15 June 2011

ഉറച്ച വേരും ഉണങ്ങാത്ത ചില്ലകളും - പി എം എ ഗഫൂര്‍SHABAB Friday, 07 May 2010
ഉറച്ച വേരും ഉണങ്ങാത്ത ചില്ലകളും -  പി എം എ ഗഫൂര്‍


മുത്തുകള്‍ രൂപപ്പെടുന്നതെങ്ങനെയാണ്‌?ചിപ്പികള്‍ ചെറിയ കടല്‍ജീവികളാണ്‌. കക്ക പോലുള്ള പുറന്തോട്‌ ഈ ചെറുജീവിക്കുണ്ട്‌. സൂക്ഷ്‌മമായ മണല്‍ത്തരികള്‍ ഈ പുറന്തോടുകള്‍ക്കുള്ളില്‍ കയറിക്കൂടുന്നു. വളരെ മൃദുലമായ അതിന്റെ ശരീരത്തില്‍ മണല്‍ത്തരികള്‍ ഉരസുമ്പോള്‍ കടുത്ത വേദനയും അസുഖവും അതിനുണ്ടാകുന്നു. എന്നിട്ടും അത്‌ മണല്‍ത്തരികളെ പുറത്തുകളയുന്നില്ല. ചിപ്പി അതിന്റെ ശരീരത്തില്‍ നിന്ന്‌ പ്രത്യേകതരം ദ്രാവകം സ്രവിപ്പിച്ച്‌ മണല്‍ത്തരിയെ ആവരണം ചെയ്യുന്നു. ആ പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ സുന്ദരവും വിലയേറിയതുമായ മുത്തുമണികള്‍ രൂപപ്പെടുന്നു! മുത്തുകളെ പിന്നീട്‌ ചിപ്പി പുറന്തള്ളുന്നു. അതാണ്‌ നാം ശേഖരിച്ച്‌ ആഭരണ വസ്‌തുക്കളാക്കുന്നത്‌.

സഹിക്കാവുന്നത്ര സഹിച്ചതിനൊടുവിലാണ്‌ ചിപ്പിയില്‍ മുത്തുകള്‍ രൂപം കൊണ്ടത്‌. മണല്‍ത്തരികളെ മുത്തുകളാക്കുന്ന ഈ `രാസവിദ്യ' ജീവിതവീക്ഷണത്തെ രൂപീകരിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നതിലേക്കുള്ള നല്ല സൂചകമാണ്‌. ശരീരത്തെ മുറിവേല്‌പിച്ച മണല്‍ത്തരികളെ സ്വയം സമര്‍പ്പിതമായ പ്രവര്‍ത്തനങ്ങളിലൂടെയാണ്‌ മുത്തുകളാക്കി പരിവര്‍ത്തിപ്പിച്ചത്‌. ജീവിതത്തെ മുറിവേല്‌പിക്കുകയും സങ്കടമാക്കുകയും ചെയ്യുന്ന അനുഭവങ്ങളെ, അതേ ജീവിതത്തില്‍ തന്നെ പ്രതീക്ഷയായി പുലര്‍ന്നുയരേണ്ട മുത്തുകളാക്കി വികസിപ്പിച്ചെടുക്കുന്നതെങ്ങനെ?

കഷ്‌ടനഷ്‌ടങ്ങളുടെ കണ്ണീരില്‍ നിന്നല്ലാതെ കുതിച്ചുപായാനുള്ള കരുത്ത്‌ കൈവരിക്കാനാവില്ല. സുഖ സമൃദ്ധിയുടെ പുളകങ്ങളില്‍ നിന്ന്‌ മനസ്സുറപ്പുള്ള വ്യക്തിത്വം വിടരില്ല. സുഖ-ദു:ഖ സങ്കലിതമായ ജീവിതാനുഭവങ്ങളില്‍, കൈവിടാത്ത കെല്‌പോടെ നില്‌പുറപ്പിച്ചവര്‍ വാടിപ്പോകാത്ത വീറോടെ കൂടുതല്‍ ശക്തമായ കരുത്ത്‌ കൈവരിക്കും. അഥവാ, വേദനകള്‍ സഹിക്കാന്‍ പഠിക്കുന്നത്‌ വേദനകള്‍ സഹിച്ചുകൊണ്ടാണ്‌. സങ്കടങ്ങളില്‍ ജീവിച്ചുകൊണ്ടു മാത്രമേ സങ്കടങ്ങളെ അതിജീവിക്കാന്‍ കഴിയൂ. പച്ചയായ ജീവിതസത്യങ്ങളെ ഉള്‍ക്കൊണ്ടും തിരിച്ചറിഞ്ഞും സഹിക്കാവുന്നത്ര സഹിച്ചുമാണ്‌ ജീവിതമാകുന്ന വലിയ സത്യത്തെ തിരിച്ചറിയാനാകുന്നതെന്നു ചുരുക്കം.

കണ്ണീരനുഭവങ്ങള്‍ കൂടി നല്‌കുന്ന കാരുണ്യവാനായ അല്ലാഹുവിനെയാണ്‌ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്‌. അല്ലാഹുവിലുള്ള വിശ്വാസം ബലപ്പെടുത്താനും ബലിഷ്‌ഠമായ മനസ്സും ജീവിതവീക്ഷണവും കൈവരിക്കാനുമാണ്‌ ആനന്ദകരമല്ലാത്ത അനുഭവങ്ങള്‍ നല്‌കുന്നതെന്ന്‌ അല്ലാഹു തന്നെ വിശദീകരിക്കുകയും ചെയ്യുന്നു. ഭൗതിക കൗതുകങ്ങളിലെല്ലാം നഷ്‌ടങ്ങളോ കുറവുകളോ വരുത്തുമെന്ന്‌ ഖുര്‍ആന്‍ പറയുന്നുണ്ട്‌. വ്യക്തിയെ തകര്‍ത്തുകളയുന്ന അത്തരം അനുഭവങ്ങളില്‍ എപ്രകാരമാണ്‌ സത്യവിശ്വാസികള്‍ തകരാതെ നില്‌ക്കേണ്ടതെന്നാണ്‌ ഖുര്‍ആന്‍ വിവരിക്കുന്നത്‌. അതിനു മാത്രം കെല്‌പുറ്റ സത്യവിശ്വാസമാണ്‌ അവര്‍ വരിക്കേണ്ടത്‌. `ശജറതുന്‍ ത്വയ്യിബ' (നല്ല മരം) എന്ന ഖുര്‍ആന്‍ ഉപമ (14:24,25) സശ്രദ്ധം ഉള്‍ക്കൊണ്ടാല്‍ ഈ ആശയം വ്യക്തമാകും. മൂന്നു ഗുണങ്ങളാല്‍ സമ്പന്നമാണീ മരം. അടിയുറച്ചതാണ്‌ വേരുകള്‍. ആകാശത്ത്‌ വിസ്‌തൃതമായ ശാഖോപശാഖകള്‍, കാലഭേദങ്ങളില്ലാതെ കായ്‌കനികള്‍ നല്‌കുകയും ചെയ്യുന്നു.

സീസണുകള്‍ക്കൊത്ത്‌ ചാഞ്ചല്യങ്ങളില്ലാത്ത മരം! അഥവാ, എല്ലായ്‌പ്പോഴും ഒരേ വ്യക്തിത്വം പ്രകാശിപ്പിക്കുന്നു. അത്തരമൊരു ഉറപ്പും ഉള്‍ബലവും ലഭിക്കുന്നത്‌ മണ്ണില്‍ പടര്‍ന്നുകിടക്കുന്ന ഉറച്ച വേരില്‍ നിന്നാണ്‌. ചാഞ്ചല്യങ്ങളില്ലാത്ത ഈ വ്യക്തിത്വമായിരിക്കണം വിശ്വാസിയുടേത്‌. അനുകൂലവും പ്രതികൂലവുമായ ജീവിത സാഹചര്യങ്ങളില്‍ ഒരേ അന്തസ്സുയര്‍ത്തി തന്റെ വിശ്വാസത്തിന്റെ സുഖം സ്വയമനുഭവിക്കാനും, ചുറ്റിലും അനുഭവിപ്പിക്കാനും സാധിക്കണം.

