15 February 2013

ജമാഅത്തെ ഇസ്‌ലാമിയും നവോത്ഥാനവും - ശബാബ് 15-02-2013


 
ജമാഅത്തെ ഇസ്‌ലാമിയും നവോത്ഥാനവും  - ശബാബ് 15-02-2013

പ്രതികരണം -
എം ഐ മുഹമ്മദലി സുല്ലമി

1941-ല്‍ അവിഭക്ത ഭാരതത്തില്‍ നിലവില്‍ വന്ന ജമാഅത്തെ ഇസ്‌ലാമി ആഗോള മുസ്‌ലിം നവോത്ഥാനത്തിന്റെ മുന്നില്‍ നടന്ന പ്രസ്ഥാനമാണെന്ന്‌ ജമാഅത്ത്‌ ലഘുലേഖ വാദിക്കുന്നു. അതിനു പുറമെ കേരള മുസ്‌ലിം നവോത്ഥാനത്തിലും മുജാഹിദുകളോടൊപ്പം എണ്ണപ്പെടേണ്ട സംഘടനയും ജമാഅത്താണെന്ന്‌ അവര്‍ അവകാശപ്പെടുന്നു. മതേതര-ജനാധിപത്യ ഇന്ത്യയില്‍ ആര്‍ക്കും എന്തും വാദിക്കാനും അവകാശപ്പെടാനുമുള്ള സ്വാതന്ത്ര്യമുണ്ടല്ലോ. അവകാശവാദങ്ങള്‍ക്ക്‌ ആ പ്രസ്ഥാനത്തിന്റെ ഗതകാല ചരിത്രവും രേഖകളും ഉപോല്‍ബലകങ്ങളാണോ എന്ന്‌ പരിചിന്തന വിധേയമാക്കേണ്ടതുണ്ട്‌. അപ്പോള്‍ മാത്രമേ അവകാശവാദങ്ങളില്‍ എത്രമാത്രം കാമ്പുണ്ടെന്ന്‌ തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ.

1903-ല്‍ അഹ്‌മദ്‌ ഹസന്‍ എന്ന അഭിഭാഷകന്റെ പുത്രനായി ഔറംഗബാദില്‍ ജനിച്ച സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദിയാണ്‌ ജമാഅത്തെ ഇസ്‌ലാമിക്ക്‌ ബീജാവാപം നല്‌കിയത്‌. യുവ പ്രായത്തില്‍ തന്നെ അറിയപ്പെടുന്ന ഒരു പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന സയ്യിദ്‌ മൗദൂദി 1932-ല്‍ തര്‍ജുമാനുല്‍ ഖുര്‍ആന്‍ എന്ന പ്രസിദ്ധീകരണം കൈവശപ്പെടുത്തി. ബ്രിട്ടീഷ്‌ ഭരണത്തിനെതിരില്‍ രാജ്യം മുഴുവന്‍ പ്രതിഷേധമലയടിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്‌. സ്വാതന്ത്ര്യം ഏതാണ്ട്‌ കയ്യെത്താവുന്ന ദൂരത്തിലാണെന്ന്‌ എല്ലാവര്‍ക്കും ബോധ്യപ്പെട്ടിരുന്നു.

സ്വാഭാവികമായും സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ഭാവി സര്‍ക്കാറിനെക്കുറിച്ച്‌ രാഷ്‌ട്രീയ പാര്‍ട്ടികളും നേതാക്കളും ചിന്തിക്കാനും ചര്‍ച്ച നടത്താനും തുടങ്ങിയിരുന്നു. ബഹു ഭൂരിപക്ഷവും ഹിന്ദുക്കളായ രാജ്യത്ത്‌ ഹൈന്ദവ ഭരണമാണ്‌ സ്ഥാപിക്കേണ്ടത്‌ എന്ന്‌ അഭിപ്രായമുള്ള ചില ഹിന്ദുനേതാക്കളുണ്ടായിരുന്നു. ഉയര്‍ന്ന ജാതികളില്‍ പെട്ട അവരുടെ വീക്ഷണത്തെ അനുകൂലിക്കുന്നവര്‍ സവര്‍ണരില്‍ പോലും ഒരു ന്യൂനപക്ഷം മാത്രമായിരുന്നു. ഇന്ത്യന്‍ ജനതയുടെ പിന്തുണ ലഭിച്ചത്‌ പ്രധാനമായും രണ്ട്‌ രാഷ്‌ട്രീയ ചിന്താസരണികള്‍ക്കായിരുന്നു. അവയിലൊന്നിനെ ഉയര്‍ത്തിപ്പിടിച്ചിരുന്നത്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സായിരുന്നു. ഇന്ത്യ ഒരു ബഹുസ്വര രാഷ്‌ട്രമാണ്‌. ഇവിടെ സവര്‍ണരും അവര്‍ണരുമായ ഹിന്ദുക്കളുണ്ട്‌. വിവിധ വിഭാഗങ്ങളായ മുസ്‌ലിംകളും ക്രിസ്‌ത്യാനികളുമുണ്ട്‌. ജൈനമതക്കാരും ബുദ്ധമതക്കാരുമുണ്ട്‌. അതിനെല്ലാം പുറമെ മതനിഷേധികളെയും കാണാവുന്നതാണ്‌. അതിനാല്‍ മുഴുവന്‍ ഇന്ത്യക്കാരെയും പ്രതിനിധികരീകരിക്കുന്നതും ജനാധിപത്യ-മതേതരാടിസ്ഥാനത്തിലുള്ളതുമായ ഒരു ഭരണസംവിധാനമാണ്‌ ഇന്ത്യക്ക്‌ അഭികാമ്യം -ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ അഭിപ്രായപ്പെട്ടു.

നാനാത്വത്തില്‍ ഏകത്വമെന്ന്‌ അതിനെ കോണ്‍ഗ്രസ്‌ നേതാക്കള്‍ വിശേഷിപ്പിക്കുകയും ചെയ്‌തു. മൗലാനാ അബുല്‍ കലാം ആസാദ്‌, മൗലാനാ ഹുസൈന്‍ അഹ്‌മദ്‌ മദനി, ഇ മൊയ്‌തു മൗലവി, മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌ തുടങ്ങിയ സുപ്രസിദ്ധ മുസ്‌ലിം പണ്ഡിതരും നേതാക്കളും കോണ്‍ഗ്രസിന്റെ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. ഇസ്‌ലാമിക ഭരണം ലക്ഷ്യമാക്കാത്ത ഇത്തരമൊരു രാഷ്‌ട്രീയ സംവിധാനത്തെ മൗദൂദി നിരാകരിച്ചു. അമുസ്‌ലിംകള്‍ക്ക്‌ മേധാവിത്വമുണ്ടാകുന്ന അത്തരമൊരു ഭരണത്തില്‍ മുസ്‌ലികള്‍ സുരക്ഷിതരാവില്ലെന്നും സ്‌പെയിനിലും സിസിലിയിലും ഇസ്‌ലാം നാമാവശേഷമായതു പോലെ ഇന്ത്യയിലും ഇസ്‌ലാം നശിക്കുമെന്നും അദ്ദേഹം പ്രസ്‌താവിച്ചു. ഹിന്ദുക്കളും ക്രിസ്‌ത്യാനികളും മുസ്‌ലിംകളും ഒരുമിച്ചു മതേതര-ജനാധിപത്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന `വെല്‍ഫെയര്‍ പാര്‍ട്ടി'ക്ക്‌ രൂപം നല്‌കിയ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ തങ്ങളുടെ നായകന്റെ ആശങ്കയെ ഇപ്പോള്‍ തങ്ങളുടെ ആശയാക്കി മാറ്റിയിരിക്കുന്നു.

