28 December 2008

സംഘര്‍ഷത്തിന്റെ ബീജങ്ങളും സമാധാനത്തിന്റെ സാധ്യതകളും - ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌

ശബാബ്‌ പുസ്തകം 32 ലക്കം 19, 2008 ഡിസംബര്‍ 19


ഇസ്ലാം സ്വതവേ തന്നെ തീവ്രതയും ഭീകരതയുമാണെന്ന്‌ സ്ഥാപിക്കാന്‍ വേണ്ടി തത്പരകക്ഷികള്‍ നടത്തുന്ന പ്രചാരണങ്ങള്‍ മുഖവിലയ്ക്ക്‌ എടുക്കുന്നവരുടെ സംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നത്രെ മാധ്യമ റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്‌. മുസ്ലിം സമൂഹത്തിലാകട്ടെ വിമര്‍ശനങ്ങളുടെ നേരെ അതിരൂക്ഷമായി പ്രതികരിക്കണമെന്ന അഭിപ്രായഗതി സ്വാധീനം നേടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇരുവിഭാഗവും പരസ്പരം ശത്രുത പുലര്‍ത്തുകയും ദോഷൈകദൃഷ്ടിയോടെ വീക്ഷിക്കുകയും ചെയ്യുന്ന സാഹചര്യം, സംഘര്‍ഷങ്ങളില്‍ നിന്ന്‌ മുതലെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ക്ക്‌ ചിലപ്പോള്‍ പ്രയോജനപ്പെട്ടേക്കാമെങ്കിലും നന്മ കൊതിക്കുന്ന മനുഷ്യരെ സംബന്ധിച്ചേടത്തോളം വേദനാജനകമാകുന്നു. മതസ്പര്‍ധയ്ക്ക്‌ അല്‍പമെങ്കിലും അയവ്‌ വരുത്താനും സാമുദായിക സംഘര്‍ഷം ഒട്ടൊക്കെ ലഘൂകരിക്കാനും എന്താണ്‌ ചെയ്യേണ്ടതെന്നായിരിക്കും അവര്‍ ചിന്തിക്കുന്നത്‌.

ഓരോ സമുദായത്തിലും ചിലര്‍ ഇതര സമുദായങ്ങളെ വെറുക്കാനും നിരന്തരം എതിര്‍ത്തുകൊണ്ടിരിക്കാനും എന്താണ്‌ കാരണമെന്ന്‌ സൂക്ഷ്മമായി പരിശോധിക്കുകയും ആ വെറുപ്പും എതിര്‍പ്പും അനുസ്യൂതം തുടരുന്നതിന്‌ മതിയായ ന്യായമുണ്ടോ എന്ന്‌ വിലയിരുത്തുകയും ചെയ്താല്‍ സംഘര്‍ഷത്തിന്‌ അയവ്‌ വരുത്താനുള്ള സാധ്യത ഒരുപക്ഷെ തെളിഞ്ഞുവന്നേക്കാം. വെറുപ്പിന്റെയും എതിര്‍പ്പിന്റെയും കാരണങ്ങളില്‍ ചിലത്‌ വിശ്വാസവും ആദര്‍ശവുമായി ബന്ധപ്പെട്ടതായിരിക്കും. മറ്റു ചിലത്‌ ചരിത്രസംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. സമകാലീന രാഷ്ട്രീയ ചേരിതിരിവുകളും സാമുദായിക സംഘട്ടനങ്ങളുമായി ബന്ധപ്പെട്ടതായിരിക്കും മറ്റു ചിലത്‌. കാരണമെന്തായാലും ദൈവത്തിന്റെയും മതത്തിന്റെയും പേരില്‍ നിലകൊള്ളുന്നവര്‍ ചെയ്യേണ്ടത്‌ സത്യസന്ധതയോടെ വസ്തുതകള്‍ വിശകലനം ചെയ്യുകയാണ്‌. യാഥാര്‍ഥ്യാധിഷ്ഠിതമല്ലാത്ത വികാരാവേശങ്ങള്‍ക്ക്‌ സര്‍വജ്ഞനായ ദൈവത്തിന്റെ മുമ്പില്‍ യാതൊരു സ്ഥാനവുമുണ്ടാകാനിടയില്ല.

