09 August 2009

വീക്ഷണവ്യത്യാസങ്ങളുടെ സാധ്യതയും സാധുതയും

വീക്ഷണവ്യത്യാസങ്ങളുടെ സാധ്യതയും സാധുതയും
SHABAB Friday, 07 August 2009
ചെറിയമുണ്ടം അബ്ദുല്‍ഹമീദ്



തെറ്റുപറ്റാനുള്ള സാധ്യത മനുഷ്യജീവിതത്തിന്റെ സ്വാഭാവികതയാണ് എന്നത് ഇസ്ലാമിലെ ഒരു അടിസ്ഥാനപാഠമാണ്. വിശുദ്ധ ഖുര്‍ആനിലെ മനുഷ്യോല്‍പത്തി ചരിത്രത്തില്‍ ആദം ദമ്പതികളുടെ തെറ്റും പശ്ചാത്താപവും പ്രത്യേകം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടല്ലോ. അവരുടെ മക്കളില്‍ ഒരാള്‍ നടത്തിയ സഹോദരഹത്യയും ഖുര്‍ആനിലെ പ്രതിപാദ്യമാകുന്നു. പ്രവാചകന്മാരുടെ ചരിത്രത്തോടൊപ്പം അവരുടെ പ്രബോധിത സമൂഹങ്ങള്‍ക്ക് പറ്റിയ തെറ്റുകളും ഖുര്‍ആനില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. തെറ്റുകളില്‍ ധിക്കാരപൂര്‍വം ഉറച്ചുനിന്നവര്‍ക്ക് അല്ലാഹു ശിക്ഷ നല്‍കി. പശ്ചാത്തപിച്ച പലര്‍ക്കും മാപ്പ് നല്‍കുകയും ചെയ്തു.

മുഹമ്മദ് നബി(സ)യുടെ പ്രബോധിതസമൂഹത്തിലും തെറ്റുകാരും കുറ്റവാളികളും ധാരാളമുണ്ടായിരുന്നു. സത്യം സ്വീകരിക്കാന്‍ സന്നദ്ധരാണെങ്കില്‍ അവരുടെ മുഴുവന്‍ തെറ്റുകുറ്റങ്ങളും പൊറുക്കാമെന്നാണ് അല്ലാഹു ഖുര്‍ആനിലൂടെ വാഗ്ദാനം ചെയ്തത്: ""പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം ചെയ്തുപോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിങ്ങള്‍ നിരാശപ്പെടരുത്, തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനധിയും'' (വി.ഖു 39:53). ""ആദമിന്റെ സന്തതികളെല്ലാം ധാരാളം തെറ്റുപറ്റുന്നവരാണ്. തെറ്റുകുറ്റങ്ങള്‍ ചെയ്യുന്നവരില്‍ ഏറ്റവും നല്ലവര്‍ ഏറെ പശ്ചാത്തപിക്കുന്നവരാണ്'' എന്ന് വ്യക്തമാക്കിയ നബി(സ) തെറ്റുകാരോട് വളരെ ഉദാരമായ നിലപാടാണ് സ്വീകരിച്ചത്. കടുത്ത അതിക്രമങ്ങള്‍ ചെയ്ത ശത്രുക്കള്‍ക്കും ഗുരുതരമായ കുറ്റങ്ങള്‍ ചെയ്ത വിശ്വാസികള്‍ക്കും അദ്ദേഹം മാപ്പ് നല്‍കി.

തെറ്റ് പറ്റിയവരും കുറ്റം ചെയ്തവരും നിര്‍വ്യാജം ഖേദിച്ചാല്‍ അവര്‍ക്ക് മാപ്പ് നല്‍കുക എന്നതാണ് അല്ലാഹുവിന്റെ നടപടിക്രമം. ഉഹ്ദ് യുദ്ധവേളയില്‍ ശത്രുക്കള്‍ക്കെതിരില്‍ കാവലിന് നബി(സ) നിയോഗിച്ച പടയാളികള്‍ കൃത്യവിലോപം കാണിച്ചതിന്റെ ഫലമായി അനേകം മുസ്ലിംകള്‍ കൊല്ലപ്പെടാനും നബി(സ)ക്ക് പരിക്കേല്‍ക്കാനും കാരണമാവുകയുണ്ടായി. എന്നിട്ടും ഗുരുതരമായ വീഴ്ച വരുത്തിയവര്‍ക്ക് അല്ലാഹു മാപ്പ് നല്‍കി. ""എന്നാല്‍ അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് നല്‍കിയിരിക്കുന്നു. അല്ലാഹു സത്യവിശ്വാസികളോട് ഔദാര്യം കാണിക്കുന്നവനാകുന്നു.'' (വി.ഖു 3:152) നിര്‍വ്യാജം ഖേദിച്ച കുറ്റവാളികള്‍ക്ക് അല്ലാഹു മാപ്പ് നല്‍കുന്നുവെങ്കില്‍ അല്ലാഹുവിന്റെ ദാസന്മാരും അവര്‍ക്ക് മാപ്പ് നല്‍കാന്‍ ബാധ്യസ്ഥരാണ്.

