യുവത ബുക്ക് ഹൗസ്
പി. ബി. നമ്പർ 524
കോഴിക്കോട്-2.
Islaminte Dharshanika Vyathirikthathakal (Malayalam). Author : Cheriyamundam Abdul Hameed. Publishers : Yuvatha Book House, P. B. No. 524, Kozhikode-2 Printing: Kamala Printers, Clt. Price Rs. 1-50
YBH - 64 4/93 2,000 En/1
ഇസ്‌ലാമിന്റെ ദാർശനിക വ്യതിരിക്തതകൾ
ആരംഭം
ഇസ്‌ലാമിന്റെ മുഖ്യ സവിശേഷതകളിലൊന്ന് അതിന്റെ പേരു തന്നെയാണ്. പല മതങ്ങളും വ്യക്തികളുടെയൊ വംശങ്ങളുടെയോ സ്ഥലങ്ങളുടെയോ പേരിൽ അറിയപ്പെടുമ്പോൾ ആത്മഅർപ്പണം എന്നർത്ഥമുള്ള ഇസ്‌ലാം ഒരു ആദർശത്തെ നാമമായി സ്വീകരിച്ചു കൊണ്ട് വ്യതിരിക്തമായി നിൽക്കുന്നു. മനുഷ്യൻ തന്റെ ഇച്ഛയെ എപ്പോൾ പ്രപഞ്ചനാഥന്റെ ആജ്ഞാനിർദ്ദേശങ്ങൾക്ക് വിധേയമാക്കുന്നുവോ അപ്പോൾ ഇസ്‌ലാം നിലവിൽവരുന്നു. ഒരാൾ മുസ്‌ലിം കുടുംബത്തിലോ സമുദായത്തിലോ അംഗമാണെങ്കിലും ആദർശം ചോർന്നുപോയാൽ അയാൾ യഥാർഥ മുസ്‌ലിമല്ലാതായിത്തീരുന്നു. കാല ദേശഭാഷാ വർഗ വർണ വ്യത്യാസങ്ങൾക്കൊക്കെ അതീതമായി മനുഷ്യരാശിയെ ഒന്നായി കാണുന്ന ഇസ്‌ലാം പ്രപഞ്ചത്തിന്റെ മുഴുവൻ സ്രഷ്ടാവും പരിപാലകനും മാർഗദർശിയുമായ ദൈവവുമായി മനുഷ്യനെ ബന്ധിപ്പിക്കുമ്പോൾ സ്ഥലകാലങ്ങൾക്ക് അതീതമായ ഒരു ആദർശബന്ധം രൂപംകൊള്ളുന്നു. ഈ ആദർശത്തിന്റെ എല്ലാ മാനങ്ങളും (Dimensions) വിശ്വത്തോളം വിശാലമാണ്.
പ്രപഞ്ചനാഥന്റെ ഏകത്വത്തിൽ വിശ്വസിക്കുന്ന, മാനവവംശത്തെ ഒരു അവിഭാജ്യ ഏകകമായി (Integral Unit) കാണുന്ന ഈ പ്രാപഞ്ചിക ദർശനം (Universal Philosophy) ചരിത്രാരംഭം മുതൽ തന്നെ ദൈവദൂതന്മാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. പിൽക്കാലത്ത് ദേവീ ദേവന്മാരെ സംബന്ധിച്ച വൈവിധ്യമാർന്ന സങ്കല്പങ്ങൾ വളർന്നു വന്നുവെങ്കിലും എല്ലാ പ്രാചീന നാഗരികതകളിലും അത്യുന്നതനായ ലോകരക്ഷിതാവിനെ സംബന്ധിച്ച ധാരണ നിലവിലുണ്ടായിരുന്നുവെന്നാണ് ആധികാരിക ചരിത്ര ഗ്രന്ഥങ്ങൾ നമുക്ക് മനസ്സിലാക്കിത്തരുന്നത്. ഭാരതത്തിലെ വേദോപനിഷത്തുകളിലും പ്രപഞ്ചത്തിന്റെ മുഴുവൻ സ്രഷ്ടാവും രക്ഷിതാവുമായ ഏക ശക്തിയോട് മനുഷ്യനെ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങൾ കാണാം.