ദൈവത്തെ സംബന്ധിച്ച വിവിധ മതസ്ഥരുടെ കാഴ്ചപ്പാടുകളില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ട്‌ എന്നത്‌ സുവിദിതമാണ്‌. എന്നാലും ലോകമതങ്ങളുടെ ആചാര്യന്മാരാരും തങ്ങളോട്‌ വിയോജിക്കുന്ന മതസമൂഹങ്ങളെ നിത്യശത്രുക്കളായി ഗണിക്കണമെന്ന്‌ പഠിപ്പിച്ചിട്ടില്ല. പ്രമുഖ മതങ്ങളുടെ വേദഗ്രന്ഥങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്‌. മതാചാര്യന്മാരില്‍ പലരുടെയും ചരിത്രവും ലഭ്യമാണ്‌. ആക്രമണകാരികളെ ചെറുക്കുന്നതിനെക്കുറിച്ചും, ആത്മരക്ഷയ്ക്കുവേണ്ടി പോരാടുന്നതിനെക്കുറിച്ചും ചില വേദങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഇതരരുടെ അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കാനുള്ള യാതൊരു പ്രേരണയും പൂര്‍വവേദങ്ങളില്‍ കാണാനാവില്ല. മോശെ പ്രവാചകനോ യേശുക്രിസ്തുവോ മുഹമ്മദ്‌ നബിയോ ശ്രീകൃഷ്ണനോ ശ്രീരാമനോ മതവൈരം വളര്‍ത്തുന്ന പ്രസ്താവനകള്‍ നടത്തിയിട്ടില്ല. സാമുദായിക സങ്കുചിതത്വം അവരാരും പഠിപ്പിച്ചിട്ടില്ല. ഏതെങ്കിലും ജനവിഭാഗത്തെ തേജോവധം ചെയ്യാനോ പ്രത്യക്ഷമായോ പരോക്ഷമായോ ദ്രോഹിക്കാനോ അവര്‍ ആഹ്വാനം ചെയ്തിട്ടില്ല. ആശയാദര്‍ശങ്ങളിലെ തെറ്റും ശരിയും സംബന്ധിച്ച്‌ അവര്‍ നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റുകള്‍ തിരുത്താനും തെറ്റു പറ്റിയവരെ സഹായിക്കാനുമുള്ള ഗുണകാംക്ഷയുടെ അടിസ്ഥാനത്തിലുള്ളതാണ്‌. ഈ വിഷയത്തില്‍ അവര്‍ക്ക്‌ ദുരുദ്ദേശമോ ദുഷ്ടലാക്കോ ഉണ്ടായിരുന്നില്ല. അതിനാല്‍ ദൈവത്തിലും ദൈവദൂതന്മാരിലും വിശ്വസിക്കുന്നവര്‍ക്ക്‌ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രചാരകരാകാന്‍ യാതൊരു ന്യായവുമില്ല. ഇതര മതസ്ഥരെയും വ്യത്യസ്തസംസ്കാരക്കാരെയും വെറുക്കല്‍ ആദര്‍ശ പ്രതിബദ്ധതയുടെ താല്‍പര്യമാണെന്ന ധാരണയ്ക്ക്‌ വേദഗ്രന്ഥങ്ങളുടെയൊന്നും പിന്‍ബലമില്ല.

