29 December 2011

ഈജിപ്‌തില്‍ ഇഖ്‌വാന്‍ ഭരണത്തിലേക്ക്‌; നിയോലിബറല്‍ ഇസ്‌ലാമിക സെക്യുലറിസം! - മുജീബ് റഹ്മാന്‍ കിനാലൂര്‍

visit  http://www.kinalur.com/2011/12/blog-post_26.html
മുജീബ് റഹ്മാന്‍ കിനാലൂര്‍  ന്‍റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്.

ഇഖ്‌വാനുല്‍ മുസ്‌ലീമിന്റെ ജന്മദേശവും മുക്കാല്‍ നൂറ്റാണ്ടുകാലത്തോളം
അതിന്റെ കര്‍മഭൂമിയുമായ ഈജിപ്‌തില്‍, ഏകാധിപത്യ ഭരണം അവസാനിച്ച്‌ പുതിയ
ഭരണസംവിധാനം നിലവില്‍ വരാന്‍ പോകുകയാണ്‌. ഇഖ്‌വാന്‌ നിര്‍ണായക
സ്വാധീനമുള്ള ഒരു ഭരണമാണ്‌ വരാന്‍ പോകുന്നത്‌ എന്ന്‌ ഇതിനകം ഈജിപ്‌തില്‍,
രണ്ടു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പു ഫലങ്ങള്‍ വ്യക്തമാക്കുന്നു.
ആദ്യഘട്ടത്തില്‍ നാല്‌പതു ശതമാനത്തോളം വോട്ടുകളും രണ്ടാംഘട്ടത്തില്‍
തൊണ്ണൂറു ശതമാനം വോട്ടുകളും ഇഖ്‌വാന്റെ രാഷ്‌ട്രീയ വേദിയായ ഫ്രീഡം ആന്റ്‌
ജസ്റ്റിസ്‌ പാര്‍ട്ടി (എഫ്‌ ജെ പി) നേടിയിരിക്കുന്നു. ജനുവരി ആദ്യത്തോടെ
പോളിംഗ്‌ പൂര്‍ണമാകും.

ഈജിപ്‌തിലെ വിമോചന പോരാട്ടം ഇഖ്‌വാന്‍ നേതൃത്വം നല്‌കിയതോ ആസൂത്രണം
ചെയ്‌തതോ അല്ലെങ്കിലും ഏകാധിപത്യത്തിലും അഴിമതിയിലും കുളിച്ച രാജ്യത്തെ,
ദീര്‍ഘകാലത്തെ രാഷ്‌ട്രീയ പ്രവര്‍ത്തനാനുഭവമുള്ള ഇഖ്‌വാന്‍ നേതൃത്വത്തെ
ഏല്‌പിക്കാന്‍ ജനങ്ങള്‍ തയ്യാറായതായാണ്‌ നാം കാണുന്നത്‌.
ഇസ്‌ലാമിസ്റ്റുകള്‍ മാത്രമല്ല, ലിബറലുകളും ഇടതു-വലതു
പക്ഷക്കാരുമുള്‍പ്പെടെ ഒരു ബദല്‍ പരീക്ഷണമാഗ്രഹിക്കുന്ന എല്ലാവരുടെയും
വോട്ടുകളാണ്‌ എഫ്‌ ജെ പിയെ തുണച്ചിരിക്കുന്നത്‌. വ്യക്തമായ മാന്‍ഡേറ്റ്‌
ലഭിച്ച ഈ സാഹചര്യത്തില്‍ ഇസ്‌ലാമിസ്റ്റു സ്ഥാപക നേതാക്കളായ ശഹീദ്‌
ഹസനുല്‍ ബന്നയും സയ്യിദ്‌ ഖുതുബുമൊക്കെ മുന്നോട്ടു വെച്ച ഇസ്‌ലാമിക ഭരണം
സ്ഥാപിക്കാന്‍ ഇഖ്‌വാന്‍ ശ്രമിക്കുമോ എന്ന്‌ ലോകം
ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു. പാശ്ചാത്യ മാധ്യമങ്ങളില്‍,
ഇസ്‌ലാമിസ്റ്റ്‌ രാഷ്‌ട്രീയത്തിന്റെ അപകടത്തെക്കുറിച്ചുള്ള ചര്‍ച്ചകളും
സജീവമായിരിക്കുന്നു.

