22 June 2009

വിധികര്‍തൃത്വം ,രക്ഷാകര്‍തൃത്വം, ആരാധ്യത

വിധികര്‍തൃത്വം ,രക്ഷാകര്‍തൃത്വം, ആരാധ്യത
ചെറിയമുണ്ടം അബ്ദുൾ ഹമീദ്‌ മദനി
ശബാബ് വാരിക 1999 ജൂലൈ 23
"അപ്പോള്‍ 'ഹകം'(വിധികര്‍ത്താവ്‌) ആയി ഞാന്‍ അന്വേഷിക്കേണ്ടത്‌ അല്ലാഹു അല്ലാത്തവരെയാണോ? അവനാകട്ടെ, വിശദ വിവരങ്ങളുള്ള വേദഗ്രന്ഥം നിങ്ങള്‍ക്ക്‌ ഇറക്കിത്തന്നവനാകുന്നു. നാം മുമ്പ്‌ വേദം നല്‍കിയിട്ടുള്ളവര്‍ക്കറിയാം; അത്‌ സത്യവുമായി നിെ‍ന്‍റ രക്ഷിതാവിങ്കല്‍ നിന്ന്‌ ഇറക്കപ്പെട്ടതാണെന്ന്‌.അതിനാല്‍ നീ ഒരിക്കലും സംശയാലുക്കളില്‍ പെട്ട്‌ പോകരുത്‌."(വി.ഖു 6:114)
"പറയുക: 'ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവായ അല്ലാഹുവെയല്ലാതെ ഞാന്‍ 'വലിയ്യ്‌'(രക്ഷാധികാരി) ആയി സ്വീകരിക്കുകയോ?അവനാകട്ടെ ആഹാരം നല്‍കുന്നു. അവന്ന്‌ ആഹാരം നല്‍കപ്പെടുകയില്ല'.പറയുക: 'തീര്‍ച്ചയായും അല്ലാഹുവിന്‌ കീഴ്പ്പെട്ടവരില്‍ ഒന്നാമനായിരിക്കാനാണ്‌ ഞാന്‍ കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്‌. നീ ഒരിക്കലും ബഹുദൈവവാദികളില്‍ പെട്ട്‌ പോകരുത്‌"(വി.ഖു 6:14).
"പറയുക: 'റബ്ബ്‌'(രക്ഷിതാവ്‌)ആയിട്ട്‌ അല്ലാഹുവല്ലാത്തവരെ ഞാന്‍ തേടുകയോ? അവനാകട്ടെ മുഴുവന്‍ വസ്തുക്കളുടേയും രക്ഷിതാവാണ്‌".(വി.ഖു 6:164)
"അദ്ദേഹം (മൂസാ) പറഞ്ഞു: അല്ലാഹു അല്ലാത്തവരെയാണോ ഞാന്‍ നിങ്ങള്‍ക്ക്‌ 'ഇലാഹ്‌'(ദൈവം-ആരാധ്യന്‍) ആയി അന്വേഷിക്കേണ്ടത്‌. അവനാകട്ടെ നിങ്ങളെ ലോകരില്‍ ഉല്‍കൃഷ്ടരാക്കിയിരിക്കുന്നു".(വി.ഖു 7:140)
'വലിയ്യ്‌'(രക്ഷാധികാരി), 'ഹകം'(വിധികര്‍ത്താവ്‌ അഥവാ തീര്‍പ്പ്‌ കല്‍പ്പിക്കുന്നവന്‍), 'റബ്ബ്‌'(രക്ഷിതാവ്‌), 'ഇലാഹ്‌'(ദൈവം-ആരാധ്യന്‍) എന്നീ സ്ഥാനങ്ങള്‍ അല്ലാഹു അല്ലാത്ത ആര്‍ക്കും കല്‍പ്പിച്ചു കൊടുക്കാന്‍ പാടില്ലെന്നാണ്‌ ഈ വചനങ്ങളുടെ താല്‍പര്യം. ഇസ്ലാമിലെ ഏകദൈവത്വത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യുമ്പോള്‍ ഈ വചനങ്ങള്‍ ധാരാളമായി ഉദ്ധരിക്കപ്പെടാറുണ്ട്‌.
