09 May 2009

പന്നിപ്പനി: വഴിതെറ്റിയ വൈദ്യശാസ്ത്രം വരുത്തിവെച്ച വിന

പന്നിപ്പനി: വഴിതെറ്റിയ വൈദ്യശാസ്ത്രം വരുത്തിവെച്ച വിന
SHABAB Friday, 08 May 2009
ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌

പനിയുടെ ലോകത്ത്‌ പേരുകള്‍ക്ക്‌ ഒരു പഞ്ഞവുമില്ല. എലിപ്പനിക്കും ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയയ്ക്കും പക്ഷിപ്പനിക്കും ശേഷം ഇപ്പോള്‍ പന്നിപ്പനിയുടെ ഊഴമാണ്‌. ലോക ആരോഗ്യസംഘടന ഇപ്പോള്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌ ലോകജനതയുടെ മനസ്സില്‍ പന്നിപ്പനിയെ സംബന്ധിച്ച ഭയം ഒരു ഒഴിയാബാധയെന്നോണം നിലനിര്‍ത്താനാണ്‌. നിലവിലുള്ള ഏതെങ്കിലും മരുന്നു മുഖേന ഈ വൈറല്‍പനിയുടെ വ്യാപനം തടയുക പ്രയാസമായിരിക്കുമെന്നാണ്‌ ലോകജനതയുടെ ആരോഗ്യം അപകടത്തിലാകാതിരിക്കാന്‍ വേണ്ടതൊക്കെ ചെയ്യുന്നുവെന്ന്‌ ഭാവിക്കുന്ന ലോകസംഘടനയുടെ പേരില്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട്‌. പന്നിപ്പനിക്ക്‌ ഫലപ്രദമായ മരുന്നൊന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ലെന്നര്‍ഥം. ചിക്കുന്‍ഗുനിയയും പക്ഷിപ്പനിയും എങ്ങനെയൊക്കെയോ നിയന്ത്രണ വിധേയമായെങ്കിലും അവയ്ക്കും പ്രത്യേക മരുന്നുകള്‍ നിലവിലില്ല എന്നതുതന്നെയാണ്‌ സത്യം. എന്നാലും ബില്യന്‍ കണക്കില്‍ രൂപയുടെ മരുന്നുകച്ചവടം തിരുതകൃതിയായി നടക്കുന്നുണ്ട്‌. ദല്‍ഹിയില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്‌, ഒരു ദശലക്ഷം ഡോസ്‌ മരുന്ന്‌ ഇപ്പോള്‍ സ്റ്റോക്കുണ്ടെന്നും ഇനിയും ഒരു ദശലക്ഷം വൈകാതെ ലഭ്യമാക്കുമെന്നുമാണ്‌.

പന്നിപ്പനിയെ കീഴടക്കാന്‍ കഴിവുള്ള യാതൊരു മരുന്നും ഗവേഷകര്‍ ഇനിയും കണ്ടെത്തിയിട്ടില്ല എന്നതാണ്‌ ലോകാരോഗ്യ സംഘടനയ്ക്ക്‌ അറിയാവുന്ന യാഥാര്‍ഥ്യമെങ്കില്‍ ദല്‍ഹിയില്‍ ഒരുക്കിവെക്കുന്ന ഇരുപത്‌ ലക്ഷം ഡോസ്‌ മരുന്ന്‌ ഏതാണ്‌? നിലവിലുള്ള ആന്റിബയോട്ടിക്കുകളില്‍ വീര്യംകൂടിയ ഏതെങ്കിലും ഒരിനമാകാനേ സാധ്യതയുള്ളൂ. ഇതുപോലുള്ള ചില മരുന്നുകള്‍ തന്നെയാണ്‌ ചിക്കുന്‍ഗുനിയക്കെതിരിലും വ്യാപകമായി പ്രയോഗിക്കപ്പെട്ടത്‌. യഥാര്‍ഥത്തില്‍ ഇത്‌ ഇരുട്ടില്‍ തപ്പുന്ന ഏര്‍പ്പാട്‌ മാത്രമാണ്‌. ഒരു പ്രത്യേക വൈറസിന്റെ വ്യാപനം തടയാന്‍ അതിന്നെതിരില്‍ പരീക്ഷിച്ച്‌ തെളിയിക്കപ്പെട്ട മരുന്ന്‌ പ്രയോഗിക്കുന്നത്‌ മാത്രമേ ശാസ്ത്രീയമാവുകയുള്ളൂവെങ്കില്‍ പല പനികള്‍ക്കും ഇപ്പോള്‍ മുഖ്യധാരാ ചികിത്സകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌ തികച്ചും അശാസ്ത്രീയമായ ചികിത്സയാണെന്ന്‌ പറയാതെ വയ്യ. ഈ അശാസ്ത്രീയ ചികിത്സയ്ക്കാണ്‌ കോടിക്കണക്കില്‍ രൂപ പൊതുഖജനാവില്‍ നിന്ന്‌ ചെലവഴിക്കുന്നത്‌.

