16 August 2009

ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും മുസ്ലിം പണ്ഡിതന്മാരും

ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും മുസ്ലിം പണ്ഡിതന്മാരും
SHABAB Friday, 14 August 2009

അസ്‌ഗറലി എന്‍ജിനിയര്‍



``ഈ ഉലമാക്കളുടെ കാല്‍പാദങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മണ്‍തരികള്‍ എന്റെ കണ്ണിലെ കൃഷ്‌ണമണി പോലെയാണ്‌. അവരുടെ കാല്‍പാദങ്ങളില്‍ ചുംബിക്കുന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു... ജംഇയ്യത്തെ ഉലമായെ ഹിന്ദിന്റെ ജന. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മൌലാനാ ഹുസൈന്‍ അഹ്മദ്‌ മദനിയെ അഭിനന്ദിക്കാന്‍ ദല്‍ഹി ജുമാ മസ്‌ജിദിന്‌ സമീപം ചേര്‍ന്ന യോഗത്തില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും സ്വാതന്ത്ര്യസമര തേരാളിയുമായ ജവഹര്‍ലാല്‍ നെഹ്‌റു നടത്തിയ പ്രസംഗത്തിലെ വാക്കുകളാണിത്‌.

എന്താണ്‌ ജഹര്‍ലാല്‍ നെഹ്‌റു മുസ്ലിം പണ്ഡിതന്മാരെ ഇത്രയധികം ബഹുമാനിക്കാനും ആദരിക്കാനും കാരണം. ഇത്‌ മുസ്ലിം ജനസാമാന്യത്തെ കയ്യിലെടുക്കാനുള്ള കേവല വാക്‌ധോരണികള്‍ മാത്രമായിരുന്നില്ല. അതല്ലെങ്കില്‍ വെറുമൊരു രാഷ്‌ട്രീയ പ്രസ്‌താവനയുമായിരുന്നില്ല. ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലും ദേശീയ ഐക്യം ഊട്ടിയുറപ്പിക്കുന്നതിലും മുസ്ലിം പണ്ഡിതന്മാര്‍ നല്‍കിയ മഹത്തായ സംഭാവനകളായിരുന്നു ഈ ആദരവിന്‌ കാരണം. കൊളോണിയല്‍ ശക്തികളായ ബ്രിട്ടന്റെ കയ്യില്‍ നിന്ന്‌ ഇന്ത്യയെ മോചിപ്പിക്കുന്നതിനും അംഗച്ഛേദം വരാതെ ഇന്ത്യയെ നിലനിര്‍ത്തുന്നതിലും മുസ്ലിം പണ്ഡിതന്മാര്‍ നല്‍കിയ പങ്ക്‌ ഏറെ വലുതായിരുന്നു. ഇന്ത്യാ–പാക്‌ വിഭജനത്തെ പല്ലും നഖവും ഉപയോഗിച്ച്‌ എതിര്‍ത്ത മുസ്ലിം പണ്ഡിതന്മാര്‍ക്ക്‌ മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള ലീഗ്‌ അണികളില്‍ നിന്ന്‌ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ്‌ നേരിടേണ്ടിവന്നത്‌. എന്നിട്ടും വിഭജനത്തെ എതിര്‍ക്കുകയായിരുന്നു അവര്‍.

ജംഇയ്യത്തെ ഉലമായെ ഹിന്ദ്‌ ദേശീയ സമിതിയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ മുസ്‌ലിംലീഗിന്റെ പിന്തുണയില്ലാതെ മുസ്ലിം പണ്ഡിതന്മാര്‍ക്ക്‌ ജയിക്കാനാകുമായിരുന്നില്ല. അതായത്‌ തെരഞ്ഞെടുപ്പ്‌ ക്യാമ്പില്‍ ജിന്ന പക്ഷത്തിന്റെ പിന്തുണ ലഭിച്ചുവെന്ന്‌ സാരം. എന്നാല്‍ പില്‍ക്കാലത്ത്‌ ഈ ബന്ധം അത്ര സുഖകരമായിരുന്നില്ല. ആധുനികവാദികളും മതവാദികളും തമ്മിലുള്ള വിഭജനം തുടങ്ങുന്നത്‌ സര്‍ സയ്യിദ്‌ അഹ്മദ്‌ ഖാന്റെ കാലം തൊട്ടാണ്‌. ബ്രിട്ടീഷ്‌ കൊളോണിയല്‍ ശക്തികളുടെ ഭരണത്തെയോ അതിനെ പിന്താങ്ങുന്ന ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിയെയോ സംഘടനയെയോ വ്യക്തിയെയോ അംഗീകരിക്കാന്‍ മുസ്ലിം പണ്ഡിതന്മാര്‍ തയ്യാറായിരുന്നില്ല. മൌലവി ശരീഅത്തുല്ലയുടെയും അദ്ദേഹത്തിന്റെ മകന്‍ മുഹമ്മദ്‌ മുഹ്‌സിന്‍ എന്ന ദാദു മിയാന്റെയും നേതൃത്വത്തില്‍ ബംഗാളിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ തുടങ്ങിയ ഫറൈസി പ്രസ്ഥാനമാണ്‌ ശക്തമായ ഒരു സംവിധാനത്തിനു കീഴില്‍ ഇത്തരം എതിര്‍പ്പുകളുമായി ആദ്യം രംഗത്തെത്തിയത്‌. പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നാസര്‍ എന്ന ടിറ്റു മിറിന്റെ നേതൃത്വത്തിലും ഇത്തരം പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നു. കാര്‍ഷിക മേഖലയില്‍ നിന്ന്‌ വിശാലമായ പിന്തുണ ലഭിച്ച ഈ പ്രസ്ഥാനങ്ങള്‍ ഒരര്‍ഥത്തില്‍ അര്‍ധ–സാമുദായിക പ്രസ്ഥാനങ്ങളായിരുന്നു. രാജ്യതാല്‍പര്യങ്ങളില്‍ അടിയുറച്ചുനിന്നുകൊണ്ടുള്ള പുതിയ സാമൂഹിക ക്രമങ്ങള്‍ കെട്ടിപ്പടുക്കാനും സംശുദ്ധമായ ഇസ്ലാമിനെ പുനരുജ്ജീവിപ്പിക്കാനും ആയിരുന്നു ഇവരുടെ ശ്രമം.

