22 June 2009

രാഷ്ട്രീയ ശിര്‍ക്കും നിയമനിര്‍മാണാധികാരവും

രാഷ്ട്രീയ ശിര്‍ക്കും നിയമനിര്‍മാണാധികാരവും
മതം,രാഷ്ട്രീയം,ഇസ്ലാഹീ പ്രസ്ഥാനം പേജ്‌ 62-65
ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌



? 'സലഫികളുടെ തൗഹീദും രാഷ്ട്രീയ ശിര്‍ക്കും'(ശബാബ്‌ ജൂണ്‍ 28) എന്ന ലേഖനത്തില്‍ നിന്നും
പരമമായ നിയമനിര്‍മാണാധികാരം അല്ലാഹുവിനാണെന്നത്‌ തൗഹീദിന്റെ ഭാഗമാണെന്ന്‌ മനസ്സിലാകുന്നു.അപ്പോള്‍ അത്‌ മറ്റാര്‍ക്കെങ്കിലും വകവെച്ചുകൊടുക്കുന്നത്‌ ശിര്‍ക്കും കുഫ്‌റുമാണല്ലോ.ഇന്ത്യന്‍ ജനത അവരുടെ നിയമനിര്‍മാണാധികാരം നിയമനിര്‍മാണസഭകളായ പാര്‍ലമന്റ്‌,അസംബ്ലി എന്നിവക്കാണ്‌ വകവെച്ചു കൊടുത്തിട്ടുള്ളത്‌.അതുപ്രകാരം അവയില്‍ നിര്‍മിക്കപ്പെടുന്ന പലനിയമങ്ങളും ദൈവികനിയമങ്ങള്‍ക്ക്‌ നേരെ വിപരീതമാണുതാനും.മദ്യം,വ്യഭിചാരം,ചൂതുകളി,പലിശ തുടങ്ങിയ പ്രശ്നങ്ങളെ സംബന്ധിച്ചു നിലവില്‍ നിര്‍മ്മിക്കപ്പെട്ട നിയമങ്ങളും ഇജ്തിഹാദ്‌ നടത്തുകയാണെങ്കില്‍,കാലികമായി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന പല നിയമങ്ങളും ദൈവികനിയമങ്ങള്‍ക്ക്‌ വിരുദ്ധമാണെന്ന്‌ കാണാം.ഇപ്രകാരം നിയമനിര്‍മ്മാണാധികാരം ദൈവേതരരില്‍ നിക്ഷിപ്തമാക്കുക വഴി ഇന്ത്യന്‍ ജനത ശിര്‍ക്കാണല്ലോ ചെയ്തുകൊണ്ടിരിക്കുന്നത്‌.അമുസ്ലിംകളായ ബിംബാരാധകര്‍ ബിംബാരാധനയിലൂടെ ശിര്‍ക്ക്‌ ചെയ്യുന്നതിനാല്‍ അതില്‍ നിന്നും അവരെ ഏകദൈവാരാധനയിലേക്ക്‌ ക്ഷണിക്കുക തൗഹീദ്‌ പ്രബോധനത്തിെ‍ന്‍റ ഭാഗമാണ്‌ എന്നതുപോലെ മേല്‍ സൂചിപ്പിച്ച നിയമനിര്‍മ്മാണാധികാരം സംബന്ധിച്ച ശിര്‍ക്കില്‍ നിന്നും അവരെ മോചിപ്പിക്കുന്നതും തൗഹീദ്‌ പ്രബോധനത്തിെ‍ന്‍റ ഭാഗമാക്കേണ്ടതില്ലേ?മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ അല്ലാഹുവിെ‍ന്‍റ ഭരണനിയമങ്ങളിലേക്ക്‌ കൂടി ജനങ്ങളെ ക്ഷണിക്കുക എന്നത്‌ തൗഹീദ്‌ പ്രചാരണത്തിെ‍ന്‍റ സുപ്രധാന ഭാഗമാക്കേണ്ടതല്ലേ?

