14 June 2009

ഇസ്ലാമിക സാമൂഹ്യവ്യവസ്ഥിതിക്ക്‌ വേണ്ടി പരിശ്രമിക്കേണ്ടതല്ലേ?

ഇസ്ലാമിക സാമൂഹ്യവ്യവസ്ഥിതിക്ക്‌ വേണ്ടി പരിശ്രമിക്കേണ്ടതല്ലേ?
മുഖാമുഖം
SHABAB Friday, 20 February 2009
മുസ്ലിം





ദൈവം മനുഷ്യന്റെ ഐഹികവും പാരത്രികവുമായ നന്മക്കുവേണ്ടി നല്‌കിയ ജീവിതവ്യവസ്ഥയാണല്ലോ ഇസ്ലാം. ഇത്‌ മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും വെളിച്ചം വീശുന്നു എന്നതല്ലേ യാഥാര്‍ഥ്യം? മനുഷ്യസമൂഹത്തെ ശക്തമായി നിയന്ത്രിക്കുന്ന ശക്തികേന്ദ്രമാണല്ലോ ഭരണകൂടം. ദൈവിക നിയമങ്ങള്‍ക്ക്‌ തീരെ പരിഗണന നല്‌കാത്ത ഭരണവ്യവസ്ഥ നിലനില്‌ക്കുന്ന സമൂഹത്തില്‍ ഇസ്ലാം വിഭാവനം ചെയ്യുന്ന സദാചാരവും സാമൂഹ്യ നീതിയും പുലരുകയില്ല എന്നുറപ്പാണല്ലോ. എന്നിരിക്കെ ദൈവിക നിയമങ്ങള്‍ പൂര്‍ണമായും നടപ്പിലാവുന്ന ഉത്തമ സാമൂഹ്യവ്യവസ്ഥിതിക്ക്‌ വേണ്ടി സുസംഘടിതമായും സുചിന്തിതമായും വ്യവസ്ഥാപിതമായും സമാധാനപരമായും മനുഷ്യസ്‌നേഹത്തോടെയും പരിശ്രമിക്കേണ്ട ബാധ്യത ഇസ്ലാമിന്റെ കൈവശക്കാരായ മുസ്ലിംകള്‍ക്കില്ലേ?


ടി മൊയ്‌തു പെരിമ്പലം


അല്ലാഹു കല്‌പിച്ച കാര്യങ്ങള്‍ കഴിവിന്റെ പരമാവധി പ്രാവര്‍ത്തികമാക്കുകയും അവന്‍ വിലക്കിയ കാര്യങ്ങള്‍ കഴിയുന്നത്ര വര്‍ജിക്കുകയും ചെയ്‌താലേ ഏതൊരാളും മുസ്ലിമാവുകയുള്ളൂ എന്ന കാര്യം ആദര്‍ശബോധമുള്ള മുസ്ലിംകളെല്ലാം തര്‍ക്കം കൂടാതെ അംഗീകരിക്കുന്നതാണ്‌. ശരീഅത്തിന്‌ വലിയ വില കല്‌പിക്കാത്ത ത്വരീഖത്തുകാരൊഴികെയുള്ള മുസ്ലിം വിഭാഗങ്ങളെല്ലാം എക്കാലത്തും അംഗീകരിച്ചു പോന്നിട്ടുള്ളതുമാണ്‌ ഈ വിഷയം. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ ആരാധനാകര്‍മങ്ങള്‍ക്ക്‌ മാത്രമല്ല കച്ചവടം, കൃഷി, തൊഴില്‍, ഭരണം തുടങ്ങി എല്ലാ വിഷയങ്ങള്‍ക്കും ബാധകമാണെന്ന കാര്യത്തിലാകട്ടെ ഏതെങ്കിലും മദ്‌ഹബുകാരോ കക്ഷികളോ എതിരഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല. എല്ലാ മേഖലകളിലേക്കുമുള്ള ദൈവിക വിധിവിലക്കുകള്‍ കഴിവിന്റെ പരമാവധി പാലിക്കുക എന്നതാണ്‌ സമ്പൂര്‍ണ ഇസ്ലാമിക ജീവിതക്രമം. ജമാഅത്തുകാര്‍ ഇസ്ലാമിക ജീവിതവ്യവസ്ഥ എന്ന്‌ പറയുമ്പോള്‍ ഉദ്ദേശിക്കുന്നത്‌ ഇത്‌ തന്നെയാണോ എന്ന്‌ സംശയമുണ്ട്‌. `മുസ്ലിം മനസ്സിലാക്കിയതനുസരിച്ച്‌ സമ്പൂര്‍ണ ഇസ്ലാമിക ജീവിതക്രമം സ്വീകരിക്കാന്‍ ഒരു മുസ്ലിമിനുള്ള പ്രേരകം സര്‍വശക്തനും സര്‍വജ്ഞനുമായ അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസമാണ്‌.


