03 December 2011

ജമാഅത്ത്‌ പരമാധികാരത്തില്‍ നിന്ന്‌ പരമാധികാരത്തിലേക്ക്‌ - SHABAB 02 DEC 2011-

ശംസുദ്ദീന്‍ പാലക്കോട്‌

SHABABWeekly 02 DEC 2011

തലവാചകത്തില്‍ കണ്ട ദുര്‍ഗ്രാഹ്യത പോലെ തന്നെയാണ്‌ ജമാഅത്തെ ഇസ്‌ലാമി എന്ന മതരാഷ്‌ട്ര പ്രസ്ഥാനം അതിന്റെ ആദര്‍ശ നിലപാടുകളില്‍ ഇപ്പോഴും തുടര്‍ന്നുവരുന്ന ദുര്‍ഗ്രാഹ്യത. അത്‌ പരമാവധി സുഗ്രാഹ്യതയോടെ അവതരിപ്പിക്കാനുള്ള ഒരു എളിയ ശ്രമമാണിവിടെ നടത്തുന്നത്‌. ജമാഅത്തുകാര്‍ ക്ഷമിച്ചേ പറ്റൂ!
 `നടന്നു തീരാത്ത വഴികളെ'യോര്‍ത്ത്‌ നിരാശപ്പെട്ടും നടന്നെത്താത്ത വഴികളെപ്പറ്റി വിചാരപ്പെട്ട്‌ അസ്വസ്ഥനായും കഴിയുന്ന പഴയ കാലത്തെ അമീര്‍ അബ്‌ദുല്ലാ സാഹിബ്‌ എന്തായാലും ക്ഷമിച്ചേ പറ്റൂ. കാരണം താങ്കളുടെ അനുയായികള്‍ നടന്നുനടന്ന്‌, വളര്‍ന്ന്‌ വലുതായി അല്‍പമൊക്കെ പ്രാക്‌ടിക്കലായി ചിന്തിച്ച്‌ പുതിയ കാലത്ത്‌, പുതിയ ലോകത്ത്‌, പുതിയ പാര്‍ട്ടിയും പരിപാടിയുമൊക്കെയായി കാലത്തിനൊപ്പം നടക്കാന്‍ തുടങ്ങിയ വിവരം താങ്കള്‍ അറിയാതെ പോയതാണോ എന്നും സംശയമുണ്ട്‌. താങ്കള്‍ ഓര്‍മകള്‍ അയവിറക്കുകയാണെങ്കിലും ഓര്‍മകളില്‍ `പരമാധികാരവും' `ഇബാദത്തും' `ഇത്വാഅത്തും' മണ്ണാങ്കട്ടയും എടുത്ത്‌ വലിച്ചുകൊണ്ടുവന്നത്‌ താങ്കളെപ്പോലെ `വിശ്രമജീവിതം' നയിക്കുന്ന ചെറിയൊരു വിഭാഗത്തെ ഹരം കൊള്ളിക്കുമെങ്കിലും പുതിയ തലമുറയിലെ `ജനപക്ഷ രാഷ്‌ട്രീയക്കാരായ' താങ്കളുടെ അനുയായികളില്‍ ബഹുഭൂരിപക്ഷത്തിനും അത്‌ ദഹനക്കേടുണ്ടാക്കും എന്നെങ്കിലും അബ്‌ദുല്ലാ സാഹിബ്‌ ഓര്‍ക്കേണ്ടതായിരുന്നു.



പറഞ്ഞുപറഞ്ഞു വിഷയം പറയാന്‍ മറക്കരുതല്ലോ. ജമാഅത്ത്‌ പാര്‍ട്ടിയിലെ പുതിയ തലമുറക്ക്‌ അപരിചിതനും പഴയ തലമുറക്ക്‌ ആവേശവുമായിരുന്ന ടി കെ അബ്‌ദുല്ല എന്ന അബ്‌ദുല്ല സാഹിബ്‌ എഴുതുകയാണ്‌: ``രാഷ്‌ട്രീയ, സാമൂഹിക മേഖലകളിലുള്ള അല്ലാഹുവിന്റെ പരമാധികാരത്തെ അന്നേ മുജാഹിദ്‌ പ്രസ്ഥാനത്തിലെ പലരും നിഷേധിക്കുന്നുണ്ടോ എന്നതാണ്‌ മൗലിക പ്രശ്‌നം. അടിസ്ഥാന ആദര്‍ശം അംഗീകരിക്കുന്നുവെങ്കില്‍ അവര്‍ സ്വീകരിക്കുന്ന നയനിലപാടുകള്‍ ഇജ്‌തിഹാദി വിഷയം മാത്രമാണ്‌. ജമാഅത്തെ ഇസ്‌ലാമിക്ക്‌ അത്‌ പ്രശ്‌നമാകേണ്ടതില്ല. ഇസ്‌ലാമിന്റെ രാഷ്‌ട്രീയ വ്യവസ്ഥയുമായി ബന്ധപ്പെട്ട നയപരമായ സമീപനം കൈക്കൊള്ളുന്നതിലുപരി, അടിസ്ഥാനം തന്നെ നിഷേധിക്കുന്നതാണ്‌ പ്രശ്‌നം. ഇബാദത്തില്‍ ഇത്വാഅത്ത്‌ ഉള്‍ക്കൊള്ളുന്നില്ലെന്ന വാദം പോലും രാഷ്‌ട്രീയമായി ബന്ധപ്പെട്ടതാണ്‌. ഒരു പദത്തിന്റെ അര്‍ഥത്തിലുള്ള സാങ്കേതികതയല്ല, അല്ലാഹുവിന്‌ രാഷ്‌ട്രീയ ഹാകിമിയ്യത്ത്‌ ഉണ്ടെന്ന്‌ സമ്മതിക്കേണ്ടിവരുമെന്ന ആശങ്കയാണ്‌ മുജാഹിദ്‌ വാദത്തിന്റെ കാതല്‍. ഇപ്പോഴും യഥാര്‍ഥ പ്രശ്‌നം എന്താണെന്ന്‌ സമൂഹത്തിന്‌ മുന്നില്‍ വേണ്ടവിധം വന്നുകഴിഞ്ഞിട്ടില്ല.'' (നടന്നുതീരാത്ത വഴികളില്‍, പ്രബോധനം 22-10-2011, പേജ്‌ 38)