ഉയരത്തിലിരുത്തിയ കുട്ടി മാതാവിന്റെ കൈകളിലേക്ക്‌ ധൈര്യസമേതം ചാടുന്നതെന്തുകൊണ്ടാണ്‌? മാതാവ്‌ കൈവിടില്ല എന്ന വിശ്വാസം കൊണ്ട്‌. അപരിചിതനായ ഒരാള്‍ കൈ കാണിച്ചാല്‍ കുട്ടി ചാടില്ല. ഇപ്രകാരം `അല്ലാഹു കൈവിടില്ല' എന്ന വിശ്വാസമാണ്‌ നമ്മെ ധൈര്യവാന്മാരാക്കുന്നത്‌. എത്ര പ്രതികൂല സാഹചര്യങ്ങളിലും ആശയോടെ മുന്നേറാന്‍ പ്രേരകമായിത്തീരുന്നത്‌ കരുണാവാനായ രക്ഷിതാവിലുള്ള നിലയ്‌ക്കാത്ത പ്രതീക്ഷയായിരിക്കണം. ഈ പ്രതീക്ഷയാലാണ്‌ അയ്യൂബ്‌ നബി ഇങ്ങനെ പ്രാര്‍ഥിച്ചത്‌: ``എനിക്കിതാ ദുരന്തം ബാധിച്ചിരിക്കുന്നു, നീ കാരുണ്യവാന്മാരില്‍ വെച്ച്‌ ഏറ്റവും കരുണയുള്ളവനാണല്ലോ'' (21:83). ഭവിക്കാവുന്നത്ര വലിയ ദുരന്തങ്ങളാണ്‌ അയ്യൂബ്‌ നബിക്കുണ്ടായത്‌. എന്നിട്ടും അല്ലാഹുവെ സംശയിക്കുന്നില്ല. കാരുണ്യവാന്മാരില്‍ ഏറ്റവും വലിയ കാരുണ്യവാനാണ്‌ അല്ലാഹു എന്ന വിശ്വാസത്തിന്‌ യാതൊരു പോറലുമേല്‌ക്കാതെ നിലനില്‌ക്കുന്നു. ജീവിതത്തില്‍ സംഭവിക്കുന്ന ദുരന്തങ്ങളെ നോക്കിയും ``ഏറ്റവും വലിയ കാരുണ്യവാനായ അല്ലാഹുവിന്റെ വിധി'' എന്നു പറയാന്‍ സാധിക്കലാണ്‌ ഈ പാഠം.

ഒരു പ്രത്യേക രോഗം പിടിപെട്ട്‌ രണ്ടു കാലുകളും തളര്‍ന്ന കുട്ടി. അനവധി മാസങ്ങള്‍ അവന്‍ കിടക്കയില്‍ തന്നെ. അവന്റെ ഉമ്മ പക്ഷേ നിരാശയായില്ല. അവള്‍ അവനെ പുറത്തേക്കു കൊണ്ടുപോയി നടക്കാന്‍ പ്രേരിപ്പിച്ചു. പക്ഷേ, ചുവടുവെക്കുമ്പോഴേക്കും അവന്‍ മറിഞ്ഞുവീഴും, കരയും, ചിലപ്പോള്‍ മുറിവുകള്‍ പറ്റുന്നു. പക്ഷേ, മാതാവ്‌ നോക്കിനില്‌ക്കും. അവനെ തൊടുകയോ എഴുന്നേല്‌പിക്കുകയോ ചെയ്യില്ല. അവന്‍ പിടഞ്ഞ്‌ എഴുന്നേല്‌ക്കും. ചുവടുകള്‍ വെക്കും, പിന്നെയും വീഴും. കണ്ണീര്‍ തുടച്ച്‌ വീണ്ടും നടക്കാന്‍ ശ്രമിക്കും. ചിലപ്പോള്‍ ഉറക്കെ കരയും. നോക്കിനില്‌ക്കുന്നവര്‍ ആ ഉമ്മയെ ക്രൂരയെന്നു വിളിക്കും. പക്ഷേ, തന്റെ പിഞ്ചോമനയുടെ പ്രയാസം കാണുമ്പോള്‍ ആ മാതാവിന്റെ നെഞ്ചു പിടയുന്നുണ്ട്‌. എന്നിട്ടും അതു വെളിപ്പെടുത്താതെ മകനെ, സ്വയം എഴുന്നേറ്റു നടക്കാന്‍ പ്രേരിപ്പിക്കുകയാണവള്‍. പതുക്കെ അവന്‍ സ്വയം നടക്കാന്‍ പഠിക്കുന്നു. നോക്കൂ, അവന്‍ വീണപ്പോഴെല്ലാം ഓടിച്ചെന്ന്‌ നെഞ്ചിലേക്ക്‌ ചേര്‍ത്തിരുന്നെങ്കില്‍ ആ മകന്‍ ഒരിക്കലും നടത്തം ശീലിക്കില്ലായിരുന്നു. നമ്മുടെ ജീവിതത്തിലുള്ള അല്ലാഹുവിന്റെ തീരുമാനങ്ങളും ഇപ്രകാരമാണ്‌. കടുത്ത പ്രയാസങ്ങള്‍ നല്‌കി ചിലപ്പോള്‍ നമ്മെ കുഴയ്‌ക്കും. വിട്ടുവീഴ്‌ചയില്ലാത്ത പരീക്ഷണങ്ങളില്‍ തളര്‍ത്തും. കരഞ്ഞും പിടഞ്ഞും ആ പ്രതിസന്ധികളെ അതിജീവിക്കാന്‍ നാം പഠിക്കുന്നത്‌ അല്ലാഹു നിരീക്ഷിക്കുന്നു. ക്ഷമാലുക്കളെ അവന്‍ തിരിച്ചറിയുന്നു.

തുരുമ്പെടുത്ത കത്തി പുതിയ മൂര്‍ഛയും സൗന്ദര്യവും കൈവരിക്കണമെങ്കില്‍ തീയിലിട്ട്‌ ചൂടാക്കി അടിച്ച്‌ പരുവപ്പെടുത്തണമല്ലോ. കിട്ടേണ്ടത്‌ കിട്ടുമ്പോഴാണ്‌ കത്തിക്ക്‌ ശക്തി വര്‍ധിക്കുന്നത്‌. നമ്മുടെ കാര്യവും ഇങ്ങനെ തന്നെ: ``നിങ്ങളുടെ കൂട്ടത്തില്‍ സമരം ചെയ്യുന്നവരെയും ക്ഷമ കൈക്കൊള്ളുന്നവരെയും നാം തിരിച്ചറിയുകയും, നിങ്ങളുടെ വര്‍ത്തമാനങ്ങള്‍ നാം പരിശോധിക്കുകയും ചെയ്യുന്നതുവരെ- നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും'' (47:31). കൃപാലുവായ രക്ഷിതാവ്‌ നല്‌കുന്ന കടുത്ത പ്രതിസന്ധികളെ സത്യവിശ്വാസം കൊണ്ട്‌ അതിജയിക്കാന്‍ കഴിയുന്നവര്‍ വിജയിച്ചു. പ്രയാസകരമായൊരു കണക്ക്‌ തന്റെ വിദ്യാര്‍ഥികള്‍ക്ക്‌ നല്‌കുന്ന അധ്യാപകന്‍, അതിലേറെ ദുര്‍ഘടമായ കണക്കുകള്‍ പരിഹരിക്കാന്‍ അവരെ പ്രാപ്‌തരാക്കുകയാണല്ലോ ചെയ്യുന്നത്‌. വേദനയില്ലാത്തൊരു ലോകം നമുക്ക്‌ നല്‌കാനാണ്‌ ചെറുതോ വലുതോ ആയ വേദനകള്‍ നല്‌കുന്നതെന്ന്‌ തിരിച്ചറിയുമ്പോള്‍ മനശ്ശാന്തി പകരം കിട്ടും.