മുഹമ്മദ് നബി (സ) ക്ക് ദൈവത്തിൽ നിന്ന് ലഭിച്ച വെളിപാടിൽ ഉള്ളത് ഒരു പുതിയ മതം സ്ഥാപിക്കാനുള്ള നിർദ്ദേശമല്ല പ്രത്യുത; ചരിത്രത്തിലെ എല്ലാ ജനപദങ്ങൾക്കും സുപരിചിതമായ ഏകദൈവത്വ ആദർശത്തിലേക്ക് അവരെ തിരിച്ചു വിളിക്കാനുള്ള ആഹ്വാനമാണ്. കാലത്തിന്റെ നിരന്തര പ്രവാഹത്തിനിടയിൽ എങ്ങനെയോ കടന്നു കൂടിയ വ്യതിയാനങ്ങളുടെ അഴുക്കുകൾ നീക്കിയാൽ ഏകദൈവത്വത്തിന്റെ മിഴിവുറ്റ ചിത്രം അവിതർക്കിതവും സുസമ്മതവുമായ പൊതുതത്വമെന്ന നിലയിൽ കണ്ടെത്താൻ വിവിധ സമുദായങ്ങൾക്ക് സാധിക്കും. ഏത് മത വിഭാഗത്തിൽ പെട്ടവൻ ഏത് ഭാഷയിൽ ഏകവചനത്തിൽ 'ദൈവമേ' എന്ന് വിളിക്കുമ്പോഴും ലക്ഷ്യമാക്കുന്നത് ഒരേ അസ്തിത്വത്തെയാണ്. ആ പൊതുതത്വം തനതായ രൂപത്തിൽ സ്വീകരിക്കാൻ വിവിധ വേദങ്ങളുടെ വക്താക്കളെ വിശുദ്ധ ഖുർആൻ ആഹ്വാനം ചെയ്യുന്നു.
വ്യവസ്ഥാപിത പ്രപഞ്ചത്തിന്റെ സംവിധായകൻ
അതീവ ദുർബ്ബലവും അതേ സമയം വിസ്മയാവഹമാം വിധം അതിശക്തവുമായ മനുഷ്യമസ്തിഷ്കത്തെപ്പറ്റി ചിന്തിച്ചു നോക്കൂ അത്യന്തം സൂക്ഷ്മവും കണിശവുമായ ഒരു വ്യവസ്ഥ അതിനുണ്ട്. ഒരു പുരുഷബീജവും അണ്ഡവും ചേർന്നുണ്ടായ ഭ്രൂണത്തിൽനിന്ന് വികസിച്ചുണ്ടായ ഈ അതിസൂക്ഷ്മ വ്യവസ്ഥ ഒരു സംവിധായകന്റെ സാന്നിദ്ധ്യം വിളിച്ചോതുന്നില്ലേ? ഇതു് തന്നെയാണ് പ്രപഞ്ചത്തിലെ സൂക്ഷ്മവും സ്ഥൂലവുമായ ഏതൊരു ഘടകത്തിന്റെയും അവസ്ഥ. പരമാണു മുതൽ നക്ഷത്ര സമൂഹങ്ങൾ വരെയുള്ള ഭൗതിക വസ്തുക്കളൊക്കെ തന്നെ അതീവ സങ്കീർണ്ണമായ രാസ ഊർജ്ജ നിയമങ്ങളാലും ഏകോപിത (Unified) ശക്തിബന്ധങ്ങളാലും വ്യവസ്ഥാപിതമായി ക്രമീകരിക്കപ്പെട്ടവയത്രെ. ഇവയെപ്പറ്റിയൊക്കെ ചിന്തിക്കുന്ന ഒരു സത്യാന്വേഷിക്ക് സർവ്വജ്ഞനും സർവ്വശക്തനുമായ ഒരു മഹാസംവിധായകന്റെ സാന്നിദ്ധ്യം നിഷേധിക്കാനാവില്ല എന്ന് ലളിതമായും ചിന്തോദ്ദീപകമായും വ്യക്തമാക്കുന്ന വചനങ്ങളിലൂടെയാണ് വിശുദ്ധ ഖുർആൻ ഏക ദൈവ വിശ്വാസത്തിന്റെ മൗലികത ഊന്നിപ്പറയുന്നത്.
“ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും രാപ്പകലുകളുടെ വ്യത്യാസത്തിലും ജനോപകാരപ്രദങ്ങളായ വസ്തുക്കളെയും കൊണ്ട് കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ദൈവം ഉപരിലോകത്ത് നിന്ന് വെള്ളം ചൊരിഞ്ഞു തന്നിട്ട് അത് മുഖേന ഭൂമിക്ക്—അതിന്റെ നിർജ്ജീവാവസ്ഥയ്ക്കുശേഷം—ജീവൻ നൽകിയതിലും, അവിടുത്തെ ജന്തുജാലങ്ങളെ വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും ആകാശഭൂമികൾക്കിടയിലൂടെ നിയന്ത്രിച്ച് നടത്തപ്പെടുന്ന കാര്‍മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്; തീര്‍ച്ച (വി. ഖു. 2:164)
‘‘നിങ്ങള്‍ സ്രവിക്കുന്ന ബീജത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അതിനെ സൃഷ്ടിച്ചു വളര്‍ത്തുന്നവര്‍; അതല്ല നാമാണോ സൃഷ്ടികര്‍ത്താവ്?’’ (വി. ഖു. 56: 57, 58)
‘‘നിങ്ങള്‍ കൃഷി ചെയ്തുണ്ടാക്കുന്നതിനെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അതിനെ മുളപ്പിച്ചു വളര്‍ത്തുന്നവര്‍; അതല്ല നാമാണോ മുളപ്പിച്ചുവളര്‍ത്തുന്നവന്‍?’’ (വി. ഖു. 56: 63, 64)
‘‘നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തില്‍ നിന്ന് ഇറക്കിക്കൊണ്ടുവന്നത്; അതല്ല നാമാണോ ഇറക്കുന്നവന്‍’’ (വി. ഖു. 56: 68, 69)
ഇതുപോലെ അനേകം വചനങ്ങളിലൂടെ വിവേചനശീലമുള്ള എല്ലാവരെയും ദൈവവിശ്വാസത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തിയ ശേഷം ആ ദൈവത്തെ മുഴുവന്‍ പ്രാപഞ്ചിക പ്രതിഭാസങ്ങളുടെയും നിയന്താവായ ഏക ദൈവത്തെ-മാത്രം ആരാധിക്കുവാനും അവന്റെ മാര്‍ഗദര്‍ശനം തികച്ചും കുറ്റമറ്റതാണെന്ന് അംഗീകരിക്കാനും ഇസ്‌ലാം ആഹ്വാനം ചെയ്യുന്നു. മനുഷ്യര്‍ അനുഭവിക്കുന്ന എല്ലാ ജീവിതസൗകര്യങ്ങളും പ്രപഞ്ചത്തെ സൃഷ്ടിച്ച് നിയന്ത്രിക്കുന്ന ഏക ശക്തിയില്‍നിന്ന് ലഭിക്കുന്നതായിരിക്കെ അവരെപ്പോലുള്ള ഏതെങ്കിലും സൃഷ്ടികളെ ദൈവത്തിന്റെ സ്ഥാനത്തേക്ക് ഉയര്‍ത്തുന്നത് സ്വന്തത്തോടും ദൈവത്തോടുമുള്ള അനീതിയാണ് എന്നതത്രെ ദൈവേതരരെ ആരാധിക്കുന്നതില്‍ നിന്ന് വിലക്കാന്‍ കാരണം. ഏറ്റവും ബുദ്ധിമാന്മാരായ മനുഷ്യര്‍ക്ക് പോലും കേവലമായ (Absolute) നന്മയും തിന്മയും മനസ്സിലാക്കുന്നതിൽ ഗുരുതരമായ തെറ്റുപ്പറ്റാൻ സാധ്യതയുള്ളതുകൊണ്ടാണ് ത്രികാലജ്ഞാനിയും മനുഷ്യജീവിതത്തിന്റെ എല്ലാ മാനങ്ങളും (Dimensions) അറിയുന്നവനുമായ ജഗന്നിയന്താവിന്റെ തെറ്റുപ്പറ്റാത്ത മാർഗദർശനം മനുഷ്യർ അംഗീകരിച്ചേ തീരൂ എന്ന് പറയുന്നത്.
