21 September 2009

വ്യാജഏറ്റുമുട്ടലുകള്‍: ചുരുളഴിയുന്ന സത്യങ്ങള്‍

വ്യാജഏറ്റുമുട്ടലുകള്‍: ചുരുളഴിയുന്ന സത്യങ്ങള്‍
ശബാബ്
Friday, 18 September 2009

കെ പി ഖാലിദ്‌



കഴിഞ്ഞദിവസം ഡല്‍ഹിയിലെ ഒരു കോണ്‍ഗ്രസ്‌ വക്താവ്‌ മാധ്യമങ്ങളോട്‌ പറഞ്ഞത്‌ പരമാര്‍ഥം തന്നെയാണ്‌: ``ഗുജറാത്തിലുള്ളത്‌ ഒരു നരഭോജി സര്‍ക്കാരാണ്‌! ദയനീയമെന്നു പറയട്ടെ, ഇതുപറയാന്‍ പക്ഷേ, കോണ്‍ഗ്രസ്‌ പോലുള്ള ഒരു ദേശീയ മതേതര ജനാധിപത്യകക്ഷിക്കുപോലും കുറെ ധൈര്യം സംഭരിക്കേണ്ടിവരുന്നു. തുടരെത്തുടരെയുള്ള അന്വേഷണ റിപ്പോര്‍ട്ടുകളും കോടതിവിധികളും നരേന്ദ്രമോഡി എന്ന ഭരണാധികാരി നടത്തിയ മനുഷ്യക്കുരുതികളെ എടുത്ത്‌ പുറത്തിടുമ്പോള്‍ ഇടതുപക്ഷത്തിനു പോലും മൌനത്തിന്റെ മറയിലൊളിക്കേണ്ടിവരുന്നു.

ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ന്യൂനത ഏത്‌ തെറ്റും ഭൂരിപക്ഷത്തിന്റെ ബലത്തില്‍ സാധൂകരിക്കപ്പെടുന്ന അവസ്ഥ അതിനുണ്ട്‌ എന്നതാണ്‌. ഒരു വലിയ വംശീയ നിര്‍മാര്‍ജനത്തിന്‌ തണലിട്ടുകൊടുത്തിട്ടു കൂടി നരേന്ദ്രമോഡി എന്ന കുറ്റവാളിക്ക്‌ അധികാരപീഠത്തിലിരിക്കാനാവുന്നു എന്നതുതന്നെ ജനാധിപത്യത്തിന്റെ ഈ ദൌര്‍ബല്യത്തിന്റെ ആനുകൂല്യത്തിലാണ്‌. ഗോധ്രയില്‍ സബര്‍മതി എക്‌സ്‌പ്രസ്‌ അഗ്നിക്കിരയായി 59 പേര്‍ മരിച്ച 2002 ഫെബ്രുവരി 27ലെ ദുരന്തത്തോടുകൂടി തുടങ്ങുന്ന ഗുജറാത്ത്‌ വംശഹത്യക്ക്‌ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോഡി മൌനാനുവാദം നല്‌കി എന്നത്‌ ഉത്തരവാദപ്പെട്ട പോലീസ്‌ മേധാവികള്‍ പോലും വെളിപ്പെടുത്തിയിട്ടുള്ള സത്യമാണ്‌. നിരവധി നീതിപീഠങ്ങള്‍ക്കു മുമ്പില്‍ ഈ വസ്‌തുത വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഒരു വലിയ മനുഷ്യക്കുരുതിക്ക്‌ ഇനിയും വിചാരണചെയ്യപ്പെടാന്‍ ബാക്കിനില്‍ക്കുന്ന ഈ കുറ്റവാളിയെ അടുത്ത ഊഴത്തിലേക്ക്‌ പ്രധാനമന്ത്രിയാക്കാന്‍ വരെ സംഘപരിവാരം ഊക്കുകാണിച്ചപ്പോള്‍ ഗുജറാത്തിന്‌ പുറത്തുള്ള മനുഷ്യസ്‌നേഹികള്‍ തെരഞ്ഞെടുപ്പില്‍ അതിന്‌ മറുപടി കൊടുത്തു.