= ഇന്ത്യന്‍ ജനത എന്നാല്‍ ന്യൂനപക്ഷമായ മുസ്ലിംകളും ഭൂരിപക്ഷമായ അമുസ്ലിംകളും ചേര്‍ന്നതാണല്ലോ.ഈ അവസ്ഥ നിലനില്‍ക്കുവോളം എല്ലാവര്‍ക്കുമായുള്ള ഒരു ഭരണകൂടം ഇവിടെ അനിവാര്യമാണ്‌.അരാജകത്വം ഒരു മതത്തിേ‍ന്‍റയും താല്‍പര്യമല്ല.ഈ സാഹചര്യത്തില്‍ എല്ലാവര്‍ക്കും ഒരളവോളം സ്വീകാര്യമായ നിയമങ്ങളും അനുപേക്ഷ്യമാണ്‌.ഒരു മതേതര ഭരണകൂടം രൂപപ്പെടുത്തുന്ന നിയമങ്ങള്‍ തികച്ചും കുറ്റമറ്റതായിരിക്കുമെന്ന്‌ ഇവിടത്തെ മതവിശ്വാസികളാരും ഉറച്ചുവിശ്വസിക്കുന്നില്ല.പൊതു നിയമങ്ങള്‍ തങ്ങളുടെ വിശ്വാസാദര്‍ശങ്ങള്‍ക്ക്‌ വിരുദ്ധമാകാതിരിക്കണമെന്ന്‌ എല്ലാവര്‍ക്കും ആവശ്യപ്പെടാം.ആ ആവശ്യത്തോട്‌ നീതിപുലര്‍ത്താന്‍ ഭരണകൂടങ്ങള്‍ ചിലപ്പോള്‍ നിഷ്കര്‍ഷ കാണിച്ചെന്ന്‌ വരാം.ന്യൂനപക്ഷങ്ങളുടേയും ദുര്‍ബലരുടേയും ആവശ്യങ്ങള്‍ ചിലപ്പോള്‍ അവഗണിക്കപ്പെട്ടെന്നും വരാം.എന്തായാലും പരമമായ നിയമനിര്‍മാണാധികാരം പാര്‍ലമെന്‍റിനും നിയമസഭകള്‍ക്കുമാണെന്ന്‌ മുസ്ലിംകള്‍ വിശ്വസിക്കുന്നില്ല.

ഇന്ത്യന്‍ മുസ്ലിംകളില്‍ ഖുര്‍ആനും സുന്നത്തും അംഗീകരിക്കുന്ന ആരും ഇന്ത്യന്‍ നിയമങ്ങള്‍ക്ക്‌ അപ്രമാദിത്വം കല്‍പ്പിക്കുന്നില്ല.അല്ലാഹുവിെ‍ന്‍റ നിയമങ്ങള്‍ക്ക്‌ വിരുദ്ധമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ നിയമങ്ങള്‍ നിര്‍ബന്ധിത സാഹചര്യങ്ങളിലല്ലാതെ അവര്‍ അംഗീകരിക്കുകയുമില്ല.ഈ വസ്തുത ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ പ്രബോധനം പോലും അംഗീകരിച്ചിട്ടുള്ളതാണ്‌.

".....ഇതേ പോലെ ഇന്ത്യയിലുള്ള മുസ്ലിംകളാരും ഇന്ദിരാഗാന്ധി അനുവദിക്കുന്നതെന്തും ഹലാലും നിരോധിക്കുന്നതെന്തും ഹറാമുമാണെന്ന്‌ വിശ്വസിക്കുകയോ നിരുപാധികമായ നിയമനിര്‍മാണത്തിനുള്ള അധികാരം അവര്‍ക്ക്‌ വകവച്ചുകൊടുക്കുകയോ ചെയ്യുന്നില്ല.അവര്‍ നിര്‍മ്മിക്കുന്ന ഏത്‌ നിയമവും ദൈവികനിയമങ്ങള്‍ പോലെ ശാശ്വതവും അലംഘനീയവുമാണെന്നും കൂറോടും ഭക്തിയോടും കൂടി എക്കാലത്തും മാറ്റമില്ലാതെ അനുസരിക്കപ്പെടേണ്ടതാണെന്നും ഒരിക്കലും അതില്‍ ഭേദഗതി പാടില്ലെന്നും ഇവിടെയുള്ള അമുസ്ലിംകളെന്നല്ല,ഇന്ദിരാഗാന്ധിയുടെ ആരാധകര്‍ പോലും വിശ്വസിക്കുന്നില്ല.അതിനാല്‍ അവരൊന്നും തന്നെ പ്രധാനമന്ത്രിയുടെ നിയമങ്ങള്‍ പാലിക്കുക വഴി അവര്‍ക്ക്‌ ഇബാദത്ത്‌ ചെയ്യുന്നില്ല."
(പ്രബോധനം പുസ്തകം 32 ലക്കം 3)

