30 December 2008

ഇസ്‌ലാമും രാഷ്ട്രീയവും - ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌ മദനി

ഇസ്‌ലാമും രാഷ്ട്രീയവും - ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌ മദനി


(Listen Speech 
"Islaamum Raashtreeyavum" --Cheriyamundam Abdul Hameed Madani   14.1 MB   )


mp3 link










https://clyp.it/mkwg1kml.mp3

ഇസ്‌ലാമും രാഷ്ട്രീയവും ഇക്കാലത്ത്‌ വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്‌. ഈ വിഷയത്തിന്റെ പ്രത്യേകത ഇസ്‌ലാമിനേയും ഇന്നത്തെ രാഷ്ട്രീയ സ്ഥിതിഗതികളേയും വ്യത്യസ്ത വിഷയങ്ങളേയും കുറിച്ച്‌ ഒരു പൂര്‍വധാരണയുള്ള ആളെ മാത്രമേ ഇക്കാര്യത്തെ സംബന്ധിച്ച്‌ എന്തെങ്കിലും പഠിപ്പിക്കാനാവൂ എന്നതാണ്‌.

'ഒരു മുസ്‌ലിമിനെ ആര്‍ ഭരിക്കണം അല്ലെങ്കില്‍ ഒരു മുസ്‌ലിം ആരാല്‍ ഭരിക്കപ്പെടണം, ഒരു മുസ്‌ലിം ഭരിക്കുകയും ഭരിക്കപ്പെടുകയും ചെയ്യുന്നതിനുള്ള അടിസ്ഥാനപരമായ ആധാരം എന്തായിരിക്കണം' എന്നതാണു ഇസ്‌ലാമും രാഷ്ട്രീയവും എന്ന വിഷയത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌.

അവിടെ മൗലികമായി ഇസ്‌ലാമിന്‌ ഒറ്റ ധാരണ മാത്രമേ ഉള്ളൂ. മുസല്‍മാനെ സത്യവിശ്വാസം ഭരിക്കണം. അല്ലാഹുവിലുള്ള വിശ്വാസമല്ലാതെ മറ്റൊന്നും ഒരു സത്യവിശ്വാസിയെ ഭരിച്ചുകൂടാ. സത്യവിശ്വാസിയുടെ ജീവിതത്തിലെ ചെറുതും വലുതുമായ സകലവശങ്ങളേയും നിമിഷങ്ങളേയും - അല്ലാഹുവിലുള്ള വിശ്വാസം, അല്ലാഹുവിലുള്ള വിധേയത്വം -ഭരിക്കണം. അതല്ലാത്ത യാതൊരു ചേതോവികാരവും അവനെ ഭരിച്ചുകൂടാ. അതില്‍ സംശയിക്കുന്ന ഒരാള്‍ക്കും ഇസ്‌ലാമില്‍ സ്ഥാനവുമില്ല.
പക്ഷെ ഈ ആശയം പ്രായോഗിക തലത്തില്‍ വരുമ്പോള്‍ പലതരം തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കപ്പെടുന്നു. ആ തെറ്റിദ്ധാരണകള്‍ പലതും "രാഷ്ട്രീയം", "ഭരണം" എന്നീ വാക്കുകളുമായി ബന്ധപ്പെട്ടു കിടക്കുന്നു.
'രാഷ്ട്രം' എന്ന വാക്കുകൊണ്ട്‌ എന്താണ്‌ ഉദ്ദേശിക്കപ്പെടുന്നത്‌? ചിലപ്പോള്‍ ഭൂമിശാസ്‌ത്രപരമായ ഒരതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്ന ഒരു ഭൂപ്രദേശം ആയിരിക്കാം. അല്ലെങ്കില്‍ വര്‍ഗ്ഗപരമായ അടിസ്ഥാനത്തില്‍ ഉള്ള ഒരു ജനവിഭാഗമായിരിക്കാം. 'രാഷ്ട്രം' എന്ന വാക്ക്‌ ഏതര്‍ത്ഥത്തിലാണു ഉപയോഗിക്കപ്പെടുന്നതു എന്നതിനെ സംബന്ധിച്ചിരിക്കുന്നു രാഷ്ട്രീയം എന്ന വാക്കിന്റെ അര്‍ത്ഥം.

ഒരു രാജാവ്‌ ഭരിക്കുന്ന നാട്ടിലാണെങ്കില്‍ അവിടെ രാഷ്ട്രീയം എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്ന ആശയം ഒരു പ്രസിഡന്റോ പ്രധാനമന്ത്രിയോ ഭരിക്കുന്ന നാട്ടിലെ രാഷ്ട്രീയം എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്ന അര്‍ത്ഥത്തില്‍ നിന്നും വ്യത്യസ്തമായിരിക്കും. അതുപോലെ തന്നെ ജനങ്ങള്‍ അവരുടെ ജീവിതത്തില്‍ ഇന്ന പ്രകാരമേ പ്രവര്‍ത്തിക്കാവൂ എന്നു ശഠിക്കുന്ന ഒരു ഭരണാധികാരിയുടെ നാട്ടിലെ രാഷ്ട്രീയവും, അങ്ങനെയൊന്നും വാശിയില്ലാതെ രാജാവിനു കിട്ടേണ്ട വരുമാനം കിട്ടണം, ലഭിക്കേണ്ട അംഗീകാരം ലഭിക്കണം, ജനങ്ങള്‍ അവരുടെ ജീവിതം എപ്രകാരം നയിച്ചാലും തരക്കേടില്ല എന്നു ചിന്തിക്കുന്ന രാജാവിന്റെ നാട്ടിലെ രാഷ്ട്രീയവും ഒന്നായിരിക്കുകയില്ല.

സമൂഹത്തെപ്പറ്റി, സമ്പത്തിനെപ്പറ്റി, സംസ്കാരത്തെപ്പറ്റിയൊക്കെ തങ്ങള്‍ക്കുള്ള കാഴ്ചപ്പാട്‌ മാത്രമേ ജനങ്ങള്‍ മുഴുവനും സ്വീകരിക്കാവൂ എന്നു ശഠിക്കുന്ന രാജാക്കളും ഭരണാധികാരികളും ഉണ്ടാകാം. അവരുടെ കാഴ്ചപ്പാടില്‍ രാഷ്ട്രീയം എന്ന വാക്കിനു വളരെ വിപുലതയുണ്ട്‌. ഒരു മനുഷ്യന്‍ കല്യാണം കഴിക്കുന്നതും, കച്ചവടം ചെയ്യുന്നതും, പ്രസംഗിക്കുന്നതും, പ്രവര്‍ത്തിക്കുന്നതുമെല്ലാം അവരുടെ ദൃഷ്ടിയില്‍ രാഷ്ട്രീയമായിരിക്കും. അതൊക്കെ തന്റെ ഇഷ്ടത്തിനൊത്തേ നടക്കാവൂ എന്ന്‌ അവര്‍ ശാഠ്യം പിടിച്ചുവെന്ന്‌ വന്നേക്കാം.
അതേയവസരത്തില്‍ ഒരു സമ്പൂര്‍ണ്ണ ജനാധിപത്യമാണെങ്കില്‍ , ഇന്നത്തെ അമേരിക്കയെപ്പോലെ. ആ നാട്ടിലെ ഒരു പൗരന്‍ ജീവിതത്തിന്റെ ഏതൊക്കെ രംഗങ്ങളില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ ചെയ്താലും ഭരണകൂടത്തിനു പറയത്തക്ക വിരോധമൊന്നുമില്ല, ആ ഭരണകൂടത്തോട്‌ അതിന്റെ വിദേശനയത്തിലും, ആഭ്യന്തര നയത്തിലും ഏറെക്കുറെ യോജിച്ചാല്‍ മതി. ഉദാഹരണമായി ഒരാള്‍ വിവാഹം ചെയ്ത്‌ മാന്യമായി കുടുംബജീവിതം നയിച്ചാലും, വ്യഭിചരിച്ചാലും, പുരുഷനും പുരുഷനും തമ്മില്‍ വിവാഹം ചെയ്താലും, ഭാര്യമാരെ പരസ്പരം കൈമാറുന്ന സമൂഹം സൃഷ്ടിച്ചു അതിനുള്ളില്‍ ജീവിച്ചാലും, ഹരേകൃഷ്ണ പ്രസ്ഥാനക്കാരനോ, പ്രൊട്ടെസ്റ്റന്റോ, കത്തോലിക്കനോ ആയി ജീവിച്ചാലും, മറ്റേതുതരം ചിന്താധാരകള്‍ക്ക്‌ പിന്നിലൂടെ സഞ്ചരിച്ചാലും അമേരിക്കന്‍ ഭരണകൂടം അതില്‍ ഇടപെടില്ല. എന്നാല്‍ അവിടത്തെ നികുതി സമ്പ്രദായം, ആഭ്യന്തരരംഗം, വിദേശരംഗം പോലുള്ള മേഖലകളില്‍ സര്‍ക്കാരിന്റെ നയത്തിനെതിരായി നാട്ടുകാര്‍ നില്‍ക്കാന്‍ പാടില്ലെന്നേ ഭരണകൂടത്തിനു നിര്‍ബന്ധമുള്ളൂ. മറ്റുകാര്യങ്ങളിലൊക്കെ ജനങ്ങള്‍ക്ക്‌ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണവിടെ. അവിടത്തെ രാഷ്ട്രീയ കാഴ്ച്ചപ്പാട്‌ അതല്ലാത്തിടങ്ങളിലേക്കാള്‍ വ്യത്യസ്തമായിരിക്കും.
രാഷ്ട്രീയം എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്ന അര്‍ത്ഥം സോഷ്യലിസ്റ്റ്‌ സ്റ്റേറ്റിലും, സെക്യുലറിസ്റ്റ്‌ സ്റ്റേറ്റിലും, ഡെമോക്രാറ്റിക്‌ സ്റ്റേറ്റിലും വ്യത്യസ്തമായിരിക്കും. രാജഭരണമാണെങ്കില്‍, രാജാവിന്റെ മാനസിക നിലപാടനുസരിച്ച്‌ ആ നാട്ടിലെ രാഷ്ട്രീയത്തിന്‌ അര്‍ത്ഥവ്യത്യാസങ്ങളും ഏറ്റക്കുറവുകളും സംഭവിക്കും.

 
ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ രാഷ്ട്രീയ കാഴ്ചപ്പാട്‌ എന്തായിരിക്കണം എന്നത്‌ ഭരിക്കുന്ന രാഷ്ട്രത്തിനു അല്ലെങ്കില്‍ ആ രാഷ്ട്രത്തിന്റെ കാഴ്ചപ്പാടിലെ രാഷ്ട്രീയത്തിനു ഈ സത്യവിശ്വാസിയുടെ ജീവിതത്തില്‍ എന്തൊക്കെ സ്വാധീനം ഉണ്ടായിരിക്കണമെന്ന്‌ ആ രാഷ്ട്രവും രാഷ്ട്രീയവും ആഗ്രഹിക്കുന്നുണ്ടോ, അതിന്റെ അടിസ്ഥാനത്തിലായിരിക്കും. ഉദാഹരണമായി ഒരു രാജാവ്‌, ആ നാട്ടിലെ പൗരന്മാര്‍ എന്ത്‌ വിശ്വസിക്കുന്നതിനും, ഏതു തരത്തില്‍ വിവാഹം കഴിക്കുന്നതിലും, ഏങ്ങനെ സ്വത്തു സമ്പാദിക്കുന്നതിനും, ഏതു വിധത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും അയാള്‍ക്ക്‌ തടസ്സമില്ല. അവിടെ ഒരു മുസ്‌ലിം പൗരന്‍ സ്വീകരിക്കേണ്ട നിലപാട്‌ എന്താണ്‌?. ഇനി അങ്ങനെയല്ല രാജാവ്‌ ഇസ്‌ലാം എന്ന ആശയത്തെ അംഗീകരിച്ചിട്ടില്ല എങ്കിലും ഒരു സമൂഹത്തിന്റെ നടത്തിപ്പു സംബന്ധമായിട്ട്‌ ധാര്‍മികമായ മാനദണ്ഡങ്ങള്‍ അംഗീകരിക്കുന്ന രാജാവാണ്‌. തൗഹീദിലും രിസാലത്തിലും ആഖിറത്തിലും വിശ്വസിക്കാത്ത ആളായിരിക്കാം അദ്ദേഹം. എങ്കില്‍ തന്നെ നാട്ടില്‍ അയാള്‍ മദ്യപാനവും വ്യഭിചാരവും വിരോധിക്കുകയും പ്രോത്സാഹിപ്പിക്കേണ്ട നന്മകള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നു കരുതുക. അങ്ങനെയുള്ള രാജാവിന്റെ നാട്ടില്‍ ജീവിക്കുന്ന മുസല്‍മാന്‍ എന്തു നിലപാട്‌ സ്വീകരിക്കണം എന്നതും, ആര്‍ക്കും എന്തും ചെയ്യാന്‍ ലൈസന്‍സ്‌ നല്‍കുന്ന രാജാവിന്റെ നാട്ടില്‍ എന്തു നിലപാട്‌ സ്വീകരിക്കണം എന്നതും, ജനങ്ങളെ അങ്ങേയറ്റം അടിച്ചമര്‍ത്തുകയും ശ്വാസംവിടാന്‍ പോലും അനുവദിക്കാത്തതുമായ രാജാവിന്റെ കീഴില്‍ ജീവിക്കുന്ന മുസ്‌ലിമിന്റെ നിലപാടും ഒക്കെ വ്യത്യസ്തങ്ങളായിരിക്കും.

ഇസ്‌ലാമില്‍ വ്യത്യാസമുള്ളതുകൊണ്ടല്ല, മുസല്‍മാന്റെ നയത്തില്‍ വ്യത്യാസമുള്ളതുകൊണ്ടല്ല. നേരെമറിച്ച്‌ ആ നാട്ടിലെ രാജാവിന്റെ സമീപനത്തില്‍ വ്യത്യാസമുള്ളതുകൊണ്ടും അവിടത്തെ രാഷ്ട്രീയത്തെ സംബന്ധിച്ച കാഴ്ച്ചപ്പാടില്‍ വ്യത്യാസമുള്ളതുകൊണ്ടുമാണ്‌.

ഇസ്‌ലാമില്‍ രാഷ്ട്രീയമായി ഒരൊറ്റ കാഴ്ച്ചപ്പാടേ ഉള്ളൂ. അതായത്‌ ഒരു മുസല്‍മാന്റെ മനസ്സിനെ അല്ലാഹുവിലുള്ള വിശ്വാസമല്ലാതെ മറ്റു ഒരാശയവും ഭരിക്കാന്‍ പാടില്ല. ദൈവിക വിധിവിലക്കുകള്‍ക്ക്‌ വിരുദ്ധമായതൊന്നും ഒരാളില്‍ നിന്നും വരാന്‍ പാടില്ല. ഇത്‌ ഏതു രാജാവിന്റെ നാട്ടിലായാലും ഏത്‌ പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടേയും നാട്ടിലായാലും അപ്രകാരം തന്നെ.

ഈ ആശയം മുസ്‌ലിം ലോകത്തെ ഈമാനും തഖ്‌വയും ഇസ്‌ലാമും ഉള്ള സകല മുസ്‌ലിങ്ങളും അംഗീകരിക്കുന്നു. ഈ ആശയമാണ്‌
لا طاعة لمخلوق في معصية الخالق
'സൃഷ്ടാവിന്റെ കല്‍പനകള്‍ക്കെതിരില്‍ സൃഷ്ടിയെ അനുസരിക്കാന്‍ പാടില്ല'
എന്നതുകൊണ്ടു ഉദ്ദേശിക്കുന്നത്‌.

സൃഷ്ടാവിന്റെ കല്‍പനകള്‍ക്കെതിരില്‍ ആരേയും അനുസരിക്കാന്‍ പാടില്ല എന്നതില്‍ മുസ്‌ലിം ലോകം ഏകാഭിപ്രായക്കാരാണ്‌. ഇതില്‍ മുജാഹിദുകള്‍ക്കെന്നല്ല ഇവിടത്തെ ഒരു വിഭാഗം മുസ്‌ലിങ്ങള്‍ക്കും അഭിപ്രായവ്യത്യാസമില്ല.

ഇതു പറയുമ്പോള്‍ മുജാഹിദുകളുമായി സഹകരിക്കുന്നവരൊക്കെ ഇത്തരക്കാരാണോ എന്ന വിഷയം വന്നേക്കാം. ഇതു യഥാര്‍ത്ഥത്തില്‍ ഒരു പ്രധാന വിഷയമല്ല. കാരണം ഒരു മുസ്‌ലിം പൂര്‍ണ്ണമായ തലത്തില്‍ മുസ്‌ലിം ആകാന്‍ സന്നദ്ധനാണോ അല്ലേ എന്നതുമായാണ്‌ അതു ബന്ധപ്പെട്ടുകിടക്കുന്നത്‌.
ഒരു പ്രദേശത്തെ മുസ്‌ലിങ്ങളെ 100% വും ഇത്തരക്കാരാക്കാന്‍ ആര്‍ക്കും സാധിച്ചുവെന്ന്‌ വരില്ല. കാരണം ഇതു വാളു കൊണ്ടോ തോക്കു കൊണ്ടോ ഉണ്ടാക്കാവുന്ന ഒന്നല്ല. മറിച്ച്‌ ഒരാളുടെ മനസ്സിലെ വിശ്വാസം എത്ര ആഴത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌, ഭരണം സ്ഥാപിച്ചിട്ടുണ്ട്‌ എന്നതിനെ ബന്ധപ്പെട്ടിരിക്കുന്നു ഒരാളെ നന്മയില്‍ ഉറപ്പിച്ചു നിര്‍ത്തുക എന്നത്‌.

ഇസ്‌ലാമിലെ സക്കാത്ത്‌ മനുഷ്യരുടെ അവശതകള്‍ തീര്‍ക്കാനുപകരിക്കുന്നതാണ്‌. സമൂഹത്തിന്‌ സാമ്പത്തിക സുസ്ഥിതി കൈവരുത്താന്‍ അത്‌ ഉപകരിക്കുന്നു. അതിന്റെ അഭാവത്തില്‍ മുസ്‌ലിം സമൂഹത്തിലെ സാമ്പത്തിക ക്രമീകരണം തകരാറിലായേക്കാം. അതൊക്കെയാണു സക്കാത്ത്‌ എന്നുണ്ടെങ്കിലും, അല്ലാഹുവിങ്കല്‍ സ്വീകാര്യമാകണമെങ്കില്‍ എന്തു വേണം? ഒരു സക്കാത്ത്‌ കമ്മിറ്റി ഭാരവാഹിയുടെ സ്വാധീനവും സമ്മര്‍ദ്ദവും മൂലം ഒരാള്‍ സക്കാത്ത്‌ നല്‍കാന്‍ മനസ്സില്ലാതെ തന്നെ സക്കാത്ത്‌ കമ്മിറ്റിക്കു നല്‍കി എന്നു വിചാരിക്കുക. ആ സക്കാത്ത്‌ ഇവിടത്തെ പാവപ്പെട്ടവരുടെ അവശതകള്‍ തീര്‍ക്കാന്‍ ഉപകരിക്കും എന്നത്‌ ശരിയാണെങ്കിലും പടച്ചവന്റെ അടുക്കല്‍ ആ സക്കാത്തിനു യാതൊരു സ്ഥാനവുമുണ്ടാകില്ല.

സക്കാത്ത്‌ എന്ന വാക്കിന്റെ അര്‍ത്ഥം സംസ്കാരം, വിശുദ്ധി എന്നൊക്കെയാണ്‌. മനുഷ്യനു സംസ്കാരത്തിന്റേയും, വിശുദ്ധിയുടേയും ലേബല്‍ ഉണ്ടായതു കൊണ്ട്‌ പോരാ; സംസ്കാരവും, വിശുദ്ധിയും തെളിയിക്കേണ്ടത്‌ മനസ്സിലാണ. മനുഷ്യന്‍ എന്തൊക്കെ പറഞ്ഞാലും എങ്ങനെയൊക്കെ മുദ്രാവാക്യം വിളിച്ചാലും, സംഘടനയും ഭരണകൂടവും കെട്ടിപ്പടുത്താലും അവന്‍ നന്നായിട്ടുണ്ടോ എന്ന്‌ തീരുമാനിക്കേണ്ടത്‌ പണത്തിന്റെ മുമ്പിലെത്തുമ്പോള്‍ അവന്റെ മനോഭാവം എന്താണെന്നു നോക്കിയിട്ടാണ്‌. അങ്ങനെ മനുഷ്യന്റെ സംസ്കാരത്തിന്റേയും, വിശുദ്ധിയുടേയും യഥാര്‍ത്ഥ അളവ്‌ മനസ്സിലാക്കുവാനുള്ള മാനദണ്ഡമാണു അവന്റെ ധനം അവന്‍ എങ്ങനെ ചെലവാക്കാന്‍ തയ്യാറാകുന്നു എന്നത്‌. ഒരു സത്യവിശ്വാസി അവന്റെ ധനം അല്ലാഹുവിനു വേണ്ടി വിനിയോഗിക്കാന്‍ തയ്യാറാണെന്നു തെളിയിക്കുന്ന കര്‍മ്മമായതുകൊണ്ടാണ്‌ അതിനു സക്കാത്ത്‌-വിശുദ്ധി, സംസ്കാരം- എന്ന്‌ പേരു വന്നത്‌. സാമ്പത്തിക വിശുദ്ധിയും അതു മുഖേനേയുള്ള ജീവിത വിശുദ്ധിയും നേടാതെ ഒരാള്‍ ആര്‍ക്കെങ്കിലും സക്കാത്ത്‌ കൊടുത്താല്‍ അതു ഇസ്‌ലാമിലെ സക്കാത്താവുകയില്ല. പക്ഷെ ഇസ്‌ലാമിലെ സക്കാത്തല്ല എന്നിരുന്നാലും ഭരണകൂടത്തിനും ജനങ്ങള്‍ക്കും അതുപയോഗിക്കാവുന്നതും അവരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാവുന്നതുമാണ്‌. അഥവാ ദുനിയാവില്‍ ആ സക്കാത്ത്‌ കൊണ്ടുള്ള ആവശ്യങ്ങള്‍ നടക്കും, എന്നാല്‍ ആഖിറത്തില്‍ അതിനു യാതൊരു പ്രതിഫലവുമുണ്ടാകില്ല തന്നെ. യഥാര്‍ത്ഥത്തില്‍ ഇസ്‌ലാം ഒന്നാം സ്ഥാനം നല്‍കുന്നത്‌ സക്കാത്തു മൂലം ആഖിറത്തില്‍ പ്രയോജനം ലഭിക്കുന്നതിനാണ്‌. ദുനിയാവിലെ പ്രയോജനത്തിനു അതു രണ്ടാം സ്ഥാനമേ കല്‍പ്പിക്കുന്നുള്ളൂ.

