30 December 2011

കരിംജീരകം സര്‍വരോഗ സംഹാരിയോ? (എല്ലാവിധ രോഗത്തിന്റെയും അടിസ്ഥാന കാരണം ഒന്നാണ്‌. ശരീര കോശങ്ങള്‍ക്ക്‌ സംഭവിക്കുന്ന അപചയം)

കരിംജീരകം സര്‍വരോഗ സംഹാരിയോ?
Shabab 02 DEC 2012  മുഖാമുഖം
``തിരുവചനം കാലവും ശാസ്‌ത്രവും സത്യമെന്ന്‌ തെളിയിക്കുന്നു. കരിംജീരകം മരണമല്ലാത്ത എന്തിനും ഒറ്റ മൂലിയാണ്‌.'' (ബുഖാരി, മുസ്‌ലിം) -വിപണിയിലുള്ള കരിംജീരക എണ്ണയുടെതായി പ്രമുഖ മലയാള പത്രത്തില്‍ വന്ന പരസ്യമാണിത്‌.


ഇങ്ങനെയൊരു ഹദീസ്‌ വിശ്വാസയോഗ്യമായി വന്നതാണോ? അതുപോലെ തന്നെ കരിഞ്ചീരകം വീടുകളില്‍ സൂക്ഷിക്കുന്നത്‌ സുന്നത്താണെന്ന്‌ ഒരു ക്ലാസ്സില്‍ കേള്‍ക്കാനിടയായി. ഇതിലെല്ലാം എത്രമാത്രം ശരിയുണ്ട്‌?
അന്‍സാര്‍ ഒതായി


കരിംജീരകം മരണമല്ലാത്ത എല്ലാ രോഗത്തിനും ശമനമുണ്ടാക്കുമെന്ന്‌ നബി(സ) പറഞ്ഞതായി ആഇശ(റ)യില്‍ നിന്ന്‌ ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. കരിംജീരകത്തില്‍ മരണമൊഴികെയുള്ള എല്ലാ രോഗത്തിനും ശമനമുണ്ടെന്ന്‌ നബി(സ) പറഞ്ഞതായി അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്‌. കരിംജീരകം വീടുകളില്‍ സൂക്ഷിക്കല്‍ സുന്നത്താണെന്നതിന്‌ `മുസ്‌ലിം' തെളിവൊന്നും കണ്ടിട്ടില്ല. കരിംജീരകം മുഖേനയുള്ള രോഗശമനത്തെക്കുറിച്ച്‌ പണ്ഡിതന്മാര്‍ ഏറെ ചര്‍ച്ച ചെയ്‌തിട്ടുണ്ട്‌. അതൊന്നും ഇവിടെ ഉദ്ധരിക്കുന്നില്ല.


`മുസ്‌ലിം' മനസ്സിലാക്കിയിടത്തോളം എല്ലാവിധ രോഗത്തിന്റെയും അടിസ്ഥാന കാരണം ഒന്നാണ്‌. ശരീര കോശങ്ങള്‍ക്ക്‌ സംഭവിക്കുന്ന അപചയം (Degeneration of the Body Cells) ആണത്‌. രോഗം ഏതാണെങ്കിലും അതില്‍ നിന്ന്‌ മുക്തി നേടാനുള്ള മാര്‍ഗം ഒന്നാണ്‌. ശരീരകോശങ്ങളുടെ പുനരുജ്ജീവനം (Regeneration of the Body Cells). ഈ പുനരുജ്ജീവിതത്തിന്‌ പല വഴികളുണ്ട്‌. ഒന്ന്‌, അപചയത്തിന്‌ കാരണമായ അമിതവും അഹിതവുമായ ആഹാരപാനീയങ്ങള്‍, മദ്യ-മയക്കുമരുന്ന്‌ ആസക്തി, പുകവലി, പുകയിലയുടെ മറ്റു തരത്തിലുള്ള ഉപഭോഗം, ശുചിത്വമില്ലായ്‌മ, അവിഹിത ലൈംഗിക ബന്ധങ്ങള്‍, ദുസ്സ്വഭാവങ്ങള്‍, മാനസിക സംഘര്‍ഷം തുടങ്ങിയ അപകട ഘടകങ്ങള്‍ (Risk Factors) ഒഴിവാക്കുക. രണ്ട്‌, ശരീരത്തിനുള്ളില്‍ അടിഞ്ഞുകൂടിയ അഴുക്കുകളും വിഷാംശങ്ങളും സ്വാഭാവികരീതിയില്‍- മൂത്രത്തിലൂടെയും വിയര്‍പ്പിലൂടെയും മറ്റും പുറംതള്ളാന്‍ സഹായകമായ ആഹാര പാനീയങ്ങള്‍ (Detoxicating Regimen) ശീലമാക്കുക. മൂന്ന്‌, കോശങ്ങളുടെ പുനരുജ്ജീവനത്തിന്‌ സഹായകമാകുന്ന ഔഷധങ്ങള്‍ കഴിക്കുക. ഇത്തരത്തിലുള്ള ആയിരക്കണക്കില്‍ ഔഷധങ്ങള്‍ ഭൂമിയില്‍ അല്ലാഹു സൃഷ്‌ടിച്ചൊരുക്കിയിട്ടുണ്ട്‌. സസ്യങ്ങളിലും ജീവികളുടെ ശരീരഭാഗങ്ങളിലും ലോഹങ്ങളിലും ധാതുലവണങ്ങളിലും കോശ പുനരുജ്ജീവനത്തിലൂടെ രോഗശമനത്തിന്‌ സഹായകമാകുന്ന ഘടകങ്ങളുണ്ട്‌.


