24 December 2011

Jeasus Christ - What Holy Quran tells about birth..

Holy Quran ,Chapter 19 Maryam

بسم الله الرحمن الرحيم


"വേദഗ്രന്ഥത്തില്‍ മര്‍യമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. അവള്‍ തന്‍റെ വീട്ടുകാരില്‍ നിന്നകന്ന് കിഴക്ക് ഭാഗത്തുള്ള ഒരു സ്ഥലത്തേക്ക് മാറിത്താമസിച്ച സന്ദര്‍ഭം. (16) എന്നിട്ട് അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ (ജിബ്‌രീലിനെ) നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. (17) അവള്‍ പറഞ്ഞു: തീര്‍ച്ചയായും നിന്നില്‍ നിന്ന് ഞാന്‍ പരമകാരുണികനില്‍ ശരണം പ്രാപിക്കുന്നു. നീ ധര്‍മ്മനിഷ്ഠയുള്ളവനാണെങ്കില്‍ (എന്നെ വിട്ട് മാറിപ്പോകൂ.) (18) അദ്ദേഹം (ജിബ്‌രീല്‍) പറഞ്ഞു: പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ നിനക്ക് ദാനം ചെയ്യുന്നതിന് വേണ്ടി നിന്‍റെ രക്ഷിതാവ് അയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍. (19) അവള്‍ പറഞ്ഞു: എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? യാതൊരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഞാന്‍ ഒരു ദുര്‍നടപടിക്കാരിയായിട്ടുമില്ല. (20) അദ്ദേഹം പറഞ്ഞു: (കാര്യം) അങ്ങനെതന്നെയാകുന്നു. അത് തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന് നിന്‍റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു. അവനെ (ആ കുട്ടിയെ) മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തവും, നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ആക്കാനും (നാം ഉദ്ദേശിക്കുന്നു.) അത് തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു. (21) അങ്ങനെ അവനെ ഗര്‍ഭം ധരിക്കുകയും, എന്നിട്ട് അതുമായി അവള്‍ അകലെ ഒരു സ്ഥലത്ത് മാറിത്താമസിക്കുകയും ചെയ്തു. (22) അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്‍റെ അടുത്തേക്ക് കൊണ്ട് വന്നു. അവള്‍ പറഞ്ഞു: ഞാന്‍ ഇതിന് മുമ്പ് തന്നെ മരിക്കുകയും, പാടെ വിസ്മരിച്ച് തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ! (23) ഉടനെ അവളുടെ താഴ്ഭാഗത്ത് നിന്ന് (ഒരാള്‍) വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്‍റെ താഴ്ഭാഗത്ത് ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു. (24) നീ ഈന്തപ്പനമരം നിന്‍റെ അടുക്കലേക്ക് പിടിച്ചുകുലുക്കിക്കൊള്ളുക. അത് നിനക്ക് പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്‌. (25)


അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണുകുളിര്‍ത്തിരിക്കുകയും ചെയ്യുക. ഇനി നീ മനുഷ്യരില്‍ ആരെയെങ്കിലും കാണുന്ന പക്ഷം ഇപ്രകാരം പറഞ്ഞേക്കുക: പരമകാരുണികന്ന് വേണ്ടി ഞാന്‍ ഒരു വ്രതം നേര്‍ന്നിരിക്കയാണ് അതിനാല്‍ ഇന്നു ഞാന്‍ ഒരു മനുഷ്യനോടും സംസാരിക്കുകയില്ല തന്നെ. (26) അനന്തരം അവനെ (കുട്ടിയെ) യും വഹിച്ചുകൊണ്ട് അവള്‍ തന്‍റെ ആളുകളുടെ അടുത്ത് ചെന്നു. അവര്‍ പറഞ്ഞു: മര്‍യമേ, ആക്ഷേപകരമായ ഒരു കാര്യം തന്നെയാകുന്നു നീ ചെയ്തിരിക്കുന്നത്‌. (27) ഹേ; ഹാറൂന്‍റെ സഹോദരീ, നിന്‍റെ പിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്‍റെ മാതാവ് ഒരു ദുര്‍നടപടിക്കാരിയുമായിരുന്നില്ല. (28) അപ്പോള്‍ അവള്‍ അവന്‍റെ (കുട്ടിയുടെ) നേരെ ചൂണ്ടിക്കാണിച്ചു. അവര്‍ പറഞ്ഞു: തൊട്ടിലിലുള്ള ഒരു കുട്ടിയോട് ഞങ്ങള്‍ എങ്ങനെ സംസാരിക്കും? (29) അവന്‍ (കുട്ടി) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ ദാസനാകുന്നു. അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെ അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. (30) ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കുവാനും സകാത്ത് നല്‍കുവാനും അവന്‍ എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു. (31) (അവന്‍ എന്നെ) എന്‍റെ മാതാവിനോട് നല്ല നിലയില്‍ പെരുമാറുന്നവനും (ആക്കിയിരിക്കുന്നു.) അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല. (32) ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്‍റെ മേല്‍ ശാന്തി ഉണ്ടായിരിക്കും. (33) അതത്രെ മര്‍യമിന്‍റെ മകനായ ഈസാ അവര്‍ ഏതൊരു വിഷയത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥാര്‍ത്ഥമായ വാക്കത്രെ ഇത്‌. (34) ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിന്നുണ്ടാകാവുന്നതല്ല. അവന്‍ എത്ര പരിശുദ്ധന്‍! അവന്‍ ഒരു കാര്യം തീരുമാനിച്ച് കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രംചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു. (35) (ഈസാ പറഞ്ഞു:) തീര്‍ച്ചയായും അല്ലാഹു എന്‍റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാര്‍ഗം. (36) എന്നിട്ട് അവര്‍ക്കിടയില്‍ നിന്ന് കക്ഷികള്‍ ഭിന്നിച്ചുണ്ടായി. അപ്പോള്‍ അവിശ്വസിച്ചവര്‍ക്കത്രെ ഭയങ്കരമായ ഒരു ദിവസത്തിന്‍റെ സാന്നിദ്ധ്യത്താല്‍ വമ്പിച്ച നാശം. (37)"
http://tanzil.net/#trans/ml.abdulhameed/19:1


--------------------------------------------
Holy Quran Chapter 4: verses156-157 explanataion
190. യഥാര്‍ഥത്തില്‍ ഹ: ഈസാ(അ)യുടെ ജനനം ജൂതസമുദായത്തില്‍ യാതൊരു സന്ദേഹത്തിനും ആശയക്കുഴപ്പത്തിനും ഇടയില്ലാത്ത സംഭവമായിരുന്നു. അസാധാരണമായ ഒരു വ്യക്തിത്വത്തിന്റെ ഉടമസ്ഥനാണ് അദ്ദേഹമെന്നും ഒരു പാപത്തിന്റെ ഫലമല്ല, വെറും അമാനുഷിക നിയന്ത്രണത്തിന്റെ ഫലമാണ് ആ ജന്മമെന്നും ഉള്ളതിന് ജൂതജനത മുഴുവന്‍ സാക്ഷിയാണ്. യഹൂദ സമുദായത്തിലെ മതപാരമ്പര്യമുള്ള ഒരു പ്രസിദ്ധ കുടുംബത്തില്‍ പുലര്‍ന്ന മാന്യയും കുലീനയുമായ ഒരു കന്യക ഒരു കൈക്കുഞ്ഞിനേയുമെടുത്തു വരുന്നു. സമുദായത്തിലെ ചെറിയവരും വലിയവരുമായ ആയിരക്കണക്കിനാളുകള്‍ അവളുടെ ഗൃഹത്തില്‍ തടിച്ചുകൂടുന്നു. അവരില്‍നിന്ന് തുരുതുരെ പ്രവഹിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ, ആ കന്യക മൌനം ദീക്ഷിച്ചുകൊണ്ട് `ഇവനോട് ചോദിക്കുക` എന്ന അര്‍ഥത്തില്‍ ആ നവജാതശിശുവിന്റെ നേരെ ആംഗ്യം കാണിക്കുന്നു. തൊട്ടിലില്‍ കിടക്കുന്ന ശിശുവിനോട് എന്തു ചോദിക്കാനെന്ന് അമ്പരപ്പോടെ അവര്‍ പറയുന്നു. അപ്പോഴതാ വളരെ വ്യക്തവും സരളവുമായ ഭാഷയില്‍ ആ കുഞ്ഞ് സദസ്സിനോട് സംസാരിക്കുന്നു: إِنِّي عَبْدُ اللَّهِ آتَانِيَ الْكِتَابَ وَجَعَلَنِي نَبِيًّا(ഞാന്‍ അല്ലാഹുവിന്റെ ദാസനാകുന്നു. എനിക്കവന്‍ വേദം നല്‍കുകയും എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു 19:30). ഇങ്ങനെ യേശുവിന്റെ ജന്മത്തെപ്പററി ഉല്‍ഭവിച്ചേക്കാമായിരുന്ന സംശയത്തിന്റെ അടിവേരുതന്നെ അല്ലാഹു എന്നേക്കുമായി അറുത്തുകളഞ്ഞു. അതുകൊണ്ടുതന്നെ ഈസാ(അ) യൌവനദശ പ്രാപിക്കുന്നതുവരെ ആരുമൊരിക്കലും മര്‍യമിന്റെ പേരില്‍ വ്യഭിചാരക്കുറ്റം ആരോപിക്കുകയോ ഈസാ(അ)യെ ജാരപുത്രനെന്നധിക്ഷേപിക്കുകയോ ചെയ്തില്ല. എന്നാല്‍, അദ്ദേഹത്തിന് മുപ്പത് വയസ്സാവുകയും പ്രവാചകദൌത്യം നിര്‍വഹിച്ചുതുടങ്ങുകയും ചെയ്തപ്പോഴാണ് മാതാവും പുത്രനും അധിക്ഷേപത്തിനിരയായത്. ഈസാ(അ) യഹൂദികളുടെ ദുര്‍നടപ്പുകളെ ആക്ഷേപിച്ചു. അവരുടെ പണ്ഡിതപുരോഹിതന്മാരുടെ കപടഭക്തിയെ വിമര്‍ശിച്ചു. അവരുടെ സാധാരണക്കാരും പ്രത്യേകക്കാരും അടിപ്പെട്ടുപോയ ധാര്‍മികാധപ്പതനത്തെപ്പറ്റി താക്കീതുചെയ്തു. അല്ലാഹുവിന്റെ ദീന്‍ നിലനിര്‍ത്തുകയെന്ന ലക്ഷ്യം പ്രാപിക്കാനായി എല്ലാവിധ ത്യാഗങ്ങളും സഹിക്കുകയും എല്ലാ രംഗങ്ങളിലും പൈശാചികശക്തികളോട് പൊരുതുകയും ചെയ്യേണ്ടതായ `ഒരപകട`മാര്‍ഗത്തിലേക്ക് അദ്ദേഹം അവരെ ക്ഷണിച്ചു. അപ്പോഴാണ് സത്യത്തിന്റെ ശബ്ദത്തെ അടിച്ചമര്‍ത്താനായി എന്തിനും മടിക്കാത്ത ഈ പാപികള്‍ നീചതരമായ ആയുധങ്ങള്‍ പോലും പ്രയോഗിക്കാനൊരുങ്ങിയത്. മുപ്പത് വര്‍ഷത്തോളം പറയാതിരുന്ന കള്ളം അപ്പോളവര്‍ പറയാന്‍ ധൃഷ്ടരായി! മര്‍യം വേശ്യയാണെന്നും ഈസാ ജാരസന്താനമാണെന്നും!! എന്നാല്‍ മാതാവും പുത്രനും തികച്ചും പരിശുദ്ധരാണെന്ന് ഈ ദ്രോഹികള്‍ക്ക് നന്നായറിയാമായിരുന്നു. ആ കശ്മലഹൃദയന്മാരുടെ യഥാര്‍ഥമായ സംശയമായിരുന്നില്ല; സത്യത്തെ എതിര്‍ക്കാന്‍വേണ്ടി മനഃപൂര്‍വം കെട്ടിച്ചമച്ച ഒരു തനി അപവാദം മാത്രമായിരുന്നു അത്. അതുകൊണ്ടാണ് അക്രമം, കളവ് എന്നുമാത്രം പറയാതെ സത്യനിഷേധം എന്ന വിശേഷണം കൂടി അതിന് അല്ലാഹു നല്‍കിയത്. എന്തെന്നാല്‍, ഒരു നിരപരാധയുടെ മേല്‍ അപരാധം ചുമത്തുകയായിരുന്നില്ല, അല്ലാഹുവിന്റെ ദീനിനെ എതിര്‍ക്കുകയായിരുന്നു അവരുടെ യഥാര്‍ഥ ഉദ്ദേശ്യം.