ഖുര്‍ആന്‍ വചനങ്ങളുടെ താല്‍പര്യം കൃത്യമായി മനസ്സിലാക്കാന്‍ അവയെ ഖുര്‍ആനിലെ തന്നെ മറ്റു വചനങ്ങളുമായും നബി വചനങ്ങളുമായും ബന്ധപ്പെടുത്തി പഠനം നടത്തേണ്ടതുണ്ട്‌. അല്ലെങ്കില്‍ പല അബദ്ധധാരണകളിലും ആശയക്കുഴപ്പങ്ങളിലും നാം അകപ്പെട്ടുപോകാന്‍ ഇടയുണ്ട്‌.


'ഹകമും' 'ഹുക്മും'
'ഹകം'എന്ന പദം വിശുദ്ധ ഖുര്‍ആനില്‍ മൂന്നു തവണയാണ്‌ പ്രയോഗിച്ചിട്ടുള്ളത്‌. മുകളിലുദ്ധരിച്ച വചനത്തില്‍ അത്‌ അല്ലാഹുവിെ‍ന്‍റ മാത്രം സ്ഥാനമാണ്‌. മറ്റൊരു വചന(4:35)ത്തില്‍ മനുഷ്യരില്‍ നിന്നുള്ള വിധികര്‍ത്താവിനെ അഥവാ മധ്യസ്ഥനെ കുറിക്കാനാണ്‌ രണ്ടു തവണ ആ പദം പ്രയോഗിച്ചിട്ടുള്ളത്‌.
"ഇനി അവര്‍ (ദമ്പതിമാര്‍) തമ്മില്‍ ഭിന്നിച്ചുപോകുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അവെ‍ന്‍റ ബന്ധുക്കളില്‍ നിന്ന്‌ ഒരു 'ഹകമി'നെ (മധ്യസ്ഥനെ)യും അവളുടെ ബന്ധുക്കളില്‍ നിന്ന്‌ ഒരു 'ഹകമി'നെയും നിങ്ങള്‍ നിയോഗിക്കുക".(വി.ഖു 4:35)
ഈ വചനത്തില്‍ 'ഹകം' എന്ന പദം ലൗകികവും പരിമിതവുമായ അര്‍ത്ഥത്തിലാണ്‌ പ്രയോഗിച്ചിട്ടുള്ളത്‌.എന്നാല്‍ അല്ലാഹു അല്ലാത്ത ആരെയും 'ഹകം'ആയി സ്വീകരിക്കരുതെന്ന്‌ പറയുമ്പോള്‍ ആ പദം കൊണ്ടുദ്ദേശിക്കപ്പെടുന്നത്‌ പരമമായ തീരുമാനാധികാരമുള്ള വിധികര്‍ത്താവ്‌ എന്ന അര്‍ത്ഥമാണ്‌. 'ഹുക്മ്‌' എന്ന്‌ പദധാതുവില്‍ നിന്ന്‌ നിഷ്പാദിതമായ വിശേഷണമാണ്‌ 'ഹകം'. 'ഹുക്മ്‌'(തീരുമാനാധികാരം-വിധികര്‍ത്തൃത്വം) അല്ലാഹുവല്ലാത്ത ആര്‍ക്കുമില്ലെന്ന്‌ മൂന്ന്‌ ഖുര്‍ആന്‍ വചനങ്ങളില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്‌.
