30 December 2008

ഇസ്‌ലാമും രാഷ്ട്രീയവും - ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌ മദനി

ഇസ്‌ലാമും രാഷ്ട്രീയവും - ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌ മദനി


(Listen Speech 
"Islaamum Raashtreeyavum" --Cheriyamundam Abdul Hameed Madani   14.1 MB   )


mp3 link










https://clyp.it/mkwg1kml.mp3

ഇസ്‌ലാമും രാഷ്ട്രീയവും ഇക്കാലത്ത്‌ വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്‌. ഈ വിഷയത്തിന്റെ പ്രത്യേകത ഇസ്‌ലാമിനേയും ഇന്നത്തെ രാഷ്ട്രീയ സ്ഥിതിഗതികളേയും വ്യത്യസ്ത വിഷയങ്ങളേയും കുറിച്ച്‌ ഒരു പൂര്‍വധാരണയുള്ള ആളെ മാത്രമേ ഇക്കാര്യത്തെ സംബന്ധിച്ച്‌ എന്തെങ്കിലും പഠിപ്പിക്കാനാവൂ എന്നതാണ്‌.

'ഒരു മുസ്‌ലിമിനെ ആര്‍ ഭരിക്കണം അല്ലെങ്കില്‍ ഒരു മുസ്‌ലിം ആരാല്‍ ഭരിക്കപ്പെടണം, ഒരു മുസ്‌ലിം ഭരിക്കുകയും ഭരിക്കപ്പെടുകയും ചെയ്യുന്നതിനുള്ള അടിസ്ഥാനപരമായ ആധാരം എന്തായിരിക്കണം' എന്നതാണു ഇസ്‌ലാമും രാഷ്ട്രീയവും എന്ന വിഷയത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌.

വിലയും മൂല്യവും - ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌

വിലയും മൂല്യവും ------ ...... -ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌
ശബാബ്‌ പുസ്തകം 32,ലക്കം 20 , 2008 ഡിസംബര്‍ 26


വിലയും മൂല്യവും തമ്മിലുള്ള ബന്ധത്തെയും വ്യത്യാസത്തെയും സംബന്ധിച്ച്‌ സാമ്പത്തിക ശാസ്ത്ര ഗ്രന്ഥങ്ങളില്‍ അല്‍പസ്വല്‍പം വിശദമായ ചര്‍ച്ച കാണാം. വിലയ്ക്കും മൂല്യത്തിനും അവിടെയൊന്നും ചര്‍ച്ചചെയ്യാത്ത ചില മാനങ്ങളും ഉണ്ടാകും. പക്ഷെ, മുസ്ലിംസമൂഹം ഇതിനെ സംബന്ധിച്ച്‌ അത്രയൊന്നും ബോധവാന്മാരല്ല. ഇന്നത്തെ സമ്പന്നരും ഇടത്തരക്കാരുമായ മുസ്ലിംകളില്‍ പലരും ആധുനിക ഉപഭോഗവസ്തുക്കളില്‍ പലതിന്റെയും വിലയറിയുന്നവരാണ്‌. കെട്ടിടങ്ങളുടെയും പറമ്പുകളുടെയും ആളുകളുടെയും വിലയെക്കുറിച്ചും അവര്‍ക്ക്‌ സാമാന്യമായ ധാരണയുണ്ട്‌. എന്നാല്‍ വസ്തുക്കളുടെ മൂല്യത്തെയും മൂല്യരാഹിത്യത്തെയും സംബന്ധിച്ച്‌ അവര്‍ അധികമൊന്നും ചിന്തിക്കാറില്ല. അതിനാല്‍ ഉല്‍പാദകരും വിതരണക്കാരും വലിയ വിലയിട്ട വസ്തുക്കള്‍ക്ക്‌ വലിയ മൂല്യം കല്‍പിക്കുകയാണ്‌ പലരും ചെയ്യുന്നത്‌. ആളുകള്‍ക്ക്‌ വിലകല്‍പിക്കുന്നതാകട്ടെ അവരുടെ അധികാരവും സമ്പത്തും നോക്കിയിട്ടാണ്‌. ഖുര്‍ആനും സുന്നത്തും പ്രബോധനം ചെയ്യാന്‍ വേണ്ടി മഹാസമ്മേളനങ്ങള്‍ നടത്തുമ്പോഴും മന്ത്രിമാരെയും വന്‍ പണക്കാരെയും പങ്കെടുപ്പിക്കുന്ന കാര്യമാണല്ലോ സജീവമായി പരിഗണിക്കാറുള്ളത്‌.

വിലയേക്കാള്‍ എത്രയോ ഉപരിയായ മൂല്യത്തെയും മൂല്യബന്ധിതമായ വിലയെയും സംബന്ധിച്ച്‌ ചിന്തിക്കാന്‍ പ്രേരണ നല്‍കിയ സംഭവമത്രെ ഭുവനപ്രശസ്തമായ ആ ചെരുപ്പേറ്‌. തന്റെ വിലയെയും അധികാരത്തെയും സംബന്ധിച്ച്‌ അതിരുകവിഞ്ഞ അഹംബോധമുള്ള ജോര്‍ജ്‌ ബുഷിന്‌ നേര്‍ക്ക്‌ കുതിച്ചുപാഞ്ഞ ഒരു ജോടി ഷൂസിന്‌ അല്‍ബഗ്ദാദിയ ടി വി ലേഖകന്‍ മുന്‍തദര്‍ സൈദി കടയില്‍ കൊടുത്ത വില എത്രയെന്ന്‌ ലോകത്താരും അന്വേഷിക്കുന്നില്ല. പക്ഷെ, ആ ഏറോടെ സൈദിക്കും അയാളുടെ ഷൂസിനും കൈവന്ന മൂല്യം അതിഭീമമാണ്‌. അത്‌ തിട്ടപ്പെടുത്തുക അത്ര എളുപ്പമല്ല. അധിനിവേശ വിരുദ്ധതയുടെ മൂല്യം, സാമ്രാജ്യത്വ വിരുദ്ധതയുടെ മൂല്യം, സ്വേച്ഛാധിപത്യത്തിന്റെ ഉഗ്രമൂര്‍ത്തിയുടെ നേര്‍ക്കുള്ള നിരങ്കുശമായ ധിക്കാരത്തിന്റെ മൂല്യം, അതുല്യമായ ഒരു സെന്‍സേഷനല്‍ ന്യൂസിന്റെ മൂല്യം എന്നിങ്ങനെ മൂല്യഗണനയ്ക്ക്‌ മാനങ്ങളും മാപകങ്ങളും ഏറെയുണ്ടാകും. ഇറാഖി ജനതയ്ക്ക്‌ കൈവന്ന സ്വാതന്ത്ര്യത്തിന്റെ അടയാളമെന്ന്‌ ഈ ചെരുപ്പേറിനെ വിശേഷിപ്പിച്ച ബുഷിന്റെ ക്രൂരമായ ഫലിതത്തില്‍ പോലും ഏറിന്റെ മൂല്യം അംഗീകരിക്കപ്പെട്ടിരിക്കയാണ്‌.

ബുഷിനെ എറിഞ്ഞ ഷൂസിന്‌ കോടികള്‍ വില പറഞ്ഞ സമ്പന്നര്‍ വിലയും മൂല്യവുമായി ഒരു തരത്തില്‍ കൂട്ടിക്കലര്‍ത്തുകയാണ്‌ ചെയ്തത്‌. ഭാവിയില്‍ കൂടുതല്‍ വിലയ്ക്ക്‌ ലേലം ചെയ്തു വില്‍ക്കാമെന്ന വ്യാമോഹവും അവര്‍ക്ക്‌ പ്രേരകമായിരിക്കാം. ഏതെങ്കിലും വസ്തുവിന്‌ മാധ്യമങ്ങള്‍ വാര്‍ത്താമൂല്യം സ്ഥാപിച്ചാല്‍ അതിന്റെ കച്ചവട സാധ്യതകള്‍ അന്വേഷിച്ചിറങ്ങുന്നവര്‍ക്ക്‌ ലാഭമെന്ന മൂല്യത്തില്‍ മാത്രമേ വിശ്വാസമുണ്ടാവുകയുള്ളൂ. ബുഷിന്റെ രാഷ്ട്രീയത്തിലും ഈ മൂല്യത്തിന്‌ തന്നെയാണ്‌ മുന്‍ഗണന. എന്നാല്‍ സൈദി എന്ന ടി വി ലേഖകന്റെ മൂല്യബോധത്തില്‍ ലാഭക്കൊതി കലര്‍ന്നിട്ടുണ്ടാകാന്‍ സാധ്യതയില്ല. ശരാശരിക്കാരുടെ കാഴ്ചപ്പാടില്‍ അദ്ദേഹത്തിന്‌ നഷ്ടം മാത്രമേയുള്ളൂ. അതില്‍ ഏറ്റവും നിസ്സാരമായത്‌ ആ ഷൂസിന്റെ വിലയാണ്‌. ശരീരം അടിച്ചുതകര്‍ക്കപ്പെട്ടതും വരാനിരിക്കുന്ന വിചാരണയും ശിക്ഷയും തുടങ്ങി പലതും നഷ്ടങ്ങളുടെ പട്ടികയില്‍ വരാം. ആ ഷൂസ്‌ മൂലം ആര്‍ക്കും ഇനി പ്രശസ്തിയോ ലാഭമോ ഉണ്ടാകാതിരിക്കാന്‍ വേണ്ടി ഇറാഖീ അധികൃതര്‍ അത്‌ നശിപ്പിച്ചുകളഞ്ഞതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. ധിക്കാരികള്‍ക്ക്‌ ഒരു പാഠമാകാന്‍ വേണ്ടി സാമ്രാജ്യത്വ കിങ്കരന്മാര്‍ സൈദിയെത്തന്നെ കൊന്നുകളഞ്ഞെന്നും വരാം. എന്തായാലും ബുഷിന്‌ അവരോഹണ സമ്മാനമായി ലഭിച്ച ചെരുപ്പേറ്‌ ചരിത്രത്തില്‍ സ്ഥാനംപിടിക്കുക തന്നെ ചെയ്യും.

