23 April 2009

രാഷ്ട്രീയത്തിലെ പാപത്തിന്റെ കൊയ്ത്ത്‌

രാഷ്ട്രീയത്തിലെ പാപത്തിന്റെ കൊയ്ത്ത്‌
Friday, 10 April 2009

ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌

സത്യവിശ്വാസി ഏത്‌ വ്യാവഹാരിക മേഖലയില്‍ പ്രവര്‍ത്തിക്കുകയാണെങ്കിലും ഇഹലോകത്തെ നേട്ടം കാംക്ഷിക്കുന്നതോടൊപ്പം പരലോകമോക്ഷം ലക്ഷ്യമാക്കി തദനുസൃതമായ നയനിലപാടുകള്‍ സ്വീകരിക്കുക കൂടെ വേണമെന്നത്രെ ഖുര്‍ആനിക അധ്യാപനം. "അല്ലാഹു നിനക്ക്‌ നല്‍കിയിട്ടുള്ളതിലൂടെ നീ പരലോക വിജയം തേടുക. ഐഹിക ജീവിതത്തില്‍ നിന്ന്‌ നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക്‌ നന്മ ചെയ്തതുപോലെ നീയും നന്മ ചെയ്യുക. നീ നാട്ടില്‍ കുഴപ്പത്തിന്‌ മുതിരരുത്‌. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുകയില്ല." (വി.ഖു 28:77)

പൊതുവെ ധര്‍മനിഷ്ഠ കാത്തുസൂക്ഷിക്കുന്ന ആളുകള്‍ പോലും ചില രംഗങ്ങളില്‍ അനിസ്ലാമിക പ്രവണതകളാല്‍ ഏറെ സ്വാധീനപ്പെടാറുണ്ട്‌. അതിലൊന്നാണ്‌ ധനസമ്പാദനത്തിന്റെയും ധനവ്യയത്തിന്റെയും രംഗം. സുതാര്യമല്ലാത്ത ധനസമ്പാദനരീതികളിലേക്ക്‌ ഏറെ പേര്‍ ആകൃഷ്ടരാകുന്നു. പിശുക്കും ധൂര്‍ത്തും ഒരുപോലെ കുറ്റകരമാണെന്ന കാര്യം പലരും വിസ്മരിക്കുന്നു. അതുപോലെ അധാര്‍മികതയുടെ വേലിയേറ്റം നടക്കുന്ന മറ്റൊരു മേഖലയാണ്‌ രാഷ്ട്രീയം. അല്‍പസ്വല്‍പം വളഞ്ഞ വഴികള്‍ രാഷ്ട്രീയക്കാര്‍ക്ക്‌ അഭിലഷണീയമാണ്‌ എന്ന ഭാവമാണ്‌ ആ രംഗത്ത്‌ സജീവമായിട്ടുള്ള പലര്‍ക്കും. സാധാരണ ജീവിതത്തില്‍ ഒട്ടൊക്കെ ധര്‍മനിഷ്ഠ പുലര്‍ത്തുന്ന ചിലര്‍ക്ക്‌ പോലും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച്‌ അനര്‍ഹമായ നേട്ടമുണ്ടാക്കുന്നതില്‍ കുറ്റബോധം തോന്നുന്നില്ല. അതുപോലെ തന്നെയാണ്‌ രാഷ്ട്രീയ വിമര്‍ശനം വകയിലുള്ള പരദൂഷണത്തിന്റെ കാര്യവും.