"പറയുക: തീര്‍ച്ചയായും എെ‍ന്‍റ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ പ്രമാണത്തിന്മേലാണ്‌ ഞാന്‍. നിങ്ങളാകട്ടെ അതിനെ നിഷേധിച്ചുകളഞ്ഞിരിക്കുന്നു.നിങ്ങള്‍ ഏതൊന്നിനു വേണ്ടി തിടുക്കം കൂട്ടുന്നുവോ അത്‌(ശിക്ഷ) എെ‍ന്‍റ പക്കലില്ല. (അത്‌ സംബന്ധിച്ച ) 'ഹുക്മ്‌'(തീരുമാനാധികാരം) അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമില്ല. അവന്‍ സത്യം വിവരിച്ചുതരുന്നു. അവനത്രെ തീര്‍പ്പുകല്‍പ്പിക്കുന്നവരില്‍ ഉത്തമന്‍".(വി.ഖു 6:57)
"നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്തിട്ടുള്ള ചില ദൈവനാമങ്ങളെയല്ലാതെ അവന്ന്‌ (അല്ലാഹുവിന്‌)പുറമെ നിങ്ങള്‍ ആരാധിക്കുന്നില്ല. അവയെ സംബന്ധിച്ച്‌ യാതൊരു പ്രമാണവും അല്ലാഹു അവതരിപ്പിച്ചിട്ടില്ല.'ഹുക്മ്‌'(തീരുമാനാധികാരം) അല്ലാഹുവിന്‌ മാത്രമാകുന്നു. അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന്‌ അവന്‍ കല്‍പ്പിച്ചിരിക്കുന്നു. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ, മനുഷ്യരില്‍ അധികപേരും അതു മനസ്സിലാക്കുന്നില്ല"(വി.ഖു 12:40)
"അദ്ദേഹം (യഅ്ഖൂബ്‌)പറഞ്ഞു: 'എെ‍ന്‍റ മക്കളെ, നിങ്ങള്‍ ഒരേ വാതിലിലൂടെ പ്രവേശിക്കാതെ വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കുക. അല്ലാഹുവില്‍ നിന്നുണ്ടാകുന്ന യാതൊന്നും നിങ്ങളില്‍ നിന്ന്‌ തടുക്കാന്‍ എനിക്കാവില്ല. 'ഹുക്മ്‌' (തീരുമാനാധികാരം) അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമില്ല.അവെ‍ന്‍റമേലാണ്‌ ഞാന്‍ ഭരമേല്‍പ്പിച്ചത്‌.അവെ‍ന്‍റ മേല്‍തന്നെയാണ്‌ ഭരമേല്‍പ്പിക്കുന്നവര്‍ ഭരമേല്‍പ്പിക്കേണ്ടത്‌".(വി.ഖു 12:67)
തന്റെ 'ഹുക്മി'ല്‍ അല്ലാഹു ആരേയും പങ്കുചേര്‍ക്കുകയില്ലെന്നും വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. "നീ പറയുക: അവര്‍ താമസിച്ചതിനെക്കുറിച്ച്‌ അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു. ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യജ്ഞാനം അവന്നാണുള്ളത്‌. അവന്‍ എത്ര കാഴ്ചയുള്ളവന്‍; എത്ര കേള്‍വിയുള്ളവന്‍! അവന്നു പുറമെ അവര്‍ക്ക്‌ യാതൊരു രക്ഷാധികാരിയുമില്ല. തന്റെ 'ഹുക്മി'ല്‍ (തീരുമാനാധികാരത്തില്‍) യാതൊരാളെയും അവന്‍ പങ്കുചേര്‍ക്കുകയുമില്ല".(വി.ഖു 18:26)
ഉപര്യുക്ത വചനങ്ങളില്‍ പരാമര്‍ശിച്ചതെല്ലാം പരമവും അഭൗതികവുമായ തീരുമാനാധികാരത്തെ കുറിച്ചാണെന്ന്‌ സന്ദര്‍ഭത്തില്‍ നിന്ന്‌ ഗ്രഹിക്കവുന്നതാണ്‌.എന്നാല്‍ പരിമിതവും ലൗകികവുമായ 'ഹുക്മ്‌' അല്ലാഹു മനുഷ്യരില്‍ പലര്‍ക്കും നല്‍കിയിട്ടുണ്ടെന്ന്‌ ഖുര്‍ആനില്‍ നിന്നുതന്നെ നമുക്ക്‌ ഗ്രഹിക്കാന്‍ കഴിയുന്നു.