പ്രവാചകപത്‌നി ആഇശ(റ)യെപ്പറ്റി അപവാദം പ്രചരിപ്പിച്ച മിസ്ത്വഹ് എന്ന സ്വഹാബിക്ക് ഇനിമേല്‍ യാതൊരു സഹായവും ചെയ്യുകയില്ലെന്ന് ആഇശ(റ)യുടെ പിതാവായ അബൂബക്കര്‍ സിദ്ദീഖ്(റ) ശപഥംചെയ്തു. മകളെപ്പറ്റി അപവാദം പറഞ്ഞവരോട് ഏതൊരു പിതാവിനും കടുത്ത വെറുപ്പുണ്ടാവുക സ്വാഭാവികമാണ്. ആ വെറുപ്പിന്റെ പേരിലും ഒരു സത്യവിശ്വാസി ഔദാര്യവും നല്ല പെരുമാറ്റവും കൈവിടരുതെന്ന് ഉണര്‍ത്തിക്കൊണ്ട് അല്ലാഹു ഖുര്‍ആന്‍ സൂക്തം അവതരിപ്പിച്ചു: ""നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ദേശത്യാഗം ചെയ്തവര്‍ക്കും യാതൊന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പ് നല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ?'' (വി.ഖു 24:22). അല്ലാഹു നമുക്ക് മാപ്പ് തരണമെന്നും നമ്മുടെ പാപങ്ങള്‍ പൊറുത്തു തരണമെന്നും നാം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തെറ്റുകുറ്റങ്ങള്‍ ചെയ്തുപോയ സഹോദരങ്ങള്‍ക്ക് മാപ്പ് നല്‍കാന്‍ നാം സന്നദ്ധരായേ തീരൂ എന്നത്രെ ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

ചിന്തയിലോ വാക്കിലോ പ്രവൃത്തിയിലോ അറിയാതെ അബദ്ധം പറ്റിയവരുടെ കാര്യത്തില്‍ അല്ലാഹുവിന്റെ നിലപാട് കൂടുതല്‍ ഉദാരമാണ്. അതൊരു കുറ്റമായി അല്ലാഹു കണക്കാക്കുകയില്ലെന്നാണ് ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും ഗ്രഹിക്കാവുന്നത്. ""മറന്നു ചെയ്യുന്നതും അബദ്ധത്തില്‍ ചെയ്യുന്നതും എന്റെ സമുദായത്തിന് അപരാധമായിരിക്കില്ലെ''ന്ന് നബി(സ) വ്യക്തമാക്കിയിട്ടുണ്ട്. ""ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോവുകയോ ഞങ്ങള്‍ക്ക് അബദ്ധം പറ്റുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ'' (വി.ഖു 2:286) എന്ന് പ്രാര്‍ഥിക്കാനാണ് വിശുദ്ധ ഖുര്‍ആനിലെ നിര്‍ദേശം.

""സത്യാന്വേഷണത്തിനിടയില്‍ തെറ്റുപറ്റുന്നത് അപരാധമല്ലെന്ന് മാത്രമല്ല, തെറ്റായ നിഗമനത്തില്‍ എത്തിച്ചേര്‍ന്ന സത്യാന്വേഷിക്കും സത്യം കണ്ടെത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ പ്രതിഫലമുണ്ടെന്നാണ് പ്രബലമായ ഒരു ഹദീസില്‍ നിന്ന് ഗ്രഹിക്കാന്‍ കഴിയുന്നത്. ബോധപൂര്‍വം സത്യം മറച്ചുവെക്കുകയോ വളച്ചൊടിക്കുകയോ സ്വാഭിപ്രായം മതത്തിന്റെ മേല്‍ കെട്ടിയേല്‍പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നതേ അപരാധമാവുകയുള്ളൂ. ഇത്രയും കാര്യങ്ങള്‍ ഏറെക്കുറെ അവിതര്‍ക്കിതമാണ്. മുസ്ലിം പണ്ഡിതന്മാര്‍ക്കോ സംഘടനകള്‍ക്കോ ഇതിലൊന്നും കാര്യമായ അഭിപ്രായ വ്യത്യാസമില്ല. അല്ലാഹുവിന്റെ വിശാലമായ പാപമോചനത്തെയും വിട്ടുവീഴ്ചയെയും സംബന്ധിച്ച് പല പണ്ഡിതന്മാരും പ്രസംഗിക്കാറുണ്ട്. റസൂല്‍(സ) എതിരാളികള്‍ക്ക് മൊത്തമായി മാപ്പ് നല്‍കിയ സംഭവം ഉദ്ധരിക്കാറുണ്ട്.

