05 October 2009

അമേരിക്കന്‍ ഇഫ്‌താറും ഊതിവീര്‍പ്പിച്ച കഥകളും

തേജസ്‌ ദിനപത്രം ഏഡിറ്റോറിയല്‍ [Sep-12, 2009 ]

തരിക്കഞ്ഞി നയതന്ത്രം



വി.ഐ.പി ഇഫ്‌താര്‍ പാര്‍ട്ടികള്‍ക്കു ഗ്ലാമര്‍ നഷ്ടപ്പെട്ടുവരുമ്പോഴും തൃശൂരില്‍ മുജാഹിദുകളിലൊരു വിഭാഗത്തിന്റെ കാര്‍മികത്വത്തില്‍ ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ്‌ സംഘടിപ്പിച്ച നോമ്പുതുറ ശ്രദ്ധേയമായിത്തീര്‍ന്നത്‌ സംഘാടകരുടെയും കാര്‍മികരുടെയും അപൂര്‍വതകൊണ്‌ടാണ്‌. അമേരിക്കയ്ക്കെതിരേ പതഞ്ഞുനില്‍ക്കുന്ന മുസ്‌ലിം രോഷാഗ്നി ഇഫ്‌താറിലെ തരിക്കഞ്ഞിയും പഴസത്തും ഈത്തപ്പഴവും കൊണ്‌ടു തണുപ്പിക്കുകയായിരുന്നുവത്രേ തൃശൂരിലടക്കം ദക്ഷിണേന്ത്യയിലെ കാല്‍ ഡസന്‍ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച നോമ്പുതുറയുടെ ലക്ഷ്യം. എന്നാല്‍, മുസ്‌ലിം സമുദായത്തിലെ ഇതര വിഭാഗങ്ങള്‍ ഏറക്കുറേ പൂര്‍ണമായി ബഹിഷ്‌കരിച്ച സംഭവം, ഉല്‍പ്പതിഷ്‌ണുത്വം അവകാശപ്പെടുന്ന ഒരു ഗ്രൂപ്പ്‌ ഏറ്റെടുത്തു നടത്താന്‍ മുന്നോട്ടുവന്നത്‌ എന്തുകൊണ്‌ട്‌ എന്നതിന്‌ ഔദ്യോഗിക വിശദീകരണം ആവശ്യമാണ്‌.


ഒരുഭാഗത്ത്‌ ഇറാഖിലും ഫലസ്‌തീനിലും അഫ്‌ഗാനിസ്‌താനിലും പിഞ്ചോമനകളെ അനാഥകളും അവരുടെ അമ്മമാരെ വിധവകളുമാക്കുകയും താമസസ്ഥലങ്ങള്‍ ബോംബിട്ടു നശിപ്പിക്കുകയും ചെയ്യുന്ന അമേരിക്ക, മറുഭാഗത്ത്‌ മുസ്‌ലിം മനസ്സ്‌ കൈയിലെടുക്കാന്‍ ഇഫ്‌താര്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതു കാണുമ്പോള്‍, ഈ കൊച്ചാക്കലില്‍ അടങ്ങിയ പരിഹാസ്യത മൂലമാണ്‌ മറ്റു സംഘടനകള്‍ വിട്ടുനിന്നത്‌ എന്നു തീര്‍ച്ച. അഫ്‌ഗാനിസ്‌താനിലും വസീറിസ്‌താനിലും നടത്തുന്ന നരനായാട്ട്‌ ഇഫ്‌താര്‍ നേരങ്ങളില്‍പ്പോലും മാറ്റിവയ്ക്കപ്പെടുകയുണ്‌ടായില്ല. ഇതൊക്കെ നിര്‍ബാധം തുടരട്ടെ, നമസ്‌കാരത്തില്‍ കൈ നെഞ്ചത്തു വച്ചാല്‍ മതി എന്നായിരിക്കുമോ യു.എസ്‌ തരിക്കഞ്ഞിയില്‍ പങ്കെടുത്ത ഗ്രൂപ്പിന്റെ നിലപാട്‌? അതോ തങ്ങളുടെ യജമാനന്‍മാരായ ഗള്‍ഫ്‌ ശെയ്‌ഖുമാരുടെ പ്രീതിക്ക്‌ ഇങ്ങനെയുമൊരു ചുണ്‌ടുനനയ്ക്കല്‍ ആവശ്യമാണെന്ന തോന്നലോ?

ബുഷ്‌ അല്ല ഒബാമ എന്നതു നേരാണ്‌. ബുഷിനെപ്പോലെ നീചനല്ല ഒബാമ. ഒബാമയുടെ പ്രസിദ്ധമായ കെയ്‌റോ പ്രസംഗം കൊള്ളാം. എന്നാല്‍, അമേരിക്കന്‍ വിദേശകാര്യനയത്തില്‍ കാതലായ മാറ്റം വരാന്‍ പോകുന്നുവെന്ന്‌ മനസ്സിലാക്കാന്‍ തൃശൂരിലെ തരിക്കഞ്ഞി മാത്രം പോരാ. അമേരിക്കന്‍ വിദേശനയം അടിമുടി മുസ്‌ലിം വിരുദ്ധമാണ്‌. ചില്ലറ തട്ടലും മുട്ടലും കൊണ്‌ടത്‌ നന്നാക്കുക സാധ്യമല്ല. സാവകാശം ആവശ്യമാണെന്നു സമ്മതിക്കുന്നു. എന്നാല്‍, നേരിന്റെ ഭാഗത്തു നേരായ ഒരു ചുവടുവയ്‌പ്‌ നടന്നതായി ചൂണ്‌ടിക്കാട്ടാനാവുമോ? തൃശൂര്‍ തരിക്കഞ്ഞിയില്‍ പങ്കെടുത്തവര്‍ സൌജന്യ വാഷിങ്‌ടണ്‍ സന്ദര്‍ശനത്തിനുള്ള ഒരുക്കത്തിലായിരിക്കും ചിലപ്പോള്‍. ചിലരൊക്കെ നേരത്തേ അവിടെപ്പോയി മടങ്ങിവന്നതില്‍ പിന്നെ നടത്തുന്ന ജിഹാദി ഖുതുബകളിലെ മാറ്റം ജനം ശ്രദ്ധിച്ചിട്ടുണ്‌ട്‌. പക്ഷേ, ഇത്തരം കഞ്ഞികുടിയന്‍മാരെ വഴിയിലുപേക്ഷിച്ചാണ്‌ ഇസ്‌ലാമിക നൌക കാലത്തെ കടന്നുമുറിച്ച്‌ മുമ്പോട്ടു പോയിക്കൊണ്‌ടിരിക്കുന്നത്‌.