2010 മാര്‍ച്ച്‌ 10ന്‌ വാഹനാപകടത്തില്‍ മരണപ്പെട്ട അമീന അസ്സില്‍മി കാന്‍സര്‍ ബാധിതയായിരുന്നു. സഹപാഠികളെ ക്രിസ്‌ത്യാനികളാക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട്‌ ഒടുവില്‍ 1977 ല്‍ ഇസ്‌ലാം സ്വീകരിച്ച ക്രിസ്‌ത്യന്‍ യാഥാസ്ഥിതിക കുടുംബാംഗമായിരുന്നു അമീന. ``ഇസ്‌ലാമിനെക്കുറിച്ച്‌ പഠിക്കാനാരംഭിച്ച ദിവസം എന്റെ വ്യക്തിജീവിതത്തില്‍ എനിക്കാവശ്യമുള്ള എന്തെങ്കിലും കിട്ടുമെന്ന്‌ ഞാന്‍ വിചാരിച്ചിരുന്നില്ല. പക്ഷേ, ഇസ്‌ലാം എന്റെ ജീവിതത്തെ മാറ്റി. ഇസ്‌ലാമിന്റെ തീരത്ത്‌ എനിക്ക്‌ ശാന്തിയും അതിരുകവിഞ്ഞ സ്‌നേഹവുമുണ്ട്‌...'' -പിന്നീടവര്‍ എഴുതി. അമീനയുടെ പുതിയ ജീവിതം കണ്ട്‌, ശത്രുക്കളായിരുന്ന കുടുംബാംഗങ്ങളെല്ലാം ഇസ്‌ലാം സ്വീകരിച്ചു. കാന്‍സര്‍ ബാധിതയാണെന്ന്‌ അറിഞ്ഞയുടനെ അവര്‍ ലോകമെങ്ങുമുള്ള സുഹൃത്തുക്കള്‍ക്ക്‌ അയച്ച ഇ-മെയിലിലെ അവസാനം അവര്‍ എഴുതിയ വരി ഇങ്ങനെയായിരുന്നു: ``എനിക്ക്‌ രോഗം കിട്ടിയിട്ടുണ്ട്‌. പക്ഷേ, രോഗത്തിന്‌ എന്നെ കിട്ടിയിട്ടില്ല.''

വൃക്ഷത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ വെയിലും മഴയും അത്യാവശ്യമാണ്‌. മഴ അധികമായാല്‍ വേരു ചീഞ്ഞു പോകും. വെയിലേറിയാല്‍ വേരുണങ്ങുകയും ചെയ്യും. സുഖവും ദു:ഖവും നമ്മുടെ വ്യക്തിത്വ വളര്‍ച്ചയ്‌ക്ക്‌ അനിവാര്യമാണ്‌. സമഭാവത്തോടെ രണ്ടിനെയും സ്വീകരിക്കാന്‍ കഴിയണം. മാറിമാറി വരുന്ന രോഗങ്ങള്‍ക്കോ ദുരന്തങ്ങള്‍ക്കോ കീഴടക്കാനാവാത്ത മനക്കരുത്ത്‌ കൈവരിക്കുന്നത്‌, ഉന്നതമായ ജീവിതവീക്ഷണം രൂപപ്പെടുമ്പോഴാണ്‌. സംഭവങ്ങളെയോ ജീവിതഗതികളെയോ നിയന്ത്രിക്കാന്‍ നമുക്ക്‌ സാധിക്കണമെന്നില്ല. എന്നാല്‍ അവയോടുള്ള നമ്മുടെ പ്രതികരണവും മനോഭാവവും അനുസരിച്ച്‌ പലതും നമുക്ക്‌ അനുകൂലമായിത്തീരും.

കാറ്റും കോളും നിയന്ത്രിക്കാനോ ശമിപ്പിക്കാനോ കപ്പിത്താന്‌ സാധിക്കില്ല. എന്നാല്‍ അവയുടെ ശക്തിക്കനുസരിച്ച്‌ അമരം പിടിച്ച്‌ കപ്പല്‍ നിയന്ത്രിക്കാന്‍ അയാള്‍ക്ക്‌ കഴിയുന്നു. എത്ര ശക്തമായ കൊടുങ്കാറ്റിലും വീഴാതെ നില്‌ക്കാന്‍ സാധിക്കുന്നത്‌ അങ്ങനെയാണ്‌. ഇതേ വഴിയാണ്‌ നമ്മുടെയും പോംവഴി. ``ഭയാശങ്കകള്‍, ക്ഷാമം, ജീവധനാദികളുടെ നഷ്‌ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ നിശ്ചയമായും പരീക്ഷിക്കും. അപ്പോള്‍ ക്ഷമ അവലംബിക്കുകയും `ഞങ്ങള്‍ ദൈവത്തില്‍ നിന്നാണല്ലോ, അവങ്കലേക്കാണല്ലോ ഞങ്ങള്‍ മടങ്ങേണ്ടതും' എന്നു പറയുകയും ചെയ്യുന്നവരെ സന്തോഷവാര്‍ത്ത അറിയിക്കുക. അവര്‍ക്ക്‌ തങ്ങളുടെ നാഥനില്‍ നിന്ന്‌ വലിയ അനുഗ്രഹങ്ങള്‍ ലഭിക്കും. അവന്റെ കാരുണ്യം അവര്‍ക്ക്‌ തണലേകും. അവര്‍ തന്നെയാകുന്നു സന്മാര്‍ഗം പ്രാപിച്ചവര്‍''(2:155-157).

ഇതോടെ വിശ്വാസി സ്വസ്ഥനും നിര്‍ഭയനുമായിത്തീരുന്നു. അല്ലാഹുവിന്റെ വിധി- അനുകൂലമായാലും പ്രതികൂലമായാലും- അതില്‍ സംതൃപ്‌തനാകുന്നു. വ്യഥയും വേവലാതിയും വിതുമ്പലും വിഹ്വലതയും വിധിയെ മാറ്റുകയില്ലെന്ന്‌ അവന്‌ അറിയും. നഷ്‌ടസന്ദര്‍ഭങ്ങളെ ഓര്‍ത്ത്‌ വിലപിക്കാതെ കാരുണ്യവാനില്‍ ജീവിതവും പ്രതീക്ഷകളുമര്‍പ്പിച്ച്‌ മുന്നോട്ട്‌ നീങ്ങുന്നു. വികലമായ വിധിവിശ്വാസം ആലസ്യത്തിലേക്കും മടുപ്പിലേക്കും നിരാശയിലേക്കും നയിക്കുമ്പോള്‍ ശരിയായ വിധിവിശ്വാസം മനശ്ശാന്തിയിലേക്കും കര്‍മധന്യതയിലേക്കും നയിക്കുന്നു. പ്രതികൂലാനുഭവങ്ങളുടെ പെരുംകാറ്റിലും തകരാതെയും തളരാതെയും യഥാര്‍ഥ വിശ്വാസിയുടെ ജീവിതമാകുന്ന കപ്പല്‍ ഒഴുകിക്കൊണ്ടിരിക്കും. വിശ്വാസത്തിന്റെ വേര്‌ ചീഞ്ഞുപോകാതെയും പൂക്കളില്‍ പുഴുവരിക്കാതെയും സംരക്ഷിക്കലാണ്‌ പോംവഴി.

രോഗത്തിന്റെ കാഠിന്യം നിര്‍ണയിക്കുന്നത്‌, രോഗത്തോടുള്ള നമ്മുടെ സമീപനമാണ്‌. അതിമാരകമായ രോഗബാധിതര്‍ പോലും ആത്മവിശ്വാസത്തിന്റെ കരുത്തില്‍ പിടിച്ചുനില്‌ക്കുന്നു. ചിലര്‍ ചെറിയ രോഗകാരണത്താല്‍ തന്നെ തകര്‍ന്നുപോകും.