അബ്‌ദുല്ലാ സാഹിബ്‌ മുന്‍കൈ എടുത്ത്‌ ഇനിയുള്ള വേദികളിലും പേജുകളിലും ഇബാദത്ത്‌, ഇത്വാഅത്ത്‌, താഗൂത്ത്‌, ദൈവത്തിന്റെ പരമാധികാരം, ഹുകൂമത്തെ ഇലാഹി എന്നിവയുടെ നിജസ്ഥിതി വിശദീകരിക്കാന്‍ ഒരു രണ്ടാമൂഴത്തിനിറങ്ങണമെന്ന ആഗ്രഹം കൊള്ളാം. പക്ഷെ, പുതിയ പാര്‍ട്ടിയുമായി ജനാധിപത്യത്തെ കെട്ടിപ്പുണരാന്‍ ഇറങ്ങിത്തിരിച്ച പുതിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഈ ആഗ്രഹം ദഹിക്കുമോ അമീറേ? ദൈവത്തിന്റെ പരമാധികാരം `വേണ്ടവിധം' സമൂഹത്തിന്‌ ബോധ്യപ്പെടുത്താന്‍ അഥവാ താങ്കള്‍ അതിന്‌ തുനിഞ്ഞാല്‍ ഒരുപക്ഷെ താങ്കള്‍ എഴുതിക്കൊണ്ടിരിക്കുന്ന കോളം തന്നെ നിര്‍ത്തിവെപ്പിക്കാന്‍ കരുത്തുള്ള പുതിയ ജനാധിപത്യ-ജനപക്ഷ- ജനപ്രിയ-ജനസേവന തത്വങ്ങള്‍ വാരിപ്പുണര്‍ന്ന നിലയിലുള്ള അമീറും അനുയായികളും അതിനനുവദിക്കുമോ? കണ്ടറിയണം!



ഗുരുതരമായ മൂന്ന്‌ അബദ്ധ ധാരണകള്‍ തന്നെയാണ്‌ പഴയ കാലത്തേക്ക്‌ തിരിഞ്ഞുനോക്കി പഴയ അമീര്‍ ഓര്‍ത്തെടുത്ത്‌ അതുതന്നെയാണ്‌ ജമാഅത്തെ ഇസ്‌ലാമിയുടെ മൗലിക ആദര്‍ശം എന്ന്‌ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്‌. അവ ഇങ്ങനെ സംഗ്രഹിക്കാം:



1). മുജാഹിദുകള്‍ ദൈവത്തിന്റെ പരമാധികാരം അംഗീകരിക്കുന്നില്ല. ജമാഅത്തുകാര്‍ ഭൂമിയില്‍ കുറെ ഭാഗത്ത്‌ അല്ലാഹുവിന്‌ `നഷ്‌ടപ്പെട്ട'(!) പരമാധികാരം പുനസ്ഥാപിക്കാന്‍ വേണ്ടി നിലകൊള്ളുന്നു. മുജാഹിദുകളും യഥാര്‍ഥത്തില്‍ അതിനു വേണ്ടി നിലകൊള്ളേണ്ടവരാണ്‌.



2). ഇബാദത്തിന്‌ ഇത്വാഅത്ത്‌ എന്ന്‌ അര്‍ഥം പറയാന്‍ മുജാഹിദുകള്‍ വിസമ്മതിക്കുന്നത്‌ അല്ലാഹുവിന്‌ രാഷ്‌ട്രീയ ഹാകിമിയ്യത്ത്‌ വകവെച്ചുകൊടുക്കേണ്ടിവരും എന്ന ആശങ്ക മൂലമാണ്‌.



3). `പരമാധികാരത്തിന്റെ' വിഷയത്തിലുള്ള യഥാര്‍ഥ പ്രശ്‌നം എന്താണെന്ന്‌ ഇപ്പോഴും സമൂഹത്തിന്‌ ബോധ്യപ്പെട്ടിട്ടില്ല.