സ്വകാര്യവ്യക്തികളുടെ ഭൂമി കയ്യേറുന്നതും അപഹരിക്കുന്നതും കുറ്റകരമാണെന്ന്‌ ബോധമുള്ളവര്‍ പോലും സര്‍ക്കാരില്‍ നിക്ഷിപ്തമായ വനഭൂമിയോ പുറമ്പോക്കു ഭൂമിയോ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച്‌ കയ്യേറി രേഖ ചമച്ചുണ്ടാക്കുന്നത്‌ പാപമോ അധര്‍മമോ അല്ലെന്നാണ്‌ കരുതുന്നത്‌. കരാര്‍ ജോലികളിലും മറ്റും കൃത്രിമം കാണിച്ച്‌ സര്‍ക്കാര്‍ പണം തട്ടിയെടുക്കുന്നതും ന്യായമായ സമ്പാദ്യമായി ചിലര്‍ ഗണിക്കുന്നു. സാധാരണ മോഷ്ടാക്കളെയും പിടിച്ചുപറിക്കാരെയും പോക്കറ്റടിക്കാരെയും കരിംപട്ടികയില്‍ പെടുത്തുന്ന മുസ്ലിം സമൂഹം വനം കയ്യേറ്റക്കാരെയും പൊതുഖജനാവ്‌ ചോര്‍ത്തുന്ന കോണ്‍ട്രാക്ടര്‍മാരെയും മറ്റും ഒട്ടൊക്കെ ആദരവോടെ വീക്ഷിക്കുകയും ചെയ്യുന്നു. രാഷ്ട്രീയവും ഭരണവുമായി ബന്ധപ്പെടുമ്പോള്‍ ജനങ്ങളുടെ മൂല്യബോധം കീഴ്മേല്‍ മറിയുന്ന ഈ പ്രതിഭാസത്തിന്റെ കാരണമെന്തായാലും അതിന്‌ ഇസ്ലാമികമായ സാധുതയില്ല.

ഇപ്പോള്‍ പലരും പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിക്കുന്നത്‌ രാഷ്ട്രീയ എതിരാളികളെ ഉഗ്രമായി വിമര്‍ശിക്കാനുള്ള ഏറ്റവും പുതിയ ന്യായങ്ങള്‍ കണ്ടെത്തുന്നതിനു വേണ്ടിയാണ്‌. ചിലര്‍ എഴുതാപ്പുറം വായിച്ചും വിമര്‍ശനങ്ങള്‍ തൊട്ടുത്തുവിടുന്നു. പ്രത്യയശാസ്ത്രപരമായ ന്യായാന്യായതകളോ ഭരണനയത്തിലെ ശരിതെറ്റുകളോ അല്ല മിക്കപ്പോഴും വിമര്‍ശന വിഷയമാകുന്നത്‌. വ്യക്തിപരമായ തേജോവധമാണ്‌ രാഷ്ട്രീയവിമര്‍ശനത്തിന്റെ പേരില്‍ അധികവും അരങ്ങേറുന്നത്‌. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമെന്ന്‌ കരുതുന്ന രാഷ്ട്രീയക്കാര്‍ക്ക്‌ ഇതൊക്കെ ഭൂഷണമായിരിക്കാം. എന്നാല്‍ പരദൂഷണത്തെ ശവം തിന്നുന്നതിനോട്‌ ഉപമിച്ച വിശുദ്ധ ഖുര്‍ആനില്‍ രാഷ്ട്രീയ തേജോവധത്തിന്‌ ഇളവൊന്നും പ്രഖ്യാപിച്ചിട്ടില്ല. എല്ലാവിധ അപവാദങ്ങളും പരദൂഷണങ്ങളും ഏഷണികളും അല്ലാഹുവിന്റെ രേഖയിലുണ്ടാകും. ഞാനൊരു സജീവ രാഷ്ട്രീയക്കാരനായതിനാല്‍ എനിക്ക്‌ അതൊക്കെ അനുപേക്ഷ്യമായിരുന്നു എന്ന ന്യായം അല്ലാഹുവിങ്കല്‍ സ്വീകാര്യമായിരിക്കുകയില്ല.

