07 May 2009

നമ്മുടെ പ്രശ്നം മറ്റുള്ളവരോ? --ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌



നമ്മുടെ പ്രശ്നം മറ്റുള്ളവരോ?
SHABAB Weekly Friday, 01 May 2009

ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌

മനുഷ്യരില്‍ അധികപേരും എന്തിനെയെങ്കിലും, ആരെയെങ്കിലും പഴിച്ചുകൊണ്ടിരിക്കുന്നവരാണ്‌. അല്ലാഹു തങ്ങളെ കൈവെടിയുകയും കഷ്ടത്തിലാക്കുകയും ചെയ്തതിന്റെ പേരില്‍ സങ്കടം പറഞ്ഞുനടക്കുന്നവരായിരിക്കും വേറെ ചിലര്‍. കുഴപ്പം സ്വന്തം കാഴ്ചപ്പാടിലും സമീപനങ്ങളിലും തന്നെയാണ്‌ എന്ന യാഥാര്‍ഥ്യം പ്രമാണമാക്കി ജീവിക്കാന്‍ തീരുമാനിച്ചവര്‍ പോലും ഇതരരുടെ പോരായ്മകളിലാണ്‌ മിക്കപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. മിക്ക മുസ്ലിംകളോടും കുശലാന്വേഷണം നടത്തിയാല്‍ ആദ്യം ലഭിക്കുന്ന മറുപടി അല്‍ഹംദുലില്ലാഹ്‌ എന്നോ സുഖമാണ്‌ എന്നോ ആയിരിക്കും. സംസാരം വിശദാംശങ്ങളിലേക്ക്‌ നീങ്ങിയാല്‍ അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളിലുള്ള സംതൃപ്തിയേക്കാള്‍ പ്രകടമാകുന്നത്‌ പലതരം പരാതികളും പരിഭവങ്ങളുമായിരിക്കും.

തങ്ങളുടെ കഷ്ടനഷ്ടങ്ങള്‍ക്കും പരാജയങ്ങള്‍ക്കും ഉത്തരവാദികള്‍ മാതാപിതാക്കളാണെന്ന്‌ സമര്‍ഥിച്ച്‌ സ്വയം ന്യായീകരിക്കാന്‍ ശ്രമിക്കുന്ന ചില ചെറുപ്പക്കാരെ കാണാം. ചിലര്‍ കുറ്റമാരോപിക്കുന്നത്‌ മാതാവിന്റെയോ സഹോദരന്മാരുടെയോ പേരിലായിരിക്കും. കുടുംബത്തിലെ പ്രശ്നങ്ങള്‍ക്കൊക്കെ കാരണം ഭാര്യയാണെന്ന്‌ ആരോപിക്കുന്ന ഭര്‍ത്താക്കന്മാരെയും ഭര്‍ത്താവാണെന്ന്‌ ആരോപിക്കുന്ന ഭാര്യമാരെയും ധാരാളമായി കാണാം. പ്രായമായ മാതാപിതാക്കളും ചെറുപ്പക്കാരായ മക്കളും പരസ്പരം കുറ്റപ്പെടുത്തുന്ന സംഭവങ്ങളും സര്‍വ സാധാരണമാകുന്നു. ചിലര്‍ എല്ലാ കുഴപ്പങ്ങള്‍ക്കും അയല്‍ക്കാരെയോ ബന്ധുക്കളെയോ പഴിചാരുന്നു. ചില സ്ത്രീകള്‍ കരുതുന്നത്‌ തങ്ങള്‍ അനുഭവിക്കുന്ന രോഗങ്ങളും ദുരിതങ്ങളുമെല്ലാം ആരോ കൂടോത്രം ചെയ്തതിന്റെ ഫലമാണെന്നത്രെ. നഷ്ടം നേരിടുന്ന ചില കച്ചവടക്കാരും ദുര്‍മന്ത്രവാദത്തെയാണ്‌ അതിന്റെ കാരണമായി ഗണിക്കുന്നത്‌. ആ സാറിന്റെ ക്ലാസ്‌ മോശമായതുകൊണ്ടാണ്‌ എനിക്ക്‌ മാര്‍ക്ക്‌ തീരെ കുറഞ്ഞത്‌ എന്നായിരിക്കും ചില വിദ്യാര്‍ഥികള്‍ക്ക്‌ പറയാനുള്ളത്‌. മാനേജര്‍, മേലുദ്യോഗസ്ഥന്‍, പ്രധാനാധ്യാപകന്‍ തുടങ്ങി പലരും ഇങ്ങനെ കുറ്റം ചുമത്തപ്പെടാറുണ്ട്‌.

