06 August 2011

വ്രതത്തിലെ ലക്ഷ്യപ്രാപ്തി -- മുട്ടാണിശ്ശേരില്‍ കോയാകുട്ടി




വ്രതത്തിലെ ലക്ഷ്യപ്രാപ്തി -- മുട്ടാണിശ്ശേരില്‍ കോയാകുട്ടി

 Published on Mon, 08/01/2011 - madhyamam

പ്രപഞ്ചത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രതിഭാസം ചലനം എന്ന അതിന്റെ സ്വഭാവമാണ്. ചലനം സാര്‍വത്രികമാണെന്നത് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്ന ശാസ്ത്രീയ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കുന്നുണ്ട്. മഹാപ്രപഞ്ചം മുതല്‍ സൗരയൂഥം വരെയും ഘനപദാര്‍ഥം തുടങ്ങി അതിന്റെ പ്രാഥമിക ഘടകമായ പരമാണുവരെയും സദാ ചലിച്ചുകൊണ്ടിരിക്കുന്നു. നിശ്ചലത എങ്ങും കാണപ്പെടുന്നില്ല. ഖുര്‍ആന്‍ ഈ വസ്തുത രണ്ട് വാക്യങ്ങളില്‍ ആവര്‍ത്തിച്ച് ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്: 'എല്ലാം അതതിന്റെ പാതയില്‍ സഞ്ചരിക്കുന്നു.'



നാം ചലനത്തെ നോക്കുമ്പോള്‍ അതിന് രണ്ട് മുഖമുണ്ടെന്ന് കാണാം. ഒരു വസ്തു അതിന്റെ ഘടകങ്ങള്‍ അഴിഞ്ഞ് ഇല്ലായ്മയിലേക്ക് പോകുമ്പോള്‍ മറ്റൊരുഭാഗത്ത് ഒരു വസ്തുവിന്റെ ഘടകങ്ങള്‍ പരസ്‌പരം കൂടുതല്‍ അടുക്കുകയും അധിക ഭാഗങ്ങള്‍ ബാഹ്യമായി കണ്ടെത്തി അതോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു. ഇത് ആ വസ്തുവിന് കൂടുതല്‍ ദൃഢീകരണവും ശാശ്വതീകരണവും സാധിതമാക്കുന്നു. ഇങ്ങനെ ചലനം ഒരു വസ്തുവിനെ അതിന്റെ നാശത്തിലേക്കോ അതിന്റെ ദൃഢീകരണത്തിലേക്കോ നയിക്കുന്നു. ദൃഢീകരണം എന്നത് വളര്‍ച്ച എന്നും വിവക്ഷിക്കാം. ഈ വളര്‍ച്ചയെ ഖുര്‍ആന്‍ സമഗ്രമായിത്തന്നെ പ്രതിപാദിക്കുന്നു. ഇത് അനേകം വാക്യങ്ങളിലൂടെ വിശദീകരിക്കപ്പെടുന്നു. പ്രകൃതി പ്രതിഭാസത്തിന്റെ നേര്‍ക്ക് ചൂണ്ടിക്കൊണ്ട് മഴമൂലം കിളിര്‍ക്കുന്ന ചെടികളെയും അതിലൂടെ വളരുന്ന ജീവികളെയും അതിന്റെ വളര്‍ച്ചയും അവസാനമുള്ള തകര്‍ച്ചയും  ആവര്‍ത്തിച്ച് ഖുര്‍ആനിലൂടെ വിശദീകരിക്കുന്നു. ഇതാകട്ടെ വ്രതാനുഷ്ഠാന വിഷയത്തില്‍ വ്യക്തമായ ദിശ പകരുന്ന ഒന്നുമാണ്.
