09 March 2013

ദീനും ദുന്‍യാവും വെല്‍ഫെയര്‍ പാര്‍ട്ടിയും - Shabab Weekly 08 March 2013

ദീനും ദുന്‍യാവും വെല്‍ഫെയര്‍ പാര്‍ട്ടിയും
Shabab Weekly 08 March 2013

1953-ല്‍ ഇബാദത്തിന്റെ ജമാഅത്ത്‌ ഭാഷ്യം വിവരിച്ചുകൊണ്ട്‌ കെ സി അബ്‌ദുല്ല മൗലവി ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു. ഇസ്‌ലാമികേതര ഭരണകൂടത്തോട്‌ സഹകരിച്ചു പ്രവര്‍ത്തിക്കുന്നത്‌ തൗഹീദിന്‌ വിരുദ്ധമാണെന്നായിരുന്നു ലഘുലേഖയിലെ പ്രമേയം. അതിലെ അപാകതയെ ചൂണ്ടിക്കാണിക്കുകയും യഥാര്‍ഥ വശം വിശദീകരിക്കുകയും ചെയ്‌തുകൊണ്ട്‌ അല്‍മനാര്‍ മാസികയുടെ മൂന്നു ലക്കങ്ങളില്‍ കെ എം മൗലവി ഒരു ലേഖനപരമ്പര പ്രസിദ്ധീകരിച്ചു. അത്‌ ഇന്നും പ്രസക്തമാണ്‌.

ഇസ്‌ലാമിക ഭരണകൂടമല്ലാത്തവയോട്‌ സഹകരിക്കുന്നത്‌ തൗഹീദിന്റെ താല്‌പര്യത്തിന്‌ എതിരാണെന്ന്‌ വരുത്തിവെക്കാനാണ്‌ ജമാഅത്തിന്റെ ശ്രമം.

അതിനുവേണ്ടിയാണ്‌ അവര്‍ ഇബാദത്തിന്‌ അടിമവേല, അനുസരണം തുടങ്ങിയ അര്‍ഥങ്ങള്‍ വലിച്ചിഴച്ചുകൊണ്ടുവന്നതെന്ന്‌ പ്രസ്‌താവിച്ച ശേഷം അദ്ദേഹം തുടരുന്നു: ``അങ്ങനെയുള്ള എല്ലാ ഗവണ്‍മെന്റുകളോടും നിസ്സഹകരിക്കണം. അവയുടെ ഉദ്യോഗം സ്വീകരിക്കുക, കോടതികളില്‍ അവയുടെ നിയമമനുസരിച്ച്‌ വിഹരിക്കുക, അതിന്‌ വക്കാലത്ത്‌ സ്വീകരിക്കുക മുതലായ പ്രവര്‍ത്തികളെല്ലാം ആ ഗവണ്‍മെന്റുകളെ അനുസരിക്കലും അവര്‍ക്ക്‌ അടിമവേല ചെയ്യലുമാകുന്നു! അതുകൊണ്ട്‌ അവയെല്ലാം ഏറ്റവും വലിയ ശിര്‍ക്കും കുഫ്‌റുമാണ്‌. ഇന്ന്‌ ഭൂമിയില്‍ ഇങ്ങനെയുള്ള താഗൂത്തി ഗവണ്‍മെന്റുകളല്ലാതെ ഇല്ല. അതുകൊണ്ട്‌ മേല്‌പറഞ്ഞ പ്രകാരമുള്ള മഹാശിര്‍ക്ക്‌ ചെയ്‌തുകൊണ്ടിരിക്കുകയോ അതില്‍ തൃപ്‌തിപ്പെടുകയോ ചെയ്യുന്നവരായിട്ടാണ്‌ ഇന്ന്‌ മുസ്‌ലിംകള്‍ എന്ന്‌ പറയപ്പെടുന്നവരെ കാണപ്പെടുന്നത്‌. തന്മൂലം ഇന്നത്തെ മുസ്‌ലിംകള്‍ മുസ്‌ലിംകളല്ല. ഇവര്‍ ഇവയെല്ലാം പൂര്‍ണമായും ത്യജിച്ചു ജമാഅത്തെ ഇസ്‌ലാമിക്കാരുടെ `ശഹാദത്ത്‌' ചൊല്ലി അവരുടെ പാര്‍ട്ടിയില്‍ ചേരണം. എന്നാലേ രക്ഷയുള്ളൂ. അവര്‍ വിധിക്കുന്ന എല്ലാ വിധികളും സ്വീകരിക്കണം. അങ്ങനെ അവര്‍ക്കു ശക്തി വരുമ്പോള്‍ ഈ ഗവണ്‍മെന്റുകളെ തകര്‍ത്തു ഭൂമിയില്‍ അവരുടെ ഗവണ്‍മെന്റ്‌ സ്ഥാപിക്കും. അതിനാണ്‌ ദൈവിക ഗവണ്‍മെന്റ്‌ എന്നു പറയുന്നത്‌. ഈയൊരു പ്ലാന്‍ മുമ്പില്‍ വെച്ചുകൊണ്ടാണ്‌ ഇവര്‍ ഇബാദത്തിന്റെ അര്‍ഥം മാറ്റിമറിച്ചത്‌.'' (അല്‍മനാര്‍, പുസ്‌തകം 4, ലക്കം 6)