191. അവരുടെ ധിക്കാരപരമായ ധാര്‍ഷ്ട്യത്തിന്റെ പാരമ്യം നോക്കുക. മസീഹ് ദൈവദൂതനാണെന്ന് അവര്‍ക്കറിയാമായിരുന്നു. എന്നിട്ട് അദ്ദേഹത്തെ കൊലചെയ്യാനുദ്യമിക്കുകയും "ഞങ്ങള്‍ ദൈവദൂതനെ വധിച്ചുകളഞ്ഞു`` എന്നു സാഭിമാനം ഘോഷിക്കുകയും ചെയ്യുന്നു. യഹൂദികള്‍ക്ക് മസീഹിന്റെ പ്രവാചകത്വത്തില്‍ യാതൊരു സന്ദേഹത്തിനും ഇടയുണ്ടായിരുന്നില്ലെന്ന് അദ്ദേഹം ശിശുവായിരിക്കെ തൊട്ടിലില്‍ കിടന്നു സംസാരിച്ച സംഭവത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ മനസ്സിലാവുന്നുണ്ട്. കൂടാതെ, ഈസാ(അ)യിലൂടെ അല്ലാഹു വെളിപ്പെടുത്തിയ നിരവധി അത്ഭുതകൃത്യങ്ങളും അമാനുഷിക സംഭവങ്ങളും (ആലുഇംറാന്‍, 5-ാം ഖണ്ഡികയില്‍ വിവരിച്ചവ) അദ്ദേഹത്തിന്റെ പ്രവാചകത്വത്തെ അസന്ദിഗ്ധമായി തെളിയിച്ചിട്ടുമുണ്ട്. ആകയാല്‍ ഈസാ(അ)യോട് യഹൂദികള്‍ അനുവര്‍ത്തിച്ച നയം യാതൊരു തെറ്റുധാരണയുടെയും അടിസ്ഥാനത്തിലുള്ളതല്ല. ദൈവത്തിന്റെ സത്യദൂതനെന്ന് നല്ലപോലെ അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു അദ്ദേഹത്തെ അവര്‍ വധിക്കാനുദ്യമിച്ചത് എന്നര്‍ഥം. ഒരു സമുദായം തങ്ങളില്‍ ദൈവദൂതനായി വന്ന മഹാത്മാവിനെ ദൈവദൂതനെന്നറിഞ്ഞുകൊണ്ടുതന്നെ വധിക്കാനുദ്യമിക്കുന്നത് പ്രത്യക്ഷത്തില്‍ വളരെ ആശ്ചര്യകരമായി തോന്നാം. എന്നാല്‍ വ്യതിചലിച്ച സമുദായങ്ങളുടെ പാരമ്പര്യങ്ങളും സമ്പ്രദായങ്ങളും എത്രയും വിചിത്രമായിരിക്കുന്നു. തങ്ങള്‍ നിര്‍ബാധം ചെയ്തുവന്നിരുന്ന തിന്മകളെയും ദുഷ്ചെയ്തികളെയും അധിക്ഷേപിക്കുകയും തടയുകയും ചെയ്യുന്ന വ്യക്തി ആരായാലും ശരി, അയാളെ പൊറുപ്പിക്കുവാന്‍ അവര്‍ സന്നദ്ധരാവുകയില്ല. അദ്ദേഹം പ്രവാചകന്‍തന്നെ ആയിക്കൊള്ളട്ടെ, അത്തരം വ്യക്തികള്‍ക്ക് ദുഷ്ടജനം തുറുങ്കും തൂക്കുമരവുമാണ് എന്നും സമ്മാനിച്ചിട്ടുള്ളത്. തല്‍മൂദില്‍ പറയുന്നു: “നെബുക്കഡ് നസ്സര്‍ (ബുഖ്ത്തു നസര്‍) ബൈത്തുല്‍ മഖ്ദിസ് കീഴടക്കിയപ്പോള്‍ അവിടെയുള്ള ശലമോന്‍ ദേവാലയത്തില്‍ (ഹൈക്കല്‍ സുലൈമാനി) കടന്നു നടന്നുനോക്കി. അദ്ദേഹം യാഗസ്ഥലത്തിന്റെ മുമ്പിലുള്ള ചുമരിന്മല്‍ ഒരസ്ത്രചിഹ്നം കാണുകയുണ്ടായി. “`ഇതെന്താണ്?` അദ്ദേഹം യഹൂദരോട് ചോദിച്ചു. `ഇവിടെ വെച്ചാണ് സെഖറിയ്യാവ് എന്ന പ്രവാചകനെ ഞങ്ങള്‍ വധിച്ചത്.` അവര്‍ തുടര്‍ന്നു: അദ്ദേഹം ഞങ്ങളുടെ ദുര്‍നടത്തങ്ങളെ അധിക്ഷേപിച്ചിരുന്നു. അവസാനം ആ അധിക്ഷേപങ്ങള്‍ ഞങ്ങള്‍ക്ക് അസഹ്യമായിത്തീര്‍ന്നപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തെ വധിച്ചുകളഞ്ഞു.’’ ബൈബിളില്‍ യിരെമ്യാ (യര്‍മിയാ) പ്രവാചകനെ സംബന്ധിച്ചു വന്ന കഥ നോക്കുക: അദ്ദേഹം ഇസ്റായീല്യരുടെ അതിരുകവിഞ്ഞ ദുഷ്ചെയ്തികളെക്കുറിച്ച് താക്കീത് ചെയ്തുകൊണ്ട് പറഞ്ഞു: നിങ്ങള്‍ ഈ ദുഷ്കര്‍മങ്ങളില്‍നിന്ന് പിന്തിരിയാത്തപക്ഷം ഇതര ജാതിക്കാരാല്‍ നശിപ്പിക്കപ്പെടുമെന്ന്. ഇതു കാരണം, ഇവന്‍ കല്‍ദായക്കാരോട് (കല്‍ദാനികള്‍) ചേര്‍ന്നവന്‍, സമുദായ വഞ്ചകന്‍ എന്നും മറ്റുമുള്ള കുറ്റങ്ങളാരോപിച്ചു അദ്ദേഹത്തെ ആമത്തില്‍ (തുറുങ്കില്‍) വെച്ചു. ഹ: മസീഹിന്റെ കുരിശുസംഭവത്തിന് രണ്ടര വര്‍ഷം മുമ്പ് യോഹന്നാന്‍ (യഹ്യാ) പ്രവാചകനോട് ജൂതന്മാര്‍ കാണിച്ച കടുംകൈ നോക്കുക: യഹൂദികള്‍ക്കിടയില്‍ ഒരു പ്രവാചകനായി, അഥവാ ഒരു പുണ്യവാളനായെങ്കിലും അറിയപ്പെട്ടിരുന്ന ആളായിരുന്നു യോഹന്നാന്‍. പക്ഷേ, യെഹൂദ്യരാജാവായ ഹെരോദോവിന്റെ കൊട്ടാരത്തില്‍ നടമാടുന്ന ദുര്‍വൃത്തികളെ വിമര്‍ശിച്ചതിനാല്‍ അദ്ദേഹത്തെ ഹെരോദോവ് ആദ്യം തുറുങ്കിലാക്കുകയും പിന്നീട് തന്റെ കാമുകിയുടെ ആവശ്യമനുസരിച്ച് ഗളഹസ്തം ചെയ്യുകയുമാണ് ചെയ്തത്. യഹൂദികളുടെ ഈ റിക്കാര്‍ഡ് കാണുമ്പോള്‍, യേശുക്രിസ്തുവിനെ കുരിശിലേറ്റിയെന്ന് തെറ്റിദ്ധരിച്ച ശേഷം, `ദൈവദൂതനെ ഞങ്ങള്‍ വധിച്ചു` എന്ന് അവര്‍ കൊട്ടിഘോഷിക്കുന്നതില്‍ യാതൊരാശ്ചര്യവും തോന്നാനില്ല.
