ ഭയമാണ്‌. അതിന്‌ തൊട്ടുതാഴെയുള്ള അപകടകാരി കടുത്ത ദുഃഖം അഥവാ വ്യഥയാണ്‌. അല്ലാഹുവിന്റെ മിത്രങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതയായി വിശുദ്ധ ഖുര്‍ആനില്‍ (10:62) എടുത്തുപറഞ്ഞിട്ടുള്ളത്‌ അവര്‍ ഭയത്തില്‍ നിന്നും ദുഃഖത്തില്‍ നിന്നും മുക്തരായിരിക്കും എന്ന കാര്യമാണ്‌. രോഗത്തെ സംബന്ധിച്ച ഭയത്തില്‍ നിന്ന്‌ മാത്രമല്ല അല്ലാഹുവിനു പുറമെയുള്ള എന്തൊന്നിനെ സംബന്ധിച്ച ഭയത്തില്‍ നിന്നും അല്ലാഹുവിന്റെ മിത്രങ്ങള്‍ മുക്തരായിരിക്കുമെന്നാണ്‌ പ്രസ്തുത സൂക്തം സൂചിപ്പിക്കുന്നത്‌. കടുത്ത ഭയം ഏത്‌ വകയിലുള്ളതാണെങ്കിലും അത്‌ ചെറുതോ വലുതോ ആയ രോഗങ്ങള്‍ക്ക്‌ നിമിത്തമാകാം. ബാധിച്ച രോഗത്തെ സംബന്ധിച്ച ഭയം രോഗശമനം വൈകിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യും. ഒരു പ്രത്യേക രോഗം ശമിക്കുകയില്ലെന്ന ധാരണ സമൂഹത്തില്‍ രൂഢമൂലമായാല്‍ അതുകൊണ്ട്‌ തന്നെ ചികിത്സകള്‍ പരാജയപ്പെടാന്‍ സാധ്യയുമുണ്ട്‌. ഒരു കാലത്ത്‌ നമ്മുടെ നാട്ടില്‍ ക്ഷയരോഗം നിമിത്തം ധാരാളം പേര്‍ മരിച്ചിരുന്നത്‌ ഫലപ്രദമായ മരുന്നില്ലാത്തതുകൊണ്ട്‌ മാത്രമല്ല, അത്‌ മാറാരോഗമാണെന്ന ഭയം ജനമനസ്സുകളെ തളര്‍ത്തിയിരുന്നതുകൊണ്ടുകൂടിയാണ്‌. ഇന്ന്‌ കാന്‍സറിനെയും എയ്ഡ്സിനെയും സംബന്ധി ച്ച ഭയം തത്തുല്യമായ അനുഭവമുണ്ടാക്കുന്നു.
ഭയത്തില്‍ നിന്ന്‌ മോചനം
രോഗം ഉള്‍പ്പെടെയുള്ള എന്തിനെയും സംബന്ധിച്ച ഭയത്തില്‍ നിന്ന്‌ അല്ലാഹുവിന്റെ മിത്രങ്ങള്‍ എങ്ങനെയാണ്‌ മുക്തരാകുന്നത്‌? ഉത്തരം വളരെ ലളിതമാണ്‌. പരമകാരുണികനായ രക്ഷിതാവ്‌ യഥാര്‍ഥ വിശ്വാസികളെ അനുഭവിപ്പിക്കുന്നതെന്തും അവര്‍ക്ക്‌ ഗുണകരമായി കലാശിക്കും എന്ന ദൃഢബോധ്യമാണ്‌ മനസ്സില്‍ നിന്ന്‌ ഭയത്തെ പൂര്‍ണമായി നീക്കം ചെയ്യുന്നത്‌. 4:79, 9:52, 16:30 എന്നീ ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണുക. "സത്യവിശ്വാസിയുടെ കാര്യം അത്ഭുതകരമാകുന്നു. സന്തോഷകരമായ കാര്യം വന്നെത്തിയാല്‍ അവന്‍ അല്ലാഹുവിന്‌ നന്ദി പ്രകടിപ്പിക്കുകയും അതവന്‌ ഗുണമായിത്തീരുകയും ചെയ്യുന്നു. വിഷമകരമായ വല്ല കാര്യവും ബാധിച്ചാല്‍ അവന്‍ ക്ഷമിക്കുകയും അതവന്‌ ഗുണകരമായിത്തീരുകയും ചെയ്യുന്നു. ആ അവസ്ഥ (സന്തോഷകരമായതും ദു:ഖകരമായതും ഒരുപോലെ ഗുണകരമായിത്തീരുന്ന അവസ്ഥ) സത്യവിശ്വാസിയല്ലാത്ത ആര്‍ക്കും ഉണ്ടാവുകയില്ല" എന്ന നബിവചനം ഇ ത്തരുണത്തില്‍ ഏറെ ശ്രദ്ധേയമാകുന്നു. ജീവിതത്തില്‍ എന്തു സംഭവിച്ചാലും ഒന്നുകില്‍ നന്ദികൊണ്ട്‌ അല്ലെങ്കില്‍ ക്ഷമകൊണ്ട്‌ ധന്യമാകുന്ന മനസ്സിനെ ഒരിക്കലും വിനാശകരമായ അളവില്‍ ഭയമോ ദു:ഖമോ ഉത്കണ്ഠയോ ബാധിക്കുകയില്ല. ഈ ഭയമുക്തി പരലോകവിശ്വാസവുമായും ബന്ധപ്പെട്ടതാണ്‌. അതിനാല്‍ പരലോക നിഷേധിക്ക്‌ അത്‌ പൂര്‍ണമായ അളവില്‍ നേടിയെടുക്കാനാവില്ല.