ചെരുപ്പേറിന്റെ നൈതികമോ ധാര്‍മികമോ ആയ വശങ്ങളെ സംബന്ധിച്ച്‌ ഇവിടെ വിശകലനം ചെയ്യുന്നില്ല. കമ്പോളവിലയെ വളര്‍ച്ചയുടെയും പുരോഗതിയുടെയും ആധാരമായിക്കണക്കാക്കുന്ന കാഴ്ചപ്പാടിന്‌ ക്ഷണികമായ നിലനില്‍പേ ഉള്ളൂവെന്നും മൂല്യങ്ങള്‍ക്ക്‌ തോക്കുകൊണ്ടോ ബോംബ്‌ കൊണ്ടോ മാച്ചുകളയാനാകാത്ത സ്ഥായീഭാവമുണ്ടാകുമെന്നും വ്യക്തമാക്കുകയാണ്‌ ഈ കുറിപ്പിന്റെ ഉദ്ദേശ്യം. ആഗോള കമ്പോള ശക്തികളുടെ കടിഞ്ഞാണ്‍ പിടിക്കുന്ന സാമ്രാജ്യത്വ സാരഥികള്‍ക്ക്‌ സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാന്‍ കഴിയുമോ എന്ന ചോദ്യത്തെക്കാള്‍ പ്രധാനം മൂല്യബോധമുള്ള ജനകോടികളുടെ നിന്ദയെ അതിവര്‍ത്തിക്കാന്‍ കഴിയുമോ എന്നതാണ്‌.

വിലയും മൂല്യവും തമ്മിലുള്ള മാറ്റുരക്കലിന്‌ മനുഷ്യചരിത്രത്തോളം പഴക്കമുണ്ട്‌. നംറൂദ്‌ ചക്രവര്‍ത്തിക്ക്‌ ഭൗതികമായി വലിയ വിലയും നിലയും ഉണ്ടായിരുന്നു. സമ്പത്തിന്റെയും പ്രതാപത്തിന്റെയും വിലയെ സംബന്ധിച്ച വലിയ വിചാരം ആ സ്വേച്ഛാധിപതിയുടെ തലയ്ക്ക്‌ പിടിച്ചതിനാല്‍ അയാള്‍ സ്വയം ദൈവം ചമയാന്‍ പോലും മുതിര്‍ന്നു. ജീവജാലങ്ങളെ ജനിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന ലോകരക്ഷിതാവിനെ സംബന്ധിച്ച്‌ ഇബ്‌റാഹീം നബി(അ) സംസാരിച്ചപ്പോള്‍ നംറൂദിന്റെ പ്രതികരണം, താനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യാറുണ്ട്‌ എന്നായിരുന്നു. പ്രതികളില്‍/തടവുകാരില്‍ ചിലരെ ജീവിക്കാന്‍ വിടുകയും ചിലരെ വധിച്ചുകളയുകയും ചെയ്യാനുള്ള തന്റെ അധികാരത്തിന്റെ വില അയാള്‍ വിളംബരം ചെയ്യുകയായിരുന്നു. എന്നാല്‍ ഇബ്‌റാഹീം(അ) തന്റെ ആദര്‍ശത്തിന്റെ മൂല്യം വ്യക്തമായും ശക്തമായും തെളിയിച്ചുകൊണ്ട്‌ സംവാദം തുടര്‍ന്നപ്പോള്‍ നംറൂദിന്‌ ഉത്തരം മുട്ടിപ്പോയി.

'ഞാനാണ്‌ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവ്‌' എന്ന്‌ ഫിര്‍ഔന്‍ പ്രഖ്യാപിച്ചതും തന്റെ അധികാരത്തിന്റെ വിലയുടെ പേരിലുള്ള ഹുങ്ക്‌ കൊണ്ടായിരുന്നു. പക്ഷെ, ആ സ്വേച്ഛാധിപതിയുടെ ഔദ്ധത്യത്തിനോ ഭീഷണികള്‍ക്കോ യാതൊരു വിലയും കല്‍പിക്കാതെ മൂസാനബി(അ) ദൈവികദൃഷ്ടാന്തങ്ങള്‍ കാണിക്കുകയും മൂല്യവത്തായ സംവാദരീതി തുടരുകയും ചെയ്തപ്പോള്‍ ആദര്‍ശത്തിന്റെയും മൂല്യത്തിന്റെയും കരുത്ത്‌ തെളിഞ്ഞു. ഫിര്‍ഔനിന്റെ അധികാരപ്രമത്തതയും അയാള്‍ വിളിച്ചുകൂട്ടിയ മായാജാലക്കാരുടെ ചെപ്പടിവിദ്യകളും നിഷ്ഫലമായി.

മുഹമ്മദ്‌ നബി(സ)യെ ശക്തിയായി എതിര്‍ത്തവരും സമൂഹത്തില്‍ വിലയുള്ളവരായിരുന്നു. അഥവാ തങ്ങള്‍ ഏറെ നിലയും വിലയും ഉള്ളവരാണന്ന്‌ സ്വയം കരുതുന്നവരായിരുന്നു. അതിനാല്‍ ഇസ്ലാമിനെ മുളയിലേ നുള്ളിക്കളയാമെന്ന്‌ അവര്‍ കണക്കുകൂട്ടിയിരുന്നു. പക്ഷെ, ആദര്‍ശത്തിന്റെ മൂല്യം ഉള്‍ക്കൊണ്ട സത്യവിശ്വാസികള്‍ ന്യൂനപക്ഷമായിരുന്നിട്ടും സമ്പത്തിനും അധികാരത്തിനും വലിയ വില കല്‍പിച്ച ഭൂരിപക്ഷത്തിന്റെ ആക്രമണത്തെ ചെറുത്ത്‌ വിജയം കൈവരിക്കാന്‍ അവര്‍ക്ക്‌ സാധിച്ചു. മുഹമ്മദ്‌ നബി(സ)യോടൊപ്പമുണ്ടായിരുന്ന സത്യവിശ്വാസികള്‍ ഭൗതികമായി തികച്ചും പിന്നാക്കാവസ്ഥയിലായിരുന്നു. അന്നത്തെ റോമന്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാരാകട്ടെ ഭൗതികമായി വളരെ നിലയും വിലയും ഉള്ളവരായിരുന്നു. അക്കാലത്ത്‌ ലഭ്യമായിരുന്ന ആയുധങ്ങളും ഉപകരണങ്ങളും ആഡംബരോപാധികളുമെല്ലാം അവരുടെ അധീനത്തിലുണ്ടായിരുന്നു. പക്ഷെ, അവയ്ക്കൊന്നും ഒട്ടും വില കല്‍പിക്കാതെ ആദര്‍ശത്തിന്റെ മൂല്യം ജീവിതത്തിലൂടെ തെളിയിച്ചുകൊണ്ടാണ്‌ പ്രവാചകശിഷ്യന്മാര്‍ മുന്നേറിയത്‌.

റോമന്‍-പേര്‍ഷ്യന്‍ രാജധാനികളിലുണ്ടായിരുന്ന കണ്ണഞ്ചിപ്പിക്കുന്ന അലങ്കാരങ്ങള്‍ക്കൊന്നും പ്രവാചകശിഷ്യന്മാര്‍ ഒട്ടും വില കല്‍പിച്ചില്ല. സര്‍വശക്തനും പ്രതാപിയുമായ ലോകരക്ഷിതാവിന്റെ വിനീത ദാസന്മാര്‍ എന്ന നിലയില്‍ ലളിതമായ ജീവിതംകൊണ്ട്‌ തൃപ്തിപ്പെട്ട്‌ മൂല്യബോധം തെളിയിച്ചാണ്‌ അവര്‍ എതിര്‍പ്പുകളെ അതിജയിച്ചത്‌.

ആദര്‍ശത്തിന്റെ ആത്മീയവും ധാര്‍മികവുമായ മൂല്യം ഉയര്‍ത്തിപ്പിടിക്കേണ്ട മുസ്ലിംകള്‍ ഭൗതിക പ്രമത്തരായ ആളുകളെപ്പോലെ കമ്പോളത്തില്‍ വിലയുള്ള ഉപഭോഗസാമഗ്രികള്‍ വാരിക്കൂട്ടുന്നതില്‍ പ്രതാപം കണ്ടെത്തുന്നതാണ്‌ ഇന്നത്തെ പരിതാവസ്ഥയ്ക്കും പരാജയത്തിനുമെല്ലാം പ്രധാന കാരണം. ലോകത്ത്‌ ഉടനീളമുള്ള മുസ്ലിംകളില്‍ അല്‍പസ്വല്‍പം സാമ്പത്തിക ശേഷിയുള്ളവരെല്ലാം ഇപ്പോള്‍ സാമ്രാജ്യത്വ പക്ഷത്തുള്ള പാശ്ചാത്യരാഷ്ട്രങ്ങള്‍ വിപണിയിലിറക്കുന്ന ആഡംബര വസ്തുക്കള്‍ വാങ്ങിക്കൂട്ടാന്‍ വെമ്പല്‍ കൊള്ളുന്ന കാഴ്ചയാണ്‌ നാം കാണുന്നത്‌. കണ്ണഞ്ചിപ്പിക്കുന്ന ഉല്‍പന്നങ്ങളില്‍ മൂല്യമുള്ളവ മാത്രം സ്വീകരിക്കാനും അല്ലാത്തവ തിരസ്കരിക്കാനുമുള്ള പക്വത പ്രകടിപ്പിക്കുന്നവര്‍ ന്യൂനാല്‍ ന്യൂനപക്ഷം മാത്രം. പാശ്ചാത്യ രാഷ്ട്രങ്ങള്‍ വലിയ വിലയിട്ട്‌ വിപണിയിലിറക്കുന്ന ഉല്‍പന്നങ്ങള്‍ പൊങ്ങച്ചത്തിന്റെ പേരില്‍ ശേഖരിക്കുകയും അതിന്റെ പേരില്‍ പെരുമ പറഞ്ഞു നടക്കുകയും ആ ഉല്‍പന്നങ്ങള്‍ക്ക്‌ യഥാര്‍ഥ മൂല്യമുണ്ടോ എന്ന്‌ ഒരിക്കല്‍ പോലും വിലയിരുത്താതിരിക്കുകയും ചെയ്യുന്ന മൂഢശിരോമണികളുടെ സംഖ്യ മുസ്ലിം ലോകത്ത്‌ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്‌. തിന്മയുടെ തിരസ്കാരത്തിലും നന്മയുടെ സ്വീകാരത്തിലുമാണ്‌ യഥാര്‍ഥ മൂല്യമുള്ളതെന്ന അവബോധം സമൂഹത്തില്‍ രൂഢമൂലമാക്കിയാലേ പ്രവാചക ശിഷ്യന്മാര്‍ ആര്‍ജിച്ച യശസ്സും ധന്യതയും ജീവിതത്തില്‍ തിരിച്ചുകൊണ്ടുവരാന്‍ നമുക്ക്‌ കഴിയുകയുള്ളൂ.