ഇഹലോകത്തിന്റെയും പരലോകത്തിന്റെയും അധിപനായ അല്ലാഹു തന്റെ സര്‍വതോമുഖമായ നന്മയ്ക്കുവേണ്ടി നല്‌കിയ മാര്‍ഗദര്‍ശനമാണ്‌ ഇസ്ലാം എന്നും, ജീവിതം മുഴുക്കെ അതനുസരിച്ച്‌ ചിട്ടപ്പെടുത്തേണ്ടത്‌ തന്റെ ഇഹപരസൌഭാഗ്യങ്ങള്‍ക്ക്‌ അനുപേക്ഷ്യമാണ്‌ എന്നുമുള്ള ഉത്തമ ബോധ്യമാണ്‌ ഇസ്ലാമിക ജീവിതക്രമം മുറുകെ പിടിക്കാന്‍ സത്യവിശ്വാസിക്ക്‌ പ്രചോദനമേകുന്നത്‌. താന്‍ ജീവിക്കുന്ന നാട്ടില്‍ ഒരു ഇസ്ലാമിക ഭരണകൂടം ഉണ്ടായാലും ഇല്ലെങ്കിലും ഈ വിശ്വാസിയുടെ ദീനീ പ്രതിബദ്ധതയില്‍ ഏറ്റക്കുറച്ചിലുണ്ടാവുകയില്ല.


കേരളത്തില്‍ ഒരു കാലത്തും ഇസ്ലാമിക ഭരണവ്യവസ്ഥ ഉണ്ടായിട്ടില്ല. അറക്കല്‍ രാജാവിന്റെ `ഠ വട്ടത്തെ ഭരണവും ടിപ്പുവിന്റെ പടയോട്ടത്തിനിടയിലെ താല്‌ക്കാലിക വാഴ്‌ചയും `ഇസ്ലാമിക ഭരണവ്യവസ്ഥ എന്ന വകുപ്പില്‍ ജമാഅത്തുകാര്‍ ഉള്‍പ്പെടുത്തുന്നുണ്ടോ എന്നറിഞ്ഞുകൂടാ. അങ്ങനെയുണ്ടെങ്കിലും അതൊക്കെ ഹ്രസ്വവും പരിമിതവുമായ പ്രതിഭാസങ്ങള്‍ മാത്രമാണ്‌. ഇസ്ലാമിക ഭരണമില്ലാത്ത കേരളത്തിലാണ്‌ ഈമാനും ഇസ്ലാമും കഴിയുന്നത്ര മുറുകെ പിടിച്ചുകൊണ്ട്‌ മുസ്ലിം തലമുറകള്‍ ആയുഷ്‌കാലം കഴിച്ചുകൂട്ടുന്നത്‌. ഇസ്ലാമിക ഭരണകൂടം എന്ന ശക്തികേന്ദ്രത്തിന്റെ അഭാവം കേരളത്തിലെ യഥാര്‍ഥ മുസ്ലിംകളുടെ തഖ്വയെയും ഇഖ്‌ലാസിനെയും പ്രതികൂലമായി ബാധിച്ചിട്ടില്ല. മദ്യഷാപ്പുകള്‍ തുറന്നുകിടക്കെത്തന്നെ അവര്‍ സമ്പൂര്‍ണ മദ്യവര്‍ജനം പാലിക്കുന്നു. ബാങ്കുകളും `ബ്‌ളേയ്‌ഡുകളും സുലഭമായിരിക്കെ തന്നെ അവര്‍ പലിശ ഭുജിക്കാതെ ജീവിക്കുന്നു. പന്നിമാംസം യഥേഷ്‌ടം ലഭ്യമായിട്ടും അവരത്‌ തൊടുകപോലും ചെയ്യുന്നില്ല. പോലീസിനെയോ കോടതിയെയോ പേടിച്ചിട്ടല്ലാതെ തന്നെ അവര്‍ ദുര്‍വൃത്തികളില്‍ നിന്നും കുറ്റകൃത്യങ്ങളില്‍ നിന്നും വിട്ടുനില്‌ക്കുന്നു. വിശ്വാസത്താല്‍ പ്രചോദിതരായി മാത്രം അവര്‍ സകാത്തും സദഖയും നല്‌കുകയും അഗതികളോടും അനാഥകളോടും മറ്റുമുള്ള ബാധ്യതകള്‍ നിറവേറ്റുകയും ചെയ്യുന്നു.


