26 September 2009

അഭൗതികതയില്ലാതെ ശിര്‍ക്കോ?

42. അഭൗതികതയില്ലാതെ ശിര്‍ക്കോ?




ശൈഖ് അബ്ദുറഹ്മാന്‍ അബ്ദുല്‍ ഖാലിഖ് , സലഫി പ്രസ്ഥാനം അടിസ്ഥാന സിദ്ധാന്തങ്ങള്‍ എന്ന ലേഖനത്തില്‍, തൗഹീദിന്റെ മൂന്നാമത്തെ അടിസ്ഥാന തത്വം വിവരിച്ച കൂട്ടത്തില്‍ എഴുതി:""അല്ലാഹുവിന്റെ ശരീഅത്തിനെ അവലംബമാക്കാതെയും അതിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളാതെയും മനുഷ്യരുടെ ഭൗതിക കാര്യങ്ങളില്‍ നിയമനിര്‍മാണം നടത്താന്‍ ഒരുത്തനവകാശമുണ്ടെന്ന് ഒരാള്‍ വിശ്വസിച്ചാല്‍ അവന്‍ അല്ലാഹുവല്ലാത്തവര്‍ക്ക് ഇബാദത്ത് ചെയ്യുകയും വ്യക്തമായ ശിര്‍ക്കില്‍ അകപ്പെടുകയും ചെയ്തതു തന്നെ''. (അല്‍മനാര്‍ മാസിക, സപ്തംബര്‍ 1988, പേജ് 14-20) ഉദ്ധരണിയിലെ ശിര്‍ക്കില്‍ അഭൗതികതയുടെ അംശം പോലും കാണുന്നില്ല. അപ്പോള്‍ അഭൗതികതയില്ലാതെയും ശിര്‍ക്ക് വരും എന്ന ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാടിനെ എന്തിന് വിമര്‍ശിക്കുന്നു?.





--------------------------------------------------------------------------------
എന്തുകൊണ്ടാണ് ചോദ്യകര്‍ത്താവ് അഭൗതികതയുടെ അംശം പോലും കാണുന്നില്ല എന്നു പറഞ്ഞതെന്ന് "മുസ്‌ലി'മിന് മനസ്സിലാകുന്നില്ല. മനുഷ്യന്റെ ഭൗതികമായ പ്രവര്‍ത്തനങ്ങളില്‍ ഹലാല്‍ ഏത്,ഹറാം ഏത് എന്ന് നിര്‍ണയിക്കലാണ് ഇസ്‌ലാമിക നിയമനിര്‍മാണം. അറബിയില്‍ ഇതിന് "തശ്‌രീഅ്'എന്ന് പറയുന്നു. പ്രവര്‍ത്തനം ഭൗതികമാണെങ്കിലും അതുമായി ബന്ധപ്പെട്ട ഇസ്‌ലാമിക നിയമനിര്‍മാണത്തിന് ആധാരം അല്ലാഹുവിന്റെ അഭൗതിക മാര്‍ഗ്ഗേണയുള്ള രക്ഷയും ശിക്ഷയുമാണ്. ഉദാഹരണത്തിന്, പലിശ ഒരു ഭൗതിക ഇടപാടാണ്. അല്ലാഹു അത് ഹറമാക്കിയിട്ടുണ്ടെന്ന് വിശ്വസിക്കുന്ന മുസ്‌ലിം അത് വര്‍ജ്ജിക്കുന്നത് അല്ലാഹുവിന്റെ അഭൗതികമായ ശിക്ഷ ഭയന്നിട്ടാണ്. ഇനി മറ്റേതെങ്കിലും വീക്ഷാഗതിക്കാരന്‍ പലിശ ഹലാലാണെന്ന് പറയുകയാണെങ്കില്‍ അതിന്റെ അര്‍ത്ഥം പലിശ വാങ്ങിയാല്‍ അഭൗതികമായ ശിക്ഷയുണ്ടാകുമെന്ന് അയാള്‍ ഭയപ്പെടുന്നില്ലെന്നായിരിക്കും.