28 December 2008

ദാറുല്‍ഇസ്ലാം ദാറുല്‍കുഫ്രര്‍, ദാറുല്‍ഹര്‍ബ്‌ - വഹീദുദ്ദീന്‍ ഖാന്‍

ശബാബ്‌ പുസ്തകം 32 ലക്കം 19, 2008 ഡിസംബര്‍ 19

ദാറുല്‍ഇസ്ലാം ദാറുല്‍കുഫ്രര്‍, ദാറുല്‍ഹര്‍ബ്‌ - വഹീദുദ്ദീന്‍ ഖാന്‍

ഖുര്‍ആനും ഹദീസും കഴിഞ്ഞാല്‍ ഇസ്ലാമിക നിയമത്തിന്റെ അടിസ്ഥാന രേഖകളായി ഇന്ന്‌ ഏറ്റവും കൂടുതല്‍ പരിഗണിക്കുന്നത്‌ ഫിഖ്ഹ്‌ (കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍) ആണ്‌. വിശ്വാസം ദൈവത്തിനു മുന്നില്‍ പ്രകടിപ്പിക്കുന്നതിന്‌ മാനവസമൂഹം സ്വീകരിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ചുള്ള വിശദീകരണമാണ്‌ ഫിഖ്ഹ്‌. പ്രവാചകന്റെയും അനുചരന്മാരുടെയും ജീവിതകാലത്തിനും ദശാബ്ദങ്ങള്‍ക്കുശേഷം, ഏതാണ്ട്‌ അബ്ബാസിയ ഖിലാഫത്തിന്റെ കാലഘട്ടത്തിലാണ്‌ കര്‍മശാസ്ത്ര രീതികളുടെ ക്രോഡീകരണം നടന്നത്‌. ഖുര്‍ആനിലെയും ഹദീസിലെയും നിര്‍ദേശങ്ങള്‍ക്കു പുറമെ അക്കാലഘട്ടത്തിലെ പണ്ഡിതന്മാര്‍ വികസിപ്പിച്ചെടുത്ത ചില തത്വങ്ങളും ഇവയില്‍ ഉള്‍ച്ചേര്‍ത്തിരുന്നു.

ഈ പണ്ഡിതന്മാര്‍ തന്നെയാണ്‌ കര്‍മശാസ്ത്ര രീതികള്‍ക്കിടയില്‍ ദാറുല്‍ഇസ്ലാം (വിശ്വാസത്തിന്റെ ഭവനം), ദാറുല്‍കുഫ്രര്‍ (ഈശ്വരനിന്ദയുടെ ഭവനം), ദാറുല്‍ഹര്‍ബ്‌ (യുദ്ധത്തിന്റെ ഭവനം) എന്നീ വിഭജനങ്ങള്‍ നടത്തിയതും. ഓരോ ഭവനങ്ങള്‍ക്കുള്ളിലും മറ്റ്‌ നിരവധി ഉപഭവനങ്ങള്‍ക്കും കര്‍മശാസ്ത്രപണ്ഡിതര്‍ രൂപംനല്‍കിയിട്ടുണ്ട്‌. അബ്ബാസിയ കാലഘട്ടത്തിലാണ്‌ കര്‍മശാസ്ത്രപണ്ഡിതര്‍ ഈ സങ്കേതത്തിന്‌ രൂപംനല്‍കിയതെന്ന്‌ പറഞ്ഞുവല്ലോ. പിന്നീടുള്ള കാലഘട്ടങ്ങളില്‍ കര്‍മശാസ്ത്രരീതി സംബന്ധിച്ച ആധികാരിക രേഖകളായാണ്‌ ഇത്‌ പരിഗണിക്കപ്പെട്ടുവരുന്നത്‌. അതുകൊണ്ടുതന്നെ തുടര്‍ന്നുള്ള നൂറ്റാണ്ടുകളിലൊന്നും ഇതിന്റെ വിശ്വാസ്യത ഒരിക്കല്‍പോലും ചോദ്യംചെയ്യപ്പെട്ടില്ല. എന്നാല്‍ തുറന്ന മനസ്സോടെ സമീപിച്ചാല്‍, പൂര്‍ണമായും ഇസ്ലാമിക ചട്ടക്കൂടില്‍ നിന്നുകൊണ്ടല്ല ഇവ രൂപപ്പെടുത്തിയിരിക്കുന്നതെന്ന്‌ ബോധ്യമാവും. ഇവ ഒരിക്കലും ഖുര്‍ആനിലോ ഹദീസിലോ പറയുന്ന ഇസ്ലാമിക ശരീഅത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നില്ല. കര്‍മശാസ്ത്രപണ്ഡിതര്‍ക്ക്‌ പാണ്ഡിത്യത്തിന്റെ അടിസ്ഥാനത്തില്‍ വിധിപ്രസ്താവിക്കാനുള്ള വിശേഷാധികാരം (ഇജ്തിഹാദ്‌) ഉപയോഗിച്ച്‌ ഇത്തരം സാങ്കേതികത്വങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. യഥാര്‍ഥ ഇജ്തിഹാദിന്‌ നിരവധി കര്‍ശന നിര്‍ദേശങ്ങളുണ്ട്‌. ഇജ്തിഹാദ്‌ ഉപയോഗിച്ച്‌ ഒരിക്കലും തെറ്റായ വ്യാഖ്യാനങ്ങള്‍ ഇല്ലാതിരിക്കാനാണിത്‌. എന്നാല്‍ ഒരു പണ്ഡിതന്റെ പാണ്ഡിത്യം തെറ്റായും ശരിയായും ഉപയോഗിക്കപ്പെടാനുള്ള സാധ്യതകളാണ്‌ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഫുഖഹാഉകള്‍ (കര്‍മശാസ്ത്ര പണ്ഡിതര്‍) നടത്തിയ ഇത്തരം ഇടപെടലുകള്‍ തെളിയിക്കുന്നത്‌.

ശരീഅത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ അധിഷ്ഠിതമാണ്‌ യഥാര്‍ഥ ഇജ്തിഹാദ്‌. ഹദീസില്‍ രേഖപ്പെടുത്തിയതനുസരിച്ച്‌ ഇജ്തിഹാദിനെക്കുറിച്ച്‌ ആദ്യം പരമാര്‍ശിക്കുന്നത്‌ ഇങ്ങനെയാണ്‌. ഒരിക്കല്‍ പ്രവാചകന്‍(സ) ഇസ്ലാമിക കാര്യങ്ങളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന മുആദുബ്നുജബലിനെ(റ) യമനിലേക്ക്‌ ഇസ്ലാമിക പ്രബോധക സംഘത്തിന്റെ തലവനായി അയക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം അറിയിച്ചുകൊണ്ട്‌ പ്രവാചകന്‍ മുആദിനോട്‌ ചോദിച്ചു: ഇസ്ലാമിക വിഷയങ്ങളില്‍ തര്‍ക്കമോ സംശയമോ ഉണ്ടാവുമ്പോള്‍ താങ്കള്‍ എങ്ങനെയാണ്‌ അതിന്‌ പരിഹാരം കാണുക? ഖുര്‍ആനിനെ അടിസ്ഥാനമാക്കിയായിരിക്കും താന്‍ പരിഹാരം കണ്ടെത്തുകയെന്നായിരുന്നു മുആദിന്റെ മറുപടി. ഖുര്‍ആനില്‍ പരാമര്‍ശിക്കാത്ത വിഷയമാണെങ്കില്‍ എങ്ങനെ പരിഹരിക്കുമെന്ന്‌ പ്രവാചകന്‍ ചോദിച്ചപ്പോള്‍ ഹദീസിനെ അടിസ്ഥാനമാക്കി പരിഹാരം കാണുമെന്ന്‌ മുആദ്‌ മറുപടി നല്‍കി. ഹദീസിലും പരാമര്‍ശിക്കാത്ത വിഷമാണെങ്കിലോ എന്ന പ്രവാചകന്റെ ചോദ്യത്തിന്‌ ഇജ്തിഹാദ്‌ അടിസ്ഥാനമാക്കിയായിരിക്കും താന്‍ പരിഹാരം കാണുകയെന്നായിരുന്നു മുആദിന്റെ മറുപടി. മറുപടിയില്‍ സന്തുഷ്ടനായ പ്രവാചകന്‍ മുആദിനെ(റ) അനുമോദിച്ചതായും ഹദീസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഈ ഹദിസ്‌ വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്‌. ഇജ്തിഹാദ്‌ എന്നത്‌ ഒരു വിഷയത്തെക്കുറിച്ച്‌ ഖുര്‍ആനിലും ഹദീസിലും പരാമര്‍ശങ്ങളില്ലാത്ത സാഹചര്യത്തില്‍ മാത്രം പരിഗണിക്കേണ്ട ഒന്നാണ്‌ എന്ന വസ്തുത. ഖുര്‍ആനിലോ സുന്നത്തിലോ വിഷയത്തിന്‌ പരിഹാരമുണ്ടെങ്കില്‍ ഇജ്തിഹാദിന്റെ പ്രയോഗം ഒരിക്കലും അംഗീകരിക്കപ്പെട്ടതല്ലെന്നും ഇത്‌ വ്യക്തമാക്കുന്നു. ഉദാഹരണത്തിന്‌ നോമ്പ്‌ ഏതു മാസത്തിലാണെന്നത്‌ സംബന്ധിച്ച്‌ ഖുര്‍ആന്‍ തന്നെ വ്യക്തമായ ഉത്തരം നല്‍കുന്നുണ്ട്‌. അല്ലെങ്കില്‍ ഒരു ദിവസം നിര്‍ബന്ധമാക്കപ്പെട്ട നമസ്കാരങ്ങള്‍ അഞ്ച്‌ നേരമാണെന്നത്‌ സംബന്ധിച്ച്‌ ഹദീസ്‌ വ്യക്തമായ ഉത്തരം നല്‍കുന്നുണ്ട്‌. അതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങളില്‍ ഇജ്തിഹാദിന്റെ പ്രയോഗത്തിലൂടെ മാറ്റംവരുത്തുന്നത്‌ ഒരിക്കലും അംഗീകരിക്കപ്പെട്ടതല്ലെന്ന്‌ സാരം.

