09 September 2011

സലഫിസവും അനുസരണശിര്‍ക്കും.

സലഫിസവും അനുസരണശിര്‍ക്കും.
മുഖാമുഖം (ശബാബ് 2001 ഏപ്രില്‍ 27 മുഖാമുഖം)
'സലഫിസത്തിന്‍റെ സമീപനങ്ങള്‍' എന്ന ശൈഖ് അബ്ദുര്‍റഹിമാന്‍ അബ്ദുല്‍ ഖാലിഖിന്‍റെ ലേഖനസമാഹാരം(IPH) വായിക്കാനിടയായി. അതിലെ ഒരു ഭാഗം ചുവടെ ചേര്‍ക്കുന്നു.
"തനിക്കു മാത്രമാണെന്ന് അല്ലാഹു നിശ്ചയിച്ച ഏതെങ്കിലും ഒരു ആരാധനാ കര്‍മ്മം മറ്റാര്‍ക്കെങ്കിലും സമര്‍പ്പിച്ചാല്‍ അത് ശിര്‍ക്കായി ഗണിച്ചിരിക്കുന്നു അല്ലാഹു. അതേപ്രകാരം തന്നെ ഏതെങ്കിലുമൊരു കാര്യത്തില്‍ തനിക്കു പകരം മറ്റൊരാളെ അനുസരിക്കുന്നത് ശിര്‍ക്കായി ഗണിച്ചിരിക്കുന്നു. അപ്പോള്‍ ആരാധനയിലേയും അനുസരണത്തിലേയും ശിര്‍ക്ക് ഒരുപോലെ സമമാണ്‌. അല്ലാഹു പറഞ്ഞു: അവന്‍ തന്‍റെ ആധിപത്യത്തില്‍ ആരെയും പങ്കാളിയാക്കുന്നില്ല. (അല്‍ കഹ്‍ഫ് :26)  ----പേജ് 23
തുടര്‍ന്ന് സൂറ:അന്‍ആം 121-‍ ആം ആയത്ത് - ശവം തിന്നുന്നത് സംബന്ധിച്ച തര്‍ക്കം --ഉദ്ധരിച്ച ശേഷം ഇപ്രകാരം കാണാം
: "അല്ലാഹുവിനെ ധിക്കരിച്ചുകൊണ്ട് മറ്റുള്ളവരെ അനുസരിക്കുന്നത് ശിര്‍ക്കാണെന്ന് അര്‍ത്ഥശങ്കക്കിടമില്ലാത്തവിധം വ്യക്തമാക്കുന്ന വചനമാണിത്. ആ അനുസരണം ചെറിയ കാര്യത്തിലോ വലിയ കാര്യത്തിലോ എന്നതൊന്നും വിഷയമല്ല".
അനുസരണവുമായി ബന്ധപ്പെട്ട വിഷയത്തിന്‌ മുജാഹിദുകളുടെ വീക്ഷണം ഇതുമായി യോജിക്കുന്നതാണോ? അതല്ല; അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ പ്രാമാണികരായ മറ്റേതെങ്കിലും സലഫി പണ്ഠിതന്മാരെ ഉദ്ധരിച്ച് അത് വ്യക്തമാക്കണമെന്ന് താല്‍പര്യപ്പെടുന്നു.
എം.എ അനീസ് , വെളിയത്തുനാട്ഉ:  സലഫിസം എന്ന പേരില്‍ ഒരു ഇസമില്ല. സലഫ് എന്നാല്‍ പൂര്‍വ്വികരാണ്‌. സലഫുസ്സാലിഹ് എന്നു പറഞ്ഞാല്‍ സച്ചരിതരായ പൂര്‍വ്വികര്‍. മഹാന്മാരായ സഹാബികളൂം അവരുടെ അടുത്ത ഏതാനും തലമുറകളിലുള്ളവരുമാണവര്‍.  ഇസങ്ങളുടെ പിന്നാലെ പോകാതെ വിശുദ്ധ ഖുര്‍ആനില്‍ നിന്നും തിരുസുന്നത്തില്‍ നിന്നും ഇസ്‍ലാമിക തത്വങ്ങള്‍ ഗ്രഹിച്ചവര്‍. അതേ മാര്‍ഗ്ഗം തെരെഞ്ഞെടുത്തവരാണ്‌ ഇന്ന് സലഫികള്‍ എന്നറിയപ്പെടുന്നവര്‍. സലഫികള്‍ മുഹമ്മദ് നബി(സ) ക്ക് ശേഷമുള്ള യാതൊരു പണ്ഡിതനും അപ്രമാദിത്വം കല്‍പിക്കുന്നില്ല. പ്രവാചകന്മാര്‍ ഒഴികെയുള്ള മനുഷ്യരൊക്കെ തെറ്റു പറ്റാവുന്നവരാണ്‌. ചില കാര്യങ്ങള്‍ ആപേക്ഷികമായ തെറ്റും ശരിയുമാകാം. അതായത് ഒരാള്‍ക്ക് ശരിയായും മറ്റൊരാള്‍ക്ക് തെറ്റായും തോന്നുന്ന കാര്യങ്ങള്‍.  ചിലത് ഭാഗികമായി തെറ്റും ഭാഗികമായി ശരിയുമാകാം. ശൈഖ് അബ്ദുര്‍റഹിമാറന്‍റെ അനുസരണ ശിര്‍ക്കിനെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഏതു വിഭാഗത്തില്‍പ്പെടുന്നുവെന്ന് വായനക്കാര്‍ തന്നെ തീരുമാനിക്കട്ടെ. 
