24 May 2009

സങ്കുചിതചിന്തകളില്‍ അകപ്പെട്ടത്‌ ബഷീറോ എം ജി എസ്സോ?

സങ്കുചിതചിന്തകളില്‍ അകപ്പെട്ടത്‌ ബഷീറോ എം ജി എസ്സോ?
SHABAB Weekly
Friday, 22 May 2009

ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌

വാര്‍ധക്യകാലത്ത്‌ ബഷീര്‍ മതത്തിന്റെ സങ്കുചിത ചിന്തകളില്‍ പെട്ടുപോയിരുന്നെന്ന്‌ ചരിത്രകാരന്‍ എം ജി എസ്‌ നാരായണന്‍. സൃഷ്ടിപരമായ കഴിവ്‌ നശിച്ചപ്പോഴാണ്‌ അദ്ദേഹം മതത്തിന്റെ ചട്ടക്കൂടില്‍ ഒതുങ്ങിനിന്നത്‌. ബാല്യകാലസഖിയും മതിലുകളുമെല്ലാം എഴുതിയ ബഷീര്‍ അവസാനകാലത്ത്‌ തന്റെ അനുഭവങ്ങള്‍ മാത്രമാണ്‌ എഴുതിയത്‌. ഈ കാലത്താണ്‌ അദ്ദേഹം മതത്തി ന്റെ ചട്ടക്കൂടില്‍ ഒതുങ്ങി നിന്നതെ ന്നും എം ജി എസ്‌ പറഞ്ഞു. ബുക്ക്‌ മാന്‍ പ്രസിദ്ധീകരിക്കുന്ന ഇബ്‌റാ ഹിം ബേവിഞ്ചയുടെ ബഷീര്‍ ദ മുസ്ലിം എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

സൂഫികളുടെയും ഹിന്ദു സന്യാസിമാരുടെയും കൂടെ ജീവിച്ച ബഷീര്‍ അവസാനകാലത്ത്‌ സങ്കുചിതചിന്താഗതിയിലേക്കാണ്‌ തിരിഞ്ഞത്‌. ഇത്‌ ബഷീറിന്റെ കഴിവില്‍ ഉണ്ടായ അപചയമാണ്‌... ലോകത്തെ മഹത്തായ ഗ്രന്ഥമാണ്‌ ഖുര്‍ആനെങ്കിലും അതില്‍ പറയുന്ന കാര്യങ്ങള്‍ വള്ളിപുള്ളി വിടാതെ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അത്‌ പ്രശ്നങ്ങള്‍ ഉണ്ടാക്കും. എന്റെ വിശ്വാസം മാത്രമാണ്‌ ശരിയെന്ന്‌ വിചാരിക്കുന്നത്‌ വര്‍ഗീയതയാണ്‌ വളര്‍ത്തുക.

....ഖുര്‍ആന്‍ അവസാനത്തെ ഗ്രന്ഥമാണെന്ന്‌ പറയുന്നത്‌ അപകടകരമാണ്‌. ഖുര്‍ആനിനു ശേഷം മറ്റൊരു ഗ്രന്ഥമുണ്ടെന്ന്‌ പറയുന്ന പാക്കിസ്താനിലെ അഹ്മദിയ്യ ഖിലാഫത്തുകാരെ ചുട്ടുകൊല്ലുകയാണ്‌. ഇത്തരം കാര്യങ്ങള്‍ ജനാധിപത്യത്തില്‍ ശരിയല്ല.

എല്ലാ വിശ്വാസങ്ങളിലും സമുദായങ്ങളിലും കാലോചിതമായ മാറ്റങ്ങള്‍ വരണം. വള്ളത്തോള്‍ ഹിന്ദു, ആശാന്‍ ഹിന്ദു എന്നൊക്കെ പറയുന്നത്‌ അവരെ അപമാനിക്കുന്നതിന്‌ തുല്യമാണ്‌. പുസ്തകത്തിന്റെ പേര്‌ ബഷീര്‍ ദ മുസ്ലിം എന്ന്‌ എടുത്തു പറയേണ്ടതില്ലായിരുന്നു. ഇങ്ങനെ പറയുന്നത്‌ സാമുദായിക പ്രശ്നങ്ങളുണ്ടാക്കുമെന്നും എം ജി എസ്‌ പറഞ്ഞു." (വര്‍ത്തമാനം -2009 മെയ്‌ 4)



ചരിത്രത്തില്‍ അഗാധപരിജ്ഞാനമുള്ള മതങ്ങളെയും ദര്‍ശനങ്ങളെയും സംബന്ധിച്ച്‌ സമഗ്രമായ അവബോധമുള്ള, അദദ്വ‍ൈതത്തോടും സൂഫിസത്തോടും ഒരുപോലെ മതിപ്പ്‌ പുലര്‍ത്തുന്ന, പ്രഗത്ഭ എഴുത്തുകാരനും വാഗ്മിയുമായ എം ജി എസ്സിനോട്‌ ഗുണകാംക്ഷ പുലര്‍ത്തുന്ന ഒരാളാണ്‌ ഈ ലേഖകന്‍. അതിനാല്‍ അദ്ദേഹത്തെ വ്യക്തിപരമായി വിമര്‍ശിക്കാനോ അദ്ദേഹത്തിന്‌ മനപ്രയാസമുണ്ടാക്കുന്ന എന്തെങ്കിലും എഴുതാനോ ഈ ലേഖകന്‍ ഉദ്ദേശിക്കുന്നില്ല. എന്നാലും അദ്ദേഹത്തിന്റെ സ്വതന്ത്രവും നിഷ്പക്ഷവുമായ ചിന്തയ്ക്ക്‌ വിഷയീഭവിക്കേണ്ടതിന്‌ ചില കാര്യങ്ങള്‍ കുറിക്കട്ടെ. അതൊക്കെ മിഥ്യയും മൗഢ്യവുമാണെന്ന്‌ തോന്നുന്ന പക്ഷം നിഷ്കരുണം തള്ളിക്കളയാന്‍ അദ്ദേഹത്തിന്‌ സ്വാതന്ത്ര്യമുണ്ട്‌.

