02 July 2012

അല്ലാഹുവിനു സമന്മാരെ സൃഷ്ടിക്കല്‍



അല്ലാഹുവിനു  ''നിദ്ദ്'' സങ്കല്‍പ്പിക്കുക ശിര്‍ക്ക് ആണെന്ന പരാമര്‍ശവുമായി ബന്ധപ്പെട്ട്  ''പ്രാര്‍ത്ഥനയില്ലാത്ത ശിര്‍ക്കോ ?'' എന്ന സംശയം ഉന്നയിക്കപ്പെടുക പതിവാണ്. സംശയനിവൃത്തിക്കായി താഴെ കൊടുത്തിട്ടുള്ളവ ഉപകരിച്ചേക്കാം.

സൂറത്തുല്‍ ബഖറ 21-ാംവചനത്തിലെ ''അല്ലാഹുവിനു സമന്മാരെ ഉണ്ടാക്കരുത്'' എന്ന പരാമര്‍ശത്തെ വിശദീകരിച്ചുകൊണ്ട് മുഹമ്മദ് അമാനി മൗലവി എഴുതിയത് ഇപ്രകാരമാണ്.

''അല്ലാഹുവിന്റെ ഉല്‍കൃഷ്ടങ്ങളായ ഗുണവിശേഷണങ്ങളിലോ, പ്രവര്‍ത്തനങ്ങളിലോ അധികാരാവകാശങ്ങളിലോ അല്ലെങ്കില്‍ സത്തയിലോ ഏതെങ്കിലും തരത്തിലുള്ള തുല്യതയോ,പങ്കോ മറ്റേതെങ്കിലും വസ്തുവിനുണ്ടെന്ന് സങ്കല്‍പ്പിക്കുക എന്നത്രെ അവനു സമന്മാരെ (അന്‍ദാദ്) ഏര്‍പ്പെടുത്തുക എന്നതുകൊണ്ട് വിവക്ഷ. ഈ സങ്കല്‍പ്പത്തില്‍ നിന്ന് ഉല്‍ഭവിക്കുന്നതും ഈ സങ്കല്‍പത്തില്‍ പര്യവസാനിക്കുന്നതുമായ വാക്കും, പ്രവര്‍ത്തിയും, വിശ്വാസവുമെല്ലാം ശിര്‍ക്കിന്റെ ഇനങ്ങളില്‍ പെട്ടവയാകുന്നു.''

വേറൊരു വിശദീകരണം സൂറ ബഖറ 2:165 ന്റെ വിശദീകരണത്തില്‍ കാണാം.

''ഖുര്‍ആന്‍ ബോധന''ത്തില്‍ ടി.കെ ഉബൈദ് സാഹിബ് സൂറ അല്‍ബഖറ 2:165 വിശദീകരിക്കുന്നത് കാണുക.

