05 November 2011

അറഫയുടെ മനോഹാരിത നാടെങ്ങും പരക്കട്ടെ - ഡോ. ഹുസൈന്‍ മടവൂര്‍ -05 November 2011

അറഫയുടെ മനോഹാരിത നാടെങ്ങും പരക്കട്ടെ - ഡോ. ഹുസൈന്‍ മടവൂര്‍
Varthamanam Daily - Published on Friday, 04 November 2011 18:00
http://www.varthamanam.com/index.php/editorial/1867-2011-11-04-18-00-21




ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ഹജ്ജിനെത്തിയ മുപ്പത് ലക്ഷത്തോളം തീര്‍ത്ഥാടകര്‍ അറഫയില്‍ ഒരുമിച്ച് കൂടിയിരിക്കുകയാണ്. വിശ്വമാനവികതയും ഇസ്‌ലാമിക സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ച് അവര്‍ പ്രാര്‍ത്ഥനാനിരതരാവുന്നു. ദേശഭാഷാ വര്‍ണ്ണ വ്യത്യാസമന്യേ അവിടെ എല്ലാവരും ഏകസമുദായമാണെന്ന മഹത്തായ സത്യം അംഗീകരിക്കുന്നു. അവിടെ അറബിയും അനറബിയും ഇല്ല. ഉന്നതനും താഴ്ന്നവനും ഇല്ല. കറുത്തവനും വെളുത്തവനും ഇല്ല. എല്ലാവരും അല്ലാഹുവിന്റെ അതിഥികള്‍ എന്ന പേരില്‍ തുല്യരാണ്. കാരണം എല്ലാവരും ഒരേ ഇഹ്‌റാം വേഷത്തിലാണ്. അവര്‍ പറയുന്നത് ഒരേ തല്‍ബിയത്ത് ആണ്. ഒരേ രീതിയിലാണ് ഹജ്ജ് നിര്‍വ്വഹിക്കുന്നത്. ഒരേ ഇമാമിന്റെ നേതൃത്വത്തിലാണ് അവരെല്ലാം നമസ്‌കരിക്കുന്നത്. വിഭാഗീയതാല്‍ പൊറുതി മുട്ടുന്ന മുസ്‌ലിംകള്‍ക്ക് ആനന്ദം നല്‍കുന്ന അതിമനോഹരമായ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ദൃശ്യങ്ങളാണ് ഹജ്ജിലെവിടെയും കാണപ്പെടുന്നത്. മുസ്‌ലിംകള്‍ക്ക് നിരവധി സംഘടനകളും പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളുമുണ്ട്. അഭിപ്രായ വ്യത്യാസങ്ങളും നിരവധി വ്യത്യസ്ത മദ്ഹബുകള്‍ പിന്‍പറ്റുന്നവരും പ്രത്യേകിച്ച് ഒരു മദ് സ്വീകരിക്കാത്തവരും അഹ്‌ലുസുന്നത്തില്‍ ജമാഅത്ത് ആണെന്ന് അവകാശപ്പെടുന്നു. ഇതിനു പുറമെ ശിയാക്കളും ഇബാളികളും ഹജ്ജിനെത്തുന്നുണ്ട്. നാട്ടില്‍ ഒന്നിച്ച് നില്‍ക്കാന്‍ കഴിയാത്തവരാണിവരില്‍ പലരും. ഒന്നിച്ച് നമസ്‌കരിക്കാത്തവര്‍ സലാം പറയാത്തവര്‍, മയ്യത്ത് മറവ് ചെയ്യാന്‍ ഖബര്‍സ്ഥാന്‍ വില്‍ക്കുന്നവര്‍ വിവാഹം മുടക്കുന്നവര്‍... നമ്മില്‍ പലരും നാട്ടില്‍ അങ്ങനെയൊക്കെ ആയിപ്പോയിരിക്കുന്നു. എന്നാല്‍ ഹജ്ജിനായി മക്കയിലെത്തിയ മുസ്‌ലിംകള്‍ അങ്ങനെയൊന്നുമല്ല ദീന്‍ പഠിപ്പിക്കുന്നതെന്ന് അനുഭവിച്ചറിയുന്നു.  