''ഒരു കാര്യം നിങ്ങൾ വെറുക്കുകയും (യഥാർത്ഥത്തിൽ) അത് നിങ്ങൾക്ക് ഗുണകരമായിരിക്കുകയും ചെയ്യേക്കാം. നിങ്ങൾ ഒരു കാര്യം ഇഷ്ടപ്പെടുകയും (യഥാർത്ഥത്തിൽ) അത് നിങ്ങൾക്ക് ദോഷകരമായിരിക്കുകയും ചെയ്തെന്നും വരാം. അല്ലാഹു അറിയുന്നു നിങ്ങൾ അറിയുന്നില്ല'' (വി. ഖു 2:216)
മനുഷ്യാസ്തിത്വത്തിന്റെ മാനങ്ങൾ
മനുഷ്യ ചരിത്രം പരിശോധിച്ചാൽ ഏത് മാനദണ്ഡമനുസരിച്ചും ഏറ്റവും ഉൽകൃഷ്ടരായ മനുഷ്യർ ജീവിച്ചിരുന്നതായി നമുക്ക് കാണാം. അതിന്റെ നേർ വിപരീതമായിട്ടുള്ളവരെയും ധാരാളമായി കണ്ടെത്താൻ കഴിയും. ഏറ്റവും വിലപ്പെട്ട സേവനങ്ങൾ ഒരു പ്രതിഫലവും ആഗ്രഹിക്കാതെ ചെയ്യുന്നവർ ഒരു ഭാഗത്ത്. ഭീമമായ കൈക്കൂലി വാങ്ങിയിട്ടുപോലും വേണ്ടത്ര ചെയ്തു കൊടുക്കാത്ത മൂരാച്ചികൾ മറുഭാഗത്ത്. അസ്തിത്വത്തിന്റെ അടിസ്ഥാനപരമായ സാധ്യതകൾ തന്നെയാണ് ഇതിന് കാരണം. അത്യന്തം ഉൽകൃഷ്ടമാകാനും അതിനികൃഷ്ടമാകാനും സാധ്യതയുള്ളതാണ് മനുഷ്യാസ്തിത്വം. മറ്റു ജന്തുജാലങ്ങൾക്കൊന്നും ഈ സാധ്യതയില്ല. മനുഷ്യനെ അതുല്യനാക്കുന്ന സ്വാതന്ത്ര്യം എന്ന സിദ്ധിയിൽ നിന്ന് സ്വാഭാവികമായും ഉദ്ഭൂതമാകുന്നതാണ് നന്മയും തിന്മയും സ്വയം ആർജ്ജിച്ചെടുക്കാനുള്ള സാധ്യത. മനുഷ്യന് സ്വാതന്ത്ര്യമില്ലാതിരുന്നെങ്കില്‍ നാഗരിക പുരോഗതി തികച്ചും അസാധ്യമായിരുന്നേനെ. എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ ഉപോല്പന്നങ്ങളായ (Bye Products) അക്രമവും അഴിമതിയും ചൂഷണവും മലിനീകരണവും മൂലം പുരോഗതിയുടെ പൊലിമ പൊലിഞ്ഞു പോകാതിരിക്കാന്‍ എന്തു ചെയ്യും ? രണ്ടു മാര്‍ഗങ്ങള്‍ മാത്രമേ ഉള്ളൂ. ഒന്ന് ജീവിതത്തെ സ്വയം ദുഷണ മുക്തമാക്കാന്‍ മനുഷ്യരെ ഉദ്ബുദ്ധരാക്കുക. രണ്ട്, ദുഷ്ടരായ മനുഷ്യരുടെ പീഡനത്തില്‍ നിന്ന് ഇതരരെ മോചിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുക ഈ രണ്ടു മാര്‍ഗ്ഗങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുന്നത്രെ ഇസ്‌ലാമിന്റെ മാര്‍ഗ ദര്‍ശനം.