ഖുര്‍ആന്‍ ആദ്യത്തെ അഞ്ച് വാക്യങ്ങളില്‍ ഈ വളര്‍ച്ചാ പ്രതിഭാസത്തെ എടുത്തുന്നയിക്കുന്നു. 'റബ്ബ്' അല്ലെങ്കില്‍ വളര്‍ത്തുന്നവനും സൃഷ്ടി കര്‍ത്താവും എന്ന രണ്ട് ദൈവിക ഗുണങ്ങളാണ് ആദ്യമായി അവതരിച്ച വാക്യത്തിന്റെ ഉള്ളടക്കം. ഇതിന്റെ ഉദാഹരണം പ്രകൃതിയില്‍ നിന്ന് അല്ലാഹു എടുത്തുകാട്ടുന്നതും ഇവിടെ ശ്രദ്ധിക്കണം. അതായത്, ഒരു ബീജത്തില്‍ നിന്നുള്ള ഉല്‍പത്തിയും സൃഷ്ടിയും! പ്രത്യക്ഷ പ്രപഞ്ചത്തിലെ ഏറ്റവും പൂര്‍ണമായ ഉദാഹരണമാണ് മനുഷ്യന്‍. ഒരു ജന്തുവിന്റെ ഉല്‍പത്തി പുരുഷ ബീജത്തില്‍ നിന്നാണല്ലോ. ബീജം പുരുഷഗ്രന്ഥിയില്‍ രണ്ടര മണിക്കൂര്‍ മുതല്‍ രണ്ടാഴ്ച വരെ മാത്രമേ നിലനില്‍ക്കുന്നുള്ളു. പിന്നീട് നശിച്ചുപോകുകയോ പുറന്തള്ളപ്പെടുകയോ ചെയ്യും. എന്നാല്‍, ഈ പുരുഷ ബീജത്തിന് ശരീരത്തിന്റെ ഉയര്‍ന്ന ഊഷ്മാവില്‍ നിലനില്‍ക്കാന്‍ സാധ്യമല്ല. അതിനാല്‍, ബീജോല്‍പാദന ഗ്രന്ഥി ശരീരത്തിന്റെ സവിശേഷ സ്ഥാനത്ത് സജ്ജീകരിക്കുകയും കുറഞ്ഞ ഊഷ്മാവില്‍ നിലനിര്‍ത്തുകയും ചെയ്തിരിക്കുന്നു. ബീജത്തിന്റെ നിലനില്‍പിന് അത്യന്താപേക്ഷിതമായ ഈ സംവിധാനം മനുഷ്യവളര്‍ച്ചക്കായി ശ്രദ്ധാപൂര്‍വമാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. പുരുഷബീജം സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ എത്തിയാല്‍ സ്‌ത്രൈണ അണ്ഡവുമായി ചേര്‍ന്ന് വളര്‍ച്ചയുടെ രണ്ടാംഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. മാതൃരക്തം വിവിധ രൂപേണ ഈ ഏകകോശത്തെ വളര്‍ത്തി സമ്പൂര്‍ണ മനുഷ്യശിശുവായി ലോകത്തേക്ക് പ്രവേശിപ്പിക്കുന്നു. ഗര്‍ഭത്തില്‍ രൂപപ്പെട്ട ഓരോ അവയവങ്ങളും ഈ ലോകത്ത് എത്തിയാണ് തുറക്കുക. തുടര്‍ന്ന് വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളായ കൗമാരം, ബാല്യം, യൗവ്വനം എന്നിവയിലേക്കും അവസാനം വാര്‍ധക്യത്തിലേക്കും മരണത്തിലേക്കും നയിക്കുന്നുവെന്നതാണ് രണ്ടാമത്തെ വാക്യത്തിന്റെ ഉള്ളടക്കം.
ഭൗതിക മരണത്തിലൂടെ മനുഷ്യജീവിതം അവസാനിക്കുന്നില്ലെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
'മനുഷ്യാ, നീ വീണ്ടും വായിക്കൂ: നിന്നെ വളര്‍ത്തിക്കൊണ്ടുവന്ന നിന്റെ റബ്ബ് ഈ മരണത്തെ അതിജീവിക്കുകയും മരണമില്ലാത്ത മറ്റൊരു നിത്യജീവിതം നിനക്കായി ഒരുക്കിവെച്ചിരിക്കുകയും ചെയ്തിട്ടുണ്ട്' -ഇത് അവന്റെ ഭാഗത്തുനിന്ന് മനുഷ്യരോട് കാട്ടിയ വലിയ ഔദാര്യമായി ഖുര്‍ആന്‍ പറയുന്നു.