 ''അവന്റെ മാത്രമായ ഏതെങ്കിലും ശക്തിയോ അധികാരമോ ജ്ഞാനമോ അവനല്ലാത്ത അസ്തിത്വത്തില്‍ ആരോപിക്കുന്നത് ആ അസ്തിത്വത്തെ അവനു തുല്യമാക്കലാകുന്നു. അങ്ങനെ തുല്യമാക്കപ്പെടുന്ന അസ്തിത്വത്തെ ദൈവമെന്നോ, ആരാധ്യനെന്നോ, രക്ഷകനെന്നോ വിളിച്ചുകൊള്ളണമെന്നില്ല. ക്ഷുദ്ര ശക്തിയായ കുട്ടിച്ചാത്തനില്‍ ദിവ്യശക്തി ആരോപിക്കുമ്പോള്‍ കുട്ടിച്ചാത്തനെ 'നിദ്ദ്' -ദൈവതുല്യന്‍ -ആക്കുകയാണ്. സിദ്ധന്മാരിലും സന്യാസിമാരിലും പുരോഹിതന്മാരിലും ആരോപിക്കുമ്പോള്‍ അവരെ ദൈവതുല്യരാക്കുന്നു. വിഗ്രഹങ്ങളിലോ, നക്ഷത്രങ്ങളിലോ, ഗ്രഹങ്ങളിലോ, മാരുതനിലോ, മഴയിലോ ആരോപിക്കുമ്പോള്‍ അവയെ ദൈവതുല്യരാക്കുന്നു. ചോദ്യം ചെയ്യപ്പെടാത്ത പരമാധികാരം അല്ലാഹുവിന്റെ മാത്രം ഗുണമാണ്. അത് ഏതെങ്കിലും നേതാവിലോ, ഭരണകൂടത്തിലോ, സമൂഹത്തിലോ ആരോപിക്കുന്നത് അവയെ ദൈവതുല്യമാക്കലാകുന്നു. മനുഷ്യന്റെ ആത്യന്തികമായ കൂറും സ്‌നേഹവും വിധേയത്വവും അര്‍ഹിക്കുന്നത് അല്ലാഹു മാത്രമാണ്. ആ അര്‍ഹത ദേശത്തിനോ, ഭാഷയ്‌ക്കോ, വര്‍ണ്ണത്തിനോ, പാര്‍ട്ടികള്‍ക്കോ, മുതലാളിത്തം, കമ്മ്യൂണിസം തുടങ്ങിയ തത്വശാസ്ത്രങ്ങള്‍ക്കോ, അവയുടെ ആചാര്യന്മാര്‍ക്കോ, നായകന്മാര്‍ക്കോ വകവച്ച് കൊടുക്കുന്നത് അവരെ ദൈവതുല്യരാക്കി മാറ്റലാകുന്നു......''



Thafheem  2: 165 , കുറിപ്പ് 163

"..........അവന്റെ ഈ പ്രത്യേക ഗുണങ്ങളില്‍ ഏതെങ്കിലുമൊന്ന് മറ്റു വല്ലവര്‍ക്കും സമ്മതിച്ചുകൊടുക്കുകയോ വകവെച്ചുകൊടുക്കുകയോ ആണെങ്കില്‍ വാസ്തവത്തില്‍ അല്ലാഹുവിന് സമന്മാരെ കല്‍പിക്കലാണത്. ഒരു വ്യക്തിയോ സ്ഥാപനമോ പ്രസ്തുത ഗുണങ്ങളില്‍ വല്ലതും സ്വയം അവകാശപ്പെടുകയോ ജനങ്ങള്‍ അവര്‍ക്ക് വകവെച്ചുകൊടുക്കണമെന്ന് ആവശ്യപ്പെടുകയോ ചെയ്യുന്നപക്ഷം അവരും ദൈവത്തിന്റെ സമന്മാരും സമാന്തര ദൈവങ്ങളുമായിച്ചമയുകയാണ്-അവര്‍ നാവുകൊണ്ട് ദിവ്യത്വം വാദിച്ചാലും ഇല്ലെങ്കിലും."
---------------------------------




(2:22)        فَلَا تَجْعَلُوا لِلَّهِ أَنْدَادًا وَأَنْتُمْ تَعْلَمُونَ
(2:165)   
   وَمِنَ النَّاسِ مَنْ يَتَّخِذُ مِنْ دُونِ اللَّهِ أَنْدَادًا يُحِبُّونَهُمْ كَحُبِّ اللَّهِ
(14:30)
      وَجَعَلُوا لِلَّهِ أَنْدَادًا لِيُضِلُّوا عَنْ سَبِيلِهِ
(34:33) 
    إِذْ تَأْمُرُونَنَا أَنْ نَكْفُرَ بِاللَّهِ وَنَجْعَلَ لَهُ أَنْدَادًا
(39:8) 
      وَجَعَلَ لِلَّهِ أَنْدَادًا لِيُضِلَّ عَنْ سَبِيلِهِ
(41:9) 
      قُلْ أَئِنَّكُمْ لَتَكْفُرُونَ بِالَّذِي خَلَقَ الْأَرْضَ فِي يَوْمَيْنِ وَتَجْعَلُونَ لَهُ أَنْدَادًا



No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.