‘‘തീര്‍ച്ചയായും നാം മനുഷ്യനെ അത്യുത്കൃഷ്ടമായ ഘടനയിലാകുന്നു സൃഷ്ടിച്ചിരിക്കുന്നത്. പിന്നീട് അവനെ നാം അധസ്ഥിതരിൽ ഏറ്റവും അധസ്ഥിതനാക്കി മാറ്റിയിട്ടുമുണ്ട്.’’ (വി. ഖു. 95 : 4, 5)
‘‘അതിനെ (അസ്തിത്വത്തെ) സംശുദ്ധമാക്കിയവന്‍ വിജയിച്ചിരിക്കുന്നു. അതിനെ കളങ്കപ്പെടുത്തിയവന്‍ പരാജയപ്പെട്ടിരിക്കുന്നു.’’ (വി. ഖു. 91: 9, 10)
ഉത്കൃഷ്ടനായി ഉയരാനും നികൃഷ്ടനായി അധഃപതിക്കാനുമുള്ള മനുഷ്യന്റെ സാധ്യത പരിഗണിച്ചുകൊണ്ട് ദൈവം പ്രവാചകന്മാരെ നിയോഗിക്കുകയും വേദഗ്രന്ഥങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. മനുഷ്യ മോചനത്തെ സംബന്ധിച്ച് രണ്ടുതരം കാഴ്ചപ്പാടുകളാണ് മനുഷ്യരാശിയുടെ മുമ്പിലുള്ളത്. ഒന്ന് ഭൗതിക മോചനത്തിന്റെയും മറ്റൊന്ന് ആത്മീയ മോചനത്തിന്റെയും. രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ വളര്‍ന്നു വന്നിട്ടുള്ളതത്രയും ഭൗതിക മോചനം ലക്ഷ്യമായി പ്രഖ്യാപിച്ചുകൊണ്ടാണ്. ഒരു ഭരണകൂടത്തിന്റെ തിന്മകളെ തിരുത്താൻ തിന്മ നിറഞ്ഞ മറ്റൊരു ബദൽ തന്നെ നിർദ്ദേശിക്കപ്പെടുന്നു. അടിമത്തത്തിൽ നിന്നും പാരതന്ത്ര്യത്തിൽ നിന്നും പട്ടിണിയിൽ നിന്നും മോചനം സ്വപ്നം കാണുന്ന ബഹുജനങ്ങൾ പുതിയ രാഷ്ട്രീയ നായകന്മാരെ ആശയോടെ ഉറ്റു നോക്കുന്നു. ഏറെ താമസിയാതെ വിമോചന നായകന്മാരെന്ന് കരുതപ്പെട്ടവർ മർദക ധീരന്മാരാണെന്ന് തെളിയുന്നു. ശരീരത്തിന്റെ വിശപ്പും വേദനകളും പരിഹരിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കാൻ കഴിയാത്തതിനാൽ ആത്മീയ വിമോചന പദ്ധതികളും പ്രായോഗികമായി പരാജയപ്പെടുകയാണ് പതിവ്.
