21 September 2009

മുഹമ്മദ്‌ അമാനി മൌലവി: ഖുര്‍ആന്‍ വിവരണത്തിന്‌ സമര്‍പ്പിച്ച ജീവിതം

മുഹമ്മദ്‌ അമാനി മൌലവി: ഖുര്‍ആന്‍ വിവരണത്തിന്‌ സമര്‍പ്പിച്ച ജീവിതം

ശബാബ് വാരിക -- ഓര്‍മ്മ

Friday, 18 September 2009
മന്‍സൂറലി ചെമ്മാട്‌

ഓരോരുത്തര്‍ക്കും ചില ദോഷങ്ങളും ഗുണങ്ങളും ഉണ്ടായിരിക്കും. ദോഷത്തില്‍ മറ്റുള്ളവര്‍ ഏകാഭിപ്രായക്കാരും ഗുണത്തില്‍ ഏകോപിക്കാന്‍ കഴിയാത്തവരുമായേക്കും. എന്നാലും അത്‌ ഗൌനിക്കുന്നത്‌ ഏവര്‍ക്കും ഗുണമാണ്‌. മറ്റവന്റെ ദോഷത്തെ വകവെക്കാതെ കണ്ണടക്കുകയും ഗുണം ഉപയോഗപ്പെടുത്തുകയും ചെയ്‌താല്‍ എല്ലാവര്‍ക്കും നന്മ വരും. അല്ലാത്തപക്ഷം കൂടുതല്‍ തിന്മയും വരും. ക്ഷമയും വിട്ടുവീഴ്‌ചയും കൈക്കൊള്ളുകയും മറ്റൊരാളുടെ കുറ്റവും കുറവും നോക്കാതിരിക്കുകയും ചെയ്യണം. മറ്റൊരാളെപ്പറ്റി തെറ്റിദ്ധാരണ വെക്കരുത്‌. അല്ലാത്തപക്ഷം ദുന്‍യാവില്‍ സുഖമില്ലാതെയും ആഖിറത്തില്‍ അല്ലാഹുവിന്റെ പൊരുത്തം കിട്ടാതെയും വന്നേക്കും. വിശുദ്ധ ഖുര്‍ആന്റെ വെളിച്ചം സാധാരണക്കാരനിലേക്ക്‌ എത്തിക്കുന്നതില്‍ അനല്‌പമായ പങ്കുവഹിച്ച മുഹമ്മദ്‌ അമാനി മൌലവി മരിക്കുന്നതിനു മുന്‍പ്‌ തയ്യാറാക്കിയ ഇരുപത്തൊമ്പത്‌ പേജുള്ള വസ്വിയ്യത്തിലെ വരികളാണിവ. സൂക്ഷ്‌മവും ആദര്‍ശനിഷ്‌ഠവുമായ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ നേര്‍ക്കാഴ്‌ചകളാണ്‌ ഇതിലെ മിക്ക വരികളും. നാഥന്റെ വിളിക്കുത്തരം നല്‍കി മടക്കയാത്രക്കൊരുങ്ങുമ്പോള്‍ സ്വന്തം പിന്‍തലമുറക്ക്‌ വേണ്ടി രേഖപ്പെടുത്തി വെക്കാന്‍ മൌലവിക്കുണ്ടായിരുന്നത്‌ ഇത്തരം കനപ്പെട്ട ഒരു പിടി ഉപദേശങ്ങള്‍ തന്നെയായിരുന്നു. അതെ, അമാനി മൌലവിക്ക്‌ പകരം അമാനി മൌലവി മാത്രമേയുള്ളൂ.

കേരളത്തിലെ ആധുനിക മുസ്‌ലിം പണ്ഡിതരില്‍ ഒരു പുരുഷായുസ്സ്‌ ഇത്രയും ധന്യമാക്കി കടന്നുപോയ മറ്റൊരാളുണ്ടാവുമോ എന്ന്‌ സംശയമാണ്‌. കാല്‍ നൂറ്റാണ്ട്‌ കാലം വിശുദ്ധ ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും തയ്യാറാക്കാന്‍ നീക്കിവെച്ചാണ്‌ മൌലവി തന്റെ ആയുസ്സിനെ സഫലമാക്കിയത്‌. ആ കര്‍മയോഗിയുടെ മഹല്‍ജീവിതത്തിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ പങ്കുവെക്കുകയാണ്‌ അദ്ദേഹത്തിന്റെ പുത്രന്‍ വളവന്നൂര്‍ അന്‍സാര്‍ അറബിക്കോളജിലെ റിട്ട. അധ്യാപകനും കേരള നദ്വത്തുല്‍ മുജാഹിദീന്‍ മദ്‌റസാ വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രഥമ പരീക്ഷാ കണ്‍ട്രോളറുമായ അഹ്മദ്‌ സലീം അമാനി.

ചാലിലകത്ത്‌ കുഞ്ഞഹ്മദ്‌ ഹാജിയുടെ പ്രമുഖ ശിഷ്യനും പണ്ഡിതനുമായിരുന്ന ഹസന്‍കുട്ടി മുസ്ലിയാരുടെയും സ്വാതന്ത്ര്യസമര സേനാനി ആലി മുസ്ലിയാരുടെ അടുത്ത ബന്ധു വിളക്കണ്ടത്തില്‍ ആമിനയുടെയും മകനായി 1906ലാണ്‌ വാപ്പ ജനിച്ചത്‌. അമാനത്ത്‌ എന്ന കുടുംബ പേര്‍ ചേര്‍ത്താണ്‌ അമാനി എന്നറിയപ്പെട്ടത്‌. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത പട്ടിക്കാടായിരുന്നു അദ്ദേഹത്തിന്റെ സ്വദേശം. ഡിസ്‌ട്രിക്‌റ്റ്‌ ബോര്‍ഡിനു കീഴിലുള്ള പട്ടിക്കാട്‌ സ്‌കൂളില്‍ എട്ടു വരെ പഠിച്ചു. തുടര്‍ന്ന്‌ പിതാവിന്റെയും മറ്റും ശിഷ്യത്വത്തില്‍ പട്ടിക്കാട്‌, തോഴന്നൂര്‍, താനാളൂര്‍, അരീക്കാട്‌ തുടങ്ങിയ സ്ഥലങ്ങളില്‍ പള്ളി ദര്‍സുകളില്‍ പഠനം നടത്തി. തുടര്‍ന്ന്‌ ബന്ധുക്കളുടെയും നാട്ടുകാരുടെയും എതിര്‍പ്പ്‌ വകവെക്കാതെ അദ്ദേഹം തഞ്ചാവൂരിലെ മദ്‌റസത്തുല്‍ ഖാസിമിയ്യയില്‍ ഉപരിപഠനത്തിനായി പോയി. അക്കാലത്ത്‌ എല്ലാവരും ഉപരി പഠനത്തിന്‌ ആശ്രയിച്ചിരുന്നത്‌ വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തിനെയായിരുന്നു. എന്നാല്‍ വെല്ലൂരില്‍ പോയാല്‍ തലേക്കെട്ട്‌ മാത്രമേ കിട്ടൂ തലയിലൊന്നുമുണ്ടാവില്ല എന്ന്‌ പറഞ്ഞാണ്‌ വാപ്പ തഞ്ചാവൂരിലേക്ക്‌ പോയത്‌. മൌലാന ഉമര്‍ ഹസ്‌റത്ത്‌, സയ്യിദലവി കോയ തങ്ങള്‍ ബുഖാരി തുടങ്ങിയവരായിരുന്നു അവിടെ മൌലവിയുടെ ഗുരുനാഥന്മാര്‍. അവിടുത്തെ ഉല്‍പതിഷ്‌ണുക്കളായ അധ്യാപകരുമായുള്ള ബന്ധത്തിലൂടെ വാപ്പയില്‍ ഇസ്വ്‌ലാഹീ ആദര്‍ശവും ശിര്‍ക്ക്‌ ബിദ്‌അത്തുകളോടും യഥാസ്ഥിതികതയോടും എതിര്‍പ്പുമുടലെടുത്തു. 1936ല്‍ അവിടെ നിന്ന്‌ അദ്ദേഹം മൌലവി ആലിം ബിരുദം കരസ്ഥമാക്കി.

