05 May 2012

തീന്‍മേശയിലെ സമൃദ്ധിയും ആശുപത്രി അഭിവൃദ്ധിയും -ശബാബ് 13 ഏപ്രില്‍ 2012 എഡിറ്റോറിയല്‍

തീന്‍മേശയിലെ സമൃദ്ധിയും ആശുപത്രി അഭിവൃദ്ധിയും -ശബാബ് 13 ഏപ്രില്‍ 2012 എഡിറ്റോറിയല്‍
മനുഷ്യനുള്‍ക്കൊള്ളുന്ന ജന്തുജാലങ്ങളുടെ ജീവന്റെ നിലനില്‌പിന്‌ അടിസ്ഥാനഘടകമായി വര്‍ത്തിക്കുന്നത്‌ ആഹാരമാണ്‌. സൂക്ഷ്‌മവും ഭീമാകാരവുമായ ദശലക്ഷക്കണക്കിന്‌ ജീവികള്‍ ആഹാരം തേടുന്നത്‌ അവയ്‌ക്ക്‌ സ്രഷ്‌ടാവു നല്‌കിയ സൗകര്യങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ്‌.


മാംസഭുക്കോ സസ്യഭുക്കോ മിശ്രഭുക്കോ ഏതായാലും അവയ്‌ക്ക്‌ ഇരപിടിക്കാനാവശ്യമായ സജ്ജീകരണങ്ങള്‍ ജന്മസിദ്ധമാണ്‌. കൈകാലുകള്‍, ചിറകുകള്‍, തല, കഴുത്ത്‌, കൊക്ക്‌, വായ പല്ല്‌, കാഴ്‌ച, കേഴ്‌വി, ഘ്രാണശക്തി എന്നിയൊക്കെ അവ ജീവിക്കുന്ന സാഹചര്യത്തിനും ലഭ്യമാവുന്ന വിഭവങ്ങള്‍ക്കും പഥ്യമായ ആഹാരത്തിനും അനുയോജ്യമാണ്‌. ഒരൊറ്റ ജന്തുവും ഭക്ഷണം, കിട്ടിയ പാടിലല്ലാതെ, സംസ്‌കരിച്ച്‌ കഴിക്കാറില്ല. തനിക്ക്‌ അഹിതമായി തോന്നുന്നത്‌ അവ കഴിക്കില്ല. ഒരിക്കലും അമിതാഹാരം കഴിക്കില്ല. അവയ്‌ക്ക്‌ എന്നും ഒരേ ആഹാരം തന്നെ.


എല്ലാ രംഗത്തുമെന്ന പോലെ ആഹാരരീതിയിലും മനുഷ്യന്‍ തിര്യക്കുകളില്‍ നിന്ന്‌ തികച്ചും വ്യതിരിക്തമാണ്‌. മനുഷ്യന്‍ ആഹാരം ചേരുവകള്‍ ചേര്‍ത്ത്‌ വേവിച്ച്‌ സംസ്‌കരിച്ചു കഴിക്കുന്നു. കാലത്തിനനുസരിച്ച്‌ ഭക്ഷണക്രമത്തിലും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. പാചകരംഗത്തും പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നു. ഭക്ഷ്യവസ്‌തുക്കള്‍ കൃഷിചെയ്‌ത്‌ ഉണ്ടാക്കുന്നു. പില്‍ക്കാലത്തേക്ക്‌ സൂക്ഷിക്കുന്നു. തന്റെ പശിയടക്കാന്‍ എന്തെങ്കിലം ലഭിക്കുക എന്ന മിനിമം ആവശ്യമല്ല മനുഷ്യന്റേത്‌. നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാണ്‌ മനുഷ്യന്റെ ആഹാരരീതിയും. വിശപ്പ്‌ എന്നത്‌ പ്രകൃത്യായുള്ള ശാരീരികാവശ്യമാണ്‌. വിശപ്പടക്കുക എന്നത്‌ നൈസര്‍ഗിക താല്‌പര്യം തന്നെ. വിശപ്പ്‌ മാറ്റുക, ശരീരപോഷണം എന്നിവയാണ്‌ ആഹാരത്തിന്റെ ലക്ഷ്യം.