'വായിക്കൂ: നിന്റെ റബ്ബ് ഏറ്റവും വലിയ ഔദാര്യവാനാണ്.' നിത്യജീവിതവും നിത്യസൗഭാഗ്യങ്ങളും ലഭ്യമാകുന്ന സ്വര്‍ഗം അല്ലാഹു ഒരുക്കിയിട്ടുണ്ട്. സഹജീവി സ്‌നേഹവും കാരുണ്യവും വര്‍ധിച്ച തോതില്‍ പ്രകടമാക്കുന്ന നോമ്പുകാരനായി പ്രത്യേക സൗഭാഗ്യങ്ങളും. അവിടെ നിങ്ങള്‍ എന്താഗ്രഹിക്കുന്നുവോ അത് നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ ലഭ്യമാണ്. അല്ലാഹുവില്‍നിന്നുള്ള സല്‍ക്കാരമാണത്. അല്ലാഹുവിന്റെ സൃഷ്ടികര്‍മം മുഴുവന്‍ അറിയാനും ആസ്വദിക്കാനും അംഗീകരിച്ച് അവനെ സ്തുതിക്കാനും ഇതുവഴി അവനെ ആരാധിക്കാനുമാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്'.
ഇതിന്റെ നേര്‍ വിപരീതമാണ് മനുഷ്യജീവിതത്തിന്റെ ശൈഥില്യം അല്ലെങ്കില്‍ തകര്‍ച്ച. ഒരു ജീവിതം മരണത്തോടു ചേര്‍ന്ന് പോകുന്നതോടെ ഇല്ലാതാകുന്നില്ല. തകര്‍ച്ച തുടര്‍ന്നും ആ മനുഷ്യജീവിയെ പിന്തുടരുന്നു. അതാണ് ഖുര്‍ആന്‍ ചിത്രീകരിക്കുന്ന നരകം.
ഇവിടെയാണ് വ്രതം എന്ന ഇസ്‌ലാം മതത്തിലെ നിര്‍ബന്ധ നിഷ്ഠയെ പരിശോധിക്കേണ്ടിവരുന്നത്. എങ്ങനെയെല്ലാമാണ്, പട്ടിണിയിലൂടെ പ്രകടിപ്പിക്കേണ്ട ഈ മതാനുഷ്ഠാനം മനുഷ്യജീവിതത്തെ ബാധിക്കുന്നത്? പലരും ധരിച്ചിട്ടുള്ളതുപോലെ പട്ടിണി മനുഷ്യജീവിതത്തെ കെടുത്തിക്കളയുന്നില്ല. ശോഷിപ്പിക്കുന്നുമില്ല. നേരെമറിച്ച്, ഭൗതിക ശരീരത്തെയും അഭൗമമായ ആത്മാവിനെയും പോഷിപ്പിക്കുന്ന കര്‍മമാണ് പട്ടിണി. ഇത് പ്രകൃതിയില്‍ നിന്ന് നമുക്ക് ചരിത്രം നല്‍കുന്ന പാഠം കൂടിയാണ്.
പട്ടിണിക്കാരായ  മരുഭൂവാസികളാണ് ലോകത്തിന് എല്ലാ വന്‍മതങ്ങളും സംഭാവന ചെയ്ത മുഖ്യസ്രോതസ്സ്. പൂര്‍വിക ജനതയുടെ വന്‍ സാമ്രാജ്യങ്ങളും പട്ടിണിക്കാരായ നാടോടി മരുഭൂവാസികള്‍ എടുത്തുയര്‍ത്തിയവയാണ്. മരുഭൂമിയില്‍ പട്ടിണിയുടെ നാടോടി സ്ഥിതിയില്‍ കൂടി വികസിച്ച് ഒടുവില്‍ സ്ഥിരവാസ നാഗരികതയുടെ ശില്‍പികളായും ഈ പ്രാകൃതര്‍ മാറിയിട്ടുണ്ട്. എന്നാല്‍, സ്ഥിരവാസ സ്ഥിതിയും ഐശ്വര്യവും ധന-ഭക്ഷണ വിഭവ സമൃദ്ധിയും ലഭിച്ചശേഷം ആ സമൂഹങ്ങള്‍ പുറത്തേക്ക് പിന്നെ വികസിച്ചിട്ടുമില്ല. ചൈന, ഈജിപ്ത്, ഇന്ത്യ എന്നിവയുടെ ഭൂതകാലചരിത്രം ഈ മഹാസത്യം സമര്‍ഥിക്കുന്നു.