നമ്മുടെ ആദിപിതാവ് ആദം(അ) ഇബ്‍ലീസിന്‍റെ നിര്‍ദ്ദേശം അനുസരിച്ചുവെന്നും അല്ലാഹുവോട് അനുസരണക്കേട് കാണിച്ചുവെന്നും വിശുദ്ധ ഖുര്‍‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു വിലക്കിയ വൃക്ഷത്തില്‍ നിന്ന് ആദമും(അ), ഭാര്യയും ഭുജിച്ചതിനെ സംബന്ധിച്ച് വിശുദ്ധ ഖുര്‍‍ആന്‍ പറയുന്നത് നോക്കുക: 
"അങ്ങനെ അവര്‍ ആ വൃക്ഷത്തില്‍ നിന്നും ഭക്ഷിച്ചു. അപ്പോള്‍ അവര്‍ക്ക് തങ്ങളുടെ ഗുഹ്യഭാഗങ്ങള്‍ വെളിപ്പെടുകയും സ്വര്‍ഗ്ഗത്തിലെ ഇലകള്‍ കൂട്ടിച്ചേര്‍ത്ത് സ്വയം പൊതിയാന്‍ അവര്‍ തുടങ്ങുകയും ചെയ്തു. ആദം തന്‍റെ രക്ഷിതാവിനോട് അനുസരണക്കേട് കാണിക്കുകയും പിഴച്ചുപോവുകയും ചെയ്തു. അനന്തരം അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തെ ഉല്‍കൃഷ്ടനായി തെരഞ്ഞെടുക്കുകയും അദ്ദേഹത്തിന്‍റെ പശ്ചാത്താപം സ്വീകരിക്കുകയും മാര്‍ഗ്ഗദര്‍ശനം നല്‍കുകയും ചെയ്തു. "(വി.ഖു 20: 121,122)
അല്ലാഹുവെ അനുസരിക്കേണ്ടതിനു പകരം ഇബ്‍ലീസിനെ അനുസരിക്കുകയാണ്‌ ആദം(അ) ചെയ്തത്. എന്നാല്‍, അദ്ദേഹം ശിര്‍ക്കോ കുഫ്‍റോ ചെയ്തുവെന്ന് അല്ലാഹുവോ റസൂലോ(സ) പറഞ്ഞിട്ടില്ല. പൂര്‍വ്വികരിലും പിന്‍ഗാമികളീലും പെട്ട പക്വമതികളായ പണ്ഡിതന്മാരും അങ്ങനെ പറഞ്ഞിട്ടില്ല. ഈ വിധത്തില്‍ പിശാചിനെയോ ദേഹേച്ഛയേയോ കൂട്ടുകാരേയോ അനുസരിക്കുന്നത് ശിര്‍ക്കോ കുഫ്‍റോ അല്ലാത്ത പാപമായിട്ട് മാത്രമേ സലഫികള്‍ ഉള്‍പ്പടെയുള്ള പ്രമുഖ പണ്ഡിതന്മാര്‍ പരിഗണിച്ചിട്ടുള്ളൂ. 