വഹാബികള്‍ പിഴച്ചവരാണെന്ന നിലപാടുകാരനായിരുന്നു വല്ലിപ്പ. എന്നാല്‍ കാത്തിബ്‌ (കെ എം മൌലവി) നല്ലവനാണെന്ന്‌ പറയും. പില്‍ക്കാലത്ത്‌ വല്ലിപ്പ പട്ടിക്കാട്ട്‌ മലയാളത്തില്‍ ഖുതുബ നിര്‍വഹിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം 1936ല്‍ തന്നെ വാപ്പ പട്ടിക്കാട്ട്‌ ദര്‍സ്‌ തുടങ്ങി. 1938ല്‍ തോടന്നൂരിലേക്ക്‌ മാറി. അവിടെ ശിഷ്യന്മാരെ അദ്ദേഹം പത്രം വായിക്കാന്‍ പ്രേരിപ്പിക്കുമായിരുന്നു. ഇത്‌ മുസ്ലിയാക്കളില്‍ കടുത്ത എതിര്‍പ്പിന്‌ കാരണമായി. എന്നാല്‍ മുസ്ലിയാന്മാര്‍ക്ക്‌ വഴങ്ങാതെ 1940ല്‍ അദ്ദേഹം അവിടെ നിന്നും രാജി വെച്ചൊഴിഞ്ഞു. 1941ല്‍ മൊറയൂരില്‍ റിലീജ്യസ്‌ സ്‌കൂള്‍ തുടങ്ങി. കോഴിത്തൊടികക്കാരുടെ വകയായുള്ള പ്രസ്‌തുത സ്‌കൂളാണ്‌ പിന്നീട്‌ മൊറയൂര്‍ ഹൈസ്‌കൂളായി മാറിയത്‌. വീരാന്‍ ഹാജി സ്‌മാരക ഹൈസ്‌കൂള്‍ സ്ഥാപിക്കാന്‍ കോടിത്തൊടിക അഹ്മദ്‌ കുട്ടി ഹാജിയെ പ്രേരിപ്പിച്ചത്‌ അദ്ദേഹമായിരുന്നു.

സ്വന്തമായി രൂപപ്പെടുത്തിയ പാഠ്യപദ്ധതിയനുസരിച്ചാണ്‌ അമാനി മൌലവി ഇവിടെ അധ്യാപനം നടത്തിയിരുന്നത്‌. ജ്യോതിശാസ്‌ത്രവും ഭൂമിശാസ്‌ത്രവുമെല്ലാം ഗ്ലോബിന്റെയും അറ്റ്‌ലസ്സിന്റെയുമൊക്കെ സഹായത്തോടെ അറബി ഭാഷയില്‍ അദ്ദേഹം പഠിപ്പിച്ചു. അറബി വ്യാകരണത്തിലും അദ്ദേഹം തന്റെ ശിഷ്യന്മാരെ നിപുണന്മാരാക്കി. എന്നാല്‍ പുരോഗമനാശയക്കാരനായിരുന്ന മൌലവിയെ ഇവിടെ നിന്നും പുകച്ച്‌ ചാടിക്കാന്‍ അവിടെയുണ്ടായിരുന്ന ഒരു മൊല്ലാക്കയുടെ നേതൃത്വത്തില്‍ കരുനീക്കം നടന്നു. മൊല്ലാക്കയുടെ പ്രേരണപ്രകാരം സ്‌കൂള്‍ അധികാരിയുടെ ഭാര്യ മൌലവിയോട്‌ നേര്‍ച്ചക്കോഴിയെ അറുക്കാന്‍ ആവശ്യപ്പെട്ടത്രെ. എന്നാല്‍ തന്റെ വിശ്വാസം അടിയറ വെക്കാന്‍ മൌലവി തയ്യാറായില്ല. അരിശംപൂണ്ട ആ സ്‌ത്രീ, ഇതിന്റെ ഭവിഷ്യത്ത്‌ എന്താണെന്ന്‌ നിങ്ങള്‍ക്കറിയുമോ എന്ന്‌ ചോദിച്ചു. അറിയാം, ഇവിടെ നിന്നു പോവേണ്ടി വരികയല്ലേയുള്ളൂ എന്ന്‌ പറഞ്ഞ്‌ മൌലവി അവിടെ നിന്നും രാജി വെച്ചൊഴിയുകയായിരുന്നു. ആദര്‍ശരംഗത്തെ ഈ കണിശതയും നിശ്ചയദാര്‍ഢ്യവും മൌലവിയുടെ ജീവിതത്തിലെ ഓരോ ചുവടുകളിലും തെളിഞ്ഞ്‌ നിന്നിരുന്നു.

1946ല്‍ മഞ്ചേരിയില്‍ റൌദത്തുല്‍ ഉലൂം അറബിക്കോളജ്‌ സ്ഥാപിച്ചപ്പോള്‍ അവിടെ അധ്യാപകനായി. കോളജ്‌ ഫറോക്കിലേക്ക്‌ മാറ്റുന്നത്‌ വരെ അവിടെ തുടര്‍ന്നു. പിന്നീട്‌ മഞ്ചേരിയില്‍ അമാനിയ്യ ബുക്‌സ്‌റ്‌റാള്‍ തുടങ്ങി. രണ്ടു വര്‍ഷത്തിനു ശേഷം ബുക്ക്‌സ്‌റ്റാള്‍ പട്ടിക്കാട്ടേക്ക്‌ മാറ്റി.

ഈ കാലയളവിലെല്ലാം മൌലവിയുടെ ശക്തമായ തൂലിക വഴി പ്രൌഢമായ രചനകളാണ്‌ പ്രസിദ്ധീകൃതമായത്‌. ആനുകാലികങ്ങളില്‍ വളരെ ശ്രദ്ധേയവും വിജ്ഞാനപ്രദവുമായ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. മൊറയൂരില്‍ മുദര്‍രിസായിരുന്നപ്പോള്‍ മുസ്ലിം വനിത, മുസല്‍മാന്‍ എന്നീ പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരം എഴുത്തുകാരനായിരുന്നു. അക്കാലത്ത്‌ ശാഹ്‌ വലിയ്യുല്ലാഹി ദ്ദഹ്ലവിയുടെ ഹുജ്ജത്തുല്ലാഹില്‍ ബാലിഗയിലെ തഖ്‌ലീദ്‌, ഇജ്‌തിഹാദ്‌ എന്നിവയെക്കുറിച്ച അധ്യായം മൌലവി വിവര്‍ത്തനം ചെയ്‌ത്‌ യുവകേസരിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. അമാനിയ്യ ബുക്ക്‌സ്‌റ്റാള്‍ നടത്തുന്ന കാലത്താണ്‌ സൂറത്തുന്നൂര്‍, യൂസുഫ്‌, മര്‍യം, ലുഖ്‌മാന്‍, ത്വാഹ പരിഭാഷകളും ഇസ്ലാമിക ചരിത്രം, ഇമാം മാലിക്കിന്റെ കത്ത്‌, ഇമാം ശാഫിഈയുടെ യാത്ര, മുതലിടപാടുകളും നബി വാക്യങ്ങളും, നൂഹ്‌ നബിയുടെ കപ്പല്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചത്‌. ദുറൂസുത്താരീഖുല്‍ ഇസ്ലാം എന്ന മൌലവിയുടെ കൃതി പാഠപുസ്‌തകമായിട്ടുണ്ട്‌. കക്ഷി ഭേദമന്യെ പ്രശംസ പിടിച്ചുപറ്റിയ വിശുദ്ധ ഖുര്‍ആന്‍ വിവരണത്തിനു പുറമെ കെ എന്‍ എം പ്രസിദ്ധീകരിച്ച, ഡോ. മുസ്‌ത്വഫ സിബാഇയുടെ അസ്സുന്നത്തു വ മകാനത്തുഹാ ഫി ത്തശ്രീഇല്‍ ഇസ്ലാമി എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം, ക്രൈസ്‌തവ വാദങ്ങള്‍ക്ക്‌ മറുപടിയായി രചിച്ച സുവിശേഷം നിര്‍മലവും പൂര്‍ണവുമായതെങ്ങനെ, അലി അബ്‌ദുര്‌റസ്സാക്ക്‌ മദനിയുമായി ചേര്‍ന്ന്‌ എഴുതിയ ബൈബിളിന്റെ വിശ്വസനീയത, വിധിയും മനുഷ്യനും, കെ എന്‍ എം വിദ്യാഭ്യാസ ബോര്‍ഡ്‌ പ്രസിദ്ധീകരിച്ച നമ്മുടെ നബി, ഇസ്ലാമിക ചരിത്രം, `യുവത പ്രസിദ്ധീകരിച്ച ഇസ്ലാമും പൌര ധര്‍മവും തുടങ്ങി മലയാളത്തിലെ ഇസ്ലാമിക സാഹിത്യരംഗത്ത്‌ മൌലവിയുടെ സംഭാവനകള്‍ നിസ്‌തുലമാണ്‌.