19ാം നൂറ്റാണ്ടിന്റെ രണ്ടാം ദശകങ്ങളില്‍ സയ്യിദ്‌ അഹ്മദിന്റെ നേതൃത്വത്തില്‍ റായ്‌ബറേലി കേന്ദ്രമാക്കിയും ഇത്തരത്തില്‍ ദ്വിമുഖ ലക്ഷ്യങ്ങളുള്ള സംഘടന സ്ഥാപിക്കപ്പെട്ടു. പഞ്ചാബിലെ സിഖ്‌ ആധിപത്യമുള്ള ഭരണവും ഇന്ത്യയുടെ മറ്റ്‌ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന ബ്രിട്ടീഷ്‌ ആധിപത്യമുള്ള ഭരണങ്ങളും തൂത്തെറിയുകയായിരുന്നു ഈ പ്രസ്ഥാനത്തിന്റെ സ്ഥാപിത രാഷ്‌ട്രീയ ലക്ഷ്യം. അതോടൊപ്പം തന്നെ സാമുദായിക ലക്ഷ്യങ്ങളും ഈ പ്രസ്ഥാനത്തിനുണ്ടായിരുന്നു. മതരംഗത്ത്‌ മുസ്ലിംരാഷ്‌ട്രീയ മേധാവിത്വം സ്ഥാപിക്കുകയും നൂറ്റാണ്ടുകളുടെ ചരിത്രത്തിനിടയില്‍ വന്നുപെട്ട തെറ്റായ പ്രവണതകളെ ഇളക്കിമാറ്റി ലളിതമായ ഇസ്ലാമിക വിശ്വാസാചാരങ്ങളെ പുനസ്ഥാപിക്കുകയുമായിരുന്നു ഇത്‌.

ഷാ വലിയുല്ലാഹിയുടെ മൂത്ത മകന്‍ ഷാ അബ്‌ദുല്‍അസീസ്‌ ഇക്കാലത്ത്‌ ബ്രിട്ടീഷ്‌ ഭരണത്തിനു കീഴിലുള്ള ഇന്ത്യ ദാറുല്‍ ഹര്‍ബ്‌ (യുദ്ധഭൂമി) ആണെന്ന്‌ ചൂണ്ടിക്കാട്ടി ഫത്വ ഇറക്കിയിരുന്നു. എങ്കിലും ഇംഗ്ലീഷ്‌ വിദ്യാഭ്യാസം നേടുന്നതിനും സാമ്പത്തിക വരുമാനത്തിനായി ബ്രിട്ടനു കീഴില്‍ ജോലിചെയ്യുന്നതിനും അദ്ദേഹം അനുമതി നല്‍കി. ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടനെതിരായ വികാരം വളര്‍ത്തിയെടുക്കുന്നതില്‍ ഷാ വലിയുല്ലാഹിയുടെ ചിന്താസരണി നിര്‍ണായക പങ്കുവഹിച്ചിരുന്നു. അദ്ദേഹത്തിന്റെ അനുയായികള്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളികളാവുകയും ഏറെ ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്‌തു. ഇവരില്‍ പലരെയും ബ്രിട്ടീഷ്‌ സൈന്യം വധശിക്ഷക്ക്‌ വിധേയരാക്കുകയോ ആന്തമാന്‍, മാള്‍ട്ട ദ്വീപുകളിലേക്ക്‌ നാടുകടത്തുകയോ ചെയ്‌തു. ശേഷിച്ച അപൂര്‍വം ചിലരാവട്ടെ, ഇതോടെ രംഗത്തുനിന്ന്‌ ഉള്‍വലിയുകയും ചെയ്‌തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ രൂപീകരിക്കപ്പെട്ടപ്പോള്‍ രാജ്യത്തെ മുസ്ലിംകളോട്‌ കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ അതിന്റെ നേതാക്കള്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ത്ത സര്‍ സയ്യിദ്‌ പകരം ബ്രിട്ടീഷുകാരെ പിന്തുണക്കാനാണ്‌ മുസ്ലിംകളോട്‌ ആവശ്യപ്പെട്ടത്‌.