ഒ ഹെന്‍റിയുടെ `അവസാനത്തെ ഇല' (The last leaf) എന്നൊരു കഥയുണ്ട്‌. ന്യൂമോണിയ ബാധിച്ചു കിടപ്പിലായ പെണ്‍കുട്ടി. മരണം കാത്തുകിടക്കുകയാണവള്‍. കിടപ്പു മുറിയുടെ ജനല്‍വഴി ഒരു മരം കാണാം. ശിശിരമായതിനാല്‍ ഇലകള്‍ കൊഴിഞ്ഞിട്ടുണ്ട്‌. ഏതാനും ഇലകള്‍ മാത്രമേ ബാക്കിയുള്ളൂ. ആ ഇലകള്‍ എണ്ണി അവള്‍ ദിവസങ്ങള്‍ നീക്കി. അഞ്ച്‌, മൂന്ന്‌, ഒന്ന്‌... ഇനി ഒരേയൊരു ഇല മാത്രം! നാളെ അതുകൂടി കൊഴിയുന്നതോടെ താനും മരിക്കുമെന്ന്‌ അവള്‍ ഉറപ്പിച്ചു. പിറ്റേന്ന്‌ പ്രഭാതമായി. അത്ഭുതം! ആ ഇല പൊഴിഞ്ഞിട്ടില്ല! അവള്‍ മരിച്ചതുമില്ല. പിറ്റേന്നും ഇല അവിടെയുണ്ട്‌. അതു കാണാന്‍ അവളുമുണ്ട്‌. ദിവസങ്ങള്‍ തുടര്‍ന്നു; വസന്തം വന്നു. പുതിയ ഇലകള്‍ കുരുത്തു. മരണശയ്യയില്‍ നിന്ന്‌ അവള്‍ ജീവിതത്തിലേക്ക്‌ പന്തലിച്ചു! സത്യത്തില്‍, അവളുടെ വീടിനു താഴെ താമസിക്കുന്ന ചിത്രകാരന്‍ അവളുടെ മനോഗതി മനസ്സിലാക്കി വരച്ചിട്ട ഇലയുടെ ചിത്രമാണ്‌ അവള്‍ യഥാര്‍ഥ ഇലയെന്നു കരുതിയത്‌. ആ ചിത്രം വരയ്‌ക്കുന്നതിനിടെ മഞ്ഞുകൊണ്ട്‌ ന്യൂമോണിയ ബാധിച്ച്‌ ആ ചിത്രകാരന്‍ മരിച്ചുപോവുകയും ചെയ്‌തു! പ്രതീക്ഷാര്‍ഹമായി ജീവിതത്തെ നിലനിര്‍ത്തുകയും കൂടുതല്‍ ശക്തിയിലേക്ക്‌ വഴികാണിക്കുകയും ചെയ്യുന്ന പ്രത്യാശയുടെ പച്ചിലയാണ്‌ സത്യവിശ്വാസം. വാടാത്ത വിസ്‌മയമായി ഹൃദയത്തെ നവീകരിക്കുന്ന ശക്തിയാണത്‌. പരീക്ഷണങ്ങളുടെ ശിശിരത്തിലും കൊഴിയാത്ത ഒറ്റയിലയായി ആ പ്രത്യാശ ബാക്കിയാകും. പച്ചപ്പടര്‍പ്പുള്ള സൗന്ദര്യമായി, ഒരു വസന്തകാലത്തിന്റെ കുളിരും ഉന്മേഷവും പകര്‍ന്നുതരും. ഈമാന്‍ അത്ഭുതങ്ങള്‍ നിറയ്‌ക്കുന്നു. നിഗമനങ്ങള്‍ക്കെല്ലാം അപ്പുറത്തെ ആശ്ചര്യങ്ങളിലേക്ക്‌ ജീവിതത്തെ പരിവര്‍ത്തിപ്പിക്കുന്നു. രോഗങ്ങള്‍ക്കോ ദുരിതങ്ങള്‍ക്കോ തല്ലിക്കൊഴിക്കാനാവാത്ത ഉറച്ച വേരും ഉണങ്ങാത്ത ചില്ലകളും സ്വന്തമുള്ള മഹത്വത്തിന്റെ മാമരമായിത്തീരുന്നു സത്യവിശ്വാസി!

വൈദ്യനെയും മരുന്നിനെയും പരമാവധി ആശ്രയിക്കാതെ, ഉള്ളില്‍ നിന്നുള്ള രോഗശമനത്തിന്റെ ഉറവയെത്തേടിയുള്ള -ആരോഗ്യത്തിനായുള്ള പ്രസ്ഥാനം ലോകത്തിന്‌ സജീവമായിരിക്കുകയാണ്‌. നമ്മുടെ സ്വന്തം ആരോഗ്യം കാത്തുസൂക്ഷിക്കാനും നിലനിര്‍ത്താനുമുള്ള ആന്തരിക ശക്തി നമ്മിലുണ്ട്‌. പക്ഷേ, അജ്ഞതയും അവഗണനയും കാരണം മിക്കവരും വെറുതെ രോഗികളാവുകയാണ്‌. ഒരാള്‍ നിരന്തരം രോഗിയാവുന്നുണ്ടെങ്കില്‍ ഈ ആന്തരിക ശക്തിയെ വളര്‍ത്തിയെടുക്കുകയാണ്‌ വേണ്ടത്‌. വരാനിരിക്കുന്ന രോഗങ്ങളെക്കുറിച്ചുള്ള ഭീതിയാല്‍ ജീവിക്കേണ്ട. വന്ന രോഗങ്ങളില്‍ ഭീതിപ്പെട്ടും സങ്കടപ്പെട്ടും ജീവിക്കേണ്ട. ശരീരത്തിന്‌ എത്ര തന്നെ രോഗങ്ങള്‍ പിടികൂടിയാലും അതില്‍ നിന്നൊരിറ്റു പോലും മനസ്സിലേക്ക്‌ പടര്‍ന്നുകയറാതെ സൂക്ഷിച്ചാല്‍ ആരോഗ്യത്തോടെ എന്നും ജീവിക്കാം. ഭക്ഷണം, വിശ്രമം, വ്യായാമം, ഉപവാസം, സ്വകാര്യത, പ്രാര്‍ഥന, കുടുംബം, സൗഹൃദം, ജീവിതമൂല്യങ്ങള്‍ -ഇവയൊക്കെയും വിവേകത്തോടെ സമന്വയിപ്പിക്കുമ്പോഴുണ്ടാകുന്ന സമഗ്രമായ ഔഷധം തന്നെയാണ്‌ ഏതു രോഗത്തിനുമുള്ള പ്രതിവിധി.