വിഖ്യാതമായ വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ വിവരണത്തിന്റെ രചനയിലേക്ക്‌ മൌലവിയുടെ രംഗപ്രവേശം തികച്ചും യാദൃച്ഛികമായിരുന്നു. 1960 ആഗസ്‌ത്‌ മാസത്തില്‍ ഒലവക്കോട്ടെ കെ പി മുഹമ്മദ്‌ സാഹിബ്‌ കെ എം മൌലവിക്കയച്ച ഒരു കത്താണ്‌ ഇത്തരത്തിലൊരു ചിന്തക്ക്‌ വഴി തുറന്നത്‌. വിശുദ്ധഖുര്‍ആന്റെ ഒരു പരിഭാഷ പ്രസിദ്ധീകരിക്കാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധത അറിയിച്ചുകൊണ്ടായിരുന്നു ആ കത്ത്‌. സാമ്പത്തിക വശമല്ലാത്ത മറ്റു കാര്യങ്ങളില്‍ സഹായസഹകരണമുണ്ടാവണമെന്ന്‌ അദ്ദേഹം കെ എം മൌലവിയോട്‌ അഭ്യര്‍ഥിച്ചു. കെ എം മൌലവിയുടെ നേതൃത്വത്തില്‍ ഉടനെ തന്നെ അദ്ദേഹത്തെ കണ്ട്‌ ചര്‍ച്ച നടത്തി. ഖുര്‍ആന്റെ ആദ്യ പകുതിയുടെ പരിഭാഷ പലരും പുറത്തിറക്കിയിരുന്നതിനാല്‍ അവസാന പകുതി പുറത്തിറക്കാനാണ്‌ ധാരണയായത്‌. കേവലമൊരു പരിഭാഷയായിരുന്നില്ല അവര്‍ ലക്ഷ്യമാക്കിയിരുന്നത്‌. പദാനുപദാര്‍ഥവും വ്യാഖ്യാനവും വിശദീകരിക്കുന്ന ഒരു ബൃഹത്‌ പദ്ധതിയാണവര്‍ വിഭാവനം ചെയ്‌തത്‌. ഖുര്‍ആന്‍ പരിഭാഷ രംഗത്ത്‌ വിലപ്പെട്ട സംഭാവനകളര്‍പ്പിച്ചു കൊണ്ടിരുന്ന മുഹമ്മദ്‌ അമാനി മൌലവി, പി കെ മൂസ മൌലവി, എ അലവി മൌലവി എന്നിവര്‍ ആ ദൌത്യം ഏറ്റെടുക്കുകയും 1960 സപ്‌തംബര്‍ 7നു രചന ആരംഭിക്കുകയും ചെയ്‌തു. അലവി മൌലവി രണ്ടാം പകുതിയുടെ രചനയില്‍ പങ്കെടുത്തപ്പോള്‍ സൂറത്തു കഹ്‌ഫ്‌ മുതല്‍ അന്നംല്‌ കൂടിയ ഭാഗങ്ങളുടെ രചനയില്‍ മാത്രമേ മൂസ മൌലവിക്ക്‌ പങ്കെടുക്കാനായുള്ളൂ. എന്നാല്‍ ഈ മഹാദൌത്യത്തിന്റെ സാക്ഷാല്‌കാരത്തിനായി മുഹമ്മദ്‌ അമാനി മൌലവി നീക്കിവെച്ചത്‌ തന്റെ ആയുസ്സിലെ വിശ്രമമില്ലാത്ത കാല്‍നൂറ്റാണ്ട്‌ കാലമാണ്‌. പലപ്പോഴും രാത്രിയുടെ അര്‍ധയാമങ്ങളിലും തന്റെ രചന തുടര്‍ന്നു. ഫാതിഹ മുതല്‍ ഇസ്‌റാഅ്‌ വരെയുള്ള ആദ്യ പകുതി തയ്യാറാക്കിയത്‌ അമാനി മൌലവി ഒറ്റയ്ക്കാണ്‌. 1985 ഫെബ്രുവരിയിലാണ്‌ പരിഭാഷയുടെ രചന പൂര്‍ത്തിയായതെന്ന്‌ സലീം അമാനി പറയുന്നു.

``പരിഭാഷയുടെ രചനക്കായി തിരൂരങ്ങാടിയിലും ഒലവക്കോട്ടുമൊക്കെ വാപ്പ പോയിരുന്നു. അലവി മൌലവിയുടെ മരണശേഷം തൊടികപ്പുലത്ത്‌ വെച്ചു തന്നെയായിരുന്നു വാപ്പയുടെ രചന. റഫറന്‍സിനായി നിരവധി ഗ്രന്ഥങ്ങള്‍ പണം കൊടുത്തും കടം വാങ്ങിയും ശേഖരിച്ചു. ജ്യേഷ്‌ഠന്‍ മഹ്മൂദ്‌ ഹുസൈന്‍ അമാനി പരിഭാഷയുടെ രചനയില്‍ വാപ്പയുടെ സഹായിയായിട്ടുണ്ട്‌. പെങ്ങള്‍ കുഞ്ഞി എന്ന ആമിനയായിരുന്നു പലപ്പോഴും പ്രൂഫ്‌ റീഡിങ്ങില്‍ സഹായിച്ചത്‌. വാപ്പാക്ക്‌ കുഞ്ഞിയെ വലിയ ഇഷ്‌ടമായിരുന്നു. ബുദ്ധിവളര്‍ച്ച കുറവായിരുന്ന കുഞ്ഞി 28ാം വയസ്സില്‍ മരണപ്പെട്ടു. (കുഞ്ഞിയെ കുറിച്ചും അവള്‍ക്ക്‌ ആവശ്യമായ കാര്യങ്ങള്‍ വിശാല മനസ്സോടെ ചെയ്‌തു കൊടുക്കണമെന്നും അവളുടെ ദുര്‍ബലാവസ്ഥയുമൊക്കെ അമാനി മൌലവി തന്റെ വസിയ്യത്തില്‍ വളരെ വിശദമായി പ്രതിപാദിച്ചിരുന്നു. അവരുടെ മരണശേഷം അക്കാര്യവും രേഖപ്പെടുത്തിയിട്ടുണ്ട്‌.)

അവളുടെ മരണം വാപ്പയെ വല്ലാതെ തളര്‍ത്തിയിരുന്നെന്ന്‌ സലീം അമാനി പറഞ്ഞു. അസുഖം കാരണം കുഞ്ഞി സ്‌കൂളില്‍ പോയിരുന്നില്ല. എന്നാല്‍ വാപ്പ അവളെ പഠിപ്പിച്ചു. വാപ്പ അവളെ പള്ളിയില്‍ തന്നോടൊപ്പം താമസിപ്പിച്ചു. പരിഭാഷയിലെ ഭൂപടങ്ങള്‍ തയ്യാറാക്കിയിരുന്നത്‌ പ്രസിദ്ധ ഗായകന്‍ വി എം കുട്ടിയായിരുന്നു. ഈ ആവശ്യത്തിന്‌ പലപ്പോഴും അദ്ദേഹം ഞങ്ങളുടെ വീട്ടില്‍ വരാറുണ്ടായിരുന്നു. വരുമ്പോഴൊക്കെ കുഞ്ഞിക്ക്‌ അദ്ദേഹം പാട്ടു പാടിക്കൊടുക്കുന്ന രംഗം ഇന്നും സലീം അമാനിയുടെ മനസ്സില്‍ തെളിയുന്നു.

എഴുത്തിലായിരുന്നു വാപ്പ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്ന്‌ സലീം അമാനി. പ്രസംഗ രംഗത്ത്‌ സജീവമായിരുന്നില്ല. എങ്കിലും വാപ്പയുടെ ഖുത്വ്‌ബകള്‍ ഏറെ ശ്രദ്ധേയവും ആകര്‍ഷകവുമായിരുന്നു. പ്രസംഗം കുറവും എഴുത്ത്‌ കൂടുതലുമായതിനാല്‍ കുടുംബവുമായി വിട്ടുനില്‍ക്കേണ്ട സാഹചര്യം കൂടുതലുണ്ടായിട്ടില്ല. മിക്കപ്പോഴും വാപ്പ വീട്ടിലുണ്ടാവുമായിരുന്നു.

1952ല്‍ പ്രമുഖ പണ്ഡിതനായിരുന്ന എന്‍ മമ്മു മൌലവിയുടെ നിര്‍ബന്ധപ്രകാരം വാപ്പ തൊടികപ്പുലത്ത്‌ ദര്‍സ്‌ തുടങ്ങിയെന്ന്‌ സലീം അമാനി. പ്രത്യേകം തയ്യാറാക്കിയ സിലബസും പാഠപുസ്‌തകങ്ങളുമാണ്‌ ദര്‍സില്‍ നടപ്പാക്കിയിരുന്നത്‌. ഞങ്ങളുടെ മൂത്ത ജ്യേഷ്‌ഠന്‍ ഹുസൈന്‍ മഹ്മൂദ്‌ അമാനി, കെ എം മൌലവിയുടെ മകന്‍ ടി മുഹ്യുദ്ദീന്‍ ഉമരി, പി മുഹമ്മദ്‌ കുട്ടശ്ശേരി തുടങ്ങിയവര്‍ ഇവിടെ വാപ്പയുടെ ശിഷ്യന്മാരായിരുന്നു. പിന്നീട്‌ ഞാനും ഈ ദര്‍സില്‍ പഠിതാവായി. 1956 വരെ വാപ്പ ഇവിടെ ദര്‍സ്‌ തുടര്‍ന്നു.

പിന്നീട്‌ കേരള നദ്വത്തുല്‍ മുജാഹിദീന്‍ വിദ്യാഭ്യാസ ബോര്‍ഡ്‌ ചെയര്‍മാനായി നിയമിതനായതിനെ തുടര്‍ന്ന്‌ അമാനി മൌലവി താമസം കോഴിക്കോട്ടേക്ക്‌ മാറ്റി. കെ എന്‍ എമ്മിന്റെ പാഠ്യപദ്ധതി കൂടുതല്‍ ശാസ്‌ത്രീയവും വ്യവസ്ഥാപിതവുമാകുന്നത്‌ വാപ്പ ബോര്‍ഡ്‌ ചെയര്‍മാനായതോടെയാണെന്ന്‌ സലീം അമാനി.