അവിടെ എല്ലാവരും മുസ്‌ലിംകളാണെന്ന് അംഗീകരിക്കുന്നു. കാരണം മുസ്‌ലിംകള്‍ക്ക് മാത്രമേ മക്കയിലേക്ക് പ്രവേശനമുള്ളു. ഇതാണ് ഹജ്ജിന്റെ മനോഹാരിത. ഇത് മക്കയിലാകാമെങ്കില്‍ നാട്ടിലും ആയിക്കൂടേ  എന്ന് ഹജ്ജ് കഴിഞ്ഞ് വരുന്ന നിഷ്‌കളങ്കരായ സാധാരണ മുസ്‌ലിംകള്‍ ചോദിക്കാറുണ്ട്. അവര്‍ മക്കയില്‍ നിന്നുറപ്പുവരുത്തിയ ചില കാര്യങ്ങളുണ്ട്. മുസ്‌ലിംകള്‍ വിശ്വസിക്കുന്നത് ഒരേ ഒരു അല്ലാഹുവിലാണ്. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയാണവരുടെ മാതൃകാ പുരുഷന്‍. ഒരേ ഖുറാനാണവരുടെ വേദഗ്രന്ഥം. ഒരേ കഅബയിലേക്കാണവരുടെ നമസ്‌കാരം.  ഈമാന്‍ കാര്യങ്ങളും ഇസ്ലാം കാര്യങ്ങളും എല്ലാവര്‍ക്കും ഒന്നു തന്നെ. ഇക്കാര്യങ്ങളില്‍ ഐക്യപ്പെടാനാവുമെന്ന് ഹാജിമാര്‍ പഠിക്കുന്നു. എന്നാല്‍ വിശദീകരണങ്ങളിലും വ്യഖ്യാനങ്ങളിലും ധാരാളം വ്യത്യാസങ്ങളുണ്ട്. അവ വൈജ്ഞാനിക തലത്തില്‍ ചര്‍ച്ച ചെയ്തും പഠിച്ചും കൂടുതല്‍ ശരിയായി തോന്നുന്നത് തെരഞ്ഞെടുക്കുകയെന്ന ഉയര്‍ന്ന തലത്തിലേക്ക് നാം ഉയരുകയാണ് വേണ്ടത്. ശാന്തമായ നിലയില്‍ പഠിച്ച് മനസ്സിലാക്കിയ കാര്യം അനുഷ്ഠിക്കുന്നതില്‍ വ്യക്തികളെ വെറുക്കുകയോ ഉപദ്രവിക്കുകയോ ചെയ്യേണ്ടതില്ലല്ലോ. മക്കയിലും അറഫയിലും നാം അതാണ് കാണുന്നത്. മക്കയിലെയും മദീനയിലെയും പള്ളികളിലെ നമസ്‌കാരങ്ങള്‍ക്ക് വലിയ പുണ്യമുണ്ട്. അത് ജുമാഅത്തായി നിര്‍വ്വഹിക്കുമ്പോള്‍ പുണ്യം വര്‍ദ്ധിക്കുന്നു. അവിടങ്ങളില്‍ സ്ത്രീകള്‍ക്കും ജുമാഅത്ത് നമസ്‌കാരങ്ങളില്‍ പള്ളികളില്‍ പങ്കെടുക്കാം. അവര്‍ കഅബാ തവാഫ് ചെയ്യുകയും റൗള സന്ദര്‍ശിക്കുകയും ചെയ്യുന്നു. അവിടെ ജുമുഅക്ക് രണ്ട് ബാങ്കുകളുണ്ട്. സുബ്ഹ് നമസ്‌കാരത്തില്‍ ഖുനൂത്തില്ല.  സുബ്ഹ്‌നമസ്‌കാരത്തിനു ശേഷം കൂട്ട പ്രാര്‍ത്ഥനയില്ല. തറാവീഹ് നമസ്‌കാരം ഇരുപത് റക് അത്തും വിത്‌റുമുണ്ട.