ഇസ്‌ലാമികേതര ഭരണാധികാരികളോടുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാടിനെയും അതിനുവേണ്ടി `ഇബാദത്തിനെ' ദുര്‍വ്യാഖ്യാനിച്ചതിനെയും കെ എം മൗലവി വിമര്‍ശിച്ചു. അതേ ലേഖനങ്ങളില്‍ തന്നെ മതേതര ഭരണകൂടത്തോടുള്ള മുസ്‌ലിംകളുടെ നിലപാട്‌ എന്തായിരിക്കണമെന്ന്‌ വിശദീകരിക്കുകയും ചെയ്‌തു.

``ഇനി നമ്മെപ്പോലെ ഒരു മതേതര ഗവണ്‍മെന്റിന്റെ കീഴില്‍ ജീവിക്കുന്ന മുസ്‌ലിംകളുടെ നിലയെപ്പറ്റി ചിന്തിക്കാം. മുസ്‌ലിം സമുദായം എവിടെയായിരുന്നാലും അവരുടെ ഇടയില്‍ ഇസ്‌ലാമിക ജീവിതത്തെ അവര്‍ പാലിക്കണം. അതോടൊപ്പം തന്നെ രാജ്യത്ത്‌ പൊതുവെ നീതിയും സമാധാനവും പാലിക്കേണ്ടതും അവരുടെ കടമയാണ്‌. അതുകൊണ്ട്‌ നല്ലവരും പ്രാപ്‌തരുമായ മുസ്‌ലിംകള്‍ അസംബ്ലിയിലും മറ്റും സ്ഥാനങ്ങള്‍ സ്വീകരിക്കേണ്ടതും ഉദ്യോഗങ്ങള്‍ വഹിക്കേണ്ടതുമാണ്‌. അങ്ങനെ ചെയ്യുന്നതുകൊണ്ട്‌ കുറേയെങ്കിലും അക്രമങ്ങളും അനീതികളും തടയാനും ഇസ്‌ലാമിക താല്‌പര്യങ്ങളെയും സമുദായത്തിനുള്ള രാഷ്‌ട്രീയാവകാശങ്ങളെയും സംരക്ഷിക്കാനും സാധിക്കുമെന്നുള്ളത്‌ ഒരു പരമാര്‍ഥം മാത്രമാണ്‌. തന്മൂലം, ഈ ഉദ്ദേശ്യാര്‍ഥം ഉദ്യോഗങ്ങളും അസംബ്ലി മുതലായവയിലുള്ള മെമ്പര്‍ സ്ഥാനവും സ്വീകരിക്കുന്നതു കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും താരതമ്യപ്പെടുത്തി `രണ്ടുപദ്രവങ്ങളില്‍ നിന്ന്‌ ലഘുവായത്‌ സ്വീകരിക്കുക' എന്ന തത്വമനുസരിച്ചു ചിലപ്പോള്‍ അനുവദനീയവും മറ്റു ചിലപ്പോള്‍ നിര്‍ബന്ധവുമായിത്തീരുന്നതാണ്‌. കാരണം മുസ്‌ലിംകളില്‍ പ്രാപ്‌തിയും നീതിനിഷ്‌ഠയുമുള്ളവരെല്ലാം ഒഴിഞ്ഞുമാറിനില്‌ക്കുന്ന പക്ഷം നാട്ടില്‍ പൊതുവെ അനീതിയും അക്രമപരമായ നിയമങ്ങള്‍ മൂലം മുസ്‌ലിംകള്‍ക്കു തന്നെ കൂടുതല്‍ ദ്രോഹങ്ങളും അനുഭവിക്കേണ്ടതായി വരുന്നതാണ്‌.'' (അല്‍മനാര്‍, പുസ്‌തകം 4, ലക്കം 7)

