12 November 2011

ആസാദിനെ മറന്നു; ദേശീയ വിദ്യാഭ്യാസദിനവും -മാധ്യമം Fri, 11/11/2011

ആസാദിനെ മറന്നു; ദേശീയ വിദ്യാഭ്യാസദിനവും
MAHYAMAM DAILY Published on Fri, 11/11/2011
ഡോ. അമൃത് ജി. കുമാര്‍


നവംബര്‍ 11 ദേശീയ വിദ്യാഭ്യാസദിനമായി പ്രഖ്യാപിച്ച് കേന്ദ്ര ഗവണ്‍മെന്‍റ് ഉത്തരവിറക്കിയത് 2009ലാണ്. ദേശീയ വിദ്യാഭ്യാസ സമ്പ്രദായം എന്ന ആശയത്തിന്‍െറ പ്രചാരകനും സ്വതന്ത്ര ഭാരതത്തിന്‍െറ ആദ്യത്തെ വിദ്യാഭ്യാസമന്ത്രിയുമായ മൗലാനാ അബുല്‍ കലാം ആസാദിന്‍െറ സ്മരണക്കുവേണ്ടിയാണ് അദ്ദേഹത്തിന്‍െറ ജന്മദിനമായ നവംബര്‍ 11 ദേശീയ വിദ്യാഭ്യാസ ദിനമായി തെരഞ്ഞെടുത്തത്. എല്ലാ സര്‍വകലാശാലകളും ദേശീയ വിദ്യാഭ്യാസദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കണമെന്ന് നിര്‍ദേശിച്ച് യു.ജി.സി 2009ല്‍ സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തു. ഇന്ത്യയിലെ ഏതാണ്ട് എല്ലാ സര്‍വകലാശാലകളും വിപുലമായ രീതിയില്‍ 2009 നവംബര്‍ 11 ദേശീയ വിദ്യാഭ്യാസദിനമായി ആഘോഷിച്ചു. എന്നാല്‍, 2010 ആയപ്പോഴേക്കും ദേശീയ വിദ്യാഭ്യാസദിനം ആഘോഷിച്ച സര്‍വകലാശാലകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു; എല്ലാ വര്‍ഷവും യു.ജി.സി സര്‍ക്കുലര്‍ ലഭിക്കാത്തതാണോ അതോ ഈ ആഘോഷത്തില്‍ വലിയ കഴമ്പൊന്നും ഇല്ല എന്നുതോന്നിയിട്ടാണോ എന്നറിയില്ല.
സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസില്‍ വളരെ ആവേശപൂര്‍വം ചര്‍ച്ച ചെയ്യപ്പെടുകയും സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ മൗലാന ആസാദ് നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്ത ദേശീയ വിദ്യാഭ്യാസ സമ്പ്രദായമാണ് ഇന്നും ഇന്ത്യന്‍ വിദ്യാഭ്യാസനയങ്ങളുടെ അടിസ്ഥാന രേഖ. ദേശീയ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍െറ അന്തസ്സത്ത ഉള്‍ക്കൊണ്ടാണ് 1986ല്‍ ദേശീയ വിദ്യാഭ്യാസനയം രൂപവത്കരിച്ചത്. 1992ല്‍ ദേശീയ വിദ്യാഭ്യാസ നയം പരിഷ്കരിച്ചെങ്കിലും അതിന്‍െറയും ഊന്നല്‍ ദേശീയ വിദ്യാഭ്യാസ സമ്പ്രദായം എന്ന ആശയത്തില്‍ തന്നെയായിരുന്നു.