മുസ്‌ലിംകള്‍ ഒരു പ്രത്യേക രാഷ്‌ട്രീയ സംഘടനക്ക്‌ കീഴില്‍ അണിനിരക്കുക എന്നതായിരുന്നു രണ്ടാമത്തെ ചിന്താധാര. സര്‍വേന്ത്യാ മുസ്‌ലിം ലീഗായിരുന്നു ഇതിന്റെ വക്താക്കള്‍. രാഷ്‌ട്രത്തിന്റെയും മുസ്‌ലിംകളുടെയും ഉത്തമ താല്‌പര്യങ്ങള്‍ക്കു വേണ്ടി മതപരമായ വിഭാഗീയതകള്‍ക്ക്‌ അതീതമായി ഒത്തുചേരാനുള്ള ലീഗിന്റെ ആഹ്വാനം മുസ്‌ലിംകളില്‍ ബഹുഭൂരിപക്ഷത്തെയും ആകര്‍ഷിച്ചു. ഈ കൂട്ടായ്‌മയെയും സയ്യിദ്‌ മൗദൂദി അംഗീകരിച്ചില്ല. മുസ്‌ലിംലീഗ്‌ `ഇസ്‌ലാമിക' ഭരണത്തെ തങ്ങളുടെ ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടില്ല എന്നതായിരുന്നു സയ്യിദ്‌ മൗദൂദി അതിനു കണ്ടെത്തിയ കാരണം. തന്റെ ലക്ഷ്യസാക്ഷാത്‌കാരത്തിനായി ഒരു പുതിയ സംഘടന രൂപീകരിക്കാനായിരുന്നു സയ്യിദ്‌ മൗദൂദിയുടെ തുടന്നുള്ള ശ്രമം.


അഭിഭാഷകന്റെ കോട്ട്‌ തെറിപ്പിച്ച നവോത്ഥാനം!

1941-ല്‍ തന്റെ മനസ്സിലുള്ള പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ സയ്യിദ്‌ മൗദൂദി തീരുമാനിച്ചു. നിലവിലുള്ള ഭരണകൂടവുമായി ബന്ധവിച്ഛേദനം നടത്താനും ഇസ്‌ലാമിക ഭരണത്തിനു വേണ്ടി ജീവാഹുതി നടത്താനും തയ്യാറുള്ളവരെയായിരുന്നു അദ്ദേഹത്തിന്‌ ആവശ്യം. ഇതു സംബന്ധമായ ഒരു പരസ്യം അദ്ദേഹം തര്‍ജുമാനുല്‍ ഖുര്‍ആന്‍ എന്ന തന്റെ പത്രത്തില്‍ പരസ്യപ്പെടുത്തി. വളരെ തണുത്ത പ്രകടനമാണ്‌ മുസ്‌ലിം സമുദായത്തില്‍ നിന്ന്‌ കിട്ടിയത്‌. കേവലം എഴുപത്തഞ്ചു പേര്‍ മാത്രമാണ്‌ മൗദൂദിയുടെ വിളിക്ക്‌ ഉത്തരം ചെയ്‌തത്‌.
യോഗത്തിന്റെ ആമുഖ ഭാഷണത്തില്‍ തന്നെ ശഹാദത്ത്‌ കലിമക്ക്‌ താന്‍ നല്‌കുന്ന രാഷ്‌ട്രീയ വ്യാഖ്യാനം മൗദൂദി അവരെ ധരിപ്പിച്ചു. അതിലധിഷ്‌ഠിതമായി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന സംഘടനയില്‍ ചേരുന്നവരെല്ലാം ശഹാദത്ത്‌ കലിമ വീണ്ടും ആവര്‍ത്തിക്കണമെന്ന്‌ നിബന്ധന വെച്ചു. ഇന്നും ജമാഅത്തുകാര്‍ ഇത്‌ പാലിച്ചുവരുന്നു. അതിനെ അവര്‍ `ഈമാന്‍ പുതുക്കല്‍ ചടങ്ങ്‌', `സാക്ഷ്യ നിര്‍വഹണം' എന്നൊക്കെ വിളിക്കുന്നു.

ജമാഅത്ത്‌ രൂപീകരണ സദസ്സില്‍ മിയാന്‍ തുഫൈല്‍ മുഹമ്മദ്‌ എന്ന അഭിഭാഷകനും പങ്കെടുത്തിരുന്നു. പാര്‍ട്ടിയില്‍ ചേരാന്‍ അദ്ദേഹം മുന്നോട്ട്‌ വന്നപ്പോള്‍ അദ്ദേഹത്തിന്റെ അഭിഭാഷക ജോലി ആക്ഷേപത്തിന്‌ പാത്രമായി. ജീവിതരീതി മാറ്റാന്‍ ശ്രമിക്കുമെന്ന്‌ ഉറപ്പുകൊടുത്ത ശേഷം മാത്രമാണ്‌ അദ്ദേഹത്തിന്‌ അംഗത്വം ലഭിച്ചത്‌. അതും പരീക്ഷണാര്‍ഥം ആറു മാസത്തേക്ക്‌ മാത്രം! മാതാപിതാക്കളുടെയും ബന്ധുമിത്രാദികളുടെയും സുഹൃത്തുക്കളുടെയുമെല്ലാം അഭിപ്രായങ്ങളെ അവഗണിച്ചുകൊണ്ട്‌ അദ്ദേഹം വക്കീല്‍ പണി ഉപേക്ഷിച്ചു തൊഴിലില്ലാ ദു:ഖം അനുഭവിച്ചു. (പ്രമുഖ ജമാഅത്ത്‌ ചിന്തകനായിരുന്ന ടി മുഹമ്മദിന്റെ അബുല്‍ അഅ്‌ലാ എന്ന കൃതി പേജ്‌ 118,119 നോക്കുക)

അഭിഭാഷകനായിരുന്ന മിയാന്‍ തുഫൈല്‍ മുഹമ്മദിന്റെ കോട്ട്‌ തെറിപ്പിച്ച മൗദൂദിയുടെ `വിപ്ലവാശയ'ത്തെ പ്രകീര്‍ത്തിച്ച ടി മുഹമ്മദ്‌ സാഹിബ്‌, പോലീസ്‌ ഓഫീസര്‍ ജോലി വലിച്ചെറിഞ്ഞ ചൗധരിയുടെ കഥയും തന്റെ കൃതിയില്‍ സ്‌മരിക്കുന്നുണ്ട്‌. നിത്യ വൃത്തിക്ക്‌ വകയില്ലാതായ അദ്ദേഹം പിന്നീട്‌ `പാചകവൃത്തി'യിലാണത്രെ അഭയം കണ്ടെത്തിയത്‌. അതെ സയ്യിദ്‌ മൗദൂദിയുടെ ആദര്‍ശം അഭിഭാഷകനെ തൊഴിലില്ലായ്‌മയിലേക്കും പോലീസ്‌ ഓഫീസറെ പാചകവേലയിലേക്കും നയിച്ചു! സയ്യിദ്‌ മൗദൂദിയുടെ `നവോത്ഥാനം' വല്ലാത്തതു തന്നെ.

ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗങ്ങളാവുന്നവര്‍ മാത്രമല്ല, മറ്റു മുസ്‌ലിംകളും ഇസ്‌ലാമികേതര ഭരണകൂടവുമായി സഹകരിക്കുന്നതിനെയും അതിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉദ്യോഗ മണ്ഡലങ്ങളെയും തങ്ങളുടെ പുരോഗതിക്കു വേണ്ടി ഉപയോഗിക്കുന്നതിനെയും സയ്യിദ്‌ മൗദൂദി വിമര്‍ശിച്ചു. ഒരു ബഹുസ്വര സമൂഹത്തില്‍ തങ്ങളുടെ ഉന്നമനത്തിനു വേണ്ടി ഇവയെ മുസ്‌ലിംകള്‍ ഉപയോഗപ്പെടുത്തുമെന്ന്‌ അഭിപ്രായപ്പെട്ടു. ധിഷണാശാലികളായ പണ്ഡിതന്മാരെയും നേതാക്കളെയും വികല ഗവേഷകരായി സയ്യിദ്‌ മൗദൂദി ചിത്രീകരിച്ചു. മൗദൂദിയുടെ ഹുകൂമത്തെ ഇസ്‌ലാമിയ്യ പോലുള്ള കൃതികളില്‍ സ്‌ത്രീ വിദ്യാഭ്യാസത്തെയും പരിഹസിക്കുന്നതായി കാണാവുന്നതാണ്‌.
ജമാഅത്തിന്റെ കേരള ഹല്‍ഖയുടെ പ്രസിദ്ധീകരണത്തില്‍ നവോത്ഥാനത്തിന്റെ നിദര്‍ശനങ്ങളായി ചൂണ്ടിക്കാണിച്ച വിദ്യാഭ്യാസ -ഔദ്യോഗിക മണ്ഡലങ്ങളിലെ മുസ്‌ലിം മുന്നേറ്റത്തില്‍ സയ്യിദ്‌ മൗദൂദിയുടെ സ്വാധീനം കേവലം നിഷേധാത്മകം മാത്രമായിരുന്നുവെന്ന്‌ സാരം. പിന്നീട്‌ അദ്ദേഹത്തെ നവോത്ഥാന ശില്‌പിയായി അവതരിപ്പിക്കുന്നത്‌ ചരിത്രത്തെ വികലമാക്കലല്ലെങ്കില്‍ മറ്റെന്താണ്‌?


ഹാജി സാഹിബിന്റെ ആഗമനം

മുസ്‌ലിം ഐക്യസംഘത്തിന്റെയും കേരള ജംഇയ്യത്തുല്‍ ഉലമയുടെയും ആഭിമുഖ്യത്തില്‍ നടന്ന പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന്റെ മുമ്പുതന്നെ കേരളക്കരയില്‍ ഇസ്‌ലാമിക നവജാഗരണം ശക്തി പ്രാപിച്ചിരുന്നു. വിദ്യാഭ്യാസരംഗത്ത്‌ പച്ചപിടിച്ചു വന്ന മുസ്‌ലിംസമൂഹം ഉദ്യോഗ മണ്ഡലങ്ങളിലും സ്ഥാനം പിടിച്ചുവരാന്‍ തുടങ്ങിയിരുന്നു. അതിനിടെയാണ്‌ `ഹാജി സാഹിബ്‌' എന്ന്‌ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ ആദരപൂര്‍വം വിശേഷിപ്പിക്കുന്ന മുഹമ്മദലി ഹാജി കേരളത്തില്‍ എത്തിയത്‌. പഞ്ചാബിലെ വനമേഖലയില്‍ സയ്യിദ്‌ മൗദൂദി നടത്തിയിരുന്ന ശിക്ഷണകേന്ദ്രത്തില്‍ നിന്നാണ്‌ ആ മൗദൂദി ശിഷ്യന്‍ കേരളത്തില്‍ എത്തിയത്‌.

തന്റെ ഗുരുവിന്റെ കണ്ണടയിലൂടെ അദ്ദേഹം അന്നത്തെ കേരള മുസ്‌ലിം ജനതയെയും നവോത്ഥാന സംരംഭങ്ങളെയും വീക്ഷിച്ചു. ഇസ്‌ലാമികേതര ഭരണമാവുന്ന `താഗൂത്തിനെ' പ്രസാദിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളായി മാത്രമേ അദ്ദേഹത്തിന്‌ അവയെ കാണാന്‍ സാധിച്ചുള്ളൂ.

മുസ്‌ലിംകള്‍ക്ക്‌ സര്‍ക്കാര്‍ ജോലി ലഭ്യമാക്കാന്‍ ശ്രമിക്കുന്നവരെ മുസ്‌ലിംകളായി കാണാന്‍ പോലും അദ്ദേഹത്തിനു സാധിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ കാണുക: ``ഇന്നത്തെ മുസ്‌ലിംകളാണെങ്കില്‍ ദൈവത്തിന്റെ എതിരാളികളുടെ ഭരണത്തില്‍ സര്‍വവിധ സേവനങ്ങളും ചെയ്‌തുകൊടുക്കുന്നു. മാത്രമല്ല, സേവനത്തിന്‌ തങ്ങളെ വിളിച്ചില്ലെങ്കില്‍ വലിയ വലിയ ആക്ഷേപങ്ങള്‍ പോലും പുറപ്പെടുവിക്കുന്നു. പിന്നെയും അവര്‍ മുസ്‌ലിംകള്‍ (ദൈവത്തെ മാത്രം അനുസരിക്കുന്നവര്‍) ആണുപോല്‍ ! (ഹാജി സാഹബ്‌, ശൈഖ്‌ മുഹമ്മദ്‌ കാരകുന്ന്‌, പേജ്‌ 106)

ജമാഅത്തെ ഇസ്‌ലാമി ഒഴികെ മറ്റെല്ലാവരും പിഴച്ചവരും ഇസ്‌ലാമിക വിരുദ്ധരുമാണെന്ന്‌ പ്രസ്‌താവിക്കാനും മൗദൂദിയുടെ ശിഷ്യന്‌ വൈമനസ്യം ഉണ്ടായിരുന്നില്ല. ``ഇന്ത്യന്‍ മുസ്‌ലിംകളുടെ ഒരൊറ്റ സംഘവും ഇസ്‌ലാമിക തത്വപ്രകാരമല്ല ചലിക്കുന്നതെന്ന്‌ ഞങ്ങള്‍ക്ക്‌ ബോധ്യപ്പെട്ടതുകൊണ്ടാണ്‌ `ഇസ്‌ലാമിക സംഘം' എന്ന പേരില്‍ ഒരു സംഘടന സ്ഥാപിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായത്‌.'' (അതേ പുസ്‌തകം, പേജ്‌ 109)

ഇതര മുസ്‌ലിം സംഘടനകളോട്‌ രമ്യതയില്‍ സഹവര്‍ത്തിക്കുകയും, അവയുടെ പ്രവര്‍ത്തനങ്ങളെ ആശീര്‍വദിക്കുകയും ചെയ്യുന്ന ഞങ്ങള്‍ മുസ്‌ലിം ഐക്യത്തിന്റെ വാഹകരാണ്‌ എന്ന്‌ ജമാഅത്ത്‌ ലഘുലേഖ അവകാശപ്പെടുന്നു. എന്നാല്‍ ആറര പതിറ്റാണ്ട്‌ മുമ്പ്‌ ജമാഅത്തിന്‌ കേരളത്തില്‍ രൂപംനല്‌കിയ ഹാജി സാഹിബ്‌ അത്‌ പണ്ടേ തള്ളിക്കളഞ്ഞിരുന്നുവെന്ന്‌ വ്യക്തം.


മുസ്‌ലിം നവോത്ഥാനത്തെ ഊതിക്കെടുത്താനുള്ള ശ്രമം

1948-ലാണ്‌ ഹാജി സാഹിബ്‌ കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഥമ ഘടകം രൂപീകരിച്ചത്‌. അതിന്റെ നാലര ദശാബ്‌ദങ്ങള്‍ക്കു മുമ്പു തന്നെ നവോത്ഥാന സംഘടനകളും പരിഷ്‌കര്‍ത്താക്കളും കര്‍മപഥത്തിലിറങ്ങിയിരുന്നു. വിദ്യാഭ്യാസ-ഉദ്യോഗ മണ്ഡലങ്ങളില്‍ മുസ്‌ലിംകളെ കൈപിടിച്ചുയര്‍ത്താന്‍ അവര്‍ നടത്തിയ ശ്രമങ്ങള്‍ക്ക്‌ രചനാത്മകമായ പുരോഗതി ഉണ്ടായി. ധാരാളം മുസ്‌ലിം യുവാക്കള്‍ അഭ്യസ്‌തവിദ്യരായി പുറത്തുവന്നു. മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിനെ പോലുള്ളവരുടെ പ്രവര്‍ത്തന ഫലമായി അവരില്‍ പലര്‍ക്കും ഉയര്‍ന്ന സര്‍ക്കാര്‍ ജോലികളില്‍ നിയമനം ലഭിക്കുകയും ചെയ്‌തു. അധപ്പതനത്തിന്റെ ആഴമേറിയ ഗര്‍ത്തങ്ങളില്‍ നിന്ന്‌ സമുദായത്തെ മോചിപ്പിക്കാന്‍ നടത്തിയ ഈ ശ്രമങ്ങളെയൊന്നും ജമാഅത്തെ ഇസ്‌ലാമിയും ഹാജിസാഹിബും അംഗീകരിച്ചില്ല. പകരം അവയെ എല്ലാം ഇസ്‌ലാമിക വിരുദ്ധങ്ങളും നിഷിദ്ധങ്ങളുമായി ചാപ്പയടിക്കാന്‍ അവര്‍ ധൃഷ്‌ടരായി. കാരണം അവയെല്ലാം ഇസ്‌ലാമികേതര സര്‍ക്കാറുകളില്‍ നിന്ന്‌ ലഭ്യമായ ബഹുമതികളായും അവയെ താങ്ങിനിര്‍ത്തുന്ന ഉപകരണങ്ങളായും അവര്‍ ചിത്രീകരിച്ചു. ശഹാദത്ത്‌ കലിമകള്‍ ഉച്ചരിച്ചു തങ്ങളുടെ ജമാഅത്തില്‍ ചേരുന്നവര്‍ അവയെല്ലാം വര്‍ജിക്കണമെന്ന്‌ നിബന്ധനവെക്കാനും ഹാജിസാഹിബ്‌ മടിച്ചില്ല.

ജമാഅത്തെ ഇസ്‌ലാമി കേരള ഹല്‍ഖയുടെ പ്രഥമ ഭണഘടന അതിന്‌ സാക്ഷ്യം വഹിക്കുന്നത്‌ കാണുക: ``ഖണ്ഡിക 4: സാക്ഷി നിര്‍വഹണത്തിനു ശേഷം ജമാഅത്തിലെ എല്ലാ അംഗങ്ങളും തങ്ങളുടെ ജീവിതത്തില്‍ നിര്‍ബന്ധപൂര്‍വം വരുത്തിത്തീര്‍ക്കേണ്ട മാറ്റങ്ങള്‍ താഴെ വിവരിക്കുന്നവയാണ്‌.
വകുപ്പ്‌ 5: അവര്‍ ഭൂമിയുടെ ഏതെങ്കിലും ഒരു ഭാഗത്ത്‌ സ്വയം ആധിപത്യം (Sovereignty) വാദിക്കുന്ന ഒരു ഭരണകൂടത്തിന്റെ തലവനോ പ്രസിഡന്റോ ഗവര്‍ണറോ മന്ത്രിയോ ജഡ്‌ജിയോ അണെങ്കില്‍ അവന്‍ ആ സ്ഥാനം രാജിവെക്കണം.
വകുപ്പ്‌ 6: അവന്‍ നിയമനിര്‍മാണ സഭയിലെ അംഗമാണെങ്കില്‍ അതില്‍ നിന്നും രാജിവെക്കണം. എന്തുകൊണ്ടെന്നാല്‍ വിശുദ്ധ ഖുര്‍ആനിനെയും നബിചര്യയെയും അടിസ്ഥാനവും പ്രമാണവുമായി സ്വീകരിക്കാത്ത യാതൊരു സമിതിക്കും ഇസ്‌ലാമിക ദൃഷ്‌ട്യാ മനുഷ്യ ജീവിതത്തിലുള്ള നിയമങ്ങള്‍ നിര്‍മിക്കാനുള്ള അവകാശമേ ഇല്ല. അത്തരം ഒരു സഭയുടെ മെമ്പര്‍ഷിപ്പു സ്വീകരിക്കുകയെന്നത്‌ ഒരു മുസ്‌ലിമിന്റെ ജോലിയുമല്ല.
വകുപ്പ്‌ 7: അവനു ദൈവികമല്ലാത്ത ഭരണത്തില്‍ നിന്നു വല്ല ബഹുമതിയോ സ്ഥാനപ്പേരോ ലഭിച്ചിട്ടുണ്ടെങ്കില്‍ അതിനെ തിരിച്ചുകൊടുക്കണം. പ്രസ്‌തുത സ്ഥാനപ്പേരുകള്‍ തനിക്ക്‌ ലഭിക്കാന്‍ കാരണമായിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍ ഭാവിയില്‍ പ്രത്യേകമായി നിര്‍വഹിക്കേണ്ടിവരുന്നതുമായ എല്ലാ അനുസരണവും കൂറും ഭക്തിയും അവന്‍ ഉപേക്ഷിക്കണം.
ഈ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉടനടി പ്രത്യക്ഷപ്പെട്ടു കാണാത്ത ഒരാളെ സംബന്ധിച്ചു അയാള്‍ക്കു സാക്ഷ്യവാക്യം ഉച്ചരിച്ചതില്‍ ആത്മാര്‍ഥതയുണ്ടായിരുന്നില്ലെന്നാണ്‌ കരുതപ്പെടുക. അങ്ങനെയുള്ളവരെ ജമാഅത്തില്‍ ചേര്‍ക്കുകയില്ല. അഥവാ ചേര്‍ന്നിട്ടുണ്ടെങ്കില്‍ പുറത്താക്കുന്നതാണ്‌.'' (പ്രബോധനം -1950 ജനുവരി, പുസ്‌തകം 1, ലക്കം 11)

തുടര്‍ന്ന്‌ ഭരണഘടനയ്‌ക്ക്‌ നല്‌‍കിയ വ്യാഖ്യാനത്തില്‍ ഇസ്‌ലാമികേതര സര്‍ക്കാറിന്റെ എല്ലാ വകുപ്പുകളും മലീമസമാണെന്ന്‌ പ്രസ്‌താവിക്കാനും ജമാഅത്തെ ഇസ്‌ലാമി മടി കാണിച്ചില്ല. ``അനിസ്‌ലാമികമായ ഭരണവ്യവസ്ഥയുടെ ഒരു വകുപ്പും മറ്റൊരു വകുപ്പും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നതു പ്രത്യേകം ഓര്‍മിക്കേണ്ടതാണ്‌. പ്രത്യക്ഷത്തില്‍ പരിശുദ്ധമായും ദോഷരഹിതമായും കാണപ്പെടുന്ന വകുപ്പുകള്‍ തന്നെയും മ്ലേച്ഛവും ദോഷകരവുമായ വകുപ്പുകളെ പോലെത്തന്നെ മലീമസമായിട്ടുള്ളതാണ്‌.'' (പ്രബോധനം 01-01-1950)

ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ സയ്യിദ്‌ മൗദൂദി സ്ഥാപിച്ച ജമാഅത്തെ ഇസ്‌ലാമി ഇന്ത്യയില്‍ സമാധാനപരമായി നടന്നുവന്നിരുന്ന നവോത്ഥാന സംരംഭങ്ങളെ തല്ലിക്കെടുത്താനാണ്‌ ശ്രമിച്ചത്‌. കേരളത്തില്‍ `ഹാജി സാഹിബ്‌' രൂപീകരിച്ച കേരള ഹല്‍ഖയും നിഷേധാത്മകമായ അതേ നിലപാടിനെ തന്നെയാണ്‌ അനുകരിച്ചത്‌. പക്ഷെ, കേരള നദ്‌വത്തുല്‍ മുജാഹിദീനും മുസ്‌ലിംലീഗും എം ഇ എസ്സും മറ്റു മുസ്‌ലിം സംഘടനകളും പരിഷ്‌കര്‍ത്താക്കളും നവോത്ഥാന ചക്രത്തെ മുന്നോട്ട്‌ നീക്കിയപ്പോള്‍ അതിനെ തടഞ്ഞുനിര്‍ത്താന്‍ ജമാഅത്തെ ഇസ്‌ലാമിക്ക്‌ സാധിച്ചില്ല. മാത്രമല്ല, അവരെയും കൊണ്ട്‌ നവോത്ഥാന ചക്രം മുന്നോട്ട്‌ കുതിക്കുന്ന കാഴ്‌ചയാണ്‌ ചരിത്രം പിന്നീട്‌ ദര്‍ശിച്ചത്‌. 


------------------------------------------------------------------------------------

ജമാഅത്ത്‌ സിദ്ധാന്തങ്ങള്‍ നവോത്ഥാനത്തെ വഴിമുടക്കി 

ശബാബ് 22-02-2013 

കുറിപ്പുകള്‍ -
എം ഐ മുഹമ്മദലി സുല്ലമി

അന്ധവിശ്വാസങ്ങള്‍ , അനാചാരങ്ങള്‍ തുടങ്ങിയവയുടെ കൂരിരുട്ടില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മുസ്‌ലിം സമൂഹം ദിശാബോധമില്ലാതെ ഉഴലുകയായിരുന്നു. വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിലെ അവരുടെ അവസ്ഥയും പരിതാപകരമായിരുന്നു. ഇതില്‍നിന്ന്‌ സമുദായത്തെ മോചിപ്പിക്കാനുള്ള സംഘടിത ശ്രമങ്ങള്‍ക്ക്‌ തുടക്കംകുറിച്ചത്‌ മുസ്‌ലിം ഐക്യസംഘമായിരുന്നു. ഐക്യസംഘത്തിന്റെയും കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കേരള നദ്‌വത്തുല്‍ മുജാഹിദീന്റെയും സമുദ്ധാരണ യത്‌നങ്ങളെ പരിശോധിച്ചാല്‍ അവക്ക്‌ രണ്ട്‌ വിതാനങ്ങളുണ്ടായിരുന്നുവെന്ന്‌ കാണാം.

അന്ധവിശ്വാസ-അനാചാരങ്ങള്‍ക്കെതിരായുള്ള പോരാട്ടമായിരുന്നു അവയിലൊന്ന്‌. വിദ്യാഭ്യാസ-സാമൂഹ്യ മേഖലകളിലും ഉദ്യോഗ മണ്ഡലങ്ങളിലും മുസ്‌ലിംകളെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമായിരുന്നു മറ്റൊന്ന്‌. അന്ധവിശ്വാസങ്ങള്‍ അന്ന്‌ മുസ്‌ലിം സമൂഹത്തെ എത്തിച്ചിരുന്ന ദുരവസ്ഥയെ ജമാഅത്തെ ഇസ്‌ലാമിയുടെ മുന്‍ അമീര്‍ കെ സി അബ്‌ദുല്ല മൗലവി അനാവരണം ചെയ്യുന്നത്‌ കാണുക:

``മുസ്‌ലിം കേരളത്തെ ഭരിച്ചിരുന്നത്‌ ബദ്‌രീങ്ങള്‍ , ശൈഖന്മാര്‍ , ഫഖീറന്മാര്‍ , ഖലീഫമാര്‍ , ഔലിയാക്കള്‍ , തങ്ങന്മാര്‍ , മുല്ലമാര്‍ , ഗണിതക്കാര്‍ , ജിന്ന്‌-കുട്ടിച്ചാത്ത സേവകര്‍ , ഒടിയന്മാര്‍ , ഇസ്‌മിന്റെ പണിക്കാര്‍ , ജാറത്തിലെ അന്തേവാസികള്‍ തുടങ്ങിവരായിരുന്നു. അന്നത്തെ മുഖ്യധര്‍മങ്ങളോ? ശിര്‍ക്ക്‌-അന്ധവിശ്വാസ ഖുറാഫാത്തുകള്‍ , മാല-മൗലിദ്‌ റാത്തീബുകള്‍ , നേര്‍ച്ച മന്ത്രാദികള്‍ തുടങ്ങിയവയും. അന്തരീക്ഷമാകട്ടെ ജിന്ന്‌-ചെകുത്താന്‍-കുട്ടിച്ചാത്തന്‍-കൂളി-റൂഹാനി-ഖബ്‌റാളി- പൊട്ടിച്ചൂട്ട്‌ തുടങ്ങിയവയാല്‍ നിര്‍ഭരവും. ഒരു ഗ്രാമത്തില്‍ ചെന്ന്‌ പരിശോധിച്ചാല്‍ നമസ്‌കാരം, നോമ്പ്‌, ഖുര്‍ആന്‍ പാരായണം തുടങ്ങിയവ വേണ്ടുംവിധം ഇല്ലാത്ത എത്രയോ വീടുകള്‍ കണ്ടെത്തിയേക്കാം. എന്നാല്‍ മാല-മൗലീദ്‌ റാത്തിബുകള്‍ ഇല്ലാത്ത ഒരൊറ്റ വീടും കാണാന്‍ കഴിഞ്ഞെന്നു വരില്ല. സകാത്ത്‌ കൊടുക്കാത്ത എത്രയോ ധനികരെ കണ്ടേക്കാം. കൃത്യമായി കൊടുക്കുന്ന ആരെയും കണ്ടില്ലെന്നു വരാം. എന്നാല്‍ ബദ്‌രീങ്ങളുടെ ആണ്ടുപോലുള്ളതിന്‌ പണമോ നേര്‍ച്ച വസ്‌തുക്കളോ കൊടുക്കാത്ത വല്ലവരെയും കണ്ടുകിട്ടാന്‍ പ്രയാസമായിരിക്കും. ആപത്തില്‍ നിന്ന്‌ രക്ഷിക്കുന്നതും ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കുന്നതും ബദ്‌രീങ്ങളും മുഹ്‌യുദ്ദീന്‍ ശൈഖും അതുപോലെയുള്ള മണ്‍മറഞ്ഞ മഹാന്മാരുമാണെന്നാണ്‌ വെപ്പ്‌. അവര്‍ക്ക്‌ നേര്‍ച്ചയാക്കി വിട്ട ആട്‌, കോഴി, മൃഗാദികള്‍ അന്നെവിടെയും സുലഭമാണ്‌. കൊയ്‌ത്തുകാലം തുടങ്ങിയ സുഭിക്ഷഘട്ടങ്ങളില്‍ നാഗൂരിന്റെയും മമ്പുറത്തിന്റെയും മറ്റും പേരില്‍ ധാരാളം ഫഖീറന്മാരും ഖലീഫമാരും വീടുവീടാന്തരം കയറിയിറങ്ങുന്നതു കാണാം. വെള്ളിക്കാല്‌ വെള്ളിക്കണ്ണ്‌ തുടങ്ങിയ നേര്‍ച്ച വസ്‌തുക്കളും മറ്റു വിഭവങ്ങളും നേടിയെടുക്കുകയാണ്‌ അവരുടെ മുഖ്യ ജോലി. അവരെ ആദരിക്കാത്തവരോ അവര്‍ക്ക്‌ വല്ലതും കൊടുക്കാത്തവരോ ആയി വളരെ പേരുണ്ടായിരിക്കില്ല. പ്രസവ വേദന ഇളകിയാല്‍ മൊല്ലാക്ക എഴുതിയ പിഞ്ഞാണം തന്നെ വേണം. വല്ല രോഗവും ബാധിച്ചാല്‍ തങ്ങന്മാരോ മുല്ലമാരോ ഹോമവും മന്ത്രവും നടത്തണം. മനോരോഗം മാറ്റാന്‍ ഇസ്‌മിന്റെ പണിക്കാരനേ കഴിയൂ. കച്ചവടം, വിവാഹം മുതലായവ നിയന്ത്രിക്കുന്നതുംജാറങ്ങളിലെ അന്തേവാസികളോ ജ്യോത്സ്യന്മാരോ ആണ്‌.'' (ഇബാദത്ത്‌ ഒരു സമഗ്രപഠനം, പേജ്‌ 25)

ബഹുദൈവത്വപരമായ വിശ്വാസാചാരങ്ങളും അന്ധവിശ്വാസങ്ങളും കെ സി അബ്‌ദുല്ല മൗലവി സൂചിപ്പിച്ചതു പോലെയോ അതിനെക്കാള്‍ കൂടുതലോ ആണ്ടുപിടിച്ച വ്യക്തികളെ അതില്‍ നിന്ന്‌ മോചിപ്പിക്കുക ക്ഷിപ്രസാധ്യമല്ല. ആ കാര്യം നിര്‍വഹിച്ചത്‌ നദ്‌വത്തുല്‍ മുജാഹിദീനാണെന്ന ജമാഅത്ത്‌ ലഘുലേഖയിലെ പ്രസ്‌താവന യാഥാര്‍ഥ്യവുമായി യോജിക്കുന്നതും ചരിത്രം സാക്ഷ്യം വഹിക്കുന്നതുമാണ്‌.
അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കയ്യൊഴിച്ച പരസഹസ്രം മുസ്‌ലിംകള്‍ ഇന്ന്‌ കേരളത്തിലുണ്ട്‌. കേരളത്തിലെ ജമാഅത്ത്‌ അണികളും അതിന്റെ സ്വാധീനത്തിന്‌ വിധേയമായിട്ടുണ്ട്‌. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ പലയിടത്തും അന്ധവിശ്വാസങ്ങളില്‍ പലതിനെയും മദ്‌ഹബീ പക്ഷപാതത്തെയും പിന്തുടരുന്ന ജമാഅത്തുകാരെ കാണാവുന്നതാണ്‌.

എന്നാല്‍ ഈ രംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്‌. സുന്നികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ സമസ്‌തക്കാരും സമസ്‌താനക്കാരും ദക്ഷിണ കേരളക്കാരുമെല്ലാം ഇന്നും `ജാറങ്ങളിലെ അന്തേവാസികളുടെ' മേല്‍ക്കോയ്‌മയില്‍ നിന്ന്‌ മോചിതരായിട്ടില്ല. ശിര്‍ക്കുകള്‍ വളരെ ശാസ്‌ത്രീയമായ രൂപത്തില്‍ പ്രചരിപ്പിക്കാനുള്ള ഉപായങ്ങളുമായി അവര്‍ നാടുചുറ്റുന്നു. പഴയ അന്ധവിശ്വാസങ്ങളെയും അനാചാരാങ്ങളെയും പുനര്‍ജീവിപ്പിക്കാന്‍ അവര്‍ അഹോരാത്രം അധ്വാനിക്കുകയാണ്‌. നബിയുടേതെന്ന്‌ ആരോപിക്കപ്പെടുന്ന കേശവും, മണ്ണുമൊക്കെ വലിയ ബിസിനസ്സ്‌ സ്വത്തുകളായി മാറിക്കൊണ്ടിരിക്കുന്നു. ഈ വര്‍ഷത്തെ നബിദിനാഘോഷങ്ങള്‍ പോലും അതിന്റെ ബഹിര്‍സ്‌ഫുരണങ്ങളാണ്‌. ജനമനസ്സുകളെ അന്ധവിശ്വാസങ്ങളില്‍ കുരുക്കിയിടാനുള്ള പൗരോഹിത്യ ശ്രമങ്ങളെ തടയിടാന്‍ രംഗത്തുള്ളത്‌ മുജാഹിദ്‌ പ്രസ്ഥാനമാണെന്ന യാഥാര്‍ഥ്യത്തിന്‌ ജമാഅത്ത്‌ ലഘുലേഖയും അടിവരയിടുന്നു. എന്നാല്‍ അവയെ പലപ്പോഴും ശാഖാപരമായോ ശ്‌മശാനവിപ്ലവമായോ ചിത്രീകരിക്കാന്‍ `സമ്പൂര്‍ണ ഇസ്‌ലാമിന്റെ വക്താക്കള്‍ ' ധൃഷ്‌ടരായി എന്നത്‌ ദൗര്‍ഭാഗ്യകരമായിരുന്നു.

``ഇവര്‍ തമ്മില്‍ ഭിന്നിപ്പുള്ള പ്രശ്‌നങ്ങള്‍ കേവലം വിരലിലെണ്ണാവുന്നത്‌ മാത്രമാണ്‌. അവയിലധികവും താരതമ്യേന ശാഖാപരമാണുതാനും. മരിച്ചുപോയ മഹാന്മാരെ മുന്‍നിര്‍ത്തി പ്രാര്‍ഥിക്കുന്നത്‌ തൗഹീദുമായി പൊരുത്തപ്പെടുമോ ഇല്ലയോ, നേര്‍ച്ചകളും മാലമൗലീദുകളും കഴിക്കണമോ വേണ്ടയോ, സുബ്‌ഹി നമസ്‌കാരത്തില്‍ ഖുനൂത്ത്‌ സുന്നത്ത്‌ ഉണ്ടോ ഇല്ലേ, നമസ്‌കാരത്തില്‍ കൈ മാറത്തോ മാറിനു താഴെയോ കെട്ടേണ്ടത്‌ ഇതൊക്കെയാണ്‌ മുസ്‌ലിംസമൂഹത്തെ ഭിന്നിപ്പിക്കുകയും പരസ്‌പരം കാഫിറാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രശ്‌നങ്ങള്‍ എന്നത്‌ ലജ്ജാവഹമായ വസ്‌തുതയത്രെ.'' (സമുദായഐക്യവും മുസ്‌ലിംസംഘടനകളും, പേജ്‌ 32, 1979-ല്‍ ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമിതി പ്രസിദ്ധീകരിച്ചത്‌)

ജമാഅത്തെ ഇസ്‌ലാമിയുടെ ഇത്തരം നിലപാടുകളില്‍ വിലപിക്കുന്ന ചിലരെങ്കിലും ഇപ്പോഴും അതിന്റെ അണികളിലുണ്ടെന്നത്‌ ശുഭോദര്‍ക്കമാണ്‌. അവരിലൊരാളുടെ വാക്കുകള്‍ കാണുക: ``തന്റെ ജീവിതകാലത്ത്‌ മുഹമ്മദ്‌ നബിയോ പ്രവാചകന്റെ വിയോഗശേഷം തിരുസഖാക്കളോ ആചരിച്ചിട്ടില്ലാത്തതും ബഹുദൈവ വിശ്വാസപരവും അന്ധവിശ്വാസപരുവമായ പല വശങ്ങളുമുള്ളതുമാണ്‌ നബിദിനാചരണം. രണ്ട്‌ അംഗീകൃത പെരുന്നാളുകളെക്കാള്‍ ആഘോഷപൂര്‍ണമായ നബിദിനാചാരണം മതപരമായി വലിയ അനാചാരമാണെന്ന്‌ ഇസ്‌ലാമിനെക്കുറിച്ച്‌ അല്‌പം ധാരണയുള്ളവര്‍ക്കെല്ലാം അറിയാം. ഇതു സംബന്ധമായ ബോധവത്‌കരണം എത്രയോ പതിറ്റാണ്ടുകളായി കേരളത്തില്‍ നടക്കുന്നുമുണ്ട്‌. മുജാഹിദ്‌ പ്രസ്ഥാനത്തിലെ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പും മുസ്‌ലിം സമുദായത്തിലെ അഭിപ്രായ വ്യത്യാസങ്ങളെ കൃത്യമായി മൂല്യനിര്‍ണയം നടത്താതെ ശാഖാപരമാണെന്ന തരത്തില്‍ ചില കേന്ദ്രങ്ങള്‍ നിസ്സാരവത്‌കരിച്ചതും ഈ ദുരാചാരത്തിന്‌ കൂടുതല്‍ പ്രചാരം നല്‌കിയിരിക്കുകയാണ്‌. (മാധ്യമം ദിനപത്രം, പ്രശ്‌നങ്ങള്‍ പ്രതികരണങ്ങള്‍ , 07-02-2013)

``മതപരമായും മതേതരമായും അനാചാരമായി മുന്നേറുന്ന നബിദിനാഘോഷത്തെക്കുറിച്ച്‌ സമുദായ നേതൃത്വങ്ങള്‍ പുനരാലോചന നടത്തണം. നവോത്ഥാന പ്രസ്ഥാനങ്ങള്‍ അതിനെക്കുറിച്ച്‌ മൂല്യനിര്‍ണയം നടത്തണം'' -വിദ്യാര്‍ഥി ജീവിതകാലം മുതല്‍ ജമാഅത്ത്‌ പ്രചാരകനായ അബ്‌ദുല്ലത്തീഫ്‌ കൊടുവള്ളിയുടെ വാക്കുകള്‍ `വെല്‍ഫെയര്‍ പാര്‍ട്ടിയുടെ' പേരില്‍ നബിദിനാഘോഷത്തിന്‌ മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നവര്‍ ശ്രദ്ധിക്കുമോ എന്നറിഞ്ഞുകൂടാ.
ഉപരിസൂചിത അന്ധവിശ്വാസങ്ങളെ പൂര്‍വോപരി ശക്തിപ്പെടുത്താന്‍ സുന്നികളെന്നഭിമാനിക്കുന്നവര്‍ ശ്രമിക്കുമ്പോള്‍ ജിന്ന്‌-പിശാച്‌ വെളിപാടുകളുമായി ഗള്‍ഫ്‌ സലഫിസത്തിന്റെ മറവില്‍ മറ്റൊരു വിഭാഗവും രംഗപ്രവേശം ചെയ്‌തിട്ടുണ്ട്‌. ആത്മീയ ചൈതന്യം നേടിയെടുക്കാനായി പുതിയ ത്വരീഖത്ത്‌ ഇമാമുമാരുടെ താവളങ്ങളില്‍ അഭയം തേടുന്നവരെയും കാണാവുന്നതാണ്‌. മുസ്‌ലിം സമൂഹത്തിലെ വലിയൊരു വിഭാഗത്തെ അന്ധവിശ്വാസങ്ങള്‍ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്നു. അവര്‍ പാരത്രിക മോക്ഷത്തിനര്‍ഹമായിക്കൊണ്ടിരിക്കുന്ന നവോത്ഥാനത്തില്‍ നിന്ന്‌ ഇന്നും ബഹുകാതമകലെയാണ്‌. അന്ധവിശ്വാസങ്ങള്‍ക്കെതിരിലുള്ള പോരാട്ടം ഇനിയും തുടരേണ്ടിയിരിക്കുന്നു.


മുജാഹിദ്‌ പ്രസ്ഥാനവും മുസ്‌ലിംസാമൂഹ്യ പുരോഗതിയും

മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അന്ധവിശ്വാസ അനാചാരങ്ങളുടെ നിര്‍മാര്‍ജനത്തില്‍ മാത്രം ഒരുങ്ങിനില്‌ക്കുന്നതല്ല. മുസ്‌ലിം ഐക്യസംഘത്തിന്റെ കാലം മുതല്‍ തന്നെ വിദ്യാഭ്യാസ-സാമൂഹ്യ രംഗങ്ങളില്‍ മുസ്‌ലിംകളെ കൈപിടിച്ചുയര്‍ത്താനും ഇസ്വ്‌ലാഹീ നേതാക്കള്‍ യത്‌നിച്ചിരുന്നു. അന്ന്‌ നിലവിലുണ്ടായിരുന്ന നാടുവാഴികളുടെയും രാജാക്കന്മാരുടെയും ബ്രിട്ടീഷ്‌ ഭരണാധികാരികളുടെയുമെല്ലാം സഹകരണം ഈ രംഗത്ത്‌ നേടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്‌തിരുന്നു. സംഘടിത ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ നാന്ദികുറിച്ച ശൈഖ്‌ മാഹിന്‍ ഹമദാനി തിരുവിതാംകൂറിലെ ശ്രീമൂലം അസംബ്ലിയിലെ നോമിനേറ്റഡ്‌ അംഗമായിരുന്നു. അന്നത്തെ ദിവാനായിരുന്ന പി രാജഗോപാലാചാരിയുടെ സഹകരണത്തോടെ അദ്ദേഹം മുസ്‌ലിം വിദ്യാഭ്യാസ പുരോഗതിക്കായി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്‌തിരുന്നു. നവോത്ഥാന രംഗത്തെ മറ്റൊരു സുപ്രധാന സാന്നിധ്യമായിരുന്ന വക്കം അബ്‌ദുല്‍ ഖാദിര്‍ മൗലവിയുടെ നേതൃത്വത്തില്‍ നടന്ന ശ്രമഫലമായാണ്‌ തിരുവിതാംകൂറിലെ പൊതുസ്‌കൂളുകളില്‍ അറബി അധ്യാപകരെ നിയമിച്ചത്‌. സ്വാതന്ത്ര്യസമര സേനാനിയും കോണ്‍ഗ്രസ്‌ സംസ്ഥാന അധ്യക്ഷനുമായിരുന്ന മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌ അഭ്യസ്‌തവിദ്യരായ ഒട്ടേറെ മുസ്‌ലിം യുവാക്കള്‍ക്ക്‌ സര്‍ക്കാര്‍ ജോലി നേടിക്കൊടുത്തിരുന്നു.

ഇസ്‌ലാമികേതര സര്‍ക്കാറുകളോട്‌ സഹകരിച്ചുകൊണ്ടുള്ള ഈ പ്രവര്‍ത്തനങ്ങളെല്ലാം തികച്ചും ഇസ്‌ലാമിക മാതൃകകള്‍ക്കനുസരിച്ചായിരുന്നു. ഈജിപ്‌തിലെ ഇസ്‌ലാമികേതര ഭരണകൂടത്തില്‍ ഭക്ഷ്യ-ധനകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്‌ത യൂസുഫ്‌ നബി(അ)യുടെ മാതൃക ഖുര്‍ആന്‍ നമുക്ക്‌ വരച്ചുകാണിച്ചു തന്നിട്ടുണ്ട്‌. മര്‍ദിതരായ തന്റെ അനുചരന്മാരോട്‌ ക്രിസ്‌തീയ രാജാവ്‌ ഭരിച്ചിരുന്ന എത്യോപ്യയിലേക്ക്‌ പോകാന്‍ നിര്‍ദേശിച്ച നബി(സ)യുടെ ചര്യയും ഈ രംഗത്ത്‌ പ്രകാശമേകുന്നു. ഇബ്‌നുതൈമിയ്യ, ഇബ്‌നുകസീര്‍ തുടങ്ങിയ പൗരാണിക പണ്ഡിതന്മാരും ഡോ. യൂസുഫുല്‍ ഖര്‍ദാവിയെ പോലുള്ള ആധുനിക പണ്ഡിതരും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്‌.

ജമാഅത്തെ ഇസ്‌ലാമിയിലെ പുരോഗമനവാദിയായ ഡോ. അബ്‌ദുസ്സലാം വാണിയമ്പലം ഈ നിലപാടിനെ ന്യായീകരിക്കുന്നു. എന്നാല്‍ സയ്യിദ്‌ മൗദൂദി-ഹാജിസാഹിബുമാര്‍ മുതല്‍ ശൈഖ്‌ മുഹമ്മദ്‌ കാരകുന്ന്‌ വരെയുള്ള ജമാഅത്ത്‌ ഫണ്ടമെന്റലിസ്റ്റുകള്‍ ഇത്‌ ചൂണ്ടിക്കാണിക്കുന്ന പണ്ഡിതന്മാരെ രൂക്ഷമായി വിമര്‍ശിക്കുന്നവരായിരുന്നു. എണ്‍പതുകളില്‍ ശബാബും പ്രബോധനവും തമ്മില്‍ നടന്ന വിവാദങ്ങള്‍ സ്‌മരണീയമാണ്‌.


