02 January 2009

പലിശയെന്ന വില്ലനും നായകനില്ലാത്ത വിപണിയും - ബഷീര്‍ വള്ളിക്കുന്ന്‌

പലിശയെന്ന വില്ലനും നായകനില്ലാത്ത വിപണിയും
ശബാബ്‌ പുസ്തകം 32 ,ലക്കം 20 -1429 ദുല്‍ ഹജ്ജ്‌ 28 -2008 ഡിസംബര്‍ 26

ബഷീര്‍ വള്ളിക്കുന്ന്‌

ഇന്റര്‍നെറ്റില്‍ വ്യാപകപ്രചാരം നേടിയ ഒരു 'ഷെയര്‍മാര്‍ക്കറ്റ്‌ കഥ'യില്‍ നിന്ന്‌ തുടങ്ങാം. നിറയെ കുരങ്ങന്‍മാരുള്ള ഒരു ഗ്രാമത്തില്‍ ഒരപരിചിതന്‍ വന്ന്‌ പ്രഖ്യാപിക്കുന്നു: "ഒരു കുരങ്ങനെ പിടിച്ചുതന്നാല്‍ പത്തു രൂപ തരാം! ഗ്രാമവാസികള്‍ ഒന്നടങ്കം കുരങ്ങന്‍മാരുടെ പിറകെയോടി. അവയെ പിടിച്ച്‌ വിറ്റ്‌ കാശാക്കി. കുരങ്ങന്‍മാരുടെ എണ്ണം കുറഞ്ഞുവന്നപ്പോള്‍ അയാള്‍ തന്റെ ഓഫര്‍ അല്‍പം കൂട്ടി. കുരങ്ങൊന്നിന്‌ 20 രൂപ! ഗ്രാമീണര്‍ വീണ്ടും സടകുടഞ്ഞെഴുന്നേറ്റ്‌ അവശേഷിക്കുന്ന കുരങ്ങന്‍മാരെ ഓടിച്ചിട്ട്‌ പിടിച്ചു കാശ്‌ വാങ്ങി കീശയിലിട്ടു. എവിടെയും കുരങ്ങന്‍മാരെ കാണാനില്ലാതായിത്തുടങ്ങിയപ്പോള്‍ 'മങ്കി മുതലാളി' തന്റെ ഓഫര്‍ ഇരുപത്തഞ്ചു രൂപയാക്കി. അപൂര്‍വം ചില ഭാഗ്യവാന്മാരുടെ മുന്നില്‍ മാത്രം വാനരന്മാര്‍ പ്രത്യക്ഷപ്പെട്ടു. അധികനാള്‍ കഴിയുംമുമ്പേ കുരങ്ങ്‌ മുതലാളിയുടെ കൂടുകളിലല്ലാതെ മരുന്നിനുപോലും ഒരു കുരങ്ങനെ കാണാനില്ലാത്ത അവസ്ഥയായി. ഇതോടെ മങ്കി മുതലാളി കുരങ്ങൊന്നിന്‌ വില അന്‍പത്‌ രൂപയാക്കി ഉയര്‍ത്തി. ഒരു അത്യാവശ്യ കാര്യത്തിന്‌ തനിക്ക്‌ പോകേണ്ടതുണ്ടെന്നും തിരിച്ചു വന്നാലുടന്‍ അന്‍പത്‌ രൂപക്ക്‌ കുരങ്ങുകളെ വാങ്ങുമെന്നും തിരിച്ചുവരുന്നതുവരെ തന്റെ അസിസ്റ്റന്റ്‌ കാര്യങ്ങള്‍ നോക്കുമെന്നും അയാള്‍ ഗ്രാമീണരെ അറിയിച്ചു.