രാഷ്‌ട്രീയ- സാമൂഹിക രംഗത്തുള്ള അല്ലാഹുവിന്റെ പരമാധികാരത്തെ മുജാഹിദുകള്‍ ഉള്‍പ്പെടെയുള്ള മുസ്‌ലിംകള്‍ നിഷേധിക്കുന്നു എന്നത്‌ ജമാഅത്തുകാര്‍ ആദ്യകാലത്ത്‌ അവരുടെ ലിഖിത രേഖകളില്‍ തന്നെ സുലഭമായി ഉന്നയിച്ച ഒരാരോപണമാണ്‌. എന്നാല്‍ ഈ ആരോപണത്തിന്‌ അവര്‍ ഉന്നയിച്ച തെളിവുകള്‍ അവര്‍ക്കെതിരെ തന്നെ തിരിയാന്‍ തുടങ്ങിയപ്പോള്‍ ഈ ആരോപണത്തിന്റെ മുനയൊടിയുകയും ഇതേ ചോദ്യം ജമാഅത്തിന്റെ നേരെ തന്നെ ജനം തിരിച്ചുവിടുകയും ചെയ്‌ത കാര്യം വിശ്രമ ജീവിതം നയിക്കുന്ന അബ്‌ദുല്ല സാഹിബ്‌ അറിയാതെ പോയതാവണം.

ജമാഅത്തുകാരല്ലാത്ത മുസ്‌ലിംകള്‍ അല്ലാഹുവിന്റെ പരമാധികാരം എന്ന `രാഷ്‌ട്രീയ ഹാകിമിയ്യത്ത്‌' അംഗീകരിക്കാത്തവരാണ്‌ എന്നതിലേക്ക്‌ ജമാഅത്തുകാര്‍ അവതരിപ്പിച്ച തെളിവ്‌ അവര്‍ ജനാധിപത്യ ഭരണകൂടങ്ങളില്‍ പങ്കാളിത്തം വഹിക്കുന്നു എന്നതും വോട്ടുചെയ്യുന്നു എന്നതുമായിരുന്നു. ജമാഅത്ത്‌ രേഖകളില്‍ ഇന്നും വായിക്കപ്പെടുന്ന ഒരു വാചകം ഇപ്രകാരമാണ്‌:



``ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്‌ലാമിന്നും ഈമാനിന്നും കടകവിരുദ്ധമാണ്‌. നിങ്ങള്‍ അതിന്റെ മുന്നില്‍ സര്‍വാത്മനാ തല കുനിക്കുകയാണെങ്കില്‍ നിങ്ങളുടെ വിശുദ്ധ ഖുര്‍ആനിനെ പുറകോട്ട്‌ വലിച്ചെറിയലായിരിക്കും. നിങ്ങള്‍ അതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കു വഹിക്കുകയാണെങ്കില്‍ നിങ്ങളുടെ തിരുദൂതനോടു ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും. നിങ്ങള്‍ അതിന്റെ കൊടിപിടിക്കുകയാണെങ്കില്‍ നിങ്ങളുടെ ദൈവത്തിനെതിരെ രാജ്യദ്രോഹക്കൊടി ഉയര്‍ത്തലായിരിക്കും.'' (സയ്യിദ്‌ മൗദൂദി, മതേതരത്വം ദേശീയത്വം ജനാധിപത്യം: ഒരു താത്വിക വിശകലനം, പേജ്‌ 35).



മറ്റൊരു ഉദ്ധരണി കാണുക: ``പ്രത്യക്ഷത്തില്‍ ചില വ്യക്തികളാണെങ്കിലും യഥാര്‍ഥത്തില്‍ ചില സിദ്ധാന്തങ്ങളും പ്രസ്ഥാനങ്ങളുമാണിന്ന്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും ആ വ്യക്തികള്‍ക്ക്‌ വോട്ട്‌ കൊടുക്കുന്നതിന്റെ അര്‍ഥം അവര്‍ പ്രതിനിധാനം ചെയ്യുന്ന അനിസ്‌ലാമിക സിദ്ധാന്തങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ബൈഅത്ത്‌ ചെയ്യുകയാണെന്നും ഒരു യഥാര്‍ഥ മുസല്‍മാന്‌ അത്‌ സാധ്യമല്ല.'' (പ്രബോധനം -1960 ജനുവരി 15)