രാഷ്ട്രീയക്കാര്‍ പൊതുവെ ഇതരരുടെ കുറ്റങ്ങള്‍ ചികഞ്ഞുനോക്കി ഉഗ്രന്‍ പരദൂഷണങ്ങള്‍ ചമയ്ക്കുന്നവരാണ്‌. സ്വന്തം ന്യൂനതകള്‍ വിലയിരുത്താന്‍ ശ്രമിക്കുന്നവര്‍ അവരുടെ കൂട്ടത്തില്‍ വളരെ കുറവായിരിക്കും. മതസംഘടനാസാരഥികളിലേക്കും ഈ ദോഷമാത്രക്കാഴ്ച ഒരു രോഗമായി പകര്‍ന്നുകൊണ്ടിരിക്കുകയാണ്‌. ഇസ്ലാമിനും മുസ്ലിംകള്‍ക്കും കുഴപ്പം വരുത്തിവെച്ചത്‌ മറ്റവരാണെന്ന്‌ സമര്‍ഥിക്കാനുള്ള തത്രപ്പാടിലാണ്‌ പലരും. താന്താങ്ങളുടെ നിലപാടില്‍ വല്ല അപാകതയും സംഭവിച്ചിട്ടുണ്ടോ എന്ന്‌ ആത്മപരിശോധന നടത്താനുള്ള സന്നദ്ധത വളരെ വിരളമായേ അവര്‍ കാണിക്കാറുള്ളൂ. മുസ്ലിംസമൂഹങ്ങളും രാഷ്ട്രങ്ങളും നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ക്കൊക്കെ കാരണം ഇതര സമൂഹങ്ങളോ രാഷ്ട്രങ്ങളോ ആണെന്ന വീക്ഷണവും അതുപോലെ തന്നെ. ഇത്രത്തോളം എഴുതിയത്‌ ഇതരരുടെ എതിര്‍പ്പും ഇടങ്കോലിടലും ആര്‍ക്കും ദോഷം വരുത്തുന്നില്ലെന്ന്‌ സൂചിപ്പിക്കാനല്ല.

ദ്രോഹബുദ്ധിയും നിഷേധാത്മക ചിന്തയും ആര്‍ക്കുമുണ്ടാകാം. "നിങ്ങളുടെ ഇണകളിലും മക്കളിലും തന്നെ നിങ്ങള്‍ക്ക്‌ ശത്രുക്കളുണ്ടാകുമെന്നും അതിനാല്‍ അവരെ സംബന്ധിച്ച്‌ ജാഗ്രത പുലര്‍ത്തണമെന്നും" വിശുദ്ധ ഖുര്‍ആനില്‍ (64:14) ഓര്‍മിപ്പിച്ചിട്ടുണ്ട്‌. പൊതുശത്രുക്കള്‍ക്കെതിരില്‍ ജാഗ്രത പുലര്‍ത്താനുള്ള ആഹ്വാനവുമുണ്ട്‌ ചില ഖുര്‍ആന്‍ സൂക്തങ്ങളില്‍. ശത്രുക്കളുടെ കുതന്ത്രങ്ങള്‍ക്കെതിരില്‍ ജാഗ്രത പുലര്‍ത്തണമെന്നതിന്‌ നമ്മുടെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം അവരാണെന്ന്‌ അര്‍ഥമില്ല. നാം അല്ലാഹുവിന്റെ ആജ്ഞകള്‍ പാലിച്ചു ജീവിച്ചാല്‍ എല്ലാ ശത്രുക്കള്‍ക്കെതിരിലും അവന്‍ നമ്മെ സഹായിക്കും. എന്നാല്‍ ഇഹലോകത്തും പരലോകത്തും നമ്മെ ദോഷകരമായി ബാധിക്കുന്നത്‌ നമ്മുടെ സ്വന്തം കര്‍മഫലങ്ങളായിരിക്കും. "നന്മയായിട്ട്‌ നിനക്ക്‌ എന്തൊന്ന്‌ വന്നുകിട്ടിയാലും അത്‌ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്‌. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്റെ പക്കല്‍ നിന്ന്‌ തന്നെ ഉണ്ടാകുന്നതാണ്‌"(വി. ഖു 4:79). "സത്യവിശ്വാസികളേ, നിങ്ങള്‍ നിങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊള്ളുക. നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചിട്ടുണ്ടെങ്കില്‍ ദുര്‍മാര്‍ഗികള്‍ നിങ്ങള്‍ക്ക്‌ ഒരു ദ്രോഹവും വരുത്തുകയില്ല. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌."(5:105)

