25 July 2011

ജമാഅത്ത്‌ വികസനത്തിന്‌ ഒരു വോട്ട്‌ - (2010 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വന്ന ജനകീയമുന്നണിയെ ക്കുറിച്ച്)




SHABAB WEEKLY  22OCT2010

ജമാഅത്ത്‌ വികസനത്തിന്‌ ഒരു വോട്ട്‌
മുര്‍ശിദ്‌ പാലത്ത്‌


മൗലാനാ മൗദൂദി 1941-ല്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി രൂപീകരിക്കുമ്പോള്‍ ലക്ഷ്യം ഹുകൂമത്തെ ഇലാഹിയായിരുന്നു. അഥവാ ഇസ്‌ലാമിക ഭരണം സ്ഥാപിക്കുക. നേര്‍ക്കുനേരെ ഇക്കാര്യം പറയാന്‍ അദ്ദേഹത്തിനു മടിയും പേടിയുമില്ലായിരുന്നു. അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ ശിരസ്സേറ്റിയ ആത്മാര്‍ഥതയുള്ള അനുയായികള്‍ക്കും അത്‌ പ്രശ്‌നമായിരുന്നില്ല. അവര്‍ അതിനു വേണ്ടി എന്തും സഹിക്കാന്‍ തയ്യാറായിരുന്നു.
എന്നാല്‍ തങ്ങളുടെ പല സുഖങ്ങള്‍ക്കും ഈ വാക്ക്‌ തടസ്സമാകുമെന്നു മനസ്സിലാക്കിയ സംഘടന ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ആശയം മാറ്റാതെ പദം മോഡിഫൈ ചെയ്‌ത്‌ ഇഖാമതുദ്ദീന്‍ എന്നാക്കി. അതുകൊണ്ടു തന്നെ ജനാധിപത്യത്തിനോടും മതേതരത്വത്തിനോടുമെല്ലാമുള്ള പാര്‍ട്ടിയുടെ നിലപാടുകള്‍ക്ക്‌ യാതൊരു മാറ്റവുമുണ്ടായിരുന്നില്ല. എന്നാല്‍ തങ്ങള്‍ കൊണ്ടു നടക്കുന്ന ആശയങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെന്നല്ല, സ്വന്തം സംഘടനക്കു പോലും യാതൊരു ഗുണവും നല്‌കുകയില്ലെന്ന തിരിച്ചറിവ്‌ മനസ്സാക്ഷിക്കുത്തായി ആത്മാര്‍ഥതയുള്ള പല ജ.ഇക്കാരെയും അലട്ടിക്കൊണ്ടിരുന്നു. അത്തരം സന്ദര്‍ഭങ്ങളിലായിരുന്നു പോളിസി പ്രോഗ്രാമുകള്‍ എന്ന നയനിലപാടുകളില്‍ മാറ്റം വേണമോ എന്നതിനെ കുറിച്ച നിരന്തരമായ ആലോചനകള്‍ വന്നതും തുരുതുരാ ശൂറകള്‍ പെയ്‌തതും. പക്ഷേ, എവിടെയെല്ലാമോ കിടന്ന മൗദൂദി ഭ്രമം തലതാഴ്‌ത്താനും സത്യം അംഗീകരിക്കാനും മനസ്സു തുറന്നില്ല. ഓരോ ശൂറ കഴിയുമ്പോഴും വഞ്ചി തിരുനക്കരെ തന്നെ എന്നതായിരുന്നു അവസ്ഥ. പതിറ്റാണ്ടുകള്‍ നീണ്ട ഈ ശൂറാ ഗവേഷണങ്ങള്‍ക്കിടയിലും തങ്ങളുടെ രാഷ്‌ട്രീയം അംഗീകരിക്കാത്ത ഇന്ത്യന്‍ മുസ്‌ലിംകളെ മുഴുവന്‍ കുരങ്ങന്മാരായി ചിത്രീകരിക്കാനും അവിശ്വാസികള്‍ വരെയാക്കി വിധിയെഴുതാനും പാര്‍ട്ടിക്ക്‌ ഒട്ടും മനസ്‌താപമുണ്ടായില്ല. എന്നു മാത്രമല്ല, ഇതു വരെ സ്വീകരിച്ച രാഷ്‌ട്രീയ ആദര്‍ശം തെറ്റായിപ്പോയി എന്ന്‌ ജീവിതാവസാന സമയത്തെങ്കിലും തുറന്നു പറഞ്ഞ സ്വന്തം ബുദ്ധികേന്ദ്രത്തെ മാനസികനില തെറ്റിയവനായി ചിത്രീകരിക്കാനും ഈ ഭ്രമക്കാര്‍ ധൃഷ്‌ടരായി.