അമേരിക്കന്‍ ഇഫ്‌താറും ഊതിവീര്‍പ്പിച്ച കഥകളും

Response
SHABAB WEEKLY Friday, 02 October 2009 നാസ്വിഹ്‌ അമീന്‍

തീവ്രവാദത്തിന്റെ ചൊരുക്ക്‌ തലക്കുപിടിക്കുകയും നിഗൂഢപ്രവര്‍ത്തനം ദിനചര്യയാക്കുകയും ചെയ്യുന്നവര്‍ക്ക്‌ സംശയദൃഷ്‌ടിയോടെയല്ലാതെ ഒന്നും നോക്കിക്കാണാനാവില്ല. എവിടെയും അവര്‍ ചാരന്മാരെ തെരഞ്ഞുകൊണ്ടിരിക്കും. ആരെയും വിശ്വാസത്തിലെടുക്കാത്ത സംശയരോഗികള്‍, അര്‍ധസത്യങ്ങളും ഊഹങ്ങളും ഏച്ചുകൂട്ടി കള്ളക്കഥകള്‍ ചമച്ച്‌ ദുരൂഹ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിച്ചാണ്‌ തങ്ങളുടെ അണികളെ ജാഗരംകൊള്ളിച്ചുനിര്‍ത്തുന്നത്‌. ഇക്കുറി റമദാനില്‍ ഇക്കൂട്ടര്‍ക്ക്‌ അപവാദ വ്യവസായത്തിന്‌ കിട്ടിയ തുരുപ്പുചീട്ടായിരുന്നു ഒബാമയുടെ തൃശൂര്‍ ഇഫ്‌ത്വാര്‍. ഡോ. ഹുസൈന്‍ മടവൂര്‍ നേതൃത്വംനല്‌കുന്ന മുജാഹിദ്‌ പ്രസ്ഥാനത്തിനു നേരെയാണ്‌ സംശയത്തിന്റെ അസ്‌ത്രമെയ്‌തത്‌. അമേരിക്കന്‍ സാമ്രാജ്യത്വവുമായി ഗൂഢബന്ധം പുലര്‍ത്തി മുസ്ലിംകളെ കെണിയില്‍ പെടുത്താന്‍ സഹായിച്ചു എന്നാണ്‌ തങ്ങളുടെ മാധ്യമങ്ങളിലൂടെ അഴിച്ചുവിട്ട ആരോപണം. സംഘടനാ സങ്കുചിതത്വത്തിന്റെ തിമിരം ബാധിച്ച്‌, ശത്രുസംഹാരം നടത്താന്‍ നോമ്പുനോറ്റ്‌ കഴിയുന്ന ഒരു വിഭാഗം ഈ ആരോപണം കേട്ട പാതി, കേള്‍ക്കാത്ത പാതി പ്രസ്‌താവനയും പത്രസമ്മേളനവുമായി ചാടിവീണ്‌ രംഗം കൊഴുപ്പിക്കുകയും ചെയ്‌തു! ഒരു വാര്‍ത്ത കേട്ടാല്‍ അതിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്ന സാമാന്യമായ ഇസ്‌ലാമിക മര്യാദപോലും പാലിക്കാതെയാണിവര്‍ കൊമ്പുകുലുക്കിയിറങ്ങിയത്‌. ആരോപിതര്‍ `മടവൂരികളാകുമ്പോള്‍ ഇവര്‍ക്ക്‌ ഇസ്‌ലാമിക മര്യാദയൊന്നും ബാധകമല്ലല്ലോ.

സംഭവിച്ചത്‌ ഇത്രമാത്രം
അമേരിക്കന്‍ പ്രസിഡന്റായി ഒബാമ തെരഞ്ഞെടുക്കപ്പെട്ടത്‌ ലോകത്ത്‌, വിശിഷ്യാ മുസ്ലിം സമൂഹത്തില്‍ ഒട്ടേറെ പ്രതീക്ഷ പരത്തിയിട്ടുണ്ട്‌. ഒബാമക്കു വേണ്ടി ശക്തമായി പ്രചാരണം നടത്താന്‍ അമേരിക്കയിലും മറ്റെല്ലാ രാജ്യങ്ങളിലുമുള്ള മുസ്ലിംകള്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഇസ്ലാമിനും മുസ്ലിം സമൂഹത്തിനുമെതിരെ ബുഷ്‌ ഭരണകൂടം തുടരുന്ന വിദ്വേഷകരമായ നയങ്ങളായിരുന്നു അതിന്‌ പ്രധാന കാരണം. മുസ്ലിം സമൂഹവുമായി അടുത്ത അനുഭവപരിചയവും സൌഹൃദവുമുള്ള ഒരു കറുത്ത വര്‍ഗക്കാരന്‍ എന്ന പരിഗണന ഒബാമക്ക്‌ മുസ്‌ലിംകളില്‍ പ്രത്യേക സ്ഥാനം നല്‌കി. അമേരിക്കയുടെ വിദേശ നയത്തില്‍, പ്രത്യേകിച്ച്‌ പശ്ചിമേഷ്യന്‍ നയത്തില്‍ കാതലായ മാറ്റം ആവശ്യമാണെന്ന്‌ ഒബാമ തന്റെ ഇലക്ഷന്‍ പ്രചാരണത്തിലും പ്രസിഡന്‍ഷ്യല്‍ ഡിബേറ്റുകളിലും ആവര്‍ത്തിച്ചത്‌ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തു.