ഓരോരുത്തരും സ്വന്തം ജീവിതം നന്മകളാല്‍ സമ്പുഷ്ടവും തിന്മകളില്‍ നിന്ന്‌ മുക്തവുമാക്കുക എന്നതാണ്‌ നിര്‍ണായകമെന്നും, ഇതരരെ ഉപദേശിക്കാനല്ലാതെ നമുക്ക്‌ സംഭവിക്കുന്ന കുഴപ്പങ്ങള്‍ക്ക്‌ അവരെ പഴിചാരാന്‍ വകുപ്പില്ലെന്നുമാണ്‌ ഈ സൂക്തങ്ങളില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. നാം നിരപരാധികളായിരിക്കെ ഇതരര്‍ കരുതിക്കൂട്ടി നമ്മെ ആക്രമിച്ചാല്‍ അല്ലാഹുവിന്റെ സഹായം നമുക്ക്‌ പ്രതീക്ഷിക്കാം. എന്നാല്‍ നമ്മുടെ ഭാഗത്തുനിന്നുള്ള ദുഷ്പ്രവര്‍ത്തനങ്ങളാണ്‌ ശത്രുക്കള്‍ നമ്മെ ആക്രമിക്കാന്‍ കാരണമെങ്കില്‍ അല്ലാഹുവിന്റെ സഹായം നമുക്ക്‌ പ്രതീക്ഷിക്കാവുന്നതല്ല. അവര്‍ മുഖേന നമുക്ക്‌ നേരിടുന്ന കഷ്ടനഷ്ടങ്ങള്‍ നാം തന്നെ വരുത്തിവെച്ച ദുരന്തങ്ങളായിരിക്കും.

അതിനാല്‍ ഇതരരുമായുള്ള ഇടപാടുകളും ഇടെപടലുകളും ഇഹത്തിലും പരത്തിലും നമുക്ക്‌ ദോഷകരമായി പരിണമിക്കാതിരിക്കാന്‍ നാം ചെയ്യേണ്ടത്‌ സ്വന്തം നയനിലപാടുകളെ തികച്ചും കുറ്റമറ്റതാക്കുകയാണ്‌. സ്വന്തം മക്കളോടുള്ള ബാധ്യതകള്‍ മാതാപിതാക്കള്‍ യഥോചിതം നിറവേറ്റിയാല്‍ അല്ലാഹുവിന്റെ അനുഗ്രഹവും സഹായവും അവര്‍ക്ക്‌ പ്രതീക്ഷിക്കാം. മക്കള്‍ ദുര്‍മാര്‍ഗം തെരഞ്ഞെടുക്കുകയും തങ്ങള്‍ക്കെതിരായി തിരിയുകയും ചെയ്താലും നല്ലവരായ മാതാപിതാക്കളെ അത്‌ ദോഷകരമായി ബാധിക്കുകയില്ല. ഇതുതന്നെയാണ്‌ ഇതരരോടുള്ള ബന്ധത്തില്‍ സ്വന്തം സമീപനം പരമാവധി ശരിപ്പെടുത്തുന്ന ആരുടെയും അവസ്ഥ. അതിനാല്‍ ഇതരരാണ്‌ നമ്മുടെ പ്രശ്നം എന്ന ചിന്ത സത്യവിശ്വാസികള്‍ -വ്യക്തികളായാലും സമൂഹങ്ങളായാലും- വെടിയുക തന്നെ വേണം. ഇസ്ലാമിക ദൃഷ്ട്യാ നമ്മുടെ പ്രശ്നം നമ്മുടെ സ്വന്തം തിന്മയാണ്‌. ഇതരരുടെ പ്രശ്നം അവരുടെ തിന്മയും.

