26 November 2011

ഹുകൂമത്തെ ഇലാഹി ദുരാരോപണമോ? ശബാബ് വാരിക 25 നവംബര്‍ 2011

ശബാബ് വാരിക 25 നവംബര്‍ 2011 , മുഖാമുഖം.


ജമാഅത്ത്‌ `ഹുകൂമത്തെ ഇലാഹി'ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന മുജാഹിദ്‌ വിമര്‍ശം പോപ്പുലാരിറ്റിക്കു വേണ്ടിയുള്ള പ്രചാരണായുധമാണ്‌. ജമാഅത്തെ ഇസ്‌ലാമി 1948ല്‍ തന്നെ ഹുകൂമത്തെ ഇലാഹിയെന്ന മുദ്രാവാക്യം ഒഴിവാക്കിയിട്ടുള്ളതാണ്‌. വിശുദ്ധ ഖുര്‍ആന്‍ പ്രവാചകന്മാരുടെ ലക്ഷ്യത്തെ കുറിക്കാന്‍ പ്രയോഗിച്ച ഇഖാമത്തുദ്ദീന്‍ ആണ്‌ ജമാഅത്തും ലക്ഷ്യമായി അംഗീകരിച്ചിട്ടുള്ളത്‌. എന്നിട്ടും ഹുകൂമത്തെ ഇലാഹിയെന്ന വിമര്‍ശന പല്ലവി സദുദ്ദേശ്യപരമല്ല. സംഘടനാ വൈരാഗ്യം കൊണ്ടുള്ള തെറ്റിദ്ധരിപ്പിക്കലുകള്‍ മാത്രമാണ്‌. സംഘടനാ സങ്കുചിതത്വത്തിലൂടെ തൗഹീദിന്റെ സുപ്രധാന ഭാഗത്തെയാണ്‌ അവര്‍ നഷ്‌ടപ്പെടുത്തുന്നത്‌. ജമാഅത്ത്‌ വിരോധത്തിന്റെ പേരില്‍ അല്ലാഹുവിന്റെ ഹാകിമിയ്യത്ത്‌ നിഷേധിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നതാണ്‌ മുജാഹിദ്‌ പ്രസ്ഥാനവും ജമാഅത്തും തമ്മിലുള്ള അടിസ്ഥാന പ്രശ്‌നം. (ഇന്ത്യയെപ്പോലൊരു ബഹുസ്വര സമൂഹത്തില്‍ ഹുകൂമത്തെ ഇലാഹിക്കുവേണ്ടി വാദിക്കാനുള്ള വിവരക്കേടൊന്നും ജമാഅത്തെ ഇസ്‌ലാമിക്കില്ല)'' ടി കെ അബ്‌ദുല്ല, പ്രബോധനം -2011 ഒക്‌ടോബര്‍ 29


ഈ വാചകങ്ങളോട്‌ മുസ്‌ലിം എങ്ങനെ പ്രതികരിക്കുന്നു.


അന്‍സാര്‍ ഒതായി


`മുസ്‌ലിമി'ന്‌ ജമാഅത്തെ ഇസ്‌ലാമിയോടോ ടി കെ അബ്‌ദുല്ലാ സാഹിബ്‌ ഉള്‍പ്പെടെയുള്ള അതിന്റെ നേതാക്കളോടോ യാതൊരു വൈരാഗ്യവുമില്ലെന്ന്‌ ആദ്യമേ വ്യക്തമാക്കുന്നു. മുജാഹിദ്‌ സംഘടനയ്‌ക്ക്‌ പോപ്പുലാരിറ്റിയുണ്ടാക്കണമെന്ന്‌ ഉദ്ദേശവുമില്ല. ഏതെങ്കിലും ആശയത്തില്‍ ഒരാള്‍ വിയോജിപ്പ്‌ പ്രകടിപ്പിച്ചാല്‍ അത്‌ ശത്രുതയായോ വിരോധമായോ ഗണിക്കുക എന്നത്‌ പൂര്‍വികരായ പണ്ഡിതന്മാര്‍ പിന്തുടര്‍ന്ന രീതിയല്ല. മദ്‌ഹബുകള്‍ രൂപം കൊണ്ടതിനു ശേഷം പോലും പ്രമുഖ പണ്ഡിതന്മാര്‍ കക്ഷിത്വത്തിന്‌ അതീതമായി യോജിപ്പും വിയോജിപ്പും രേഖപ്പെടുത്തിയിട്ടുണ്ട്‌. `അല്ലാഹുവിന്റെ ഹാകിമിയ്യത്ത്‌' എന്ന വിഷയത്തിന്റെ വിശദാംശങ്ങളില്‍ സയ്യിദ്‌ മൗദൂദിയുടെയും സമാന മനസ്‌കരുടെയും നിലപാടിനോട്‌ മുജാഹിദുകള്‍ക്കുള്ള വിയോജിപ്പിനെയും ഒരു പാര്‍ട്ടി പ്രശ്‌നമായി എടുക്കാതെ ഒരു മതസംജ്ഞയുടെ കാര്യത്തിലുള്ള വീക്ഷണ വ്യത്യാസം എന്ന നിലയില്‍ പരിഗണിക്കുന്നതായിരിക്കും നിഷ്‌പക്ഷതയ്‌ക്ക്‌ നിരക്കുന്ന സമീപനം.


