30 December 2011

പാപം ചെയ്യുന്നവന്റെ ഈമാന്‍ - എം ഐ മുഹമ്മദലി സുല്ലമി Shabab 23 DEC 2011

പാപം ചെയ്യുന്നവന്റെ ഈമാന്‍ -- അഖീദ - എം ഐ മുഹമ്മദലി സുല്ലമി
 Shabab 23 DEC 2011


അല്ലാഹുവിന്റെ ആജ്ഞകളും വിധിവിലക്കുകളും അംഗീകരിക്കുകയും അവ പാലിക്കുകയും ചെയ്യേണ്ടത്‌ സര്‍വ മനുഷ്യരുടെയും ബാധ്യതയാണ്‌. വിശ്വാസ കര്‍മ രംഗങ്ങളിലും ജീവിതവ്യവഹാരങ്ങളിലും ദൈവികനിര്‍ദേശങ്ങള്‍ അനുധാവനംചെയ്‌തു ജീവിക്കുന്നവന്‍ പരിപൂര്‍ണ മുസ്‌ലിമാണ്‌. അവന്‍ സൗഭാഗ്യവാനും പാരത്രികവിജയത്തിന്‌ അര്‍ഹനുമാണ്‌. അല്ലാഹു പറയുന്നു:


``നിശ്ചയമായും വിശ്വസിക്കുകയും സദ്‌കര്‍മങ്ങള്‍ അനുഷ്‌ഠിക്കുകയും ചെയ്യുന്നവര്‍ക്ക്‌ ഫിര്‍ദൗസ്‌ തോപ്പുകള്‍ ആതിഥ്യമായി (ലഭിക്കുന്നതാണ്‌). അവരതില്‍ നിത്യവാസികളായിരിക്കും. അവിടെ നിന്ന്‌ മാറാന്‍ അവര്‍ ആഗ്രഹിക്കുകയില്ല.'' (വി.ഖു 18:107,108)


ദൈവികാജ്ഞകള്‍ ലംഘിക്കുന്നവരെല്ലാം പാപികളാണ്‌. മനുഷ്യന്‍ അവിവേകവും അജ്ഞതയും പൈശാചികപ്രേരണയും നിമിത്തം പാപങ്ങള്‍ ചെയ്യുന്നു. പാപത്തിന്റെ പരിഹാരം പശ്ചാത്താപമാകുന്നു. അല്ലാഹുവിങ്കലേക്ക്‌ ഖേദിച്ചു മടങ്ങുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നവരുടെ ഏതുതരം പാപവും പൊറുത്തുതരാമെന്ന്‌ അല്ലാഹു വാഗ്‌ദാനം ചെയ്യുന്നു: ``പറയുക: സ്വന്തം ആത്മാക്കളോട്‌ അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്‌. തീര്‍ച്ചയായും അവന്‍ തന്നെയാണ്‌ ഏറെ പൊറുക്കുന്നവനും കരുണാനിധിയും.'' (സുമര്‍ 52)


പാപവും ഈമാനും


അല്ലാഹുവിന്റെ ആജ്ഞകള്‍ ലംഘിക്കുകയും കുറ്റകൃത്യങ്ങള്‍ നടത്തുകയും ചെയ്യുന്നവന്‍ പാപിയാണ്‌ എന്നതില്‍ ആര്‍ക്കും സന്ദേഹമില്ല. എന്നാല്‍ പാപംചെയ്യുന്ന ഒരു മുസ്‌ലിമിന്റെ സ്ഥിതി എന്താണ്‌, പാപങ്ങള്‍ ഒരാളുടെ വിശ്വാസത്തിന്‌ എത്രമാത്രം ക്ഷതമേല്‌പിക്കും, പാപിയായ മനുഷ്യന്‍ പൂര്‍ണ മുസ്‌ലിമാണോ, പാപം മൂലം ഒരാള്‍ സത്യനിഷേധിയാവുമോ തുടങ്ങിയ ഒട്ടേറെ പ്രശ്‌നങ്ങളില്‍ മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്ട്‌. ആദ്യ നൂറ്റാണ്ടുകളില്‍ ഗൗരവാവഹമായ ചര്‍ച്ചകളും വാദകോലാഹലങ്ങളും ഈ വിഷയത്തില്‍ നടക്കുകയുണ്ടായി. ഖവാരിജുകള്‍, മുഅ്‌തസിലികള്‍, മുര്‍ജിഅകള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളും ഉടലെടുത്തു. ഖുര്‍ആനിനും പ്രവാചകചര്യയ്‌ക്കും വിരുദ്ധമായ അവരുടെ വിതണ്ഡവാദങ്ങളെ സത്യത്തിന്റെ വക്താക്കളായ പണ്ഡിതന്മാര്‍ തുറന്നുകാണിച്ചു. അവരാണ്‌ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ എന്ന പേരില്‍ അറിയപ്പെട്ടത്‌. കാലക്രമേണ വിതണ്ഡവാദികളുടെ ശബ്‌ദം നിലച്ചുപോവുകയും അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയുടെ ആശയാദര്‍ശങ്ങള്‍ മുസ്‌ലിംകള്‍ അംഗീകരിക്കുകയും ചെയ്‌തു.