193. കുരിശു സംഭവത്തിന് മുമ്പായിത്തന്നെ മസീഹ്(അ) അല്ലാഹുവിങ്കലേക്കുയര്‍ത്തപ്പെട്ടിരുന്നുവെന്നാണീ വാക്യത്തിന്റെ ധ്വനി. മസീഹ് ക്രൂശിക്കപ്പെട്ടുവെന്ന ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും വിശ്വാസം വെറും തെറ്റുധാരണയില്‍നിന്നുല്‍ഭൂതമായതാണ്. ഖുര്‍ആന്റെയും ബൈബിളിന്റെയും പ്രസ്താവനകള്‍ താരതമ്യപഠനം നടത്തുന്ന ഒരാള്‍ക്ക് ഇതുമാത്രമേ മനസ്സിലാക്കാന്‍ കഴിയൂ. പിലാത്തോസി(റോമന്‍ ഗവര്‍ണര്‍)ന്റെ കോടതിയില്‍ ആനയിക്കപ്പെട്ടത് സാക്ഷാല്‍ മസീഹ്തന്നെയായിരിക്കണം. എന്നാല്‍ മരണശിക്ഷക്ക് വിധിക്കുകയും, യഹൂദന്മാര്‍ മസീഹിനെപ്പോലൊരു പരിശുദ്ധാത്മാവിന്റെ ജീവനെക്കാള്‍ ഒരു കൊള്ളക്കാരന്റെ ജീവന് കൂടുതല്‍ വിലകല്‍പിച്ചുകൊണ്ട് തങ്ങളുടെ സത്യവിരോധവും അസത്യപ്രേമവും ഒന്നുകൂടി വെളിപ്പെടുത്തുകയും ചെയ്തപ്പോള്‍ അല്ലാഹു അദ്ദേഹത്തെ ഉയര്‍ത്തുകയുണ്ടായി. അനന്തരം യഹൂദികള്‍ ക്രൂശിച്ചത് മസീഹിന്റെ പരിശുദ്ധ ദേഹത്തെയായിരുന്നില്ല, മറ്റേതോ ഒരുത്തനെയായിരുന്നു. അയാള്‍ യേശുക്രിസ്തുവാണെന്ന് ജനങ്ങള്‍ എങ്ങനെയോ ധരിച്ചുവശായി. പക്ഷേ, ഇതുകൊണ്ട് ആ ജനതയുടെ കുറ്റത്തിന് യാതൊരു കുറവും വരുന്നില്ല. എന്തെന്നാല്‍ അവര്‍ മുള്‍ക്കിരീടം ധരിപ്പിച്ചതും മുഖത്ത് തുപ്പിയതും അപമാനിതനാക്കി കുരിശിലേറ്റിയതുമൊക്കെ അയാള്‍ മര്‍യമിന്റെ പുത്രനായ സാക്ഷാല്‍ യേശുക്രിസ്തുവാണെന്ന ധാരണയില്‍തന്നെയായിരുന്നു. യഹൂദികള്‍ക്ക് വാസ്തവം തിരിച്ചറിയാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്ന് തീര്‍ത്തുപറയാന്‍ വയ്യ. ക്രൂശിച്ചത് യേശുവിനെയാണെന്ന് തോന്നിയതിന്റെ കാരണത്തെപ്പറ്റി വെറും ഭാവനയുടെയോ അനുമാനത്തിന്റെയോ അടിസ്ഥാനത്തില്‍ വല്ലതും പറയുന്നതിനര്‍ഥമില്ല. ഏതായാലും, കുരിശുസംഭവത്തിനു മുമ്പായിത്തന്നെ യഹൂദരുടെ കൈയില്‍നിന്ന് ഈസാ(അ) രക്ഷപ്പെട്ടുകഴിഞ്ഞിരുന്നുവെന്നത് പരമാര്‍ഥമാണ്.


194. `ഭിന്നാഭിപ്രായക്കാരെ`ന്നാല്‍ ക്രിസ്ത്യാനികളാണുദ്ദേശ്യം. ക്രൈസ്തവര്‍ക്കിടയില്‍ ഏകകണ്ഠമായ അഭിപ്രായമല്ല കുരിശുസംഭവത്തെക്കുറിച്ചുള്ളത്. നിരവധി അഭിപ്രായഗതികളുണ്ട്. ഇത്രയധികം ഭിന്നാഭിപ്രായമുണ്ടായതുതന്നെ തെളിയിക്കുന്നുണ്ട്, യാഥാര്‍ഥ്യം അവര്‍ക്കും സംശയാസ്പദമാണെന്ന്. ചിലര്‍ പറയുന്നു: `കുരിശില്‍ തറച്ചത് മസീഹിനെയല്ല, മസീഹിനോട് രൂപസാമ്യമുള്ള മറ്റൊരാളെയാണ്. അയാളെ ജൂതന്മാരും റോമന്‍ പട്ടാളക്കാരും ക്രൂശിച്ചപമാനിക്കുമ്പോള്‍ യേശുക്രിസ്തു ഒരിടത്തുനിന്ന് അവരുടെ വിഡ്ഢിത്തമോര്‍ത്ത് ചിരിച്ചുകൊണ്ടിരുന്നു.` മറ്റൊരു കൂട്ടര്‍ പറയുന്നു: `കുരിശില്‍ ഏറ്റിയത് മസീഹിനെത്തന്നെയായിരുന്നു. പക്ഷേ, അദ്ദേഹം കുരിശില്‍ വെച്ച് മരിച്ചില്ല. കുരിശില്‍ നിന്നിറക്കിയശേഷം അദ്ദേഹത്തിന് ജീവനുണ്ടായിരുന്നു.` വേറൊരു പക്ഷം ഇതാണ്: `കുരിശില്‍വെച്ച് തന്നെ മരിച്ചു. പിന്നീട് ഉയിര്‍ത്തെഴുന്നേറ്റു. ഏതാണ്ട് പത്ത് പ്രാവശ്യമെങ്കിലും ശിഷ്യന്മാരുമായി സന്ധിക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്.` മറ്റൊരു പക്ഷം: `കുരിശില്‍വെച്ചു മൃതിയടഞ്ഞത് യേശുക്രിസ്തുവിന്റെ ജഡം മാത്രമാണ്. അത് സംസ്കരിക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിലുണ്ടായിരുന്ന ദിവ്യാത്മാവ് ഉയര്‍ത്തപ്പെടുകയാണുണ്ടായത്.` വേറൊരു പക്ഷം: `മരണശേഷം ജഡത്തോടുകൂടി ജീവിക്കുകയും ജഡത്തോടെ ഉയര്‍ത്തപ്പെടുകയും ചെയ്തു.` യാഥാര്‍ഥ്യം ക്രൈസ്തവര്‍ക്ക് അറിവുണ്ടായിരുന്നെങ്കില്‍ ഇത്രമേല്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ അവരില്‍ പ്രസിദ്ധമാവുകയില്ലായിരുന്നുവെന്ന് വ്യക്തമാണല്ലോ
http://www.thafheem.net


പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്‌) . എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്‌) കീഴ്പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക. (3:64)


വി.ഖു 5:75, കുറിപ്പ് 101 , തഫ്ഹീമുല്‍ ഖുര്‍ആന്‍