ദേശീയ വിദ്യാഭ്യാസ സമ്പ്രദായം എന്ന ആശയം കോണ്‍ഗ്രസില്‍ ചര്‍ച്ചചെയ്യപ്പെട്ടുതുടങ്ങുന്നത് 1905ലെ ബംഗാള്‍ വിഭജനകാലത്താണ്. എന്നാല്‍, ഇതിനൊക്കെ മുമ്പേ തന്നെ ദേശീയ വിദ്യാഭ്യാസ സമ്പ്രദായം എന്ന ആശയം കല്‍ക്കത്ത സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്ന ഗൂര്‍ദാസ് ബാനര്‍ജി 1890ലെ തന്‍െറ കോണ്‍വെക്കേഷന്‍ പ്രസംഗത്തിലൂടെ മുന്നോട്ടുവെച്ചിരുന്നതായി ചരിത്രകാരനായ സുരേഷ് സി. ഘോഷ് തന്‍െറ ‘ഇന്ത്യന്‍ വിദ്യാഭ്യാസ ചരിത്രം’ എന്ന പുസ്തകത്തിലൂടെ വാദിക്കുന്നു. ഗൂര്‍ദാസ് ബാനര്‍ജിയുടെ ആശയത്തിന് രവീന്ദ്രനാഥ ടാഗോര്‍, ബങ്കിംചന്ദ്രചാറ്റര്‍ജി തുടങ്ങിയവരുടെ പിന്തുണ ലഭിക്കുകയുണ്ടായി. 1892ല്‍ ‘സാധന’ എന്ന മാസികയില്‍ ഇതേക്കുറിച്ച് ടാഗോര്‍ ലേഖനം പ്രസിദ്ധീകരിച്ചു. ദേശീയതലത്തില്‍ ഏകീകരിക്കപ്പെട്ടതും എന്നാല്‍, പ്രാദേശിക ഭാഷകളിലൂടെ പഠിപ്പിക്കാവുന്നതുമായ ഒരു വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ചാണ് പ്രസ്തുത ലേഖനത്തില്‍ ടാഗോര്‍ വിശദീകരിക്കുന്നത്.
വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗമായാണ് ദേശീയ വിദ്യാഭ്യാസ സമ്പ്രദായം കോണ്‍ഗ്രസ് ചര്‍ച്ചകളില്‍ സ്ഥാനംപിടിക്കുന്നത്. മതത്തിനും ദേശത്തിനും ഭാഷക്കും അതീതമായി ഭാരതീയരെ ഒന്നിച്ചുനിര്‍ത്തുന്നതിനുള്ള ഒരു ചരടായി നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ രൂപപ്പെടുത്തേണ്ടതുണ്ട് എന്ന ഗാന്ധിയന്‍ തത്ത്വം കോണ്‍ഗ്രസില്‍ പൊതുവെ അംഗീകരിക്കപ്പെട്ടു. എന്നാല്‍, ഇത്തരത്തില്‍ ഒരുവിദ്യാഭ്യാസ സമ്പ്രദായത്തിന്‍െറ രൂപവത്കരണം കോണ്‍ഗ്രസ് നേതൃത്വത്തിന് ഒരു വലിയ വെല്ലുവിളിയായിരുന്നു. സമഗ്രമായ ചര്‍ച്ചകളുടെ ഫലമായാണ് ‘ഒരു നിശ്ചിത പ്രായം വരെ ജാതി, മതം, ഭാഷ, ദേശം, ലിംഗം എന്നിവക്കതീതമായി പൊതുവായതും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം എല്ലാവര്‍ക്കും’ എന്ന ആശയം ഉരുത്തിരിഞ്ഞുവന്നത്. ഈ ആശയമാണ് ദേശീയ വിദ്യാഭ്യാസ നയം എന്ന് വിവക്ഷിച്ചുപോരുന്നത്.
സ്വാതന്ത്ര്യാനന്തരവും ദേശീയ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍െറ അന്തസ്സത്ത ഭാരതത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ച നേതാവായിരുന്നു അബുല്‍ കലാം ആസാദ്. അദ്ദേഹം ചെയര്‍മാനായ സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് ഓഫ് എജുക്കേഷനാണ് (സി.എ.ബി.ഇ) 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത്. പിന്നീട് ഭരണഘടന രൂപവത്കരണത്തിനുവേണ്ടിയുള്ള കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ളിയില്‍ അംഗമായിരുന്ന ആസാദ് ഈ നിര്‍ദേശം ആര്‍ട്ടിക്ള്‍ 45 ആയി ഭരണഘടനയില്‍ ഉള്‍പ്പെടുത്തുകയുണ്ടായി.
സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് നല്‍കുന്നതിന്, ഭരണഘടന രൂപംകൊണ്ട വര്‍ഷം മുതല്‍ പത്തുവര്‍ഷത്തിനുള്ളില്‍ സാധിച്ചിരിക്കണം എന്ന പ്രത്യേക നിബന്ധനയോടുകൂടി ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത് ആസാദിന്‍െറ പ്രത്യേക താല്‍പര്യത്തിലായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ 2009ല്‍ പോലും ആര്‍ട്ടിക്ള്‍ 45 വിവക്ഷിക്കുന്ന കാര്യം സഫലീകരിക്കാന്‍ ഭാരതത്തിനായിരുന്നില്ല.2010ല്‍ പാര്‍ലമെന്‍റില്‍ പാസാക്കപ്പെട്ട വിദ്യാഭ്യാസ അവകാശ ബില്‍ ആശാവഹമായ ഒരു മുന്നേറ്റമാണ്. 1958 വരെ ആസാദ് ഭാരതത്തിന്‍െറ വിദ്യാഭ്യാസ മന്ത്രിയായി തുടര്‍ന്നെങ്കിലും അദ്ദേഹത്തിന്‍െറ തന്നെ പ്രത്യേക താല്‍പര്യ പ്രകാരം ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ ആര്‍ട്ടിക്ള്‍ 45 നിര്‍ദേശിക്കുന്ന ലക്ഷ്യം എന്തുകൊണ്ട് നേടാന്‍ സാധിച്ചില്ല എന്ന ചോദ്യം സ്വാഭാവികമായി ഉയര്‍ന്നുവരുന്നുണ്ട്. 1958 വരെ വിദ്യാഭ്യാസ മന്ത്രിയായി അദ്ദേഹം തുടര്‍ന്നെങ്കിലും വിഭജനത്തിന്‍െറ മുറിവുണക്കാനാണ് രാഷ്ട്രം അദ്ദേഹത്തിന്‍െറ സമയവും ഊര്‍ജവും കൂടുതല്‍ ഉപയോഗപ്പെടുത്തിയത്. ഇത് ചരിത്രം പരിശോധിക്കുന്നവര്‍ക്ക് മനസ്സിലാകുന്ന കാര്യമാണ്. വര്‍ഗീയ ലഹളകള്‍ പൊട്ടിപ്പുറപ്പെട്ട സമയങ്ങളില്‍ മുസ്ലിംകളുടെ ഇന്ത്യന്‍ മുഖമായി നെഹ്റു അടക്കമുള്ളവര്‍ ഉയര്‍ത്തിക്കാട്ടിയത് ആസാദിനെയാണ്. കലാപ ബാധിത പ്രദേശങ്ങളിലെ മുസ്ലിംകളുടെ സുരക്ഷിതത്വത്തിന്‍െറ മുഴുവന്‍ ഉത്തരവാദിത്തവും അദ്ദേഹത്തിന്‍െറ ചുമലിലായിരുന്നു.ഒൗദ്യോഗിക കൃത്യനിര്‍വഹണത്തിനു പുറമെ ഇത്രയും ഭാരിച്ചതും സംഘര്‍ഷഭരിതവുമായ മറ്റൊരുത്തരവാദിത്തം കൂടി നിറവേറ്റുക എന്നത് നിസ്സാരകാര്യമായിരുന്നില്ല. ബംഗാള്‍, അസം, പഞ്ചാബ് എന്നീ കലാപ ബാധിത പ്രദേശങ്ങളില്‍ നിരന്തരം സന്ദര്‍ശിക്കുകയും പലപ്പോഴും ദിവസങ്ങളോളം അവിടെ താമസിക്കുകയും ചെയ്തു. അഭയാര്‍ഥി മുസ്ലിംകള്‍ക്ക് ആഹാരം, വെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിന് അബുല്‍കലാം ആസാദ് മേല്‍നോട്ടം വഹിച്ചിരുന്നു. അഭയാര്‍ഥി ക്യാമ്പിലെ മുസ്ലിംകളുടെ അവസ്ഥ സംബന്ധിച്ച ചര്‍ച്ചകളില്‍ ആഭ്യന്തര മന്ത്രിയായിരുന്ന പട്ടേലും മൗലാനയും തമ്മില്‍ ശക്തമായ വാക്പോരാട്ടത്തില്‍ ഏര്‍പ്പെടുക പോലും ഉണ്ടായിട്ടുണ്ട്.
അടിമത്തത്തിലുള്ള ഭാരതത്തിനേക്കാള്‍ സ്വതന്ത്ര ഭാരതത്തിലാണ് ആസാദ് കൂടുതല്‍ വെല്ലുവിളികള്‍ നേരിട്ടത്. സ്വതന്ത്ര ഭാരതത്തിന്‍െറ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ നിരവധി മറക്കാനാകാത്ത സംഭാവനകള്‍ ആസാദിന്‍േതായിട്ടുണ്ട്.
ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അദ്ദേഹം തുടക്കംകുറിച്ച മൂന്ന് ദേശീയ അക്കാദമികള്‍-സംഗീത നാടക അക്കാദമി (1953), സാഹിത്യ അക്കാദമി (1954), ലളിതകലാ അക്കാദമി (1954) എന്നിവ. ഇതിനു മുമ്പേ തന്നെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ചറല്‍ റിലേഷന്‍സും (1950ല്‍) മൗലാനയുടെ നേതൃത്വത്തില്‍ സ്ഥാപിക്കുകയുണ്ടായി.
