25 July 2011

സര്‍ക്കാര്‍ ജോലിയും ജമാഅത്തിന്റെ മുഖംമൂടിയും


ശബാബ് വാരിക 15 ജൂലായ് 2011

സര്‍ക്കാര്‍ ജോലിയും ജമാഅത്തിന്റെ മുഖംമൂടിയും


-പ്രതികരണം-
ശംസുദ്ദീന്‍ പാലക്കോട്‌
മതേതര ജനാധിപത്യവ്യവസ്ഥയുടെ രാഷ്‌ട്രീയ-ഭരണ-തൊഴില്‍ മേഖലകളില്‍ നിന്നെല്ലാം സ്വയം അകന്നുകഴിയുകയും അകന്നുനില്‍ക്കാന്‍ മുസ്‌ലിംകളെ പ്രേരിപ്പിക്കുകയും ചെയ്‌ത ഒരു പിന്തിരിപ്പന്‍ പ്രസ്ഥാനമാണ്‌ ജമാഅത്തെ ഇസ്‌ലാമി. ഇക്കാര്യം സ്ഥാപിക്കാനാവശ്യമായ നിരവധി ലിഖിത രേഖകള്‍ തന്നെ ജമാഅത്ത്‌ കൃതികളും ജമാഅത്തു നേതാക്കളുടെ പ്രസ്‌താവനകളും പരിശോധിച്ചാല്‍ ലഭിക്കും. മതേതര ജനാധിപത്യ വ്യവസ്ഥയുമായി സഹകരിക്കുന്നതിനെ ദൈവത്തിനെതിരെ രാജ്യദ്രോഹക്കൊടി ഉയര്‍ത്തലായിട്ടാണ്‌ സയ്യിദ്‌ മൗദൂദി താത്വികവിശകലനത്തില്‍ വിശേഷിപ്പിച്ചത്‌. 
ജനാധിപത്യ വ്യവസ്ഥ കൈകാര്യം ചെയ്യുന്നത്‌ പാശ്ചാത്യനാണോ പൗരസ്‌ത്യനാണോ, ആംഗ്ലേയനാണോ ഭാരതീയനാണോ, ഹിന്ദുവാണോ മുസ്‌ലിമാണോ എന്നതൊന്നുമല്ല പ്രശ്‌നമെന്നും ജനാധിപത്യം പന്നിമാംസം പോലെ മുസ്‌ലിംകള്‍ വര്‍ജിക്കുകയാണ്‌ വേണ്ടതെന്നും അമുസ്‌ലിം പാകം ചെയ്‌താലും മുസ്‌ലിം പാകംചെയ്‌താലും പന്നി പന്നി തന്നെയാണെന്നും മൗദൂദി ഉറപ്പിച്ചു പറയുന്ന ഭാഗം താത്വികവിശകലനത്തില്‍ ഇപ്പോഴും കാണാം. ജനാധിപത്യവിരുദ്ധത കുത്തിനിറച്ച മൗദൂദിയുടെ ത്വാതിക വിശകലനം ഒരു ആദര്‍ശ കൈപ്പുസ്‌തകമെന്നോണം ജമാഅത്തുകാര്‍ ഇപ്പോഴും പ്രചരിപ്പിക്കുന്നു. അതുകൊണ്ടാണ്‌ ജമാഅത്തുകാര്‍ പുറത്തുപറയുന്നതല്ല അവരുടെ ഉള്ളിലുള്ളത്‌ എന്ന്‌ അവരെ അടുത്തറിഞ്ഞവര്‍ക്കും ജമാഅത്ത്‌ സാഹിത്യങ്ങള്‍ വായിച്ചുപഠിച്ചവര്‍ക്കും പറയേണ്ടിവരുന്നത്‌.