വിധികര്‍തൃത്വം എന്നാണ്‌ ഹാകിമിയ്യത്ത്‌ എന്ന പദത്തിന്റെ അര്‍ഥം. അല്ലാഹുവിന്റെ വിധി രണ്ടു തരത്തിലുണ്ട്‌. ഒന്ന്‌, സൂക്ഷ്‌മവും സ്ഥൂലവുമായ ഏത്‌ വസ്‌തുവും എപ്പോള്‍ ഉണ്ടാകണം, അതിന്റെ ഘടന എപ്രകാരമാകണം, അത്‌ എത്ര കാലം വരെ നിലനില്‌ക്കണം എന്നൊക്കെ അല്ലാഹുവാണ്‌ നിശ്ചയിച്ചത്‌. അത്‌ മാറ്റിമറിക്കാന്‍ ആര്‍ക്കും കഴിയില്ല. എവിടെയും എപ്പോഴും അല്ലാഹു വിധിച്ചതേ നടക്കുകയുള്ളൂ. ഈ വിധത്തിലുള്ള വിധികര്‍തൃത്വം അല്ലാഹു അല്ലാത്ത ആര്‍ക്കുമില്ല. ഏത്‌ നാട്ടില്‍ ഏത്‌ കാലത്ത്‌ ആര്‌ ഭരണാധികാരിയാകണം എന്നും അല്ലാഹുവാണ്‌ തീരുമാനിക്കുന്നത്‌. ഏത്‌ ഭരണാധികാരിയും അധികാരഭ്രഷ്‌ടനാകുന്നതും അല്ലാഹു വിധിച്ച പ്രകാരമാണ്‌. ഇത്‌ സംബന്ധിച്ച്‌ അല്ലാഹു പറയുന്നത്‌ നോക്കുക:


``പറയുക: ആധിപത്യത്തിന്റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ ആധിപത്യം നല്‌കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന്‌ നീ ആധിപത്യം എടുത്തു നീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ പ്രതാപം നല്‌കുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്റെ കൈവശമാണ്‌ നന്മയുള്ളത്‌. തീര്‍ച്ചയായും നീ ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു'' (വി.ഖു 3:26). സ്വേച്ഛാധിപതിയും സ്വയം ദൈവവാദിയുമായ നംറൂദിന്‌ അല്ലാഹുവാണ്‌ ആധിപത്യം നല്‍കിയതെന്നും ഖുര്‍ആനില്‍ (2:258) പറഞ്ഞിട്ടുണ്ട്‌.