തൌഹീദീ ആദര്‍ശത്തോടുള്ള വാപ്പയുടെ ബന്ധവും അദ്ദേഹത്തിന്റെ പ്രബോധനവും ആദ്യം മുതല്‍ക്കേ ബന്ധുകളുടെയും മുസ്ലിയാക്കളുടെയും അനിഷ്‌ടത്തിനിടയാക്കിയിരുന്നു. പട്ടിക്കാട്‌ താമസമായിരുന്ന കാലത്താണ്‌ ഇവരുടെ എതിര്‍പ്പ്‌ ഏറെ നേരിടേണ്ടി വന്നത്‌. അക്കാലത്ത്‌ ഉപ്പയെയും ഉപ്പയുമായി സഹകരിച്ചിരുന്ന ചില ഇസ്വ്‌ലാഹീ ആദര്‍ശക്കാരെയും വിചാരണ നടത്താന്‍ മഹല്ലില്‍ നീക്കമുണ്ടായി. മഹല്ല്‌ വാസികളില്‍ അദ്ദേഹത്തോട്‌ എതിര്‍പ്പും ശത്രുതയുമുണ്ടാക്കി ജനങ്ങളെ തൌഹീദ്‌ ആദര്‍ശത്തില്‍ നിന്നും തടയുകയായിരുന്നു അവരുടെ ലക്ഷ്യം. വിചാരണയുടെ ദിവസമായി. ആദ്യം ഉപ്പയെയാണ്‌ വിളിച്ചത്‌. ഉപ്പയുടെ വലിയ അളിയനും ഗുരുവുമായ കാരാട്ട്‌ തൊടി മൊയ്‌തുട്ടി മുസ്ലിയാരാണ്‌ ചോദ്യങ്ങള്‍ ചോദിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്നത്‌. സുന്നി, ഒഹാബി, ഖദിയാനി, മൌദൂദി എന്നിവയില്‍ ഏത്‌ കക്ഷിയിലാണ്‌ താങ്കളെന്നായിരുന്നു ആദ്യ ചോദ്യം. നാലിലുമല്ല –വാപ്പ മറുപടി നല്‍കി. പിന്നെ? മുസ്ലിയാര്‍ ചോദിച്ചു. വാപ്പ വളരെ വിനയത്തോടെ പറഞ്ഞു: അത്‌ ഞാന്‍ നാല്‌ പണ്ഡിതന്മാരുടെ മുഖാന്തിരം പറയാം. പിന്നീടൊന്നും ചോദിക്കാന്‍ മുസ്ലിയാര്‍ക്കായില്ല. വാപ്പയോടൊപ്പമുണ്ടായിരുന്ന ഓരോരുത്തരും ഇത്‌ തന്നെ ആവര്‍ത്തിച്ചപ്പോള്‍ ഗൂഢാലോചനക്കാര്‍ ഇളിഭ്യരായി.

ആദര്‍ശവിരോധികളുടെ കുതന്ത്രം തകര്‍ത്ത മറ്റൊരു സംഭവവും വാപ്പയെ കുറിച്ച ഓര്‍മകള്‍ ചികഞ്ഞെടുക്കുന്നതിനിടെ സലീം അമാനിയുടെ മനസ്സില്‍ തെളിഞ്ഞു. പട്ടിക്കാട്‌ ജുമുഅത്ത്‌ പള്ളി മഹല്ലില്‍ വല്ലിപ്പയായിരുന്നു ഖാദി. മുദര്‍രിസ്‌ എളാപ്പയും. 1956ല്‍ മുസ്ലിയാക്കളുടെ സ്വാധീനത്തില്‍, മഹല്ലില്‍ ഒരു തീരുമാനമുണ്ടായി. വഹാബി–മൌദൂദികളുടെ വീടുകളില്‍ ഒരു പരിപാടികളിലും ആരും പങ്കെടുക്കരുതെന്നായിരുന്നു അത്‌. ആയിടെയാണ്‌ എന്റെ ചേലാകര്‍മം നടക്കുന്നത്‌. അതൊരു ബുധനാഴ്‌ചയായിരുന്നു. മഹല്ല്‌ തീരുമാനം മാനിച്ച്‌ അന്ന്‌ വീട്ടില്‍ വരേണ്ട എന്ന്‌ വല്ലിപ്പയോട്‌ വാപ്പ പറഞ്ഞു. പക്ഷെ വാപ്പയും എളാപ്പയും അത്‌ വകവെക്കാതെ വീട്ടില്‍ വന്നു. മഹല്ല്‌ കമ്മിറ്റിക്കാര്‍ നിയോഗിച്ച ചാരന്മാര്‍ വഴി വിവരം പള്ളിയിലറിഞ്ഞു. സംഭവം വലിയ ചര്‍ച്ചാവിഷയമായി. ഖാദിയും മുദര്‍രിസുമാണ്‌ വഹാബിയുടെ വീട്ടില്‍ പരിപാടിയില്‍ പങ്കെടുത്തിരിക്കുന്നത്‌. വെള്ളിയാഴ്‌ച പ്രശ്‌നമുണ്ടാകുമെന്ന്‌ ഏതാണ്ട്‌ ഉറപ്പായി. എളാപ്പയെ മിന്‍ബറില്‍ നിന്ന്‌ പിടിച്ചിറക്കാനാണ്‌ നീക്കം. വെള്ളിയാഴ്‌ച രാവിലെ 9 മണിക്ക്‌ തന്നെ ആളുകള്‍ പള്ളിയിലെത്തി സ്ഥാനമുറപ്പിച്ചു. എളാപ്പ ഖുത്വ്‌ബ നടത്തുകയും വല്ലിപ്പ ഇമാമത്ത്‌ നിര്‍വഹിക്കുകയുമായിരുന്നു അന്നത്തെ പതിവ്‌. ആളുകളുടെ പടയൊരുക്കം കണ്ട്‌ ഉപ്പ വല്ലിപ്പയോട്‌ ഖാദി സ്ഥാനം രാജി വെക്കാന്‍ അഭിപ്രായപ്പെട്ടു. ജുമുഅ തുടങ്ങുന്നതിന്‌ അല്‌പം മുമ്പ വല്ലിപ്പ എഴുന്നേറ്റ്‌, എനിക്ക്‌ ചില കാര്യങ്ങള്‍ പറയാനുണ്ട്‌, അത്‌ എന്റെ മകന്‍ മുഹമ്മദ്‌ പറയും എന്ന്‌ പറഞ്ഞു. വാപ്പ വല്ലിപ്പയുടെ രാജി ജനങ്ങളെ അറിയിച്ചു. രാജി അവിടെ നിക്കട്ടെ ഇപ്പോള്‍ ഖുത്വ്‌ബ നടക്കട്ടെ എന്നായി ആളുകള്‍. അപ്പോള്‍ എളാപ്പ എഴുന്നേറ്റു നിന്ന്‌, മൌലവി രാജി വെച്ച സ്ഥിതിക്ക്‌ ഞാന്‍ ഖുത്വ്‌ബ നടത്തുന്നില്ല എന്ന്‌ പറഞ്ഞു. അന്ന്‌ കുഞ്ഞിത്തങ്ങളാണ്‌ ഖുത്വ്‌ബ നിര്‍വഹിച്ചതെന്ന്‌ സലീം അമാനി ഓര്‍ക്കുന്നു. മിന്‍ബറില്‍ നിന്നും എളാപ്പയെ പിടിച്ചിറക്കാനുള്ള നീക്കം പാളിയതില്‍ പ്രശ്‌നക്കാര്‍ ഇളിഭ്യരായാണ്‌ സ്ഥലം വിട്ടത്‌.

ഉപ്പയും വല്ലിപ്പയും മിക്കപ്പോഴും അറബി ഭാഷയിലാണ്‌ സംസാരിക്കാറ്‌. കെ എം മൌലവിയും ഖുതുബിയുമൊക്കെ അമാനി മൌലവിയുടെ സഹപാഠികളായിരുന്നു. കെ കെ എം ജമാലുദ്ദീന്‍ മൌലവി, ഉമര്‍ മൌലവി, എന്‍ വി അബ്‌ദുസ്സലാം മൌലവി, ശൈഖ്‌ മുഹമ്മദ്‌ മൌലവി, മുബല്ലിഗ്‌ മൊയ്‌തീന്‍ കുട്ടി മൌലവി തുടങ്ങിയവരുമായൊക്കെ അദ്ദേഹം ഉറ്റ സൌഹൃദം പുലര്‍ത്തിയിരുന്നു. സൌഹൃദങ്ങള്‍ക്ക്‌ കക്ഷിത്വത്തിന്റെ അതിരുകള്‍ വാപ്പ ഇഷ്‌ടപ്പെട്ടിരുന്നില്ലെന്ന്‌ സലീം അമാനി. കൂറ്റനാട്‌ മുഹമ്മദ്‌ മുസ്ലിയാര്‍, സ്വദഖത്തുല്ല മൌലവി, വാണിയമ്പലം അബ്‌ദുര്‌റഹ്മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവരുമായെല്ലാം നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ഖുര്‍ആന്‍ പരിഭാഷയുടെ രചനക്കായി വാപ്പയും കൂറ്റനാട്‌ മുഹമ്മദ്‌ മുസ്ലിയാരും പരസ്‌പരം ബന്ധപ്പെട്ടിരുന്നു.