ومن يوق شحّ نفسه فأولائك هم المفلحون (حشر :9 )
".ഏതൊരാള്‍ തന്റെ മനസ്സിനെ പിശുക്കില്‍ നിന്ന്‌ കാത്തുസൂക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍. (ഹശര്‍ 59:9)"

ഒരു വ്യവസ്ഥിതിയെ അംഗീകരിച്ചുകൊണ്ടോ ഭരണകൂടത്തെ അംഗീകരിച്ചുകൊണ്ടോ അല്ല മറിച്ച്‌ സ്വാര്‍ത്ഥം, ലുബ്ധത, സ്വന്തം കാര്യത്തില്‍ ഉദാരത കൈക്കൊള്ളുവാനുള്ള വിമ്മിട്ടം. എന്നീ രോഗങ്ങളില്‍ നിന്ന്‌ ആര്‍ കാത്തു സൂക്ഷിക്കപ്പെടുന്നുവോ അവരാകുന്നു, അവര്‍ തന്നെയാകുന്നു, മോക്ഷം പ്രാപിച്ചവര്‍ . ആ തരത്തില്‍ ഒരാള്‍ ആത്മശുദ്ധി നേടി അവന്റെ പ്രവര്‍ത്തനങ്ങള്‍ അതിനു അനുരൂപമായി സംസ്കരിക്കപ്പെടുമ്പോള്‍ മാത്രമാണ്‌ ഇസ്‌ലാമിന്റെ ഭാഷയില്‍ അവന്‍ വിജയം പ്രാപിക്കുന്നത്‌. അവന്‍ ജീവിക്കുന്ന വ്യവസ്ഥിതി ഏതായിരുന്നാലും.

ഇതിനര്‍ത്ഥം ഏതു നാറിയ ഭരണകൂടത്തേയും താങ്ങി നിര്‍ത്തുവാനും യോജിച്ചു പോകുവാനും മുസല്‍മാന്‍ ബാദ്ധ്യസ്ഥനാണ്‌ എന്നല്ല. മറിച്ച്‌ ഇസ്‌ലാമില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ മനുഷ്യന്റെ ശരീരത്തെ ആര്‍ ഭരിക്കുന്നു, മനുഷ്യന്റെ വീടിനെ ആര്‍ ഭരിക്കുന്നു, മനുഷ്യന്റെ മണ്ണിനെ ആര്‍ ഭരിക്കുന്നു എന്നതിനേക്കാള്‍, മനുഷ്യന്റെ മനസ്സിനെ ആര്‍ ഭരിക്കുന്നു എന്നതിനാണ്‌. ഒരുവന്റെ മനസ്സിനെ അല്ലാഹുവിലുള്ള വിധേയത്വമാണു സമ്പൂര്‍ണ്ണമായി ഭരിക്കുന്നത്‌ എങ്കില്‍ അവന്റെ വാക്കുകളും, വിചാരങ്ങളും, വികാരങ്ങളും, പ്രവര്‍ത്തികളുമൊക്കെ ശുദ്ധമായിരിക്കും. അതില്ലാത്തിടത്തോളം കാലം വ്യവസ്ഥിതിക്ക്‌ ശുദ്ധമാക്കാന്‍ കഴിയില്ല.

മനുഷ്യന്റെ മനസ്സിനേയും അന്തരംഗത്തേയും ദൈവികമായ വിശ്വാസം ഭരിക്കണം എന്നതിനേക്കാള്‍ പ്രാധാന്യമേറിയ മറ്റെന്തെങ്കിലും ഇസ്‌ലാമിലുണ്ട്‌ എന്ന്‌ മനസ്സിലാക്കുവാന്‍ പ്രയാസമാണ്‌.

ഇസ്‌ലാമിനെ ഇതര പ്രത്യയശാസ്‌ത്രങ്ങളുമായി താരതമ്യപ്പെടുത്തി വ്യത്യാസം വിവരിക്കുമ്പോള്‍ ചിലര്‍ ഇസ്‌ലാമും കമ്മ്യൂണിസവുമായി താരതമ്യം ചെയ്യാറുണ്ട്‌. 'കമ്മ്യൂണിസത്തിനു സമ്പത്തിനെക്കുറിച്ചേ സംസാരിക്കാനുള്ളൂ, ജനാധിപത്യത്തിനു വ്യക്തിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച്‌ മാത്രമേ സംസാരിക്കാനുള്ളൂ. എന്നാല്‍ ഇസ്‌ലാം മനുഷ്യജീവിതത്തിന്റെ സമസ്തമേലകളെപ്പറ്റിയും സംസാരിക്കുന്നു' എന്നു പറഞ്ഞാണ്‌ ഇവര്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്താറുള്ളത്‌. എന്നാല്‍ ഒരു ജനാധിപത്യമോ സോഷ്യലിസ്റ്റോ ആയ ഭരണകൂടം മനുഷ്യജീവിതത്തിന്റെ സമസ്തമേലയിലും ആധിപത്യമുറപ്പിക്കത്തക്ക വിധത്തില്‍ ഒരു പ്ലാന്‍ അവതരിപ്പിച്ചാല്‍ അതു ഇസ്‌ലാമിനു തുല്യമാകുമോ?.

കമ്മ്യൂണിസമാകട്ടെ, സാമ്പത്തിക വീക്ഷണം മാത്രമല്ല അവതരിപ്പിക്കുന്നത്‌. മറിച്ച്‌ പ്രപഞ്ചോല്‍പ്പത്തി, മനുഷ്യോല്‍പ്പത്തി, മനുഷ്യചരിത്രം, സംസ്കാരം, ഭാവി എന്നീ കാര്യങ്ങളെപ്പറ്റി വിശദീകരിക്കുന്ന ഒരു ഐഡിയോളജി അവതരിപ്പിക്കുന്നുണ്ട്‌. അതു തെറ്റോ ശരിയോ എന്നതല്ല വിഷയം. മറിച്ച്‌ ഒരു വീക്ഷണം അവതരിപ്പിക്കുന്നു എന്നതാണ്‌. അങ്ങനെയെങ്കില്‍ അത്‌ ഇസ്‌ലാമിനു തുല്യമാകുമോ?. ഇല്ല.

എന്തുകൊണ്ട്‌? ജനാധിപത്യത്തിനും സോഷ്യലിസത്തിനുമൊന്നും മനുഷ്യന്റെ മനസ്സില്‍ സമ്പൂര്‍ണ്ണമായി സ്വാധീനം ചെലുത്തുവാനും അതു വഴി മനുഷ്യന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളേയും പടച്ചവനു സ്വീകാര്യമാകുമോ പ്രതിഫലാര്‍ഹമാകുമോ എന്ന ചിന്തയുടെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്താനും കഴിയില്ല. അത്തരമൊരു ജീവിതദര്‍ശനം ഇസ്‌ലാമിനു മാത്രമേ ഉള്ളൂ. ഇതാണ്‌ ഇസ്‌ലാമും മറ്റു സിദ്ധാന്തങ്ങളും തമ്മിലുള്ള വ്യത്യാസം. ഇതു മനസ്സിലാക്കിക്കൊടുക്കുവാന്‍, ആദ്യം ഇസ്‌ലാമിലെ ഏകദൈവവിശ്വാസം വിശദമാക്കണം. അങ്ങനെയല്ലേ വേണ്ടത്‌?

'ഇസ്‌ലാമിലെ തൗഹീദില്‍ എല്ലാ വിഭാഗക്കാര്‍ക്കും തെറ്റു പറ്റി; സുന്നിക്കും മുജാഹിദിനും തബ്‌ലീഗിനുമൊക്കെ, എന്നാണു ചിലര്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്‌. 'അല്ലാഹുവല്ലാതെ ഭരണാധികാരിയില്ല, അല്ലാഹുവല്ലാതെ യജമാനനില്ല, അല്ലാഹുവല്ലാതെ ആരാധ്യനില്ല' എന്നാണതിനര്‍ത്ഥമെന്ന്‌ അവര്‍ പറയുന്നു. അങ്ങനെ അല്ലാഹുവല്ലാത്ത ഭരണാധികാരികളെ സ്വീകരിക്കല്‍ ഏകദൈവവിശ്വാസത്തിന്റെ നിരാകരണമായതിനാല്‍ ശിര്‍ക്കാണ്‌. അല്ലാഹുവല്ലാത്ത യജമാനനെ അനുസരിക്കപ്പെടേണ്ടവനായി കണക്കാക്കല്‍ 'ലാ-ഇലാഹ ഇല്ലല്ലാഹു' എന്നതിന്റെ നിരാകരണമായതിനാല്‍ അതും ശിര്‍ക്കാണ്‌. അല്ലാഹുവല്ലാത്ത ആരാധ്യരെ സ്വീകരിക്കല്‍ 'ലാ-ഇലാഹ ഇല്ലല്ലാഹു' എന്നതിന്റെ നിരാകരണമായതിനാല്‍ അതും ശിര്‍ക്കാണ്‌. അങ്ങനെ അടിമത്വവും അനുസരണവും ആരാധനയുമൊക്കെ അല്ലാഹുവിനു മാത്രമായിരിക്കണമെന്നും, അല്ലാഹുവല്ലാതെ രാജാവില്ല എന്നും അല്ലാഹുവല്ലാതെ യജമാനനില്ല എന്നും അല്ലാഹുവല്ലാതെ ആരാധ്യനില്ല എന്നും വിശ്വസിക്കുമ്പോള്‍ മാത്രമേ ഒരാള്‍ മുസ്‌ലിമാകൂ' എന്നു ഒരു കൂട്ടര്‍ വാദിക്കുന്നു. എന്നിട്ട്‌ നമ്മോട്‌ ചോദിക്കാറുണ്ട്‌ നിങ്ങള്‍ അല്ലാഹുവിന്റെ പരമാധികാരം അംഗീകരിക്കുന്നുണ്ടോ എന്ന്‌?. അല്ലാഹുവിന്റെ പരമാധികാരം അംഗീകരിക്കാത്ത ഒരാള്‍ക്കും മുസ്‌ലീമാവുക യഥാര്‍ത്ഥത്തില്‍ സാധ്യമല്ല. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല.

എന്നാല്‍ ലാ-ഇലാഹ ഇല്ലല്ലാഹുവിന്‌ അല്ലാഹുവല്ലാതെ രാജാവില്ല എന്നര്‍ത്ഥമുണ്ടോ? സുലൈമാന്‍ നബി(അ) രാജാവായിരുന്നു. അദ്ദേഹം പ്രത്യേകമായ ഒരു രാജസ്ഥാനത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുമുണ്ട്‌.

﴿قَالَ رَبِّ اغْفِرْ لِى وَهَبْ لِى مُلْكاً لاَّ يَنبَغِى لاًّحَدٍ مِّن بَعْدِى إِنَّكَ أَنتَ الْوَهَّابُ ﴾

"അദ്ദേഹം പറഞ്ഞു എന്റെ രക്ഷിതാവേ നീ എനിക്ക്‌ പൊറുത്തുതരികയും എനിക്കു ശേഷം ഒരാള്‍ക്കും തരപ്പെടാത്ത ഒരു രാജവാഴ്ച നീ എനിക്കു പ്രദാനം ചെയ്യുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ തന്നെയാണു ഏറ്റവും വലിയ ദാനശീലന്‍."(സ്വാദ്‌ 38:35)

അദ്ദേഹത്തെ രാജാവ്‌ (മലിക്‌) എന്ന്‌ തന്നെയാണു ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുള്ളതും. അതുപോലെ നംറൂദിനെപ്പറ്റി പറഞ്ഞപ്പോള്‍, അയാളെ രാജാവാക്കിയത്‌ അല്ലാഹുവാണ്‌ എന്നാണ്‌ ഖുര്‍ആന്‍ പറയുന്നത്‌.

أَنْ آتَاهُ اللّهُ الْمُلْكَ

'............അല്ലാഹു അവന്ന്‌ ആധിപത്യം (മുല്‍ക്‌)  നല്‍കിയതിനാലാണ്‌.... 'അല്‍ബറ (2:258)

'മുല്‍ക്‌' എന്നാല്‍ രാജസ്ഥാനമെന്നും 'മലിക്‌' എന്നാല്‍ രാജാവ്‌ എന്നും തന്നെയാണ്‌ അര്‍ത്ഥം. ആ പേര്‍ നംറൂദിനും നല്‍കിയിട്ടുണ്ട്‌ ഖുര്‍ആന്‍. അതേ ഖുര്‍ആന്‍ തന്നെ പറയുന്നു "ആകാശഭൂമികളിലെ രാജാധികാരം അല്ലാഹുവിനു മാത്രമാണെന്ന്‌". ത്വാലൂത്ത്‌ എന്നൊരാള്‍ക്കും രാജസ്ഥാനം നല്‍കിയതായും ഖുര്‍ആനില്‍ കാണാം.

﴿وَقَالَ لَهُمْ نَبِيُّهُمْ إِنَّ اللَّهَ قَدْ بَعَثَ لَكُمْ طَالُوتَ مَلِكًا

'......അല്ലാഹു നിങ്ങള്‍ക്ക്‌ ത്വാലൂത്തിനെ രാജാവായി നിയോഗിച്ചു തന്നിരിക്കുന്നു... ' അല്‍ബറ (2:247)

ഒരിടത്ത്‌ രാജാധികാരം അല്ലാഹുവിനു മാത്രം എന്നു പറയുകയും മറ്റിടങ്ങളില്‍ സുലൈമാന്‍ നബി(അ)ക്കും, നംറൂദിനും, ത്വാലൂത്തിനും അല്ലാഹു രാജാധികാരം നല്‍കിയതായും കാണാം. മുജാഹിദുകള്‍ക്ക്‌ ഈ രണ്ട്‌ രാജാധികാരത്തെ സംബന്ധിച്ചും വേര്‍തിരിച്ച കാഴ്ച്ചപ്പാടാണുള്ളത്‌. അതു അല്ലാഹുവിന്റെ രാജാധികാരത്തില്‍ മറ്റുള്ളവരെ പങ്കുചേര്‍ക്കലാവില്ല-ശിര്‍ക്കല്ല. അതാണു ആലുഇംറാന്‍ 3:26 ല്‍ അല്ലാഹു പറഞ്ഞത്‌.
﴿قُلِ اللَّهُمَّ مَـلِكَ الْمُلْكِ تُؤْتِى الْمُلْكَ مَن تَشَآءُ وَتَنزِعُ الْمُلْكَ مِمَّن تَشَآءُ وَتُعِزُّ مَن تَشَآءُ وَتُذِلُّ مَن تَشَآءُ بِيَدِكَ الْخَيْرُ إِنَّكَ عَلَى كُلِّ شَىْءٍ قَدِيرٌ
"പറയുക: ആധിപത്യത്തിന്റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ ആധിപത്യം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന്‌ നീ ആധിപത്യം എടുത്ത്‌ നീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ പ്രതാപം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്റെ കൈവശമത്രെ നന്മയുള്ളത്‌. നിശ്ചയമായും നീ എല്ലാകാര്യത്തിനും കഴിവുള്ളവനാകുന്നു." (ആലുഇംറാന്‍ 3:26)

അല്ലാഹുവിന്റെ രാജാധികാരത്തിനു അല്ലാഹു തന്നെ പറയുന്ന പേരു مالك الملك എന്നാണ്‌. രാജാധിരാജന്‍ അഥവാ എല്ലാ രാജാക്കന്മാരുടേയും മേലെയുള്ള രാജാവ്‌. അല്ലാഹു തീരുമാനിക്കുന്നിടം വരേക്ക്‌ മാത്രമേ സുലൈമാന്‍ നബി(അ)ക്കും, നംറൂദിനും, ത്വാലൂത്തിനുമൊക്കെ രാജാവായിരിക്കാന്‍ സാധിക്കുകയുള്ളൂ. അത്‌ ഏത്‌ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും ബാധകമാണ്‌. അല്ലാഹു വിചാരിക്കുന്നതിനപ്പുറം അവര്‍ക്ക്‌ അധികാരത്തില്‍ തുടരാന്‍ കഴിയില്ല.

ഒരു നിലക്കും ഭരണാധികാരം സ്വപ്നം പോലും കാണാത്തവര്‍ ഭരണാധികാരികളായ ചരിത്രവും, അതിശക്തരായ ഭരണാധികാരികള്‍ നിമിഷങ്ങള്‍ കൊണ്ട്‌ പുറത്തുപോയതും നമുക്ക്‌ അനുഭവങ്ങളാണ്‌. ആര്‍ക്കാണു ഇത്‌ നല്‍കുവാനും നീക്കുവാനും കഴിയുക.

ആര്‍ ഭരണാധികാരിയാകണമെന്നും, ആര്‍ ഏത്‌ വരെ ഭരിക്കണമെന്നും തീരുമാനിക്കാന്‍ അധികാരമുള്ള എല്ലാ ഭരണാധികാരികളുടേയും മേലെയുള്ള, എല്ലാ അധികാരകേന്ദ്രങ്ങളുടേയും ഉടമയായ അല്ലാഹുവേ എന്നു വിളിക്കാനാണു അല്ലാഹു നമ്മോട്‌ ആവശ്യപ്പെടുന്നതു തന്നെ.

ഇസ്‌ലാമിന്റെ രാഷ്ട്രീയ വീക്ഷണത്തില്‍ ഈ ഭൂമിയില്‍ അല്ലാഹു അനുവദിക്കുന്നിടത്തോളവും അല്ലാഹു നല്‍കുന്നിടത്തോളവും ഭരണാധികാരം അനുഭവിക്കാന്‍ വിധിക്കപ്പെട്ട ആളുകളുണ്ട്‌. അതേയവസരത്തില്‍ അവരേയും അവരുള്‍ക്കൊള്ളുന്ന ഭൂമിയേയും ഭൂമിക്കു മേലെയുള്ള ഉപരിലോകങ്ങളേയും ഒരു പോലെ ഭരിക്കുന്ന രാജാധിരാജനായ അല്ലാഹുവിന്റെ ഭരണം വേറെയുമുണ്ട്‌. രാജാധിരാജനായ അല്ലാഹുവിന്റെ ഭരണത്തിനെതിരായിട്ട്‌ ഒരണു പോലും ഈ ഭൂമിയില്‍ ചലിക്കുകയില്ല എന്നതാണു സത്യം.

ഇന്ന്‌ ചിലര്‍ പറയാറുണ്ട്‌ 'അല്ലാഹുവിന്‌ ഭൂമിയില്‍ നിന്നും ആധിപത്യം നഷ്ട്ടപ്പെട്ടിരിക്കുന്നു. അവന്റെ ആധിപത്യം തിരിച്ചുപിടിക്കാന്‍ ആരുണ്ടിവിടെ, ഞങ്ങളല്ലാതെ എന്ന്‌. ഞങ്ങള്‍ ദൈവത്തിനു നഷ്ട്ടപ്പെട്ട ആധിപത്യം പുനഃസ്ഥാപിക്കാന്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്നുവെന്നാണ്‌' ദൈവാധിപത്യത്തിന്റെ വക്താക്കള്‍ അവകാശപ്പെടാറ്‌.

എന്തൊരു വിവരക്കേടാണിത്‌. ദൈവത്തിനു ആധിപത്യം എവിടേയും നഷ്ട്ടപ്പെട്ടിട്ടില്ല. ദൈവത്തിന്റെ ആധിപത്യം ഈ പ്രപഞ്ചത്തിന്റെ ഒരു കോണില്‍ നിന്നും, ഒരു അണുവില്‍ നിന്നും നഷ്ടപ്പെട്ടിട്ടില്ല. അങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ട്‌ എന്നാരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ അല്ലാഹുവിനെ വേണ്ടരീതിയില്‍ മനസ്സിലാക്കാത്തവരാണ്‌. നേരെമറിച്ച്‌ എന്നേയും അവരേയും ഈ നാട്ടിലെ ഭരണാധികാരികളേയും, അവരുടെ ശ്വാസ-ഉച്ഛാസങ്ങളേയും ഭരിച്ചുകൊണ്ടിരിക്കുന്നത്‌, നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്‌ അല്ലാഹുവാണ്‌. അതിനെതിരായി യാതൊന്നും ഈ പ്രപഞ്ചത്തില്‍ സംഭവിക്കുക സാധ്യമല്ല.

അല്ലാഹുവിനു ആധിപത്യം നഷ്ടപ്പെടുന്ന പ്രശ്നമില്ല.
അല്ലാഹുവിന്റെ ആധിപത്യം മറ്റാരെങ്കിലും കൈയ്യടക്കുന്ന പ്രശ്നവുമില്ല. അല്ലാഹു ചിലപ്പോള്‍ ചീത്ത ആളുകള്‍ക്ക്‌ ആധിപത്യം കൊടുക്കും. ചിലപ്പോള്‍ നല്ല ആളുകള്‍ക്ക്‌ ആധിപത്യം കൊടുക്കും. അതു രണ്ടും പരീക്ഷണമാണ്‌.

ഇത്‌ ഖുര്‍ആനില്‍ പലയിടങ്ങളിലും സൂചിപ്പിക്കുന്നുണ്ട്‌. "നിങ്ങള്‍ക്ക്‌ നാം ആപത്ത്‌ നല്‍കിയും നേട്ടങ്ങള്‍ നല്‍കിയും പരീക്ഷിക്കും; ആപത്തിലും നേട്ടത്തിലും നിങ്ങള്‍ എങ്ങനെ പെരുമാറുന്നുവെന്ന്‌ മനസ്സിലാക്കാന്‍ വേണ്ടി". അങ്ങനെയാണു ഭൂമിയില്‍ സത്യവിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും അല്ലാഹു അധികാരം നല്‍കുന്നത്‌. രണ്ടും പടച്ചവന്റെ ഭരണത്തിന്‍ കീഴിലാണ്‌. നംറൂദ്‌ ഭരിക്കുമ്പോള്‍ അല്ലാഹുവിന്റെ ഭരണം അവസാനിച്ചിട്ടില്ല. ഫിര്‍ഔന്‍ ഭരിക്കുമ്പോള്‍ അല്ലാഹുവിന്റെ ഭരണം മാറ്റിനിര്‍ത്തപ്പെട്ടിട്ടില്ല. ഒരു ദുഷ്ടന്‍ ഭരിക്കുന്നിടത്തു നിന്നും അല്ലാഹുവിന്റെ ഭരണം മാറ്റി നിര്‍ത്തപ്പെട്ടിട്ടില്ല. നേരെമറിച്ച്‌ അല്ലാഹു അയാള്‍ക്ക്‌ അവസരം നല്‍കിയെന്നു മാത്രം.

റസൂല്‍ (സ) പ്രാര്‍ത്ഥിച്ചിരുന്നതായി കാണാം "റബ്ബേ ഞങ്ങളുടെ മേല്‍ ഞങ്ങളോട്‌ കരുണയില്ലാത്തവര്‍ക്ക്‌ അധികാരം നല്‍കാതിരിക്കേണമേ" എന്ന്‌. ഇതിനര്‍ത്ഥം അല്ലാഹു സത്യവിശ്വാസികളുടെ മേല്‍ അവിശ്വാസികള്‍ക്ക്‌ ഭരണം നല്‍കിയേക്കാം എന്നാണല്ലോ. പലനാടുകളിലും അങ്ങനെ സംഭവിച്ചിട്ടുമുണ്ട്‌. അവര്‍ ശാഠ്യവും ധിക്കാരവുമായി മുന്നേറുകയും സത്യവിശ്വാസികളെ തൂത്തെറിയണമെന്ന നിശ്ചയത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ അല്ലാഹു അവരെ തൂത്തെറിയുന്ന കാഴ്ചയാണു കാണാന്‍ കഴിയുക. അതു ചരിത്രയാഥാര്‍ത്ഥ്യമാണ്‌. അതാണു മൂസാ നബി(അ)യുടെ സംഭവുമായി ബന്ധപ്പെട്ട്‌ അഅഖ്‌റാഫ്‌ 7:128,129 ല്‍ പറയുന്നത്‌.