ഇന്ത്യയെപ്പോലുള്ള മതേതര ജനാധിപത്യ രാജ്യത്തെ മുസ്‌ലിംകള്‍ സ്വീകരിക്കേണ്ടുന്ന ഏറ്റവും ഉദാത്തമായ നിലപാടാണ്‌ ഇതെന്നതില്‍ സന്ദേഹമില്ല. ഈ നിര്‍ദേശത്തെ സുന്നികളും മുജാഹിദുകളുമായ അനേകം പേരും സ്വീകരിച്ചതുകൊണ്ടാണ്‌ നാമിന്ന്‌ കാണുന്ന പുരോഗതി മുസ്‌ലിം സമൂഹത്തിന്‌ കൈവരിക്കാനായത്‌. അവര്‍ മതേതര ജനാധിപത്യ സര്‍ക്കാറുകളുമായി സഹകരിക്കുകയും ഇസ്‌ലാമിക വിരുദ്ധമല്ലാത്ത രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവുകയും ചെയ്‌തു. കേരള നിയമസഭയിലും, മന്ത്രിസഭകളിലുമൊക്കെ അവര്‍ അംഗങ്ങളാവുകയും മുസ്‌ലിംകളുടെ വിദ്യാഭ്യാസപരവും സാമൂഹ്യ രാഷ്‌ട്രീയപരവുമായ അവകാശങ്ങളെ നേടിയെടുക്കാന്‍ അവര്‍ ശ്രമിക്കുകയും ചെയ്‌തു. അതിനു പകരം സയ്യിദ്‌ മൗദൂദിയുടെയും ഹാജിസാഹിബിന്റെയും വികലചിന്തകളെ അവര്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ മുസ്‌ലിംകള്‍ക്ക്‌ ഇന്നും അധപ്പതനത്തിന്റെ നെല്ലിപ്പടിയില്‍ നിന്ന്‌ തലയുയര്‍ത്താന്‍ സാധിക്കുമായിരുന്നില്ല.

ഇരുണ്ട വര്‍ഷങ്ങള്‍

ജമാഅത്തെ ഇസ്‌ലാമിയുടെ രൂപീകരണത്തിനു ശേഷം ഏതാണ്ട്‌ പതിനൊന്നു വര്‍ഷം ഹാജി സാഹിബ്‌ ജമാഅത്തിനെ നയിച്ചു. സയ്യിദ്‌ മൗദൂദിയുടെയും സയ്യിദ്‌ ഖുത്തുബിന്റെയും തീവ്ര ചിന്തകള്‍ക്കായിരുന്നു അക്കാലത്ത്‌ ഇസ്‌ലാമിസ്റ്റുകള്‍ക്കിടയില്‍ പ്രാമുഖ്യം ലഭിച്ചിരുന്നത്‌. ഹസനുല്‍ ബന്നയുടെ മിതവാദത്തെ തള്ളിക്കളഞ്ഞിരുന്ന അവര്‍ ഹസനുല്‍ ഹുദയ്‌ബിയുടെയോ ഡോ. യൂസുഫുല്‍ ഖര്‍ദാവിയുടെയോ വിമര്‍ശനങ്ങളെ കേള്‍ക്കാന്‍ പോലും തയ്യാറായിരുന്നില്ല. കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമി സ്വാഭാവികമായും മൗദൂദി ലൈനില്‍ തന്നെയായിരുന്നുവെന്ന്‌ പറയേണ്ടതില്ലല്ലോ. ഡോ. യൂസുഫുല്‍ ഖര്‍ദാവി തന്റെ ഇസ്‌ലാമിക പ്രസ്ഥാനം: മുന്‍ഗണനാക്രമം (പേജ്‌ 98-99) എന്ന കൃതിയില്‍ ചൂണ്ടിക്കാണിച്ച പോലെ തികച്ചും അനാരോഗ്യകരമായ ചിന്തകളായിരുന്നു അന്ന്‌ പ്രചരിപ്പിക്കപ്പെട്ടിരുന്നത്‌. നിരാകരണവും, അശുഭാപ്‌തിയും മറ്റുള്ളവരെക്കുറിച്ചുള്ള തെറ്റിദ്ധാരണയും അവരുടെ പൊതുസ്വഭാവമായി മാറുകയും ചെയ്‌തിരുന്നു.