"...അതെന്തുകൊണ്ടെന്നാല്‍ അ ല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവര്‍ക്ക്‌ ദാഹവും ക്ഷീണവും വിശപ്പും നേരിടുകയോ, സത്യനിഷേധികളെ പ്രകോപിപ്പിക്കുന്ന വല്ല സ്ഥാനത്തും അവര്‍ കാല്‍വെക്കുകയോ, ശത്രുവിന്‌ വല്ല നാശവും ഏല്‍പിക്കുകയോ ചെയ്യുന്നപക്ഷം അത്‌ കാരണം അവര്‍ക്ക്‌ ഒരു സല്‍കര്‍മം രേഖപ്പെടുത്തപ്പെടാതിരിക്കുകയില്ല. തീര്‍ച്ചയായും സുകൃതം ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുകയില്ല." (വി. ഖു 9:120). "അല്ലാഹുവേ, എനിക്ക്‌ സംഭവിച്ച വിപത്തിലൂടെ എനിക്ക്‌ നീ പ്രതിഫലം തരേണമേ" എന്ന്‌ പ്രാ ര്‍ഥിക്കാന്‍ നബി(സ) പഠിപ്പിച്ചതും ഇത്തരുണത്തില്‍ സ്മരണീയമാകുന്നു. വേദനയും ക്ഷീണവും അനുഭവിക്കുന്നതിന്‌ അല്ലാഹു നമുക്ക്‌ ന ല്‍കുന്ന പൂര്‍ണമായ പ്രതിഫലത്തി ന്റെ വേദി പരലോകമാണെങ്കിലും ഇഹലോകത്തെ സൗഖ്യവും അവ ന്‍ നല്‍കുന്ന പ്രതിഫലത്തില്‍ ഉള്‍ പ്പെടാം.
രോഗത്തെ സംബന്ധിച്ച ഭയത്തില്‍ നിന്ന്‌ മോചനം നേടാന്‍ സഹായിക്കുന്ന പല വസ്തുതകളും വിശുദ്ധ ഖുര്‍ആനിലും ആധുനിക വിജ്ഞാനീയങ്ങളിലും ഉണ്ട്‌. അതിലൊന്ന്‌ അല്ലാഹു സൃഷ്ടിച്ചതെല്ലാം വിശിഷ്ടവും അന്യൂനവും ഘടനാഭദ്രതയുള്ളതും ആകുന്നു എന്ന യാഥാര്‍ഥ്യമാണ്‌. പലരും ആശങ്കിക്കുന്നത്‌ യാതൊരു കാരണവും കൂടാതെ രോഗാണുക്കള്‍ നമ്മെ ആക്രമിച്ചുകീഴടക്കുകയോ നാം എത്ര ശ്രദ്ധിച്ചാലും പക്ഷാഘാതം, ഹൃദ്രോഗം, കാന്‍സര്‍, കിഡ്നി പ്രവര്‍ത്തന രഹിതമാകല്‍ എന്നീ രോഗങ്ങള്‍ നമ്മെ ദുരിതത്തിലേക്ക്‌ തള്ളിവിടുകയോ ചെയ്യാനിടയുണ്ട്‌ എന്നാണ്‌. ഈ ആശങ്ക വലിയൊരളവോളം അടിസ്ഥാനരഹിതമാണ്‌. അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത്‌ ഏറ്റവും മികച്ച ഘടനയിലാണെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍(95:4) വ്യക്തമാക്കിയിട്ടുണ്ട്‌. സൃഷ്ടിച്ചതെല്ലാം അല്ലാഹു വിശിഷ്ടമാക്കിയിരിക്കുന്നുവെന്ന്‌ 32:7 സൂക്തത്തിലും, സകല വസ്തുക്കളെയും അല്ലാഹു ഘടനാഭദ്രതയുള്ളതാക്കി എന്ന്‌ 27:88 സൂക്തത്തിലും കാണാം. രോഗാണുക്കള്‍ ഉള്‍പ്പെടെയുള്ളതെല്ലാം അല്ലാഹുവിന്റെ വിശിഷ്ടവും അന്യൂനവും അവികലവുമായ സൃഷ്ടികളാണെന്നത്രെ ഈ രണ്ടു സൂക്തങ്ങളില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌.