തങ്ങളെ നിങ്ങള്‍ എന്ന്‌ ബഹുമാനത്തോടെ അഭിസംബോധന ചെയ്യുന്ന അമാനി മൌലവിയുടെ ശൈലി താഴ്‌ന്ന ജാതിക്കാര്‍ക്ക്‌ വലിയ അത്ഭുതമായിരുന്നു. ഏത്‌ ജോലി ചെയ്യാനും വാപ്പ തയ്യാറായിരുന്നെന്ന്‌ സലീം അമാനി ഓര്‍ക്കുന്നു. തയ്യലും ആശാരിപ്പണിയും നല്ല വശമായിരുന്നു. സ്വന്തമായി അലമാരിയും മറ്റും ഉണ്ടാക്കും. പട്ടിക്കാട്ടെ മണ്ണു കൊണ്ടുള്ള വീടിന്റെ നിര്‍മാണ പ്രവൃത്തിയിലും വാപ്പ പണിയെടുത്തു. ഓല മെടഞ്ഞതും മേഞ്ഞതുമൊക്കെ അദ്ദേഹം തന്നെയായിരുന്നു.

മക്കളുടെ മുന്നിലും ഈ വിനയം ഉപ്പ മറച്ചുവെച്ചില്ല. വളരെ സൌമ്യമായാണ്‌ ഞങ്ങളോട്‌ പെരുമാറിയിരുന്നത്‌. തെറ്റുകള്‍ കാണുമ്പോള്‍ സ്‌നേഹത്തോടെ അത്‌ തിരുത്തും. ഞങ്ങള്‍ അദ്ദേഹത്തില്‍ നിന്നും നല്ല സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു. എന്നാല്‍ അപ്പോഴെല്ലാം ഞങ്ങള്‍ക്കറിയാം വാപ്പയുടെ ജാഗ്രതയോടെയുള്ള ഒരു കണ്ണ്‌ ഞങ്ങള്‍ക്ക്‌ മേലുണ്ടെന്ന്‌. ഉപ്പാന്റെ മുന്നില്‍ നിന്നുകൊണ്ട്‌ എന്തെങ്കിലും സംസാരിക്കാന്‍ ഞങ്ങളെ അദ്ദേഹം സമ്മതിക്കില്ല. ഇരുത്തിയതിനു ശേഷമേ കാര്യങ്ങള്‍ പറയാന്‍ അനുവദിക്കൂ. ഞങ്ങളോടൊത്തുള്ള സമയങ്ങളില്‍ തമാശ പറയാനും അദ്ദേഹം പിശുക്ക്‌ കാണിക്കാറില്ല.

മനസ്സിന്റെ ശുദ്ധതയും സമാധാനവും കറയില്ലായ്‌മയുമാണ്‌ വീടിന്റെയും പരിസരത്തിന്റെയും ശുദ്ധതയെക്കാളും മറ്റും ശ്രദ്ധിക്കേണ്ടതെന്ന്‌ തുടങ്ങുന്ന മൌലവിയുടെ വസിയ്യത്തിലെ മക്കളോടുള്ള ഓരോ ഉപദേശങ്ങളും ഈ സ്‌നേഹാന്തരീക്ഷത്തെ സാക്ഷ്യപ്പെടുത്തുന്നു.

(ശേഷം അടുത്ത ലക്കത്തില്‍)


മുഹമ്മദ്‌ അമാനി മൌലവി: നേരറിവിന്റെ തിരികൊളുത്തിയ പണ്ഡിതന്‍
ഓര്‍മ്മ Friday, 02 October 2009
മന്‍സൂറലി ചെമ്മാട്‌

``എനിക്ക്‌ സമ്പാദിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തത്‌ അല്ലാഹു എനിക്ക്‌ നല്‍കിയ ഒരു അനുഗ്രഹമായി ഞാന്‍ വിചാരിക്കുന്നു. അത്‌ നിങ്ങളും ഓര്‍ക്കണം. എന്നാലും ഭാരിച്ച ഒരു കടബാധ്യത ഇല്ലാതെയായതില്‍ വീണ്ടും അല്ലാഹുവിനെ സ്‌തുതിക്കുന്നു. ദുന്‍യവിയായ സുഖസൌകര്യങ്ങളെയും നാട്ടു നടപ്പ്‌ പ്രകാരമുള്ള പരിഷ്‌കാരങ്ങളെയും കാര്യമാക്കാതെ സത്യവും മര്യാദയും മാന്യതയും എല്ലാറ്റിലുമുപരി അല്ലാഹുവിന്റെ പൊരുത്തവും കണക്കിലെടുക്കണം –സാമ്പത്തിക അച്ചടക്ക രാഹിത്യങ്ങള്‍ക്ക്‌ സ്വാഭാവികതയുടെ ലാഘവത്വം കൈവന്ന പുതുയുഗത്തില്‍ മുഹമ്മദ്‌ അമാനി മൌലവിയുടെ ഈ വസ്വിയ്യത്ത്‌ വര്‍ത്തമാന മുസ്ലിംകേരളം ഒരാവര്‍ത്തി വായിക്കണം.

``കൊടുക്കാനുള്ള കടത്തില്‍ മാത്രം ആദ്യം ശ്രദ്ധിക്കണമെന്ന്‌ പ്രത്യേകം ഉപദേശിക്കുന്നു. സമ്പാദിക്കണമെന്ന മോഹവും സുഖസൌകര്യങ്ങള്‍ അധികം വേണമെന്ന മോഹവും എനിക്കില്ലാത്തത്‌ കൊണ്ടും അതൊരു ദോഷമല്ലെന്ന്‌ കരുതുന്നത്‌ കൊണ്ടും (സ്വത്ത്‌) വല്ലതുമുണ്ടെങ്കില്‍ അത്‌ സന്തോഷവും വിട്ടു വീഴ്‌ചയോടു കൂടിയും എടുത്ത്‌ തൃപ്‌തിപ്പെട്ടു കൊള്ളണം.

വിലയിടാനാവാത്ത വിധം മഹത്തരമായ സേവനം സമൂഹത്തിന്‌ സമര്‍പ്പിച്ച അമാനി മൌലവി സാമ്പത്തിക അഭിവൃദ്ധി ഒരിക്കലും ലക്ഷ്യമാക്കിയിരുന്നില്ല. അതുകൊണ്ടാണ്‌, കടംവീട്ടാന്‍ സാധിക്കാത്ത പക്ഷം കിതാബുകള്‍ വിറ്റിട്ടെങ്കിലും വീട്ടണം എന്ന്‌ ഈ മഹാമനീഷിക്ക്‌ തന്റെ വസ്വിയ്യത്തില്‍ കുറിച്ചിടേണ്ടി വന്നത്‌. താന്‍ രചിച്ച ബൃഹത്‌ ഗ്രന്ഥത്തിന്റെ വില്‌പന വകയില്‍ നദ്വത്തിന്‌ കൊടുക്കാനുള്ള കമ്മീഷന്‍ കഴിച്ചുള്ള സംഖ്യ വരെ, അലി അബ്‌ദുര്‌റസ്സാക്ക്‌ മദനിയെ കണ്ട്‌ പരിഹാരമുണ്ടാക്കണമെന്ന്‌ അദ്ദേഹം ഇതില്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്‌. വിശുദ്ധ ഖുര്‍ആന്‍ വിവരണത്തിന്റെ പകര്‍പ്പവകാശം നിരുപാധികം കെ എന്‍ എമ്മിന്‌ നല്‍കുന്നതായും അവരില്‍ നിന്നും പ്രതിഫലമൊന്നും നിശ്ചയിച്ചിട്ടില്ലെന്നും ദാനമായോ സന്തോഷമായോ വല്ലതും തന്നാല്‍ വാങ്ങാമെന്നും മൌലവി എഴുതി വെച്ചിട്ടുണ്ട്‌.

വാപ്പയുടെ ജീവിതശൈലി വളരെ ലാളിത്യവും വിനയവും നിറഞ്ഞതായിരുന്നു. ഭൌതിക സൌകര്യങ്ങളോട്‌ ആര്‍ത്തിയോ ആവേശമോ കാണിക്കാത്ത ആ ജീവിതം ഏവര്‍ക്കും മാതൃകയാണ്‌. ജീവിതവൃത്തിയായി സ്വീകരിച്ച ഒരു ജോലിക്കും അദ്ദേഹം ഇത്ര ശമ്പളം കിട്ടണമെന്ന്‌ പറഞ്ഞിരുന്നില്ല. കിട്ടുന്നത്‌ വളരെ സംതൃപ്‌തിയോടെ സ്വീകരിക്കും. ഒന്നും കിട്ടിയില്ലെങ്കിലും യാതൊരു പരാതിയുമുണ്ടാവില്ല. ദഅ്വത്ത്‌ മേഖലയില്‍ തന്റെ സേവനങ്ങള്‍ക്ക്‌ ഭൌതികലോകത്ത്‌ വിലയിടാന്‍ അദ്ദേഹത്തിന്‌ താല്‌പര്യമില്ലായിരുന്നു. കേരള നദ്വത്തുല്‍ മുജാഹിദീന്റെ വിദ്യാഭ്യാസ ബോര്‍ഡ്‌ ചെയര്‍മാനായി സേവനമനുഷ്‌ഠിക്കവെ അദ്ദേഹത്തിന്‌ വേതനം നല്‍കാനുള്ള സംഘടനയുടെ തീരുമാനത്തെ തുടര്‍ന്നാണ്‌ വാപ്പ ആ തസ്‌തികയില്‍ നിന്നൊഴിഞ്ഞത്‌.