മനുഷ്യപ്രകൃതിയുടെ താല്‍പര്യങ്ങളെയും ഇസ്‌ലാം വളരെ കൃത്യമായി മാര്‍ഗദര്‍ശനം നല്‌കുന്നു. ഇസ്‌ലാമിന്റെ പ്രമാണഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനില്‍ ആഹാരപാനീയങ്ങളെ സംബന്ധിച്ചുള്ള വിശദമായ നിര്‍ദേശങ്ങളുണ്ട്‌. ഇസ്‌ലാം കേവലം ചില ചടങ്ങുകളില്‍ ഒതുങ്ങിനില്‍ക്കുന്ന ഒരു സാമുദായിക മതമല്ല. മനുഷ്യന്റെ ജീവിതത്തിന്‌ വ്യക്തമായ ലക്ഷ്യവും ദിശാബോധവും ഇസ്‌ലാം വരച്ചുകാണിക്കുന്നു. ഇസ്‌ലാം നല്‍കുന്ന ജീവിതവീക്ഷണത്തില്‍ ആഹാര പാനീയങ്ങളുടെ ഉപഭോഗം കണിശമായി പ്രതിപാദിച്ചിട്ടുണ്ട്‌. വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നു: ``പന്തലില്‍ പടര്‍ത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങളും ഈത്തപ്പനകളും വിവിധ തരം കനികളുള്ള കൃഷികളും പരസ്‌പര തുല്യത തോന്നുന്നതും എന്നാല്‍ സാദൃശ്യമില്ലാത്തതുമായ നിലയില്‍ ഒലീവും മാതളവും എല്ലാം സൃഷ്‌ടിച്ചുണ്ടാക്കിയത്‌ അവനാണ്‌. അവ കായ്‌ക്കുമ്പോള്‍ നിങ്ങളതില്‍ നിന്ന്‌ ഭക്ഷിച്ചുകൊള്ളുക. വിളവെടുപ്പ്‌ ദിവസം അതിലുള്ള ബാധ്യത നിങ്ങള്‍ കൊടുത്തുവീട്ടുക. നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്‌. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്‌ടപ്പെടുകയില്ല (6:141). ``കന്നുകാലികളെയും അവന്‍ സൃഷ്‌ടിച്ചിരിക്കുന്നു. നിങ്ങള്‍ക്ക്‌ അവയില്‍ തണുപ്പകറ്റാനുള്ളവയും (കമ്പിളി) മറ്റു പ്രയോജനങ്ങളുമുണ്ട്‌. അവയില്‍ നിന്നുതന്നെ നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു'' (16:5). ``നിങ്ങള്‍ക്ക്‌ പുതുമാംസം എടുത്തു ഭക്ഷിക്കാനും നിങ്ങള്‍ക്കണിയാനുള്ള ആഭരണങ്ങള്‍ പുറത്തെടുക്കാനും പാകത്തില്‍ കടലിനെ വിധേയമാക്കിയതും അവന്‍ തന്നെ.'' (16:14)


സസ്യാഹാരം, മത്സ്യമാംസങ്ങള്‍ ഇവയാണല്ലോ മനുഷ്യന്റെ ഭക്ഷണം. ഇത്‌ ഖുര്‍ആന്‍ എടുത്തുപറഞ്ഞത്‌ ഇതെല്ലാം ദിവ്യാനുഗ്രഹങ്ങളാണ്‌ എന്നുണര്‍ത്താനും അവയെ പറ്റി ചിന്തിക്കാന്‍ വേണ്ടിയും ആണ്‌. എന്നാല്‍ അന്നദാതാവായ അല്ലാഹു തന്നെ, തിന്നുന്ന കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ കൂടി ഏര്‍പ്പെടുത്തുന്നു. ചില വസ്‌തുക്കള്‍ തിന്നുകൂടാ എന്ന്‌ നിഷ്‌കര്‍ഷിക്കുന്നു. ``ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്‌, ശ്വാസംമുട്ടി ചത്തത്‌, അടിച്ചുകൊന്നത്‌, വീണുചത്തത്‌, കുത്തേറ്റുചത്തത്‌, വന്യമൃഗം കടിച്ചുതിന്നത്‌ എന്നിവ നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു'' (5:3). മാംസഭുക്കുകളായ പക്ഷിമൃഗാദികളെ ഭക്ഷിക്കാന്‍ പാടില്ല എന്ന്‌ നബി(സ) പഠിപ്പിച്ചു.