മുതലാളി പോയതോടെ അസിസ്റ്റന്റ്‌ നാട്ടുകാരോട്‌ പറഞ്ഞു: നോക്കൂ, ഈ കൂടുകളില്‍ നിറയെ കുരങ്ങന്മാരുണ്ട്‌. കുരങ്ങൊന്നിന്‌ മുത്തപ്പഞ്ചു രൂപ തന്നാല്‍ ഞാനിത്‌ നിങ്ങള്‍ക്ക്‌ തരാം. മുതലാളി വന്നാല്‍ നിങ്ങള്‍ക്കിവയെ അന്‍പത്‌ രൂപക്ക്‌ വില്‍ക്കാം. ചുളുവില്‍ പണം കിട്ടാനുള്ള മാര്‍ഗം തുറന്നുകിട്ടിയ ഗ്രാമീണരില്‍ ചിലര്‍ വീടും പറമ്പും താലിമാലയും വരെ വിറ്റ്‌ കുരങ്ങന്‍മാരെ വാങ്ങിക്കൂട്ടി. മുപ്പത്തഞ്ചു രൂപക്ക്‌ കുരങ്ങന്‍മാരെയെല്ലാം വിറ്റ്‌ തീര്‍ന്നതോടെ അസിസ്റ്റന്റ്‌ തടി തപ്പി. മങ്കി മുതലാളി വരുന്നത്‌ കാത്ത്‌ കുരങ്ങന്‍മാരെ കൂടുകളിലാക്കി കാത്തിരുന്ന ഗ്രാമീണര്‍ വിഡ്ഢികളായി. അയാളുടെ പൊടിപോലും ആ വഴിക്ക്‌ പിന്നെ കണ്ടില്ല. അഞ്ച്‌ കാശിന്‌ കൊള്ളാത്ത കുരങ്ങന്മാരെ മുപ്പത്തഞ്ച്‌ രൂപ കൊടുത്ത്‌ വാങ്ങേണ്ടി വന്ന ഗ്രാമീണരില്‍ ചിലര്‍ ആത്മഹത്യ ചെയ്യുന്നതോടെ 'സ്റ്റോക്ക്‌ മാര്‍ക്കറ്റ്‌' കഥ പൂര്‍ണമാകുന്നു.

നിറംപിടിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടുകളും കള്ളക്കഥകളും ചമച്ച്‌ സാധാരണക്കാരന്റെ പണം ഓഹരി വിപണികളിലൂടെ വാരിക്കൂട്ടിയ കോര്‍പറേറ്റ്‌ ഭീമന്മാരും ഈ കഥയിലെ മങ്കി മുതലാളിയും തമ്മില്‍ വലിയ വ്യത്യാസമില്ല. തുടക്കത്തില്‍ കുരങ്ങന്‍മാരെ പിടിച്ച്‌ കാശ്‌ വാങ്ങി കീശയിലിട്ടവര്‍ക്ക്‌ അത്‌ കിട്ടി. കിട്ടിയ കാശ്‌ ഇരട്ടിപ്പിക്കാന്‍ നോക്കിയവര്‍ വെട്ടിലായി. അന്‍പത്‌ രൂപ കൊടുത്ത്‌ വാങ്ങിയ കുരങ്ങന്‍മാരെ ഒരു രൂപക്കുപോലും വാങ്ങാനാളില്ലാത്ത അവസ്ഥ. പൊട്ടിയ കമ്പനികളുടെ ഷെയറുകളുമായി സ്റ്റോക്ക്‌ എക്സ്ചേഞ്ചുകളുടെ സ്ക്രീനില്‍ നോക്കിയിരിക്കുന്ന ഹതഭാഗ്യരുടെ അവസ്ഥയും ഇതുതന്നെയാണ്‌.