മതവൈരത്തിന്റെ ചരിത്രപരമായ കാരണങ്ങളില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത്‌ വിവിധ മതസ്ഥരായ രാജാക്കന്മാരും നാടുവാഴികളും തമ്മില്‍ നടന്ന യുദ്ധങ്ങളാണ്‌. ഇത്തരം യുദ്ധങ്ങളില്‍ പലതും മതസ്വാതന്ത്ര്യം പരിരക്ഷിക്കാന്‍ വേണ്ടിയുള്ളതോ ദൈവത്തോടുള്ള ബാധ്യത നിറവേറ്റണമെന്ന ഉദ്ദേശ്യത്തോടു കൂടിയുള്ളതോ ആയിരുന്നില്ല. എന്നാലും വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ട ഭരണാധികാരികള്‍ തമ്മില്‍ നടന്ന യുദ്ധങ്ങളെയൊക്കെ മതസ്പര്‍ധയ്ക്ക്‌ ചരിത്രപരമായ ന്യായം തേടുന്നവര്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത്‌ അവതരിപ്പിക്കുകയാണുണ്ടായത്‌. യഥാര്‍ഥത്തില്‍ ഒരേ മതക്കാരായ ഭരണാധികാരികള്‍ തമ്മില്‍ തന്നെ പല കാരണങ്ങളാല്‍ അനേകം യുദ്ധങ്ങള്‍ നടന്നിട്ടുണ്ട്‌. ബഹുവിധമായ ഭൗതിക താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ്‌ അത്തരം യുദ്ധങ്ങളൊക്കെ നടന്നതെന്ന്‌ സാമാന്യമായ ചരിത്രബോധമുള്ളവര്‍ക്കെല്ലാം അറിയാം. വ്യത്യസ്തമതക്കാരായ രാജാക്കന്മാര്‍ തമ്മില്‍ നടന്ന യുദ്ധങ്ങളില്‍ പലതും ഇതുപോലെ അധികാരമോഹത്താല്‍ പ്രേരിതമായിരുന്നു എന്നതാണ്‌ സത്യം. അത്‌ അംഗീകരിക്കാതെ എല്ലാം മതയുദ്ധങ്ങളായി ചിത്രീകരിക്കുകയും അതിന്റെ പേരുപറഞ്ഞ്‌ വര്‍ത്തമാനകാലത്ത്‌ സാമുദായിക വൈരം വളര്‍ത്തുകയുമാണ്‌ തല്‍പര കക്ഷികള്‍ ചെയ്യുന്നത്‌. മതാധിനിവേശത്തിന്‌ വേണ്ടി ഭൂതകാലത്ത്‌ വല്ലവരും യുദ്ധം ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ അവരുടെ അതിക്രമങ്ങള്‍ക്ക്‌ ഇപ്പോള്‍ ആരെയെങ്കിലും ശിക്ഷിക്കണമെന്ന്‌ പറയുന്നത്‌ തികച്ചും നിരര്‍ഥകമാകുന്നു.

സമകാലീന രാഷ്ട്രീയവും സാമുദായിക ബന്ധങ്ങളും അത്യന്തം സങ്കീര്‍ണമാണ്‌. അധികാരലബ്ധിക്കു വേണ്ടി ഏതു ദുഷിച്ച തന്ത്രവും പയറ്റാന്‍ മടിക്കാത്ത രാഷ്ട്രീയക്കാരുണ്ടാകും. സാമുദായിക സങ്കുചിതത്വവും വര്‍ഗീയ വിരോധവും വളര്‍ത്തി മുതലെടുപ്പ്‌ നടത്താന്‍ അവര്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചേക്കും. ഭൂരിപക്ഷത്തിന്റെ വര്‍ഗീയ വികാരം ആളിക്കത്തിക്കുന്നത്‌ ചിലപ്പോള്‍ അധികാരലബ്ധിക്ക്‌ ഏറെ സഹായകമായെന്ന്‌ വരാം. അതിനാല്‍ ആ മാര്‍ഗം പലരും അവലംബിക്കും. ന്യൂനപക്ഷങ്ങളോട്‌ വിരോധമില്ലാത്ത രാഷ്ട്രീയ കക്ഷികള്‍ക്ക്‌ പോലും ചിലപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയെ തള്ളിപ്പറയാന്‍ പറ്റാത്ത സാഹചര്യം സംജാതമായേക്കും. ഇതൊക്കെ സൃഷ്ടിക്കുന്ന സാമൂഹ്യ സംഘര്‍ഷം ചിലപ്പോള്‍ വലിയ പൊട്ടലിനും ചീറ്റലിനും വഴിവെക്കും. ഇരുപക്ഷത്തും തീവ്രവാദികളും ഭീകരവാദികളും കുഴപ്പം കുത്തിയിളക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ രാഷ്ട്രീയക്കാരെപ്പോലെ മാധ്യമങ്ങളും അവസരവാദപരമായ സമീപനങ്ങള്‍ സ്വീകരിച്ചെന്ന്‌ വരും. ചിലപ്പോള്‍ പ്രാദേശിക സംഘര്‍ഷങ്ങള്‍ പോലും ആഗോളതലത്തില്‍ അനുരണനങ്ങള്‍ സൃഷ്ടിക്കും. ന്യൂനപക്ഷ മുസ്ലിം സമൂഹങ്ങള്‍ കടുത്ത അഗ്നിപരീക്ഷകള്‍ നേരിടുന്ന സന്ദര്‍ഭമാണിത്‌. മുസ്ലിംകളെ നിന്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക്‌ ഭരണവും രാഷ്ട്രീയവും അനുകൂലമാകുമ്പോള്‍ ആത്മാഭിമാനമുള്ള വിശ്വാസികള്‍ വിക്ഷുബ്ധരാവുക സ്വാഭാവികമാണ്‌. പക്ഷെ, ക്ഷുഭിതരായ മുസ്ലിംകളുടെ പ്രതിഷേധങ്ങളെയും പ്രതികരണങ്ങളെയും ചോരയില്‍ മുക്കിക്കൊല്ലാന്‍ വര്‍ഗീയവാദികളും വര്‍ഗീയവത്കരിക്കപ്പെട്ട പോലീസും പട്ടാളവും ഭരണകൂടഭീകരതയും ഒത്തുചേര്‍ന്നാലോ? അപ്പോഴാണ്‌ വികാരാവിഷ്ടമായ ചോരത്തിളപ്പുള്ള യൗവനം ചാവേറാകാനുള്ള നിഷേധാത്മകവും നിര്‍ഭയവുമായ തീരുമാനമെടുക്കുന്നത്‌.