ഈ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ മേല്‍പ്പറഞ്ഞ ദാറുല്‍ ഇസ്ലാം, ദാറുല്‍കുഫ്രര്‍, ദാറുല്‍ഹര്‍ബ്‌ എന്നീ പ്രയോഗങ്ങളെക്കുറിച്ച്‌ കൂടുതല്‍ മനസ്സിലാക്കേണ്ടതുണ്ട്‌. ഇത്തരം പദപ്രയോഗങ്ങളൊന്നും ഖുര്‍ആന്‍ ഒരിക്കലും നടത്തിയിട്ടില്ല എന്നിരിക്കെ, ഇജ്തിഹാദ്‌ ഉപയോഗിച്ച്‌ ഇത്തരം കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഫുഖഹാഉകള്‍ നടത്തിയ ശ്രമം തീര്‍ത്തും ഇസ്ലാമിക ശരീഅത്തിന്‌ വിരുദ്ധമാണ്‌. ഈ മൂന്ന്‌ പ്രയോഗങ്ങളും പ്രവാചകന്റെ കാലത്തുതന്നെ ഉള്ളതാണെന്ന വാദമാണ്‌ ആധുനിക കര്‍മശാസ്ത്ര പണ്ഡിതരില്‍ ഒരു വിഭാഗം ഉയര്‍ത്തുന്നത്‌. എന്നാല്‍ പ്രവാചകന്റെ കാലത്ത്‌ ഇത്തരം പദപ്രയോഗങ്ങള്‍ നടത്തിയതായി ഒരു തെളിവുമില്ല. അതുകൊണ്ടുതന്നെ ഇത്തരം സാങ്കേതികത്വങ്ങള്‍ യഥാര്‍ഥ ഇജ്തിഹാദിലൂടെ രൂപപ്പെടുത്തിയതല്ലെന്നാണ്‌ മനസ്സിലാക്കേണ്ടത്‌.

പ്രവാചകത്വം ലഭിച്ചതിന്‌ ശേഷമുള്ള ആദ്യ പതിമൂന്ന്‌ വര്‍ഷവും നബി(സ) ജീവിച്ചത്‌ മക്കയിലാണ്‌. തുടര്‍ന്നാണ്‌ മദീനയിലേക്ക്‌ പലായനം ചെയ്തത്‌. പ്രവാചകന്‍ മക്കയിലും മദീനയിലുമായിരിക്കെ ഖുര്‍ആനിക സൂക്തങ്ങള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്‌. ഇതിലെവിടെയും ഒരിക്കല്‍ പോലും മക്കയെ ദാറുല്‍കുഫ്രര്‍ എന്ന്‌ സംബോധന ചെയ്തിട്ടില്ല. പില്‍ക്കാലത്താണ്‌ ഒരുവിഭാഗം കര്‍മശാസ്ത്രപണ്ഡിതര്‍ മക്കയെക്കുറിച്ച്‌ ഈശ്വരനിന്ദയുടെ ഭവനം എന്നര്‍ഥം വരുന്ന ദാറുല്‍ കുഫ്രര്‍ എന്ന പദം പ്രയോഗിച്ചത്‌. പ്രവാചകന്‍ മദീനയിലേക്ക്‌ പലായനം ചെയ്തതോടെ മക്കാമുശ്രിക്കുകള്‍ പ്രവാചകനോടും അനുയായികളോടും നിരന്തര യുദ്ധത്തിലേര്‍പ്പെട്ടിരുന്നു. ഇത്‌ മുന്‍നിര്‍ത്തി മക്കയെ ദാറുല്‍ഹര്‍ബ്‌ (യുദ്ധത്തിന്റെ ഭവനം) എന്ന്‌ പ്രയോഗിക്കുകയായിരുന്നു. ഖുര്‍ആനിലോ ഹദീസിലോ എവിടെയും മക്കയെ ദാറുല്‍ഹര്‍ബ്‌ എന്ന്‌ വിശേഷിപ്പിച്ചിട്ടില്ല. മദീനയിലേക്ക്‌ കുടിയേറിയ പ്രവാചകന്‍ അവിടെ തന്റെ നേതൃത്വത്തില്‍ ഒരു ഇസ്ലാമിക ഭരണകൂടം സ്ഥാപിച്ചു. ഇതാണ്‌ പില്‍ക്കാലത്ത്‌ മദീനയെ ദാറുല്‍ഇസ്ലാം എന്ന്‌ വിശേഷിപ്പിക്കാന്‍ കാരണമായത്‌. ഇക്കാര്യത്തിലും ഖുര്‍ആനോ ഹദീസോ യാതൊരു മാതൃകയും കാണിച്ചുതരുന്നില്ല.

സൂറതു യാസീന്‍ 25-ാ‍ം സൂക്തത്തില്‍ സ്വര്‍ഗത്തെ ദാറുസ്സലാം (ശാന്തിയുടെ ഭവനം) ആയി ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നുണ്ട്‌. ഇത്‌ ഒരിക്കലും ഭൂമിയിലെ ഏതെങ്കിലും ഒരു പ്രദേശത്തെ അഭിസംബോധന ചെയ്തുകൊണ്ടല്ല. അതുപോലെത്തന്നെ പരലോക ജീവിതത്തില്‍ ശിക്ഷ നടപ്പാക്കപ്പെടുന്ന ഭൂമിയെ സൂറതു ഇബ്‌റാഹീമിലെ 28-ാ‍ം സൂക്തത്തില്‍ ദാറുല്‍ഖസാര്‍ (നഷ്ടത്തിന്റെ ഭവനം) എന്ന്‌ വിശേഷിപ്പിക്കുന്നുണ്ട്‌. ഇത്‌ ഒരിക്കലും കര്‍മശാസ്ത്ര പണ്ഡിതര്‍ വിശേഷിപ്പിക്കുന്ന ദാറുല്‍കുഫ്രര്‍ അല്ല. ചുരുക്കിപ്പറഞ്ഞാല്‍ കര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍ കാണുന്ന ദാറുല്‍ഇസ്ലാം, ദാറുല്‍കുഫ്രര്‍, ദാറുല്‍ഹര്‍ബ്‌ തുടങ്ങിയ പ്രയോഗങ്ങളൊന്നും ഇസ്ലാമില്‍ അനുവദിക്കപ്പെട്ടതല്ലെന്നര്‍ഥം. ഖുര്‍ആനിനും ഹദീസിനും വിരുദ്ധമായ കണ്ടുപിടുത്തങ്ങളാണ്‌ ഇവ. ഇത്തരം തെറ്റായ ഇജ്തിഹാദുകള്‍ നിരസിക്കാനുള്ള സ്വാതന്ത്ര്യം വിശ്വാസികള്‍ക്കുണ്ട്‌. അതിന്‌ പ്രവാചകവചനങ്ങള്‍ തന്നെ പിന്‍ബലം നല്‍കുന്നുണ്ട്‌. വിശ്വാസത്തോട്‌ എന്ത്‌ കൂട്ടിച്ചേര്‍ക്കല്‍ നടത്താന്‍ നിര്‍ദേശിച്ചാലും അത്‌ മുസ്ലിംകള്‍ തീര്‍ച്ചയായും നിരസിക്കുക തന്നെ വേണം എന്നാണ്‌ പ്രവാചകവാക്യം. കേവലം അക്കാദമികമോ അകക്കാമ്പില്ലാത്തതോ അല്ല ഈ മൂന്ന്‌ പദപ്രയോഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ച. ലോക മുസ്ലിംകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വിശ്വാസവുമായി അഗാധമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതുകൊണ്ടുതന്നെ ഏറെ പ്രസക്തവും പ്രാധാന്യമുള്ളതുമാണ്‌.