വൈക്കം മുഹമ്മദ്‌ ബഷീര്‍ മാത്രമല്ല, ശ്രീ എം ജി എസ്‌ നാരായണനും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെയും അസ്തിത്വത്തിന്റെയും സിംഹഭാഗത്തിലും 'മുസ്ലി'മാണ്‌ അഥവാ പ്രപഞ്ചനാഥനോട്‌ വിധേയപ്പെട്ടിരിക്കുകയാണ്‌ എന്ന യാഥാര്‍ഥ്യം ഇവിടെ കുറിക്കുമ്പോള്‍ അദ്ദേഹത്തിന്‌ അനിഷ്ടം തോന്നുകയില്ലെന്ന്‌ പ്രത്യാശിക്കുന്നു. ജഗന്നിയന്താവ്‌ പതിനാലു നൂറ്റാണ്ടുമുമ്പ്‌ അന്തിമ ദൂതനും പ്രവാചകനുമായ മുഹമ്മദിന്‌(സ) അവതരിപ്പിച്ചു കൊടുത്ത അന്തിമ വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനില്‍ ഈ യാഥാര്‍ഥ്യം സംശയത്തിന്‌ ഇടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്‌. അത്‌ കാലത്തിനും ലോകത്തിനും മനുഷ്യരുടെ കോലത്തിനുമനുസരിച്ച്‌ മാറുന്ന ആപേക്ഷിക സത്യമല്ല. ആത്യന്തികമായ പ്രാപഞ്ചിക സത്യമാണ്‌. (Absolute Universaal Truth)

ആ സത്യം ആപേക്ഷികമല്ലെന്ന്‌ പറയുമ്പോള്‍ ഉദ്ദേശിക്കുന്നത്‌ അത്‌ ഒരാളുടെ ആയുഷ്കാലത്തേക്ക്‌ മാത്രമോ ഏതാനും തലമുറകളിലേക്ക്‌ മാത്രമോ ഏതാനും ജനപദങ്ങളിലേക്കും ഭൂപ്രദേശങ്ങളിലേക്കും മാത്രമോ ഭൂഗോളത്തിലേക്ക്‌ മാത്രമോ ഭൗതികവാനങ്ങളുടെ സീമകളിലേക്ക്‌ മാത്രമോ ഉള്ള സത്യമല്ല എന്നാണ്‌. അത്‌ മുഴുവന്‍ മനുഷ്യരുടെയും ജീവിതത്തിന്റെ സര്‍വതലങ്ങളെയും സ്പര്‍ശിക്കുന്ന സത്യമാണ്‌. അത്‌ അവരുടെയെല്ലാം സ്വപ്നത്തെയും മരണത്തെയും നിര്‍വചിക്കുന്ന സത്യമാണ്‌. മരണത്തിനും ഉയിര്‍ത്തെഴുന്നേല്‍പിനുമിടയിലുള്ള സൃഷ്ടികളുടെയൊന്നും അധീനതയിലല്ലാത്ത കാലമാത്രയിലേക്ക്‌ ദീപ്തി ചൊരിയുന്ന സത്യമാണ്‌. ഉയിര്‍ത്തെഴുന്നേല്‍പ്‌ മുതല്‍ തുടങ്ങുന്ന, വിശുദ്ധ ഖുര്‍ആനില്‍ (50:34) ശാശ്വതവാസത്തിനുള്ള ദിവസം (The day of eternal life) എന്ന്‌ വിശേഷിപ്പിച്ച അനന്തമജ്ഞാതവര്‍ണനീയമായ മഹാകാല പ്രവാഹത്തിലേക്ക്‌ പടര്‍ന്ന്‌ പന്തലിക്കുന്ന സത്യമാണ്‌.

വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം കാണാം: "അപ്പോള്‍ അല്ലാഹുവിന്റെ മതമല്ലാത്ത മറ്റുവല്ല മതവുമാണോ അവര്‍ ആഗ്രഹിക്കുന്നത്‌? (വാസ്തവത്തില്‍) ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അനുസരണയോടെയോ നിര്‍ബന്ധിതമായോ അവന്‌ കീഴ്പ്പെട്ടിരിക്കുകയാണ്‌. അവനിലേക്ക്‌ തന്നെയാണ്‌ അവര്‍ മടക്കപ്പെടുന്നതും"(3:83) അല്ലാഹു എന്ന പദം ഒരു സാമുദായിക വര്‍ഗീയ ദൈവത്തിന്റെ പേരാണെന്ന്‌ ധരിച്ചവരുണ്ടാകാം. പക്ഷെ, എം ജി എസ്‌ അങ്ങനെയാവില്ലെന്നാണ്‌ ഈ ലേഖകന്‍ കരുതുന്നത്‌. അറബ്‌ നാടുകളിലെ എല്ലാ മതക്കാരും പ്രപഞ്ചനാഥനെ കുറിക്കാന്‍ അല്ലാഹു എന്ന പദമാണ്‌ പ്രയോഗിക്കുന്നത്‌. ഒരളവോളം, ദൈവം, ഗോഡ്‌, ഖുദാ എന്നീ പദങ്ങള്‍ പോലെ തന്നെ. അല്ലാഹുവേ, എന്ന്‌ മാത്രമേ വിളിക്കാവൂ എന്ന നിഷ്കര്‍ഷയില്ലെന്ന്‌ സൂചിപ്പിക്കാനായിരിക്കാം ബഷീര്‍ 'യാ ഇലാഹീ' എന്ന, സാമുദായിക സൂചനക്ക്‌ സാധ്യതയില്ലാത്ത വാക്ക്‌ പ്രയോഗിച്ചത്‌. എന്റെ ദൈവമേ എന്നോ ഓ മൈ ഗോഡ്‌ എന്നോ പറയുമ്പോലെ സാമുദായികതയ്ക്കും വര്‍ഗീയതക്കും അതീതമായ പൊതുപദമാണ്‌ 'യാ ഇലാഹീ' എന്നത്‌. ദൈവങ്ങള്‍ എന്ന ബഹുസ്വരം ഒഴിവാക്കി 'എന്റെ ദൈവമേ' എന്ന്‌ ലോകത്തിന്റെ ഏത്‌ കോണില്‍ നിന്ന്‌ ഏത്‌ സമുദായക്കാരന്‍ പ്രാര്‍ഥിച്ചാലും പ്രപഞ്ചനാഥന്‌ അത്‌ സ്വീകാര്യമായിരിക്കും.

അല്ലാഹു എന്ന പദത്തിന്‌ മൗലികമായ ഒരു സവിശേഷതയുണ്ട്‌. ഒരു സാമുദായിക ദൈവത്തെ കുറിക്കുന്നു എന്നതോ മുസ്ലിംകള്‍ അത്യധികം സ്നേഹിക്കുന്ന അറബി ഭാഷാ എന്ന പദം എന്നതോ അല്ല ആ സവിശേഷത. ഗോഡ്സ്‌ എന്നോ ദൈവങ്ങള്‍ എന്നോ ഈശ്വരന്മാര്‍ എന്നോ പറയുന്നതുപോലെ അല്ലാഹു എന്ന പദത്തിന്‌ ബഹുവചനമില്ല എന്നതാണത്‌. എന്നാല്‍ മാനവരാശി മുഴുവന്‍ ആ പേരുതന്നെ വിളിച്ചു പ്രാര്‍ഥിക്കണമെന്ന്‌ പ്രപഞ്ചനാഥന്‌ നിര്‍ബന്ധമില്ല. വിശുദ്ധ ഖുര്‍ആനില്‍ ആ കാര്യവും പറഞ്ഞിട്ടുണ്ട്‌. "പറയുക: നിങ്ങള്‍ അല്ലാഹു എന്ന്‌ വിളിച്ചുകൊള്ളുക അല്ലെങ്കില്‍ റഹ്മാന്‍ (പരമകാരുണികന്‍) എന്ന്‌ വിളിച്ചുകൊള്ളുക. ഏത്‌ തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍" (17:110). ശ്രീ. എം ജി എസ്സിന്‌ മനപ്രയാസം തോന്നുകയില്ലെങ്കില്‍, വിവിധ മതക്കാരായ വിദ്യാര്‍ഥികള്‍ വിഭാഗീയതക്ക്‌ അതീതമായി ഉരുവിടാറുള്ള, 'പരമാണു പൊരുളിലും സ്ഫുരണമായ്‌ മിന്നും പരമപ്രകാശമേ ശരണം നീയെന്നും' എന്ന പ്രാര്‍ഥനശകലം ചൊല്ലാം. പക്ഷെ, ഒരു കാര്യം; ആ പരമപ്രകാശം ഏകമാണ്‌, അവിഭാജ്യമാണ്‌, അവിച്ഛിന്നമാണ്‌, അനിതരമാണ്‌ എന്ന അനിഷേധ്യ യാഥാര്‍ഥ്യം വിസ്മരിക്കരുത്‌. ആ പരമപ്രകാശത്തെ സംബന്ധിച്ച്‌ വിശുദ്ധ ഖുര്‍ആനിലെ പ്രകാശം എന്ന അധ്യായത്തിലെ 35 മുതല്‍ 40 കൂടിയുള്ള സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്‌. അല്‍പം ദീര്‍ഘമായതുകൊണ്ട്‌ ഇവിടെ ഉദ്ധരിക്കുന്നില്ല.