എന്തൊക്കെയായാലും ഇത്തരം ആന്റിബയോട്ടിക്ക്‌ മരുന്നുകള്‍ തന്നെയല്ലേ മിക്ക പകര്‍ച്ചപ്പനികളും നിയന്ത്രണവിധേയമാക്കാന്‍ സഹായകമായത്‌ എന്നാണ്‌ അധികമാളുകളും ചിന്തിക്കുന്നത്‌. അവഗണിച്ചുതള്ളാന്‍ പറ്റാത്ത ഒരു കാഴ്ചപ്പാടാണിതെങ്കിലും അതിനപ്പുറം മൗലികമായ പല സത്യങ്ങളുണ്ട്‌. ബഹുജനങ്ങളും ആരോഗ്യശാസ്ത്ര വിദഗ്ധരും അവയൊക്കെ വിസ്മരിക്കുകയോ അവഗണിക്കുകയോ ആണ്‌ പതിവ്‌. ഒന്ന്‌, വൈറസുകള്‍ ശരീരത്തില്‍ കടന്നുകൂടുന്നതുകൊണ്ട്‌ മാത്രമല്ല രോഗബാധയുണ്ടാകുന്നത്‌. വൈറസിന്‌ കീഴടങ്ങാന്‍ പാകത്തില്‍ ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ ദുര്‍ബലമാകുമ്പോള്‍ മാത്രമാണ്‌ പനിയും മറ്റു രോഗലക്ഷണങ്ങളും പ്രകടമാകുന്നത്‌.

രണ്ട്‌, പ്രതിരോധ വ്യവസ്ഥ ബലഹീനമാകുന്നതിന്‌ പല കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടാറുണ്ടെങ്കിലും അന്തിമ വിശകലനത്തില്‍ ഒരു കാരണമേ ഉള്ളൂ. ശരീരകോശങ്ങളുടെ അപചയം (degeneration of body cells)ആണത്‌. രോഗശമനത്തിന്‌ പല കാരണങ്ങള്‍ വിലയിരുത്തപ്പെടാറുണ്ട്‌. എന്നാല്‍ സുഖപ്രാപ്തിയിലേക്ക്‌ നയിക്കുന്ന മൗലികമായ ഘടകം ഒന്നേയുള്ളൂ. ശരീരകോശങ്ങളുടെ പുനരുജ്ജീവനം (Regeneration of body cells) ആണത്‌. ആന്റിബയോട്ടിക്ക്‌ ഔഷധങ്ങളില്‍ ഒന്നുപോലും കോശങ്ങളുടെ പുനരുജ്ജീവനത്തിന്‌ സഹായകമാകുന്നില്ല എന്ന്‌ മാത്രമല്ല, അവയില്‍ പലതും കോശങ്ങളുടെ അപചയത്തിന്‌ നിമിത്തമാകുന്നുമുണ്ട്‌.