പാപങ്ങള്‍ പലവിധം


ഒരാള്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും നിഷേധിക്കുന്നു. മറ്റൊരാള്‍ അന്യായമായി ഒരാളെ വധിക്കുന്നു. മൂന്നാമതൊരാള്‍ അങ്ങാടിയില്‍ ശബ്‌ദകോലാഹലമുണ്ടാക്കി സംസാരിക്കുന്നു. ഇവര്‍ മൂന്നുപേരും അല്ലാഹുവിന്റെ ആജ്ഞകള്‍ ലംഘിച്ചവരും പാപം ചെയ്‌തവരുമാണ്‌. എന്നാല്‍ എല്ലാവരുടെയും കുറ്റം തുല്യമല്ല. ഇസ്‌ലാമിന്റെ മൗലികാദര്‍ശങ്ങളെത്തന്നെ നിഷേധിച്ച ആദ്യത്തെ വ്യക്തി തന്റെ പാപം മൂലം ഇസ്‌ലാമികവൃത്തത്തില്‍ നിന്നു തന്നെ പുറത്തുപോയി. അല്ലാഹുവിലും മലക്കുകളിലും പ്രവാചകരിലും അന്ത്യനാളിലും വിധി നിര്‍ണയത്തിലും വിശ്വസിക്കാത്തവന്‍ സത്യനിഷേധിയാണ്‌. വ്യക്തമായ ശിര്‍ക്ക്‌ ചെയ്യുന്നവനും അവിശ്വാസിയുമ3ാണ്‌. നമസ്‌കാരം, സകാത്ത്‌, റമദാനിലെ വ്രതം, ഹജ്ജ്‌ തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമല്ലെന്ന്‌ വാദിക്കുന്നവനും വ്യഭിചാരം, മോഷണം, മദ്യപാനം, പലിശ, അനാഥയുടെ ധനാപഹരണം തുടങ്ങിയവ നിഷിദ്ധങ്ങളല്ലെന്ന്‌ വിശ്വസിക്കുന്നവനും ഇസ്‌ലാമിക വൃത്തത്തിന്‌ പുറത്താണ്‌. നമസ്‌കാരം മനപ്പൂര്‍വം ഉപേക്ഷിക്കുന്നവന്‍ മതഭ്രഷ്‌ടനാണെന്ന്‌ ഒട്ടേറെ പണ്ഡിതര്‍ പ്രസ്‌താവിച്ചിട്ടുണ്ടെന്ന വസ്‌തുത ശ്രദ്ധേയമാണ്‌.


ഒരാള്‍ ശിര്‍ക്കുകളും ബിദ്‌അത്തുകളും ഉപേക്ഷിച്ചാല്‍ അയാള്‍ ഇസ്‌ലാമിക വൃത്തത്തില്‍ നിന്നു പുറത്തുപോകില്ലെന്ന തെറ്റായ ധാരണ ചിലര്‍ വച്ചു പുലര്‍ത്തുന്നതായി കാണപ്പെടുന്നുണ്ട്‌. ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങളോടും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅയുടെ ആദര്‍ശങ്ങളോടും അത്‌ പൊരുത്തപ്പെടുന്നതല്ല. ഈമാനിനും ഇസ്‌ലാമിനും പാടെ വിരുദ്ധമായ വിശ്വാസങ്ങളില്‍ നിന്നും കര്‍മങ്ങളില്‍ നിന്നും മോചിതനായാല്‍ മാത്രമേ ഒരാളെ മുസ്‌ലിമായി പരിഗണിക്കുകയുള്ളൂ.