പുതിയ കാലത്തെ ജമാഅത്തുകാര്‍ കേള്‍ക്കാനോ ഓര്‍ക്കാനോ ചര്‍ച്ച ചെയ്യാനോ ഇഷ്‌ടപ്പെടാത്ത ഈ പ്രതിലോമവാദത്തിലേക്ക്‌ ജമാഅത്തുകാരെ തിരിച്ചുവിളിക്കുന്ന പഴയ അമീര്‍ അതിന്റെ ക്രമപ്രശ്‌നങ്ങള്‍ ഒട്ടും ഓര്‍ത്തുകാണില്ല. ഇത്തരം പ്രതിലോമവാദങ്ങളാണ്‌ ജമാഅത്തിനെ ഇത്രമേല്‍ പൊതു സമൂഹത്തില്‍ തെറ്റിദ്ധരിപ്പിച്ചത്‌ എന്ന്‌ 1985 ല്‍ തന്നെ പ്രമുഖ ജമാഅത്ത്‌ നേതാവ്‌ ടി മുഹമ്മദ്‌ സാഹിബ്‌ വ്യക്തമാക്കുകയുണ്ടായി. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത്‌ ശിര്‍ക്കാണെന്ന്‌ പറഞ്ഞത്‌ തെറ്റാണെന്ന്‌ ജനങ്ങളോട്‌ തിരുത്തിപ്പറയണം എന്ന്‌ അദ്ദേഹം ജമാഅത്തുകാരെ ശക്തമായ ഭാഷയില്‍ ഉണര്‍ത്തിയിരുന്നു. ഇതെല്ലാം മുന്‍ അമീര്‍ മറന്നുപോയതായിരിക്കാമെന്നാണോ വായനക്കാര്‍ വിചാരിക്കേണ്ടത്‌?



രാഷ്‌ട്രീയ സാമൂഹിക മേഖലയില്‍ അല്ലാഹുവിന്റെ പരമാധികാരം എന്നതുകൊണ്ട്‌ എന്താണ്‌ അബ്‌ദുല്ല സാഹിബ്‌ ഉദ്ദേശിക്കുന്നത്‌ എന്നതിലാണ്‌ വ്യക്തത വേണ്ടത്‌. ഭൗതികമായ മേഖലയില്‍ ഒരു ജനാധിപത്യ സമൂഹത്തില്‍ പാര്‍ലമെന്റോ പ്രധാനമന്ത്രിയോ ജനങ്ങളുടെയും രാജ്യത്തിന്റെയും ഭൗതിക പുരോഗതിക്കാവശ്യമായ നിയമനിര്‍മാണം നടത്തിയാല്‍ അത്‌ അല്ലാഹുവിന്റെ `രാഷ്‌ട്രീയ ഹാകിമിയ്യത്ത്‌' എന്ന്‌ അബ്‌ദുല്ലാ സാഹിബ്‌ പറയുന്ന ദൈവിക പരമാധികാരത്തില്‍ പങ്കുചേര്‍ക്കലാകുമോ? മുജാഹിദുകള്‍ ആര്‍ജവത്തോടെ ഉയര്‍ത്തിവിട്ട ഈ ചോദ്യത്തിന്‌ മറുപടി പറയാന്‍ കഴിയുന്ന ഏതേങ്കിലും ശൂറാ മെമ്പറോ സാദാ മുത്തഫിഖോ ജമാഅത്തുകാരിലുണ്ടെങ്കില്‍ ആ മറുപടി കേള്‍ക്കാന്‍ പുതിയ സാഹചര്യത്തില്‍ മുജാഹിദുകള്‍ക്ക്‌ മാത്രമല്ല, എല്ലാ മുസ്‌ലിംകള്‍ക്കും ആകാംക്ഷയും കൗതുകവുമുണ്ട്‌. അതിനാല്‍ മേല്‍ ചോദ്യത്തിന്‌ ആളുകള്‍ക്ക്‌ തിരിയുന്ന ഭാഷയില്‍ മറുപടി പറയാന്‍ ഒരു ടി കെ അബ്‌ദുല്ലയെങ്കിലും തയ്യാറാവുക. `പഴകിപ്പുളിച്ച' ഒരു വിഷയം പുറത്തെടുത്തിട്ട സ്ഥിതിക്ക്‌ പരമാധികാരത്തെ പറ്റിയുള്ള പരമപ്രധാനമായ ഈ ചോദ്യത്തിന്‌ മറുപടി പറയേണ്ട ബാധ്യത അബ്‌ദുല്ല സാഹിബിനുണ്ടല്ലോ.



രണ്ടാമത്തെ വിഷയം ഇബാദത്തും ഇതാഅത്തും സംബന്ധിച്ചുള്ളതാണ്‌. മുജാഹിദുകള്‍ ഇബാദത്ത്‌ എന്ന്‌ കാണുന്നിടത്തെല്ലാം ഇത്വാഅത്ത്‌ എന്ന്‌ അര്‍ഥം പറയാന്‍ വിസമ്മതിക്കുന്നത്‌ ഇബാദത്തിന്റെയും ഇത്വാഅത്തിന്റെയും അര്‍ഥം ശരിക്കും ബോധ്യപ്പെട്ടതുകൊണ്ടാണ്‌. അഥവാ അല്ലാഹുവിന്‌ ഇബാദത്ത്‌ ചെയ്‌തവന്‍ മുസ്‌ലിം. പ്രവാചകന്‌ ഇബാദത്ത്‌ ചെയ്‌തവന്‍ മുശ്‌രിക്ക്‌. ഈ ലളിതമായ സമവാക്യത്തിലൂടെ ഇബാദത്തും ഇത്വാഅത്തും രണ്ടാണെന്ന്‌ മുജാഹിദുകള്‍ ജനങ്ങളെ പഠിപ്പിച്ചു. എന്നാല്‍ ജമാഅത്തുകാര്‍ ചെയ്‌തതോ?