മൂന്ന്‌, എല്ലാ ജീവിവര്‍ഗങ്ങളുടെയും പൊതുസ്വഭാവമാണ്‌ പ്രതികൂല സാഹചര്യങ്ങളെ തരണംചെയ്ത്‌ അതിജീവിക്കാനുള്ള കഴിവ്‌. കീടനാശിനികളുടെ വ്യാപകവും നിരന്തരവുമായ പ്രയോഗം നിമിത്തം വിഷങ്ങള്‍ക്കൊന്നും വഴങ്ങാത്ത കീടങ്ങള്‍ രംഗത്തുവന്നതുപോലെയാണ്‌ ആന്റിബയോട്ടിക്‌ മരുന്നുകളുടെ ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള പ്രയോഗം നിമിത്തം പഴയ മരുന്നുകള്‍ക്കൊന്നും വഴങ്ങാത്ത ബാക്ടീരിയകളും വൈറസുകളും വളര്‍ന്നുവരുന്നത്‌. പുതിയ വീര്യംകൂടിയ മരുന്നുകള്‍ കണ്ടുപിടിച്ച്‌ പ്രയോഗിച്ചാലും മ്യൂട്ടേഷന്‍ എന്ന പ്രക്രിയയിലൂടെ കൂടുതല്‍ അതിജീവനശേഷിയുള്ള രോഗാണുക്കള്‍ വളര്‍ന്നുവരും. ഇത്‌ ആരോഗ്യസേവനരംഗത്ത്‌ നിരന്തരം വെല്ലുവിളികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കും.

നാല്‌, എല്ലാ ആന്റിബയോട്ടിക്‌ മരുന്നുകളും രോഗാണുക്കളെ നശിപ്പിക്കുന്നതോടൊപ്പം ശരീരകോശങ്ങള്‍ക്ക്‌ അപചയവും നാശവും വരുത്തിവെക്കുന്നുമുണ്ട്‌. വീണ്ടും വീണ്ടും ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്ന ചിലരുടെ ആരോഗ്യസ്ഥിതി അപരിഹാര്യമാംവിധം മോശമാകുന്നതിന്റെ കാരണം ഇതാണ്‌. ശരീരകോശങ്ങളുടെ പുനരുജ്ജീവനം ഇവരുടെ കാര്യത്തില്‍ മിക്കവാറും അസാധ്യമാകും.

അഞ്ച്‌, ആന്റിബയോട്ടിക്കുകള്‍ കഴിച്ചാലും ഇല്ലെങ്കിലും മൂന്നോ നാലോ ദിവസംകൊണ്ട്‌ സുഖപ്പെടുന്നതാണ്‌ മിക്ക പനികളും. ഇത്തരം മരുന്നുകള്‍ ഒട്ടും കഴിക്കാത്ത പലര്‍ക്കും പനികള്‍ വളരെ വേഗം സുഖപ്പെടുന്നതായി അനുഭവമുണ്ട്‌. അല്‍പം ക്ഷമിച്ചാല്‍ ഔഷധസേവ കൂടാതെ തന്നെ രോഗം സുഖമാകുമെന്നുണ്ടെങ്കില്‍ പലവകയില്‍ ലാഭമാണ്‌. ഡോക്ടര്‍ക്കും മരുന്നിനുമുള്ള ചെലവ്‌ ഒഴിവാക്കാം. ശരീരകോശങ്ങള്‍ക്ക്‌ അപചയം സംഭവിക്കാതെ സൂക്ഷിക്കാം. പനി നിത്യസന്ദര്‍ശകനാകുന്ന അവസ്ഥയ്ക്ക്‌ മാറ്റം വരും. പക്ഷെ, അല്‍പം ക്ഷമ വേണം. അടിസ്ഥാനമില്ലാത്ത ഭയങ്ങളോട്‌ വിടപറയാന്‍ കഴിയണം.

ആറ്‌, ലോകാരോഗ്യസംഘടനയും ഭരണകൂടങ്ങളും ഒരു പനിയെ ഹിറ്റ്ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതോടെ സാമാന്യജനങ്ങള്‍ ഭയത്തിന്റെ പിടിയിലമരുകയാണ്‌. അതോടെ അവരുടെ പ്രതിരോധവ്യവസ്ഥ ദുര്‍ബലമാവുകയും വൈറസുകള്‍ക്ക്‌ അവരെ കീഴടക്കുക എളുപ്പമാവുകയും ചെയ്യുന്നു. ലോകമാകെ പന്നിപ്പനിയെ സംബന്ധിച്ച ഭയം പരന്നാല്‍ ആഗോള ഔഷധക്കുത്തകകള്‍ക്ക്‌ സഹസ്രകോടികള്‍ വാരിക്കൂട്ടാം എന്നതൊഴിച്ചാല്‍ മാനവരാശിക്ക്‌ വേറെ മൗലിക നേട്ടമൊന്നും ഉണ്ടാവില്ല.