"ഇസ്രാഈല്‍ സന്തതികള്‍ക്ക്‌ വേദഗ്രന്ഥവും 'ഹുക്മും' (തീരുമാനാധികാരം അഥവാ തീര്‍പ്പു കല്‍പ്പിക്കാന്‍ വേണ്ട അറിവ്‌) പ്രവാചകത്വവും നാം നല്‍കുകയുണ്ടായി. വിശിഷ്ട വസ്തുക്കളില്‍ നിന്ന്‌ നാം അവര്‍ക്ക്‌ ആഹാരം നല്‍കുകയും ലോകരെക്കാള്‍ അവര്‍ക്ക്‌ നാം ശ്രേഷ്ഠത നല്‍കുകയും ചെയ്തു".(വി.ഖു 45:16)
കുറെ പ്രവാചകന്മാ‍രെക്കുറിച്ച്‌ പരാമര്‍ശിച്ചതിനുശേഷം വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു: "നാം വേദഗ്രന്ഥവും 'ഹുക്മും', പ്രവാചകത്വവും നല്‍കിയിട്ടുള്ളവരത്രെ അവര്‍".(വി.ഖു 6:39)
"അങ്ങനെ അദ്ദേഹം (യൂസുഫ്‌) പൂര്‍ണ്ണ വളര്‍ച്ചയെത്തിയപ്പോള്‍ അദ്ദേഹത്തിന്‌ നാം 'ഹുക്മും'അറിവും നല്‍കി. സദ്‌വൃത്തര്‍ക്ക്‌ അപ്രകാരം നാം പ്രതിഫലം നല്‍കുന്നു".(വി.ഖു 12:22)
"ഹേ യഹ്‌യാ, വേദഗ്രന്ഥം ബലമായി സ്വീകരിച്ചുകൊള്ളുക (എന്നു നാം പറഞ്ഞു). കുട്ടിയായിരിക്കെത്തന്നെ അദ്ദേഹത്തിന്‌ നാം 'ഹുക്മ്‌' നല്‍കുകയും ചെയ്തു".(വി.ഖു 19:22)
"അങ്ങനെ അദ്ദേഹം (മൂസാ) ശക്തിപ്രാപിക്കുകയും പാകതയെത്തുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന്‌ നാം 'ഹുകുമും' അറിവും നല്‍കി.അപ്രകാരം സദ്‌വൃത്തര്‍ക്ക്‌ നാം പ്രതിഫലം നല്‍കുന്നു".(വി.ഖു 28:14)
പരിമിതമായ അര്‍ത്ഥത്തിലുള്ള ലൗകികമായ 'ഹുക്മ്‌' തന്റെ സൃഷ്ടികളില്‍ താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അല്ലാഹു നല്‍കുമെന്നും അത്‌ അല്ലാഹുവിന്‌ മാത്രം അവകാശപ്പെട്ട 'ഹുക്മി'െ‍ന്‍റ വകുപ്പില്‍ പെട്ടതല്ലെന്നും ഈ വചനങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നു.


വലിയ്യ് അഥവാ രക്ഷാധികാരി
അല്ലാഹുവെയല്ലാതെ രക്ഷാധികാരിയായി സ്വീകരിക്കാന്‍ പാടില്ലെന്ന്‌ 6:14 ല്‍ നിന്ന്‌ വ്യക്തമാകുന്നു.വേറെയും ഖുര്‍ആന്‍ വാക്യങ്ങളില്‍ ഈ ആശയം ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്‌.
"നിനക്ക്‌ അറിഞ്ഞുകൂടേ, അല്ലാഹുവിന്‌ തന്നെയാണ്‌ ആകാശഭൂമികളുടെ ആധിപത്യമെന്നും നിങ്ങള്‍ക്ക്‌ അല്ലാഹുവെ കൂടാതെ യാതൊരു 'വലിയ്യും' (രക്ഷാധികാരി) സഹായിയും ഇല്ലെന്നും!".(വി.ഖു 2:107)
"ഭൂമിയിലാകട്ടെ ആകാശത്താകട്ടെ നിങ്ങള്‍ക്ക്‌ (അല്ലാഹുവെ) തോല്‍പ്പിക്കാനാവില്ല. നിങ്ങള്‍ക്ക്‌ അല്ലാഹുവിനു പുറമെ ഒരു വലിയ്യോ (രക്ഷാധികാരി) സഹായിയോ ഇല്ല".(വി.ഖു 29:22)
"അക്രമം പ്രവര്‍ത്തിച്ചവരുടെ പക്ഷത്തേക്ക്‌ നിങ്ങള്‍ ചായരുത്‌. എങ്കില്‍ നരകം നിങ്ങളെ സ്പര്‍ശിക്കുന്നതാണ്‌. അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ക്ക്‌ 'വലിയ്യ്‌' (രക്ഷാധികാരി)കളേ ഇല്ല. പിന്നീട്‌ നിങ്ങള്‍ സഹായിക്കപ്പെടുന്നതല്ല".(വി.ഖു 11:113)
അല്ലാഹുവല്ലാത്ത ആര്‍ക്കും കല്‍പ്പിച്ചുകൊടുക്കാന്‍ പാടില്ലാത്ത ഈ രക്ഷാധികാരം പരമവും അഭൗതികവുമായ അര്‍ത്ഥത്ഥിലുള്ളതത്രെ.എന്നാല്‍ പരിമിതവും ലൗകികവുമായ അര്‍ത്ഥത്തില്‍ റസൂലി(സ)നെയും സത്യവിശ്വാസികളേയും 'വലിയ്യ്‌' (രക്ഷിതാവ്‌-ഉറ്റമിത്രം) ആയി സ്വീകരിക്കണമെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ തന്നെ നിര്‍ദ്ദേശിക്കുന്നുണ്ട്‌.