ഓരോരുത്തരും ജീവിക്കുന്നത്‌ സ്വന്തമായ ഒരു മനോഘടനയോടു കൂടിയാണ്‌. ചെറുപ്പം മുതല്‍ അനുഭവിച്ചതും പഠിച്ചറിഞ്ഞതുമായ കാര്യങ്ങളാണ്‌ മനോഘടനയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്ന ഒരു ഘടകം. മാതാപിതാക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഗുരുജനങ്ങളില്‍ നിന്നും മറ്റും പകര്‍ന്നുകിട്ടുന്ന ധാരണകളാണ്‌ മറ്റൊരു പ്രധാന ഘടകം. ജനിതക സവിശേഷതകള്‍ക്കും മനോഘടനയെ രൂപപ്പെടുത്തുന്നതില്‍ ഒരു പങ്കുണ്ടാകും. അതിനാല്‍ നാം ചിന്തിക്കുന്നതുപോലെ തന്നെ ഇതരരും ചിന്തിക്കണമെന്ന്‌ ശഠിക്കുന്നത്‌ മനുഷ്യപ്രകൃതിക്ക്‌ തന്നെ വിരുദ്ധമാണ്‌. നാം ഒരു ആശയം മറ്റു കുറച്ചുപേര്‍ക്ക്‌ തികച്ചും സ്പഷ്ടമായി വിശദീകരിച്ചു കൊടുത്താലും അവരെല്ലാം അത്‌ ഉള്‍ക്കൊള്ളുന്നത്‌ ഒരേ രീതിയിലായിരിക്കുകയില്ല. അവരില്‍ തീരെ താല്‍പര്യം കാണിക്കാത്തവരും ഏറെ താല്‍പര്യം കാണിക്കുന്നവരുമുണ്ടാകും. അവരുടെ പ്രതികരണങ്ങളും അതിനനുസരിച്ച്‌ വ്യത്യസ്തമായിരിക്കും. മതവും സംസ്കാരവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്‌ വിശദീകരിക്കുന്നതെങ്കില്‍ ശ്രോതാക്കളുടെ പലതരം മുന്‍വിധികള്‍ അവരുടെ നിലപാടികളെയും പ്രതികരണങ്ങളെയും സ്വാധീനിക്കുമെന്നുറപ്പാണ്‌. ഇതരരുടെ പ്രതികരണങ്ങളെന്തായാലും ആശയ വിശദീകരണം നടത്തിയ വ്യക്തിക്ക്‌ അവരുമായി തര്‍ക്കത്തിലോ വഴക്കിലോ ഏര്‍പ്പെടേണ്ട ആവശ്യമില്ല. അവരെ ശത്രുതയോടെ വീക്ഷിക്കേണ്ട കാര്യവുമില്ല. അയാള്‍ തന്റെ ദൗത്യം നിര്‍വഹിച്ചുകഴിഞ്ഞു.