ആദര്‍ശ രംഗത്തെ എതിരാളികളോട്‌ പോലും വാപ്പ പുലര്‍ത്തിയ സഹിഷ്‌ണുതയും ആദരവും പ്രത്യേകം എടുത്ത്‌ പറയേണ്ടതാണെന്ന്‌ അഹ്മദ്‌ സലീം അമാനി. പ്രബോധന രംഗത്തു വരെ സ്‌നേഹവും ഗുണകാംക്ഷയും നിറഞ്ഞ സമീപനമാണുണ്ടാവേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. എതിരാളികളെ കടിച്ചുകീറുന്ന ശൈലി അദ്ദേഹം ഇഷ്‌ടപ്പെട്ടിരുന്നില്ല. തന്റെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥത്തില്‍ അമാനി മൌലവി ഇക്കാര്യം സഗൌരവം ഉണര്‍ത്തുന്നുണ്ട്‌.

എല്ലാവരും സാത്വികന്മാരും അന്വേഷണ തല്‌പരരുമായിരിക്കില്ലല്ലോ. അങ്ങനെയുള്ളവരോട്‌ തര്‍ക്കവും വാദവും നടത്തേണ്ടതായി വരും. എന്നാലതു വായടപ്പിക്കുന്ന തരത്തിലുള്ളതോ ഉത്തരം മുട്ടിക്കാന്‍ വേണ്ടിയോ ആയിരിക്കരുത്‌. സന്ദര്‍ഭത്തിനും ആള്‍ക്കും പരിതസ്ഥിതിക്കും അനുസരിച്ച്‌ കൂടുതല്‍ നയത്തോടും മയത്തോടു കൂടിയും, സത്യസന്ധമായും ആയിരിക്കേണ്ടതാണ്‌. സംഭാഷണം പ്രതിയോഗിയുടെ പരാജയത്തെ മാത്രം ഉന്നംവെച്ചു കൊണ്ടാവരുത്‌. സത്യം ഗ്രഹിപ്പിക്കുകയാവണം ലക്ഷ്യം. സംസാരശൈലിയും ഉപയോഗിക്കുന്ന വാക്കുകളും വെറുപ്പിക്കുന്ന രൂപത്തിലാവരുത്‌. അല്ലാത്ത പക്ഷം, പ്രതിയോഗി ഉത്തരം മുട്ടി പരാജയപ്പെട്ടാല്‍ പോലും സത്യത്തോട്‌ ഇണങ്ങാതിരിക്കുകയാവും ഉണ്ടാവുക. ന്യായവും തെളിവും സമര്‍പ്പിക്കുന്നത്‌ ഇരു വിഭാഗക്കാരും അംഗീകരിക്കുന്ന അടിസ്ഥാനം തെറ്റാതിരിക്കുകയും വേണം. ഇത്തരം കാര്യങ്ങള്‍ ഓരോ കക്ഷിയും മനസ്സിരുത്തായ്‌ക കൊണ്ടാണ്‌ രണ്ടു വ്യത്യസ്‌തമായ അഭിപ്രായഗതിക്കാര്‍ തമ്മില്‍ നടത്തപ്പെടുന്ന ഇന്നത്തെ വാദപ്രതിവാദങ്ങളില്‍ ബഹുഭൂരിഭാഗവും ഫലശൂന്യമായിത്തീരുന്നതും, പരസ്‌പരം വിദ്വേഷം വളര്‍ത്താന്‍ കാരണമായിത്തീരുന്നതും. (സൂറതുന്നഹ്ല്‌ 125ാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ നിന്ന്‌)

കടിച്ചുകീറലും അസഭ്യങ്ങളുമില്ലെങ്കില്‍ അത്‌ ദഅ്വത്താകില്ലെന്ന്‌ തോന്നുംവിധം പ്രചാരണങ്ങളഴിച്ചു വിട്ട ചിലയാളുകളുടെ വ്യതിയാനപ്പട്ടികയില്‍ പില്‍ക്കാലത്ത്‌ ഇടം പിടിച്ച ഈ വീക്ഷണം വളരെ മുമ്പ്‌ തന്നെ വെട്ടിത്തുറന്ന്‌ പറഞ്ഞ അമാനി മൌലവിയുടെ ദീര്‍ഘദൃഷ്‌ടിയും വീക്ഷണ വിശുദ്ധിയും എക്കാലത്തും ആദരിക്കപ്പെടേണ്ടത്‌ തന്നെയാണ്‌.

വാദപ്രതിവാദങ്ങളില്‍ വാപ്പക്ക്‌ വലിയ താല്‍പര്യമില്ലായിരുന്നെന്ന്‌ സലീം അമാനി. അതേസമയം ഈ വീക്ഷണത്തെ പ്രബോധന വിരോധമായി ആര്‍ക്കും തോന്നിയിരുന്നില്ല. പല വാദപ്രതിവാദങ്ങളിലും വാപ്പയുടെ നിശ്ശബ്‌ദ സാന്നിധ്യമുണ്ടാവാറുണ്ടായിരുന്നു. ഒരിക്കല്‍, ഒലവക്കോട്ട്‌ പതി അബ്‌ദുല്‍ഖാദര്‍ മുസ്ലിയാരുമായുള്ള ഒരു വാദപ്രതിവാദത്തിന്‌ വ്യവസ്ഥ തയ്യാറാക്കുന്ന ചര്‍ച്ചയില്‍ വാപ്പ പങ്കെടുത്തിരുന്നു.

മുഹമ്മദ്‌ അമാനി മൌലവിയുടെ വിഖ്യാതമായ ഖുര്‍ആന്‍ വിവരണം തന്നെ അദ്ദേഹത്തിന്റെ സമീപനങ്ങളിലെ വിശാലതക്ക്‌ ജീവിക്കുന്ന ഉദാഹരണമാണ്‌. ഇതര തഫ്‌സീറുകളില്‍ നിന്ന്‌ വിഭിന്നമായി, രചയിതാവിന്റെ വൈയക്തിക വീക്ഷണങ്ങളോ അഭിപ്രായങ്ങളോ സംഘടനാപരമായ കക്ഷിത്വങ്ങളോ ബാധിക്കാതെ ഇത്‌ ഖുര്‍ആന്‍പഠന മേഖലയില്‍ പ്രോജ്ജ്വലിച്ചു നില്‍ക്കുന്നു. സലഫിന്റെ മാര്‍ഗമവലംബിച്ച്‌ കൊണ്ട്‌ പൂര്‍വിക ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ നല്‍കിയ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും വീക്ഷണ വ്യത്യാസങ്ങളുള്‍പ്പെടെ മൌലവി ഇതില്‍ ഉദ്ധരിച്ചിട്ടുണ്ട്‌. അതിരുകടന്ന വ്യാഖ്യാനങ്ങളില്ലാതെയും സലഫിന്റെ മാര്‍ഗം കൈവിടാതെയും അതേസമയം വീക്ഷണവ്യത്യാസങ്ങളുള്ളവരുടെ പോലും (യോജിപ്പുള്ളതും അല്ലാത്തതുമായ) ഉദ്ധരണികളും ആശയപരമായി വിയോജിപ്പുള്ളവരോടു പോലും നല്‍കിയ ആദരവുമൊക്കെ ഈ മഹല്‍ ഗ്രന്ഥത്തെ ഏറെ ശ്രദ്ധേയമാക്കി. മലയാളത്തില്‍ കക്ഷിഭേദമന്യെ സ്വീകാര്യവും ആധികാരികവുമായ തഫ്‌സീറായി ഇത്‌ അംഗീകരിക്കപ്പെട്ടത്‌ ഈ സവിശേഷത കൊണ്ടായിരിക്കാം.