കഴിഞ്ഞ കുറെ കാലമായി രാജ്യത്തിന്റെ ഏറ്റവും തന്ത്രപ്രധാന പദവിയില്‍ തന്നെ സ്വയം ഉപവിഷ്‌ടനാവാന്‍ ഗുജറാത്തിലെ നരേന്ദ്രമോഡി കരുക്കള്‍ നീക്കുകയായിരുന്നു. ഹിന്ദു ജാഗരണത്തിന്റെ ജീവിക്കുന്ന ദൃഷ്‌ടാന്തമായ തന്നെ, `മുസ്ലിംഭീകരര്‍ വധിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്ന്‌ സ്ഥാപിക്കാന്‍ മോഡിയും അദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തികളായ രഹസ്യപ്പോലീസുകാരും പല അടവുകളും പ്രയോഗിച്ചുവരുന്നു. നരേന്ദ്രമോഡിയില്‍ ഒരേസമയം ഹിറ്റ്‌ലറും ഗീബല്‍സും മുസ്സോളിനിയുമൊക്കെ പുനര്‍ജനിക്കുന്നതിന്‌ ഇന്ത്യന്‍ ജനത സാക്ഷ്യംവഹിക്കുന്നത്‌ ഇതിനു ശേഷമാണ്‌. തുടര്‍ന്ന്‌ വടക്കേ മലബാറിലെ വേട്ടക്കൊരു മകന്‍ തെയ്യംകെട്ടിന്‌ വേട്ടയാടിപ്പിടിക്കുന്ന ജന്തുക്കളെപ്പോലെ കുറെ മുസ്ലിംജന്മങ്ങള്‍ ഗുജറാത്ത്‌ പോലീസിന്റെ വെടിയുണ്ടയേറ്റ്‌ മാറ്‌ പിളര്‍ന്ന്‌ മരിച്ചുവീണു. തെരുവില്‍ മൃഗസമാനമായി മലര്‍ന്നടിച്ചുകിടന്ന ഈ `ഭീകരരുടെ മൃതശരീരം `ആഘോഷിക്കാന്‍ മലയാളത്തിലുള്‍പ്പെടെ നിരവധി മാധ്യമങ്ങളുമുണ്ടായി അന്ന്‌.

2004 ജൂണ്‍ 15ന്‌ അഹമ്മദാബാദ്‌ വിമാനത്താവളത്തിനരികെ വെടിയേറ്റുവീണ നാലുപേര്‍ ഇതുപോലൊരു നായാട്ടിനൊടുവിലെ ബലിമൃഗങ്ങളായിരുന്നു. ജാവേദ്‌ ഗുലാം ശൈഖ്‌ എന്ന പ്രാണേഷ്‌കുമാര്‍, ഇശ്‌റത്ത്‌ ജഹാന്‍ എന്ന യുവതി, അംജത്‌ അലി എന്ന രാജ്‌കുമാര്‍ അക്‌ബര്‍ റാണ, ജിസാന്‍ ജോഹര്‍ അബ്‌ദുല്‍ഗനി എന്നിവരായിരുന്നു ആ നിര്‍ഭാഗ്യവാന്മാര്‍. ഗുജറാത്ത്‌ രാജാവ്‌ നരേന്ദ്രമോഡിയെ വധിക്കാന്‍ മാരകായുധങ്ങളുമായി കാറിലെത്തിയ ഇവരെ ഗുജറാത്ത്‌ ഐ ബിയുടെ `അദൃശ്യജ്ഞാനമിഴികള്‍ കണ്ടെത്തുകയും വെടിവെച്ചുവീഴ്‌ത്തുകയും ചെയ്‌തത്‌ മാലോകരുറങ്ങുന്ന ബ്രഹ്മ മുഹൂര്‍ത്തത്തിലും! ഭീകരരുടെ മുംബൈയിലെ ജീവിതത്തിന്റെ `പിന്നാമ്പുറ കഥകളും ലഷ്‌കര്‍ ബന്ധങ്ങളും മാധ്യമങ്ങള്‍ക്ക്‌ ഒരു ഗുലാബ്‌ ജാം പോലെ മധുരമേറിയതായിരുന്നു അന്ന്‌.