ഒബാമ തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന്‌, മുസ്ലിംകളില്‍ പൊതുവില്‍ ഒരു പ്രതീക്ഷയുണ്ടായിട്ടുണ്ട്‌. ഘട്ടംഘട്ടമായിട്ടാണെങ്കിലും മുസ്ലിം ലോകവുമായുള്ള യുദ്ധസാഹചര്യം ലഘൂകരിക്കാന്‍ അദ്ദേഹം ശ്രമിക്കുമെന്ന പ്രത്യാശയാണതിനു കാരണം. എന്നാല്‍ ഒറ്റയടിക്ക്‌ ഒബാമ, അമേരിക്കയെ പരിശുദ്ധ പറുദീസയാക്കുമെന്ന്‌ യാഥാര്‍ഥ്യബോധമുള്ള ആരും കരുതിയിട്ടില്ല. ഒബാമയ്ക്കാകട്ടെ അമേരിക്കയില്‍ നവയാഥാസ്ഥിതികരുടെയും സയണിസ്റ്റ്‌ ലോബിയുടെയും കടുത്ത എതിര്‍പ്പ്‌ എളുപ്പത്തില്‍ മറികടക്കാനുമാവില്ല. ഈ സാഹചര്യത്തിലും നേരിയെ പ്രത്യാശക്കു വക നല്‌കിയ ചില ചലനങ്ങളുണ്ടായി. പാശ്ചാത്യസമൂഹവും (പ്രത്യേകിച്ച്‌ അമേരിക്ക) ഇസ്‌ലാമും തമ്മില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സംഘര്‍ഷം അവസാനിപ്പിച്ച്‌ സൌഹൃദപൂര്‍ണമായ ഒരു സമവായത്തിലേക്ക്‌ നീങ്ങേണ്ടതുണ്ടെന്ന സന്ദേശം അദ്ദേഹം ലോകത്തിന്‌ നല്‌കിക്കൊണ്ടിരിക്കുന്നുവെന്നതാണ്‌ അതില്‍ പ്രധാനം. പ്രായോഗിക രംഗങ്ങളില്‍ അത്‌ പ്രതിഫലിക്കാന്‍ തുടങ്ങിയിട്ടില്ലെങ്കിലും ഒരു സംവാദത്തിന്‌ സാഹചര്യമൊരുക്കാന്‍ ഒബാമ ശ്രമിച്ചുവരികയാണ്‌. അതിന്റെ ഭാഗമായാണ്‌ ഈയിടെ അദ്ദേഹം അറബ്‌–മുസ്ലിം രാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനം. സന്ദര്‍ശനത്തിനിടെ, ഈജിപ്‌തിലെ പുരാതനവും ലോകപ്രശസ്‌തവുമായ അല്‍അസ്‌ഹറില്‍ ചെയ്‌ത പ്രസിദ്ധമായ പ്രഭാഷണത്തില്‍, `ഒരു പുതിയ യുഗത്തിന്റെ പുലര്‍ച്ചയിലേക്ക്‌ നയിക്കുന്ന തന്റെ സ്വപ്‌നങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു ഒബാമ. ഈ പ്രഭാഷണത്തെ റാബിത്വത്തുല്‍ ആലമില്‍ ഇസ്ലാമി അടക്കമുള്ള ലോക മുസ്ലിംവേദികളും ഡോ. യൂസുഫുല്‍ ഖര്‍ദാവി അടക്കമുള്ള പണ്ഡിതന്മാരും സ്വാഗതം ചെയ്യുകയുണ്ടായി.

അല്‍അസ്‌ഹറില്‍ ചെയ്‌ത പ്രസംഗം, ലോകത്തുള്ള മുസ്ലിംകളുമായി സംവേദനം ചെയ്യപ്പെടണമെന്ന്‌ ഒബാമ ആഗ്രഹിക്കുകയും അമേരിക്കന്‍ എംബസികള്‍ മുഖേന അതിന്‌ വഴിയൊരുക്കുകയും ചെയ്‌തു. കഴിഞ്ഞ റമദാനില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ അമേരിക്കന്‍ എംബസികള്‍ നടത്തിയ ഇഫ്‌ത്വാര്‍ മീറ്റുകളുടെ ഉദ്ദേശ്യം ഇതായിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെന്ന പോലെ കേരളത്തിലെ തൃശൂരിലും ഒബാമയുടെ ഇഫ്‌ത്വാര്‍ നടന്നു. അതില്‍ പലരും പങ്കെടുത്തു. അവിടെ ഒബാമയുടെ പ്രഭാഷണവും റമദാന്‍ സന്ദേശവും സ്‌ക്രീന്‍ ചെയ്‌തു. അതേക്കുറിച്ച്‌ അഭിപ്രായപ്രകടനങ്ങളും വിമര്‍ശനങ്ങളും നടന്നു. ചിലര്‍, തങ്ങളുടെ വിയോജനാഭിപ്രായങ്ങള്‍ രേഖാമൂലം ഉത്തരാവദപ്പെട്ട ഉദ്യോഗസ്ഥനെ ഏല്‌പിച്ചു. ഭക്ഷണം കഴിച്ചു പിരിഞ്ഞു. തൃശൂര്‍ ഇഫ്‌ത്വാറില്‍ ഇതിലപ്പുറം ഒന്നും നടന്നിട്ടില്ല.

കുരുക്കും നയതന്ത്രവും
അമേരിക്കന്‍ എംബസി ഒരു സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുന്നുണ്ടെങ്കില്‍, അതിനു പിന്നില്‍ നയതന്ത്രപരമായ ലാക്ഷ്യങ്ങള്‍ ഉണ്ടായിരിക്കും. അമേരിക്ക എന്നല്ല, ഏതു രാഷ്‌ട്രത്തിനും എംബസികള്‍ മുഖേനെ ഒട്ടേറെ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നത്‌ നയതന്ത്രബന്ധത്തിന്റെ ഭാഗമായാണ്‌. സംഘടനകളും പ്രമുഖ വ്യക്തികളും ഇങ്ങനെ പരസ്‌പരം ബന്ധം മെച്ചപ്പെടുത്താനുദ്ദേശിച്ച്‌ വിരുന്നുകളും പരിപാടികളും സംഘടിപ്പിക്കുക സാധാരണമാണ്‌. ജമാഅത്തെ ഇസ്ലാമിയോ പോപ്പുലര്‍ ഫ്രണ്ടോ പി ഡി പിയോ ഇത്തരത്തില്‍ ഒരു ഇഫ്‌ത്വാര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്നുണ്ടെങ്കിലും ലക്ഷ്യം മറ്റൊന്നാവില്ല. സംഘടിപ്പിക്കുന്നവര്‍ക്കും പങ്കെടുക്കുന്നവര്‍ക്കുമൊക്കെ അറിവായുന്ന കാര്യമാണിത്‌. ജമാഅത്തെ ഇസ്ലാമിയുടെയോ എന്‍ ഡി എഫിന്റെയോ ഒരു ഇഫ്‌ത്വാറില്‍ പങ്കെടുത്താല്‍ അവരുമായുള്ള എല്ലാ ആശയപരമായ വിയോജിപ്പുകളും അവസാനിക്കുമെന്ന്‌ ആരെങ്കിലും കരുതുമോ? എന്നാല്‍ മാധ്യമവും തേജസ്‌ ദിനപത്രവും തൃശൂര്‍ ഇഫ്‌ത്വാറിനെക്കുറിച്ച്‌ നല്‌കിയ വാര്‍ത്ത, അതില്‍ പങ്കെടുത്തവര്‍ അമേരിക്കയുടെ നയതന്ത്രപരമായ ലക്ഷ്യമറിയാത്ത പാവം പോഴന്മാരാണെന്നാണ്‌ ധ്വനിപ്പിച്ചത്‌.