ഒടുവില്‍ ജമാഅത്ത്‌ വോട്ടു പ്രസവിച്ചു. ജനസംഘം മുതല്‍ കമ്യൂണിസ്റ്റുകള്‍ വരെ, ആര്‍ക്കെല്ലാം ബദലായി ഇസ്‌ലാമിനെ രാഷ്‌ട്രീയമാക്കിയോ അവര്‍ക്കെല്ലാം വെണ്‍ചാമരവുമായി അവര്‍ ഇറങ്ങി. കുറ്റം പറയരുതല്ലോ, സ്വന്തം ശക്തിദൗര്‍ബല്യങ്ങള്‍ നന്നായി അറിയാവുന്നതിനാല്‍ അന്നും തെരഞ്ഞെടുപ്പു ചിഹ്നത്തിന്‌ അപേക്ഷിച്ചില്ല. എന്നാല്‍, പതിറ്റാണ്ടുകള്‍ നീണ്ട ശൂറയിലൂടെ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ വോട്ടുബാങ്കുകള്‍ നിര്‍മിക്കാനുപയോഗിക്കുന്ന അസംസ്‌കൃതവസ്‌തുക്കള്‍ റോഡും തോടുമാണെന്ന വസ്‌തുത കണ്ടെത്തി. അങ്ങനെയാണ്‌ ഇത്തരം `സമഗ്രപരലോക'കാര്യങ്ങള്‍ക്ക്‌ മാത്രമായി ഒരു യുവജന സംഘടനക്ക്‌ രൂപം നല്‌കുന്നത്‌. അവര്‍ ഇഖാമതുദ്ദീനിന്റെ ഉത്തമതാല്‌പര്യമായ ഇബാദത്തുകളുമായി, റോഡിനും തോടിനുമായി അങ്ങാടികളില്‍ നിറഞ്ഞു. പ്രാദേശിക വികസന കാര്യങ്ങളില്‍ ആരംഭശൂരത്വം കാണിക്കുന്ന കേഡര്‍ പ്രവര്‍ത്തകര്‍ക്ക്‌ പിന്തുണയുമായി പലയിടത്തും സാദാജനം കൂടെ നടന്നു. കുയില്‍ മുട്ടകള്‍ തിരിച്ചറിയാന്‍ കഴിയാതെ അടയിരിക്കുന്ന കാക്കമ്മയെപ്പോലെ ജാഥയിലെ അനുയായികളെല്ലാം തങ്ങളുടെ ഇഖാമതുദ്ദീനിന്റെ പ്രയോക്താക്കളാണെന്നു മനപ്പായസമുണ്ട്‌ ഒരു വികസന മുന്നണിയുണ്ടാക്കി. ജ(മാഅത്ത്‌)നകീയ വികസനമുന്നണി.
ഇതിന്റെ മുന്‍- പിന്‍- ഇട-വല അണികളെല്ലാം നാല്‌പത്‌ ജസദുള്ള ഔലിയമാരെപ്പോലെ ജ.ഇക്കാര്‍ തന്നെ. പ്രത്യക്ഷത്തില്‍ സമുദായാംഗമെന്ന്‌ ചിലരെ കുറിച്ച്‌ തോന്നില്ലെങ്കിലും ജ.ഇയുടെ വിശാല സമഗ്ര ഇസ്‌ലാമിന്റെ വൃത്തത്തില്‍ ഇവര്‍ക്കെല്ലാം അംഗങ്ങളാകാവുന്നതാണ്‌. വിശ്വാസ-അനുഷ്‌ഠാന മേഖലകളില്‍ ഏതു സ്വീകരിച്ചാലും പ്രശ്‌നമല്ല. അത്തരം കാര്യങ്ങളില്‍ വാശിപിടിക്കുന്നത്‌ ശാഖാപരമായ കാര്യങ്ങളില്‍ അമിതാവേശം കാണിക്കലാണെന്നും ഇസ്‌ലാമിക രാജ്യത്തിനു വേണ്ടിയുള്ള സമരത്തിന്‌ സന്നദ്ധനാകുന്ന ആരെയും അംഗമാക്കാമെന്നും പാര്‍ട്ടി ആചാര്യന്‍ പണ്ടേ പറഞ്ഞുവെച്ചതാണ്‌. പിന്നെ സ്വര്‍ഗത്തില്‍ അല്ലാഹു വിവിധ പദവികള്‍ വെച്ചതുകൊണ്ട്‌ അവിടേക്കെത്തുന്നവരെ നമ്മള്‍ ഇവിടെ തന്നെ വര്‍ഗീകരിക്കുന്നുമുണ്ട്‌. ചിലര്‍ കാര്‍കൂന്‍, മറ്റു ചിലര്‍ റുകുനുകള്‍. വേറെ ചിലര്‍ മുത്തഫിഖുകള്‍. ഇങ്ങനെയെല്ലാമായതിനാല്‍ ആരെയും പാര്‍ട്ടിക്ക്‌ ഉള്‍ക്കൊള്ളാമല്ലോ. ഇന്ത്യാ മഹാരാജ്യത്തെന്നല്ല വെള്ളം വറ്റിയ ഏതൊരു കരഭൂമിയിലും നിലവിലില്ലാത്ത ഈ പാര്‍ട്ടിവിശാലതയെ കുറിച്ചാണ്‌ അവര്‍ പണ്ടേ ഊറ്റത്തോടെ പറഞ്ഞുവെച്ചത്‌, ഞങ്ങളുടെത്‌ പാരമ്പര്യ രാഷ്‌ട്രീയപാര്‍ട്ടികളെ പോലെ ഒരു പാര്‍ട്ടിയോ മതസംഘടനകളെപ്പോലെ ഒരു സാദാ മതസംഘടനയോ അല്ല എന്ന്‌. ഇത്‌ ആര്‍ക്കാണ്‌ നിഷേധിക്കാന്‍ കഴിയുക. കോണ്‍ഗ്രസുകാരനും മാര്‍ക്‌സിസ്റ്റുകാരനും ബിജെ പിക്കാരനും ലീഗുകാരനും സമസ്‌തക്കാരനും മുജാഹിദുകാരനുമൊന്നുമില്ലാത്ത ഈ പോളിസിയെ ആര്‍ക്കാണ്‌ വിമര്‍ശിക്കാനാവുക.