പട്ടിണിയും ദാരിദ്ര്യവും നല്‍കുന്ന പാഠങ്ങള്‍ പ്രവാചക ചരിത്രവും എടുത്തുകാട്ടുന്നു. യൂസുഫ് നബിയുടെ ക്ഷണപ്രകാരം ഇസ്രാഈല്യരായ 64 പേരാണ് ഈജിപ്തില്‍ കുടിയേറിയ ആദ്യ സമൂഹം. ഇവര്‍ മൂസാ നബിയുടെ കാലമെത്തിയപ്പോഴേക്കും 64,000 ആയി ഉയര്‍ന്നു. സമുദ്രം കുറുകെ കടന്ന് മരുഭൂമിയിലേക്ക് എത്തിയ ഇസ്രാഈല്യര്‍ ആദ്യം വെയിലിന് എതിരെ പരാതിപ്പെട്ടപ്പോള്‍ അല്ലാഹു മേഘത്തണല്‍ നല്‍കി. പിന്നീട് മന്നയും കാടപ്പക്ഷികളെയും ഇറക്കിക്കൊടുത്തു. വീണ്ടും അവരുടെ പരാതി- ഒരേതരം ഭക്ഷണം ഞങ്ങള്‍ക്ക് സഹികെട്ടു. വെള്ളരിയും ചീരയും ഗോതമ്പും ഉള്ളിയും തുടങ്ങിയ വിഭവസമൃദ്ധിയാണ് അവര്‍ മൂസാ നബിയോട് ആവശ്യപ്പെട്ടത്. ഈ സമയത്തെ മൂസാ നബിയുടെ മറുപടി ശ്രദ്ധേയമാണ്: 'യഥാര്‍ഥത്തില്‍ നിങ്ങള്‍ക്ക് ഗുണകരമായത് കളഞ്ഞിട്ട് മോശപ്പെട്ട വസ്തു വേണമെന്നാണോ നിങ്ങള്‍ പറയുന്നത്' -ഇത് ഭക്ഷണ സമൃദ്ധി മനുഷ്യ ശരീരത്തിനും ആത്മാവിനും ദോഷകരമാണെന്ന സൂചനയാണ് നല്‍കുന്നത്. തുടര്‍ന്നുള്ള മൂസാ നബിയുടെ നിര്‍ദേശങ്ങളെ അവര്‍ ലംഘിച്ചു. ധിക്കാരപരമായ ഈ സമീപനമാണ് ഇസ്രാഈല്യര്‍ 40 വര്‍ഷത്തോളം മരുഭൂമിയില്‍ അലയാനുള്ള ദൈവശാപത്തിന് കാരണമായത്. പിന്നീട് വന്ന തലമുറയാകട്ടെ മരുഭൂമിയിലെ ക്ലേശകാഠിന്യങ്ങളും പട്ടിണിയും അതിജയിച്ച് വളരുകയും ജറൂസലം പിടിക്കുകയും ദാവൂദ് നബി രാജാവായി മാറുകയും ചെയ്തു. പിന്നീട് സുലൈമാന്‍ നബിയുടെ രാജവാഴ്ചയും ഇസ്രാഈല്‍ സാമ്രാജ്യ സ്ഥാപനത്തിനും കാരണമായത് മരുഭൂമിയിലെ ക്ലേശകരമായ അനുഭവങ്ങളിലൂടെയുള്ള അതിജീവന കരുത്താണ്.