ഇത്തരം വിഭജനങ്ങള്‍ അടിസ്ഥാനമാക്കിയല്ല ദൈവം മനുഷ്യനെ കാണുന്നതെന്നതിന്‌ ഏറ്റവും ഉദാത്തമായ തെളിവ്‌ ഖുര്‍ആന്‍ തന്നെയാണ്‌. ദാറുല്‍ ഇസ്ലാമിലോ ദാറുല്‍കുഫ്‌റിലോ ദാറുല്‍ ഹര്‍ബിലോ ജീവിച്ചവരെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കില്ല മരണാനന്തര ജീവിതത്തില്‍ മനുഷ്യനെ ദൈവം പരിഗണിക്കുക. ഒരൊറ്റ മാനദണ്ഡം മാത്രമായിരിക്കും അതിന്‌ അടിസ്ഥാനം. ജീവിതകാലത്ത്‌ അവന്‍ പുലര്‍ത്തിയിരുന്ന വീക്ഷണം എന്തായിരുന്നു എന്നതാണ്‌ ഈ മാനദണ്ഡം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ചില പ്രത്യേക സമുദായത്തില്‍ ജനിച്ചുവെന്നതുകൊണ്ട്‌ മാത്രം ചിലര്‍ മറ്റുള്ളവരെക്കാള്‍ മഹോന്നതരാണെന്ന ധാരണയ്ക്കും അടിസ്ഥാനമില്ല. സൂറതുല്‍ ഹുജുറാത്ത്‌ 13-ാ‍ം സൂക്തത്തില്‍ ഖുര്‍ആന്‍ പറയുന്നത്‌ ശ്രദ്ധിക്കുക: "ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളന്യോന്യം അറിയേണ്ടതിന്‌ നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത്‌ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു."

ഖുര്‍ആനിലെ ഈ വചനങ്ങള്‍ സൂചിപ്പിക്കുന്നത്‌ വര്‍ഗ, വര്‍ണ, സമുദായ ചിന്തകള്‍ക്കതീതമായി മാനവരാശിയെ ഇസ്ലാം എങ്ങനെ കാണുന്നു എന്നാണ്‌. മുസ്ലിം സമുദായത്തിലുള്ളവരെയും അല്ലാത്തവരെയും ഒരേപോലെ പരിഗണിക്കുന്നുവെന്നതിന്റെ തെളിവാണിത്‌. ആരെങ്കിലും വര്‍ഗീയ, ഇടുങ്ങിയ ചിന്താഗതികള്‍ പുലര്‍ത്തുന്നുവെങ്കില്‍ അത്‌ വിശുദ്ധ ഖുര്‍ആനുമായോ ഇസ്ലാമുമായോ ബന്ധപ്പെട്ടതല്ലെന്നും ഖുര്‍ആന്‍ ഇവിടെ അടിവരയിടുന്നു. ഇത്തരം ഇടുങ്ങിയ ചിന്താഗതികള്‍ ദൈവത്തിന്റെ സൃഷ്ടിസങ്കല്‍പത്തിന്‌ വിരുദ്ധമാണ്‌. എല്ലാ തരത്തിലുമുള്ള ജീവികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ്‌ ദൈവം ഈ ലോകം സൃഷ്ടിച്ചിരിക്കുന്നത്‌. അല്ലാതെ മുസ്ലിംകളെ മാത്രമല്ല ദൈവം ഭൂമിയിലേക്ക്‌ സൃഷ്ടിച്ചയച്ചത്‌. ഇതിന്റെ വെളിച്ചത്തില്‍ ലോകത്തില്‍ ഒരൊറ്റ ഭവനം മാത്രമാണ്‌ അല്ലാഹുവിന്റെ സൃഷ്ടി. അത്‌ ദാറുല്‍ ഇന്‍സാന്‍ (മാനവികതയുടെ ഭവനം) ആണ്‌.

ഫുഖഹാഉകളുടെ വിഭജനം അടിസ്ഥാനമാക്കിയുള്ള മൂന്ന്‌ ഭവനങ്ങള്‍ കണക്കെ ലോകത്തെ വീക്ഷിക്കാന്‍ തയ്യാറാവുന്നത്‌ അവരുടെ സങ്കുചിത ചിന്താഗതിയുടെ ഭാഗമായി മാത്രമേ പരിഗണിക്കാനാവൂ. സ്വന്തം കാഴ്ചപ്പാടില്‍നിന്നുകൊണ്ടു മാത്രം മാനവികചരിത്രത്തെ കണ്ടെത്താന്‍ മുസ്ലിംകള്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമാണ്‌ ഇത്‌. അവരുടെ സങ്കുചിത ചിന്താഗതിയില്‍നിന്നുകൊണ്ടാണ്‌ അവര്‍ മനുഷ്യര്‍ക്കിടയില്‍ വിഭജനം കൊണ്ടുവന്നത്‌. മുസ്ലിംകള്‍ ഒഴികെയുള്ള സമുദായങ്ങളെയെല്ലാം കാഫിറുകളും മുസ്ലിംകളുടെ പ്രഖ്യാപിത ശത്രുക്കളുമായാണ്‌ ഇത്തരക്കാര്‍ പരിഗണിച്ചത്‌. ഖുര്‍ആന്‍ വിളിച്ചുപറഞ്ഞ മഹത്തായ മാനവികതയെ നിരസിക്കുകയാണ്‌ ഇതിലൂടെ ചെയ്തത്‌. ഖുര്‍ആനിന്‌ തീര്‍ത്തും വിരുദ്ധമാണ്‌ ഇത്‌. ദൈവത്തെ അടിസ്ഥാനമാക്കി മാത്രമാണ്‌ ഖുര്‍ആന്‍ മനുഷ്യര്‍ക്കിടയില്‍ വിഭജനം കല്‍പിച്ചത്‌. എന്നാല്‍ ഫുഖഹാഉകള്‍ വിഭജനം കല്‍പിച്ചത്‌ മുസ്ലിംകളെ അടിസ്ഥാനമാക്കിയായിരുന്നു.

മുസ്ലിം-അമുസ്ലിം വിഭജനങ്ങളില്‍ നിന്നുകൊണ്ടു മാത്രമായിരുന്നു മുസ്ലിം ചരിത്രകാരന്മാരും എഴുത്തുകാരും ഗ്രന്ഥരചനകള്‍ നടത്തിയത്‌. അതുകൊണ്ടുതന്നെ പ്രവാചകന്റെ ആവിര്‍ഭാവത്തിനു ശേഷമുള്ളതു മാത്രമാണ്‌ മനുഷ്യസമൂഹത്തിന്റെ ചരിത്രമെന്ന രീതിയിലായിരുന്നു ഈ രചനകളെല്ലാം. പ്രവാചകന്റെ മുമ്പും ഭൂമിയില്‍ മനുഷ്യരുണ്ടായിരുന്നുവെന്ന വസ്തുത അവര്‍ യഥേഷ്ടം വിസ്മരിച്ചു. പണ്ഡിതനും ഇസ്ലാമിക ചരിത്രകാരനുമായിരുന്ന ഇബ്ന്‍ഖല്‍ദൂന്‍ മാത്രമാണ്‌ ഇക്കാര്യത്തില്‍ അപവാദം. മാനവരാശിയുടെ പക്ഷത്തുനിന്നുകൊണ്ട്‌ ചരിത്രരചന നടത്തിയ ഏക മുസ്ലിംചരിത്രകാരനായിരുന്നു ഇബ്നുഖല്‍ദൂന്‍.

അമുസ്ലിംകളെ വിഷയമാക്കി ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്ക്‌ ഇടയാക്കിയ പുസ്തകങ്ങള്‍ മാത്രമായിരുന്നു നമ്മുടെ ഫുഖഹാഉകള്‍ പ്രോത്സാഹിപ്പിച്ചത്‌. മാനവസമൂഹവുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങളൊന്നും മുസ്ലിംസമൂഹത്തെ ബാധിക്കുന്നതല്ലെന്ന തരത്തിലായിരുന്നു അവരുടെ സമീപനം. ഇത്തതരമൊരവസ്ഥ സംജാതമായത്‌ ഏറെ നിര്‍ഭാഗ്യകരമാണ്‌. ഇത്തരം സാമുദായിക മുന്‍വിധികള്‍ തന്നെയാണ്‌ ഫുഖഹാഉകളെ ഖുര്‍ആനിലെയും ഹദീസിലെയും നിര്‍ദേശങ്ങള്‍ക്ക്‌ വിരുദ്ധമായി ദാറുല്‍ഇസ്ലാം, ദാറുല്‍കുഫ്രര്‍, ദാറുല്‍ഹര്‍ബ്‌ എന്നീ വിഭജനങ്ങളിലേക്ക്‌ പ്രേരിപ്പിച്ചത്‌. സ്വഹീഹുല്‍ ബുഖാരിയില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട ഒരു ഹദീസ്‌ നോക്കൂ: ഒരിക്കല്‍ പ്രവാചകന്‍ അനുയായികള്‍ക്കൊപ്പം മദീനയിലെ ഒരു വഴിയോരത്ത്‌ ഇരിക്കുകയായിരുന്നു. അപ്പോള്‍ അതുവഴി മൃതദേഹം വഹിച്ചുകൊണ്ടുള്ള ജൂതരുടെ ഒരു വിലാപയാത്ര കടന്നുപോയി. വഴിയരികില്‍ ഇരിക്കുകയായിരുന്ന പ്രവാചകന്‍ ഉടന്‍ ആദരവോടെ എഴുന്നേറ്റുനിന്നു. ഇതുകണ്ട്‌ കൂടെയുണ്ടായിരുന്ന സ്വഹാബികള്‍ പ്രവാചകനോട്‌ പറഞ്ഞു: അത്‌ ഒരു ജൂതന്റെ മൃതദേഹമാണ്‌. ഇതുകേട്ട പ്രവാചകന്‍ തിരിച്ചുചോദിച്ചത്‌ അദ്ദേഹം ഒരു മനുഷ്യനല്ലയോ എന്നാണ്‌. തിരുസുന്നത്തിലെ മാനവിക കാഴ്ചപ്പാടിന്റെ മഹനീയ മാതൃകയാണിത്‌.