ഇതരരുടെ അന്യായമായ എതിര്‍പ്പിനെ സംബന്ധിച്ച്‌ വ്യാകുലപ്പെടുന്നവരും പരാതിപ്പെടുന്നവരും ഏറ്റവും ആദ്യമായി വിലയിരുത്തേണ്ട കാര്യം അവരുമായുള്ള ഇടപെടലില്‍ തങ്ങളുടെ ഭാഗത്ത്‌ എന്തെങ്കിലും വീഴ്ചകളുണ്ടായിട്ടുണ്ടോ എന്നാണ്‌. നാം പൂര്‍ണമായും ശരി ഇതരര്‍ പൂര്‍ണമായും തെറ്റ്‌ എന്ന ധാരണയോടെ സംവദിച്ചാല്‍ ശ്രോതാക്കള്‍ അതിനെ അവഗണിക്കുകയോ അവമതിക്കുകയോ ചെയ്യുക സ്വാഭാവികമാണ്‌. വിശുദ്ധ ഖുര്‍ആനില്‍ യഹൂദരുടെയും ക്രൈസ്തവരുടെയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക മാത്രമല്ല, അവര്‍ക്ക്‌ മൊത്തമായോ അവരില്‍ ചിലര്‍ക്ക്‌ മാത്രമായോ ഉള്ള നന്മകള്‍ എടുത്തുപറഞ്ഞിട്ടുമുണ്ട്‌.

"ഒരു സ്വര്‍ണക്കൂമ്പാരം തന്നെ വിശ്വസിച്ചേല്‍പിച്ചാലും അത്‌ നിനക്ക്‌ തിരിച്ചുനല്‍കുന്ന ചിലര്‍ വേദക്കാരിലുണ്ട്‌. അവരില്‍ തന്നെ മറ്റൊരു തരക്കാരുണ്ട്‌. അവരെ നീ ഒരു ദീനാര്‍ വിശ്വസിച്ചേല്‍പിച്ചാല്‍ പോലും നിരന്തരം (ചോദിച്ചുകൊണ്ട്‌) നിന്നെങ്കിലല്ലാതെ അവരത്‌ നിനക്ക്‌ തിരിച്ചുതരികയില്ല."(വി.ഖു 3:75)

"ജനങ്ങളില്‍ സത്യവിശ്വാസികളോട്‌ ഏറ്റവും കടുത്ത ശത്രുത പുലര്‍ത്തുന്നവര്‍ യഹൂദരും ബഹുദൈവാരാധകരുമാണ്‌ എന്ന്‌ തീര്‍ച്ചയായും നിനക്ക്‌ കാണാം. 'ഞങ്ങള്‍ ക്രിസ്ത്യാനികളാകുന്നു' എന്ന്‌ പറഞ്ഞവരാണ്‌ ജനങ്ങളില്‍ വെച്ച്‌ സത്യവിശ്വാസികളോട്‌ ഏറ്റവും അടുത്ത സൗഹൃദമുള്ളവര്‍ എന്നും നിനക്കു കാണാം. അവരില്‍ മതപണ്ഡിതരും സന്യാസികളും ഉണ്ടെന്നതും അവര്‍ അഹംഭാവം നടിക്കുന്നില്ല എന്നതുമാണ്‌ അതിന്‌ കാരണം." (വി.ഖു 5:83)

ക്രൈസ്തവരുടെ ത്രിയേകത്വവാദം തെറ്റാണെന്നും സന്യാസം അല്ലാഹു പഠിപ്പിച്ചതല്ല എന്നും വ്യക്തമാക്കിയ വിശുദ്ധ ഖുര്‍ആനില്‍ തന്നെയാണ്‌ അവരുടെ നന്മകളും എടുത്തുപറഞ്ഞിട്ടുള്ളത്‌. പക്ഷെ, ഇന്ന്‌ മുസ്ലിം സമൂഹങ്ങളും സംഘടനകളും ഇതരരുടെ നന്മകളൊന്നും അംഗീകരിക്കാന്‍ കൂട്ടാക്കാത്ത നിലപാടിലാണ്‌. ഇതരര്‍ നമ്മോട്‌ എതിര്‍പ്പ്‌ തുടരുന്നതിന്‌ നമ്മുടെ ഈ നിലപാട്‌ തന്നെയാണ്‌ കാരണമെങ്കില്‍ നാം അത്‌ തിരുത്തേണ്ടതില്ലേ?

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.