قَالَ مُوسَى لِقَوْمِهِ اسْتَعِينُوا بِاللّهِ وَاصْبِرُواْ إِنَّ الأَرْضَ لِلّهِ يُورِثُهَا مَن يَشَاء مِنْ عِبَادِهِ وَالْعَاقِبَةُ لِلْمُتَّقِينَ
قَالُواْ أُوذِينَا مِن قَبْلِ أَن تَأْتِينَا وَمِن بَعْدِ مَا جِئْتَنَا قَالَ عَسَى رَبُّكُمْ أَن يُهْلِكَ عَدُوَّكُمْ وَيَسْتَخْلِفَكُمْ فِي الأَرْضِ فَيَنظُرَ كَيْفَ تَعْمَلُونَ

'...............അദ്ദേഹം(മൂസാ) പറഞ്ഞു: നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങളുടെ ശത്രുവിനെ നശിപ്പിക്കുകയും, ഭൂമിയില്‍ നിങ്ങളെ അവന്‍ അനന്തരാവകാശികളാക്കുകയും ചെയ്തേക്കാം. എന്നിട്ട്‌ നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന്‌ അവന്‍ നോക്കുന്നതാണ്‌.'

മനുഷ്യന്റെ കാര്യത്തില്‍ അല്ലാഹുവിന്റെ ഭരണത്തെ സംബന്ധിച്ച മുന്‍ തീരുമാനം അതുതന്നെയാണ്‌. മനുഷ്യനു പാപം ചെയ്യുവാനും പുണ്യം ചെയ്യുവാനും സ്വാതന്ത്ര്യം തന്നിരിക്കുന്നുവെന്നതാണു ഇസ്‌ലാമിന്റെ പ്രധാന അധ്യാപനങ്ങളിലൊന്ന്‌. ഈ സ്വാതന്ത്ര്യമാണു മനുഷ്യസൃഷ്ടിപ്പിന്റെ പ്രത്യേകത തന്നെ.

(അല്‍ബറ 2:30) إِنِّي جَاعِلٌ فِي الأَرْضِ خَلِيفَةً

'ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിശ്ചയിക്കാന്‍ പോവുകയാണെ'ന്നു അല്ലാഹു പറഞ്ഞപ്പോള്‍ മലക്കുകള്‍ ചോദിച്ചത്‌ അക്രമം ചെയ്യുന്ന, രക്തം ചിന്തുന്ന ഒരു കൂട്ടരെയാണോ സൃഷ്ടിക്കുന്നത്‌ എന്നായിരുന്നു. എന്താണു 'ഖലീഫ' എന്നത്‌ മലക്കുകള്‍ക്ക്‌ കൃത്യമായി മനസിലായിരുന്നു. 'ഖലീഫ' എന്നാല്‍ 'സ്വാതന്ത്ര്യമുള്ള പ്രതിനിധി അഥവാ സ്ഥാനപതി' എന്നാണു അര്‍ത്ഥം. ഈ ഭൂമിയില്‍ വളരെ മഹത്തായ കാര്യങ്ങള്‍ ഏറ്റെടുത്ത്‌ നടത്തുവാന്‍ സ്വാതന്ത്ര്യമുള്ളവന്‍. ഏത്‌ മാര്‍ഗ്ഗവും തെരെഞ്ഞെടുക്കുവാന്‍ സ്വാതന്ത്ര്യമുള്ളവന്‍. നന്മയുടേയും തിന്മയുടേയും മാര്‍ഗ്ഗങ്ങള്‍ തെരെഞ്ഞെടുക്കുവാന്‍ സ്വാതന്ത്ര്യമുള്ളവന്‍ എന്നതൊക്കെ ഖലീഫ എന്ന വാക്കിന്റെ അര്‍ത്ഥത്തില്‍ അടങ്ങുന്നതുകൊണ്ടാണു മലക്കുകള്‍ അപ്രകാരം ചോദിച്ചത്‌.

സ്വാതന്ത്ര്യം ആര്‍ക്കെവിടെ കിട്ടിയാലും അതിന്റെ ദുരുപയോഗം സംഭവിക്കും; ഇത്‌ സാധാരണ മനസ്സിലാക്കാവുന്ന കാര്യമാണ്‌. എന്നാല്‍ എല്ലാ മനുഷ്യരും അങ്ങനെയല്ല. വിവേകമുള്ള ആളുകള്‍ക്ക്‌ സ്വാതന്ത്ര്യം കിട്ടിയാല്‍ അവര്‍ ലഭിച്ച സ്വാതന്ത്ര്യം നല്ല കാര്യത്തിനു ഉപയോഗിക്കും. അവിവേകികള്‍ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യും. സ്വാതന്ത്ര്യം ഉപയോഗിക്കുന്നിടത്ത്‌ മനുഷ്യനെ നയിക്കുന്നത്‌ -ഭരിക്കുന്നത്‌ -വിവേകമാണോ അല്ല അവിവേകമാണോ എന്ന്‌ നിരീക്ഷിക്കാനാണു മനുഷ്യനെ സൃഷ്ടിച്ചതും ഭൂമിയിലേക്ക്‌ അയച്ചതുമൊക്കെ.

അല്ലാഹു മനുഷ്യര്‍ക്ക്‌ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്‌ എന്നതിനര്‍ത്ഥം അല്ലാഹു തന്റെ ഭരണം നിര്‍ത്തിവച്ചിരിക്കുന്നു എന്നല്ല. അല്ലാഹുവിന്റെ ആധിപത്യത്തിന്റെ ഭാഗം തന്നെയാണു മനുഷ്യനു നല്‍കിയ സ്വാതന്ത്ര്യവും. അല്ലാഹുവിന്റെ ഭരണാധികാരത്തിന്റെ ഭാഗം തന്നെയാണു നംറൂദിനും, ത്വാലൂത്തിനും സുലൈമാന്‍ നബി(അ)ക്കും കൊടുത്ത രാജാധികാരം. അതു അല്ലാഹുവിന്റെ അധികാരത്തില്‍ കുറവു വരുത്തിക്കൊണ്ടോ, അല്ലാഹുവിന്റെ അധികാരം രംഗത്തുനിന്നും മാറ്റിവച്ചുകൊണ്ടോ അല്ല. അല്ലാഹുവിന്റെ അധികാരം നംറൂദിന്റെ ഭരണാധികാരത്തിന്റെ മുന്നില്‍ തോറ്റുപോകുന്ന ഒന്നല്ല.

ഒരു ഭരണാധികാരിയെ എല്ലാ ഭാഗത്തുനിന്നും ഭരിച്ചുകൊണ്ടിരിക്കുന്ന പരമമായ ഭരണാധികാരമാണു അല്ലാഹുവിന്റേത്‌. ആ ഭരണാധികാരത്തില്‍ അല്ലാഹുവിനു മറ്റു പങ്കാളികള്‍ ഉണ്ടെന്നു ചരിത്രത്തില്‍ ഒരു മുസല്‍മാനും വിശ്വസിച്ചിട്ടില്ല. ഉണ്ടെന്ന്‌ തെളിയിക്കാന്‍ ആര്‍ക്കെങ്കിലും സാധ്യമാണോ?.

രാജാധിരാജനായ അല്ലാഹുവെക്കുറിച്ചുള്ള കണിശമായ ധാരണ ചരിത്രത്തിലെ സകല മുസല്‍മാനും ഉണ്ടായിട്ടുണ്ട്‌. എന്നിട്ട്‌ ഇപ്പോള്‍ ഒരു കൂട്ടര്‍ വിളിച്ചു പറയുകയാണു എല്ലാത്തിനും പടച്ചവന്‍ വേണം, പക്ഷെ പടച്ചവന്റെ ആധിപത്യം മാത്രം അംഗീകരിക്കാന്‍ ഇവിടത്തെ ചിലര്‍ സന്നദ്ധരല്ല എന്ന്‌. എന്താണീ പറയുന്നതിന്റെ അര്‍ത്ഥം.

അല്ലാഹുവിന്റെ ആധിപത്യം മുഹമ്മദ്‌ നബി(സ) മാത്രമല്ല അംഗീകരിച്ചിരുന്നത്‌, അബൂജഹലും അറേബ്യയിലെ ബഹുദൈവാരാധകരും മറ്റും അംഗീകരിച്ചിരുന്നു.
സൂറത്ത്‌ മുഅഖ്മിനൂന്‍ 23:84-89 കാണുക.
قُل لِّمَنِ الْأَرْضُ وَمَن فِيهَا إِن كُنتُمْ تَعْلَمُونَ سَيَقُولُونَ لِلَّهِ قُلْ أَفَلَا تَذَكَّرُونَ
قُلْ مَن رَّبُّ السَّمَاوَاتِ السَّبْعِ وَرَبُّ الْعَرْشِ الْعَظِيمِ سَيَقُولُونَ لِلَّهِ قُلْ أَفَلَا تَتَّقُونَ
قُلْ مَن بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِن كُنتُمْ تَعْلَمُونَ
سَيَقُولُونَ لِلَّهِ قُلْ فَأَنَّى تُسْحَرُون
'..........നീ ചോദിക്കുക: എല്ലാ വസ്തുക്കളുടേയും ആധിപത്യം ഒരുവന്റെ കൈവശത്തിലാണ്‌. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി (എവിടെ നിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ).അവര്‍ പറയും: (അതെല്ലാം) അല്ലാഹുവിനുള്ളതാണ്‌.....'

അതു തന്നെയായിരുന്നു മക്കയിലെ മുഴുവന്‍ മുശ്‌രിക്കുകളുടേയും വിശ്വാസം. അതായത്‌ ആകാശഭൂമിയിലുള്ള സകലതിന്റേയും ആധിപത്യം അല്ലാഹുവിനാണെന്ന്‌.

രാജാധിരാജന്‍ അല്ലാഹുവാണെന്ന്‌ മുസ്‌ലിങ്ങള്‍ മാത്രമല്ല മുശ്‌രിക്കുകളും അംഗീകരിച്ചിരുന്നു. എന്നിട്ട്‌ ഇന്ന്‌ ഒരു കൂട്ടര്‍ പറയുന്നു 'ഞങ്ങളല്ലാത്തവരൊക്കെ അല്ലാഹുവല്ലാത്തവരെ പരമാധികാരികളായി സ്വീകരിക്കുന്നുവെന്ന്‌; ഞങ്ങള്‍ മാത്രമാണു അല്ലാഹുവിനു നഷ്ടപ്പെട്ട പരമാധികാരം തിരിച്ചുപിടിക്കാന്‍ പ്രവര്‍ത്തിക്കുന്നതെന്ന്‌ '. എന്തു വിചിത്രമായ രാഷ്ട്രീയ ധാരണയാണിത്‌. ഇത്തരം ധാരണകളുമായി പൊരുത്തപ്പെട്ടുപോകാന്‍ യഥാര്‍ത്ഥ ഇസ്‌ലാമിക വീക്ഷണമുള്ളവര്‍ക്ക്‌ സാധ്യമല്ല.

നേരെമറിച്ച്‌ അല്ലാഹുവിന്റെ അധികാരത്തിന്റെ പരിധി ഏതാണ്‌, അല്ലാഹു മനുഷ്യനു നല്‍കിയ അധികാരത്തിന്റെ പരിധി ഏതാണ്‌ എന്ന്‌ മുസ്‌ലിങ്ങള്‍ക്ക്‌ തിരിച്ചറിയാം. ഒരാള്‍ പ്രതാപിയാകണമോ അതല്ല നിന്ദ്യനാകണമോ എന്നും ഒരാള്‍ അധികാരിയാകണമോ ഭരണീയനാകണമോ എന്നും തീരുമാനിക്കുന്നത്‌ അല്ലാഹുവാണ്‌. ഇതാണ്‌ രാജാധിരാജനായ അല്ലാഹുവെ ശരിക്ക്‌ മനസ്സിലാക്കിയവര്‍ക്ക്‌ എത്തിച്ചേരാവുന്ന നിഗമനം.

കേരളത്തില്‍ ഏതു ഭരണകൂടം അധികാരത്തില്‍ വന്നാലും പടച്ചവന്‍ തോറ്റുപോയി എന്ന്‌ മുസ്‌ലിങ്ങള്‍ക്ക്‌ വിശ്വാസമില്ല. പടച്ചവന്റെ അധികാരം അവസാനിച്ചുവെന്നും, പടച്ചവന്റെ വ്യവസ്ഥ താറുമാറായി എന്നും വിശ്വസിക്കുവാന്‍ നിവൃത്തിയില്ല, അല്ലാഹുവിന്റെ വ്യവസ്ഥ തകര്‍ന്നിട്ടില്ല. അതു അവന്‍ ഉദ്ദേശിക്കും വരെ യാതൊരു തകരാറും ഇല്ലാതെ നിലനില്‍ക്കും.


പിന്നെയെന്താണു പ്രശ്നം?. അത്‌ വ്യവസ്ഥയുടെ മറ്റൊരു ഭാഗമാണ്‌. അതിനെ ഖുര്‍ആന്‍ 'വ്യവസ്ഥ' എന്നല്ല വിശദീകരിക്കുന്നത്‌ തന്നെ. ഒരു മുസല്‍മാന്‍ ദീനിന്റെ പേരില്‍ സംസാരിക്കുമ്പോള്‍ അയാള്‍ ഉപയോഗിക്കുന്ന വാക്കുകളും പ്രയോഗങ്ങളും ഖുര്‍ആനിലും ഹദീസിലും നിന്നുമായിരിക്കണം. ദൈവിക വ്യവസ്ഥ എന്നതിനു ഇവരുടെ അറബി പ്രസിദ്ധീകരണങ്ങളില്‍ ഉപയോഗിച്ച വാക്ക്‌ 'നിളാം ഇലാഹി' എന്നും ഉറുദുവില്‍ 'നിസാമെ ഇലാഹി' എന്നുമാണ്‌. നിളാം ഇലാഹി എന്ന പദപ്രയോഗം തന്നെ ഖുര്‍ആനിനും ഹദീസിനും അജ്ഞാതമാണ്‌. അതിനര്‍ത്ഥം 'ഇലാഹിയായ വ്യവസ്ഥ' ഇല്ല എന്നല്ല. മറിച്ച്‌ ഖുര്‍ആനില്‍ ഉള്ളത്‌ ഇലാഹിയായ മാര്‍ഗ്ഗദര്‍ശനമാണ്‌ അഥവാ ദൈവികമായ മാര്‍ഗ്ഗദര്‍ശനം.

എന്താണ്‌ മാര്‍ഗ്ഗദര്‍ശനം? മുസല്‍മാന്‍ എങ്ങനെയാണു ഭക്ഷണം കഴിക്കേണ്ടത്‌, അയല്‍പക്കബന്ധം പുലര്‍ത്തേണ്ടത്‌, ഭാര്യയോട്‌ പെരുമാറേണ്ടത്‌, കച്ചവടം ചെയ്യേണ്ടത്‌, കൃഷി ചെയ്യേണ്ടത്‌ എന്നു തുടങ്ങി ജീവിതത്തിന്റെ സകല മേഖലയിലേക്കും വെളിച്ചം വീശുന്നതാണ്‌ ദൈവികമായ മാര്‍ഗ്ഗദര്‍ശനം അഥവാ ഹിദായത്ത്‌. ഇതാണു ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌.

ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നത്‌ തന്നെ (2:2) هُدًى لِّلْمُتَّقِينَ എന്നാണ്‌. ജീവിതത്തെ വൃത്തികേടുകളില്‍ നിന്ന്‌ രക്ഷപ്പെടുത്തുവാന്‍ താല്‍പര്യമുള്ളവര്‍ക്ക്‌ മാര്‍ഗ്ഗദര്‍ശനമെന്ന്‌. അല്ലാഹുവിങ്കല്‍ നിന്നുള്ള മാര്‍ഗ്ഗദര്‍ശനം എന്നല്ലാതെ ദൈവികമായ വ്യവസ്ഥ എന്ന്‌ ഖുര്‍ആന്‍ പറയുന്നില്ല.

വ്യവസ്ഥ എന്നതിനു രണ്ടര്‍ത്ഥമുണ്ട്‌.
1) അല്ലാഹു ഈ പ്രപഞ്ചത്തെ നയിക്കുന്ന വ്യവസ്ഥ.
2)ജീവികളേയും, സസ്യലതാദികളേയും, നക്ഷത്രാദിഗോളങ്ങള്‍ തുടങ്ങി സകലതിന്റേയും ജനന-ജീവിത -മരണ വ്യവസ്ഥ.
ആ വ്യവസ്ഥയെ تَقْدِيرُ الْعَزِيزِ الْعَلِيمِ (യാസീന്‍ 36:38) എന്നാണു ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്‌. എല്ലാറ്റിനും കഴിവുള്ളവനും എല്ലാമറിയുന്നവനുമായ അല്ലാഹുവിന്റെ വ്യവസ്ഥ എന്നര്‍ത്ഥം. ആ വ്യവസ്ഥ തകര്‍ക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല, തകരുകയുമില്ല. അത്‌ താറുമാറായി പോകും എന്ന്‌ പേടിച്ചിട്ടല്ല അല്ലാഹു ഭൂമിയിലേക്ക്‌ പ്രവാചകരെ അയച്ചത്‌. മറിച്ച്‌, മനുഷ്യര്‍ വഴിപിഴക്കുമ്പോള്‍ പടച്ചവന്‍ അവരെ നേര്‍മാര്‍ഗ്ഗത്തിലേക്ക്‌ നയിക്കാന്‍ വേണ്ടി അയച്ച ബോധനം അഥവാ 'ഹുദാ' യുമായാണു പ്രവാചകര്‍ വന്നത്‌.

ആ 'ഹുദാ'നൂറു ശതമാനവും അംഗീകരിക്കപ്പെടണമെന്നും അതില്‍ നിന്നുള്ള വ്യതിയാനത്തിനു ദോഷങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും തന്നെയാണ്‌ മുസ്‌ലിങ്ങള്‍ വിശ്വസിക്കുന്നത്‌. അതില്‍ യാതൊരു ഭേദഗതിയോ സംശയത്തിനുള്ള അവകാശമോ ഇല്ല.

'ഹുകുമത്ത്‌' എന്നതാണു മറ്റൊരു വാക്ക്‌. 'ഹുകുമത്തെ ഇലാഹി' എന്നതാണല്ലോ ഈ പ്രസ്ഥാനത്തിന്റെ പ്രാരംഭത്തിലെ മുദ്രാവാക്യം. ഹുകുമത്ത്‌ എന്ന വാക്കിന്റെ കഥയും വ്യത്യസ്തമാണ്‌. അല്ലാഹുവിന്റെ 'ഹുക്മ്‌ എല്ലാം കൂടിച്ചേര്‍ത്ത്‌ ഒറ്റത്തരമായി അവതരിപ്പിക്കുകയല്ല വേണ്ടത്‌. ആധുനിക അറബി ഭാഷയില്‍ ഭരണകൂടം എന്നതിനുപയോഗിക്കുന്ന പദമാണ്‌ 'ഹുകുമത്ത്‌'.

'ഭരണകൂടം' എന്ന അര്‍ത്ഥത്തിലെ 'ഹുകുമത്ത്‌' ഖുര്‍ആനിലില്ല.
പിന്നെ ഖുര്‍ആനില്‍ 'ഹുക്‌മ്‌'എന്ന വാക്ക്‌ ഉണ്ട്‌.

എന്താണു 'ഹുക്‌മ്‌'?. അല്ലാഹു ഈ പ്രപഞ്ചത്തെ ആകമാനം ഭരിച്ചുകൊണ്ടിരിക്കുന്ന ഭരണം എന്നതാണു 'ഹുക്‌മ്‌'ന്റെ ഒരര്‍ത്ഥം. ഭൂമിയുടെ ഭ്രമണം, ദിനരാത്രങ്ങളുടെ മാറ്റങ്ങള്‍, മനുഷ്യന്റെ ജനനമരണങ്ങള്‍ , മഴ പെയ്യുന്നത്‌, കാറ്റടിക്കുന്നത്‌ എന്ന്‌ തുടങ്ങി ഈ പ്രപഞ്ചത്തില്‍ അല്ലാഹുവിന്റെ നിയന്ത്രണങ്ങള്‍ എന്തൊക്കെയുണ്ടോ - നമുക്കറിയുന്നതും, അറിയാത്തതുമായി- അതിനെല്ലാം ഉള്ള പേരായിട്ടാണു ഖുര്‍ആനില്‍ ചില സ്ഥലങ്ങളില്‍ 'ഹുക്‌മ്‌'എന്ന്‌ പ്രയോഗിച്ചിട്ടുള്ളത്‌. (അല്‍കഹ്ഫ്‌ 18:26)
وَلَا يُشْرِكُ فِي حُكْمِهِ أَحَدًا

'അല്ലാഹു അവന്റെ ഹുക്മില്‍ ഒരാളേയും പങ്കുചേര്‍ക്കുന്നില്ല' എന്ന്‌ പറഞ്ഞിടത്ത്‌ ഉദ്ദേശിക്കുന്നത്‌ ആ 'ഹുക്‌മ്‌' ആണ്‌. നേരത്തെ പറഞ്ഞ അല്ലാഹുവിന്‍റ പരമാധികാരം അഥവാ പ്രാപഞ്ചിക ഭരണം, ആ ഭരണത്തില്‍ ഒരാള്‍ക്കും ഇടപെടുക സാധ്യമല്ല. ഒരല്‍പനേരത്തേക്കെങ്കിലും ഈ പ്രപഞ്ച പ്രതിഭാസങ്ങളെ ഭേദഗതിപ്പെടുത്തുവാന്‍ മനുഷ്യനു അധികാരമില്ല, സാധ്യവുമല്ല. അതാണ്‌ അല്ലാഹുവിന്റെ ഹുക്മിന്റെ ഒരു ഭാഗം.

