14 September 2009

ദൈവസ്‌മരണയിലൂടെ, കൃതജ്ഞതയിലൂടെ സൌഭാഗ്യത്തിലേക്ക്‌

ദൈവസ്‌മരണയിലൂടെ, കൃതജ്ഞതയിലൂടെ സൌഭാഗ്യത്തിലേക്ക്‌
SHABAB Weekly Friday, 11 September 2009
ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്‌



വിശുദ്ധഖുര്‍ആനിന്റെ നാമങ്ങളിലൊന്ന്‌ ദിക്രര്‍ എന്നാകുന്നു. ``തീര്‍ച്ചയായും നാമാണ്‌ ആ ദിക്രര്‍ അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌ (വി.ഖു 15:9). ``നിനക്ക്‌ നാം ദിക്രര്‍ അവതരിപ്പിച്ചുതന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത്‌ നീ അവര്‍ക്ക്‌ വിവരിച്ചു കൊടുക്കാന്‍ വേണ്ടിയും അവര്‍ ചിന്തിക്കാന്‍ വേണ്ടിയും (വി.ഖു 16:44). ദിക്രര്‍ എന്ന പദത്തിന്‌ ഉദ്‌ബോധനം, അനുസ്‌മരണം, പ്രകീര്‍ത്തനം എന്നൊക്കെയാണ്‌ അര്‍ഥം. വിശുദ്ധഖുര്‍ആന്‍ അല്ലാഹു അവതരിപ്പിച്ചത്‌ സത്യമതത്തെ സംബന്ധിച്ച്‌ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുന്നതിനും, ഖുര്‍ആന്‍ സൂക്തങ്ങളിലൂടെ ജനങ്ങള്‍ അല്ലാഹുവിന്റെ രക്ഷാകര്‍തൃത്വത്തെയും പരിപാലനത്തെയും സൃഷ്‌ടിപ്പിനെയും സംവിധാനത്തെയും മറ്റും അനുസ്‌മരിക്കുന്നതിനും അവന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുന്നതിനും വേണ്ടിയാകുന്നു.

സത്യവിശ്വാസികള്‍ക്ക്‌ നിര്‍വഹിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന നിലയിലാണ്‌ വിശുദ്ധ ഖുര്‍ആന്‍ ദിക്‌റിനെ പരിചയപ്പെടുത്തുന്നത്‌. ``അല്ലാഹുവെ ഓര്‍മിക്കുക എന്നത്‌ ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു(29:45). സ്രഷ്‌ടാവും രക്ഷിതാവും മാര്‍ഗദര്‍ശിയുമായ അല്ലാഹുവെ സംബന്ധിച്ച ഓര്‍മ മനസ്സില്‍ നിന്ന്‌ വിട്ടുപോകാത്ത അവസ്ഥയുണ്ടായാല്‍ എല്ലാ നന്മകളും മുറുകെ പിടിക്കാനും എല്ലാ തിന്മകളും വര്‍ജിക്കാനും അത്‌ പ്രചോദകമായിരിക്കും എന്നതുകൊണ്ടാണ്‌ ദിക്രര്‍ ഏറ്റവും മഹത്തരമാകുന്നത്‌. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക്‌ നന്ദി കാണിക്കാത്തവരും അവന്റെ വിധിവിലക്കുകള്‍ പാലിക്കാത്തവരും ചുണ്ടുകള്‍ കൊണ്ട്‌ യാന്ത്രികമായി, സുബ്‌ഹാനില്ലാഹ്‌, അല്‍ഹംദുലില്ലാഹ്‌ തുടങ്ങിയ സ്‌തുതികീര്‍ത്തനങ്ങള്‍ ഉരുവിടുന്നത്‌ സാക്ഷാല്‍ ദിക്‌റാവുകയില്ല. കാരണം, അവരുടെ ചുണ്ടുകളില്‍ ദിക്‌റുണ്ടെങ്കിലും ജീവിതവ്യവഹാരങ്ങളില്‍ വിസ്‌മൃതിയാണ്‌ തെളിയുന്നത്‌. ``വിശ്വാസം നിങ്ങളുടെ ഹൃദയങ്ങളില്‍ പ്രവേശിച്ചുകഴിഞ്ഞിട്ടില്ല(49:14) എന്ന ഖുര്‍ആന്‍ വാക്യം അവരുടെ കാര്യത്തില്‍ പ്രസക്തമാകുന്നു. മനസ്സിനെ സ്വാധീനിക്കുകയും ജീവിതവ്യവഹാരങ്ങളെ പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന ദൈവസ്‌മരണയും ദൈവനാമ പ്രകീര്‍ത്തനവുമാണ്‌ ശരിയായ താല്‌പര്യം.