ഇത്‌ മുസ്ലിം സമൂഹത്തിനും മാനവരാശിക്കും അപരിഹാര്യമായ ദുരിതങ്ങള്‍ വരുത്തിവെക്കുമെന്നല്ലാതെ ദൈവികമോ മാനവികമോ ആയ യാതൊരു നന്മയിലേക്കും വഴിതെളിയിക്കുകയില്ല എന്ന യാഥാര്‍ഥ്യം വിവേകികളും വിചാരശീലരുമായ കുറച്ചു പേര്‍ മാത്രമേ വേണ്ടതുപോലെ മനസ്സിലാക്കുന്നുള്ളൂ. ശ്രദ്ധിക്കാനും സഹകരിക്കാനും ആളുകള്‍ എത്ര കുറവാണെങ്കിലും കോപം ഉള്ളിലൊതുക്കി ഇസ്ലാമിന്റെ മഹദ്ഭാവങ്ങള്‍ ജീവിതത്തില്‍ തെളിയിച്ചു കാണിച്ചുകൊണ്ട്‌ സന്മനസ്സുള്ള മനുഷ്യരെ സ്വാധീനിക്കുന്നതിനു വേണ്ടിയുള്ള പക്വമായ നീക്കങ്ങള്‍ക്ക്‌ മാത്രമേ സമകാലീന സാഹചര്യത്തില്‍ പ്രസക്തിയുള്ളൂ. സമാധാനത്തിനുള്ള സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തിയ, ആ വിഷയത്തില്‍ അനുചരന്മാരുടെ നീരസം അവഗണിച്ച മുഹമ്മദ്‌ നബി(സ)യുടെ യഥാര്‍ഥ അനുയായികളാകാന്‍ ഈ കാലഘട്ടത്തിലെ ഇസ്ലാമിക പ്രബോധകര്‍ക്ക്‌ സാധിച്ചാല്‍ സാവധാനത്തിലെങ്കിലും സാമുദായിക സംഘര്‍ഷത്തിന്‌ അയവ്‌ വരുത്താന്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സാധിക്കുമെന്ന്‌ പ്രതീക്ഷിക്കാം. പ്രമാണങ്ങളിലും ചരിത്രത്തിലും വര്‍ത്തമാനകാല രാഷ്ട്രീയത്തിലുമെല്ലാം വിക്ഷോഭത്തിന്റെ വിത്തുകളും വേരുകളും തേടി നടക്കുന്നതിന്‌ പകരം സമവായത്തിന്‌ സാധ്യതകള്‍ കണ്ടെത്താന്‍ മുസ്ലിം സമൂഹത്തിനുള്ളിലും പുറത്തും സുമനസ്സുകളുടെ കൂട്ടായ്മ ഒരുക്കുകയാണ്‌ വിശ്വമാനവികത ഉയര്‍ത്തിപ്പിടിക്കുന്നവരുടെയെല്ലാം ബാധ്യത.

No comments: