03 August 2009

മുജാഹിദുകളുടേത് യുക്തിസഹമല്ലാത്ത വിമര്‍ശനമോ?

SHABAB Weekly Q&A Friday, 31 July 2009
മുസ്ളിം





"യുക്തിസഹമായ സമീപനമല്ല ചില മതസംഘടനകളുടെ ഭാഗത്തുനിന്ന് പ്രകടമായിക്കൊണ്ടിരിക്കുന്നത്. പാര്‍ട്ടി പിറന്നുവീഴുന്നതിനു മുമ്പേ അവര്‍ സര്‍വശക്തിയും സംഭരിച്ച് വിരുദ്ധ പ്രചാരണത്തിനിറങ്ങിയിരിക്കുന്നു. മതസംഘടനകള്‍ രഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത് ആപത്താണ് എന്ന മുന്നറിയിപ്പോടെയാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഇത് പറയുമ്പോള്‍ ജമാഅത്തെ ഇസ്ളാമിയെ ഒരു മതസംഘടനയായി തങ്ങള്‍ ഒരിക്കലും അംഗീകരിച്ചിരുന്നില്ലെന്നും, അതൊരു രാഷ്ട്രീയ പ്രസ്ഥാനമാണെന്നുമാണ് നാളിതുവരെ തങ്ങള്‍ പറഞ്ഞിരുന്നത് എന്നുമുള്ള സത്യം അവര്‍ സൌകര്യപൂര്‍വം വിസ്മരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടിയായി ചിത്രീകരിക്കപ്പെടുന്ന സംഘടന ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപവല്കരിക്കുന്നുവെങ്കില്‍ അതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും പുതിയ ഒരാപത്തും സംഭവിക്കാനില്ലെന്നും മതസംഘടനകള്‍ ചുരുങ്ങിയ പക്ഷം സമ്മതിക്കേണ്ടതായിരുന്നു.'' (പ്രബോധനം -2009 ജനുവരി 24). മുജാഹിദുകള്‍ ജമാഅത്തെ ഇസ്ളാമിയെ 'മതരാഷ്ട്രവാദക്കാര്‍' എന്നാണല്ലോ വിളിച്ചിരുന്നതും എഴുതിയിരുന്നതും. മുകളിലെ പരമാര്‍ശപ്രകാരം അവരുടെ രാഷ്ട്രീയ പാര്‍ട്ടിയെ വിമര്‍ശിക്കുന്നതില്‍ കഴമ്പുണ്ടോ?


അന്‍സാര്‍ ഒതായി


മുജാഹിദുകള്‍ ജമാഅത്തെ ഇസ്ലാമിയെ കേവല മതസംഘടന എന്ന നിലയിലോ കേവല രാഷ്ട്രീയ സംഘടന എന്ന നിലയിലോ അല്ല മതരാഷ്ട്രീയ സംഘടന എന്ന നിലയിലാണ് എക്കാലത്തും വിലയിരുത്തിപ്പോന്നിട്ടുള്ളത്. ജമാഅത്തുകാര്‍ സ്വയം കരുതുന്നതും രാഷ്ട്രീയമായി വ്യതിരിക്തമായ നിലപാടുള്ള ഇസ്ളാമിക സംഘടന എന്ന് തന്നെയാണല്ലോ. ഇസ്ളാം എന്നാല്‍ സ്റെയ്റ്റാണെന്നും ഇസ്ളാമിക ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം ഹുകൂമത്തെ ഇലാഹി അഥവാ ദൈവിക ഭരണകൂടമാണെന്നും ജമാഅത്തിന്റെ മാനിഫെസ്റോ എന്ന് വിശേഷിപ്പിക്കാവുന്ന ഖുത്വ്ബാത്തില്‍ സയ്യിദ് മൌദൂദി സമര്‍ഥിച്ചിട്ടുള്ളത് കൊണ്ടും ഇസ്ളാമികേതര ഭരണകൂടങ്ങളുടെ നിയമങ്ങള്‍ അനുസരിക്കുന്നവര്‍ രാഷ്ട്രീയ ശിര്‍ക്കില്‍ അകപ്പെട്ടിരിക്കയാണെന്ന് ജമാഅത്ത് പ്രസിദ്ധീകരണങ്ങളില്‍ പലതവണ സമര്‍ഥിച്ചതുകൊണ്ടുമാണ് മുജാഹിദുകള്‍ ജമാഅത്തുകാരെ മതരാഷ്ട്രീയക്കാരായി വിലയിരുത്തുകയും അവരുടെ നിലപാടിനോട് വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തത്. അതില്‍ യുക്തിസഹമല്ലാത്ത യാതൊന്നും ഇല്ല.