ഏതായാലും ഏറെ പ്രതീക്ഷയോടെ വിരിയാന്‍ പോകുന്ന ജമാഅത്ത്‌ വികസന മുന്നണി കുഞ്ഞുങ്ങളെ ആര്‍ക്കെല്ലാമാണ്‌ വീതിച്ചു നല്‌കേണ്ടി വരിക എന്ന്‌ ഒക്‌ടോബര്‍ കഴിയുന്നതോടെ കണ്ടറിയാം. കുറെ മക്കള്‍ കോ, ലീ, ബി, മാ... അങ്ങനെ വീതം വെപ്പുകഴിയുമ്പോള്‍ വികസിച്ചത്‌ ജമാഅത്ത്‌ ആകുമോ? മാറ്റത്തിനു കിട്ടുന്ന വോട്ട്‌ ജമാഅത്തിന്റെ മാറിക്കൊണ്ടേ ഇരിക്കുന്ന മാറ്റമെന്ന ഏക ആദര്‍ശത്തിനേല്‌ക്കുന്ന മാറ്റുവിന്‍ ചട്ടങ്ങളേ, ഇല്ലെങ്കില്‍.... എന്ന അവസ്ഥയാകുമോ? കാത്തിരിക്കാം.
ലോക മുസ്‌ലിംകള്‍ പ്രത്യേകിച്ചും ഇന്ത്യന്‍ മുസ്‌ലിംകള്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പേ മനസ്സിലാക്കിയ യാഥാര്‍ഥ്യമാണ്‌ ജനാധിപത്യത്തെ തങ്ങളുടെ ഇസ്‌ലാമിക ജീവിതത്തിന്‌ എങ്ങനെ ഉപയോഗപ്പെടുത്താമെന്നത്‌. ഒരു രാജ്യത്തെ ഭരണകൂടത്തെ ഇസ്‌ലാമാക്കാതെ തന്നെ തങ്ങളുടെ ഈമാന്‍ ഇത്തിരിയും നഷ്‌ടപ്പെടാതെ ജീവിക്കാമെന്ന്‌ അവര്‍ കാണിച്ചു. യൂസുഫ്‌ നബിയുടെയും മൂസാ നബിയുടെയും ചരിത്രം വിശദീകരിച്ച്‌ അതിന്‌ പ്രമാണബദ്ധത ബോധ്യപ്പെടുത്താനും ശ്രമിച്ചു. അതുകൊണ്ട്‌ അവര്‍ ജനാധിപത്യം വരുന്നതിനു മുമ്പ്‌ അതാതു നാട്ടിലെ ഭരണാധികാരികളെ `ദുനിയാ'കാര്യങ്ങളില്‍ അനുസരിച്ചുപോന്നു. ജനാധിപത്യം വന്നപ്പോള്‍ വിവിധ പാര്‍ട്ടികളെ മൂല്യംനോക്കി വോട്ടു കൊടുത്തും വോട്ടുപിടിച്ചും സഹായിച്ചുപോന്നു. പക്ഷേ, ഇതൊക്കെ സമഗ്ര ഇസ്‌ലാമിക്ക്‌ ചതുര്‍ഥിയായി. അവര്‍ മൗദൂദിയല്ലാത്ത, അദ്ദേഹത്തിന്റെ അഭിപ്രായം ആലോചനാരഹിതമായി സ്വീകരിക്കാത്ത എല്ലാ പണ്ഡിതരെയും നേതാക്കളെയും ഇസ്‌ലാമിന്റെ വക്കുതീനിപ്പുഴുക്കളാക്കി. ദീനും ദുനിയാവുമെന്ന്‌ ഇസ്‌ലാമിനെ മുറിക്കുന്ന കൊടുംകുറ്റവാളികളാക്കി.
