01 July 2012

ഇബാദത്ത് - 'ഇയ്യാക്ക ന‍അ‌ബുദു'വിന്‍റെ വിശദീകരണത്തില്‍ സയ്യിദ് റശീദ് രിള തഫ്‍സീറുല്‍ മനാറില്‍ എഴുതിയതില്‍ നിന്ന്


ഇബാദത്ത് - 'ഇയ്യാക്ക ന‍അ‌ബുദു'വിന്‍റെ വിശദീകരണത്തില്‍ സയ്യിദ് റശീദ് രിള തഫ്‍സീറുല്‍ മനാറില്‍ എഴുതിയതില്‍ നിന്ന്


" എന്താണ്‌ ഇബാദത്ത്‌? പരമമായ വിനയത്തോടുകൂടിയുള്ള അനുസരണമാണതെന്ന്‌ വ്യാഖ്യാതാക്കള്‍ പറയുന്നു. ഇബാദത്തിനെ വ്യാഖ്യാനിച്ചുകൊണ്ട്‌ ഇവരില്‍ നിന്നു വന്ന മുഴുവന്‍ വിവരണങ്ങളും അതില്‍ പൂര്‍ണമായ രീതിയിലുള്ള അര്‍ത്ഥത്തെ പ്രതിനിധീകരിക്കുന്നതല്ല. മറ്റൊരു വ്യാഖ്യാനത്തിന്‌ സാദ്ധ്യമല്ലാത്ത രീതിയില്‍, ബുദ്ധിക്ക്‌ സ്വീകരിക്കാന്‍ പറ്റുന്ന ഒരര്‍ത്ഥത്തെ ആ വിവരണം വ്യക്തമാക്കുന്നുമില്ല. അധിക സന്ദര്‍ഭങ്ങളിലും ഇത്തരം വ്യാഖ്യാതാക്കള്‍ ഒരു വസ്‌തുവിനെ അതിന്റെ അവിഭാജ്യ ഘടകങ്ങള്‍ കൊണ്ട്‌ വിവരിക്കുകയാണ്‌ ചെയ്യുന്നത്‌; ഒരു സത്തയെ അതിന്റെ രേഖാചിത്രം കൊണ്ട്‌ നിര്‍വചിക്കുകയും ചെയ്യുന്നു. അതെ, പലപ്പോഴും അവര്‍ പദപരമായ നിര്‍വ്വചനം കൊണ്ട്‌ മതിയാക്കുന്നു. ഒരു പദത്തെ അതിനോടടുത്ത, അര്‍ത്ഥത്തില്‍ അടുപ്പമുള്ള മറ്റൊരു പദം വ്യക്തമാക്കുന്നു. `ഇബാദത്തി'ന്റെ അര്‍ത്ഥത്തെ വിവരിച്ചുകൊണ്ട്‌ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞ ഉപരിസൂചിത വാചകം ഈ ഗണത്തില്‍പ്പെട്ട ഒന്നാണ്‌. അവരതില്‍ മൊത്തത്തില്‍ ഒരു അഴഞ്ഞ വിവരണമേ നല്‌കിയിട്ടുള്ളൂ. (കൃത്യമായ ഗൌരവതരത്തിലുള്ള ഒരു നിര്‍വചനമല്ല അത്‌.) കാരണം `അബദ' യും അര്‍ത്ഥത്തില്‍ അതിനോട്‌ തൊട്ടുനില്‍ക്കുന്ന `ഖളഅ', `ഖശഅ',`അത്വാഅ',`ദല്ല' ( ذَلّ أَطاعَ خَشَعَ خَضَعَ ) പോലുള്ള പദങ്ങള്‍ ഖുര്‍ആനിലും അറബി ഭാഷാശൈലിയിലും അറബികളുടെ പ്രയോഗത്തിലും പരതുകയാണെങ്കില്‍ ഈ പദങ്ങളൊന്നും തന്നെ `അബദ' ( عَبَدَ ) യോട്‌ അര്‍ത്ഥത്തില്‍ സമാനമായതായി നമുക്ക്‌ കണ്ടെത്താന്‍ കഴിയുകയില്ല . ഒരിക്കലും പ്രയോഗത്തില്‍ `അബദ' യുടെ പകരമായി പ്രസ്‌തുത പദങ്ങളെ പ്രയോഗിക്കാനോ പ്രസ്‌തുത പദങ്ങള്‍ക്ക്‌ പകരമായി `അബദ' യെ വെക്കാനോ സാധ്യമല്ല. അതുകൊണ്ടാണ്‌ `ഇബാദ്‌' ( عِباد ) എന്ന പദം `ഇബാദത്തില്‍' നിന്ന്‌ നിഷ്‌പന്നമാണെന്നും അതിനെ മറ്റൊരു പദത്തോട്‌ കൂട്ടിച്ചേര്‍ക്കുമ്പോള്‍ ( اِظافة ) അധികവും അത് അല്ലാഹുവിലെക്കാണ്‌ ചേര്‍ക്കുന്നതെന്നും പറയുന്നത്‌ (ഉദാ:– عباد الله –അല്ലാഹുവിന്റെ അടിമകള്‍). )  അതേ സമയം `അബീദ്‌' എന്ന പദം അധികവും സൃഷ്ടികളിലേക്കാണെന്നും ( عبيد فلان ) ഭാഷാശാസ്‌തജ്ഞന്മാര്‍ പറയുന്നു. `അബീദ്‌' അടിമത്തം എന്ന അര്‍ഥമായ `ഉബൂദിയ്യ' ( عُبُودِية ) ത്തില്‍ നിന്നുടലെടുത്തതാണ്‌. ഈ അര്‍ത്ഥപ്രകാരം `ഇബാദത്തിന്റെയും' `ഉബൂദിയ്യ'ത്തിന്റെയും ഇടയില്‍ വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്‌. അതുകൊണ്ടാണ്‌ ചില ഭാഷാവിശാരദന്മാര്‍ `ഇബാദത്ത്‌' എന്നപദം ഭാഷയില്‍ അല്ലാഹുവിനു മാത്രമേ സംഭവിക്കുകയുള്ളൂ എന്ന്‌ പറയാന്‍ തന്നെ കാരണം. പക്ഷെ, ഖുര്‍ആന്‍ അതിനെതിരാണ്‌. 