101. ക്രിസ്ത്യാനികള്‍ അബദ്ധവിശ്വാസങ്ങളും അസത്യമാര്‍ഗങ്ങളും സ്വീകരിച്ചത് ആരില്‍ നിന്നാണോ ആ വഴിപിഴച്ച ജനസമുദായങ്ങളിലേക്ക്, വിശിഷ്യാ യവനതത്വശാസ്ത്രകാരന്മാരിലേക്കാണ് സൂചന. അവരുടെ ചിന്താഗതികളില്‍ ആകൃഷ്ടരായിട്ടാണ് ക്രൈസ്തവനേതാക്കള്‍ ആരംഭത്തില്‍ അവര്‍ക്ക് നല്‍കപ്പെട്ട സല്‍പന്ഥാവില്‍ നിന്ന് വ്യതിചലിച്ചത്. മസീഹിന്റെ ആദ്യത്തെ അനുയായികള്‍ അംഗീകരിച്ചിരുന്ന ആദര്‍ശം ഏറെക്കുറെ തങ്ങള്‍ നേരിട്ടു കണ്ടതും നേതാക്കള്‍ അഭ്യസിപ്പിച്ചതുമായ യാഥാര്‍ഥ്യത്തിനനുസരിച്ചുള്ളതായിരുന്നു. എന്നാല്‍ അനന്തരകാലത്ത് മസീഹിനോടുള്ള ഭക്തിവിശ്വാസത്തില്‍ അവര്‍ അതിക്രമിച്ചുപോയി. മറുഭാഗത്ത് അയല്‍ സമുദായങ്ങളുടെ തത്വശാസ്ത്രപരമായ അന്ധവിശ്വാസങ്ങളില്‍ ആകൃഷ്ടരായി തങ്ങളുടെ ആദര്‍ശങ്ങള്‍ക്ക് അതിശയോക്തിപരങ്ങളായ വ്യാഖ്യാനങ്ങള്‍ നല്‍കിത്തുടങ്ങി. അവസാനം മസീഹിന്റെ സാക്ഷാല്‍ നിര്‍ദ്ദേശങ്ങള്‍ക്ക് പാടെ വിരുദ്ധമായ ഒരു പുതിയ മതം തന്നെ അവര്‍ ആവിഷ്കരിച്ചു. ഈ വിഷയകമായി ഒരു ക്രൈസ്തവ മതപണ്ഡിതനായ റവറണ്ട് ചാറള്‍സ് എണ്ടേഴ്സന്‍ സ്കോട്ടിന്റെ പ്രസ്താവന എത്രയും ശ്രദ്ധേയമാണ്. എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്കയുടെ പതിനാലാം പതിപ്പില്‍ Jesus Christ എന്ന ശീര്‍ഷകത്തില്‍ അദ്ദേഹം സുദീര്‍ഘമായ ഒരു ലേഖനം എഴുതിയിട്ടുണ്ട്. അതില്‍ പറയുന്നു: ആദ്യത്തെ മൂന്നു സുവിശേഷങ്ങളില്‍ (മത്തായി  , മാര്‍ക്കോസ്  , ലൂക്കോസ് ) അവയുടെ ലേഖകന്മാര്‍ യേശുക്രിസ്തുവിനെ ഒരു മനുഷ്യനില്‍ കവിഞ്ഞു മറ്റു വല്ലതുമായി മനസ്സിലാക്കിയിരുന്നുവെന്നൂഹിക്കാവുന്ന ഒന്നും കാണുന്നില്ല. അവരുടെ ദൃഷ്ടിയില്‍ അദ്ദേഹം ഒരു മനുഷ്യനായിരുന്നു. ദൈവത്തിന്റെ ആത്മാവിനാല്‍ അനുഗൃഹീതനായ ഒരു മനുഷ്യന്‍; ദൈവവുമായി സദാ ബന്ധമുള്ള ഒരു മനുഷ്യന്‍. തന്മൂലം അദ്ദേഹത്തെ ദൈവപുത്രന്‍ എന്നു വിളിക്കുകയാണെങ്കില്‍ അത് യുക്തമായിരിക്കും. മത്തായി അദ്ദേഹത്തെ ആശാരിയുടെ പുത്രനായി വിവരിച്ചിരിക്കുന്നു. ഒരിടത്ത് പത്രോസ്  അദ്ദേഹത്തെ മസീഹായി അംഗീകരിച്ച ശേഷം, "അവനെ വേറിട്ടു കൊണ്ടുപോയി ശാസിച്ചു തുടങ്ങി`` എന്നും പറഞ്ഞിരിക്കുന്നു. (മത്തായി 16 : 22) കുരിശു സംഭവത്തിന്റെ ശേഷം ക്രിസ്തുവിന്റെ രണ്ടു ശിഷ്യന്മാര്‍ `എമ്മുവുസ്സി`ല്‍ കടന്നു ചെന്നു അദ്ദേഹത്തെ പ്രവാചകന്‍ എന്ന് അഭിസംബോധന ചെയ്തത് ലൂക്കോസില്‍ നാം കാണുന്നു. "ദൈവത്തിനും സകലജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന, നസറായനായ യേശു``(ലൂക്കോസ് 24 : 19) എന്ന്. ഇവിടെ ഒരു സംഗതി പ്രത്യേകം ശ്രദ്ധേയമത്രെ: മാര്‍ക്കോസിന്റെ  സുവിശേഷത്തിനു മുമ്പു തന്നെ യേശുക്രിസ്തുവിനെ പറ്റി "ലാര്‍ഡ്`` എന്ന പ്രയോഗം ക്രിസ്ത്യാനികള്‍ക്കിടയില്‍ പൊതുവെ പ്രചാരപ്പെട്ടിരുന്നു. എന്നിട്ടും മാര്‍ക്കോസിന്റെ സുവിശേഷത്തിലൊരിടത്തും ആ പേരില്‍ അദ്ദേഹത്തെ അനുസ്മരിച്ചതായി നാം കാണുന്നില്ല. മത്തായിയുടെ സുവിശേഷത്തിലും അങ്ങനെ കാണുന്നില്ല. മറിച്ചു ആ പദം ദൈവത്തിനു പ്രയോഗിച്ചതായി പ്രസ്തുത രണ്ട് സുവിശേഷങ്ങളിലും ധാരാളം കാണാവുന്നതാണ്. യേശുക്രിസ്തുവിന്റെ പരീക്ഷണവൃത്താന്തം (കുരിശു സംഭവം) മൂന്നു സുവിശേഷങ്ങളിലും അതിന്റെ മഹത്വത്തിനു യോജിക്കുംവണ്ണം ശക്തിയുക്തം പ്രതിപാദിച്ചിട്ടുണ്ട്. എന്നാല്‍ "ജീവനെ മറുവിലയായി കൊടുക്കുക`` (10 : 45) എന്ന മാര്‍ക്കോസിന്റെ  പ്രയോഗവും അവസാന `പെസഹ`യുടെ സന്ദര്‍ഭത്തില്‍ അദ്ദേഹം പറഞ്ഞ മറ്റു ചില വാക്കുകളുമൊഴിച്ചാല്‍ ആ സംഭവത്തിനു പില്‍ക്കാലത്ത് നല്‍കപ്പെട്ടിട്ടുള്ള അര്‍ഥം മുമ്പു വല്ലപ്പോഴെങ്കിലും നല്‍കിയതായി കാണുകയില്ല. മനുഷ്യന്റെ പാപവുമായോ പാപമോചനവുമായോ അദ്ദഹത്തിന്റെ മരണത്തിനു വല്ല ബന്ധവുമുണ്ടെന്നതിലേക്ക് ഒരു എളിയ സൂചന പോലും ആ സുവിശേഷങ്ങളില്‍ കാണുന്നില്ല. അദ്ദേഹം തുടര്‍ന്നു എഴുതുന്നു: യേശുക്രിസ്തു, തന്നെ ഒരു പ്രവാചകനായിട്ടാണ് അവതരിപ്പിച്ചതെന്നുള്ള വസ്തുത സുവിശേഷങ്ങളുടെ ധാരാളം വാചകങ്ങളില്‍ നിന്നു വ്യക്തമാവുന്നുണ്ട്. ഉദാഹരണമായി, "ഇന്നും നാളെയും മറ്റന്നാളും ഞാന്‍ സഞ്ചരിക്കേണ്ടതാകുന്നു. യെരുശലമിനു പുറത്തുവെച്ചു ഒരു പ്രവാചകന്‍ നശിച്ചുപോവുക അസംഭവ്യമല്ലോ`` (ലൂക്കോസ് 13: 33) അദ്ദേഹം തന്നെപ്പറ്റി `മനുഷ്യപുത്രന്‍` എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്... എന്നാല്‍ `ദൈവപുത്രന്‍` എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. സമകാലീനര്‍ തന്നെപ്പറ്റി ആ പദം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ മിക്കവാറും `ദൈവത്താല്‍ ജ്ഞാനസ്നാനം ചെയ്യപ്പെട്ടവന്‍` എന്ന അര്‍ഥത്തിലാണത്. എന്നാല്‍ കേവലം `പുത്രന്‍` എന്ന് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നു. ദൈവവുമായി തനിക്കുള്ള അഗാധബന്ധത്തെ ദ്യോതിപ്പിക്കാനായി `പിതാവ്` എന്ന പദവും അതേ ആശയത്തില്‍ അദ്ദേഹം പ്രയോഗിക്കാറുണ്ടായിരുന്നു. ഈ ബന്ധത്തെ സംബന്ധിച്ചിടത്തോളം താനതില്‍ അദ്വിതീയനോ ഏകനോ ആണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നില്ല. പ്രത്യുത, ദൈവികബന്ധത്തില്‍ മറ്റുള്ളവരേയും തന്റെ പങ്കാളികളായിട്ടാണ് ആരംഭഘട്ടത്തില്‍ അദ്ദേഹം ഗണിച്ചിരുന്നത്. പിന്നീട് അവരുടെ പ്രകൃതത്തെക്കുറിച്ചുള്ള കൂലങ്കഷമായ പഠനവും അനുഭവവും തദ്വിഷയത്തില്‍ താനൊറ്റയാണെന്നു മനസ്സിലാക്കാന്‍ തന്നെ നിര്‍ബന്ധിച്ചു. ലേഖകന്‍ പിന്നെയും എഴുതുന്നു: "പെന്തിക്കോസ്ത്`` പെരുന്നാള്‍ സന്ദര്‍ഭത്തില്‍ പത്രോസ് പറഞ്ഞു, "ദൈവത്തിങ്കല്‍ നിന്നുള്ള ഒരു മനുഷ്യന്‍`` എന്ന വാക്ക് നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്, യേശുവിനെ തന്റെ സമകാലീനര്‍ ഏത് നിലക്കാണ് മനസ്സിലാക്കിയിരുന്നതെന്ന്.. യേശു ശൈശവം മുതല്‍ യൌവ്വനം വരെ തികച്ചും പ്രകൃതിയുക്തമായിട്ടാണ് തന്റെ ശാരീരികവും മാനസികവുമായ വളര്‍ച്ചാഘട്ടങ്ങള്‍ തരണം ചെയ്തതെന്ന് സുവിശേഷങ്ങളില്‍ നിന്ന് മനസ്സിലാവുന്നു. "അദ്ദേഹം വിശപ്പും ദാഹവുമുള്ളവനായിരുന്നു. അദ്ദേഹത്തിനു ക്ഷീണം ബാധിച്ചിരുന്നു. ഉറക്കവും മയക്കവുമുണ്ടായിരുന്നു. പരിഭ്രമവും അന്ധാളിപ്പും പിടിപെട്ടിരുന്നു. സ്ഥിതിഗതികള്‍ അന്വേഷിച്ചറിയേണ്ടിയിരുന്നു. ദുഃഖമനുഭവിച്ചുകൊണ്ടാണ് അദ്ദേഹം മരണമടഞ്ഞത്. താന്‍ സര്‍വശ്രോതാവും സര്‍വ ദ്രഷ്ടാവുമാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. പ്രത്യുത, അതിനെ വ്യക്തമായും നിഷേധിക്കുകയാണുണ്ടായത്.... അദ്ദേഹം എല്ലാം കാണുന്നവനും സമീപസ്ഥനുമാണെന്ന് വാദിക്കപ്പെടുകയാണെങ്കില്‍ സുവിശേഷങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലായ വിഭാവനത്തിനു കടക വിരുദ്ധമാണീ വാദം. പരീക്ഷണ സന്ദര്‍ഭത്തിലും ഗിതസ്മനിയില്‍വെച്ചും കോപ്പടിയില്‍വെച്ചും ഉണ്ടായ സംഭവങ്ങളുമായി അതൊട്ടു യോജിക്കുന്നുമില്ല. അങ്ങനെ യോജിപ്പിക്കണമെങ്കില്‍ അതെല്ലാം അയഥാര്‍ഥമായി തള്ളേണ്ടി വരും. പ്രസ്തുത സ്ഥിതി വിശേഷങ്ങളെല്ലാം നടക്കുമ്പോള്‍ മാനുഷിക ജ്ഞാനത്തിന്റെ സാമാന്യ പരിമിതി അദ്ദേഹത്തോട് ഒട്ടിപ്പിടിച്ചിരുന്നു. വല്ലതും ഒഴിവാക്കാവുന്നതുണ്ടെങ്കില്‍ അത് പ്രവാചകോചിതമായ ആന്തരദൃഷ്ടിയുടെയും ദൈവത്തിലുള്ള ഉറച്ച വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലുള്ള ഒന്നു മാത്രമാണ്. കൂടാതെ, യേശുക്രിസ്തു അജയ്യനായ ദൈവമായിരുന്നുവെന്ന് മനസ്സിലാക്കാനുള്ള യാതൊരു പഴുതും സുവിശേഷങ്ങളില്‍ കാണുന്നില്ല. തന്റെ യാതൊരു പ്രവൃത്തിയും ദൈവമുക്തമോ സ്വതന്ത്രമോ ആയിരുന്നില്ല. എല്ലാം ദൈവാശ്രിതങ്ങളായിരുന്നു. അടിക്കടി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. "പ്രാര്‍ഥനകൊണ്ടല്ലാതെ മറ്റൊരു വഴിക്കും സാധിക്കാത്തതാണിത്`` എന്നിങ്ങനെയുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ ദ്യോതിപ്പിക്കുന്നുണ്ട്, തന്റെ സത്ത തികച്ചും ദൈവാശ്രിതമായിരുന്നവെന്ന്. സുവിശേഷങ്ങളുടെ ചരിത്രപരമായ പ്രാധാന്യതയ്ക്ക് ഒരു മുഖ്യ തെളിവാണിത്. ക്രിസ്തുസഭകള്‍ മശിഹായെ ദൈവമെന്ന് ധരിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് സുവിശേഷങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിക്കപ്പെട്ടിരുന്നില്ലെങ്കിലും പ്രസ്തുത രേഖകളില്‍ നിന്ന് ഒരു വശത്ത് യേശുക്രിസ്തു ഒരു മനുഷ്യനായിരുന്നുവെന്നും മറുവശത്ത് താന്‍ സ്വയം ദൈവമെന്ന് ധരിച്ചിരുന്നില്ലെന്നും തെളിയുന്നു.