മത, ജാതി, വര്‍ഗ ചിന്തകള്‍ക്കതീതമായി എല്ലാ മനുഷ്യരും ബഹുമാനത്തിനും ആദരവിനും അര്‍ഹനാണെന്ന സന്ദേശമാണ്‌ ഈ പ്രവാചകചര്യയിലൂടെ നമുക്ക്‌ ബോധ്യപ്പെടുന്നത്‌. എന്നാല്‍ ഈ തിരുസുന്നത്ത്‌ പോലും ഹദീസ്‌ വ്യാഖ്യാതാക്കള്‍ അതിന്റെ യഥാര്‍ഥ അര്‍ഥത്തില്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചിട്ടില്ല. പല വിധത്തിലുള്ള വിശദീകരണങ്ങളാണ്‌ ഹദീസ്‌ വ്യാഖ്യാതാക്കള്‍ ഇതിന്‌ നല്‍കിയിരിക്കുന്നത്‌. പ്രവാചകന്‍ എഴുന്നേറ്റുനിന്നത്‌ നിര്‍ബന്ധമോ, അത്യാവശ്യമോ ആയതുകൊണ്ടായിരുന്നില്ലെന്നാണ്‌ ഒരു വിഭാഗത്തിന്റെ വാദം. മരണത്തെ ഭയപ്പെടുന്നതുകൊണ്ടാണിതെന്നായിരുന്നു മറ്റൊരു വാദം. പ്രവാചകന്റെ പെട്ടെന്നുള്ള ഒരു പ്രതികരണം മാത്രമായിരുന്നു ഇതെന്ന്‌ വേറൊരു വിഭാഗം വാദിക്കുന്നു. മറ്റൊരു വിഭാഗം പറയുന്നത്‌ മലക്കുകളോടുള്ള ബഹുമാനംകൊണ്ടായിരുന്നു പ്രവാചകന്‍ എഴുന്നേറ്റുനിന്നതെന്നാണ്‌. മൃതശരീരത്തെ മരണത്തിന്റെ മലക്ക്‌ (മലക്കുല്‍ മൗത്ത്‌) അനുഗമിക്കുന്നതിനാലാണിതെന്നും ഈ വിഭാഗം വാദിക്കുന്നു. ഇത്തരം വാദങ്ങള്‍ ഉയര്‍ന്നതുകൊണ്ടുതന്നെ ഈ പ്രവാചകചര്യ പില്‍ക്കാലത്തൊന്നും മുസ്ലികള്‍ക്കിടയില്‍ വേണ്ടത്ര ചര്‍ച്ചചെയ്യപ്പെട്ടില്ല. ഫഥുല്‍ബാരിയില്‍ ഇബ്നുഹജര്‍ ഇത്തരം വ്യാഖ്യാനങ്ങളെ ഖണ്ഡിക്കുന്നുണ്ട്‌ (3:214-216). ഹദീസ്‌ വ്യാഖ്യാതാക്കളുടെ വിചിത്രമായ മാനസികാവസ്ഥയാണ്‌ ഇവിടെ കാണുന്നത്‌. യഥാര്‍ഥ അര്‍ഥത്തിലല്ല ഇത്‌ വ്യാഖ്യാനിക്കപ്പെട്ടത്‌. അമുസ്ലിംകളെ തെറ്റായ മനസ്സോടെ കാണാന്‍ പ്രേരിപ്പിക്കുന്നതിലൂടെ ദൈവനിഷേധവും തിരുസുന്നത്തിനെ താഴ്ത്തിക്കെട്ടലുമാണ്‌ ഇത്തരം വ്യാഖ്യാതാക്കള്‍ ചെയ്യുന്നത്‌-ഇബ്നുഹജര്‍ പറയുന്നു.

ആധുനികലോകത്തും ഇതുതന്നെയാണ്‌ തുടരുന്നത്‌. മുസ്ലിം മാധ്യമങ്ങളും ചിന്തകരും എഴുത്തുകാരുമൊന്നും ഇപ്പോഴും മുസ്ലിമല്ലാത്തവരെ മാനുഷിക പരിഗണനയോടെ കാണാന്‍ തയ്യാറാവുന്നില്ലെന്നതാണ്‌ യാഥാര്‍ഥ്യം. അടുത്തകാലത്തായി ചില ഇസ്ലാമിക രാജ്യങ്ങളില്‍ ഖുര്‍ആനിന്റെ പേരില്‍ (ഖുര്‍ആന്‍ ടി വി/ ക്യൂ ടി വി) ഒരു ടെലിവിഷന്‍ ചാനല്‍ രംഗത്തെത്തുകയുണ്ടായി. അക്ഷരാര്‍ഥത്തില്‍ ഇത്‌ എന്താണ്‌ പ്രക്ഷേപണം ചെയ്യുന്നത്‌? പൂര്‍ണമായും ഒരു പക്ഷത്തുനിന്നുകൊണ്ട്‌, മാത്രമാണ്‌ ഇത്‌ കാര്യങ്ങളെ നോക്കിക്കാണുന്നത്‌. ഇത്‌ ഖുര്‍ആനിന്റെ കാഴ്ചപ്പാടുകള്‍ക്ക്‌ നിരക്കുന്നതല്ല. ഇത്‌ ഒരുപക്ഷേ ഒരു മുസ്ലിം ചാനലായിരിക്കാം. എന്നാല്‍ ഒരിക്കലും ഒരു ഖൂര്‍ആന്‍ ചാനലല്ല. വിഖ്യാത ഇന്ത്യന്‍ എഴുത്തുകാരനായ കുശ്വന്ത്‌ സിംഗിന്റെ ഇസ്ലാമോഫോബിയ എന്ന ലേഖനത്തിലെ ആരോപണങ്ങളെ നാം വിലയിരുത്തേണ്ടത്‌ ഇത്തരമൊരു സാഹചര്യത്തിലാണ്‌. കഴിഞ്ഞ പതിറ്റാണ്ടുകളിലെ ഏറ്റവും അലോസരപ്പെടുത്തുന്ന പ്രതിഭാസം മുസ്ലിംകളും മുസ്ലിംകളല്ലാത്തവരുമെന്നുള്ള വിഭജനമാണ്‌. "നിരവധി തവണ ഞാന്‍ പാക്കിസ്താനിലെ ക്യു ടി വി കണ്ടു. ഒരിക്കല്‍ പോലും മുസ്ലിമല്ലാത്തവരെക്കുറിച്ച്‌ അതില്‍ ഒന്നും കാണാന്‍ കഴിഞ്ഞില്ല. മുസ്ലിം വീക്ഷണത്തിനപ്പുറത്ത്‌ മാനവികതയെക്കുറിച്ച്‌ അത്‌ ഒന്നും പറയുന്നില്ല. മറ്റുള്ളവരെയെല്ലാം അജ്ഞരും അറിവില്ലാത്തവരുമായാണ്‌ ഇത്‌ ചിത്രീകരിക്കുന്നത്‌"�-കുശ്വന്ത്‌ സിംഗിന്റെ വാക്കുകളാണിത്‌. സമുദായം സ്വയം വിമര്‍ശനത്തിന്‌ വിഷയമാക്കേണ്ടത്‌ ഇവിടെയാണ്‌. ഇടുങ്ങിയ, സാമുദായിക പക്ഷത്തുനിന്നുകൊണ്ട്‌ മാത്രമുള്ള ചിന്താഗതിയിലൂടെ ഇസ്ലാമിന്റെ യഥാര്‍ഥ മുഖം മറ്റുള്ളവര്‍ക്കു മുമ്പില്‍ തെറ്റായി ചിത്രീകരിക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌. ഖുര്‍ആന്‍ പ്രതീക്ഷിച്ചതില്‍നിന്ന്‌ വിരുദ്ധമായതാണ്‌ ഫുഖഹാഉകളില്‍നിന്ന്‌ ലഭിച്ചത്‌. അബ്ബാസിയ കാലഘട്ടം മുതല്‍ കഴിഞ്ഞ കൂറേ നൂറ്റാണ്ടായി പ്രചരിപ്പിക്കപ്പെട്ടുവന്ന, അമുസ്ലിംകളെ ഉള്‍ക്കൊള്ളാതെയുള്ള ആയിരക്കണക്കിന്‌ ഗ്രന്ഥങ്ങളാണ്‌ പില്‍ക്കാലത്ത്‌ ഇസ്ലാമിക ജിഹാദ്‌ തെറ്റായി വ്യാഖ്യാനിക്കാന്‍ ശത്രുക്കള്‍ക്ക്‌ സഹായകരമായത്‌. ഇത്തരം ഗ്രന്ഥങ്ങള്‍ അപഗ്രഥിച്ചാണ്‌ അവര്‍ ഇസ്ലാമിക ജിഹാദിന്‌ സായുധ ജിഹാദെന്ന പുതിയ മാനങ്ങള്‍ കണ്ടെത്തുന്നത്‌. പൊതുമണ്ഡലത്തില്‍ മുസ്ലിം സമൂഹം ഇരയാക്കപ്പെടുന്നതിനും മറ്റു സമുദായങ്ങളുടെ ശത്രുവായി ഇസ്ലാമിനെ ചിത്രീകരിക്കുന്നതിനും വഴിവെച്ചത്‌ ഇത്തരം ഗ്രന്ഥങ്ങളാണ്‌. മുസ്ലിം ആരാധനാരീതികളും ആചാരങ്ങളും അനുഷ്ഠിക്കാന്‍ യഥേഷ്ടം സ്വാതന്ത്ര്യമുള്ള ചില അമുസ്ലിം ഭരണകൂടങ്ങളുള്ള രാജ്യങ്ങളും ഫുഖഹാഉകളുടെ വിഭജനത്തില്‍ ദാറുല്‍ഹര്‍ബിലാണ്‌ (ഇസ്ലാമികവിരുദ്ധ യുദ്ധം നയിക്കുന്ന) നില്‍ക്കുന്നത്‌. മുസ്ലിം സമൂഹം പൊതുസമൂഹവുമായി സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും കഴിയാന്‍ ആഗ്രഹിക്കുന്ന പുതിയ കാലത്ത്‌ ദാറുല്‍ഹര്‍ബ്‌ എന്ന പ്രയോഗംതന്നെ തീര്‍ത്തും അവഗണിക്കപ്പെടേണ്ട ഒന്നാണ്‌.

നൂറ്റാണ്ടുകളായി പ്രചരിപ്പിക്കപ്പെട്ടുവരുന്ന ഇത്തരം ഗ്രന്ഥങ്ങള്‍ യഥാര്‍ഥ ഇസ്ലാമിക കാഴ്ചപ്പാടിനും, ഖുര്‍ആനിലെയും തിരുസുന്നത്തിലെയും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും വിരുദ്ധമാണെന്നിരിക്കെ ഇവയെ ത്യജിക്കാന്‍ സമുദായം തയ്യാറാവുക തന്നെ വേണം. അതിന്‌ വേണ്ടത്‌ നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്കുള്ള മടക്കയാത്രയാണ്‌. പ്രവാചക കാലഘട്ടത്തിലേക്കുതന്നെ മടങ്ങുകയും ആ കാലത്ത്‌ നിലനിന്നിരുന്ന, അല്ലെങ്കില്‍ പ്രവാചകന്‍ പ്രചരിപ്പിച്ച അര്‍ഥത്തിലുള്ള ഇസ്ലാമിനെ തിരിച്ചുകൊണ്ടുവരേണ്ടതും പണ്ഡിതന്മാരുടെ ചുമതലയാണ്‌. മനുഷ്യരാശിയെ ഒറ്റ സമൂഹമായി ഉള്‍ക്കൊള്ളുന്ന മാനവികതയുടെ മതമായി ഇസ്ലാമിനെ തിരിച്ചുകൊണ്ടുവരാന്‍ ഇതുമാത്രമാണ്‌ മാര്‍ഗം. ഇതിന്‌ മുസ്ലിം ഉമ്മത്ത്‌ ഏറെ പ്രയാസപ്പെടേണ്ടിവരും. ഖുര്‍ആനും സുന്നത്തും വിവക്ഷിക്കുന്ന ഇസ്ലാം ആയി ഇത്‌ മാറണമെങ്കില്‍ ഇത്തരം ശ്രമകരമായ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ സമുദായ നേതൃത്വം തയ്യാറാവേണ്ടിയിരിക്കുന്നു.

സംഘര്‍ഷത്തിന്റെ ബീജങ്ങളും സമാധാനത്തിന്റെ സാധ്യതകളും - ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌

ശബാബ്‌ പുസ്തകം 32 ലക്കം 19, 2008 ഡിസംബര്‍ 19


ഇസ്ലാം സ്വതവേ തന്നെ തീവ്രതയും ഭീകരതയുമാണെന്ന്‌ സ്ഥാപിക്കാന്‍ വേണ്ടി തത്പരകക്ഷികള്‍ നടത്തുന്ന പ്രചാരണങ്ങള്‍ മുഖവിലയ്ക്ക്‌ എടുക്കുന്നവരുടെ സംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നത്രെ മാധ്യമ റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്‌. മുസ്ലിം സമൂഹത്തിലാകട്ടെ വിമര്‍ശനങ്ങളുടെ നേരെ അതിരൂക്ഷമായി പ്രതികരിക്കണമെന്ന അഭിപ്രായഗതി സ്വാധീനം നേടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇരുവിഭാഗവും പരസ്പരം ശത്രുത പുലര്‍ത്തുകയും ദോഷൈകദൃഷ്ടിയോടെ വീക്ഷിക്കുകയും ചെയ്യുന്ന സാഹചര്യം, സംഘര്‍ഷങ്ങളില്‍ നിന്ന്‌ മുതലെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ക്ക്‌ ചിലപ്പോള്‍ പ്രയോജനപ്പെട്ടേക്കാമെങ്കിലും നന്മ കൊതിക്കുന്ന മനുഷ്യരെ സംബന്ധിച്ചേടത്തോളം വേദനാജനകമാകുന്നു. മതസ്പര്‍ധയ്ക്ക്‌ അല്‍പമെങ്കിലും അയവ്‌ വരുത്താനും സാമുദായിക സംഘര്‍ഷം ഒട്ടൊക്കെ ലഘൂകരിക്കാനും എന്താണ്‌ ചെയ്യേണ്ടതെന്നായിരിക്കും അവര്‍ ചിന്തിക്കുന്നത്‌.

ഓരോ സമുദായത്തിലും ചിലര്‍ ഇതര സമുദായങ്ങളെ വെറുക്കാനും നിരന്തരം എതിര്‍ത്തുകൊണ്ടിരിക്കാനും എന്താണ്‌ കാരണമെന്ന്‌ സൂക്ഷ്മമായി പരിശോധിക്കുകയും ആ വെറുപ്പും എതിര്‍പ്പും അനുസ്യൂതം തുടരുന്നതിന്‌ മതിയായ ന്യായമുണ്ടോ എന്ന്‌ വിലയിരുത്തുകയും ചെയ്താല്‍ സംഘര്‍ഷത്തിന്‌ അയവ്‌ വരുത്താനുള്ള സാധ്യത ഒരുപക്ഷെ തെളിഞ്ഞുവന്നേക്കാം. വെറുപ്പിന്റെയും എതിര്‍പ്പിന്റെയും കാരണങ്ങളില്‍ ചിലത്‌ വിശ്വാസവും ആദര്‍ശവുമായി ബന്ധപ്പെട്ടതായിരിക്കും. മറ്റു ചിലത്‌ ചരിത്രസംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. സമകാലീന രാഷ്ട്രീയ ചേരിതിരിവുകളും സാമുദായിക സംഘട്ടനങ്ങളുമായി ബന്ധപ്പെട്ടതായിരിക്കും മറ്റു ചിലത്‌. കാരണമെന്തായാലും ദൈവത്തിന്റെയും മതത്തിന്റെയും പേരില്‍ നിലകൊള്ളുന്നവര്‍ ചെയ്യേണ്ടത്‌ സത്യസന്ധതയോടെ വസ്തുതകള്‍ വിശകലനം ചെയ്യുകയാണ്‌. യാഥാര്‍ഥ്യാധിഷ്ഠിതമല്ലാത്ത വികാരാവേശങ്ങള്‍ക്ക്‌ സര്‍വജ്ഞനായ ദൈവത്തിന്റെ മുമ്പില്‍ യാതൊരു സ്ഥാനവുമുണ്ടാകാനിടയില്ല.

ദൈവത്തെ സംബന്ധിച്ച വിവിധ മതസ്ഥരുടെ കാഴ്ചപ്പാടുകളില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ട്‌ എന്നത്‌ സുവിദിതമാണ്‌. എന്നാലും ലോകമതങ്ങളുടെ ആചാര്യന്മാരാരും തങ്ങളോട്‌ വിയോജിക്കുന്ന മതസമൂഹങ്ങളെ നിത്യശത്രുക്കളായി ഗണിക്കണമെന്ന്‌ പഠിപ്പിച്ചിട്ടില്ല. പ്രമുഖ മതങ്ങളുടെ വേദഗ്രന്ഥങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്‌. മതാചാര്യന്മാരില്‍ പലരുടെയും ചരിത്രവും ലഭ്യമാണ്‌. ആക്രമണകാരികളെ ചെറുക്കുന്നതിനെക്കുറിച്ചും, ആത്മരക്ഷയ്ക്കുവേണ്ടി പോരാടുന്നതിനെക്കുറിച്ചും ചില വേദങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഇതരരുടെ അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കാനുള്ള യാതൊരു പ്രേരണയും പൂര്‍വവേദങ്ങളില്‍ കാണാനാവില്ല. മോശെ പ്രവാചകനോ യേശുക്രിസ്തുവോ മുഹമ്മദ്‌ നബിയോ ശ്രീകൃഷ്ണനോ ശ്രീരാമനോ മതവൈരം വളര്‍ത്തുന്ന പ്രസ്താവനകള്‍ നടത്തിയിട്ടില്ല. സാമുദായിക സങ്കുചിതത്വം അവരാരും പഠിപ്പിച്ചിട്ടില്ല. ഏതെങ്കിലും ജനവിഭാഗത്തെ തേജോവധം ചെയ്യാനോ പ്രത്യക്ഷമായോ പരോക്ഷമായോ ദ്രോഹിക്കാനോ അവര്‍ ആഹ്വാനം ചെയ്തിട്ടില്ല. ആശയാദര്‍ശങ്ങളിലെ തെറ്റും ശരിയും സംബന്ധിച്ച്‌ അവര്‍ നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റുകള്‍ തിരുത്താനും തെറ്റു പറ്റിയവരെ സഹായിക്കാനുമുള്ള ഗുണകാംക്ഷയുടെ അടിസ്ഥാനത്തിലുള്ളതാണ്‌. ഈ വിഷയത്തില്‍ അവര്‍ക്ക്‌ ദുരുദ്ദേശമോ ദുഷ്ടലാക്കോ ഉണ്ടായിരുന്നില്ല. അതിനാല്‍ ദൈവത്തിലും ദൈവദൂതന്മാരിലും വിശ്വസിക്കുന്നവര്‍ക്ക്‌ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രചാരകരാകാന്‍ യാതൊരു ന്യായവുമില്ല. ഇതര മതസ്ഥരെയും വ്യത്യസ്തസംസ്കാരക്കാരെയും വെറുക്കല്‍ ആദര്‍ശ പ്രതിബദ്ധതയുടെ താല്‍പര്യമാണെന്ന ധാരണയ്ക്ക്‌ വേദഗ്രന്ഥങ്ങളുടെയൊന്നും പിന്‍ബലമില്ല.

മതവൈരത്തിന്റെ ചരിത്രപരമായ കാരണങ്ങളില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത്‌ വിവിധ മതസ്ഥരായ രാജാക്കന്മാരും നാടുവാഴികളും തമ്മില്‍ നടന്ന യുദ്ധങ്ങളാണ്‌. ഇത്തരം യുദ്ധങ്ങളില്‍ പലതും മതസ്വാതന്ത്ര്യം പരിരക്ഷിക്കാന്‍ വേണ്ടിയുള്ളതോ ദൈവത്തോടുള്ള ബാധ്യത നിറവേറ്റണമെന്ന ഉദ്ദേശ്യത്തോടു കൂടിയുള്ളതോ ആയിരുന്നില്ല. എന്നാലും വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ട ഭരണാധികാരികള്‍ തമ്മില്‍ നടന്ന യുദ്ധങ്ങളെയൊക്കെ മതസ്പര്‍ധയ്ക്ക്‌ ചരിത്രപരമായ ന്യായം തേടുന്നവര്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത്‌ അവതരിപ്പിക്കുകയാണുണ്ടായത്‌. യഥാര്‍ഥത്തില്‍ ഒരേ മതക്കാരായ ഭരണാധികാരികള്‍ തമ്മില്‍ തന്നെ പല കാരണങ്ങളാല്‍ അനേകം യുദ്ധങ്ങള്‍ നടന്നിട്ടുണ്ട്‌. ബഹുവിധമായ ഭൗതിക താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ്‌ അത്തരം യുദ്ധങ്ങളൊക്കെ നടന്നതെന്ന്‌ സാമാന്യമായ ചരിത്രബോധമുള്ളവര്‍ക്കെല്ലാം അറിയാം. വ്യത്യസ്തമതക്കാരായ രാജാക്കന്മാര്‍ തമ്മില്‍ നടന്ന യുദ്ധങ്ങളില്‍ പലതും ഇതുപോലെ അധികാരമോഹത്താല്‍ പ്രേരിതമായിരുന്നു എന്നതാണ്‌ സത്യം. അത്‌ അംഗീകരിക്കാതെ എല്ലാം മതയുദ്ധങ്ങളായി ചിത്രീകരിക്കുകയും അതിന്റെ പേരുപറഞ്ഞ്‌ വര്‍ത്തമാനകാലത്ത്‌ സാമുദായിക വൈരം വളര്‍ത്തുകയുമാണ്‌ തല്‍പര കക്ഷികള്‍ ചെയ്യുന്നത്‌. മതാധിനിവേശത്തിന്‌ വേണ്ടി ഭൂതകാലത്ത്‌ വല്ലവരും യുദ്ധം ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ അവരുടെ അതിക്രമങ്ങള്‍ക്ക്‌ ഇപ്പോള്‍ ആരെയെങ്കിലും ശിക്ഷിക്കണമെന്ന്‌ പറയുന്നത്‌ തികച്ചും നിരര്‍ഥകമാകുന്നു.

സമകാലീന രാഷ്ട്രീയവും സാമുദായിക ബന്ധങ്ങളും അത്യന്തം സങ്കീര്‍ണമാണ്‌. അധികാരലബ്ധിക്കു വേണ്ടി ഏതു ദുഷിച്ച തന്ത്രവും പയറ്റാന്‍ മടിക്കാത്ത രാഷ്ട്രീയക്കാരുണ്ടാകും. സാമുദായിക സങ്കുചിതത്വവും വര്‍ഗീയ വിരോധവും വളര്‍ത്തി മുതലെടുപ്പ്‌ നടത്താന്‍ അവര്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചേക്കും. ഭൂരിപക്ഷത്തിന്റെ വര്‍ഗീയ വികാരം ആളിക്കത്തിക്കുന്നത്‌ ചിലപ്പോള്‍ അധികാരലബ്ധിക്ക്‌ ഏറെ സഹായകമായെന്ന്‌ വരാം. അതിനാല്‍ ആ മാര്‍ഗം പലരും അവലംബിക്കും. ന്യൂനപക്ഷങ്ങളോട്‌ വിരോധമില്ലാത്ത രാഷ്ട്രീയ കക്ഷികള്‍ക്ക്‌ പോലും ചിലപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയെ തള്ളിപ്പറയാന്‍ പറ്റാത്ത സാഹചര്യം സംജാതമായേക്കും. ഇതൊക്കെ സൃഷ്ടിക്കുന്ന സാമൂഹ്യ സംഘര്‍ഷം ചിലപ്പോള്‍ വലിയ പൊട്ടലിനും ചീറ്റലിനും വഴിവെക്കും. ഇരുപക്ഷത്തും തീവ്രവാദികളും ഭീകരവാദികളും കുഴപ്പം കുത്തിയിളക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ രാഷ്ട്രീയക്കാരെപ്പോലെ മാധ്യമങ്ങളും അവസരവാദപരമായ സമീപനങ്ങള്‍ സ്വീകരിച്ചെന്ന്‌ വരും. ചിലപ്പോള്‍ പ്രാദേശിക സംഘര്‍ഷങ്ങള്‍ പോലും ആഗോളതലത്തില്‍ അനുരണനങ്ങള്‍ സൃഷ്ടിക്കും. ന്യൂനപക്ഷ മുസ്ലിം സമൂഹങ്ങള്‍ കടുത്ത അഗ്നിപരീക്ഷകള്‍ നേരിടുന്ന സന്ദര്‍ഭമാണിത്‌. മുസ്ലിംകളെ നിന്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക്‌ ഭരണവും രാഷ്ട്രീയവും അനുകൂലമാകുമ്പോള്‍ ആത്മാഭിമാനമുള്ള വിശ്വാസികള്‍ വിക്ഷുബ്ധരാവുക സ്വാഭാവികമാണ്‌. പക്ഷെ, ക്ഷുഭിതരായ മുസ്ലിംകളുടെ പ്രതിഷേധങ്ങളെയും പ്രതികരണങ്ങളെയും ചോരയില്‍ മുക്കിക്കൊല്ലാന്‍ വര്‍ഗീയവാദികളും വര്‍ഗീയവത്കരിക്കപ്പെട്ട പോലീസും പട്ടാളവും ഭരണകൂടഭീകരതയും ഒത്തുചേര്‍ന്നാലോ? അപ്പോഴാണ്‌ വികാരാവിഷ്ടമായ ചോരത്തിളപ്പുള്ള യൗവനം ചാവേറാകാനുള്ള നിഷേധാത്മകവും നിര്‍ഭയവുമായ തീരുമാനമെടുക്കുന്നത്‌.

ഇത്‌ മുസ്ലിം സമൂഹത്തിനും മാനവരാശിക്കും അപരിഹാര്യമായ ദുരിതങ്ങള്‍ വരുത്തിവെക്കുമെന്നല്ലാതെ ദൈവികമോ മാനവികമോ ആയ യാതൊരു നന്മയിലേക്കും വഴിതെളിയിക്കുകയില്ല എന്ന യാഥാര്‍ഥ്യം വിവേകികളും വിചാരശീലരുമായ കുറച്ചു പേര്‍ മാത്രമേ വേണ്ടതുപോലെ മനസ്സിലാക്കുന്നുള്ളൂ. ശ്രദ്ധിക്കാനും സഹകരിക്കാനും ആളുകള്‍ എത്ര കുറവാണെങ്കിലും കോപം ഉള്ളിലൊതുക്കി ഇസ്ലാമിന്റെ മഹദ്ഭാവങ്ങള്‍ ജീവിതത്തില്‍ തെളിയിച്ചു കാണിച്ചുകൊണ്ട്‌ സന്മനസ്സുള്ള മനുഷ്യരെ സ്വാധീനിക്കുന്നതിനു വേണ്ടിയുള്ള പക്വമായ നീക്കങ്ങള്‍ക്ക്‌ മാത്രമേ സമകാലീന സാഹചര്യത്തില്‍ പ്രസക്തിയുള്ളൂ. സമാധാനത്തിനുള്ള സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തിയ, ആ വിഷയത്തില്‍ അനുചരന്മാരുടെ നീരസം അവഗണിച്ച മുഹമ്മദ്‌ നബി(സ)യുടെ യഥാര്‍ഥ അനുയായികളാകാന്‍ ഈ കാലഘട്ടത്തിലെ ഇസ്ലാമിക പ്രബോധകര്‍ക്ക്‌ സാധിച്ചാല്‍ സാവധാനത്തിലെങ്കിലും സാമുദായിക സംഘര്‍ഷത്തിന്‌ അയവ്‌ വരുത്താന്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സാധിക്കുമെന്ന്‌ പ്രതീക്ഷിക്കാം. പ്രമാണങ്ങളിലും ചരിത്രത്തിലും വര്‍ത്തമാനകാല രാഷ്ട്രീയത്തിലുമെല്ലാം വിക്ഷോഭത്തിന്റെ വിത്തുകളും വേരുകളും തേടി നടക്കുന്നതിന്‌ പകരം സമവായത്തിന്‌ സാധ്യതകള്‍ കണ്ടെത്താന്‍ മുസ്ലിം സമൂഹത്തിനുള്ളിലും പുറത്തും സുമനസ്സുകളുടെ കൂട്ടായ്മ ഒരുക്കുകയാണ്‌ വിശ്വമാനവികത ഉയര്‍ത്തിപ്പിടിക്കുന്നവരുടെയെല്ലാം ബാധ്യത.