സലഫികള്‍ മാത്രമല്ല, അല്ലാഹുവിലും റസൂലി(സ)ലും വിശ്വസിക്കുന്ന മുഴുവന്‍ മുസ്‌ലിംകളും അല്ലാഹു അനുവദിച്ചതേ ചെയ്യാവൂ എന്നും അവന്‍ നിഷിദ്ധമാക്കിയതെല്ലാം വര്‍ജ്ജിക്കേണ്ടതാണെന്നും കരുതുന്നവരാണ്. ജീവിതത്തിന്റെ ഏതെങ്കിലും മേഖലയില്‍ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പരിഗണിക്കേണ്ടതില്ല എന്ന നിലപാട് യഥാര്‍ത്ഥ വിശ്വാസികളാരും ഒരിക്കലും സ്വീകരിച്ചിട്ടില്ല. ഏതെങ്കിലും ഒരു ഭരണാധികാരിക്ക്, അല്ലാഹു ഹലാലാക്കിയത് ഹറാമാക്കാനോ, അവന്‍ ഹറാമാക്കിയത് ഹലാലാക്കാനോ അവകാശമുണ്ടെന്ന് അവരാരും കരുതുന്നില്ല. ശരീഅത്ത് പരിഗണിക്കാത്ത ഒരു ഭരണാധികാരി ഒരു കാര്യം നിയമം മൂലം അനുവദിച്ചാല്‍ അതുകൊണ്ട് മാത്രം ആ കാര്യം അനുവദനീയമാണെന്ന് യഥാര്‍ത്ഥ വിശ്വാസികള്‍ കരുതുകയില്ല. അയാള്‍ ഒരു കാര്യം നിയമവിരുദ്ധമായി പ്രഖ്യാപിച്ചാല്‍ അതുകൊണ്ടു മാത്രം വിശ്വാസികള്‍ അത് ഹറാമായി ഗണിക്കുകയുമില്ല. ഈ കാര്യം പ്രബോധനം തന്നെ ഒരിക്കല്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്.


"".... ഇതേ പോലെ ഇന്ത്യയിലുള്ള മുസ്‌ലിംകളാരും ഇന്ദിരാഗാന്ധി അനുവദിക്കുന്നതെന്തും ഹലാലും നിരോധിക്കുന്നതെന്തും ഹറാമുമാണെന്ന് വിശ്വസിക്കുകയോ നിരുപാധികമായ നിയമനിര്‍മാണത്തിനുള്ള അധികാരം അവര്‍ക്ക് വകവച്ചുകൊടുക്കുകയോ ചെയ്യുന്നില്ല. അവര്‍ നിര്‍മ്മിക്കുന്ന ഏത് നിയമവും ദൈവിക നിയമങ്ങള്‍ പോലെ ശാശ്വതവും അലംഘനീയവുമാണെന്നും കൂറോടും ഭക്തിയോടും കൂടി എക്കാലത്തും മാറ്റമില്ലാതെ അനുസരിക്കപ്പെടേണ്ടതാണെന്നും ഒരിക്കലും അതില്‍ ഭേദഗതി പാടില്ലെന്നും ഇവിടെയുള്ള അമുസ്‌ലിംകളെന്നല്ല, ഇന്ദിരാഗാന്ധിയുടെ ആരാധകര്‍ പോലും വിശ്വസിക്കുന്നില്ല. അതിനാല്‍ അവരൊന്നും തന്നെ പ്രധാനമന്ത്രിയുടെ നിയമങ്ങള്‍ പാലിക്കുക വഴി അവര്‍ക്ക് ഇബാദത്ത് ചെയ്യുന്നില്ല''.(പ്രബോധനം പുസ്തകം 32, ലക്കം 3)


പ്രധാനമന്ത്രിയുടെ നിയമം അനുസരിക്കുന്നവര്‍ അഭൗതികമായ പ്രതിഫലം ആഗ്രഹിക്കുകയോ ലംഘിക്കുന്നവര്‍ അഭൗതികമായ ശിക്ഷ ഭയപ്പെടുകയോ ചെയ്യുന്നില്ല എന്നതുതന്നെയാണ് അനുസരണം ഇബാദത്താകാതിരിക്കാന്‍ കാരണം . നിയമദാതാവിന് മറഞ്ഞ വഴിയിലൂടെ രക്ഷിക്കാനും ശിക്ഷിക്കാനും കഴിവുണ്ടെന്ന വിശ്വാസം കൊണ്ടേ പ്രബോധനം ലേഖകന്‍ ചൂണ്ടിക്കാണിച്ചതുപോലുള്ള അലംഘനീയത നിയമത്തിന് കല്‍പ്പിക്കാനിടയുള്ളൂ.