അല്ലാഹുവെ ധിക്കരിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിന്‍റെ നിയമങ്ങളെ തള്ളിക്കളയുകയും മറ്റാരുടെയെങ്കിലും നിയമങ്ങള്‍ക്ക് തത്തുല്യമായ സ്ഥാനം കല്‍പിക്കുകയുമാണെങ്കില്‍ അതിനെ കുഫ്‍റെന്നും ഒരര്‍ത്ഥത്തില്‍ ശിര്‍ക്കെന്നും വിശേഷിപ്പിക്കാവുന്നതാണ്‌. അല്ലാഹുവിന്‍റെ നിയമങ്ങള്‍ അനുസരിക്കേണ്ടതില്ല എന്ന നിലപാട് കുഫ്‍റാണ്, ദൈവനിഷേധമാണ്‌. ദൈവിക നിയമങ്ങള്‍ക്ക് തുല്യമായി മറ്റാരുടേയെങ്കിലും നിയമങ്ങള്‍ക്ക് സ്ഥാനം കല്‍പ്പിക്കുന്നത് ആ നിയമദാതാവിനെ അല്ലാഹുവിന്‌ തുല്യനാക്കലാണ്‌; ശിര്‍ക്കാണ്‌. ഏത് തരത്തിലുള്ള അനുസരണമാണ്‌ ശിര്‍ക്കാവുന്നതെന്നും ഏതൊക്കെ വിധത്തിലുള്ള അനുസരണമാണ്‌ പാപം മാത്രമാകുന്നതെന്നും വേര്‍തിരിച്ചുകാണിക്കുകയാണ്‌ പണ്ഡിത ധര്‍മ്മം. അല്ലാഹുവെ ബോധപൂര്‍വ്വം ധിക്കരിക്കുന്ന മനുഷ്യന്‍ അതോടെ തന്നെ സത്യനിഷേധിയായി തീരുകയാണ്‌. പിന്നെ അവന്‍ ആരെയൊക്കെ അനുസരിക്കുന്നുവെന്നത് അവനെ സംബന്ധിച്ച മതവിധിയില്‍ മൌലികമായ മാറ്റമൊന്നും വരുത്തുന്നില്ല. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവിന്‍റെ നിയമങ്ങളെ ആദരിക്കുന്നതോടൊപ്പം വല്ല കാര്യത്തിലും പിശാചിനെയോ ദേഹേച്ഛയേയോ അനുസരിച്ച് പോകുന്നത് ഈ വകുപ്പില്‍ പെടുത്തേണ്ട കാര്യമല്ല. 
അന്‍ആം 121 ‌‌ാം  വചനത്തിന്‍റെ ഉള്ളടക്കം കേവലം ശവം തിന്നുന്ന പ്രശ്നമല്ല. അല്ലാഹുവിന്‍റെ നാമം ഉച്ചരിച്ച് അറുത്തതല്ലാത്ത ജീവികളുടെ -  ഇതില്‍ ഇതര ദൈവങ്ങള്‍ക്കും പുണ്യാത്മാക്കള്‍ക്കും നേര്‍ച്ചയായും ബലിയായും അര്‍പ്പിച്ചതടക്കം പല ഇനങ്ങള്‍ ഉള്‍പ്പെടും - മാംസം അല്ലാഹു നിഷിദ്ധമാക്കിയതിനെതിരില്‍ കുതര്‍ക്കങ്ങള്‍ ഉന്നയിക്കുന്നവരുടെ വാദഗതികള്‍ നിങ്ങള്‍ സ്വീകരിച്ചുപോയാല്‍ നിങ്ങളും മുശ്‍രിക്കുകളായിത്തീരും എന്നാണ്‌ ഈ വചനം സത്യവിശ്വാസികളെ ഉണര്‍ത്തുന്നത്. ബഹുദൈവാരാധകരുടെ ഇസ്‍ലാം വിരുദ്ധ വാദഗതികള്‍ അംഗീകരിക്കുന്നത് ശിര്‍ക്കാണെന്നു പറയുന്നത് കേവലം അനുസരണത്തിന്‍റെ പ്രശ്നമല്ല. അല്ലാഹുവിന്‍റെ നിയമങ്ങളെ ധിക്കരിക്കുകയോ ഇന്ത്യാഗവണ്മെന്‍റിന്‌ അനിഷേധ്യമായ ആധികാരികത കല്‍പ്പിക്കുകയോ ചെയ്യാതെ ഇവിടത്തെ മതവിരുദ്ധമല്ലാത്ത ഭരണനിയമങ്ങള്‍ മുസ്‍ലിങ്ങള്‍ അനുസരിക്കുന്നതിനെ ഇതുമായി കൂട്ടിക്കുഴക്കുന്നത് ഒട്ടും ന്യായമല്ല. തങ്ങളല്ലാത്ത മുസ്‍ലിങ്ങളൊക്കെ രാഷ്ട്രീയ ശിര്‍ക്കില്‍ അകപ്പെട്ടിരിക്കുകയാണെന്ന് ധ്വനിപ്പിക്കുന്ന ജമാ‍അത്തുകാരില്‍ നിന്നും സമാന ചിന്താഗതിക്കാരില്‍ നിന്നും വ്യത്യസ്തമായും വസ്തുനിഷ്ഠവും ന്യായാനുസൃതവുമായ നിലപാടാണ് ഈ വിഷയത്തില്‍ സലഫികള്‍ പുലര്‍ത്തുന്നത്. 
(ശബാബ് 2001 ഏപ്രില്‍ 27 മുഖാമുഖം)No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.