എന്നാല്‍ ജമാഅത്തെ ഇസ്‌ലാമിയെന്ന സമഗ്ര ഇസ്‌ലാമിന്റെ ബുദ്ധിസംഭരണിക്ക്‌ പത്തറുപതു കൊല്ലത്തിനിടയില്‍ എത്ര ദിവസങ്ങളും മണിക്കൂറുകളുമാണ്‌ മുസ്‌ലിംലോകത്തിന്റെ ചിരപുരാതന നിലപാടുകളുടെ യുക്തി അറിയാന്‍ വിനിയോഗിക്കേണ്ടി വന്നതെന്ന്‌ ജ.ഇ കേരളയുടെ ഔദ്യോഗിക മലയാളം വെബ്‌സൈറ്റ്‌ പരിശോധിച്ചാല്‍ മതി. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത്‌ ഒരു മുസ്‌ലിമെന്ന നിലക്ക്‌ തീര്‍ത്തും പാടില്ലാത്തതെന്ന്‌ നിശിതമായി വിമര്‍ശിക്കുന്ന അന്നത്തെ ദേശീയ അമീറിന്റെ നീണ്ട ലേഖനം മുതല്‍ ഒരോ തെരഞ്ഞെടുപ്പ്‌ വന്നപ്പോഴും അവര്‍ ഈ വിഷയത്തിലെടുത്ത നിലപാടും ഇസ്‌ലാമികമാക്കുന്നതിനായി നടത്തിയ ഡസന്‍ കണക്കിന്‌ ശൂറകളുടെ സമയവും തിയ്യതിയുമെല്ലാം അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. (1960 മുതല്‍ തുടങ്ങിയ ആലോചന 61 ജൂലൈ, ഡിസംബര്‍, 66 ജൂലൈ, 68 മെയ്‌, സപ്‌തംബര്‍, 74 ജൂണ്‍, 78 മെയ്‌, 84 ഏപ്രില്‍, ഒക്‌ടോബര്‍, നവംബര്‍, 95 ഒക്‌ടോബര്‍, 2005 സപ്‌തംബര്‍ തുടങ്ങിയ മാസങ്ങളില്‍ ദിവസങ്ങള്‍ നീണ്ടു നില്‌ക്കുന്നതായി അവിടെ കാണാം.) ജമാഅത്തെ ഇസ്‌ലാമിയെ പരിചയപ്പെടുത്തുന്നിടത്ത്‌ തെരഞ്ഞെടുപ്പു നയങ്ങള്‍ എന്ന വിശാലമായ ഭാഗം വായിക്കുന്ന ഏതൊരാള്‍ക്കും, ഈവിഷയത്തില്‍ ജമാഅത്തിന്റെ റോള്‍ അമ്പിളി മാമനെ കിണറ്റില്‍ നിന്ന്‌ ആകാശത്ത്‌ തിരിച്ചെത്തിക്കാന്‍ കയര്‍വലിച്ച്‌ മലര്‍ന്നടിച്ചുവീണ കഥയിലെ മന്ദബുദ്ധിയുടെതാണെന്നു കാണാനാകും.പതിറ്റാണ്ടുകള്‍ നീണ്ട ശൂറകള്‍ക്കു ശേഷം അവര്‍ എത്തിച്ചേര്‍ന്നത്‌ മുസ്‌ലിം സമുദായം ജമാഅത്തെ ഇസ്‌ലാമി ജനിക്കുന്നതിനും മുമ്പേ സ്വീകരിച്ചുപോന്ന നയത്തില്‍ തന്നെ. അതിന്റെ ഒരുഭാഗം ഇങ്ങനെ വായിക്കാം:
``1995 ഒക്‌ടോബറില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ കേന്ദ്ര കൂടിയാലോചനാ സമിതി രാജ്യത്തെ നിലവിലുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുകയും സുപ്രധാനമായ ചില തീരുമാനങ്ങളെടുക്കുകയും ചെയ്‌തു. ആസന്നമായ പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, വര്‍ധിച്ചുവരുന്ന ഫാസിസ്റ്റു ശക്തികളുടെ മുന്നേറ്റത്തിന്‌ തടയിടാന്‍ ജനാധിപത്യ ശക്തികളുടെ കൂട്ടായ്‌മ രൂപപ്പെടേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ കേന്ദ്രശൂറാ തദ്‌സംബന്ധമായി താഴെ പറയുന്ന തീരുമാനങ്ങളെടുക്കുകയുണ്ടായി:
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നിലനില്‍പിനും പുരോഗതിക്കും, രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെയും മുസ്‌ലിം സമുദായത്തിന്റെയും വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നതിനും രാജ്യത്ത്‌ നീതിനിഷ്‌ഠമായ ഒരു വ്യവസ്ഥ നിലവില്‍ വരുത്തുന്നതിനും രാഷ്‌ട്രീയ പ്രക്രിയയില്‍ പങ്കുകൊള്ളേണ്ടത്‌ അനിവാര്യമാണ്‌.''