എന്നാല്‍, ഹാര്‍ഡ്‌ കോര്‍ ഇസ്‌ലാമിസ്റ്റുകളെയും വിമര്‍ശകരെയും ഒരേപോലെ
അമ്പരപ്പിക്കുന്ന, ഏറ്റവും ഉദാരമായ സെക്യുലര്‍ ജനാധിപത്യ മാതൃകയാണ്‌
ഈജിപ്‌തില്‍ ഇഖ്‌വാന്‍ നടപ്പാക്കാന്‍ പോകുന്നത്‌ എന്ന്‌ ഇതിനകം
വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. ഇസ്‌ലാമിക ഭരണം മാത്രമല്ല, ഇസ്‌ലാം എന്ന
വാക്കുപോലും ഇഖ്‌വാന്റെ പാര്‍ട്ടിയുടെ മുന്‍ഗണനയിലില്ല.
അല്‍അഹ്‌റാം വാരികയില്‍ (ഡിസംബര്‍ 15-21), എഫ്‌ ജെ പിയുടെ മുതിര്‍ന്ന
നേതാക്കളെ ഉദ്ധരിച്ചുകൊണ്ട്‌ ഈജിപ്‌തില്‍ വരാനിരിക്കുന്ന
ഭരണത്തെക്കുറിച്ച്‌ ലേഖനങ്ങള്‍ വന്നിട്ടുണ്ട്‌. പാര്‍ട്ടിയുടെ
ജന.സെക്രട്ടറി മുഹമ്മദ്‌ സഈദ്‌ അല്‍കതതാനി, സീനിയര്‍ നേതാവ്‌ അഹ്‌മദ്‌
അബൂബറക, അസി. സെക്രട്ടറി ഉസാമ യാസിന്‍ മുതലായവര്‍
വിശദീകരിക്കുന്നതനുസരിച്ച്‌ ഒന്നാന്തരം മതേതര- ജനാധിപത്യ രാഷ്‌ട്രീയമാണ്‌
ഇഖ്‌വാന്‍ ആഗ്രഹിക്കുന്നത്‌. ഇസ്‌ലാമിക ശിക്ഷാനിയമങ്ങള്‍
നടപ്പിലാക്കില്ല, മദ്യം വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍
ഉള്‍പ്പെടുത്തും; നിരോധിക്കില്ല, ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ
നടപടികളും ത്വരിതപ്പെടുത്തും, ഉദാര കമ്പോള സമ്പദ്‌വ്യവസ്ഥയും മുതലാളിത്ത
സാമ്പത്തിക നയങ്ങളും തുടരും, വിദേശ നിക്ഷേപം ആകര്‍ഷിക്കുന്ന നയങ്ങള്‍
ആവിഷ്‌കരിക്കും -ഇങ്ങനെ പോകുന്നു നേതാക്കളുടെ വിശദീകരണം.
ഇസ്‌ലാമിസ്റ്റുകള്‍ എക്കാലത്തും ശത്രുപക്ഷത്ത്‌ നിര്‍ത്തുന്ന പാശ്ചാത്യ
ശക്തികളുമായി ഉദാരമായ ബന്ധമാണ്‌ ഇഖ്‌വാന്‍ ആരംഭിക്കാന്‍ പോകുന്നത്‌.
ഇഖ്‌വാന്റെ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌ സന്ദര്‍ശിച്ച യു എസ്‌ സെനറ്റേറ്റര്‍
ജോണ്‍ കെറിക്ക്‌, കേമ്പ്‌ ഡേവിഡ്‌ അടക്കം അമേരിക്കയും ഇതര രാജ്യങ്ങളുമായി
മുമ്പുണ്ടാക്കിയ എല്ലാ കരാറുകളും പാലിക്കുമെന്ന ഉറപ്പ്‌ നല്‌കുകയുണ്ടായി.
ഇഖ്‌വാന്‍ പുതുതായി സ്വീകരിച്ച ഈ ഉദാര സമീപനമായിരിക്കണം, തീവ്ര
ഇസ്‌ലാമിസ്റ്റ്‌ സ്വഭാവമുള്ള പുതിയ `അന്നൂര്‍' പാര്‍ട്ടിക്ക്‌ കൂടുതല്‍
സീറ്റുകള്‍ നേടിക്കൊടുത്തത്‌. ഇഖ്‌വാന്റെ തന്നെ പാരമ്പര്യവാദികള്‍
`അനൂര്‍' പാര്‍ട്ടിക്ക്‌ വോട്ടു മറിച്ചു നല്‍കിയിരിക്കാനുള്ള സാധ്യത
തള്ളിക്കളയാനാകില്ല.

തങ്ങളുടെ ദീര്‍ഘകാല പ്രവര്‍ത്തനാനുഭവങ്ങളും അറബ്‌ വസന്തത്തിന്റെ
പ്രവണതകളും ഇഖ്‌വാന്റെ രാഷ്‌ട്രീയ വീക്ഷണത്തെ അടിമുടി
മാറ്റിയിരിക്കുകയാണ്‌. മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഭരണം എന്നതിനു പകരം
മതേതര ബഹുകക്ഷി ജനാധിപത്യഭരണം എന്ന നിലയിലേക്കുള്ള പാരഡൈം ഷിഫ്‌റ്റാണ്‌
അപ്പോള്‍ സംഭവിച്ചിട്ടുള്ളത്‌. പ്രമുഖ അറബ്‌ പത്ര പ്രവര്‍ത്തകനും
അല്‍അറേബ്യ ചാനല്‍ മേധാവിയുമായ അബ്‌ദുര്‍റഹ്‌മാന്‍ റാശിദ്‌, അശ്ശര്‍ഖുല്‍
ഔസത്വിലെ തന്റെ കോളത്തില്‍ നിരീക്ഷിച്ച പോലെ, `ലിബറലിസം അവസാനിച്ചേ'
എന്ന്‌ പാശ്ചാത്യര്‍ ഇനിയും നെഞ്ചത്തടിച്ചു കരയേണ്ടതില്ല; എ ക്ലാസ്‌
ലിബറലിസമാണ്‌ ഇഖ്‌വാനും ഇസ്‌ലാമിസ്റ്റുകളും നടപ്പാക്കാന്‍ പോകുന്നത്‌! 

visit  http://www.kinalur.com/2011/12/blog-post_26.html
മുജീബ് റഹ്മാന്‍ കിനാലൂര്‍  ന്‍റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്.

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.