13 June 2011

ഖലീഫ ആശയം എന്ത്?? - 2:30 Explanation 27MAY2011 SHABAB

ഭൂമിയില്‍ ഒരു സ്ഥാനപതി - ഖലീഫ - 2:30 Explanation 27MAY2011 SHABAB


Download pdf file



Shabab 2011 May27 Quran




-------------------------------------
ശബാബ് വാരിക 01-03-2013 മുഖാമുഖം
 മനുഷ്യനും ഖലീഫയും

മനുഷ്യനെ ഭൂമിയിലെ പ്രതിനിധിയാക്കിയിരിക്കുന്നുവെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നതായി മനസ്സിലാക്കാന്‍ കഴിഞ്ഞു. പ്രപഞ്ചത്തിലെ ഓരോ ജീവിയും പ്രത്യേകമായിടത്ത്‌ വസിക്കുന്നവരാണ്‌. ഒരു കാട്ടില്‍ കാണുന്നതിനെ മറ്റൊരു കാട്ടില്‍ കാണുന്നില്ല. ഒരു മണ്ണില്‍ കഴിയുന്നതിനെ വേറൊരു മണ്ണില്‍ കാണുന്നില്ല. കടലിലുള്ള മത്സ്യമല്ല പുഴയിലുള്ളത്‌. എന്നാല്‍ മനുഷ്യനാകട്ടെ, എല്ലായിടത്തും വസിക്കുന്നു. വ്യത്യസ്‌ത കാലാവസ്ഥകളും ഭൂപ്രകൃതിയും അവന്‍ അതിജീവിക്കുന്നു. ഇങ്ങനെ ഭൂമിയില്‍ എല്ലായിടത്തും ജീവിക്കാവുന്ന ഒരു സൃഷ്‌ടി മനുഷ്യനാണെന്ന അര്‍ഥത്തിലായിരിക്കുമോ ഖലീഫ എന്ന പ്രയോഗം?

പി കെ സലീം നരിക്കുനി


പിന്‍ഗാമിയായി, പകരക്കാരനായി, പ്രതിനിധിയായി എന്നൊക്കെ അര്‍ഥമുള്ള ഖലഫ എന്ന ക്രിയാധാതുവില്‍ നിന്നുള്ള വിശേഷണനാമമാണ്‌ ഖലീഫഃ. ഈ പദം ഏകവചനമാണെങ്കിലും മനുഷ്യവര്‍ഗത്തിന്റെ മൊത്തം വിശേഷണമാകാനും സാധ്യതയുണ്ട്‌.

ഓരോരുത്തരും തുടങ്ങിവെച്ച ദൗത്യം അവരുടെ പിന്‍ഗാമികള്‍ പൂര്‍ത്തിയാക്കുകയോ അവര്‍ പുതിയ സംരംഭങ്ങളുമായി മുന്നേറുകയോ ചെയ്യുന്ന, തലമുറകളിലൂടെ അനുസ്യൂതമായ നാഗരിക വികാസം നടക്കുന്ന അവസ്ഥ മാനവരാശിക്ക്‌ മാത്രമേ ഉള്ളൂ എന്നതായിരിക്കാനിടയുണ്ട്‌ മനുഷ്യനെ ഭൂമിയിലെ ഖലീഫയാക്കി എന്നതിന്റെ വിവക്ഷ. മനുഷ്യര്‍ക്കു മുമ്പ്‌ ഭൂമുഖത്തുണ്ടായിരുന്ന ഒരു സൃഷ്‌ടി വിഭാഗം കുഴപ്പങ്ങളുണ്ടാക്കിയപ്പോള്‍ അവരെ നശിപ്പിച്ചിട്ടാണ്‌ അല്ലാഹു മനുഷ്യനെ സൃഷ്‌ടിച്ച്‌ ഭൂമിയിലേക്ക്‌ അയച്ചതെന്നും നശിപ്പിക്കപ്പെട്ട വര്‍ഗത്തിന്റെ പകരക്കാരന്‍ എന്ന നിലയിലാണ്‌ മനുഷ്യനെ ഭൂമിയില്‍ ഖലീഫയാക്കിയത്‌ എന്നും ചില ഖുര്‍ആന്‍ വ്യാഖാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.