ജനാധിപത്യ സര്‍ക്കാറുകളെയും രാജാധിപത്യ ഗവണ്‍മെന്റുകളെയും അനുസരിച്ചാല്‍ അത്‌ അവര്‍ക്കുള്ള ഇബാദത്താകയാല്‍ അത്‌ ശിര്‍ക്കും കുഫ്‌റുമായി മുദ്രകുത്തി, അത്‌ അല്ലാഹുവിന്റെ പരമാവധികാരത്തില്‍ അഥവാ `രാഷ്‌ട്രീയ ഹാകിമിയ്യത്തില്‍' പങ്കുചേര്‍ക്കലായി വിശേഷിപ്പിച്ചു. അങ്ങനെയാണ്‌ മുന്‍ അമീറുമാരായ അബ്‌ദുല്ലമാരുടെ കാലത്ത്‌ ജമാഅത്തുകാര്‍ ജനാധിപത്യ കോടതികളെ `താഗൂത്ത്‌' എന്ന്‌ മുദ്ര കുത്തിയത്‌. കലാലയങ്ങളെ കൊലാലയങ്ങള്‍ എന്ന്‌ വിശേഷിപ്പിച്ചത്‌. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്നതിനെ നിരുത്സാഹപ്പെടുത്തിയത്‌. സര്‍ക്കാര്‍ ജോലിയില്‍ നിന്ന്‌ ആദ്യകാല ജമാഅത്ത്‌ നേതാക്കള്‍ രാജിവെച്ചതും സര്‍ക്കാര്‍ ജോലി നേടുന്നതില്‍ നിന്ന്‌ മുസ്‌ലിംകളെ നിരുത്സാഹപ്പെടുത്തിയതും.



ഇബാദത്തിന്‌ ഇത്വാഅത്ത്‌ എന്നുകൂടി അര്‍ഥം പറഞ്ഞേ പറ്റൂ എന്ന്‌ ജമാഅത്തുകാര്‍ വാശിപിടിച്ചപ്പോള്‍ അവര്‍ എത്തിപ്പെട്ട സ്വാഭാവിക പരിണിതികളില്‍ ചിലത്‌ മാത്രമാണിവ. ഇബാദത്തിന്‌ ഇത്വാഅത്ത്‌ എന്നര്‍ഥം കൂടി കല്‌പിക്കല്‍ നിര്‍ബന്ധമാക്കിയപ്പോള്‍ ജമാഅത്തുകാര്‍ എത്തിപ്പെട്ട വിഷമസന്ധിയെപ്പറ്റി ആദ്യമായി ജമാഅത്തിനകത്ത്‌ നിന്ന്‌ ഒരു എതിര്‍ശബ്‌ദം വന്നത്‌ ടി മുഹമ്മദ്‌ സാഹിബിന്റേതായിരുന്നു. 1985 ജൂലൈ മാസത്തിലെ ഒരു മാസികയില്‍ നല്‌കിയ അഭിമുഖത്തില്‍ ടി മുഹമ്മദ്‌ സാഹിബ്‌ ഇപ്രകാരം പറയുകയുണ്ടായി:



``വിദ്യാഭ്യാസത്തോടുള്ള നമ്മുടെ സമീപനം രൂക്ഷമായിരുന്നു. നാമത്‌ വിമര്‍ശിച്ചു, പ്രോത്സാഹിപ്പിച്ചില്ല. മൗദൂദി സാഹിബിന്റെ ചില കൃതികളില്‍ `കലാലയങ്ങളല്ല, കൊലാലയങ്ങള്‍' എന്നുവരെ വിശേഷിപ്പിച്ചു. അതേ സ്ഥിതിയില്‍ നാം പ്രചരിപ്പിച്ചു. അവസാനം എന്തായി? വിചാരിച്ചപോലെ മുസ്‌ലിംകളെ, കുട്ടികളെ കിട്ടാതായി. നമ്മുടെ ആളുകള്‍ അത്യധ്വാനം ചെയ്‌ത്‌ പണിത സ്ഥാപനങ്ങള്‍ പോലും ഇന്ന്‌ അതിനായി നിലകൊള്ളുന്നു. അഖിലേന്ത്യാ തലത്തില്‍ നിലപാട്‌ ഇത്രയേറെ രൂക്ഷമായിരുന്നില്ല -ടി എം പറഞ്ഞു.''
``തെരഞ്ഞെടുപ്പ്‌ നയമോ? തെരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ലെന്നായിരുന്നു നയം. പക്ഷെ, ചിലപ്പോഴൊക്കെ സ്വരം രൂക്ഷമായിരുന്നു. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത്‌ ഈമാനെ, അഖീദയെ ബാധിക്കുമെന്നു പറഞ്ഞു'' (വിവേകം മാസിക -1985 ജൂലൈ `ടി എമ്മിനോടൊപ്പം' എന്ന അഭിമുഖ ലേഖനം)
ടി മുഹമ്മദ്‌ സാഹിബ്‌ സൂചിപ്പിച്ച വിഷമഘട്ടത്തിലേക്ക്‌ തിരിച്ചുനടക്കാന്‍ മാത്രമേ ടി അബ്‌ദുല്ലയുടെ മൗദൂദി ദര്‍ശന ഭൂമികയില്‍ നിന്നുകൊണ്ടുള്ള ഇബാദത്തും ഇത്വാഅത്തും രാഷ്‌ട്രീയ ഹാകിമിയ്യത്തും ഉപകരിക്കുകയുള്ളൂ എന്ന്‌ വ്യക്തം. അതിനാല്‍ തന്നെ പുതിയ ലോകത്തെ പുതിയ ജമാഅത്തുകാര്‍ക്കെല്ലാം മുന്‍ അമീറിന്റെ ഇബാദത്ത്‌ ചര്‍ച്ച ദഹനക്കേടുണ്ടാക്കുമെന്നതില്‍ സംശയമില്ല.
രാഷ്‌ട്രീയ ഹാകിമിത്തും ദൈവത്തിന്റെ പരമാധികാരവും സംബന്ധിച്ച യഥാര്‍ഥ പ്രശ്‌നം ഇനിയും സമൂഹത്തിന്റെ മുന്നില്‍ വന്നിട്ടില്ല എന്ന അബ്‌ദുല്ലയുടെ മൂന്നാമത്തെ പരാമര്‍ശം ശരിയല്ല എന്നതിന്‌ മറ്റൊരു അബ്‌ദുല്ല നല്‌കിയ മറുപടി വായിക്കുന്നതിലൂടെ ബോധ്യപ്പെടും. ടി കെ അബ്‌ദുല്ല കളവുപറയുകയോ ഓര്‍മപ്പിശക്‌ പറയുകയോ ആണെന്നും വായനക്കാര്‍ക്ക്‌ ബോധ്യപ്പെടും. ഈ വിഷയത്തില്‍ ജമാഅത്ത്‌ നിലപാടില്‍ ദുരൂഹതയുണ്ടെന്നും മുജാഹിദ്‌ നിലപാടില്‍ സുതാര്യതയാണുള്ളതെന്നും ജമാഅത്തുകാരനായിരുന്ന ഒ അബ്‌ദുള്ള പറയുന്ന ഭാഗം ഇപ്രകാരം:
``അഞ്ചു ദശകങ്ങളായി പാകിസ്ഥാനില്‍ ജമാഅത്ത്‌ പ്രവര്‍ത്തിക്കുന്നു. മുസ്‌ലിം രാഷ്‌ട്രമായിട്ടും ഒരു ബദല്‍ സംവിധാനമായി ഇസ്‌ലാമിന്റെ സാമ്പത്തിക വശങ്ങള്‍ അടക്കമുള്ള വിശദാംശങ്ങള്‍ സമര്‍പ്പിക്കാനോ സമൂഹത്തിന്റെ മുഖഭാവം ധാര്‍മികമായി മാറ്റിയെടുക്കാനോ ഇന്നേവരെ അവിടെ ജമാഅത്തിന്നായിട്ടില്ല. എന്നിരിക്കെ ഇന്ത്യയെ പോലുള്ള ഇരു ഹൈന്ദവ ഭൂരിപക്ഷ രാഷ്‌ട്രത്തില്‍ ഒരു ബദല്‍ ജീവിതപദ്ധതിയായി എങ്ങനെ ഇസ്‌ലാമിനെ അവതരിപ്പിക്കുമെന്നതും ജനതയെക്കൊണ്ടു അംഗീകരിപ്പിക്കുമെന്നുള്ളതുമായിരുന്നു ഞങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നം. കേവലമായ പ്രസംഗങ്ങള്‍ കൊണ്ടും പ്രബന്ധങ്ങള്‍ കൊണ്ടും അത്‌ സാധിക്കുമായിരുന്നുവെങ്കില്‍ ഇതിനകം അതു നടന്നുകഴിഞ്ഞിരിക്കുന്നു. പ്രസംഗിച്ചു പ്രസംഗിച്ചു വളാഞ്ചേരി കോര്‍ണറിലെയും കൊച്ചി കപ്പലണ്ടി മുക്കിലെയും ശാന്തപുരം ചുങ്കത്തെയുമൊക്കെ ജനങ്ങളെ കാണുമ്പോള്‍ സമഗ്രം, സമ്പൂര്‍ണം, സാര്‍വജനീനം എന്നിങ്ങനെയുള്ള ജമാഅത്ത്‌ പദാവലികള്‍ അവര്‍ ഇടപെട്ട്‌ വിളിച്ചുപറയാന്‍ തുടങ്ങിയിരിക്കുന്നു: ``നിങ്ങള്‍ പ്രവര്‍ത്തിക്കൂ; ദൈവം നിങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നുണ്ട്‌ എന്ന ദൈവിക വചനം ഒരാശ്വാസമാണെങ്കിലും ഒരു പ്രസ്ഥാനത്തിന്‌ മുന്നോട്ട്‌ നീങ്ങാനുള്ള പ്രായോഗിക പദ്ധതി അതുതന്നെ ആവിഷ്‌കരിക്കേണ്ടതുണ്ടല്ലോ.''