പട്ടിണി സ്ഥൂല ശരീരത്തിന്റെ ദുര്‍മേദസ്സ് കുറക്കുകയും  ചലനശേഷിയും ഊര്‍ജസ്വലതയും ആരോഗ്യവും നല്‍കുകയും ചെയ്യുന്നു. ഇത് വൈദ്യശാസ്ത്രവും അംഗീകരിക്കുന്നു. മരുഭൂമിയിലെ ഇതര ജീവികള്‍ക്കും പട്ടിണിയുടെ അതിജീവനം ബാധകമാണ്. മരുഭൂമിയിലെ കുതിരകള്‍ ലോകത്തെ പലപ്രാവശ്യം കീഴടക്കിയിട്ടുണ്ട്. പേരെടുത്ത കുതിരഗോത്രങ്ങള്‍ യൂറോപ്പിലും ഇതര പ്രദേശങ്ങളിലും ഇന്നും അമൂല്യ സമ്പത്താണ്.
പട്ടിണി ശരീരത്തിന്റെയും ജീവന്റെയും കഴിവ് വര്‍ധിപ്പിക്കുന്നതായി വിവിധ പഠനങ്ങള്‍ തെളിയിക്കുന്നു. ഇച്ഛാശക്തി, ഓര്‍മ, ചിന്താശേഷി, തനിമ, നൈസര്‍ഗികത തുടങ്ങിയ മാനവിക കഴിവുകളും വര്‍ധിക്കുന്നു. അതോടൊപ്പം ധാര്‍മികത, ആത്മീയ ചിന്ത, ആത്മീയ ജീവിതാഭിനിവേശം തുടങ്ങിയവ പട്ടിണിയാല്‍ പോഷിപ്പിക്കപ്പെടുന്നുണ്ട് എന്നത്  സൂഫികളിലും ഇന്ത്യന്‍ യോഗികളിലും  എടുത്തുപറയാവുന്ന ഒരു പ്രതിഭാസമാണെന്ന് പ്രസിദ്ധ ചരിത്രകാരനായ ഇബ്‌നു ഖല്‍ദൂന്‍ സമര്‍ഥിച്ചിട്ടുണ്ട്. അപ്പോള്‍ ബുദ്ധിവികാസം, വളര്‍ച്ച എന്നിവയുടെ അടുത്ത ഘട്ടമായ ആത്മീയതയിലേക്കും പട്ടിണി മനുഷ്യനെ നയിക്കുന്നു. ഈ സ്ഥിതി പിന്തുടര്‍ന്നാല്‍ മാലാഖത്വ ഘട്ടത്തിലേക്ക് മനുഷ്യന് മാറാന്‍ കഴിയും. ആ ഘട്ടത്തില്‍ മനുഷ്യന്റെ ഇന്നത്തെ അപൂര്‍ണതകള്‍  അവനില്‍ ശേഷിക്കില്ല. മരണം, ദുഃഖം, വേദന, നിരാശ എന്നിങ്ങനെ മനുഷ്യനെ ചുറ്റിനില്‍ക്കുന്ന എല്ലാ കുറവുകളും മാലാഖത്വ ഘട്ടത്തില്‍ സമ്പൂര്‍ണമായി പരിഹരിക്കപ്പെടുന്നു. ഈ ഘട്ടത്തെ ഏറക്കുറെ പ്രതിഫലിപ്പിക്കുന്നതാണ് ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുന്ന വ്രതത്തിന്റെ അടിസ്ഥാനഭാവം. അതായത്, മലക്കുകള്‍ക്ക് ഭക്ഷണ പാനീയം ആവശ്യമില്ല. ഇബ്രാഹീം നബിയുടെ അതിഥികളായി എത്തിയ മലക്കുകള്‍ നബി വെച്ചുനീട്ടിയ ഭക്ഷണം ഉപയോഗിച്ചിട്ടില്ലല്ലോ. ഇതിലൂടെ മലക്കുകളുടെ സ്വഭാവരീതി ഈ ഘട്ടത്തില്‍ പട്ടിണിയിലൂടെ മനുഷ്യന്‍ ഏറ്റെടുക്കുന്നു. ഈ സാഹചര്യത്തില്‍ ഒരു നബിവചനം ശ്രദ്ധേയമാണ്: 'ഏതൊരാള്‍ ഒരു സമൂഹത്തെ (ജനതയെ) അനുകരിച്ചാല്‍ അയാള്‍ ആ സമൂഹത്തിലെ ഒരംഗമാണ്.' ഇവിടെ മലക്കുകളെപ്പോലെ മനുഷ്യന്‍ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുന്നു. ഏതാണ്ട് മാലാഖത്വം വരിച്ച ഒരു സ്ഥിതി മനുഷ്യനില്‍ സംഭവിക്കുന്നു. ഈ പുരോഗതിയെ സഹായിക്കുന്നതിന് പൂരകമായി നില്‍ക്കുന്ന മറ്റ് നിഷ്ഠകളും ഈ മാസത്തിന്റെ പ്രത്യേകതയായി സംവിധാനിച്ചിരിക്കുന്നു. ഈ വസ്തുത പലരും ശ്രദ്ധിച്ചുകാണുന്നില്ലായെന്ന ദുഃഖസത്യം നിലനില്‍ക്കുന്നു. വ്രതമാസ രാത്രികളില്‍ തറാവീഹ് എന്ന അധിക നമസ്‌കാരം ഒരുദിവസത്തില്‍ അഞ്ചുപ്രാവശ്യം നമസ്‌കരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ചെയ്യാന്‍ ബാധ്യസ്ഥനാണ്. കൂടാതെ രാത്രി മുഴുവന്‍ നമസ്‌കരിക്കുന്നതും ശ്രേഷ്ഠകര്‍മമായി പ്രവാചകന്‍ നിര്‍ദേശിക്കുന്നു.
ഖുര്‍ആന്‍ പറയുന്നു: 'പ്രഭാതത്തിലും സായാഹ്നത്തിലും നിന്റെ റബ്ബിന്റെ നാമം വാഴ്ത്തുക. രാത്രി അവനുവേണ്ടി നമസ്‌കരിക്കുക. ഒരു രാത്രി ഉടനീളം അവനെ സ്‌തോത്രം ചെയ്യുക'. അപ്പോള്‍ പകലിലെ വ്രതംകൊണ്ട് മനുഷ്യന്‍ ശാരീരികമായോ മാനസികമായോ ക്ഷീണിതനാകുന്നില്ലായെന്ന ധ്വനി ഖുര്‍ആന്‍ നല്‍കുന്നു.
അധിക നമസ്‌കാരവും നിഷ്ഠകളും വ്രതകാലത്ത് ചെയ്യുന്നതിലൂടെ മനുഷ്യാത്മാവ് കൂടുതല്‍ ഉയരങ്ങളിലേക്ക് മാറുകയാണ്. ഈ മാസത്തില്‍ ദാനധര്‍മങ്ങള്‍ അധികരിപ്പിക്കാനും നബി തിരുമേനി പ്രത്യേകമായി നിര്‍ദേശിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ മനുഷ്യാത്മാവ് അതിന്റെ അന്തിമലക്ഷ്യമായ മാലാഖത്വത്തിനോട് ഏറ്റവും അടുത്ത് എത്തുന്ന അവസരവും ഇതിനേക്കാള്‍ കൂടുതലായി വേറെ എപ്പോഴാണുള്ളത്? ഇതുകൊണ്ടാണ് ഈ ആത്മീയ ഉത്കര്‍ഷങ്ങളുടെ ഒരു കേന്ദ്രീകരണം എന്നവണ്ണം ഒരു വിശിഷ്ടമായ രാത്രി വ്രതനാളുകളുടെ അവസാനത്തോട് അടുത്ത് ഉണ്ടാകും എന്ന് നബിതിരുമേനി അറിയിച്ചത്. ഖുര്‍ആന്‍ ആദ്യമായി അവതരിച്ച ആ രാത്രി പ്രത്യേകം വിവരിച്ചുകൊണ്ട് ഒരധ്യായം തന്നെയുണ്ട് -ലൈലത്തുല്‍ ഖദ്ര്‍. ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമാണ് ആ രാത്രി. രാത്രി തുടങ്ങി അടുത്ത പ്രഭാതോദയത്തോടെ അവസാനിക്കുന്നത്. ഇതിലൂടെ നിത്യജീവിതത്തിന്റെ പ്രഭാതോദയം വിളിച്ചറിയിക്കുന്ന സൂചനയാണ് ലക്ഷ്യമിടുന്നത്.