ഇസ്‌ലാമികേതര സര്‍ക്കാറിന്റെ ജോലികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പാര്‍ലമെന്ററി തെരഞ്ഞെടുപ്പുകള്‍, കോടതികള്‍ തുടങ്ങിയവയെല്ലാം മുസ്‌ലിംകള്‍ക്ക്‌ നിഷിദ്ധമാക്കിയിരുന്നു. അതിനെതിരെ സംസാരിക്കുന്നവരെ അധര്‍മകാരികളും (ഫാസിഖുകള്‍) അക്രമികളും ശിര്‍ക്കില്‍ അകപ്പെട്ടവരും പാശ്ചാത്യ സംസ്‌കാരത്തിന്റെ സേവകരുമൊക്കെയായി ചിത്രീകരിക്കലും പതിവായി. ഹാജിസാഹിബിന്റെ മരണശേഷം കുറേകാലം കഴിഞ്ഞാണ്‌ `ഇരുണ്ട വര്‍ഷങ്ങളില്‍' നിന്ന്‌ പുറത്തുകടക്കാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക്‌ സാധിച്ചത്‌.

കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമി രൂപീകൃതമായ ശേഷം ഏതാണ്ട്‌ ഇരുപതു വര്‍ഷം പിന്നിട്ടപ്പോഴേക്ക്‌ അന്താരാഷ്‌ട്ര തലത്തില്‍ മൗദൂദിയുടെയും സയ്യിദ്‌ ഖുത്തുബിന്റെയും ആത്യന്തിക വാദങ്ങള്‍ ഇസ്‌ലാമിസ്റ്റുകള്‍ തന്നെ കൈവെടിയാന്‍ തുടങ്ങി. അക്കാര്യം ജമാഅത്തെ ഇസ്‌ലാമി കേരള ഹല്‍ഖയിലെ പ്രമുഖ നേതാക്കളിലൊരാളായ സലാം വാണിയമ്പലം 1995 നവംബര്‍ 4-ലെ പ്രബോധനം വാരികയില്‍ വ്യക്തമായി എഴുതി: ``ഇസ്‌ലാമിക വ്യവസ്ഥിതി സ്വീകരിക്കാത്ത മുസ്‌ലിം ഭരണകൂടത്തോടും മുസ്‌ലിം സമൂഹത്തോടുമുള്ള ശഹീദ്‌ സയ്യിദ്‌ ഖുത്തുബിനെ പോലുള്ളവരുടെ ആത്യന്തിക നിലപാടില്‍ നിന്ന്‌ പ്രസ്ഥാനം വളരെ ദൂരം മുന്നോട്ട്‌ പോയതായി കാണാം.''

ഇത്‌ കേവലം സയ്യിദ്‌ ഖുത്തുബിന്റെ മാത്രം തീവ്രനിലപാടായിരുന്നില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകനായ സയ്യിദ്‌ മൗദൂദിയും ശിഷ്യന്‍ ഹാജി സാഹിബുമെല്ലാം അതേ പാതയിലൂടെ സയ്യിദ്‌ ഖുത്തുബിന്റെ മുന്നില്‍ നടന്നവരാണ്‌. 1950-ല്‍ പ്രസിദ്ധീകൃതമായ ജമാഅത്തെ ഇസ്‌ലാമി ഭരണഘടനയുടെ മലയാളപതിപ്പില്‍ അനിസ്‌ലാമിക ഭരണവ്യവസ്ഥയുടെ എല്ലാ വകുപ്പുകളും മലീമസവും മ്ലേച്ഛവുമാണെന്ന്‌ പ്രസ്‌താവിച്ച ശേഷം പറയുന്നതു കാണുക: ``അതേ പ്രകാരം തന്നെ അനിസ്‌ലാമികമായ ഭരണവ്യവസ്ഥ മുസ്‌ലിംകളുടെ ദിവ്യത്വത്തിലാണ്‌ നടക്കുന്നതെങ്കില്‍ അതിന്റെ സകല വകുപ്പുകളോടൊപ്പം അതിന്റെയും വിധി ഇതുതന്നെയാണ്‌. `മുസ്‌ലിം'കളുടെ ദിവ്യത്വം അതിനെ പരിശുദ്ധമാക്കാനുള്ള സാക്ഷിപത്രമായിരിക്കില്ല.'' (പ്രബോധനം, പുസ്‌തകം1, ലക്കം 11)