രോഗാണുക്കളും പ്രതിരോധവ്യവസ്ഥയും
ഏതൊരാളുടെയും ഇമ്യൂണ്‍സിസ്റ്റം അഥവാ പ്രതിരോധ വ്യവസ്ഥ ബലഹീനമാകുമ്പോള്‍ മാത്രമാണ്‌ രോഗാണുക്കള്‍ക്ക്‌ അയാളുടെ ശരീരത്തില്‍ അധിനിവേശം നടത്താന്‍ കഴിയുന്നത്‌ എന്ന യാഥാര്‍ഥ്യം ആധുനിക ആരോഗ്യശാസ്ത്രം സംശയാതീതമായി തെളിയിച്ചിട്ടുണ്ട്‌. പ്രതിരോധ വ്യവസ്ഥ ബലഹീനമാകാനുള്ള കാരണങ്ങളില്‍ ഭൂരിഭാഗവും മനുഷ്യരുടെ തന്നെ ദുര്‍വികാരങ്ങളും ദുശ്ശീലങ്ങളുമാണ്‌ എന്നതും ആരോഗ്യശാസ്ത്ര വിദഗ്ധര്‍ പരക്കെ അംഗീകരിച്ചിട്ടുണ്ട്‌. ഭയം, ഉത്കണ്ഠ, നിരാശ, കോപം, വൈരാഗ്യം തുടങ്ങിയ പല ദുര്‍വിചാരങ്ങള്‍ക്കും പുകയില, മയക്കുമരുന്നുകള്‍, മദ്യം തുടങ്ങിയവയോടുള്ള ആസക്തിക്കും അമിതവും അഹിതവുമായ ആഹാരപാനീയങ്ങള്‍ക്കും അവിഹിത ലൈംഗിക വേഴ്ചകള്‍ക്കും വ്യായാമമില്ലായ്മക്കും മറ്റും പ്രതിരോധവ്യവസ്ഥയെ ദുര്‍ബലമാക്കുന്നതില്‍ ഗണ്യമായി പങ്കുണ്ട്‌. പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും പോലുള്ള മനുഷ്യനിയന്ത്രണത്തിന്‌ അതീതമായ ചില കാര്യങ്ങളും പ്രതിരോധവ്യവസ്ഥ ദുര്‍ബലാകാന്‍ കാരണമായിത്തീരാറുണ്ടെങ്കിലും നമ്മുടെ ജീവിതരീതി വലിയ കുഴപ്പമില്ലാത്തതാണെങ്കില്‍ അത്തരം താല്‍ക്കാലിക ദൗര്‍ബല്യങ്ങളെ തരണം ചെയ്യാന്‍ ശരീരത്തിന്‌ കഴിയും.
നമ്മുടെ ജീവിതരീതികളിലെയോ ജീവിതപരിസരങ്ങളിലെയോ പ്രതികൂലഘടകങ്ങള്‍ നിമിത്തമുണ്ടാകുന്ന പല രോഗങ്ങളും യഥാര്‍ഥത്തില്‍ നമ്മുടെ ജീവിതം അപകടപ്പെടുത്തന്നവയല്ല. മറിച്ച്‌ ശരീരം സ്വയം രക്ഷയ്ക്ക്‌ വേണ്ടി സ്വീകരിക്കുന്ന നടപടികളുടെ ഭാഗമാണ്‌ ആ ലക്ഷണങ്ങള്‍. അകാരണമായ ഭയം നിമിത്തം, തുമ്മല്‍, ഛര്‍ദി, ജലദോഷപ്പനി, വയറിളക്കം തുടങ്ങിയ നിസ്സാര രോഗലക്ഷണങ്ങളെ അടിച്ചമര്‍ത്താന്‍ വേണ്ടി വെപ്രാളപ്പെട്ട്‌ നടത്തുന്ന ചികിത്സയാണ്‌ പല ഗുരുതര രോഗങ്ങള്‍ക്കും അടിസ്ഥാന കാരണമായിത്തീരുന്നത്‌. എന്തെങ്കിലും കാരണത്താല്‍ ശരീരം ക്ഷീണിച്ച സമയത്ത്‌ അമിതാഹാരമോ അഹിതാഹാരമോ കഴിച്ചാല്‍ അതുകൊണ്ടുള്ള കുഴപ്പത്തില്‍ നിന്ന്‌ ശരീരത്തിന്‌ മുക്തി ലഭിക്കണമെങ്കില്‍ ഛര്‍ദിയോ വയറിളക്കമോ മുഖേന ആ മോശമായ ആഹാരം പുറന്തള്ളപ്പെടണം. ഈ പുറംതള്ളല്‍ പൂര്‍ത്തിയാകാന്‍ മൂന്നോ നാലോ തവണ ഛര്‍ദിയോ വിരേചനമോ വേണ്ടി വരിക സ്വാഭാവികമാണ്‌. അത്‌ കഴിഞ്ഞാല്‍ ശാരീരിക പ്രവര്‍ത്തനം സാധാരണ ഗതിയിലാകും. ഇതൊക്കെ അടിച്ചമര്‍ത്തുന്ന മരുന്നുകള്‍ കഴിച്ചാല്‍ ശരീരത്തിന്റെ സ്വയരക്ഷാസംവിധാനം (ഡിഫന്‍സ്‌ മെക്കനിസം) ദുര്‍ബലമാകും എന്നതല്ലാതെ യാതൊരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല.