നമ്മുടെയെല്ലാം അസ്തിത്വത്തിന്റെയും വ്യക്തിത്വത്തിന്റെയും സകല സൂക്ഷ്മാംശങ്ങളും ഉരുവം കൊണ്ടത്‌ പിതാവിന്റെ ബീജത്തിന്റെയും മാതാവിന്റെ അണ്ഡത്തിന്റെയും ഡി എന്‍ എ തന്മാത്രകളില്‍ ജഗന്നിയന്താവ്‌ രാസാക്ഷരങ്ങളാല്‍ രേഖപ്പെടുത്തിവെച്ച അഭൂതപൂര്‍വമായ ജനിതക വിവരശേഖരത്തില്‍ നിന്നാണ്‌. ആ വിവരശേഖരം പൂര്‍ണമായി സമാഹരിക്കാന്‍ ചിലപ്പോള്‍ കമ്പ്യൂട്ടറുകള്‍ പോലും അപര്യാപ്തമായിരിക്കും. ബീജവും അണ്ഡവും സംയോജിച്ചുണ്ടായ സിക്താണ്ഡത്തില്‍ നിന്ന്‌ അത്യന്തം സൂക്ഷ്മവും വ്യതിരിക്തവുമായ കോശവിഭജന പ്രക്രിയയിലൂടെ ഏതാനും മാസങ്ങള്‍കൊണ്ട്‌ ലക്ഷണമൊത്ത ശിശു രൂപം കൊള്ളുന്നത്‌ അത്ഭുതങ്ങളില്‍ അത്ഭുതമാണ്‌. ആ അത്ഭുതത്തിന്‌ മകുടം ചാര്‍ത്തുന്നതാണ്‌ നമ്മുടെ മുഴുവന്‍ അറിവുകളുടെ സ്രോതസ്സുകളും മുഴുവന്‍ ചലനങ്ങളുടെ നിയന്ത്രണ കേന്ദ്രങ്ങളും അടങ്ങുന്ന മസ്തിഷ്കമെന്ന മഹാവിസ്മയം. മസ്തിഷ്കം മാത്രമല്ല, ആന്തരാവയവങ്ങള്‍ ഓരോന്നും വിസ്മയമാണ്‌. എന്തിനേറെ, ശരീരകോശങ്ങളോരോന്നും വിസ്മയമാണ്‌. ഇനി ചിന്തിച്ചു നോക്കൂ; ഇവയെല്ലാം പ്രപഞ്ചനാഥന്റെ നിയമവ്യവസ്ഥക്ക്‌ സ്വമേധയാ വിധേയമായിരിക്കുന്നു അഥവാ മുസ്ലിമായിരിക്കുന്നു എന്ന്‌ വിശുദ്ധഖുര്‍ആനില്‍ പറഞ്ഞത്‌ അവാസ്തവമാണെന്നോ അശാസ്ത്രീയമാണെന്നോ പറയാന്‍ വിനയവും സത്യസന്ധതയും നിഷ്പക്ഷതയുമുള്ള ഏത്‌ നിരീക്ഷകര്‍ക്ക്‌ എങ്ങനെയാണ്‌ സാധിക്കുക? അന്ധവും ബധിരവും നിസ്സഹായവുമായ പ്രകൃതിക്കോ പരിണാമം എന്ന പ്രക്രിയക്കോ ഉപര്യുക്ത വിസ്മയങ്ങളൊക്കെ ഡിസൈന്‍ ചെയ്ത്‌ ആവിഷ്കരിക്കാന്‍ എങ്ങനെയാണ്‌ സാധിക്കുക? ആള്‍ദൈവങ്ങളുടെയും ശിലാദൈവങ്ങളുടെയും ഒരു കോണ്‍ഫെഡറേഷനാണ്‌ ഈ മഹാവിസ്മയങ്ങളൊരുക്കിയിരിക്കുന്നതെന്ന്‌ ചിന്താശീലമുള്ള മനുഷ്യര്‍ക്ക്‌ എങ്ങനെയാണ്‌ ബോധ്യപ്പെടുക?