ദുരൂഹത, നിഗൂഢത
ഒബാമാ ഇഫ്‌ത്വാര്‍ മുസ്ലിംകളെ വലയില്‍ ചാടിക്കാനുള്ള നിഗൂഢവും രഹസ്യവുമായ നീക്കമായിരുന്നുവെന്നും അതില്‍ അറിയാതെ ചില മുസ്ലിംകള്‍ ചെന്നുചാടുകയായിരുന്നുവെന്നും ആരോപിക്കുന്നവര്‍ ഏത്‌ ലോകത്താണ്‌? ഒബാമയുടെ ഇഫ്‌ത്വാര്‍ പ്രോഗ്രാം കേവലം തൃശൂരില്‍ മാത്രമുള്ള പരിപാടിയാണെങ്കില്‍ അങ്ങനെ പറയാമായിരുന്നു. ലോകത്തുള്ള ഒട്ടേറെ രാജ്യങ്ങളില്‍, മുസ്ലിം സമൂഹങ്ങളിലടക്കം ഈ പരിപാടി നടന്നിട്ടുണ്ട്‌. അതില്‍ ലോകപ്രശസ്‌തരായ മുസ്ലിം നേതാക്കളും പണ്ഡിതന്മാരും പങ്കെടുത്തിട്ടുമുണ്ട്‌. ആ പരിപാടിയുടെ വിശദാംശങ്ങള്‍ രഹസ്യമല്ല. പത്രമാധ്യമങ്ങളില്‍ വന്നതാണ്‌, ഇപ്പോഴും ഇന്റര്‍നെറ്റില്‍ ലഭ്യവുമാണ്‌. തൃശൂര്‍ പരിപാടിയുടെ കാര്യമാണെങ്കില്‍, അമേരിക്കയുടെ ചെന്നൈ കോണ്‍സുലേറ്റിന്റെ ഔദ്യോഗിക ലെറ്റര്‍ഹെഡില്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ വിലാസവും ഫോണ്‍ നമ്പറുമടക്കം കാണിച്ച്‌ ക്ഷണക്കത്തയച്ചാണ്‌ ക്ഷണിച്ചിട്ടുള്ളത്‌. പരിപാടി നടക്കുന്ന സ്ഥലവിവരവും നല്‌കിയിട്ടുണ്ട്‌. ന്യൂഡല്‍ഹി എംബസിയിലെ കൌണ്‍സിലര്‍ ഫോര്‍ പബ്ലിക്‌ അഫയേഴ്സ്‌ ലാറി ഷ്വാര്‍ട്‌സ്‌ ആണ്‌ പങ്കെടുക്കുകയെന്ന്‌ അതില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അദ്ദേഹം ഒരു ദിവസം മുമ്പു തന്നെ തൃശൂരില്‍ എത്തുകയും അവിടെ പത്രസമ്മേളനം നടത്തുകയും (സപ്‌തം. 8) പല സ്ഥാപനങ്ങളും സന്ദര്‍ശിക്കുകയും ചെയ്‌തിരുന്നു. അതിന്റെ വാര്‍ത്ത പത്രങ്ങളില്‍ വന്നിരുന്നു. മാത്രമല്ല, ഇഫ്‌ത്വാര്‍ റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്കോ പങ്കെടുക്കാന്‍ എത്തിയവര്‍ക്കോ ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണമോ സുരക്ഷാ ക്രമീകരണങ്ങള്‍ പോലുമോ അനുഭവപ്പെട്ടിട്ടില്ല. എന്നാല്‍ തീവ്രവാദ പത്രത്തിന്റെ റിപ്പോര്‍ട്ട്‌ ഇങ്ങനെയാണ്‌: ``ചെന്നൈയിലെ കോണ്‍സല്‍ ജനറല്‍ ലാറി ഷ്വാര്‍ട്‌സിന്റെ സന്ദര്‍ശനവും ഇഫ്‌ത്വാര്‍ സംഘടിപ്പിച്ചതിലെ രഹസ്യസ്വഭാവവും ദുരൂഹത ഉയര്‍ത്തി. അമേരിക്കന്‍ കോണ്‍സുലേറ്റ്‌ ഇഫ്‌ത്വാര്‍ സംഘടിപ്പിക്കുന്നത്‌ പുറത്തറിഞ്ഞാല്‍ പ്രതിഷേധമുയരാന്‍ സാധ്യതയുണ്ടെന്ന്‌ മനസ്സിലാക്കി പരിപാടി രഹസ്യമാക്കിവെച്ചതാണെന്നാണ്‌ വിശദീകരണം. (തേജസ്‌, സപ്‌തംബര്‍ 14)

