22 June 2009

"ഹറാം-ഹലാല്‍, മംനൂഅ്‌-മസ്മൂഹ്‌" - ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌

"ഹറാം-ഹലാല്‍, മംനൂഅ്‌-മസ്മൂഹ്‌" - ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌






".... 'ഹറാമാക്കല്‍-ഹലാലാക്കല്‍' എന്നീ വാക്കുകളുടേയും 'ലൗകികമായ അനുവാദം-നിരോധം' എന്നീ വാക്കുകളുടേയും അര്‍ത്ഥങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്‌. ഒരു മനുഷ്യന്‍ മറ്റൊരാളോട്‌ ഒരു കാര്യം ചെയ്യരുത്‌ എന്ന്‌ പറഞ്ഞാല്‍ അതിനര്‍ത്ഥം അതു ഹറാം എന്നല്ല. നീ ചെയ്തുകൊള്ളൂ എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം അത്‌ ഹലാല്‍ എന്നുമല്ല. നേരെമറിച്ച്‌, ആ കാര്യം അവന്‍ അനുവദിക്കുന്നു, അല്ലെങ്കില്‍ അനുവദിക്കുന്നില്ല എന്നാണ്‌.ഒരു മനുഷ്യന്‍ മറ്റൊരാളോട്‌ ഒരു കാര്യം പ്രവര്‍ത്തിക്കരുത്‌ എന്നു പറഞ്ഞാല്‍ അറബി ഭാഷയില്‍ ആ പ്രവര്‍ത്തനത്തെ 'മന്‍അ്‌' (തടയല്‍) എന്നാണു പറയുക. അങ്ങനെ ഒരു കാര്യം തടയപ്പെട്ടാല്‍, തടയപ്പെട്ടതിനെ 'മംനൂഅ്‌' (തടയപ്പെട്ടത്‌) എന്നു പറയുന്നു. അത്‌ പിതാവ്‌ പുത്രനോട്‌ ചെയ്യരുത്‌ എന്നു പറഞ്ഞതായാലും, അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയോട്‌ ചെയ്യരുത്‌ എന്നു പറഞ്ഞതായാലും, ഭരണാധികാരി പ്രജകളോട്‌ ചെയ്യരുത്‌ എന്നു പറഞ്ഞതായാലും ശരി. വിശ്വാസവുമായി ബന്ധപ്പെടാതെ പാപപുണ്യങ്ങളുമായി ബന്ധപ്പെടാതെ അല്ലാഹുവിെ‍ന്‍റ ധര്‍മ്മവുമായി ബന്ധപ്പെടാതെ, ദൈവികമായ വിധേയത്വവുമായും വിശ്വാസവുമായും ഏറ്റുമുട്ടാത്ത തരത്തില്‍ ഒരാള്‍ മറ്റൊരാളോട്‌ ഒരു കാര്യം ചെയ്യരുത്‌ എന്ന്‌ പറഞ്ഞാല്‍ അതിനു അര്‍ത്ഥം അയാള്‍ ആ കാര്യം സ്വന്തം നിലക്ക്‌ അനുവദിക്കുന്നു അല്ലെങ്കില്‍ വിലക്കുന്നുവെന്നാണ്‌. എന്നല്ലാതെ അതു ഹറാമാക്കുന്നു-ഹലാലാക്കുന്നു എന്നല്ല.
ഒരു വീട്ടുടമയ്ക്ക്‌ അയാളുടെ വീട്ടില്‍ കാലുകഴുകാതെ ചവിട്ടരുത്‌, പുകവലിക്കരുത്‌ എന്നൊക്കെ പറയാന്‍ അവകാശമുണ്ട്‌. അതൊന്നുമല്ലാത്ത അന്യായമല്ലാത്ത, അധര്‍മ്മമല്ലാത്ത ഒരു കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ അയാള്‍ക്ക്‌ അവിടെ അവകാശമുണ്ട്‌. ഇതു തന്നെയാണു സ്കൂളിെ‍ന്‍റ കാര്യത്തില്‍ ഹെഡ്മാസ്റ്റര്‍ക്കും, രാജ്യത്തിെ‍ന്‍റ കാര്യത്തില്‍ രാജാവിനും ഉള്ളത്‌. ഇങ്ങനെ ഒരാള്‍ അനുവദിക്കുന്ന കാര്യങ്ങള്‍ക്ക്‌ അറബി ഭാഷയില്‍ ഹലാല്‍ എന്ന്‌ പറയില്ല. മറിച്ച്‌ 'മസ്മൂഹ്‌' എന്നാണു പേരു പറയുക.