ഇനി ഏകദൈവത്വത്തിന്റെ ബാനറില്‍ ബഹുദൈവത്വത്തിന്റെ വലിയ വല വീശുന്ന അദദ്വ‍ൈതത്തെ /സൂഫിസത്തെ സംബന്ധിച്ച്‌ ചില കാര്യങ്ങള്‍ പറയട്ടെ. പരമസത്യത്തിന്റെ കൊടുമുടി കീഴടക്കാന്‍ വേണ്ടി പര്‍വതാരോഹണം തുടങ്ങിയ പല ബുദ്ധിരാക്ഷസന്മാരും കാലിടറി വീണു നശിച്ച പോയന്റാണ്‌ അദദ്വ‍ൈതം അഥവാ സൂഫിസം. പരമസത്യത്തിന്റെ പരമോന്നത ശിഖരം സര്‍വജ്ഞനായ പ്രപഞ്ചനാഥന്റെ മാത്രം അധീനത്തിലുള്ള സ്ഥാനമാണ്‌. അവിടെ കയറി തന്റെ കൊടി നാട്ടിയേ തീരൂ എന്ന്‌ ഏത്‌ ബുദ്ധിരാക്ഷസന്‍ ശഠിച്ചാലും അത്‌ ധിക്കാരമാണ്‌, അഹങ്കാരമാണ്‌. അഹം ബ്രഹ്മാസ്മി എന്ന്‌ പറയുന്ന അദദ്വ‍ൈത വാദിയും അനല്‍ഹഖ്‌ എന്ന്‌ പറയുന്ന സൂഫിയും 'ഞാന്‍ തന്നെയാണ്‌ പരമസത്യം' എന്ന അഹങ്കാരത്തിന്റെ കൊടി നാട്ടാന്‍ ശ്രമിക്കുകയാണ്‌. പ്രപഞ്ചനാഥന്‍ പരമകാരുണികനാണെങ്കിലും ആ അഹങ്കാരം പൊറുക്കുകയില്ല. അതിനവന്‍ നല്‍കുന്ന ശിക്ഷ ശാശ്വതമായ നരകവാസമായിരിക്കുമെന്ന്‌ വിശുദ്ധ ഖുര്‍ആനിലെ അനേകം സൂക്തങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അപരിഹാര്യമായ ആ ദുരന്തം ഒഴിവാക്കാന്‍ വളരെ എളുപ്പമാണ്‌. സത്യാന്വേഷണത്തിന്റെ സോപാനങ്ങളിലൂടെ കയറിക്കയറി പരമോന്നത ശിഖരത്തിന്റെ തൊട്ടുതാഴെയെത്തിയാല്‍ അവിടെ നിന്ന്‌ മുകളിലേക്ക്‌ നീങ്ങാന്‍ ശ്രമിക്കാതെ, വിനയത്തോടെ ഇങ്ങനെ പറയണം: "അത്യുന്നതനായ ജഗന്നിയന്താവേ, നിന്റെ അപാരമായ അനുഗ്രഹം കൊണ്ട്‌ മാത്രമാണ്‌ ഞാന്‍ ഇത്രത്തോളം എത്തിയത്‌. ഇതില്‍ ഞാന്‍ പൂര്‍ണ സംതൃപ്തനാണ്‌. നിന്റെ വിനീത ദാസനായ ഈ എളിയവന്‍ നിന്നോടൊപ്പം കയറിനില്‍ക്കാന്‍ ഒരിക്കലും ആഗ്രഹിക്കുകയോ ശ്രമിക്കുകയോ ചെയ്യില്ല. അതെനിക്ക്‌ ഭൂഷണമല്ല." താഴ്മയോടെയുള്ള ഈ തുറന്നുപറയലിന്റെ ഫലം നിസ്സീമമായിരിക്കും. ഇഹലോകത്തും തുടര്‍ന്ന്‌ മരണം മുതല്‍ ഉയിര്‍ത്തെഴുന്നേല്‍പുവരെയും അനന്തരം അവസാനമില്ലാത്ത കാലത്തും പ്രപഞ്ചനാഥന്റെ അളവറ്റ അനുഗ്രഹങ്ങള്‍. വിനീതനായ ഉത്തമദാസന്‌ അനന്തമായി അനുഗ്രഹങ്ങള്‍ വാരിക്കോരി നല്‍കുന്ന കാര്യത്തില്‍ ജഗന്നിയന്താവിന്‌ യാതൊരു പിശുക്കുമുണ്ടാവില്ല. അവന്‌ മാത്രമേ അങ്ങനെ നല്‍കാന്‍ കഴിയൂ.

പ്രകടമായ മതാനുഷ്ഠാനങ്ങള്‍ ബഷീര്‍ നിര്‍വഹിക്കാറില്ലായിരുന്നുവെന്നാണ്‌ പറയപ്പെടുന്നത്‌. എന്നാല്‍ 'അണ്ഡകടാഹ'ങ്ങള്‍ സൃഷ്ടിച്ചു സംവിധാനിച്ച കാലത്തിന്റെയും ലോകത്തിന്റെയും അധിപന്‍ അത്യുന്നതനാണെന്നും അവന്റെ മുമ്പില്‍ താന്‍ നിസ്സാരനാണെന്നും തുറന്നുപറയാന്‍ പ്രേരിപ്പിക്കുന്ന വിനയമെന്ന വിശിഷ്ട വികാരം അദ്ദേഹത്തിന്റെ ജീവിതത്തെ ധന്യമാക്കിയിരുന്നുവെന്നാണ്‌ 'യാ ഇലാഹീ' പോലുള്ള അദ്ദേഹത്തിന്റെ ചില കൃതികളിലെ കൊച്ചുകൊച്ചു വാക്യങ്ങള്‍ സൂചിപ്പിക്കുന്നത്‌. ജഗന്നിയന്താവിന്റെ ഔന്നത്യവും തന്റെ നിസ്സാരതയും ഒരാള്‍ അംഗീകരിക്കുക എന്നത്‌ നിസ്സാരകാര്യമല്ല. അല്ലാഹുവിങ്കല്‍ അതിന്‌ വലിയ മൂല്യമുണ്ടാകാം. ഒരു വേള, അനന്തതയിലേക്ക്‌ നീളുന്ന ശാശ്വത ഭാഗ്യങ്ങളുടെ 'വില' യാകാന്‍ മാത്രമുള്ള മൂല്യം.