ഇതര പാപങ്ങള്‍


ഇസ്‌ലാമിക വിശ്വാസത്തെ എതിര്‍ക്കുന്ന വിശ്വാസങ്ങളും പ്രവര്‍ത്തനങ്ങളും ഒരാളില്‍ നിന്ന്‌ അറിഞ്ഞുകൊണ്ട്‌ സംഭവിച്ചാല്‍ അയാള്‍ ഇസ്‌ലാമില്‍ നിന്ന്‌ പുറത്താവുന്നതാണ്‌. ഇക്കാര്യത്തില്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയിലെ ജ്ഞാനികള്‍ക്ക്‌ സംശയമില്ല. എന്നാല്‍ ഒരു വ്യക്തി, നിര്‍ബന്ധമായ കര്‍മങ്ങള്‍ ഉപേക്ഷിക്കുകയോ നിഷിദ്ധമായ വന്‍പാപങ്ങള്‍ പ്രവര്‍ത്തിക്കുകയോ ചെയ്‌താല്‍ അയാളുടെ വിധി എന്ത്‌? ഗുരുതരമായ പാപങ്ങള്‍ ചെയ്യുന്നവരെല്ലാം മതഭ്രഷ്‌ടരാണെന്ന്‌ ഖവാരിജ്‌ വിഭാഗം വാദിക്കുന്നു. മുഅ്‌തസിലികളാവട്ടെ, അത്തരക്കാരെ കാഫിറുകളെന്ന്‌ പറയുന്നില്ലെങ്കിലും വിശ്വാസികളായി അംഗീകരിക്കുന്നില്ല. ഇവരില്‍ നിന്ന്‌ തികച്ചും വിരുദ്ധമായ നിലപാടാണ്‌ മുര്‍ജിഅ വിഭാഗം സ്വീകരിക്കുന്നത്‌. അവരുടെ വീക്ഷണ പ്രകാരം വിശ്വാസവുമായി പ്രവര്‍ത്തനങ്ങള്‍ക്ക്‌ ബന്ധമില്ല. അതിനാല്‍ ഏതു മഹാപാപിയും പൂര്‍ണ മുസ്‌ലിമും സമ്പൂര്‍ണ വിശ്വാസിയുമാണെന്ന്‌ അവര്‍ വാദിക്കുന്നു.


വിശ്വാസിയായിത്തീര്‍ന്നവന്‍ എന്തുതന്നെ ചെയ്‌താലും ഈമാനിന്‌ കോട്ടംതട്ടുകയില്ലെന്ന്‌ അവര്‍ വിശ്വസിക്കുന്നു. അവിശ്വാസിയുടെ കര്‍മങ്ങള്‍ കൊണ്ട്‌ പ്രയോജനമില്ലാത്ത പോലെ വിശ്വാസിയുടെ ദുഷ്‌കര്‍മങ്ങള്‍ കൊണ്ട്‌ ഉപദ്രവവുമില്ല എന്നാണ്‌ അവരുടെ അഭിമതം. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയുടെ ആദര്‍ശം ഇവയില്‍ നിന്നെല്ലാം ഭിന്നമാണ്‌. ഖവാരിജുകള്‍ പറയുന്ന പോലെ, പാപികളെല്ലാം കാഫിറുകളാണെന്ന്‌ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ പഠിപ്പിക്കുന്നില്ല. എന്നാല്‍ പാപം ചെയ്‌തതു മൂലം ഈമാനിനു കോട്ടംതട്ടുകയില്ലെന്ന മുര്‍ജിഅകളുടെ ചിന്താഗതിയും സത്യത്തിന്റെ വാഹകര്‍ തിരസ്‌കരിക്കുന്നു.


വിശ്വാസവും പ്രവര്‍ത്തനങ്ങളും


വിശ്വാസവും കര്‍മവും പരസ്‌പരപൂരകങ്ങളാവുന്നു. ഒരാളുടെ വിശ്വാസം നിഷ്‌കളങ്കവും സമ്പൂര്‍ണവുമാണെങ്കില്‍ അതിന്റെ ഫലം അവന്റെ കര്‍മങ്ങളില്‍ പ്രകടമാവുന്നതാണ്‌. നിഷ്‌കളങ്കമായ സദ്‌കര്‍മങ്ങള്‍ വിശ്വാസത്തെ ദൃഢീകരിക്കുന്നു. സദ്‌കര്‍മങ്ങളില്‍ അലംഭാവം കാണിക്കുകയും ദുഷ്‌കര്‍മങ്ങളില്‍ മുഴുകുകയും ചെയ്യുന്നവന്റെ ഈമാന്‍ ചോര്‍ന്നുപോകുന്നു.