രണ്ട്‌, മനുഷ്യന്റെ വര്‍ത്തനം എങ്ങനെയായിരിക്കണം എന്നത്‌ സംബന്ധിച്ച അല്ലാഹുവിന്റെ വിധി. അതായത്‌ പുണ്യവും പാപവും ഹലാലും ഹറാമും നിര്‍ണയിച്ചുകൊണ്ട്‌ അല്ലാഹു നല്‌കിയ വിധി. ഈ വിധത്തില്‍ വിധികല്‌പിക്കാന്‍ അല്ലാഹുവല്ലാത്ത ആര്‍ക്കും യാതൊരു അധികാരവുമില്ല. ഈ വിഷയകമായി അല്ലാഹു നല്‌കിയ വിധി മാറ്റിമറിക്കാനും ആര്‍ക്കും അധികാരമില്ല. അതായത്‌ അല്ലാഹു ഹലാലായി വിധിച്ചത്‌ ഹറാമാക്കാനോ അവന്‍ ഹറാമായി വിധിച്ചത്‌ ഹലാലാക്കാനോ ആര്‍ക്കും അധികാരമില്ല. ഈ വിഷയകമായി അല്ലാഹുവിന്റെ വിധിയെന്താണെന്ന്‌ മനുഷ്യര്‍ക്ക്‌ അറിയാന്‍ കഴിയുന്നത്‌ വിശുദ്ധ ഖുര്‍ആനിലൂടെയും പ്രാമാണികമായ ഹദീസുകളിലൂടെയുമാണ്‌. ഈ വിധിക്ക്‌ അഥവാ ദൈവിക നിയമിത്തിന്‌ വിരുദ്ധമായി വിധി പുറപ്പെടുവിക്കുന്നത്‌ പുരോഹിതനായാലും ഭരണാധികാരിയായാലും സത്യവിശ്വാസികള്‍ അത്‌ അനുസരിക്കാന്‍ പാടില്ല; നിര്‍ബന്ധിതാവസ്ഥയിലല്ലാതെ. `തൗഹീദുല്‍ ഹാകിമിയ്യത്ത്‌' എന്നൊരു ശീര്‍ഷകം നല്‌കിക്കൊണ്ട്‌ വിശകലനം നടത്തിയാലും ഇല്ലെങ്കിലും തൗഹീദിന്റെ ഈ വശം സംബന്ധിച്ച്‌ അല്ലാഹുവിലും റസൂലി(സ)ലും വിശ്വസിക്കുന്ന മുസ്‌ലിംകള്‍ക്കാര്‍ക്കും തര്‍ക്കമില്ല.


അല്ലാഹുവിന്റെ നിയമം ജീവിതത്തിന്റെ ഏത്‌ മേഖലയിലേക്കുള്ളതാണെങ്കിലും സത്യവിശ്വാസികള്‍ അത്‌ അനുസരിച്ചേ തീരൂ. അതിന്‌ വിരുദ്ധമായ നിയമം ആര്‌ നടപ്പാക്കിയാലും മുസ്‌ലിംകള്‍ അത്‌ സ്വമേധയാ അനുസരിക്കാന്‍ പാടില്ല എന്ന കാര്യം സുവിദിതമാണ്‌. എന്നാല്‍ ലൗകിക ജീവിതത്തിന്റെ ചില മേഖലകളില്‍ മനുഷ്യര്‍ക്ക്‌ ഞെരുക്കമുണ്ടാകാതിരിക്കാന്‍ വേണ്ടി അല്ലാഹു കണിശമായ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. വാഹനങ്ങള്‍ റോഡിന്റെ ഏത്‌ വശത്തുകൂടെ ഓടിക്കണം, റോഡിന്റെ ഘടന എങ്ങനെയായിരിക്കണം, ഓരോ പ്രദേശത്തും ഏതേത്‌ ഗതാഗത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം, വിദ്യാലയങ്ങളുടെയും ഓഫീസുകളുടെയും ആശുപത്രികളുടെയും മറ്റും പ്രവൃത്തിസമയം എപ്പോഴായിരിക്കണം, വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ വേതനം എത്രയായിരിക്കണം എന്നിങ്ങനെ ഭരണവുമായി ബന്ധപ്പെട്ട ധാരാളം വിഷയങ്ങള്‍ മനുഷ്യര്‍ക്ക്‌ നിയമങ്ങളും ചട്ടങ്ങളും ഏര്‍പ്പെടുത്താന്‍ സ്വാതന്ത്ര്യമുള്ള നിലയില്‍ അല്ലാഹു അവശേഷിപ്പിച്ചിട്ടുണ്ട്‌. ഇസ്‌ലാമിന്റെ പൊതുവായ അധ്യാപനങ്ങള്‍ക്ക്‌ വിരുദ്ധമാകാത്ത നിലയില്‍ ഒരു ഭരണാധികാരി അത്തരം വിഷയങ്ങള്‍ സംബന്ധിച്ച്‌ നിയമ നിര്‍മാണം നടത്തുന്നതോ ആ നിയമം പ്രജകള്‍ അനുസരിക്കുന്നതോ അല്ലാഹുവിന്റെ ഹാകിമിയ്യത്തിന്റെ കാര്യത്തില്‍ ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്ന തത്വങ്ങള്‍ക്ക്‌ വിരുദ്ധമല്ല.