ജനാധിപത്യവ്യവസ്ഥയിലെ ഭരണത്തോടും രാഷ്‌ട്രീയ പ്രവര്‍ത്തനത്തോടും മാത്രമല്ല, ജമാഅത്ത്‌ ഇത്തരം പ്രതിലോമ നിലപാടുകളും ഇരുമുഖ നയവും സ്വീകരിച്ചത്‌. വിദ്യാഭ്യാസത്തോടും സര്‍ക്കാര്‍ ജോലിയോടും ഇതേ നിലപാട്‌ തന്നെയാണ്‌ മുമ്പ്‌ പൂര്‍ണമായും ഇപ്പോള്‍ ഭാഗികമായും ജമാഅത്ത്‌ സ്വീകരിക്കുന്നത്‌. ഈയടുത്ത കാലത്തായി അവര്‍ക്ക്‌ ബോധോദയം ഉണ്ടാവുകയും എല്‍ ഡി ക്ലാര്‍ക്ക്‌ പരീക്ഷയില്‍ മുസ്‌ലിംകള്‍ വേണ്ടത്ര താല്‍പര്യം കാണിക്കാത്തതാണ്‌ മുസ്‌ലിംകളുടെ മുഖ്യപ്രശ്‌നം എന്ന്‌ തോന്നിക്കുംവിധം അവര്‍ പ്രതികരിക്കാന്‍ തുടങ്ങുകയും ചെയ്‌തിട്ടുണ്ട്‌. ഈ വരികള്‍ നോക്കൂ:
``പതിനായിരങ്ങള്‍ വരുമാനം ലഭിക്കുന്ന സ്വകാര്യ മേഖലയിലെ ജോലിയെക്കാള്‍ പലതുകൊണ്ടും മെച്ചപ്പെട്ടുനില്‍ക്കുന്നതാണ്‌ സര്‍ക്കാര്‍ ജോലി. ബഹുജന ബന്ധത്തിലൂടെ ജനസേവനത്തിന്റെയും അധികാരത്തിന്റേതുമായ വലിയൊരു ലോകം അതു തുറന്നുതരുന്നു. ഉദ്യോഗസ്ഥ തലങ്ങളിലെ അഴിമതിയെയും കെടുകാര്യസ്ഥതയെയും സ്വജനപക്ഷപാതിത്വത്തെയും വലിയ വായില്‍ വിമര്‍ശിച്ചതു കൊണ്ട്‌ മാത്രമായില്ല, അത്തരം ന്യൂനതകള്‍ക്ക്‌ വിധേയപ്പെടാത്ത സമുദായത്തില്‍ നിന്നുള്ളവരെ പ്രസ്‌തുത തലങ്ങളിലെത്തിക്കുകയെന്നതും നമ്മുടെ ചുമതലയാണ്‌. മുസ്‌ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം ആദര്‍ശപരമായ ബാധ്യതയുമാണത്‌.'' (പ്രബോധനം -2011 ജൂലൈ 2, സര്‍ക്കര്‍ ജോലി: സമുദായത്തിന്‌ അജണ്ട വേണം എന്ന ലേഖനം)
മുസ്‌ലിംകള്‍ സര്‍ക്കാര്‍ ജോലിയില്‍ കയറിക്കൂടണമെന്ന്‌ പറയുന്ന അതേ പാര്‍ട്ടിയുടെ ഭരണഘടന പറയുന്നത്‌ ഭരണത്തിന്റെ കുഞ്ചിക സ്ഥാനം അലങ്കരിക്കേണ്ടി വരുന്ന സകല മേഖലകളില്‍ നിന്നും വിട്ടുനില്‌ക്കണം എന്നുതന്നെയാണ്‌! ജമാഅത്ത്‌ അംഗങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നമ്പറിട്ട്‌ വിശദീകരിക്കവേ എട്ടാമത്തെ നമ്പറായി ചേര്‍ത്തിട്ടുള്ള കാര്യം നോക്കൂ:
``8). ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയില്‍ താന്‍ വല്ല കുഞ്ചികസ്ഥാനവും വഹിക്കുന്നവനോ, അതിന്റെ നിയമ നിര്‍മാണസഭയിലെ അംഗമോ അതിന്റെ കോടതി വ്യവസ്ഥയിന്‍ കീഴില്‍ ന്യായാധിപസ്ഥാനത്ത്‌ നിയമിക്കപ്പെട്ടവനോ ആണെങ്കില്‍ ആ സ്ഥാനം കൈയൊഴിക്കുക.'' (ജമാഅത്തെ ഇസ്‌ലാമി ഭരണഘടന, പേജ്‌ 15,16, 2005ലെ എഡിഷന്‍, ഐ പി എച്ച്‌ വിതരണം ചെയ്യുന്നത്‌)
``ജമാഅത്ത്‌ ഭരണഘടന ഗ്രഹിച്ച ശേഷം ഈ ഭരണഘടനയും തദനുസൃതമായ പാര്‍ട്ടി വ്യവസ്ഥയും അനുസരിച്ചുകൊള്ളാമെന്ന്‌ പ്രതിജ്ഞചെയ്യുക'' എന്നത്‌ ജമാഅത്തില്‍ അംഗത്വം ലഭിക്കാനുള്ള നിബന്ധനകളില്‍ നാലാമത്തെ ശര്‍ത്വായി ഇതേ ഭരണഘടനയിലുണ്ട്‌.