"അല്ലാഹുവും അവെ‍ന്‍റ ദൂതനും താഴ്മയുള്ളവരായിക്കൊണ്ട്‌ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന സത്യവിശ്വാസികളും മാത്രമാകുന്നു നിങ്ങളുടെ വലിയ്യുകള്‍. വല്ലവനും അല്ലാഹുവേയും അവെ‍ന്‍റ ദൂതനേയും സത്യവിശ്വാസികളേയും വലിയ്യുകളായി സ്വീകരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹുവിെ‍ന്‍റ കക്ഷി തന്നെയാണ്‌ വിജയം നേടുന്നവര്‍".(വി.ഖു 5:55,56)
പരമമായ അര്‍ത്ഥത്തില്‍ നമുക്കെല്ലാം ഏറ്റവും അടുത്തവന്‍ അല്ലാഹുവാണെങ്കിലും പരിമിതവും ലൗകികവുമായ അര്‍ത്ഥത്തില്‍ ഏറ്റവും അടുത്ത വ്യക്തിയെ അഥവാ ഉറ്റബന്ധുവെ കുറിക്കുന്നതിന്‌ 'വലിയ്യ്‌' എന്ന പദം വിശുദ്ധ ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുണ്ട്‌. സക്കരിയ്യ നബി(അ)യുടെ പ്രാര്‍ത്ഥന ഖുര്‍ആനില്‍ ഇപ്രകാരം ഉദ്ധരിക്കുന്നു: "എനിക്കു പുറകെ വരാനുള്ള ബന്ധുക്കളെക്കുറിച്ച്‌ എനിക്ക്‌ ഭയമാകുന്നു. എെ‍ന്‍റ ഭാര്യയാണെങ്കില്‍ വന്ധ്യയുമാകുന്നു.അതിനാല്‍ നിെ‍ന്‍റ പക്കല്‍ നിന്ന്‌ എനിക്ക്‌ ഒരു വലിയ്യിനെ (ഉറ്റബന്ധുവിനെ-സന്തതിയെ) നല്‍കേണമേ".(വി.ഖു 19:5). മറ്റൊരു വചനം ശ്രദ്ധിക്കുക: "അക്രമത്തിന്‌ വിധേയനായി വല്ലവനും കൊലപ്പെടുന്ന പക്ഷം അവെ‍ന്‍റ വലിയ്യിന്‌ (ഉറ്റബന്ധുവിന്‌) അവകാശം വെച്ചുകൊടുത്തിട്ടുണ്ട്‌. എന്നാല്‍ അവന്‍ കൊലയില്‍ അതിരു കവിയരുത്‌".(വി.ഖു 17:33)


റബ്ബ്‌ അഥവാ രക്ഷിതാവ്‌
അല്ലാഹുവല്ലാത്ത ആരെയും റബ്ബ്‌ അഥവാ രക്ഷിതാവായി സ്വീകരിക്കരുതെന്നാണല്ലോ 6:164 വചനത്തിെ‍ന്‍റ താല്‍പര്യം. മറ്റു പല വചനങ്ങളിലും ഈ ആശയം ഊന്നിപറഞ്ഞിട്ടുണ്ട്‌. "അദ്ദേഹം (ഇബ്രാഹീം) പറഞ്ഞു: അല്ല,നിങ്ങളുടെ റബ്ബ്‌ ആകാശഭൂമികളുടെ രക്ഷിതാവാകുന്നു. അവയെ സൃഷ്ടിച്ചുണ്ടാക്കിയവന്‍. ഞാന്‍ അതിന്‌ സാക്ഷ്യം വഹിക്കുന്നവരുടെ കൂട്ടത്തിലാകുന്നു"(വി.ഖു 21:56). ആകാശ ഭൂമികളുടെ രക്ഷിതാവായ അല്ലാഹുവെ അല്ലാത്തവരെ റബ്ബുകളായി സ്വീകരിച്ചവരെ ഖണ്ഡിച്ചുകൊണ്ടാണ്‌ ഇബ്രാഹീം (അ) അപ്രകാരം പറഞ്ഞത്‌.