എന്നാല്‍ സ്വന്തം ജീവിതവ്യവഹാരങ്ങളില്‍ ഉദാരതയും വിട്ടുവീഴ്ചയും ചെയ്യാന്‍ പലരും മറന്നുപോവുകയാണ് പതിവ്. മുസ്ലിം സമൂഹത്തില്‍ പലവിധ കക്ഷിത്വങ്ങള്‍ ഉടലെടുത്ത ശേഷം രൂക്ഷമായ വിമര്‍ശനങ്ങള്‍ വ്യാപകമായി. വ്യഭിചാരത്തിനും മോഷണത്തിനും മദ്യപാനത്തിനും മറ്റും ശിക്ഷിക്കപ്പെട്ടവരെപ്പോലും ആക്ഷേപിക്കാനോ അപഹസിക്കാനോ പാടില്ലെന്ന് പഠിപ്പിച്ച പ്രവാചക തിരുമേനി(സ)യുടെ അധ്യാപനങ്ങള്‍ക്ക് വിരുദ്ധമായി നിസ്സാരകാര്യങ്ങളുടെ പേരില്‍ ആക്ഷേപങ്ങളും ശകാരങ്ങളും ചൊരിയുന്നത് കക്ഷിത്വത്തിന്റെ വക്താക്കള്‍ പതിവാക്കി. നബി(സ)യോടൊപ്പം ആദ്യാവസാനം ഉറച്ചുനില്‍ക്കുകയും തികഞ്ഞ ധര്‍മനിഷ്ഠ പുലര്‍ത്തുകയും ചെയ്ത ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖി(റ)നെയും നീതിയുടെ പര്യായമായി വര്‍ത്തിച്ച രണ്ടാം ഖലീഫ ഉമറിനെയും(റ) ശപിക്കാന്‍ ആഹ്വാനം ചെയ്ത ശീഅകളും അലി(റ)യും മുആവിയ(റ)യും അവരുടെ അനുയായികളും ഒരുപോലെ കാഫിറുകളാണെന്ന് പ്രചരിപ്പിച്ച ഖവാരിജുകളും മാന്യമായി വിയോജിക്കുക എന്ന ഇസ്ലാമിക മര്യാദയെ അതിലംഘിക്കുകയാണ് ചെയ്തത്. മൂന്നാം ഖലീഫ ഉസ്മാന്(റ) എതിരില്‍ സ്വജനപക്ഷപാതവും മറ്റും ആരോപിച്ച് അദ്ദേഹത്തിന്റെ വീട് വളയുകയും അദ്ദേഹത്തിന്റെ വധത്തിന് വഴിയൊരുക്കുകയും ചെയ്തവരും വിട്ടുവീഴ്ചയും സഹിഷ്ണുതയും സംബന്ധിച്ച ഇസ്ലാമിക പാഠങ്ങള്‍ വിസ്മരിച്ചവരായിരുന്നു. പിന്നീട് അല്ലാഹുവിന്റെ ഗുണനാമങ്ങളെയും വിധിയെയും മറ്റും സംബന്ധിച്ച് തര്‍ക്ക വിതര്‍ക്കങ്ങളുമായി രംഗത്തുവന്ന് സമൂഹത്തെ സര്‍വത്ര ഭിന്നിപ്പിച്ചവരും തങ്ങളുടെ ആശയങ്ങളോട് വിയോജിക്കുന്നവരെ രൂക്ഷമായി വിമര്‍ശിക്കുന്ന രീതി തന്നെ തുടര്‍ന്നു. മദ്ഹബുകളുടെ പേരിലുള്ള സങ്കുചിതത്വം വളര്‍ന്നുവന്നപ്പോഴും നെറികെട്ട വിമര്‍ശനങ്ങളുണ്ടായി. രാഷ്ട്രീയവും മതപരവുമായ പലതരം കക്ഷിത്വങ്ങളുടെയും വിഭാഗീയതകളുടെയും പേരില്‍ നടന്ന കടുത്ത വിമര്‍ശനങ്ങളും തേജോവധശ്രമങ്ങളും അതിക്രമങ്ങളും മിക്കപ്പോഴും മുസ്ലിംസമൂഹത്തിന്റെ ഐക്യത്തിനും സ്വാസ്ഥ്യത്തിനും ഭംഗം വരുത്തിക്കൊണ്ടിരുന്നിട്ടുണ്ട്.