ദീര്‍ഘ ദീര്‍ഘമായ പഠനമനനങ്ങളുടെ ഫലമായി വാര്‍ധക്യകാലത്ത്‌ തെളിഞ്ഞുകിട്ടുന്ന മൗലിക സത്യങ്ങളെപ്പോലും പിച്ചും പേയും എന്ന വകുപ്പില്‍ പെടുത്താന്‍ വെമ്പുന്ന യൗവനത്തിന്റെ അപക്വ ധാരണ എം ജി എസ്‌ ഇപ്പോഴും ഒഴിവാക്കാതിരിക്കുന്നത്‌ നല്ല ലക്ഷണമല്ലെന്ന്‌ വിനയപുരസ്സരം ചൂണ്ടിക്കാണിക്കട്ടെ. സൃഷ്ടിപരമായ കഴിവ്‌ എന്ന്‌ പറയുമ്പോള്‍ അദ്ദേഹം ഉദ്ദേശിക്കുന്നത്‌ കാല്‍പനിക സാഹിത്യരചനക്കുള്ള കഴിവ്‌ മാത്രമാണെങ്കില്‍ അദ്ദേഹത്തിന്റെ ചരിത്രഗവേഷണ കൃതികള്‍ക്ക്‌ പോലും സൃഷ്ടിപരമായ മൂല്യമില്ലെന്നല്ലേ വരിക? ഒരു സാമുദായിക മതത്തിന്റെ ചട്ടക്കൂടിനുള്ളിലേക്ക്‌ ഒതുങ്ങിക്കൂടിക്കൊണ്ട്‌ ബഷീര്‍ എന്തെങ്കിലും എഴുതിയതായി അറിയില്ല. അണ്ഡകടാഹ വ്യവസ്ഥയെയും ദൈവത്തിന്റെ ഖജനാവില്‍ മാത്രമുള്ള കാലത്തെയും മറ്റും സംബന്ധിച്ച്‌ ബഷീര്‍ എഴുതിയതില്‍ സങ്കുചിത ചിന്തകളുടെ നിഴലുകള്‍ ദര്‍ശിക്കുന്നതിന്റെ ന്യായം പിടികിട്ടുന്നില്ല.

പ്രശ്നങ്ങളുണ്ടാക്കുന്ന എന്തൊക്കെ കാര്യങ്ങളാണ്‌ ഖുര്‍ആനിലുള്ളതെന്ന്‌ എം ജി എസ്‌ വിശദീകരിച്ചതായി പത്രറിപ്പോര്‍ട്ടില്‍ കാണുന്നില്ല. എന്നാല്‍ ഈ ലേഖകന്റെ നിരീക്ഷണ പ്രകാരം എക്കാലത്തെയും എല്ലാ മനുഷ്യര്‍ക്കും അടിസ്ഥാനജീവിതപ്രശ്നങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ ഉചിതമായ മാര്‍ഗദര്‍ശനം നല്‍കുന്നുണ്ട്‌. ഗര്‍ഭസ്ഥ ശിശുവിന്റെ മാനസികവും ശാരീരികവുമായ ക്ഷേമം ഉറപ്പ്‌ വരുത്താനുള്ള ഒരു മാര്‍ഗ നിര്‍ദേശം വിശുദ്ധ ഖുര്‍ആനിലുണ്ട്‌. ദാമ്പത്യം തകര്‍ന്നാല്‍ പോലും മുലകുടിപ്രായത്തിലുള്ള ശിശുവിന്‌ അനിതര പോഷകപാനീയമായ മുലപ്പാല്‍ രണ്ടു വയസ്സുവരെ ലഭ്യമായിക്കൊണ്ടിരിക്കുന്നു എന്ന്‌ ഉറപ്പ്‌ വരുത്താനുള്ള മാര്‍ഗനിര്‍ദേശവുമുണ്ട്‌. ദാമ്പത്യത്തെ ശൈഥില്യത്തിന്റെ നിമിത്തങ്ങളില്‍ നിന്നെല്ലാം മുക്തമാക്കി ഇഴുക്കവും ഇണക്കവും നിലനിര്‍ത്തുന്നതിന്‌ ഉപയുക്തമായ ബൃഹത്തായ മാര്‍ഗദര്‍ശനം തന്നെ ദൈവിക ഗ്രന്ഥത്തിലുണ്ട്‌. ജീവിതത്തിന്റെ സായം സന്ധ്യയിലെത്തിയ മാതാപിതാക്കള്‍ക്ക്‌ അവശതകളിലും വിവശതകളിലും വ്യഥകളിലും താങ്ങാകണമെന്ന്‌ സന്തതിയോട്‌ കര്‍ശനമായി അനുശാസിക്കുന്ന സൂക്തവുമുണ്ട്‌.

ഒരു വ്യാജപ്രവാചകന്റെ അനുയായികളായ അഹ്മദികള്‍ അഥവാ ഖാദിയാനികള്‍ പോലും വിശുദ്ധ ഖുര്‍ആന്‍ അന്തിമ വേദഗ്രന്ഥമല്ലെന്ന്‌ വാദിക്കാന്‍ ഇതുവരെ മുതിര്‍ന്നിട്ടില്ല. എം ജി എസിന്‌ എവിടെ നിന്നോ തെറ്റായ വിവരം ലഭിച്ചതായിരിക്കും. സ്വന്തമായി ഒരു വേദഗ്രന്ഥമോ വ്യതിരിക്തമായ ഒരു മതധര്‍മസംഹിതയോ നല്‍കപ്പെട്ടിട്ടില്ലാത്ത ഒരു നിഴല്‍ പ്രവാചകനാണ്‌ മീര്‍സാഗുലാം അഹ്മദ്‌ എന്നാണ്‌ ഖാദിയാനികള്‍ വാദിക്കുന്നത്‌. പ്രവാചകത്വത്തിന്റെ ഒരു നിഴല്‍പാവക്കൂത്ത്‌ എന്ന്‌ വിശേഷിപ്പിക്കാമെന്ന്‌ തോന്നുന്നു. എന്തായിരുന്നാലും, വ്യാജപ്രവാചകന്റെ അനുയായികളെ ചുട്ടുകൊല്ലണമെന്ന്‌ അല്ലാഹുവോ മുഹമ്മദ്‌ നബിയോ വിധിച്ചിട്ടില്ല എന്ന കാര്യം പ്രസ്താവ്യമാകുന്നു.