ഈ ഭരണഘടന ചൊല്ലിപ്പഠിച്ച്‌ പുസ്‌തകങ്ങളും ലേഖനങ്ങളുമെഴുതാന്‍ പുറപ്പെട്ട ഒരു ജമാഅത്ത്‌ നേതാവ്‌ അഭിമാനപൂര്‍വം പറയുന്നത്‌ നോക്കൂ: ``ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരംഗവും ഒരു എം പിയോ എം എല്‍ എയോ എന്നു വേണ്ട പഞ്ചായത്ത്‌ മെമ്പര്‍ പോലും ആയിട്ടില്ല. ആകാന്‍ ശ്രമിച്ചിട്ടുമില്ല. രാഷ്‌ട്രീയ ലക്ഷ്യമായിരുന്നുവെങ്കില്‍ ഇഖാമത്തുദ്ദീനിന്‌ ശ്രമിക്കുന്നതിന്‌ പകരം നിലവിലുള്ള ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ മുദ്രാവാക്യമംഗീകരിച്ച്‌ അവരോടൊപ്പം ചേരുകയാണ്‌ വേണ്ടിയിരുന്നത്‌. എന്നാല്‍ നിലവിലുള്ള ഭരണവ്യവസ്ഥിതി നടത്തിക്കൊണ്ടുപോകാന്‍ നിര്‍ബന്ധിച്ച്‌ ഏല്‌പിച്ചാല്‍ പോലും ജമാഅത്തതിന്‌ തയ്യാറാവുകയില്ല.'' (തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി, ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌)
2010ല്‍ നടന്ന ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ ജമാഅത്ത്‌ പാര്‍ട്ടി വികസന മുന്നണിയുണ്ടാക്കി രണ്ടായിരത്തോളം പേരെ മത്സരിപ്പിച്ചത്‌ ഏത്‌ വ്യവസ്ഥിതി നടപ്പാക്കാനായിരുന്നു എന്ന്‌ അന്നു മുതല്‍ ചോദിക്കാന്‍ തുടങ്ങിയിട്ട്‌ ഇന്നുവരെയും ഒരു `കാരക്കുന്ന്‌' പോലും മറുപടി പറഞ്ഞിട്ടില്ല. സി ആര്‍ നീലകണ്‌ഠന്‍, ളാഹ ഗോപാലന്‍ തുടങ്ങിയ ജമാഅത്തിന്റെ `ഗുണകാംക്ഷികള്‍' പോലും ജമാഅത്തിന്റെ ഇരട്ടമുഖത്തെ അനാവരണം ചെയ്‌തു സംസാരിച്ചത്‌ അതിന്‌ ശേഷമാണല്ലോ. ജമാഅത്തിന്റെ രണ്ടായിരം സ്ഥാനാര്‍ഥികളില്‍ 99 ശതമാനം തോറ്റുപോയെങ്കിലും എട്ടു പേര്‍ ഇപ്പോള്‍ പഞ്ചായത്ത്‌ മെമ്പര്‍മാരായി ഉണ്ടല്ലോ. അവര്‍ നിലവിലുള്ള ഭരണവ്യവസ്ഥിതിയുമായാണോ മൗദൂദി ആഹ്വാനം ചെയ്‌ത ഹുകൂമത്തെ ഇലാഹി എന്ന ഇഖാമത്തുദ്ദീനുമായാണോ ഇപ്പോള്‍ സഹകരിക്കുന്നത്‌?