പൂര്‍വ പ്രവാചകന്മാരുടെ അനുയായികളില്‍ ഗണ്യമായ ഒരു ഭാഗം എക്കാലത്തും സത്യവിശ്വാസികളല്ലാത്ത രാജാക്കന്മാരുടെ ഭരണനിയമങ്ങള്‍ അനുസരിച്ചുകൊണ്ടാണ്‌ ജീവിച്ചത്‌. അവിതര്‍ക്കിതമായ ഒരു ചരിത്രസത്യമാണിത്‌. ഭരണകാര്യത്തിലുള്ള ഈ അനുസരണം തൗഹീദുല്‍ ഹാകിമിയ്യത്തിന്‌ വിരുദ്ധമാണെന്ന്‌ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ പറഞ്ഞിട്ടില്ല. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട കാലത്ത്‌ ക്രിസ്‌ത്യാനികളില്‍ ഭൂരിഭാഗം റോമന്‍ ചക്രവര്‍ത്തിയായ ഹിറഖ്‌ലിന്റെ (ഹിറാക്‌ളിയസിന്റെ) ഭരണ നിയമങ്ങള്‍ അനുസരിച്ച്‌ ജീവിക്കുന്നവരായിരുന്നു. എന്നാല്‍ ചക്രവര്‍ത്തിക്ക്‌ ദൈവികമായ യാതൊരു സ്ഥാനവും അവര്‍ കല്‌പിച്ചിരുന്നില്ല. ഹലാലും ഹറാമും പുണ്യവും പാപവും നിശ്ചയിക്കാന്‍ ചക്രവര്‍ത്തിക്ക്‌ അധികാരമുണ്ടെന്ന്‌ അവര്‍ വിശ്വസിച്ചിരുന്നുമില്ല. എന്നാല്‍ മാര്‍പ്പാപ്പയെയും കര്‍ദിനാളുമാരെയും സംബന്ധിച്ച്‌ അന്നത്തെയും ഇന്നത്തെയും ക്രിസ്‌ത്യാനികളുടെ വിശ്വാസം അവരില്‍ പരിശുദ്ധാത്മാവ്‌ കുടികൊള്ളുന്നുണ്ടെന്നും അതിനാല്‍ അവരുടെ നിയമങ്ങള്‍ക്ക്‌ ദൈവികമായ അപ്രമാദിത്വം (papal infalliblity) ഉണ്ടെന്നുമാണ്‌. ഇതിന്റെ പേരില്‍, ക്രൈസ്‌തവര്‍ മതനേതാക്കളെയും പുരോഹിതന്മാരെയും റബ്ബുകളാക്കിയിരിക്കുന്നു എന്ന്‌ ഖുര്‍ആനില്‍ (9:31) ആക്ഷേപിച്ചിട്ടുണ്ട്‌. എന്നാല്‍ ക്രിസ്‌ത്യാനികള്‍ ഹിറാക്ലിയസ്‌ ചക്രവര്‍ത്തിയെയോ അയാളുടെ മന്ത്രിമാരെയോ റബ്ബുകളാക്കിയെന്ന്‌ ആക്ഷേപിച്ചിട്ടില്ല. ഭരണാധികാരികളെ ഭരണകാര്യങ്ങളില്‍ അനുസരിക്കല്‍ തൗഹീദുല്‍ ഹാകിമിയ്യത്തിന്‌ വിരുദ്ധമായ രാഷ്‌ട്രീയ ശിര്‍ക്കാണെങ്കില്‍ അല്ലാഹുവോ റസൂലോ റോമന്‍ ഭരണകൂടത്തെ അനുസരിക്കുന്ന ക്രിസ്‌ത്യാനികളെ അതിനെതിരില്‍ ബോധവല്‍കരിക്കുമായിരുന്നു. കുഫ്‌റില്‍ നിന്നും ശിര്‍ക്കില്‍ നിന്നും ജനങ്ങളെ മോചിതരാക്കുക എന്നത്‌ പ്രവാചക നിയോഗത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ പെട്ടതായിരുന്നല്ലോ. റോമന്‍ ഭരണാധികാരിയെ അനുസരിക്കല്‍ രാഷ്‌ട്രീയ ശിര്‍ക്കാണെന്ന്‌ അല്ലാഹുവും റസൂലും(സ) പറയാതിരുന്നത്‌ തൗഹീദിന്റെ സുപ്രധാന ഭാഗത്തെ നഷ്‌ടപ്പെടുത്തലായിപ്പോയി എന്നാണോ അബ്‌ദുല്ലാ സാഹിബ്‌ കരുതുന്നത്‌?