ഒരു രാജാവ്‌ ഒരു പ്രധാന കാര്യത്തിന്‌ ഒരാളെ പ്രതിനിധിയായി നിയോഗിക്കുന്നത്‌ അറിവും പ്രാപ്‌തിയും സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള കഴിവും നോക്കിയാണ്‌. മനുഷ്യരൊഴികെ ഭൂമിയിലെ ജന്തുജാലങ്ങള്‍ക്കൊന്നും ഇങ്ങനെ പ്രതിനിധിയോ സ്ഥാനപതിയോ ആകാനുള്ള യോഗ്യതയില്ല. മനുഷ്യന്റെ സവിശേഷമായ ഈ സ്ഥാനവുമാകാം ഖലീഫ എന്ന പദം കൊണ്ട്‌ സൂചിപ്പിക്കപ്പെട്ടത്‌. മറ്റു ജന്തുക്കള്‍ പ്രകൃത്യാ ഉള്ള അനുകൂലനങ്ങളുടെ പിന്‍ബലത്താല്‍ നിലനില്‌ക്കുമ്പോള്‍ പ്രകൃതിയെ ആവശ്യാനുസൃതം ഉപയോഗപ്പെടുത്താനും പരുവപ്പെടുത്താനുമുള്ള കഴിവുകൊണ്ടാണ്‌ മനുഷ്യര്‍ നിലനില്‌ക്കുന്നത്‌. സമൃദ്ധമായ രോമം കൊണ്ടാണ്‌ ചില ജന്തുക്കള്‍ അതിശൈത്യത്തെ തരണം ചെയ്യുന്നത്‌. മനുഷ്യനാകട്ടെ ജന്തുക്കളുടെ രോമം കത്രിച്ചെടുത്ത്‌ കമ്പിളി വസ്‌ത്രങ്ങള്‍ നിര്‍മിച്ചാണ്‌ കൊടും തണുപ്പിനെ മറികടക്കുന്നത്‌. ഇതുപോലുള്ള സ്വതന്ത്രമായ കഴിവുകളാണ്‌ ഭൂമുഖത്തെങ്ങും അധിവസിക്കാന്‍ മനുഷ്യനെ പ്രാപ്‌തനാക്കിയത്‌. ഈ കഴിവുകള്‍ ഖലീഫ എന്ന പദത്തിന്റെ അര്‍ഥപരിധിയില്‍ വരുന്നതത്രെ.



1 comment:

  1. ...ഇവിടെ അമാനത്ത് എന്നതുകൊണ്ട് വിവക്ഷിച്ചിട്ടുള്ളത്, ഖുര്‍ആനിക ദര്‍ശനമനുസരിച്ച് ഈ ഭൂമിയില്‍ മനുഷ്യന് നല്‍കപ്പെട്ടിട്ടുള്ള പ്രാതിനിധ്യം (ഖിലാഫത്ത്) തന്നെയാകുന്നു. അനുസരിക്കാനും ധിക്കരിക്കാനും ദൈവം മനുഷ്യന് നല്‍കിയ സ്വാതന്ത്യ്രത്തിന്റെയും ആ സ്വാതന്ത്യ്രം ഉപയോഗിക്കുന്നതിനുവേണ്ടി എണ്ണമറ്റ സൃഷ്ടികളുടെ മേല്‍ അവന്ന് നല്‍കിയിട്ടുള്ള കൈകാര്യാധികാരത്തിന്റെയും അനിവാര്യ താല്‍പര്യമാണ്, മനുഷ്യന്‍ അവന്റെ ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദിയായി അംഗീകരിക്കപ്പെടുകയെന്നതും തന്റെ ശരിയായ പ്രവര്‍ത്തനരീതിയുടെ പേരില്‍ രക്ഷക്കും തെറ്റായ കര്‍മരീതിയുടെ പേരില്‍ ശിക്ഷക്കും അര്‍ഹനായിരിക്കുക എന്നതും. ഈ അധികാരങ്ങളൊന്നും മനുഷ്യന്‍ സ്വയം ആര്‍ജിച്ചതല്ല. അല്ലാഹു അവന് നല്‍കിയതാണ്. അതിന്റെ തെറ്റായ ഉപയോഗത്തിനും ശരിയായ ഉപയോഗത്തിനും അവന്‍ അല്ലാഹുവിന്റെ മുമ്പില്‍ ഉത്തരം ബോധിപ്പിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് മറ്റു സ്ഥലങ്ങളില്‍ ഖുര്‍ആന്‍ അതിനെ ഖിലാഫത്ത് എന്ന വാക്കിലും ഇവിടെ അമാനത്ത് (ഉത്തരവാദിത്വം) എന്ന വാക്കിലും വ്യവഹരിച്ചത്. ഈ ഉത്തരവാദിത്വം എന്തുമാത്രം ഗുരുതരമാണ്!.............. ഒരു ഭാഗത്ത് ആകാശവും ഭൂമിയും ഹിമാലയം പോലുള്ള പര്‍വതങ്ങളും നില്‍ക്കുന്നു. മറുവശത്ത് അഞ്ചോ ആറോ അടി ഉയരമുള്ള മനുഷ്യനും. അല്ലാഹു ചോദിക്കുന്നു: ഞാന്‍ എന്റെ സൃഷ്ടികളില്‍ ആര്‍ക്കെങ്കിലും ഇങ്ങനെയൊരു കഴിവ് നല്‍കാനിഛിക്കുന്നു. അത് എന്റെ ദൈവികാധികാരത്തിന്നകത്തു വസിച്ചുകൊണ്ട് സ്വാഭീഷ്ടത്തോടെ, തൃപ്തിയോടെ എന്റെ ഔന്നത്യം അംഗീകരിക്കുകയും എന്റെ ശാസനകള്‍ അനുസരിക്കുകയും ചെയ്യണം. വേണമെങ്കില്‍ അതിന് എന്നെ നിഷേധിക്കുകയുമാവാം. എനിക്കെതിരെ ധിക്കാരത്തിന്റെ കൊടിയുയര്‍ത്താനും കഴിയും. ഈ സ്വാതന്ത്യ്രം നല്‍കിയിട്ട് ഞാന്‍ ആ സൃഷ്ടിക്ക് അദൃശ്യനായി നിലകൊള്ളും. അവനെ സംബന്ധിച്ചിടത്തോളം ഞാന്‍ ഇല്ലാത്തവണ്ണമാകും. ഈ സ്വാതന്ത്യ്രം പ്രാവര്‍ത്തികമാക്കുന്നതിന് ഞാന്‍ ആ സൃഷ്ടിക്ക് വിപുലമായ അധികാരങ്ങളും മഹത്തായ യോഗ്യതകളും നല്‍കുന്നതാണ്. എന്റെ കണക്കറ്റ സൃഷ്ടികളില്‍ അതിന് അധീശത്വമേകും - പ്രപഞ്ചത്തില്‍ അതിന് എന്തു