മനുഷ്യമോചനം ഇസ്‌ലാമിൽ
ഇസ്‌ലാം മനുഷ്യനെ സംസ്കരിച്ച് തിന്മകളുടെ പ്രലോഭനങ്ങളിൽ നിന്ന് മുക്തനാക്കുന്നതിന് പ്രഥമ സ്ഥാനം നൽകുന്നതോടൊപ്പം പാരതന്ത്ര്യത്തിൽ നിന്നും പട്ടിണിയിൽ നിന്നും അവനെ മോചിപ്പിക്കുന്നതിനും പ്രാധാന്യം നൽകുന്നു. വ്യഭിചരിക്കാനും മദ്യപിക്കാനും ചൂതാട്ടത്തിലൂടെ പണം വാരിക്കൂട്ടാനുമുള്ള പ്രലോഭനങ്ങളിൽ നിന്ന് മനുഷ്യനെ മുക്തനാക്കാൻ വേണ്ട സംസ്കരണ ശ്രമങ്ങൾക്ക് ഇസ്‌ലാം വലിയ പ്രാധാന്യം നൽകുന്നു. കാരണം, അഴിമതിയുടെയും ചൂഷണത്തിന്റെയും അക്രമങ്ങളുടെയും അടിവേര് ദുർമോഹങ്ങളിലാണ്. ഈ വശം തീർത്തും അവഗണിച്ചതാണ് ഭൗതികമായി ഏറെ വികസിച്ച രാഷ്ട്രങ്ങൾക്ക് പോലും കുറ്റകൃത്യങ്ങളുടെ കുതിച്ചുകയറ്റം നിയന്ത്രിക്കാൻ കഴിയാത്തതിന് കാരണം. പ്രവാചകനിയോഗത്തിന്റെ മുഖ്യലക്ഷ്യം ജനങ്ങൾക്ക് ദൈവീക ദൃഷ്ടാന്തങ്ങൾ വായിച്ചുകേൾപ്പിക്കുകയും അതുവഴി അവരെ ശുദ്ധീകരിക്കുകയുമാണെന്ന് വിശുദ്ധ ഖുർആനിലെ 2:129, 2:151, 3:164, 62:2 എന്നീ വാക്യങ്ങൾ വ്യക്തമാക്കുന്നു. മനുഷ്യനെ സംസ്കരിച്ച് തിന്മകളിൽ നിന്ന് മോചിപ്പിച്ച് വളർത്തിയെടുക്കുന്ന പ്രക്രിയയ്ക്ക് വിശുദ്ധ ഖുർആന്റെ ഭാഷയിൽ 'തസ്കിയ' എന്നാണ് പേരു പറയുന്നത്. വിമലീകരണം എന്നും വളർത്തൽ എന്നും അർത്ഥമുള്ള പദമാണ് 'തസ്കിയ.' ഒരു മനുഷ്യൻ വ്യഭിചാരത്തിൽ നിന്നും മദ്യത്തോടും മയക്കുമരുന്നിനോടുമുള്ള ആസക്തിയിൽ നിന്നും ചൂതാട്ടതൃഷ്ണയിൽ നിന്നും മറ്റും വിമലീകരിക്കപ്പെടുന്നതോടെ അയാൾക്ക് സാമ്പത്തികവും മറ്റുമായ അഭിവൃദ്ധിക്കും വികാസത്തിനും വഴിതെളിയുമെന്ന് ഉറപ്പാണ്. ഒരു രാഷ്ട്രത്തിലെ കോടിക്കണക്കിനാളുകൾ ഇങ്ങനെ തിന്മകളുടെ പ്രലോഭനങ്ങളിൽ നിന്ന് മനോവിശുദ്ധിമൂലം വിമുക്തരാകുമ്പോൾ അത് സൃഷ്ടിക്കുന്ന സർവതോമുഖമായ അഭിവൃദ്ധി അളവറ്റതായിരിക്കും.
ഇത്കൊണ്ട് മതിയാക്കാതെ പാരതന്ത്ര്യത്തിൽ നിന്നും പട്ടിണിയിൽ നിന്നും മനുഷ്യനെ മോചിപ്പിക്കാനുള്ള യത്നങ്ങൾക്ക് ഊന്നൽ നൽകുക കൂടി ചെയ്യുന്നു ഇസ്‌ലാം. മാനവിക പ്രതിസന്ധിയെയും അതിനുള്ള അടിസ്ഥാനപരിഹാരത്തെയും സംബന്ധിച്ച് വിശുദ്ധ ഖുർആൻ പറയുന്നത് ശ്രദ്ധിക്കുക.