വീക്ഷണവ്യത്യാസങ്ങള്‍ മനുഷ്യസഹജമാണെന്നും അത് പ്രകടിപ്പിക്കേണ്ടത് തികച്ചും മാന്യമായ രീതിയിലാകണമെന്നും നിഷ്കര്‍ഷയുള്ള ഒരു മധ്യമവിഭാഗം ഇതോടൊപ്പം തന്നെ എക്കാലത്തും ഉണ്ടായിരുന്നു. സ്വഹാബികളില്‍ ബഹുഭൂരിപക്ഷവും വ്യത്യസ്ത വീക്ഷണങ്ങളോട് സഹിഷ്ണുത പുലര്‍ത്തുന്നവരായിരുന്നു. താന്‍ ചിന്തിക്കുന്നതുപോലെ തന്നെയാകണം മറ്റുള്ളവരുടെയും ചിന്ത എന്ന വാശി അവര്‍ പ്രകടിപ്പിച്ചിരുന്നില്ല. ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്നും പ്രവാചക നിര്‍ദേശങ്ങളില്‍ നിന്നും താന്താങ്ങള്‍ക്ക് ശരിയാണെന്ന് ബോധ്യപ്പെട്ടത് ഓരോരുത്തരും പ്രവര്‍ത്തിക്കുകയും മറ്റുള്ളവരെ അറിയിക്കുകയും ചെയ്തു. ആത്മാര്‍ഥമായ സത്യാന്വേഷണത്തിന്റെ ഫലമായി ഒരാള്‍ എത്തിച്ചേര്‍ന്ന നിഗമനത്തെ മറ്റുള്ളവര്‍ക്ക് അംഗീകരിക്കാന്‍ കഴിയാതിരുന്നപ്പോഴും അവര്‍ കടുത്ത എതിര്‍പ്പുമായി രംഗത്തുവന്നില്ല. അതുപോലെ, രാഷ്ട്രീയരംഗത്തും മറ്റും തെറ്റായ നിലപാടുകള്‍ സ്വീകരിച്ചവരെയും ഉത്തമപണ്ഡിതന്മാര്‍ രൂക്ഷമായി വിമര്‍ശിച്ചില്ല. ചിലര്‍ ഗുണകാംക്ഷയോടെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുവെന്നുമാത്രം. വിമര്‍ശിക്കപ്പെട്ടപ്പോള്‍ ചില മുസ്ലിം ഭരണാധികാരികള്‍ രോഷാകുലരായെങ്കിലും എതിരഭിപ്രായങ്ങളെയും വിമര്‍ശനങ്ങളെയും സമചിത്തതയോടെ നേരിടുകയാണ് ഉത്തമ പണ്ഡിതന്മാര്‍ ചെയ്തത്. തങ്ങളുടെ നിലപാടുകളിലും അഭിപ്രായങ്ങളിലും തെറ്റുപറ്റാന്‍ സാധ്യതയുണ്ടെന്ന് ബോധ്യമുള്ളതുകൊണ്ടും തെറ്റുകുറ്റങ്ങള്‍ അല്ലാഹു പൊറുക്കണമെങ്കില്‍ വാശിയും ശാഠ്യവും ഉപേക്ഷിച്ച് വിനീതരാകേണ്ടത് അനിവാര്യമാണെന്ന് മനസ്സിലാക്കിയതുകൊണ്ടുമാണ് അവര്‍ മിതവും സന്തുലിതവുമായ സമീപനം സ്വീകരിച്ചത്.

