09 September 2011

അഭൌതികതയുമായി ബന്ധമില്ലാത്ത അനുസരണ ശിര്‍ക്കോ?

ശബാബ്‌ 98 ഒക്ടോബര്‍ 16
അഭൌതികതയുമായി ബന്ധമില്ലാത്ത അനുസരണ ശിര്‍ക്കോ?


ചോ: `അഭൌതികത കല്‌പിക്കാതെയും പ്രാര്‍ത്ഥനാഭാവമില്ലാതെയും നടത്തുന്ന ഏതെങ്കിലും അനുസരണം ശിര്‍ക്കാണെന്ന്‌ ഖുര്‍ആനിന്റെയോ സുന്നത്തിന്റെയോ അടിസ്ഥാനത്തില്‍ തെളിയിച്ച്‌ തരാമോ?  എന്ന ചോദ്യത്തിന്‌ ജമാഅത്ത്‌ നേതാവിന്റെ മറുപടിയില്‍ തെളിവായി ഉദ്ധരിച്ച ഖുര്‍ആന്‍ വാക്യങ്ങള്‍ താഴെ ചേര്‍ക്കുന്നു.വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു. ``അല്ലാഹു വിന്റെ നാമത്തില്‍ അറുക്കപ്പെട്ടിട്ടില്ലാത്തവയുടെ മാംസം നിങ്ങള്‍ തിന്നരുത്‌. അത്‌ കുറ്റകരമാണ്‌. പിശാചുക്കള്‍ തങ്ങളുടെ സഖാക്കളുടെ മനസുകളില്‍ സംശയങ്ങളുയര്‍ത്തിക്കൊണ്ടിരിക്കുന്നുണ്ട്‌.അവര്‍ നിങ്ങളോട്‌ തര്‍ക്കിക്കാന്‍. എന്നാല്‍ നിങ്ങള്‍ അവരെ അനുസരിക്കുകയാണെങ്കില്‍ നിങ്ങള്‍ മുശ്‌രിക്കുകള്‍ തന്നെ തീര്‍ച്ച(അല്‍ അന്‍ആം :121), അവര്‍ തങ്ങളുടെ മതപണ്ഡിതന്മാരെയും പുരോഹിതന്മാരെയും അല്ലാഹുവെ കൂടാതെ റബ്ബുകളാക്കി. അപ്രകാരം തന്നെ മര്‍യമിന്റെ മകന്‍ മസീഹിനേയും അവരോ, ഒരേയൊരു ദൈവത്തിന്‌ ഇബാദത്ത്‌ ചെയ്യാനല്ലാതെ കല്‌പിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല``(അത്തൌബ :31)