`` അനന്തരം അദ്ദേഹം തുടരുന്നു: "ഉയര്‍ത്തപ്പെടാല്‍ സംഭവം നടക്കുമ്പോള്‍ ആ ക്രിയ മുഖേന യേശുക്രിസ്തു എല്ലാവിധ അധികാരസ്വാതന്ത്യ്രങ്ങളോടും കൂടിയ `ദൈവപുത്ര`പദവിയിലേക്കുയര്‍ന്നു എന്ന് പ്രഖ്യാപിച്ചത് സെന്റ് പോളാകുന്നു N996...... ഈ `ദൈവപുത്ര` പ്രയോഗത്തില്‍, പോള്‍ തന്നെ മറ്റൊരു സ്ഥലത്ത് വ്യക്തമാക്കിയ പ്രകാരം `ദൈവത്തിന്റെ സ്വന്തം പുത്രന്‍` എന്ന ആശയം അന്തര്‍ഭവിച്ചിട്ടുണ്ട്. മശിഹാക്ക് `കര്‍ത്താവ്` എന്ന സ്ഥാനപ്പേര്‍ അതിന്റെ സാക്ഷാല്‍ മതവിവക്ഷയില്‍ പ്രയോഗിച്ചത് പോളോ, അതോ ആദ്യക്രിസ്ത്യാനികളോ എന്ന് തീര്‍ത്തുപറവാന്‍ വയ്യ. ഒരു പക്ഷേ, ആദ്യക്രിസ്ത്യാനികളായിരിക്കാം അത് ചെയ്തത്. പക്ഷേ, അതിനെ അതിന്റേതായ സമ്പൂര്‍ണാര്‍ഥത്തില്‍ പ്രയോഗിക്കാന്‍ തുടങ്ങിയത് പോളാണെന്നതില്‍ സംശയമില്ല. പിന്നീട് തന്റെ വാദം ഒന്നു കൂടി വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം `കര്‍ത്താവായ യേശുക്രിസ്തു`വിനോട് പല ധാരണകളും സാങ്കേതിക സംജ്ഞകളും കൂട്ടിച്ചേര്‍ത്തു. അവയാകട്ടെ, പുരാതന ദൈവഗ്രന്ഥങ്ങളില്‍ `യഹോവ` (അല്ലാഹു)യുടെ സവിശേഷതകളായിരുന്നു. അദ്ദേഹം യേശുക്രിസ്തുവിനെ ദൈവത്തിന്റെ മഹത്വത്തോടും ജ്ഞാനത്തോടും സാമ്യപ്പെടുത്തിക്കളഞ്ഞു. അദ്ദേഹത്തെ കേവലാര്‍ഥത്തില്‍ ദൈവപുത്രനാക്കുകയും ചെയ്തു. പോള്‍ മശീഹായെ പല നിലക്കും ദൈവതുല്യനായി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തെ `യഹോവ` യെന്നു വിളിക്കുന്നതില്‍ നിന്ന് എന്തുകൊണ്ടോ ഒഴിഞ്ഞു നിന്നിരിക്കുകയാണ്.`` എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്കയില്‍ N241, `ക്രിസ്ത്യാനിറ്റി`(Christianity) എന്ന തലക്കെട്ടില്‍, ക്രൈസ്തവസഭയുടെ അടിസ്ഥാന ദര്‍ശനങ്ങള്‍ പ്രതിപാദിച്ചുകൊണ്ട് റവ: ജോര്‍ജ്ജ് വില്യം നാക്സ് എഴുതിയ ലേഖനത്തിലെ താഴെ പറയുന്ന ഭാഗം ശ്രദ്ധേയമാണ്: ത്രിയേകത്വ വിശ്വാസത്തിന്റെ വിചാരപരമായ മൂശ ഗ്രീക്ക് നിര്‍മിതമാകുന്നു. ജൂതസിദ്ധാന്തങ്ങളെ അതില്‍ വാര്‍ത്തെടുത്തിരിക്കുന്നു. ഈ വശത്തില്‍ കൂടി നോക്കിയാല്‍ ബഹുവിചിത്രമായ ഒരു ഘടനയത്രെ അത്; മതപരമായ ആശയങ്ങള്‍ ബൈബിളിന്റേതും അവ വാര്‍ത്തെടുത്ത കരു ഇതര തത്വശാസ്ത്രത്തിന്റേതും. "പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ സാങ്കേതിക സംജ്ഞകള്‍ യഹൂദികള്‍ വഴിക്കു വന്നതാണ്. പരിശുദ്ധാത്മാവ് എന്ന പദം ദുര്‍ല്ലഭമായി ചിലപ്പോഴൊക്കെ യേശുക്രിസ്തു തന്നെ പ്രയോഗിച്ചിരുന്നു. പോളും അതുപയോഗിച്ചിരുന്നു. എങ്കിലും അതിന്റെ സാരം തികച്ചും അവ്യക്തമായിരുന്നു. എന്നാല്‍ യഹൂദ സാഹിത്യങ്ങളില്‍ അത് ഒരു മൂര്‍ത്തിമല്‍ഭാവത്തോട് അടുത്തിട്ടുണ്ടായിരുന്നു. അപ്പോള്‍ ഈ വിശ്വാസത്തിന്റെ പദാര്‍ഥം യഹൂദികളുടേതും, (പ്രസ്തുത ഘടനയില്‍ ലയിക്കുന്നതിനു മുമ്പ് അത് ഗ്രീക്കിന്റെ സ്വാധീനം കൈക്കൊണ്ടിരുന്നുവെങ്കിലും) പ്രശ്നം തനി യവനവുമാണ്. പ്രസ്തുത വിശ്വാസം ഉടലെടുക്കാന്‍ ഹേതുവായ യഥാര്‍ഥ പ്രശ്നം ധാര്‍മികമോ മതപരമോ ആയ ഒന്നല്ലായിരുന്നു. തികച്ചും തത്വശാസ്ത്രപരമായിരുന്നു. അതായത്, പ്രസ്തുത ത്രിമൂര്‍ത്തികള്‍ (പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്) തമ്മിലുള്ള ബന്ധത്തിന്റെ പൊരുളെന്ത് എന്ന പ്രശ്നമായിരുന്നു. ഈ പ്രശ്നത്തിനു ക്രൈസ്തവസഭ നല്‍കിയ ഉത്തരമാണ് പ്രസ്തുത വിശ്വാസത്തിലന്തര്‍ഭൂതമായിരിക്കുന്നത്. നിക്കെയ്യാ കൌണ്‍സില്‍ അംഗീകരിച്ച പ്രസ്തുത വിശ്വാസം പരിശോധിച്ചാല്‍ തന്നെ അറിയാം, സകല സവിശേഷതകള്‍കൊണ്ടും അത് തികച്ചും ഗ്രീക്ക് ചിന്തയുടെ മാതൃകയാണെന്ന്.`` ഈ വിഷയകമായി എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്കയില്‍ ചര്‍ച്ച് ഹിസ്ററി (Church History) എന്ന ലേഖനത്തിലെ താഴെ കാണിക്കുന്ന ഭാഗവും ശ്രദ്ധേയമാണ്: "ക്രിസ്ത്വാബ്ദം മൂന്നാം നൂറ്റാണ്ട് അവസാനിക്കുന്നതിന് മുമ്പ് യേശുക്രിസ്തുവിനെ പൊതുവെ `വചനത്തിന്റെ ശാരീരികാവതാര`മായിട്ടാണ് വിശ്വസിച്ചുപോന്നിരുന്നത്. എന്നിരുന്നാലും ക്രിസ്ത്യാനികളില്‍ അധികപേരും മസീഹിന്റെ ദൈവത്വം വാദിച്ചിരുന്നില്ല. നാലാം നൂറ്റാണ്ടില്‍ ആ പ്രശ്നത്തെപ്പറ്റി വമ്പിച്ച വിവാദം നടന്നു. തന്മൂലം ക്രൈസ്തവസഭകളുടെ അടിത്തറയിളകി. അങ്ങനെ ക്രി: 325-ല്‍ ചേര്‍ന്ന