മദ്ഹബുകളുടെ പേരില്‍ പില്‍ക്കാലത്ത് ഗുരുതരമായ സങ്കുചിതത്വം വളര്‍ന്നുവന്നിട്ടുണ്ടെങ്കിലും മദ്ഹബ് ഇമാമുകള്‍ വീക്ഷണവ്യത്യാസങ്ങളോട് സന്തുലിതമായ നിലപാട് പുലര്‍ത്തുന്നവരായിരുന്നു. തങ്ങളുടെ ഏതെങ്കിലും അഭിപ്രായം നബിചര്യക്ക് വിരുദ്ധമാണെന്ന് ബോധ്യപ്പെട്ടാല്‍ ആ അഭിപ്രായം തള്ളിക്കളഞ്ഞ് നബിചര്യയനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്യാന്‍ മാത്രമുള്ള ആര്‍ജവവും വിനയവും ആ ഇമാമുകള്‍ക്ക് ഉണ്ടായിരുന്നു. വിയോജിക്കുന്നവരെ അവമതിക്കാനോ തരംതാഴ്ത്താനോ അവര്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. മദ്ഹബ് ഇമാമുകളുടെ പ്രമുഖ ശിഷ്യന്മാരും ഉത്തമ പാണ്ഡിത്യത്തിന്റെ നിദര്‍ശനങ്ങളായിരുന്നു. ഇന്ന് അറിയപ്പെടുന്ന പ്രമുഖ തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ് ഗ്രന്ഥങ്ങളിലെല്ലാം വിവിധ പണ്ഡിതന്മാരുടെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട്. അവയെല്ലാംകൂടി ശരിയാവുക അസാധ്യമാണെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം അറിയാം. ചില അഭിപ്രായങ്ങള്‍ സത്യത്തില്‍ നിന്ന് ഏറെ അകന്നതാണെന്ന് ഉദ്ധരിച്ചവര്‍ക്ക് തന്നെ അറിയാം. എന്നാലും അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ ഏതെങ്കിലും പണ്ഡിതനെ പുച്ഛിക്കാന്‍ പ്രമുഖ ഗ്രന്ഥകാരന്മാര്‍ മുതിര്‍ന്നിട്ടില്ല. ഇസ്ലാമിക വിഷയങ്ങളെക്കുറിച്ച് ചിന്തിക്കുകയും തങ്ങള്‍ക്ക് ശരിയെന്ന് ബോധ്യപ്പെട്ട അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്ത എല്ലാ പണ്ഡിതന്മാരോടും ഗുണകാംക്ഷ പുലര്‍ത്തുക എന്ന മഹിതമായ സമീപനമാണ് അവര്‍ സ്വീകരിച്ചത്.

കേരളത്തിലെ ഇസ്ലാമിക സംഘടനകള്‍ നടത്തുന്ന മതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലൈബ്രറികളിലും ഇത്തരം ഗ്രന്ഥങ്ങള്‍ ആദരപൂര്‍വം സൂക്ഷിക്കുന്നുണ്ട്. പക്ഷെ, ഈ ഗ്രന്ഥങ്ങള്‍ രചിച്ചവരുടെ നിലപാടിന് തീര്‍ത്തും വിരുദ്ധമാണ് ഈ ലൈബ്രറികള്‍ ഉപയോഗപ്പെടുത്തുന്നവരുടെ സങ്കുചിത സമീപനം. മത വിഷയങ്ങളുടെ വിശദാംശങ്ങളില്‍ പോലും വിയോജിക്കുന്നവരെ പുച്ഛിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന സമീപനമാണ് അവര്‍ സ്വീകരിക്കുന്നത്. തെറ്റുകുറ്റങ്ങള്‍ ചെയ്തുപോകുന്ന വിശ്വാസികളെയും അവര്‍ പുച്ഛഭാവത്തോടെയാണ് വീക്ഷിക്കുന്നത്. ഇതിന് മാറ്റം വരേണ്ടത് എല്ലാവരുടെയും ഇഹപരക്ഷേമത്തിന് അനുപേക്ഷ്യമാണ്. പണ്ഡിതന്മാരും പാമരന്മാരുമെല്ലാം തെറ്റുപറ്റാവുന്നവരാണ്. എല്ലാവരും അല്ലാഹുവിങ്കല്‍നിന്ന് മാപ്പും പാപമോചനവും ലഭിക്കേണ്ടവരാണ്. അല്ലാഹുവില്‍ നിന്ന് ഉദാരത ആഗ്രഹിക്കുന്നവരൊക്കെ മനുഷ്യസഹോദരങ്ങളോട് വിശാലമനസ്കതയും വിട്ടുവീഴ്ചയും കാണിക്കാന്‍ ബാധ്യസ്ഥരുമാണ്.

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.