സര്‍ക്കാര്‍ ജോലിയിലേക്ക്‌ തന്നെ തിരിച്ചുവരാം. എല്‍ ഡി ക്ലാര്‍ക്ക്‌ പരീക്ഷയെഴുതി സര്‍ക്കാര്‍ ഓഫീസില്‍ കയറാന്‍ മുസ്‌ലിംകളും മഹല്ലുകമ്മിറ്റികളും താല്‌പര്യം കാണിക്കാത്തതില്‍ ദു:ഖം പങ്കിടുന്ന ആധുനിക ജമാഅത്തുകാര്‍ അവരുടെ മുന്‍കാല നിലപാട്‌ ഇങ്ങനെയാണെന്ന്‌ വായിച്ചറിയുക:
``ഇവിടെ ഏതു തരം ഭരണവ്യവസ്ഥ സ്ഥാപിതമാവുകയാണെങ്കിലും അതിന്‌ ഇസ്‌ലാമുമായി എത്രമാത്രം അടുപ്പമോ അകല്‍ച്ചയോ ഉണ്ടെന്നൊന്നും നോക്കാതെ, അതുമായി സഹകരിക്കാനും അതിനെ സഹായിക്കാനും കച്ച കെട്ടിപ്പുറപ്പെടുക എന്നത്‌ മുസ്‌ലിംകളുടെ സാക്ഷാല്‍ സ്ഥാനപദവിക്ക്‌ ഒട്ടും നിരക്കാത്തതാണെന്ന്‌ മാത്രമല്ല, ഇസ്‌ലാമിക ശിക്ഷണങ്ങള്‍ക്ക്‌ കടകവിരുദ്ധവും കൂടിയാണ്‌. ഇസ്‌ലാമിക വിരുദ്ധമായ ഒരു ഭരണവ്യവസ്ഥക്ക്‌ കീഴില്‍ ഉദ്യോഗങ്ങള്‍ക്കും സീറ്റുകള്‍ക്കും വേണ്ടി മുറവിളി കൂട്ടുക എന്നതാകട്ടെ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ചിന്തിക്കാന്‍ പോലും കഴിയാത്തത്ര മാത്രം നീചമായൊരവസ്ഥയാണ്‌.'' (പ്രബോധനം, 15-12-1953, സംഘടനയുടെ അടിസ്ഥാനം എന്ന മുഖലേഖനം)
ജമാഅത്തുകാരുടെ ആദ്യകാലത്തെ പ്രമുഖ സ്ഥാപനമായ ശാന്തപുരം ഇസ്‌ലാമിയ കോളെജില്‍ ആദ്യകാലത്ത്‌ സര്‍ക്കാര്‍ പരീക്ഷയെഴുതല്‍ അവിടത്തെ കുട്ടികള്‍ക്ക്‌ ഹറാമായിരുന്നു. പിന്നിലേക്ക്‌ തിരിഞ്ഞു നോക്കിക്കൊണ്ട്‌ ജമാഅത്തുകാരനായിരുന്ന ഒ അബ്‌ദുല്ല അക്കാര്യം വിശദീകരിക്കുകയും അന്ന്‌ തലയില്‍ മുണ്ടിട്ട്‌ സര്‍ക്കാര്‍ പരീക്ഷയെഴുതിയവര്‍ ഇന്ന്‌ പ്രൊഫസര്‍മാരും മറ്റുമായി കഴിയുന്ന വൈരുധ്യം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്‌. ``അന്നു പരീക്ഷയ്‌ക്കു കഠിനമായി വിലക്കേര്‍പ്പെടുത്തിയ സ്ഥാപനം ഇന്ന്‌ ഒന്നിലധികം യൂനിവേഴ്‌സിറ്റി പരീക്ഷകളുടെ സെന്ററാണ്‌.'' (ശത്രുക്കളല്ല; സ്‌നേഹിതന്മാര്‍, ഒ അബ്‌ദുല്ല, പേജ്‌ 69)