ഗുജറാത്ത്‌ പോലീസിന്റെ ഈ നരഹത്യക്കെതിരെ അവരുയര്‍ത്തിയ പരസ്‌പര വിരുദ്ധമായ ന്യായവാദങ്ങള്‍ അന്നുതന്നെ സംശയമുണര്‍ത്തിയിരുന്നു. ആ സംശയങ്ങളോരോന്നും ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ ശരിയാണെന്നു തെളിയുകയാണ്‌. അഹ്മദാബാദ്‌ മുതല്‍ ബട്‌ലഹൌസ്‌ വരെ നീണ്ടുകിടക്കുന്ന വ്യാജ ഏറ്റുമുട്ടലുകളിലുയര്‍ന്നു വന്നിട്ടുള്ള സംശയങ്ങള്‍ക്ക്‌ സത്യസന്ധവും വസ്‌തുനിഷ്‌ഠവുമായ മറുപടി നല്‌കാന്‍ പോലീസിനു കഴിഞ്ഞില്ല. സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തപ്പെടുന്ന ഒരു സമുദായത്തിലെ അംഗം, പറന്നുയരാന്‍ പോകുന്ന വിമാനത്തില്‍ നിന്നുപോലും പിടിച്ചു പുറത്തെടുക്കപ്പെടുന്ന ഒരു സാഹചര്യത്തെ പൌരബോധമുള്ള സമൂഹം നിര്‍വികാരതയോടെ നോക്കിനില്‍ക്കുന്നിടത്താണ്‌ ഏത്‌ രാഷ്‌ട്രത്തിലും ജനാധിപത്യത്തിന്റെ കശാപ്പ്‌ ആരംഭിക്കുന്നത്‌.

ഒഴിവുകാലമാഘോഷിക്കാന്‍ നാടുകാണാനിറങ്ങിയ സുഹ്‌റാബുദ്ദീന്‍ ശൈഖും ഭാര്യയും സഹായിയും നാലുവര്‍ഷം മുമ്പ്‌ ദുരൂഹമായി കൊലചെയ്യപ്പട്ടതും ഗുജറാത്ത്‌ പോലീസിന്റെ വിക്രിയ തന്നെയായിരുന്നു. മോഡിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായിരുന്ന വന്‍സാര എന്ന ക്രൈംബ്രാഞ്ച്‌ മേധാവിയുടെ ബുദ്ധിയിലാണത്രെ ഈ ക്രൂരതയുടെയും സ്‌ക്രിപ്‌റ്റ്‌ പിറന്നത്‌. മനുഷ്യപ്പറ്റ്‌ നഷ്‌ടപ്പെട്ടിട്ടില്ലാത്ത കുറെ ഉദ്യോഗസ്ഥരുടെയും ജുഡീഷ്യറിയുടെയും നീതിബോധം ഒന്നുകൊണ്ടു മാത്രമാണ്‌ വന്‍സാര ജയിലഴിക്കുള്ളിലായത്‌. ജാവേദ്‌ ഗുലാം ശൈഖും സംഘവും മുംബൈയില്‍ നിന്ന്‌ തന്ത്രപൂര്‍വം കുരുക്കിലാക്കപ്പെടുന്നതും അഹമ്മദാബാദില്‍ പാതയോരത്ത്‌ മാറ്‌ പിളര്‍ന്ന്‌ കിടക്കുന്നതുമായ രംഗങ്ങളുടെ ഈ സംവിധായകന്‍ നരേന്ദ്രമോഡി എന്ന നരഭോജിയെ ഇന്ദ്രപ്രസ്ഥത്തിലെത്തിക്കാനുള്ള കുറുക്കുവഴി ഒരുക്കുകയായിരുന്നത്രെ.