അല്ലാഹുവിന്റെ ഹുക്മിന്‌ മറ്റൊരു ഭാഗമുണ്ട്‌. 'ഇന്നതാണു ഹലാല്‍ , ഇന്നതാണു ഹറാം, ഇന്നതാണു വാജിബ്‌, ഇന്നതാണു മനുഷ്യനു ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതും' എന്നു വിധികല്‍പ്പിക്കാനുള്ള അധികാരമാണ്‌ അത്‌. കളവ്‌ പറയല്‍ പാപമാണ്‌ ,സത്യം പറയല്‍ പുണ്യമാണ്‌, കൊലപാതകം കഠിന പാപമാണ്‌, വ്യഭിചാരം ഏറ്റവും മ്ലേച്ഛമായ പാപമാണ്‌ എന്നിങ്ങനെ പാപത്തെപ്പറ്റിയും പുണ്യത്തെപ്പറ്റിയും പറയാനുള്ള അഥവാ ഹലാല്‍ ഹറാം നിശ്ചയിക്കാനുള്ള അധികാരം അല്ലാഹുവിനു മാത്രമാണ്‌. ആ ഹുക്മില്‍ അല്ലാഹുവല്ലാത്തവരെ ആരെങ്കിലും പങ്കുചേര്‍ത്തിട്ടുണ്ടെങ്കില്‍ , അത്‌ യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിനു നിരക്കാത്തതാണെന്ന്‌ മാത്രമല്ല അവിശ്വാസത്തിന്റേയോ, അല്ലാഹുവോട്‌ പങ്കുചേര്‍ക്കലിന്റേയോ ഭാഗമായിരിക്കുകയും ചെയ്യും. പക്ഷെ അവിടെ ഒരു ചെറിയ ഭേദഗതിയുണ്ട്‌.

ഇവിടെ ചിലര്‍ക്ക്‌ നിയമനിര്‍മ്മാണം എന്നതിനെപ്പറ്റി ഇപ്പോഴും ആശയക്കുഴപ്പമാണ്‌. റൂളും റെഗുലേഷനും വെവ്വേറെയും, റൂള്‍ അല്ലാഹുവിനും, റെഗുലേഷന്‍ മനുഷ്യന്മാര്‍ക്കും എന്നൊക്കെ ചില വീക്ഷണങ്ങള്‍ ഉണ്ട്‌. യഥാര്‍ത്ഥത്തില്‍ റൂള്‍ എന്ത്‌, റെഗുലേഷന്‍ എന്ത്‌ എന്നതല്ല പ്രശ്നം. അടിസ്ഥാനപരമായ പ്രശ്നം എന്തെന്നാല്‍ 'ഇന്നത്‌ പാപമാണ്‌, ഇന്നത്‌ പുണ്യമാണ്‌' എന്നു പറയാനുള്ള അവകാശം അല്ലാഹുവിനു മാത്രമാണ്‌. ഇന്നതു ഇന്ന ഭൗതിക കാരണത്താല്‍ നീ ചെയ്യരുത്‌ അല്ലെങ്കില്‍ ചെയ്യണം എന്നു പറയാനുള്ള അവകാശം അല്ലാഹുവല്ലത്തവര്‍ക്കും ഉണ്ടാകാം. 'ഹറാമാക്കല്‍ - ഹലാലാക്കല്‍ ' എന്നീ വാക്കുകളുടേയും 'ലൗകികമായ അനുവാദം- നിരോധം' എന്നീ വാക്കുകളുടേയും അര്‍ത്ഥങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്‌. ഒരു മനുഷ്യന്‍ മറ്റൊരാളോട്‌ ഒരു കാര്യം ചെയ്യരുത്‌ എന്ന്‌ പറഞ്ഞാല്‍ അതിനര്‍ത്ഥം അതു ഹറാം എന്നല്ല. നീ ചെയ്തുകൊള്ളൂ എന്നു പറഞ്ഞാല്‍ അതിനര്‍ഥം അത്‌ ഹലാല്‍ എന്നുമല്ല. നേരെമറിച്ച്‌, ആ കാര്യം അവന്‍ അനുവദിക്കുന്നു, അല്ലെങ്കില്‍ അനുവദിക്കുന്നില്ല എന്നാണ്‌.
ഒരു മനുഷ്യന്‍ മറ്റൊരാളോട്‌ ഒരു കാര്യം പ്രവര്‍ത്തിക്കരുത്‌ എന്നു പറഞ്ഞാല്‍ അറബി ഭാഷയില്‍ ആ പ്രവര്‍ത്തനത്തെ منع (തടയല്‍) എന്നാണു പറയുക. അങ്ങനെ ഒരു കാര്യം തടയപ്പെട്ടാല്‍, തടയപ്പെട്ടതിനെ ممنوع (തടയപ്പെട്ടത്‌) എന്നു പറയുന്നു. അത്‌ പിതാവ്‌ പുത്രനോട്‌ ചെയ്യരുത്‌ എന്നു പറഞ്ഞതായാലും, അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയോട്‌ ചെയ്യരുത്‌ എന്നു പറഞ്ഞതായാലും ,ഭരണാധികാരി പ്രജകളോട്‌ ചെയ്യരുത്‌ എന്നു പറഞ്ഞതായാലും ശരി, വിശ്വാസവുമായി ബന്ധപ്പെടാതെ പാപപുണ്യങ്ങളുമായി ബന്ധപ്പെടാതെ അല്ലാഹുവിന്റെ ധര്‍മ്മവുമായി ബന്ധപ്പെടാതെ, ദൈവികമായ വിധേയത്വവുമായും വിശ്വാസവുമായും ഏറ്റുമുട്ടാത്ത തരത്തില്‍ ഒരാള്‍ മറ്റൊരാളോട്‌ ഒരു കാര്യം ചെയ്യരുത്‌ എന്ന്‌ പറഞ്ഞാല്‍ അതിനു അര്‍ത്ഥം അയാള്‍ ആ കാര്യം സ്വന്തം നിലക്ക്‌ അനുവദിക്കുന്നു അല്ലെങ്കില്‍ വിലക്കുന്നുവെന്നാണ്‌. എന്നല്ലാതെ അതു ഹറാമാക്കുന്നു - ഹലാലാക്കുന്നു എന്നല്ല.

ഒരു വീട്ടുടമയ്ക്ക്‌ അയാളുടെ വീട്ടില്‍ കാലുകഴുകാതെ ചവിട്ടരുത്‌, പുക വലിക്കരുത്‌ എന്നൊക്കെ പറയാന്‍ അവകാശമുണ്ട്‌. അതൊന്നുമല്ലാത്ത അന്യായമല്ലാത്ത, അധര്‍മ്മമല്ലാത്ത ഒരു കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ അയാള്‍ക്ക്‌ അവിടെ അവകാശമുണ്ട്‌. ഇതു തന്നെയാണു സ്കൂളിന്റെ കാര്യത്തില്‍ ഹെഡ്മാസ്റ്റര്‍ക്കും, രാജ്യത്തിന്റെ കാര്യത്തില്‍ രാജാവിനും ഉള്ളത്‌. ഇങ്ങനെ ഒരാള്‍ അനുവദിക്കുന്ന കാര്യങ്ങള്‍ക്ക്‌ അറബി ഭാഷയില്‍ ഹലാല്‍ എന്ന്‌ പറയില്ല. മറിച്ച്‌ مسموح എന്നാണു പേരു പറയുക.
മതവുമായി ബന്ധപ്പെടാത്ത മേലകളില്‍ ഭരണകൂടങ്ങള്‍ക്ക്‌ ചില നിയന്ത്രണങ്ങള്‍ രാജ്യത്ത്‌ ഏര്‍പ്പെടുത്തേണ്ടി വരും. അതില്‍ ചെയ്യരുത്‌ എന്നതിനു ഹറാം എന്നു പറയില്ല. ഉദാഹരണത്തിനു പുകവലി ഹറാമാണെന്ന്‌, നിരുപാധികമായി പറയാന്‍ ദുനിയാവില്‍ ആര്‍ക്കും അധികാരമില്ല. ഖുര്‍ആന്‍ ചോദിക്കുന്നത്‌ "നിങ്ങളുടെ നാവുകള്‍ വര്‍ണ്ണിക്കും പോലെ ഹലാല്‍ - ഹറാം പ്രഖ്യാപിക്കാന്‍ നിങ്ങള്‍ക്ക്‌ എന്തവകാശമുണ്ട്‌" എന്നാണ്‌ (നഹ്‌ല്‍ 16:116).

എന്നാല്‍ ഇവിടെ 'പുകവലി പാടില്ല' എന്നു പറയാന്‍ അധികാരമുള്ളവര്‍ക്ക്‌ അവകാശമുണ്ട്‌. ഇപ്രകാരം എഴുതി വയ്ക്കുവാനും, നടപ്പാക്കുവാനും അതു ലംഘിച്ചവനെ ശിക്ഷിക്കുവാനും അധികാരികള്‍ക്ക്‌ അവകാശമുണ്ട്‌. അത്‌ പാപത്തിന്റേയും പുണ്യത്തിന്റേയും പേരില്‍ അല്ലാത്തതുകൊണ്ട്‌.
ഏത്‌ കാര്യവും പാപമാണ്‌ പുണ്യമാണ്‌ എന്നൊക്കെ പറയാനുള്ള അവകാശം അല്ലാഹുവിനു മാത്രമാണ്‌. അല്ലാഹു പാപമാണ്‌ എന്ന്‌ പറഞ്ഞതിനെ ലംഘിച്ചുകൊണ്ടോ, അല്ലാഹു പുണ്യമാണ്‌ എന്ന്‌ പറഞ്ഞതിനെ അപമാനിച്ചുകൊണ്ടോ അല്ലാത്ത വിധത്തില്‍ അല്ലാഹുവിന്റെ നിയമത്തിനും ധര്‍മ്മത്തിനും എതിരാകാത്ത വിധത്തില്‍ ഈ ദുനിയാവിലെ ഏതെങ്കിലും ഒരു കാര്യത്തെ സംബന്ധിച്ച്‌ അത്‌ നല്ലതാണെന്നോ, പാടില്ലെന്നോ പറയാന്‍ അധികാരികള്‍ക്ക്‌ അവരുടെ അധികാര പരിധിക്കകത്ത്‌ അവകാശമുണ്ട്.

ലൗകികവും ധാര്‍മ്മികവുമായ കാരണങ്ങളാല്‍ സല്‍ബുദ്ധിയുള്ള മനുഷ്യര്‍ക്ക്‌ അംഗീകരിക്കാന്‍ കഴിയുന്ന കാര്യത്തെയാണു ഖുര്‍ആന്‍ 'മഅറൂഫ്‌' എന്ന പദം കൊണ്ട്‌ വിവക്ഷിക്കുന്നത്‌. അതിന്റെ വിപരീതമാണ്‌ 'മുന്‍കര്‍ '. ഉദാഹരണത്തിനു ഒരു സ്‌ത്രീക്ക്‌ മഹര്‍ കൊടുക്കുന്ന കാര്യമെടുക്കുക. ഒരു പ്രദേശത്ത്‌ ഒരു കാലഘട്ടത്തില്‍ കൊടുത്ത്‌ വരുന്ന തരത്തിലുള്ള മഹര്‍ ആവശ്യപ്പെടുകയാണെങ്കില്‍ അത്‌ معروف ആണ്‌ . അതല്ലാതെ അന്യായമായി ആവശ്യപ്പെടുന്നത്‌ 'മുന്‍കര്‍ ' ആണ്‌ . അത്‌ ഖുര്‍ആനില്‍ പറഞ്ഞതുകൊണ്ട്‌ മാത്രമല്ല 'മഅറൂഫും മുന്‍കറും' ആകുന്നത്‌, ഓരോകാലത്തും സല്‍ബുദ്ധിയുള്ള വിവേകമുള്ള ആളുകള്‍ക്ക്‌ അന്നത്തെ സാഹചര്യമനുസരിച്ച്‌ ന്യായമാണെന്ന്‌ തോന്നുന്ന കാര്യങ്ങളെ 'മഅറൂഫ്‌' എന്ന്‌ പറയുന്നു. അല്ലാത്തതിനെ 'മുന്‍കര്‍ ' എന്നും പറയുന്നു.

ഏതൊരു കാലത്തുമുള്ള സത്യവിശ്വാസികള്‍ അങ്ങനെ അംഗീകരിക്കാവുന്ന കാര്യങ്ങള്‍ ആളുകളോട്‌ ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നവരും അംഗീകരിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ ആളുകളോട്‌ ചെയ്യരുതെന്ന്‌ പറയുന്നവരുമായിരിക്കണം. ഇത്‌ സത്യവിശ്വാസികളോടുള്ള പൊതു നിര്‍ദ്ദേശമാണ്‌ .

ഇസ്‌ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥയെ വിവരിക്കുന്ന പുസ്തകങ്ങള്‍ പരിശോധിച്ചാല്‍ അതില്‍ ആകെ കിട്ടുന്ന തെളിവ്‌ സൂറ തൗബ 9:31 ആയത്താണ്‌.
അതായത്‌ നിയമനിര്‍മ്മാണാധികാരം ദൈവേതരര്‍ക്ക്‌ നല്‍കിയതിനാലാണു യഹൂദ-ക്രൈസ്തവര്‍ അല്ലാഹുവിങ്കല്‍ ശപിക്കപ്പെട്ടവരായത്‌. ഖുര്‍ആന്‍ അതിനെ വിമര്‍ശിച്ചു കൊണ്ട്‌ "അവര്‍ അവരുടെ പണ്ഡിതന്മാരേയും പുരോഹിതന്മാരേയും അല്ലാഹുവിനു പുറമേ റബ്ബുകളാക്കി" എന്ന്‌ പറഞ്ഞു. ഈ ആയത്ത്‌ സംബന്ധിച്ച്‌ അദിയ്യ്‌ ബിനു ഹാത്തിം റസൂലിനോട്‌ സംശയം ചോദിച്ചപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞത്‌ 'അവര്‍ അല്ലാഹു ഹറാമാക്കിയതിനെ ഹലാലാക്കുകയും അല്ലാഹു ഹലാലാക്കിയതിനെ ഹറാമാക്കുകയും ചെയ്താല്‍ അവരെ അനുസരിക്കില്ലേ? ഇത്‌ തന്നെയാണ്‌ അവരെ ദൈവമാക്കല്‍', എന്നാണ്‌.

ഇതിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ സിദ്ധാന്തത്തിന്റെ ആളുകള്‍ ചോദിക്കുകയാണ്‌ 'മതാദ്ധ്യക്ഷന്മാര്‍ക്ക്‌ നിയമനിര്‍മ്മാണാധികാരം നല്‍കിയവര്‍ കാഫിറുകളായതു പോലെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നിയമനിര്‍മ്മാണാധികാരം കൊടുത്ത നിങ്ങളും കാഫിറുകളല്ലേ എന്ന്‌.' അതാണിവിടത്തെ പ്രസക്തമായ ചോദ്യം.
ഇത്‌ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്‌. ഇസ്രായേല്യര്‍ ആരെയൊക്കെ അനുസരിച്ചിട്ടുണ്ട്‌? അവര്‍ നല്ലതും ചീത്തയുമായ ഒരുപാട്‌ രാജാക്കന്മാരേയും മന്ത്രിമാരേയും അനുസരിച്ചിട്ടുണ്ട്‌. മാര്‍പ്പാപ്പമാരുടെ ചാക്രിക ലേഖനങ്ങള്‍ അങ്ങേയറ്റം ബഹുമാനത്തോടെ അനുസരിച്ചിരുന്നപ്പോള്‍ തന്നെ അവര്‍ ജൂലിയറ്റ് സീസറുടെ കല്‍പനകളും അഗസ്റ്റസിന്റെ നിയമങ്ങളും അനുസരിക്കുന്നവരുമായിരുന്നു. അതുപോലെ കോണ്‍സ്റ്റന്‍ടൈന്റേയും മറ്റനേകം രാജാക്കന്മാരുടേയും നിയമങ്ങള്‍ അനുസരിക്കുന്നവരുമായിരുന്നു. എന്നിട്ടെന്തുകൊണ്ട്‌ അല്ലാഹു "അവര്‍ അവരുടെ രാജാക്കന്മാരേയും മന്ത്രിമാരേയും അല്ലാഹുവിനു പുറമേ റബ്ബുകളാക്കി" എന്ന്‌ പറഞ്ഞില്ല. രണ്ട്‌ അനുസരണവും തുല്യമാണെങ്കില്‍ അല്ലാഹു അതും പറയേണ്ടതല്ലേ?. എന്താണു പറയാത്തതിന്റെ കാരണം?

വിശുദ്ധ ഖുര്‍ആനിലെ പ്രസ്തുത വാക്യത്തിലൂടെ വിമര്‍ശിക്കപ്പെട്ടവര്‍ മാര്‍പ്പാപ്പമാരെ മാത്രമോ ബിഷപ്പുമാരെ മാത്രമോ അനുസരിച്ചിരുന്നവരല്ല. ഒരു വശത്ത്‌ മാര്‍പ്പാപ്പയെ അനുസരിച്ചിരുന്നതിനു ഒപ്പം തന്നെ അവര്‍ റോമാ ചക്രവര്‍ത്തിമാരേയും അനുസരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അല്ലാഹു അവരെ ആക്ഷേപിച്ചിട്ടില്ല. മറിച്ച്‌ മതാദ്ധ്യക്ഷരെ അനുസരിച്ചതിനാലാണു അവരെ റബ്ബുകളാക്കി എന്ന്‌ പറഞ്ഞത്‌.

ഇവിടെയാണൂ ഹറാമിന്റേയും ഹലാലിന്റേയും 'മസ്മൂഹ്‌'ന്റേയും 'മംനൂഅ'ന്റേയും മാനദണ്ഡങ്ങള്‍ വേര്‍തിരിച്ച്‌ മനസ്സിലാക്കേണ്ടത്‌. ഒരാള്‍ ഒരു വാക്ക്‌ പറഞ്ഞത്‌ മൂലം മറ്റേയാള്‍ അതിനെ പാപമായോ അല്ലെങ്കില്‍ പുണ്യമായോ കണക്കാക്കുന്നുവെങ്കില്‍ അയാളെ റബ്ബാക്കലാണ്‌ ആ പ്രവൃത്തി. നേരെമറിച്ച്‌ ഭൗതികമായ കാരണങ്ങളാല്‍ ഒരാള്‍ ഒരു കാര്യം ചെയ്യരുതെന്നോ അല്ലെങ്കില്‍ ചെയ്യണമെന്നോ പറയുകയും, ആ ഭൗതികമായ കാരണങ്ങളാല്‍ മാത്രം മതത്തിനെതിരാവാത്ത വിധത്തില്‍ ആ കാര്യം ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ ചെയ്യുകയോ ആണെങ്കില്‍ ആ പ്രവൃത്തിയെ റബ്ബാക്കുക എന്ന്‌ പറയുകയില്ല. ഇതാണു ഹറാമിന്റേയും ഹലാലിന്റേയും, 'മസ്മൂഹ്‌'ന്റേയും 'മംനൂഅ'ന്റേയും ആശയങ്ങള്‍ തമ്മിലെ വ്യത്യാസം.
എന്നാല്‍ മാര്‍പ്പാപ്പമാരുടെ കാര്യം അങ്ങനെയല്ല. സന്താനനിയന്ത്രണം ഹലാലാണെന്ന്‌ മാര്‍പ്പാപ്പ ഇടയ ലേഖനമിറക്കിയാല്‍ ലോകത്തങ്ങോളമിങ്ങോളമുള്ള ക്രൈസ്തവര്‍ അത്‌ ഹലാലായി കണക്കാക്കും. ഹറാമെന്ന്‌ ലേഖനമിറക്കിയാല്‍ അത്‌ ഹറാമായി അവര്‍ കണക്കാക്കും. നേരെമറിച്ച്‌ ഇറ്റലിയിലേയും ഫ്രാന്‍സിലേയും മറ്റും ഭരണാധികാരികള്‍ ഒരു കല്‍പന പുറപ്പെടുവിച്ചാല്‍ അത്‌ ക്രൈസ്തവലോകം അംഗീകരിച്ചുകൊള്ളണമെന്നില്ല. ഹലാലും ഹറാമുമായി കണക്കാക്കുകയുമില്ല. രാജാവിന്റെ നിയമത്തോടുള്ള ബന്ധവും മാര്‍പ്പാപ്പയുടെ നിയമത്തോടുള്ള ബന്ധവും വ്യത്യസ്തമായതിനാലാണു ഇപ്രകാരം സംഭവിക്കുന്നത്‌.
മാര്‍പ്പാപ്പക്കുള്ള അനുസരണം പോലീസും പട്ടാളവും കാണുന്നിടത്ത്‌ മാത്രമല്ല. അത്‌ ഒരോരുത്തരുടേയും സ്വകാര്യജീവിതത്തിലും, മറ്റൊരാളും കാണാന്‍ ഇല്ലാത്ത അവസ്ഥയിലും അനുസരിക്കപ്പെടും. പാപത്തെപ്പറ്റിയും പുണ്യത്തെപ്പറ്റിയും വിശ്വാസം ഉള്ളതുകൊണ്ടാണു അങ്ങനെ സംഭവിക്കുന്നത്‌. പാപം ചെയ്താല്‍ അതിനു ശിക്ഷ ദൈവത്തില്‍ നിന്ന്‌ ലഭിക്കുമെന്നും പുണ്യത്തിന്‌ ദൈവികമായ പ്രതിഫലം ലഭിക്കുമെന്നും വിശ്വാസമുള്ളതിനാലാണു അവര്‍ സ്വകാര്യ ജീവിതത്തില്‍ വരെ മാര്‍പാപ്പയുടെ നിയമം അനുസരിക്കുന്നത്‌. എന്നാല്‍ ഭരണാധികാരികളെ അനുസരിക്കുന്നത്‌ ഇതില്‍ നിന്നും വ്യത്യസ്തമാണ്‌. എത്ര വലിയ രാജഭക്തനായിരുന്നാലും പോലീസിന്റേയൂം പട്ടാളത്തിന്റേയും കാഴ്ചക്ക്‌ പുറത്ത്‌ സ്ഥിതി കൊള്ളുമ്പോഴും എന്തും ചെയ്യാന്‍ സ്വാതന്ത്ര്യമുള്ളിടങ്ങളിലും അയാള്‍ ആ നിയമം ലംഘിച്ചേക്കാം. കാരണം ആ അനുസരണത്തിനു കേവലം ഭൗതിക ബന്ധം മാത്രമേയുള്ളൂ. അഭൗതികതയുടെ -വിശ്വാസത്തിന്റെ - കണിക പോലുമില്ല. രാജാവിനുള്ള അനുസരണം അയാളോടുള്ള ഭൗതികമായ പേടിയാലോ, ബഹുമാനത്താലോ, അയാളില്‍ നിന്നുള്ള നേട്ടത്തിനോ വേണ്ടിയായിരിക്കും.