(`മുഖാമുഖം പരിപാടികളിലൂടെ പ്രബോധനം വാരിക 1998 ആഗസ്‌ത്‌ 22) ഈ തെളിവുകളെ സംബന്ധിച്ച്‌ മുസ്‌ലിമിന്റെ പ്രതികരണമെന്ത്‌?
ഉ: സൂറത്തുല്‍ അന്‍ആമിലെ 118 മുതല്‍ 121 വരെയുള്ള വചനങ്ങളുടെ സാരം നോക്കുക.
``അതിനാല്‍ അല്ലാഹുവിന്റെ നാമം ഉച്ചരിച്ചറുക്കപ്പെട്ടതില്‍ നിന്ന്‌ നിങ്ങള്‍ തിന്നുകൊള്ളുക.നിങ്ങള്‍ അവന്റെ വചനങ്ങളില്‍ വിശ്വസിക്കുന്നവരാണെങ്കില്‍.
അല്ലാഹുവിന്റെ നാമം ഉച്ചരിച്ചറുക്കപ്പെട്ടതില്‍ നിന്ന്‌ നിങ്ങള്‍ എന്തിന്‌ തിന്നതിരിക്കണം? നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയത്‌ അവന്‍ നിങ്ങള്‍ക്ക്‌ വിശദമാക്കിതന്നിട്ടുണ്ടല്ലോ. നിങ്ങള്‍( തിന്നുവാന്‍) നിര്‍ബന്ധിതരാതിത്തീരുന്നതൊഴികെ . ധാരാളം പേര്‍ യാതൊരു വിവരമില്ലാതെ തന്നിഷ്ടങ്ങള്‍ക്കനുസരിച്ച്‌ (ആളുകളെ ) പിഴപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. തീര്‍ച്ചയായും നിന്റെ രക്ഷിതാവ്‌ അതിക്രമകാരികളെപറ്റി നല്ലവണ്ണം അറിയുന്നവനത്രെ?
പാപത്തില്‍ നിന്ന്‌ പ്രത്യക്ഷമായതും പരോക്ഷമായതും നിങ്ങള്‍ വെടിയുക. പാപം സമ്പാദിച്ചു വെക്കുന്നവരാരോ അവര്‍ ചെയ്‌തു കൂട്ടുന്നതിന്‌ തക്ക പ്രതിഫലം തീര്‍ച്ചയായും അവര്‍ക്ക്‌ നല്‌കപ്പെടുന്നതാണ്‌.
അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്ന്‌ നിങ്ങള്‍ തിന്നരുത്‌. തീര്‍ച്ചയായും അത്‌ അധര്‍മമാണ്‌. നിങ്ങളോട്‌ തര്‍ക്കിക്കാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക്‌ തീര്‍ച്ചയായും ദുര്‍ബോധനം നല്‌കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ (അല്ലാഹുവോട്‌) പങ്ക്‌ ചേര്‍ക്കുന്നവരായിപ്പോകും."


ഈ വചനങ്ങളില്‍ ചര്‍ച്ച ചെയ്‌ത വിഷയമെന്താണ്‌? അല്ലാഹുവിന്റെ പേരില്‍ അറുക്കപ്പെട്ട ജീവികളുടെ മാംസം ഭക്ഷിക്കുന്നതിനോട്‌ എതിര്‍പ്പുള്ളവര്‍ ജാഹിലിയാ സമൂഹത്തിലുണ്ടായിരുന്നു. അല്ലാഹുവല്ലാത്ത ആരാധ്യരുടെ പേറില്‍ അറുത്തതോ, അല്ലാഹുവിന്റെ നാമം ഉച്ചരിക്കാതെ അറുത്തതാ, ആയ ജന്തുക്കളുടെ മാംസം കഴിക്കുന്നത്‌ നിഷിദ്ധമല്ലെന്ന്‌ വാദിക്കുന്നവരും അവിടെയുണ്ടായിരുന്നു. ഇങ്ങനെ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്കെതിരില്‍ അവര്‍ തര്‍ക്കമുന്നയിച്ചത്‌ എന്തിന്റെ പേരിലായിരുന്നു? അവിടത്തെ ഭരണനിയമത്തിന്‌ വിരുദ്ധമാണ്‌ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ എന്ന്‌തിന്റെ പേരിലായിരുന്നോ? പോഷകാഹാരം സംബന്ധിച്ച അവിടുത്തുകാരുടെ ധാരണക്ക്‌ വിരുദ്ധമാണ്‌ ഖുര്‍ആനിലെ നിയമം എന്നതുകൊണ്ടായിരുന്നോ? ഏതെങ്കിലും നാടുവാഴിയുടെ അഭിരുചിക്ക്‌ വിരുദ്ധമാണ്‌ മാംസാഹാരത്തെ സംബന്ധിച്ച ദൈവികനിയമം എന്ന കാരണത്താലായിരുന്നോ? ഇങ്ങനെ വല്ല ഭൌതിക വിഷയവുമായിരുന്നു അവരുടെ തര്‍ക്കത്തിന്‌ നിദാനമെന്ന്‌ പ്രാമാണികരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളാരും ചൂണ്ടിക്കാണിച്ചിട്ടില്ല.