പ്രസിദ്ധ കാന്‍സര്‍ ചികിത്സകന്‍ ഡോ. വി പി ഗംഗാധരന്റെ അനുഭവങ്ങള്‍ ക്രോഡീകരിച്ച ജീവിതമെന്ന അത്ഭുതം മികച്ച വായനാനുഭവമാണ്‌. ഈ ഗ്രന്ഥം വായിച്ചാല്‍ ഏതൊരു മനുഷ്യനെയും നാം ഇഷ്‌ടപ്പെട്ടുപോകും; മനുഷ്യന്റെ വിലയറിയും. വ്യത്യസ്‌ത തരം രോഗികളെപ്പറ്റി അദ്ദേഹം പറയുന്നുണ്ട്‌. രോഗങ്ങളെ ചെറുക്കാന്‍ കഴിയുന്ന ആത്മവിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ശക്തിയെ വര്‍ണിക്കുന്നുണ്ട്‌. ഭര്‍ത്താവിന്റെ സ്‌നേഹപരിചരണം കൊണ്ട്‌ ജീവിതത്തിലേക്ക്‌ തിരിച്ചെത്തിയ യുവതിയുടെ കഥയുണ്ടതില്‍. അയാള്‍ ഡോക്‌ടറോട്‌ പറയുന്നതിങ്ങനെ: ``ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട്‌ പത്തു ദിവസമേ ആയുള്ളൂ. ഒരുമിച്ചു ജീവിച്ചത്‌ വെറും രണ്ടു ദിവസം.... എന്റെ മുമ്പില്‍ രണ്ടു കാര്യങ്ങളാണുള്ളത്‌. ഒന്നുകില്‍ വെറും രണ്ടു ദിവസത്തെ ഒരു ബന്ധം മറന്ന്‌ എനിക്ക്‌ എന്റെ വഴി നോക്കാം. ഞാനിപ്പോള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ഉപദേശവും അതുതന്നെയാണ്‌. അല്ലെങ്കില്‍ ദൈവത്തോട്‌ കരുണ കാണിക്കാന്‍ പ്രാര്‍ഥിച്ച്‌ എനിക്ക്‌ അവളെ ചികിത്സിപ്പിക്കാം. എനിക്കൊന്നും ആലോചിക്കാനില്ല. എന്ത്‌ ചെലവു വന്നാലും ഞാനവളെ ചികിത്സിക്കും. ദൈവം എന്റെ പ്രാര്‍ഥന കേള്‍ക്കാതിരിക്കില്ല.'' ചികിത്സക്കൊടുവില്‍ അവള്‍ സുഖം പ്രാപിച്ചു.

ഇക്കഥ പറഞ്ഞ്‌ ഡോക്‌ടര്‍ അവസാനിപ്പിച്ചതിങ്ങനെ: ``പിടിച്ചുയര്‍ത്താന്‍ സ്‌നേഹമുള്ളൊരു മനസ്സും കൈയുമുണ്ടെങ്കില്‍ ആരും ഏതു പടുകുഴിയില്‍ നിന്നും രക്ഷപ്പെട്ടുപോരുമെന്ന സത്യം നേരില്‍ കണ്ടു!''
നോക്കൂ, ബന്ധുജനങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമൊക്കെ ലഭിക്കുന്ന ഈ കൈത്താങ്ങ്‌ അവരിലേറെ വലിയ മറ്റൊരാളില്‍ നിന്ന്‌ അനുഭവിക്കേണ്ടവരാണ്‌ നാം. ദു:ഖങ്ങളില്‍ എല്ലാവരും നമ്മെ ആശ്വസിപ്പിക്കും. അവരെല്ലാം ആശ്വസിപ്പിക്കുന്നത്‌ നാം കാണുന്നുണ്ട്‌; കാണുന്ന, കുറേപേര്‍ ആശ്വസിപ്പിക്കുന്നതിനേക്കാള്‍ നമുക്ക്‌ ആശ്വാസമാകേണ്ടത്‌ കാണാത്ത ഒരാളില്‍ നിന്നുള്ള സാന്ത്വനമാണ്‌; അതാണ്‌ സത്യവിശ്വാസത്തിന്റെ സുഖം. മാനസികാസ്വസ്ഥത ഇല്ലാതെ നിലനില്‌ക്കാനായാല്‍ ശാരീരികാസ്വസ്ഥതകളെ മറികടക്കാം. അല്ലാഹു നന്മ മാത്രമേ വരുത്തൂ എന്ന വിശ്വാസം ഹൃദയത്തില്‍ വേരൂന്നുകയും, പ്രതിസന്ധികളിലും ഈ ചിന്ത തുണയാവുകയും ചെയ്യണം. എന്നാല്‍ മാനസിക സുഖം നഷ്‌ടപ്പെട്ടു കഴിഞ്ഞാല്‍ ക്രമേണ ശാരീരിക രോഗങ്ങളും പെരുകും; ആത്മവിശ്വാസത്തിന്റെ അഭാവത്തില്‍ ശരീരം മെച്ചപ്പെടില്ല.

മെഡിക്കല്‍ സയന്‍സ്‌ നമ്മുടെ ശരീരത്തിന്റെ കുഴപ്പങ്ങളെ തിരിച്ചറിയാനും അവയ്‌ക്ക്‌ പരിഹാരം നിര്‍ദേശിക്കാനും സഹായിക്കുന്നു. അതിന്റെ പുരോഗതി നമ്മുടെ ആശ്വാസം തന്നെ. എന്നാല്‍ മാനസികവും ആത്മീയവുമായ സൗഖ്യം അല്ലാഹുവില്‍ നിന്ന്‌ പ്രത്യേകം ലഭിക്കുന്ന സൗഭാഗ്യമാണ്‌; ഈമാന്‍ ആണ്‌ അതിനുള്ള നിബന്ധന. ഒരുപക്ഷേ ശാരീരിക രോഗം മാറിയില്ലെങ്കിലും ആന്തരിക സുഖം ബാക്കിയാകും. തന്റെ ഇഷ്‌ടങ്ങള്‍ പോലെയാകണം അല്ലാഹുവിന്റെ ഇഷ്‌ടമെന്നു ശഠിക്കുന്നവര്‍ക്ക്‌ ഈ സുഖം പ്രാപിക്കാനാവില്ല. എന്നാല്‍ അല്ലാഹുവിന്റെ ഇഷ്‌ടങ്ങളെന്തായാലും അതിനെ സ്വന്തമിഷ്‌ടമാക്കാന്‍ സാധിക്കുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത മനസ്സുഖം കൈവരുന്നു. നിലം ഇളക്കി മറിച്ചാണല്ലോ വിത്ത്‌ പാകുന്നത്‌. ആ വിത്താണ്‌ പിന്നീട്‌ ചെടിയും മരവുമായി വളരുന്നത്‌. നമ്മുടെ ജീവിതത്തില്‍ വളര്‍ന്നുകാണണമെന്ന്‌ അല്ലാഹു കൊതിക്കുന്ന പ്രതീക്ഷയുടെ വന്‍മരങ്ങളുണ്ട്‌. അതിന്നുള്ള വിത്തു പാകുമ്പോള്‍ ജീവിതമൊന്ന്‌ ഇളക്കി മറിക്കുന്നു; ദുരന്തമെന്നു നാം വിളിക്കുന്നത്‌ ഈ പ്രക്രിയയെയാണ്‌. യഥാര്‍ഥത്തില്‍ അവന്‍ നന്മ മാത്രമാണ്‌ നമ്മില്‍ ലക്ഷ്യം വെക്കുന്നത്‌. ``എന്നാല്‍ ഒരു കാര്യം നിങ്ങള്‍ വെറുക്കുമെങ്കിലും നിങ്ങള്‍ക്കത്‌ ഗുണകരമായിരിക്കാം. നിങ്ങള്‍ക്കൊരു കാര്യം ഇഷ്‌ടപ്പെടുമെങ്കിലും നിങ്ങള്‍ക്കത്‌ ദോഷകരമാകാം. അല്ലാഹു അറിയുന്നു; നിങ്ങളറിയുന്നില്ല.'' (2:216)

പുളിനാരങ്ങയില്‍ നിന്ന്‌ മധുരപാനീയം രൂപപ്പെടുത്തുന്ന പോലെ, പുളിയും ചവര്‍പ്പുമുള്ള അനുഭവങ്ങളില്‍ നിന്ന്‌ മധുര പാഠങ്ങള്‍ കൈവരിക്കാന്‍ സാധിക്കണം. ഡോ. ആഇദ്‌ അല്‍ ഖറനീയുടെ ലാ തഹ്‌സന്‍ (വിഷമിക്കരുത്‌) എന്നൊരു ഗ്രന്ഥമുണ്ട്‌. ജീവിതദു:ഖങ്ങളില്‍ സത്യവിശ്വാസികള്‍ തകരാതിരിക്കാന്‍ മുന്നൂറിലേറെ കാരണങ്ങള്‍ പറയുന്നുണ്ടതില്‍. കടുത്ത വെല്ലുവിളികളെപ്പോലും ആശ്ചര്യകരമായ ജീവിതപാഠങ്ങളാക്കാനുള്ള പരിശീലനമാണ്‌ വിശ്വാസികള്‍ സ്വയം വരിക്കേണ്ടത്‌.