ഇസ്‌ലാമികേതര ഭരണകൂടത്തെ ഏത്‌ വിഷയത്തില്‍ അനുസരിക്കുന്നതും തൗഹീദിന്റെ സുപ്രധാന ഭാഗത്തെ നഷ്‌ടപ്പെടുത്തുന്ന നടപടിയാണെങ്കില്‍ ഇന്ത്യാഗവണ്‍മെന്റിനെ അനുസരിക്കുന്ന ജമാഅത്തുകാരടക്കമുള്ള മുസ്‌ലിംകള്‍ മുക്കാല്‍ ഭാഗം രാഷ്‌ട്രീയ ശിര്‍ക്കിലും, കാല്‍ ഭാഗം തൗഹീദിലുമാണെന്നല്ലേ അതിന്റെ അര്‍ഥം?


മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഹുകൂമത്തെ ഇലാഹി എന്ന ദൈവിക ഭരണം നിലവില്‍ വന്നെങ്കിലല്ലാതെ ഇന്ത്യന്‍ മുസ്‌ലിംകളുടെ തൗഹീദ്‌ പൂര്‍ണമാവുകയില്ല എന്ന്‌ തന്നെയല്ലേ അബ്‌ദുല്ലാ സാഹിബ്‌ എഴുതിയതിന്റെ അനിവാര്യ താല്‌പര്യം? അപ്പോള്‍ ഹുകൂമത്തെ ഇലാഹിക്ക്‌ വേണ്ടി വാദിക്കുന്നത്‌ വിവരക്കേടാകുമെന്ന്‌ അദ്ദേഹം തന്നെ എഴുതുന്നത്‌ ആത്മനിഷേധമല്ലേ? 1948ന്‌ മുമ്പ്‌ ജമാഅത്ത്‌ നേതാക്കള്‍ ഹുകൂമത്തെ ഇലാഹിക്കു വേണ്ടി വാദിച്ചത്‌ ബ്രിട്ടീഷ്‌ ഇന്ത്യ ഏകസ്വര സമൂഹമായിരുന്നതു കൊണ്ടാണോ? തൗഹീദുല്‍ ഹാകിമിയ്യത്തിന്‌ ബ്രിട്ടീഷ്‌ ഇന്ത്യയിലും സ്വതന്ത്ര ഇന്ത്യയിലും രണ്ടു നിര്‍വചനം ഉണ്ടാകാവുന്നതാണോ? ഈ വക വിഷയങ്ങളൊന്നും ജമാഅത്ത്‌ സാഹിത്യങ്ങളില്‍ ഒരിക്കലും പ്രമാണബദ്ധമായി വിശദീകരിച്ചു കണ്ടിട്ടില്ല. ശരിയായ വിശദീകരണം ലഭിച്ചാല്‍ അത്‌ അര്‍ഹിക്കുന്ന വിധത്തില്‍ പരിഗണിക്കാന്‍ `മുസ്‌ലിമി'ന്‌ യാതൊരു വൈമനസ്യവുമില്ല.