് ഹറമുകള്‍ ഒഴിച്ചുള്ള അധിക പള്ളികളും അത് എട്ട് റക് അത്തും വിത്‌റുമാണ്.   അവിടത്തെ പ്രധാന ഖബര്‍സ്ഥാനുകളായ ജുന്നത്തുല്‍ മഅല്ലയിലും ജന്നത്തുല്‍ ബഖീഇലും ഖബറുകള്‍ കെട്ടിപ്പടുക്കുകയോ ജാറങ്ങള്‍ ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. മയ്യിത്ത് നമസ്‌കാരങ്ങള്‍ക്ക് പള്ളിയിലെ ഇമാം തന്നെയാണ് നേതൃത്വം നല്‍കുന്നത്. നമസ്‌കാരത്തില്‍ നെഞ്ചില്‍മേല്‍ കൈകെട്ടുന്നവരും നെഞ്ചിനു താഴെ കൈ കെട്ടുന്നവരും തീരെ കൈ കെട്ടാത്തവരും ഉണ്ട്. സ്ത്രീകള്‍ മുഖം മറച്ചവരും മുഖം തുറന്നിട്ടവരും ഉണ്ട്. മാസപ്പിറവി നിര്‍ണ്ണയത്തിന് ശാസ്ത്രത്തെ അവലംബിക്കാമെന്ന ആഭിപ്രായമുള്ള പണ്ഡിതന്‍മാര്‍ അവിടെയുമുണ്ട് എന്നാല്‍ അവിടെ നോമ്പും പെരുന്നാളും ഹജ്ജും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചാല്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാറ്റിവെച്ച് എല്ലാവരും ഒന്നിച്ച് നോമ്പും പെരുന്നാളും ഹജ്ജും അനുഷ്ഠിക്കുന്നു. കേരളത്തില്‍ ദുല്‍ഹജ്ജ് ഏഴിനു വെള്ളിയാഴ്ച (ന്യൂമൂണ്‍ തത്വപ്രകാരം) അറഫ നോമ്പെടുത്ത സാക്ഷാല്‍ മണിക് ഫാന്റെ ആളുകള്‍ പോലും അറഫയില്‍ നിന്നത് ശനിയാഴ്ചയും മക്കയില്‍ പെരുന്നാള്‍ ആഘോഷിച്ചത് ഞായറാഴ്ചയും ആയിരുന്നു. അതാണ് മക്കയിലെ ഐക്യം. ഹജ്ജില്‍ തര്‍ക്കിക്കാന്‍ പാടില്ലെന്ന് ഖുര്‍ആന്‍ പഠിപ്പിച്ചിട്ടുണ്ടെന്ന് ഹാജിമാര്‍ ഹജ്ജ് ക്ലാസുകളില്‍ നിന്ന് മനസ്സിലാക്കിയതിനാല്‍ ഈ വൈവിദ്ധ്യങ്ങളെല്ലാം ഒരു യാഥാര്‍ഥ്യമായി അവര്‍ കാണുന്നു. എല്ലാം ശരിയാണെന്നു മനസ്സിലാക്കിയല്ല ഇങ്ങനെ ചെയ്യുന്നത്. മറിച്ച് ഓരോരുത്തര്‍ക്കും അവരുടെ അഭിപ്രായമനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന തിരിച്ചറിവാണ് അവരെ ഐക്യത്തില്‍ ഉറപ്പിച്ച് നിര്‍ത്തുന്നത്. അതിനാല്‍ അന്യന്റെ അഭിപ്രായത്തെ മാനിച്ച്  അനുവദനീയമായ രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ അവര്‍ പാകപ്പെടുന്നു. അതുകൊണ്ടാണ് അവര്‍ ഒരേ ഇമാമിന്റെ കീഴില്‍ നമസ്‌കരിക്കുന്നതും ഹജ്ജ് നിര്‍വഹിക്കുന്നതും എല്ലാ മരണപ്പെട്ടവര്‍ക്കും വേണ്ടി മയ്യിത്ത് നമസ്‌കരിക്കുന്നതും. തൗഹീദ് ശിര്‍ക്ക്, സുന്നത്ത്, ബിദ് അത്ത് തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ ഗുരുതരമായ പിശക് പറ്റിയ ആളുകള്‍ നമുക്കിടയിലുണ്ട്. അവരെ ശരിയായ രീതിയില്‍ ഉപദേശിച്ചും ബോധവല്‍ക്കരിച്ചും മാറ്റിയെടുക്കേണ്ടതുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ സമൂഹത്തില്‍ കലഹങ്ങളും നാശങ്ങളുമുണ്ടാകാന്‍ പാടില്ലാത്തതാണ്. ഒരു സമുദായമെന്ന നിലയില്‍ വേണ്ട സന്ദര്‍ഭങ്ങളിലെല്ലാം മുസ്‌ലിംകള്‍ക്ക് ഐക്യപ്പെടാന്‍ കഴിയണമെന്നു അറഫാ സംഗമം നമ്മെ വിളിച്ചോതുന്നു.


അറഫാ സംഗമത്തിന്റെ അലയൊലിയില്‍ ഐക്യത്തിന്റെ ആഹ്വാനമുണ്ട്. ഇന്ത്യയില്‍ ധാരാളം മുസ്‌ലിം പൊതുവേദികളുണ്ട്. ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ബോഡില്‍ അഹ്‌ലെ ഹദീസ് ദയൂബന്ദി, ബറേല്‍വി, ഇസ്‌ലാഹീ മൂവ്‌മെന്റ് ജമാഅത്തെ ഇസ്‌ലാമി, തബ്‌ലീഗ് തുടങ്ങിയ പ്രസ്ഥാനങ്ങളുടെ നേതാക്കളും പണ്ഡിതന്മാരും ശിയാവിഭാഗത്തിന്റെ പ്രതിനിധികളുമുണ്ട്. കൂടാതെ മജ്‌ലിസെ മുശാവറ, മില്ലി കൗണ്‍സില്‍ തുടങ്ങിയ പൊതുവേദികളുമുണ്ട്. കേരളത്തില്‍ പലപ്പോഴും രൂപം കൊടുത്ത മുസ്‌ലിം പൊതു വേദികള്‍ ആവശ്യമായ സമയത്ത് വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അത്തരം കൂട്ടായ്മകള്‍ക്ക് ഈയിടെയായി കൂടുതല്‍ അംഗീകാരം ലഭിക്കുന്നുണ്ടെന്നത് സന്തോഷകരമായ കാര്യമാണ്. ഇക്കഴിഞ്ഞ റമസാനില്‍ പാണക്കാട് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍  ഒരുക്കിയ ഇഫ്താര്‍ സംഗമം ഏറെ ശ്രദ്ധേയമായിരുന്നു. സമസ്തയുടെ ഇരുവിഭാഗവും മുജാഹിദുകളിലെ ഇരുവിഭാഗവവം ജമാഅത്തെ ഇസ്‌ലാമി, തബ്‌ലീഗ്, എം ഇ എസ്, എം എസ് എസ് തുടങ്ങിയ സംഘടനകളുടെ ഏറ്റവും മുതിര്‍ന്ന നേതാക്കളും പങ്കെടുത്തു. സംഘാടകരായി മുസ്‌ലിം ലീഗിലെ സമുന്നതരായ ഭാരവാഹികളും എം എല്‍ എ മാരും എം പിമാരും മന്ത്രിമാരും ഇവരെല്ലാം ഹൈദര്‍ അലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മഗ്‌രിബ് നമസ്‌കരിച്ചു. ഒന്നിച്ച് ഭക്ഷണം കഴിച്ചു. സംഘടനാവ്യത്യാസങ്ങള്‍ക്കതീതമായി സമുദായ ഐക്യത്തിന്റെ ആവശ്യകത അവരെല്ലാം ഊന്നിപ്പറഞ്ഞു. ഈ ഒരു സന്ദേശം പ്രാദേശിക തലങ്ങളിലേക്കെത്തിക്കാന്‍ തുടര്‍ പ്രവര്‍ത്തനങ്ങളാണാവശ്യം. മുജാഹിദ് നേതാക്കളായിരുന്ന അബ്ദുല്ലാഹാജി അഹ്മദ് സേട്ട്, പ്രൊഫസര്‍ മങ്കട അബ്ദുല്‍ അസീസ് മൗലവി തുടങ്ങിയവരുടെ  ജനാസ നമസ്‌കാരത്തിന് മുഹമ്മദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കിയപ്പോള്‍ സുന്നി മുജാഹിദ് വിഭാഗങ്ങളിലെ ചിലരെങ്കിലും അന്ധാളിച്ച് നിന്നിട്ടുണ്ടാവും. തിരൂരങ്ങാടി യതീംഖാന ക്യാമ്പസിലെ മുജാഹിദ് പള്ളിക്ക് കെ എം മൗലവിയുടെ അധ്യക്ഷതയില്‍ തറക്കല്ലിട്ടത് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളായിരുന്നുവെന്ന ചരിത്രം  മറക്കാതിരിക്കാന്‍ വീണ്ടും പറയേണ്ടതുണ്ട്.


ഇപ്പോഴിതാ കേരളത്തില്‍ വിവിധ ഈദു ഗാഹുകള്‍ ഏകോപിപ്പിച്ച് ഒരു ഇമാമിന്റെ കീഴില്‍ പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നടന്നുവരുന്നു. തലശ്ശേരിയിലും കണ്ണൂരിലും മറ്റു ചിലയിടങ്ങളിലും നേരത്തെ അതു തുടങ്ങി. കോഴിക്കോട്ടെ പ്രധാനപ്പെട്ട മൂന്ന് ഈദ് ഗാഹുകള്‍ ഒന്നാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഇതിലൊന്നും തന്നെ നാട്ടിലെ മുഴുവന്‍ മുസ്‌ലിംകളുടെയും പങ്കാളിത്തം ആയിക്കഴിഞ്ഞിട്ടില്ല. പണ്ട് പാണക്കാട് പൂക്കോയ തങ്ങളുടെ നേതൃത്വത്തില്‍ മലപ്പുറത്ത് നടന്ന പെരുന്നാള്‍ നമസ്‌കാരത്തിനു ഖുതുബ നടത്തിയത് മുജാഹിദ് പണ്ഡിതനായ പി പി അബ്ദുല്‍ ഗഫൂര്‍ മൗലവിയായിരുന്നുവെന്നു ആ നമസ്‌കാരത്തില്‍ പങ്കെടുത്തു പ്രായം ചെന്നവര്‍ ഇന്നുമോര്‍ക്കുന്നുണ്ട്. അറഫാ സംഗമം കഴിഞ്ഞു ഹാജിമാര്‍ തിരിച്ചെത്തുമ്പോള്‍ ഇത്തരം പെരുന്നാള്‍ നമസ്‌കാരങ്ങള്‍ ഇനിയും സംഘടിപ്പിക്കാനാകുമോ എന്നു സമുദായനേതൃത്വം ആലോചിക്കേണ്ടതുണ്ട്.



No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.