മൂന്നു മക്കളും കൗമാരം തീരും മുമ്പേ മരണപ്പെട്ട ദു:ഖം ഏതു മാതാവിനെയും തളര്‍ത്തും. കുലീസ്‌ അനീമിയ എന്ന മാരകരോഗമാണ്‌ ആ മക്കള്‍ക്കെല്ലാം ബാധിച്ചത്‌. മൂത്ത കുട്ടി പത്തൊമ്പതാം വയസ്സിലും ഇളയവള്‍ പതിനേഴാം വയസ്സിലും മരണപ്പെട്ടു. മൂന്നാമത്തെ മകനും അതേ അസുഖം ബാധിച്ചുകിടപ്പിലായി. മരണം ഉറപ്പായ അവന്‍ മാതാവിനോടു പറഞ്ഞു: ``ഞാന്‍ മരിക്കുമ്പോള്‍ നിങ്ങള്‍ കരയരുത്‌. ഞാന്‍ എവിടേക്കാണ്‌ പോകുന്നതെന്ന്‌ നന്നായി അറിയാമല്ലോ.'' കരയുകയില്ലെന്ന്‌ ആ മാതാവ്‌ പുത്രന്‌ ഉറപ്പുനല്‌കി. പുഞ്ചിരിയോടെ ആ മകനും യാത്രയായി. നല്‌കിയ ഉറപ്പുപോലെ ആ മാതാവ്‌ പ്രത്യാശയോടും പ്രസന്നതയോടും ജീവിച്ചു. ``ഇതെങ്ങനെ സാധിക്കുന്നു?'' എന്ന ചോദ്യത്തിന്‌ അവരുടെ ഉത്തരം ഇതായിരുന്നു: ``എന്റെ കുഞ്ഞുങ്ങള്‍ അവരുടെ രോഗത്തെ കുറിച്ച്‌ അറിഞ്ഞു ജീവിച്ചു. അവരുടെ ജീവിതം സ്രഷ്‌ടാവില്‍ നിന്നുള്ള പവിത്ര ദാനമായി അവര്‍ കരുതി. ഓരോ ദിവസത്തെയും ദൈവത്തില്‍ നിന്നുള്ള പവിത്രദാനമായി സ്വീകരിച്ചു. എനിക്കു നിരാശ ബാധിക്കേണ്ടതില്ല. ദു:ഖിതയായി കഴിഞ്ഞ്‌ ഞാനൊരിക്കലും എന്റെ മക്കളെയും ദൈവത്തെയും അപമാനിക്കുകയില്ല. ഞാന്‍ സന്തോഷത്തോടും പ്രത്യാശയോടെയും ജീവിക്കും.'' (ഇന്നത്തെ ചിന്താവിഷയം, റ്റി ജെ ജെ, പേജ്‌ 105)

മാരകരോഗം ബാധിച്ച്‌ മരണപ്പെട്ട ഭര്‍ത്താവിനു പിറകെ, പ്രതീക്ഷയായി വളര്‍ന്ന രണ്ടു മക്കളും പുഴയില്‍ വീണ്‌ മരണപ്പെട്ട ഒരു മാതാവിനെ ഈ ലേഖകനറിയാം. മുകളില്‍ ഉദ്ധരിച്ച മാതാവിന്റെ മനശ്ശക്തി ഈ ഉമ്മക്കുമുണ്ട്‌. ഒറ്റക്കായി പോയെങ്കിലും ഒറ്റക്കല്ല എന്ന വിശ്വാസം അവരുടെ ആത്മബലമാണ്‌. നിറഞ്ഞ കണ്ണുകളോടെയാണ്‌ തന്റെ ജീവിതകഥ പറയുന്നതെങ്കിലും, ഇടറാത്ത ഹൃദയം അവര്‍ ഉള്ളില്‍ സൂക്ഷിക്കുന്നുണ്ട്‌. ഭാര്യയും മകനും മകന്റെ ഭാര്യയും മകളും മകളുടെ ഭര്‍ത്താവും ഒന്നൊന്നായി മരണപ്പെട്ട്‌ ജീവിതത്തിന്റെ നടുക്കടലില്‍ ഒറ്റപ്പെട്ട ഒരു പാവം വൃദ്ധനെയും പരിചയമുണ്ട്‌. ``എനിക്കെന്റെ ഈമാന്‍ മാത്രമേയുള്ളൂ'' എന്ന്‌ അദ്ദേഹം വിതുമ്പുമ്പോള്‍ വാക്കിനും വാചാലതയ്‌ക്കുമപ്പുറമുള്ള സത്യവിശ്വാസത്തിന്റെ ആകാശം നാം കാണുന്നു!

അല്ലാഹു നല്‌കുന്ന വേദനകള്‍ അതിന്റെ പൂര്‍ണതയില്‍ തന്നെയാണ്‌ നല്‌കുക. മര്‍യമിനെ നോക്കൂ; അവര്‍ ഗര്‍ഭം ചുമക്കുന്നത്‌ ഒരു പ്രവാചകനെയാണ്‌. ഭര്‍ത്താവില്ലാതെ ഗര്‍ഭിണിയായതിനാല്‍ സമൂഹം ശാസിച്ചു. എന്നാല്‍ തിരിച്ചൊന്ന്‌ ചിന്തിച്ചുനോക്കൂ; ഒരൊറ്റ ദിവസം കൊണ്ടു സംഭവിച്ച അസാധാരണമായ ഗര്‍ഭധാരണവും പ്രസവവുമാണ്‌ മര്‍മയിന്റേതെങ്കില്‍ ആരും ശാസിക്കില്ലെന്നു മാത്രമല്ല, സര്‍വരും സ്വീകരിക്കുകയാണ്‌ ചെയ്യുക. പക്ഷേ, അതിന്‌ സാധിക്കുമായിരുന്നിട്ടും അല്ലാഹു അങ്ങനെ ചെയ്‌തില്ല. ഏതൊരു സാധാരണ സ്‌ത്രീയെയും പോലെ -ഒരു പക്ഷേ അതിലേറെ- വേദനയോടും ഒറ്റപ്പെടലോടും കഷ്‌ടപ്പെട്ട്‌ പുത്രന്‌ ജന്മം നല്‌കി. അല്ലാഹു ഒരാളില്‍ ഉദ്ദേശിക്കുന്ന പരീക്ഷണങ്ങള്‍ സമ്പൂര്‍ണതയില്‍ തന്നെയാണ്‌ നല്‌കുക.