രാഷ്ട്രീയത്തിലൂടെ സാധാരണ കാലങ്ങളില്‍ പാപങ്ങള്‍ സമ്പാദിച്ചുകൂട്ടുന്നതിനെ സംബന്ധിച്ചാണ്‌ ഇതുവരെ സൂചിപ്പിച്ചത്‌. എന്നാല്‍ തെരഞ്ഞെടുപ്പ്‌ സമാഗതമാകുമ്പോള്‍ പാപത്തിന്റെ കന്നിക്കൊയ്ത്ത്‌ തന്നെയാണ്‌ രാഷ്ട്രീയമേഖലയില്‍ നടക്കുന്നത്‌. സ്ഥാനാര്‍ഥിത്വം ലഭിക്കാന്‍ വേണ്ടി തന്നെ പലരും നെറികെട്ട അടവുകള്‍ ഏറെ പയറ്റുന്നു. സ്ഥാനാര്‍ഥിയായിക്കഴിഞ്ഞാലോ വോട്ടിനു വേണ്ടി ഏതറ്റം വരെ പോകാനും തയ്യാറാകുന്നു. വോട്ട്‌ പിടക്കാന്‍ നിയുക്തരായ രാഷ്ട്രീയ പ്രവര്‍ത്തകരുടെ സ്ഥിതിയും ഏറെ വ്യത്യസ്തമല്ല. ചില സ്ഥാനാര്‍ഥികള്‍ സ്വന്തം മതമോ ആദര്‍ശമോ ഒക്കെ വീട്ടില്‍ വെച്ചിട്ട്‌ വോട്ടര്‍മാരുടെ മതവും പ്രത്യയശാസ്ത്രവും വാരിപ്പുണരാന്‍ തയ്യാറായിക്കൊണ്ടാണ്‌ തെരഞ്ഞെടുപ്പ്‌ ഗോദയിലിറങ്ങുന്നത്‌. ഹിന്ദുത്വവാദികള്‍ക്ക്‌ ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ വോട്ട്‌ ചോദിക്കുമ്പോള്‍ ഭാഷയ്ക്കും ശൈലിക്കും 'കാവിനിറം' നല്‍കാന്‍ മനപ്രയാസമില്ലാത്തവര്‍ മതേതരകക്ഷികളുടെ സ്ഥാനാര്‍ഥികളുടെ കൂട്ടത്തില്‍ പോലുമുണ്ടാകും. യുക്തിവാദികളുടെ വോട്ടിനുവേണ്ടി മതത്തെ തള്ളിപ്പറയാന്‍ മടിയില്ലാത്തവരുണ്ടാകും. ശുദ്ധ ഭൗതികവാദികളായ ചില സ്ഥാനാര്‍ഥികള്‍ പക്കാ കത്തോലിക്കരായോ സമസ്തസുന്നികളായോ വേഷം കെട്ടിക്കൂടായ്കയില്ല. അല്ലാഹുവോട്‌ മാത്രം പ്രാര്‍ഥിക്കുന്നവനാണെന്ന 'ആക്ഷേപം' ഒഴിവാക്കിക്കിട്ടാന്‍ വേണ്ടി ഏതെങ്കിലും ജാറത്തില്‍ പോയി പരേതാത്മാവിനോട്‌ പ്രാര്‍ഥിച്ച്‌ സുന്നിത്വം തെളിയിക്കുന്നവരുമുണ്ട്‌ സ്ഥാനാര്‍ഥികളുടെ കൂട്ടത്തില്‍.

ഒരു സത്യവിശ്വാസി സ്ഥാനാര്‍ഥിയായാലും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടാലും ആദര്‍ശപ്രതിബദ്ധത നിലനിര്‍ത്തുക തന്നെ വേണം. തെരഞ്ഞെടുപ്പ്‌ വിജയത്തെക്കാള്‍ പരലോകത്തെ വിജയത്തിനും മോക്ഷത്തിനുമാണ്‌ അയാള്‍ മുന്‍ഗണന നല്‍കേണ്ടത്‌. ആദര്‍ശപ്രതിബദ്ധത തെരഞ്ഞെടുപ്പ്‌ കഴിഞ്ഞിട്ട്‌ നോക്കാം എന്നാണ്‌ ഭാവമെങ്കില്‍ അത്‌ അല്ലാഹുവെയും അവന്റെ ദൂതനെയും അലക്ഷ്യമാക്കുന്ന നിലപാടാണ്‌. വികാരാവേശത്താല്‍ തെറ്റുകുറ്റങ്ങള്‍ ചെയ്തുപോയവര്‍ക്ക്‌ അല്ലാഹു പൊറുത്തുകൊടുക്കാന്‍ സാധ്യതയുണ്ട്‌. കാപട്യവും അവസരവാദവും അക്ഷന്തവ്യമായ അപരാധങ്ങളാണ്‌. അവ ആത്മനഷ്ടത്തിനുള്ള നിമിത്തങ്ങളാകാനാണ്‌ സാധ്യത. വോട്ടിനുവേണ്ടി കുഫ്‌റും ശിര്‍ക്കും കാപട്യവുമൊക്കെ മാറിമാറി സ്വീകരിക്കാന്‍ മടിക്കാത്ത സ്ഥാനാര്‍ഥികളെ അല്ലാഹുവും മനുഷ്യരും ഒരുപോലെ കൈവെടിഞ്ഞാല്‍ അവരുടെ പതനം ഏറെ ദാരുണമായിരിക്കും. മനുഷ്യര്‍ പിന്തുണച്ചാലും അതുകൊണ്ടുള്ള പ്രയോജനം ക്ഷണികമായിരിക്കുകയും ചെയ്യും.

