20 December 2011

മുജാഹിദുകളും ജമാഅത്തുകാരും ഒരേ ആശയക്കാരായിരുന്നോ? shabab 16 DEC 2011

മുജാഹിദുകളും ജമാഅത്തുകാരും ഒരേ ആശയക്കാരായിരുന്നോ? shabab 16 DEC 2011

കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്ക്‌ നേതൃത്വം നല്‌കിയ പ്രമുഖ പണ്ഡിതന്മാരായ ഹാജി വി പി മുഹമ്മദലി സാഹിബും കെ സി അബ്‌ദുല്ല മൗലവിയും സലഫി ആശയക്കാരായിരുന്നോ? കണ്ണൂരിലെ സലഫി പണ്ഡിതന്‍ എഴുതിയ അത്തൗഹീദ്‌ എന്ന ഗ്രന്ഥത്തില്‍ ദൈവരാജ്യം സ്ഥാപിക്കാനുള്ള ഉപകരണമാണ്‌ ലാഇലാഹ ഇല്ലല്ലാഹ്‌ എന്ന്‌ പറഞ്ഞിട്ടുണ്ടോ? ഇമാം ഖുര്‍ത്തുബിയും ഇമാം റാസിയും ഇബാദത്തിന്‌ ഇത്വാഅത്ത്‌ (അനുസരണം) എന്ന്‌ അര്‍ഥം നല്‌കിയിട്ടുണ്ടോ? മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ നായകനായിരുന്ന മര്‍ഹൂം കെ എം മൗലവി, മൗദൂദി സാഹിബിന്റെ ലേഖനങ്ങള്‍ അല്‍മുര്‍ശിദില്‍ പ്രസിദ്ധീകരിക്കുകയും അദ്ദേഹത്തെ വളരെയധികം പ്രശംസിച്ച്‌ എഴുതുകയും ചെയ്‌തിരുന്നോ?
ഇത്രയും എഴുതിയത്‌ ജമാഅത്തെ ഇസ്‌ലാമിയുടെയും പഴയകാല മുജാഹിദ്‌ നേതാക്കളുടെയും രാഷ്‌ട്ര സങ്കല്‌പവും ആശയവും ഒരുപോലെയായിരുന്നു എന്നും മുജാഹിദ്‌ ജമാഅത്ത്‌ നേതാക്കന്മാര്‍ ഒരു വേദിയില്‍ പല പരിപാടികള്‍ക്കും പങ്കെടുത്തിരുന്നുവെന്നും ടി കെ അബ്‌ദുല്ലയുടെ ലേഖനത്തില്‍ (പ്രബോധനം 22-10-11) വായിക്കാന്‍ കഴിഞ്ഞു. ഇതിന്റെ സത്യാവസ്ഥയെന്ത്‌?
സനാവുല്ല വണ്ടൂര്‍



മരിച്ചുപോയവരോ ജീവിച്ചിരിക്കുന്നവരോ ആയ പണ്ഡിതന്മാരെ സംബന്ധിച്ച്‌ വ്യക്തിപരമായ യാതൊരു പരാമര്‍ശവും നടത്താന്‍ ഉദ്ദേശിക്കുന്നില്ല. `മുസ്‌ലിം' മനസ്സിലാക്കിയേടത്തോളം സലഫീ മാര്‍ഗമെന്നാല്‍ ഏതെങ്കിലും മദ്‌ഹബ്‌ ഇമാമിനെയോ ത്വരീഖത്ത്‌ ശൈഖിനെയോ പിന്തുടരാതെ അല്ലാഹുവിന്റെ ഗ്രന്ഥവും പ്രവാചക ചര്യയും പ്രമാണമാക്കി ജീവിക്കുകയാണ്‌. മഹാന്മാരായ സ്വഹാബികള്‍ മുതല്‍ സമകാലീന തലമുറ വരെ ഈ മാര്‍ഗം പിന്തുടര്‍ന്ന കോടിക്കണക്കില്‍ മുസ്‌ലിംകളുണ്ട്‌.
ഇവരുടെയെല്ലാം വീക്ഷണം എല്ലാ വിശദാംശങ്ങളിലും ഒന്നാകണമെന്നില്ല. ഏതെങ്കിലും ഖുര്‍ആന്‍ സൂക്തത്തിന്റെയോ ഹദീസിന്റെയോ ആശയം വിശദീകരിക്കുന്നതിലോ പ്രമാണങ്ങളില്‍ നിന്ന്‌ മതവിധി നിര്‍ധാരണം ചെയ്യുന്നതിലോ അവരുടെ വീക്ഷാഗതികള്‍ വ്യത്യാസപ്പെട്ടുകൂടായ്‌കയില്ല. സത്യാന്വേഷണത്തില്‍ തെറ്റുപറ്റിയാലും ഒരു വകയില്‍ പ്രതിഫലമുണ്ടെന്ന്‌ നബി(സ) വ്യക്തമാക്കിയിട്ടുള്ളതിനാല്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചതിലെ തെറ്റിന്റെ പേരില്‍ ആക്ഷേപമുന്നയിക്കുന്നത്‌ ശരിയല്ല.