`ഹുകൂമത്തെ ഇലാഹി' എന്ന വാക്ക്‌ ഒഴിവാക്കി `ഇഖാമത്തുദ്ദീന്‍' എന്ന പദം സ്വീകരിച്ചത്‌ ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശം മാറിയതു കൊണ്ടല്ലെന്നും മറ്റുള്ളവര്‍ക്ക്‌ തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണെന്നും രണ്ടും തത്വത്തില്‍ ഒന്നു തന്നെയാണെന്നും ആദ്യകാല ജമാഅത്ത്‌ സാഹിത്യങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്‌. `ഇഖാമത്ത്‌' എന്ന പത്തിന്‌ എല്ലാ ജമാഅത്തുകാരും നല്‌കുന്ന അര്‍ഥം `സംസ്ഥാപനം' എന്നാണ്‌. ദീന്‍ എന്നാല്‍ യഥാര്‍ഥത്തില്‍ സ്റ്റേറ്റ്‌ അഥവാ രാഷ്‌ട്രമാണെന്ന്‌ സയ്യിദ്‌ മൗദൂദി ഖുത്‌ബാതില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അപ്പോള്‍ `ഇഖാമത്തുദ്ദീന്‍' എന്നാല്‍ രാഷ്‌ട്ര സംസ്ഥാപനം തന്നെ. ഏത്‌ രാഷ്‌ട്രത്തിന്റെ സംസ്ഥാപനമാണ്‌ ജമാഅത്തുകാര്‍ക്ക്‌ വേണ്ടത്‌? ബഹുസ്വര സെക്യുലര്‍ രാഷ്‌ട്രത്തിന്റെയോ, അതല്ല ദൈവിക രാഷ്‌ട്രത്തിന്റെയോ? 1948ന്‌ മുമ്പത്തെ വിവരക്കേട്‌ ഒഴിവാക്കി ശുദ്ധ ബഹുസ്വര വെല്‍ഫെയര്‍ സെക്യുലര്‍ സ്റ്റെയ്‌റ്റിന്റെ സംസ്ഥാപനമാണ്‌ `ഇഖാമത്തുദ്ദീന്‍' എന്ന വിവരത്തില്‍ ജമാഅത്തുകാര്‍ ഉറച്ചുനില്‌ക്കുമായിരിക്കാം. എന്നാല്‍ ഒരു കാര്യം; ജമാഅത്തുകാര്‍ സംഘടനാ സങ്കുചിതത്വം ആരോപിച്ചാലും, ഖുര്‍ആനില്‍ പറഞ്ഞ ഇഖാമത്തുദ്ദീന്‍ ഈ ബഹുസ്വര സെക്യുലര്‍ രാഷ്‌ട്രത്തിന്റെ സംസ്ഥാപനം തന്നെയാണോ എന്ന്‌ മറ്റുള്ളവര്‍ക്കൊന്ന്‌ പരിശോധിക്കേണ്ടതുണ്ടല്ലോ.

3 comments:

  1. `ഹുകൂമത്തെ ഇലാഹി' എന്ന വാക്ക്‌ ഒഴിവാക്കി `ഇഖാമത്തുദ്ദീന്‍' എന്ന പദം സ്വീകരിച്ചത്‌ ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശം മാറിയതു കൊണ്ടല്ലെന്നും മറ്റുള്ളവര്‍ക്ക്‌ തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണെന്നും രണ്ടും തത്വത്തില്‍ ഒന്നു തന്നെയാണെന്നും ആദ്യകാല ജമാഅത്ത്‌ സാഹിത്യങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്‌. `ഇഖാമത്ത്‌' എന്ന പത്തിന്‌ എല്ലാ ജമാഅത്തുകാരും നല്‌കുന്ന അര്‍ഥം `സംസ്ഥാപനം' എന്നാണ്‌. ദീന്‍ എന്നാല്‍ യഥാര്‍ഥത്തില്‍ സ്റ്റേറ്റ്‌ അഥവാ രാഷ്‌ട്രമാണെന്ന്‌ സയ്യിദ്‌ മൗദൂദി ഖുത്‌ബാതില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അപ്പോള്‍ `ഇഖാമത്തുദ്ദീന്‍' എന്നാല്‍ രാഷ്‌ട്ര സംസ്ഥാപനം തന്നെ. ഏത്‌ രാഷ്‌ട്രത്തിന്റെ സംസ്ഥാപനമാണ്‌ ജമാഅത്തുകാര്‍ക്ക്‌ വേണ്ടത്‌? ബഹുസ്വര സെക്യുലര്‍ രാഷ്‌ട്രത്തിന്റെയോ, അതല്ല ദൈവിക രാഷ്‌ട്രത്തിന്റെയോ? 1948ന്‌ മുമ്പത്തെ വിവരക്കേട്‌ ഒഴിവാക്കി ശുദ്ധ ബഹുസ്വര വെല്‍ഫെയര്‍ സെക്യുലര്‍ സ്റ്റെയ്‌റ്റിന്റെ സംസ്ഥാപനമാണ്‌ `ഇഖാമത്തുദ്ദീന്‍' എന്ന വിവരത്തില്‍ ജമാഅത്തുകാര്‍ ഉറച്ചുനില്‌ക്കുമായിരിക്കാം. എന്നാല്‍ ഒരു കാര്യം; ജമാഅത്തുകാര്‍ സംഘടനാ സങ്കുചിതത്വം ആരോപിച്ചാലും, ഖുര്‍ആനില്‍ പറഞ്ഞ ഇഖാമത്തുദ്ദീന്‍ ഈ ബഹുസ്വര സെക്യുലര്‍ രാഷ്‌ട്രത്തിന്റെ സംസ്ഥാപനം തന്നെയാണോ എന്ന്‌ മറ്റുള്ളവര്‍ക്കൊന്ന്‌ പരിശോധിക്കേണ്ടതുണ്ടല്ലോ.