മൌലാനാ റാശിദ്‌ അഹ്മദ്‌ ഗംഗോയി സര്‍ സയ്യിദിന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായി രംഗത്തുവരികയും മുസ്ലിംകള്‍ കോണ്‍ഗ്രസ്സിനെ പിന്തുണക്കണമെന്നാവശ്യപ്പെട്ട്‌ ഫത്വ പുറപ്പെടുവിക്കുകയും ചെയ്‌തു. അഹ്മദ്‌ ഗംഗോയിയും അദ്ദേഹത്തിന്റെ അനുയായികളും ചേര്‍ന്ന്‌ നുസ്‌റതുല്‍ അഹ്‌റാര്‍ (സ്വതന്ത്ര്യത്തിനു വേണ്ടിയുള്ള സഹായം) എന്ന പേരില്‍ ഒരു കൂട്ടം ഫത്വകള്‍ തന്നെ ഈ കാലത്ത്‌ പുറപ്പെടുവിച്ചു. ബ്രിട്ടീഷ്‌ കൊളോണിയല്‍ ശക്തികള്‍ക്കെതിരായ പോരാട്ടത്തിന്‌ ആഹ്വാനം ചെയ്‌തുകൊണ്ടുള്ള നൂറോളം ഫത്വകളാണ്‌ ഇത്തരത്തില്‍ പുറത്തുവന്നത്‌.

ബ്രിട്ടീഷുകാര്‍ക്കെതിരെ മുസ്‌ലിം പണ്ഡിതന്മാര്‍ എന്തുകൊണ്ട്‌ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുകളുമായി അടിയുറച്ചുനിന്നു എന്ന ചോദ്യം ഉയരുന്നത്‌ ഇവിടെയാണ്‌. ഇതിന്‌ പല കാരണങ്ങളുണ്ട്‌. ബ്രിട്ടീഷുകാര്‍ വരും മുന്‍പ്‌ മുസ്ലിം ഭരണകൂടങ്ങള്‍ക്ക്‌ കീഴില്‍ മുസ്ലിം പണ്ഡിതന്മാര്‍ മതപരമായ വലിയ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു എന്നതുതന്നെയാണ്‌ ഇതിന്റെ പ്രധാന കാരണം. മതനിയമങ്ങള്‍ നടപ്പാക്കാനും ശരീഅ കോടതികള്‍ സ്ഥാപിക്കാനും മഹല്ലുകള്‍ സ്ഥാപിച്ച്‌ ഖാദിമാരെ നിശ്ചയിക്കാനുമെല്ലാം ഇക്കാലത്ത്‌ മുസ്ലിം പണ്ഡിതന്മാര്‍ക്ക്‌ സ്വാതന്ത്ര്യമുണ്ടായിരുന്നു. ബ്രിട്ടീഷ്‌ ഭരണത്തിനു മുന്‍പുള്ള കാലത്ത്‌ രാഷ്‌ട്രീയമായി മാത്രമല്ല, സാമ്പത്തികമായും മുസ്ലിംകള്‍ക്ക്‌ വലിയ വ്യക്തിത്വമുണ്ടായിരുന്നു. എന്നാല്‍ രാജ്യത്തിന്റെ നിയന്ത്രണം ബ്രിട്ടീഷുകാരുടെ കൈകളിലകപ്പെടാനും ബ്രിട്ടനില്‍ നിന്നുള്ള ഉത്‌പന്നങ്ങള്‍ രാജ്യത്തേക്ക്‌ വ്യാപകമായി ഇറക്കുമതി ചെയ്യാനും തുടങ്ങിയതോടെ, വടക്കേ ഇന്ത്യയിലെ മുസ്ലിം കരകൌശല തൊഴിലാളികള്‍ക്ക്‌ അത്‌ സമ്മാനിച്ചത്‌ വലിയ പ്രതിസന്ധിയായിരുന്നു.

ഹിന്ദു സമുദായത്തിനുള്ളില്‍ ബുദ്ധിപരമായ വലിയ ഉണര്‍വുണ്ടായപ്പോള്‍ മുസ്ലിംകള്‍ ഈ രംഗത്ത്‌ പരാജയപ്പെടുകയായിരുന്നുവെന്ന്‌ സര്‍ തിയോഡോര്‍ മോറിസോണ്‍ നിരീക്ഷിക്കുന്നു. സാമ്പത്തികമായ ദാരിദ്ര്യവും ബുദ്ധിപരമായ ജീര്‍ണതയും എല്ലാറ്റിനും പുറമെ ബ്രിട്ടീഷ്‌ ആധിപത്യത്തിനു കീഴില്‍ ക്രിസ്‌തീയ മിഷണറി പ്രവര്‍ത്തനം വ്യാപകമായതും മുസ്ലിംകള്‍ക്കിടയില്‍ ബ്രിട്ടീഷ്‌ വിരുദ്ധ വികാരം വളര്‍ത്തുന്നതിന്‌ കാരണമായതായി മോറിസോണ്‍ ചൂണ്ടിക്കാട്ടുന്നു. ക്രിസ്‌ത്യന്‍ മിഷണറി പ്രവര്‍ത്തനം ഇസ്ലാമിനെതിരായ ഭീഷണിയായാണ്‌ മുസ്‌ലിം പണ്ഡിതന്മാര്‍ കണ്ടത്‌. മതപരമായ നവജാഗരണമാണ്‌ ഇതിനുള്ള പരിഹാരമെന്ന്‌ അവര്‍ കരുതി. മതപരമായ ഈ ജാഗരണം പുരോഗമനപരമായ നേട്ടമുണ്ടായി എന്നത്‌ ശ്രദ്ധേയമാണ്‌. ഇന്ത്യയില്‍ മാത്രമല്ല, ഇന്ത്യക്ക്‌ പുറത്തും ഇത്‌ വിജയകരമായിരുന്നു. ഇന്തോനേഷ്യന്‍ രാഷ്‌ട്രീയ പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിച്ചതു പോലെത്തന്നെ അമേരിക്കയുടെ പാവഭരണകൂടമായി പ്രവര്‍ത്തിച്ച ഷാ ചക്രവര്‍ത്തിമാരുടെ കാല്‍കീഴില്‍നിന്ന്‌ ആയതുല്ല അലി ഖുമയ്‌നിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ ഇസ്‌ലാമിക വിപ്ലവത്തിലൂടെ ഇറാന്റെ മോചനത്തിനും വഴിവെച്ചത്‌ മതപരമായ നവജാഗരണമായിരുന്നു.