പനിയുടെ ഭീകരപ്പതിപ്പുകളെയൊന്നും പേടിക്കാതെ ജീവിക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഒന്ന്‌, ജങ്ക്‌ ഫുഡ്‌ എന്ന്‌ വിളിക്കപ്പെടുന്ന എല്ലാ ചവറ്‌ ഭക്ഷണങ്ങളും ഒഴിവാക്കി പടച്ചവന്‍ പടച്ച മൗലികത്വമുള്ള ഭക്ഷ്യവസ്തുക്കള്‍ കൊണ്ട്‌ മതിയാക്കുക. സാക്ഷാല്‍ ശുദ്ധജലവും കളങ്കിതമാകാത്ത പഴങ്ങളുടെ സത്തും ഒഴികെയുള്ള സകല പാനീയങ്ങളും ഒഴിവാക്കുക. രണ്ട്‌, ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ചാലനാത്മകമാകാന്‍ ഉപകരിക്കുന്ന ജോലികളിലോ വ്യായാമങ്ങളിലോ ഏര്‍പ്പെടുക. മൂന്ന്‌, മരുന്നുകളെ ആശ്രയിക്കേണ്ടിവരുകയാണെങ്കില്‍ കോശങ്ങളുടെ പുനരുജ്ജീവനത്തിന്‌ സഹായകമാകുന്ന മരുന്നാണെന്ന്‌ ഉറപ്പ്‌ വരുത്തുക.

നാല്‌, ശരീരത്തില്‍ നിന്നുള്ള മാലിന്യ-വിഷ വിസര്‍ജനം ഉചിതമായ അളവില്‍ നടക്കാത്തതാണ്‌ കോശങ്ങളുടെ അപചയത്തിന്‌ മുഖ്യകാരണമെന്ന്‌ മനസ്സിലാക്കി ശരീരത്തിന്റെ ഉള്ള്‌ ശുദ്ധീകരിക്കാന്‍ ഉപയുക്തമാകുന്ന ആഹാരപാനീയങ്ങള്‍ക്ക്‌ (detoxicating regimen) മുന്‍ഗണന നല്‍കുക. പഴങ്ങളും പച്ചക്കറികളും അവയുടെ ജ്യോൂസുകളുമാണ്‌ ഈ ഇനത്തില്‍ പ്രധാനം. വിശുദ്ധ ഖുര്‍ആനില്‍ പേരുപറഞ്ഞ ഏക ഔഷധമായ തേന്‍ ചേര്‍ത്ത വെള്ളമാണ്‌ കോശങ്ങളുടെ പുനരുജ്ജീവനത്തിനും മാലിന്യ-വിഷ വിസര്‍ജനത്തിനും ഒരുപോലെ സഹായകമാകുന്നതും ഭൂമിയിലെങ്ങും എക്കാലത്തും ലഭ്യമാകുന്നതുമായ അമൂല്യമായ ഔഷധച്ചേരുവ.



Related posts
പനി: ആരോഗ്യശാസ്‌ത്രത്തിലും നബിചര്യയിലും 


പന്നിപ്പനി: വഴിതെറ്റിയ വൈദ്യശാസ്ത്രം വരുത്തിവെച്ച വിന 


എന്താണ്‌ രോഗം, എന്താണ്‌ ആരോഗ്യം? ചികിത്സാശാസ്ത്രം വിസ്മരിക്കുന്ന മൗലികതത്വങ്ങള്‍ 


ഭേദമാക്കുകയല്ല; രോഗം `മാറ്റുക'യാണ്‌ ആധുനിക വൈദ്യം - shabab weekly 02 March 2012.- ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്‌ 

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.