ഹലാല്‍ ഹറാമുകളെ സംബന്ധിച്ച്‌ അഥവാ മതപരമായ അനുവദനീയതയും നിഷിദ്ധതയും സംബന്ധിച്ച്‌ അറേബ്യയിലെ പുരോഹിതന്മാര്‍ വിശ്വസിച്ചിരിക്കുന്നതിന്‌ വിരുദ്ധമാണ്‌ ഖുര്‍ആനിലെ വിധിവിലക്കുകള്‍ എന്ന കാരണത്താലാണ്‌ അവിടത്തെ ബഹുദൈവവിശ്വാസികള്‍ തര്‍ക്കമുന്നയിച്ചിരുന്നത്‌. സൂറത്തുല്‍ അന്‍ആമിലെ 136 മുതല്‍ 148 വരെയുള്ള വചനങ്ങളില്‍ നിന്നും ഈ കാര്യം കൂടുതല്‍ വ്യക്തമാവും. രാഷ്ട്രീയത്തിന്റെയോ ഭൌതികശാസ്‌ത്രത്തിന്റെയോ പേരിലാണ്‌ അറേബ്യയിലെ ബഹുദൈവവിശ്വാസികള്‍ മാംസാഹാരത്തിന്റെ കാര്യത്തില്‍ തര്‍ക്കമുന്നയിച്ചതെന്ന്‌ പറയാന്‍ ഖുര്‍ആനില്‍ യാതൊരു തെളിവുമില്ല. മതത്തിന്റെ പേരില്‍ ഒരു കാര്യം ഹറാമാണെന്ന്‌ പുരോഹിതന്മാരോ അവരുടെ അനുയായികളോ പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം ആ കാര്യം ചെയ്യുന്നത്‌ നിമിത്തം അഭൌതികമായ ശിക്ഷയുണ്ടാകുമെന്ന്‌ അവര്‍ വാദിക്കുന്നുവെന്ന്‌ തന്നെയാണ്‌. രാജാക്കന്മാരോ മന്ത്രിമാരോ ഭരണനിയമങ്ങളിലൂടെ നിരോധിക്കുന്ന ഭക്ഷ്യവസ്‌തുക്കളെ സംബന്ധിച്ചോ പോഷക ഗുണങ്ങളില്ലാത്തതെന്ന്‌ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്ന ആഹാരങ്ങളെ സംബന്ധിച്ചോ ഹറം എന്ന്‌ മതവിശ്വാസികള്‍ പറയാറില്ല.


സൂറത്തില്‍ അന്‍ആം 121 –ാം വചനത്തില്‍ പ്രതിപാദിക്കുന്ന വിഷയം അഭൌതികമായ രക്ഷാശിക്ഷകള്‍ക്ക്‌ നിദാനമാകുന്ന ദൈവികമായ വിധിവിലക്കുകളെ നിരാകരിക്കുകയും അതിനെതിരില്‍ പുരോഹിതമതത്തിന്റെ ഹലാല്‍– ഹറാം വിധികള്‍ അംഗീകരിക്കുകയും ചെയ്‌താല്‍ ശിര്‍ക്കാകും എന്നാണ്‌. ഇതിന്‌ അഭൌതികതയിലുള്ള വിശ്വാസവുമായി ബന്ധമില്ലെന്ന്‌ ജമാഅത്തുകാര്‍ വാദിക്കുന്നത്‌ എന്തുകൊണ്ടാണെന്ന്‌ `മുസ്‌ലിമി ന്‌ മനസിലാകുന്നില്ല.