    ReplyDelete
  2. >>രണ്ട്‌, മനുഷ്യന്റെ വര്‍ത്തനം എങ്ങനെയായിരിക്കണം എന്നത്‌ സംബന്ധിച്ച അല്ലാഹുവിന്റെ വിധി. അതായത്‌ പുണ്യവും പാപവും ഹലാലും ഹറാമും നിര്‍ണയിച്ചുകൊണ്ട്‌ അല്ലാഹു നല്‌കിയ വിധി. ഈ വിധത്തില്‍ വിധികല്‌പിക്കാന്‍ അല്ലാഹുവല്ലാത്ത ആര്‍ക്കും യാതൊരു അധികാരവുമില്ല. ഈ വിഷയകമായി അല്ലാഹു നല്‌കിയ വിധി മാറ്റിമറിക്കാനും ആര്‍ക്കും അധികാരമില്ല. അതായത്‌ അല്ലാഹു ഹലാലായി വിധിച്ചത്‌ ഹറാമാക്കാനോ അവന്‍ ഹറാമായി വിധിച്ചത്‌ ഹലാലാക്കാനോ ആര്‍ക്കും അധികാരമില്ല. ഈ വിഷയകമായി അല്ലാഹുവിന്റെ വിധിയെന്താണെന്ന്‌ മനുഷ്യര്‍ക്ക്‌ അറിയാന്‍ കഴിയുന്നത്‌ വിശുദ്ധ ഖുര്‍ആനിലൂടെയും പ്രാമാണികമായ ഹദീസുകളിലൂടെയുമാണ്‌. ഈ വിധിക്ക്‌ അഥവാ ദൈവിക നിയമിത്തിന്‌ വിരുദ്ധമായി വിധി പുറപ്പെടുവിക്കുന്നത്‌ പുരോഹിതനായാലും ഭരണാധികാരിയായാലും സത്യവിശ്വാസികള്‍ അത്‌ അനുസരിക്കാന്‍ പാടില്ല; നിര്‍ബന്ധിതാവസ്ഥയിലല്ലാതെ. `തൗഹീദുല്‍ ഹാകിമിയ്യത്ത്‌' എന്നൊരു ശീര്‍ഷകം നല്‌കിക്കൊണ്ട്‌ വിശകലനം നടത്തിയാലും ഇല്ലെങ്കിലും തൗഹീദിന്റെ ഈ വശം സംബന്ധിച്ച്‌ അല്ലാഹുവിലും റസൂലി(സ)ലും വിശ്വസിക്കുന്ന മുസ്‌ലിംകള്‍ക്കാര്‍ക്കും തര്‍ക്കമില്ല.<<

    ചുരുക്കി പറഞ്ഞാല്‍ , "ഈ വിധിക്ക്‌ അഥവാ ദൈവിക നിയമിത്തിന്‌ വിരുദ്ധമായി വിധി പുറപ്പെടുവിക്കുന്നത്‌ പുരോഹിതനായാലും ഭരണാധികാരിയായാലും സത്യവിശ്വാസികള്‍ അത്‌ അനുസരിക്കാന്‍ പാടില്ല; നിര്‍ബന്ധിതാവസ്ഥയിലല്ലാതെ." അഥവാ, അനുസരിക്കാം എന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് ശിര്‍ക്ക് ആണെന്ന് അനീസ്‌ സമ്മതിക്കുന്നു എന്ന് കരുതട്ടെ.