അബ്ദുല്‍ റഹ്മാന്‍ അബ്ദുല്‍ ഖാലിഖ് പറഞ്ഞത്, ശരീഅത്തിനെ അവലംബമാക്കാതെ അഥവാ അവഗണിച്ചുകൊണ്ട് നിയമനിര്‍മാണം നടത്താന്‍, അഥവാ ഹലാലും ഹറാമും നിശ്ചയിക്കാന്‍ ഏതെങ്കിലും വ്യക്തിക്ക് അവകാശമുണ്ടെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ചാണല്ലോ. ഖുര്‍ആനിലും സുന്നത്തിലും വിശ്വസിക്കാത്ത മുസ്‌ലിം നാമധാരികള്‍ക്ക് മാത്രമേ ഇത്തരം വിശ്വാസമുണ്ടാകാന്‍ സാധ്യതയുള്ളൂ. ഒരു നിയമദാതാവിന് അഭൗതികമായ ആധികാരികതയുണ്ടെന്ന് കരുതുന്നവരേ അയാള്‍ക്ക് അലംഘനീയമായ നിയമനിര്‍മാണാധികാരമുണ്ടെന്ന് വിശ്വസിക്കുകയുള്ളൂ; ക്രൈസ്തവര്‍ മാര്‍പ്പാപ്പയുടെ നിയമനിര്‍മാണാധികാരത്തെ സംബന്ധിച്ച് വിശ്വസിക്കുന്നതു പോലെ.


അഭൗതികമായ ആധികാരികതയുടെ പേരില്‍ അല്ലാതെ തന്നെ ശരീഅത്ത് വിരുദ്ധനിയമനിര്‍മാണത്തിന് തനിക്കോ മറ്റൊരാള്‍ക്കോ അധികാരമുണ്ടെന്ന് അവകാശപ്പെടുന്ന ചിലരുണ്ടാകാം . അബ്ദുല്‍ റഹ്മാന്‍ അബ്ദുല്‍ ഖാലിഖ് പറഞ്ഞതുപോലുള്ള വിശ്വാസമൊന്നും ഇല്ലെങ്കിലും അവരുടെ സ്ഥാനവും ഇസ്‌ലാമിന് പുറത്തുതന്നെയാണ്. അല്ലാഹുവിന്റെ നിയമത്തെ ബോധപൂര്‍വ്വം തള്ളിക്കളയുന്നത് കുഫ്‌റാണെന്ന കാര്യത്തില്‍ യാതൊരു സംശയത്തിനും അവകാശമില്ല. അല്ലാഹുവിന് തുല്യനായോ, പ്രതിദ്വന്ദിയായോ ഏതെങ്കിലും ഒരു നിയമനിര്‍മാതാവിനെ പരിഗണിക്കുന്നതിനെ ശിര്‍ക്കിന്റെ വകുപ്പില്‍ ആരെങ്കിലും ഉള്‍പ്പെടുത്തുന്ന പക്ഷം അതൊരു തര്‍ക്ക വിഷയമാക്കേണ്്ടതില്ല. കുഫ്‌റും ശിര്‍ക്കും ഒരുപോലെ ഇസ്‌ലാമിന് വിപരീതമാണല്ലോ.