സൂറത്തുതൌബ്‌ 31 ാം വചനത്തിലെ പ്രതിപാദ്യവിഷയവും മതപരമായ വിധിവിലക്കുകള്‍– ഹലാല്‍ ഹറാം – വിധികള്‍ തീരുമാനിക്കാന്‍ മതപണ്ഡിതന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും അധികാരമുണ്ടെന്ന്‌ വിശ്വസിക്കുന്നവരുടെ കാര്യമാണ്‌. ഈ വചനത്തില്‍ `അവര്‍ എന്ന്‌ പറഞ്ഞത്‌ തൊട്ട്‌ മുമ്പ്‌ പറഞ്ഞ ക്രൈസ്‌തവരെപറ്റി മാത്രമോ 30 ആം വചനത്തില്‍ പരാമര്‍ശിച്ച രണ്ടു വിഭാഗത്തേയും – യഹൂദരേയും ക്രൈസ്‌തവരേയും– സംബന്ധിച്ച്‌ മൊത്തമായിട്ടോ ആകാം. രണ്ടു വിഭാഗവും മതവിധികള്‍ക്ക്‌ ആധാരമാക്കുന്നത്‌ പുരോഹിതന്മാരുടെ ലേഖനങ്ങളെയും ഗ്രന്ഥങ്ങളെയുമാണ്‌. തൌറാത്തിലും ഇഞ്ചീലിലും എന്തു പറഞ്ഞുവെന്ന്‌ നോക്കാതെ പൌരോഹിത്യത്തിന്റെ വിധിയെ പ്രമാദമുക്തമായി അംഗീകരിക്കുകയാണ്‌ ഇരു വിഭാഗവുംചെയ്യുന്നത്‌. പുരോഹിതന്‍ ഹറാമെന്ന്‌ വിധിച്ച കാര്യം ചെയ്‌താല്‍ അഭൌതികമായ ശിക്ഷ ഏല്‌ക്കേണ്ടി വരുമെന്ന്‌ അവര്‍ വിശ്വസിക്കുന്നു. യഹൂദ – ക്രൈസ്‌തവ പുരോഹിതന്മാരുടെ ഹലാല്‍– ഹറാം വിധികള്‍ അഭൌതികമായ രക്ഷാശിക്ഷകളുടെ വിശ്വാസവുമായി ബന്ധപ്പെട്ടതല്ലെന്ന്‌ ഈ മതങ്ങളുടെ മൌലിക ഘടന മനസിലാക്കിയ ആരും പറയില്ല.