ശാന്തപുരം കോളെജിലെ അല്‌പം ബുദ്ധിയുള്ള കുട്ടികള്‍ വിലക്ക്‌ ലംഘിച്ച്‌ പാത്തും പതുങ്ങിയും സര്‍ക്കാര്‍ പരീക്ഷയെഴുതിയപ്പോള്‍ കുട്ടികളെയെല്ലാം ഒരുമിച്ചു കൂട്ടി അന്നത്തെ ജമാഅത്ത്‌ അമീര്‍ ഓടിവന്ന്‌ അതിന്റെ `അപകടം' അവരെ ഉണര്‍ത്തിയത്‌ കടുത്ത വാക്കുകളിലായിരുന്നുവെന്നാണ്‌ ഒ അബ്‌ദുല്ല ഓര്‍ത്തെടുത്തത്‌. കെ സി അബ്‌ദുല്ല മൗലവി എന്ന ജമാഅത്ത്‌ അമീര്‍ അന്ന്‌ കുട്ടികളുടെ മുഖത്ത്‌ നോക്കി പറഞ്ഞത്‌ `ശാന്തപുരത്തു നിന്ന്‌ ഊണുകഴിച്ച്‌ പരീക്ഷയെഴുതുന്നവര്‍ അമേദ്യമാണ്‌ ഭുജിക്കുന്നത്‌'' എന്നാണ്‌. (ഒ അബ്‌ദുല്ലയുടെ ശത്രുക്കളല്ല; സ്‌നേഹിതന്മാര്‍ എന്ന പുസ്‌തകം, പേജ്‌ 71)
ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗമായി ചേരേണ്ടതിന്‌ കഷ്‌ടപ്പെട്ട്‌ സമ്പാദിച്ച വക്കീലുദ്യോഗവും പോലീസുദ്യോഗവും രാജിവെക്കേണ്ടി വന്ന രണ്ട്‌ ജമാഅത്തുകാരുടെ കഥ അബുല്‍ അഅ്‌ലാ എന്ന പുസ്‌തകത്തില്‍ ടി മുഹമ്മദ്‌ സാഹിബ്‌ വിശദീകരിച്ചിട്ടുണ്ട്‌. മിയാന്‍ തുഫൈല്‍ അഹ്‌മദ്‌ എന്ന വക്കീലിനും ചൗധരി അലി അഹ്‌മദ്‌ ഖാന്‍ എന്ന പോലീസ്‌ ഓഫീസര്‍ക്കുമാണ്‌ ജമാഅത്തിന്റെ ഹുകൂമത്തെ ഇലാഹി ഖഡ്‌ഗം കൊണ്ട്‌ മാരകമായി മുറിവേല്‌ക്കേണ്ടി വന്നത്‌.
ചുരുക്കത്തില്‍, ജമാഅത്തിന്റെ സര്‍ക്കാര്‍ ജോലിയോടുള്ള മുന്‍കാല നിലപാടും ഇപ്പോഴത്തെ നിലപാടും ഭരണഘടനയില്‍ ഇപ്പോഴും ഭേദഗതി വരുത്താതെ കിടക്കുന്ന നിലപാടും മുന്നില്‍ വെച്ച്‌ വിശകലനം ചെയ്‌താല്‍ കിട്ടുന്ന ഫലം ഇപ്രകാരം സംഗ്രഹിക്കാം: ജമാഅത്തുകാര്‍ക്കും അവരോട്‌ അനുഭാവമുള്ള മുസ്‌ലിംകള്‍ക്കും എം പിയോ എം എല്‍ എയോ ആയിക്കൂടാ. എം പിയുടെയോ എം എല്‍ എയുടെയോ ആഫീസിലെ ക്ലാര്‍ക്കും പ്യൂണും വാച്ചുമാനുമാകാം! അവര്‍ക്ക്‌ കലക്‌ടറോ തഹസില്‍ദാരോ ജഡ്‌ജിയോ പോലീസോ ആകാന്‍ പാടില്ല. ഇവരുടെയെല്ലാം ഓഫീസിലെ ക്ലാര്‍ക്കും പ്യൂണും അറ്റന്ററും ഗണ്‍മാനുമൊക്കെയാകാം.
ഇങ്ങനെയോരോന്ന്‌ എഴുതിയെഴുതി ജമാഅത്തു വൈരുധ്യങ്ങള്‍ ക്രോഡീകരിച്ചാല്‍ ജമാഅത്ത്‌ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന ഹമീദ്‌ വാണിമേല്‍ പറഞ്ഞപോലെ ലോകത്തിലെ ഏറ്റവും വലിയ വൈരുധ്യങ്ങളടങ്ങിയ ഒരു കൗതുകപുസ്‌തകം തന്നെ രചിക്കാന്‍ വകയുണ്ട്‌.1 comment:

  1. വൈരുധ്യാടിഷ്ടിത അനിസ്ലാമിക ഭൌതിക വാദം എന്നതിനെ ചുരുക്കി ജമാഅത്തെ ഇസ്ലാമി എന്നു പറയാം.

    ReplyDelete

"Comment moderation" is off in this blog.If it is not displayed, could have gone to spam.