ഇത്‌ ഏറ്റവും അവസാനമായി, പഴയതെല്ലാം മറന്ന്‌ വലതുകാല്‍ വെച്ച്‌ മനസ്സമാധാനത്തോടെ ജനാധിപത്യത്തേരിലേറാനായി ജമാഅത്തെ ഇസ്‌ലാമിയെടുത്ത തീരുമാനമാണ്‌. ഇവിടെ ജമാഅത്ത്‌ വോട്ടു വാജിബാക്കാന്‍ കണ്ടെത്തിയ ന്യായവും പണ്ടു മുസ്‌ലിംകള്‍ വോട്ടുചെയ്‌തത്‌ ഹറാമാക്കാനുള്ള ന്യായവും വേര്‍തിരിയുന്ന രേഖ ഏതെന്നാണ്‌ മനസ്സിലാകാത്തത്‌. ഇതില്‍ പറഞ്ഞ ഏതെങ്കിലും ഒരു കാരണം ഉണ്ടായാല്‍ തന്നെ വോട്ടു ചെയ്യല്‍ ബാധ്യതയാകും എന്നിരിക്കെ ഏതു കാരണമാണ്‌ പണ്ട്‌ ഇല്ലാതിരുന്നത്‌. വിശദീകരിക്കേണ്ട ബാധ്യത ജമാഅത്തുകാര്‍ക്കുണ്ട്‌. അല്ലാതെ ഇസ്‌ലാമില്‍ രാഷ്‌ട്രീയമുണ്ട്‌. ഭരണനിയമങ്ങളുണ്ട്‌. നിയമനിര്‍മാണത്തിന്റെ പരമാധികാരം ദൈവത്തിനു നല്‌കാത്ത ജനാധിപത്യം മുസ്‌ലിമിന്‌ അംഗീകരിക്കാന്‍ കഴിയില്ല, ഹറാമും ഹലാലും തീരുമാനിക്കാനുള്ള അധികാരം ഭരണാധികാരിക്കു കൊടുക്കുന്നത്‌ ശിര്‍ക്കാണെന്നു ഖുര്‍ആനിലുണ്ട്‌ എന്നിങ്ങനെ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ്‌ സമുദായത്തിന്റെ യുക്തിസഹവും പ്രമാണബദ്ധവുമായ രാഷ്‌ട്രീയ അവബോധത്തെ കൊഞ്ഞനം കുത്തുകയല്ല വേണ്ടത്‌. യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഇപ്പോഴും വാണിയമ്പലത്തുകാര്‍ ബോധനം നടത്തിക്കൊണ്ടിരിക്കുന്നത്‌ ഇതു തന്നെയാണെന്നു കാണുമ്പോള്‍ സഹതപിക്കുക.
ഈ പറഞ്ഞതിലൊന്നും ഇവിടെ ജമാഅത്തുകാര്‍ക്കില്ലാത്ത യാതൊരു വാദവും അന്നും ഇന്നും മുസ്‌ലിംകള്‍ക്കില്ല. അമ്പതുകളിലും അറുപതുകളിലും അവര്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുകയും വോട്ടുപിടിക്കുകയും വോട്ടു നല്‌കുകയുമൊക്കെ ചെയ്‌തപ്പോള്‍ ഇക്കാര്യങ്ങളെ നിഷേധിച്ചിട്ടില്ല. ഇന്ന്‌ ജമാഅത്തുകാര്‍ ചെയ്യുന്നതേ അന്ന്‌ അവര്‍ ചെയ്‌തിട്ടുള്ളൂ. ഒരു മാറ്റം കാണാതിരുന്നുകൂടാ. അഥവാ, അവര്‍ ഇസ്‌ലാമിക രാജ്യം സ്ഥാപിക്കാനായിരുന്നില്ല ജനാധിപത്യപ്രക്രിയയില്‍ പങ്കെടുത്തത്‌. മറിച്ച്‌, തങ്ങളുടെ ഇസ്‌ലാമിനെ സംരക്ഷിക്കാനായിരുന്നു. എന്നാല്‍ ജമാഅത്തുകാര്‍ അന്ന്‌ ഇതിനെ എതിര്‍ത്തതും ഇന്ന്‌ ഇതിന്റെ നടുക്കണ്ടം തിന്നുന്നതും പാര്‍ട്ടിയുണ്ടാക്കി സ്വന്തമായി മത്സരംരംഗത്തിറങ്ങുന്നതും ഇസ്‌ലാമിക രാജ്യം സൃഷ്‌ടിക്കാനാണ്‌. ഇത്‌ വെറും ആരോപണമല്ല. ഇസ്‌ലാമിക ഭരണമല്ല ഇന്നത്തെ ജമാഅത്തിന്റെ ലക്ഷ്യമെങ്കില്‍ അവരത്‌ തുറന്നുപറയണം. പണ്ടും ഇസ്‌ലാമിക ഭരണത്തിനായുള്ള പ്രവര്‍ത്തനമായിരുന്നില്ല ജമാഅത്തിന്റെ ലക്ഷ്യമെങ്കില്‍ അവര്‍ എന്തിനുവേണ്ടി സ്ഥാപിക്കപ്പെട്ടു എന്ന്‌ വ്യക്തമാക്കേണ്ട ബാധ്യതയും അവര്‍ക്കുണ്ട്‌. ജ ഇ അവരുടെ വെബ്‌ സൈറ്റില്‍ ലക്ഷ്യം വിശദീകരിക്കുന്ന ഭാഗം കാണുക: ``1941-ല്‍ ലാഹോറില്‍ സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദി മുന്‍ കയ്യെടുത്ത്‌ സ്ഥാപിച്ച ജമാഅത്തെ ഇസ്‌ലാമി എന്ന ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനം അതിന്റെ ലക്ഷ്യം വ്യവഹരിക്കാന്‍ തെരഞ്ഞെടുത്ത പദപ്രയോഗം ഹുകൂമത്തെ ഇലാഹിയ്യ (ദൈവരാജ്യം) എന്നതായിരുന്നു. കേവലം മതാധിഷ്‌ഠിത രാജ്യം സ്ഥാപിക്കലാണ്‌ അതിന്റെ വിവക്ഷയെന്ന പ്രചാരണമുണ്ടായി. ഈ പ്രചാരണം അടിസ്ഥാനരഹിതമായിരിക്കെ തന്നെ അത്‌ തെറ്റിദ്ധാരണ സൃഷ്‌ടിക്കുമെന്ന്‌ ബോധ്യം വന്നപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി അതിന്റെ ലക്ഷ്യത്തെ വ്യവഹരിക്കാന്‍ 42:13 വിശുദ്ധഖുര്‍ആന്‍ പ്രയോഗിച്ച ഇഖാമതുദ്ദീന്‍ ആണ്‌ ഏറ്റവും ഉചിതമെന്ന്‌ തീരുമാനിച്ചു. സ്വാതന്ത്ര്യാനന്തരം 1948 ഏപ്രിലിലാണ്‌ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി നിലവില്‍ വരുന്നത്‌. അന്നു മുതല്‍ അതിന്റെ ലക്ഷ്യം ഇഖാമതുദ്ദീന്‍ ആണെന്ന്‌ വിശദീകരിക്കപ്പെട്ടു. 1956 ഏപ്രില്‍ 13 മുതല്‍ നടപ്പില്‍ വന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടന ഖണ്ഡിക 4 ലക്ഷ്യം എന്ന ശീര്‍ഷകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം ഇഖാമതുദ്ദീന്‍ (ദീന്‍ നിലനിര്‍ത്തുക) ആകുന്നു. അതിനുള്ള സാക്ഷാല്‍ പ്രേരകശക്തിയാകട്ടെ, അല്ലാഹുവിന്റെ പ്രീതിയും പരലോകവിജയവും സിദ്ധിക്കുകയെന്നതുമത്രെ. വിശദീകരണം: ഇഖാമതുദ്ദീന്‍ എന്നതിലെ ദീന്‍ കൊണ്ടുള്ള വിവക്ഷ പ്രപഞ്ചര്‍ത്താവായ അല്ലാഹു തന്റെ സകല പ്രവാചകന്മാരും മുഖേന വിവിധ കാലങ്ങളിലും ദേശങ്ങളിലുമായി അയച്ചുകൊണ്ടിരുന്നതും അവസാനം തന്റെ അന്ത്യദൂതനായ മുഹമ്മദു നബി മുഖേന അഖിലമനുഷ്യരുടെയും മാര്‍ഗദര്‍ശനത്തിനായി അന്തിമവും പരിപൂര്‍ണവുമായ രൂപത്തില്‍ അവതരിപ്പിച്ചിട്ടുള്ളതുമായ സത്യദീനാകുന്നു. ഇന്ന്‌ ലോകത്ത്‌ പ്രാമാണികവും സുരക്ഷിതവും അല്ലാഹുവിങ്കല്‍ സ്വീകാര്യവുമായി സ്ഥിതിചെയ്യുന്ന ഏക ദീന്‍ ഇതൊന്നു മാത്രമാകുന്നു... ഈ ദീനിന്റെ ഇഖാമത്തുകൊണ്ടുള്ള വിവക്ഷ യാതൊരു പരിഛേദവും വിഭജനവും കൂടാതെ ഈ ദീനിനെ മുഴുവനുമായി ആത്മാര്‍ഥതയോടും ഏകാഗ്രതയോടും കൂടി പിന്തുടരുകയും വ്യക്തിയുടെ പുരോഗതിയും സമുദായത്തിന്റെ നിര്‍മാണവും രാഷ്‌ട്രത്തിന്റെ സംവിധാനവുമെല്ലാം തന്നെ ഈ ദീനിന്‌ അനുരൂപമായിരിക്കുമാറ്‌ മനുഷ്യജീവിതത്തിന്റെ വ്യക്തിപരവും സാമുഹികവുമായ സകലതുറകളിലും ഇതിനെ പൂര്‍ണമായും നടപ്പില്‍ വരുത്തുകയും ചെയ്യുക എന്നതാകുന്നു.''
സത്യത്തില്‍ ഇപ്പറഞ്ഞതാണ്‌ ജമാഅത്തിന്റെ രൂപീകരണലക്ഷ്യമെങ്കില്‍ അന്നത്തെ മറ്റു ഇസ്‌ലാമിക സംഘടനകള്‍ ഇതില്‍ നിന്നും അംഗീകരിക്കാത്ത ഭാഗം ഏതായിരുന്നു. മുസ്‌ലിം സമൂഹത്തിന്റെ ഐക്യത്തിന്റെ വക്താക്കളെന്ന്‌ സ്വയം അഭിമാനിക്കുന്നവര്‍ ഇസ്‌ലാമിക ജമാഅത്തില്‍ നിന്നും വേറിട്ടുപോയത്‌ എന്തിനായിരുന്നു. അലിമിയാനും വഹീദുദ്ദീന്‍ ഖാനും പോലെ മൗദൂദിയോട്‌ സഹകരിച്ചവര്‍ പിന്നീട്‌ എന്തിനാണ്‌ ജമാഅത്തു വിട്ടുപോന്നത്‌. അവരുടെ പില്‍ക്കാല ജീവിതത്തില്‍ ജമാഅത്തിന്‌ ചേരാത്തത്‌ എന്തെല്ലാമായിരുന്നു.
