26 January 2012

മുജാഹിദ്‌-ജമാഅത്ത്‌ സംവാദ വിശകലനം ഒരു അനുബന്ധം- പ്രതികരണം - SHABAB AND VIDEO



മുജാഹിദ്‌-ജമാഅത്ത്‌ സംവാദ വിശകലനം ഒരു അനുബന്ധം- പ്രതികരണം -
കെ പി എസ്‌ ഫാറൂഖി
SHABAB WEEKLY 2012 JAN 20


2011 ഡിസംബറില്‍ മുക്കത്ത്‌ നടന്ന മുജാഹിദ്‌-ജമാഅത്ത്‌ സംവാദത്തെ വിശകലനം ചെയ്‌തുകൊണ്ട്‌ ഒ അബ്‌ദുല്ല എഴുതിയ നിരീക്ഷണലേഖനമാണ്‌ (ലക്കം 23) ഈ കുറിപ്പിന്നാധാരം. സംവാദസദസ്സില്‍ മുഴുസാന്നിധ്യമായി ഉണ്ടായിരുന്ന അദ്ദേഹം നിരീക്ഷിക്കുന്നതിങ്ങനെ: ``രണ്ടു വിഭാഗങ്ങളിലായി മുപ്പത്‌ വീതം പേര്‍ സംബന്ധിച്ച അഞ്ച്‌ മണിക്കൂര്‍ നേരം നീണ്ടുനിന്ന സംവാദത്തില്‍ ആരും ജയിക്കുകയോ തോല്‌ക്കുകയോ ഉണ്ടായില്ല എന്നാണ്‌ നിഷ്‌പക്ഷമായ വിലയിരുത്തല്‍. എന്നല്ല, ഇരു കൂട്ടര്‍ക്കും തങ്ങളാണ്‌ ജയിച്ചത്‌ എന്ന തോന്നല്‍ ബാക്കി നിര്‍ത്തിക്കൊണ്ടാണ്‌ നിശ്ചിതസമയം കടന്നുപോയതും.''
ഈ നിരീക്ഷണം വസ്‌തുതാപരമല്ല എന്ന്‌ ആദ്യമേ സൂചിപ്പിക്കട്ടെ. ആരും ജയിക്കുകയോ തോല്‍ക്കുകയോ ഉണ്ടായില്ല എന്നത്‌ നിഷ്‌പക്ഷമായ വിലയിരുത്തലുമല്ല.
ഇതല്‍പം വിശദീകരിക്കാം: ഇബാദത്ത്‌-അര്‍ഥവും വ്യാപ്‌തിയും എന്ന വിഷയത്തിലാണ്‌ കക്കാട്‌ ജമാഅത്തെ ഇസ്‌ലാമി കാര്‍ക്കൂന്‍ഹല്‍ഖയും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ കക്കാട്‌ ശാഖയും തമ്മില്‍ മുക്കത്തെ സ്റ്റാര്‍ഹോട്ടലില്‍ വൈജ്ഞാനിക സംവാദം നടത്തിയത്‌. അരമണിക്കൂര്‍ വീതമുള്ള വിഷയാവതരണം, രണ്ടര മണിക്കൂര്‍ നേരം പത്ത്‌ മിനിറ്റ്‌ വീതമുള്ള ഖണ്ഡന-മണ്ഡന പ്രസംഗം, ഒന്നര മണിക്കൂര്‍ നേരം ചോദ്യോത്തരം അഥവാ രണ്ട്‌ മിനിറ്റ്‌ വീതം ചോദ്യങ്ങളും അഞ്ചുമിനിട്ട്‌ വീതമുള്ള ഉത്തരങ്ങളും. ഇങ്ങനെ വളരെ മുന്നൊരുക്കത്തോടെയും ഉഭയകക്ഷി സമ്മതത്തോടെയും പരസ്‌പരധാരണയോടെയും പരസ്‌പരബഹുമാനത്തോടെയും വ്യവസ്ഥാപിതമായുമാണ്‌ ഏകദേശം അഞ്ച്‌ മണിക്കൂര്‍ നീണ്ടുനിന്ന സംവാദം നടന്നത്‌.