വാഗ്വിചാരകര്‍മങ്ങളെ സംശുദ്ധമാക്കാന്‍ മാത്രം ചൈതന്യധന്യമായ ദിക്‌റിന്‌ അല്ലാഹുവിങ്കല്‍ വലിയ സ്ഥാനമുണ്ട്‌. മനസ്സില്‍ തട്ടുന്ന വിധം അല്ലാഹ്‌ എന്ന്‌ ഉച്ചരിക്കുന്നത്‌ പോലും മൂല്യവത്താകുന്നു. ``അല്ലാഹുവെ സംബന്ധിച്ച്‌ പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ചുനടുങ്ങുകയും, അവന്റെ ദൃഷ്‌ടാന്തങ്ങള്‍ വായിച്ചു കേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്‌പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ്‌ സത്യവിശ്വാസികള്‍.(വി.ഖു 8:2)

അല്ലാഹുവെ സദാ ഓര്‍മിക്കാനും അവന്റെ അനുഗ്രഹങ്ങള്‍ അനുസ്‌മരിക്കാനുമുള്ള ആഹ്വാനം ധാരാളം ഖുര്‍ആന്‍ സൂക്തങ്ങളില്‍ കാണാം: ``സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി അനുസ്‌മരിക്കുകയും, കാലത്തും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുക(വി. ഖു 33:41,42). ``നമസ്‌കാരം നിര്‍വഹിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ നിന്നും ഇരുന്നും കിടന്നും അല്ലാഹുവെ അനുസ്‌മരിക്കുക(വി.ഖു 4:103). ``മനുഷ്യരേ, അല്ലാഹു നിങ്ങള്‍ക്ക്‌ ചെയ്‌തുതന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക, ആകാശത്ത്‌ നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക്‌ ഉപജീവനം നല്‌കാന്‍ അല്ലാഹുവല്ലാത്ത വല്ല സ്രഷ്‌ടാവും ഉണ്ടോ? അവനല്ലാതെ യാതൊരു ദൈവവുമില്ല. അപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ്‌ (സത്യത്തില്‍ നിന്ന്‌) തെറ്റിക്കപ്പെടുന്നത്‌?(വി.ഖു 35:3)

അല്ലാഹുവെയും അവന്റെ ദൃഷ്‌ടാന്തങ്ങളെയും അനുഗ്രഹങ്ങളെയും സംബന്ധിച്ച സ്‌മരണയുടെ അനിവാര്യതാല്‌പര്യമെന്നോണം ഉണ്ടാകേണ്ട കാര്യമാണ്‌ ശുക്രര്‍ അഥവാ നന്ദി. 2:152 സൂക്തത്തില്‍ ദിക്‌റിനും ശുക്‌റിനും ഒന്നിച്ചുള്ള ആഹ്വാനം കാണാം: ``ആകയാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്‌. എന്നോട്‌ നിങ്ങള്‍ നന്ദി കാണിക്കുക. നിങ്ങള്‍ എന്നോട്‌ നന്ദികേട്‌ കാണിക്കരുത്‌. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക്‌ നന്ദി കാണിക്കേണ്ടത്‌ രണ്ടുവിധത്തിലാണ്‌, വാക്കിലൂടെയും പ്രവൃത്തിയിലൂടെയും. അല്ലാഹുവെ സ്‌തുതിക്കുകയും അവന്റെ അനുഗ്രഹങ്ങള്‍ എടുത്തുപറയുകയുമാണ്‌ വാക്കിലൂടെ കൃതജ്ഞത പ്രകടിപ്പിക്കുന്ന രീതി. അല്ലാഹു നല്‌കിയ സൌഭാഗ്യങ്ങള്‍, പ്രയാസങ്ങളും കഷ്‌ടപ്പാടുകളും അനുഭവിക്കുന്നവരുമായി പങ്കുവെക്കുകയാണ്‌ പ്രവൃത്തിയിലൂടെ കൃതജ്ഞത പ്രകടിപ്പിക്കുന്ന രീതി. 93:9–11 സൂക്തങ്ങളില്‍ രണ്ടു വിധത്തിലും നന്ദി കാണിക്കാനുള്ള ആഹ്വാനം കാണാം: ``ആകയാല്‍ അനാഥയെ നീ അടിച്ചമര്‍ത്തരുത്‌. ചോദിച്ചുവരുന്നവനെ നീ വിരട്ടിവിടുകയും ചെയ്യരുത്‌. നിന്റെ രക്ഷിതാവിന്റെ അനുഗ്രഹത്തെ സംബന്ധിച്ച്‌ നീ സംസാരിക്കുക. സൂറതുല്‍ ഫാതിഹയിലെ 2,3,4 സൂക്തങ്ങള്‍ ലോകരക്ഷിതാവും പരമകാരുണികനും കരുണാനിധിയും പ്രതിഫലനാളിന്റെ അധിപനുമായ അല്ലാഹുവിന്‌ സ്‌തുതിയര്‍പ്പിക്കാനുള്ളതാണല്ലോ.