കോര്‍പറേറ്റ്‌ രാജാക്കന്മാരായ ഇത്തരം മങ്കിമുതലാളിമാരുടെ വലയില്‍ വീണ നിക്ഷേപകരും അവരുടെ കെടുകാര്യസ്ഥത മൂലം തകര്‍ന്ന സാമ്പത്തിക സ്ഥാപനങ്ങളും ലോകത്തിന്‌ മുന്നില്‍ ഇന്ന്‌ വലിയ ചോദ്യചിഹ്നങ്ങളാണ്‌. ലോകമാകെ ഒരു സാമ്പത്തികത്തകര്‍ച്ചയിലേക്ക്‌ കൂപ്പുകുത്തുകയാണ്‌ എന്നത്‌ ചില ദോഷൈകദൃക്കുകള്‍ മുന്നോട്ട്‌ വെക്കുന്ന ആശങ്ക മാത്രമല്ലെന്ന്‌ ഇന്ന്‌ ലോകം തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്‌. സാമ്പത്തിക പ്രതിസന്ധി ഏതെങ്കിലും ഒരു രാജ്യത്തിന്റെ മാത്രം പ്രശ്നമല്ലെന്നും തകര്‍ച്ചയുടെ കാറ്റ്‌ ഏറിയും കുറഞ്ഞും എല്ലായിടത്തും വീശുമെന്നും ഇതിനകം ഉറപ്പായിട്ടുണ്ട്‌.

സമ്പൂര്‍ണ മുതലാളിത്ത വ്യവസ്ഥിതിയും ക്യാപിറ്റലിസ്റ്റ്‌ രീതികളുള്ള രാജ്യങ്ങളെ അപേക്ഷിച്ച്‌ മറ്റു രാജ്യങ്ങളില്‍ തകര്‍ച്ചയുടെ വ്യാപ്തി അല്‍പം കുറയുമെങ്കിലും ഒരു പോറലുമേല്‍ക്കാതെ പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന്‌ ആരും പ്രതീക്ഷിക്കുന്നില്ല. വാഷിംഗ്ടണില്‍ ചേര്‍ന്ന ജി-ഇരുപത്‌ ഉച്ചകോടിയില്‍ സാമ്പത്തികത്തകര്‍ച്ചയുടെ പരിഹാരം ആഗോളാടിസ്ഥാനത്തിലാണ്‌ വേണ്ടതെന്ന തീരുമാനമാണ്‌ ഉണ്ടായത്‌. ആയുധക്കരുത്തിന്റെയും സാമ്പത്തിക മേല്‍ക്കോയ്മയുടെയും പിന്‍ബലത്തില്‍ വികസ്വര-അവികസിത രാജ്യങ്ങള്‍ക്ക്‌ പുല്ലുവില കല്‍പിക്കാതിരുന്ന സാമ്രാജ്യത്വമേലാളന്മാര്‍ ഇപ്പോള്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നാണ്‌ പറയുന്നത്‌. ജി-7, ജി-5, ജി-3 എന്നിങ്ങനെ ചുരുങ്ങിവന്നിരുന്ന 'വമ്പന്‍ രാജ്യ'ങ്ങളുടെ പട്ടിക ഇപ്പോള്‍ ജി-20 ആക്കി വിശാലമാക്കാന്‍ അവര്‍ 'വിശാല മനസ്കത' കാണിക്കുകയും ചെയ്തു. ആഗോളഗ്രാമമെന്ന പരസ്പര ബന്ധിത സാമ്പത്തിക ക്രമത്തിന്റെയും തുറന്ന വിപണിയുടെയുമൊക്കെ ഫലമായി ഒറ്റക്കൊറ്റക്കുള്ള പരിഹാരമാര്‍ഗങ്ങള്‍ ഫലം കാണില്ലെന്ന തിരിച്ചറിവാണ്‌ വന്‍ശക്തികളെ ചെറുകിട രാജ്യങ്ങളുടെ കൈകോര്‍ത്തു പിടിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്‌.