ഒരു പ്രേമിക്കുന്നവന്‍ തന്റെ പ്രേമഭാജനത്തെ ആദരിക്കുന്നതിലും അതിവര്‍ണ്ണന നടത്തുന്നതിലും പരസ്‌പരം വിനയം പ്രകടിപ്പിക്കുന്നതിലുമെല്ലാം എത്രയോ അതിരുകവിയുന്നു! ഒരാളുടെ ഇംഗിതം മറ്റെയാളുടെ ഇംഗിതത്തില്‍ വിലയം പ്രാപിക്കുന്നു. അവരിരുവരുടേയും തീരുമാനങ്ങള്‍ പരസ്‌പരം ലയിച്ച്‌ ഒന്നാകുന്നു. എന്നിട്ടും ഈ വിനയ പ്രകടനത്തിനു യഥാര്‍ത്ഥത്തിലുള്ള `ഇബാദത്ത്‌' എന്ന പദം പറയപ്പെടുന്നില്ല.

നേതാക്കളെയും രാജാക്കന്മാരെയും ഭരണാധികാരികളെയുമെല്ലാം മഹത്വവല്‍ക്കരിക്കുന്നതില്‍ ധാരാളം ആളുകള്‍ അതിര്‍ലംഘിക്കുന്നുണ്ട്‌. അവരുടെ തൃപ്‌തി സമ്പാദിക്കാനുള്ള ഇവരുടെ ജാഗ്രതയും അവരോടുള്ള ഇവരുടെ വണക്കവും ഭക്തരായ ആരാധനാനിമഗ്നരില്‍ പോലും നമുക്ക്‌ കാണാന്‍ കഴിയില്ല. ഇതുപോലെ മറ്റുപലരിലും ഈ അതിരുകടക്കല്‍ കാണാം. പക്ഷെ, ആ 'ആബിദീ` ങ്ങളെ മുഴുവനെ നീ വിട്ടേക്കുക. (ഈ പറഞ്ഞ രണ്ട്‌ ഉദാഹരണങ്ങള്‍ തന്നെ ധാരാളം മതിയല്ലോ?) ഇത്തരത്തിലുള്ള വണക്കത്തിനോ അതിരുകടന്ന അനുസരണത്തിനോ ഒന്നും തന്നെ അറബികള്‍ 'ഇബാദത്ത്‌` എന്ന പദം പ്രയോഗിച്ചിട്ടില്ല. അപ്പോള്‍ പിന്നെ എന്താണ്‌ 'ഇബാദത്ത്‌`?