തുമ്മല്‍ എന്ന അനുഗ്രഹം
തുമ്മിയാല്‍ 'അല്‍ഹംദുലില്ലാഹ്‌' (അല്ലാഹുവിന്‌ സ്തുതി) എന്ന്‌ പറയണമെന്നും അത്‌ കേള്‍ക്കുന്നവന്‍ 'യര്‍ഹമുക്കല്ലാഹ്‌' (നിനക്ക്‌ അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുമാറാകട്ടെ) എന്ന്‌ പ്രാര്‍ഥിക്കണമെന്നുമാണല്ലോ നബി(സ) പഠിപ്പിച്ചത്‌. തുമ്മല്‍ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമാണ്‌ എന്നതത്രെ ഇതിന്‌ കാരണം. നിലനില്‍പിനും സൗഖ്യത്തിനും ഏറ്റവും അനുപേക്ഷ്യമായ കാര്യങ്ങളിലൊന്നാണ്‌ സുഗമമായ ശ്വസനം. പുക, പൊടി, കഫക്കെട്ട്‌ തുടങ്ങിയ കാരണങ്ങളാല്‍ ശ്വസനത്തിന്‌ തടസ്സം നേരിട്ടാല്‍ അതൊഴിവാക്കാനുള്ള അടിയന്തര സംവിധാനമാണ്‌ തുമ്മല്‍. തടസ്സം നീങ്ങി സുഖമായി ശ്വാസോച്ഛാസം ചെയ്യാന്‍ സാധിച്ചതിന്‌ അല്ലാഹുവെ സ്തുതിക്കുകയും പുകയില്‍ നിന്നും പൊടിയില്‍ നിന്നും മറ്റും മാറിനില്‍ക്കുകയും കഫം വര്‍ധിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തി ഒഴിവാക്കുകയുമാണ്‌ യാഥാര്‍ഥ്യബോധമുള്ളവര്‍ ചെയ്യേണ്ടത്‌. എന്നാല്‍ ഇപ്പോള്‍ പലരും ചെയ്യുന്നത്‌ ആന്റി ഹിസ്റ്റെമിന്‍ എന്ന പേരില്‍ അറിയപ്പെടുന്ന രാസവസ്തുക്കള്‍ മുഖേന തുമ്മല്‍ എന്ന ദൈവിക അനുഗ്രഹത്തെ അടിച്ചൊതുക്കുകയാണ്‌. ശ്വാസകോശം ഉള്‍പ്പെടെ പല ശാരീരിക വ്യവസ്ഥകളെയും ആലസ്യത്തിലാഴ്ത്തുന്ന ആന്റിഹിസ്റ്റമിനുകള്‍ യഥാര്‍ഥത്തില്‍ ശമനോപാധികളല്ല. വീര്യം കുറഞ്ഞ മയക്കുമരുന്നുകള്‍ മാത്രമാണ്‌.