അപ്പോള്‍ അല്ലാഹുവിലും റസൂലി(സ)ലും വിശ്വസിക്കാത്ത മുസ്ലിം നാമധാരികളൊഴിച്ച്‌ മറ്റു മുസ്ലിംകളാരും മനുഷ്യജീവിതത്തില്‍ വിധിവിലക്കുകള്‍ നിശ്ചയിക്കാനുള്ള പരമാധികാരം ഭരണകൂടത്തിനുണ്ടെന്ന്‌ വിശ്വസിക്കുന്നില്ല എന്ന്‌ വ്യക്തം.അതിനാല്‍ രാഷ്ട്രീയമായ ശിര്‍ക്കില്‍ നിന്ന്‌ മുസ്ലിംകളെ മോചിപ്പിക്കുന്നതിന്‌ ഒരു തീവ്രയത്നം സാധാരണനിലയില്‍ അനിവാര്യമാകുന്നില്ല.എന്നാലും അല്ലാഹു ഹലാലാക്കിയത്‌ ഹറാമാക്കാനോ അവന്‍ ഹറാമാക്കിയത്‌ ഹലാലാക്കാനോ ആര്‍ക്കും അധികാരമില്ലെന്ന വസ്തുത സലഫികള്‍ ഊന്നിപ്പറയാറുണ്ട്‌.മദ്യവും ചൂതാട്ടവും പോലുള്ള വിഷയങ്ങളില്‍ ഭരണകൂടത്തിെ‍ന്‍റ നിലപാടിനെ ശക്തിയായി എതിര്‍ക്കാറുമുണ്ട്‌.
ഇന്ത്യയിലെ അമുസ്ലിംകളില്‍ ഭൂരിപക്ഷവും ഭരണകൂടത്തിന്‌ അപ്രമാദിത്വം കല്‍പിക്കാത്തവരാണ്‌.അവരില്‍ മദ്യം വര്‍ജ്ജ്യമായി കരുതുന്നവര്‍ ഭരണകൂടത്തിനു വേണ്ടി മദ്യപിക്കുന്നില്ല.വ്യഭിചാരം പാപമായി കരുതുന്നവര്‍,സര്‍ക്കാര്‍ വേശ്യാലയങ്ങള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കിയതിെ‍ന്‍റ പേരില്‍ വ്യഭിചരിക്കുകയുമില്ല.എന്നാലും നീചവൃത്തികള്‍ പരസ്യമായി നടത്താന്‍ സ്വാതന്ത്ര്യം നല്‍കുന്ന നിയമങ്ങള്‍ വരുമ്പോള്‍ സംഘടിതമായി എതിര്‍ക്കാന്‍ അവര്‍ മുന്നോട്ട്‌ വരുന്നില്ല എന്നത്‌ ഖേദകരമായ ഒരു വസ്തുതയാണ്‌.അവരുടെ ജീവിതത്തില്‍ അതിശക്തമായ ദൈവവിശ്വാസവും ധര്‍മ്മബോധവും സ്വാധീനം ചെലുത്തുന്നില്ല എന്നതാണ്‌ ഇതിന്‌ കാരണം.

മുസ്ലിം ഭരണത്തേയും ഇസ്ലാമിക ഭരണത്തേയും സംബന്ധിച്ച്‌ ഏറെ തെറ്റിദ്ധാരണകളും മുന്‍വിധികളും വെച്ചുപുലര്‍ത്തുന്നവരാണ്‌ ഇന്ത്യയിലെ അമുസ്ലിംകളില്‍ മഹാഭൂരിപക്ഷവും.അവര്‍ക്കിടയില്‍ ഇസ്ലാമിക പ്രബോധനം നടത്തുമ്പോള്‍ ഭരണനിയമങ്ങള്‍ക്ക്‌ ഊന്നലും മുന്‍ഗണയും നല്‍കുന്നത്‌ വിപരീതഫലമേ ചെയ്യുകയുള്ളൂ.പ്രപഞ്ചനാഥന്‍, ഏക ആരാധ്യന്‍,കുറ്റമറ്റ മാര്‍ഗ്ഗദര്‍ശനത്തിന്‌ ആധികാരികമായി അര്‍ഹതയുള്ളവന്‍ എന്നീ നിലകളില്‍ അല്ലാഹുവെ യഥോചിതം പരിചയപ്പെടുത്തി വിശ്വാസം ജനിപ്പിക്കാനുള്ള ശ്രമമാണ്‌ അവരുടെ കാര്യത്തില്‍ പ്രസക്തവും പ്രായോഗികവുമായിട്ടുള്ളത്‌.വിശ്വാസം രൂഢമൂലമായിക്കഴിഞ്ഞാല്‍ മുഴുവന്‍ ജീവിതത്തിലും അല്ലാഹുവിെ‍ന്‍റ നിയമങ്ങള്‍ അലംഘനീയമായി ഗണിക്കാന്‍ അവര്‍ തയ്യാറാകും.രാഷ്ട്രീയ കാര്യങ്ങളില്‍ അല്ലാഹുവിെ‍ന്‍റ നിയമങ്ങള്‍ ലംഘിച്ചാലും സാരമില്ല എന്ന മിഥ്യാധാരണ പിന്നീടവര്‍ പുലര്‍ത്തുകയില്ല.അമുസ്ലിംകളുടെ മേല്‍ ഭരണം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന അധികാരമോഹികള്‍ എന്ന നിലയില്‍ മുസ്ലിംകള്‍ വിലയിരുത്തപ്പെടുകയോ വ്യാഖ്യാനിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യം നാം ഒഴിവാക്കിയേ തീരൂ.മനുഷ്യരെ നന്മയിലേക്ക് നയിക്കാനും വളര്‍ത്തിയെടുക്കാനും ആഗ്രഹിക്കുന്ന ഗുണകാംക്ഷികളാണ്‌ നമ്മളെന്ന്‌ ബോധ്യപ്പെടുത്തുന്നതിലൂടെ മാത്രമേ നമുക്ക്‌ വിശ്വാസത്തിെ‍ന്‍റ വഴിത്താരയിലേക്ക്‌ മനസ്സുകളെ ആകര്‍ഷിക്കാനാവൂ.

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.