ഭീകരതക്കെതിരായ യുദ്ധത്തില്‍ 'ഒന്നുകില്‍ നമ്മോടൊപ്പം അല്ലെങ്കില്‍ ശത്രുവോടൊപ്പം' എന്ന്‌ പറഞ്ഞ്‌, മുഴുവന്‍ രാജ്യങ്ങളെയും ഭീഷണിപ്പെടുത്തിയിരുന്ന ജോര്‍ജ്‌ ബുഷ്‌ ഇപ്പോള്‍ പറയുന്നത്‌ ലോകം ഒന്നാണെന്നും സാമ്പത്തികത്തകര്‍ച്ച എല്ലാവരുടെയും പ്രശ്നമാണെന്നുമാണ്‌. സാമ്പത്തികത്തകര്‍ച്ചയുടെ പ്രഹരം കണ്ണടപ്പിക്കുന്ന ഒരു ചെകിട്ടത്തടിയായി വന്ന്‌ പതിച്ചപ്പോഴാണ്‌ പടിയിറങ്ങുന്ന പ്രസിഡന്റിന്‌ പരിസരബോധം വന്നതും ലോകരാഷ്ട്രങ്ങളോട്‌ സ്നേഹം തോന്നിത്തുടങ്ങിയതും. ഐക്യരാഷ്ട്ര സഭയടക്കമുള്ള മുഴുവന്‍ അന്താരാഷ്ട്ര ഏജന്‍സികളുടെയും അഭ്യര്‍ഥനകളെ കാറ്റില്‍ പറത്തി പശ്ചിമേഷ്യയിലേക്ക്‌ സൈന്യത്തെ അയച്ച അമേരിക്കയും ബ്രിട്ടനും ഇപ്പോള്‍ ഇത്തരം ഏജന്‍സികളെ ശക്തിപ്പെടുത്തണമെന്നാണ്‌ പറയുന്നത്‌.

പശ്ചിമേഷ്യയെ ഇസ്ലാമിക ഭീകരരുടെ താവളമായും ആത്മഹത്യാ സ്ക്വാഡുകളുടെ ഉല്‍പാദനകേന്ദ്രമായും മാത്രം കണ്ടിരുന്ന പടിഞ്ഞാറന്‍ ശക്തികള്‍ക്ക്‌ പെട്ടെന്നൊരു സുപ്രഭാതത്തില്‍ മിഡില്‍ ഈസ്റ്റ്‌ പ്രിയങ്കരമായ ഭൂമിയായി മാറിയിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ പശ്ചിമേഷ്യയുടെ സാമ്പത്തിക സഹായം അഭ്യര്‍ഥിച്ച്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഗോള്‍ഡന്‍ ബ്രൗണ്‍ ഗള്‍ഫിലേക്ക്‌ പറന്നത്‌ ഈയിടെയാണ്‌. പശ്ചിമേഷ്യയില്‍ 'ഭീകരര്‍' മാത്രമല്ല 'ഭീകരവിരുദ്ധരെ' സഹായിക്കാന്‍ പറ്റുന്നവരും ഉണ്ടെന്ന്‌ ടോണി ബ്ലയറുടെ പിന്‍മുറക്കാരന്‌ ബോധ്യം വന്നിട്ടുണ്ട്‌. കാട്ടില്‍ ഇര കിട്ടാതാകുമ്പോള്‍ നാട്ടിലേക്കിറങ്ങുന്ന ചെന്നായയുടെ കഥ നമ്മുടെ പഞ്ചതന്ത്രത്തില്‍ മാത്രമല്ല എല്ലാ രാജ്യങ്ങളിലെയും നാടന്‍ കഥകളില്‍ ഉണ്ടാവാനിടയുണ്ട്‌. എന്നാല്‍ കാട്ടില്‍ ക്ഷാമകാലം വരുമെന്ന കണക്കുകൂട്ടലില്‍ നാട്ടിലെ ഇരകളെയെല്ലാം ചാക്കില്‍ കെട്ടി കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ചെന്നായ്ക്കളുടെ കഥ എവിടെയും കാണില്ല. വിദേശ കറന്‍സി റിസര്‍വില്‍ ലോകത്ത്‌ നാലാം സ്ഥാനത്തുള്ള സുഊദി അറേബ്യയിലേക്കും മറ്റ്‌ ഗള്‍ഫ്‌ രാജ്യങ്ങളിലേക്കും വരുംനാളുകളില്‍ പടിഞ്ഞാറില്‍ നിന്ന്‌ കൂടുതല്‍ സന്ദര്‍ശകരെത്തും എന്ന കാര്യത്തില്‍ സംശയമില്ല.