എന്നാല്‍ ഇന്ത്യയിലെ സ്ഥിതി ഇതില്‍ നിന്ന്‌ വ്യത്യസ്‌തമായി, നേരിട്ട്‌ ഒരു പരിഹാര മാര്‍ഗം നിര്‍ദേശിക്കാന്‍ കഴിയാത്ത വിധം സങ്കീര്‍ണമായിരുന്നു. മുസ്ലിം സമൂഹത്തിലെ വരേണ്യ വര്‍ഗത്തെ മാത്രം പ്രതിനിധീകരിച്ച സര്‍ സയ്യിദ്‌ അഹ്മദ്‌ ഖാന്റെ ചിന്തകളും നിലപാടുകളും ഇതിനനുസരിച്ചുള്ളതായിരുന്നു. ബ്രിട്ടീഷുകാരെ എതിര്‍ക്കാതെ അവരുടെ ആനുകൂല്യങ്ങള്‍ പിടിച്ചുപറ്റുക മാത്രമാണ്‌ മുസ്ലിം പുരോഗതിക്ക്‌ ഏക വഴിയെന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകളെ നയിച്ചത്‌. അതുകൊണ്ടുതന്നെ ബ്രിട്ടീഷുകാരുമായുള്ള ഈ സന്ധിചെയ്യലിന്‌ മതപരമായ മാനം കണ്ടെത്താനും അദ്ദേഹം ശ്രമിച്ചു. അതേസമയം ഇതിന്‌ നേര്‍ വിപരീതമായ നിലപാടുകളാണ്‌ മുസ്ലിം പണ്ഡിതന്മാര്‍ സ്വീകരിച്ചത്‌. രാജ്യത്തെ ഹിന്ദുക്കളുമായി സഹകരിച്ചുകൊണ്ട്‌ ബ്രിട്ടീഷ്‌ ഗവണ്‍മെന്റിനെതിരെ പോരാടേണ്ടതും അതിനെ പുറത്താക്കേണ്ടതും അടിസ്ഥാനപരമായ ബാധ്യതയായാണ്‌ അവര്‍ കണ്ടത്‌.

``ബ്രിട്ടീഷുകാരെ രാജ്യത്തുനിന്ന്‌ പുറത്താക്കേണ്ടത്‌ മുസ്ലിംകളുടെ മതപരമായ ബാധ്യതയാണ്‌. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു സമുദായവുമായി സഹകരിച്ചുകൊണ്ടു മാത്രമേ ഇത്‌ സാധ്യമാവൂ –1920ല്‍ ജമാഅത്തുല്‍ ഉലമ സമ്മേളനത്തിന്റെ സമാപന സെഷനില്‍ പങ്കെടുത്തുകൊണ്ട്‌ മൌലാനാ മുഹമ്മദ്‌ ഹസന്‍ (ശൈഖുല്‍ ഹിന്ദ്‌) നടത്തിയ പ്രസംഗത്തിലെ വാക്കുകളായിരുന്നു ഇത്‌. ``ഒരര്‍ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ഥത്തില്‍ നിങ്ങളുടെ ലക്ഷ്യം (സ്വാതന്ത്ര്യം) നേടാന്‍ നിങ്ങളെ സഹായിക്കുന്ന കാര്യത്തില്‍ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ അല്ലാഹു സന്നദ്ധമാക്കുമെന്ന കാര്യത്തില്‍ സംശയമുണ്ടാവില്ല. ഇരു സമുദായങ്ങളും തമ്മിലുള്ള സഹകരണം പരസ്‌പരം പ്രയോജനകരവും നേട്ടങ്ങള്‍ നല്‍കുന്നതുമാണെന്നാണ്‌ എന്റെ വിശ്വാസം. ഈ സഹകരണത്തിലൂടെ അസാധ്യമെന്ന്‌ നമ്മള്‍ കരുതിയ രാജ്യസ്വാതന്ത്ര്യം നേടാന്‍ നമുക്ക്‌ കഴിയുക തന്നെ ചെയ്യും –മൌലാനാ മുഹമ്മദ്‌ ഹസന്‍ തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

ഹിന്ദു–മുസ്ലിം ഐക്യത്തില്‍ സര്‍ സയ്യിദ്‌ ആദ്യകാലത്ത്‌ ഊന്നിയിരുന്നില്ല. ഹിന്ദുവും മുസല്‍മാനും ഭാരതാംബയുടെ രണ്ട്‌ കണ്ണുകളാണെന്നുള്ള അദ്ദേഹത്തിന്റെ പ്രസ്‌താവനകള്‍ ഇക്കാര്യത്തില്‍ ഏറെ എടുത്തുകാണിക്കപ്പെടുന്നതാണ്‌. എന്നാല്‍ ഹിന്ദു –മുസ്ലിം ഐക്യത്തെ പരിപോഷിപ്പിക്കുന്ന അദ്ദേഹത്തിന്റെ ഈ നിലപാടുകള്‍ പില്‍ക്കാലത്ത്‌ കൈക്കൊണ്ടതാണ്‌.