മതവുമായി ബന്ധപ്പെടാത്ത മേഖലകളില്‍ ഭരണകൂടങ്ങള്‍ക്ക്‌ ചില നിയന്ത്രണങ്ങള്‍ രാജ്യത്ത്‌ ഏര്‍പ്പെടുത്തേണ്ടി വരും. അതില്‍ ചെയ്യരുത്‌ എന്നതിനു ഹറാം എന്നു പറയില്ല. ഉദാഹരണത്തിനു പുകവലി ഹറാമാണെന്ന്‌, നിരുപാധികമായി പറയാന്‍ ദുനിയാവില്‍ ആര്‍ക്കും അധികാരമില്ല. ഖുര്‍ആന്‍ ചോദിക്കുന്നത്‌ "നിങ്ങളുടെ നാവുകള്‍ വര്‍ണ്ണിക്കും പോലെ ഹലാല്‍-ഹറാം പ്രഖ്യാപിക്കാന്‍ നിങ്ങള്‍ക്ക്‌ എന്തവകാശമുണ്ട്‌" എന്നാണ്‌ (നഹ്ല് 16:116).
എന്നാല്‍ ഇവിടെ 'പുകവലി പാടില്ല' എന്നു പറയാന്‍ അധികാരമുള്ളവര്‍ക്ക്‌ അവകാശമുണ്ട്‌. ഇപ്രകാരം എഴുതി വയ്ക്കുവാനും, നടപ്പാക്കുവാനും അതു ലംഘിച്ചവനെ ശിക്ഷിക്കുവാനും അധികാരികള്‍ക്ക്‌ അവകാശമുണ്ട്‌. അത്‌ പാപത്തിേ‍ന്‍റയും പുണ്യത്തിേ‍ന്‍റയും പേരില്‍ അല്ലാത്തതുകൊണ്ട്‌.
ഏത്‌ കാര്യവും പാപമാണ്‌ പുണ്യമാണ്‌ എന്നൊക്കെ പറയാനുള്ള അവകാശം അല്ലാഹുവിനു മാത്രമാണ്‌. അല്ലാഹു പാപമാണ്‌ എന്ന്‌ പറഞ്ഞതിനെ ലംഘിച്ചുകൊണ്ടോ, അല്ലാഹു പുണ്യമാണ്‌ എന്ന്‌ പറഞ്ഞതിനെ അപമാനിച്ചുകൊണ്ടോ അല്ലാത്ത വിധത്തില്‍ അല്ലാഹുവിെ‍ന്‍റ നിയമത്തിനും ധര്‍മ്മത്തിനും എതിരാകാത്ത വിധത്തില്‍ ഈ ദുനിയാവിലെ ഏതെങ്കിലും ഒരു കാര്യത്തെ സംബന്ധിച്ച്‌ അത്‌ നല്ലതാണെന്നോ, പാടില്ലെന്നോ പറയാന്‍ അധികാരികള്‍ക്ക്‌ അവരുടെ അധികാര പരിധിക്കകത്ത്‌ അവകാശമുണ്ട്‌.
ലൗകികവും ധാര്‍മ്മികവുമായ കാരണങ്ങളാല്‍ സല്‍ബുദ്ധിയുള്ള മനുഷ്യര്‍ക്ക്‌ അംഗീകരിക്കാന്‍ കഴിയുന്ന കാര്യത്തെയാണു ഖുര്‍ആന്‍ 'മഅ്‌റൂഫ്‌' എന്ന പദം കൊണ്ട്‌ വിവക്ഷിക്കുന്നത്‌. അതിെ‍ന്‍റ വിപരീതമാണ്‌ 'മുന്‍കര്‍'. ഉദാഹരണത്തിനു ഒരു സ്ത്രീക്ക്‌ മഹര്‍ കൊടുക്കുന്ന കാര്യമെടുക്കുക. ഒരു പ്രദേശത്ത്‌ ഒരു കാലഘട്ടത്തില്‍ കൊടുത്ത്‌ വരുന്ന തരത്തിലുള്ള മഹര്‍ ആവശ്യപ്പെടുകയാണെങ്കില്‍ അത്‌ 'മഅ്‌റൂഫ്‌' ആണ്‌. അതല്ലാതെ അന്യായമായി ആവശ്യപ്പെടുന്നത്‌ 'മുന്‍കര്‍' ആണ്‌.അത്‌ ഖുര്‍ആനില്‍ പറഞ്ഞതുകൊണ്ട്‌ മാത്രമല്ല 'മഅ്‌റൂഫും മുന്‍കറും' ആകുന്നത്‌, ഓരോകാലത്തും സല്‍ബുദ്ധിയുള്ള വിവേകമുള്ള ആളുകള്‍ക്ക്‌ അന്നത്തെ സാഹചര്യമനുസരിച്ച്‌ ന്യായമാണെന്ന്‌ തോന്നുന്ന കാര്യങ്ങളെ 'മഅ്‌റൂഫ്‌' എന്ന്‌ പറയുന്നു. അല്ലാത്തതിനെ 'മുന്‍കര്‍' എന്നും പറയുന്നു.
ഏതൊരു കാലത്തുമുള്ള സത്യവിശ്വാസികള്‍ അങ്ങനെ അംഗീകരിക്കാവുന്ന കാര്യങ്ങള്‍ ആളുകളോട്‌ ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നവരും അംഗീകരിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ ആളുകളോട്‌ ചെയ്യരുതെന്ന്‌ പറയുന്നവരുമായിരിക്കണം. ഇത്‌ സത്യവിശ്വാസികളോടുള്ള പൊതു നിര്‍ദ്ദേശമാണ്‌...."


'ഇസ്ലാമും രാഷ്ട്രീയവും' പ്രഭാഷണം-ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്‌ മദനി

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.