തുറന്ന കമ്പോളത്തിന്റെ തിരുവടയാളങ്ങളൊക്കെ എട്ടു നിലയില്‍ പൊട്ടുമ്പോള്‍ ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയെക്കുറിച്ച്‌ പഠിക്കാനും പലിശരഹിതവും ചൂഷണമുക്തവുമായ ഒരു വാണിജ്യസംസ്കാരത്തെ അറിയാനും പലരും ഇപ്പോള്‍ താല്‍പര്യം കാണിക്കുന്നുണ്ട്‌. നാട്ടുകാരുടെ കുരങ്ങന്മാരെ നാട്ടുകാര്‍ക്ക്‌ തന്നെ വിറ്റ്‌ കാശാക്കിയ കഥയിലെ മങ്കിമുതലാളിയെപ്പോലെ സാമ്പത്തിക മേഖലയെ കൊള്ളയടിച്ച കോര്‍പറേറ്റ്‌ ഭീമന്‍മാര്‍ ഒന്നൊന്നായി തകര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഒരു പുനര്‍വിചിന്തനത്തിന്‌ ചിലരെങ്കിലും തയ്യാറാവുന്നത്‌ സ്വാഭാവികം മാത്രം. ഇങ്ങനെയൊരവസരം മുതലെടുത്ത്‌ ഇസ്ലാമിക സമ്പദ്‌ ശാസ്ത്രത്തെയും പലിശരഹിത ബാങ്കിങ്‌ രീതികളെയും ലോകത്തിന്‌ പരിചയപ്പെടുത്താനുള്ള ഒരു സുവര്‍ണാവസരമാണ്‌ ഗള്‍ഫ്‌ രാജ്യങ്ങള്‍ക്കും ഇസ്ലാമിക്‌ ഫിനാന്‍സ്‌ സ്ഥാപനങ്ങള്‍ക്കും ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്‌.

പലിശരഹിത സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക്‌ ശക്തമായ അടിത്തറ പാകിയ നിരവധി ബാങ്കിംഗ്‌ സ്ഥാപനങ്ങള്‍ ഗള്‍ഫ്‌ മേഖലയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. യൂറോപ്പിലും അമേരിക്കയിലും ഈ ബാങ്കുകളുടെ അസോസിയേറ്റ്‌ യൂനിറ്റുകള്‍ ചെറുകിട രൂപത്തിലാണെങ്കിലും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്‌. സാമൂഹ്യസേവന സന്നദ്ധതയിലൂന്നിയ നിരവധി ബാങ്കിംഗ്‌ പരീക്ഷണങ്ങള്‍ ഈ മേഖലയില്‍ നടക്കുന്നുണ്ട്‌. ഇജാറ, മുറാബഹ, മുളാറബ, മുഷാറക, ഖര്‍ദുല്‍ ഹസന്‍, തകാഫുല്‍ തുടങ്ങിയ നിരവധി ബാങ്കിംഗ്‌ രീതികള്‍ക്ക്‌ ജനകീയാടിത്തറയും വിശ്വാസ്യതയും സൃഷ്ടിക്കാന്‍ ഇസ്ലാമിക്‌ ബാങ്കുകള്‍ക്ക്‌ ഇന്ന്‌ സാധിച്ചിട്ടുണ്ട്‌. മാര്‍ക്കറ്റ്‌ വിലയുടെ അഞ്ചും പത്തും ഇരട്ടി തുകയ്ക്ക്‌ പ്രോപ്പര്‍ട്ടികള്‍ ലോണായി വാങ്ങി നല്‍കുന്ന ആധുനിക വായ്പാരീതികള്‍ക്ക്‌ പകരം ചൂഷണരഹിതമായ സാമ്പത്തിക ഇടപാടുകളാണ്‌ ഇവ ഉപഭോക്താക്കള്‍ക്ക്‌ ഉറപ്പ്‌ നല്‍കുന്നത്‌. നായകനില്ലാത്ത വിപണിയില്‍ നിന്ന്‌ പലിശയെന്ന വില്ലനെ പടികടത്താനുള്ള എളിയ ശ്രമങ്ങളാണ്‌ ഇസ്ലാമിക്‌ ബാങ്കുകള്‍ നടത്തുന്നത്‌.