2002 ഫെബ്രുവരിയിലെ ഗുജറാത്ത്‌ കലാപം ഇന്ത്യന്‍ ജനത മറക്കാന്‍ പാടില്ലാത്ത ദുരന്തമാണ്‌. കലാപം എന്ന പേരു ചാര്‍ത്തപ്പെട്ട ഈ വംശീയ ഉന്മൂലനം നെഞ്ചില്‍ മനുഷ്യപ്പറ്റുള്ള ഏത്‌ ജീവിയെയാണ്‌ കദനത്തിലാഴ്‌ത്താതിരിക്കുക? 2500ല്‍ പരം മനുഷ്യര്‍ അതിനിഷ്‌ഠൂരമായി കൊല്ലപ്പെടുകയും നൂറുകണക്കിന്‌ സ്‌ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയും വീടുകളും കച്ചവടസ്ഥാപനങ്ങളും ആരാധനാലയങ്ങളും അഗ്നിക്കിരയാക്കപ്പെടുകയും ചെയ്‌ത രക്തംചീറ്റിയ നാളുകള്‍ക്ക്‌ ഇന്ത്യാചരിത്രത്തില്‍ സമാനതകളില്ല. ഗര്‍ഭസ്ഥഭ്രൂണത്തെ തൃശൂലം പിളര്‍ക്കുന്നതിന്‌ പോലും സാക്ഷ്യംവഹിക്കേണ്ടിവന്ന മഹാവിലാപത്തിന്‌ ഇന്നും അറുതിയായിട്ടില്ല. ആയിരക്കണക്കിന്‌ കുടുംബങ്ങള്‍ ഇപ്പോഴും അഭയാര്‍ഥിക്യാമ്പില്‍ കഴിയുകയാണ്‌ ഗുജറാത്തില്‍. ഫാസ്റ്റ്‌ട്രാക്ക്‌ കോടതികളില്‍ സംഘപരിവാര പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ച കേസുകളില്‍ മുഖ്യക്രിമിനലുകള്‍ തടിതപ്പി. കണ്ടുനില്‍ക്കാനാവാതെ സുപ്രീംകോടതി ചില കേസുകള്‍ റീ ഓപ്പണ്‍ ചെയ്‌തത്‌ മാത്രം ഒരാശ്വാസം.

ചമന്‍പുര കൂട്ടക്കൊല കേസുപോലും പ്രതിസന്ധിയിലായത്‌ പബ്ലിക്‌ പ്രോസിക്യൂട്ടര്‍മാരുടെ സംഘവിധേയത്വത്തിന്റെ മിടുക്കുകൊണ്ടാണ്‌. ലോകസഭയിലെ ഒരു മുന്‍ അംഗമായ ഇഹ്‌സാന്‍ ജാഫ്രി നഗ്നനാക്കി വധിക്കപ്പെട്ടതും ചുട്ടെരിക്കപ്പെട്ടതും അദ്ദേഹം വിശ്വസിച്ച രാഷ്‌ട്രീയാദര്‍ശത്തിന്റെ വക്താക്കളായ കോണ്‍ഗ്രസുകാര്‍ പോലും സൌകര്യപൂര്‍വം മറന്നുപോവുന്നതാണ്‌ നാം കാണുന്നത്‌. ഗുജറാത്ത്‌ വംശഹത്യ ഇനിയും സത്യസന്ധമായി അന്വേഷിക്കപ്പെട്ടിട്ടില്ല എന്നത്‌ രാജ്യത്തിന്‌ എന്നും കളങ്കമായി അവശേഷിക്കുക തന്നെ ചെയ്യും.

ചരിത്രം പലപ്പോഴും വികലമായി രചിക്കപ്പെടുമെങ്കില്‍ പോലും സത്യത്തിന്റെ സ്‌ഫുരണങ്ങള്‍ പിന്നീടുയര്‍ന്നുവരാറുണ്ട്‌. ഗുജറാത്തിന്റെ തന്നെ ഉരുക്കുമനുഷ്യനായിരുന്ന സര്‍ദാര്‍ വല്ലഭായ്‌ പട്ടേല്‍ ഇന്ത്യന്‍ വിഭജന എപ്പിസോഡില്‍ നടത്തിയ ജുഗുപ്‌സാവഹമായ നീക്കങ്ങള്‍ ഓരോന്നും പുറത്തുവന്നുകൊണ്ടിരിക്കുകയാണല്ലോ. പത്തുലക്ഷം മനുഷ്യര്‍ ഹോമിക്കപ്പെട്ട ഒരു മഹാദുരന്തത്തിന്‌ ജിന്നയുടെ അധികാരമോഹത്തെ കൊണ്ട്‌ വെള്ളപൂശിയ ചരിത്രകാരന്മാര്‍ക്ക്‌ സംഘപരിവാറിന്റെ സഹചാരികളായ ജസ്വന്തും അദ്വാനിയുമൊക്കെ തന്നെ മറുപടി പറയുന്ന വിധിവൈപരീത്യം നാളെ ഗുജറാത്തിന്റെ കാര്യത്തിലും സംഭവിക്കുമെന്ന്‌ നമുക്കാശിക്കാം. ഭീകരന്മാരും കൊടുംഭീകരന്മാരുമായി മുദ്രകുത്തി പോലീസ്‌ `അറബ്‌ തട്ടങ്ങള്‍ കൊണ്ട്‌ മുഖം മറച്ച നിരപരാധികളെത്രയുണ്ടെന്ന്‌ ചികഞ്ഞുനോക്കാന്‍ കാലത്തിനു മാത്രമേ കഴിയുകയുള്ളൂ.