നിക്കെയ്യാ കൌണ്‍സില്‍ N545 മസീഹിന്റെ ദൈവത്വം ക്രിസ്ത്യാനികളുടെ സാക്ഷാല്‍ വിശ്വാസങ്ങളില്‍പെട്ടതാണെന്ന് ഔപചാരികമായി പ്രഖ്യാപിച്ചു. പ്രത്യേക വാക്കുകളില്‍ അതിനെ ക്രോഡീകരിക്കുകയും ചെയ്തു. തര്‍ക്കവിതര്‍ക്കങ്ങള്‍ കുറെ കാലത്തോളം പിന്നെയും തുടര്‍ന്നു നടന്നെങ്കിലും അവസാന വിജയം നിക്കെയ്യാ കൌണ്‍സിലിന്റെ തീരുമാനത്തിനു തന്നെ സിദ്ധിച്ചു. അതാണ് സത്യക്രിസ്ത്യാനികളുടെ വിശ്വാസമെന്ന് പാശ്ചാത്യരും പൌരസ്ത്യരുമായ ക്രിസ്തുസമുദായം ഉറപ്പിച്ചു. അങ്ങനെ പുത്രന്റെ ദൈവത്വത്തോടൊന്നിച്ചു പരിശുദ്ധാത്മാവിന്റെ ദൈവത്വവും സമ്മതിക്കപ്പെട്ടു. ജ്ഞാനസ്നാന മൊഴിയിലും പ്രചാരത്തിലിരുന്ന മതചിഹ്നങ്ങളിലും പിതാപുത്രന്മാരോടൊപ്പം അതും സ്ഥലം പിടിച്ചു. ഇങ്ങനെ നിക്കെയ്യാ കൌണ്‍സിലിന്റെ വിഭാവനത്തിന്‍ ഫലമായാണ് ത്രിയേകത്വം ക്രിസ്തുമതത്തിന്റെ ഒരവിഭാജ്യഘടകമായിത്തീര്‍ന്നത്.`` "അനന്തരം, പുത്രന്റെ ദൈവത്വം യേശുക്രിസ്തുവിന്റെ സത്തയില്‍ മൂര്‍ത്തീഭവിച്ചുവെന്നുള്ള വാദത്തെച്ചൊല്ലി മറ്റൊരു പ്രശ്നമുത്ഭവിച്ചു. നാലാം ശതാബ്ദത്തിലും അതിനു ശേഷവും കുറെ കാലം ഇതു സംബന്ധിച്ചുള്ള വിവാദങ്ങളും തര്‍ക്കകോലാഹലങ്ങളും നടക്കുകയുണ്ടായി. പ്രശ്നമിതാണ്: മസീഹിന്റെ വ്യക്തിത്വത്തില്‍ ദൈവത്വവും മനുഷ്യത്വവും തമ്മിലുള്ള ബന്ധം എങ്ങനെ? 451-ല്‍ ചേര്‍ന്ന കോള്‍സിഡന്‍ കൌണ്‍സില്‍ N270 അതു പരിഹരിച്ചത് ഇപ്രകാരമാണ്: മസീഹിന്റെ സത്തയില്‍ രണ്ടു പരിപൂര്‍ണ്ണ പ്രകൃതികള്‍ സമ്മേളിച്ചിട്ടുണ്ട്- ദൈവപ്രകൃതിയും മനുഷ്യപ്രകൃതിയും, രണ്ടും തമ്മില്‍ ഏകീഭവിച്ചശേഷം ഓരോന്നും അതതിന്റെ സവിശേഷതകള്‍ യാതൊരു മാറ്റവുമില്ലാതെ അവശേഷിപ്പിക്കുന്നു. 670-ല്‍ കോണ്‍സ്റാന്റിനോപ്പിളില്‍ N269 കൂടിയ മൂന്നാം കൌണ്‍സില്‍ മറ്റൊന്നു കൂടി കൂട്ടിച്ചേര്‍ത്തു: `ഉഭയ പ്രകൃതികള്‍ക്കും പ്രത്യേകം പ്രത്യേകം ഇഛകളുണ്ട്.` അതായത്, വ്യത്യസ്തമായ രണ്ട് ഇഛകളുടെ ഉടമസ്ഥനാണ് യേശുക്രിസ്തു.... ഇതേ കാലത്താണ് പാശ്ചാത്യന്‍ ചര്‍ച്ചുകള്‍ പുണ്യപാപ പ്രശ്നത്തെപ്പറ്റി കൂടുതല്‍ ശ്രദ്ധ പതിച്ചത്. മോക്ഷത്തെ സംബന്ധിച്ചിടത്തോളം മനുഷ്യന്റെ പങ്കെന്ത്, ദൈവത്തിന്റെ പങ്കെന്ത് എന്ന പ്രശ്നം വളരെ കാലത്തോളം അവരുടെ ഇടയില്‍ ഒരു ചര്‍ച്ചാവിഷയമായിരുന്നു. അവസാനം 529-ല്‍ ചേര്‍ന്ന രണ്ടാം ഔറേഞ്ച് കൌണ്‍സില്‍.... ഒരു സിദ്ധാന്തം അംഗീകരിച്ചു: ജ്ഞാനസ്നാനത്തില്‍ നല്‍കപ്പെടുന്ന ദൈവാനുഗ്രഹത്താല്‍ പുതിയൊരു ജീവിതം സിദ്ധമാകാത്ത കാലത്തോളം എല്ലാ ഓരോ മനുഷ്യനും ആദാമിന്റെ പതനം മൂലം മോക്ഷത്തിലേക്ക് മുന്നേറാന്‍ കഴിയാത്ത ഒരവസ്ഥാവിശേഷം വന്നു ചേര്‍ന്നിട്ടുണ്ട്. പുതിയ ജീവിതം ആരംഭിച്ചു കഴിഞ്ഞാല്‍ തന്നെ ദൈവാനുഗ്രഹം സദാ സഹായകമായിരിക്കാത്ത കാലത്തോളം ആ ശുഭാവസ്ഥയില്‍ സ്ഥിരത ലഭിക്കുക സാധ്യമല്ല. ദൈവാനുഗ്രഹത്തിന്റെ ഈ അനുസ്യൂത സഹായം കത്തോലിക്കന്‍ സഭവഴിക്കേ ലഭ്യമാകുകയുള്ളൂ!`` അതിരറ്റ സ്നേഹവും ഭക്തിയുമാണ് ക്രിസ്ത്യാനികളെ ആദ്യമായി വഴിതെറ്റിച്ചതെന്ന് മേലുദ്ധരിച്ച ക്രൈസ്തവപണ്ഡിതന്മാരുടെ പ്രസ്താവനകളില്‍നിന്നു തന്നെ വ്യക്തമാവുന്നുണ്ട്. യേശുക്രിസ്തുവിനെ ദൈവമാക്കാനും ദൈവപുത്രനാക്കാനും അദ്ദേഹത്തോട് ദൈവികഗുണങ്ങള്‍ അനുബന്ധിപ്പിക്കാനും പാപമോചനവിശ്വാസം കെട്ടിയുണ്ടാക്കാനും മറ്റും അവരെ പ്രേരിപ്പിച്ചത് പ്രസ്തുത അതിരുകവിച്ചിലായിരുന്നു. ഹ: മസീഹിന്റെ അധ്യാപനങ്ങളിലാകട്ടെ, ഈ വിശ്വാസങ്ങള്‍ക്കൊന്നും യാതൊരടിസ്ഥാനവുമില്ല. പിന്നീട് ക്രൈസ്തവരെ തത്വശാസ്ത്രഭ്രമം പിടികൂടിയപ്പോള്‍ തങ്ങളുടെ ആദ്യത്തെ തെറ്റ് തിരുത്തുന്നതിനു പകരം പൂര്‍വന്മാരുടെ അബദ്ധങ്ങള്‍ക്ക് ന്യായീകരണം നല്‍കാനാണ് ഒരുമ്പെട്ടത്. യേശുക്രിസ്തുവിന്റെ യഥാര്‍ഥ ശിക്ഷണങ്ങളിലേക്ക് മടങ്ങാതെ, വെറും ന്യായശാസ്ത്രത്തിന്റെയും തത്വശാസ്ത്രത്തിന്റെയും സഹായത്തോടെ അവര്‍ ഒരു വിശ്വാസത്തിന്‍മേല്‍ മറ്റൊരു വിശ്വാസം സ്വയം ചമച്ചുണ്ടാക്കി. മുകളില്‍ പറഞ്ഞ വചനങ്ങളിലൂടെ വിശുദ്ധഖുര്‍ആന്‍ ക്രിസ്ത്യാനികളെ താക്കീതുചെയ്യുന്നത് അതേ വഴികേടിനെപ്പറ്റിയാണ്






No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.