ബഹളം വേണമെങ്കിലും ഉണ്ടാക്കാന്‍ കഴിയുന്നതിന്ന്. അനന്തരം ഒരു പ്രത്യേക സമയത്ത് ഞാനാ സൃഷ്ടിയെ വിചാരണ ചെയ്യും. ഞാന്‍ നല്‍കിയ സ്വാതന്ത്യ്രത്തെ ദുരുപയോഗപ്പെടുത്തിയവര്‍ എന്റെ മറ്റൊരു സൃഷ്ടിക്ക് ഒരിക്കലും നല്‍കിയിട്ടില്ലാത്ത ശിക്ഷയ്ക്ക് വിധേയരാവും. എന്നെ ധിക്കരിക്കുന്നത് സൂക്ഷിച്ചുകൊണ്ട് എന്നോടുള്ള അനുസരണവും വിധേയത്വവും മാത്രം തെരഞ്ഞെടുത്തവരെ, എന്റെ മറ്റൊരു സൃഷ്ടിക്കും എത്താന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ഔന്നത്യങ്ങളിലേക്ക് ഉയര്‍ത്തുകയും ചെയ്യും. ഇനി പറയുക: നിങ്ങളിലാരാണ് ഈ പരീക്ഷാവേദിയിലിറങ്ങാന്‍ തയ്യാറുള്ളവന്‍? ഈ വിളംബരം കേട്ട് ആദ്യം സൃഷ്ടികളിലഖിലം മൂകത പരക്കുന്നു. അനന്തരം ഓരോരുത്തരായി മുന്നോട്ടുവന്നുകൊണ്ട് തികഞ്ഞ എളിമയോടെ അപേക്ഷിക്കുന്നു: എനിക്ക് ഈ കഠിനപരീക്ഷണത്തില്‍നിന്ന് വിടുതി നല്‍കേണമേ! ഒടുവില്‍ അവിവേകിയായ മനുഷ്യന്‍ എഴുന്നേറ്റുനിന്ന് പറയുന്നു: നാഥാ, ഈ പരീക്ഷയിലേര്‍പ്പെടാന്‍ ഞാന്‍ തയ്യാറാകുന്നു. ഈ പരീക്ഷയില്‍ ജയിച്ച് നിന്റെ സാമ്രാജ്യത്തിലെ ഏറ്റം ഉന്നതമായ പദവിയിലെത്തിച്ചേരാനുള്ള അഭിവാഞ്ഛകൊണ്ട് ഈ സ്വാതന്ത്യ്രത്തിലും അധികാരങ്ങളിലും ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ ഞാന്‍ തരണം ചെയ്യും. ഈ ചിത്രീകരണം ഭാവനാദൃഷ്ടിയില്‍ വരുന്നതോടുകൂടിത്തന്നെ പ്രാപഞ്ചിക വസ്തുക്കളില്‍ എത്ര അതുല്യമായ ഒരവസ്ഥയിലാണ് താനെന്നും ഇനി ഒരാള്‍ ഈ പരീക്ഷാവേദിയില്‍ താന്‍ വഹിക്കുന്ന ഉത്തരവാദിത്വത്തിന്റെ ഭാരം ഗൌനിക്കാതെ നിശ്ചിന്തനായി കഴിയുകയും ഐഹിക ജീവിതത്തിന് ഒരു പാത തെരഞ്ഞെടുക്കുമ്പോള്‍ അയാളെടുക്കുന്ന തീരുമാനങ്ങളുടെ അബദ്ധ-സുബദ്ധങ്ങളുടെ അനന്തരഫലമെന്തായിരിക്കുമെന്നും മനുഷ്യന് നന്നായി മനസ്സിലാകുന്നു. .......

    إِنَّا عَرَضْنَا الْأَمَانَةَ عَلَى السَّمَاوَاتِ وَالْأَرْضِ وَالْجِبَالِ فَأَبَيْنَ أَن يَحْمِلْنَهَا وَأَشْفَقْنَ مِنْهَا وَحَمَلَهَا الْإِنسَانُ ۖ إِنَّهُ كَانَ ظَلُومًا جَهُولًا﴿٧٢﴾
    തഫ്‍ഹീമുല്‍ ഖുര്‍ആന്‍ 33:72 , കുറിപ്പ് 120

    ReplyDelete

"Comment moderation" is off in this blog.If it is not displayed, could have gone to spam.