മുന്‍ രാഷ്‌ട്രപതിയെക്കൊണ്ട്‌ ബെല്‌റ്റഴിപ്പിച്ച, ഷാരൂഖ്‌ ഖാന്റെയും മമ്മൂട്ടിയുടെയും പോക്കറ്റ്‌ തപ്പിയ അമേരിക്കന്‍ ധാര്‍ഷ്‌ട്യത്തിനെതിരെ രോഷംകൊള്ളാന്‍ മാധ്യമങ്ങളേറെയുണ്ടായി. എന്നാല്‍ ഒരു നാടിന്റെ ഭരണാധികാരിയായിരുന്ന്‌ അതിന്റെ പ്രജകളെ ഉന്മൂലനം ചെയ്യാന്‍ രഹസ്യനിര്‍ദേശം നല്‌കാന്‍ യാങ്കിഭീകരര്‍ പോലും ധൈര്യപ്പെട്ടിട്ടില്ല. തപാല്‍ ബോംബുകേസില്‍ പ്രതിയാക്കപ്പെട്ട നിരപരാധിയായ തിരുവനന്തപുരത്തെ ചെറുപ്പക്കാരന്‌ പോലും ഇന്നും അന്യമാവുന്ന നീതിയെക്കുറിച്ചാണ്‌ നമുക്ക്‌ വ്യാകുലപ്പെടേണ്ടിവരുന്നത്‌. കയറാന്‍ തുടങ്ങുന്ന ഏത്‌ വിമാനത്തില്‍ നിന്നും മുട്ടിന്‌ പിടിച്ച്‌ വലിച്ച്‌ നേരെ കാരാഗൃഹത്തിലേക്കയക്കുന്ന പോലീസ്‌–ഐബി ഗൂഢാലോചനയെക്കുറിച്ചുള്ള ആകുലതകള്‍ ജനാധിപത്യത്തെ സ്‌നേഹിക്കുന്നവരില്‍ നിന്നുണ്ടാവണം. പുതിയ കൊലക്കേസുകള്‍ക്ക്‌ കൊല്ലന്റെ ആലയില്‍ കത്തികള്‍ നിര്‍മിക്കപ്പെടുന്നതു പോല തന്നെ പോലീസിന്റെ കഥയെഴുത്ത്‌ ശാലകളില്‍ `ഭീകരകഥകളും സൃഷ്‌ടിക്കപ്പെടുന്നുണ്ട്‌. അതേസമയം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി കശ്‌മീരിലേക്കു പോലും യുവാക്കള്‍ റിക്രൂട്ട്‌ ചെയ്യപ്പെടുന്നതിന്റെ പിന്നാമ്പുറകഥകള്‍ പുറത്തുകൊണ്ടുവരാന്‍ നമ്മുടെ പോലീസ്‌ സേനക്ക്‌ ശരിയായ രീതിയില്‍ കഴിയുന്നില്ല എന്നതും നമ്മെ ആകുലപ്പെടുത്തുന്നുണ്ട്‌. ഗുജറാത്ത്‌ വ്യാജ ഏറ്റുമുട്ടലുകള്‍ കണ്ണുതുറപ്പിക്കേണ്ടത്‌ മാധ്യമങ്ങളുടേതാണ്‌. കാള പെറ്റു എന്ന്‌ കേള്‍ക്കുമ്പോഴേക്കും കയറെടുക്കുന്ന കേരളീയ മാധ്യമങ്ങളുടേത്‌ പ്രത്യേകിച്ചും. മുത്തൂറ്റ്‌ പോള്‍ വധക്കേസില്‍ പോലീസ്‌ കഥകള്‍ ചമച്ചു എന്ന്‌ പറയുമ്പോഴും `ഭീകരവേട്ടകളിലെ ചമയ്ക്കപ്പെട്ട പോലീസ്‌ കെട്ടുകഥകളെക്കുറിച്ച്‌ കേരളീയ മാധ്യമങ്ങള്‍ സൌകര്യപൂര്‍വം മറന്നുപോവുന്നു.

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.