ഹാജി സാഹിബും ഇസ്‌ലാഹി നേതാക്കളും

മുസ്‌ലിംസമൂഹം നവോത്ഥാനത്തിന്റെ വീഥിയില്‍ പുതിയ ചലനങ്ങള്‍ സൃഷ്‌ടിച്ചുകൊണ്ടിരുന്ന ആ കാലത്താണ്‌ ഹാജി സാഹിബ്‌ കേരളത്തില്‍ എത്തിച്ചേര്‍ന്നത്‌. പഞ്ചാബില്‍ സയ്യിദ്‌ മൗദൂദി സ്ഥാപിച്ച കേന്ദ്രത്തില്‍ നിന്ന്‌ 1944-ലാണ്‌ അദ്ദേഹം കേരളത്തിലേക്ക്‌ തിരിച്ചുവന്നത്‌. മൗദൂദിയുടെ ചിന്തകളില്‍ ആകൃഷ്‌ടനായിരുന്ന അദ്ദേഹം അത്‌ പരസ്യപ്പെടുത്താന്‍ ആദ്യഘട്ടത്തില്‍ തയ്യാറായില്ല. ഇസ്വ്‌ലാഹീ നേതാക്കളെയും പണ്ഡിതരെയും കൂട്ടുപിടിച്ച്‌ അദ്ദേഹം പലയിടത്തും ക്ലാസുകള്‍ സംഘടിപ്പിച്ചു. പ്രമുഖ മുജാഹിദ്‌ നേതാവായിരുന്ന കുഞ്ഞോയി വൈദ്യരുടെ കെട്ടിടത്തില്‍ പോലും ഇപ്രകാരം ക്ലാസ്സുകള്‍ നടത്തി. ഹാജി സാഹിബിന്റെ ഒളിയജണ്ടയെ ഗ്രഹിക്കാത്തതിനാല്‍ മുജാഹിദ്‌ പണ്ഡിതര്‍ അദ്ദേഹത്തിന്റെ ക്ലാസ്സുകളെ പ്രത്സാഹിപ്പിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്‌തു. എന്തിനധികം കോഴിക്കോട്ടെ പട്ടാളപ്പള്ളിയില്‍ ഖത്വീബായി പോലും അദ്ദേഹത്തെ നിയമിക്കുകയുണ്ടായി.
പക്ഷെ, താമസിയാതെ ഹാജി സാഹിബ്‌ തന്റെ ഒളിയജണ്ടകള്‍ പുറത്തിറക്കാന്‍ തുടങ്ങി. മൗദൂദിയന്‍ ദര്‍ശനങ്ങളും ആത്യന്തിക വാദങ്ങളും ക്ലാസുകളിലൂടെ പ്രചരിപ്പിക്കാനും താമസമുണ്ടായില്ല. ഇസ്‌ലാമികേതര ഭരണകൂടങ്ങളുമായി നിസ്സഹകരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്‌തു.

സ്വാഭാവികമായും ഹാജി സാഹിബിന്റെ നീക്കം മുജാഹിദ്‌ പ്രവര്‍ത്തകരുമായി തര്‍ക്കത്തിനടയാക്കി. ശൈഖ്‌ മുഹമ്മദ്‌ കാരകുന്ന്‌ ഹാജി സാഹിബ്‌ എന്ന തന്റെ കൃതിയില്‍ അത്തരം ഒരു സന്ദര്‍ഭത്തെ പരാമര്‍ശിച്ചിട്ടുണ്ട്‌. കോഴിക്കോട്ടെ കുഞ്ഞോയി വൈദ്യരുടെ പീടിക മുറിയിലുള്ള ചിലര്‍ ഹാജി സാഹിബിനോട്‌ ചോദിച്ചു: അനിസ്‌ലാമിക ഭരണകൂടത്തില്‍ പങ്കുവഹിക്കാന്‍ പാടില്ലെന്നാണല്ലോ നിങ്ങള്‍ പറയുന്നത്‌. അപ്പോള്‍ യൂസുഫ്‌ നബി ധനകാര്യ മന്ത്രിസ്ഥാനം ഏറ്റെടുത്തതോ? യൂസുഫ്‌ നബി സ്വതന്ത്ര ഭരണാധികാരിയാണെന്നായിരുന്നു ഹാജി സാഹിബിന്റെ മറുപടി.

ഈ സംഭാഷണത്തില്‍ നിന്ന്‌ മുജാഹിദ്‌ പ്രസ്ഥാനവും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുണ്ടായിരുന്ന വിവാദം മനസ്സിലാക്കാം. സാധാരണക്കാരായ മുജാഹിദുകള്‍ക്ക്‌ തന്നെ തങ്ങളുടെ നിലാപാടിനുള്ള തെളിവും ഗ്രാഹ്യമായിരുന്നുവെന്നും അത്‌ വ്യക്തമാക്കുന്നു. മാത്രമല്ല, സയ്യിദ്‌ മൗദൂദിയോട്‌ ഉത്തരേന്ത്യയിലെ പണ്ഡിതര്‍ ഇതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ അദ്ദേഹം നല്‌കിയ മറുപടി തന്നെയാണ്‌ ഹാജിസാഹിബും ആവര്‍ത്തിച്ചത്‌.

1948-ല്‍ ഹാജി സാഹിബ്‌ ജമാഅത്തിന്റെ കേരള ഹല്‍ഖ രൂപീകരിച്ചു. 1950-ല്‍ പ്രതിലോമ ചിന്തകളുടെ കലവറയായ അതിന്റെ ഭരണഘടന പ്രസിദ്ധീകൃതമായി. ഇസ്‌ലാമികേതര ഭരണകൂടങ്ങളില്‍ ഭാഗഭാക്കാകുകയോ അതിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുകയോ ചെയ്യുന്നവര്‍ ശഹാദത്ത്‌ കലിമ ഉച്ചരിച്ചതിലെ ആത്മാര്‍ഥത പോലും ചോദ്യംചെയ്യപ്പെട്ടു. ഇന്ത്യയിലെയും കേരളത്തിലെയും ഭരണരംഗത്തും ഉദ്യോഗമണ്ഡലങ്ങളിലും മുസ്‌ലിംകള്‍ക്ക്‌ അര്‍ഹമായ പ്രാതിനിധ്യം നല്‌കാന്‍ ആവശ്യപ്പെട്ടവരുടെ ഇസ്‌ലാമില്‍ പോലും ഹാജി സാഹിബ്‌ സന്ദേഹം പ്രകടിപ്പിച്ചു. (ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌ എഴുതിയ ഹാജി സാഹിബ്‌ എന്ന കൃതിയുടെ പേജ്‌ 106 നോക്കുക)

ഇസ്‌ലാഹീ പ്രസ്ഥാനവും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുള്ള ആശയസംവാദം ഇവിടെ മുതല്‍ ആരംഭിക്കുന്നു. അത്‌ കേവലം സംഘടനാ തര്‍ക്കങ്ങളോ വാശി തീര്‍ക്കലോ ആയിരുന്നില്ല. മുസ്‌ലിം ഐക്യസംഘത്തിന്റെ കാലം മുതല്‍ ആരംഭിക്കുകയും സദ്‌ഫലങ്ങള്‍ പ്രത്യക്ഷമാകുകയും ചെയ്‌ത നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ തുടരണമോ? അതോ മൗദൂദിയുടെയും ഹാജി സാഹിബിന്റെയും പ്രതിലോമചിന്തകളും ആത്യന്തികവാദങ്ങളും സ്വീകരിക്കണമോ? അതാണ്‌ അക്കാലത്ത്‌ പരിഷ്‌കരണ പ്രസ്ഥാനം നേരിട്ട വെല്ലുവിളി. ജമാഅത്തെ ഇസ്‌ലാമിയും മുജാഹിദുകളും തമ്മില്‍ ഉയര്‍ന്നുവന്ന മിക്ക അഭിപ്രായാന്തരങ്ങളും ഇതിന്റെ ഉപോല്‌പന്നങ്ങളായിരുന്നു. 


 

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.