പ്രവാചകത്വത്തെക്കുറിച്ച് പണ്ഡിതന്മാര്‍ വിവരിക്കുന്ന കൂട്ടത്തില്‍ ഏറ്റവുമധികം ഊന്നല്‍ നല്‍കിയിട്ടുള്ളത് സല്‍സ്വഭാവം എന്ന ശ്രേഷ്ഠഗുണത്തിനാണ്. ഇത് പ്രവാചകന്മാരുടെ മുഖമുദ്രയാണ്. ഹിറാ ഗുഹയില്‍ നിന്ന് ആദ്യ വെളിപാടിന്റെ അനുഭവങ്ങളുമായി വിറപൂണ്ട് വീട്ടിലെത്തിയ നബി തിരുമേനിയെ ആശ്വസിപ്പിച്ച് ഖദീജ എടുത്തുന്നയിച്ചത് നബി തിരുമേനിയുടെ വിശിഷ്ട സ്വഭാവഗുണങ്ങളാണെന്ന് ജീവചരിത്രകാരന്മാര്‍ സമര്‍ഥിക്കുന്നു. പകല്‍ വ്രതവും രാത്രി നമസ്‌കാരങ്ങളും രാപകല്‍ ദാനധര്‍മങ്ങളുമായി വിശിഷ്ടഗുണം ആര്‍ജിക്കാന്‍ നോമ്പുകാലത്തെ പൂര്‍ണമായി പ്രയോജനപ്പെടുത്തണം.
കോപം അടക്കിനിര്‍ത്തി സംയമനം പരിശീലിക്കണം. ദാരിദ്ര്യദുഃഖം അകറ്റാന്‍ പാവപ്പെട്ടവനെ സഹായിക്കണം. ദാനധര്‍മം നല്‍കി ദരിദ്രനെ സന്തോഷിപ്പിക്കുന്നതിലൂടെ ഉയര്‍ന്ന ദൈവപ്രീതി നേടാനാകും. കോപം അടക്കുന്നവനും ഉയര്‍ന്ന ഗുണം വാഗ്ദാനം ചെയ്യുന്നു. ഒരു വാല്യക്കാരന്‍ ഹസന്റെ വസ്ത്രത്തില്‍ ചൂട് കറി വീഴ്ത്തി. ഹസന്‍ കോപിഷ്ഠനായി. ഈ സമയം വാല്യക്കാരന്‍ ഖുര്‍ആന്‍ വാക്യം ഉദ്ധരിച്ചു: 'കോപത്തെ അടക്കുന്നവന്‍...' ഈ വാക്യഭാഗം കേട്ടമാത്രയില്‍ ഹസന്‍ പറഞ്ഞു: 'ഞാന്‍ കോപം അടക്കിയിരിക്കുന്നു.' വാല്യക്കാരന്‍ തുടര്‍ന്നു: 'ജനങ്ങള്‍ക്ക് പൊറുത്തുകൊടുക്കുന്നവര്‍...' ഹസന്‍ പറഞ്ഞു: 'ഞാന്‍ നിനക്ക് പൊറുത്തുതന്നിരിക്കുന്നു.' വാല്യക്കാരന്‍ തുടര്‍ന്നു: 'അന്യരോട് നന്മ ചെയ്യുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നു.' ഹസന്‍ പറഞ്ഞു: 'ഞാന്‍ നിനക്ക് നിന്റെ സ്വാതന്ത്ര്യവും 400 ദിര്‍ഹവും തരുന്നു.' ഇതുപോലെ നന്മകള്‍ ചെയ്യാനുള്ള പ്രേരണ, സല്‍സ്വഭാവങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള പ്രചോദനം തുടങ്ങിയവയിലൂടെ മഹാന്മാരുടെ മാതൃകകള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ കഴിയുന്ന അവസരമാണ് റമദാനില്‍ ലഭിക്കുന്നത്. വിശിഷ്ടമാസത്തിന്റെ ഗുണഗണങ്ങളെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ വിശ്വാസികള്‍ക്ക് കഴിയണം.

റമദാന് അകമഴിഞ്ഞ സ്വാഗതം.
(കേട്ടെഴുത്ത്: വാഹിദ് കറ്റാനം)

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.