എന്നാല്‍ അല്ലാഹുവും റസൂലും (സ) കണിശമായ നിയമം നിശ്ചയിക്കാതെ വിട്ട വിഷയങ്ങളില്‍ ശരീഅത്തിന് വിരുദ്ധമല്ലാത്ത നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്ക് അവകാശമുണ്ട്. അത്തരം നിയമനിര്‍മാണം ശിര്‍ക്കോ കുഫ്‌റോ ആണെന്ന് സലഫി പണ്ഡിതന്മാരാരും അഭിപ്രായപ്പെട്ടിട്ടില്ല. അതുപോലെ ശരീഅത്ത് പരിഗണിക്കാത്ത ഭരണകൂടത്തിന്റെ നിയമങ്ങളില്‍ ശരീഅത്തിന് വിരുദ്ധമല്ലാത്തവ അവിടുത്തെ മുസ്‌ലിം പൗരന്മാര്‍ അനുസരിക്കുന്നത് ശിര്‍ക്കാണെന്നും സലഫി പണ്ഡിതന്മാരാരും പറഞ്ഞിട്ടില്ല. ഈ കാര്യങ്ങള്‍ സൂക്ഷ്മതയോടെ വിശകലനം ചെയ്യാതെ നിയമനിര്‍മാണത്തെ സംബന്ധിച്ച ചര്‍ച്ചയില്‍ ആശയക്കുഴപ്പങ്ങള്‍ക്ക് ഇടവരുത്തിയതിന്റെ പേരില്‍ അബ്ദുല്‍ റഹ്മാന്‍ അബ്ദുല്‍ ഖാലിഖിനെ ഇബ്‌നു ബാസ് പോലുള്ള പ്രമുഖരായ സലഫി പണ്ഡിതന്മാര്‍ വിമര്‍ശിച്ചിട്ടുണ്ടെന്ന കാര്യവും ഇത്തരുണത്തില്‍ സ്മരണീയമാകുന്നു.


നിയമനിര്‍മാണത്തിന്റെ വിഷയത്തില്‍ സലഫികളുടെ വീക്ഷണം തന്നെയാണ് ജമാഅത്തുകാര ഏറെ ആദരിക്കുന്ന പ്രമുഖ പണ്ഡിതന്‍ യൂസുഫുല്‍ ഖര്‍ദാവിക്കുമുള്ളത് . 1988 മാര്‍ച്ചിലെ മനാറുല്‍ ഇസ്‌ലാം മാസികയില്‍ അദ്ദേഹം എഴുതിയ ലേഖനത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ ഉദ്ധരിക്കട്ടെ:


"" എന്നാല്‍ ഇതൊന്നുമല്ലാത്ത കാര്യങ്ങളില്‍ മനുഷ്യര്‍ക്ക് സ്വയം നിയമം നിര്‍മിക്കാന്‍ അവകാശമുണ്ട്. ഖണ്ഡിതമായ മതവിധികളില്ലാത്ത മേഖലയത്രെ അത്. അങ്ങനെയുള്ള വിഷയങ്ങള്‍ ധാരാളമുണ്ട്."ഞാന്‍ ഏതൊന്നിനെ പറ്റി മൗനമവലംബിക്കുന്നുവോ അത് വിട്ടുവീഴ്ചയുള്ളതാകുന്നു'എന്ന ഹദീസില്‍ പരാമര്‍ശിക്കപ്പെട്ട മതം മൗനം അവലംബിച്ച കാര്യങ്ങളത്രെ അവ. ജീവിതത്തിന്റെ വിശാലമായ ഒരു മേഖലയെ അതുള്‍ക്കൊള്ളുന്നു. സൂക്ഷ്മവും വിശദവുമായ വിധികള്‍ വിവരിക്കാതെ മൂലതത്വങ്ങളും പൊതുനിയമങ്ങളും മാത്രം പ്രഖ്യാപിക്കപ്പെട്ട കാര്യങ്ങളും അതുപോലെ തന്നെ. അത്തരം കാര്യങ്ങളില്‍ ഇജ്തിഹാദിന് അര്‍ഹതയുള്ളവര്‍ അടിസ്ഥാന തത്വങ്ങള്‍ക്കും നിശ്ചിത നിയമങ്ങള്‍ക്കും അനുസരിച്ച് ഇജ്തിഹാദ് നടത്തുകയാണ് വേണ്ടത്. അതിനാല്‍ അല്‍പം മുമ്പ് നാം പറഞ്ഞ് പരിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മതത്തിന്റെ അനുവാദത്തോടെ തന്നെ മുസ്‌ലിംകള്‍ക്ക് തങ്ങളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ജീവിതത്തിന്റെ വിശാലമായ മേഖലകളില്‍ സ്വന്തമായി നിയമം നിര്‍മ്മിക്കാന്‍ സാധിക്കുന്നു. വ്യക്തികളെന്ന നിലക്കും സമൂഹങ്ങളെന്ന നിലക്കും ജനങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാക്കുക, കുഴപ്പങ്ങള്‍ തടയുക, ആവശ്യങ്ങള്‍ കണക്കിലെടുക്കുക ഇതാണ് അതിലെല്ലാം പരിഗണിക്കപ്പെടേണ്ടത്. സൂക്ഷ്മമായ സമകാലീന നിയമങ്ങളുടെ മിക്ക വശങ്ങളും ശരീഅത്തിന്റെ പൊതുലക്ഷ്യങ്ങള്‍ക്കോ, മതവിധികളുടെ വിശദാംശങ്ങള്‍ക്കോ വിരുദ്ധമാകുന്നില്ല. കാരണം, പ്രയോജനങ്ങള്‍ ഉണ്ടാക്കിത്തീര്‍ക്കുക, വിഷമതകള്‍ ദൂരീകരിക്കുക, അംഗീകൃത സമ്പ്രദായങ്ങള്‍ പരിഗണിക്കുക എന്നീ തത്വങ്ങളിലാണ് അവ അധിഷ്ഠിതമായിട്ടുള്ളത്. ട്രാഫിക് നിയമങ്ങള്‍, നാവിക-വ്യോമയാന നിയമങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, ആരോഗ്യ-കാര്‍ഷിക രംഗങ്ങളിലെ നിയമങ്ങള്‍, നിയമാധിഷ്ഠിത ഭരണത്തിന്റെ ഭാഗമായി വരുന്ന മറ്റു നിയമങ്ങള്‍ ഇവയെല്ലാം ഇതിനുദാഹരണമാണ്. അത് വളരെ വിപുലമായ ഒരിനമത്രെ"".