'ഇബാദത്ത്‌` ഒരു പ്രത്യേകതരം വിനയപ്രകടനമാണെന്ന്‌ ശരിയായ ശൈലികളും കലര്‍പ്പില്ലാത്ത അറബിപ്രയോഗങ്ങളും നമുക്ക്‌ പറഞ്ഞു തരുന്നു. ആ വിനയം അതിന്റെ അന്ത്യത്തിന്റെ അറ്റത്തെത്തിയിരിക്കും. (അതിനപ്പുറം വിനയത്തിന്‌ അറ്റമില്ല). ആ വിനയം 'മഅ്‌ബൂദി`നോടുള്ള ബഹുമാനവും മഹത്വവും അനുഭവിക്കുന്ന ഒരു ഹൃദയത്തില്‍ നിന്നുടലെടുത്തതായിരിക്കും. പ്രസ്‌തുത ബഹുമാനവും മഹത്വവും ഉല്‍ഭവിച്ചതെവിടെ നിന്നാണെന്ന്‌ ആ ഹൃദയം തന്നെ അറിയുന്നില്ല; പ്രസ്‌തുത ശക്തിയുടെ ഉറവിടവും മാര്‍ഗ്ഗവും യാഥാര്‍ത്ഥ്യവും എന്തെന്ന്‌ ഈ ഹൃദയത്തിന്‌ മനസിലാക്കാന്‍ കഴിയുന്നില്ല. തന്നെ ആ ശക്തി പൂര്‍ണ്ണമായും വലയം ചെയ്‌തിരിക്കുന്നു, എന്ന ഒരറിവു മാത്രമേ ആ ഹൃദയത്തിനുള്ളൂ. പക്ഷെ, ആ ശക്തി തനിക്കെത്തിപ്പിടിക്കാവുന്നതിന്റെ അപ്പുറത്താണ്‌ എന്നറിയാം.