സാധാരണജീവിതത്തില്‍ ധൂര്‍ത്തും ദുര്‍വ്യയവും ഒട്ടൊക്കെ ഒഴിവാക്കുന്ന സ്ഥാനാര്‍ഥികള്‍ പോലും തെരഞ്ഞെടുപ്പ്‌ പ്രചാരണവേളയില്‍ അനാവശ്യമായി ഒട്ടേറെ പണം ചെലവഴിക്കുന്നതായി കാണാം. ഒരു വാള്‍പോസ്റ്റര്‍ പതിച്ചാല്‍ തന്നെ ആളുകള്‍ ശ്രദ്ധിക്കുമെങ്കില്‍ അവിടെ പത്തോ ഇരുപതോ എണ്ണം വരിവരിയായി പതിക്കുന്നത്‌ പണം പുല്ലാണെന്ന മനോഭാവത്തിന്റെ പ്രകടനമാണ്‌. പൊതുസ്ഥലങ്ങളില്‍ വലിയ ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ച്‌ പൊങ്ങച്ചം പ്രകടിപ്പിക്കുന്നത്‌ ഇലക്ഷന്‍ കമ്മീഷന്‍ തടഞ്ഞിട്ടുപോലും സ്ഥാനാര്‍ഥികളും അവരുടെ അനുയായികളും ധൂര്‍ത്തിന്റെ മാര്‍ഗത്തില്‍ നിന്ന്‌ മാറാന്‍ കൂട്ടാക്കുന്നില്ല. ഏത്‌ സ്ഥാനാര്‍ഥിയുടെ വാഹനത്തില്‍ നിന്നുയരുന്ന പാട്ടാണ്‌ കൂടുതല്‍ ശ്രവണസുന്ദരമെന്ന്‌ നോക്കി ഇവിടെ ആരും വോട്ട്‌ ചെയ്യുന്നില്ലെന്ന്‌ സാമാന്യബുദ്ധിയുള്ളവര്‍ക്കൊക്കെ അറിയാം. എന്നിട്ടും ജനറേറ്ററും സൗണ്ട്സിസ്റ്റവുമായി ശബ്ദമലിനീകരണം സൃഷ്ടിച്ച്‌ വാഹനങ്ങള്‍ മത്സരിച്ചോടുന്നു. കൊട്ടിക്കലാശം പലപ്പോഴും മുഴുത്ത ഭ്രാന്തിന്റെ നിലവാരത്തോളമെത്തുന്നു.

ഇലക്ഷന്‍ കമ്മീഷനെ ബോധ്യപ്പെടുത്താന്‍ വേണ്ടി എല്ലാ സ്ഥാനാര്‍ഥികളും കണക്കുകള്‍ ശരിപ്പെടുത്തുന്നു. ആ കണക്കിന്റെ കൃത്യത ആര്‍ക്കും ഊഹിക്കാവുന്നതാണ്‌. എന്നാല്‍ സമയവും പണവും എന്തിനുവേണ്ടി ചെലവഴിച്ചുവെന്ന്‌ സര്‍വലോക രക്ഷിതാവ്‌ ചോദ്യംചെയ്യുന്ന കണിശമായ വിചാരണയുടെ നാളിലേക്ക്‌ വേണ്ടി എന്ത്‌ കണക്കാണ്‌ സമര്‍പ്പിക്കുക എന്ന്‌ മുസ്ലിം സ്ഥാനാര്‍ഥികള്‍ ഗൗരവപൂര്‍വം ആലോചിക്കേണ്ടതില്ലേ? ഇസ്ലാമിക പ്രതിബദ്ധത അവകാശപ്പെടുന്ന സംഘടനകള്‍ക്കുമുണ്ട്‌ ഈ വിഷയകമായി ചില ധാര്‍മികബാധ്യതകള്‍.

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.