ഈ ഔഷധങ്ങള്‍ ഏതെങ്കിലും പ്രത്യേക രോഗത്തിന്‌ മാത്രം ശമനം നല്‌കുന്നതായി നിരീക്ഷിക്കപ്പെടാറുണ്ടെങ്കിലും സൂക്ഷ്‌മ വിശകലനത്തില്‍ അത്‌ ശരിയല്ല. ഏത്‌ രോഗത്തിന്റെയും ശമനത്തിന്‌ സഹായകമാകും വിധമുള്ള കോശപുനരുജ്ജീവനമാണ്‌ അവ മുഖേന നടക്കുന്നത്‌. ചില ഔഷധങ്ങള്‍ നേരിയ തോതില്‍ മാത്രം പുനരുജ്ജീവനമുണ്ടാക്കുന്നതാണെങ്കില്‍ മറ്റു ചിലത്‌ വലിയ തോതില്‍ ആ ഫലമുളവാക്കുന്നവയായിരിക്കും. ശമനം പൂര്‍ണമോ അപൂര്‍ണമോ ആകുന്നത്‌ മറ്റു പല ഘടകങ്ങളെയും ആശ്രയിച്ചായിരിക്കും. പരിസ്ഥിതിയും ജീവിതരീതിയും കളങ്കിതമല്ലെങ്കില്‍ മിക്ക ഔഷധങ്ങള്‍ കൊണ്ടും പൂര്‍ണമായ ശമനം ലഭിക്കും. നബി(സ)യുടെ കാലത്ത്‌ പരിസ്ഥിതി ദൂഷണം ഒട്ടുമുണ്ടായിരുന്നില്ല എന്നാണ്‌ കരുതാവുന്നത്‌. പ്രവാചക ശിഷ്യന്മാരുടെ ജീവിതരീതിയാണെങ്കില്‍ വലിയൊരളവോളം അപചയമുക്തമായിരുന്നു. കീടനാശിനികളോ രാസച്ചേരുവകളോ കലരാത്ത ഭക്ഷണമായിരുന്നു അവര്‍ കഴിച്ചിരുന്നത്‌. രാസ ഔഷധങ്ങളിലെ വിഷാംശം അവരുടെ കോശങ്ങളെ ക്ഷയിപ്പിച്ചിട്ടുണ്ടായിരുന്നില്ല. അതിനാല്‍ കോശ പുനരുജ്ജീവന ക്ഷമതയുള്ള ഏത്‌ മരുന്നും അവരുടെ എല്ലാ രോഗങ്ങളുടെയും ശമനത്തിന്‌ മിക്കവാറും പര്യാപ്‌തമാകുമായിരുന്നു.


ഹദീസിലെ, മരണം തടയാന്‍ യാതൊരു മരുന്നും പര്യാപ്‌തമാവുകയില്ല എന്ന സൂചന നിത്യപ്രസക്തമാണ്‌. ``ഒരാള്‍ക്കും അയാളുടെ അവധി വന്നെത്തിയാല്‍ അല്ലാഹു നീട്ടിക്കൊടുക്കുകയേ ഇല്ല'' (വി.ഖു 63:11). അല്ലാഹു നിശ്ചയിച്ച അവധി വരെ കഷ്‌ടപ്പെടാതെ ജീവിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം ചികിത്സിച്ചാല്‍ മതി. ആ ലക്ഷ്യം സഫലമാകാന്‍ കരിംജീരകം മാത്രമല്ല, പല ഔഷധികളും സഹായകമാകും. എന്നാല്‍ കരിംജീരകത്തിന്റെ ഔഷധമൂല്യം മുഴുവന്‍ വ്യാപാരികള്‍ വിപണനം ചെയ്യുന്ന എണ്ണയില്‍ ഉണ്ടാകണമെന്നില്ല. എന്തായാലും ഈ വിഷയകമായ നബിവചനത്തില്‍ അവിശ്വസനീയമോ കാലഹരണപ്പെട്ടതോ ആയ യാതൊന്നുമില്ല.



No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.