സംഘാടകര്‍ മുജാഹിദുകള്‍?
മാധ്യമം ദിനപത്രവും തേജസും ഒബാമ ഇഫ്‌ത്വാറിന്റെ സംഘാടകര്‍ ഹുസൈന്‍ മടവൂര്‍ നേതൃത്വംനല്‌കുന്ന മുജാഹിദ്‌ സംഘടനയാണെന്ന മട്ടിലാണ്‌ വാര്‍ത്ത നല്‌കിയത്‌. കോ ഓര്‍ഡിനേറ്റര്‍ കെ എന്‍ എം തൃശൂര്‍ ജില്ലാ കമ്മിറ്റി സെക്രട്ടറിയാണെന്നു പോലും വാര്‍ത്ത ചമച്ചു. ആരാണ്‌ സംഘാടകര്‍ എന്ന്‌, ക്ഷണക്കത്ത്‌ പരിശോധിച്ചാല്‍ തന്നെ വ്യക്തമാകുമായിരുന്നു. അതില്‍ കോ ഓര്‍ഡിനേറ്ററുടെ പേരും ഫോണ്‍ നമ്പറുമൊക്കെ കൊടുത്തിട്ടുണ്ട്‌. ``മുജാഹിദ്‌ മടവൂര്‍ വിഭാഗത്തിന്റെ തൃശൂര്‍ ജില്ലാ കമ്മിറ്റിയാണ്‌ മുഴുവന്‍ കാര്യങ്ങളും ഒരുക്കിയത്‌. ക്ഷണിക്കേണ്ടവരുടെ പട്ടികയും അവര്‍ തന്നെയാണ്‌ അമേരിക്കന്‍ എംബസിക്കു കൈമാറിയത്‌. (തേജസ്‌, സപ്‌തം. 10). മുസ്ലിംകളെ വലവീശി കെണിയില്‍ പെടുത്താന്‍ അമേരിക്കന്‍ എംബസി `ഒരു വിഭാഗം മുസ്ലിംകളെ ഉപയോഗിച്ചു എന്നാരോപിച്ചവര്‍ തന്നെയാണ്‌, മുജാഹിദ്‌ വിഭാഗമാണ്‌ ക്ഷണിക്കപ്പെടേണ്ടവരുടെ പട്ടിക നല്‌കിയതെന്ന്‌ എഴുതുന്നത്‌. സി ഐ എ അടക്കമുള്ള ചാരവിഭാഗങ്ങളൊക്കെയുള്ള അമേരിക്കക്ക്‌ `കെണി ലിസ്റ്റ്‌ ഒരു തൃശൂര്‍ ജില്ലാ കമ്മിറ്റി തയ്യാറാക്കിക്കൊടുത്തുവെന്ന്‌ തട്ടിവിട്ടത്‌ ഏതായാലും അല്‌പത്തമായിപ്പോയി!
സമൂഹമധ്യത്തില്‍ തികച്ചും സുതാര്യമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്‌ മുജാഹിദ്‌ സംഘടന. അതിന്‌ ഒളിച്ചുവെക്കാന്‍ യാതൊന്നുമില്ല. അതിന്റെ ഒരു പ്രവര്‍ത്തകനും ഇന്നേവരെ ദുരൂഹ സാഹചര്യത്തില്‍ പിടിക്കപ്പെടുകയോ വിചാരണ ചെയ്യപ്പെടുകയോ ചെയ്‌തിട്ടില്ല. മതതീവ്രവാദസംഘടനകള്‍ക്കാകട്ടെ ഇങ്ങനെ ഒരു പാരമ്പര്യമില്ല. ഒളിച്ചും പതുങ്ങിയും പ്രവര്‍ത്തിച്ചാണല്ലോ അവരുടെ ശീലം. എന്നാല്‍ ഒരു ഉത്തരവാദപ്പെട്ട സംഘടന എന്ന നിലയില്‍, സുതാര്യമായി ബന്ധപ്പെടുന്നവരോട്‌ സഹകരിക്കാവുന്ന കാര്യങ്ങളില്‍ സഹകരിക്കുകയാണ്‌ മുജാഹിദുകളുടെ നയം. ഒബാമയുടെ ഇഫ്‌ത്വാര്‍ സംബന്ധിച്ച്‌ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ നേതൃതലത്തിലുള്ളവരെ ഔദ്യോഗികമായി ക്ഷണിച്ചപ്പോള്‍ വിലാസം നല്‍കുകയും പങ്കെടുക്കുകയും ചെയ്‌തത്‌ അതുകൊണ്ടാണ്‌. മറ്റു പലരുമായും ബന്ധപ്പെട്ട്‌ വിലാസം ശേഖരിക്കുന്നുണ്ടെന്നും കോണ്‍സുലേറ്റ്‌ വൃത്തങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ ചില സംഘടനകള്‍ ക്ഷണിക്കപ്പെട്ടില്ലെന്നത്‌ വാസ്‌തവമാണ്‌. അതിന്‌ മുജാഹിദുകളെ പഴിച്ചിട്ടെന്തു കാര്യം? മറ്റുള്ളവരെപ്പോലെ, ഇഫ്‌ത്വാറില്‍ പങ്കെടുത്തപ്പോള്‍ മാത്രമാണ്‌ ചില സംഘടനകള്‍ ക്ഷണിക്കപ്പെട്ടില്ലെന്ന്‌ മുജാഹിദ്‌ നേതാക്കളും അറിഞ്ഞത്‌. അത്‌ ശരിയായില്ലെന്ന്‌ കോണ്‍സുലേറ്റിലെ ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്‌. അതിന്റെ പേരില്‍ ഒരു വിഭാഗത്തെ ഒറ്റതിരിഞ്ഞ്‌ ആക്രമിക്കുന്നത്‌ മാന്യതയല്ല. പങ്കെടുത്തവരില്‍ നാലോ അഞ്ചോ പേരൊഴികെ, എണ്‍പതോളം പേര്‍ മറ്റു പല സംഘടനകളുടെയും നേതാക്കളും സജീവ പ്രവര്‍ത്തകരുമായിരുന്നു. അക്കൂട്ടത്തില്‍ ആരോപണമുന്നയിച്ചവരുടെ സഹകാരികളും പ്രവര്‍ത്തകരുമുണ്ടായിരുന്നുവെന്നതും വാസ്‌തവമാണ്‌.