വ്യാപക പ്രചാരംനേടിയ ഇജാറ (ലീസ്‌ അഥവാ വാടക) പദ്ധതികളില്‍ ബാങ്ക്‌ ഉപഭോക്താവിന്റെ ആവശ്യാനുസരണമുള്ള പ്രോപ്പര്‍ട്ടി അഥവാ വസ്തു വിലക്കുവാങ്ങി വാടകക്ക്‌ നല്‍കുന്നു. വസ്തുവിന്റെ വില രേഖപ്പെടുത്തിയ കരാര്‍ പ്രകാരം ഒരു നിശ്ചിത തുക ഉപഭോക്താവ്‌ വാടക നല്‍കുന്നതോടൊപ്പം ഉടമസ്ഥാവകാശത്തിലേക്ക്‌ ഗഡുക്കളായി പണമടയ്ക്കാനുള്ള സംവിധാനവും ചില ഇജാറ പദ്ധതികളിലുണ്ട്‌. ഉപഭോക്താവുമായുള്ള മുന്‍ധാരണ പ്രകാരം വസ്തുവോ വാഹനമോ ബാങ്ക്‌ പൂര്‍ണമായി വില കൊടുത്തു വാങ്ങുകയും കുറഞ്ഞ ലാഭവിഹിതം ഈടാക്കി ഉപഭോക്താവിന്‌ അത്‌ വില്‍ക്കുകയും ചെയ്യുന്ന രീതിയാണ്‌ മുറാബഹ. ഗഡുക്കളായി പണമടയ്ക്കാന്‍ ഉപഭോക്താവിന്‌ അവസരം ലഭിക്കുന്നതോടൊപ്പം അടവുകളില്‍ കാലതാമസം വന്നാല്‍ അധികപണം ഈടാക്കാതെ തന്നെ മാന്യമായ രീതികളിലൂടെ ഇടപാടുകള്‍ തീര്‍ക്കാന്‍ നിയമവ്യവസ്ഥകള്‍ ഈ പദ്ധതികളിലുണ്ട്‌.