കേരളത്തിലെ മുസ്ലിം സമൂഹത്തില്‍ ആദര്‍ശ പ്രതിബദ്ധത പുലര്‍ത്താത്ത ധാരാളം പേരുണ്ടെന്നുള്ള യാഥാര്‍ഥ്യം വിസ്‌മരിച്ചുകൊണ്ടല്ല ഇതെഴുതുന്നത്‌. അത്തരക്കാര്‍ ഇവിടെ മാത്രമല്ല, സുഊദി അറേബ്യയിലും ഇറാനിലും പാകിസ്‌താനിലും മറ്റുമുണ്ട്‌. എന്നാല്‍ ഇവിടത്തെ ഇസ്ലാമിക പ്രതിബദ്ധതയുള്ള മുസ്‌ലിംകളുടെ മതനിഷ്‌ഠ മുസ്ലിം രാഷ്‌ട്രങ്ങളിലെ വിശ്വാസികളെ അപേക്ഷിച്ച്‌ ഒട്ടും മോശമല്ല എന്നതാണ്‌ സത്യം. ഈ യാഥാര്‍ഥ്യത്തിനു നേരെ കണ്ണടച്ചുകൊണ്ടാണ്‌ ഇസ്ലാമിക ഭരണവ്യവസ്ഥയില്ലാത്ത സ്ഥലങ്ങളിലൊന്നും സദാചാരവും സാമൂഹ്യനീതിയും പുലരുകയില്ലെന്ന്‌ ജമാഅത്തുകാര്‍ വാദിക്കുന്നത്‌.


ഇസ്ലാമിക ഭരണത്തിന്‌ പ്രാധാന്യമോ പ്രസക്തിയോ ഇല്ലെന്ന്‌ സമര്‍ഥിക്കാനല്ല ഇത്രയും എഴുതിയത്‌. ഒരു നല്ല ഭരണാധികാരിക്ക്‌ നന്മകള്‍ വ്യാപിപ്പിക്കുന്നതിലും തിന്മകള്‍ വിപാടനം ചെയ്യുന്നതിലും ഇസ്ലാമിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിലും നിര്‍ണായകമായ പങ്ക്‌ വഹിക്കാന്‍ കഴിയും എന്ന കാര്യം അവിതര്‍ക്കിതവും അനിഷേധ്യവുമാണ്‌. എന്നാല്‍ `ഭരണമില്ലാത്ത മതം ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത ഭവനം പോലെയാണ്‌ എന്ന മൌദൂദിയന്‍ സിദ്ധാന്തത്തിന്‌ അതൊന്നും സാധൂകരണമാവുകയില്ല. ഇസ്ലാമിക ഭരണകൂടത്തെ ഭയന്ന്‌, ദീനീ പ്രതിബദ്ധതയില്ലാത്ത ചിലരും സകാത്ത്‌ നല്‌കിയേക്കും. പാവങ്ങള്‍ക്ക്‌ അത്‌ പ്രയോജനപ്പെടുകയും ചെയ്യും. എന്നാല്‍ അല്ലാഹുവിന്റെ പ്രതിഫലം മാത്രം കാംക്ഷിച്ച്‌ നല്‌കുന്ന സകാത്തിനേ യഥാര്‍ഥ ഇസ്ലാമിക മൂല്യമുള്ളൂ. ആ സകാത്താകട്ടെ ഭരണകൂടത്തിന്റെ അഭാവത്തിലും നിലനില്‌ക്കുകയും ചെയ്യും. കൈ നഷ്‌ടപ്പെട്ടു പോകും എന്ന്‌ ഭയന്ന്‌ ഇസ്ലാമിക രാഷ്‌ട്രത്തിലെ ചില പ്രജകള്‍ മോഷണം വര്‍ജിച്ചേക്കും. പൌരന്മാരുടെ സ്വത്തുക്കള്‍ അത്രത്തോളം സുരക്ഷിതമാവുകയും ചെയ്യും. എന്നാല്‍ അല്ലാഹുവിന്റെ ശിക്ഷ ഭയപ്പെട്ട്‌ മോഷണം എന്ന കുറ്റകൃത്യം ഉപേക്ഷിക്കുന്നതിനേ ഇസ്‌ലാമിക മൂല്യമുള്ളൂ.