പേര്‍ഷ്യന്‍, ഉറുദു ഭാഷകളില്‍ കോടതി നിയമങ്ങളും മറ്റും എഴുതിയുണ്ടാക്കുന്നത്‌ മാറ്റണമെന്നും പകരം ദേവനഗരി ലിപിയിലുള്ള ഹിന്ദി ഭാഷ ഉപയോഗിക്കണമെന്നുമുള്ള വാദവുമായി ഏതാനും ഹിന്ദുക്കള്‍ ഈ കാലത്ത്‌ രംഗത്തെത്തിയിരുന്നു. ഹിന്ദു–മുസ്ലിം ഐക്യം എന്ന ആശയം അസാധ്യമാണെന്ന തന്റെ നിലപാടു സ്ഥിരീകരിക്കാന്‍ സര്‍ സയ്യിദ്‌ ഇത്തരം ആവശ്യങ്ങളെ ഉപയോഗിക്കുകയാണ്‌ ചെയ്‌തത്‌. അദ്ദേഹം തന്റെ വാക്കുകളിലൂടെ ഇക്കാര്യം തുറന്ന്‌ പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു.

വരേണ്യവര്‍ഗ ചിന്തയില്‍നിന്നുകൊണ്ടാണ്‌ ഇക്കാലത്ത്‌ ഹിന്ദു–മുസ്ലിം ബന്ധങ്ങളിലുണ്ടായ എല്ലാ പുരോഗതികളെയും സര്‍ സയ്യിദ്‌ വീക്ഷിച്ചിരുന്നത്‌. ഈ സാഹചര്യങ്ങളെക്കുറിച്ച്‌ ബ്രിട്ടീഷ്‌ ഭരണകൂടവും തികഞ്ഞ അവബോധമുള്ളവരായിരുന്നു.“മുസ്ലിം വിഭാഗത്തിനിടയിലെ, പക്ഷംചേര്‍ന്ന്‌ ശത്രുതാ മനോഭാവത്തോടെ നിലനിന്ന ഈ വിഭജനം ഇന്ത്യയിലെ തങ്ങളുടെ രാഷ്‌ട്രീയ നയരൂപീകരണത്തിന്റെ പ്രധാന ഘടകമായിരുന്നു. താരതമ്യേന ന്യൂനപക്ഷമായിരുന്നെങ്കിലും പുരോഗമന കാഴ്‌ചപ്പാട്‌ പുലര്‍ത്തിയിരുന്ന മുഹമ്മദന്‍സ്‌ വിഭാഗം തങ്ങള്‍ക്ക്‌ ഇണയാകുമെന്ന്‌ അവര്‍ കണക്കുകൂട്ടി. അവരുടെ നിലപാടുകള്‍ തങ്ങളുടെ കാഴ്‌ചപ്പാടുകളുമായി ചേര്‍ന്ന്‌ നില്‍ക്കുമെന്നും (സര്‍ ജോണ്‍ സ്‌ട്രച്ചെ) ബ്രിട്ടീഷ്‌ ഭരണകൂടത്തോട്‌ ചേര്‍ന്ന്‌ നിന്ന്‌ മുസ്‌ലിംകള്‍ക്കിടയില്‍ വിദ്യാസമ്പന്നരായ ഒരു തലമുറയെ വാര്‍ത്തെടുക്കാനാണ്‌ സര്‍ സയ്യിദ്‌ ശ്രമിച്ചത്‌. വിദ്യാഭ്യാസപരമായി പുരോഗതി കൈവരിച്ചാല്‍ സ്വാതന്ത്ര്യം സ്വന്തമാക്കാന്‍ എളുപ്പമാണെന്ന നിലപാടിയിരുന്നു അദ്ദേഹത്തിന്‌. ബ്രിട്ടീഷ്‌ ഭരണകൂടത്തോട്‌ അനുഭാവം പുലര്‍ത്തിയിരുന്ന അദ്ദേഹം മുസ്‌ലിംകള്‍ക്കിടയില്‍ ആധുനിക നവോത്ഥാനം വിജയകരമായി നടപ്പാക്കുകയായിരുന്നു. രാജാറാം മോഹന്‍ റോയിയില്‍ നിന്ന്‌ സര്‍ സയ്യിദ്‌ അഹ്മദ്‌ ഖാനിലേക്കും ജസ്റ്റിസ്‌ അമീറലിയിലേക്കും മൌലവി ചിരാഗ്‌ അലിയിലേക്കും സഞ്ചരിക്കുമ്പോള്‍ അവരുടെ ആശയങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഏറ്റക്കുറച്ചിലുകള്‍ കാണാമെങ്കിലും അടിസ്ഥാനപരമായി എല്ലാവരും സമാനമായ നിലപാട്‌ സ്വീകരിച്ചിരുന്നവരായിരുന്നുവെന്ന്‌ മനസ്സിലാക്കാനാവും.