ഭക്ഷിക്കാവുന്ന വസ്‌തുക്കള്‍ ഓരോന്നായി പറയാതെ മൊത്തത്തില്‍ ശക്തമായ ഒരു നിയന്ത്രണം ഇസ്‌ലാം നിശ്ചയിക്കുന്നത്‌ വളരെ ശ്രദ്ധേയമാണ്‌: ``മനുഷ്യരേ, ഭൂമിയിലുള്ളതില്‍ നിന്ന്‌ അനുവദനീയവും (ഹലാല്‍) വിശിഷ്‌ടവും (ത്വയ്യിബ്‌) ആയത്‌ നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. പിശാചിന്റെ കാലടികള്‍ നിങ്ങള്‍ പിന്‍തുടരാതിരിക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു'' (2:168). ഹലാല്‍ അഥവാ അനുവദനീയം എന്നു പറഞ്ഞാല്‍ മതപരമായ വിലക്കില്ലാത്തത്‌ എന്നര്‍ഥം. അല്ലാഹുഹുവോ റസൂലോ തിന്നരുത്‌ എന്നു പറയാത്തതെല്ലാം ഹലാല്‍ ആണെന്നു പറയാം. മുകളില്‍ പറഞ്ഞ ആയത്തില്‍ (5:3) എണ്ണിപ്പറഞ്ഞതും നബി വിലക്കിയതുമായ ഏതാനും വസ്‌തുക്കള്‍ ഒഴിച്ച്‌ ബാക്കിയെല്ലാം അനുവദനീയമാണെന്ന്‌ സാമാന്യമായി പറയാം. ഹറാം രണ്ടു തരത്തിലുണ്ട്‌. ഒന്ന്‌, വസ്‌തു തന്നെ നിഷിദ്ധമായത്‌. ശവം, പന്നിമാംസം മുതലായവ ഉദാഹരണം. എന്നാല്‍ അല്ലാഹു അല്ലാത്തവര്‍ക്ക്‌ നേര്‍ച്ചയാക്കിയ വസ്‌തു യഥാര്‍ഥത്തില്‍ ഹറാമല്ല; ശിര്‍ക്ക്‌ കലരുമ്പോള്‍ ആ വസ്‌തു ആശയപരമായി നിഷിദ്ധമായിത്തീരുകയാണ്‌. ഇതാണ്‌ രണ്ടാമത്തേത്‌.


ഭക്ഷണ പദാര്‍ഥങ്ങള്‍ ഹലാല്‍ ആയാല്‍ മാത്രം പോരാ ത്വയ്യിബ്‌ കൂടിയാവണം. ത്വയ്യിബ്‌ എന്നാല്‍ നല്ലത്‌ എന്നര്‍ഥം. ചില പദാര്‍ഥങ്ങള്‍ പൊതുവില്‍ നല്ലതല്ല എന്ന്‌ പറയാവുന്നതാണ്‌. എന്നാല്‍ ചിലതിന്റെ നന്മതിന്മകള്‍ പ്രതിജന ഭിന്നമായിരിക്കും. ഹലാലായ ചില നല്ല ഭക്ഷ്യവിഭവങ്ങള്‍ ചില രോഗികള്‍ക്ക്‌ നല്ലതാവില്ല. പ്രമേഹരോഗിക്ക്‌ പഞ്ചസാരയിട്ട ഭക്ഷണ വസ്‌തുക്കള്‍ ത്വയ്യിബ്‌ അല്ല. അത്‌ ഹലാലാണ്‌ താനും. ആരോഗ്യത്തിന്‌ ഹാനികരമെന്ന്‌ ഡോക്‌ടര്‍മാര്‍ വിധിച്ചത്‌ നല്ലതല്ലെന്നതില്‍ തര്‍ക്കമില്ല. മാരകമായ ചേരുവുകളുള്ള കോള ഉല്‌പന്നങ്ങളും ഹോര്‍മോണ്‍ കുത്തിവെച്ച്‌ വലുതാക്കിയ ബ്രോയ്‌ലര്‍ കോഴിയും രുചിദായിനികള്‍ ചേര്‍ത്ത ബേക്കറി സാധനങ്ങളും `ത്വയ്യിബല്ല' എന്ന കാര്യത്തില്‍ ഡോക്‌ടര്‍മാര്‍ക്കിടയില്‍ പക്ഷാന്തരമില്ല. എന്നിട്ടുമെന്തോ ഇവയെല്ലാം മുസ്‌ലിംകള്‍ യഥേഷ്‌ടം കഴിക്കുന്നു! ഹറാമല്ലെങ്കിലും ത്വയ്യിബല്ല എന്ന്‌ ബോധ്യമുള്ളവ ഹറാം പോലെത്തന്നെ വര്‍ജിക്കല്‍ വിശ്വാസിക്ക്‌ ബാധ്യതയാണ്‌. മദ്യവും ലഹരിയും ഹലാലല്ലെന്നതില്‍ തര്‍ക്കമില്ലാത്തതുപോലെ പുകയില ഉല്‌പന്നങ്ങള്‍ ത്വയ്യിബല്ല എന്നതിലും തര്‍ക്കമില്ലല്ലോ.