ദു:ഖങ്ങളുടെ താപത്തെ എങ്ങനെ ചികിത്സിക്കണമെന്ന്‌ ഇബ്‌നുല്‍ ഖയ്യിം(റ) വിശദീകരിക്കുന്നു: ``സാന്ത്വനത്തിന്റെ കുളിരുകൊണ്ട്‌ വിപത്തിന്റെ അഗ്നിയെ കെടുത്തിക്കളയുക. ദു:ഖിതര്‍ എല്ലായിടത്തുമുണ്ടെന്ന്‌ മനസ്സിലാക്കണം. അവന്‍ തന്റെ വലതുഭാഗത്തേക്ക്‌ തിരിയട്ടെ, പരീക്ഷങ്ങളല്ലാതെ അവിടെ കാണുന്നുണ്ടോ? ഇടതു ഭാഗത്തേക്ക്‌ നോക്കട്ടെ; നഷ്‌ടമല്ലാതെ മറ്റെന്തെങ്കിലുമുണ്ടോ? ലോകം മുഴുവന്‍ പരിശോധിക്കുക; പരീക്ഷണത്തിനു വിധേയരായവര്‍ എല്ലായിടത്തുമുണ്ട്‌. ഒന്നുകില്‍ പ്രിയപ്പെട്ടവരുടെ വേര്‍പാട്‌. അല്ലെങ്കില്‍ അനിഷ്‌ട സംഭവങ്ങള്‍. ഇഹലോകത്തിലെ സന്തോഷങ്ങള്‍ വെറും സ്വപ്‌നങ്ങള്‍ മാത്രമാണ്‌, അല്ലെങ്കില്‍ നീങ്ങിപ്പോകുന്ന നിഴലുകള്‍ മാത്രമാണത്‌. അത്‌ നിന്നെ അല്‌പമൊന്ന്‌ സുഖുപ്പിച്ചുവെന്നു വരാം. എന്നാല്‍ ധാരാളം കരയിക്കുകയും ചെയ്യും. ഒരു ദിവസം നിന്നെ സന്തുഷ്‌ടനാക്കിയാല്‍ ഒരു കാലം മുഴുവന്‍ നിന്നെ ദു:ഖിപ്പിക്കും. അല്‌പകാലം നിന്നെ ആസ്വദിപ്പിച്ചാല്‍ ദീര്‍ഘകാലം നിനക്കൊന്നും തരികയില്ല. ഏതൊരു വീട്ടില്‍ അത്‌ കഷ്‌ടപ്പാടുകള്‍ നിറച്ചിട്ടുണ്ടോ, അവിടെ ഒരു ഗുണപാഠം അവശേഷിപ്പിക്കാതിരിക്കില്ല. സന്തോഷത്തിന്റെ ഒരു ദിനം വന്നെത്തിയിട്ടുണ്ടെങ്കില്‍ പിറകെ ദു:ഖത്തിന്റെ ഒരു ദിനം ഒളിഞ്ഞിരിപ്പുണ്ടാകും.'' (സാദുല്‍മആദ്‌ 107)

വിപത്തുകള്‍ ബാധിക്കുമ്പോള്‍ `ഞങ്ങള്‍ അല്ലാഹുവിന്റേതാണ്‌. അവനിലേക്കു തന്നെ തിരിച്ചു ചെല്ലേണ്ടവരും' (അല്‍ബഖറ 156) എന്നാണ്‌ സത്യവിശ്വാസികളുടെ നിലപാട്‌. ഇതേപ്പറ്റി ഇബ്‌നുല്‍ ഖയ്യിം പറയുന്നു: ``വിപത്തുകള്‍ ബാധിച്ചവര്‍ക്കുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയാണ്‌ ഈ വചനം. രണ്ട്‌ സുപ്രധാന അടിസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണീ വചനം. അവയെ ശരിയാംവിധം മനസ്സിലാക്കിയാല്‍ വിപത്തുകളൊന്നും യാതൊരു പ്രത്യാഘാതവും ഉണ്ടാക്കുകയില്ല. എല്ലാം അല്ലാഹുവിന്റേതാണെന്നും ഒന്നിലും സ്ഥിരതയോ അധികാരമോ ഇല്ലാത്ത താന്‍ അതേ അല്ലാഹുവിലേക്കു തിരിച്ചുപോകുമെന്ന കാര്യങ്ങള്‍ ഏറ്റവും മികച്ച ശമനൗഷധമാണ്‌.''

വിധിവിശ്വാസമാണ്‌ സത്യവിശ്വാസിയുടെ സമാധാനത്തിന്റെ സ്രോതസ്സ്‌; ദു:ഖങ്ങളില്‍ വിശേഷിച്ചും. തനിക്ക്‌ ഭവിച്ചിട്ടുള്ള വിപത്ത്‌ തനിക്കു മാത്രം നിശ്ചയിക്കപ്പെട്ടതാണെന്നും അബദ്ധത്തില്‍ പിണഞ്ഞതല്ല എന്നും അവന്‌ നിശ്ചയമുണ്ട്‌. വിധിയെ പഴിക്കാതെ വിപത്തുകളെ ക്ഷമയാല്‍ അതിജയിക്കുകയാണ്‌ വേണ്ടതെന്ന വിശ്വാസം അവന്‌ ഊര്‍ജമായിത്തീരുന്നു. ``ഭൂമിയിലോ നിങ്ങളിലോ ഒരു വിപത്തും സംഭവിക്കുന്നില്ല. നാമത്‌ മുമ്പേ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടല്ലാതെ. അത്‌ അല്ലാഹുവിന്‌ ഏറെ എളുപ്പമുള്ള കാര്യമാണ്‌. നിങ്ങള്‍ക്കുണ്ടാകുന്ന നഷ്‌ടത്തിന്റെ പേരില്‍ ദു:ഖിക്കാതിരിക്കാനും, നിങ്ങള്‍ക്കവന്‍ തരുന്നതിന്റെ പേരില്‍ സ്വയം മറന്ന്‌ ആഹ്ലാദിക്കാതിരിക്കാനുമാണത്‌.'' (അല്‍ഹദീദ്‌ 23)

പുത്രവിയോഗത്തില്‍ ദു:ഖിതനായ ഒരാളോട്‌ അലി(റ) പറഞ്ഞു: ``താങ്കളുടെ വിധി നടപ്പിലായിക്കഴിഞ്ഞു. ക്ഷമിച്ചാല്‍ അതിനുള്ള പ്രതിഫലം ലഭിക്കും. ക്ഷമിക്കാതെ പരിഭവിക്കുകയാണെങ്കില്‍ അതിന്റെ ഭാരവും പേറേണ്ടി വരും.'' അശ്‌അസുബ്‌നു ഖൈസ്‌ പറഞ്ഞു: ``വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടിയുള്ള ക്ഷമയാണ്‌ പ്രയോജനപ്പെടുക. അതല്ലാത്തത്‌ മൃഗങ്ങളുടെ ക്ഷമയാണ്‌.'' ഹകീം പറഞ്ഞു: ``വിപത്തു ബാധിച്ച്‌ ദിവസങ്ങള്‍ക്കു ശേഷം ഒരു വിഡ്‌ഢി ചെയ്യുന്നത്‌ ബുദ്ധിമാന്‍ ആദ്യദിനം തന്നെ ചെയ്യും.'' (അസ്സ്വബ്‌റു ഫില്‍ ഖുര്‍ആന്‍, ഡോ. യൂസുഫുല്‍ ഖറദാവി, പേജ്‌ 97)

ചിലതൊന്നും കിട്ടില്ലെന്നും ചിലതൊന്നും കിട്ടാതിരിക്കില്ലെന്നുമുള്ള ദൃഢവിശ്വാസം ഹൃദയത്തില്‍ വേരൂന്നണം. നഷ്‌ട-നേട്ടങ്ങളെ വിലമതിക്കാതെ ജീവിക്കാന്‍ സാധിക്കുന്നത്‌ അപ്പോഴാണ്‌. വിപത്തിന്റെ പേരില്‍ ക്ഷമിച്ചാലും ഇല്ലെങ്കിലും അതിന്റെ ഭൗതികഫലത്തില്‍ വ്യത്യാസമില്ല. പക്ഷേ, പരലോകത്ത്‌ വ്യത്യാസമുണ്ട്‌. അവിടെ ക്ഷമിച്ചവര്‍ക്കുള്ളതാണ്‌ സ്വര്‍ഗം എന്ന്‌ ഖുര്‍ആന്‍ (25:75) പറയുന്നുണ്ട്‌. ചൂടേല്‍ക്കാതെ ഭക്ഷണം പാകമാവില്ല. വ്യക്തിത്വത്തിന്റെ പാകതയ്‌ക്കും കുറെ ചൂടും പുകയുമേല്‍ക്കേണ്ടതുണ്ട്‌. ഏതൊരാളും തന്റെ അഭിലാഷങ്ങള്‍ സഫലീകരിക്കാന്‍ കുറേ കയ്‌പുനീര്‍ കുടിക്കേണ്ടിവരും. ദുര്‍ഘടമായ വഴികളില്‍ വാഹനമോടിച്ചാണല്ലോ ഒരാള്‍ നിപുണനായ ഡ്രൈവറായിത്തീരുന്നത്‌. കുണ്ടും കുഴിയുമില്ലാതെ, മിനുസമുള്ള റോഡില്‍ അപകടങ്ങളും പെരുകിക്കൊണ്ടിരിക്കും.