ഒരാള്‍ തന്റെ കീഴ്‌വണക്കത്തിന്റെ ആത്യന്തികഭാവം ഏതെങ്കിലും ഒരു രാജാവിന്റെ മുമ്പില്‍ പ്രകടിപ്പിച്ചാല്‍ `ഇന്നഹു അബദഹു' ( اِنّه عبده ) നിശ്ചയം, (അയാള്‍ അദ്ദേഹത്തിന്‌ ഇബാദത്ത്‌ ചെയ്‌തു) എന്ന്‌ പറയില്ല.; അയാള്‍ അദ്ദേഹത്തിന്റെ പാദങ്ങള്‍ ചും‍ബിച്ചുവെന്നിരിക്കട്ടെ എങ്കില്‍ പോലും, കാരണം ഈ വിനയത്തിന്റെയും കീഴ്‌വണക്കത്തിന്റെയും അടിസ്ഥാനം അറിയപ്പെടുന്ന കാലത്തോളം (ഈ പ്രവര്‍ത്തിക്ക്‌ ഇബാദത്ത്‌ എന്നു പറയില്ല); ആ രാജാവില്‍ നിന്ന്‌ പ്രത്യക്ഷത്തില്‍ അറിയപ്പെടുന്ന ഏതെങ്കിലും അക്രമത്തെ ഭയന്നോ, നിശ്ചിതമായ ചില ഔദാര്യത്തെ പ്രതീക്ഷിച്ചോ, മാത്രമാണ്‌ ഈ വിനയപ്രകടനം. (അപ്പോള്‍ കാര്യകാരണ ബന്ധം അറിയപ്പെട്ടുപോയി). എന്നാല്‍ ഈ കര്‍മ്മം ചെയ്യുന്ന മറ്റൊരു വിഭാഗം ഇതില്‍പ്പെടില്ല. അവര്‍ `മലഉല്‍ അഅ്‌ല'യില്‍ (ആത്മീയ ലോകം) നിന്ന്‌ രാജാക്കന്മാര്‍ക്കുണ്ടാകുന്ന ഏതോ തരത്തിലുള്ള അഭൌമവും അദൃശ്യവുമായ ഒരു ശക്തി തങ്ങളുടെ ഈ രാജാവിനുണ്ടെന്ന്‌ വിശ്വസിക്കുന്നു. ആ രാജാക്കന്മാര്‍ സൃഷ്ടിപ്പില്‍ ഉന്നത മൂലകങ്ങളും ഉല്‍കൃഷ്ടസത്തയുമുള്ളവരായതിനാല്‍ മറ്റു പടപ്പുകളുടെ മേല്‍ മേധാവികളായി വര്‍ത്തിക്കാന്‍ ആത്മീയലോകം(മലഉല്‍ അഅ്‌ല) അവരെ തെരെഞ്ഞെടുത്തിരിക്കുന്നുവെന്നും ഇക്കൂട്ടര്‍ വിശ്വസിക്കുന്നു. ഇവരുടെ ഈ വിശ്വാസം `കുഫ്‌റി'ലേക്കും ദൈവനിഷേധത്തിലേക്കും എത്തിച്ചിരിക്കുകയാണ്‌. ഇവര്‍ രാജാക്കന്മാരെ `ഇലാഹു'കളും `റബ്ബു'കളുമാക്കി അവര്‍ക്ക്‌ യഥാര്‍ത്ഥ്യത്തിലുള്ള `ഇബാദത്ത്‌' തന്നെയാണ്‌ നിര്‍വഹിക്കുന്നത്‌.

`ഇബാദത്തി'ന്‌ എല്ലാ മതങ്ങളിലും ധാരാളം രൂപങ്ങളുണ്ട്‌.; പരമോന്നതമായ ദൈവിക അധികാരത്തെക്കുറിച്ച ബോധമാണ്‌ `ഇബാദത്തി' ന്റെ പൊരുളും ചൈതന്യവും; ഈ ബോധം, ഈ ചൈതന്യം ആളുകളില്‍ ജനിപ്പിക്കാന്‍ വേണ്ടിയാണ്‌ പ്രസ്‌തുത രൂപങ്ങള്‍ നിയമമാക്കപ്പെട്ടത്‌. ശരിയായ ഏതുതരം `ഇബാദത്തി' നും നാം അതു നിര്‍വഹിക്കുന്ന വ്യക്തിയുടെ സ്വഭാവം നേരെയാക്കുന്നതിലും ആത്മാവിനെ സംസ്‌കരിക്കുന്നതിലും ശക്തമായ ഒരു സ്വാധീനമുണ്ട്‌. നാം ഇപ്പോള്‍ ഇവിടെ പറഞ്ഞ ചൈതന്യത്തില്‍ നിന്നും `ബോധ'ത്തില്‍ നിന്നുമാണ്‌ പ്രസ്‌തുത സ്വാധീനം ഉടലെടുക്കുന്നത്‌. ഈ `ചൈതന്യവു'ം `ബോധ'വുമാണ്‌ `മഅ്‌ബൂദി'നെ വണങ്ങുന്നതിന്റെയും മഹത്വപ്പെടുത്തുന്നതിന്റെയും സ്രോതസ്‌,. അപ്പോള്‍ ഈ ഉദ്ദിഷ്ടാര്‍ത്ഥമില്ലാതെ ഉണ്ടാകുന്ന `ഇബാദത്തി' ന്റെ കേവല രൂപങ്ങള്‍ ഒന്നും തന്നെ ഒരിക്കലും `ഇബാദത്താ'വുകയില്ല. ഒരു മനുഷ്യന്റെ രേഖാചിത്രവും പ്രതിമയും ആ മനുഷ്യനല്ലാത്തതുപോലെ.