താപനിലയിലും മറ്റുമുണ്ടാകുന്ന വ്യതിയാനങ്ങളുമായി പൊരുത്തപ്പെടാന്‍ ശരീരം നടത്തുന്ന ശ്രമങ്ങളാണ്‌ ജലദോഷലക്ഷണങ്ങളായി നമുക്ക്‌ അനുഭവപ്പെടുന്നത്‌. രണ്ടോ മൂന്നോ ദിവസംകൊണ്ട്‌ അതൊക്കെ തനിയെ ഭേദപ്പെടും. ചികിത്സ വേണമെന്ന്‌ നിര്‍ബന്ധമാണെങ്കില്‍ തുളസി, ചുക്ക്‌ മുതലായ നിരുപദ്രവകരമായ ഔഷധങ്ങള്‍ ഉപയോഗിക്കുകയും ചെയ്യാം. എന്നാല്‍ യാഥാര്‍ഥ്യബോധമില്ലാത്ത ആളുകള്‍ ജലദോഷം മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ണമായി മാറണമെന്ന നിര്‍ബന്ധം മൂലം ഡോക്ടര്‍മാരെ സമീപിച്ച്‌ രാസഔഷധങ്ങള്‍ ധാരാളമായി അകത്താക്കുന്നു. പെട്ടെന്ന്‌ സുഖപ്പെട്ടാലും ഇല്ലെങ്കിലും ഇത്തരം മരുന്നുകളില്‍ മിക്കതും ദോഷഫലങ്ങള്‍ ഉളവാക്കുന്നവയാണ്‌. ഒന്നോ രണ്ടോ തവണ ഫലപ്പെട്ട മരുന്നുകള്‍ വീണ്ടും ഉപയോഗിക്കുമ്പോള്‍ ഫലപ്പെടാറില്ല എന്നതും ശ്രദ്ധേയമാണ്‌. ജലദോഷം വീണ്ടും വീണ്ടും വരുകയോ വിട്ടുമാറാതിരിക്കുകയോ ആണെങ്കില്‍ മരുന്നുകള്‍ കഴിച്ച്‌ ശരീരവ്യവസ്ഥകളെ ക്ഷയോന്മുഖമാക്കുന്നതിന്‌ പകരം ശമനം തടസ്സപ്പെടുത്തുകയോ വൈകിക്കുകയോ ചെയ്യുന്ന എന്തൊക്കെ ഘടകങ്ങളാണ്‌ നമ്മുടെ ജീവിതരീതിയിലും ഭക്ഷണക്രമത്തിലും മറ്റും ഉള്ളതെന്ന്‌ പരിശോധിച്ച്‌ അവ ഒഴിവാക്കുന്നതാണ്‌ സുരക്ഷിതമായ മാര്‍ഗം.
പ്രതികൂല സാഹചര്യങ്ങളില്‍ ശാരീരിക വ്യവസ്ഥകള്‍ അവതാളത്തിലാകാതിരിക്കാന്‍ വേണ്ടി പരമകാരുണികനായ രക്ഷിതാവ്‌ ഏര്‍പ്പെടുത്തിയിട്ടുള്ള അടിയന്തര ക്രമീകരണങ്ങളെ ഗുരുതരമായ രോഗങ്ങളായി തെറ്റിദ്ധരിച്ച്‌ അകാരണമായ ഭയം വെച്ചുപുലര്‍ത്തുന്നതും അനാവശ്യമായ ചികിത്സകള്‍ നടത്തുന്നതുമാണ്‌ പലപ്പോഴും ആരോഗ്യത്തെ അപകടത്തിലാക്കുന്നത്‌. ഈ യാഥാര്‍ഥ്യം ജനങ്ങള്‍ ഗ്രഹിക്കുന്നത്‌ ഭിഷഗ്വര സമൂഹത്തിന്റെയും മരുന്നു മാഫിയയുടെയും താല്‍പര്യങ്ങള്‍ക്ക്‌ അനുകൂലമല്ലാത്തതിനാല്‍ ഔഷധസേവ കൊണ്ട്‌ മാത്രമേ ആരോഗ്യത്തെ താങ്ങിനിര്‍ത്താന്‍ കഴിയൂ എന്ന ധാരണ വ്യാപകമായി പ്രചരിപ്പിക്കുകയാണ്‌ അവരെല്ലാം ചെയ്യുന്നത്‌. മരുന്നും ചികിത്സയും അത്യാവശ്യമാവുന്ന സന്ദര്‍ഭങ്ങള്‍ ഒരിക്കലും ഉണ്ടാവുകയില്ല എന്ന തെറ്റായ ധാരണ സൃഷ്ടിക്കാനല്ല ഇതെഴുതുന്നത്‌. സമഗ്രമായ ഒരു ആരോഗ്യവീക്ഷണം ചികിത്സകളുടെ ഫലപ്രാപ്തിക്ക്‌ തന്നെ സഹായകമാവുകയും 'ഹൈബജറ്റ്‌' ചികിത്സ മിക്കവാറും ആവശ്യമില്ലാതാക്കിത്തീര്‍ക്കുകയും ചെയ്യും എന്ന അവബോധം ചിന്താശീലര്‍ ക്കെങ്കിലും ഉണ്ടാക്കാനാണ്‌ ഈ വരികള്‍ കുറിക്കുന്നത്‌.