മുസ്‌ലിം സമുദായത്തില്‍ നിന്നും രാഷ്‌ട്രിയരംഗത്ത്‌ പ്രശോഭിച്ച കുറേ സദ്‌വൃത്തരുണ്ടായിരുന്നല്ലോ. ഇസ്‌ലാമിന്റെ സമഗ്രതക്ക്‌ അതും വേണമെന്നതിനാലായിരുന്നു അവര്‍ രാഷ്‌ട്രീയത്തില്‍ ഇറങ്ങിയത്‌. എന്നാല്‍ അന്നത്തെ ജമാഅത്ത്‌ സമഗ്രത രാഷ്‌ട്രീയത്തില്‍ ഇറങ്ങുന്നത്‌ നിഷിദ്ധമാക്കുന്നതിലായിരുന്നു എന്ന വിരോധാഭാസം എങ്ങനെയാണ്‌ വിശദീകരിക്കുക. അവരില്‍ നിന്ന്‌ വ്യത്യസ്‌തമായി ജമാഅത്ത്‌ എന്തുപറഞ്ഞാണ്‌ മാറ്റത്തിന്റെ വോട്ടു ചോദിക്കുക. എല്ലാരും നാടു നന്നാക്കാന്‍ വോട്ടുചോദിക്കുന്നു. അത്‌ മതത്തിന്റെ പേരിലല്ല. എന്നാല്‍ ജമാഅത്തുകാര്‍ മതത്തിന്റെ പേരില്‍ വോട്ടുചോദിക്കുന്നു. ഇതാണ്‌ മാറ്റം. അതാണവര്‍ ചോദിക്കുന്ന മാറ്റത്തിനുള്ള വോട്ടും. ഹറാം വോട്ടില്‍ നിന്നും വാജിബ്‌ വോട്ടിലേക്കുള്ള മാറ്റം. അഹ്‌ലെ ഹദീസുകാരും മുജാഹിദുകളും അല്ലാത്തവരുമെല്ലാമായ മുസ്‌ലിംനേതാക്കള്‍ തങ്ങളുടെ മതപ്രസ്ഥാനങ്ങളുടെ പേരില്‍ രാഷ്‌ട്രീയരംഗത്തിറങ്ങുന്നത്‌ ഇസ്‌ലാമിനും രാജ്യത്തിനും ഗുണത്തേക്കാളേറെ ദോഷംചെയ്യുമെന്നു കണ്ടതിനാലാണ്‌ രാജ്യത്തെ മതേതരപാര്‍ട്ടികളില്‍ അംഗത്വമെടുത്തും അല്ലാതെയും പ്രവര്‍ത്തിച്ചത്‌. ജമാഅത്തുകാര്‍ ഇവരെയെല്ലാം കോണ്‍ഗ്രസ്‌ മുജാഹിദ്‌, ലീഗ്‌ മുജാഹിദ്‌, മാര്‍ക്‌സിസ്റ്റ്‌ മുജാഹിദ്‌ എന്നിങ്ങനെ പറഞ്ഞ്‌ കളിയാക്കി. ഇന്നു ജമാഅത്തുകാര്‍ തിരിച്ചറിയുന്നു സ്വന്തം സംഘടനയുടെ പേരില്‍ രാഷ്‌ട്രീയപ്പാര്‍ട്ടി ശരിയാകില്ല. അതാണ്‌ ജനകീയ മുന്നണിയുടെയും ജനപക്ഷമുന്നണിയുടെയും വികസനമുന്നണിയുടെയുമെല്ലാം പേരില്‍ ഇറങ്ങാന്‍ ഇവരെ പ്രേരിപ്പിച്ചത്‌.