വിഷയാവതരണത്തിലും ഖണ്ഡന-മണ്ഡന സന്ദര്‍ഭത്തിലും ചോദ്യോത്തര വേളയിലും-ആദ്യാവസാനം മുജാഹിദ്‌പക്ഷം ഒ അബ്‌ദുല്ല സാഹിബ്‌ പറഞ്ഞതുപോലെ `തങ്ങള്‍ക്ക്‌ ലഭിച്ച അവസരം ശരിക്കും മുതലാക്കി. ഇബാദത്തിന്‌ കുറെ അര്‍ഥങ്ങള്‍ പൂര്‍വകാല പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ ഇബാദത്തിന്‌ അനുസരണം, അടിമവൃത്തി എന്നീ അര്‍ഥങ്ങളും ആരാധന ഏന്ന അര്‍ഥത്തിന്റെ കൂടെ പരിഗണിക്കുന്നതിനും വിരോധമില്ല എന്ന്‌ സമര്‍ഥിക്കാനാണ്‌ ജമാഅത്ത്‌ പണ്ഡിതന്‍ ഇ എന്‍ ഇബ്‌റാഹീം മൗലവി തന്റെ വിഷയാവതരണത്തില്‍ ശമിച്ചത്‌. എന്നാല്‍ മുജാഹിദ്‌ പക്ഷത്തുനിന്ന്‌ സംസാരിച്ച അബ്‌ദുല്‍ഹസീബ്‌ മദനി വിഷയത്തിന്റെ മര്‍മത്തില്‍ നിന്ന്‌ വ്യതിചലിക്കാന്‍ അനുവദിക്കാതെ ഇബാദത്തിന്‌ - ഇയ്യാക്ക നഅ്‌ബുദുവിന്‌ ഈ മൂന്നര്‍ഥവും ഒരേപോലെ പരിഗണിക്കേണ്ടതുണ്ടോ എന്ന്‌ വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയും അഭിപ്രായവ്യത്യാസമില്ലാത്ത കാര്യം-ഇബാദത്തിന്‌ പല അര്‍ഥങ്ങളുണ്ടെന്ന കാര്യം- പറഞ്ഞ്‌ സമയം കളയരുതെന്നഭ്യര്‍ഥിക്കുകയും ജമാഅത്ത്‌ പണ്ഡിതനെ തുടര്‍ന്നങ്ങോട്ട്‌ അവസാനം വരെയും വിഷയത്തിന്റെ മര്‍മത്തില്‍ തന്നെ തളച്ചിടുകയും ചെയ്‌തു.
വിഷയാവതരണത്തിലും ഖണ്ഡന-മണ്ഡനത്തിലും മുജാഹിദ്‌ പക്ഷത്തിനു മേല്‍ക്കൈ ലഭിച്ച സ്ഥിതിക്ക്‌ ചോദ്യോത്തര സന്ദര്‍ഭത്തില്‍ മുജാഹിദ്‌ പണ്ഡിതന്മാരെ വെള്ളം കുടിപ്പിക്കാമെന്ന്‌ കരുതിയ ജമാഅത്ത്‌ പക്ഷം തെരഞ്ഞെടുത്ത ചോദ്യം ഒരു വികലചോദ്യമായതിനാല്‍ സ്വയം വെള്ളത്തിലാവുന്നതാണ്‌ സദസ്സിന്‌ കാണാന്‍ കഴിഞ്ഞത്‌. മുജാഹിദുകളെ കുടുക്കാന്‍ തയ്യാറാക്കിക്കൊണ്ടുവന്ന ചോദ്യം ഇതായിരുന്നു. മുസ്‌ലിംകള്‍ ഇസ്‌ലാമിന്‌ പുറത്തുള്ളവരെ അനുസരിക്കാമെന്നതിന്‌ ഖുര്‍ആനില്‍ നിന്ന്‌ ഒരൊറ്റ ആയത്തെങ്കിലും ഉദ്ധരിക്കാമോ? മുജാഹിദ്‌ പക്ഷത്തുനിന്‌ ഖുര്‍ആന്‍ 5:6, 60:8 തുടങ്ങിയ ആയത്തുകളും സ്രഷ്‌ടാവിനെതിരില്‍ സൃഷ്‌ടികളെ അനുസരിക്കക്കരുത്‌ എന്ന ആശയത്തിലുള്ള ഹദീസും ചരിത്രരേഖകളും വെച്ച്‌, ആവര്‍ത്തിക്കപ്പെട്ട ഈ ചോദ്യത്തിന്‌ കൃത്യമായും വ്യക്തമായും മറുപടി പറഞ്ഞു. എന്നാല്‍ മുജാഹിദ്‌ പക്ഷം ഉദ്ധരിച്ച ആയത്ത്‌ അനുസരണത്തിനുള്ള തെളിവല്ലെന്നും സഹകരണത്തിനുളള തെളവാണെന്നും പറഞ്ഞ്‌ ജമാഅത്ത്‌ പണ്ഡിതന്‍ രണ്ടാമതും മൂന്നാമതും നാലാമതും അതേ ചോദ്യം ആവര്‍ത്തിച്ചു.