“അവർ ദുർഘടപാത (പ്രതിസന്ധി) താണ്ടിക്കടന്നില്ല. ആ ദുർഘടപാത ഏത് എന്നതിനെപ്പറ്റി നിനക്കന്തറിയാം? അത് പിരടിയിൽ നിന്ന് (അടിമത്തത്തിന്റെ നുകം) അഴിച്ചുമാറ്റുകയാകുന്നു. അല്ലെങ്കിൽ പട്ടിണിയുടെ നാളിൽ ഭക്ഷണം നൽകുക, കുടുംബബന്ധമുള്ള അനാഥയ്ക്ക്, അല്ലെങ്കിൽ ഞെരുക്കമനുഭവിക്കുന്ന അഗതിക്ക്” (വി. ഖു. 90:11-16) ഏത് നീതി സംഹിത നിലവിൽ വന്നാലും മാനവിക പ്രതിസന്ധികൾ നിലനിൽക്കും. ധാർമിക അനുശാസനങ്ങൾ അവഗണിച്ചുകൊണ്ട് പാരതന്ത്ര്യവും അടിമത്തവും പട്ടിണിയും അടിച്ചെല്ലിക്കാൻ ശ്രമങ്ങൾ നടത്തുന്നവരും. ആദർശനിഷ്ഠയുള്ള ഒരു സമൂഹം സംസ്കരണശ്രമം നടത്തുന്നതോടൊപ്പം പാരതന്ത്ര്യത്തിൽ നിന്നും പട്ടിണിയിൽ നിന്നും മറ്റും മനുഷ്യരെ മോചിപ്പിക്കുന്നതിന് വേണ്ട ലൗകികമായ ഇടപെടലിന് ഒരുങ്ങുകയും കൂടി ചെയ്യുമ്പോൾ പ്രതിസന്ധികൾ പരിഹൃതമാകൂ എന്ന് ഈ ഖുർആൻ വാക്യങ്ങൾ വ്യക്തമാക്കുന്നു. ചങ്ങലയഴിച്ചും അപ്പം നൽകിയും മനുഷ്യനെ പാരതന്ത്ര്യത്തിൽ നിന്നും പരാശ്രയത്തിൽ നിന്നും ലൗകികമായിത്തന്നെ മുക്തനാക്കുന്ന പ്രക്രിയയ്ക്ക് ഇസ്‌ലാമിന്റെ ഭാഷയിൽ 'തഹ്‌രീർ' എന്ന് പറയുന്നു. അങ്ങനെ വിമലീകരണത്തിൽ അധിഷ്ഠിതമായ വികസനവും പാരതന്ത്ര്യങ്ങളിൽ നിന്നുള്ള പരിരക്ഷയും ചേർന്ന ബഹുമാനങ്ങളുള്ള (Multidimensional) ഒരു മനുഷ്യമോചന പ്രക്രിയയാണ് ഇസ്‌ലാം ലക്ഷ്യമാക്കുന്നത്. വികസന ശാസ്ത്രങ്ങൾ 'പാരമ്പര്യേതര'മായ (Non-conventional) പോംവഴികൾക്കുവേണ്ടി അന്വേഷണമാരംഭിച്ചിട്ടുള്ള ഈ യുഗത്തിൽ ഇസ്‌ലാമിന്റെ സമഗ്രമായ (Holistic) ദർശനത്തിൽ നിന്ന് പല പരിഹാരമാർഗങ്ങളും ചികഞ്ഞെടുക്കാനാകുമെന്ന് ഉറപ്പാണ്.