"പറയുക: വേദക്കാരെ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക്‌ നിങ്ങള്‍ വരുവിന്‍. അതായത്‌, അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും അവനോട്‌ യാതൊന്നിനേയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ മറ്റുചിലരെ റബ്ബുകളാക്കാതിരിക്കുകയും ചെയ്യുക"(എന്ന തത്വത്തിലേക്ക്‌).(വി.ഖു 3:64). യാതൊരു മനുഷ്യനേയും റബ്ബായി സ്വീകരിക്കാതിരിക്കുക എന്ന തത്വം എല്ലാ വേദങ്ങളിലും അനുശാസിക്കപ്പെട്ടതാണെന്ന്‌ ഈ വചനത്തില്‍ നിന്ന്‌ ഗ്രഹിക്കാം."ജയിലിലെ രണ്ടു സുഹൃത്തുക്കളെ, വ്യത്യസ്ത രക്ഷാധികാരികളാണോ ഉത്തമം; അതല്ല ഏകനും സര്‍വ്വാധികാരിയുമായ അല്ലാഹുവാണോ?"(വി.ഖു 12:39). യൂസുഫ്‌ നബി(അ)യുടെ ചോദ്യം അല്ലാഹു ഉദ്ധരിച്ചതാണിത്‌.
റബ്ബ്‌ അഥവാ രക്ഷിതാവ്‌ എന്ന സ്ഥാനം അല്ലാഹു അല്ലാത്ത ആര്‍ക്കും നല്‍കരുതെന്ന്‌ പറയുമ്പോള്‍ രക്ഷാകര്‍ത്തൃത്വത്തിെ‍ന്‍റ പരമവും അഭൗതികവുമായ അര്‍ത്ഥമാണ്‌ ഉദ്ദേശിക്കപ്പെടുന്നത്‌. മനുഷ്യരില്‍ പെട്ട രക്ഷിതാവ്‌ അഥവാ യജമാനന്‍ എന്ന അര്‍ത്ഥത്തിലും വളരെ വിരളമായി റബ്ബ്‌ എന്ന പദം പ്രയോഗിക്കപ്പെട്ടിട്ടുണ്ട്‌. യൂസുഫ്‌ നബി(അ)യുടെ തന്നെ വാക്കുകള്‍ അല്ലാഹു ഉദ്ധരിക്കുന്നു: "ജയിലിലെ രണ്ടു സുഹൃത്തുക്കളെ, എന്നാല്‍ നിങ്ങളില്‍ ഒരുവന്‍ തെ‍ന്‍റ റബ്ബിന്‌(യജമാനന്‍) വീഞ്ഞ്‌ കുടിപ്പിച്ചുകൊണ്ടിരിക്കും".(വി.ഖു 12:41). "അവര്‍ രണ്ടുപേരില്‍ നിന്ന്‌ രക്ഷപ്പെടുന്നവനാണെന്ന്‌ താന്‍ വിചാരിച്ച ആളോട്‌ അദ്ദേഹം (യൂസുഫ്‌) പറഞ്ഞു: 'നിെ‍ന്‍റ റബ്ബിെ‍ന്‍റ (യജമാനെ‍ന്‍റ) അടുക്കല്‍ നീ എന്നെപറ്റി പ്രസ്താവിക്കണം'.എന്നാല്‍ തെ‍ന്‍റ റബ്ബിനോട്‌ (യജമാനനോട്‌) അപ്രകാരം പ്രസ്താവിക്കുന്ന കാര്യം പിശാച്‌ അവനെ മറപ്പിച്ചു കളഞ്ഞു. അങ്ങനെ ഏതാനും കൊല്ലങ്ങള്‍ അദ്ദേഹം (യൂസുഫ്‌) ജയിലില്‍ താമസിച്ചു".(വി.ഖു 12:42)
12:50 ലും ഇതേ അര്‍ഥത്തില്‍ തന്നെ റബ്ബ്‌ എന്ന പദം പ്രയോഗിച്ചിട്ടുണ്ട്‌. 'റബ്ബ്‌ അല്ലാഹു മാത്രം'എന്ന്‌ പറയുമ്പോള്‍ പരിമിതവും ലൗകികവുമായ ഈ അര്‍ത്ഥത്തിലല്ല റബ്ബ്‌ എന്ന പദം പ്രയോഗിക്കുന്നത്‌.