ആന്റിബോഡി എന്ന രക്ഷാകവചം
രോഗാണുക്കളെ സംബന്ധിച്ച്‌ പ്രചരിപ്പിക്കപ്പെടുന്ന ധാരണകളും അബദ്ധജടിലമാണ്‌. പരമകരുണികനായ രക്ഷിതാവ്‌ അവയെ സൃഷ്ടിച്ചൊരുക്കിയത്‌ മനുഷ്യരെ സങ്കീര്‍ണമായ രോഗങ്ങളിലൂടെ പീഡിപ്പിക്കാന്‍ വേണ്ടിയല്ല. രോഗാണുക്കളുടെ സൃഷ്ടിപ്പുകൊണ്ട്‌ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌ ശൈശവം മുതല്‍ മനുഷ്യരുടെ രോഗപ്രതിരോധ ശേഷി ക്രമേണ പ്രബലീകരിക്കുകയാണ്‌. ഒരു കുട്ടിയെ ശൈശവം മുതല്‍ യൗവനം വരെ രോഗാണുക്കളൊന്നും കടക്കാത്ത ഒരു മുറിയില്‍ വളര്‍ത്തിയാല്‍ അവന്റെ രോഗപ്രതിരോധശേഷി തീര്‍ത്തും ദുര്‍ബലമായിരിക്കും. കുറച്ചൊക്കെ രോഗാണുക്കള്‍ ശരീരത്തില്‍ കടന്നുകൂടുകയും അവയെ ചെറുത്തുതോല്‍പിക്കാന്‍ വേണ്ടി ശരീരം ഒരുക്കുന്ന ആന്റിബോഡികള്‍ (പ്രതിവസ്തുക്കള്‍) അവയ്ക്കും മറ്റു പല രോഗാണുക്കള്‍ക്കുമെതിരില്‍ രക്ഷാകവചമായിത്തീരുകയും ചെയ്യുക എന്നതാണ്‌ രോഗപ്രതിരോധശേഷി ക്രമപ്രവൃദ്ധമായി ശക്തിപ്പെടുത്തുന്നതിനുവേണ്ടി പടച്ചവന്‍ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥ. അതിനാല്‍ രോഗാണുക്കളെ വെറുക്കുകയും ഭയക്കുകയും ചെയ്യുന്നതിനു പകരം സ്നേഹിക്കുകയാണ്‌ കാര്യബോധമുള്ളവര്‍ ചെയ്യേണ്ടത്‌. രോഗാണുക്കള്‍ നമുക്ക്‌ വിനാശകാരികളായിത്തീരുന്നത്‌ നമ്മുടെ ജീവിതരീതിയിലെ തകരാറുകൊണ്ടും കടുത്ത ഭയവും ദു:ഖവും മറ്റും നിമിത്തവും നമ്മുടെ പ്ര തിരോധ സംവിധാനം ഏറെ ദുര്‍ബലമായിരിക്കുമ്പോള്‍ മാത്രമാണ്‌.
വേദന എന്ന സൗഭാഗ്യം
വേദനയെ സംബന്ധിച്ച ഭയമാണ്‌ പലരെയും തളര്‍ത്തിക്കളയുന്ന ഒരു ഘടകം. 'ദൈവമേ, നീ കരുണാമയനാണെങ്കില്‍ ഈ അസഹ്യമായ വേദന എന്തിന്‌ എന്നെ അനുഭവിപ്പിക്കുന്നു' എന്ന്‌ പോലും ചിലര്‍ ചോദിച്ചുപോകാറുണ്ട്‌. വേദനയെ സംബന്ധിച്ച വ്യഥ ചിലരെ വിഷാദരോഗികളാക്കി മാറ്റുകയും ആത്മഹത്യയിലേക്ക്‌ തള്ളിവിടുകയും ചെയ്തിട്ടുണ്ട്‌. യഥാര്‍ഥത്തില്‍ വേദനയെ വെറുക്കുകയോ ഭയക്കുകയോ ചെയ്യുന്നതിന്‌ യാതൊരു അടിസ്ഥാനവുമില്ല. എത്രയോ പരിക്കുകളില്‍ നിന്നും കേടുപാടുകളില്‍ നിന്നും ശരീരത്തെ കാത്തുസൂക്ഷിക്കുന്നത്‌ വേദന എന്ന രക്ഷാസംവിധാനമാണ്‌. ഒരു കുട്ടി ജനിക്കുന്നത്‌ ശരീരത്തില്‍ എവിടെയും സൂചികുത്തിയാല്‍ വേദന അനുഭവപ്പെടാത്ത വിധത്തിലാണെങ്കില്‍ അവന്റെ നിലനില്‍പ്‌ ഏറെ പ്രയാസകരമായിരിക്കും. ശരീരത്തിന്റെ പല ഭാഗങ്ങളിലും വേദന ഒട്ടും അനുഭവപ്പെടാതിരിക്കുക എന്നതാണല്ലോ കുഷ്ഠരോഗിയുടെ നിര്‍ഭാഗ്യം. പക്ഷെ, വേദനയോട്‌ തികച്ചും നിഷേധാത്മകമായ നിലപാടാണ്‌ എല്ലാവരും പുലര്‍ത്തുന്നത്‌. വേദനാ സംഹാരി, പെയിന്‍ കില്ലര്‍ എന്നീ പദങ്ങളുടെ സൂചന തന്നെ ശത്രുതാപരമാണല്ലോ. ഒരു അനുഷ്ഠാനമെന്ന നിലയില്‍ വേദന അനുഭവിക്കണമെന്നല്ല ഉദ്ദേശിക്കുന്നത്‌. പ്രത്യുത, വേദനയെന്ന രക്ഷാസന്ദേശത്തെ ശരിയായ അര്‍ഥത്തില്‍ ഗ്രഹിക്കുകയും ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യണമെന്നാണ്‌. ശരീരത്തിലെവിടെയെങ്കിലും കേടുപാട്‌ സംഭവിക്കുന്നതിനെതിരില്‍ കാരുണ്യപൂര്‍വം ഉണര്‍ത്തുന്ന വേദനയെ സംഹരിക്കാന്‍ ശ്രമിക്കുന്നതിനുപകരം അതിന്റെ ഉറവിടം കണ്ടെത്തി കുഴപ്പമൊഴിവാക്കുകയും വേദന മുഖേന മുഴുസമയ ജാഗ്രതയൊരുക്കിയ സൃഷ്ടികര്‍ത്താവിനോട്‌ നന്ദി കാണിക്കുകയുമാണ്‌ സല്‍ബുദ്ധിയുള്ളവര്‍ ചെയ്യേണ്ടത്‌.

സര്‍വതല സ്പര്‍ശിയായ ആരോഗ്യദര്‍ശനം
സമ്പൂര്‍ണ ശിഫാ ആയിട്ടുള്ള വിശുദ്ധ ഖുര്‍ആനില്‍ ആത്മീയവും മാനസികവും ശാരീരികവുമായ മുഴുവന്‍ രോഗങ്ങളില്‍ നിന്നും മുക്തി നല്‍കാന്‍ ഉപയുക്തമാകുന്ന സമഗ്ര ആരോഗ്യദര്‍ശനമുണ്ട്‌. നിരവധി സൂക്തങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആ ദര്‍ശനത്തിന്റെ സൂക്ഷ്മാംശങ്ങള്‍ ഇവിടെ വിശകലനവിധേയമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ചില സൂചനകള്‍ കൊണ്ട്‌ മതിയാക്കുന്നു. ദൈവികഗ്രന്ഥത്തില്‍ ഏറെ ഊന്നല്‍ നല്‍കിയിട്ടുള്ളത്‌ ആത്മവിശുദ്ധിക്കാണ്‌. 91:9,10 സൂക്തങ്ങള്‍ നോക്കുക. സ്വന്തം അസ്തിത്വത്തെ അഥവാ ആത്മാവിനെ പരിശുദ്ധമാക്കിയവന്‌ സാര്‍വത്രിക വിജയവും ആത്മാവിനെ കളങ്കപ്പെടുത്തിയവന്‌ ആത്യന്തികമായ പരാജയവും ഉണ്ടാകുമെന്നത്രെ ഈ സൂക്തങ്ങളില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. ആത്മവിശുദ്ധിക്കായി ദൈവികഗ്രന്ഥങ്ങള്‍ നിര്‍ദേശിക്കുന്ന എല്ലാ കാര്യങ്ങളും മാനസികവും ശാരീരികവുമായ ആരോഗ്യത്തിന്‌ കൂടി വഴിതെളിയിക്കുന്നതത്രെ. മനുഷ്യബന്ധങ്ങളെയെല്ലാം സ്നേഹവും കാരുണ്യവും കൊണ്ട്‌ കൂട്ടിയിണക്കാന്‍ ആഹ്വാനം ചെയ്യുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ മനുഷ്യരെ സാമൂഹികവും മാനസികവുമായ ആരോഗ്യത്തിലേക്ക്‌ നയിക്കുന്നു. അല്ലാഹുവിന്റെ കാരുണ്യം സര്‍വവസ്തുക്കള്‍ക്കും വ്യാപകമായിട്ടുള്ളതാണെന്ന്‌ പഠിപ്പിക്കുന്ന സൂക്തം (7:156) വിശ്വാസികളുടെ എല്ലാ മാനസിക സംഘര്‍ഷങ്ങളും ലഘൂകരിക്കാന്‍ പര്യാപ്തമാകുന്നു. അനുവദനീയവും വിശിഷ്ടവുമായ ഭക്ഷ്യവസ്തുക്കള്‍ മാത്രം കഴിക്കണമെന്നും ആഹാരപാനീയങ്ങളില്‍ അതിരു കവിയരുതെന്നും അനുശാസിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ (2:168, 7:31) അമിതാഹാരവും അഹിതാഹാരവും സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്കെതിരില്‍ സത്യവിശ്വാസികളെ ജാഗരൂകരാക്കുന്നു. മദ്യവും പന്നിമാംസവും ശവങ്ങളും രക്തവും നിഷിദ്ധമായി വിധിക്കുന്ന സൂക്തങ്ങള്‍ (5:3, 5:90) ഒട്ടേറെ ഭക്ഷ്യജന്യരോഗങ്ങളില്‍ നിന്ന്‌ വിശ്വാസികളെ സംരക്ഷിക്കുന്നു. തീ ര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത്‌ ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു"(90:4). "എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരെളുപ്പമുണ്ടായിരിക്കും" (94:5) എന്നീ ഖുര്‍ആന്‍ സൂക്തങ്ങള്‍, അധ്വാനമോ വ്യായാമമോ ഇല്ലാത്ത അലസതാ വിലസിതമായ ജീവിതം സൗഖ്യത്തിലേക്കോ സാഫല്യത്തിലേക്കോ നയിക്കുകയില്ലെന്ന്‌ സൂചിപ്പിക്കുന്നു.