അമേരിക്കയുമായുള്ള അടുപ്പവും അകല്‍ച്ചയും
വര്‍ത്തമാനലോകത്തെ ഏറ്റവും വലിയ സാമ്രാജ്യത്വശക്തിയും ദുഷ്‌ടരാജ്യവും അമേരിക്കയാണെന്ന കാര്യം ലോകത്ത്‌ മഹാഭൂരിപക്ഷം ജനങ്ങളും സമ്മതിക്കും. കഴിഞ്ഞ ഏതാനും ദശാബ്‌ദങ്ങളായി ഈ രാഷ്‌ട്രം നടത്തിവരുന്ന മനുഷ്യത്വഹീനമായ നടപടികള്‍ തന്നെ അതിന്‌ സാക്ഷിയാണ്‌. ജോര്‍ജ്‌ ബുഷ്‌ രണ്ടാമന്റെ കാലത്ത്‌ ആരംഭിച്ച അഫ്‌ഗാന്‍–ഇറാക്ക്‌ യുദ്ധങ്ങളും യുദ്ധത്തിന്റെ ഭാഗമായി ചെയ്‌തുകൂട്ടിയ ക്രൂരതകളും വിസ്‌മരിക്കാവതല്ല. ഇക്കാരണങ്ങള്‍കൊണ്ടുതന്നെ അമേരിക്ക സ്വീകരിച്ചുവരുന്ന വിദേശനയങ്ങള്‍ ഏറ്റവും ശക്തമായി എതിര്‍ക്കപ്പെടുകയും വേണം. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നീതിരഹിതമായ നയങ്ങളെയും ചെയ്‌തികളെയും വിട്ടുവീഴ്‌ചയില്ലാതെ എതിര്‍ക്കാന്‍ മുജാഹിദ്‌ സംഘടന ഇക്കാലമത്രയും മുന്നോട്ടുവന്നത്‌ അതുകൊണ്ടാണ്‌. ജോര്‍ജ്‌ ബുഷ്‌, അഫ്‌ഗാന്‍–ഇറാക്ക്‌ യുദ്ധം ആരംഭിച്ചപ്പോള്‍ ആബാലവൃദ്ധം ജനങ്ങളെ സംഘടിപ്പിച്ച്‌ തെരുവില്‍ നടത്തിയ പ്രതിഷേധറാലികളും ഇസ്‌റാഈലിന്റെ ഗാസ അധിനിവേശത്തിനെതിരെ നടത്തിയ കൂറ്റന്‍ ജാഥകളും സദ്ദാം വധത്തില്‍ പ്രതിഷേധിച്ച്‌ സംഘടിപ്പിച്ച പരിപാടികളും ഉള്‍പ്പെടെ പ്രത്യക്ഷ പ്രതിഷേധങ്ങളും ബോധവത്‌കരണ സമരങ്ങളുമായി പ്രസ്ഥാനം നിരവധി സമരങ്ങള്‍ ഏറ്റെടുത്തത്‌ ആ നിലപാടിന്റെ ഭാഗമായാണ്‌. സ്വന്തം പത്രമാധ്യമങ്ങള്‍ വഴിയും പുസ്‌തകപ്രസാധനം വഴിയും സാമ്രാജ്യത്വത്തിന്നെതിരായ പോരാട്ടം തുടരുകയുമാണ്‌.
ഈ നിലപാട്‌ നിലനില്‍ക്കേ തന്നെ, അഭിമുഖീകരണത്തോടൊപ്പം പരമാവധി അനുരഞ്‌ജനത്തിനുള്ള ശ്രമങ്ങള്‍ കൂടി ലോകത്തുണ്ടാവണമെന്ന്‌ പ്രസ്ഥാനം ആഗ്രഹിക്കുന്നു. അതാണ്‌ ഇസ്ലാമിന്റെ മാതൃക. പ്രഖ്യാപിത ശത്രുക്കളായ ജൂതന്മാരുമായിപ്പോലും നയതന്ത്രബന്ധങ്ങള്‍ സൂക്ഷിക്കുകയും കരാറിലേര്‍പ്പെടുകയും ചെയ്‌തതാണ്‌ പ്രവാചകന്‍ കാണിച്ച മാതൃക. യുദ്ധസാഹചര്യങ്ങള്‍ക്കിടയിലും പരമാവധി അനുരഞ്‌ജനത്തിനുള്ള ശ്രമങ്ങള്‍ ഉണ്ടാവണമെന്നാണ്‌ ഖുര്‍ആനിന്റെ ശാസന. ദൈവത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച സാക്ഷാല്‍ ഫറോവയുമായിപോലും സംവാദം മുറിച്ചുകളയരുതെന്ന്‌ ഖുര്‍ആനില്‍ കാണാം. ഈ മാതൃക സ്വീകരിക്കാന്‍ ബാധ്യസ്ഥരായ മുസ്ലിംകള്‍ക്ക്‌, അമേരിക്കയുടെ സ്വേച്ഛാധിപത്യത്തെ എതിര്‍ക്കുന്നതോടൊപ്പം സംഘര്‍ഷം ലഘൂകരിക്കാനുതകുന്ന നയോപായങ്ങളെ പിന്തുണക്കാനും കഴിയണം. ഈ നിലപാടിന്റെ അടിസ്ഥാനത്തിലാണ്‌ ലോകമുസ്ലിം രാജ്യങ്ങള്‍ അമേരിക്കയുമായി രാഷ്‌ട്രീയ, സാമ്പത്തിക, വാണിജ്യ മേഖലകളില്‍ നയതന്ത്രം നിലനിര്‍ത്തുന്നത്‌. ഈ അടിസ്ഥാനത്തിലാണ്‌ ഒബാമ സുഊദി മുതല്‍ക്കുള്ള മുസ്ലിം രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയത്‌. അല്‍അസ്‌ഹറില്‍ പ്രമുഖ മുസ്‌ലിം പണ്ഡിതന്മാരുടെ വേദിയില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കിയത്‌. ഇത്‌ തെറ്റാണെന്ന്‌, മുജാഹിദ്‌ പ്രസ്ഥാനത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയവര്‍ക്ക്‌ വാദമുണ്ടോ?
സംവാദത്തിന്റെ കാലം
ഇസ്ലാമും പടിഞ്ഞാറും തമ്മില്‍ സംഘര്‍ഷത്തിനു പകരം സംഭാഷണമാണ്‌ നടക്കേണ്ടതെന്ന വാദം ഏറ്റവും ഉച്ചത്തില്‍ ഉയരുന്ന കാലമാണിത്‌. സുഊദി രാജാവ്‌ തന്നെ മുന്‍കൈ എടുത്ത്‌, ജൂത മതപണ്ഡിതന്മാരെ ഉള്‍പ്പെടെ ക്ഷണിച്ചുവരുത്തി സംവാദങ്ങള്‍ക്ക്‌ വേദിയൊരുക്കി വരികയാണ്‌. മാഡ്രിഡില്‍ ഈയിടെ നടന്ന സംവാദം, ഇസ്ലാമിന്റെയും പാശ്ചാത്യരുടെയും ഇടയിലുള്ള വിദ്വേഷാന്തരീക്ഷം ദൂരീകരിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്‌. സയ്യിദ്‌ ഖുതുബിന്റെയും ഹസനുല്‍ ബന്നയുടെയും മൌലാന മൌദൂദിയുടെയും രചനകളില്‍ മുന്നോട്ടുവെച്ച, പാശ്ചാത്യ സംസ്‌കാരത്തെ മൊത്തത്തില്‍ ജാഹിലിയ്യത്തായി വീക്ഷിക്കുന്ന, സാംസ്‌കാരിക വ്യവഹാരങ്ങളെ കറുപ്പും വെളുപ്പുമെന്ന്‌ കള്ളിതിരിക്കുന്ന കാഴ്‌ചപ്പാടിനെതിരെ ഇസ്ലാമിസ്റ്റുകള്‍ തന്നെ പുതിയ അവബോധം അവതരിപ്പിച്ചുവരുന്ന ഒരു കാലമാണിത്‌. അമേരിക്കയുടെ ഏറ്റവും കടുത്ത വിമര്‍ശകനായ ഇറാന്‍ പ്രസിഡന്റ്‌ അഹ്മദി നജാദ്‌ അമേരിക്ക സന്ദര്‍ശിക്കുകയും അവിടെ തന്റെ നിലപാട്‌ തുറന്നവതരിപ്പിക്കുകയും ചെയ്‌തത്‌ ഓര്‍ക്കുക. കടുത്ത അമേരിക്കന്‍ വിരുദ്ധ നിലപാട്‌ സ്വീകരിക്കുന്ന ഈജിപ്‌തിലെ മുസ്ലിം ബ്രദര്‍ഹുഡും ഫലസ്‌ത്വീനിലെ ഹമാസുമടക്കം, സംവാദാന്തരീക്ഷം നിലനിര്‍ത്താന്‍ സഹകരിക്കണമെന്ന നിലപാടാണ്‌ ഇപ്പോള്‍ സ്വീകരിച്ചുവരുന്നത്‌. ഇസ്‌റാഈല്‍ എന്ന `തെമ്മാടി രാഷ്‌ട്രത്തോട്‌ ശക്തമായ എതിര്‍പ്പ്‌ നിലനില്‌ക്കേ തന്നെ, അതിന്റെ നേതാക്കളുമായി നയപരമായ സംവാദങ്ങള്‍ക്ക്‌ ഫലസ്‌ത്വീന്‍ നേതാക്കള്‍ ഒരുങ്ങുന്നത്‌ നാം കാണുന്നു.