ഇത്‌ തന്നെയാണു ജനാധിപത്യത്തിന്റെ കാര്യത്തിലും ഉള്ളത്‌. ഈ സിദ്ധാന്തത്തോട്‌ കൂറും വിധേയത്വവും എത്രമാത്രം ആണയിട്ട്‌ പറയുന്ന മനുഷ്യരും അതിലെ തങ്ങള്‍ക്ക്‌ അനുകൂലമല്ലാത്ത ആശയങ്ങള്‍ അംഗീകരിക്കുകയില്ല. ഇനി അഥവാ അംഗീകരിക്കുകയാണെങ്കിലോ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കിടയിലും പാര്‍ട്ടി യോഗങ്ങളിലും മറ്റും അതിനോട്‌ യോജിപ്പ്‌ പ്രകടിപ്പിച്ചു എന്ന്‌ വരാം. ഉദാഹരണത്തിനു മതവിശ്വാസം പിന്തിരിപ്പനാണെന്നു പാര്‍ട്ടി ഭാഷ്യം ഉണ്ടെങ്കില്‍ അയാള്‍ പാര്‍ട്ടിക്കാര്‍ക്കിടയില്‍ ആദര്‍ശക്കാരനായിരിക്കും. എന്നാല്‍ സ്വകാര്യമായി ശബരിമലയിലോ ഗുരുവായൂരോ ഒക്കെ പോയി എന്നും വരാം. മതം പിന്തിരിപ്പനാണ്‌ എന്ന്‌ അയാള്‍ വിശ്വസിച്ചതും പ്രവര്‍ത്തിച്ചതും ആ വ്യവസ്ഥയേയും ജനങ്ങളേയും പാര്‍ട്ടിക്കാരേയും പേടിച്ചിട്ടാണ്‌. എന്നാല്‍ ശബരിമലയില്‍ പോയത്‌ അവന്റെ മനസ്സിനെ ഭരിക്കുന്ന വിശ്വാസത്താല്‍ പ്രചോദിതനായാണ്‌. പൊതുരംഗത്ത്‌ വലിയ വലിയ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നവര്‍ അവരുടെ സ്വകാര്യതയില്‍ ആ മുദ്രാവാക്യം വലിച്ചെറിയാറുണ്ട്‌. ഇത്‌ എല്ലാവര്‍ക്കും ബാധകമാണ്‌. എന്നാല്‍ മതാദ്ധ്യക്ഷന്മാരെ അനുസരിക്കുന്നത്‌ സ്വകാര്യതയിലും പരസ്യത്തിലും ഒരു പോലെ ബഹുമാനത്തോടും മനസംതൃപ്തിയോടും കൂടിയാണ്‌. അതാണ്‌ ഭരണാധികാരിയുടേയും മതാദ്ധ്യക്ഷന്റേയും നിയമത്തോടുള്ള അനുസരണത്തിന്റെ വ്യത്യാസം.

ഹറാമിന്റേയും ഹലാലിന്റേയും കാര്യം വിശ്വാസവുമായും പാപപുണ്യങ്ങളുമായും ബന്ധപ്പെട്ടതാണ്‌. ഒന്നുകൂടി വ്യക്തമാക്കിയാല്‍ ഒരു സത്യവിശ്വാസി മോഷ്ടിക്കാതിരിക്കുന്നത്‌ 'എന്റെ കൈപ്പത്തി മുറിഞ്ഞുപോകും' എന്ന്‌ പേടിച്ചിട്ടാണെങ്കില്‍ അവനു പടച്ചവന്റെ അടുക്കല്‍ കൂലിയില്ല. അവന്‍ മോഷ്ടിക്കാതിരുന്നത്‌ അല്ലാഹു വിരോധിച്ചതാണു ഇത്‌ എന്നും, ഇത്‌ ചെയ്താല്‍ നരകത്തില്‍ പോകേണ്ടിവരും എന്നും പേടിച്ചിട്ടാണെങ്കില്‍ അവനു അല്ലാഹുവിങ്കല്‍ നിന്ന്‌ പ്രതിഫലമുണ്ട്‌. ഒരു മുതലാളി ഇസ്‌ലാമിക സര്‍ക്കാരിനു വേണ്ടി സക്കാത്ത്‌ കൊടുത്താല്‍ അത്‌ അല്ലാഹുവിങ്കല്‍ സക്കാത്താവുകയില്ല. മനസ്സിലുള്ള ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണു സകാത്ത്‌ നല്‍കിയതെങ്കില്‍ അത്‌ അല്ലാഹുവിങ്കല്‍ സ്വീകാര്യവും പ്രതിഫലാര്‍ഹവുമായിരിക്കും.

ഇസ്‌ലാം യഥാര്‍ത്ഥത്തില്‍ ആളുകളെ മോഷണത്തില്‍ നിന്ന്‌ സംശുദ്ധരാക്കാന്‍ വേണ്ടിയല്ല കൈമുറിക്കല്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയത്‌. പാപങ്ങളില്‍ നിന്ന്‌ ആളുകളെ ശുദ്ധീകരിക്കുന്ന പ്രവര്‍ത്തനം പ്രവാചകന്മാര്‍ മുഖേനയുള്ള 'തസ്കിയത്ത്‌' ആണ്‌. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ ജനങ്ങള്‍ക്ക്‌ മനസ്സിലാക്കി കൊടുത്ത്‌ അതിന്റെ അടിസ്ഥാനത്തില്‍ ആളുകളുടെ വാക്കിനേയും നോക്കിനേയും മനസ്സിനേയും പ്രവൃത്തികളേയും പരിശുദ്ധമാക്കുന്നതിനെയാണു 'തസ്കിയത്ത്‌' എന്നു പറയുന്നത്‌. ആ 'തസ്കിയത്ത്‌' മുഖേനയാണു മോഷണം ഇല്ലാതാക്കാന്‍ ഇസ്‌ലാം ശ്രമിക്കുന്നത്‌. ആളുകളുടെ കൈമുറിച്ച്‌ പേടിപ്പിച്ച്‌ മോഷണം ഇല്ലാതാക്കാനല്ല മതം ശ്രമിക്കുന്നത്‌.
പിന്നെ എന്തിനാണ്‌ കൈമുറിക്കുന്നത്‌? സംശയമുണ്ടാകാം. ഇസ്‌ലാമില്‍ കൈമുറിക്കല്‍ സമ്പ്രദായം മോഷണം എന്ന പാപം ഇല്ലാതാക്കാനല്ല.
മോഷണത്തില്‍ പാപം മാത്രമല്ല ഉള്‍ക്കൊള്ളുന്നത്‌, അത്‌ മറ്റൊരാള്‍ക്ക്‌ ദ്രോഹവും വരുത്തിവയ്ക്കുന്നു. ഒരാള്‍ മറ്റൊരാള്‍ക്ക്‌ ദ്രോഹം വരുത്താനിടയില്ലാത്തവിധം കളവു പറയുന്നുവെങ്കില്‍ അത്‌ പാപം മാത്രമാണ്‌, അയാള്‍ സ്വന്തം പ്രവൃത്തി മൂലം പാപിയായി. നേരെമറിച്ച്‌ ഒരാളുടെ സ്വത്ത്‌ അപഹരിക്കുവാനോ, ഒരാളെ വഞ്ചിച്ച്‌ കൊല്ലുവാനോ വേണ്ടിയാണെങ്കില്‍ ആ കളവു പറയല്‍ പാപം മാത്രമല്ല, മറ്റൊരാളോട്‌ ചെയ്യുന്ന ക്രിമിനല്‍ കുറ്റവുമാണ്‌.
അന്യരെ ചീത്തയാക്കുന്ന, അന്യരെ ദ്രോഹിക്കുന്ന ക്രിമിനല്‍ സ്വഭാവമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. ഒരു ആദര്‍ശമെന്ന നിലക്കല്ല മറിച്ച്‌ മുസ്‌ലിം സമൂഹത്തിന്റെ ജീവിതം അക്രമികളില്‍ നിന്ന്‌ സുരക്ഷിതമാക്കുവാന്‍ വേണ്ടിയാണിത്‌. അഥവാ സമ്പത്തിന്റേയും സമൂഹത്തിന്റേയും വ്യക്തിയുടേയും സുരക്ഷിതത്വത്തിനു വേണ്ടിയാണ്‌ അത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നത്.

പാപങ്ങള്‍ രണ്ടു വിധം. ഒന്ന്‌ സ്വയം ചീത്തയാവുന്നവ മറ്റൊന്ന്‌ സ്വയം ചീത്തയാവുന്നതോടൊപ്പം സമൂഹത്തേയും ചീത്തയാക്കുന്നവ. 'ഇസ്‌മ്‌ ' അഥവാ അധര്‍മ്മം ചെയ്തതിന്റെ പേരില്‍ മാത്രം ദുനിയാവില്‍ വച്ച്‌ അല്ലാഹു ആരേയും ശിക്ഷിക്കുന്നില്ല. തന്റെ ജീവിതത്തെ മാത്രം ബാധിക്കുന്ന മറ്റാരേയും ബാധിക്കാത്ത തെറ്റുകള്‍ സ്വകാര്യമായി ചെയ്യുന്നതില്‍ ഇടപെടാന്‍ ഇസ്‌ലാം ആരേയും അനുവദിക്കുന്നുമില്ല. ഉദാഹരണത്തിന്‌ സ്വകാര്യമായി വീട്ടില്‍ വച്ചു സ്‌ത്രീ പുരുഷന്മാര്‍ വ്യഭിചരിച്ചു എന്ന്‌ കരുതുക, മൂന്നാമതൊരാള്‍ അറിയാത്ത രീതിയില്‍. അതില്‍ ഇടപെടാന്‍ മതം അനുശാസിക്കുന്നില്ല. നേരെമറിച്ച്‌ സമൂഹത്തിന്റെ സദാചാര ഭദ്രതക്ക്‌ വിള്ളല്‍ ഉണ്ടാക്കുന്ന തരത്തില്‍ ഒരാള്‍ പരസ്യമായി വ്യഭിചരിക്കാന്‍ മുതിര്‍ന്നാല്‍ അത്‌ കേവലം പാപത്തിന്റെ കാര്യം മാത്രമല്ല. ആ സമൂഹത്തെ മുഴുവന്‍ നശിപ്പിക്കാന്‍ പ്രേരണ നല്‍കും വിധമുള്ള ക്രിമിനല്‍ കുറ്റവുമാണ്‌.

ആ ക്രിമിനല്‍ കുറ്റത്തെ തടയാന്‍ വേണ്ടിയാണു വ്യഭിചാരത്തിനു ഇസ്‌ലാം ശിക്ഷ വിധിച്ചത്‌. അതുപോലെ മോഷ്ടിക്കുക എന്നത്‌ സ്വയം മോശമാവുന്ന പ്രവൃത്തി എന്നതിലുപരി അന്യന്റെ ഭദ്രതയെ തുരങ്കം വക്കുന്ന പണിയാണ്‌. ആ ഭീഷണിയെ തടയേണ്ടത്‌ സമൂഹത്തിന്റെ ബാധ്യതയാണ്‌. അതിനു വേണ്ടിയാണ്‌ മോഷണത്തിനു കൈമുറിക്കാന്‍ ഇസ്‌ലാം നിയമം വച്ചത്‌. ഭൗതിക ലോകത്തിലെ സകല ഇസ്‌ലാമിക ശിക്ഷാ രീതികള്‍ക്കും ആധാരം മനുഷ്യന്‍ സ്വയം തെറ്റു ചെയുന്നത്‌ തടയുക എന്നതല്ല, മറിച്ച്‌ സമൂഹത്തെ ശാരീരികമായോ സാമ്പത്തികമായോ സാംസ്കാരികമായോ സദാചാരപരമായോ ദ്രോഹിക്കുന്നതില്‍ നിന്ന്‌ തടയാന്‍ വേണ്ടിയാണ്‌. വ്യഭിചാരത്തിനുള്ള പടച്ചവന്റെ ശിക്ഷ നരകശിക്ഷയാണ്‌. എന്നാല്‍ 100 അടി അടിക്കുകയോ കല്ലെറിയുകയോ എന്ന ഭൗതിക ശിക്ഷ മുസ്‌ലിം ഭരണകൂടം നടത്തുന്നത്‌ വ്യഭിചരിച്ചതിനുള്ള ശിക്ഷ ആയിട്ടല്ല. നേരെമറിച്ച്‌ പരസ്യമായി വ്യഭിചരിക്കുകയും, ഈ സമൂഹത്തെ സദാചാരപരമായി തകര്‍ക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തതിനുള്ള ശിക്ഷയായിട്ടാണ്‌.

അല്ലാഹു പ്രാധാന്യം നല്‍കുന്നത്‌ ഒരു മനുഷ്യന്‍ ഭൗതികമായ ശിക്ഷാവിധി പേടിച്ച്‌ തെറ്റ്‌ ചെയ്യാതിരിക്കുക എന്നതിലുപരി പരലോക ശിക്ഷയെ ഭയന്ന്‌ തെറ്റുകള്‍ ചെയ്യാതിരിക്കുക എന്നതിനാണ്‌. ഒരു വ്യഭിചാരിയുടെ പ്രവൃത്തി മുസ്‌ലിം ഭരണാധികാരിയുടെ ശ്രദ്ധയില്‍ പെടുകയും ശിക്ഷാര്‍ഹനാകുകയും ചെയുകയോ, ശ്രദ്ധയില്‍ പെടാത്തതിനാല്‍ ശിക്ഷാര്‍ഹനല്ലാതായിത്തീരുകയും, എന്നിട്ട്‌ ആ തെറ്റിന്റെ പേരില്‍ പശ്ചാത്തപിക്കാതെ മരണപ്പെടുകയും ചെയ്താല്‍ അയാള്‍ക്ക്‌ നരകശിക്ഷ ഉറപ്പാണ്‌. വ്യഭിചാരത്തിനുള്ള അല്ലാഹുവിന്റെ ശിക്ഷ അതാണ്‌. ഭൂമിയിലെ ശിക്ഷ ലഭിച്ചുവെന്നതോ, ലഭിച്ചില്ല എന്നതോ നരക ശിക്ഷ ഒഴിവാക്കാന്‍ കാരണമാകുന്നില്ല, അയാള്‍ പശ്ചാത്തപിച്ചാലൊഴികെ.

ഇസ്‌ലാം ദീന്‍ ഒന്നാമതായി ഉദ്ദേശിക്കുന്നത്‌ മനുഷ്യന്റെ മനസ്സില്‍ വിശ്വാസം ഉണ്ടാക്കുകയും ആ വിശ്വാസം മുഖേന അവനെ സല്‍പ്രവൃത്തികളിലേക്ക്‌ നയിക്കുകയും പാപങ്ങളില്‍ നിന്ന്‌ അകറ്റി നിര്‍ത്തുകയും ചെയ്യുക എന്നതിനാണ്‌. അതിനു ഭരണകൂടങ്ങള്‍ ഉണ്ടാകുന്നത്‌ നല്ലതാണ്‌ എന്നത്‌ ശരിയാണെങ്കിലും, അത്‌ അനിവാര്യമാകണമെന്നില്ല. ഒരു നല്ല ഭരണകൂടത്തിനോ ദുഷ്ട ഭരണകൂടത്തിനോ ഒരാളെ നന്നാക്കുവാനോ ചീത്തയാക്കുവാനോ കഴിയണമെന്നില്ല.
ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തിലെ സര്‍ക്കാര്‍ മദ്യം അനുവദിച്ചുവെന്നതിനാല്‍ ഈ നാട്ടിലെ വിശ്വാസികള്‍ കുടിയന്മാരാകണമെന്നില്ല. കള്ള്‌ നിരോധിച്ചുവെന്നതുകൊണ്ട്‌ മദ്യപാനികള്‍ കുടി നിര്‍ത്തണമെന്നുമില്ല. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ അനുവദിച്ചതോ നിരോധിച്ചതോ എന്നത്‌ അയാളുടെ കള്ളിനോടുള്ള സമീപനത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നില്ല. ഉദാഹരണമായി കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങള്‍ മതവിശ്വാസത്തിനെതിരെ അവര്‍ക്ക്‌ സാധ്യമായ വിധത്തില്‍ പ്രവര്‍ത്തിച്ചിട്ടും ആ രാജ്യങ്ങളില്‍ ബഹുഭൂരിപക്ഷവും മതവിശ്വാസികളായി ജീവിക്കുന്നതായി നാമറിയാന്‍ ഇടയായല്ലോ! ഇതെന്തുകൊണ്ടു സംഭവിച്ചു? ഭരണകൂടം മനുഷ്യന്റെ ബാഹ്യരംഗങ്ങള്‍ ഭരിക്കുന്നു എന്നല്ലാതെ മനസ്സിനേയും വിശ്വാസത്തേയും ഭരിക്കാന്‍ അതിനു കഴിയില്ല എന്നതിന്റെ സത്യമായ വശമാണത്‌.

മുസ്‌ലിം ലോകത്തിന്റെ അവസ്ഥയും ഇങ്ങനെയൊക്കെ തന്നെയാണ്‌. അതു മര്‍ഹൂം അബുല്‍ അഅലാ മൗദുദി സാഹിബിന്റെ 'മതപ്രബോധകന്മാരുടെ സവിശേഷതകള്‍' എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നുണ്ട്‌. 'പ്രബോധന'ത്തില്‍ അത്‌ ഖണ്ഡശ്ശ:യായി പ്രസിദ്ധീകരിക്കുകയുണ്ടായി. അതില്‍ അദ്ദേഹം പറയുന്നത്‌ 'ലോകത്തിന്റെ പല ഭാഗങ്ങളിലും ഭരണാധികാരത്തിന്റെ കൂടെ മതം കടന്ന്‌ വന്നിടങ്ങളില്‍ , ഭരണാധികാരം പോയപ്പോള്‍ മതവും പടിയിറങ്ങിപ്പോയതാണു കാണാന്‍ കഴിയുന്നത്‌. സ്പെയിനില്‍ ഭരണാധികാരത്തോടൊപ്പം ഇസ്‌ലാം കടന്നു വന്നു. ഭരണാധികാരം പോയപ്പോള്‍ ഇസ്‌ലാമും പോയി. അതുപോലെ വടക്കെ ഇന്ത്യയിലെ പല മേഖലകളിലും രാജാക്കന്മാരോടൊപ്പം ഇസ്‌ലാം വന്നു. അവര്‍ പോയപ്പോള്‍ ഇസ്‌ലാമും പോയി. നേരെ മറിച്ച്‌ ഏതെങ്കിലും നിസ്വാര്‍ത്ഥരായ കച്ചവടക്കാരുടേയോ അധ്യാപകരുടേയോ പ്രബോധകന്മാരുടേയോ ശ്രമഫലമായി ഇസ്‌ലാം കടന്നുവന്നിടങ്ങളില്‍ അവിടെ അവരുടെ കാലശേഷവും അനുകൂലവും പ്രതികൂലവും ആയ രാഷ്ട്രീയ സാഹചര്യങ്ങളിലും മതം നിലനില്‍ക്കുന്നു.' ഇതിനു എമ്പാടും ഉദാഹരണങ്ങള്‍ അദ്ദേഹം നല്‍കുന്നുണ്ട്‌. ഇത്‌ അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത്‌ എഴുതിയ പുസ്തകമാണ്‌. ഇത്‌ മലയാളത്തില്‍ ഗ്രന്ഥമായി പ്രസിദ്ധീകരിച്ചിട്ടില്ല.

ആ ലേഖനത്തിന്റെ ഉള്ളടക്കത്തില്‍ നിന്ന്‌ നമുക്കെന്ത്‌ മനസ്സിലാക്കുവാന്‍ കഴിയും?. ഒരു നല്ല മുസ്‌ലിം ഭരണാധികാരിക്ക്‌ ഇസ്‌ലാം അവിടെ നിലനിര്‍ത്തുന്നതിനും, ചൈതന്യവത്താക്കുന്നതിനും അതിനു വേണ്ടി സേവനങ്ങള്‍ ചെയ്യുന്നതിനും ഒക്കെ വളരെ വലിയ പങ്കുവഹിക്കാന്‍ കഴിയും എന്നത്‌ ശരിയാണ്‌. എങ്കിലും ഒരു ഭരണാധികാരി പോയത്‌ കൊണ്ടു മാത്രമോ അല്ലെങ്കില്‍ ഭരണാധികാരം കിട്ടിയില്ല എന്നത്‌ കൊണ്ടു മാത്രമോ ഇസ്‌ലാം ദീന്‍ ഇല്ലാതാകണമെന്നോ അപൂര്‍ണ്ണമാകണമെന്നോ ഇല്ല.

ഉദാഹരണത്തിനു കേരളം; ഇവിടെ വളരെ നല്ല നിലയില്‍ ദീന്‍ അനുഷ്ഠിക്കുകയും ജീവിക്കുകയും ചെയ്യുന്ന വലിയ വിഭാഗമുണ്ട്‌. ഇവരുടെ ജീവിതത്തിനു ഭരണകൂടത്തിന്റെ പിന്തുണയില്ല. കേരളത്തില്‍ മുസ്‌ലിങ്ങളുടേതെന്നു പറയാവുന്ന ഭരണ പ്രവര്‍ത്തനമുണ്ടായത്‌ കണ്ണൂരിലെ ചില പ്രദേശങ്ങളിലും ടിപ്പു സുല്‍ത്താന്റെ പടയോട്ടവും മാത്രമാണ്‌. എന്നിട്ടും ഇവിടെ ഇസ്‌ലാം ഭംഗിയായി നിലനില്‍ക്കുന്നു. ഭരണകൂടത്തിന്റെ അഭാവത്തില്‍ മാത്രം എന്തെങ്കിലും കുഴപ്പം ഉണ്ടായിട്ടില്ല.
സ്വാഭാവികമായും ഒരു ചോദ്യം ഉയര്‍ന്ന്‌ വരും. മുസ്‌ലിങ്ങള്‍ അവരുടെ രാഷ്ട്രീയ ജീവിതത്തില്‍ ഇസ്‌ലാമിക നിയമമാണോ അനിസ്‌ലാമിക നിയമമാണോ സ്വീകരിക്കേണ്ടത്‌ എന്ന്‌. അത്‌ അല്‍പം വിശദീകരണം അര്‍ഹിക്കുന്നു. ഇന്നത്തെ ഇന്ത്യയിലേയും കേരളത്തിലേയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ അല്ലാഹു ഹറാമാക്കിയവ എന്തൊക്കെയുണ്ടോ അതൊന്നും ഒരു മുസല്‍മാനും ചെയ്യാന്‍ പാടില്ല. അത്‌ എന്തു പേരിലായിരുന്നാലും, ഏത്‌ കൊടി പിടിച്ചിട്ടാണെങ്കിലും, ഏത്‌ മന്ത്രികസേരയില്‍ ഇരുന്നായാലും ശരി. അല്ലാഹു ഹറാമാക്കിയത്‌ ഒരു മുസല്‍മാനു ചെയ്യാന്‍ പാടില്ല. അല്ലാഹു ഹലാലാക്കിയവ ഒരു മുസല്‍മാനു ഹറാമാക്കുവാനും പാടില്ല. ഇതില്‍ യാതൊരു തര്‍ക്കവുമില്ല. ഇനി ഒരാള്‍ ഇതിനു വിരുദ്ധമായി എന്തെങ്കിലും ചെയ്യുകയും അയാള്‍ ആവര്‍ത്തിച്ച്‌ മുസ്‌ലിമെന്ന്‌ അവകാശപ്പെടുകയുമാണെങ്കില്‍ അയാളെ ബഹിഷ്കരിക്കാനൊന്നും നമുക്കവകാശമില്ല. നബി(സ) പറഞ്ഞത്‌ "ആര്‍ നമ്മെപ്പോലെ നമസ്കരിക്കുകയും നമ്മുടെ ഖിബ്‌ലയിലേക്ക്‌ തിരിയുകയും ചെയ്യുന്നുവോ അവനെ മുസ്‌ലിമായി കണക്കാക്കണം " എന്നാണ്‌.