    ഇനി, അല്ലാഹു അല്ലാത്തവര്‍ക്ക് "ഇബാദത്ത്" ചെയ്യുന്നതാണല്ലോ "ശിര്‍ക്ക്‌". എന്നാല്‍ മുജാഹിദ്‌ പ്രസ്ഥാനം നാളിതു വരെ പറഞ്ഞു കൊണ്ടിരിക്കുന്നത് "പ്രാര്‍ത്ഥനയാണ് ഇബാദത്ത്" എന്നും, "അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതാണ് ശിര്‍ക്ക്‌" എന്നുമാണല്ലോ. തദടിസ്ഥാനത്തില്‍ കര്‍മ്മ പരിപാടികള്‍ നടത്തുകയും ചെയ്യുന്നവരാണ് കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനത്തിന്‍റെ അനുയായികള്‍ . ഈ നിര്‍വചന പ്രകാരം എങ്ങനെയാണ് മുകളില്‍ പറഞ്ഞ "ദൈവിക നിയമത്തിനു വിരുദ്ധമായി നിയമം ഉണ്ടാക്കിയാല്‍ അത് അനുസരിക്കാം" (ഉദാ: പലിശ വാങ്ങുന്നത് അനുവദനീയം ആണെന്ന ഭൌതിക നിയമം) എന്ന് കരുതുന്നത് ശിര്‍ക്ക് ആവുന്നത്?

    ReplyDelete
  3. അല്ലാഹുവിന്റെ അധികാര-അവകാശ-നാമ വിശേഷണങ്ങളില്‍ ആരെയെങ്കിലും പങ്കു ചേര്‍ക്കുന്നതാണ്‌ സാമാന്യമായി പറഞ്ഞാല്‍ "ശിര്‍ക്ക് അഥവാ പങ്കാളിയാക്കല്‍ ". അല്ലാഹുവിന്റെ "രക്ഷാകര്‍ത്രിത്വത്തില്‍ " പങ്കുചേര്‍ക്കുമ്പോള്‍ റുബൂബിയത്തിലെ ശിര്‍ക്കും , ഇബാദത്തില്‍ പങ്കുചേര്‍ക്കുമ്പോള്‍ അതിലെ ശിര്‍ക്കും , നാമ വിശേഷണങ്ങളില്‍ ആകുമ്പോള്‍ അതിലെ ശിര്‍ക്കും ആയി മാറുന്നു.
    മതവിശ്വാസികളില്‍ ഏറ്റവും അധികം "പങ്കുചേര്‍ക്കല്‍ " നടക്കുന്നത് "ഇബാദത്തില്‍ " ആയതിനാല്‍ അക്കാര്യത്തിന്‌ പ്രാമുഖ്യം വരുന്നു. അതിനര്ത്ഥം അല്ലാഹുവില്‍ പങ്കുചേര്‍ക്കുക എന്നു പറഞ്ഞാല്‍ അത് "ഇബാദത്തില്‍ " മാത്രമേ സംഭവിക്കൂ എന്ന് കരുതേണ്ടതില്ല. ഏത് കാര്യത്തിലാണോ അല്ലാഹുവിന്‌ പങ്കാളിയെ കരുതുന്നത് , അക്കാര്യത്തില്‍ ആ പ്രവര്‍ത്തനം "പങ്കാളിയാക്കല്‍ " അഥവാ "ശിര്‍ക്ക്" ആയി മാറുന്നു.
    ഇത് ഈ വിഷയത്തിലെ ഒരു പ്രാധമിക വിവരത്തില്‍ പെട്ടതാണ്‌. ഇത് ഏറെ പുസ്തകങ്ങളില്‍ വിവരിച്ചിട്ടുമുണ്ട്.

    ഹലാല്‍ ഹറാം സംബന്ധിച്ച് കൂടുതല്‍ ഇവിടെ വായിക്കാം
    http://aneesaluva.blogspot.com/2011/08/blog-post_01.html
    http://aneesaluva.blogspot.com/2009/06/blog-post_9008.html

    ReplyDelete

"Comment moderation" is off in this blog.If it is not displayed, could have gone to spam.