ഈമാനും കര്‍മവും തമ്മിലുള്ള ബന്ധത്തെ നിഷേധിക്കുന്ന മുര്‍ജിഅകളെ നേരിടുന്നതില്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയുടെ പണ്ഡിതര്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്‌. ബുഖാരി തന്റെ കിതാബുല്‍ഈമാന്‍ ആരംഭിക്കുന്നിടത്തു തന്നെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അനുസൃതമായി വിശ്വാസം വര്‍ധിക്കുകയും കുറയുകയും ചെയ്യുന്നുവെന്ന്‌ പ്രസ്‌താവിച്ചിട്ടുണ്ട്‌.


അല്ലാമ ഇബ്‌നുഅബില്‍ഇസ്സില്‍ ഹനഫീ(റ) പറയുന്നു: ``ഈമാന്‍ വര്‍ധിക്കുകയും കുറയുകയും ചെയ്യുമെന്നതിനു ഖുര്‍ആനിലും പ്രവാചകചര്യയിലും പൂര്‍വിക പണ്ഡിതരുടെ വചനങ്ങളിലും ധാരാളം തെളിവുകളുണ്ട്‌. അല്ലാഹു പറയുന്നു: ``അവരുടെ മേല്‍ ദൈവിക വചനങ്ങള്‍ ഓതിക്കേള്‍പിച്ചാല്‍ അത്‌ അവരുടെ വിശ്വാസം വര്‍ധിപ്പിക്കുന്നു.'' (വി.ഖു. 8:2)


നബി(സ) അബ്‌ദുല്‍ഖയ്‌സ്‌ ഗോത്ര പ്രതിനിധികളോട്‌ പറഞ്ഞു: ``ഞാന്‍ നിങ്ങളോട്‌ അല്ലാഹുവില്‍ വിശ്വസിക്കണം എന്നു പറയുന്നു. അല്ലാഹുവിലുള്ള വിശ്വാസം എന്താണെന്ന്‌ നിങ്ങള്‍ക്ക്‌ അറിയാമോ? അല്ലാഹുവല്ലാതെ ആരാധനക്ക്‌ അര്‍ഹനില്ലെന്നും അവന്‌ പങ്കുകാരില്ലെന്നും സാക്ഷ്യംവഹിക്കുക, നമസ്‌കാരം നിലനിര്‍ത്തുക, സകാത്ത്‌ നല്‌കുക, യുദ്ധാര്‍ജിത സമ്പത്തിന്റെ അഞ്ചിലൊരംശം നല്‌കുക.'' (ബുഖാരി, മുസ്‌ലിം)


പ്രവര്‍ത്തനങ്ങള്‍ വിശ്വാസത്തിന്റെ ഭാഗമാണെന്ന്‌ വ്യക്തമാക്കുന്ന തെളിവുകള്‍ അസംഖ്യങ്ങളാണ്‌. അതിനാല്‍ സദ്‌കര്‍മങ്ങള്‍ വര്‍ധിക്കുമ്പോള്‍ ഈമാന്‍ വര്‍ധിക്കുന്നു. അവ കുറയുകയോ പാപങ്ങള്‍ വര്‍ധിക്കുകയോ ചെയ്യുമ്പോള്‍ വിശ്വാസം കുറയുന്നു. അസംഖ്യങ്ങളായ ഇത്തരം രേഖകളെ അവലംബിച്ചുകൊണ്ടാണ്‌ പാപം ചെയ്‌തവന്റെ ഈമാനിന്‌ കോട്ടവും ബലഹീനതയും സംഭവിക്കുമെന്ന്‌ അഹ്‌ലുസ്സുന്നത്തിലെ പണ്ഡിതന്മാര്‍ പ്രസ്‌താവിച്ചത്‌. നേരത്തെ സൂചിപ്പിച്ച പോലെ ഇസ്‌ലാമിന്റെ മൗലികവിശ്വാസങ്ങളെ നിഷേധിക്കുകയോ ഖുര്‍ആന്‍ ഖണ്ഡിതമായി പ്രഖ്യാപിച്ച കാര്യങ്ങളെ തിരസ്‌കരിക്കുകയോ ചെയ്യുന്നവന്‍ അത്തരം പാപങ്ങള്‍ കാരണത്താല്‍ മതത്തില്‍ നിന്ന്‌ ഭ്രഷ്‌ടനായിത്തീരുന്നതാണ്‌.