അന്താരാഷ്‌ട്ര തലത്തില്‍ ഇസ്‌ലാമിസ്റ്റുകള്‍ക്കിടയില്‍ വ്യാപകമായ പുരോഗമന ചിന്തയിലേക്ക്‌ കടന്നുവരാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക്‌ നന്നേ പാടുപെടേണ്ടി വന്നു. ജമാഅത്തിന്റെ ആശയങ്ങള്‍ നിഷ്‌ക്രിയത്വത്തിലേക്കാണ്‌ നയിക്കുന്നതെന്ന്‌ അനുയായികളില്‍ അഭിപ്രായം ഉടലെടുത്തു. ജമാഅത്തിന്റെ വിലക്കുകള്‍ ലംഘിച്ച്‌ ജമാഅത്ത്‌ അംഗങ്ങളുടെ സന്തതികള്‍ പോലും ഇന്ത്യന്‍ സര്‍ക്കാറിന്റെ ഉദ്യോഗസ്ഥരും സേവകന്മാരുമാവാന്‍ തുടങ്ങി. സുന്നികള്‍ പോലും വിദ്യാഭ്യാസ-സാമൂഹ്യ-രാഷ്‌ട്രീയ രംഗങ്ങളില്‍ സജീവമായി. ബാഫഖി തങ്ങള്‍, പാണക്കാട്‌ സയ്യിദ്‌ പൂക്കോയ തങ്ങള്‍ തുടങ്ങിയ ലീഗ്‌ നേതാക്കളും സമസ്‌തയിലെ ഒട്ടേറെ പണ്ഡിതന്മാരും അതിന്‌ നേതൃത്വം നല്‌കി.

ഭൗതിക രംഗത്തെ പുരോഗമനാശയങ്ങളിലേക്ക്‌ സമസ്‌ത കടന്നുവന്നെങ്കിലും ജമാഅത്തെ ഇസ്‌ലാമി പിന്നെയും അമാന്തിച്ചുനിന്നു. സമസ്‌ത നവോത്ഥാന രംഗത്തേക്ക്‌ അല്‌പം വൈകിയാണ്‌ കടന്നുവന്നതെന്ന്‌ തങ്ങളുടെ ലഘുലേഖയില്‍ പ്രസ്‌താവിച്ച ജമാഅത്ത്‌ കേരള ഹല്‍ഖയുടെ ഭാരവാഹികള്‍ തങ്ങളുടെ സംഘടന ഔദ്യോഗികമായി കാലോചിത മാറ്റങ്ങളെ സ്വാഗതം ചെയ്‌തത്‌ എന്നാണെന്ന്‌ ആത്മപരിശോധന നടത്തുന്നത്‌ നന്നായിരിക്കും.

എങ്കിലും അറുപതുകളോടടുത്തപ്പോള്‍ തങ്ങളുടെ ആശയങ്ങളില്‍ മാറ്റംവരുത്താന്‍ ജമാഅത്ത്‌ കൂടിയാലോചനാ സമിതി തീരുമാനിച്ചു. ഇസ്‌ലാമികേതര സര്‍ക്കാറിന്റെ കലാലയങ്ങളില്‍ വിദ്യാഭ്യാസം നടത്തുന്നതിലെ വിരോധമാണ്‌ ആദ്യം അവസാനിച്ചത്‌. പിന്നീട്‌ ഉദ്യോഗ മണ്ഡലങ്ങളിലും കയറിപ്പറ്റാമെന്നായി. അനന്തരം കോടതികളോടുള്ള വൈമുഖ്യം അവസാനിപ്പിച്ച ജമാഅത്തെ ഇസ്‌ലാമിക്കാര്‍ക്ക്‌ എഴുപതുകളുടെ അവസാനമായപ്പോഴേക്ക്‌ തെരഞ്ഞെടുപ്പ്‌ ഗോദയിലും താഗൂത്തിനു പകരം തൗഹീദിനെ കണ്ടുപിടിക്കാന്‍ സാധിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആഗമനം

1950-കളുടെ അവസാനം വരെ പ്രായോഗിക തലത്തില്‍ തന്നെ ജമാഅത്തെ ഇസ്‌ലാമിയും നവോത്ഥാന സംഘടനകളും തമ്മില്‍ മൗലികമായ അന്തരങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട്‌ ജമാഅത്തെ ഇസ്‌ലാമി ആശയതലത്തിലും പ്രായോഗികരംഗത്തും പരിവര്‍ത്തനങ്ങള്‍ക്ക്‌ വിധേയമായി. അങ്ങനെ പ്രായോഗിക രംഗത്ത്‌ ജമാഅത്തും ഇസ്വ്‌ലാഹി പ്രസ്ഥാനങ്ങളും തമ്മിലുള്ള അന്തരങ്ങള്‍ നേര്‍ത്തുവന്നു.