വി പി മുഹമ്മദലി സാഹിബും കെ സി അബ്‌ദുല്ല മൗലവിയും മതാനുഷ്‌ഠാനങ്ങള്‍ക്ക്‌ അവലംബമാക്കിയിരുന്നത്‌ ഖുര്‍ആനും സുന്നത്തുമായിരുന്നെങ്കില്‍ ആ നിലയില്‍ അവരെ സലഫികളെന്ന്‌ വിശേഷിപ്പിച്ചത്‌ തെറ്റാണെന്ന്‌ പറയാനാവില്ല. എന്നാല്‍ ഇസ്‌ലാമികേതര ഭരണകൂടത്തിന്റെ ഭരണനിയമങ്ങള്‍ അനുസരിക്കുന്നത്‌ ത്വാഗൂത്തിനുള്ള ഇബാദത്തും രാഷ്‌ട്രീയ ശിര്‍ക്കുമാണെന്ന സയ്യിദ്‌ മൗദൂദിയുടെ സിദ്ധാന്തം ആ രണ്ടു ജമാഅത്ത്‌ നേതാക്കള്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്ന്‌ അവരുടെ രചനകളില്‍ നിന്ന്‌ വ്യക്തമാണ്‌. ആ സിദ്ധാന്തം സലഫീ മാര്‍ഗമല്ല. അതിനാല്‍ അതിനോട്‌ വിയോജിക്കാതിരിക്കാന്‍ കഴിയില്ല. ആ നേതാക്കളോടുള്ള വിരോധം കൊണ്ടല്ല അത്‌.

അല്ലാഹുവിനുള്ള അനുസരണം മുഴുവന്‍ ഇബാദത്താണെന്ന കാര്യത്തില്‍ സലഫികള്‍ക്കാര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്ന വിഷയത്തില്‍ പിശാചിനെ അനുസരിക്കുന്നത്‌ ഒരര്‍ഥത്തില്‍ പിശാചിനുള്ള ഇബാദത്താണെന്ന്‌ പറയാവുന്നതാണ്‌. എന്നാല്‍ വിഗ്രഹത്തിന്‌ ഇബാദത്ത്‌ ചെയ്യുക എന്നതിന്റെ അര്‍ഥം വിഗ്രഹത്തെ അനുസരിക്കുക എന്നാണെന്ന്‌ ഒരു തഫ്‌സീറിലും പറഞ്ഞിട്ടില്ല. ഇബാദത്ത്‌ എന്ന പദത്തിന്‌ നല്‌കുന്ന അര്‍ഥം അല്ലാഹു കല്‌പിച്ച ഇബാദത്തിനും നിരോധിച്ച ഇബാദത്തിനും ഒരുപോലെ യോജിക്കുന്നതായിരിക്കണം.

അല്‍മുര്‍ശിദില്‍ മാത്രമല്ല ഇപ്പോള്‍ മുജാഹിദുകള്‍ പ്രസിദ്ധീകരിക്കുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങളിലും തര്‍ക്കമില്ലാത്ത വിഷയങ്ങളില്‍ മറ്റു വിഭാഗങ്ങളില്‍ പെട്ടവരുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്‌. തര്‍ക്കവിഷയമായ രാഷ്‌ട്രീയ ശിര്‍ക്കിനെ സംബന്ധിച്ച്‌ മൗദൂദി സാഹിബ്‌ എഴുതിയ ലേഖനങ്ങള്‍ അല്‍മുര്‍ശിദില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലേ കെ എം മൗലവിയുടെയും ജമാഅത്തുകാരുടെയും രാഷ്‌ട്ര സങ്കല്‌പം ഒന്നായിരുന്നു എന്ന്‌ പറയാന്‍ ന്യായമുള്ളൂ.

മുജാഹിദ്‌ നേതാക്കള്‍ ജമാഅത്ത്‌ വേദികളിലും മറിച്ചും പങ്കെടുക്കുക എന്നത്‌ എക്കാലത്തും ഉണ്ടായിട്ടുണ്ട്‌. അതിനു പുറമെ ശരീഅത്ത്‌ വിശദീകരിക്കാനും യുക്തിവാദികളുടെ വിമര്‍ശനങ്ങള്‍ക്ക്‌ മറുപടി നല്‌കാനും ഇരു വിഭാഗവും ചേര്‍ന്ന്‌ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുമുണ്ട്‌. ഇതെല്ലാം ഓരോ വിഭാഗവും സ്വന്തം നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ട്‌ തന്നെയാണ്‌ നടന്നുവരുന്നത്‌.





1 comment:

"Comment moderation" is off in this blog.If it is not displayed, could have gone to spam.