20 November 2011

നിവര്‍ത്തന പ്രക്ഷോഭത്തിന്‌ നമോവാകം - എം ഐ മുഹമ്മദലി സുല്ലമി - ശബാബ് വാരിക 18 നവംബര്‍ 2011


നിവര്‍ത്തന പ്രക്ഷോഭത്തിന്‌ നമോവാകം
- പ്രതികരണം -
എം ഐ മുഹമ്മദലി സുല്ലമി
ശബാബ് വാരിക 18 നവംബര്‍ 2011
മലബാറിനെ അവഗണിക്കുന്നു എന്ന ആക്ഷേപവുമായി ജമാഅത്തെ ഇസ്‌ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റിക്കാര്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി സമരരംഗത്താണ്‌. ``മലബാര്‍ നിവര്‍ത്തന പ്രക്ഷോഭ'മെന്ന്‌ അവര്‍ പേരിട്ടിരിക്കുന്ന സമരത്തിന്റെ ഭാഗമായി അടുത്തവാരം സെക്രട്ടറിയേറ്റ്‌ വളയാനും അവര്‍ തീരുമാനിച്ചിരിക്കുന്നു.

മലബാറിലെ ജനസംഖ്യയില്‍ മുസ്‌ലിംകള്‍ ഗണ്യമായ ഒരു വിഭാഗമാണ്‌. ബ്രിട്ടീഷാധിപത്യം, യാഥാസ്ഥിതികത്വം, അന്ധവിശ്വാസങ്ങള്‍ തുടങ്ങിയ ചരിത്രപരമായ വിവിധ കാരണങ്ങളാല്‍ മലബാര്‍ ജനത തികച്ചും അധപ്പതനത്തിലായിരുന്നു.


സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും ഉല്‍പതിഷ്‌ണുക്കളായ പണ്ഡിതരും രാഷ്‌ട്രീയ-സാമൂഹ്യ പ്രവര്‍ത്തകരും കഠിനാധ്വാനം ചെയ്‌തതിന്റെ ഫലമായി ഇന്ന്‌ മലബാറും മുസ്‌ലിംകളും വളരെയധികം പുരോഗതി പ്രാപിച്ചിട്ടുണ്ട്‌. ഇന്ന്‌ മലബാറിലെ ഏതാണ്ടെല്ലാ ഗ്രാമങ്ങളിലും പ്രൈമറി തലം മുതല്‍ ഹൈസ്‌കൂള്‍-പ്ലസ്‌ ടു തലങ്ങള്‍ വരെ പഠിക്കാനുള്ള സൗകര്യങ്ങളുണ്ട്‌. ധാരാളം കോളെജുകളും രണ്ടു സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളും രണ്ടു സര്‍വകലാശാലകളും മലബാറില്‍ പ്രവര്‍ത്തിക്കുന്നു. അപ്രകാരം എന്‍ജിനീയറിംഗ്‌ സാങ്കേതിക വിജ്ഞാന കേന്ദ്രങ്ങള്‍ തുടങ്ങിയവയും മലബാറിലുണ്ട്‌. വൈദ്യുതിയില്ലാത്ത ഗ്രാമങ്ങള്‍ ഇന്ന്‌ മലബാറിലില്ല. ഈ വിമാനത്താവളം പ്രവര്‍ത്തനക്ഷമമായ മലബാറില്‍ മറ്റൊന്നു കൂടി നിര്‍മിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു.


മലബാറിനും മുസ്‌ലിംകള്‍ക്കും ഇനിയും പ്രയാണം ചെയ്യാന്‍ ധാരാളം ദൂരം കിടപ്പുണ്ട്‌. അതിനാല്‍ പുരോഗതിക്കു വേണ്ടിയുള്ള ശബ്‌ദങ്ങള്‍ ഇനിയും ഉയരേണ്ടതുണ്ട്‌. കേരളത്തിലെ ആറേഴ്‌ പഞ്ചായത്ത്‌ വാര്‍ഡുകള്‍ പിടിക്കാന്‍ മാത്രം അതിശക്തരായ (!) ജമാഅത്തെ ഇസ്‌ലാമിക്കാരും സോളിഡാരിറ്റിക്കാരും നടത്തുന്ന സെക്രട്ടറിയേറ്റ്‌ സമരം `അണ്ണാരക്കണ്ണനും തന്നാലായത്‌' എന്ന നിലയില്‍ പ്രശംസിക്കപ്പെടേണ്ടതു തന്നെ!