പിന്നീട്‌ അടുത്തകാലം വരെ മുജാഹിദുകള്‍ക്കെതിരെ ജമാഅത്തുകാര്‍ ഉന്നയിച്ചിരുന്ന മുഖ്യാരോപണം മുജാഹിദുകള്‍ ദീനും ദുന്‍യാവും രണ്ടാക്കി എന്നതായിരുന്നു. മതരംഗത്ത്‌ ഒരു നേതൃത്വത്തെയും രാഷ്‌ട്രീയരംഗത്ത്‌ മറ്റൊരു നേതൃത്വത്തെയും അംഗീകരിക്കുന്നത്‌ അനിസ്‌ലാമികമാണെന്ന്‌ അവര്‍ വാദിച്ചു. മതരംഗത്ത്‌ മുഹമ്മദ്‌ നബിയെയും ഭൗതിക കാര്യങ്ങളില്‍ അബൂജഹലിനെയും നേതാവാക്കാമെന്നതിന്‌ വല്ല രേഖയുമുണ്ടോ എന്നായിരുന്നു അവരുടെ ചോദ്യം. അതിന്‌ ഇന്ന്‌ വെല്‍ഫെയര്‍ പാര്‍ട്ടിയിലും അതോടൊപ്പം ജമാഅത്തിലും പ്രവര്‍ത്തിക്കുന്നവര്‍ മറുപടി പറയേണ്ട അവസ്ഥ സംജാതമായിരിക്കുന്നു.

ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്‌ത്യാനികളും ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ ഇസ്‌ലാം നശിക്കുമെന്ന്‌ കോണ്‍ഗ്രസ്സിനെതിരെ പ്രോപഗണ്ട നടത്തിയ സയ്യിദ്‌ മൗദൂദിയുടെ അനുയായികളെന്ന്‌ വാദിക്കുന്നവര്‍ ഇന്ന്‌ അതേ വേദി തന്നെ പങ്കിടുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിന്റെ ഇന്‍ര്‍നെറ്റ്‌ കോളം പരിശോധിച്ചാല്‍ അത്‌ മൗദൂദിയെയും ഹാജി സാഹിബിനെയുമെല്ലാം നോക്കി `പറ്റിച്ചേ' എന്നു വിളിച്ചുപറയുന്നതായി തോന്നിപ്പോകും.

സംസ്ഥാന നേതാവിന്റെഅവകാശ വാദങ്ങള്‍

ദീര്‍ഘമായി ചിന്തിച്ചു രൂപപ്പെടുത്തിയ കറകളഞ്ഞ പാര്‍ട്ടിയാണ്‌ `വെല്‍ഫെയര്‍ പാര്‍ട്ടി' എന്ന്‌ അതിന്റെ സംസ്ഥാന പ്രസിഡന്റ്‌ അവകാശപ്പെടുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി ഹിന്ദുവിന്റെയും മുസ്‌ലിമിന്റെയും ക്രിസ്‌ത്യാനിയുടെയും മാത്രമല്ല, മതനിഷേധികളുടെ കൂടി സംഘടനയാണത്രെ! ഇങ്ങനെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു പാര്‍ട്ടിക്കു മാത്രമേ ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരാന്‍ സാധിക്കുകയുള്ളൂവെന്നും അതിന്റെ സംസ്ഥാന പ്രസിഡന്റ്‌ ഊന്നിപ്പറയുന്നു. വിവിധ മതസാംസ്‌കാരിക സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അവയിലെ അംഗത്വവും പ്രവര്‍ത്തനവും ഉപേക്ഷിക്കാതെ തന്നെ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേരാമെന്ന ഓഫറും നല്‌കപ്പെട്ടിരിക്കുന്നു. അതെ, ഒരാള്‍ക്ക്‌ ഒരേ സമയം തന്നെ ജമാഅത്തുകാരനാകാം. വെല്‍ഫെയര്‍ പാര്‍ട്ടിക്കാരനുമാകാം. മറ്റൊരാള്‍ക്ക്‌ ഒരേസമയം വെല്‍ഫെയര്‍ പാര്‍ട്ടിയിലും സുന്നിസംഘടനകളിലും പ്രവര്‍ത്തിക്കാം. വേറൊരാള്‍ക്ക്‌ മുജാഹിദ്‌ സംഘടനയിലും അതോടൊപ്പം വെല്‍ഫെയര്‍ പാര്‍ട്ടിയിലും അംഗമാകാം..... അതെ, ദീനിലും മതത്തിലും ഒരു സംഘടന! ദുന്‍യാവിലും രാഷ്‌ട്രീയത്തിലും മറ്റൊരു സംഘടന! അങ്ങനെ ജമാഅത്തുകാരും ഇന്ന്‌ `ദീനിനെയും ദുന്‍യാവിനെയും രണ്ടാക്കുകയും ഇസ്‌ലാം ദീനിനെ തുണ്ടാക്കുകയും' ചെയ്‌തിരിക്കുന്നു.