ഇഹലോകവും പരലോകവും
കോടിക്കണക്കിന് ആളുകൾക്ക് ഉപകാര പ്രദമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മനുഷ്യരുണ്ട്, സഹസ്രാബ്ദങ്ങൾക്കപ്പുറം വരെ പ്രയോജനം തുടരുന്ന കണ്ടുപിടുത്തങ്ങൾ നടത്തുന്നവരുണ്ട്. ഇവരുടെ സേവനത്തിന് അർഹമായ പ്രതിഫലം ഇഹലോകത്ത് വെച്ച് നൽകാൻ ആർക്കും സാധ്യമല്ല. ഇതിന്റെ നേർ വിപരീതമായി ജനകോടികൾക്ക് കൊടും ദുരിതങ്ങൾ വരുത്തിവെക്കുന്ന ചൂഷകരും ദുഷ്ടരും സ്വേച്ഛാധിപതികളുമുണ്ട്. ആയുഷ്കാലത്തിന്റെ അതിരുകൾക്കപ്പുറത്തേക്ക് നീണ്ട നിളുന്ന ദ്രോഹനടപടികളിൽ ഏർപ്പെടുന്നവരുമുണ്ട്. ഇവർ ചെയ്യുന്ന കുറ്റത്തിന് അർഹമായ ശിക്ഷ ഇഹലോകത്ത് വെച്ച് നൽകാൻ ആർക്കും സാധിക്കില്ല. മനുഷ്യന്റെ കർമ്മങ്ങൾക്ക് കൃത്യവും പൂർണ്ണവുമായ പ്രതിഫലം നൽകപ്പെടുന്ന ഒരു ലോകത്തിന്റെ അനിവാര്യത ഇതിൽനിന്ന് വ്യക്തമാണ് അതത്രെ പരലോകം. മനുഷ്യ പ്രയത്നങ്ങളുടെ ആത്യന്തിക ലക്ഷ്യം അനശ്വരമായ പരലോകമായിരിക്കണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. പ്രാർത്ഥനയുടെയും ദാനത്തിന്റെയും വ്രതത്തിന്റെയും സേവനങ്ങളുടെയും എല്ലാം ആത്യന്തിക ലക്ഷ്യം പരലോക മോക്ഷമായിരിക്കണം. എന്നാൽ പരലോകത്തിനു വേണ്ടി ഇഹലോകത്തെ സുഖങ്ങൾ വർജ്ജിക്കണമെന്ന് ഇസ്‌ലാം ആവശ്യപ്പെടുന്നില്ല. നല്ല ഭക്ഷണം, നല്ല വസ്ത്രം, നല്ല വസതി, നല്ല ഇണ; നല്ല വാഹനം ഇങ്ങനെയുള്ള വിശിഷ്ട ജീവിത സൗകര്യങ്ങളൊക്കെ അപമാന വീകരണ (Dehumanization)ത്തിനും അധഃപതനത്തിനും വഴി വെക്കാത്ത വിധം ന്യായമായ രീതിയിൽ നേടിയെടുക്കാനും അനുഭവിച്ചാസ്വദിക്കാനും അവയുടെ പേരിൽ അവയുടെ ദാതാവായ (Doner) ദൈവത്തോട് നന്ദി കാണിക്കാനുമാണ് ഇസ്‌ലാം നിർദ്ദേശിക്കുന്നത്.
‘‘പറയുക. ദൈവം തന്റെ ദാസന്മാർക്കുവേണ്ടി ഉൽപ്പാദിപ്പിച്ചിട്ടുള്ള അലങ്കാര വസ്തുക്കളെയും വിശിഷ്ടമായ ആഹാര പദാർത്ഥങ്ങളും നിഷിദ്ധമാക്കിയതാരാണ് ? പറയുക; അവ ഐഹിക ജീവിതത്തിൽ സത്യ വിശ്വാസികൾക്ക് അവകാശപ്പെട്ടതാണ്, ഉയിർത്തെഴുന്നേല്പിന്റെ നാളിൽ അവക്ക് മാത്രമുള്ളതുമാണ്’’ (വി.ഖു: 7:32)
No comments:
Post a Comment
"Comment moderation" is off in this blog.If it is not displayed, could have gone to spam.