'ഇലാഹ്‌' അഥവാ ആരാധ്യന്‍
ഉപര്യുകതമായ 7:140 വചനം ഉള്‍പ്പെടെ അനേകം ഖുര്‍ആന്‍ വചനങ്ങളില്‍ ആവര്‍ത്തിച്ച്‌ ഉറപ്പിച്ചു പറഞ്ഞ കാര്യമാണ്‌ അല്ലാഹുവല്ലാത്ത ആരേയും ഇലാഹായി സ്വീകരിക്കാന്‍ പാടില്ല എന്നത്‌. ഹകം, വലിയ്യ്‌, റബ്ബ്‌ എന്നീ പദങ്ങളില്‍ നിന്ന്‌ വ്യത്യസ്തമാണ്‌ ഇലാഹ്‌ എന്ന പദത്തിെ‍ന്‍റ കാര്യം. യാതൊരു സൃഷ്ടിയേയും യാതൊരര്‍ത്ഥത്തിലും 'ഇലാഹ്‌' എന്ന്‌ വിശേഷിപ്പിക്കുന്നതിനെ അല്ലാഹുവോ പ്രവാചകന്മാ‍രോ അംഗീകരിച്ചിട്ടില്ലെന്നാണ്‌ വിശുദ്ധ ഖുര്‍ആനില്‍ നിന്ന്‌ ഗ്രഹിക്കാന്‍ കഴിയുന്നത്‌. പരിമിതമോ ലൗകികമോ ആയ ഒരര്‍ത്ഥം കല്‍പ്പിച്ചുകൊണ്ട്‌ ആരെയും 'ഇലാഹ്‌' അഥവാ ആരാധ്യന്‍ എന്ന്‌ വിശേഷിപ്പിക്കാന്‍ വിശുദ്ധ ഖുര്‍ആനിെ‍ന്‍റ അടിസ്ഥാനത്തില്‍ യാതൊരു ന്യായവുമില്ല. 'ഇലാഹ്‌'എന്ന പദത്തിന്‌ പരമവും അഭൗതികവുമായ അര്‍ത്ഥമേയുള്ളൂ.പരിമിതവും ലൗകികവുമായ മറ്റൊരര്‍ത്ഥമില്ല. പരമവും പൂര്‍ണ്ണവുമല്ലാത്ത അര്‍ത്ഥം ഉദ്ദേശിച്ചുകൊണ്ട്‌ അല്ലാഹു തന്നെ 'ഹകം, വലിയ്യ്‌, റബ്ബ്‌' എന്നീ പദങ്ങള്‍ പ്രയോഗിച്ചതുപോലെ 'ഇലാഹ്‌' എന്ന പദം പ്രയോഗിച്ചിട്ടില്ല. അതുകൊണ്ടാണ്‌ ഇസ്ലാമിലെ ഏകദൈവവിശ്വാസത്തില്‍ 'തൗഹീദുല്‍ ഉലൂഹിയ്യഃ'(ഇലാഹിെ‍ന്‍റ ഏകത്വം) ഏറ്റവും പ്രസക്തമായിത്തീരുന്നത്‌. ആരാധന അഥവാ പരമമായ വണക്കം അര്‍പ്പിക്കേണ്ടത്‌ ആര്‍ക്കോ അവനാണ്‌ 'ഇലാഹ്‌' എന്ന്‌ പറയുന്നത്‌.