അല്ലാഹുവിന്റെ ഒരോ മനുഷ്യരോടുമുള്ള കല്‍പന അവന്റെ കഴിവിന്റെ അതിര്‍ത്തിയില്‍ വരുന്ന കാര്യങ്ങളും, സാമ്പത്തികമായ പരിധിയില്‍ വരുന്ന കാര്യങ്ങളും ചെയ്യുവാനാണ്‌. മക്കളുള്ളവനോടും ഇല്ലാത്തവനോടും, സ്വത്തുള്ളവനോടും ഇല്ലാത്തവനോടും, ആരോഗ്യമുള്ളവനോടും ഇല്ലാത്തവനോടും ഇസ്‌ലാമിന്റെ കല്‍പന ഒരേ തരത്തിലല്ല. ഒരോരുത്തര്‍ക്കും അല്ലാഹു നല്‍കുന്ന അധികാരവും സ്വാധീനവും അനുസരിച്ചാണ്‌ അത്‌. ഖുര്‍ആനിലെ مَّكَّنَّاْ എന്ന പദം അതാണുദ്ദേശിക്കുന്നത്‌.

مَّكَّنَّاهُمْ في الارض ان (ഹജ്ജ്‌ 22:41) എന്ന്‌ ഖുര്‍ആനില്‍ പറയുന്നുണ്ട്‌. അവര്‍ക്ക്‌ ഭൂമിയില്‍ സൗകര്യം അഥവാ സ്വാധീനം നല്‍കിയാല്‍ എന്നര്‍ത്ഥം. ഒരോരുത്തര്‍ക്കും അല്ലാഹു നല്‍കിയ സൗകര്യം എത്രയാണോ ആ സൗകര്യമനുസരിച്ച്‌ അതിന്റെ പരിധിയില്‍ അവന്റെ കല്‍പന പാലിച്ച്‌ ജീവിക്കണം. ഒരാള്‍ക്ക്‌ സമ്പത്തോ ജനസ്വാധീനമോ നേതൃഗുണമോ അല്ലാഹു നല്‍കിയെങ്കില്‍ അയാള്‍ അത്‌ ഉപയോഗിക്കണം, അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അനുസരിച്ചുകൊണ്ട്‌. ഇനി ഒരാള്‍ക്ക്‌ അല്ലാഹു ഒരു ഉദ്യോഗം നല്‍കി എന്ന്‌ കരുതുക. എങ്കില്‍ അയാള്‍ അതില്‍ ഇരുന്നുകൊണ്ട്‌ ചെയ്യാവുന്ന നന്മകളൊക്കെ ചെയ്യണം; അവിടെ അയാള്‍ക്ക്‌ അല്ലാഹുവോട്‌ കടപ്പാടുണ്ട്‌. ഒരോരുത്തര്‍ക്കും അല്ലാഹു നല്‍കിയ സൗകര്യത്തിന്റെ അടിസ്ഥാനത്തിലാണു അവരവര്‍ക്ക്‌ അല്ലാഹുവോടുള്ള കടപ്പാട്‌. യാത്രക്കാരനും നാട്ടില്‍ താമസിക്കുന്നവനും, രോഗിയും ആരോഗ്യമുള്ളവനും തമ്മിലെ വ്യത്യാസം എന്നിങ്ങനെ ഒരുപാട്‌ മേഖലകള്‍ ഉണ്ട്‌ ഇക്കാര്യത്തില്‍ .

സമ്പത്ത്‌ ഉള്ളവനോട്‌ മാത്രമാണു സക്കാത്ത്‌ കൊടുക്കാന്‍ കല്‍പന. ഇസ്‌ലാം കാര്യങ്ങള്‍ അഞ്ചെണ്ണത്തില്‍ ഒന്നാണല്ലോ സക്കാത്ത്‌. സമ്പത്ത്‌ ഇല്ലാത്തവന്‍ സക്കാത്ത്‌ കൊടുക്കാതിരുന്നാല്‍ അവന്റെ ഇസ്‌ലാം ദീന്‍ 80% ആകുമോ? നമ്മുടെ വീക്ഷണത്തില്‍ 100% തന്നെയാണ്‌. അയാള്‍ സക്കാത്ത്‌ നല്‍കിയില്ല എന്നത്‌ അയാളുടെ ദീന്‍ അപൂര്‍ണ്ണമാകുവാന്‍ കാരണമാകില്ല. എന്തെന്നാല്‍ സക്കാത്ത്‌ കൊടുക്കുവാനുള്ള സൗകര്യം അല്ലാഹു അയാള്‍ക്ക്‌ കൊടുത്തിട്ടില്ല എന്നതുകൊണ്ട്‌ തന്നെ. ആ സൗകര്യം ഉണ്ടാക്കിയില്ല എന്നതിനാല്‍ അവന്‍ അല്ലാഹുവിനോട്‌ ഉത്തരം പറയേണ്ടി വരില്ല. "എന്തേ നിനക്കും സമ്പത്തുണ്ടാക്കുവാന്‍ കഴിയുമായിരുന്നില്ലേ, എന്നിട്ട്‌ എന്റെ പ്രധാന കല്‍പനയായ സക്കാത്ത്‌ നിനക്കും നല്‍കാമായിരുന്നില്ലേ" എന്ന്‌ അല്ലാഹു അവനോട്‌ ചോദിക്കുന്ന പ്രശ്നമില്ല. സമ്പത്ത്‌ ഉണ്ടായാല്‍ സക്കാത്ത്‌ കൊടുക്കണം എന്നതാണു അവന്റെ ബാദ്ധ്യത. ഉണ്ടാക്കിയിട്ട്‌ കൊടുക്കണം എന്നതല്ല. അതായത്‌ സമ്പത്തില്ലാത്തവന്‍ സക്കാത്ത്‌ കൊടുക്കാതിരുന്നാല്‍ അവന്റെ ദീന്‍ പൂര്‍ണ്ണമാകാതിരിക്കില്ല, എന്നാല്‍ സമ്പത്തുള്ളവന്‍ അതു കൊടുക്കാതിരുന്നാല്‍ അവന്റെ ദീന്‍ അപൂര്‍ണ്ണമാണ്‌. അപ്പോള്‍ ദീന്‍ പൂര്‍ണ്ണമോ അപൂര്‍ണ്ണമോ എന്ന്‌ തീരുമാനിക്കുന്നതിനുള്ള മാനദണ്ഡം എന്താണ്‌? ഇസ്‌ലാം ദീന്‍ ജീവിതത്തില്‍ കൈക്കൊള്ളുന്ന ആളുടെ കഴിവ്‌ എത്രയെന്നതു തന്നെ.

അതുപോലെ തന്നെ ഹജ്ജിന്റെ കാര്യവും. സമ്പത്തും ശാരീരികക്ഷമതയുമില്ല്ലാത്തവന്‍ ഹജ്ജ്‌ ചെയ്യാതിരുന്നാല്‍ അവന്റെ ദീന്‍ അപൂര്‍ണ്ണമല്ല; എന്നാല്‍ ഇതൊക്കെയുള്ളവന്‍ ചെയ്യാതിരുന്നാല്‍ അവന്റെ ദീന്‍ അപൂര്‍ണ്ണമാണ്‌. അപ്പോള്‍ ഹജ്ജും സക്കാത്തും അനുഷ്ഠിക്കാത്ത പാവപ്പെട്ടവരെ സംബന്ധിച്ചിടത്തോളം ഇസ്‌ലാം ദീന്‍ 60% ആകില്ല.

അതുപോലെ കട്ടവന്റെ കൈമുറിക്കാവുന്ന തരത്തിലുള്ള അധികാരം ഒരാള്‍ക്ക്‌ കൈവന്നാല്‍ അവിടെ കൈമുറിക്കാത്തതിന്റെ പേരില്‍ അവന്‍ അല്ലാഹുവോട്‌ മറുപടി പറയേണ്ടി വരും. ഇനി അതിന്‌ അധികാരം ഇല്ലാത്ത മുസല്‍മാനെ സംബന്ധിച്ചോ?. അത്‌ അവന്റെ ബാദ്ധ്യതയല്ല. അധികാരമുള്ളവനു അത്‌ ബാദ്ധ്യതയാണ്‌. ആ അധികാരം ഉണ്ടാക്കുവാന്‍ അവന്‍ ശ്രമിക്കേണ്ടതല്ലേ എന്നാണെങ്കില്‍ അതു സക്കാത്ത്‌ കൊടുക്കുവാന്‍ വേണ്ടി സമ്പത്തുണ്ടാക്കുവാന്‍ ശ്രമിക്കേണ്ടതല്ലേ എന്നത്‌ പോലെയും ഹജ്ജ്‌ ചെയ്യാന്‍ വേണ്ടി സമ്പത്തും ആരോഗ്യവും ഉണ്ടാക്കേണ്ടതല്ലേ എന്നത്‌ പോലെയുമുള്ള അപ്രസക്തമായ ചോദ്യങ്ങളാണ്‌.
مَّكَّنَّاهُمْ ان എന്ന വാക്കിനര്‍ത്ഥം അത്‌ തന്നെയാണ്‌. അവര്‍ക്ക്‌ അതിനു സൗകര്യം നല്‍കിയാല്‍ എന്ന്‌. അധികാരമാണെങ്കില്‍ അത്‌, സമ്പത്താണെങ്കില്‍ അത്‌, ആരോഗ്യമാണെങ്കില്‍ അത്‌, ഏതാണോ അവര്‍ക്ക്‌ നല്‍കുന്ന സൗകര്യം ആ സൗകര്യത്തിന്റെ അടിസ്ഥാനത്തില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്യണം എന്നാണ്‌. ഉദാഹരണത്തിനു നിന്ന്‌ നമസ്കരിക്കുവാന്‍ ശേഷിയുള്ളവന്‍ അങ്ങനെ ചെയ്യുക, അതിനു കഴിയാത്തവന്‍ കഴിയും പോലെ ചെയ്യുക. ഒരാള്‍ക്ക്‌ ഏത്‌ വിധത്തിലാണോ സൗകര്യം കൊടുത്തത്‌ അതുപയോഗിച്ച്‌ അവന്റെ ജീവിതത്തില്‍ അല്ലാഹുവിന്റെ നിയമങ്ങള്‍ നടപ്പാക്കുക. അധികാരം ഒരാള്‍ക്കുണ്ടെങ്കില്‍ അയാള്‍ അതിന്റെയടിസ്ഥാനത്തില്‍ ചെയ്യൂക. ഉദാഹരണമായി ഒരു മുസ്‌ലിം രാഷ്ട്രത്തിലെ ഭരണാധികാരി കട്ടവന്റെ കൈ മുറിച്ചിട്ടില്ലെങ്കില്‍ അയാള്‍ അല്ലാഹുവിനോട്‌ മറുപടി പറയേണ്ടി വരും. എന്നാല്‍ അത്‌ ഇസ്‌ലാമിക പ്രബോധകന്റെ ബാധ്യതയല്ല. അയാള്‍ക്ക്‌ ഭരണാധികാരിയെ അത്‌ ബോധ്യപ്പെടുത്തലേ ബാധ്യതയുള്ളൂ. കാരണം പ്രബോധകനു അധികാരമില്ല. ഭരണാധികാരിയെ ഭരണത്തില്‍ നിന്ന്‌ ഇറക്കിയിട്ട്‌ അവിടെ കട്ടവന്റെ കൈമുറിക്കല്‍ ശിക്ഷ നടപ്പാക്കാന്‍ പ്രബോധകനു ബാദ്ധ്യതയില്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്‌. ഇസ്‌ലാമില്‍ അതിനു തെളിവുകളില്ല എന്നാണു ഞാന്‍ പഠിച്ചിടത്തോളവും അന്വേഷിച്ചിടത്തോളവും എനിക്കറിയുവാന്‍ കഴിഞ്ഞത്.

അധികാരത്തെ സംബന്ധിച്ച്‌ പറയുമ്പോള്‍ മറ്റൊരു കാര്യം കൂടിയുണ്ട്‌. നമ്രൂദിനു അല്ലാഹു ഭരണാധികാരം കൊടുത്തു എന്നാണു പറയുന്നത്‌. അതേ അല്ലാഹു തന്നെ ഇബ്രാഹീം നബി(അ)യെ അയക്കുകയാണ്‌ എന്തിനു വേണ്ടി? അല്ലാഹു നമ്രൂദിനു കൊടുത്ത അധികാരം പിടിച്ചു വാങ്ങാനായിട്ട്‌. ഇങ്ങനെ പറഞ്ഞാല്‍ അതില്‍ അല്‍പം യുക്തിഭംഗം ഉണ്ട്‌. നേരെമറിച്ച്‌ അല്ലാഹു അധികാരം കൊടുത്ത നമ്രൂദിനോട്‌ പോയിട്ട്‌ 'നമ്രൂദേ നിനക്ക്‌ അല്ലാഹുവാണു ഈ അധികാരം നല്‍കിയത്‌. ഈ അല്ലാഹുവിന്‌ നിന്നില്‍ നിന്ന്‌ ഇത്‌ തിരിച്ചെടുക്കുവാനും നിന്റെ സകല ശക്തികളും ഇല്ലാതാക്കുവാനും കഴിയും, അതുകൊണ്ട്‌ നിന്റെ അധികാരത്തിന്റേയും ശക്തിയുടേയും യഥാര്‍ത്ഥ ഉടമസ്ഥനായ അല്ലാഹുവിലുള്ള വിശ്വാസവും വിധേയത്വവും അവന്‍ അനുശാസിക്കുന്ന ധര്‍മ്മങ്ങളും മാത്രമേ നിന്റെ ജീവിതത്തിനു ആത്യന്തികമായി ഗുണകരമാകുകയുള്ളൂ.' എന്ന്‌ പറഞ്ഞ്‌ ബോധ്യപ്പെടുത്താനാണു നമ്രൂദിനടുക്കല്‍ ഇബ്രാഹീം നബി(അ)യെ അയച്ചത്‌. എന്നല്ലാതെ 'ഞാന്‍ നമ്രൂദിനു ഭരണം കൊടുത്തിട്ടുണ്ട്‌, നീ അതു പോയി പിടിച്ച്‌ വാങ്ങണം' എന്ന്‌ നിര്‍ദ്ദേശിച്ചല്ല ഒരു പ്രവാചകനെ നിയോഗിക്കുന്നത്‌.

ഫിര്‍ഔന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്‌. ഫിര്‍ഔന്‍ ധിക്കാരിയായി മാറിയിരിക്കുന്നു എന്നു പറഞ്ഞാണു അല്ലാഹു മൂസാ(അ)യേയും ഹാറൂണിനേയും(അ) അയക്കുന്നത്‌. ആ ധിക്കാരിയെ സിംഹാസനത്തില്‍ നിന്ന്‌ കൈപിടിച്ച്‌ താഴെയിറക്കാനല്ല അവരെ അയച്ചത്‌. പിന്നെ എന്തിനു വേണ്ടിയാണ്‌ فقولا له قولا ليّنا لعلّه يتذكّر او يخشي (ത്വാഹ 20:44)
"എന്നിട്ട്‌ നിങ്ങള്‍ അവനോട്‌ സൗമ്യമായ വാക്ക്‌ പറയുക. അവന്‍ ഒരുവേള ചിന്തിച്ചു മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന്‌ വരാം."

ഇത്‌ ആരോടാണു അവര്‍ പറയേണ്ടത്‌? സേച്ഛാധിപതിയായ, ചരിത്രത്തിലെ കൊടിയ മര്‍ദ്ദകനായ ഫറവയോടാണു ഇവര്‍ പറയേണ്ടത്‌. നിന്റെ മര്‍ദ്ദനം നിര്‍ത്തണം, നിന്റെ ധിക്കാരം അവസാനിപ്പിക്കണം എന്നൊക്കെയുള്ള ശൈലിക്ക്‌ പകരം അല്ലാഹു പറയുന്നത്‌ ഫിര്‍ഔനോട്‌ മാര്‍ദ്ദവമായതും സൗമ്യമായതുമായ വാക്ക്‌ പറയണം എന്നാണ്‌. ആ വാക്ക്‌ കേട്ടിട്ട്‌ അവന്‍ ഒരുവേള സത്യത്തെപ്പറ്റി ബോധവാനായേക്കാം. അല്ലെങ്കില്‍ അല്ലാഹുവിന്റെ ശിക്ഷയെപ്പറ്റി ഭയമുള്ളവനായേക്കാം. നിനക്ക്‌ അല്ലാഹു നല്‍കിയ ഭരണാധികാരം പടച്ചതമ്പുരാനോടുള്ള കടപ്പാടിന്റെ അടിസ്ഥാനത്തില്‍ വിനിയോഗിക്കാതിരുന്നാല്‍ അവസാനിക്കാത്ത നരകശിക്ഷയുടെ അവകാശിയായിത്തീരും എന്ന സത്യം വളരെ നയപരമായി, വളരെ സൗമ്യമായി, മനസ്സിലാക്കി കൊടുക്കുവാന്‍ വേണ്ടിയാണ്‌ പ്രവാചകര്‍ ശ്രമിച്ചത്‌ എന്നാണു വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌.

ഇസ്‌ലാമും രാഷ്ട്രീയവും എന്ന വിഷയസംബന്ധമായി ഒരുപാട്‌ ദുരൂഹതകളും സങ്കീര്‍ണ്ണതകളും സൃഷ്ടിക്കപ്പെട്ടതിനാല്‍ വിശദീകരണവും ഒരുവേള ദുരൂഹവും സങ്കീര്‍ണ്ണവുമായിരിക്കുകയാണ്‌. ചില ലേഖനങ്ങളിലെ പദപ്രയോഗങ്ങളിലേക്ക്‌ ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്‌. "ഇസ്‌ലാം എന്നാല്‍ കേവലം ചില വിശ്വാസങ്ങളും ആചാരങ്ങളൂമാണ്‌ എന്ന്‌ പറഞ്ഞ്‌ പഠിപ്പിക്കുന്ന പുരോഹിതന്മാര്‍ എക്കാലത്തും ഉണ്ടായിരുന്നു. അവരുടെ കൈകളില്‍ യഥാര്‍ത്ഥ ദീന്‍ സ്വാഭാവികമരണം പ്രാപിക്കുകയല്ലാതെ മറ്റൊന്നും സംഭവിക്കുകയില്ല എന്ന്‌ ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക്‌ പോലും നന്നായറിയാം. നേരെമറിച്ച്‌ അധര്‍മ്മം കൊടികുത്തി വാഴുന്ന വ്യവസ്ഥിതികളില്‍ അട്ടിമറി സൃഷ്ടിക്കുവാന്‍ കഴിവുള്ള ഒരു ബദല്‍ വ്യവസ്ഥയായി ഇസ്‌ലാമിനെ അവതരിപ്പിക്കുമ്പോള്‍ ആണ്‌ ശത്രുക്കളൊന്നാകെ നമുക്കെതിരില്‍ അണിനിരക്കുന്നത്‌. ഇത്‌ കണ്ടിട്ടെങ്കിലും പിന്തിരിപ്പന്‍ ജിഹാദിന്റെ വക്താക്കള്‍ക്ക്‌ മനസ്സിലാക്കാമായിരുന്നു, ഇവരുടെ ജിഹാദ്‌ വഴിതെറ്റിയിരിക്കുന്നുവെന്ന്‌". ഇതാണു മതപ്രബോധന ശൈലിയെന്നാണു ഒരു വിഭാഗം അവകാശപ്പെടുന്നത്‌.

ഇങ്ങനെയെങ്കില്‍ ഫിര്‍ഔന്റെ അധര്‍മം കൊടികുത്തിവാഴുന്ന വ്യവസ്ഥിതിയില്‍ ഇവര്‍ പറയുന്ന അട്ടിമറി സൃഷ്ടിക്കുവാനല്ല ഏതായാലും മൂസാനബി(അ) വന്നത്‌. സൗമ്യമായ വാക്ക്‌ പറയണം എന്നത്‌ എത്രതന്നെ വലിച്ച്‌ നീട്ടിയാലും അത്‌ അട്ടിമറി സൃഷ്ടിക്കുക എന്ന അര്‍ത്ഥത്തിലാക്കുവാന്‍ തരമില്ല. സൗമ്യമായ വാക്കുകൊണ്ടല്ലല്ലോ അട്ടിമറി സംഭവിക്കുന്നത്‌.

ഡോ: അലി ശരീഅത്തി എന്ന പേരില്‍ ഒരു എഴുത്തുകാരനൂണ്ട്‌. ഇറാനിയന്‍ വിപ്ലവത്തിന്റെ ആത്മാവ്‌ എന്നാണു അദ്ദേഹത്തെപ്പറ്റി പറയപ്പെടാറ്‌. അദ്ദേഹത്തിന്റെ ലേഖനത്തില്‍ പറയുന്നത്‌ 'എല്ലാ അമ്പിയാക്കളൂം അല്ലാഹു നുബുവത്ത്‌ കൊടുത്തതോടെ നിലവിലുള്ള ഭരണാധികാരികള്‍ക്കെതിരില്‍ സമരപ്രഖ്യാപനവുമായി രംഗത്ത്‌ വന്നുവെന്നാണ്‌. നമ്രൂദിനെതിരില്‍ സമരപ്രഖ്യാപനവുമായി ഇബ്രാഹീം നബി(അ)യും, ഫിര്‍ഔനിനെതിരില്‍ മൂസാനബി(അ)യും, റോമചക്രവര്‍ത്തിമാരുടെ ചുങ്കം പിരിവുകാര്‍ക്കെതിരില്‍ ഈസാ നബി(അ)യും വന്നു. മുഹമ്മദ്‌ നബി(സ) അറേബ്യയിലെ അടിമക്കച്ചവടക്കാര്‍ക്കും ഗോത്രദുരഭിമാനികള്‍ക്കും ത്വാഇഫിലെ ഭൂപ്രഭുക്കന്മാര്‍ക്കും എതിരിലുള്ള സമരപ്രഖ്യാപനവുമായി വന്നാണു ദൗത്യം സമാരംഭിച്ചതു തന്നെ.' ഇങ്ങിനെയാണ്‌ അദ്ദേഹം നബി(സ) കാണുന്നത്‌. പ്രബോധനം ആരംഭിച്ചത്‌ അങ്ങനെയല്ലെങ്കിലും അവസാനത്തില്‍ ഏതാണ്ട്‌ അങ്ങനെയൊക്കെ സംഭവിച്ചു എന്നതില്‍ നമുക്ക്‌ യോജിക്കാവുന്നതാണ്‌. നബി(സ) ത്വാഇഫിലേക്ക്‌ പോയതെന്തിനാണ്‌?. ത്വാഇഫിലെ ഭൂപ്രഭുക്കന്മാര്‍ക്കെതിരില്‍ സമരം പ്രഖ്യാപിക്കുവാനാണോ?. മക്കയില്‍ യാതൊരു രക്ഷയും കിട്ടാതെ വന്നപ്പോള്‍ അകന്ന ബന്ധുക്കള്‍ ഉള്ള ത്വാഇഫിലേക്ക്‌ സഹായാര്‍ത്ഥനയുമായാണു നബി(സ) പോയത്‌. അവിടെ ചെന്നപ്പോഴും ഏറും പീഡനവുമൊക്കെ ആയപ്പോള്‍ നബി(സ) ഇങ്ങോട്ട്‌ തന്നെ മടങ്ങുകയും ചെയ്തു. അവിടെ ഭൂപ്രഭുക്കന്മാര്‍ക്കെതിരില്‍ സമരപ്രഖ്യാപനം നടത്തിയതായി യാതൊരു ചരിത്രരേഖയുമില്ല. നബി(സ)ക്ക്‌ വഹ്‌യ്‌ കിട്ടിയ ഉടനെ തന്നെ മക്കത്തെ അടിമക്കച്ചവടക്കാര്‍ക്കെതിരില്‍ സമരം പ്രഖ്യാപിച്ചു എന്നൊക്കെ പറഞ്ഞാല്‍ അതൊക്കെ ദഹിക്കുന്ന ആളുകള്‍ ചിലപ്പോള്‍ ഉണ്ടായേക്കും എന്നുണ്ടെങ്കിലും ഇസ്‌ലാമിനെപ്പറ്റി അറിവുള്ളവര്‍ക്ക്‌ അത്‌ ദഹിക്കില്ല എന്ന്‌ മാത്രം.

