13 June 2009

വേട്ടയാടല്‍ ഹറാമാക്കാന്‍ സര്‍ക്കാറിന്‌ അനുവാദമുണ്ടോ?

വേട്ടയാടല്‍ ഹറാമാക്കാന്‍ സര്‍ക്കാറിന്‌ അനുവാദമുണ്ടോ?
SHABAB Friday, 12 June 2009
മുസ്ലിം

വേട്ടയാടുന്നതിനെ ഇസ്ലാം അംഗീകരിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ നിയമപ്രകാരം അത്‌ കുറ്റകരമാണ്‌. ഈ സാഹചര്യത്തില്‍, നാം ഒരു മൃഗത്തെ വേട്ടയാടിയാല്‍ ഇന്ത്യന്‍ നിയമപ്രകാരം കുറ്റമനുഭവിക്കേണ്ടിവരും. ഇതിന്‌ അല്ലാഹുവിന്റെയടുക്കല്‍ നിന്ന്‌ വല്ല ശിക്ഷയും ലഭിക്കുമോ? അല്ലാഹു അനുവദനീയമാക്കിയ ഒന്നിനെ മനുഷ്യര്‍ക്ക്‌ ഹറാമാക്കാന്‍ അവകാശമുണ്ടോ? അങ്ങനെ ആരെങ്കിലും ഹറാമാക്കിയാല്‍ നാം ആ ഹറാമിനെ പിന്‍പറ്റേണ്ടതുണ്ടോ?



സ്വലാഹുദ്ദീന്‍, ഊര്‍ങ്ങാട്ടിരി

വേട്ടയാടല്‍ അല്ലാഹു അനുവദിച്ചിട്ടുണ്ട്‌ എന്നത്‌ ശരിയാണ്‌. എന്നാല്‍ ജന്തുവര്‍ഗങ്ങള്‍ക്ക്‌ ഉന്മൂലനാശം വരുത്താന്‍ അല്ലാഹു അനുവാദം നല്‌കിയിട്ടില്ല എന്നതും ശരിയാണ്‌. ``ഭൂമിയിലുള്ള ഏതൊരു ജന്തുവും രണ്ട്‌ ചിറകുകള്‍ കൊണ്ട്‌ പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങള്‍ മാത്രമാകുന്നു (വി.ഖു 6:38). മാനവ സമൂഹം ഉന്മൂലനം ചെയ്യപ്പെടാന്‍ പാടില്ലെങ്കില്‍ മറ്റു ജന്തുസമൂഹങ്ങളുടെ ഉന്മൂലനവും എതിര്‍ക്കപ്പെടേണ്ടതാണെന്നത്രെ ഈ സൂക്തത്തില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. അനിയന്ത്രിതമായ വേട്ട കാരണമായിട്ടാണ്‌ ചില ജന്തുവര്‍ഗങ്ങള്‍ക്ക്‌ ഉന്മൂലനാശം നേരിട്ടത്‌. ഈ യാഥാര്‍ഥ്യം മനസ്സിലാക്കിയിട്ടാണ്‌ മിക്ക ഭരണകൂടങ്ങളും സംരക്ഷിതവനങ്ങളില്‍ വേട്ട നിരോധിച്ചിട്ടുള്ളത്‌.

വേട്ടയാടല്‍ ഹറാം ആണെന്നല്ല; മംനൂഅ്‌ (നിയമവിരുദ്ധം) ആണെന്നത്രെ ഭരണകൂടങ്ങള്‍ പ്രഖ്യാപിക്കുന്നത്‌. ജീവജാതികളുടെ വംശനാശഭീഷണിയാണ്‌ അതിന്‌ കാരണം. അതിനാല്‍ ആ പ്രഖ്യാപനം മതവിരുദ്ധമാണെന്ന്‌ പറയാവുന്നതല്ല. വംശനാശം സംഭവിക്കില്ലെന്ന്‌ ഉറപ്പ്‌ വരുത്തിക്കൊണ്ട്‌ വേട്ട അനുവദിക്കാന്‍ കഴിയുമോ എന്ന്‌ പരിശോധിക്കേണ്ടത്‌ ഭരണകൂടമാണ്‌.


No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.