പതിറ്റാണ്ടുകളായി ഡസന്‍ കണക്കിന്‌ മുജാഹിദുകളും മുസ്‌ലിംകളും കേന്ദ്രമന്ത്രി പദവി മുതല്‍ പഞ്ചായത്ത്‌ മെമ്പര്‍മാര്‍ വരെയായി തങ്ങളുടെ മതത്തോടും രാജ്യത്തോടുമുള്ള ബാധ്യത പരമാവധി ഭംഗിയായി ചെയ്‌തു വരുന്നു. ഇന്ന്‌ തദ്ദേശഭരണത്തില്‍ നാലു ജമാഅത്തുകാര്‍ കയറുകയാണെങ്കില്‍ അവര്‍ക്ക്‌ ഇവരേക്കാള്‍ ഏറെ എന്താണ്‌ ചെയ്യാന്‍ കഴിയുക. കോണ്‍ഗ്രസ്‌ മെമ്പറായി ചെന്നാലും ജമാഅത്ത്‌ മുന്നണി മെമ്പറായി ചെന്നാലും ഭരണഘടന ശരീഅത്തല്ലാത്തിടത്തോളം ഏറെ ഒന്നും ചെയ്യാനില്ല! പിന്നെ എന്തു മാറ്റമാണാവോ ഇവര്‍ വാഗ്‌ദാനംചെയ്യുന്നത്‌. അഴിമതിയും കൈക്കൂലിയും പക്ഷപാതിത്തവുമില്ലാത്ത കാര്യക്ഷമമായ ഭരണം നടത്താന്‍ ജമാഅത്തു മെമ്പര്‍മാര്‍ക്കു കഴിയുന്നതു പോലെ മതബോധവും ആത്മാര്‍ഥതയുമുള്ള മുറ്റുള്ളവര്‍ക്ക്‌ സാധിക്കില്ലേ; സാധിച്ചിട്ടില്ലേ. നാട്ടില്‍ പലയിടങ്ങളിലും മത്സരിക്കുന്ന ജമാഅത്ത്‌ മുന്നണി അംഗത്തിനെക്കാള്‍ മത-ധര്‍മ ബോധമുള്ള മറ്റു പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളുണ്ടാവാം. ജമാഅത്തു മുന്നണിക്ക്‌ കിട്ടുന്ന നാലു വോട്ടുകളുണ്ടെങ്കില്‍ അത്‌ ഇവരെ തോല്‌പിക്കാനും മോശക്കാരായ പലരെയും ജയിപ്പിക്കാനും സഹായിക്കുമെങ്കില്‍ ഞമ്മക്കുംബേണം കസേരകള്‍, ഇല്ലെങ്കില്‍ കഞ്ഞിമുടക്കുന്ന നീര്‍ക്കോലികളാകും എന്ന ഭീഷണിയില്‍ കവിഞ്ഞ്‌മറ്റെന്തുകൊണ്ടാണ്‌ വിശദീകരിക്കുക.
ജമാഅത്തിന്റെ ലക്ഷ്യമായി സൈറ്റില്‍ വിശദീകരിക്കുന്നത്‌ ഹുകൂമതെ ഇലാഹിയാണ്‌. അത്‌ തെറ്റിദ്ധരിക്കപ്പെട്ടപ്പോള്‍ ഇഖാമതുദ്ദീന്‍ എന്ന പദം പകരം വെച്ചു എന്നേയുള്ളൂ. ഈ ലക്ഷ്യം സാക്ഷാത്‌കരിക്കാനുള്ള നയമാണ്‌ രാഷ്‌ട്രീയരംഗത്ത്‌ അവര്‍ വിശദീകരിക്കുന്നത്‌. ഭരണമാണ്‌ വിഷയമെന്നതിനാല്‍ രാഷ്‌ട്രീയം മാത്രമാണ്‌ നയനിലപാടുകളില്‍ വിശദീകരിക്കപ്പെടുന്നത്‌ എന്നതും ശ്രദ്ധേയമാണ്‌. വിശ്വാസ അനുഷ്‌ഠാന കാര്യങ്ങള്‍ വിശദീകരണമര്‍ഹിക്കുന്നില്ല. കാരണം ഇവരുടെ കാഴ്‌ചപ്പാടില്‍ ഇസ്‌ലാമിന്റെ സമഗ്രത രാഷ്‌ട്രീയത്തിലാണ്‌. രാഷ്‌ട്രീയം അവരെപോലെ നയനിലപാടുകളില്‍ ഉള്‍ക്കൊള്ളിക്കാത്തതിനാലാണ്‌ മുറ്റു മുസ്‌ലിംകളുടെ ഈമാനിന്റെ സമഗ്രതയെ ജമാഅത്തുകാര്‍ ചോദ്യംചെയ്‌തത്‌. രാഷ്‌ട്രീയത്തിലെ ഭൗതിക വിഷയങ്ങള്‍ ഇസ്‌ലാമിന്റെ ഇബാദത്ത്‌ പട്ടികയില്‍ പെടുത്താത്തതിനാല്‍ ജമാഅത്തേതര മുസ്‌ലിംകളെയെല്ലാം ഇസ്‌ലാമിന്റെ സമഗ്രത അംഗീകരിക്കാത്തവരായി കണ്ട ജ.ഇക്കാര്‍ സമഗ്ര ഇസ്‌ലാമിനെ മൊത്തമായി രാഷ്‌ട്രീയത്തില്‍ ചുരുക്കുന്നതാണ്‌ കണ്ടത്‌. അഥവാ, രാഷ്‌ട്രീയമല്ലാത്തതൊന്നും പരിഗണിക്കപ്പെടാത്തതായി ഇവരുടെ ഇസ്‌ലാം. ശരിയാണ്‌, റബ്ബും ഇലാഹും ഇബാദത്തുമെല്ലാം ഇസ്‌ലാമിലെ രാഷ്‌ട്രീയസംജ്ഞകളാകുമ്പോള്‍ പിന്നെ സമഗ്രതക്ക്‌ കുറവൊന്നും കാണേണ്ടതില്ല




No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.