ഇസ്‌ലാം എന്നാല്‍ എന്താണ്‌? അതിവിടുത്തെ നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥിതികളില്‍ സമരം നടത്തലാണോ?. 'ലാ ഇലാഹ ഇല്ലല്ലാഹ" എന്ന്‌ പറഞ്ഞാല്‍ അല്ലാഹുവല്ലാതെ ഭരണാധികാരിയില്ല എന്നും അല്ലാഹുവല്ലാതെ യജമാനനില്ല എന്നും ഒക്കെ അര്‍ത്ഥം വച്ചാല്‍ എത്തിച്ചേരുന്നത്‌ അങ്ങോട്ട്‌ തന്നെയായിരിക്കും.

ഇസ്‌ലാമില്‍ ഭരണാധികാരത്തിനു വലിയ സ്ഥാനമുണ്ട്‌. ഭരണത്തിന്റെ എല്ലാ വശങ്ങളിലേക്കും മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന നിയമങ്ങളുമുണ്ട്‌ അതില്‍. റൂള്‍സ്‌, റെഗുലേഷന്‍സ്‌ എന്ന്‌ വേര്‍തിരിച്ചതുകൊണ്ടായില്ല- ധാര്‍മ്മിക നിയമങ്ങളാണുള്ളത്‌. നിങ്ങള്‍ ഏത്‌ ഡിപ്പാര്‍ട്ട്മെന്റ്‌ കൈകാര്യം ചെയ്താലും അതു കൈകാര്യം ചെയ്യുന്നിടത്ത്‌ അധാര്‍മ്മികത വരാതിരിക്കുവാനും അനീതി വരാതിരിക്കുവാനും പാലിക്കേണ്ട ധാര്‍മ്മിക നിയമങ്ങള്‍ എന്താണോ അതാണ്‌ ഇസ്‌ലാമിനു എല്ലാ രംഗത്തേക്കും ഉള്ളത്‌. ഭരണ- രാഷ്ട്രീയ- സാമ്പത്തിക- സാമൂഹിക- കുടുംബ രംഗങ്ങളിലൊക്കെയും പാലിക്കേണ്ട ധാര്‍മ്മിക നിയമങ്ങള്‍ ഇസ്‌ലാമിനുണ്ട്‌. അതെല്ലാം മുജാഹിദുകള്‍ വളരെ പ്രധാനമായി തന്നെ കാണുന്നു. ജീവിതത്തിന്റെ ഏതേത്‌ മേലയെപ്പറ്റിയും ഇസ്‌ലാം പഠിപ്പിച്ച ഒരു നിയമവും യുക്തിക്കും പ്രായോഗികതക്കും വിരുദ്ധമല്ല തന്നെ. അത്‌ മനുഷ്യകുലത്തെ വിശുദ്ധിയിലേക്ക്‌ നയിക്കുമെന്നതിലും യാതൊരു സംശയവുമില്ല. അതിനെതിരില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന മനുഷ്യനിര്‍മ്മിതങ്ങളൊക്കെ അപ്രായോഗികവും അപകടകരവുമാണു എന്നതാണു സത്യം.
ജീവിതത്തിന്റെ സകല മേഖലക്കും തുല്യമായ പ്രാധാന്യം ഞങ്ങള്‍ കൊടുക്കുന്നു. അതില്‍ രാഷ്ട്രീയം മാത്രം എടുത്ത്‌ ഉയര്‍ത്തിക്കാണിക്കാറില്ല. ജീവിതമാകെ, ലോകമാകെ രാഷ്ട്രീയമാണു എന്നൊന്നും ഞങ്ങള്‍ ധരിച്ചുവശായിട്ടില്ല. അത്രമാത്രം രാഷ്ട്രീയത്തെപ്പറ്റി ഞങ്ങള്‍ ആശങ്കാകുലരുമല്ല. മറിച്ച്‌ വ്യക്തി ജീവിതത്തിലും കുടുംബരംഗത്തും സാമൂഹികരംഗത്തും അയല്‍ക്കാരോടുള്ള ബന്ധത്തിലും ഇതരമതസ്ഥരോടുള്ള ബന്ധത്തിലും മറ്റ്‌ ജീവികളോടുള്ള ബന്ധത്തിലുമൊക്കെ ഇസ്‌ലാമിന്റെ മാര്‍ഗ്ഗദര്‍ശനം നടപ്പാക്കണം. അതു നടപ്പാക്കാത്തിടത്തോളം വമ്പിച്ച നഷ്ടം ഉണ്ടാകുക തന്നെ ചെയ്യും എന്നാണു ഞങ്ങള്‍ കണക്കാക്കുന്നത്‌. നേരെമറിച്ച്‌ ഇസ്‌ലാം രാഷ്ട്രീയമാണ്‌ എന്ന്‌ പറഞ്ഞ്‌ തുടങ്ങുന്ന ഏര്‍പ്പാട്‌ മുജാഹിദുകള്‍ക്കില്ല എന്നേയുള്ളു.
ഇസ്‌ലാമിനെ സംബന്ധിച്ച്‌ മുസല്‍മാനെ ആര്‍ ഭരിക്കണം എന്നിടത്ത്‌ 'മുസല്‍മാന്റെ മനസ്സിനെ സത്യവിശ്വാസം ഭരിക്കണം' എന്നാണു മറുപടി. അവന്റെ ശരീരത്തെ ഏതു ഭരണകൂടം ഭരിക്കുന്നുവെന്നത്‌ രണ്ടാമത്തെ കാര്യമാണ്‌. കഴിയുന്നിടത്തോളം ശരീരത്തെയും മറ്റ്‌ ഭരണകൂടങ്ങള്‍ക്ക്‌ ഭരിക്കുവാന്‍ ഇട നല്‍കരുത്‌. ശരീരത്തെ മാത്രം ഇതര ഭരണകൂടങ്ങളില്‍ നിന്ന്‌ മോചിപ്പിച്ചിട്ട്‌ കാര്യമില്ല. കാരണം മനസ്സിന്റെ ശുദ്ധിയാണ്‌ ആദ്യം വേണ്ടത്‌.


Islamum Rashtreeyavum- ഇസ്‌ലാമും രാഷ്ട്രീയവും - ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്‌ മദനി


Download link Right click > Save target as


-------------------------------
Related posts

ദൈവിക നിയമത്തിന്‍റെ മൌലികത - ചെറിയമുണ്ടം അബ്ദുള്‍ ഹമീദ്










8 comments:

  1. >>അവിടെ മൗലികമായി ഇസ്‌ലാമിന്‌ ഒറ്റ ധാരണ മാത്രമേ ഉള്ളൂ. മുസല്‍മാനെ സത്യവിശ്വാസം ഭരിക്കണം. അല്ലാഹുവിലുള്ള വിശ്വാസമല്ലാതെ മറ്റൊന്നും ഒരു സത്യവിശ്വാസിയെ ഭരിച്ചുകൂടാ. സത്യവിശ്വാസിയുടെ ജീവിതത്തിലെ ചെറുതും വലുതുമായ സകലവശങ്ങളേയും നിമിഷങ്ങളേയും - അല്ലാഹുവിലുള്ള വിശ്വാസം, അല്ലാഹുവിലുള്ള വിധേയത്വം -ഭരിക്കണം. അതല്ലാത്ത യാതൊരു ചേതോവികാരവും അവനെ ഭരിച്ചുകൂടാ. അതില്‍ സംശയിക്കുന്ന ഒരാള്‍ക്കും ഇസ്‌ലാമില്‍ സ്ഥാനവുമില്ല.<<

    ലോക്പാല്‍ നടപ്പാക്കിയാലും അഴിമതി ഇല്ലാതാക്കാനാവില്ല -ജമാഅത്തെ ഇസ്ലാമി Madhyamam Published on THU 05 JAN 2012 -
    ചെന്നൈ: അണ്ണാ ഹസാരെയുടെ ജന്‍ലോക്പാല്‍ ബില്‍ നടപ്പാക്കിയാലും നാട്ടില്‍ അഴിമതി ഇല്ലാതാക്കാനാവില്ളെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ മൗലാനാ ജലാലുദ്ദീന്‍ ഉമരി. ചെന്നൈ ഹജ്ജ് ഹൗസില്‍ നടന്ന ജമാഅത്തെ ഇസ്ലാമി ത്രിദിന അഖിലേന്ത്യാ നേതൃ ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    നിയമംകൊണ്ടു മാത്രം അഴിമതി നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയില്ല. ദൈവത്തോട് മറുപടി പറയണമെന്ന ബോധം ജനങ്ങളിലുണ്ടായാലേ അഴിമതിയും ഇതര തിന്മകളും ഇല്ലാതാക്കാന്‍ കഴിയൂ.

    ReplyDelete
  2. >>ഇസ്‌ലാം യഥാര്‍ത്ഥത്തില്‍ ആളുകളെ മോഷണത്തില്‍ നിന്ന്‌ സംശുദ്ധരാക്കാന്‍ വേണ്ടിയല്ല കൈമുറിക്കല്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയത്‌. പാപങ്ങളില്‍ നിന്ന്‌ ആളുകളെ ശുദ്ധീകരിക്കുന്ന പ്രവര്‍ത്തനം പ്രവാചകന്മാര്‍ മുഖേനയുള്ള 'തസ്കിയത്ത്‌' ആണ്‌. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ ജനങ്ങള്‍ക്ക്‌ മനസ്സിലാക്കി കൊടുത്ത്‌ അതിന്റെ അടിസ്ഥാനത്തില്‍ ആളുകളുടെ വാക്കിനേയും നോക്കിനേയും മനസ്സിനേയും പ്രവൃത്തികളേയും പരിശുദ്ധമാക്കുന്നതിനെയാണു 'തസ്കിയത്ത്‌' എന്നു പറയുന്നത്‌. ആ 'തസ്കിയത്ത്‌' മുഖേനയാണു മോഷണം ഇല്ലാതാക്കാന്‍ ഇസ്‌ലാം ശ്രമിക്കുന്നത്‌. ആളുകളുടെ കൈമുറിച്ച്‌ പേടിപ്പിച്ച്‌ മോഷണം ഇല്ലാതാക്കാനല്ല മതം ശ്രമിക്കുന്നത്‌.
    പിന്നെ എന്തിനാണ്‌ കൈമുറിക്കുന്നത്‌? സംശയമുണ്ടാകാം. ഇസ്‌ലാമില്‍ കൈമുറിക്കല്‍ സമ്പ്രദായം മോഷണം എന്ന പാപം ഇല്ലാതാക്കാനല്ല.<<<



    (തഫ്ഹീമുല്‍ ഖുര്‍ആന്‍, സൂറ മാഇദ 5 :38-40, കുറിപ്പ് 61.)
    61. കൈ മുറിക്കരുത് എന്നല്ല വിവക്ഷ; പ്രത്യുത കരഛേദത്തിന് ശേഷം മോഷണക്കുറ്റത്തെ പറ്റി പശ്ചാത്തപിക്കുകയും ആത്മസംസ്കരണം വഴി അല്ലാഹുവിന്റെ ആജ്ഞാനുവര്‍ത്തിയായിത്തീരുകയും ചെയ്ത വ്യക്തിക്ക് ദൈവകോപത്തില്‍ നിന്ന് രക്ഷയുണ്ടെന്നാണ്. കളവിന്റെ കറയില്‍ നിന്ന് അല്ലാഹു അവനെ ശുദ്ധിയാക്കുന്നതുമാണ്. എന്നാല്‍ ശിക്ഷയനുഭവിച്ചിട്ടും ഒരാള്‍ തന്റെ മനസ്സ് ശുദ്ധമാക്കിയില്ലെങ്കില്‍, മോഷണത്തിനും തദ്വാരാകരഛേദത്തിനും വിധേയനാക്കിയ അതേ ദുര്‍വികാരങ്ങള്‍ ഇനിയും വളര്‍ത്തിക്കൊണ്ടു വരികയാണെങ്കില്‍ അതിന്റെ അര്‍ഥം ശരീരത്തില്‍ നിന്ന് കൈ വേര്‍പെട്ടെങ്കിലും മനസ്സിലെ മോഷണം പിന്നെയും അവശേഷിക്കുന്നുവെന്നാണ്. ഇക്കാരണത്താല്‍, കരഛേദത്തിനുമുമ്പെന്നപോലെ ഇപ്പോഴും താന്‍ ദൈവകോപത്തിനര്‍ഹനാകുന്നു. അതാണ് അല്ലാഹുവിനോട് മാപ്പപേക്ഷിക്കുവാനും സ്വയം സംസ്ക്കരിക്കുവാനും പരിശുദ്ധ ഖുര്‍ആന്‍ മോഷ്ടാവിനെ ഗുണദോഷിക്കുന്നത്. കരഛേദം നാഗരികവ്യവസ്ഥ നിലനിറുത്താനുള്ള ഒരുപാധി മാത്രമാണ്. അതുകൊണ്ട് മനസ്സ് ശുദ്ധിയാകുന്നില്ല, മനഃശുദ്ധിക്ക് പശ്ചാത്താപവും ദൈവത്തിങ്കലേക്ക് മടക്കവുമാണാവശ്യം. ഇതു സംബന്ധിച്ച് വന്ന ഒരു ഹദീസ് കാണുക: ഒരിക്കല്‍ തിരുമേനിയുടെ ആജ്ഞപ്രകാരം ഒരു കള്ളന്റെ കൈ കൊത്തിയ ശേഷം തന്റെ അടുത്തേക്കയാളെ വിളിച്ചു. എന്നിട്ട് أَسْتَغْفِرُ الله وَ أتُوبُ اِلَيْهِ (അല്ലാഹുവിനോട് ഞാന്‍ മാപ്പ് ചോദിക്കുന്നു; പശ്ചാത്തപിക്കുന്നു) എന്ന് പറയാന്‍ ഉപദേശിച്ചു. അയാള്‍ അങ്ങനെ ചെയ്തപ്പോള്‍ തിരുമേനി പ്രാര്‍ഥിച്ചു. اللَهُمَّ تُبْ عَلَيْهِ (അല്ലാഹുവേ, അയാളുടെ പശ്ചാത്താപം സ്വീകരിക്കേണമേ.)
    (തഫ്ഹീമുല്‍ ഖുര്‍ആന്‍, സൂറ മാഇദ 5 :38-40, കുറിപ്പ് 61.)

    ReplyDelete
    Replies
    1. iv) മനുഷ്യസമൂഹത്തെ വ്യഭിചാരത്തിന്റെ വിപത്തില്‍നിന്ന് മോചിപ്പിക്കാന്‍ ഇസ്ലാം സ്വീകരിച്ച ആയുധം നിയമനടപടികള്‍ മാത്രമല്ല; വിപുലമായ തോതിലുള്ള സംസ്കരണപരമായ പ്രതിരോധ മാര്‍ഗങ്ങള്‍ കൂടിയാകുന്നു അത്. ഈ നിയമനടപടി തന്നെ അവസാനത്തെ അടവ് എന്ന നിലയ്ക്കാണ് നിര്‍ദേശിച്ചിരിക്കുന്നത്. ജനങ്ങള്‍ കുറ്റം ചെയ്തുകൊണ്ടേയിരിക്കുകയും രാപകല്‍ അവരെ പ്രഹരിക്കാന്‍ വേണ്ടി ബന്ധിച്ചുനിര്‍ത്തുകയും ചെയ്യണം എന്നല്ല ഇതിന്റെ ഉദ്ദേശ്യം; ജനങ്ങളിത് വര്‍ജിക്കുകയും ആരെയും ശിക്ഷിക്കാനിടവരാതിരിക്കുകയും ചെയ്യട്ടെ എന്നുമാത്രമാണ്. മനുഷ്യന്റെ ആത്മസംസ്കരണമാണ് ആദ്യമായി ഇസ്ലാം സാധിക്കുന്നത്. അവന്റെ ഹൃദയത്തിലുള്ള വിചാര വികാരങ്ങളും അദൃശ്യകാര്യങ്ങളുമെല്ലാം അറിയുന്നവനും സര്‍വശക്തനുമായ ദൈവത്തെക്കുറിച്ച ഭയം അവനില്‍ രൂഢമൂലമാക്കുന്നു. മരിച്ചു മണ്ണടിഞ്ഞാലും തന്നെ പിടികൂടുന്ന പരലോകശിക്ഷയെക്കുറിച്ച് ബോധവാനാക്കുന്നു. വിശ്വാസത്തിന്റെ അനിവാര്യ താല്‍പര്യമായ ദൈവികനിയമങ്ങളോടുള്ള അനുസരണവികാരം വളര്‍ത്തുന്നു. വ്യഭിചാരം ചാരിത്യ്രഭംഗവും അല്ലാഹുവിന്റെ കഠിനശിക്ഷയ്ക്ക് ഇടവരുത്തുന്ന മഹാപാപവുമാണെന്ന് അവനെ അടിക്കടി ഉണര്‍ത്തുകയും ചെയ്യുന്നു...................... സമ്പൂര്‍ണമായൊരു സംസ്കരണപദ്ധതിയാണു ലക്ഷ്യമെന്നും അതിന്റെ ഒരു ഭാഗം മാത്രമാണ് വ്യഭിചാരത്തിനെതിരിലുള്ള നിയമനടപടിയെന്നും ഇതില്‍നിന്നും മനസ്സിലാക്കാം. ബാഹ്യവും ആന്തരികവുമായ സകല സംസ്കരണ പരിപാടികളും നിലനില്‍ക്കെ അനുവദനീയമായ തുറന്ന മാര്‍ഗങ്ങളുപേക്ഷിച്ച് അനാശാസ്യ മാര്‍ഗങ്ങളിലൂടെ ഇഛാപൂരണത്തിന് നിര്‍ബന്ധം പിടിക്കുന്ന കുടിലമനസ്കരുടെ തൊലിയുരിക്കാനും ഒരു ദുര്‍വൃത്തന്‍ നേരിടുന്ന ദുരന്തം സമൂഹത്തിലെ ഈദൃശ പ്രവണതകള്‍ വച്ചുപുലര്‍ത്തുന്ന വളരെയേറെ ആളുകള്‍ക്ക് മനശ്ശാസ്ത്രപരമായ ശസ്ത്രക്രിയ ആയിത്തീരാനുമാണ് ഈ ശിക്ഷ. ഇതു കുറ്റവാളികള്‍ക്കുള്ള ശിക്ഷ മാത്രമല്ല; പ്രത്യുത, അഭിസാരകന്മാര്‍ക്കും അഭിസാരികകള്‍ക്കും ധാര്‍മികസീമകളില്‍നിന്ന് മുക്തരായി ആനന്ദം നുകരാനുള്ള വിഹാരഗേഹമല്ല മുസ്ലിം സമൂഹം എന്ന വസ്തുതയുടെ പ്രാവര്‍ത്തികമായൊരു പ്രഖ്യാപനം കൂടിയാണ്. ഈ വീക്ഷണകോണിലൂടെ ഇസ്ലാമിന്റെ സംസ്കരണപദ്ധതി മനസ്സിലാക്കുന്ന യാതൊരാള്‍ക്കും ഈ സമ്പൂര്‍ണപദ്ധതിയുടെ ഒരു ഭാഗവും സ്വസ്ഥാനത്തുനിന്നിളക്കുവാനോ അതില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്തുവാനോ സാധ്യമല്ലെന്ന് നിഷ്പ്രയാസം ഗ്രഹിക്കാം.
      ....... വിവാഹാനന്തര വ്യഭിചാരത്തിന് എറിഞ്ഞുകൊല്ലല്‍ ശിക്ഷ മുസ്ലിംകള്‍ക്കു മാത്രമേ ബാധകമാവൂ എന്നാണ് ഇമാം അബൂഹനീഫയും N164 ഇമാം മാലിക്കും N780 പറയുന്നത്. അതിനാധാരമായിരിക്കുന്ന തെളിവുകളില്‍ കൂടുതല്‍ യുക്തവും ശക്തവുമായത് ഇതാണ്: ഒരാള്‍ക്ക് കല്ലേറുവധം പോലുള്ള ഭയാനകമായ ശിക്ഷ നല്‍കണമെങ്കില്‍ 'ഇഹ്സാനി'(احصان) ന്റെ അവസ്ഥയിലായിട്ടും- അഥവാ തന്നെ വിലക്കിനിര്‍ത്തുന്ന എല്ലാ ചുറ്റുപാടുകളുമുണ്ടായിട്ടും വ്യഭിചരിക്കണം. 'ധാര്‍മികദുര്‍ഗം സുഭദ്രമായിരിക്കുക' എന്നതാണ് ഇഹ്സാന്‍ കൊണ്ടുദ്ദേശ്യം. മൂന്നുതരം പ്രതിരോധനിരയിലൂടെയാണ് അത് ഭദ്രമാവുക: ഒന്ന്: മനുഷ്യന്‍ ദൈവവിശ്വാസിയും മരണാനന്തര വിചാരണ ഭയപ്പെടുന്നവനും ദൈവിക നിയമവ്യവസ്ഥ അംഗീകരിക്കുന്നവനുമാവുക............. ഈ മൂന്ന് പ്രതിരോധനിരകളുമുള്ളതോടൊപ്പം അനഭിലഷണീയമായ മാര്‍ഗേണ കാമപൂര്‍ത്തി വരുത്തിയവന്‍ യഥാര്‍ഥത്തില്‍ വധാര്‍ഹനാണ്. എന്നാല്‍ പ്രഥമവും പ്രധാനവുമായ നിര, അഥവാ ദൈവത്തിലും പരലോകത്തിലും ദൈവികനിയമത്തിലുമുള്ള വിശ്വാസം തന്നെ ഇല്ലെങ്കില്‍ ധാര്‍മിക ദുര്‍ഗം ഭദ്രമല്ല. അതുകൊണ്ട് അത് കഠോരമായ ശിക്ഷ നല്‍കാവുന്ന കുറ്റമായിത്തീര്‍ന്നിട്ടില്ല.........
      Thafheemul Quran; Sura Noor 24 :Note 2