ഒരു വ്യവസായ സംരംഭത്തിന്‌ വേണ്ടി ബാങ്ക്‌ പണം മുടക്കുകയും ഉപഭോക്താവ്‌ തന്റെ കഴിവും പ്രാവീണ്യവും ഉപയോഗപ്പെടുത്തി ബിസിനസ്‌ നടത്തുകയും ചെയ്യുന്ന 'മുളാറബ' രീതിയും പ്രചാരത്തിലുണ്ട്‌. ലാഭവിഹിതം മുന്‍കൂട്ടി നിശ്ചയിക്കുന്ന അനുപാതപ്രകാരം ബാങ്കും ഉപഭോക്താവും വീതിച്ചെടുക്കും. നഷ്ടം സംഭവിച്ചാല്‍ മുതല്‍ മുടക്കുന്ന പാര്‍ട്ടിയെന്ന നിലക്ക്‌ മൂലധനനഷ്ടം വഹിക്കാന്‍ ബാങ്ക്‌ തയ്യാറാവണം. മറ്റൊരു രീതി 'മുശാറക' എന്ന പേരിലറിയപ്പെടുന്ന കൂട്ടുസംരംഭമാണ്‌ (ജോയിന്റ്‌ വെന്‍ച്വര്‍). ഇതില്‍ ബാങ്കും ഉപഭോക്താവും (അല്ലെങ്കില്‍ ഒന്നിലധികം ഉപഭോക്താക്കള്‍) പണം മുടക്കുകയും ലാഭനഷ്ടങ്ങള്‍ മുടക്കിയ പണത്തിന്റെ അനുപാതമനുസരിച്ച്‌ വീതിച്ചെടുക്കുകയും ചെയ്യുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്കുവേണ്ടി ഉപഭോക്താവിന്‌ നല്‍കുന്ന സദുദ്ദേശ്യപരമായി നല്‍കുന്ന ലോണുകളാണ്‌ ഖര്‍ദ്‌ ഹസന്‍. ഇവിടെ യാതൊരു മുന്നുപാധികളുമില്ലാതെ ബാങ്ക്‌ ഉപഭോക്താവിന്‌ കടം കൊടുക്കുന്നു. ഗഡുക്കളായോ ഒന്നിച്ചോ അത്‌ തിരിച്ചടയ്ക്കാം. ബാങ്കുമായി നല്ല ഇടപാടുബന്ധം സൂക്ഷിക്കുന്നതിനും ഇത്തരം സംരംഭങ്ങള്‍ നിലനില്‍ക്കുന്നതിനും വേണ്ടി ഉപഭോക്താവ്‌ അല്‍പം തുക അധികമായി നല്‍കിയാല്‍ ബാങ്ക്‌ അത്‌ സ്വീകരിക്കുന്നു. എന്നാല്‍ ഇത്‌ ഒരു നിര്‍ബന്ധ വ്യവസ്ഥയായി ഖര്‍ദ്‌ ഹസന്‍ പദ്ധതികളില്‍ ഉള്‍പ്പെടുന്നില്ല. ഇസ്ലാമിക ഇന്‍ഷുറന്‍സ്‌ പദ്ധതിയായ തകാഫുല്‍, സുകൂക്‌ എന്ന പേരിലറിയപ്പെടുന്ന ബോണ്ടുകള്‍ തുടങ്ങി നിരവധി ബദല്‍ സാമ്പത്തിക ഇടപാട്‌ രീതികള്‍ ഇസ്ലാമിക ബാങ്കിംഗ്‌ സ്ഥാപനങ്ങള്‍ മുന്നോട്ട്‌ വെക്കുന്നുണ്ട്‌. ഇത്തരം ബാങ്കിംഗ്‌ രീതികളെക്കുറിച്ച്‌ ഇസ്ലാമിക പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഏറെയുണ്ടെങ്കിലും പലിശയിലധിഷ്ഠിതമായ ഇന്നത്തെ ബാങ്കിംഗ്‌ സമ്പ്രദായത്തെ അപേക്ഷിച്ച്‌ കൂടുതല്‍ മനുഷ്യത്വ പൂര്‍ണമായ ഒരു മുഖമാണ്‌ ഇസ്ലാമിക്‌ ബാങ്കിംഗിനുള്ളത്‌ എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. അതുകൊണ്ടുതന്നെ സാമ്പത്തികത്തകര്‍ച്ചയില്‍ നിന്ന്‌ രക്ഷ നേടുന്നതിന്റെ ഭാഗമായി ഇസ്ലാമിക്‌ ബാങ്കിംഗ്‌ രീതികളെ കൂടുതല്‍ പഠനവിധേയമാക്കാന്‍ ശ്രമങ്ങളുണ്ടാവേണ്ടിയിരിക്കുന്നു.