ജനാധിപത്യവും മതേതരത്വവും അവയിലധിഷ്‌ഠിതമായ ഇന്ത്യന്‍ ഭരണഘടനയും ഇന്ന്‌ വിശ്വോത്തരമായിരിക്കുന്നുവെന്ന്‌ `വെല്‍ഫെയര്‍ പാര്‍ട്ടി' നേതാവ്‌ വെട്ടിത്തുറന്ന്‌ പറയുന്നു. എന്തിനധികം നമ്മുടെ രാഷ്‌ട്രത്തിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം ജനാധിപത്യത്തിലൂടെ പരിഹാരമുണ്ടാക്കാമെന്നാണ്‌ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കണ്ടുപിടുത്തം. സയ്യിദ്‌ മൗദൂദിയും ഹാജി സാഹിബും ഇന്ന്‌ ജീവിക്കാത്തത്‌ വെല്‍ഫയര്‍ പാര്‍ട്ടിക്കാരുടെ ഭാഗ്യം!

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംഘടനാ സംവിധാനവും ഹിന്ദു, മുസ്‌ലിം, ക്രിസ്‌ത്യന്‍ സമ്മിശ്രമാണ്‌. അതിന്റെ സംസ്ഥാന പ്രസിഡന്റ്‌ കൂട്ടില്‍ മുഹമ്മദലിയും ജനറല്‍ സെക്രട്ടറി അംബുജാക്ഷനുമാണ്‌. കരിപ്പുഴ സുരേന്ദ്രന്‍, പ്രേമ പിഷാരടി, ഇ എ ജോസഫ്‌, ശ്രീജ നെയ്യാറ്റിന്‍കര തുടങ്ങിയവരും അതിന്റെ സംസ്ഥാന ഭാരവാഹികളില്‍ പെടുന്നു. അഥവാ ജമാഅത്തെ ഇസ്‌ലാമി എന്ന മതസംഘടനയില്‍ പ്രവര്‍ത്തിക്കുന്ന റുക്‌നുകളും കാര്‍ക്കൂനുകളുമൊക്കെ അംബൂജാക്ഷനെയും പ്രേമയെയും ജോസഫിനെയുമെല്ലാം അനുസരിക്കാനും അവര്‍ക്ക്‌ അടിമവേല ചെയ്യാനും ഇന്നു ബാധ്യസ്ഥരായിരിക്കുന്നു. അവരൊത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കുന്നത്‌ `ഹുകൂമത്തെ ഇലാഹി' സ്ഥാപിക്കാനല്ല. പ്രത്യുത ഡോ. അംബേദ്‌കറും മറ്റൊട്ടേറെ കോണ്‍ഗ്രസുകാരും കൂടി നിര്‍മിച്ച ഇന്ത്യന്‍ ഭരണഘടന ശരിയാംവണ്ണം നടപ്പിലാക്കാനാണ്‌! അങ്ങനെ ജനാധിപത്യവും മതേതരത്വവും പ്രചരിപ്പിക്കാന്‍ ജമാഅത്തുകാരും അണിചേരുകയുണ്ടായി!
``ആധുനിക ലോകത്ത്‌ തൗഹീദിനെതിരെ ഉയര്‍ന്നുവന്ന അതിശക്തമായ വെല്ലുവിളികളിലൊന്നാണ്‌ സാമൂഹിക, സാമ്പത്തിക, രാഷ്‌ട്രീയ മേഖലകളിലെ നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണെന്ന സിദ്ധാന്തം. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനവും അതുതന്നെ. അല്ലാഹുവിന്റെ അവകാശത്തെ നിഷേധിക്കുകയും ആ അവകാശം സൃഷ്‌ടികളില്‍ ആരോപിക്കുകയും ചെയ്യുന്ന തൗഹീദിനെതിരിലുള്ള ഈ വെല്ലുവിളി നിരന്തരം പ്രചരിപ്പിക്കുകയും ശക്തിപ്പെട്ടുവരികയും ചെയ്യുന്നു.'' (ജമാഅത്തെ ഇസ്‌ലാമിയും വിമര്‍ശകരും, ശൈഖ്‌ മുഹമ്മദ്‌ കാരകുന്ന്‌, പേജ്‌ 93)