ഒരു പ്രദേശത്ത്‌ ഏതാനും ഒറ്റപ്പെട്ട ദരിദ്രരായ മുസ്ലിംകള്‍ മാത്രമേ ഉള്ളൂവെങ്കില്‍ അവര്‍ സകാത്ത്‌ വിതരണം എന്ന സാമൂഹ്യ ബാധ്യത നിറവേറ്റേണ്ടതില്ല. സകാത്ത്‌ നല്‌കാന്‍ വേണ്ടി സ്വത്ത്‌ സമ്പാദിക്കാനും അവര്‍ ബാധ്യസ്ഥരല്ല. സകാത്ത്‌ നിര്‍ബന്ധമാകുന്ന പരിധിയില്‍ അവരുടെ സാമ്പത്തിക ശേഷി എത്തിയാല്‍ നിശ്ചിത വിഹിതം അവര്‍ നല്‌കണമെന്നേയുള്ളൂ. പാവപ്പെട്ട മുസ്ലിംകള്‍ ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ സംസ്ഥാപിക്കാന്‍ ബാധ്യസ്ഥരല്ലെന്ന്‌ പറഞ്ഞാല്‍ അത്‌ ഇസ്ലാമിന്റെ സമ്പൂര്‍ണതയെ അലക്ഷ്യമാക്കലാവില്ല. ഇസ്ലാമിക ഭരണകൂടം നിലവില്‍ വന്നാല്‍ മാത്രമേ അല്ലാഹുവും റസൂലും(സ) നിശ്ചയിച്ച ശിക്ഷാനിയമങ്ങള്‍ നടപ്പാക്കേണ്ടതുള്ളൂ. കുറ്റവാളികള്‍ക്ക്‌ ഇസ്ലാമിക ശിക്ഷ നല്‌കുന്നതിനു വേണ്ടി മുസ്ലിംകള്‍ ന്യൂനപക്ഷമായ ഒരു മതനിരപേക്ഷ രാഷ്‌ട്രത്തെ ഇസ്ലാമിക രാഷ്‌ട്രമാക്കി മാറ്റാന്‍ നാം ബാധ്യസ്ഥരല്ല. മതേതര രാഷ്‌ട്രത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത്‌ ഇസ്ലാമിക രാഷ്‌ട്രം രൂപീകരിക്കേണ്ട ബാധ്യതയും നമുക്കില്ല. നിലവിലുള്ള സാഹചര്യത്തില്‍ നടപ്പാക്കാന്‍ പറ്റുന്ന സാമ്പത്തികവും സാമൂഹ്യവുമായ ഇസ്ലാമിക നിയമങ്ങള്‍ നടപ്പാക്കിയാല്‍ത്തന്നെ നാം അല്ലാഹുവോടുള്ള ബാധ്യത നിറവേറ്റിയവരായിത്തീരും. നമ്മുടെ ദീന്‍ അന്യൂനവും സമ്പൂര്‍ണവുമായിത്തീരും.

2 comments:

  1. ഞാനുമൊരു മുസ്ലിമാണ്, ജമാ-അത്തുകാരെ കുറ്റം പറയുന്നതുകൊണ്ട് (ഞാന്‍ ഗ്രൂപ്പില്ലാത്തവനാ) ചോദിക്കുവാ... ഏ. പി സുന്നി, ഇ. കെ സുന്നി,മുജാഹിദ്,ജമാ-അത്ത്,തബ്ലീഗ്,കാളിയാനി,ഷിയ,അഹമ്മദീയ,ആന, ചേന... ഏതാണ് ശരിയായ മുസ്ലിം ?