ധാന്യങ്ങള്‍, കിഴങ്ങുകള്‍, പയറുവര്‍ഗങ്ങള്‍, പഴങ്ങള്‍, ഇലകള്‍, മാംസം, മത്സ്യം ഇവയാണ്‌ അടിസ്ഥാന ഭക്ഷണങ്ങള്‍. നാടിനും കാലാവസ്ഥയ്‌ക്കുമനുസരിച്ചാണ്‌ അല്ലാഹു ഭൂമിയില്‍ ഭക്ഷ്യവിഭവങ്ങള്‍ വിന്യസിച്ചത്‌. ഭൂമിയില്‍ നിന്നുല്‌പാദിപ്പിക്കുന്ന ഈ ഭക്ഷണങ്ങള്‍ക്കു പുറമെ കൃത്രിമങ്ങളും, രാസവസ്‌തുക്കളും (കെമിക്കല്‍സ്‌) നിറക്കൂട്ടുകളും ചേര്‍ത്ത്‌ ആകര്‍ഷകമാക്കിയ പല വസ്‌തുക്കളും ഭക്ഷ്യയോഗ്യമേയല്ല. കൃത്രിമ രസദായിനികള്‍ ചേര്‍ത്ത്‌ തയ്യാറാക്കിയ അതിവേഗഭക്ഷണം (ഫാസ്റ്റ്‌ഫുഡ്‌) ആരോഗ്യത്തിന്‌ ഒട്ടും ഗുണകരമല്ലെന്ന കാര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ല. എന്നിട്ടും മനുഷ്യന്‍ ഇവയെല്ലാം വാരിവലിച്ച്‌ തിന്നുന്നു. ഭക്ഷണം തയ്യാറാക്കി കഴിക്കാനുള്ള മടി, സാമ്പത്തിക സുസ്ഥിതി, നാവിന്‍ തുമ്പത്തു മാത്രമുള്ള രുചിഭേദങ്ങളില്‍ മയങ്ങുക തുടങ്ങിയ കാരണങ്ങളാല്‍ ഫാസ്റ്റ്‌ഫുഡ്‌ പ്രചാരം കൂടി വരികയാണ്‌. ഉദ്യോഗസ്ഥ ദമ്പതിമാര്‍ ഇതിന്‌ ഏറ്റവും വലിയ ഉദാഹരണമാണ്‌.


ഫാസ്റ്റ്‌ഫുഡിനെപ്പറ്റി വളരെ മുന്‍പു തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ ബോധവാന്മാരാണ്‌. ജനങ്ങളിലേക്ക്‌ ഈ സന്ദേശം പല നിലയിലും എത്തിച്ചേര്‍ന്നിട്ടുണ്ട്‌. ഫാസ്റ്റ്‌ഫുഡില്‍ പലതിനും ഒരുതരം ആന്തരിക ലഹരി ഉണ്ട്‌. ശീലമായാല്‍ ഒഴിവാക്കാന്‍ പറ്റാതെ പലരും കുടുങ്ങിപ്പോയിട്ടുണ്ട്‌. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ രസത്തിന്‌ വാങ്ങിക്കഴിക്കുന്ന ലെയ്‌സ്‌ പോലുള്ള `പൊരി'കളില്‍ ഒരു വ്യക്തിക്ക്‌ വര്‍ഷങ്ങളോളം ഉപയോഗിക്കാന്‍ വേണ്ടതിലധികം സോഡിയം അടങ്ങിയിരിക്കുന്നു. കൊച്ചുകുട്ടികളില്‍ കോശങ്ങളുടെ ത്വരിത വളര്‍ച്ചാഘട്ടത്തില്‍ ഇവയുടെ തിക്തഫലം പെട്ടെന്നു കാണില്ല. കാലക്രമത്തില്‍ അത്‌ പ്രത്യക്ഷപ്പെടും. നൂഡില്‍സിലടങ്ങിയ ചേരുവകളിലെ ദോഷവശങ്ങള്‍ അക്കമിട്ടു നിരത്തിക്കൊണ്ട്‌ ഈയിടെ വാര്‍ത്തകള്‍ വന്നിരുന്നു. കോളയുടെ ചേരുവകള്‍ സംബന്ധമായി വന്ന ചില കോടതിവിധികള്‍ കാരണം കമ്പനി അതിന്റെ ചേരുവകള്‍ മാറ്റേണ്ടിവന്ന സംഭവം അടുത്തകാലത്താണ്‌. ഇതൊന്നുമറിയാതെ-അല്ല, എല്ലാം അറിഞ്ഞുകൊണ്ടു തന്നെ- മലയാളിയുടെ ജീവിതശൈലി ഫാസ്റ്റ്‌ഫുഡിന്‌ പിന്നാലെ ഓടുന്നു. ഓരോ കവലയിലും നിറം പിടിപ്പിച്ച ബേക്കറികളും കോഴിപൊരിച്ചത്‌ മാത്രം ലഭിക്കുന്ന അത്യാധുനിക വ്യാപാരസ്ഥാപനങ്ങളും പെരുകിവരുന്നു. `ഈ സാധനം കാന്‍സറിനു കാരണമാണ്‌' എന്നു പറഞ്ഞുകൊണ്ട്‌ വില്‍ക്കുകയും അതുപറഞ്ഞു കൊണ്ട്‌ വാങ്ങുകയും ചെയ്യുന്ന വിചിത്ര വൈരുധ്യം മനുഷ്യരില്‍ മാത്രമേ കാണൂ. മായവും വിഷവും കലര്‍ത്താത്ത ഒരു ഭക്ഷണവും വിപണിയില്‍ ലഭ്യമല്ലെന്ന സ്ഥിതിയായിരിക്കുന്നു. എന്നാല്‍ പോലും ഒരു വെണ്ട ചെടിയെങ്കിലും നട്ടുവളര്‍ത്താന്‍ തയ്യാറാകാത്ത മലയാളി സമൂഹം, തൊഴിലില്ലായ്‌മ വേതനം വാങ്ങി വിദേശ മദ്യഷാപ്പിനു മുന്നില്‍ ക്യൂനില്‌ക്കുന്ന ദയനീയചിത്രമാണ്‌ നമുക്കു മുന്നിലുള്ളത്‌.