ഇസ്ലാമിക സാമ്പത്തിക രീതികള്‍ക്കൊപ്പം സാമ്പത്തിക രംഗത്ത്‌ ആപേക്ഷിക അച്ചടക്കം നിലനില്‍ക്കുന്ന വികസ്വര രാജ്യങ്ങളിലേക്കും പ്രതീക്ഷയോടെ നോക്കുകയാണ്‌ അമേരിക്കയടക്കമുള്ള തകരുന്ന ശക്തികള്‍. ബി ആര്‍ ഐ സി എന്ന പേരില്‍ വിളിക്കുന്ന ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങള്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യങ്ങളെ അതിജയിക്കുവാന്‍ പോകുന്നുവെന്ന്‌ അവര്‍ മനസ്സിലാക്കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഈ രാജ്യങ്ങളുമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചങ്ങാത്തം കൂടുവാനാണ്‌ തകരുന്ന ശക്തികള്‍ ശ്രമിക്കുന്നത്‌.

ഗള്‍ഫ്‌ രാജ്യങ്ങള്‍ ഐ എം എഫിലേക്ക്‌ കൂടുതല്‍ നിക്ഷേപങ്ങള്‍ നല്‍കണമെന്ന്‌ അഭ്യര്‍ഥിക്കുന്ന വന്‍ ശക്തികളോട്‌ ബദല്‍ അഭ്യര്‍ഥനകള്‍ നടത്താനുള്ള സുവര്‍ണാവസരമാണ്‌ ഗള്‍ഫ്‌ മേഖലക്ക്‌ ഇപ്പോള്‍ കൈവന്നിട്ടുള്ളത്‌. ഐ എം എഫിലെ നിശ്ചലരായ നിക്ഷേപകരാവുന്നതിന്‌ പകരം വേള്‍ഡ്‌ ബാങ്ക്‌, യു എന്‍, മറ്റ്‌ സായുധ സഖ്യങ്ങള്‍ തുടങ്ങിയവയില്‍ സക്രിയരായ പങ്കാളികളാവാനുള്ള അവസരമാണ്‌ അറബ്‌ രാജ്യങ്ങള്‍ക്ക്‌ ലഭിക്കേണ്ടത്‌. നിങ്ങളുടെ സാമ്പത്തികത്തകര്‍ച്ചയെ മറികടക്കാന്‍ ഞങ്ങളുടെ പണം വേണമെന്നുണ്ടെങ്കില്‍ ഫലസ്തീന്‍ ജനതക്ക്‌ അവരുടെ ഭൂമി തിരിച്ചുനല്‍കണമെന്ന്‌ ഒരു മുന്നുപാധി വെച്ചുകൂടെ? 'കാറ്റുള്ളപ്പോള്‍ പാറ്റണമെന്ന്‌' പറയുന്നത്‌ പോലെ അപൂര്‍വമായി ലഭിക്കുന്ന ഇത്തരം അവസരങ്ങളിലെങ്കിലും ചില വിലപേശല്‍ സമ്മര്‍ദങ്ങള്‍ നടത്തുന്നതിനെയല്ലേ നാം പ്രായോഗിക ബുദ്ധി എന്ന്‌ വിളിക്കുന്നത്‌. ആ പ്രായോഗിക ബുദ്ധി അവര്‍ കാണിക്കാത്ത പക്ഷം അറബികളെക്കുറിച്ച്‌ മുമ്പാരോ പറഞ്ഞ ആ വാക്കുകള്‍ നമുക്ക്‌ ആവര്‍ത്തിക്കേണ്ടി വരും. "They never miss an opportuntiy to miss an opportuntiy'' (അവസരം പാഴാക്കാന്‍ ലഭിക്കുന്ന ഒരവസരവും അവര്‍ പാഴാക്കാറില്ല.)