അമീറും പ്രസിഡന്റും നേര്‍ക്കുനേര്‍

സയ്യിദ്‌ മൗദൂദിയുടെയും ഹാജിസാഹിബിന്റെയും തീവ്ര ആശയാദര്‍ശങ്ങളില്‍ ഇന്നും ജീവിക്കുന്ന (?) ജമാഅത്തെ ഇസ്‌ലാമി കേരള ഹല്‍ഖയുടെ അസിസ്റ്റന്റ്‌ അമീര്‍ ജനാധിപത്യത്തെ അടിസ്ഥാനമാക്കുന്ന ഇന്ത്യന്‍ ഭരണഘടന തന്നെ തൗഹീദ്‌ വിരുദ്ധമാണെന്ന്‌ ആരോപിക്കുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റാകട്ടെ ഇന്ത്യന്‍ ഭരണഘടന വിശ്വോത്തരമാണെന്നും ജനാധിപത്യത്തിലൂടെ ഇന്ത്യക്കാരുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്നും ആണയിടുന്നു.

വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിരീശ്വരവാദിക്കും ബഹുദൈവ വിശ്വാസികള്‍ക്കും ത്രിയേകത്വവാദികള്‍ക്കും അംഗങ്ങളാവാം. അതിന്റെ ഭാരവാഹികളും നേതാക്കളുമാകാം. സ്വാഭാവികമായും നിയമ നിര്‍മാണരംഗത്തെ ദൈവിക പരമാധികാരം അവരെ സംബന്ധിച്ചിടത്തോളം അപ്രസക്തമായിരിക്കുമെന്നതില്‍ സന്ദേഹമില്ല. അതിനാല്‍ വെല്‍ഫയര്‍ പാര്‍ട്ടിയില്‍ അണിനിരക്കുമ്പോള്‍ ഒരു ചോദ്യത്തിന്‌ ഉത്തരം കണ്ടെത്തേണ്ടതാണ്‌.

``നിയമ നിര്‍മാണത്തിലെ അല്ലാഹുവിന്റെ പരമാധികാരം നിരാകരിക്കുകയും അത്‌ ജനങ്ങള്‍ക്കാണെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്ന പാര്‍ട്ടികളില്‍ അംഗങ്ങളായി ചേര്‍ന്ന്‌ അവയുടെ ലക്ഷ്യപൂര്‍ത്തീകരണത്തിനായി പ്രവര്‍ത്തിക്കുന്നതിനെ സംബന്ധിച്ച്‌ അഭിപ്രായമെന്താണ്‌?'' (അതേപുസ്‌തകം, പേജ്‌ 101)
ജമാഅത്തെ ഇസ്‌ലാമിയെ മതസംഘടനയായും വെല്‍ഫെയര്‍ പാര്‍ട്ടിയെ തങ്ങളുടെ രാഷ്‌ട്രീയ സംഘടനയായും സ്വീകരിക്കുന്നവരെങ്കിലും ഇതിന്‌ മറുപടി കണ്ടെത്തേണ്ടതാണ്‌.

ജമാഅത്തിലെ പുരോഗമനവാദികള്‍ ക്ഷമിക്കുക. കേരളത്തിലെ ജമാഅത്തേതര മുസ്‌ലിം സംഘടനകള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ കണ്ടെത്തിയ ഭൗതിക രംഗത്തെ നവോത്ഥാന പാതയിലേക്ക്‌ നിങ്ങളുടെ സംഘടനയെ നയിക്കുന്നതില്‍ ഒരളവോളം നിങ്ങള്‍ വിജയിച്ചിരിക്കുന്നു. സയ്യിദ്‌ മൗദൂദിയുടെയും സയ്യിദ്‌ ഖുത്തുബിന്റെയുമൊക്കെ വിതണ്ഡവാദങ്ങളില്‍ നിന്ന്‌ സംഘടന മോചിതമായിക്കൊണ്ടിരിക്കുന്നു. ധാര്‍മികസീമകളെ അതിലംഘിക്കാതെ നവോത്ഥാന പാതയിലേക്ക്‌ സംഘടനയെ നയിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുമാറാകട്ടെ. വര്‍ധിച്ചുവരുന്ന അന്ധവിശ്വാസങ്ങളെയും ശിര്‍ക്ക്‌ ബിദ്‌അത്തുകളെയും അധാര്‍മിക പ്രവര്‍ത്തനങ്ങളെയും തടയിടാനുള്ള പോരാട്ടത്തില്‍ അണിചേരുക. അതിലൂടെയായിരിക്കും ഐഹിക-പാരത്രിക സൗഭാഗ്യങ്ങള്‍ കൈവരിക്കുന്ന നവോത്ഥാനം സാക്ഷാല്‍കൃതമാവുക.
 
 
 
--------------
Related link

വെല്‍ഫെയര്‍ പാര്‍ട്ടി ????  

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.