ഇത്തരം ഒരു `മഴവില്‍ ലോകത്ത്‌, ഒബാമ നേരിട്ട്‌ മുന്‍കൈയെടുത്തു നടത്തുന്ന ഒരു സംവാദ സദസ്സില്‍ പങ്കെടുത്ത്‌ സ്വന്തം നിലപാട്‌ ആര്‍ജവത്തോടെ പറയുകയാണോ വേണ്ടത്‌, അതല്ല ഒഴിഞ്ഞു മാറുകയോ? ഒബാമയുടെ ഒരു കപ്പ്‌ തരിക്കഞ്ഞി കുടിച്ചാല്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തോടുള്ള എല്ലാ അമര്‍ഷവും അലിഞ്ഞില്ലാതാവുമെന്ന്‌ ഭയക്കാന്‍ മാത്രം ആത്മവിശ്വാസമില്ലാത്തവരൊഴികെ, എല്ലാവരും ഇത്തരം സംവാദങ്ങളില്‍ പങ്കെടുക്കുകയാണ്‌ വേണ്ടതെന്നേ പറയൂ.

പൊന്നുരുക്കുന്നേടത്ത്‌
സാമൂഹ്യ–രാഷ്‌ട്രീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്നവര്‍ അമേരിക്കന്‍ സാമ്രാജ്യത്വവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ത്തുന്നത്‌ മനസ്സിലാക്കാനാകും. എന്നാല്‍, പാവപ്പെട്ട രോഗികള്‍ക്ക്‌ മരുന്നു കൊടുക്കുന്നതുപോലും മതകാര്യങ്ങളില്‍ പെടുന്നില്ലെന്ന്‌ ശാഠ്യംപിടിച്ച്‌ സ്വന്തം പ്രസ്ഥാനത്തെ പിളര്‍ത്തി, ജിന്നുശൈത്വാന്‍–റൂഹാനികളുടെ ലോകത്ത്‌ വിഹരിക്കുന്ന കൂട്ടര്‍ ഈ വിവാദത്തില്‍ കടന്നുവന്നത്‌ വിചിത്രമായിരിക്കുന്നു! പൊന്നുരുക്കുന്നേടത്ത്‌ പൂച്ചക്ക്‌ വല്ല കാര്യവുമുണ്ടോ? മുജാഹിദുകള്‍ ആദ്യകാലം മുതല്‍ക്കു തന്നെ സാമൂഹ്യരാഷ്‌ട്രീയ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും സാമൂഹ്യ പ്രവര്‍ത്തനം മതപ്രവര്‍ത്തനത്തിന്റെ സുപ്രധാന ഭാഗമാണെന്നും വാദിച്ചതിന്റെ പേരിലാണല്ലോ പ്രസ്ഥാനത്തിനകത്ത്‌ ഒരു വിഭാഗം കലഹമുണ്ടാക്കുകയും ഒടുവില്‍ കെ എന്‍ എം (എ പി) വിഭാഗം ഭിന്നിച്ചു പോകുകയും ചെയ്‌തത്‌. അവര്‍ സ്വീകരിച്ചത്‌, ഗള്‍ഫ്‌ സലഫികള്‍ പിന്തുടരുന്ന അരാഷ്‌ട്രീയവാദ ദഅ്വ ലൈനായിരുന്നു. അമേരിക്കന്‍ സാമ്രാജ്യത്വം അറബ്‌ രാജ്യങ്ങളില്‍ പിടിമുറുക്കുന്നതിനെ താക്കീതു ചെയ്‌തവരെയാണ്‌ സലഫി മന്‍ഹജുകാര്‍, സുറൂറികള്‍ എന്നും മറ്റും ആക്ഷേപിച്ചത്‌. അറബ്‌ രാജ്യങ്ങളില്‍ സാമ്രാജ്യത്വശക്തികള്‍ക്ക്‌ സൈനിക ബേസ്‌ അനുവദിച്ചതിനെയും അമേരിക്കയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിനെയും ശക്തമായി അനുകൂലിക്കുന്ന സലഫി മന്‍ഹജിന്റെ കേരള ഘടകം, ഇവിടെ സാമ്രാജ്യത്വ വിരോധത്തിന്റെ മേല്‍കുപ്പായമണിയുന്നത്‌ വിരോധാഭാസമല്ലേ? സാമ്രാജ്യത്വാനുകൂല കേന്ദ്രങ്ങളുടെ ഫണ്ടു പറ്റി, അമേരിക്കന്‍ വിരോധം പ്രകടിപ്പിക്കുന്നവരെ ജനം തിരിച്ചറിയും.