വാപ്പയുടെ അറിവിന്റെ പരിമിതികളും രചിക്കപ്പെടുന്ന കാലഘട്ടത്തിന്റെ സ്വാധീനങ്ങളും ഒരുപക്ഷെ പില്‍ക്കാലങ്ങളില്‍ ആര്‍ക്കെങ്കിലും ഈ ഖുര്‍ആന്‍ വിവരണത്തിന്റെ പോരായ്‌മകളായി തോന്നിയേക്കാം. പക്ഷെ അത്തരം വീക്ഷണങ്ങള്‍ ഈ ഗ്രന്ഥത്തില്‍ തിരുത്തുകളോ പരിഷ്‌കരണങ്ങളൊ ആയി രേഖപ്പെടുത്തപ്പെടരുതെന്നാണ്‌ തന്റെ അഭിപ്രായമെന്ന്‌ സലീം അമാനി. ഇപ്പോള്‍ ചില കേന്ദ്രങ്ങളില്‍ നിന്നും അത്തരത്തിലൊരാലോചന ഉണ്ടായത്‌ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്‌. ഭാഷാപരമായതും ആശയപരവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഒരിക്കല്‍ പരിഭാഷയുടെ പ്രസാധകര്‍ തന്നെ ഒരു നീക്കം നടത്തിയിരുന്നു. അന്ന്‌ പ്രസ്‌തുത സംരംഭത്തിന്‌ ഖുര്‍ആന്‍ വിവരണത്തിന്റെ ഒരു വാള്യം പരിശോധിക്കാന്‍ അലി അബ്‌ദുര്‌റസ്സാഖ്‌ മൌലവി എന്നോട്‌ ആവശ്യപ്പെട്ടു. പക്ഷെ ഒരു ഗ്രന്ഥത്തില്‍ എന്ത്‌ തിരുത്തലുകള്‍ വരുത്താനും ആ ഗ്രന്ഥകര്‍ത്താവിനു മാത്രമേ അധികാരമുള്ളൂവെന്ന്‌ ഞാന്‍ അഭിപ്രായപ്പെട്ടു. മാത്രമല്ല, വാപ്പയുടെ രചനയില്‍ കൈ വെക്കാനുള്ള യോഗ്യതയൊന്നും തനിക്കില്ലെന്നും ഞാന്‍ പറഞ്ഞു. തുടര്‍ന്ന്‌ ആ സംരംഭം വേണ്ടെന്ന്‌ വെക്കുകയായിരുന്നു.

സ്വഹീഹുല്‍ ബുഖാരിയുടെ ഒരു സമ്പൂര്‍ണ വിവരണം എഴുതുക എന്നത്‌ വാപ്പയുടെ വലിയൊരാഗ്രഹമായിരുന്നു. പക്ഷെ അത്‌ നടപ്പാക്കാനായില്ല. ഒലവക്കോട്‌ കെ പി സഹോദരന്മാരുടെ കൂടെ വാപ്പ ഒരിക്കല്‍ ഹജ്ജ്‌ ചെയ്‌തിട്ടുണ്ട്‌. അല്‍മനാര്‍ മാസികയുള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ സ്ഥിരം എഴുത്തുകാരനായിരുന്നു അദ്ദേഹം. അറബി കവിതകളും രചിച്ചിട്ടുണ്ട്‌. ഉസൂലുല്‍ ഹദീസിനെ കുറിച്ച്‌ അദ്ദേഹം ശ്രദ്ധേയമായ ഒരു കവിത എഴുതിയിരുന്നു. നദ്വത്തുല്‍ മുജാഹിദീന്റെ നേതൃനിരയിലും പ്രബോധന സംരംഭങ്ങളുടെ മുന്നണിയിലും ഏറെക്കാലം സജീവസാന്നിധ്യമായിരുന്ന വാപ്പ ഒരിക്കല്‍ പോലും കെ എന്‍ എമ്മില്‍ അംഗമായിട്ടില്ലെന്ന്‌ സലീം അമാനി.

വാപ്പയുടെ വ്യക്തിത്വവും കക്ഷിത്വങ്ങളുടെ അതിരുകളിടാത്ത സ്‌നേഹബന്ധങ്ങളുമെല്ലാം അദ്ദേഹത്തെ കൂടുതല്‍ വ്യതിരിക്തനാക്കി. ആരോടും വളരെ സൌമ്യനായേ സംസാരിക്കൂ. വാപ്പയെ ചികിത്സിച്ചിരുന്ന മാനുക്കുട്ടന്‍ വൈദ്യര്‍ വാപ്പ മരിച്ചതിന്‌ ശേഷം വീട്ടില്‍ വരുമ്പോഴൊക്കെ വാപ്പയെ കുറിച്ച്‌ ഏറെ സംസാരിക്കും. വാപ്പയോടുള്ള അദ്ദേഹത്തിന്റെ മതിപ്പ്‌ മുഴുവന്‍ ആ സംസാരത്തില്‍ നിഴലിക്കുന്നുണ്ടാവും. വാപ്പ മരിച്ചതിന്‌ ശേഷവും ചികിത്സാര്‍ഥം വീട്ടില്‍ വരുമ്പോഴൊന്നും അദ്ദേഹം ഫീസ്‌ വാങ്ങാന്‍ കൂട്ടാക്കാറില്ല. ഒരിക്കല്‍, മമ്പുറം തങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ സ്ഥാനമാണ്‌ മൌലവിക്ക്‌ തന്റെ മനസ്സിലെന്ന്‌ വൈദ്യര്‍ പറഞ്ഞത്‌ സലീം അമാനി ഓര്‍ക്കുന്നു. എന്നും രാവിലെ സുബ്‌ഹ്‌ നമസ്‌കാരം കഴിഞ്ഞ്‌ നടക്കാന്‍ പോവാറുള്ള വാപ്പക്ക്‌ വാണിയമ്പലത്ത്‌ നാരായണന്‍ നായരുടെ പീടികയില്‍ നിന്നും ഒരു ചായ പതിവായിരുന്നു.

മിതഭാഷിയായിരുന്ന അമാനി മൌലവി മറ്റുള്ളവരോടും അത്‌ ഉപദേശിക്കാറുണ്ടായിരുന്നു. തന്റെ വസ്വിയ്യത്തിലും മൌലവി അക്കാര്യം പ്രത്യേകം എഴുതിവെച്ചു: അധികം സംസാരിക്കുന്നതു കൊണ്ട്‌ പറഞ്ഞ കാര്യം മുഴുവനും മനസ്സിലാക്കാന്‍ കഴിയാതെ മറവി ഏര്‍പ്പെടുമെന്ന്‌ അബൂബക്കറും(റ), ബുദ്ധിമാന്റെ ഹൃദയത്തിലായിരിക്കും അവന്റെ നാവ്‌ എന്നും ബുദ്ധിയില്ലാത്തവന്റെ നാവിലായിരിക്കും അവന്റെ ഹൃദയമെന്ന്‌ അലി(റ)യും പറയുന്നത്‌ എല്ലാവരും ഓര്‍മിക്കുന്നത്‌ നന്ന്‌. സംസാരത്തിലേര്‍പ്പെടുന്നവനെ കുറിച്ചും മൌലവിക്ക്‌ ചില യാഥര്‍ഥ്യങ്ങള്‍ ഉണര്‍ത്താനുണ്ട്‌, അതിപ്രകാരം: ഒരാള്‍ക്ക്‌ ഒരാളോട്‌ അധികം സ്‌നേഹമുണ്ടെങ്കില്‍ അയാളെ പറ്റി സ്‌തുതി പറയുന്നതും, ഒരാള്‍ക്ക്‌ മറ്റൊരാളോട്‌ വെറുപ്പുണ്ടെങ്കില്‍ അയാളെ പറ്റി വെറുക്കപ്പെട്ട കാര്യങ്ങള്‍ പറയുന്നതും വിശ്വസിക്കരുത്‌. അതില്‍ സത്യം കുറഞ്ഞിരിക്കും. തുടര്‍ന്ന്‌ വസ്വിയ്യത്തില്‍ മൌലവി ഇങ്ങനെ എഴുതുന്നു: ഒരാളോട്‌ വെറുപ്പും ആക്ഷേപവുമുണ്ടെങ്കില്‍, അത്‌ സത്യവും ന്യായവും ആണെങ്കില്‍ അത്‌ മനസ്സില്‍ വെച്ചുകൊണ്ട്‌ പെരുമാറുക എന്നല്ലാതെ വാക്കിലോ പ്രവൃത്തിയിലോ അത്‌ തീരെ കാണിക്കരുത്‌. വാക്കു കൂടുതല്‍ മയത്തിലും സന്തോഷത്തിലുമാകണം. അവനവന്റെ സ്വഭാവം നീതിയുക്തമെന്ന്‌ തോന്നിയാലും, മറ്റുള്ളവരുടെ ആക്ഷേപത്തിനു വിധേയമായ ഭാഗം അതില്‍ നിന്ന്‌ നീക്കംചെയ്യാന്‍ തയ്യാറാവണം. അത്‌ സല്‍സ്വഭാവികളുടെ ലക്ഷണമാണ്‌. മറ്റുള്ളവരുടെ ആക്ഷേപത്തിന്‌ വിധേയമായിത്തീരുന്ന സ്വഭാവം സല്‍സ്വഭാവമായിരിക്കയില്ല. പ്രതികാരത്തിനു മുതിരുന്നത്‌ നിയമപരമായ അവകാശമാണെങ്കിലും പകരം ചെയ്യാതെ മാപ്പ്‌ ചെയ്യുന്നതാണ്‌ ഉല്‍കൃഷ്‌ടന്മാരുടെ സ്വഭാവം. (മുഹമ്മദ്‌ അമാനി മൌലവിയുടെ വസിയ്യത്തില്‍ നിന്ന്‌)

വിശ്വാസാചാര രംഗങ്ങളിലെ വ്യതിയാനങ്ങളെയും പിഴവുകളെയും ആളുകളെ ബോധ്യപ്പെടുത്തുന്നതില്‍ വാപ്പ വളരെയധികം ജാഗ്രത പുലര്‍ത്തിയിരുന്നു. അക്കാലത്തെ പതിവ്‌ അന്ധവിശ്വാസങ്ങളോടെല്ലാം വിട്ടുവീഴ്‌ചകളില്ലാത്ത നിലപാട്‌ പുലര്‍ത്തി. അവ ശരികളായി തെറ്റിദ്ധരിച്ച ആളുകളുടെ ചിന്തകളില്‍ നേരറിവിന്റെ വിളക്ക്‌ കൊളുത്തി അജ്ഞതയുടെ ആ അന്ധകാരത്തെ ഇല്ലാതാക്കാനാണദ്ദേഹം ശ്രമിച്ചത്‌. വിശ്വാസജീര്‍ണതകള്‍ തിരുത്താന്‍ തന്റെ ബന്ധങ്ങളും അവസരങ്ങളും മൌലവി ഉപയോഗപ്പെടുത്തി. സൌമ്യവും ശാസ്‌ത്രീയവും പ്രായോഗികവുമായ അദ്ദേഹത്തിന്റെ ആ ശൈലി നിരവധി ഹൃദയങ്ങളില്‍ സത്യത്തിന്റെ വെളിച്ചം കൊളുത്തി.