അഭൌതികമായ രക്ഷാശിക്ഷകളിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ലാത്ത അനുസരണത്തിന്റെ ഒരു പ്രധാന ഇനമാണല്ലോ പ്രജകള്‍ രാജാക്കന്മാരുടെയും മന്ത്രിമാരുടെയും മറ്റും ഭരണനിയമങ്ങള്‍ അനുസരിക്കുന്നത്‌. ഈ അനുസരണം എല്ലാ കാലത്തും വ്യാപകമായ തോതില്‍ ഉണ്ടായിട്ടുണ്ട്‌. ഈ അനുസരണം ശിര്‍ക്ക്‌(ബഹുദൈവത്വം) ആണെന്നും ഇതിനെതിരില്‍ ജനങ്ങളെ ബോധവല്‌ക്കരിക്കുന്നത്‌ പ്രവാചകന്മാരുടെ പ്രധാന ദൌത്യമായിരുന്നു എന്നുമാണല്ലോ ജമാഅത്തുകാര്‍ പ്രചരിപ്പിക്കുന്നത്‌. എന്നാല്‍, ഏതെങ്കിലുമൊരു പ്രവാചകന്‍, ഭരണാധികാരിയെ അനുസരിക്കുന്നത്‌ ശിര്‍ക്കണെന്ന്‌ ജനങ്ങളുടെ മുമ്പാകെ പ്രഖ്യാപിച്ചിട്ടുണ്ടോ? വിശുദ്ധ ഖുര്‍ആനിലോ പ്രാമാണിക ഗ്രന്ഥമായ ഹദീസിലോ അങ്ങനെ കാണുന്നില്ല.ഇബ്രാഹീം നബി(അ) യുടെ നാട്ടുകാര്‍ നംറൂദ്‌ രാജാവിന്റെ ഭരണനിയമങ്ങള്‍ അനുസരിക്കുന്നവരായിരുന്നു. മൂസാ നബി(അ) യുടെ പ്രബോധിത ജനത സ്വയം ദിവ്യത്വം അവകാശപ്പെട്ട സ്വേച്ഛാധിപതിയായ ഫിര്‍ഔന്റെ ഭരണനിയമങ്ങള്‍ അനുസരിച്ചിരുന്നു. റോമന്‍ ചക്രവര്‍ത്തിമാര്‍ ഉള്‍പ്പടെ അനേകം രാജാക്കന്മാരുടെ നിയമങ്ങള്‍ അനുസരിച്ച്‌ ജീവിക്കുന്നവരായിരുന്നു നബി(സ) യുടെ സമകാലികരായ യഹൂദരും ക്രൈസ്‌തവരും. അവരുടെ മുന്‍ഗാമികളുടെ അവസ്ഥയും തഥൈവ. എന്നാല്‍ ഈ ജനവിഭാഗങ്ങള്‍ അവരുടെ രാജാക്കന്മാരെയോ മന്ത്രിമാരെയോ റബ്ബുകളാക്കി എന്ന്‌ അല്ലാഹുവോ റസൂലോ(സ) കുറ്റപ്പെടുത്തിയിട്ടില്ല. പണ്ഡിതന്മാരെയും പുരോഹിത്മാരെയും റബ്ബുകളാക്കി എന്നാണ്‌ കുറ്റപെടുത്തിയത്‌.


മതനേതൃത്വത്തെ അനുസരിക്കുന്നതും രാഷ്ട്രീയ നേതൃത്വത്തെ അനുസരിക്കുന്നതും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസമാണ്‌ ഈ അന്തരത്തിന്‌ കാരണം. ദൈവികമായ ആധികാരികതയുണ്ടെന്ന്‌ തങ്ങള്‍ വിശ്വസിച്ചിരുന്ന മതനേതാക്കളെ അനുസരിക്കാതിരുന്നാല്‍ അഭൌതികമായ ശിക്ഷയുണ്ടാകുമെന്നും അനുസരിച്ചാല്‍ അഭൌതികമായ അനുഗ്രഹം ലഭിക്കുമെന്നുമാണ്‌ യഹൂദരും ക്രൈസ്‌തവരും കരുതിയിരുന്നത്‌. അതിനാല്‍ അവരിലെ വിശ്വാസികള്‍ ജീവിതത്തിന്റെ രഹസ്യവും പരസ്യവുമായ എല്ലാ രംഗങ്ങളിലും മതനേതാക്കളെ അനുസരിച്ചിരുന്നു. എന്നാല്‍ ഭരണാധികാരികളുടെ നിയമങ്ങള്‍ക്ക്‌ അവര്‍ ദൈവികമായ ആധികാരികതയോ പ്രമാദമുക്തതയോ കല്‌പിക്കാത്തതുകൊണ്ട്‌ അധികാരത്തിന്റെ പ്രത്യക്ഷമായ കരങ്ങള്‍ എത്തുന്ന സന്ദര്‍ഭങ്ങളിലും സാഹചര്യങ്ങളിലും മാത്രമേ രാഷ്ട്രീയമായ അനുസരണമുണ്ടായിരുന്നുള്ളൂ.ഇന്നും ഈ മത വിഭാഗങ്ങളുടെ അവ്‌സ്ഥ ഏറെ വ്യത്യസ്‌തമല്ല. മുഖ്യ പുരോഹിതന്മാരുടെ നിയമങ്ങള്‍ സര്‍വാത്മനാ അനുസരിക്കുന്ന യഹൂദ– ക്രൈസ്‌തവ വിശ്വാസികള്‍ രാഷ്ട്രസാരഥികളുടെ ഉത്തരവുകള്‍ മറികടക്കാന്‍ പഴുതുകള്‍ തേടുന്ന കാഴ്‌ചയാണ്‌ ലോകത്തിന്റെ ഏത്‌ ഭാഗത്തും കാണാന്‍ കഴിയുക.