അതേസമയം മുസ്ലിംകള്‍ക്കിടയില്‍ തന്നെ പണ്ഡിത നേതൃത്വത്തിനു കീഴിലുണ്ടായിരുന്ന ദയൂബന്ദ്‌ ചിന്താസരണി പ്രചരിപ്പിച്ചിരുന്ന ആശയം ഇതില്‍ നിന്ന്‌ തീര്‍ത്തും വ്യത്യസ്‌തമായിരുന്നു. ബ്രിട്ടീഷ്‌ ആധിപത്യത്തിന്റെ കരങ്ങളില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കുന്നതിനാണ്‌ അവര്‍ പ്രഥമ പ്രാധാന്യം കല്‍പിച്ചത്‌. ഇതിനായി ഭൂരിപക്ഷ സമുദായാംഗങ്ങളുമായി കൈകോര്‍ക്കാനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി സഹകരിക്കാനും ദയൂബന്ദികള്‍ ആഹ്വാനം ചെയ്‌തു. കോണ്‍ഗ്രസുമായി ഉലമാ പ്രസ്ഥാനത്തിനുള്ള അടുപ്പം(തുടക്കം മുതല്‍ എല്ലാ കാര്യങ്ങളിലും) തന്നെയാണ്‌ ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്‌ പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചതും. മുസ്ലിംകള്‍ക്ക്‌ വഴികാട്ടിയാവുന്നതിന്‌ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ വെച്ചുകൊണ്ടാണ്‌ ജംഇയ്യത്തെ ഉലമയുടെ 1920ല്‍ നടന്ന വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്‌ഘാടനത്തില്‍ മൌലാനാ ഹുസൈന്‍ മദനി പ്രസംഗിച്ചത്‌:

1. ഇസ്ലാമിന്റെയും മുസ്ലിംകളുടെയും ഏറ്റവും വലിയ ശത്രു ബ്രിട്ടീഷ്‌ ഭരണകൂടമാണ്‌. അവരുടെ ഉത്‌പന്നങ്ങള്‍ ബഹിഷ്‌കരിക്കേണ്ടത്‌ നമ്മുടെ അടിസ്ഥാനപരമായ ബാധ്യതയാണ്‌.

2. ഇസ്ലാമിനെയും മുസ്ലിംകളെയും സംരക്ഷിക്കുന്നതിനും (മില്ലത്ത്‌) ഖിലാഫത്തിനും ഭൂരിപക്ഷ സമുദായത്തിന്റെ സഹകരണമുണ്ടാവും. അത്‌ സ്വീകാര്യവും നാം അവരോട്‌ ഇക്കാര്യത്തില്‍ കടപ്പെട്ടവരുമായിരിക്കും.

3. രാജ്യത്തിന്റെ മോചനത്തിനായി ഭൂരിപക്ഷ സമുദായവുമായി സഹകരിക്കുന്നതിന്‌ യാതൊരു തെറ്റുമില്ല. അത്‌ മുസ്ലിം വിശ്വാസങ്ങള്‍ക്ക്‌ വിരുദ്ധവുമല്ല.

4. ശത്രുവിനെതിരായ പോരാട്ടത്തില്‍ തോക്കുകളും യുദ്ധവിമാനങ്ങളും ഉള്‍പെടെ ആധുനിക യുദ്ധോപകരണങ്ങള്‍ ഉപയോഗിക്കുന്നത്‌ അനുവദനീയമാണ്‌. (മധ്യകാല ഘട്ടത്തില്‍ മുസ്ലിം വിശ്വാസപ്രകാരം ഇത്‌ അനുവദനീയമായിരുന്നില്ല).

ഇത്തരം കാര്യങ്ങള്‍ ഉദ്‌ബോധിപ്പിക്കുക മാത്രമല്ല, അത്‌ പ്രവൃത്തിമണ്ഡലത്തില്‍ കൊണ്ടുവരിക കൂടി ചെയ്‌തു ഉലമാ പ്രസ്ഥാനം. മൌലാനാ അതാഉല്ലാ ഷാ ബുഖാരിയുടെ നേതൃത്വത്തിലുള്ള അഹ്‌റാറും (വിദ്യാഭ്യാസപരമായി സ്വാതന്ത്ര്യം നേടിയ ജനത) മുസ്ലിംലീഗിന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഇക്കാലത്ത്‌ ഉന്നയിച്ചു. മുസ്ലിംലീഗിനെ ശക്തമായി അപലപിച്ച അഹ്‌റാര്‍, ലീഗ്‌ മുതലാളിത്തത്തിന്റെ പാര്‍ട്ടിയാണെന്നും സമ്പത്തിന്റെ കേന്ദ്രീകരണം ഇസ്‌ലാം അംഗീകരിക്കുന്നതല്ലെന്നും വാദിച്ചു.

മുസ്ലിം വ്യക്തനിയമം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ്‌ തയ്യാറാവുകയാണെങ്കില്‍, മുസ്ലിം ലീഗിനെക്കാള്‍ മുസ്ലിംകള്‍ മുന്‍ഗണന നല്‌കേണ്ടത്‌ കോണ്‍ഗ്രസിനാണെന്ന്‌ അഹ്‌റാര്‍ നേതാവായിരുന്ന ചൌധരി അഫ്‌സല്‍ ഹഖ്‌ പ്രസ്‌താവിക്കുകയുണ്ടായി.