വാനില്‍ പറക്കുന്ന വെളുത്തൊരു പക്ഷി. ആ ചിറകില്‍ ചെറിയൊരു കറുത്ത പുള്ളി. ദൂരദര്‍ശിനിയിലൂടെ നോക്കുമ്പോള്‍ ആ കറുത്ത പുള്ളിയെ മാത്രമാണ്‌ കേന്ദ്രീകരിച്ചതെങ്കില്‍ ചിറക്‌ നിറയെ കറുപ്പാണെന്ന്‌ തോന്നുന്നു! ഇരുള്‍ മൂടിയ മനസ്സോടെയാണ്‌ നിങ്ങള്‍ ലോകത്തെ കാണുന്നതെങ്കില്‍ കാണുന്നതിലെല്ലാം കറുപ്പ്‌ കലര്‍ന്നിരിക്കും, അസന്തുഷ്‌ടി കലര്‍ന്നിരിക്കും. പൗര്‍ണമി രാവില്‍ പരന്നൊഴുകുന്ന നിലാവിനു നേരെ വേദനയുള്ള മനസ്സോടെയാണ്‌ ഒരാള്‍ നോക്കുന്നതെങ്കില്‍, അയാള്‍ക്കാ കാഴ്‌ച വേദന തിങ്ങിനില്‌ക്കുന്നതായിരിക്കും. എന്നാല്‍ തെളിഞ്ഞ മനസ്സോടെയാണ്‌ ഒരാള്‍ നോക്കുന്നതെങ്കില്‍, അയാള്‍ക്കാ കാഴ്‌ച മനോഹരമായ ദൃശ്യാനുഭവമായിരിക്കും. ഒരേ കാഴ്‌ച രണ്ടാള്‍ക്ക്‌ രണ്ടു തരത്തില്‍ അനുഭവപ്പെടുന്നു! ഇവിടെ, മനസ്സാണ്‌ അനുഭവമായി മാറുന്നതെങ്കില്‍ ജീവിതാനുഭവങ്ങളിലും ഇതുതന്നെയാണ്‌ സംഭവിക്കുന്നത്‌. ശുഭ ചിന്തയോടെ ജീവിതാനുഭവങ്ങളെ സമീപിക്കാനാണ്‌ ഖുര്‍ആന്‍ ഉണര്‍ത്തുന്നത്‌. ``ആര്‍ മനസ്സിന്റെ സങ്കുചിതത്വത്തില്‍ നിന്ന്‌ കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍ തന്നെയാകുന്നു വിജയം വരിച്ചവര്‍''(64:16).

ക്ഷയരോഗം ബാധിച്ചു കിടപ്പിലായതായിരുന്നു ലെനിനും ഡോ. മുസ്‌തഫ സ്സിബാഈയും. ആത്മഹത്യയാണ്‌ ലെനിന്‍ ആ അവസ്ഥയില്‍ ആഗ്രഹിച്ചത്‌. വിഖ്യാതങ്ങളായ തന്റെ നാലു മഹാഗ്രന്ഥങ്ങള്‍ എഴുതാനാണ്‌ മുസ്‌തഫസ്സിബാഈ രോഗാവസ്ഥയെ ഉപയോഗിച്ചത്‌. ബാധിച്ച അസുഖമല്ല, സമീപനത്തിന്റെ രീതിയാണ്‌ പ്രധാനമെന്നു ചുരുക്കം. ആത്മവിശ്വാസം കൈമുതലാക്കിയവര്‍, കടുത്ത രോഗാവസ്ഥയെ അതിജയിച്ച സംഭവങ്ങള്‍ Bernieseigel തന്റെ Love Medicine & Miracle എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്‌. ആത്മവിശ്വാസത്തിന്റെ അഭാവം നിസ്സാര രോഗങ്ങളെപ്പോലും ഗുരുതരമാക്കുകയും ചെയ്യുന്നു.
രോഗം, രോഗാണു, വേദന എന്നിവയെ സംബന്ധിച്ച പക്വമാര്‍ന്ന വീക്ഷണമാണ്‌ മനശ്ശക്തി പകരുന്നത്‌. പരമദയാലുവായ അല്ലാഹുവിന്റെ ദയ തന്നെയാണ്‌ രോഗവും വേദനയുമെന്ന്‌ തിരിച്ചറിയപ്പെടണം. ഭയമുക്തവും പ്രത്യാശ നിറഞ്ഞതുമായ മനസ്സ്‌ കൈവരുന്നത്‌ ഈ തിരിച്ചറിവില്‍ നിന്നാണ്‌.

ഗര്‍ഭത്തിലിരിക്കുന്ന കുഞ്ഞിന്‌ വരാനിരിക്കുന്ന പ്രകാശലോകത്തെക്കുറിച്ച്‌ വിശ്വാസം വരാന്‍ എളുപ്പമല്ല. കാരണം ആ കുഞ്ഞിന്‌ ഗര്‍ഭപാത്രമാണ്‌ ഒരേയൊരു ലോകം. ഇതുപ്രകാരം വരാനിരിക്കുന്ന പ്രത്യാശയുടെ ലോകത്തില്‍ നാം അവിശ്വസിക്കരുത്‌. നാം കാണുന്നതിനും അപ്പുറത്താണ്‌ യഥാര്‍ഥ കാഴ്‌ചകള്‍. രോഗത്തിന്റെയും ദുരന്തങ്ങളുടെയും പിടിയിലെത്ര അമര്‍ന്നാലും സത്യവിശ്വാസത്തിന്‌ തകര്‍ച്ചയുണ്ടാകരുത്‌. എവിടെയും എപ്പോഴും പിടിച്ചുനില്‌ക്കാന്‍ കഴിയണം. ഈമാന്‍, അതൊന്നു മാത്രമാണ്‌ തളരാതെ നിലനിര്‍ത്തുന്നത്‌. വജ്രശോഭപോലെ ഉള്ളില്‍ കത്തിനില്‌ക്കുന്ന ഈമാന്‍ ആര്‍ജിക്കാന്‍ സാധിച്ചാല്‍ അതാണ്‌ ഏറ്റവും വലിയ ഔഷധം. സത്യവിശ്വാസിയുടെ കണ്ണോടെയാണ്‌ നാമീ ജീവിതക്കാഴ്‌ചകളെ കാണേണ്ടത്‌. അസാധാരണമായ ആത്മവിശ്വാസം അപ്പോള്‍ കൈവരും. ഭംഗിയാര്‍ന്ന ക്ഷമകൊണ്ട്‌ പ്രതിസന്ധികളെ അതിജീവിക്കാം, ഒരു നറുപുഞ്ചിരി കൊണ്ട്‌ വേദനകള്‍ക്ക്‌ മറുപടി പറയാം. ദു:ഖങ്ങളുടെ തീച്ചൂളയില്‍ നിന്ന്‌ പുതിയ മൂര്‍ച്ച കൈവരിക്കാന്‍ നമുക്കും കഴിയും. വേദനകളില്ലാത്ത ലോകം അപ്പോള്‍ നമുക്ക്‌ മാത്രമുള്ളതായിരിക്കും.

``പൂന്തോപ്പുകളും പട്ടുടുപ്പുകളുമാണ്‌ ക്ഷമിച്ചവര്‍ക്കുള്ള പ്രതിഫലം'' (അദ്ദഹ്‌ര്‍ 12) lDownload pdf

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.