അനുഗ്രഹങ്ങള്‍ കനിഞ്ഞരുളിയ രക്ഷിതാവിനോട്‌ നന്ദി കാണിക്കുക എന്നതാണ്‌ സമന്മസ്സുള്ള മനുഷ്യരുടെ സ്വഭാവം. നന്ദിയുള്ള ദാസന്മാര്‍ക്ക്‌ അനുഗ്രഹങ്ങള്‍ വര്‍ധിപ്പിച്ചു കൊടുക്കുക എന്നതാണ്‌ അല്ലാഹുവിന്റെ നടപടി ക്രമം. ``നിങ്ങള്‍ നന്ദി കാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ (അനുഗ്രഹം) വര്‍ധിപ്പിച്ചുതരുന്നതാണ്‌. എന്നാല്‍, നിങ്ങള്‍ നന്ദികേട്‌ കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും എന്ന്‌ നിങ്ങളുടെ രക്ഷിതാവ്‌ പ്രഖ്യാപിച്ച സന്ദര്‍ഭവും (ശ്രദ്ധേയമത്രെ). (വി.ഖു 14:7) അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വന്‍തോതില്‍ ലഭിച്ച പ്രവാചകനായിരുന്നു സുലൈമാന്‍ നബി(അ). അനുഗ്രഹങ്ങള്‍ അല്ലാഹുവിന്റെ പരീക്ഷയാണെന്നും നന്ദി കാണിക്കുന്നതിലൂടെയാണ്‌ പരീക്ഷയില്‍ വിജയം നേടാന്‍ കഴിയുകയെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു. ``അദ്ദേഹം പറഞ്ഞു: ഞാന്‍ നന്ദി കാണിക്കുമോ നന്ദികേട്‌ കാണിക്കുമോ എന്ന്‌ എന്നെ പരീക്ഷിക്കാന്‍ എന്റെ രക്ഷിതാവ്‌ എനിക്ക്‌ നല്‌കിയ അനുഗ്രഹത്തില്‍ പെട്ടതാകുന്നു ഇത്‌. വല്ലവനും നന്ദി കാണിക്കുന്ന പക്ഷം തന്റെ ഗുണത്തിനായിത്തന്നെയാകുന്നു അവന്‍ നന്ദി കാണിക്കുന്നത്‌. വല്ലവനും നന്ദികേട്‌ കാണിക്കുന്ന പക്ഷം തീര്‍ച്ചയായും എന്റെ രക്ഷിതാവ്‌ പരാശ്രയമുക്തനും ഉല്‍കൃഷ്‌ടനുമാകുന്നു(വി.ഖു 27:40). അല്ലാഹു കഴിവ്‌ നല്‌കിയാലേ അവന്റെ അനുഗ്രഹങ്ങള്‍ക്ക്‌ യഥോചിതം നന്ദി കാണിക്കാന്‍ കഴിയൂ എന്നതിനാല്‍ സുലൈമാന്‍ നബി(അ) ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു: ``എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീ ചെയ്‌തുതന്നിട്ടുള്ള നിന്റെ അനുഗ്രഹത്തിന്‌ നന്ദി കാണിക്കാനും നീ തൃപ്‌തിപ്പെടുന്ന സല്‍കര്‍മം ചെയ്യാനും എനിക്ക്‌ നീ പ്രചോദനം നല്‌കേണമേ. നിന്റെ കാരുണ്യത്താല്‍ നിന്റെ സദ്വൃത്തരായ ദാസന്മാരുടെ കൂട്ടത്തില്‍ എന്നെ നീ ഉള്‍പ്പെടുത്തുകയും ചെയ്യേണമേ.(വി.ഖു 27:19)

ശുക്‌റിന്റെ വിപരീതം കുഫ്‌റാണ്‌. നന്ദികേട്‌ എന്നും അവിശ്വാസം എന്നും അര്‍ഥമുണ്ട്‌ കുഫ്രര്‍ എന്ന പദത്തിന്‌. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക്‌ നന്ദി കാണിക്കാനുള്ള വൈമന്യസമാണ്‌ പലരെയും അവിശ്വാസത്തിലേക്ക്‌ നയിക്കുന്നത്‌. അവിശ്വാസികളാകട്ടെ കൂടുതല്‍ കൃതഘ്‌നത കാണിക്കുകയും ചെയ്യുന്നു. അങ്ങനെ കുഫ്‌റിന്റെ രണ്ട്‌ അര്‍ഥതലങ്ങള്‍ പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. രണ്ടര്‍ഥത്തിലുള്ള കുഫ്‌റിന്റെയും ഫലം അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നഷ്‌ടപ്പെടുകയോ അവന്റെ ശിക്ഷ വന്നുഭവിക്കുകയോ ആയിരിക്കും. ഇഹത്തിലും പരത്തിലും നമുക്ക്‌ അനുഗ്രഹങ്ങള്‍ നിറവേറ്റിത്തരാന്‍ വേണ്ടിയാണ്‌ ദൈവികദൃഷ്‌ടാന്തങ്ങളെപ്പറ്റി ധാരാളമായി ചിന്തിക്കാനും അനുഭവിക്കുന്ന സൌഭാഗ്യങ്ങള്‍ക്ക്‌ സദാ നന്ദികാണിക്കാനും വിശുദ്ധ ഖുര്‍ആനില്‍ ആവര്‍ത്തിച്ച്‌ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. ഖുര്‍ആന്‍ അവതരിച്ച മാസം ദിക്രര്‍ കൊണ്ടും ശുക്രര്‍ കൊണ്ടും ജീവിതം കൂടുതല്‍ ധന്യമാക്കാനുള്ള അവസരമായിരിക്കട്ടെ.

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.