ഉലമ പ്രസ്ഥാനവും

സമ്മിശ്ര ദേശീയതയും

മുസ്ലിം പണ്ഡിതന്മാരുടെ മുന്നിലുണ്ടായിരുന്ന ഏറ്റവും അടിസ്ഥാനപരമായ ചോദ്യം സമ്മിശ്ര ദേശീയതയായിരുന്നു. ദ്വിരാഷ്‌ട്ര വാദം ഉയര്‍ത്തപ്പെട്ട ഘട്ടമായിരുന്നു ഇത്‌. ഈ നിര്‍ദേശത്തെ മുസ്ലിം പണ്ഡിതന്മാര്‍ നിശിതമായി വിമര്‍ശിക്കുകയും തള്ളിക്കളയും ചെയ്‌തതുകൊണ്ടുതന്നെ, സമ്മിശ്ര ദേശീയതയ്ക്ക്‌ ഇസ്ലാമിക തത്വങ്ങളുടെ പിന്തുണ കണ്ടെത്തേണ്ടത്‌ അവരുടെ പ്രധാന ആവശ്യമായിരുന്നു. യഥാര്‍ഥത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ രൂപീകരിക്കുകയും മുസ്‌ലിംകളോട്‌ അതില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ട്‌ മൌലാനാ റാഷിദ്‌ അഹ്മദ്‌ ഗംഗോയിയുടെ നേതൃത്വത്തില്‍ വലിയുല്ലാഹി സ്‌കൂള്‍ ഫത്വ പുറപ്പെടുവിക്കുകയും ചെയ്‌ത ഘട്ടം മുതലേ ഈ വിഷയത്തില്‍ സംവാദങ്ങള്‍ ആരംഭിച്ചിരുന്നു. 1930കളുടെ അവസാനത്തില്‍ ഇമാം റബ്ബാനിയും ഈ വാദത്തിന്‌ പിന്തുണയുമായി രംഗത്തെത്തി. മുസ്ലിമല്ലാത്തവരുമായി ചേര്‍ന്ന്‌ ദേശീയത രൂപപ്പെടുത്താന്‍ ഇസ്ലാമിക തത്വങ്ങളില്‍ പിന്തുണയുണ്ടെന്നും ഇവര്‍ വാദിച്ചു. ഭിന്ന മതസംസ്‌കാരങ്ങള്‍ ചേര്‍ന്നുള്ള സമ്മിശ്ര ദേശീയതയെ `ഖൌം എന്ന ഇസ്ലാമിക സാങ്കേതികപദം കൊണ്ട്‌ വ്യവഹരിക്കാമെന്നും അവര്‍ ന്യായീകരിച്ചു. പ്രവാചകന്‍ മുഹമ്മദ്‌ നബി(സ) ആദ്യം അഭയംതേടിയത്‌ തന്റെ മുസ്ലിമല്ലാത്ത അമ്മാവന്‍ അബൂ ത്വാലിബിനോടായിരുന്നുവെന്ന്‌ ഇവര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ ഖുര്‍ആനില്‍ നിന്നുള്ള തെളിവുകള്‍ സഹിതം ഒരു ലഘുലേഖയും അവര്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. 1930കളുടെ അവസാനത്തോടെ ഇത്‌ മൌലാനാ ഹുസൈന്‍ അഹ്മദ്‌ മദനിയും പ്രശസ്‌ത ഉറുദു കവി ഡോ. മുഹമ്മദ്‌ ഇഖ്‌ബാലും തമ്മിലുള്ള സംവാദമായി മാറി. 1937 ഡിസംബറില്‍ ദല്‍ഹിയില്‍ നടത്തിയ പ്രസംഗത്തില്‍ ഇക്കാലത്ത്‌ മതപരമായ അടിസ്ഥാനത്തിലല്ല, ഭൂമിശാസ്‌ത്രപരമായ അടിസ്ഥാനത്തിലാണ്‌ ദേശീയത രൂപപ്പെടുത്തേണ്ടതെന്ന്‌ മൌലാന പ്രസ്‌താവിച്ചു. ഇസ്ലാമിക സംസ്‌കാരത്തിന്റെ തലസ്ഥാനമായി കരുതിയിരുന്ന പേര്‍ഷ്യയില്‍ നിന്നുള്ള പ്രബന്ധങ്ങള്‍ ഉറുദുവിലേക്ക്‌ വിവര്‍ത്തനം ചെയ്‌ത്‌ അവതരിപ്പിച്ചാണ്‌, ജിന്നയുടെ സഹയാത്രികനായിരുന്ന ഇഖ്‌ബാല്‍ ഇതിനെ ഖണ്ഡിച്ചത്‌. ഉറുദു പത്രങ്ങളില്‍ ഇഖ്‌ബാലിന്റെ രചനകള്‍ക്ക്‌ ഏറെ പ്രാധാന്യം ലഭിച്ചു. 1930ല്‍ അലഹാബാദില്‍ നടന്ന മുസ്ലിംലീഗ്‌ സമ്മേളനത്തെ അഭിസംബോധന ചെയ്‌തുകൊണ്ട്‌, ഒരു മുസ്ലിം ഏത്‌ ഭൂപ്രദേശത്ത്‌ ജീവിച്ചാലും അയാള്‍ ഇസ്ലാമിക ദേശീയതയുടെ ഭാഗമാകണമെന്ന്‌ ഇഖ്‌ബാല്‍ അഭിപ്രായപ്പെട്ടു. സമ്മിശ്ര ദേശീയതയെന്ന മൌലാനയുടെ നിര്‍ദേശത്തെ ഇഖ്‌ബാല്‍ സമ്മേളനത്തില്‍ തള്ളിപ്പറയുകയും ചെയ്‌തു.