വല്ലിപ്പ രണ്ടാമത്‌ കല്യാണം കഴിച്ച ഭാര്യ ഉമ്മാത്തുമ്മ കടുത്ത യാഥാസ്ഥിതികയായിരുന്നു. അസുഖവും മറ്റുമുണ്ടാവുമ്പോള്‍ വെള്ളം മന്ത്രിപ്പിക്കാന്‍ ചിലരൊക്കെ പറയും. വാപ്പ അതിനെ കഠിനമായി എതിര്‍ത്തു. നീ പിഴച്ചവനാണെന്ന പഴി ഇതു വഴി വാപ്പക്ക്‌ കുറെ കേള്‍ക്കേണ്ടി വന്നു. പട്ടിക്കാട്ട്‌ താമസിക്കുന്ന കാലത്ത്‌ ഞങ്ങളുടെ ഒരയല്‍വാസി, അവിടെ ചേക്കുട്ടിപ്പാപ്പാനെ കുടിവെച്ചെന്നവകാശപ്പെട്ടിരുന്നു. വാപ്പ അതിനെ ശക്തമായി എതിര്‍ത്തു. മറ്റൊരയല്‍വാസിയായിരുന്ന കുഞ്ഞിക്കോയക്ക്‌ ഇടക്ക്‌ രാത്രികളില്‍ ശൈത്വാനിളക്കമെന്ന പേരില്‍ അട്ടഹാസങ്ങളും ഇളക്കവുമുണ്ടാവും. ഇതിന്റെ പേരില്‍ വാപ്പ പലപ്പോഴും അയാളെ ശകാരിക്കാറുണ്ടായിരുന്നു. കണ്ണേറ്‌ തട്ടിയെന്നും സിഹ്‌റ്‌ ബാധിച്ചെന്നും പറയുന്ന ആളുകളോട്‌ വളരെ കാര്‍ക്കശ്യത്തോടെ എതിര്‍പ്പ്‌ പ്രകടിപ്പിക്കും. അതിലെ വ്യര്‍ഥതകള്‍ മനസ്സിലാക്കിക്കൊടുക്കും. ശൈത്വാനെ സ്വാധീനിച്ച്‌ ഉപയോഗപ്പെടുത്തുന്നതെന്ന്‌ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന സിഹ്‌റിന്‌ ഫലമുണ്ടെന്ന്‌ ഒരിക്കലുമദ്ദേഹം അംഗീകരിച്ചിട്ടില്ല. ഞങ്ങളുടെ നാട്ടില്‍ പന്തലന്‍ മമ്മു മൊല്ല എന്നൊരാളുണ്ടായിരുന്നു. അദ്ദേഹം വളരെ ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ മനപ്പാഠമാക്കിയിരുന്നു. അഞ്ചുമന്‍ തഅ്‌ലീമുല്‍ ഖുര്‍ആന്‍ നടത്തുന്ന ഹിഫ്‌ദ്‌ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിച്ച്‌ ശ്രദ്ധേയനായ ഇദ്ദേഹത്തെ കുറിച്ച്‌ നാട്ടിലൊരു പ്രചാരമുണ്ടായി; മമ്മുമൊല്ല ഖുര്‍ആന്‍ മനപ്പാഠമാക്കിയതല്ല, അത്‌ ജിന്ന്‌ പറഞ്ഞു കൊടുക്കുന്നതാണെന്ന്‌. വാപ്പ അതിനെ ശക്തിയായി നിഷേധിച്ചു. അല്ലാഹുവിന്റെ തൌഫീഖിനെ ജിന്നിന്റെ സഹായമാക്കി പറയരുതെന്ന്‌ വാപ്പ ആളുകളോട്‌ പറഞ്ഞുവെന്ന്‌ സലീം അമാനി.

1987 നവംബര്‍ 2നാണ്‌ വാപ്പയുടെ മരണം. മസ്‌തിഷ്‌കാഘാതം മൂലം രണ്ടാഴ്‌ചയോളം കിടപ്പിലായിരുന്നു.

കാരാട്ട്‌ തൊടി തിത്തുമ്മുവാണ്‌ മുഹമ്മദ്‌ അമാനി മൌലവിയുടെ ഭാര്യ. പണ്ഡിതനും മുജാഹിദ്‌ നേതാവുമായ മഹ്മൂദ്‌ ഹുസൈന്‍ അമാനി(ഉമരി), പരേതനായ അഹ്മദ്‌ കുട്ടി, മുബാറക്‌ അമാനി, അബ്‌ദുല്‍കരീം അമാനി, മൈമൂന, മര്‍യം എന്നിവരാണ്‌ മൌലവിയുടെ മറ്റു മക്കള്‍. കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥന സെക്രട്ടറിമാരിലൊരാളും ശബാബ്‌ പത്രാധിപസമിതിയംഗവുമായ അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി, മുത്തന്നൂര്‍ പള്ളിക്കേസില്‍ മുജാഹിദ്‌ പക്ഷത്ത്‌ സജീവ രംഗത്തുണ്ടായിരുന്ന പരേതനായ അബ്‌ദുല്ലക്കുട്ടി മൌലവി തൃപ്പനച്ചി എന്നിവര്‍ മരുമക്കളും ദ ട്രൂത്ത്‌ ഡയറക്‌ടറും ഐ എസ്‌ എം മലപ്പുറം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റുമായ ജാബിര്‍ അമാനിയും ഐ എസ്‌ എം സംസ്ഥാന കൌണ്‍സിലര്‍ എം ഹസനുദ്ദീനും പൌത്രന്മാരുമാണ്‌. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രമുഖ നേതാവും സുന്നി ടൈംസ്‌ പത്രാധിപരുമായിരുന്ന അമാനത്ത്‌ കോയണ്ണി മുസ്ലിയാര്‍, സഈദ്‌, മലപ്പുറം ട്രൈനിങ്ങ്‌ സ്‌കൂള്‍ അധ്യാപകനായിരുന്ന മൂന്നാക്കല്‍ ജമാലുദ്ദീന്‍ മൌലവിയുടെ ഭാര്യ ആഇശ എന്നിവരാണ്‌ അമാനി മൌലവിയുടെ സഹോദരങ്ങള്‍

മുഹമ്മദ്‌ അമാനി മൌലവിയുടെ ജീവിതം നന്മയുടെ സന്ദേശമായിരുന്നു. ധന്യതയുടെ മാതൃകയായിരുന്നു. വിനയാന്വിതനായി, സൌമ്യനായി നാഥന്റെ വിളിക്കുത്തരം നല്‍കി യാത്രയാവുമ്പോള്‍ ആ മുഖത്തെ വിയര്‍പ്പുകണങ്ങള്‍ ജീവിത സാഫല്യത്തിന്റെ വെളിച്ചം വിതറുന്നതായിരുന്നു. വിശുദ്ധഖുര്‍ആനിന്റെ പ്രഭയാല്‍ പതിനായിരങ്ങള്‍ക്ക്‌ വഴികാണിച്ചുകൊണ്ടിരിക്കുന്ന ഒരു മഹല്‍ ദൌത്യത്തിന്റെ ചാരിതാര്‍ഥ്യം. അല്ലാഹു അദ്ദേഹത്തിന്‌ അര്‍ഹമായ പ്രതിഫലം നല്‍കുമാറാവട്ടെ.

***

(കഴിഞ്ഞ ലക്കം ഓര്‍മയില്‍ (പു. 33, ലക്കം 8) എന്നാല്‍ വെല്ലൂരില്‍ പോയാല്‍ തലേക്കെട്ട്‌ മാത്രമേ കിട്ടൂ തലയിലൊന്നുമുണ്ടാവില്ല എന്ന്‌ പറഞ്ഞാണ്‌ വാപ്പ തഞ്ചാവൂരിലേക്ക്‌ പോയത്‌ എന്നത്‌, വല്ലിപ്പ വാപ്പയെ തഞ്ചാവൂരിലേക്കയച്ചത്‌ എന്നും 1936ല്‍ അവിടെ നിന്ന്‌ അദ്ദേഹം മൌലവി ആലിം ബിരുദം കരസ്ഥമാക്കി എന്നത്‌, മൌലവി അല്‍ഖാസിമി ബിരുദം എന്നും തിരുത്തി വായിക്കുക.)


No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.