ഇസ്‌ലാമിന്റെ മൗലികവിശ്വാസങ്ങളെ മാനിക്കുകയും ഖുര്‍ആന്‍ ഖണ്ഡിതമായി പറഞ്ഞ കാര്യങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നവന്‍ തന്റെ പാപങ്ങള്‍ മൂലം മതഭ്രഷ്‌ടനാവില്ല. എന്നാല്‍ പാപങ്ങള്‍ അവന്റെ വിശ്വാസത്തിന്‌ ക്ഷതമേല്‌പിക്കുന്നതാണ്‌. സദ്‌പ്രവര്‍ത്തനങ്ങള്‍ ഈമാനിനെ പരിപോഷിപ്പിക്കുന്നുവെങ്കില്‍ ദുര്‍വൃത്തികള്‍ ഈമാനിനെ ദുര്‍ബലമാക്കുന്നു.


പാപങ്ങള്‍ അവയെത്ര ചെറുതാണെങ്കിലും നാം നിസ്സാരങ്ങളായി കാണാവതല്ല. തന്റെ വിശ്വാസത്തെയും മതത്തെയും പോറലേല്‍ക്കാതെ സംരക്ഷിക്കാനും നരകാഗ്‌നിയില്‍ നിന്ന്‌ രക്ഷനേടാനും പരിശ്രമിക്കുന്നവന്‍ തെറ്റുകള്‍ വന്നുപോകുന്നതില്‍ നിന്ന്‌ സൂക്ഷ്‌മതപുലര്‍ത്തേണ്ടതാണ്‌. എന്തിനധികം, അനുവദനീയമാണോ അതോ നിഷിദ്ധമാണോ എന്നു സംശയിക്കുന്ന കാര്യങ്ങളില്‍ നിന്നുപോലും സൂക്ഷ്‌മത പുലര്‍ത്തണമെന്ന്‌ നബി(സ) പഠിപ്പിച്ചിട്ടുണ്ട്‌.


``അനുവദനീയവും നിഷിദ്ധവുമായ കാര്യങ്ങള്‍ സുവ്യക്തങ്ങളാണ്‌. അവ രണ്ടിനുമിടയില്‍ സംശയാസ്‌പദങ്ങളായ ചില കാര്യങ്ങളുണ്ട്‌. അവ ഹറാമാണോ ഹലാലാണോ എന്ന്‌ ഒട്ടേറെ പേര്‍ക്ക്‌ അറിയുകയില്ല. തന്റെ മതത്തെയും അഭിമാനത്തെയും സംരക്ഷിക്കാന്‍ വേണ്ടി അവയില്‍ നിന്ന്‌ ഒഴിഞ്ഞുനില്‌ക്കുന്നവന്‍ രക്ഷ പ്രാപിച്ചിരിക്കുന്നു. അവയെ പുണരുന്നവന്‍ നിഷിദ്ധത്തെയും പുണരുവാന്‍ താമസമില്ല. നിരോധിതപ്രദേശത്തിന്റെ അരികില്‍ കാലികളെ തീറ്റിക്കുന്നവനെപോലെയാണവന്‍. (ഹിമാ എന്ന അറബി പദത്തിനാണ്‌ നിരോധിത മേഖല എന്ന്‌ അര്‍ഥം നല്‌കിയിട്ടുള്ളത്‌. പൂര്‍വകാലത്ത്‌ രാജാക്കന്മാര്‍ തങ്ങളുടെ കാലികളെ മാത്രം തീറ്റിക്കാനായി നിശ്ചയിച്ചിരുന്ന പുല്‍മേടുകളുണ്ടായിരുന്നു. അവയ്‌ക്കാണ്‌ ഹിമാ എന്ന്‌ പറയുന്നത്‌. അവിടെ മറ്റു കാലികള്‍ പ്രവേശിക്കുന്നത്‌ നിരോധിച്ചിരുന്നു) അവന്‍ നിരോധിത മേഖലയില്‍ പ്രവേശിക്കാന്‍ താമസമുണ്ടാവില്ല. എല്ലാ രാജാക്കന്മാര്‍ക്കും നിരോധിത മേഖലകളുണ്ട്‌. അല്ലാഹുവിന്റെ നിരോധിത മേഖല അവന്‍ നിഷിദ്ധമാക്കിയ കാര്യങ്ങളാണ്‌.'' (ബുഖാരി, മുസ്‌ലിം)



No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.