      Delete
  3. >ആര്‍ ഭരണാധികാരിയാകണമെന്നും, ആര്‍ ഏത്‌ വരെ ഭരിക്കണമെന്നും തീരുമാനിക്കാന്‍ അധികാരമുള്ള എല്ലാ ഭരണാധികാരികളുടേയും മേലെയുള്ള, എല്ലാ അധികാരകേന്ദ്രങ്ങളുടേയും ഉടമയായ അല്ലാഹുവേ എന്നു വിളിക്കാനാണു അല്ലാഹു നമ്മോട്‌ ആവശ്യപ്പെടുന്നതു തന്നെ. ഇസ്‌ലാമിന്റെ രാഷ്ട്രീയ വീക്ഷണത്തില്‍ ഈ ഭൂമിയില്‍ അല്ലാഹു അനുവദിക്കുന്നിടത്തോളവും അല്ലാഹു നല്‍കുന്നിടത്തോളവും ഭരണാധികാരം അനുഭവിക്കാന്‍ വിധിക്കപ്പെട്ട ആളുകളുണ്ട്‌. അതേയവസരത്തില്‍ അവരേയും അവരുള്‍ക്കൊള്ളുന്ന ഭൂമിയേയും ഭൂമിക്കു മേലെയുള്ള ഉപരിലോകങ്ങളേയും ഒരു പോലെ ഭരിക്കുന്ന രാജാധിരാജനായ അല്ലാഹുവിന്റെ ഭരണം വേറെയുമുണ്ട്‌. രാജാധിരാജനായ അല്ലാഹുവിന്റെ ഭരണത്തിനെതിരായിട്ട്‌ ഒരണു പോലും ഈ ഭൂമിയില്‍ ചലിക്കുകയില്ല എന്നതാണു സത്യം...... ദൈവത്തിന്റെ ആധിപത്യം ഈ പ്രപഞ്ചത്തിന്റെ ഒരു കോണില്‍ നിന്നും, ഒരു അണുവില്‍ നിന്നും നഷ്ടപ്പെട്ടിട്ടില്ല. അങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ട്‌ എന്നാരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ അല്ലാഹുവിനെ വേണ്ടരീതിയില്‍ മനസ്സിലാക്കാത്തവരാണ്‌. നേരെമറിച്ച്‌ എന്നേയും അവരേയും ഈ നാട്ടിലെ ഭരണാധികാരികളേയും, അവരുടെ ശ്വാസ-ഉച്ഛാസങ്ങളേയും ഭരിച്ചുകൊണ്ടിരിക്കുന്നത്‌, നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്‌ അല്ലാഹുവാണ്‌. അതിനെതിരായി യാതൊന്നും ഈ പ്രപഞ്ചത്തില്‍ സംഭവിക്കുക സാധ്യമല്ല. അല്ലാഹുവിനു ആധിപത്യം നഷ്ടപ്പെടുന്ന പ്രശ്നമില്ല.
    അല്ലാഹുവിന്റെ ആധിപത്യം മറ്റാരെങ്കിലും കൈയ്യടക്കുന്ന പ്രശ്നവുമില്ല. അല്ലാഹു ചിലപ്പോള്‍ ചീത്ത ആളുകള്‍ക്ക്‌ ആധിപത്യം കൊടുക്കും. ചിലപ്പോള്‍ നല്ല ആളുകള്‍ക്ക്‌ ആധിപത്യം കൊടുക്കും. അതു രണ്ടും പരീക്ഷണമാണ്‌. <

    -----------------

    " മൂന്ന്, ഈ പ്രപഞ്ചത്തെ ദൈവം തന്റെ അവകാശത്തിന്റെ അടിസ്ഥാനത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത്. അവകാശത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് അവനത് ഭരിക്കുന്നത്. താന്‍ സൃഷ്ടിച്ച പ്രപഞ്ചത്തില്‍ ആധിപത്യം വാഴാനുള്ള അധികാരവും അവകാശവും തനിക്ക് മാത്രമാണെന്ന അടിസ്ഥാനത്തിലാണ് ദൈവത്തിന്റെ വിധി ഇവിടെ നടക്കുന്നത്. ഇതര വിധി കര്‍ത്തൃത്വം ഇവിടെ വിലപോകുന്നത് കണ്ട് ആരും വഞ്ചിതരാവേണ്ടതില്ല. വാസ്തവത്തില്‍ പരീക്ഷണാര്‍ഥം അല്ലാഹു അനുവദിച്ചേടത്തോളമല്ലാതെ അവരുടെയൊന്നും ‘വിധി’ ഇവിടെ നടക്കുന്നില്ല. നടക്കുക സാധ്യവുമല്ല. കാരണം, പ്രപഞ്ചത്തിലെ ഒരു വസ്തുവിന്റെ മേലും വിധി നടത്താന്‍ അവര്‍ക്കവകാശമില്ല." തഫ്ഹീമുല്‍ ഖുര്‍ആന്‍ 6:73 വ്യാഖ്യാനം , കുറിപ്പ് 46

    ReplyDelete
  4. >>>വ്യഭിചാരത്തിനുള്ള പടച്ചവന്റെ ശിക്ഷ നരകശിക്ഷയാണ്‌. എന്നാല്‍ 100 അടി അടിക്കുകയോ കല്ലെറിയുകയോ എന്ന ഭൗതിക ശിക്ഷ മുസ്‌ലിം ഭരണകൂടം നടത്തുന്നത്‌ വ്യഭിചരിച്ചതിനുള്ള ശിക്ഷ ആയിട്ടല്ല. നേരെമറിച്ച്‌ പരസ്യമായി വ്യഭിചരിക്കുകയും, ഈ സമൂഹത്തെ സദാചാരപരമായി തകര്‍ക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തതിനുള്ള ശിക്ഷയായിട്ടാണ്‌.
    അല്ലാഹു പ്രാധാന്യം നല്‍കുന്നത്‌ ഒരു മനുഷ്യന്‍ ഭൗതികമായ ശിക്ഷാവിധി പേടിച്ച്‌ തെറ്റ്‌ ചെയ്യാതിരിക്കുക എന്നതിലുപരി പരലോക ശിക്ഷയെ ഭയന്ന്‌ തെറ്റുകള്‍ ചെയ്യാതിരിക്കുക എന്നതിനാണ്‌.<<<
    -----------------------------------------------------------

    കുറ്റകൃത്യങ്ങള്‍ വളരുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കണം: പാളയം ഇമാം
    ശനി, 19 ജനുവരി 2013 06:57

    പെരുമ്പാവൂര്‍: ലോകത്ത് കുറ്റകൃത്യങ്ങള്‍ പെരുകാന്‍ കാരണം ധര്‍മേച്ഛയെ കാമേച്ഛ അതിജീവിച്ചതാണെന്ന് പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട അഭിപ്രായപെട്ടു. കുറ്റകൃത്യങ്ങള്‍ തടയാന്‍ നിയമം ശക്തമായാല്‍ മാത്രം പോരാ, മറിച്ച് കുറ്റവാസനയുണ്ടാകുന്ന സാഹചര്യങ്ങളില്ലാതെ സൂക്ഷിക്കുകയാണ് വേണ്ടത്. അതായിരുന്നു ഇസ് ലാമിന്റെ പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ഭരണരീതി. കുറ്റവാളിയെ പരസ്യമായി ശിക്ഷിച്ചാല്‍ പോലും ജനങ്ങള്‍ക്ക് ശിക്ഷയോടുള്ള ഭയം നൈമിഷികമായേ നിലനില്‍ക്കുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    'പെരുകുന്ന സ്ത്രീ പീഡനം: ഉത്തരവാദി ആര് ?' എന്ന വിഷയത്തില്‍ സോളിഡാരിറ്റി എറണാകുളം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
    ജസ്റ്റിസ് സി. എന്‍ രാമചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യത്ത് നിലനില്‍ക്കുന്ന നിയമവ്യവസ്ഥയില്‍ പരിഷ്‌കരണം ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
    http://islampadasala.com/index.php?option=com_content&view=article&id=5249:2013-01-19-07-03-29&catid=332:vaarthakal&Itemid=1868

    ReplyDelete
  5. >>> തന്റെ ജീവിതത്തെ മാത്രം ബാധിക്കുന്ന മറ്റാരേയും ബാധിക്കാത്ത തെറ്റുകള്‍ സ്വകാര്യമായി ചെയ്യുന്നതില്‍ ഇടപെടാന്‍ ഇസ്‌ലാം ആരേയും അനുവദിക്കുന്നുമില്ല. ഉദാഹരണത്തിന്‌ സ്വകാര്യമായി വീട്ടില്‍ വച്ചു സ്‌ത്രീ പുരുഷന്മാര്‍ വ്യഭിചരിച്ചു എന്ന്‌ കരുതുക, മൂന്നാമതൊരാള്‍ അറിയാത്ത രീതിയില്‍. അതില്‍ ഇടപെടാന്‍ മതം അനുശാസിക്കുന്നില്ല. നേരെമറിച്ച്‌ സമൂഹത്തിന്റെ സദാചാര ഭദ്രതക്ക്‌ വിള്ളല്‍ ഉണ്ടാക്കുന്ന തരത്തില്‍ ഒരാള്‍ പരസ്യമായി വ്യഭിചരിക്കാന്‍ മുതിര്‍ന്നാല്‍ അത്‌ കേവലം പാപത്തിന്റെ കാര്യം മാത്രമല്ല. ആ സമൂഹത്തെ മുഴുവന്‍ നശിപ്പിക്കാന്‍ പ്രേരണ നല്‍കും വിധമുള്ള ക്രിമിനല്‍ കുറ്റവുമാണ്‌.
    ആ ക്രിമിനല്‍ കുറ്റത്തെ തടയാന്‍ വേണ്ടിയാണു വ്യഭിചാരത്തിനു ഇസ്‌ലാം ശിക്ഷ വിധിച്ചത്‌.
    ..ഇസ്‌ലാം യഥാര്‍ത്ഥത്തില്‍ ആളുകളെ മോഷണത്തില്‍ നിന്ന്‌ സംശുദ്ധരാക്കാന്‍ വേണ്ടിയല്ല കൈമുറിക്കല്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയത്‌. പാപങ്ങളില്‍ നിന്ന്‌ ആളുകളെ ശുദ്ധീകരിക്കുന്ന പ്രവര്‍ത്തനം പ്രവാചകന്മാര്‍ മുഖേനയുള്ള 'തസ്കിയത്ത്‌' ആണ്‌. <<<


    തഫ്ഹീമുല്‍ ഖുര്‍ആന്‍ വ്യാഖ്യാനം, സൂറ:അല്‍ഹുജുറാത്ത് (49):ആയ 12; കുറിപ്പ് 25.

    "ചുഴിഞ്ഞന്വേഷണം നിരോധിക്കുന്ന ഈ കല്‍പന വ്യക്തികളോടു മാത്രമല്ല, പ്രത്യുത, ഇസ്ലാമിക ഭരണകൂടത്തോടും കൂടിയാണ്. തിന്മയെ വെറുക്കുകയെന്ന ബാധ്യത, ശരീഅത്ത്, ഭരണകൂടത്തെ ചുമതലപ്പെടുത്തിയതിന്റെ താല്‍പര്യം അതൊരു ചാരവലയം സൃഷ്ടിച്ച് ജനങ്ങളുടെ ഒളിഞ്ഞുകിടക്കുന്ന ന്യൂനതകള്‍ ചികഞ്ഞ് വെളിക്ക് കൊണ്ടുവരികയും എന്നിട്ട് ശിക്ഷിക്കുകയും ചെയ്യുക എന്നതല്ല. മറിച്ച്, പ്രകടമായ തിന്മകള്‍ക്കെതിരില്‍ മാത്രമേ ഗവണ്‍മെന്റ് ശക്തി പ്രയോഗിക്കേണ്ടതുള്ളൂ എന്നതാണ്. ഒളിഞ്ഞുകിടക്കുന്ന ദൌര്‍ബല്യങ്ങള്‍ പരിഹരിക്കുവാനുള്ള മാര്‍ഗം ചാരപ്രവര്‍ത്തനമല്ല, വിദ്യാഭ്യാസം, ഉപദേശ നിര്‍ദേശങ്ങള്‍ , സാധാരണക്കാര്‍ക്കു വേണ്ടിയുള്ള സാമൂഹിക ശിക്ഷണാന്തരീക്ഷം സംജാതമാക്കുക എന്നിവയാണ്. "

    ReplyDelete
  6. >>മനുഷ്യന്റെ മനസ്സിനേയും അന്തരംഗത്തേയും ദൈവികമായ വിശ്വാസം ഭരിക്കണം എന്നതിനേക്കാള്‍ പ്രാധാന്യമേറിയ മറ്റെന്തെങ്കിലും ഇസ്‌ലാമിലുണ്ട്‌ എന്ന്‌ മനസ്സിലാക്കുവാന്‍ പ്രയാസമാണ്‌.<<
    ---------------------------
    إِنَّ الَّذِينَ يَخْشَوْنَ رَبَّهُم بِالْغَيْبِ (sura 67: 12) explanation
    Note :18 , Thafheemul quran

    18. ഇത് ദീനിലുള്ള ധര്‍മത്തിന്റെ അടിവേരാണ്. തന്റെ വ്യക്തിപരമായ വീക്ഷണത്തില്‍ തിന്മയായതുകൊണ്ടോ ലോകം അതിനെ തിന്മയായി ഗണിക്കുന്നു എന്നതുകൊണ്ടോ അല്ലെങ്കില്‍ അത് പ്രവര്‍ത്തിക്കുന്നതുമൂലം ലോകത്ത് എന്തെങ്കിലും ദോഷമുണ്ടാകുമെന്നതുകൊണ്ടോ അല്ലെങ്കില്‍ അതിന്റെ പേരില്‍ ഏതെങ്കിലും ഭൌതികശക്തിയുടെ ശിക്ഷ നേരിടുമെന്ന് ഭയപ്പെടുന്നതുകൊണ്ടോ ഒരാള്‍ ഒരു തിന്മ വര്‍ജിക്കുന്നത് ധാര്‍മികതയുടെ തീരെ അസ്ഥിരവും ശിഥിലവുമായ അടിത്തറയാകുന്നു എന്നാണ് ഇതിന്റെ അര്‍ഥം............ തന്റെ ഭൌതികജീവിതത്തിന് വല്ല കോട്ടവുമുണ്ടായേക്കും എന്ന ആശങ്കയാല്‍ തിന്മയില്‍ നിന്ന് അകന്നുനില്‍ക്കുന്ന ഒരുവന്‍ അത്തരം ദോഷങ്ങള്‍ ഉണ്ടാകുമെന്ന് ഭയപ്പെടാത്തപ്പോള്‍ ആ തിന്മയില്‍ നിന്ന് അകന്നുനില്‍ക്കുകയില്ല. അതേപ്രകാരം ഭൌതികശക്തികളില്‍ നിന്ന് ശിക്ഷ ലഭിക്കുമെന്ന ഭയവും മനുഷ്യനെ മാന്യനായ മനുഷ്യനാക്കാന്‍ പര്യാപ്തമല്ല. ദൃശ്യവും അദൃശ്യവും എല്ലാമറിയുന്ന യാതൊരു ഭൌതികശക്തിയുമില്ല എന്നറിയുന്ന ഓരോ മനുഷ്യന്നും പ്രത്യക്ഷമായ അധികാരശക്തിയുടെ ദൃഷ്ടിയില്‍ പെടാതെ എത്രയോ തിന്മകള്‍ ചെയ്യാന്‍ കഴിയുന്നു. ഏതു ഭൌതിക ശക്തികളുടെയും പിടിത്തത്തില്‍ നിന്ന് രക്ഷപ്പെടുവാന്‍ എണ്ണമറ്റ സൂത്രങ്ങളുണ്ട്. ...... അതിനാല്‍ സത്യദീന്‍ സദാ മനുഷ്യനെ കണ്ടുകൊണ്ടിരിക്കുന്ന, എന്നാല്‍ മനുഷ്യന്‍ കാണാത്ത--ദൈവത്തെ ഭയപ്പെടുക എന്ന അടിത്തറയിന്മേലാണ് ധാര്‍മിക സൌധം മുഴുവന്‍ കെട്ടിപ്പടുത്തിരിക്കുന്നത്. ആ ദൈവത്തിന്റെ പിടിത്തത്തില്‍ നിന്നും എങ്ങോട്ടും കുതറിപ്പോകാന്‍ ആര്‍ക്കും കഴിയുകയില്ല. അവന്‍ നന്മതിന്മകളുടെ സമഗ്രവും സാര്‍വലൌകികവും സുസ്ഥിരവുമായ മാനദണ്ഡം മനുഷ്യന് നല്‍കിയിട്ടുണ്ട്. അവനെ ഭയപ്പെട്ടുകൊണ്ട് തിന്മ വര്‍ജിക്കുകയും നന്മ കൈക്കൊള്ളുകയും ചെയ്യുക എന്നതാണ് ദീനീദൃഷ്ടിയില്‍ അടിസ്ഥാനപരമായ നന്മ. അതല്ലാത്ത മറ്റേതെങ്കിലും കാരണത്താല്‍ ഒരാള്‍ തിന്മ ചെയ്യുന്നില്ലെങ്കില്‍, അല്ലെങ്കില്‍ തന്റെ ബാഹ്യവീക്ഷണത്തില്‍ നന്മ എന്ന് തോന്നിയ കാര്യം കൈക്കൊള്ളുകയാണെങ്കില്‍ പരലോകത്ത് അവന്റെ ആ ധര്‍മം യാതൊരുവിധ മഹത്ത്വവും മൂല്യവും അര്‍ഹിക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ അവന്റേത് മണല്‍ത്തിട്ടയില്‍ കെട്ടിപ്പൊക്കിയ സൌധം പോലെയായിരുന്നു.

    ReplyDelete
  7. Thafheem ul Quran , Sura 79:18, Note 8
    (iv) ചിലയാളുകള്‍ വിചാരിക്കുന്നതുപോലെ മൂസാ (അ) ഇസ്രാഈല്യരെ ഫറവോനില്‍നിന്ന് മോചിപ്പിക്കാന്‍ വേണ്ടി മാത്രം നിയുക്തനായ പ്രവാചകനല്ല. അദ്ദേഹത്തിന്റെ പ്രഥമ നിയോഗലക്ഷ്യം ഫറവോന്നും അയാളുടെ സമൂഹത്തിനും സന്മാര്‍ഗം കാണിച്ചുകൊടുക്കുകയായിരുന്നു. ദ്വിതീയ ലക്ഷ്യം ഇതായിരുന്നു: ഫറവോന്‍ സന്മാര്‍ഗം സ്വീകരിക്കാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍, അപ്പോഴാണ് ഇസ്രാഈല്യരെ (അവര്‍ അടിസ്ഥാനപരമായി ഒരു മുസ്ലിംസമൂഹമായിരുന്നു) അയാളുടെ അടിമത്തത്തില്‍ നിന്നും രക്ഷപ്പെടുത്തി ഈജിപ്തില്‍നിന്നു N173 പുറത്തുകൊണ്ടുവരേണ്ടത്. ഈ ആശയം പ്രകൃത സൂക്തങ്ങളില്‍നിന്നു വ്യക്തമാകുന്നതാണ്. കാരണം, അവയില്‍ ഇസ്രാഈല്യരുടെ മോചനം പരാമര്‍ശിക്കുന്നേയില്ല. എന്നല്ല, ഫറവോന്റെ മുന്നില്‍ സത്യപ്രബോധനം അവതരിപ്പിക്കാന്‍ മാത്രമാണ് മൂസാ(അ)യോടുള്ള ആജ്ഞ. മൂസാ (അ) ഇസ്ലാമിനെ പ്രബോധനം ചെയ്യുകയും അതോടൊപ്പം ഇസ്രാഈല്യരെ വിട്ടയക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തിട്ടുള്ള സന്ദര്‍ഭങ്ങളില്‍ നിന്നുകൂടി അതിന് സ്ഥിരീകരണം ലഭിക്കുന്നുണ്ട്. ഉദാഹരണത്തിന് അല്‍അഅ്റാഫ് 104, 105 7:104 , ത്വാഹാ 47-52 20:47 , അശ്ശുഅറാഅ് 16, 17 26:16 , 23-28 26:23 സൂക്തങ്ങള്‍ നോക്കുക. (കൂടുതല്‍ വിശദീകരണത്തിന് തഫ്ഹീമുല്‍ ഖുര്‍ആന്‍ രണ്ടാം ഭാഗം യൂനുസ് 74-ാം (10:74) വ്യാഖ്യാനക്കുറിപ്പ് കാണുക).

    (v) ഇവിടെ വിശുദ്ധി കൈക്കൊള്ളുക (تَزَكَّى) എന്നതുകൊണ്ടുദ്ദേശ്യം വിശ്വാസത്തിന്റെയും ധര്‍മത്തിന്റെയും കര്‍മത്തിന്റെയും സംസ്കരണമാകുന്നു. മറ്റുവിധത്തില്‍ പറഞ്ഞാല്‍ ഇസ്ലാം സ്വീകരിക്കുക എന്നുതന്നെ. ഈ രീതിയിലാണ് വിശുദ്ധ ഖുര്‍ആന്‍ താഴെപ്പറയുന്ന മൂന്നു സൂക്തങ്ങള്‍ അരുളിയിട്ടുള്ളത്: "അതത്രേ വിശുദ്ധി കൈക്കൊണ്ടവര്‍ക്ക് (അതായത് ഇസ്ലാം സ്വീകരിച്ചവര്‍ക്ക്) ഉള്ള പ്രതിഫലം.`` "നിനക്കെന്തറിയാം, അവന്‍ വിശുദ്ധി കൈക്കൊണ്ടെങ്കിലോ (മുസ്ലിമായിത്തീര്‍ന്നെങ്കിലോ).`` "അവന്‍ വിശുദ്ധികൈക്കൊണ്ടില്ലെങ്കില്‍ (ഇസ്ലാം സ്വീകരിച്ചില്ലെങ്കില്‍) നിനക്കെന്ത്?`` (ഇബ്നു ജരീര്‍ N1477).

    (vi) `ഞാന്‍ നിന്നെ നിന്റെ നാഥങ്കലേക്ക് മാര്‍ഗദര്‍ശനം ചെയ്യാം. അപ്പോള്‍ നിന്റെ മനസ്സില്‍ അവനോട് ഭീതിയുളവാകും` എന്ന വാക്യത്തിന്റെ താല്‍പര്യമിതാണ്: നീ നിന്റെ നാഥനെ തിരിച്ചറിയുകയും നീ അവന്റെ അടിമയാണെന്നും സ്വതന്ത്രനല്ലെന്നും മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ അനിവാര്യമായും നിന്റെ മനസ്സില്‍ ദൈവഭയമങ്കുരിക്കും. ദൈവഭയമെന്ന ഒന്നിനെ മാത്രം ആശ്രയിച്ചാകുന്നു ഈ ലോകത്ത് മനുഷ്യന്‍ സ്വീകരിക്കുന്ന നിലപാടിന്റെ ശരിയും സാധുതയും നിലകൊള്ളുന്നത്. ദൈവത്തെ തിരിച്ചറിയലും അവനെ ഭയപ്പെടലും കൂടാതെ വിശുദ്ധി എന്ന സംഗതി സങ്കല്‍പിക്കാന്‍ സാധ്യമല്ല.

    ReplyDelete

"Comment moderation" is off in this blog.If it is not displayed, could have gone to spam.