വാദപ്രതിവാദങ്ങള്‍ മുറുകിയതോടെ മൌലാനയുടെ അഭിപ്രായങ്ങളെ ചോദ്യംചെയ്‌തുകൊണ്ട്‌ നിരവധി ലേഖനങ്ങള്‍ ഉറുദു പത്രങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഒടുവില്‍ പ്രത്യേക യോഗത്തില്‍ തന്റെ നിലപാടുകള്‍ വിശദീകരിക്കാന്‍ മൌലാന ശ്രമിച്ചെങ്കിലും മുസ്ലിംലീഗ്‌ പക്ഷത്തുനിന്ന്‌ യോഗം തടസ്സപ്പെടുത്താനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുണ്ടായി. എങ്കിലും വര്‍ഗശത്രുക്കളായ ജൂതരും ക്രൈസ്‌തവരും കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകളും ഇക്കാലത്ത്‌ ഭൂമിശാസ്‌ത്രപരമായ ദേശീയതയുടെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിലും അമേരിക്കയിലും ജപ്പാനിലും ഫ്രാന്‍സിലുമൊക്കെ ഒന്നിച്ചു ജീവിക്കുന്നത്‌ ചൂണ്ടിക്കാട്ടി മൌലാനാ തന്റെ നിലപാടുകളെ ന്യായീകരിച്ചു. മില്ലത്തും ഖൌമും പരസ്‌പരം മാറി ധരിച്ചാണിവിടെ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത്‌. മില്ലെത്തെന്നാല്‍ ദീനും ശരീഅത്തുമാണ്‌. ഖൌം എന്നാല്‍ സ്‌ത്രീ പുരുഷ്‌ന്മാര്‍ അടങ്ങിയ സമുദായമാണ്‌. മില്ലത്ത്‌ ഭൂമിശാസ്‌ത്രത്തിന്റെ അടിസ്ഥാനത്തിലാവണമെന്ന്‌ തനിക്ക്‌ വാദമേയില്ല. ഖൌം ഭൂമിശാസ്‌ത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം.

ഉറുദു–ബംഗ്ലാ ഭാഷകള്‍ സംസാരിക്കുന്നവരും ഹിന്ദുവും മുസ്ലിമും പാര്‍സിയും സിഖുകാരനും ഒരൊറ്റ `ഖൌം ദേശീയത ആണെന്ന്‌ മൌലാന അഭിപ്രായപ്പെട്ടു. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും പിടിയില്‍ കഴിയുന്ന ഇന്ത്യയെ പുരോഗതിയിലേക്ക്‌ നയിക്കാന്‍ ഭൂമിശാസ്‌ത്രാടിസ്ഥാനത്തില്‍ ഇന്ത്യ ഏകീകരിക്കപ്പെടേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. വര്‍ഗ, വര്‍ണ, ജാതി വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ മനുഷ്യരെ വേര്‍തിരിച്ചുനിര്‍ത്തുന്നതിന്‌ ഇസ്‌ലാം അനുമതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ആ ദിവസം വരെ അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ച പല പത്രങ്ങളും ഇതോടെ അദ്ദേഹത്തിന്റെ വാദഗതികളും വാര്‍ത്തകളില്‍ പ്രസിദ്ധീകരിച്ചുതുടങ്ങി.

ഭൂമിശാസ്‌ത്രപരമായ ദേശീയതയാണ്‌ രാജ്യതാല്‍പര്യത്തിന്‌ അനുഗുണമെന്ന കാഴ്‌ചപ്പാടായിരുന്നു മുസ്ലിം പണ്ഡിതന്മാര്‍ പുലര്‍ത്തിയിരുന്നത്‌. ഹിന്ദുക്കളല്ല, ബ്രിട്ടീഷുകാരാണ്‌ ഇസ്ലാമിന്റെ യഥാര്‍ഥ ശത്രുക്കള്‍ എന്നതായിരുന്നു അവരുടെ നിലപാട്‌. പാശ്ചാത്യ ആധിപത്യം ഇന്ത്യയില്‍ മാത്രമല്ല, മറ്റ്‌ നിരവധി രാജ്യങ്ങളിലും മുസ്ലിംകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണെന്ന്‌ അവര്‍ തിരിച്ചറിഞ്ഞു. ബ്രിട്ടീഷ്‌ ആധിപത്യത്തില്‍ നിന്ന്‌ ഇന്ത്യ മോചിതമായാല്‍ അത്‌ പാശ്ചാത്യ ആധിപത്യത്തിനു കീഴില്‍ കഴിയുന്ന മറ്റ്‌ നിരവധി മുസ്ലിം രാഷ്‌ട്രങ്ങളുടെയും മോചനത്തിന്‌ വഴിവെക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ന്യൂനപക്ഷമാണ്‌. അവരുടെ കൈകളിലാണ്‌ രാജ്യത്തിന്റെ പൂര്‍ണ നിയന്ത്രണം. അതുകൊണ്ടുതന്നെ ശത്രുപക്ഷത്തുനില്‍ക്കുന്ന ന്യൂനപക്ഷത്തെ തുരത്താന്‍ രാജ്യത്തെ ഭൂരിപക്ഷത്തിന്റെ പിന്തുണയും സഹായവും തേടുന്നത്‌ ഉചിതമാണെന്ന കാഴ്‌ചപ്പാടായിരുന്നു അവര്‍ക്കുണ്ടായിരുന്നത്‌.

ഒരേസമയം മതപരമായി യാഥാസ്ഥിതികരും രാഷ്‌ട്രീയപരമായി പുരോഗമനവാദികളുമായിരുന്നു മുസ്ലിം പണ്ഡിതന്മാര്‍. വളര്‍ന്നുവരുന്ന വരേണ്യവര്‍ഗത്തിന്റെ പ്രമാണിത്വത്തെയല്ല, ഭൂരിപക്ഷം വരുന്ന സാധാരണ മുസ്ലിംകളെയാണ്‌ അവര്‍ പ്രതിനിധീകരിച്ചത്‌.

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.