ഉദാഹരണത്തിന്‌ നമസ്‌കാരം എന്ന ഇബാദത്തെടുക്കാം. അത്‌ അതിന്റെ കേവല നിര്‍വഹണമല്ലാതെ നാം എങ്ങനെ നിലനിര്‍ത്തണമെന്നാണ്‌ അല്ലാഹ്‌ കല്‍പ്പിച്ചതെന്ന്‌ ചിന്തിക്കാം. ഒരു സംഗതി നിലനിര്‍ത്തുകയെന്നതിന്റെ അര്‍ത്ഥം അത്‌ കൃത്യവും പൂര്‍ണ്ണവുമായ രീതിയില്‍ പ്രവര്‍ത്തിക്കലാണ്‌. അതുണ്ടാകേണ്ട മൂലകങ്ങളില്‍ നിന്നും അതുണ്ടാകണം; അതില്‍ നിന്നുണ്ടാകേണ്ട ഫലങ്ങളുമുണ്ടാകണം. നമസ്‌കാരത്തില്‍ നിന്നുണ്ടാകേണ്ട ഫലങ്ങളും കായ്‌കനികളും എന്താണെന്ന്‌ അല്ലാഹു നമുക്ക്‌ പറഞ്ഞു തന്നിട്ടുണ്ട്‌. ``തീര്‍ച്ചയായും നമസ്‌കാരം നീചവൃത്തിയില്‍ നിന്നും, നിഷിദ്ധകര്‍മമത്തില്‍ നിന്നും തടയുന്നു.'' എന്നതാണാ ഫലം. വീണ്ടും പറയുന്നു: ``തീര്‍ച്ചയായും മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ അങ്ങേ അറ്റം അക്ഷമനായിക്കൊണ്ടാണ്‌. അതായത്‌ തിന്മ ബാധിച്ചാല്‍ പൊറുതികേട്‌ കാണിക്കുന്നവനായിക്കൊണ്ടും, നന്മ കൈവന്നാല്‍ തടഞ്ഞുവെക്കുന്നവനായിക്കൊണ്ടും, നമസ്‌കരിക്കുന്നവരൊഴികെ..''.`ഇബാദത്തി'ന്റെ അര്‍ത്ഥവും ലക്ഷ്യത്തിലേക്കെത്തിക്കുന്ന അതിന്റെ പൊരുളും വിസ്‌മരിച്ചുകൊണ്ട്‌ നമസ്‌കാരത്തിന്റെ പ്രത്യക്ഷ രൂപമായ പദങ്ങളും ചലനങ്ങളും മാത്രം നിര്‍വഹിക്കുന്നവര്‍ ഭയപ്പെടണമെന്ന്‌ അല്ലാഹു പറയുന്നു: ``എന്നാല്‍ തങ്ങളുടെ നമസ്‌കാരത്തെപറ്റി ശ്രദ്ധയില്ലാത്തവരും, ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരും, പരോപകാര വസ്‌തുക്കള്‍ മുടക്കുന്നവരും ആയ നമസ്‌കാരക്കാര്‍ക്കാകുന്നു നാശം``. അപ്പോള്‍ ഇത്തരക്കാര്‍ക്കും അവര്‍ നമസ്‌കാരത്തിന്റെ ബാഹ്യരൂപം കാണിച്ചതിനാല്‍ `നമസ്‌കരിക്കുന്നവര്‍' എന്നു തന്നെയാണ്‌ അല്ലാഹു പേരിട്ടത്‌. അല്ലാഹുവിലേക്ക്‌ ഹൃദയത്തെ തിരിക്കുന്ന, അവനെക്കുറിച്ചുള്ള ഭയം മനസില്‍ കൊണ്ടുവരുന്ന അവന്റെ അധികാരത്തിന്റെ വലുപ്പം ഹൃദയങ്ങള്‍ക്ക്‌ അനുഭവപ്പെടുത്തുന്ന രീതിയിലുള്ള യഥാര്‍ത്ഥ നമസ്‌കാരം മനുഷ്യര്‍ മറന്നുകളയുന്നുവെന്ന്‌ അല്ലാഹു വിവരിച്ചു. അനന്തരം ഈ മറവി കൊണ്ടുണ്ടാകാന്‍ പോകുന്ന ദുരന്തഫലം എന്ത്‌ എന്നും അവന്‍ വര്‍ണ്ണിച്ചു: `ജനങ്ങള്‍ കാണാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനവും പരോപകാര വസ്‌തുക്കള്‍ മുടക്കലുമാണത്‌.