തനിക്കും ഭാര്യക്കും വിദേശത്ത്‌ ജോലിയും വന്‍ ശമ്പളവും ലഭിച്ചതിനാല്‍ അടുക്കളയില്‍ കയറാന്‍ മടിച്ച്‌ ഡാനിഫ്‌ ബട്ടറും കെ എഫ്‌ സി ചിക്കനും പെപ്‌സിക്കോളയും കുടിക്കാന്‍ തുടങ്ങി, അതു ശീലമായി, അഡിക്‌ഷനായി കാന്‍സര്‍ ബാധിച്ച ഒരു സഹോദരന്‍ തന്റെ ചെയ്‌തികള്‍ മറ്റുള്ളവര്‍ക്കെങ്കിലും പാഠമാകട്ടെ എന്ന്‌ കരുതി ആ ദയനീയ കഥ ഫെയ്‌സ്‌ബുക്കില്‍ പോസ്റ്റു ചെയ്‌തിരിക്കുന്നു.


താളും തവരയും തിന്ന്‌ വിശപ്പടക്കിയ ഒരു സമൂഹത്തിന്റെ പിന്‍മുറക്കാരാണ്‌ നാം. അല്ലാഹുവിന്റെ അനുഗ്രഹം മറക്കരുത്‌. `നിറയ്‌ക്കുന്ന പാത്രങ്ങളില്‍ ഏറ്റവും മോശം വയറാണെ'ന്ന്‌ പറഞ്ഞ പ്രവാചകന്റെ താക്കീത്‌ നാം ശ്രദ്ധിക്കാതെ പോയി. അരവയര്‍ മാത്രമേ നിറയ്‌ക്കാവൂ എന്ന്‌ പഠിപ്പിച്ച പ്രവാചക മാതൃക നാം അവഗണിച്ചു. അമിത ഭോജനം മൂലം പൊണ്ണത്തടിയും അനുബന്ധ ദണ്ഡങ്ങളും നാം ക്ഷണിച്ചുവരുത്തി. ആരോഗ്യത്തിന്‌ ഹാനികരമായ ആഹാരം ശീലമാക്കരുതെന്ന്‌ എല്ലാവരോടും പൊതുവിലും ത്വയ്യിബാകാത്തത്‌ (ഹാലാലായാല്‍ മാത്രം പോരാ) ഒരിക്കലും ആഹരിക്കരുതെന്ന്‌ മുസ്‌ലിംകളോട്‌ പ്രത്യേകിച്ചും ഓര്‍മപ്പെടുത്തുകയാണ്‌. തീന്‍മേശയിലെ വിവേചനമില്ലാത്ത സമൃദ്ധിയാണ്‌, ആരോഗ്യപരിരക്ഷയില്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള കേരളത്തില്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളുടെ അഭിവൃദ്ധിക്ക്‌ കാരണമെന്ന്‌ പ്രബുദ്ധകേരളം തിരിച്ചറിയണം.

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.