സാമൂഹ്യ രാഷ്‌ട്രീയ ജീവിതത്തില്‍ നിന്ന്‌ ഒഴിഞ്ഞുകഴിയുന്നത്‌ മഹത്തായ കാര്യമായി കാണുന്നവരാണ്‌ ഇക്കൂട്ടര്‍. അഫ്‌ഗാനിലും ഇറാക്കിലും അമേരിക്ക അധിനിവേശം സ്ഥാപിച്ചപ്പോഴും ലബനാനിലും ഫലസ്‌ത്വീനിലും ഇസ്‌റാഈല്‍ നരവേധം നടത്തിയപ്പോഴും ഒരു പ്രസംഗം പോലും സംഘടിപ്പിക്കാത്തവരാണിപ്പോള്‍ സാമ്രാജ്യത്വ വിരോധവുമായി വന്നിരിക്കുന്നത്‌. എന്തിനധികം, ഇസ്ലാം സ്വീകരിച്ച കേരളത്തിന്റെ പ്രമുഖ എഴുത്തുകാരിയുടെ മരണവുമായി ബന്ധപ്പെട്ട സംവാദം മുസ്ലിം മീഡിയകളില്‍ സജീവമായപ്പോള്‍ പോലും, ഇത്തരം സാമൂഹ്യകാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിന്നും തന്ത്രപരമായ നിസ്സംഗതയാണിവര്‍ പുലര്‍ത്തിയത്‌. എന്നാല്‍, ദുബൈ ഭരണാധികാരിയുടെ ചരമവാര്‍ഷിക ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇവര്‍ക്ക്‌ വിശ്വാസപമായ പ്രതിബന്ധങ്ങളൊന്നുമുണ്ടായതുമില്ല! പണത്തിനു മുന്നില്‍ പിണവും വാപിളര്‍ക്കുമെന്നാണല്ലോ!

ഞങ്ങളല്ലേ, ബന്ധമില്ലേ!

മുജാഹിദ്‌ നേതാക്കളുടെ പിന്നാലെ നടന്ന്‌ പത്രപ്രസ്‌താവന ഇറക്കുന്ന ചില രസിക ശിരോമണികളുണ്ട്‌. മുമ്പൊരിക്കല്‍ സി പി എം, സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച്‌ ഒരു സെമിനാര്‍ കോഴിക്കോട്ട്‌ സംഘടിപ്പിച്ചിരുന്നു. മറ്റനേകം മുസ്ലിം നേതാക്കള്‍ക്കൊപ്പം ഡോ. ഹുസൈന്‍ മടവൂരും ക്ഷണിക്കപ്പെട്ടിരുന്നു. ഉടനെ മുജാഹിദ്‌ സെന്ററില്‍ നിന്ന്‌ പ്രസ്‌താവന, ഞങ്ങളല്ലേ! പിന്നീടൊരിക്കല്‍, അദ്ദേഹം വഖഫ്‌ ബോര്‍ഡിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടപ്പോഴും പ്രസ്‌താവനയുടെ പൂരം. അദ്ദേഹം മാര്‍ക്‌സിസ്റ്റും ഇടതുപക്ഷത്തിന്‌ മുസ്ലിംകളെ അനുനയിപ്പിച്ചു കൊടുക്കുന്നയാളുമാണെന്ന്‌ കുറ്റപ്പെടുത്തി. മറ്റൊരിക്കല്‍ ആണവക്കരാറിനും ഇന്ത്യ–ഇസ്‌റാഈല്‍ സൈനിക ബാന്ധവത്തിനുമെതിരെ ഇടതുപക്ഷ വേദിയില്‍ പ്രസംഗിച്ചതിനും പഴി! സമുദായ ഭ്രഷ്‌ട്‌! ഇപ്പോഴിതാ, തൃശൂര്‍ ഇഫ്‌ത്വാറില്‍ പങ്കെടുത്തവരുമായി ഞങ്ങള്‍ക്കു ബന്ധമില്ലേ എന്ന പ്രസ്‌താവനയുമായി പത്രമാപ്പീസുകള്‍ക്കു മുന്നില്‍ നേതാക്കളുടെ പ്രളയം. സാമൂഹ്യ–രാഷ്‌ട്രീയ പ്രശ്‌നങ്ങള്‍ തങ്ങള്‍ക്ക്‌ നിഷിദ്ധമാണെന്ന്‌ മുമ്പേ തീരുമാനിച്ചിറങ്ങിപ്പോയവര്‍, വീണ്ടും വീണ്ടും ഇത്തരം കാര്യങ്ങളില്‍ `ഞങ്ങളല്ലേ, ബന്ധമില്ലേ... എന്നു പറഞ്ഞ്‌ സമയം കളയേണ്ടതുണ്ടോ?

വാല്‍ക്കഷ്‌ണം: `മടവൂര്‍വിഭാഗത്തിന്‌ അമേരിക്കയുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണം ഉന്നയിക്കാന്‍ വൈകിയത്‌ റമദാനായതിനാലാണെന്ന്‌ എ പി വിഭാഗം കെ എന്‍ എം നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരിക്കുന്നു. ഒരു മഹത്തായ ദീനീസേവനം വെച്ചുതാമസിപ്പിക്കാതെ, എഴുപതിനായിരം പുണ്യം കിട്ടുന്ന വിശുദ്ധമാസത്തില്‍ തന്നെയായിരുന്നില്ലേ ചെയ്യേണ്ടിയിരുന്നത്‌. ഇനി, ഇതൊരു ഊഹം മാത്രമാണെന്ന്‌ ബോധ്യമുണ്ടെങ്കില്‍ അത്‌ റമദാനല്ലാത്തപ്പോള്‍ ജാഇസാണെന്ന്‌ ഏത്‌ കിതാബിലാണ്‌ ഉള്ളത്‌?

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.