കാലോചിതമായ മാറ്റങ്ങള്‍ എന്ന വിഷയത്തെക്കുറിച്ചും ചിലത്‌ പറയേണ്ടതുണ്ട്‌. ഈ കാലത്ത്‌ സ്വവര്‍ഗരതിക്ക്‌ വേണ്ടി വാദിക്കുന്ന ദശലക്ഷക്കണക്കിലാളുകള്‍ പാശ്ചാത്യനാടുകളിലുണ്ട്‌. ചില രാഷ്ട്രങ്ങളില്‍ സ്വവര്‍ഗവിവാഹത്തിന്‌ നിയമസാധുത നല്‍കിയിട്ടുമുണ്ട്‌. അതിനാല്‍, സ്വവര്‍ഗരതി മ്ലേച്ഛമാണെന്ന്‌ വിധിക്കുന്ന ഖുര്‍ആനിക നിയമം കാലികമായി ഭേദഗതി ചെയ്യണമെന്ന്‌ ശ്രീ. എം ജി എസ്‌ വാദിക്കുമോ എന്നറിഞ്ഞുകൂടാ. സ്ത്രീയുടെയും പുരുഷന്റെയും മനസ്സിന്റെ പാരസ്പര്യം, ശാരീരികപ്പൊരുത്തം, ജനനേന്ദ്രിയങ്ങളുടെ സംയോജകത എന്നീ കാര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന വിവേകമതികള്‍ക്ക്‌ സ്വവര്‍ഗരതി മനുഷ്യപ്രകൃതിക്ക്‌ വിരുദ്ധമാണെന്ന യാഥാര്‍ഥ്യം അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. യുഗപ്പകര്‍ച്ചകള്‍ക്ക്‌ മാറ്റാനാകാത്ത കാലാതീത സത്യമാണ്‌ അതെന്ന്‌ ഈ ലേഖകന്‍ വിശ്വസിക്കുന്നു.

വിവാഹം പഴഞ്ചനും പിന്തിരിപ്പനും ചൂഷണാധിഷ്ഠിതവുമാണെന്നും സ്ത്രീകളുടെയും പുരുഷന്മാരുടെയും പൂര്‍ണമായ ലൈംഗിക സാഫല്യത്തിന്‌ തടസ്സമാണെന്നും വാദിക്കുന്ന കുറെ ബുദ്ധിജീവികളും സാഹിത്യകാരന്മാരും സാമൂഹ്യശാസ്ത്രജ്ഞരും മറ്റും ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്‌. ഇവരുടെ സംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്‌. കേരളത്തിലുമുണ്ട്‌ ഇത്തരം കുറച്ചു പേര്‍. ഇതൊരു കാലിക പ്രവണതയാണെന്ന്‌ പറയപ്പെടുന്നു.

ലൈംഗിക സാക്ഷാത്കാരത്തിന്റെ നൂതന ചക്രവാളങ്ങള്‍ കണ്ടെത്താന്‍ ഇവരില്‍ ചിലര്‍ ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്നു. ഇവരുടെ നിലപാടുകളെ കാലോചിതമെന്ന്‌ വിശേഷിപ്പിച്ച്‌ ശ്രീ. എം ജി എസ്‌ ശ്ലാഘിക്കുമോ എന്നറിഞ്ഞുകൂടാ. പാശ്ചാത്യ രാജ്യങ്ങളില്‍ യുവതീയുവാക്കള്‍ ഫ്രീ സെക്സ്‌ ഒരു പുതിയ സംസ്കാരമായി, ഒരു പുതിയ മതമായി വാരിപ്പുണര്‍ന്നപ്പോള്‍ പുതിയ തലമുറയുടെ ഗണ്യമായ ഭാഗം 'ഫാദര്‍ലെസ്‌' ആയിമാറി എന്നതാണ്‌ അനുഭവം. ശൈശവത്തിനും വാര്‍ധക്യത്തിനും കാരുണ്യത്തിന്റെ കൈത്താങ്ങ്‌ നഷ്ടപ്പെടുക എന്നതായിരുന്നു അതിന്റെ ഒരു പാര്‍ശ്വഫലം.

വള്ളത്തോളും ആശാനും ഉള്‍പ്പെടെ സകല സാഹിത്യകാരന്മാരും ബുദ്ധിജീവികളും ഒരര്‍ഥത്തില്‍ തൊണ്ണൂറ്റൊമ്പത്‌ ശതമാനത്തോളം മുസ്ലിമാണെന്നാണ്‌ ഈ ലേഖകന്‍ വിശ്വസിക്കുന്നത്‌. ഒരു മതസമുദായത്തിലെ മെമ്പര്‍ എന്ന അര്‍ഥത്തിലല്ല ഇവിടെ മുസ്ലിം എന്ന പദം പ്രയോഗിച്ചത്‌. പ്രപഞ്ച നാഥന്റെ സൃഷ്ടിവ്യവസ്ഥക്ക്‌ അനിവാര്യമായി വിധേയപ്പെട്ടത്‌ എന്ന അര്‍ഥമാണ്‌ ഇവിടെ ഉദ്ദേശിച്ചത്‌. അവരുടെ ബാഹ്യവും ആന്തരികവുമായ അവയവങ്ങളെല്ലാം പ്രപഞ്ചനാഥന്റെ അനിതരമായ ഡിസൈനിംഗിന്‌ വിധേയമായിടുള്ളവയാണ്‌. അവയെല്ലാം സവിശേഷവും സങ്കീര്‍ണവുമായ ജൈവധര്‍മങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്‌ പ്രപഞ്ചനാഥന്‍ അതിവിദഗ്ധമായി പ്രോഗ്രാം ചെയ്തപ്രകാരം മാത്രമാണ്‌. യാതൊരു പ്രതിഭാശാലിക്കും ഈ വിഷയത്തിലൊന്നും യാതൊരു പങ്കുമില്ല.