1948ല്‍ സമര്‍പ്പിക്കപ്പെട്ട, ഡോ. എസ്. രാധാകൃഷ്ണന്‍െറ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ കമീഷന്‍െറ ഏറ്റവും പ്രധാനപ്പെട്ട ശിപാര്‍ശകളില്‍ ഒന്നായിരുന്നു യൂനിവേഴ്സിറ്റികള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നതിന് ദേശീയ തലത്തില്‍ ഒരു ഏജന്‍സി എന്നത്. ബ്രിട്ടനില്‍ ഈ കാലഘട്ടത്തില്‍ ഇത്തരത്തില്‍ ഒരു ദേശീയ ഏജന്‍സി നിലനിന്നിരുന്നു. ഇതേ മാതൃകയില്‍ തന്നെ ഇന്ത്യയിലും നടപ്പാക്കണം എന്നായിരുന്നു കമീഷന്‍െറ ശിപാര്‍ശ. എന്നാല്‍, വികസിത രാഷ്ട്രമായ ബ്രിട്ടനില്‍ നിലനിന്നിരുന്ന ഒരു ഏജന്‍സി അതേ മാതൃകയില്‍ ദരിദ്ര രാഷ്ട്രമായ ഭാരതത്തില്‍ നടപ്പാക്കുക എന്നത് പ്രായോഗിക ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഈ വെല്ലുവിളി ഏറ്റെടുത്ത ആസാദ് ഇത്തരത്തില്‍ ഒരു സ്ഥാപനത്തിന്‍െറ ആവശ്യം, ഘടന തുടങ്ങിയ കാര്യങ്ങള്‍ ദേശീയതലത്തില്‍ ചര്‍ച്ചക്ക് തുടക്കമിട്ടു. ഇതിന്‍െറ പരിണിതഫലമായി 1956ല്‍ യു.ജി.സി ആക്ട് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കപ്പെട്ടു. ആസാദിന്‍െറ തൊപ്പിയിലെ ഒരു പൊന്‍തൂവലായിരുന്നു ഇത്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയുടെ അഭിമാനമായി മാറിയ ഐ.ഐ.ടികള്‍ എന്ന ആശയം യാഥാര്‍ഥ്യമാക്കിയതാണ് അദ്ദേഹത്തിന്‍െറ മറ്റൊരു പ്രധാനപ്പെട്ട സംഭാവന. ആദ്യത്തെ ഐ.ഐ.ടി ഖരക്പൂരില്‍ 1951ലാണ് സ്ഥാപിതമാകുന്നത്. ഇതിന്‍െറ തൊട്ടുപിറകെ തന്നെ ബോംബെ, ദല്‍ഹി, മദ്രാസ്, കാന്‍പൂര്‍ ഐ.ഐ.ടികളും സ്ഥാപിതമായി.
ഇസ്ലാംമത പണ്ഡിതന്‍, ശക്തനായ ദേശീയ പ്രക്ഷോഭ പോരാളി, ഗാന്ധിയന്‍, എഴുത്തുകാരന്‍, സ്വതന്ത്ര ഭാരതത്തിന്‍െറ വിദ്യാഭ്യാസ ഭാവി ചിട്ടപ്പെടുത്തിയ ദീര്‍ഘദര്‍ശിയായ അക്കാദമിഷ്യന്‍ -ഇത്തരത്തിലുള്ള ഒരു മഹദ്വ്യക്തിത്വത്തെ അനുസ്മരിക്കാന്‍ സര്‍ക്കുലറുകള്‍ വേണ്ടിവരുക എന്നുള്ളത് ദൗര്‍ഭാഗ്യകരമാണ്. ഒരുപക്ഷേ, നിശ്ശബ്ദമായ പ്രവര്‍ത്തനം കാഴ്ചവെച്ചതുകൊണ്ടായിരിക്കാം നാം ആസാദിനെ വിസ്മരിക്കുന്നത്. നമ്മുടെ ചരിത്രം ശബ്ദങ്ങള്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. നിശ്ശബ്ദത ഒരിക്കലും അതിന്‍െറ വിഷയമായിരുന്നില്ല.(പോണ്ടിച്ചേരി സെന്‍ട്രല്‍ യൂനിവേഴ്സിറ്റി സ്കൂള്‍ ഓഫ് എജുക്കേഷന്‍ അസി. പ്രഫസറാണ് ലേഖകന്‍)

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.