നാലാമത്തെ തവണ മുജാഹിദ്‌ പക്ഷത്തുനിന്ന്‌ മറുപടിയായി ഒരു ചോദ്യം അബ്‌ദുല്ലത്തീഫ്‌ കരുമ്പുലാക്കല്‍ ഇപ്രകാരം തൊടുത്തുവിട്ടു. മറുപക്ഷം പ്രതിനിധീകരിക്കുന്നത്‌ ജമാഅത്തെ ഇസ്‌ലാമിയെയാണോ ഖുര്‍ആന്‍ മാത്രം മതി എന്ന്‌ പറയുന്ന ചേകന്നൂര്‍ പ്രസ്ഥാനത്തെയാണോ? വാദപ്രതിവാദ വ്യവസ്ഥയില്‍ ഇരുകൂട്ടരും ഉദ്ധരിക്കേണ്ട പ്രമാണങ്ങളില്‍ ഖുര്‍ആന്‍, സുന്നത്ത്‌, ഇജ്‌മാഅ്‌, ഖിയാസ്‌ എന്നിങ്ങനെ നാലെണ്ണം എഴുതിയത്‌ മറന്നുവോ? മറുപക്ഷം ഉന്നയിച്ച ചോദ്യത്തിന്‌ രണ്ടാം പ്രമാണത്തില്‍ നിന്ന്‌ കൃത്യമായ തെളിവുദ്ധരിച്ച സ്ഥിതിക്ക്‌ ഖുര്‍ആനില്‍ നിന്ന്‌ തന്നെ തെളിവുദ്ധരിക്കാന്‍ ആവശ്യമുന്നയിക്കുന്നവര്‍ ഖുര്‍ആന്‍കൊണ്ട്‌ ഒരു റക്‌അത്ത്‌ നമസ്‌കരിക്കേണ്ട രൂപം വിശദീകരിക്കാമോ?
സ്രഷ്‌ടാവിനെതിരില്‍ സൃഷ്‌ടികള്‍ക്ക്‌ അനുസരണമില്ല എന്നതിന്റെ മറുവശം സ്രഷ്‌ടാവിന്റെ കല്‍പനക്ക്‌ വിരുദ്ധമാകാത്ത വിധത്തില്‍ ആരെയും അനുസരിക്കാമെന്നാണ്‌ എന്ന്‌ മുജാഹിദ്‌ പക്ഷത്തു നിന്ന്‌ സമര്‍ഥിക്കുക കൂടി ചെയ്‌തപ്പോള്‍ ജമാഅത്ത്‌ പണ്ഡിതന്‍ വാദി പ്രതിയാവുന്ന ദയനീയാവസ്ഥയിലാവുകയാണുണ്ടായത്‌.
സംവാദത്തിന്റെ മൂന്നാംഘട്ടമായ ചോദ്യോത്തര വേളയില്‍ ചോദ്യംചോദിച്ച്‌ മുജാഹിദ്‌ പക്ഷത്തെ തോല്‍പിച്ച്‌ കളയാമെന്ന്‌ കരുതിയവര്‍ക്ക്‌ ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടിവന്ന അവസ്ഥയാണ്‌ സംജാതമായത്‌.
മുജാഹിദ്‌ പക്ഷത്തുനിന്നുള്ള ആദ്യ ചോദ്യം തന്നെ ജമാഅത്തിന്‌ ശക്തമായ ആഘാതമാവുകയും ജമാഅത്തുകാര്‍ സാധാരണ പറയാന്‍ ഒരിക്കലും സാധ്യതയില്ലാത്ത മറുപടി പറഞ്ഞ്‌ ജമാഅത്ത്‌ മതരാഷ്‌ട്രവാദം മൗദൂദിയുടെ മാത്രം ഉല്‍പന്നമാണ്‌ എന്ന്‌ വരുത്തിത്തീര്‍ത്ത്‌ വരുംനാളുകളില്‍ ജമാഅത്തിന്‌ വലിയ തലവേദനയായി മാറുന്ന ഒരു മറുപടിയാണ്‌ ഇ എന്‍ ഇബ്‌റാഹീം മൗലവിയില്‍ നിന്നുണ്ടായത്‌. അക്കാര്യം ഈ ലേഖകന്‌ തോന്നിയ അതേ അത്ഭുതത്തോടെയും കൗതുകത്തോടെയും ഒ അബ്‌ദുല്ല സാഹിബ്‌ വിശദീകരിച്ച ഭാഗം തന്നെ ഉദ്ധരിക്കട്ടെ:
``ഇബാദത്തിന്‌ ആരാധന, അനുസരണം, അടിമവൃത്തി എന്നീ മൂന്നര്‍ഥങ്ങളുണ്ടെന്നും സൂറത്തുല്‍ ഫാതിഹയിലെ ഇയ്യാക്ക നഅ്‌ബുദു എന്നിടത്ത്‌ ഒരേ സമയം ഈ മൂന്നര്‍ഥങ്ങളും വിവക്ഷിതമാണെന്നുമുള്ള മൗദൂദി സാഹിബിന്റെ അഭിപ്രായം അദ്ദേഹത്തിന്‌ മുമ്പ്‌ ആരെങ്കിലും പറഞ്ഞതായി ഉദ്ധരിക്കാമോ എന്ന്‌ അവര്‍ ആവര്‍ത്തിച്ചു ചോദിച്ചു. ഈ ചോദ്യത്തെ ഒരു കൂസലുമില്ലാതെ `ഇല്ല' എന്ന്‌ പറഞ്ഞുകൊണ്ട്‌ ഇ എന്‍ നേരിട്ടത്‌ സദസ്സില്‍ കൗതുകമുണര്‍ത്തി. ഇ എന്നിന്‌ മുമ്പ്‌ ജമാഅത്ത്‌ പക്ഷത്തുനിന്ന്‌ മറ്റാരും ഇങ്ങനെ പറഞ്ഞതായി അറിയില്ല.'' (ശബാബിലെ ലേഖനത്തില്‍ നിന്ന്‌)
ഇ എന്‍ അല്ലാതെ മറ്റൊരു ജമാഅത്തുകാരനും ഇങ്ങനെ സത്യസന്ധമായി മറുപടി പറഞ്ഞ്‌ വാദപ്രതിവാദത്തില്‍ തോല്‍ക്കുമെന്നും തോന്നുന്നില്ല. ജമാഅത്തെ ഇസ്‌ലാമി ഇബാദത്തിന്റെ അര്‍ഥത്തില്‍ വരുത്തിയ ആദര്‍ശമാറ്റത്തിന്‌ ചരിത്രത്തിന്റെയോ പ്രമാണങ്ങളുടെയോ പണ്ഡിതന്മാരുടെയോ പിന്തുണയില്ലാ എന്ന്‌ വ്യംഗ്യമായി സമ്മതിക്കുന്ന ജമാഅത്ത്‌ ചരിത്രത്തിലെ ഒരു വഴിത്തിരിവായി മാറിയേക്കാവുന്ന മറുപടിയാണ്‌ ഇ എന്‍ എന്ന ജമാഅത്ത്‌ പണ്ഡിതന്റെ `ഇല്ല' എന്ന ഉത്തരം എന്ന്‌ വ്യക്തം.
അപ്പോള്‍ തങ്ങള്‍ ഇബാദത്തിന്‌ മൂന്നര്‍ഥം നല്‍കി മൗദൂദിയുടെ വികലമായ മതരാഷ്‌ട്രവാദത്തിന്റെ അടിത്തറയില്‍ പടുത്തുയര്‍ത്തിയ സിദ്ധാന്തങ്ങള്‍ക്ക്‌ നിലനിര്‍ക്കാന്‍ ധാര്‍മികമായി അര്‍ഹതയില്ല എന്ന്‌ സ്വയം സമ്മതിക്കുന്ന ഈ വാദപ്രതിവാദ പരിണതി എങ്ങനെയാണ്‌ `ആരും ജയിക്കുകയോ തോല്‍ക്കുകയോ ഉണ്ടായില്ല' എന്ന നിഷ്‌പക്ഷ നിരീക്ഷണമാവുക? ആരുടെ ആദര്‍ശമാണ്‌ സമര്‍ഥിക്കപ്പെട്ടതെന്നും ആരുടെ ആദര്‍ശമാണ്‌ സമര്‍ഥിക്കപ്പെടാന്‍ കഴിയാതെ `കുള'മായതെന്നും നിഷ്‌പക്ഷനായ മധ്യസ്ഥന്‍ പരിശോധിച്ച്‌ തനി സ്വരൂപത്തില്‍ പുറത്തിറക്കപ്പെടുന്ന സിഡി കണ്ടാല്‍ ഏവര്‍ക്കും ബോധ്യപ്പെടാവുന്നതുമാണ്‌.
അടിക്കുറിപ്പ്‌: മതവിഷയത്തിലുള്ള സംഘടനാ വാദപ്രതിവാദങ്ങളെല്ലാം `കാളപൂട്ടാ'ണെന്നും മദ്യംപോലെ വര്‍ജിക്കപ്പെടേണ്ടതാണ്‌ സംഘടനകള്‍ തമ്മിലുള്ള വാദപ്രതിവാദമെന്നുമുള്ള ജമാഅത്തിന്റെ പഴയതും പുതിയതുമായ നിലപാടുകള്‍ക്കു നേരെയുള്ള ഒരു പൊളിച്ചെഴുത്ത്‌ കൂടിയാണ്‌ മുക്കത്ത്‌ നടന്ന മുജാഹിദ്‌-ജമാഅത്ത്‌ സംവാദം.