യൂസുഫുല്‍ ഖര്‍ദാവിയുടെ സൂക്ഷ്മമായ ഈ വിശകലനം സലഫികളുടെ നിലപാടിനോട് തികച്ചും യോജിക്കുന്നതത്രെ.നടേ ഉദ്ധരിച്ച പ്രബോധനം ലേഖന ഭാഗവും ഈ വിശകലനവും ചേര്‍ത്തുവച്ചാല്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ ഇസ്‌ലാമികേതര ഭരണകൂടത്തിന്റെ നിയമനിര്‍മാണാധികാരം അല്ലാഹുവിനു മാത്രം എന്ന തത്വത്തിന്റെ സാക്ഷാല്‍ വിവക്ഷയും വ്യക്തമാകുന്നു. മതപരമായ അര്‍ത്ഥത്തിലുള്ള പവിത്രതയും അലംഘനീയതയും- അത് അഭൗതികമായ പ്രതിഫലത്തിലോ ശിക്ഷയിലോ ഉള്ള വിശ്വാസവുമായി ബന്ധപ്പെട്ടതത്രെ- കല്‍പിക്കാതെ ഇസ്‌ലാമികേതര ഭരണകൂടത്തിന്റെ ദീനിന് വിരുദ്ധമല്ലാത്ത ഗതാഗത-ആരോഗ്യ-കാര്‍ഷിക-തൊഴില്‍ നിയമങ്ങള്‍ അനുസരിക്കുന്നത് ആ ഭരണകൂടത്തിനുള്ള ഇബാദത്താണെന്ന് പ്രമുഖ സലഫി പണ്ഡിതന്മാരോ പ്രാമാണികരായ മറ്റു മുസ്‌ലിം പണ്ഡിതന്മാരോ പ്രസ്താവിച്ചിട്ടില്ല. ജമാഅത്തുകാര്‍ക്ക് ഇക്കാര്യത്തില്‍ ഒട്ടും ആശയവ്യക്തതയില്ല. ചിലപ്പോള്‍, തങ്ങളല്ലാത്ത മുഴുവന്‍ മുസ്‌ലിംകളും രാഷ്ട്രീയ ശിര്‍ക്കില്‍ അകപ്പെട്ടിരിക്കുകയാണെന്ന് അവര്‍ സമര്‍ത്ഥിച്ചുകളയും. ചിലപ്പോള്‍, ഇന്ദിരാഗാന്ധിയുടെ ആരാധകര്‍ പോലും രാഷ്ട്രീയ ശിര്‍ക്ക് ചെയ്യുന്നില്ലെന്നും അവര്‍ ഫത്‌വ നല്‍കും.


മതം രാഷ്ട്രീയം ഇസ്‌ലാഹീ പ്രസ്ഥാനം -ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് പേജ് 80-84 

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.