വിശ്വാസികളുടെ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ വ്യതിയാനങ്ങള്‍ ഉണ്ടായിട്ടുള്ളത്‌ 'ഇലാഹ്‌' അല്ലാഹു മാത്രം എന്ന ആശയത്തിെ‍ന്‍റ കാര്യത്തിലാണ്‌. ആരാധനയൊ അതിെ‍ന്‍റ സാരാംശമായ പ്രാര്‍ത്ഥനയോ അല്ലാഹുവല്ലാത്തവര്‍ക്ക്‌ പ്രത്യക്ഷമായോ പരോക്ഷമായോ അര്‍പ്പിക്കുന്നതിനെ പലവിധത്തില്‍ ന്യായീകരിക്കുന്ന പ്രവണതയാണ്‌ ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കിടയിലും വ്യാപകമായി കാണപ്പെടുന്നത്‌. അതിനാല്‍ ഈ വിഷയകമായ തിരുത്തലിനും ബോധവല്‍ക്കരണത്തിനുമാണ്‌ മുന്തിയ പരിഗണന നല്‍കേണ്ടത്‌. പരമമായ അര്‍ത്ഥത്തിലുള്ള വിധികര്‍ത്താവ്‌, രക്ഷാധികാരി, രക്ഷിതാവ്‌ എന്നീ സ്ഥാനങ്ങളൊന്നും അല്ലാഹുവല്ലാത്തവര്‍ക്ക്‌ ഇവിടത്തെ വിശ്വാസമുള്ള മുസ്ലികളാരും കല്‍പിക്കുന്നില്ല. വിശ്വാസമില്ലാത്തവരും ഭൗതികവാദത്തിെ‍ന്‍റ സ്വാധീനത്തിലകപ്പെട്ടു പോയവരുമായ മുസ്ലിം നാമധാരികള്‍ അല്ലാഹുവിെ‍ന്‍റ വിധികര്‍ത്തൃത്വവും യജമാനത്വവും നിഷേധിക്കുന്നുണ്ടാകും. അവരോട്‌ ആദ്യമായി പ്രബോധനം ചെയ്യേണ്ടത്‌ ദൈവാസ്തിക്യത്തെക്കുറിച്ചാണ്‌. പ്രപഞ്ചത്തിനൊരു സ്രഷ്ടാവുണ്ടെന്ന്‌ അവര്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ അവന്‍ മാത്രമാണ്‌ ആരാധ്യന്‍ എന്ന വിശ്വാസം സ്വീകരിക്കാന്‍ അവരെ ആഹ്വാനം ചെയ്യുന്നതോടൊപ്പം അവെ‍ന്‍റ പരമമായ വിധികര്‍ത്തൃത്വത്തേയും രക്ഷാകര്‍ത്തൃത്വത്തേയും സംബന്ധിച്ച്‌ അവരെ ബോധവല്‍ക്കരിക്കുകയും ചെയ്യണം. അല്ലാഹു മാത്രമാണ്‌ ആരാധ്യന്‍ എന്ന ആശയം അംഗീകരിക്കുന്നവര്‍ക്ക്‌ പരമമായ അര്‍ത്ഥത്തില്‍ അവനെ മാത്രം 'ഹകമും, വലിയ്യും, റബ്ബു'മായി അംഗീകരിക്കാന്‍ പ്രയാസമുണ്ടാവില്ല. അതുകൊണ്ടാണ്‌ വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാരുടെ പ്രബോധനങ്ങളിലും 'ഇലാഹ്‌ അല്ലാഹു മാത്രം' എന്ന ആശയത്തിന്‌ വളരെ പ്രാമുഖ്യമുണ്ടായത്‌. ഇസ്ലാഹീ പ്രസ്ഥാനവും ഇലാഹിെ‍ന്‍റ ഏകത്വത്തിന്‌ ഏറ്റവും വലിയ മുന്‍ഗണന നല്‍കുന്നു. മറ്റു പല വിഭാഗങ്ങളും ആരാധ്യന്‍ അല്ലാഹു മാത്രം എന്ന അതിപ്രധാന വിഷയത്തെ പുറകോട്ട്‌ മാറ്റിയിട്ട്‌ വിശ്വാസികള്‍ക്കിടയില്‍ തര്‍ക്കമില്ലാത്ത വിധികര്‍തൃത്വത്തിെ‍ന്‍റയും രക്ഷാകര്‍തൃത്വത്തിെ‍ന്‍റയും വിഷയത്തില്‍ ചര്‍ച്ച കേന്ദ്രീകരിക്കുകയാണ്‌ ചെയ്യുന്നത്‌.



Download here




-------------------------------
Related posts









No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.