``ഇന്ത്യയില്‍ നാളെ ഹുകൂമത്തെ ഇലാഹി സ്ഥാപിതമാവുകയും എനിക്കും മറ്റുള്ളവര്‍ക്കും മേഘാലയിലോ മറ്റോ ഗവര്‍ണറാകാന്‍ അവസരം ലഭിക്കുകയും ചെയ്യാന്‍ കഴിയാത്തതിന്റെ അസ്വസ്ഥതയായിരുന്നില്ല ഞങ്ങളെ ഭരിച്ചിരുന്നത്‌. ഒരു ബ്രെയ്‌ക്ക്‌ ത്രൂ ആവശ്യമുണ്ടായിരുന്നു. പൊതു സമൂഹത്തിലേക്കൊരു വഴി. അതില്ല.'' (ഒ അബ്‌ദുല്ല, ചില വഴിമുടക്കികള്‍ എന്ന ലേഖനം, തേജസ്‌ -2008 മാര്‍ച്ച്‌ 2)

ജമാഅത്തില്‍ ജനിച്ച്‌, ജമാഅത്തില്‍ വളര്‍ന്ന ഒ അബ്‌ദുല്ല പറയുന്നു, ജമാഅത്തിന്റെ ആദര്‍ശം പൊതുസമൂഹത്തിലേക്കെത്താതെ ഒരു `ബ്രെയ്‌ക്ക്‌ ത്രൂ' പ്രതിസന്ധിയിലാണുള്ളതെന്ന്‌. ഈ വിഷമസന്ധിയെ ഇപ്പോഴും മറികടക്കാന്‍ ജമാഅത്തിന്‌ സാധിച്ചിട്ടില്ല എന്ന വസ്‌തുതയെ ടി കെ അബ്‌ദുല്ല ബോധപൂര്‍വം തമസ്‌കരിച്ച്‌ പരമാധികാരവും രാഷ്‌ട്രീയ ഹാകിമിയ്യത്തും പറഞ്ഞ്‌ ദുരൂഹത സൃഷ്‌ടിക്കുന്നത്‌ മറ്റൊന്നും പറയാനും എഴുതാനുമില്ലാത്തതുകൊണ്ടായിരിക്കുമെന്ന്‌ വ്യക്തം.
ജമാഅത്തിന്റെ അവസ്ഥ `ബ്രെയ്‌ക്ക്‌ ത്രൂ' കാണാത്ത അവസ്ഥയിലാണെങ്കിലും മുജാഹിദുകളുടെ പ്രബോധനവും പ്രബോധനവിഷയവും സമൂഹത്തിലെത്തുകയും അത്‌ സമൂഹത്തിന്‌ എളുപ്പത്തില്‍ മനസ്സിലാകുന്നുമുണ്ട്‌ എന്നുകൂടി ഒ അബ്‌ദുല്ല മുജാഹിദിനെയും ജമാഅത്തിനെയും താരതമ്യം ചെയ്‌തെഴുതിയിട്ടുണ്ട്‌. ആ ഭാഗം ഇപ്രകാരമാണ്‌:
`പണമുള്ളവര്‍ സകാത്ത്‌ കൊടുക്കണം. എന്നാല്‍ സകാത്ത്‌ കൊടുക്കാന്‍ പണമുണ്ടാക്കാന്‍ അല്ലാഹു ആവശ്യപ്പെടുന്നില്ല. പണമില്ലാത്തതിനാല്‍ സകാത്ത്‌ കൊടുക്കാത്തതുകൊണ്ട്‌ ഒരാളുടെയും ദീന്‍ അപൂര്‍ണമാകുന്നില്ല. അതിനാല്‍ തന്നെ മൗലാനാ മൗദൂദിയുടെ `സ്വന്തം ഭരണമില്ലാത്ത ദീനിന്റെ അവസ്ഥ ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത വീടുപോലെയാണ്‌' എന്ന പ്രസിദ്ധമായ ഉദ്ധരണിയെ മുജാഹിദു വിഭാഗം അതി നിശിതമായി വമര്‍ശനത്തിന്‌ വിധേയമാക്കുന്നു.
അല്ലാഹു അന്നതാദാവ്‌ (റാസിഖ്‌), ഹാകിം (നിയമനിര്‍മാതാവ്‌, ഭരണാധികാരി) എന്നൊക്കെ പറയുമ്പോള്‍ അത്‌ ഒരര്‍ഥത്തില്‍ സാപേക്ഷികമാണ്‌. അയാളാണ്‌ എനിക്ക്‌ അന്നം തരുന്നത്‌ എന്നൊരാള്‍ പറയുന്നത്‌ ദൈവത്തെ നിരാകരിച്ചുകൊണ്ടല്ല. അയാള്‍ ഒരു മാധ്യമമാണ്‌ എന്ന്‌ സൂചിപ്പിക്കുക മാത്രമാണ്‌. ദൈവം മാലിക്‌ അഥവാ ഉടമസ്ഥനാണ്‌. സകല ചരാചരങ്ങളുടെയും ഉടമ. എന്നാല്‍ ഭൂമിയും മറ്റും രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മനുഷ്യരെ ഉദ്ദേശിച്ചു നാം ഉടമസ്ഥന്‍ എന്ന്‌ യഥേഷ്‌ടം ഉപയോഗിക്കുന്നു. അല്ലാഹുവാണ്‌ റീസര്‍വേ അനുസരിച്ച്‌ ഈ ഭൂമിയുടെ ഉടമസ്ഥന്‍ എന്നാരും ആധാരത്തില്‍ എഴുതാറില്ല. ഇപ്രകാരം മനുഷ്യന്‌ അല്ലാഹുവിന്റെ സവിശേഷ ഗുണങ്ങളായ റാസിഖ്‌, മാലിക്‌ തുടങ്ങിയ വിശേഷണങ്ങളാകാമെങ്കില്‍ എന്തുകൊണ്ടവന്‍ ഹാകിമായിക്കൂടാ? ഇതാണ്‌ മുജാഹിദ്‌ പക്ഷത്തു നിന്നുള്ള ചോദ്യം.'' (ഒ അബ്‌ദുല്ല, ജനാധിപത്യവും ദൈവാധിപത്യവും എന്ന ലേഖനം, തേജസ്‌ 30-12-2007)