രാഷ്ട്രീയ അനുസരണമാണ്‌ സര്‍വപ്രധാനമെന്നും, ദൈവേതര ഭരണാധികാരികളെ രാഷ്ട്രീയമായി അനുസരിക്കുന്ന അവസ്ഥ അവസാനിപ്പിക്കാനാണ്‌ അല്ലാഹു പ്രവാചകന്മാരെയെല്ലാം നിയോഗിച്ചതെന്നും എങ്ങനെയോ ധരിച്ചുവശായ ജമാഅത്തുകാര്‍ക്ക്‌ അനുസരണത്തിന്റെ ഭൌതികവും അഭൌതികവുമായ മാനങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തതില്‍ അദ്‌ഭുതമില്ല.


ആരെന്തു പറഞ്ഞാലും, ആരാധനയുടെ സ്വാഭാവമുള്ള അഭൌതികമാനമുള്ള അനുസരണത്തെ മാത്രമേ അല്ലാഹുവും റസൂലും(സ) ഇബാദത്തായി ഗണിച്ചിട്ടുള്ളൂ എന്നതാണ്‌ സത്യം. ഹലാല്‍ –ഹറാം നിര്‍ണയിക്കാന്‍ പുരോഹിതന്മാര്‍ക്കാണ്‌ അധികാരമുള്ളതെന്ന്‌ വിശ്വസിച്ചിരുന്ന ജനവിഭാഗങ്ങളുടെ നിലപാടിനെ വിശുദ്ധ ഖുര്‍ആന്‍ ശിര്‍ക്ക്‌ എന്ന്‌ വിശേഷിപ്പിച്ചു. റസൂലും(സ) അത്‌ ഊന്നിപ്പറഞ്ഞു. എന്നാല്‍ അത്‌ അറേബ്യയിലെ ബഹുദൈവവാദികളും യഹൂദരും ക്രൈസ്‌തവരുമൊക്കെ വിവിധ നാടുവാഴികളുടെ ഭരണ നിയമങ്ങള്‍ അനുസരിക്കാറുണ്ടായിരുന്നു. അധികാരത്തിന്റെ കൈകള്‍ ചെന്നെത്തുന്ന മേഖലകളിലെ മാത്രം അനുസരണം. ഈ അനുസരണത്തെ അല്ലാഹുവോ റസൂലോ(സ) ശിര്‍ക്ക്‌ എന്ന്‌ വിശേഷിപ്പിച്ചിട്ടില്ല. അതുകൊണ്ടാണ്‌ ഇസ്‌ലാമിക നിയമങ്ങള്‍ക്ക്‌ വിരുദ്ധമല്ലാത്ത വിഷയങ്ങളില്‍ ഗവണ്മെന്റിന്റെ നിയമങ്ങള്‍ അനുസരിക്കുന്ന ഇന്ത്യന്‍ മുസ്‌ലിംകളുടെ മേല്‍ രാഷ്ട്രീയ ശിര്‍ക്ക്‌ ആരോപിക്കാന്‍ പാടില്ലെന്ന്‌ മുജാഹിദുകള്‍ പറയുന്നത്‌. ജമാഅത്തുകാര്‍ ഈ വിഷയത്തില്‍ പരസപര വിരുദ്ധമായ അഭിപ്രായങ്ങള്‍ ഉന്നയിച്ചുകൊണ്ട്‌ ജനങ്ങലെ ആശയക്കുഴപ്പത്തിലാക്കുകയാണ്‌ ചെയ്യുന്നത്‌.No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.