"ജനങ്ങള്‍ കാണാണ്‍ വേണ്ടിയുള്ള പ്രവര്‍ത്തനം" രണ്ടു തരമുണ്ടെന്ന്‌ അല്‍ഉസ്‌താദ്‌ ഇമാം മുഹമ്മദ്‌ അബ്ദു പറഞ്ഞു. ഒന്ന്‌: നേര്‍ക്കുനേരെ കപടമായ കര്‍മ്മം. അല്ലാഹുവിനെ പറ്റിച്ചുകൊണ്ട്‌ ജനങ്ങള്‍ കാണണമെന്ന ഉദ്ദേശത്തോടെയാണ്‌ അവരത്‌ പ്രവര്‍ത്തിക്കുന്നത്‌,.. രണ്ട്‌: ഒരു പതിവു കര്‍മ്മമെന്ന (ശീലം) രീതിയിലുള്ള കപടപ്രവര്‍ത്തനം. താന്‍ ചെയ്യുന്ന കര്‍മ്മത്തിന്റെ അര്‍ത്ഥമോ, പൊരുളോ, ഫലമോ എന്തെന്ന്‌ നോക്കാതെയും അത്‌ ആര്‍ക്കുവേണ്ടിയാണെന്നോ ആരിലേക്ക്‌ അടുക്കാന്‍ വേണ്ടിയാണെന്നോ ചിന്തിക്കാതെയുമുള്ള ഒരു കേവല നിര്‍വ്വഹണം. ബഹുഭൂരിഭാഗം ജനങ്ങളും ഈ രണ്ടാമതു പറഞ്ഞ ഗണത്തിലാണ്‌. അവരുടെ നമസ്‌കാരം തങ്ങളുടെ കുട്ടിക്കാലത്ത്‌ പിതാക്കളില്‍ നിന്നു കണ്ടുശീലിച്ച ഒരു പതിവു കര്‍മ്മം മാത്രം. ഗ്രഹിക്കാതെയും ബുദ്ധി ഉപയോഗിക്കാതെയും തലമുറകളിലൂടെ പതിവാക്കിയ ഒരുശീലം. ഈ നമസ്‌കാരത്തില്‍ അല്ലാഹുവിനായി ഒന്നുമില്ല. ``ഒരാളുടെ നമസ്‌കാരം അയാളെ നീചവൃത്തിയില്‍ നിന്നും നിഷിദ്ധകര്‍മ്മത്തില്‍ നിന്നും തടയുന്നില്ലെങ്കില്‍ ആ നമസ്‌കാരം അയാളെ അല്ലാഹുവില്‍ നിന്നകറ്റാനല്ലാതെ സഹായിക്കുന്നില്ലെന്നും'' പഴകിയ കീറത്തുണി ചുരുട്ടി എറിയുന്നതുപോലെ അതെറിയപ്പെടുമെന്നും അതുകൊണ്ട്‌ അവന്റെ മുഖത്തടിക്കുമെന്നും ചില നബിവചനങ്ങളില്‍ വന്നിട്ടുണ്ട്‌. എന്നാല്‍ `അല്‍മാഊന്‍' എന്നു പറഞ്ഞതുകൊണ്ടുള്ള ഉദ്ദേശ്യം സഹായവും നന്മചെയ്യലുമാണ്‌. ഇത്‌ മുന്‍പ്‌ വേറൊരു സൂക്തത്തില്‍ പറഞ്ഞിട്ടുണ്ട്‌. നന്മയും സഹായവും തടഞ്ഞുവെക്കല്‍ മനുഷ്യന്റെ സ്വഭാവമാണ്‌. യഥാര്‍ത്ഥ നമസ്‌കാരക്കാര്‍ അങ്ങനെ ചെയ്യില്ല." 

(വിവര്‍ത്തനം എം.എം.നദ്‍വി, എടവണ്ണ) 

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.