സോളിഡാരിറ്റിക്കാരുടെ മുന്‍ഗാമികള്‍ ഇന്ന്‌ ജീവിച്ചിരിക്കാത്തത്‌ രണ്ടു കൂട്ടരുടെയും ഭാഗ്യമെന്ന്‌ പറയാതിരിക്കാന്‍ നിര്‍വാഹമില്ല. മലബാറിലെ മാത്രമല്ല, മുഴുവന്‍ മുസ്‌ലിംകളുടെയും ഉത്ഥാനത്തിനും പുരോഗതിക്കും വേണ്ടി ഏതാനും ദശാബ്‌ദങ്ങള്‍ക്ക്‌ മുമ്പ്‌ ഇസ്വ്‌ലാഹി പ്രസ്ഥാന നായകരും, അതില്‍ പ്രചോദിതരായ രാഷ്‌ട്രീയ-സാമൂഹ്യ-സാംസ്‌കാരിക വ്യക്തിത്വങ്ങളും സംഘടനകളും സജീവമായി പ്രവര്‍ത്തിക്കുകയുണ്ടായി. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസരംഗത്തും മുസ്‌ലിംകള്‍ക്ക്‌ സംവരണമേര്‍പ്പെടുത്തണമെന്ന്‌ അവര്‍ ആവശ്യപ്പെട്ടു. മുസ്‌ലിംകള്‍ ധാരാളം അധിവസിക്കുന്ന മലബാറില്‍ കലാലയങ്ങളും സര്‍വകലാശാലകളും സ്ഥാപിക്കാന്‍ അവര്‍ മുറവിളി കൂട്ടി. ഇംഗ്ലീഷ്‌ വിജ്ഞാനവും സ്‌ത്രീ വിദ്യാഭ്യാസവും നിഷിദ്ധമാക്കിയിരുന്ന `സമസ്‌ത'യിലെ പുരോഹിതരുടെ വിലക്കുകള്‍ ലംഘിച്ച്‌ സുന്നീ ആശയക്കാരായ സാമൂഹ്യ പ്രവര്‍ത്തകര്‍ പോലും മുസ്‌ലിം സമുദായത്തിന്റെ പുരോഗതിക്കു വേണ്ടിയുള്ള സമരാങ്കണത്തില്‍ നിലയുറപ്പിച്ചു.


അക്കാലത്താണ്‌ കേരളത്തിലെ ജമാഅത്ത്‌ സ്ഥാപക നേതാവ്‌ വി പി മുഹമ്മദലി എന്ന ഹാജി സാഹിബ്‌ നാട്ടിലെത്തിയത്‌. മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതി, ഗവണ്‍മെന്റ്‌ സര്‍വീസുകളിലെ പ്രാതിനിധ്യം തുടങ്ങിയ എല്ലാ രചനാത്മക ചലനങ്ങളെയും അദ്ദേഹം ഇസ്‌ലാമിക വിരുദ്ധമായി പ്രഖ്യാപിച്ചു. ഹാജി സാഹിബിന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ ചരിത്രം രേഖപ്പെടുത്തിയ പ്രമുഖനായ ജമാഅത്ത്‌ നേതാവ്‌ എടുത്തുദ്ധരിക്കുന്നത്‌ കാണുക:


``പ്രിയരേ, ദൈവത്തിന്റെ ചില അടിമകള്‍ തങ്ങളുടെ യഥാര്‍ഥ യജമാനനായ ദൈവത്തോടും ദൈവിക നിയമങ്ങളോടും എതിര്‍ത്തുകൊണ്ട്‌ തങ്ങളുടെ നിയമങ്ങളെ ദൈവത്തിന്റെ അടിമകളുടെ മേല്‍ നിര്‍ബന്ധപൂര്‍വം നടത്തുന്നത്‌ കണ്ട്‌ സ്വസ്ഥമായിരിക്കുക ഒരു മുസ്‌ലിമിന്‌ (ദൈവത്തെ മാത്രം അനുസരിക്കുന്നവന്‌) സാധ്യമാണോ? ഇന്നത്തെ മുസ്‌ലിംകളാണെങ്കില്‍ ദൈവത്തിന്റെ എതിരാളികളുടെ ഭരണത്തില്‍ സര്‍വവിധ സേവനങ്ങളും ചെയ്‌തുകൊടുക്കുന്നു. മാത്രമല്ല സേവനത്തിന്‌ തങ്ങളെ വിളിച്ചില്ലെങ്കില്‍ വലിയ വലിയ ആക്ഷേപങ്ങള്‍ പോലും പുറപ്പെടുവിക്കുന്നു. പിന്നെയും അവര്‍ മുസ്‌ലിംകള്‍ (ദൈവത്തെ അനുസരിക്കുന്നവര്‍) ആണുപോല്‍!'' (ഹാജി സാഹിബ്‌, ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌, പേജ്‌ 106)


ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശമനുസരിച്ച്‌ ഭൂമിയില്‍ നിയമനിര്‍മാണം നടത്താന്‍ അല്ലാഹുവിനു മാത്രമാണ്‌ അവകാശമുള്ളത്‌. അതിനാല്‍ ദൈവികേതര ഭരണനിയമങ്ങള്‍ അനുസരിക്കുന്നത്‌ അവര്‍ സത്യനിഷേധവും (കുഫ്‌റ്‌) ബഹുദൈവ വിശ്വാസവുമാണെന്ന്‌ പ്രചരിപ്പിച്ചു. ശഹാദത്ത്‌ കലിമ ഉച്ചരിച്ച ഒരു മുസ്‌ലിമിന്‌ ഇസ്‌ലാമികേതര ഭരണകൂടങ്ങളുമായി സഹകരിക്കാനോ അവയുടെ ആനുകൂല്യങ്ങള്‍ നേടിയെടുക്കാനോ സാധ്യമല്ലെന്ന്‌ അവര്‍ വാദിച്ചു. കേരള ജമാഅത്തിന്റെ പ്രഥമ അമീറായിരുന്ന ഹാജി സാഹിബിന്റെ കാലത്താണ്‌ ജമാഅത്ത്‌ ഭരണഘടന മലയാളത്തിലേക്ക്‌ ആദ്യമായി ഭാഷാന്തരം ചെയ്‌തത്‌. ശഹാദത്ത്‌ കലിമ ഉപയോഗിച്ചവന്റെ ബാധ്യതയായി അതില്‍ രേഖപ്പെടുത്തിയത്‌ ശ്രദ്ധിക്കുക:


സാക്ഷി നിര്‍വഹണത്തിനു ശേഷം ജമാഅത്തിലെ എല്ലാ അംഗങ്ങളും തങ്ങളുടെ ജീവിതത്തില്‍ നിര്‍ബന്ധപൂര്‍വം വരുത്തിത്തീര്‍ക്കേണ്ട മാറ്റങ്ങള്‍ താഴെ വിവരിക്കുന്നവയാണ്‌.


``(വകുപ്പ്‌ 5) ഇനി അവര്‍ ഭൂമിയുടെ ഏതെങ്കിലും ഒരു ഭാഗത്ത്‌ സ്വയം ആധിപത്യം വാദിക്കുന്ന ഒരു ഭരണകൂടത്തിന്റെ തലവനോ, പ്രസിഡന്റോ, ഗവര്‍ണറോ, മന്ത്രിയോ, ജഡ്‌ജിയോ ആണെങ്കില്‍ അവര്‍ ആ സ്ഥാനം രാജിവെക്കണം.''


``(വകുപ്പ്‌ 6) അവന്‍ നിയമനിര്‍മാണസഭയിലെ അംഗമാണെങ്കില്‍ അതില്‍ നിന്നും രാജിവെക്കണം. എന്തുകൊണ്ടെന്നാല്‍ വിശുദ്ധ ഖുര്‍ആനിനെയും നബിചര്യയെയും അടിസ്ഥാനവും പ്രമാണവുമായി സ്വീകരിക്കാത്ത യാതൊരു സമിതിക്കും ഇ്‌സ്‌ലാമിക ദൃഷ്‌ട്യാ മനുഷ്യ ജീവിതത്തില്‍ നിയമങ്ങള്‍ നിര്‍മിക്കാനുള്ള അവകാശമേ ഇല്ല. അത്തരം ഒരു സഭയുടെ മെമ്പര്‍ഷിപ്പ്‌ സ്വീകരിക്കുക എന്നത്‌ ഒരു മുസ്‌ലിമിന്റെ ജോലിയുമല്ല.'' (1950 ലെ ജമാഅത്ത്‌ ഭരണഘടന)


ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥയും തദടിസ്ഥാനത്തില്‍ സ്ഥാപിതമാവുന്ന നിയമനിര്‍മാണ സഭയുമെല്ലാം ഏകെദൈവ വിശ്വാസത്തിന്‌ വിരുദ്ധമാണെന്ന്‌ ജമാഅത്ത്‌ വാദിക്കുന്നു. അതിനാല്‍ ഒരു മുസ്‌ലിമിന്‌ നിയമസഭാംഗമോ, പാര്‍ലിമെന്റംഗമോ ആകാവതല്ലെന്ന്‌ ജമാഅത്ത്‌ ഭരണഘടന തന്നെ അനുശാസിച്ചിരുന്നു. അപ്രകാരം രാജ്യത്തിന്റെ പ്രസിഡന്റോ, ഗവര്‍ണറോ, മന്ത്രിയോ, ജഡ്‌ജിയോ ആണെങ്കില്‍ ശഹാദത്ത്‌ കലിമ (സാക്ഷി നിര്‍വഹണം എന്ന്‌ ജമാഅത്ത്‌ പരിഭാഷ) ഉച്ചരിച്ചാല്‍ സ്ഥാനങ്ങള്‍ കൈവെടിയണം! വല്ലാത്തൊരു ശഹാദത്ത്‌ കലിമ തന്നെ! ഇസ്‌ലാമിന്റെ ശഹാദത്ത്‌ കലിമ ഉച്ചരിച്ച യൂസുഫ്‌ നബി(അ) മന്ത്രിസ്ഥാനം ഏറ്റെടുത്തതും, അതേവചനം ഉച്ചരിച്ച നജ്ജാശി രാജാവ്‌ ഭരണകൂടത്തിന്റെ തലവനായി തുടര്‍ന്നതും ഇസ്‌ലാം അംഗീകരിച്ചു. പക്ഷെ, ജമാഅത്തെ ഇസ്‌ലാമിക്കാര്‍ക്ക്‌ അത്‌ ഉള്‍ക്കൊള്ളാനാവില്ല!


ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടനയുമായി മലബാറില്‍ ചുറ്റി നടന്ന ഹാജി സാഹിബിനെ മുസ്‌ലിംസമൂഹം അംഗീകരിച്ചില്ല. അതുകൊണ്ടാണ്‌ മലബാറും മുസ്‌ലിംകളും ഇക്കാണുന്ന അവസ്ഥയിലെങ്കിലുമെത്തിയത്‌.


ഹാജി സാഹിബ്‌ ഇന്ന്‌ ജീവിക്കാതിരുന്നത്‌ സോളിഡാരിറ്റിക്കാരുടെ ഭാഗ്യം; അല്ലാതെന്തു പറയാന്‍! അദ്ദേഹം ജമാഅത്ത്‌ അമീറായിരുന്ന കാലത്താണ്‌ സോളിഡാരിറ്റി മലബാര്‍ നിവര്‍ത്തനവുമായി ഇറങ്ങിത്തിരിച്ചിരുന്നതെങ്കില്‍ ജമാഅത്തിന്റെ പടി കയറാന്‍ അവരെ അനുവദിക്കുമായിരുന്നില്ല. എന്തിനധികം അവരെ മുസ്‌ലിംകളായിപ്പോലും അദ്ദേഹം അംഗീകരിക്കുമായിരുന്നില്ല.


ഹാജി സാഹിബ്‌ മാത്രമല്ല, അദ്ദേഹത്തിന്റെ ഗുരുവായ സയ്യിദ്‌ മൗദൂദിയും സോളിഡാരിറ്റിയുടെ പ്രക്ഷോഭം കണ്ടാല്‍ ക്ഷുഭിതനാകുമായിരുന്നു. സര്‍ക്കാര്‍ ജോലികള്‍ സ്വീകരിക്കുകയും സര്‍ക്കാര്‍ സഹായങ്ങളിലൂടെ മുസ്‌ലിം പുരോഗതിക്കായി യത്‌നിക്കുകയും ചെയ്‌തിരുന്നവരെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. അവരെ നിഷിദ്ധത്തെ (ഹറാമിനെ) അനുവദനീയ (ഹലാല്‍) മാക്കുന്നവരും പിന്നീട്‌ അതിനെ നിര്‍ബന്ധ(ഫര്‍ദ്‌) മാക്കുന്നവരായും അങ്ങനെ ദീനിനെ മാറ്റിമറിക്കുന്നവരായും അദ്ദേഹം ചിത്രീകരിച്ചു. അദ്ദേഹം തന്റെ ഹുകൂമത്തെ ഇസ്‌ലാമിയ്യ എന്ന കൃതിയില്‍ പറയുന്നത്‌ നോക്കുക:


``ഇസ്‌ലാമികേതര രാഷ്‌ട്രത്തിലെ (ദാറുല്‍കുഫ്‌ര്‍) നിര്‍ബന്ധിതാവസ്ഥകള്‍ മുസ്‌ലിംകളെ വീണ്ടും വീണ്ടും ഇജ്‌തിഹാദ്‌ ചെയ്യാന്‍ പ്രേരിപ്പിച്ചു. അങ്ങനെ തങ്ങളുടെ സന്താനങ്ങളെ കാഫിര്‍ വ്യവസ്ഥക്ക്‌ സേവനം ചെയ്യാന്‍ അവര്‍ പ്രോത്സാഹിപ്പിച്ചു. ആദ്യഘട്ടത്തില്‍ അത്‌ ചെയ്യുമ്പോഴുണ്ടായിരുന്ന `കുറ്റബോധം' കൂടി ഇല്ലാതാക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. കാഫിര്‍ വ്യവസ്ഥയിലെ കുഞ്ചിക സ്ഥാനങ്ങള്‍ നേടിയെടുക്കുന്നതിലാണ്‌ മുസ്‌ലിംകളുടെ പുരോഗതിയും വിജയവുമെന്ന്‌ അവര്‍ ഏറ്റവും ഒടുവില്‍ കണ്ടെത്തിയിരിക്കുന്നു. നിയമനിര്‍മാണ രംഗം, കോടതികള്‍, സൈന്യം, വ്യവസായം തുടങ്ങിയ അനിസ്‌ലാമിക ഗവണ്‍മെന്റിന്റെ എല്ലാ വകുപ്പുകളിലും സേവനം ചെയ്‌തില്ലെങ്കില്‍ മുസ്‌ലിംകള്‍ക്ക്‌ അധോഗതിയും അന്യര്‍ക്ക്‌ അഭിവൃദ്ധിയുമുണ്ടാകുമെന്ന്‌ അവര്‍ വാദിക്കുന്നു. അങ്ങനെ കണ്ണിമയ്‌ക്കുന്ന സമയം കൊണ്ട്‌ ഇന്നലെ വരെ കേവലം അനുവദനീയം മാത്രമായിരുന്നത്‌ ഇന്ന്‌ നിര്‍ബന്ധ ബാധ്യതയായിരിക്കുന്നു! (പേജ്‌ 42)


ഇസ്‌ലാമികേതര സര്‍ക്കാറുകളുടെ എല്ലാ ആനുകൂല്യങ്ങളും നിയന്ത്രിക്കുമെന്ന്‌ ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകനേതാവും കേരളത്തിലെ പ്രഥമ അമീറും സമൂഹത്തോടാഹ്വാനം ചെയ്‌തു. അവയെ ചവറ്റുകൊട്ടയിലേക്ക്‌ സമുദായം വലിച്ചെറിഞ്ഞില്ലായിരുന്നെങ്കില്‍ മലബാറിനോ മുസ്‌ലിം സമൂഹത്തിനോ ഒരു നേട്ടവും കൈവരിക്കാന്‍ സാധിക്കുമായിരുന്നില്ല.


ഏതായിരുന്നാലും മുസ്‌ലിം സമൂഹത്തിലെ ഉല്‌പതിഷ്‌ണുക്കളും സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളും അരനൂറ്റാണ്ടു മുമ്പ്‌ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പുതിയ തലമുറ ആവേശപൂര്‍വം ഏറ്റുവിളിക്കയാണ്‌. തങ്ങളുടെ പഴയ തലമുറയുടെ ചെയ്‌തികളില്‍ അവര്‍ പശ്ചാത്തപിക്കുന്നു. അങ്ങനെ `മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം' യഥാര്‍ഥത്തില്‍ `ജമാഅത്ത്‌ നിവര്‍ത്തന പ്രക്ഷോഭം' കൂടിയായി പരിണമിച്ചിരിക്കുന്നു. അങ്ങനെ സയ്യിദ്‌ മൗദൂദിയുടെയും ഹാജി സാഹിബിന്റെയും ആശയാദര്‍ശങ്ങളെ ചവിട്ടി മെതിച്ചുകൊണ്ട്‌ ദൈവികേതര ഭരണകൂട സെക്രട്ടറിയേറ്റിന്റെ കവാടത്തിലേക്ക്‌ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സോളിഡാരിറ്റി പ്രവര്‍ത്തകരും മന്ദം മന്ദം നടന്നുനീങ്ങുകയാണ്‌. നമുക്കവരെ അഭിനന്ദിക്കാം, ആശീര്‍വദിക്കാം.No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.