ആരോഗ്യത്തിന്‌ ലോകാരോഗ്യസംഘടന നല്‍കിയിട്ടുള്ള നിര്‍വചനം 'മനുഷ്യന്റെ ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതി' എന്നാണ്‌. ഈ നിര്‍വചനപ്രകാരമുള്ള സമഗ്രആരോഗ്യം സാക്ഷാത്കരിക്കാന്‍ ഉതകുന്ന മാര്‍ഗദര്‍ശനമത്രെ ഒട്ടേറെ ഖുര്‍ആന്‍ സൂക്തങ്ങളിലും നബിവചനങ്ങളിലുമുള്ളത്‌. ശരീരവും വസ്ത്രവും പരിസരവും ആഹാരപാനീയങ്ങളും സംശുദ്ധമായിരിക്കണമെന്ന്‌ അനുശാസിക്കുന്ന ഇസ്ലാം മാലിന്യജന്യമായ സകല രോഗങ്ങളില്‍ നിന്നും ശരീരത്തെ രക്ഷിക്കുന്നു. ചേലാകര്‍മം നിര്‍ദേശിക്കുകയും ശരീരവും വസ്ത്രവും മൂത്രത്തില്‍ നിന്ന്‌ തികച്ചും ശുദ്ധമാക്കണമെന്ന്‌ വിധിക്കുകയും ചെയ്യുന്ന ഇസ്ലാം വിശ്വാസികളെ ശുചിത്വത്തില്‍ ഉന്നതനിലവാരമുള്ളവരാക്കുന്നു. ലഹരിക്കും ആസക്തികള്‍ക്കും ദുര്‍വികാരങ്ങള്‍ക്കും ദുര്‍വൃത്തികള്‍ക്കുമെതിരില്‍ കര്‍ക്കശമായ നിലപാട്‌ സ്വീകരിക്കുന്ന ഇസ്ലാം യഥാര്‍ഥ വിശ്വാസികളെ തികഞ്ഞ മാനസിക-ശാരീരിക സൗഖ്യംകൊണ്ട്‌ ധന്യരാക്കുന്നു. മാതാപിതാക്കള്‍, മക്കള്‍, സ ഹോദരങ്ങള്‍, ഇണകള്‍, ബന്ധുക്ക ള്‍, അയല്‍ക്കാര്‍, ഗുരുനാഥന്മാര്‍, സ ഹപ്രവര്‍ത്തകര്‍, പങ്കാളികള്‍ എന്നിവരോടുള്ള ബാധ്യതകള്‍ യഥോചി തം നിറവേറ്റുന്ന സത്യവിശ്വാസികള്‍ സാമൂഹിക സൗഖ്യത്തില്‍ മറ്റുപല വിഭാഗങ്ങളെയും കവച്ചുവെക്കുന്നു. അനാരോഗ്യത്തിന്‌ വഴിവെക്കുന്ന യാതൊന്നും ഇസ്ലാമിക അധ്യാപനങ്ങളില്‍ ഇല്ല എന്ന കാര്യവും ഇതോടൊപ്പം വിലയിരുത്തേണ്ടതാകുന്നു.Related posts
പനി: ആരോഗ്യശാസ്‌ത്രത്തിലും നബിചര്യയിലും 


പന്നിപ്പനി: വഴിതെറ്റിയ വൈദ്യശാസ്ത്രം വരുത്തിവെച്ച വിന 


എന്താണ്‌ രോഗം, എന്താണ്‌ ആരോഗ്യം? ചികിത്സാശാസ്ത്രം വിസ്മരിക്കുന്ന മൗലികതത്വങ്ങള്‍ 


ഭേദമാക്കുകയല്ല; രോഗം `മാറ്റുക'യാണ്‌ ആധുനിക വൈദ്യം - shabab weekly 02 March 2012.- ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്‌