മുജാഹിദുകളുടെ ഈ പ്രസക്തമായ ചോദ്യം തന്നെയാണ്‌ അവര്‍ അല്ലാഹുവിന്റെ പരമാധികാരത്തെ നിഷേധിക്കുന്നവരായി മുദ്ര കുത്താന്‍ ജമാഅത്തുകാരെ പ്രേരിപ്പിച്ച ഏക തെളിവ്‌! മറുപടിയില്ലെങ്കില്‍ ദുരാരോപണമുന്നയിക്കുകയും പരിഹസിക്കുകയും ചെയ്യുക എന്ന ജമാഅത്തിന്റെ ജനിതകസ്വഭാവം തന്നെയാണ്‌ പഴയ അമീറായ ടി കെ അബ്‌ദുല്ലയുടെ ഓര്‍മകളില്‍ ഇപ്പോഴും നുരഞ്ഞുപൊന്തുന്നത്‌.

1985ല്‍ വിവേകത്തിനനുവദിച്ച ടി മുഹമ്മദ്‌ സാഹിബിന്റെ അഭിമുഖം പഴയ ഓര്‍മകള്‍ അയവിറക്കുന്ന ഈ സന്ദര്‍ഭത്തില്‍ അബ്‌ദുല്ല സാഹിബ്‌ തേടിപ്പിടിച്ച്‌ വായിക്കുന്നത്‌ കാര്യങ്ങളെ കുറെക്കൂടി സത്യസന്ധമായി വിലയിരുത്താന്‍ ഒരു പരിധി വരെ സഹായിക്കും. ഇബാദത്ത്‌, ഇത്വാഅത്ത്‌, താഗൂത്ത്‌, അല്ലാഹുവിന്റെ പരമാധികാരം എന്നീ വിഷയങ്ങളില്‍ അവ്യക്തത നിലനില്‍ക്കുന്നത്‌ ജമാഅത്തു നേതാക്കളിലാണെന്നും മുജാഹിദുകളുടെ വാദങ്ങളും നിലപാടുകളും വ്യക്തവും സുതാര്യവുമാണെന്നും ടി മുഹമ്മദ്‌ സാഹിബ്‌ സൂചിപ്പിച്ച കാര്യം മുന്‍ അമീര്‍ വായിച്ചിരുന്നുവെങ്കില്‍ രാഷ്‌ട്രീയ ഹാകിമയത്ത്‌ സമൂഹത്തിന്‌ മുന്നില്‍ ഇനിയും ബോധ്യപ്പെട്ടിട്ടില്ല എന്ന്‌ അദ്ദേഹത്തിന്‌ വിലപിക്കേണ്ടി വരുമായിരുന്നില്ല. രാഷ്‌ട്രീയ ഹാകിമിയ്യത്തിനെ പറ്റിയും ദൈവത്തിന്റെ പരമാധികാരത്തെ പറ്റിയും `നല്ല അവബോധമുള്ള' മുന്‍ അമീറും നിലവിലുള്ള അമീറും അവര്‍ രണ്ടു കൂട്ടരുടെയും അന്നത്തെയും ഇന്നത്തെയും അനുയായികളും അല്ലാഹുവിന്‌ രാഷ്‌ട്രീയ ഹാകിമയ്യത്ത്‌ നേടിക്കൊടുക്കാന്‍(!) ഇതുവരെ എന്ത്‌ ചെയ്‌തു? ഇപ്പോള്‍ എന്ത്‌ ചെയ്യുന്നു? എന്നുകൂടി അബ്‌ദുല്ല സാഹിബ്‌ വിശദീകരിക്കുമെങ്കില്‍ വളരെ സന്തോഷം. കാരണം രാഷ്‌ട്രീയ ഹാകിമിയ്യത്ത്‌ സ്ഥാപിക്കുക എന്ന മുഖ്യ അജണ്ടയുമായി രംഗത്തുവന്ന ഒരു പ്രസ്ഥാനം ആ രംഗത്ത്‌ ഇതുവരെ എന്തു ചെയ്‌തു എന്ന്‌ പൊതുസമൂഹത്തോടും മതസമൂഹത്തോടും വിശദീകരിക്കേണ്ട ബാധ്യതയുണ്ടല്ലോ.
 
 
 

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.