    ReplyDelete
  2. മുസ്ലിം എഴുതിയ മറുപടി വളരെ നിലവാരം കുറഞ്ഞതായിപ്പോയി എന്ന് ആദ്യമേ പറയട്ടെ.

    ഉത്തരം വായിച്ചപ്പോള്‍ മനസ്സില്‍ വന്ന ഒരുപാട് സംശയങ്ങളില്‍ നിന്ന് ചിലത് സൂചിപ്പിച്ചോട്ടെ.
    1)മുസ്ലിംകളെ മാത്രം കള്ളുകുടിയില്‍ നിന്നും പലിശ വാങ്ങുന്നതില്‍ നിന്നും രക്ഷിച്ചാല്‍ മതി എന്നാണോ അഭിപ്രായം. (മുസ്ലിംകളെ ഇത്തരം തിന്മകളില്‍ നിന്ന് മാറ്റിഎടുക്കനാണോ മുഹമ്മദ്(സ) വന്നത്. എങ്കില്‍ അദ്ദേഹത്തിനു ആ പണി ചെയ്യാന്‍ കഴിയുന്നത് എങിനെ? കാരണം നബി മുസ്ലിമായ സമയത്ത് എത്ര മുസ്ലിംകള്‍ മക്കയിലുണ്ടായിരുന്നു!!)

    കേരളത്തില്‍ എത്ര യഥാര്‍ത്ഥ മുസ്ലിംകള്‍ അല്ലാഹുവിനെ മാത്രം ആരാധിച്ച് ജീവിക്കുന്നു എന്ന് കരുതി തൌഹീദീ പ്രവര്‍ത്തനം കേരളത്തില്‍ വേണ്ടതില്ല എന്നു തീരുമാനിച്ചു കൂടേ "മുസ്ലിം" സുഹൃത്തേ?

    2) ഇസ്ലാമിക ഭരണകൂടം വെറും ശിക്ഷാ നിയമങ്ങള്‍ മാത്രം നടത്താനുള്ള ഭരണകൂടമാണ് എന്ന് ഏത് കിതാബില്‍ നിന്നാണ്‍ "മുസ്ലിം" പഠിച്ചത്?

    മതേതര രാഷ്ട്രത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കണമെന്ന് ആര്‍ക്കാണ് താത്പര്യം. എന്താണ് / ആരെയാണ് അത് കൊണ്ട് താങ്കള്‍ ഉദ്ദേശിച്ചത്?


    നമസ്കാരം ഞാന്‍ നിര്‍വ്വഹിച്ച പ്രകാരം തന്നെ നിങ്ങള്‍ നിര്‍വ്വഹിക്കുവിന്‍ എന്ന ഹദീസിന്` നല്‍കുന്ന പ്രാധാന്യം താഴെ ഉദ്ധരിക്കുന്ന ഹദീസിനു കൊടുക്കാന്‍ "മുസ്ലിം" തയ്യാറവണം. അതായത്.....
    വിടവാങ്ങല്‍ ഹജ്ജ് കര്‍മ്മത്തില്‍ നബി(സ) ചോദിച്ചു:"നിങ്ങള്‍ക്കു ഞാന്‍ ദീനിനെ മുഴുവനായി എത്തിച്ചു തന്നില്ലയോ?" അതെ എന്നു മറുപടി പറഞ്ഞ സഹാബക്കളോട് നബി(സ):"എങ്കില്‍ ഇത് ഇവിടെ ഹാജറുള്ളവര്‍ ഹാജറില്ലാത്തവര്‍ക്ക് എത്തിച്ചുകൊടുക്കട്ടെ"

    ഈ വാക്കിനു നാം വില കല്‍പ്പിക്കുന്നുണ്ടെങ്കില്‍ അല്ലാഹുവിന്റെ റസൂല്‍ കാണിച്ചു തന്നത് പോലെ ദീനിനെ സമ്പൂര്‍ണ്ണമായി നാം ജനങ്ങള്‍ക്കു മുമ്പില്‍ വിശദീകരിച്ചുകൊടുക്കുകയും നബി ചെയ്തതു പോലെ ചെയ്യുകയും ചെയ്യേണ്ടേ.

    ReplyDelete

"Comment moderation" is off in this blog.If it is not displayed, could have gone to spam.