ജനാധിപത്യ മതേതര ഭരണകൂടം ത്വാഗൂത്ത് അഥവാ അല്ലാഹുവിന്റെ ആധിപത്യത്തെ എതിര്‍ക്കുന്ന അതിക്രമശക്തിയാണെന്നും അതിന്റെ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുകയോ അതിന്റെ കീഴില്‍ കുഞ്ചികസ്ഥാനങ്ങള്‍ വഹിക്കുകയോ ചെയ്യാന്‍ പാടില്ലെന്നും ജമാഅത്ത് സാഹിത്യങ്ങളില്‍ വ്യക്തമാക്കിയത് ശബാബില്‍ പലതവണ ഉദ്ധരിച്ചിട്ടുണ്ട്. അതിനെതിരായ രാഷ്ട്രീയ നിലപാടുകളാണ് സമീപകാലത്ത് ജമാഅത്തുകാര്‍ സ്വീകരിച്ചുവരുന്നത്. അനിസ്ളാമിക രാഷ്ട്രീയ വ്യവസ്ഥയുടെ നടത്തിപ്പിനുവേണ്ടിയുള്ള തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാന്‍ പാടില്ല എന്ന നിലപാട് മാറ്റി അവര്‍ ആദ്യം ജനതാപാര്‍ട്ടിക്കും പിന്നീട് ഇടതുമുന്നണിക്കും വോട്ട് നല്കാന്‍ ആഹ്വാനം നല്കി. അതിനിടയില്‍ തന്നെ പല മലക്കം മറിച്ചിലുകളും നടത്തുകയുമുണ്ടായി. ഇതൊക്ക യുക്തിസഹമല്ലാത്ത നിലപാട് മാറ്റങ്ങളായിരുന്നു. മുജാഹിദുകളുടെയും മറ്റും പേരില്‍ രാഷ്ട്രീയശിര്‍ക്ക് ആരോപിക്കുന്നവരുടെ നിലപാടുകളിലെ വൈരുധ്യങ്ങള്‍ ശബാബില്‍ ചൂണ്ടിക്കാണിച്ചത് തികച്ചും യുക്തിപൂര്‍വകമായിട്ടുതന്നെയാണ്. ഇപ്പോള്‍ മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തി കയ്യാളുന്ന രാഷ്ട്രീയ നിലപാട് തികച്ചും ഇസ്ളാമികമാണെങ്കില്‍ ജമാഅത്തുകാര്‍ ഒരു കേവല രാഷ്ട്രീയസംഘടന വേറെ രൂപീകരിക്കേണ്ട ആവശ്യമില്ലല്ലോ. മുസ്ളിംലീഗ്, ഐ എന്‍ എല്‍, പി ഡി പി, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകള്‍ പങ്കിട്ടെടുക്കുന്ന മുസ്ളിം വോട്ട് ജമാഅത്ത് രാഷ്ട്രീയ പാര്‍ട്ടിക്ക് കൂടി ഭാഗം വെക്കുന്നത് മുസ്ലിംസമൂഹത്തിന് ഗുണമോ ദോഷമോ എന്ന് വിലയിരുത്താന്‍ വലിയ യുക്തിബോധമൊന്നും ആവശ്യമില്ല.

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.