VIDEOS


Part 1 of 4   http://youtu.be/ueV2-UK6tm0
Part 2 of 4  http://youtu.be/zBYwpcHw790  
Part 3 of 4  http://youtu.be/mKgoXg6NNeE 
Part 4 of 4  http://youtu.be/3qzJbDyG6Q0



 Uploaded by peringoden on Feb 14, 2012
2011 ഡിസംബർ 27 ചൊവ്വാഴ്ച മുക്കം സ്റ്റാർ ഓഡിറ്റോറിയത്തിൽ വെച്ച്, കേരള നദ്‌വത്തുൽ മുജാഹിദീൻ കക്കാട് ശാഖയും ജമാ‌അ‌ത്തെ ഇസ്‌ലാമി ഹൽഖയും തമ്മിൽ നടന്ന വൈജ്ഞാനിക ചർച്ച.
വിഷയം: ഇബാദത്ത്: അർഥവും വ്യാപ്തിയും


പങ്കെടുക്കുന്നവർ:
മുജാഹിദ് പക്ഷം:
1. കെ എ അബ്ദുൽ ഹസീബ് മദനി
2. കെ പി സകരിയ
3. അബ്ദുല്ലത്വീഫ് കരിമ്പുലാക്കൽ
4. എൻ വി സകരിയ


ജമാ‌അത്ത് പക്ഷം:
1. ഇ എൻ ഇബ്‌റാഹിം മൌലവി
2. അബ്ദുല്ലാഹ് ദാരിമി
3. ഇ എൻ അബ്ദുറസാഖ്
4. മുഹമ്മദ് മാളിയേക്കൽ


അധ്യക്ഷൻ: കാക്കിരി അബ്ദുല്ല മാസ്റ്റർ







Related posts
പുസ്‌തകങ്ങളാല്‍ വേട്ടയാടപ്പെടുന്നവര്‍ - നിരീക്ഷണം - ഒ അബ്‌ദുല്ല SHABAB weekly 13 JAN 2011
മുജാഹിദ് - ജമാഅത്ത് സംവാദം ശ്രദ്ധേയമായി - വര്‍ത്തമാനം ദിനപത്രം Published on Friday, 30 December 2011 00:21

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.