സകല പ്രതിഭാശാലികളുടെയും കോടാനുകോടി സാധാരണ കോശങ്ങളും പ്രജനനത്തിനായുള്ള അര്‍ധകോശങ്ങളും പ്രതിഭയുടെ ദീപ്തി പ്രസരിപ്പിക്കുന്ന മസ്തിഷ്ക കോശങ്ങളും അവയുടെ ജൈവധര്‍മം നിറവേറ്റുന്നത്‌ അവരുടെ ആദി ബീജത്തിലെ ഡി എന്‍ എ തന്മാത്രകളില്‍ ജഗന്നിയന്താവ്‌ രാസാക്ഷരങ്ങളില്‍ കുറിച്ചുവെച്ചിട്ടുള്ള അതിഭീമമായ വിവരശേഖരത്തില്‍ നിര്‍വചിക്കപ്പെട്ട പ്രകാരം മാത്രമാണ്‌. ചുരുക്കത്തില്‍ പ്രതിഭാശാലികളുടെയെല്ലാം അസ്തിത്വത്തിന്റെ ഏറെക്കുറെ സൂക്ഷ്മ തലങ്ങളിലൊക്കെയും പ്രപഞ്ചനാഥന്റെ ഹിതം മാത്രമാണ്‌ നടപ്പാകുന്നത്‌. പിന്നെ അവശേഷിക്കുന്നത്‌ അവരുടെ വ്യക്തിത്വത്തിന്റെ സ്വതന്ത്ര തലങ്ങളാണ്‌. അവിടേക്കുമുണ്ട്‌ പ്രപഞ്ചനാഥന്റെ വിശിഷ്ട മാര്‍ഗദര്‍ശനം. നന്മകളാല്‍ ധന്യമായ വാഗ്‌ വിചാര കര്‍മങ്ങളെല്ലാം അവന്‍ മനുഷ്യര്‍ക്ക്‌ അനുവദിച്ചിട്ടുണ്ട്‌. ജീവിതത്തിന്റെ ഏതെങ്കിലും മേഖലയില്‍ ദോഷം വരുത്തുന്ന കാര്യങ്ങള്‍ മാത്രമാണ്‌ അവന്‍ നിരോധിച്ചിട്ടുള്ളത്‌. പരമകാരുണികനും സര്‍വജ്ഞനും സ്നേഹസമ്പന്നനുമായ പ്രപഞ്ചനാഥനെ മാര്‍ഗദര്‍ശിയായി സ്വീകരിക്കാനും അവനെ മാത്രം ആരാധിക്കാനും പ്രാര്‍ഥിക്കാനും സ്വന്തം ഈഗോ തടസ്സമാകാത്തവര്‍ക്ക്‌ സ്വതന്ത്രമായ വര്‍ത്തനങ്ങളുടെ തലത്തിലും മുസ്ലിമാകാം. അഥവാ പ്രപഞ്ചനാഥന്റെ ഹിതത്തിന്‌ സ്വമേധയാ വിധേയപ്പെടാം. അതിന്റെ നേട്ടം അറ്റമില്ലാത്ത കാലത്തേക്ക്‌ നീണ്ടുനില്‍ക്കുന്ന സൗഭാഗ്യങ്ങളായിരിക്കും. ലോകരക്ഷിതാവിന്റെ ഹിതത്തിന്‌ സ്വന്തം ഈഗോയെ കീഴ്പ്പെടുത്താന്‍ തയ്യാറില്ലാത്തവര്‍ ശാശ്വതമായ നരകശിക്ഷ അനുഭവിക്കേണ്ടിവരും. രാജാധിരാജന്റെ കാരുണ്യത്തിനും ഗുണകാംക്ഷക്കും വില കല്‍പിക്കാത്തതിനുള്ള ശിക്ഷയാണത്‌.

"ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പര്‍വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും മനുഷ്യരില്‍ കുറെ പേരും അല്ലാഹുവെ പ്രണമിക്കുന്നു എന്ന്‌ നീ കണ്ടില്ലേ? (വേറെ) കുറെ പേരുടെ കാര്യത്തില്‍ ശിക്ഷ സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും അപമാനിതനാക്കുന്ന പക്ഷം അവനെ ബഹുമാനിക്കാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിച്ചത്‌ ചെയ്യുന്നു."(വി.ഖു. 22:18)

"ആകയാല്‍, ആകാശങ്ങളുടെ രക്ഷിതാവും ഭൂമിയുടെ രക്ഷിതാവും ലോകരുടെ രക്ഷിതാവുമായ അല്ലാഹുവിനാണ്‌ സ്തുതി. ആകാശങ്ങളിലും ഭൂമിയിലും അവന്‌ തന്നെയാകുന്നു മഹത്വം. അവന്‍ തന്നെയാകുന്നു പ്രതാപിയും യുക്തിമാനും."(വി.ഖു. 45:36,37)

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.